Monday, September 05, 2011

ജീവിതച്ചിന്തുകള്‍

(26.08.2011 ലെ കുടുംബമാദ്ധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്-റീ പോസ്റ്റാണ്. നേരത്തേ വായിച്ചവര്‍ ക്ഷമിക്കുക.)
ഇത് എന്റേയോ എനിക്കു ചുറ്റുമുള്ളവരുടേയോ ജീവിതാനുഭവങ്ങളാണ്, അവ നല്‍കുന്ന നോവുകളും നിനവുകളും അറിവുകളുമാണ്. ചിലത് ചിന്തിപ്പിക്കുന്നു, ചിലത് ചിരിപ്പിക്കുന്നു, മറ്റു ചിലത് ജീവിതത്തോടുള്ള കാഴ്ച്ചപ്പാടുകള്‍ തന്നെ മാറ്റി മറിക്കുന്നു.

1.അമ്മത്തം

സ്‌കൂള്‍ മുടങ്ങിപ്പോയ ദിവസങ്ങളിലെ നോട്ട് കോപ്പിയെടുത്ത് ഒറിജിനല്‍ തിരിച്ച് കൊടുക്കണം. അമ്മയും മകളും കൂടി കൂട്ടുകാരിയുടെ വീട്ടിനടുത്ത് കോപ്പി എടുക്കാനായി കയറി. അറുപതടുത്തു പ്രായം തോന്നുന്ന, ഹൗസ് കോട്ടിട്ട ഒരു വനിത ഇറങ്ങിവന്നു. അവരുടെ വീടിന്റെ പൂമുഖമുറി കോപ്പിഷോപ്പാക്കി മാറ്റിയിരിക്കയാണ്. അവര്‍ ചെയ്യുന്നതെല്ലാം മകള്‍ ശ്രദ്ധിച്ചുനോക്കിയിരുന്നു. കോപ്പിയെടുക്കുന്നതും കട്ടു ചെയ്യുന്നതും പൈസ വാങ്ങുന്നതും എല്ലാം അവര്‍ തന്നെ. വളരെ പ്രസന്നവതിയായിരുന്നു അവര്‍. ജോലി കൃത്യമായി ചെയ്യുന്നതിനിടയിലും ഇടയ്ക്കിടെ മകളെ നോക്കി ചിരിക്കാനും അവര്‍ മറന്നില്ല. അപ്പോഴൊക്കെ മകളും നുണക്കുഴി വിരിയിച്ച് അവളുടെ പ്രസിദ്ധമായ നൂറു വാട്ട്‌സ് ചിരി ഉഷാറോടെ തിരിച്ചു നല്‍കുന്നതും അമ്മ കണ്ടു.

അവിടുന്ന് ഇറങ്ങുമ്പോള്‍ മകള്‍ പറഞ്ഞു 'അമ്മേ, എനിക്ക് ആ അമ്മൂമ്മയെ വളരെ ഇഷ്ടമായി. നല്ല അമ്മൂമ്മത്തം..... '

'അമ്മൂമ്മത്തമോ ? അതെന്താണ്? ' മകളുടെ ഭാഷാസംഭാവന അമ്മയെ അത്ഭുതപ്പെടുത്തി.

'അതിപ്പോ പറയാനൊന്നും എനിക്കറിയില്ല. എന്നാലും അമ്മൂമ്മേ എന്നു വിളിക്കാനും അടുത്ത് ചേര്‍ന്നിരിക്കാനുമൊക്കെ തോന്നി. '

'അപ്പോള്‍ നിന്റെ സ്വന്തം അമ്മൂമ്മമാര്‍?'

' ഓ, അവര്‍ക്കൊന്നും ഇത്ര അമ്മൂമ്മത്തം ഇല്ലെന്നേ.....'

'അങ്ങനെയാണല്ലേ.....അപ്പോ നിന്റെ ഈ അമ്മയ്ക്ക് അമ്മത്തം ഉണ്ടോ കുട്ടിയേ ......'

'അമ്മ പിണങ്ങണ്ടാട്ടോ....ഉം......ഇത്തിരി കുറവുതന്നെയാണേയ്..... '

അമ്മ ഒരു നിമിഷം ആലോചിച്ചു നിന്നു.... പിന്നെ പൊതുസ്ഥലമാണെന്നതൊക്കെ മറന്ന് മകളെ സ്വന്തം ദേഹത്തോട് അണച്ചു നിര്‍ത്തി. ജോലിത്തിരക്കും കുടുംബത്തോടുള്ള കടമയും എല്ലാം കൂടി ഒന്നിച്ചു കൊണ്ടു പോകണ്ടതെങ്ങനെയെന്നു മകള്‍ കണ്ടു പഠിക്കട്ടെ എന്നു കരുതിയാണ് ജീവിച്ചത്. പറഞ്ഞു പഠിപ്പിക്കുന്നതിലും നല്ലത് കാണിച്ചുകൊടുക്കലാണല്ലോ. ഒന്നേയുള്ളു എന്നു കരുതി ഇത്രയും ലാളിക്കണോ എന്നുള്ള ഉപദേശങ്ങളൊന്നും ചെവിക്കൊണ്ടിരുന്നില്ല. എപ്പോഴും കൂടെയിരിക്കുന്നതിലല്ലാ മകളുടെ ഒപ്പം ക്വാളിറ്റി ടൈം സ്‌പെന്‍ഡ് ചെയ്യുന്നതാണ് കാര്യം എന്നു ഉറച്ചു വിശ്വസിക്കയും അങ്ങനെ പ്രവര്‍ത്തിക്കയും ചെയ്തു. എന്നിട്ടും.......എന്നിട്ടും എവിടെയോ പിഴച്ചിരിക്കുന്നു....അവള്‍ ആഗ്രഹിച്ച എന്തോ ഒന്ന് നല്‍കാന്‍ കഴിഞ്ഞിട്ടില്ല.....ആ എന്തോ ഒന്നാണ് അമ്മത്തം, അമ്മൂമ്മത്തം......നന്തനാരുടെ ഉണ്ണിക്കുട്ടനു കിട്ടിയത്, മകള്‍ക്കു കിട്ടാതെ പോയത്.......അമ്മയുടെ തിരിച്ചറിവിന്റെ നിമിഷം......


2.അച്ഛന്റെ മകന്‍    
(ഇത് അച്ചടിച്ചിട്ടില്ല- അതിനെ കുറിച്ച് കമന്റിയിട്ടുള്ളതിനാല്‍ ഡിലീറ്റ് ചെയ്യുന്നില്ല)ഹരിയുടെ അമ്മയ്ക്ക് ദൂരസ്ഥലത്തേക്കു ജോലി മാറ്റം. ഹരിയും അച്ഛനും തനിച്ചായി കുറച്ചു നാള്‍. അമ്മയില്ലാത്തതിന്റെ ബുദ്ധിമുട്ട് അറയിക്കാതെ എന്നും വെളുപ്പിനെഴുന്നേറ്റ് അച്ഛന്‍ പാചകം ചെയ്തു. ഹരിക്കു കാപ്പിയുണ്ടാക്കി, ടിഫിന്‍ പായ്ക്ക് ചെയ്തു കൊടുത്തു. പക്ഷേ ഹരി ടിഫിന്‍ ബോക്‌സ് അതുപടി തിരികെ കൊണ്ടുവന്നു. ഒന്നും രണ്ടും ദിവസം പോട്ടെയന്നു വിട്ടു. മൂന്നാം നാള്‍ ആവര്‍ത്തിച്ചപ്പോള്‍ അച്ഛനു സഹിച്ചില്ല.

