Tuesday, June 29, 2010

ബ്ലോഗിംഗ്...ബ്ലോഗിംഗ്

ബ്ലോഗ് തുടങ്ങിയിട്ട് നാലു വര്‍ഷത്തിനു മേലായി. ഇത് ഒരു ബ്ലോഗ്-എഴുത്തു ജീവിതാവലോകനം..

അല്ലറ ചില്ലറ വായനയും, പിന്നെ അമ്മയുടേയും സ്‌ക്കൂളിലെ സിസ്റ്ററിന്റേയും പ്രോത്സാഹനത്തില്‍ എഴുത്തുമുണ്ടായിരുന്നു കുഞ്ഞന്നാളില്‍. സ്‌കൂള്‍കാലത്ത് എഴുത്തിന് സമ്മാനങ്ങള്‍, റേഡിയോവില്‍ കവിത അങ്ങനെയങ്ങനെ. പിന്നീട് പഠന-ജോലി-ജീവിത തിരമാലകളില്‍ മുങ്ങിപ്പൊങ്ങിയപ്പോള്‍ എഴുത്ത് തീരെ നിന്നു പോയി. ഏറെക്കാലത്തിനു ശേഷം പലതും നോട്ടുബുക്കില്‍ കുറിച്ചു വച്ചു, ഒന്നും മുഴുവനാക്കിയില്ല. കാരണം , പല പ്രാവശ്യം എഴുതുക, വെട്ടിത്തിരുത്തുക, വീണ്ടും എഴുതുക തുടങ്ങിയവയൊന്നും പ്രായോഗികമല്ലായിരുന്നു, അതിനുള്ള ക്ഷമയുമില്ലായിരുന്നു .

ഒരു നാള്‍ ബ്ലോഗ് തുടങ്ങി, വളരെ ആശങ്കയോടെ, പേടിയോടെ, ഇംഗ്ലീഷില്‍ . ഏറെ ഇഷ്ടപ്പെട്ട വ്യക്തിത്വങ്ങളും പേരുകളുമായിരുന്നു മൈത്രേയിയും ഗാര്‍ഗ്ഗിയും. ഭൂലോക ജീവിതത്തില്‍ കിട്ടാതിരുന്ന ആ പേരുകളിലൊന്ന് ബൂലോക ജീവിതത്തിനു സ്വീകരിച്ചു. എന്തൊക്കയോ എഴുതി. കുറച്ചു പേര്‍ കമന്റിട്ടു ബൂലോകത്തു സ്വാഗതമരുളി. അതില്‍ ചിലരെ പിന്നെ നോക്കിയപ്പോള്‍ കണ്ടില്ല, മറ്റു ചിലര്‍ ബ്ലോഗ് പേരും മറ്റും മാറ്റിയിരിക്കുന്നു. ബാലിശം എന്നു തോന്നിയപ്പോള്‍ 'അതെല്ലാമങ്ങു മറന്നേയ്ക്കൂ' എന്ന് മൈത്രേയിയിലെ പഴയ പല പോസ്റ്റുകളും ഞാനും പിന്നീട് നീക്കം ചെയ്തു. എനിക്ക് നല്ലൊരു വീട്ടുസഹായിയെ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ വല്യൊരു എഴുത്തുകാരിയായനേ എന്നും മറ്റുമായിരുന്നേ അന്നെഴുതി വിട്ടിരുന്നത് . പിന്നെ അതെങ്ങനെ കളയാതിരിക്കും?

എല്ലാവര്‍ക്കും വായിക്കാനാവുന്ന ഒരു തുറന്ന ഡയറി എന്നേ ബ്ലോഗിനെപ്പറ്റി അന്നു കരുതിയുള്ളു. അത് സ്വന്തം രചനകളുടെ പ്രസിദ്ധീകരണശാലയാക്കാം എന്ന സാദ്ധ്യതയൊന്നും അന്ന് ശ്രദ്ധിച്ചില്ല, അല്ലെങ്കില്‍ ശ്രദ്ധിക്കാന്‍ മെനക്കെട്ടില്ല. വളരെ കാഷ്വല്‍ ആയ, ലാഘവമായ ഒരു സമീപനം. ഇപ്പോള്‍ വല്യമ്മായിയും ഗൗരീനാഥനും മറ്റും അമ്മയ്ക്ക് പ്രണാമം അര്‍പ്പിച്ച് ബ്ലോഗു തുടങ്ങിയതു കണ്ടപ്പോഴാണ് എന്റെ ഗുരുത്വദോഷം ശരിക്കും അങ്ങോട്ടു പിടി കിട്ടിയത്. ആ പോട്ടെ, പോയ ബുദ്ധി ഇനി ആന പിടിച്ചാലും കിട്ടില്ലല്ലോ. ഞാനൊരു എഴുത്തുകാരിയാകണമെന്ന് ആഗ്രഹിച്ച, അറിവിലും എഴുത്തിലും എന്നെക്കാള്‍ എത്രയോ പടി ഉയരെ നില്‍ക്കുന്ന അമ്മയുടെ രചനകള്‍ പുസ്തകമാക്കി ഗുരുത്വദോഷത്തിനു പരിഹാരം ചെയ്യും എന്നൊരു തീരുമാനവും എടുത്തിട്ടുണ്ട് ഞാന്‍.

