Friday, December 05, 2008

മീനാക്ഷീ ചരിതം

മീനാക്ഷിയുടെ പുറകേ ഓടി അച്ഛമ്മ തളർന്നു.കുറുമ്പ്‌ നന്നേ കൂടുതലാണ്‌ മീനാക്ഷിക്ക്‌.അതൊന്നും പോരാതെ അച്ഛമ്മ ഗുരുവായൂർ കൊണ്ടുപോയി മഞ്ചാടിയും വാരിച്ചു.പോരേ പൂരം."അയ്യയ്യോ,ഞാൻ കാണിച്ച ഒരു പണിയേ..."അച്ഛമ്മ തന്നത്താൻ വിലപിക്കും.വൈകുന്നേരമാവുമ്പോൾ അമ്മ വരുന്നതും കാത്ത്‌ അച്ഛമ്മയുടെ തോളിലേറി മീനു ഗെയ്റ്റിലെത്തും.ഒരു വിരൽ കുടിക്കുന്നുമുണ്ടാവും.അച്ഛമ്മയുടെ പരിചയക്കാരി ചോദിച്ചു"മോൾടെ മോളാ?" "അല്ലല്ല,മോന്റെ മോളാ."അച്ഛമ്മ പറഞ്ഞു.പിന്നെയും അതേ ചോദ്യം,അതേ ഉത്തരം.നാലാമത്തെ ആൾ വന്നു നിന്നില്ല,വായിൽ നിന്നു കൈയെടുത്ത്‌,മീനു പറഞ്ഞു"മോന്റെ മോൾ"."എന്റെ കുറുമ്പിപ്പെണ്ണേ"...അച്ഛമ്മ പൊട്ടിച്ചിരിച്ചു..
***
രാവിലെ ആറര ആകുമ്പോഴേക്കും മീനാക്ഷി വരാന്തയിലെത്തും.നേരേ വലിയമ്മാമയുടെ മടിയിലിരിക്കും.ഇടയ്ക്കിടെ തല പൊക്കിവലിയമ്മാമയുടെ പത്രവായന ശ്രദ്ധിക്കും.പിന്നെ ഗൗരവത്തിൽ അമ്മാമക്കൊപ്പം വായന തന്നെ!(പ്രായം 2 വയസ്സാണേ!)വലിയമ്മാമ സ്ഥലത്തെ പ്രധാന ദിവ്യനാണ്‌.രാവിലേ വന്നു തുടങ്ങും ആൾക്കാർ.വലിയമ്മാമ അവരെ ഡീൽ ചെയ്യുന്നത്‌ മീനു സാകൂതം ശ്രദ്ധിക്കും.അമ്മാമ യാത്ര പോയൊരു ദിനം.പോയതറിയാതെ അന്നും വന്നു അതിരാവിലെ ഒരാൾ.അയാളോട്‌ നാളെ വരൂ എന്ന് അമ്മ വന്നു പറഞ്ഞു.കൊച്ചു മീനു വിട്ടില്ല.."ഇവിടെ വരുന്നവരിൽ ചിലരൊക്കെ എന്നോടും കാര്യങ്ങൾ പറയാറുണ്ട്‌.ഞാൻ അമ്മാമയോടു പറയാം...."നേതാവാകാൻ ജനിച്ചവൾ!
****
വലിയമ്മാമ മാനസസരസ്സിൽ പോകുന്നു.യാത്രയാക്കാൻ അച്ഛനും അമ്മയും മീനുവും അമ്മാമക്കൊപ്പം റെയിൽവേ സ്റ്റേഷനിലെത്തി.അമ്മാമയുടെ തോളിലിരുന്ന് മീനു ചോദിച്ചു,
"പോയിട്ടു വരുമ്പോൾ എനിക്കു സ്വർണ്ണഹംസം കൊണ്ടുവരുമോ?"
വലിയാമ്മാമ പോകുന്നത്‌ സ്വർണ്ണ ഹംസത്തിനെ കാണാനാണെന്ന് പറഞ്ഞുകൊടുത്തത്‌ അച്ഛനാണ്‌.കേട്ടിരുന്ന വലിയമ്മാമയുടെ ചങ്ങാതി ചോദിച്ചു
"ഇത്ര കൊച്ചു കുട്ടി ഇങ്ങനെ ചോദിക്കുമോ?"
"ഇവളോ,ഇവൾ ഇതല്ല,സൂര്യനു കീഴിലുള്ള എന്തും ചോദിക്കും."വലിയമ്മാമ മീനുവിന്റെ കവിളിൽ മുത്തി.
****
ഒരു ദിവസം അമ്മമ്മ വന്നു.മീനു ചാടി മടിയിലിരുന്നു.
"അമ്മമ്മേ,എന്റെ അമ്മ അമ്മമ്മയുടെ ആരാ?"അമ്മമ്മ വിശദമായി പറഞ്ഞുകൊടുത്തു. .പറഞ്ഞു തീർന്നതും മീനു പറഞ്ഞു
"അമ്മമ്മയുടെ മകൾ ഇന്നലെ എന്നെ തല്ലി.."
****
അമ്മമ്മയുടെ കൂടെ വിരുന്നു പോയി മീനു.വല്ലാത്ത ദാഹം."അമ്മമ്മേ,വെള്ളം വേണം"മീനു പറഞ്ഞു.വീട്ടുകാരി വെള്ളം കൊടുത്തു.
കുടിച്ചുകഴിഞ്ഞതും മീനു ചാടിയെണീറ്റു.ഗ്ലാസ്‌ നീട്ടിപ്പിടിച്ച്‌ പറഞ്ഞു .
"ഐ ആം എ വെള്ളം ഗേൾ!"കോംപ്ലാൻ പരസ്യക്കുട്ടിയുടെ അതേ രാഗത്തിൽ, ശൈലിയിൽ!

2 comments: