Thursday, June 11, 2015

ആര്‍ക്കു വോട്ടു കൊടുക്കണം?


ഇത്  ഒരു സാധാരണക്കാരിയുടെ രാഷ്ട്രീയസംശയങ്ങള്‍ എന്ന  കഴിഞ്ഞ പോസ്റ്റി‍ന്‍റെ തുടര്‍ച്ചയാണ്. 10.06.2015 ലെ കേരളകൌമുദിയില്‍ പ്രസിദ്ധീകരിച്ചത്.
 
നിയമസഭാ പൊതു തെരഞ്ഞെടുപ്പ് പടിക്കലെത്തിയിരിക്കുന്നു. ആർക്കു വോട്ടു ചെയ്യണം? അതോ ചെയ്യണ്ടേ? ധർമ്മസങ്കടത്തിൽ പെട്ടുഴലുന്നു എന്നെപ്പോലെ പലരും.

കുഞ്ഞുന്നാളിൽ “മണ്ണാനും മണ്ണാത്തിയും” എന്ന് ഒരു നൃത്തനാടകം കണ്ടിരുന്നു. പണ്ട് പണ്ട്, ശ്രീരാമചന്ദ്രന്റെ കാലത്ത് ഒരു മണ്ണാനും മണ്ണാത്തിയും കൂടി അവരുടെ വീട്ടിൽവച്ച് വഴക്കുകൂടുന്നതിനിടെ, സീതയെപ്പോലൊരു പതിതപത്‌നിയെ വാഴിക്കുന്ന ശ്രീരാമചന്ദ്രനെപ്പറ്റി മോശം പരാമർശം നടത്തുന്നു. പ്രജകൾ ഭരണം എങ്ങനെ വിലയിരുത്തുന്നു എന്ന് അറിയുന്നതിനു നിയോഗിച്ചിരുന്ന ഷാഡോ പോലീസ്, ഉടനേ തന്നെ രാജാവിനെ വിവരം അറിയിക്കുന്നു. ശേഷം കഥ പറയണ്ടല്ലോ. സർക്കാരും പാർട്ടികളും സാധാരണജനവികാരം അറിയാൻ ശ്രീരാമനെപ്പോലെ സ്വന്തം ചാരന്മാരെ നിയോഗിച്ചിരുന്നങ്കിൽ “'ജനം വിശ്വസിക്കില്ല” എന്ന് ജനത്തെപ്പറ്റി ഒരു ചുക്കുമറിയാതെ വായ്ത്താരി ഇടില്ലായിരുന്നു.

ഒരു കുറ്റവും ചെയ്യാത്ത ഭാര്യയെ വല്ലവരും പറഞ്ഞതുകേട്ട് ഉപേക്ഷിച്ച ശ്രീരാമനോട് നീരസം മാത്രമുണ്ടായിരുന്ന കാലത്ത് ഇക്കാര്യം വിശാലമായ മറ്റൊരു വീക്ഷണകോണിൽകൂടി  നോക്കിക്കാണുവാൻ സഹായിച്ചത് ശ്രീ.കെ.സുരേന്ദ്രന്റെ “സീതായനം” എന്ന നോവലത്രേ.

“പൈതൃകമായി എനിക്കു ലഭിച്ചതാണ് രാജ്യഭരണം. അതിന് ഒരാദർശരൂപം കൊടുക്കാൻവേണ്ടി മറ്റെല്ലാറ്റിനേയും ഞാൻ പിന്നിലേക്കു മാറ്റി... സംശയത്തിന്റെ നിഴൽ പതിച്ച മഹാറാണിയെ പൗരന്മാരുടെമേൽ ഞാൻ അടിച്ചേൽപ്പിക്കുന്നില്ല എന്നേയുള്ളു.....എന്നിലെ ഭർത്താവിനു സാഫല്യം ലഭിക്കാൻ കുറച്ചുസമയംകൂടി വേണം. രാജാവിന്റെ കർത്തവ്യം പൂർത്തിയായി വരുന്നതേയുള്ളു.” വാൽമീക്യാശ്രമത്തിൽ വേഷപ്രച്ഛന്നനായി എത്തിയ രാമൻ,  പല സന്ദർഭങ്ങളിലായി വാൽമീകിയോട് വെളിപ്പെടുത്തിയതാണിത്.

