Showing posts with label നീണ്ട കഥ. Show all posts
Showing posts with label നീണ്ട കഥ. Show all posts

Saturday, December 06, 2008

കരയാന്‍ ഇഷ്ടമില്ലാത്തവര്‍ -അവസാനഭാഗം

രണ്ടുപേരും അൽപ്പനേരം മൗനം.പെട്ടെന്ന്‌ പ്രിയ വിളിച്ചു കൂവി...കുട്ടിയെപ്പോലെ...

"യുറേക്കാ...എനിക്കെല്ലാം മനസ്സിലായി ഗൗരീ...ഹീവാസ്‌ ഇൻ ലവ്‌ വിത്‌ യു.അതാണ്‌ അയാൾ അന്നു നമ്മളെ തടഞ്ഞതും പിന്നീട്‌ അത്‌ പ്രശ്നമാക്കാത്തതും.ഡസ്‌ ഹി ലവ്‌ യൂ നൗ?"

"എസ്‌,ഐ തിങ്ക്‌ സോ...ആന്റ്‌ ഹി പ്രൊപ്പോസ്ഡ്‌ റ്റു മി ഈവൻ,"വെറുതേ ഒന്നു ചോദിച്ചുവെങ്കിലും ഉത്തരം ഇത്രയ്ക്കങ്ങ്‌ പ്രതീക്ഷിച്ചില്ല പ്രിയ.

"വേഗം പറയ്‌,താൻ സമ്മതിച്ചില്ലേ,വേഗം,വേഗം..."പ്രിയയിലെ കൗമാരക്കാരി ഉണർന്നു.

"ഇല്ല"ഒറ്റയടിക്ക്‌ പറഞ്ഞു തീർത്തു ഗൗരി.

"അയ്യോ!"പ്രിയയുടെ ആവേശത്തീയിൽ ഐസ്‌വെള്ളം വീണു.ഇഷ്ടമുണ്ടെങ്കിൽ കാര്യം പറയട്ടെ എന്ന്‌ പ്രിയ മൗനം പാലിച്ചു,വാശി കൊണ്ടല്ല,നിരാശ കൊണ്ട്‌.

"പ്രിയാ,ഞാൻ ചൂടുവെള്ളത്തിൽ ചാടിയ പൂച്ച,അതും ഇരുവട്ടം.ഇനിയും പരീക്ഷണം വയ്യ.ദൈവം എനിക്കു കുടുംബം വിധിച്ചിട്ടില്ല."

ഗൗരി തികച്ചും നിസ്സംഗതയോടെയാണു പറഞ്ഞതെങ്കിലും കൂട്ടുകാരിയുടെ ഉള്ളം പൊള്ളിച്ച ചൂട്‌ പ്രിയയറിഞ്ഞു.

ഈ ദൈവം എന്‌താണിങ്ങനെ?ആശിക്കാത്തവർക്ക്‌ എല്ലാം വാരിക്കോരി നൽകും. കൊതിക്കുന്നവർക്കു നിഷേധിക്കും.ഇതോ കൃഷ്ണലീല?ദൈവമേ,എന്റെ കൂട്ടുകാരി പാവമാണ്‌,അവളെ നീ ഇനിയും പരീക്ഷിക്കരുതേ,അവളെ സഹായിക്കേണമേ....വാഴത്തപ്പെട്ട അൽഫോൻസാമ്മയുടെ കോൺവെന്റിലെ പഴയ സ്കൂൾകുട്ടിയായി മാറി പ്രിയ.

പുറത്തു രാത്രി തണുത്തു വന്നു.ഗൗരിയുടെ തോട്ടത്തിൽ നിശാഗന്ധി വിരിഞ്ഞു.ചുറ്റും നടക്കുന്നതൊന്നും അറിയാതെ ചിന്‌തകളിൽ മുങ്ങി അവർ രണ്ടു പേർ.

അപ്പോൾ ഗൗരിയുടെ പ്രശ്നം രാജനോടുള്ള ഇഷ്ടക്കുറവല്ല,ഭാവിയെക്കുറിച്ചുള്ള പേടിയാണ്‌.ആ പേടിക്കാണ്‌ പരിഹാരം ആവശ്യം,പ്രിയ വിലയിരുത്തി...

"ഗൗരീ,എനിക്കൊരൈഡിയ.നമുക്കൊരു നല്ല ജ്യോതിഷിയെക്കണ്ടാലോ?രണ്ടുപേരുടേയും ജാതകം നോക്കിയാലോ?അയാളുടെ അഭിപ്രായം കേൾക്കാം."

"എന്റെ പൊന്നു മോളേ,അതൊക്കെ എന്നേ ചെയ്തിരിക്കുന്നു.അമ്മ അയാളുടെ അമ്മയുടെ അടുത്തു പോയി.അവർ രണ്ടാളും കൂടി ജ്യോത്സ്യരെ കണ്ടു.വിവാഹം നടത്താമെന്ന്‌ ഉറപ്പും കിട്ടി.പക്ഷേ,ഇതിനു മുൻപും എല്ലാം നോക്കിയതല്ലേടോ?എന്നിട്ട്‌...."

"നോക്കൂ ഗൗരീ,തനിക്കൊരു കൂട്ടു വേണം.അയാൾക്കും.വർഷങ്ങളായി നിങ്ങൾക്കറിയുകയും ചെയ്യാം."പ്രിയ കെഞ്ചി.

"അയാൾ കഴിഞ്ഞയാഴ്ച്ച പോലും എന്നോട്‌ ചോദിച്ചതാണ്‌ പ്രിയാ...അമ്മ ധൃതി പിടിക്കു,വേറേതോ ഒന്നു വന്നിട്ടുണ്ടത്രേ...എനിക്കു ഒരു സുഹൃത്തു മാത്രമേ ആകാനാവൂ എന്ന്‌ ഞാൻ വീണ്ടും പറഞ്ഞു."

"നീ,അയാളുടെ നംബർ തരൂ,എനിക്കൊന്നു സംസാരിക്കണം.അല്ലെങ്കിൽ വേണ്ട,നാളെ രാവിലെ നമ്മൾ അയാളെ കാണാൻ പോകുന്നു,താൻ എതിരു നിൽക്കണ്ട.."അതോടെ പ്രിയ തീരുമാനമെടുത്തു,ആ വിഷയവും വിട്ടു.

പിന്നെ രാവേറെ ചെല്ലും വരെ കലം പുറകോട്ടടിച്ചു,അവർ....

രാവിലെ പ്രിയ ശ്രദ്ധിച്ചു,ഗൗരിയുടെ മുഖത്ത്‌ നല്ല തെളിച്ചം.പാവം...

മടിച്ചു മടിച്ചു ഗൗരി ചോദിച്ചു"നമുക്കൊന്ന്‌ കോവിലിൽ പോയാലോടോ?"

"വൈ നോട്ട്‌?ഐ ആം അറ്റ്‌ യുവർ സർവ്വീസ്‌ ഡിയർ"പ്രിയ സസന്‌തോഷം സമ്മതിച്ചു.

"കൃഷ്ണന്‌ എന്നെ വേണ്ടെങ്കിലും എനിക്ക്‌ കൃഷ്ണനെ വേണം.തനിക്കറിയ്യോ,ഞാൻ ചെന്നാലേ,കള്ളക്കണ്ണൻ എണീറ്റോടും.ഇത്രയധികം പരാതിഭാണ്ഡം ആരു കേൾക്കും?"

"ഗൗരീ,നിന്റെ ഈ സെൽഫ്‌പിറ്റി ഇത്തിരി കൂടുന്നു,"പ്രിയ ദേഷ്യം മറച്ചുവെച്ചില്ല.

തേവാരം കഴിഞ്ഞു,കാപ്പി കുടിച്ചു,പോകാനിറങ്ങുമ്പോഴേക്ക്‌ ഡോർബെൽ.

"ഞാൻ നോക്കാം,താനൊന്നിറങ്ങ്‌ വേഗം."പ്രിയ കതകു തുറന്നു.കണ്ടു മറന്ന മുഖം...തേടിയ വള്ളി കാലിൽ ചുറ്റിയോ?

"ഇതാര്‌,നമ്മുടെ പഴയ കാന്‌താരിയോ?പ്ലസന്റ്‌ സർപ്രൈസ്‌!..പേടിക്കേണ്ട കേട്ടോ,കുഴിച്ചിട്ടതൊക്കെ വലിയ തുരുമ്പില്ലാതെ തിരിച്ചെടുത്തിട്ടുണ്ട്‌."

"ഐ ആം സോറി..."പ്രിയ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

"തമാശ പറഞ്ഞതല്ലേടോ?ആ..തന്നെ കണ്ടതു നന്നായി..ഇനിയിപ്പോൾ നേരിട്ടു ക്ഷണിക്കാമല്ലോ.എന്റെ കല്യാണമാണ്‌,അടുത്ത മാസം,താൻ സകുടുംബം വരണം."

ഓർക്കാപ്പുറത്ത്‌ കിട്ടിയ ഷോക്ക്‌....അടിയേറ്റപോലെ നിന്നു പോയി പ്രിയ...

"ഇതെന്‌താടോ?ഒരു മര്യാദയില്ലാതെ.പെൺകുട്ടി എവിടെനിന്ന്‌ എന്നു പോലും ചൊദിക്കാതെ...തനിക്കിപ്പോഴും എന്നെ പേടിയാണോ?"

"പെട്ടന്നു കണ്ടതിന്റെ ഷോക്കാണവൾക്ക്‌....കേൾക്കട്ടെ സന്‌തോഷവർത്തമാനം...എവിടെയണു കുട്ടി?പ്രിയാ,രാജനു കോഫി."

ഗൗരി വളരെ സ്വാഭാവികതയോടെ സന്ദർഭം നേരിട്ടു,ചിരിച്ചുകൊണ്ട്‌...

അടുക്കളയിൽ കോഫി പറഞ്ഞ്‌ മുറിയിലേക്കോടി പ്രിയ...നെഞ്ചു തകരുന്നു...എന്റെ ഗൗരീ....പ്രിയ തേങ്ങിപ്പോയി.

"ഇതാ വന്നു" എന്ന്‌ ഗൗരിയുടെ വിളിക്കു മറുപടിയായി കാപ്പി കൊടുത്തു പ്രിയ.

"ഇയാളുടെ ചുണയൊക്കെ എവിടെപ്പോയി?ആ,പിന്നെ വയസ്സൻ കല്യാണമല്ലേ,എന്‌തു ചോദിക്കാൻ എന്നാകും അല്ലേടോ?"

പലേടത്തും വിളിക്കാനുണ്ടെന്നു പറഞ്ഞ്‌ രാജൻ യാത്രയായി....പ്രിയ മുറിയിലേക്കോടി,സകല നിയന്ത്രണവും വിട്ട്‌ പൊട്ടിക്കരഞ്ഞു...ഏങ്ങലടിച്ച്‌,കൊച്ചുകുട്ടിയെപ്പോലെ...

"സാരമില്ല മോളേ,"ഗൗരി തലയിൽ തലോടി...അൽപ്പം കഴിഞ്ഞ്‌ എഴുന്നേറ്റു പോയി.

അരമണിക്കൂർ,ഗൗരി തിരിച്ചെത്തി.ശാന്‌തമായ മുഖം.പ്രിയയെ എഴുന്നേൽപ്പിച്ചു.

"താൻ ഒരു പാടു പ്രതീക്ഷിച്ചു പ്രിയാ...അതാണു പറ്റിയത്‌.ഞാൻ സന്‌തോഷിച്ചില്ല എന്നു പറയില്ല.പക്ഷേ അധികമില്ല.എപ്പോഴും മനസ്സ്‌ പറയും വേണ്ടാ എന്ന്‌.തനിക്കു ജീവിതത്തിൽ വലിയ കഷ്ടങ്ങളൊന്നും സഹിക്കേണ്ടി വന്നില്ലെടോ.അതാണ്‌ തനിക്കിത്രയും സങ്കടം."

"തന്നെ സമാധാനിപ്പിക്കേണ്ട ഞാൻ..."പ്രിയയ്ക്ക്‌ മുഴുവനാക്കാനായില്ല.

"താൻ സമാധാനിക്ക്‌...എം.ടി.യുടെ കഥയിലെ വാസുവിനെപ്പോലെയാണെടോ ഞാൻ... തീരുമാനമെടുത്തു വന്നപ്പൊഴേക്കും സരോജിനിക്കുട്ടിയുടെ ട്രെയിൻ പോയി...താനാലോചിക്ക്‌, ആ കല്യാണം നടന്ന്‌ അയാൾക്കു വല്ലതും സംഭവിച്ചെങ്കിൽ..പിന്നെ എനിക്ക്‌ ആത്മഹത്യയിൽ അഭയം തേടേണ്ടി വന്നേനെ,"പ്രിയയെ ആശ്വസിപ്പിക്കും മട്ടിൽ ഗൗരി സ്വയം സമാധാനിച്ചു.

"എന്റെ നിയോഗം ഒന്നു കൂടി വ്യക്തമായെടോ...ദൈവം എനിക്കു വിധിച്ചിരിക്കുന്നത്‌ നിരന്‌തര കർമ്മമാണ്‌...കുതിരയ്ക്ക്‌ നുകം വെച്ചപോലെ മുൻപോട്ടേക്കു മാത്രം നോക്കി...
തന്റെ മീനുക്കുട്ടി വലുതായി വരുമ്പോഴും ഞാനും എന്റെ കമ്പനിയുമുണ്ടാകും അവൾക്കു ജൊലി കൊടുക്കാൻ....ഇപ്പോഴത്തെ മലയാളം സീരിയലിനോ സിനിമയ്ക്കോ പറ്റിയ ഒരു കഥാപാത്രമായി ഞാൻ അങ്ങനെ ജീവിക്കാം...വേണ്ടപ്പെട്ടവർ അധികപ്പറ്റായ അനാഥ നായിക.പക്ഷേ,കണ്ണുനീരുണ്ടാവില്ല കേട്ടോ...."സ്വന്‌തം ഫലിതം ആസ്വദിച്ച്‌ ഗൗരി പൊട്ടിച്ചിരിച്ചു.

ഇരു കൈകളും ഗൗരിയുടെ രണ്ടു തോളിലും വെച്ച്‌ പ്രിയ പറഞ്ഞു,ആത്മാർത്ഥത തുളുമ്പുന്ന വക്കുകൾ....

"നോക്ക്‌, ഗൗരീ,എനിക്ക്‌ രാമുവുണ്ട്‌,മീനുവുണ്ട്‌,ശരിയാണ്‌.പക്ഷേ എന്നെക്കൊണ്ടു പ്രയോജനമുള്ളത്‌ വിരലിലെണ്ണാവുന്ന കുറച്ചു പേർക്കേ ഉള്ളു.എന്നാൽ,തന്നെ ആശ്രയിച്ചു കഴിയുന്നത്‌ ലക്ഷക്കണക്കിനാളുകളാണ്‌.നമ്മുടെ വികസ്വരരാജ്യം വികസിതമാക്കാൻ താൻ നേടുന്ന വിദേശ പണം വേണം.തന്റെ ഒരു നിമിഷത്തിന്‌ ലക്ഷങ്ങളുടെ വിലയുണ്ട്‌.

എത്രയോ പേർ ബിസിനസ്സ്‌ കരയ്ക്കടുപ്പിക്കാൻ കഴിയാതെ വലയുന്നു.താൻ തന്നെ പറഞ്ഞില്ലേ,തനിക്കു ജോലിക്കും ബിസിനസ്സിനും തടസ്സങ്ങൾ വരാറില്ല എന്ന്‌.അതു തന്നെയാണെടോ,തന്റെ ദൈവാനുഗ്രഹം.ഒരു കൊച്ചു കുടുംബത്തിൽ ഒതുങ്ങിത്തീരാനുള്ളയാളല്ല താൻ.താൻ രാജ്യത്തിന്റെ പൊതു സ്വത്താണ്‌.എന്നെപ്പോലെ ധാരാളം പേരുണ്ടാകും.പക്ഷേ തന്നേപ്പോലുള്ളവർ വല്ലപ്പോഴും മാത്രം നാടിനു കിട്ടുന്ന ഭാഗ്യമാണെടോ."

ഗൗരിയും അവസരത്തിനൊത്തുയർന്നു.കറയറ്റ സൗഹൃദം വാക്കുകളായി....

"പ്രിയാ,എനിക്കു തന്റെ കഴിവുകൾ വേണം,തന്റെ ആത്മാർത്ഥത വേണം,തന്റെ നല്ല സ്വപ്നങ്ങൾ വേണം.എന്റെ ആദ്യ സിവിൽ പ്രോജക്റ്റ്‌"ഗൗരീപ്രിയ കമ്മ്യുണിറ്റി ലിവിംഗ്‌ എപ്പാർട്ടുമെന്റ്‌സ്‌" ഉടനേ തുടങ്ങണം.മീനു വലുതായല്ലോ.ഇനി തന്റെ കുറച്ചു സമയം എനിക്കു വേണ്ടി,താൻ കണ്ട സ്വപ്നങ്ങൾക്കുവേണ്ടി ചെലവഴിക്കാം.....നിങ്ങൾ തിരിച്ചു പോകും മുൻപ്‌ ഞാനവിടെ വരും.രാമുവിനേയും മീനുവിനേയും കാണണം.തന്നെ കുറച്ചു നാൾ എനിക്കും കൂടി തരാൻ ആവശ്യപ്പെടണം....
താൻ പറഞ്ഞതുപോലെ നാടിനുവേണ്ടി ധാരാളം കാര്യങ്ങൾ ചെയ്യണം.സാധിക്കുമെടോ,എന്റെ മണിപവ്വറും തന്റെ കഴിവുകളും കൂടിയാകുമ്പോൾ..."

"വേണം,തീർച്ചയായും വേണം ഗൗരീ,ഞാൻ വരാം.."

"പ്രിയാ താനോർക്കുന്നോ തന്റെ അച്ഛനിഷ്ടമുള്ള ആ പഴയ പാട്ട്‌..."

"അണിയത്തു ജിന്ന നിന്നാൽ..."പ്രിയ ആവേശത്തോടെ ഗൗരിയുടെ കൂടെ ചേർന്നു പാടി...
"അമരത്തു ഗാന്ധി നിന്നാൽസുമധുരം സരോജിനി പാടിയും തന്നാൽ,അണയുവതെങ്ങു നമ്മൾ,തളരുവതെങ്ങു നമ്മൾ...."

സ്നേഹാലിംഗനത്തിലമർന്ന പ്രിയചങ്ങാതിമാരെ നോക്കി ഗൗരിയുടെ കള്ളക്കണ്ണൻ കണ്ണിറുക്കിയോ?

അവസാനിച്ചു

കരയാന്‍ ഇഷ്ടമില്ലാത്തവര്‍ -മു‌ന്നാം ഭാഗം

"താൻ വിചാരിക്കുമ്പോലെ അക്കാര്യങ്ങളൊന്നും എന്നെ ഇപ്പോൾ തീരെ വിഷമിപ്പിക്കുന്നില്ല.തിരുത്താനാകാത്ത കാര്യങ്ങളെക്കുറിച്ച്‌ പാഴാക്കാനുള്ളതല്ല ജീവിതമെന്ന്‌ ഞാൻ പഠിച്ചു." ഗൗരി തത്വജ്ഞാനിയായി.

കോഫി ആസ്വദിച്ച്‌ അവൾ തുടർന്നു...തികച്ചും നിർവ്വികാരമായി...മറ്റൊരാളുടെ കാര്യം പറയുന്ന ലാഘവത്തോടെ.....

"ഇറ്റ്‌ വാസ്‌ എ ക്ലീൻ കീയിസ്‌ ഓഫ്‌ ചീറ്റിംഗ്‌.ആദ്യമായി അയാൾ എന്നോട്‌ പറഞ്ഞതെന്‌തെന്നോ?....ഐ ആം ഇംപൊട്ടെന്റ്‌ എന്ന്‌!പിറ്റേ ദിവസം വീട്ടിൽ വിടാം,പക്ഷേ,ഇക്കാര്യം വെളിയിൽ വിടരുതെന്ന്‌ അപേക്ഷിച്ചു.ഏറെ നേരം ആലോചിച്ച്‌ ഞാൻ സമ്മതിച്ചു,ഒരു ഉപാധിയോടെ..."

ഗൗരി അൽപ്പസമയം മൗനിയായി.എന്റെ പാവം പാവം ഗൗരി..പ്രിയയുടെ മനസ്സു നൊന്‌തു,നെഞ്ചു പടപടാ മിടിച്ചു.

"പറഞ്ഞതു സത്യമെങ്കിൽ ഇനി ഒരിക്കലും മറ്റൊരു പെൺകുട്ടിയുടെ ജീവിതം തുലയ്ക്കരുത്‌....അയാൾ അതു സമ്മതിച്ചു.അങ്ങനെ പിറ്റേന്ന്‌ ഞാൻ തിരികെ വീട്ടിൽ.അധികം കഴിയാതെ വിവാഹമോചനം."

അമ്മയോടു മാത്രം കാര്യങ്ങൾ പറഞ്ഞു.അന്നും അമ്മ ശക്തി തന്നു.പക്ഷേ,രവിയുടെ മരണം.... അത്‌ അമ്മയ്ക്കും മകൾക്കും താങ്ങാനായില്ല.പിന്നെ സങ്കടപ്പെരുവഴികൾ ഏറെ താണ്ടി...

"എന്റെ ജോലി,ബിസിനസ്സ്‌,ഇതൊന്നിനും വലിയ ബുദ്ധിമുട്ടുകൾ വന്നിട്ടില്ലെടോ.പക്ഷേ,എന്റെ സ്വന്‌തം കുടുംബം എന്നത്‌ ദൈവത്തിന്റെ കണക്കുപുസ്തകത്തിൽ കുറിച്ചിട്ടില്ല എന്നെനിക്കു മനസ്സിലായി.ഞാൻ അതുമായി പൊരുത്തപ്പെട്ടു.ഇതെന്റെ നിയോഗം എന്നു ജോലിയിൽ മുഴുകി ജീവിച്ചു...പക്ഷേ ഇപ്പോൾ എനിക്കു മടുത്തു പ്രിയാ..ഈ കുപ്പായം ഇനി എനിക്കൂരിയെറിയണം,അതിനു നിന്റെ സഹായം വേണം."

പ്രിയ അന്‌തം വിട്ടു.ഈ വലിയ ബിസിനസ്സുകാരിയെ ഞാൻ എങ്ങനെ സഹായിക്കാൻ..."ഞാൻ എന്റെ ഷയറുകളെല്ലാം മീനുവിന്റെ പേരിലാക്കാം.അവൾ പ്രാപ്തയാവും വരെ താനും രാമുവും ഇതേറ്റെടുക്കണം..."

പ്രിയയ്ക്ക്‌ വീണ്ടും ദേഷ്യം പിടിക്കാനുള്ള ഊഴമായി.

"തനിക്കെന്‌താ,ബുദ്ധി കൂടി ഭ്രാന്‌തു പിടിച്ചോ ഗൗരീ?എന്‌തു മണ്ടത്തരമാ താനീ പറയുന്നത്‌?"

"ഓ,താൻ വലിയ അഭിമാനി... ഇതൊന്നും സമ്മതിക്കില്ല എന്നൂഹിച്ചു ഞാൻ.എന്നാലും...ആലോചിക്കാതെ പറഞ്ഞതല്ല പ്രിയാ,എനിക്കു മനസ്സ്‌ മടുത്തിരിക്കുന്നു."

കുടത്തിലടച്ച ധർമ്മസങ്കടങ്ങൾ ഒന്നൊന്നായി ഗൗരി വെളിയിലെടുത്തു.

"നമ്മുടെ കാലത്ത്‌ ലേഡീ എൻജിനീയർമാർക്ക്‌ ജോലി കിട്ടാൻ എത്ര പ്രയാസമായിരുന്നു.ആ സ്ഥിതി മാറി.ധാരാളം പെൺകുട്ടികൾക്കു കമ്പനിയിൽ ജോലി കൊടുത്തു.അവർ ഉയർന്ന ശമ്പളക്കാരായി.എന്റെ കമ്പനി രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയിൽ ഭാഗഭാക്കായി.ജീവകാരുണ്യപ്രവർത്തനങ്ങൾ പലതും നടത്തുന്നു.ആത്മസംതൃപ്തി തോന്നിയിരുന്നു,പക്ഷേ ഇപ്പോൾ...."

പാർക്കിൽ വെച്ച്‌ സ്ഥിരം കാണുമായിരുന്ന ഒരു മലയാളി കുടുംബം.അച്ഛൻ,അമ്മ 2 വയസ്സുകാരി മകൾ.പരിചയമായപ്പേ്പ്പാൾ അറിഞ്ഞു,അമ്മ രമ എൻജിനീയറാണ്‌.പക്ഷേ ജോലിക്കു പോകുന്നില്ല.വെറുതേ ചോദിച്ചു,പഠിച്ചതല്ലേ,ജോലിക്കു പോരുന്നോ എന്ന്‌.

അവർ സമ്മതിച്ചു.രമ ജോലിക്കുചേർന്നു.മിടുക്കിയായിരുന്നു അവൾ.കഠിനാധ്വാനി.പെട്ടെന്നു ജോലിയിൽ ഉയർച്ച നേടി.പക്ഷേ,പിന്നീട്‌ അവരുടെ ജീവിതം അപസ്വരം നിറഞ്ഞതായി.ജോലിയിലെ നേട്ടങ്ങൾ കുടുംബത്തിന്റെ കോട്ടങ്ങളായെന്ന്‌ ഭർത്താവിനു തോന്നി.ജോലി രാജി വയ്ക്കണമെന്നും വേണ്ടെന്നുമുള്ള തർക്കം മൂത്ത്‌ ഇപ്പോൾ കുടുംബകോടതി കയറുന്നു...

അവരെ ദ്രോഹിക്കയോ സഹായിക്കയോ ചെയ്തത്‌?ആ കുരുന്നു കുഞ്ഞിന്റെ മുഖം വീർപ്പുമുട്ടലാകുന്നു.

പ്രിയയ്ക്കതിനുത്തരം പറയാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല.

"താൻ നിശ്ചയമായും ആ കുടുംബത്തെ സഹായിക്ക തന്നെയാണു ചെയ്തത്‌.അവരുടെ കുടുംബം നിലനിർത്താൻ കഴിയാതെ പോയത്‌ അവരുടെ തെറ്റ്‌.സ്വന്‌തം മകളെപ്പറ്റി ഓർക്കേണ്ടത്‌ അവരാണ്‌.താനല്ല.പോട്ടെ,ഇനി വേറെന്‌താ?"

വിധിപ്രസ്താവം ഞൊടിയിടയിൽ കഴിഞ്ഞു,പന്‌ത്‌ വീണ്ടും ഗൗരിയുടെ കോർട്ടിലായി.

വിദേശപണംകൊണ്ടാണ്‌ നമ്മുടേതു പോലുള്ള കമ്പനികൾ വലുതായത്‌.പക്ഷേ,നമ്മുടെ കുട്ടികളിൽ പലരും പണത്തിനൊപ്പം അവരുടെ ജീവിതരീതി കൂടി അനുകരിക്കുന്നു.കൂണു പോലെ പബ്ബുകൾ,വെള്ളിയും ശനിയും രാത്രികളിൽ ആൺപെൺ ഭേദമില്ലാതെ കുടിച്ചു തിമിർക്കുന്നു.ഡേറ്റിംഗ്‌,കോഹാബിറ്റേഷൻ...

ഇതൊക്കെ മോഡേണിറ്റി എന്നു ധരിച്ചു വശായിരിക്കുന്നു കുട്ടികൾ.വിദേശികളുടെ നല്ല ഗുണങ്ങൾ എത്രയോ ഉണ്ട്‌.പക്ഷേ കുട്ടികൾ അനുകരിക്കുന്നത്‌ അതല്ല.ഇതിനൊന്നും തടയിടാൻ ആകുന്നില്ല.ഒരൊഴുക്കിൽ പെട്ട പോലെ.മനസ്സ്‌ ആകെ അസ്വസ്ഥമാകുന്നു.

"നോക്കൂ,ഗൗരീ,ഈ പ്രശ്നങ്ങൊളൊന്നും താനുണ്ടാക്കിയതല്ല.അച്ഛനമ്മമാരുടെ കടങ്ങളെല്ലാം വീട്ടി,വളരെ ചെറുപ്പത്തിൽ സ്വന്‌തമായി വീടും കാറും എല്ലാം സമ്പാദിക്കുന്ന എത്രയോ ഐ.റ്റി കുട്ടികളുണ്ടിവിടെ.റിയൽ എസ്റ്റേറ്റിലും മ്യുച്വൽ ഫണ്ടിലും ഷെയറിലും ഒക്കെ പണം നിക്ഷേപിക്കുന്ന അവരെക്കുറിച്ചോർക്കുക നമ്മൾ.അവരൊക്കെ തന്നോട്‌ കടപ്പെട്ടവരാണ്‌ ഗൗരീ.... ഐൻസ്റ്റീൻ ആറ്റംബോംബ്‌ കണ്ടുപിടിച്ചത്‌ ലോകം നശിപ്പിക്കാനല്ല,പക്ഷെ നടന്നതോ?തന്റെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളാണിതെല്ലാം.അതിനു താൻ ഉത്തരവാദിയല്ല."

പ്രിയ തുടർന്നു...."വന്നു കയറി തന്റെ കെട്ടും മട്ടും ഒക്കെ കണ്ടപ്പോൾ ഞാൻ വാസ്തവത്തിൽ ഭയന്നു,രണ്ടെണ്ണം വീശാം എന്നെന്നോടു പറയുമോ എന്ന്‌. ഭാഗ്യം,അതുണ്ടായില്ലല്ലോ..."
അന്‌തരീക്ഷത്തിനു ലാഘവം വരുത്തി രണ്ടാളും പൊട്ടിച്ചിരിച്ചു.

തമാശരൂപേണ പ്രിയ പറഞ്ഞു,"എന്‌തു ചെയ്യാൻ,എറിയാനറിയാവുന്നവന്റെ കയ്യിൽ ദൈവം കല്ലു കൊടുക്കില്ലല്ലോ.എന്റെ ഗൗരീ,തന്റത്ര പണമുണ്ടായിരുന്നെങ്കിൽ,ഞാൻ എന്‌തെല്ലാം ചെയ്യുമായിരുന്നെന്നോ?ഐ വുഡ്‌ ഹാവ്‌ ഡൺ മെനി തിംഗ്‌സ്‌ റ്റു മെയ്‌ക്‌ അവർ കേരള എ ബെറ്റർ പ്ലെയ്‌സ്‌ റ്റു ലീവ്‌."

