Saturday, December 06, 2008

കരയാന്‍ ഇഷ്ടമില്ലാത്തവര്‍ -ഒന്നാം ഭാഗം

ട്രെയിൻ എത്താൻ 7 മണിയാകും.ഇനിയും 2 മണിക്കൂർ.വായിച്ചു മടുത്തപ്പോൾ വെളിയിൽ നോക്കിയിരിക്കാമെന്നു വെച്ചു പ്രിയ.മനസ്സിനെ അതിന്റെ വഴിക്കു അലയാൻ വിട്ട്‌ വെറുതെ അങ്ങനെയിരിക്കുക,അതൊരു സുഖം തന്നെ!

ഒറ്റയ്ക്കുള്ള ഈ യാത്ര രാമുവിനു അത്രയൊന്നും ഇഷ്ടമായിരുന്നില്ല. മീനാക്ഷിയാണെങ്കിൽ നല്ലതുപോലെ പിടിച്ചു നോക്കി ഒപ്പം വരാൻ.അവർ രണ്ടാളും ഇല്ലാതെ യാത്ര പോയിട്ടു നാളേറെയയി.അതിനാൽ തന്നെ ചെറിയ പേടിയും ഇല്ലാതില്ല.

ഗൗരി നിർബന്ധപൂർവം എഴുതിയിരുന്നു തനിച്ചു വരണമെന്ന്‌. എന്‌താണവളുടെ ഉദ്ദേശ്യം എന്നറിയില്ല.ഏഴു കൊല്ലത്തിലധികമായി പരസ്പരം ബന്ധമില്ലാതായിട്ട്‌.മറുപടി അയക്കാതെ അജ്ഞാതവാസത്തിൽ കഴിഞ്ഞിട്ടും അവളോട്‌ തെല്ലും ദേഷ്യം തോന്നിയില്ല.അവളനുഭവിച്ച ദുരന്‌തങ്ങൾ അത്രയ്ക്കാണ്‌.

അവസാനം അവളെ കാണുമ്പോൾ മീനു 3 വയസ്സുള്ള കുട്ടിയായിരുന്നു.രാമുവും പ്രിയയും മീനുവും ഒരു ദിവസം അവിടെ ചെലവഴിക്കയും ചെയ്തു.ഗൗരിയും രവിയുമായുള്ള വിവാഹം കഴിഞ്ഞ്‌ ഒരു മാസമേ ആയിരുന്നുള്ളു അന്ന്‌.രണ്ടാം വിവാഹമായിരുന്നതിനാൽ അവൾ ഏറെ ആശങ്കപ്പെട്ടിരുന്നു.എന്നൽ വിവഹശേഷം നിറഞ്ഞ മനസ്സോടെ അവൾ എഴുതി,-

"ഇതെന്റെ രണ്ടാം ജന്മം,ഞാനിന്ന്‌ ഏറെ സന്‌തോഷവതിയാണ്‌".വളരെയൊക്കെ അനുഭവിച്ച അവൾക്കു ഇപ്പോഴെങ്കിലും സ്വസ്ഥത കിട്ടിയല്ലോ എന്നു സമാധാനിച്ചു.
അവരുടെ വീട്ടിൽ പോയ ദിവസം അവൾ മീനുവിനു വാങ്ങിക്കൊടുത്ത കളിപ്പാട്ടങ്ങൾ ഇപ്പൊഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്‌.പക്ഷേ,തിരിച്ച്‌ ഒരിക്കലും വാങ്ങിക്കൊടുക്കേണ്ടി വന്നില്ലല്ലോ.

അന്നു രാത്രി മീനുവിനെ ഉറക്കാനായി അവൾ"ട്വിൻകിൾ ട്വിൻകിൾ ലിറ്റിൽ സ്റ്റാർ..." ഈണത്തിൽ മധുരമായി പാടി.മീനുവിന്‌ അതു "ക്ഷ" പിടിച്ചു.ഉറങ്ങും വരെ പല പ്രാവശ്യം അവൾ അതു ഗൗരിയെക്കൊണ്ട്‌ പാടിച്ചു.