'മോനേ , എത്ര പ്രയാസപ്പെട്ടാണ് ഞാന്‍ വെളുപ്പിനെഴുന്നേറ്റ് ഇതൊക്കെ പാചകം ചെയ്തു തരുന്നത്. നീ എന്താ അതു മനസ്സിലാക്കാത്തത്? '

'എന്റെ വിഷമം അച്ഛനെന്താ മനസ്സിലാക്കാത്തത്. അച്ഛന്‍ ഉണ്ടാക്കുന്ന ഭക്ഷണം രാവിലെ തന്നെ ഞാന്‍ എത്ര പ്രയാസപ്പെട്ടിട്ടാ കഴിക്കുന്നതെന്ന് അച്ഛനറിയുമോ..... പിന്നെ ഊണും കൂടി......കൂടുതല്‍ ബുദ്ധിമുട്ടിക്കല്ലേ അച്ഛാ........... '

ഉരുളയ്ക്കുപ്പേരി പോലെ വിളയാടി പൊന്നുമകന്റെ നാവില്‍ വികടസരസ്വതി......അച്ഛന്റെ മകന്‍.......


3.കര്‍മ്മ നീതി

ഗുരുനാഥന്‍ കെമിസ്റ്റ്രിയില്‍ ഡോക്ടറേറ്റ് ഉള്ള ആളാണ്. പേരു കേട്ട ശിഷ്യസമ്പത്തുള്ള ,റിട്ട. ഗവ. കോളേജ് പ്രിന്‍സിപ്പല്‍. അതു കൂടാതെ തലസ്ഥാനത്തെ പ്രശസ്ത ജ്യോതിഷിയും കൂടിയാണ്. ഒരിക്കല്‍ ശ്രദ്ധിച്ചു, മേശമേല്‍ രണ്ടു തരം ലെറ്റര്‍ ഹെഡ്. വെളുപ്പില്‍ നീല അക്ഷരങ്ങളുള്ള ആദ്യത്തേതില്‍ ഡോ......എന്നു മുഴുവനും പ്രിന്റു ചെയ്തിട്ടുണ്ട്. രണ്ടാമത്തേത് മഞ്ഞ ലറ്റര്‍ ഹെഡ്. അതില്‍ ഡോ. ഇല്ലാതെ പേരു മാത്രം.

എന്താണങ്ങിനെ എന്നു ചോദിക്കേണ്ടി വന്നില്ല, സ്വയം മനസ്സിലാക്കി. ജ്യോതിഷസംബന്ധിയായ കാര്യങ്ങള്‍ക്കുപയോഗിക്കുന്നതാണ് മഞ്ഞ. അതില്‍ കെമിസ്റ്റ്രി ഡോക്ടറേറ്റ് എന്തിന്?

ജ്യോതിഷി പ്രിന്‍സിപ്പലോ, പ്രൊഫസറോ, എഞ്ചിനീയറോ, ഡോക്ടറോ, ബാങ്ക് മാനേജരോ ആരോ ആവട്ടെ, ജ്യോതിഷസേവനസമയത്ത് അവര്‍ ജ്യോതിഷി മാത്രമാണ്, അതേ ആകാവൂ, അതിലെ അവഗഹം മാത്രമാണ് അപ്പോള്‍ പ്രസക്തവും........

എല്ലാ കാര്യത്തിലും ഇത് ബാധകമാണ്. ഒരിടത്തെ യോഗ്യതയും സ്ഥാനമാനവും മറ്റൊരിടത്ത് പ്രദര്‍ശിപ്പിച്ച് ആളാകാന്‍ ശ്രമിക്കേണ്ട കാര്യമില്ല. വലിയ ഒരു ജീവിതപാഠം, അനുകരണീയം.......എത്രപേര്‍ക്കുണ്ടാവും ഇത്ര ധര്‍മ്മബോധം? നന്ദി എന്റെ പ്രിയ ഗുരുനാഥന്, ആ വന്ദ്യവയോധികന്........

4.മാനസസന്ദേശം 
(ഇത് പഴയ പോസ്റ്റിലില്ല. പത്രത്തില്‍ വന്നതില്‍ ഉണ്ട്്)

മനസ്സുകള്‍ക്കിടയില്‍ അന്തരീക്ഷം വഴി സന്ദേശങ്ങള്‍ എത്തുമോ? എത്തും, അതാണ് ടെലിപ്പതി (മാനസസന്ദേശം) എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് വായിച്ചിട്ടുണ്ട് . ശ്രീ ശങ്കരാചാര്യര്‍ പറഞ്ഞ പരഹൃദയജ്ഞാനവും ഇതു തന്നെയാണാവോ? ബന്ധം തീവ്രമെങ്കില്‍ വെറും സാധാരണ മനുഷ്യജീവികള്‍ക്കിടയിലും ഇതു സംഭവ്യമെന്ന് എനിക്കനുഭവം.

എന്റെ അച്ഛനും മുത്തശ്ശിയമ്മയും (അച്ഛന്റെ അമ്മ) തമ്മിലുള്ള സ്‌നേഹം അളക്കാനാവാത്തതായിരുന്നു. ഏതു തിരക്കിലാണെങ്കിലും തിരുവോണത്തിന് അച്ഛന്‍ മുത്തശ്ശിയുടെ ഒപ്പമിരുന്നേ ഉണ്ണൂ. ഒരിക്കല്‍ തലേന്ന് പോകാന്‍ കഴിഞ്ഞില്ല. പിറ്റേന്ന് വെളുപ്പിന് യാത്രയായി അച്ഛന്‍. പക്ഷേ എത്തിയത് നാലു മണിക്ക്. മറ്റുള്ളവരെല്ലാം ഊണുകഴിഞ്ഞു, ഉറക്കമായി. ഊണ്‍തളത്തില്‍ രണ്ട് ഇലകളിട്ട്, അതിന്റെ മുമ്പില്‍ മടക്കിയ പായില്‍ പ്രതിമപോലെ കണ്ണു നിറച്ച് ഒരേ ഇരുപ്പായിരുന്നത്രേ മുത്തശ്ശി. അച്ഛന്‍ ചെന്നില്ലെങ്കില്‍ അന്നു മുത്തശ്ശി ഉണ്ണുമായിരുന്നില്ല ,അത് ഞങ്ങളോടു പറയുമ്പോള്‍ അച്ഛന്റെ കണ്ണും നനയുമായിരുന്നു.

മുത്തച്ഛന്റെ മരണശേഷം മുത്തശ്ശി മിയ്ക്കവാറും ഞങ്ങള്‍ക്കൊപ്പമായിരുന്നു താമസം. മറ്റു മക്കളാരെങ്കിലും വന്നു കൊണ്ടു പോയാല്‍ മൂന്നാം ദിവസം തിരിച്ചു വരാന്‍ ബഹളം കൂട്ടും. ഒരിക്കല്‍ അങ്ങനെ പോയി രണ്ടാം രാത്രി. ഉറക്കം വരാതെ അച്ഛന്‍ മുറ്റത്തുലാത്തുന്നു. അമ്മ ഒപ്പമുണ്ട്. പെട്ടെന്ന്, അച്ഛന് മുത്തശ്ശിയമ്മയുടെ ബലാഗുളുച്യാതി എണ്ണയുടെ മണം(മലയാറ്റൂര്‍ 'വേരുകള്‍' എഴുതുന്നതിനും മുന്‍പുള്ളതാണേ ഈ സംഭവം). അതോടെ മുത്തശ്ശിയമ്മയ്ക്ക് എന്തോ പറ്റിയെന്ന് അച്ഛനും അമ്മയും അസ്വസ്ഥരായി. രണ്ടു മണിക്കൂര്‍ കഴിഞ്ഞില്ല, സുഖമില്ലാതായ മുത്തശ്ശിയേയും കൊണ്ട് കാര്‍ വന്നു. അസുഖമായപ്പോള്‍ മകന്റെ വീട്ടില്‍ പോകണം എന്നു മുത്തശ്ശി വാശി പിടിച്ചത്രേ. ഗത്യന്തരമില്ലാതെ അവര്‍ രാത്രി പുറപ്പെട്ടതാണ്. ഞങ്ങളുടെ കൂടെ രണ്ടാഴ്ച്ച. അച്ഛനുമമ്മയും ഊണും ഉറക്കവുമില്ലാതെ മുത്തശ്ശിക്കൊപ്പം. പക്ഷേ രണ്ടാഴ്ച്ച കഴിഞ്ഞ് അച്ഛന്റെ നെഞ്ചില്‍ തല വെച്ച് മുത്തശ്ശി സ്വര്‍ഗ്ഗം പൂകി. അതെ സ്വര്‍ഗ്ഗം തന്നെ. എല്ലാ ശനിയാഴ്ച്ചയും ഉച്ചയ്ക്ക്് സ്വന്തം വീട്ടില്‍ ഒരുപാടു സാധുക്കളുടെ പശിയടക്കിയ മുത്തശ്ശിയമ്മയ്ക്ക് സ്വര്‍ഗ്ഗം തന്നെ കിട്ടിയിരിക്കും. തീര്‍ച്ച.