അങ്ങനെയിരിക്കെ ഒരു സുഹൃത്ത് 'ടൈപ്പിറ്റ് ' മെയില്‍ ചെയ്തു തന്നു . അതായിരുന്നു എന്റെ എഴുത്തു ജീവിതത്തിലെ ഒന്നാം വഴിത്തിരിവ്. എഴുത്തിന്റെ വലിയൊരു ലോകം, ടൈപ്പിറ്റ് എനിക്കു മുന്നില്‍ തുറന്നിട്ടു. ഇംഗ്ലീഷ് കീബോര്‍ഡ് ഇപ്പോഴും മുഴുവന്‍ കാണാതെയറിയില്ല, പക്ഷേ മലയാളം കീസ്റ്റ്രോക്‌സ് വളരെ വേഗം ഹൃദിസ്ഥമാക്കി. ഓരോ പ്രാവശ്യവും മലയാളം അക്ഷര ലേ ഔട്ട് എടുത്തു നോക്കാനാവില്ല എന്ന പ്രായോഗികത മനസ്സ് അംഗീകരിച്ചതാവാം അതിനു കാരണം. സമയം കിട്ടുമ്പോഴൊക്കെ എഴുതി. ചില ലേഖനങ്ങള്‍ അച്ചടിച്ചുവന്നു. പക്ഷേ അപ്പോഴും കഥാ-കവിതാ സാഹസത്തിനു മുതിര്‍ന്നില്ല.

പിന്നീട് മലയാള ബൂലോക ബൈബിള്‍ ആയ അപ്പുവിന്റെ ആദ്യാക്ഷരി വഴി മലയാളം ബ്ലോഗിംഗ് മനസ്സിലാക്കി, ആവേശത്തോടെ ചാടി വീണ് എഴുത്തും തുടങ്ങി. അതാണ് രണ്ടാം വഴിത്തിരിവ്. പക്ഷേ അപ്പോള്‍ ടൈപ്പിറ്റില്‍ നിന്ന് JPEG ആയാണ് ഇട്ടത്. അതില്‍ അത്ര തൃപ്തി പോരായിരുന്നു. പിന്നെ വരമൊഴിയിലായി പ്രയോഗങ്ങള്‍. അങ്ങനെ പഴയ രചനകളുള്‍പ്പടെ തോന്നുന്നതെല്ലാം പോസ്റ്റാക്കി. കുട്ടിക്കാല രചനകള്‍ കണ്ട് ദൈവേ, ഇതൊക്കെ ഞാനെഴുതിയതു തന്നെയോ എന്ന് ഞാന്‍ തന്നെ അന്തം വിടുകയും ചെയ്തു.

കുറച്ചു പേര്‍ അഭിപ്രായങ്ങളിട്ട് സ്‌നേഹം വിതറി എന്നെ സഹബ്ലോഗറായി അംഗീകരിച്ചു. അത് നന്നായി ആസ്വദിച്ചു. മറ്റുള്ളവരുടെ കഥകളും കവിതകളുമെല്ലാം വായിച്ചു. അപ്പോള്‍ എനിക്കും സാധിക്കും എഴുതാന്‍ എന്നൊരു ആത്മവിശ്വാസം കൈ വന്നു. പക്ഷേ ,മലയാളം മലയാളത്തില്‍ തന്നെ ടൈപ്പു ചെയ്യാന്‍ അറിയാമായിട്ടും അത് ഉപയോഗിക്കാനാകുന്നില്ലല്ലോ എന്ന സങ്കടം അപ്പോഴും ബാക്കി നിന്നു. അപ്പോഴാണ് ടൈപ്പിറ്റ് ഞാന്‍ നവീകരിച്ചത്, അപ്‌ഗ്രേഡു ചെയ്തത് . നേരത്തേ എന്തേ ഈ ബുദ്ധി തോന്നിയില്ല എന്ന് അന്നും പതിവു പോലെ പരിതപിച്ചു. ടൈപ്പിറ്റില്‍ നിന്നു യൂണിക്കോടാക്കി നേരേ പോസ്റ്റു ചെയ്യാന്‍ സാധിച്ചത് വലിയ ഒരാഗ്രഹ പൂര്‍ത്തീകരണമായിരുന്നു, നേട്ടവും ആവേശവുമായിരുന്നു എനിക്ക്. അതായിരുന്നു മൂന്നാം വഴിത്തിരിവ്. അങ്ങനെ ട്രാന്‍സ്‌ലിട്രേഷനോടു വിട പറഞ്ഞു.

ഇത്രയുമെല്ലാം ആയപ്പോഴാണ് ബൂലോകത്ത് കുറച്ചെങ്കിലും സെറ്റില്‍ഡ് ആയി എന്ന തോന്നല്‍ വന്നത്. അപ്പോള്‍ എല്ലാം കൂടി അവിയല്‍ എന്ന രീതി മാറ്റി പല കാര്യങ്ങള്‍ക്കു പല ബ്ലോഗ് ആക്കി. സ്വന്തം സൃഷ്ടികള്‍ക്കു മൈത്രേയി, പ്രതികരിക്കാന്‍ സമകാലികം, വായനാനുഭവങ്ങള്‍ പങ്കു വയ്ക്കാന്‍ വായനാലോകം. ഇതൊന്നും പോരാതെ ആംഗലേയത്തില്‍ കഥകളെഴുതണമെന്നു മോഹമുദിച്ചപ്പോള്‍ (ഓരോരോ അത്യാഗ്രഹങ്ങളേ....) ഇന്‍ ദ പോണ്ട് ! ഉള്ളതു പറയണമല്ലോ, ഏറ്റവും കുറവ് വായനക്കാര്‍ സ്വന്തം സൃഷ്ടികള്‍ക്കൊരിടം എന്നു തുടങ്ങിയ മൈത്രേയിക്കു തന്നെയായിരുന്നു!

പിന്നെ കഥാ-കവിതാ രചനകള്‍ നടത്തി നോക്കി. കമന്റു മഴയൊന്നും പെയ്തില്ലെങ്കിലും അപ്പോഴും പലരും പ്രോത്സാഹിപ്പിച്ചു. വിമര്‍ശനങ്ങള്‍ വഴികാട്ടികളായി. അങ്ങനെ ഒരു കഥ വാരാന്ത്യപ്പതിപ്പിന് അയച്ചുകൊടുക്കാം എന്ന ആത്മവിശ്വാസം വന്നു. അവര്‍ അതു പ്രസിദ്ധീകരിച്ചു, ആ കഥ ബ്ലോഗുലകം പംക്തിയിലേക്കു നയിച്ചു. ഇതായിരുന്നു നാലാം വഴിത്തിരിവ്. ടൈപ്പിറ്റ് ഇല്ലായിരുന്നുവെങ്കില്‍, ആദ്യാക്ഷരി കണ്ടില്ലായിരുന്നുവെങ്കില്‍, മലയാളത്തില്‍ ബ്ലോഗ് ചെയ്തിരുന്നില്ലെങ്കില്‍, ഒരിക്കലും ഇതൊന്നും സംഭവിക്കില്ലായിരുന്നു. മറ്റുള്ളവര്‍ക്ക് നിസ്സാരം എന്നു തോന്നാമെങ്കിലും എനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത കാര്യങ്ങള്‍. അതുകൊണ്ട് നന്ദി പ്രിയ ടൈപ്പിറ്റിന്, മലയാളഭാഷയ്ക്ക് ആ സൗജന്യ സോഫ്റ്റ് വെയര്‍ തന്ന ലിയോ സോഫ്‌റ്റ്വെയറിന്, മലയാളം ബ്ലോഗിംഗിനെപ്പറ്റി അടുക്കിനു പറഞ്ഞുതന്ന ആദ്യാക്ഷരിക്ക്, അതിന്റെ പിന്നിലെ നന്മമനസ്സായ അപ്പുവിന്, എന്റെ കഥയും കവിതയും വായിച്ച് അഭിപ്രായം പറഞ്ഞ പ്രിയ ബ്ലോഗ് ചങ്ങാതിമാര്‍ക്ക് , എന്റെ രചനകള്‍ക്ക് അച്ചടിമഷി പുരട്ടിയ പ്രിയ കൗമുദിക്ക്.

ആരുടെ ബ്ലോഗും ഞാന്‍ പിന്‍തുടര്‍ന്നില്ല, ഒന്നോ രണ്ടോ പേരല്ലാതെ എന്റെ ബ്ലോഗും ആരും പിന്‍തുടര്‍ന്നില്ല. അനുയായികള്‍, ഫോളോവേഴ്‌സ്, എന്ന പ്രയോഗം തന്നെ തീരെ ഇഷ്ടമില്ലായിരുന്നു. ബ്ലോഗര്‍, യേശുവും ബുദ്ധനുമൊന്നുമല്ലല്ലോ അനുയായികളുണ്ടാകാന്‍! പിന്നീടാണ് ഇഷ്ടപ്പെടുന്നവരുടെ ബ്ലോഗിന് അനുയായി ആയാല്‍ അവരുടെ പോസ്റ്റ് സ്വന്തം ഡാഷ്‌ബോര്‍ഡില്‍ കാണാം എന്ന വെളിപാടു വന്നത് . ഒട്ടും താമസിച്ചില്ല, കുറേ പേരെ അനുധാവനം ചെയ്തു. പക്ഷേ എന്നിട്ടും അതു മുഴവന്‍ വായിക്കാനാകുന്നില്ല എന്ന ദുഃഖസത്യം ഇപ്പോഴും അവശേഷിക്കുന്നു. ധാരാളം ബ്ലോഗുകള്‍ ഫോളോ ചെയ്യുന്ന എല്ലാവരും അങ്ങനെ തന്നെയാകും എന്നാണ് എന്റെ ഉറച്ച വിശ്വാസം.

