Friday, August 14, 2015

ഫേസ് ബുക്ക്

ഫേസ് ബുക്കെന്ന സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമില്‍ ഞാനും അംഗമായിരുന്നു. കുറച്ച് ബന്ധുജനങ്ങള്‍ മാത്രമേ എന്റെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉണ്ടായിരുന്നുള്ളു. എന്റെ വീട് എത്രത്തോളം എന്റെ സ്വകാര്യ ഇടം ആണോ അത്രത്തോളം എന്റെ സ്വകാര്യ സൈബര്‍സ്‌പേസ് ഇടമായിരുന്നു അത് എന്നു പറയാം. ഊട്ടിയില്‍ മരത്തിന്മേല്‍ കയറിയിരിക്കുന്ന ഫോട്ടോയൊക്കെ ഞാനും ഇട്ടു. പിന്നെ പിന്നെ കുറേശ്ശെ മടുപ്പായി. ഞാന്‍ എന്റെ പ്രൊഫെല്‍ അങ്ങു പൂട്ടി. അത്ഭുതം, ചിലര്‍ എന്തേ എന്നന്വേഷിച്ചതൊഴികെ ആകാശം ഇടിഞ്ഞു വീണൊന്നുമില്ല!

അന്ന് രാഷ്ടീയക്കാരോ ബുജികളോ സിനിമാക്കാരോ എഴുത്തുകാരോ ഒന്നും തന്നെ എഫ്ബീയില്‍ ഉണ്ടായിരുന്നില്ല. പക്ഷേ പിന്നീട് ഒരു കുതിച്ചു ചാട്ടമായിരുന്നു, എല്ലാവരും മെമ്പര്‍മാരായി, മാസ്സിനോടു സംവദിക്കണമെങ്കില്‍ അതു കൂടിയേ കഴിയൂ എന്നായി. തീര്‍ത്തും കമ്പ്യൂട്ടര്‍ ഇല്ലിറ്ററേറ്റ് ആയിരുന്ന ബന്ധുജനങ്ങള്‍ പോലും മക്കളുടേയോ മരുമക്കളുടേയോ സഹായത്താല്‍ എഫ്ബി തുടങ്ങി, സ്വന്തം കവിതകള്‍ വരെ ഇട്ടുകളഞ്ഞു! ചിരിക്കുന്ന ഫോട്ടോകള്‍ക്കപ്പുറം വിവിധ ചര്‍ച്ചകള്‍ നടക്കുന്നയിടം ആയി എഫ്ബീയും. അപ്പോഴേയ്ക്കും പക്ഷേ ഞാന്‍ ഔട്ട്. എന്നിട്ടും തിരിച്ചു കയറാനൊന്നും തോന്നിയില്ല. 

ഇഷ്ടപ്പെട്ട ബ്ലോഗ്/പ്ലസ് എഴുത്തുകാരില്‍ ചിലര്‍  ഫേസ് ബുക്കിലായി ആക്ടീവ്. അവരെയും അതു പോലെ പലരേയും വായിക്കാനും, പിന്നെ പലരും ഷെയര്‍ ചെയ്യുന്ന എഫ്ബീ പോസ്റ്റുകള്‍ വായിക്കാനും ഒന്നും ഇപ്പോള്‍ പറ്റുന്നില്ല. അതുകൊണ്ട് ഇനി ബ്ലോഗ് ഐഡി വച്ച്, ഗൂഗിള്‍ പ്ലസ്സിന്റെ ഒരു എക്‌സറ്റന്‍ഷന്‍ എന്ന പോലെ ഒരിക്കല്‍ കൂടി എഫ്ബി മെമ്പറായാലോ എന്നൊരാലോചനയിലാണ് ഇപ്പോള്‍. നടക്കുമോ എന്തോ. സ്വന്തം പേരില്‍ തന്നെ വേണമെന്ന് ഫേസ് ബുക്ക് ഐഡി പ്രൂഫ് ചോദിക്കുമോ ആവോ?

മറ്റൊരു പേര് സ്വീകരിക്കുന്നതിന് ദോഷം എന്ത് എന്നു മനസ്സിലാകുന്നില്ല. അത് ഫേക്ക്/ സ്യൂഡോനിം എന്നല്ല ഞാന്‍ പറയുക, പെന്‍ നേം, തൂലികാ നാമം എന്നാണ്. അത് ഒരു അപരാധമായി തോന്നുന്നില്ല. ഒരേ മാസികയില്‍ മൂന്നു പേര് വച്ചെഴുതിയ ആര്‍ട്ടിക്കിളുകള്‍ ഒരിക്കല്‍ പ്രസിദ്ധീകരിച്ചതിനെപ്പറ്റി എം.ടി എഴുതിയിട്ടുണ്ട്. പിന്നെ ഉറൂബ്, മാധവിക്കുട്ടി, അങ്ങനെ എത്ര പേര്‍. അവര്‍ പ്രശസ്തരായപ്പോഴാവും നമ്മളെല്ലാം അവരുടെ ശരി പേരും വിലാസവും മറ്റും അറിഞ്ഞത്. റേഡിയോ മാംഗോവിലോ മറ്റോ ആണെന്നു തോന്നുന്നു തിരുവനന്തപുരം ഭാഷ സംസാരിച്ച് വളരെ പ്രശസ്തയായ-അവര്‍ തൃശൂരുകാരിയോ മറ്റോ ആയിരുന്നവെന്ന് കേട്ടിരുന്നു-ഒരു വനിതയുണ്ടായിരുന്നു. ഒരിക്കലും അവരുടെ പേര് അവര്‍ വെളിപ്പെടുത്തിയിട്ടില്ല. ലൈം ലൈറ്റില്‍ വരാന്‍ ഇഷ്ടപ്പെടാത്തതാവും അതിന്റെ കാരണം.

ശ്രീനിവാസന്‍ അഭിനയിച്ച ഏതോ സിനിമയില്ലേ-പേരു മറന്നു- മറഞ്ഞിരുന്ന് അനീതിക്കെതിരെ പൊരുതി, അവസാനം മാത്രം വെളിപ്പെടുന്നൊരു കഥാപാത്രം. അല്ലെങ്കില്‍ അതിനിടയില്‍ ആപത്തു സംഭവിക്കയേ ഉള്ളു എന്ന തിരിച്ചറിവിന്റെ വെളിച്ചത്തില്‍ നടത്തിയ ഒരു ബുദ്ധിപരമായ നീക്കമായിരുന്നു അത്. നമുക്കു നേരേ വാളോങ്ങി നില്‍ക്കുന്ന സമൂഹമുണ്ട് എന്ന ബോധത്തില്‍ നിന്ന് അതിനെതിരെ നമ്മള്‍ സ്വയം തീര്‍ക്കുന്ന ഒരു രക്ഷാകവചമത്രേ ഈ വേറിട്ട ഐഡി.

പറഞ്ഞു വന്നത് സ്വന്തം പേരു വയ്ക്കാത്തതിന് ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ടാവും എന്നാണ്. അത് ഒരു വലിയ തെറ്റൊന്നുമല്ല. പക്ഷേ വിവാദപരമായ വിഷയങ്ങള്‍ നമ്മള്‍ പത്രമാസികകളില്‍ എഴുതുകയാണെങ്കില്‍ പ്രാമാണികത്വത്തിനായി അവര്‍ അതു നമ്മോട് ആവശ്യപ്പെട്ടിരിക്കും. കേസ്, വിശദീകരണം തുടങ്ങിയവ വേണ്ടി വന്നാല്‍ നേരിടാനുള്ള അവരുടെ മുന്‍കരുതലാണ് ഇത്. പക്ഷേ അവര്‍ അതു പരസ്യപ്പെടുത്തുകയില്ല. അത്തരത്തില്‍ ഫേസ്ബുക്കിന് നമ്മോടു വിവരം ചോദിച്ചു വയ്ക്കുവാനും അവകാശമുണ്ട്, പക്ഷേ അതു നമ്മെ സഹായിക്കാനായിരിക്കണം, ദുരുപയോഗപ്പെടുത്താനാവരുത്. ഹേറ്റ് പേജസുകാര്‍ക്കും ഇതു നിര്‍ബന്ധമാക്കിയാല്‍ അവര്‍ തന്നെ ഓടിയൊളിക്കും എന്നാണ് വിശ്വാസം. കാരണം മറ്റുള്ളവരെ നിന്ദിക്കാന്‍ വേണ്ടി മാത്രം ഫേക്ക് ഐഡി-അതെ, ഇവിടെ അതിനെ ഫേക്ക് ഐഡി എന്നു തന്നെ വിളിക്കണം-സൃഷ്ടിക്കുന്നവര്‍ ഭീരുക്കളായിരിക്കും, അവര്‍ വെളിച്ചത്തു വരാന്‍ ഇഷ്ടപ്പെടില്ല.  