ഒരിക്കല്‍ ഞാന്‍ ഔദ്യോഗികമായി ഏറെ മനഃസംഘര്‍ഷം അനുഭവിച്ച ഒരു ദിവസം. വീട്ടില്‍ മോളും ഞാനും മാത്രം. എന്റെ സങ്കടം മനസ്സിലാക്കിയ കുഞ്ഞുമകള്‍ കെട്ടിപ്പിടച്ച് 'അമ്മയുടെ സാര്‍ വഴക്കു പറഞ്ഞല്ലേ....ചീത്ത സാര്‍... ' എന്നൊക്കെ പറയാന്‍ തുടങ്ങി. സാര്‍ നല്ലതാണു മോളേ, അമ്മയ്ക്കാണു തെറ്റിയത് എന്ന് ഞാന്‍ അവളെ സമാധാനിപ്പിച്ചു. പക്ഷേ രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല, നെഞ്ചുരുകുമ്പോള്‍ ഉറങ്ങാനാകുമോ. ആരും അറിയാതെ കരച്ചിലും....

വെളുപ്പിന്് അഞ്ചുമണിക്ക് അമ്മയുടെ ഫോണ്‍. എന്താ ഇത്ര വെളുപ്പിനെന്നോടി വന്നു ഫോണെടുത്തപ്പോള്‍ അങ്ങേത്തലയ്ക്കല്‍ അമ്മ. 'നിനക്കെന്തോ കുഴപ്പം പറ്റിയോ.ഇന്നലെ രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. '

5.പേരെന്താണെങ്കിലും...........
(ഒരിക്കല്‍ ഇട്ടു ഡിലീറ്റിയതാണ്. അച്ചടിച്ചു വന്ന സ്ഥിതിക്ക് കളയുന്നില്ലെന്നു വച്ചു)

യാത്രയ്ക്കിടയില്‍ കൃഷ്ണപുരം കെ.ടി.ഡി.സി ഹോട്ടലില്‍ ഭക്ഷണം കഴിച്ച് ഇറങ്ങവേ കണ്ടു, നാലോ അഞ്ചോ വയസ്സുള്ള ഒരു കൊച്ചുപെണ്‍കുട്ടി വല്ലാതെ ഓക്കാനിക്കുന്നു...അതിന്റെ അമ്മ ഒരു കൈ കൊണ്ട് പിടിച്ചിട്ടുണ്ട്. അമ്മയുടെ മറു കയ്യില്‍ ഇളയ കുട്ടി. അടുത്തു ചെന്നു കുട്ടിയെ പിടിച്ചു....