എന്റെ ബ്ലോഗ് ഇഷ്ടപ്പെടുന്നവരെ ചങ്ങാതികളായി കാണാനാണ് എനിക്കിഷ്ടം. പ്രായ-സ്ഥാന-ജാതി-മത-ലിംഗ ഭേദമേതുമില്ലാത്ത സോഷ്യലിസം ,അത് ബ്ലോഗുജീവിതത്തില്‍ മാത്രമേ കഴിയൂ. ഒരിക്കല്‍ ശ്രീമതി. ലളിതാംബിക അന്തര്‍ജ്ജനത്തെ ഒരു സാഹിത്യകാരന്‍ , ശ്രീ.എം.ടി.ആവാം, 'അമ്മേ' എന്ന് അഭിസംബോധന ചെയ്തപ്പോള്‍ ആ മഹതി എഴുതിയത്രേ 'എനിക്കു വേണ്ടത് സുഹൃത്തുക്കളെയാണ് ' എന്ന്. പണ്ടെന്നോ വായിച്ചതാണ്. എനിക്കും അങ്ങനെ തന്നെയായതിനാലാകാം അത് ഇപ്പോഴും ഓര്‍ത്തു വച്ചത്.

അതി പരിചയം അവജ്ഞയുണ്ടാക്കും എന്ന ആപ്തവാക്യം ഒരിക്കലും മറന്നില്ല. അതുകൊണ്ട് തന്നെ ബ്ലോഗോസ്ഫിയറിനു വെളിയില്‍, ബ്ലോഗ് കമന്റ് ചര്‍ച്ചകള്‍ക്ക് അപ്പുറം, ബ്ലോഗ് സൗഹൃദങ്ങളുണ്ടാക്കാന്‍ ശ്രമിച്ചില്ല . ഒരു ജീവിതത്തുണ്ട് തന്നെയാണ് ബ്ലോഗ്. എങ്കിലും ജീവിതവും ബ്ലോഗിംഗും കൂടി കൂട്ടിക്കുഴയ്ക്കാന്‍ ഇഷ്ടപ്പെട്ടില്ല.

പോസ്റ്റുകളിലൂടെ, കമന്റ് ചര്‍ച്ചകളിലൂടെ, കണ്ടെത്തിയ ബ്ലോഗ് സൗഹൃദങ്ങളെ പക്ഷേ ഏറെ വിലമതിച്ചു. ഒരിക്കല്‍ പോലും കാണാതെ, അറിയാതെ, കാതങ്ങള്‍ക്കപ്പുറം ഒരേ തരംഗദൂരത്തില്‍, (വേവ് ലംഗ്തില്‍ ) , ചിന്തിക്കുന്നവരുണ്ട് എന്ന അറിവ് വല്ലാത്തൊരാഹ്ലാദം പകര്‍ന്നു. വിമര്‍ശനങ്ങള്‍ കണ്ണു തുറപ്പിക്കാനും സ്വയം തിരുത്താനും സഹായിച്ചു. സൂര്യനു കീഴിലുള്ള എന്തു കാര്യം ചോദിച്ചാലും പറഞ്ഞുതരാന്‍ സഹബ്ലോഗര്‍മാര്‍ ഉണ്ടെന്ന ചിന്ത ബ്ലോഗിംഗിനോട് ഇഷ്ടം കൂട്ടി. പലപ്പോഴും ഒരാളോട് ചോദിക്കുമ്പോള്‍ അറിയാവുന്ന മറ്റുള്ളവര്‍ ഉത്തരം പറഞ്ഞുതന്നു. അങ്ങനെ ബൂലോകം സന്തോഷം നിറഞ്ഞ അനുഭൂതിയായി മാറി.

ബ്ലോഗിംഗ് ഗൗരവമായെടുത്തപ്പോള്‍ ബ്ലോഗ് വായന കൂടി. പലരുടെ പോസ്റ്റുകളും വായിച്ച് സശ്രദ്ധം അഭിപ്രായം ഇട്ടു, അത് വളരെ സമയം എടുത്തിരുന്നു. അതിനാല്‍ വായനയും അഭിപ്രായം രേഖപ്പെടുത്തലും കൂടിയപ്പോള്‍ എഴുത്തു കുറഞ്ഞു. ആ കമന്റുകള്‍ പക്ഷേ കുറച്ചു വായനക്കാരെ തന്നു എന്നു പറയാതെ വയ്യ. കമന്റു ചര്‍ച്ചകളില്‍ സജീവമാകാന്‍ തുടങ്ങിയപ്പോഴാകണം, എനിക്കും വേണം കമന്റുകള്‍ എന്ന് പിന്നെയും അത്യാഗ്രഹം ! ശിവനേ മര്‍ത്യനു തൃഷ്ണ തീരലുണ്ടോ ! എനിക്കാണെങ്കില്‍ രണ്ടക്ക കമന്റുകള്‍ പോലും കിട്ടിയിരുന്നുമില്ല ! മസിലു പിടിച്ച്് എഴുതുന്നതുകൊണ്ടാകാം ,മെയില്‍ ,ചാറ്റിംഗ് സുഹൃദ്വലയം സൃഷ്ടിക്കാത്തതുകൊണ്ടാകാം, എന്ന് സ്വയം വിലയിരുത്തി. പക്ഷേ കമന്റിനു വേണ്ടി എനിക്കു ഞാനല്ലാതാകാന്‍ ആവില്ലല്ലോ. വായനക്കാരെ കിട്ടാന്‍ ബെര്‍ലിയുടെ കല്‍പ്പനകളോ, കമന്റുകള്‍ കിട്ടാന്‍ കുറുപ്പ് പറഞ്ഞു തന്ന കുറുക്കുവഴികളോ പക്ഷേ ഒരിക്കലും സ്വീകരിച്ചില്ല. ആദ്യാക്ഷരിയിലെ ബ്ലോഗര്‍മാര്‍ പാലിക്കേണ്ട നിയമങ്ങളോട്  ആഭിമുഖ്യമുണ്ടായിരുന്നു താനും. 
മെയിലിലൂടെയുള്ള വ്യക്തിഗത മറുപടികളേക്കാള്‍ കൂടുതല്‍ ആസ്വാദ്യകരമായി തോന്നിയത് പോസ്റ്റില്‍ തന്നെയുള്ള മറുപടി കമന്റുകള്‍ ആയിരുന്നു. അപ്പോഴല്ലേ ബ്ലോഗ് തരുന്ന ചര്‍ച്ചാവേദി പൂര്‍ണ്ണമാകൂ?