മീനു അങ്ങനെയാണ്‌,അഛൻ ഉറക്കാൻ കിടത്തിയാൽ അവൾക്ക്‌ അഛൻ കൊച്ചിലേ വളർത്തിയ കമലപ്പശുവിന്റേയും തത്തയുടേയും കഥ പല ആവർത്തി കേൾക്കണം."ചുവന്ന ചുണ്ട്‌,പച്ച ചിറക്‌.....എന്നിങ്ങനെ ആവർത്തിച്ചാവത്തിച്ച്‌,രാമു തളരും.

"ഇനി എന്നാൽ ഞാൻ പാടാം മോളേ" എന്ന്‌ ഗൗരിയെ രക്ഷിക്കാൻ പ്രിയ ശ്രമിച്ചപ്പോൾ മീനു കൊഞ്ചി.
"വേണ്ട,ആന്റി മതി".അവളെ ഇറുക്കിപ്പുണർന്ന്‌ ഒരു പാടു മുത്തം കൊടുത്തു ഗൗരി നിറകണ്ണുകളോടെ......

പിന്നീടും അതു പാടാൻ തുടങ്ങുമ്പോഴൊക്കെ മീനു തടയും."അത്‌ ആന്റി പാട്ട്‌,അമ്മ വേണ്ട...."

അന്ന്‌ അവധി കഴിഞ്ഞു തിരിച്ചു പോയി ഒരു മാസമാവും മുൻപ്‌ ആ നടുക്കുന്ന വാർത്തയറിഞ്ഞു...രവി ഒരു ബൈക്കപകടത്തിൽ പെട്ട്‌ അപമൃത്യു അടഞ്ഞു.

ഗൗരി വീണ്ടും തനിച്ചായി.ഉടനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.കുറച്ചു നാൾ കഴിഞ്ഞപ്പോൾ അയക്കുന്ന ഈമെയിലുകളെല്ലാം തിരികെ വരാനും തുടങ്ങി.അടുത്ത അവധിക്കു വന്നപ്പോൾ അറിഞ്ഞു,അവൾ ജോലി രാജി വെച്ചു,നാടു വിട്ടു പോയിയെന്ന്‌.ജീവിതത്തിരക്ക്‌ കൂടുതലന്വേഷിക്കാൻ ഇടം തന്നതുമില്ല.

പിന്നിടു അവളുടെ മെയിൽ വരുന്നതിപ്പൊഴാണ്‌.പ്രിയയുടെ മനസ്സ്‌ പതുക്കെ പതുക്കെ പിന്നോട്ടു നടന്നു.....

ഗൗരിയുടെ പാവത്തം പരിഹരിക്കാൻ പ്രിയ,പ്രിയയുടെ എടുത്തുചാട്ടം നിയന്ത്രിക്കാൻ ഗൗരി,അങ്ങനെ പരസ്പരപൂരകങ്ങളായി "ഗൗരീപ്രിയ"യായി ചെത്തി നടന്നിരുന്ന കാലം.

ആദ്യവർഷ കോളേജ്‌ ഡേ.പരിപാടി താമസിക്കുന്നതുകൊണ്ട്‌ നേരത്തേ ഇറങ്ങി.ചെന്നു പെട്ടതോ,ആടിയാടി നിൽക്കുന്ന അവസാന വർഷ വിദ്യാർഥി രാജൻ ചെറിയാന്റെ മുന്നിൽ.കോളേജ്‌ ഡേ നന്നായിത്തന്നെ ആഘോഷിച്ചിരുന്നു അദ്ദേഹം.