'എന്തുപറ്റി, യാത്രയുടേതാവും അല്ലേ.....' ഞാന്‍ അന്വേഷിച്ചു.

'ഞങ്ങള്‍ എപ്പോഴും യാത്ര പോകാറുണ്ട്. ഇതുവരെ ഇങ്ങനെ വന്നിട്ടില്ല. തലവേദനയുണ്ടത്രേ, ഇനി മൈഗ്രേനാകുമോ....... ' അമ്മയുടെ ആശങ്ക.

'ഓ, ആവില്ല, ഇന്‍ഡൈജഷനാവും, ' ഞാന്‍ സമാധാനിപ്പിച്ചു.

' വെറും ഹോര്‍ലിക്‌സ് മാതമേ അവള്‍ കഴിച്ചുള്ളു' വീണ്ടും അമ്മ.

'ശരീരം വീക്കായ സമയത്താണെങ്കില്‍ ഹോര്‍ലിക്‌സും ഇന്‍ഡൈജഷനുണ്ടാക്കും. ഒക്കെ വെളിയില്‍ പോകട്ടെ, കുട്ടിയുടെ വിഷമം മാറും..... '

പറഞ്ഞു തീര്‍ന്നതും ,കുട്ടി, ഹോര്‍ലിക്‌സു മുഴവന്‍ പുറത്തുകളഞ്ഞു.

'ഡോക്ടറാണല്ലേ........ '

'ഏയ് അല്ല....... ' ഞാന്‍ ചിരിച്ചു.....

റിഫ്രഷ്‌മെന്റ് റൂമില്‍പ്പോയി. അമ്മ കുട്ടിയെ കയ്യും മുഖവുമെല്ലാം കഴുകി വിട്ടു. കുട്ടി നേരേ പോയത് നിലക്കണ്ണാടിയുടെ മുന്‍പിലേക്ക്. അവിടെ കണ്ണാടിക്കു മുന്‍പില്‍ ചെന്നു നിന്നു ചുമ വരുത്തി നോക്കുന്നു....ചുമ വരുമ്പോള്‍ മുഖസൗന്ദര്യം എങ്ങനെ എന്നറിയണ്ടേ......

കുട്ടിയുടെ അമ്മയും ഞാനും കൂടി ചിരിക്കുമ്പോള്‍ മനസ്സിലേക്കോടി വന്നത് ഓ.എന്‍.വി യുടെ രണ്ടു വരികളാണ്.....

'പെണ്ണിന്റെ പേരെന്തെന്നോര്‍മ്മയില്ല
പേരെന്താണെങ്കിലും പെണ്ണു തന്നെ '

ഒരിക്കല്‍ ഒരു സുഹൃത്ത് വിളിച്ചു, സിംഗപ്പൂര്‍ നിന്ന്. കുഞ്ഞുങ്ങളുടെ ക്ഷേമം അന്വേഷിച്ചപ്പോള്‍ പറഞ്ഞു 4 വയസ്സുകാരി കണ്ണാടിക്കു മുമ്പില്‍ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി ചോദിച്ചുവേ്രത 'ആം ഐ പ്രിറ്റി ഡാഡ്' എന്ന്?

ശരീരസൗന്ദര്യമാണ് ഏറ്റവും പ്രധാനമെന്ന് ആ കുഞ്ഞുപെണ്‍മനസ്സുകളില്‍പോലും തോന്നിപ്പിച്ചത് ആരാണ്? ടി.വി. പരസ്യങ്ങള്‍? സിനിമ...സീരിയല്‍....ഇന്റര്‍നെറ്റ്......ഉണ്ണിയെക്കണ്ടാലറിയാം......എന്ന പഴഞ്ചൊല്ല് ഇക്കാലത്തു പ്രസക്തമല്ല. കുടുംബത്തോളം പ്രാധാന്യം മീഡിയകള്‍ക്കും ഇന്റര്‍നെറ്റിനുമെല്ലാമുണ്ട്.....