രാമൻ ഭീരുവെന്നു സൂചിപ്പിച്ച മണ്ഡോദരിക്ക് ശ്രീരാമൻ നൽകിയ മറുപടിയിൽ നിന്ന്-
“രാവണന് മറ്റുള്ളവർ എന്തു വിചാരിക്കും എന്നു നോക്കേണ്ട കാര്യമില്ല. എല്ലാവരുടേയും എല്ലാറ്റിന്റേയും അധിപതിയായിരുന്നു.....ജനങ്ങളെ കൂടെ കൊണ്ടുപോകുന്നതാണ് എന്റെ ആദർശം. അല്ലാതെ ഗോപുരാഗ്രത്തിലിരുന്ന് ജനങ്ങളെ നയിക്കുന്നതല്ല. വിശ്വാസത്തിന്റെയോ ധൈര്യത്തിന്റെയോ കൂടുതൽ കുറവല്ല, ഭരണരീതിയുടെ വ്യത്യാസമാണിത്.” ഇതായിരിക്കണം ഗാന്ധിജി ആഗ്രഹിച്ച രാമരാജ്യഭരണരീതി, അല്ലേ?

നെഹ്രുകാലത്തെ ഒരു പഴങ്കഥ അല്ലെങ്കിൽ ഒരു നേർക്കഥ കൂടി. പുസ്തകം താരിഖ് അലിയുടെ “നെഹ്രുമാരും ഗാന്ധിമാരും-ഒരു ഇൻഡ്യൻ വംശപരമ്പര” (The Nehrus and Gandhis-An Indian Dynasty-Tariq Ali). *"അഴിമതി വളരാൻ തുടങ്ങുന്ന ഒരു കാലഘട്ടമായിരുന്നു അത്. ഫിറോസ് ഒരു അഴിമതി അപവാദം തുറന്നുകാട്ടി, അത് പൊതു അന്വേഷണത്തിലേക്കും അവസാനം നെഹ്രുവിനു പ്രിയപ്പെട്ടവനായിരുന്ന ധനമന്ത്രി  റ്റി.റ്റി. കൃഷ്ണമാചാരിയുടെ രാജിയിലേക്കും നയിച്ചു.” ഇവിടെയോ? ഉമ്മൻചാണ്ടിക്കു പ്രിയപ്പെട്ടവനായ കെ.ബാബു “എന്നെ ആരും ഒരു ചുക്കും ചെയ്യില്ല,”  എന്ന് ചാനലുകളിലൂടെ പരസ്യമായി നമ്മെ വെല്ലുവിളിക്കുന്നു. മാണിക്കു ക്ലീൻചിറ്റ് നൽകുന്നു. സലിംരാജ് എന്നൊരു പോലീസ്, ഭയമേതുമില്ലാതെ പൊതുജനങ്ങളുടെ ഭൂമി ചുമ്മാ അങ്ങു തട്ടിയെടുക്കുന്നു. കലികാലം!

ശ്രീകൃഷ്ണാഗ്രഹപ്രകാരം ഭീഷ്മപിതാമഹൻ യുധിഷ്ഠിരാദികൾക്കു ധർമ്മവും രാജധർമ്മവും ഉപദേശിക്കുന്ന ഒരു ഭാഗമുണ്ട്-പുസ്തകം, ശ്രീ.എ.എസ്.പി അയ്യരുടെ “ശ്രീകൃഷ്ണൻ-മനുഷ്യകുലത്തിനു പ്രിയപ്പെട്ടവൻ”  (Sri Krishna- The Darling Of Humanity-A.S.P.Aiyyar) .ദുര്യോധനനെ തെറ്റിൽ നിന്നു പിന്തിരിപ്പിക്കാൻ ആവാത്തതിനെപ്പറ്റി ഭീഷ്മർ പറഞ്ഞപ്പോൾ കൃഷ്ണന്റെ മറുപടി മനുഷ്യജന്മത്തെപ്പറ്റിയുള്ള വലിയ ഒരു തത്വമായിരുന്നു.

*"മനുഷ്യന്റെ യഥാർത്ഥപ്രശ്‌നം ചുരുക്കിപ്പറഞ്ഞാൽ ഇതു തന്നെയാണ്. കാര്യങ്ങൾ എല്ലാം അറിയാം, പക്ഷേ അറിഞ്ഞിരുന്നാൽ മാത്രം പോരാ, തെറ്റു ചെയ്യാതിരിക്കാനും ശരി ചെയ്യാനും ഉള്ള ബുദ്ധിയും വിവേചനശക്തിയും കൂടി ഉണ്ടാകണം. ഹൃദയം തലച്ചോറിനേക്കാൾ പ്രാധാന്യമുള്ളതത്രേ. മസ്തിഷ്ക്കത്തിൽ വ്യക്തത കൈവരും മുമ്പ് ഹൃദയം പരിശുദ്ധമായിരിക്കണം.”