ഷർട്ടിന്റെ രണ്ടു പോക്കറ്റിലും ഓരോ സ്പടികഗ്ലാസ്സ്‌ വീതമുണ്ട്‌.ചുവന്നു തുടുത്ത കണ്ണുകൾ.രണ്ടാളും പകച്ചു പോയി.വിളറിവെളുത്ത ഗൗരി,പ്രിയയുടെ കയ്യിൽ ഇറുക്കിപ്പിടിച്ചു.ഉള്ളിലെ പേടി മറച്ചുവെച്ച്‌ ധൈര്യത്തിന്റെ മുഖംമൂടിയണിഞ്ഞു പ്രിയ.....
ഓർക്കാപ്പുറത്തു മുന്നോട്ടാഞ്ഞ്‌ ഗൗരിയുടെ അടുത്തേക്കു മുഖം കൊണ്ടുവന്ന്‌ യാതൊരു പ്രകോപനവുമില്ലാ രാജൻ ചീറി..

"ഓ,ഒരു ചുന്നരി വന്നിരിക്കുന്നു! ദാ,മര്യാദയ്ക്കൊക്കെ നടന്നോ,ഇല്ലെങ്കിൽ..ങാ...അവൾടെ ഒരു സ്റ്റയിൽ"....

"നോക്കൂ,നിങ്ങളാണു മിസ്റ്റർ മര്യാദ പഠിക്കേണ്ടത്‌,വഴിയിൽ നിന്നു മാറൂ.."ഗൗരിയെ പുറകോട്ടു വലിച്ചു മാറ്റി പ്രിയ പറഞ്ഞു പോയി.

"ഛീ,നീ ആരെടീ,ഈ ചുന്നരിയുടെ ബോർഡീഗാർഡോ?ആ,നീ പറഞ്ഞത്‌ നേരാടീ,ഓർമ്മ വച്ചോ,എനിക്കു മര്യാദയില്ല,സംസ്കാരമില്ല,സൂക്ഷിച്ചിരുന്നോ-കോളേജിൽ ചേർന്നപ്പോഴേ ഞനെന്റെ സംസ്കാരം,ദേ,ആ പ്ലാവിഞ്ചുവട്ടിൽ കുഴിച്ചീട്ടെടീ,ഇനി ഇവിടുന്നിറങ്ങുമ്പൊഴെ കുഴി തോണ്ടി എടുക്കത്തൊള്ളെടീ,അതുവരെ ഞാൻ ചട്ടമ്പിയാ,നീയൊക്കെ ഓർത്തോ..."

പോക്കറ്റിലെ ഗ്ലാസ്‌ എടുക്കാൻ ശ്രമിച്ച്‌ ആടിയാടി നിന്ന്‌ അയാൾ കോട്ടയം ഭാഷയിൽ പുലമ്പി.

"കുഴിച്ചിട്ടത്‌ എടുക്കാനായി അങ്ങു ചെല്ലുമ്പൊഴേ,ഒക്കെ തുരുമ്പെടുത്ത്‌ ദ്രവിച്ചിട്ടുണ്ടാകും."പ്രിയയും വിട്ടു കൊടുത്തില്ല.

തിരുവായ്ക്ക്‌ എതിർവാ കേട്ടിട്ടില്ലാത്ത രാജന്റെ ഒരു നിമിഷത്തെ അങ്കലാപ്പിൽ പ്രിയ ഗൗരിയെയും വലിച്ച്‌ ഓടി.

വലിയ പകവീട്ടൽ പ്രതിക്ഷിച്ച്‌ പേടിച്ചരണ്ടാണ്‌ പിന്നീട്‌ കോളേജിൽ വന്നത്‌.പക്ഷേ ഒന്നും സംഭവിച്ചില്ല.ആരും ആ സംഭവം അറിഞ്ഞില്ല.

അയാൾ ഇപ്പോൾ എവിടെയാണാവോ?എന്‌തുകൊണ്ടാണ്‌ പിന്നിട്‌ അയാൾ അതു പ്രശ്നമാക്കാത്തത്‌?ഒരിക്കലും അതിനു തൃപ്തികരമായ ഉത്തരം കിട്ടിയില്ല.ഒരു പക്ഷേ കള്ളിറങ്ങിയപ്പോൾ അയാൾ മറന്നു കാണുമോ?അതിനു സാധ്യതയില്ല.അയാൾ ഒരു ഇരുത്തം വന്ന കുടിയനായിരുന്നല്ലോ!

പഠനം പോലെ,ഭക്ഷണം പോലെ,വായനയും ഒഴിവാക്കാനൊക്കില്ലായിരുന്നു അന്നൊക്കെ.യൂണിവേർസിറ്റി, ബ്രിട്ടിഷ്‌ ലൈബ്രറികളിലെ സ്ഥിരം സന്ദർശകർ.ഇന്നിപ്പോൾ പത്രം പോലും നേരേ വായിക്കാറില്ലല്ലോയെന്ന്‌ പ്രിയ ലജ്ജിച്ചു.അവളും അങ്ങനെയായിരിക്കുമോ?

അഗതാ ക്രിസ്റ്റി,അലിസ്റ്റർ മക്‌ലീൻ,ആർതർ ഹെയ്‌ലി,ജയിൻ ഓസ്റ്റിൻ ഇവരൊക്കെ ഗൗരിയുടെ പ്രിയ എഴുത്തുകാർ.തികച്ചും സ്വാഭാവികം.കാരണം ഗൗരി പഠിച്ചത്‌ മലയാളം കുറച്ചിലായി കരുതിയിരുന്ന കോൺവെന്റിലാണല്ലോ.

ചെറിയ കുട്ടിയായിരിക്കുമ്പോഴേ ടാഗോറും,ആശപൂർണ്ണാദേവിയും ബിമൽ മിത്രയും ജയകാന്‌തനും തകഴിയും കേശവദേവും എം.ടി.യും മറ്റും വായിച്ചു പരിചയിച്ച പ്രിയയ്ക്ക്‌ ബംഗാളി റഷ്യൻ തമിഴ്‌ നോവലുകളുടെ പരിഭാഷയായിരുന്നു ഹരം.

സ്വന്‌തം നാടിനെക്കുറിച്ചറിയാതെ സായ്പ്പന്മാരെ തലയിലേറ്റി നടക്കുന്ന ഗൗരിയെ നിശിതമായി വിമർശിച്ചു പ്രിയ."ഓ,താൻ കിണറ്റിലെ തവള"യെന്ന്‌ പ്രിയയെ പരിഹസിക്കാൻ ഗൗരിയും മറന്നില്ല.

അടുത്ത ആഴ്ച്ച എടുത്ത പുസ്തകങ്ങൾ പരസ്പരം നോക്കിയപ്പോൾ രണ്ടാളും വിളറി.പിന്നെ പൊട്ടിച്ചിരി.ഇൻഡ്യാക്കാരുടെ വക്താവിന്റെ കയ്യിൽ ആർതർ ഹെയ്‌ലിയുടെ "ഓവർലോഡ്‌",വിശ്വസാഹിത്യകാരിയുടെ കയ്യിലോ,ബിമൽ മിത്രയുടെ "വിലക്കു വാങ്ങാം."

പഠനം പൂർത്തിയായി,രണ്ടു പേർക്കും ഒരേ സ്ഥലത്ത്‌ ജോലി.ഹോസ്റ്റലിൽ ഒരേ മുറിയിൽ താമസം.

ശമ്പളം കിട്ടിയതിനു ശേഷമുള്ള,ഷോപ്പിംഗ്‌.ടിക്കേറ്റ്ടുക്കാൻ ഗൗരി ബാഗ്‌ തുറന്നപ്പോൾ പ്രിയ ശ്രദ്ധിച്ചു,ശമ്പള കവർ അങ്ങനെ തന്നെ ബാഗിലിട്ടിരിക്കുന്നു.

"ഇങ്ങനെ കവർ മുഴുവനോടെ കൊണ്ടുനടന്ന്‌,അതോടെ നഷ്ടപ്പെട്ടു പോയാൽ താനെന്‌തു ചെയ്യും?"പ്രിയ പതിവു പോലെ കാരണവത്തി ചമഞ്ഞു.

"കാര്യമൊക്കെ ശരി,മനുഷ്യരല്ലേ,പോകുന്ന വഴിക്ക്‌ ഒരാവശ്യം വന്നൽ പൈസ വേണ്ടേ?"ഗൗരി ന്യായം നിരത്തി.