പലര്‍ ഒന്നിച്ച് റിപ്പോര്‍ട്ട് അബ്യൂസ് കൊടുക്കുമ്പോള്‍ അന്വേഷണവിധേയമാക്കി  ഒരു ഐഡി ബ്ലോക്കാക്കുന്നതില്‍ ഒരു യുക്തിയുണ്ട്. പക്ഷേ അതേ കാര്യം ഹേറ്റ് പേജസിനും ബാധകമാവില്ലേ എന്നതാണു സംശയം. അതോ അത് റിപ്പോര്‍ട്ടു ചെയ്തവരുടെ എണ്ണം കുറവായിരിക്കുമോ. എന്റെ വിവരമില്ലായ്മയാവാം അത്. 

ഇക്കാര്യത്തില്‍ ഫേസ്ബുക്കിന്റെ പോളിസി എന്തുമാവട്ടെ അതിനേക്കാള്‍ കൂടുതല്‍ എന്നെ ഭയപ്പെടുത്തുന്നത് നമ്മുടെ പോലീസിന്റെ നിഷ്‌ക്രിയത്വമാണ്. ഇങ്ങനെ എഴുതിയത് മായാലീലയുടെ സ്വന്തം അനുഭവത്തെക്കുറിച്ച് എഴുതിയിരുന്നതും പിന്നെ പ്രീതയ്‌ക്കെതിരെയുള്ള ഹേറ്റ് പേജുകള്‍ നീക്കം ചെയ്യപ്പെടാതെ വിരാജിച്ചതിനെക്കുറിച്ചും വായിച്ചതുകൊണ്ടാണ്. പട പൊരുതേണ്ടത് ഫേസ്ബുക്കിനേക്കാള്‍ മുന്നേ ഈ പോലീസ് അഥവാ ഇവിടുത്തെ സൈബര്‍സെല്‍ നിഷ്‌ക്രിയത്വത്തോടല്ലേ?  അവഹേളനപരമായ പേജുകള്‍ സൃഷ്ടിച്ചത് മലയാളക്കരയില്‍ തന്നെയാവും, അല്ലെങ്കില്‍ മലയാളികള്‍ തന്നെയാവുമല്ലോ. അവരെ പിടികൂടുന്നതിനു വേണ്ടേ ആദ്യം സമരം അല്ലെങ്കില്‍ വനിതാ മുന്നേറ്റം വരേണ്ടത്. ഫേസ്ബുക്ക് ആ പേജ് പൂട്ടുന്നതേക്കാള്‍ ഗുരുതരമായ പ്രശ്‌നം എന്ന് എനിക്കു തോന്നുന്നത്, നമ്മുടെ നിയമം നമ്മുടെ സ്വരക്ഷയ്ക്ക് ഉതകാത്ത വണ്ണം നമ്മുടെ മുന്നില്‍ നോക്കുകുത്തിയാകുന്ന കാഴ്ച്ചയാണ്.

ഇവിടുത്തെ പാവം നഴ്‌സുമാര്‍-ഭൂരിഭാഗം വനിതകളാണ്-വളരെ വര്‍ഷങ്ങളിലെ നിശ്ശബ്ദസഹനത്തിനു ശേഷം സമരം നടത്തി. പക്ഷേ അവര്‍ ഇന്നും കാര്യമായി ഒന്നും നേടിയിട്ടില്ല, കുറേ വ്യത്യാസങ്ങള്‍ വന്നുവെന്നതൊഴിച്ചാല്‍. കല്യാണ്‍ സില്‍ക്ക്‌സ് സമരം നമുക്കറിയാം, ഇപ്പോഴിതാ സീമാസ് സമരം. അതിജീവനത്തിനു വേണ്ടി പൊരുതുന്ന ഈ വനിതകളെല്ലാം നമ്മുടെ നാട്ടിലെ പച്ച ജീവിതങ്ങളാണ്. അവര്‍ക്ക് നല്‍കുന്ന മോശപ്പെട്ട സേവനവേതന വ്യവസ്ഥകള്‍ സ്ത്രീ വിരുദ്ധത തന്നെയാണ്. അവരുടെ ജീവിതം കൂടുതല്‍ നല്ലതാക്കാന്‍, അവര്‍ക്കു വേണ്ടി പോരാടുന്നതിന് ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാല്‍ അതിലും വലിയ സ്ത്രീ ശാക്തീകരണം, സ്തീവിരുദ്ധതാ പോരാട്ടം, കീബോര്‍ഡ് വിപ്ലവം വേറെന്തുള്ളു?
10 comments:

 1. മലയാളബൂലോകം ഇപ്പോ കഴിഞ്ഞവർഷങ്ങളിലേപ്പോലെ അല്ല.നല്ല രീതിയിൽ അനക്കം വന്നിട്ടുണ്ട്‌.

