Saturday, February 21, 2009

ഇങ്ങിനി വരാത്ത അക്കാലം

ഒരു ചെറുകുന്നിൻ പുറത്തായിരുന്നു ഞങ്ങളുടെ വീട്‌.ചുറ്റോടുചുറ്റും വരാന്തയും ധാരാളം കതകുകളും ജനലുകളും ഉള്ള വീട്‌.ഞങ്ങൾ മക്കളെക്കുറിച്ച്‌ അഛനമ്മമാർ സ്വപ്നങ്ങൾ നെയ്ത വീട്‌.

വിശാലമായ മുറ്റവും താഴേക്കുള്ള പടിക്കെട്ടുകളുമായിരുന്നു ഞങ്ങളുടെ പ്രധാന കളിസ്ഥലങ്ങൾ.വീടിന്റെ വരാന്തയിൽ ഇരുന്നാൽ,ഗാംഭീര്യവും വന്യഭംഗിയുമെഴുന്ന, നീലക്കൊടുവേലി എന്ന നിഗൂഢത ഒളിപ്പിച്ചിരിക്കുന്ന ഇല്ലിക്കൽ കല്ലും അതിനെ താങ്ങി നിർത്തുന്ന വശ്യ മോഹിനിയായ ഇല്ലിക്കൽ മലയും കാണാം!ഏതു അരസികനേയും സൗന്ദര്യാരാധകനാക്കി മാറ്റുന്ന അത്ഭുത കാഴ്ച!ഞങ്ങൾ കുട്ടികൾക്കു അതു ഹിമാലയവും എവറസ്റ്റുമായിരുന്നു!

ഹോസ്റ്റലുകളിൽ നിന്നു ഞങ്ങൾ എന്നെല്ലാം ഒത്തുകൂടുന്നുവോ അന്നെല്ലാം വീട്ടിൽ ഓണവും വിഷുവും ആയിരുന്നു.പകൽ മുഴുവൻ വീട്ടിൽ ആൾത്തിരക്ക്‌.സന്ധ്യ മയങ്ങിയാൽ പിന്നെ ഞങ്ങൾ മാത്രം.മുറ്റത്തു അഛനുമമ്മക്കും കസേരകൾ ഇടും.ഞങ്ങൾക്ക്‌ മെത്തപ്പായ്‌. മിന്നാമിനുങ്ങുകളും നക്ഷത്രങ്ങളും ഞങ്ങൾക്കു കാവൽ.

"അഞ്ചു മക്കളും തള്ളയും" എന്നൊരു നക്ഷത്രക്കൂട്ടം കാണിച്ചു തന്നു അഛൻ പറയും,എണ്ണം കൂടിയെങ്കിലും അതു നമ്മളാണു മക്കളേ എന്ന്‌.സൂര്യനു താഴെയുള്ള എല്ലാ വിഷയങ്ങളും ചർച്ചിക്കും.സ്വാമി വിവേകാനന്ദൻ മുതൽ റോബെർട്ട്‌ ഫ്രൗസ്റ്റിന്റെ കവിത വരെ!

പാട്ടുകാരിയായ ചേച്ചിയുടെ ഗാനങ്ങൾക്കു ഓർക്കെസ്റ്റ്രയായി തോടൊഴുകുന്ന ശ്രുതിമധുര ശബ്ദം.അക്ഷരശ്ലോക മത്സരമായിരുന്നു ഒരു പ്രധാന ഇനം.അഛനും മക്കളും ഒരു വശത്ത്‌.മറുപക്ഷത്തു അമ്മ മാത്രം."ഇ" എന്ന അക്ഷരം വന്നാലുടൻ "ഇഷ്ടപ്രാണേശ്വരിയുടെ വിയോഗത്തിനാലും..." എന്നു തുടങ്ങുന്ന ശ്ലോകം അഛൻ ചെറുചിരിയോടെ ചൊല്ലാൻ തുടങ്ങും.അറിവു വെച്ചു തുടങ്ങിയ മൂത്തവരും അമ്മയും ചിരിക്കും.കാര്യമൊന്നും പിടികിട്ടിയില്ലെങ്കിലും ഞങ്ങൾ ഇളയവരും കൂടെ ചിരിക്കും!വള്ളത്തോളിന്റെ"ബന്ധനസ്ഥനായ അനിരുദ്ധൻ" മുതലായവ കാണാതെ അറിയാവുന്ന അമ്മയുടെ ഒറ്റയാൾ ടീം തന്നെയാണു എന്നും ജയിക്കുക!

കാലത്തിന്റെ അനിവാര്യതയെന്നോണം ഒരു നാൾ നിനച്ചിരിക്കാതെ ഒരു കൊടുങ്കാറ്റ്‌ വീശിയടിച്ചു.അതിനെ അതിജീവിക്കാനാവാതെ ആ വീട്‌ നിലം പൊത്തി!ഒരിക്കലും തകരില്ല എന്നു ഞങ്ങൾ ഉറച്ചു വിശ്വസിച്ച കരിങ്കൽഭിത്തികൾ വലിയ ശബ്ദത്തോടെ തകർന്നു വീണു!ചിതറിത്തെറിച്ച കരിങ്കൽച്ചീളുകൾ വന്നു തറച്ച്‌ ഞങ്ങളുടെ ഹൃദയങ്ങളിൽ നിന്ന്‌ ചുടുനിണമൊഴുകി!മനുഷ്യരുടെ പാപഭാരം തറച്ചു ചോര വാർന്നൊഴുകുന്ന ശ്രീയേശുവിന്റെ തിരുഹൃദയത്തിൽ നിന്നെന്നപോലെ!