അപ്പോൾ അതാണ് കാര്യം. ഹൃദയശുദ്ധിയുള്ളവരെ വേണം നമ്മൾ തെരഞ്ഞെടുത്തു വിടേണ്ടത്. അവർ രാജ്യതാൽപര്യത്തിന് ഒരിക്കലും എതിരു നിൽക്കില്ല. അഴിമതി വിരുദ്ധ ദിനത്തിൽ പോലീസ് മേധാവി നമ്മളെ ഉപദേശിച്ചത് അഴിമതിക്കാരെ തെരഞ്ഞെടുത്തു വിടരുത് എന്നാണ്. പക്ഷേ ഉള്ള പാർട്ടികളിൽ നിന്ന്, അവർ നിർത്തുന്ന ആളുകളിൽ നിന്നല്ലേ പാവം ജനത്തിന് തെരഞ്ഞെടുക്കാനാവൂ?  തെരഞ്ഞെടുത്തു വിട്ടാലോ, അവിടെ കഴിഞ്ഞു ജനത്തിന്റെ അധികാരം.

ജനങ്ങളെ സ്വാധീനിക്കാനായി എന്തു ചെയ്യണമെന്ന് ചിലർ തെരഞ്ഞെടുപ്പിനു മുമ്പും, പ്രതികൂലഫലം വന്നുകഴിയുമ്പോൾ എന്തുകൊണ്ട് എന്ന് വിശകലനം ചെയ്യാനായി മറ്റു ചിലർ തെരഞ്ഞെടുപ്പിനു ശേഷവും കൂലങ്കഷമായി ആലോചനായോഗം നടത്തുന്നു. ഈ ജനം എന്നു പറയുന്നവർ ഇത്ര ഭീകരരോ? അവരുടെ ന്യായമായ ആവശ്യങ്ങൾ-വിസ്തരഭയത്താൽ വർണ്ണിക്കുന്നില്ല-നിറവേറ്റുന്നത്, ജീവൽപ്രശ്‌നങ്ങൾ പരിഹരിക്കുന്നത് ആരായാലും അവരുടെ പെട്ടിയിൽ വോട്ടു താനേ നിറയില്ലേ? അതല്ലേ വോട്ടു നേടാനുള്ള നേർവഴി?

ഏതൊരു സ്ഥാപനത്തിലും ന്യായയുക്ത ഭരണം ഉറപ്പാക്കണമെങ്കിൽ തലപ്പത്ത് നിഷ്പക്ഷതയുള്ള ഒരു ഭരണാധികാരി ഉണ്ടാവണം എന്നു വായിച്ചത് സി.രാധാകൃഷ്ണന്റെ നോവലിലാണ്. “മുമ്പേ പറക്കുന്ന പക്ഷികൾ” എന്ന് ഓർമ്മ. അപ്പാടെ ശരി എന്നു ജീവിതാനുഭവങ്ങൾ നൂറുവട്ടം സാക്ഷ്യപ്പെടുത്തിയ ഒരു നിരീക്ഷണമാണ് ഇത്. സ്ഥാപനം കുടുംബമാവാം, സമൂഹമാവാം, സംസ്ഥാനമാവാം, രാജ്യവുമാകാം. അങ്ങനെ ഒരു ഭരണാധികാരിയെ സ്വപ്‌നം കാണുവാൻ നമുക്ക് അവകാശമില്ലേ?

നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രീയ വ്യവസ്ഥിതി പണക്കാരെയും കൊടുംകുറ്റവാളികളേയും അന്നാ ഹസാരെമാരെയും കേജരിവാൾമാരെയും അരാഷ്ട്രീയവാദികളേയും മാത്രമല്ല സൃഷ്ടിക്കുക, നന്മയുള്ള ഭരണത്തിനായി ദാഹിക്കുന്ന, അനന്തതയോളം കാത്തിരിക്കാൻ തയ്യാറല്ലാത്ത, ക്ഷമകുറഞ്ഞ, ചെറുപ്പക്കാരായ വിപ്ലവകാരികളെ കൂടിയായിരിക്കും. യുവത്വത്തെ കുരുതി കൊടുക്കണമോ? ജാഗ്രതൈ!

*മൊഴിമാറ്റങ്ങൾ ലേഖിക വക.


http://www.keralakaumudi.com/news/print/jun10/page6.pdf

1 comment:

  1. *"മനുഷ്യന്റെ യഥാർത്ഥപ്രശ്‌നം ചുരുക്കിപ്പറഞ്ഞാൽ ഇതു തന്നെയാണ്. കാര്യങ്ങൾ എല്ലാം അറിയാം, പക്ഷേ അറിഞ്ഞിരുന്നാൽ മാത്രം പോരാ, തെറ്റു ചെയ്യാതിരിക്കാനും ശരി ചെയ്യാനും ഉള്ള ബുദ്ധിയും വിവേചനശക്തിയും കൂടി ഉണ്ടാകണം. ഹൃദയം തലച്ചോറിനേക്കാൾ പ്രാധാന്യമുള്ളതത്രേ. മസ്തിഷ്ക്കത്തിൽ വ്യക്തത കൈവരും മുമ്പ് ഹൃദയം പരിശുദ്ധമായിരിക്കണം.”

    ReplyDelete