  ReplyDelete
  Replies
  1. അതു കേള്‍ക്കാന്‍ സന്തോഷമുണ്ട്. ഇനിയും കാണാം.

   Delete
 2. നല്ല പോസ്റ്റ്.!!!
  ഫേസ്ബുക്കില്‍ വല്ല്യ രസമൊന്നും തോന്നാത്ത കാരണം ബ്ലോഗിൽ വന്നയാളാണ് ഞാൻ.
  ബൂലോഗം കണ്ടപ്പോള്‍ സ്വര്‍ഗം കണ്ടപോലെയായിരുന്നു. എത്രയെത്രയാണ് വായിക്കാന്‍..!! ആനുകാലികങ്ങളിൽ നമ്മള്‍ വായിക്കുന്ന എഴുത്തുകാരുടേതിനേക്കാള്‍ മികച്ച പല സൃഷ്ടികളും കണ്ട് അമ്പരന്നുപോയിട്ടുണ്ട്. അതുമല്ല എനിക്ക് ചേരുന്നതും ഇതുപോലിടമായിരുന്നു.
  നല്ലതിനുപയോഗിച്ചാല്‍ എല്ലാം നല്ലതിനു തന്നെ എന്നാണ് ഫെയ്സ്ബുക്കിനെപ്പറ്റി പറയാനുള്ളത്. ആറ്റോമിക് ഫിഷനും ഫ്യൂഷനും കണ്ടുപിടിക്കപ്പെട്ടപ്പോള്‍ അത് ബോംബുണ്ടാക്കാനായി ഉപയോഗിക്കപ്പെട്ടതുപോലെയാണ്.. കാര്യങ്ങളുടെ പോക്ക് എന്നു മാത്രം...
  സുധി ലിങ്ക് അയച്ചുതന്ന വഴിയേ വന്നതാണ്. വീണ്ടും വരാം.!!

  ReplyDelete
  Replies
  1. എനിക്കും ബൂലോകം വലിയ ഇഷ്ടമായിരുന്നു. പക്ഷേ മിയ്ക്കവരും അതില്‍ നിന്നു പിന്‍വാങ്ങി. ഇനിയും കാണാം.

   Delete
 3. കാര്യമാത്ര പ്രസക്തമായ പോസ്റ്റ്‌. പുസ്തക പ്രസാധനം രണ്ടോ മൂന്നോ വന്‍ കബനിക്കാരുടെ കയ്യിലല്ലേ. പുസ്തക കടകളും അവരുടെ പക്കല്‍. ഇവരുടെ സഹായം ഇല്ലാതെ സ്വയം പ്രകാശിക്കാന്‍ ഫേസ്ബുക്ക്‌ സഹായിക്കുന്നില്ലേ?

  ReplyDelete
 4. ടെലിവിഷന് ശേഷം അധികാരികള്‍ കണ്ടെത്തിയെ ഏറ്റവും വലിയ സമയം കൊല്ലിയാണ് ഫേസ് ബുക്ക്. എന്റെ ബ്ലോഗിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനായി ഞാനും ഒരു ബുക്ക് അതില്‍ തുറന്നിരുന്നു. എന്നാല്‍ കൊറെ ലൈക്ക് കിട്ടി എന്നതല്ലാതെ അധികമാരും ബ്ലോഗിലേക്ക് തിരിഞ്ഞ് നോക്കിയില്ല. ബുക്കിലെ ബഹളം നമ്മുടെ സമയം കളയുന്നതായി മനസിലാക്കിയതിനാല്‍ ഇപ്പോള്‍ അങ്ങോട്ട് തിരിഞ്ഞ് നോക്കാറേയില്ല.

  ReplyDelete
 5. രണ്ടിടത്തും ആക്റ്റിവ് ആയി നില്‍ക്കൂന്നയാള്‍ എന്ന നിലയില്‍ ബ്ലോഗ് പ്രസ്ഥാനം വളരെ ക്ഷീണിച്ചിരിക്കുന്നു എന്ന് പറയുന്നു.

  ReplyDelete
 6. That Srinivsan's movie was samooham? :D

  On the online space, privacy is definitely our right, Maithreyi.

  ReplyDelete
 7. ഏവരും വായിക്കേണ്ട പ്രസക്തമായ പോസ്റ്റ്‌.

  ReplyDelete
 8. "Cavani made his debut for Manchester United postponed.>> Due to self-quarantine 14 days"

  ReplyDelete