കമന്റു പോട്ടെ, എന്നാല്‍ വായനക്കാരുടെ എണ്ണം നോക്കാം എന്ന് പിന്നെ കൗണ്ടറുകള്‍ സ്ഥാപിച്ചു. രാത്രി കിടക്കുമ്പോള്‍ എണ്ണം നോക്കി വച്ചു, രാവിലെ എണീറ്റു വ്യത്യാസം നോക്കി ആനന്ദിച്ചു. എന്റെ സ്വന്തം ക്ലിക്കു കൂടി കൗണ്ടറില്‍ വരുന്നത് പക്ഷേ തീരെയും ഇഷ്ടപ്പെട്ടില്ല ! പരിഹാരമില്ലാത്ത പ്രശ്‌നം എന്ന് അതു വിട്ടു. കുറച്ചു നാള്‍ മുമ്പ് കൗണ്ടര്‍ പണിമുടക്കി, പിന്നെയും സ്ഥാപിച്ചു, പിന്നെയും മുടക്കി, അപ്പോള്‍ നിര്‍ദാക്ഷിണ്യം അതെടുത്തു ദൂരെക്കളഞ്ഞു. ഇപ്പോള്‍ ബ്ലോഗുജീവിതത്തില്‍ കുറച്ചുകൂടി പാകത വന്നതിനാലാകണം, ഇതൊന്നും ചിന്താവിഷയങ്ങളല്ലാതായിരിക്കുന്നു.

കമന്റുകള്‍ പിന്‍തുടര്‍ന്നപ്പോള്‍ ഒരു പ്രവണത അറിഞ്ഞു. ചിലര്‍ പോസ്റ്റ് വായിക്കാന്‍ മെനക്കെടാതെ 'വായിച്ചു വരുന്നേയുള്ളു, പിന്നെ കമന്റിടാം' , ' ആശംസകള്‍ ' ഇങ്ങനെ ഒരേ കമന്റ് പല ബ്ലോഗിലും കയറി കോപ്പി പെയ്സ്റ്റ് ചെയ്യുന്നു. കമന്റ് ഫോളോയിംഗ് വഴി ഒരേ ദിവസം നാലും അഞ്ചും പ്രാവശ്യം അതു മെയിലില്‍ വന്നപ്പോള്‍ ഇത്തിരി അലോസരം തോന്നി. ചിലരോടൊക്കെ നല്ല വാക്കില്‍ അതു പറയുകയും ചെയ്തു. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം ഇവരില്‍ ചിലര്‍ക്ക് ദിവസങ്ങള്‍ കൊണ്ട് വലിയ ഫോളോയിംഗും ധാരാളം കമന്റുകളും കിട്ടി എന്നതാണ് !

കെ.ബി.ആറില്‍ മാത്രമേ ആദ്യം ലിങ്ക് കൊടുത്തിരുന്നുള്ളു. പിന്നെ ചിന്തയിലും ജാലകത്തിലും ചേര്‍ത്തു. എങ്കിലും മറ്റു ബ്ലോഗുകളിലെ കമന്റുകളും അവരുടെ വായനാലിസ്റ്റും നോക്കി ബ്ലോഗില്‍ നിന്ന് ബ്ലോഗിലേക്കു പറന്ന പഴയ രീതിയിലേക്ക് ഇപ്പോള്‍ വീണ്ടും തിരിച്ചുവന്നു. പുതിയ ബ്ലോഗുകള്‍ കൂടുതല്‍ കാണാനാകുന്നത് അപ്പോഴാണ് എന്ന് അനുഭവപാഠം.

ബ്ലോഗു വായന കൂടിയപ്പോള്‍ ഒരു വലിയ കാര്യം മനസ്സിലായി. ബ്ലോഗുദേശത്തിലും പ്രമാണിമാരുണ്ട് ! വാഗ്‌ദേവി അനുഗ്രഹിച്ചവര്‍, എഴുതി തെളിഞ്ഞ് പുല്ലു പോല കമന്റുകള്‍ ആവാഹിക്കുന്നവര്‍ ! ഇത് പക്ഷേ എന്നെ ഓര്‍മ്മപ്പെടുത്തിയത് ജോര്‍ജ് ഓര്‍വെല്ലിന്റെ അനിമല്‍ ഫാം ആണ് . ഇത് എന്റെ ദൗര്‍ബ്ബല്യം, എപ്പോഴുമെപ്പോഴും അനിമല്‍ ഫാം എന്നു ജപിക്കും...എന്താണാവോ, അത് ഓര്‍മ്മപ്പെടുത്തുന്ന സത്യങ്ങള്‍ പലപ്പോഴും നിത്യജീവിതത്തില്‍ കാണാറുണ്ട്. ഏതു കൂട്ടായ്മയിലും സ്വയം പൊങ്ങി വരുന്ന നേതാക്കളുണ്ടാകും. പിന്നെ അവരാകും ആ രംഗത്തെ അധിപര്‍, അനിമല്‍ ഫാമിലെ പിഗ്‌സ് എന്ന പോലെ.

എന്നാല്‍ ഇവിടെ ഇവരുടെ ബ്ലോഗുജനപ്രീതി മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്നില്ല, അവര്‍ മറ്റുള്ളവരെ ഭരിക്കുന്നില്ല, അധികാരം നിലനിര്‍ത്താനായി സഹബ്ലോഗര്‍മാരെ ഒതുക്കാന്‍ ശ്രമിക്കുന്നുമില്ല. പക്ഷേ ബ്ലോഗ് എഴുതുന്ന മിയ്ക്ക പ്രശസ്തരേയും പോലെ തന്നെ ഇവരില്‍ പലരും മറ്റുള്ളവരുടേത് വായിക്കാത്തതുകൊണ്ടോ എന്തോ കമന്റുകള്‍ ഇടുന്നതായി കാണുന്നില്ല. സര്‍വ്വശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്, സച്ചിദാനന്ദന്‍ , വിശാലമനസ്‌കന്‍ തുടങ്ങിയവര്‍ ഇതിനപവാദം. ഇനി എന്നാണാവോ വിശാലമനസ്‌ക്കനും ബെര്‍ളി തോമസിനും പോങ്ങുംമൂടനും മറ്റും ഫാന്‍സ് അസ്സോസിയേഷനുകള്‍ ഉണ്ടാകുക.? കൊച്ചുത്രേസ്യക്കൊച്ച് ഈ പ്രമാണിലിസ്റ്റിലേക്ക്  നടന്നു കയറി വനിതാ ബ്ലോഗര്‍മാര്‍ക്കഭിമാനമാകുന്ന ദിവസം അധികം വിദൂരത്തല്ല എന്ന് ആശിക്കുന്നു ഞാന്‍.

വനിതാ ബ്ലോഗര്‍മാരുടെ രചനകള്‍ ആദ്യം മുതലേ ശ്രദ്ധിച്ചിരുന്നു, ഒരേ തൂവല്‍പ്പക്ഷികള്‍ എന്തു പറയുന്നു എന്നറിയണമല്ലോ...പക്ഷേ അപ്പോള്‍ വേദനിപ്പിക്കുന്ന ഒരു സത്യം അറിഞ്ഞു. പല ബ്ലോഗിനിമാരും കുറച്ചുകഴിയുമ്പോള്‍ അരങ്ങൊഴിയുന്നു. 'ശല്യം കൂടാതെ ഇരുന്നെഴുതാന്‍ ഒരു മുറിയും സ്വന്തം ഇഷ്ടപ്രകാരം ചെലവാക്കാന്‍ പൈസയും (A room of one's own and five hundred pounds an year) ആണ് ഒരു എഴുത്തുകാരിക്ക് അവശ്യം വേണ്ട സൗകര്യങ്ങള്‍ ' എന്ന് വെര്‍ജീനിയ വൂള്‍ഫ് പറഞ്ഞു വച്ചത് വര്‍ഷങ്ങള്‍ക്കു മുന്‍പ്. ഇന്ന് അതു രണ്ടുമുള്ള വനിതകള്‍ കുറേയെങ്കിലുമുണ്ട്. കുടുംബം, ജോലി എന്നീ പണിമുടക്കാനാവാത്ത അവശ്യസേവനങ്ങള്‍ക്കൊപ്പം ബ്ലോഗിംഗിനും കൂടി സമയം തികയുന്നുണ്ടാവില്ല.

പണ്ടെന്നോ ശ്രീമതി. കെ.പി.സുധീരയാണെന്നു തോന്നുന്നു , പറഞ്ഞു 'എന്നും എഴുതാനായി ഞാന്‍ എന്റെ രാത്രികള്‍ പകലാക്കി '. എത്ര ശരി. ഒരു പെണ്ണിന് ഇത്തരം സര്‍ഗ്ഗാത്മകപ്രക്രിയകളിലേര്‍പ്പെടണമെങ്കില്‍ ആണിന്റെ മൂന്നിരട്ടിയെങ്കിലും അദ്ധ്വാനിക്കേണ്ടിയിരിക്കുന്നു. ആണ്‍കുട്ടികള്‍ കൂടി വീട്ടുജോലികള്‍ ചെയ്യുന്ന പുതുതലമുറക്കാരിലെ പെണ്‍കുട്ടികള്‍ ഇക്കാര്യത്തില്‍ കുറേക്കൂടി ഭാഗ്യവതികളാണ് എന്നതാണ് ഞാന്‍ കാണുന്ന വെള്ളിരേഖ.

വനിതാ ബ്ലോഗര്‍മാരില്‍ മിയ്ക്കവരും സമകാലികപ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ മടിക്കുന്നു എന്നും എനിക്ക് തോന്നുന്നുണ്ട്. മിയ്ക്കവരും കഥ, കവിത നൊസ്റ്റാള്‍ജിയ തുടങ്ങിയ സുരക്ഷിത ലാവണങ്ങള്‍ങ്ങപ്പുറം പോകാതിരിക്കാന്‍ പ്രത്യേകശ്രദ്ധ വയ്ക്കും പോലെ. പ്രതികരിക്കാന്‍ പുറപ്പെടുക എന്നാല്‍ വഴിയേ പോകുന്ന വയ്യാവേലി വലിച്ചു തലയില്‍ വയ്ക്കുക എന്നാണെന്നറിഞ്ഞ് തലവേദന ഒഴിവാക്കുകയാകാം. അതുമല്ല, പ്രതികരിച്ചിട്ട് യാതൊരു കാര്യവുമില്ല എന്നുള്ളപ്പോള്‍ സമയം മെനക്കെടുത്തണ്ട എന്നുമാവാം.

ബ്ലോഗുജീവിതത്തിലെ ചില അനുഭവങ്ങള്‍ കൂടി.

സ്ത്രീകളെ അപമാനിക്കും വണ്ണമുള്ള ശ്രീ. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഒരു പ്രസംഗക്ലിപ്പിംഗ് ഒരു രാത്രി കണ്ടു.....ആത്മാഭിമാനമുള്ള ഒരു വനിതയ്ക്കും സഹിക്കാനാവില്ലായിരുന്നു അത്. കൂടുതല്‍ ദേഷ്യം പ്രതികരിക്കാതെ അതു കേട്ടുകൊണ്ടിരുന്ന വനിതാരത്‌നങ്ങളോടായിരുന്നു. അന്ന് രാത്രി തന്നെ അതിനെതിരെ പ്രതിഷേധം എഴുതി സമകാലികചിന്തകളില്‍. പിറ്റേന്ന് രാവിലെ പതിവ് ബ്രേക്ക്ഫാസ്റ്റ് ടി.വി കാഴ്ച്ചയില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ട് ജീപ്പില്‍ കയറി പോകുന്നു....സ്വന്തം ബ്ലോഗിന്റെ പേര് (കരിനാക്ക്) നിങ്ങള്‍ക്കു നല്‍കുന്നു എന്ന് ശ്രദ്ധേയന്‍ ഇട്ട കമന്റ് ഇന്നും ഓര്‍ക്കുന്നു...

പിന്നെ ഒരു നാള്‍ വനിതാദിനപോസ്റ്റില്‍ സംവരണത്തിനുള്ളിലും സംവരണമോ എന്നെഴുതി. പിറ്റേന്നു രാവിലെ ഒരു ചാനല്‍കാരി ഇതേ വാചകം ഉരുവിടുന്നു. മറ്റൊരിക്കല്‍ വിഷുത്തലേന്ന് വൈലോപ്പിള്ളിയുടെ ഒരു കവിതാശകലം എഴുതി. കൃത്യമായി പിറ്റേന്നു രാവിലെ അതേ ചാനലില്‍ ആ കവിത ചൊല്ലി ആശംസിച്ചു ഒരു ആങ്കര്‍. തികച്ചും യാദൃശ്ചികം ! എങ്കിലും കൗതുകകരം.! ഒരു പോലെ ചിന്തിക്കുന്നവര്‍ വേറേയുമുണ്ട്.

ജാതി മത രാഷ്ട്രീയ ബ്ലോഗുകള്‍ ഇപ്പോള്‍ വായിക്കാറില്ല. ആദ്യം സംഗതി അറിയാതെയാണ് വായിച്ചത്. രാഷ്ട്രീയം പിന്നെയും സഹിക്കാം , പക്ഷേ ജാതി വിഷം ചീറ്റല്‍ അസഹ്യം. ചിലതിനോടൊക്കെ പ്രതികിരിക്കയും ചെയ്തു. അവിടേയുമുണ്ട് ധാരാളം ഫോളോവര്‍മാര്‍!

നമ്മള്‍ ബ്ലോഗ് എഴുതിയില്ലെങ്കിലും സൂര്യനുദിക്കും, പ്രതികരിച്ചാലും ഇല്ലെങ്കിലും ഈ നാട്ടില്‍ ഒന്നും സംഭവിക്കാനും പോകുന്നില്ല, പിന്നെന്തിനു ബ്ലോഗ് എഴുതണം എന്ന നിഷേധാത്മക ചിന്ത ചിലപ്പോഴൊക്കെ വല്ലാതെ അലട്ടിയപ്പോള്‍ സമകാലികചിന്തകളിലെ കുറേ പോസ്റ്റ് ഇല്ലാതാക്കി. മറ്റുള്ളവര്‍ അഭിപ്രായം രേഖപ്പെടുത്തിയാല്‍ പിന്നെ ബ്ലോഗ് പോസ്റ്റ് അവരുടേതു കൂടി ആയെന്നും അതിനാല്‍ അത് ഇല്ലാതാക്കുന്നത് ധാര്‍മ്മികമല്ലെന്നും അറിയാം, പക്ഷേ ചില സാഹചര്യങ്ങളില്‍ എന്റെ ബ്ലോഗ് എന്ന വീറ്റോ അധികാരം ഉപയോഗിക്കേണ്ടി വരുന്നു. എന്തു ചെയ്യാം.

വിശാലമനസ്‌ക്കന്റെ ഹിറ്റ്‌സിനെപ്പറ്റി ഡോ.ജയന്‍ എഴുതിയതു വായിച്ച് ഞാന്‍ പുളകം കൊണ്ടു. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഹിറ്റസ് ഉള്ളത് സഹബ്ലോഗറായ വിശാലമനസ്‌ക്കനായിരിക്കും എന്ന് അഭിമാനപൂര്‍വ്വം പൊങ്ങച്ചം പറഞ്ഞ് 'ഓ, അങ്ങനെയോ' എന്ന് പലരേക്കൊണ്ടും അതിശയിപ്പിച്ചു. കൊടകരപുരാണം രണ്ടാം എഡീഷന്‍ ഇറങ്ങിയെന്നും ബെര്‍ലിത്തരങ്ങള്‍ക്ക് സൂപ്പര്‍ താരങ്ങളേക്കാള്‍ അനുയായികള്‍ ഉണ്ടെന്നും പോങ്ങുംമൂടന്‍ എന്തെഴുതിയാലും ബ്ലോഗനയില്‍ വരുമെന്നും രാഹുല്‍ കടയ്ക്കലിന്റെ ബ്ലോഗില്‍ മമ്മൂട്ടി സാബ് കമന്റിട്ടുവെന്നും ബ്ലോഗരല്ലാത്ത സുഹൃത്തുക്കളോടും കുടുംബവൃത്തത്തിലും ആവേശപൂര്‍വ്വം പറഞ്ഞു. അങ്കിള്‍, ബ്ലോഗു വഴി അഴിമതിയ്‌ക്കെതിരെ പോരാടുന്ന കാര്യങ്ങളും വിസ്തരിച്ചു. ഇഞ്ചിപ്പെണ്ണ് - കേരള്‍സ്.കോം, ഉമേഷ് ,സൂരജ്-ഡോ.ഗോപാലകൃഷ്ണന്‍ തുടങ്ങിയ ബ്ലോഗു യുദ്ധങ്ങളെ പറ്റിയും സാമാന്യം നന്നായി ഞാന്‍ അവരുടെ ക്ഷമ പരീക്ഷിച്ചു.

അങ്ങനെ ബ്ലോഗിംഗ് ഒരു വെറും നിഷ്പ്രയോജന ജോലിയല്ല, (അണ്‍പ്രൊഡക്റ്റീവ് വര്‍ക്ക്) സമയം കളയലല്ല എന്നും മറ്റും ഞാന്‍ ആദ്യം എന്നേയും പിന്നെ എന്റെ വീട്ടുകാരേയും കൂട്ടുകാരേയും ബോദ്ധ്യപ്പെടുത്തുവാന്‍ ശ്രമിച്ചു. എന്തു ചെയ്താലും കാര്യവും കാരണവും തമ്മിലുള്ള പരസ്പര ബന്ധം (കോറിലേഷന്‍ ) കണ്ടെത്തിയില്ലെങ്കില്‍ വല്ലാത്തൊരു മനഃപ്രയാസമാണ്. കാര്യമുണ്ടെങ്കില്‍ കാരണവും ഉണ്ടായല്ലേ പറ്റൂ...

എന്തായാലും ബ്ലോഗ്, നിന്നെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്നു. ഇവിടെ എത്തുമ്പോഴൊക്കെ വേറൊരു ലോകത്തിലെത്തിപ്പെട്ടതു പോലെ. നിത്യജീവിതവിരസതയില്‍ നിന്നുള്ള ഈ മോചനവഴി എത്ര ആസ്വാദ്യകരം? സൈബര്‍സ്‌പേസില്‍ പറന്നു നടക്കുന്ന എന്റെ ബ്ലോഗുചങ്ങാതിമാരേ, നിങ്ങളെ കാണാതിരിക്കാനാവില്ല ഒരു ദിവസം പോലും. ബൂലോകമില്ലാതെ എനിക്കെന്തു ഭൂലോകം?

പേജസ് നിര്‍ത്തിയതുപോലെ ഒരു നാള്‍ ഈ സൗജന്യം ഗൂഗിള്‍ നിര്‍ത്തരുതേ എന്നു പ്രാര്‍ത്ഥിക്കുന്നു ഞാന്‍.