അടുത്ത ഷോപ്പിംഗ്‌ ദിവസം അവർ പരസ്പരം കണ്ടു,ഗൗരിയുടെ കയ്യിൽ ഷോപ്പിങ്ങിനു മാത്രം പൈസ,പ്രിയയുടെ കയ്യിൽ സാലറി കവർ അതു പടി.അന്നും ആദ്യം ചമ്മൽ,പിന്നെ നിറവിന്റെ പൊട്ടിച്ചിരി!ഗൗരീപ്രിയമാർക്കങ്ങനെയല്ലേ കഴിയൂ?

"ഇറങ്ങുന്നില്ലേ?" സഹയാത്രികയുടെ മര്യാദ പ്രിയയെ വർത്തമാനകാലത്തെത്തിച്ചു.

ഇറങ്ങുമ്പോഴേ കണ്ടു,ഗൗരി അറിയിച്ചിരുന്നതു പോലെ"പ്രിയ"എന്ന പ്ലാക്കാർഡുകാരനെ-വേണു.അടുത്തു ചെന്നു വിളിച്ചതും വേണു മുന്നിൽ നടന്നു കാറിനടുത്തേക്ക്‌.അതെ,എല്ലം ഗൗരി അറിയിച്ചിരുന്നതു പോലെ,നിറം,നമ്പർ...ഭയം കൊണ്ടാകാം,എല്ലം കാണാതെ ഓർമ്മിച്ചുവെച്ചത്‌
.
വിനീതവിധേയനായി വേണു കാറിന്റെ പിൻവാതിൽ തുറന്നുതന്നു.ആർട്ട്‌ സിനിമയിലെ നായകനെപ്പോലെ പെരുമാറ്റം,സംസാരം നന്നേ കുറവ്‌.ഒരു പക്ഷേ ഗൗരിയുടെ നിർദ്ദേശമാകാം.
ഉള്ളിൽ ഭയം കൂടി വന്നു.ഈശ്വരാ,പേടി എന്ന വാക്ക്‌ നിഘണ്ടുവിലില്ലാതിരുന്ന ആ പഴയ പ്രിയ എവിടെ?രാമുവിനെ വിളിക്കണോ?വേണ്ട.വെറുതേ പേടിപ്പിക്കേണ്ട,രണ്ടാലൊന്ന്‌ അറിയുക തന്നെ.

ഏതൊക്കെയോ ഉൾറോഡുകളിലൂടെ പാഞ്ഞ കാർ ഒരു കൂറ്റൻ ബംഗ്ലാവിനു മുന്നിലെത്തി നിന്നു.
ഈ മണി മാളികയിലോ ഗൗരി?
തുടരും.....ഭാഗം ൨ ലേക്ക്

3 comments:

  1. "...മനസ്സിനെ അതിന്റെ വഴിക്കു അലയാൻ വിട്ട്‌ വെറുതെ അങ്ങനെയിരിക്കുക,അതൊരു സുഖം തന്നെ!....."
    അതെ ഞാന്‍ "കരയാന്‍ ഇഷ്ടമില്ലാത്തവരെ"തേടി വന്നു ....
    തുടക്കം ഗംഭീരം....

    ReplyDelete
  2. കുറച്ചു വൈകിയാണെങ്കിലും വായിച്ചു തുടങ്ങി...

    ReplyDelete
  3. ഒന്നാം ഭാഗം വായിച്ചു, വേണുവിനെ കുറിച്ചുള്ള പ്രിയയുടെ ഭയം അകാരണമോ? ഗൌരിയെങ്ങ്നെ മണിഹർമ്യത്തിലെത്തി? കഥയുടെ ചുരുളഴിച്ചാലോ?
    ഉദ്വേഗജനകമായ രണ്ടാം ഭാഗം ഇപ്പോൾ വായിച്ചാൽ രാവിലത്തെ സവാരി മുടങ്ങും! അപ്പോൾ പിന്നെ!

    ReplyDelete