"ഹൗ?കേൾക്കട്ടെ,പറയ്‌,"ഗൗരി പ്രിയയെ പ്രോത്സാഹിപ്പിച്ചു.ഉത്സാഹത്തോടെ പ്രിയ പറഞ്ഞു തുടങ്ങി....ഒരിക്കലും നടക്കാനിടയില്ലാത്ത പ്രിയയുടെ സുന്ദരസ്വപ്നങ്ങൾ....

അധികാരമോഹമില്ലാത്ത,പണക്കൊതിയില്ലാത്ത ഒരു സ്ത്രീ കൂട്ടായ്മ.അവർ സർക്കാരിനെ നന്നയി ഭരിക്കാൻ സഹായിക്കും.വിമർശനമല്ല അവരുടെ ലക്ഷ്യം.സഹായിക്കലാണ്‌.പല കാര്യങ്ങൾക്കായി സർക്കാർ ഓഫീസ്‌ കയറിയിറങ്ങേണ്ടി വരുന്നവർക്ക്‌,പ്രത്യേകിച്ച്‌ സ്ത്രീകൾക്ക്‌ ഒരത്താണി.

പിന്നെ നല്ല വണ്ണം പരിശീലനം ലഭിച്ച വീട്ടുസഹായികളുടെ ഏജൻസി.ജോലി നൽകുന്നവരേയും ലഭിക്കുന്നവരേയും ഒരു പോലെ തൃപ്തരാക്കുന്ന ചുമതലയുള്ള സ്ഥാപനം.നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നമാണത്‌.

പ്രായമായവർക്ക്‌ സമപ്രായക്കാരുമായി ഒന്നിച്ച്‌ സന്‌തോഷത്തോടെ കഴിയാനാവുന്ന സ്റ്റുഡിയോ കമ്മ്യൂണിറ്റി ലിവിംഗ്‌ എപ്പാർട്ട്‌മെന്റുകൾ,അതിന്റെ ലാഭമെടുത്ത്‌ പൈസയില്ലാത്തവരെ പാർപ്പിക്കൻ സ്ഥലം....

"പ്രിയ,യു മീൻ ജെറിയാട്രിക്‌ ഹോംസ്‌?വൃദ്ധസദനങ്ങൾ?ഇൻ ഫാക്റ്റ്‌,ഐ വാസ്‌ തിങ്കിംഗ്‌ ഓഫ്‌ ഇൻവെസ്റ്റിംഗ്‌ ഇൻ സിവിൾ കൺസ്റ്റ്രക്ഷൻ ഫീൽഡ്‌.ഇപ്പോൾ നല്ല കൺസ്ട്രക്ഷൻ ബൂമാണല്ലോ".ഗൗരിയിലെ ബിസിനസ്സുകാരി ഉണർന്നു.

"അതെ,പക്ഷേ ആ പേരു വേണ്ടെടോ.അതുകൊണ്ടാ ഞാൻ മനഃപൂർവം കമ്മ്യൂണിറ്റി ലിവിംഗ്‌ എന്നാക്കിയത്‌."

"തനിക്കു കൂട്ടുകാരില്ലേ ഗൗരീ?"പൊടുന്നനെ പ്രിയ ചോദിച്ചു.

"മിത്തുവിനു കൂട്ടുകാർ ഒരുപാടുണ്ട്‌,പക്ഷേ....പക്ഷേ....ഗൗരിക്കാരുമില്ലെടോ ഒന്നു ചായാൻ..."

"എസ്‌,സോ,ദേറ്റ്സ്‌ യുവർ റിയൽ പ്രോബ്ലം.ഇത്രയും നാൾ തനിക്ക്‌ അജ്ഞാതവാസം വിധിച്ചത്‌ താൻ തന്നെ.ഇനി അതു വേണ്ട.തനിക്ക്‌ ഞങ്ങളുണ്ടാകും.താൻ തന്നെ തുടർന്നു കമ്പനിയും നടത്തും."

"ആ,അതൊക്കെ പോട്ടെ,താൻ വിശദീകരിക്കാതെ വിട്ട ഒരു ലിങ്കുണ്ടല്ലോ.രാജൻ ചെറിയാൻ...കക്ഷി എവിടെ?ഇപ്പൊഴും അയാളുടെ പേരോർക്കുമ്പോൾ മുട്ടു വിറയ്ക്കുന്നു,അയാളുടെ ഭാര്യയെ താൻ കണ്ടോ?"

"അയാൾ ഇവിടെയുണ്ട്‌,അമ്മയ്ക്കൊപ്പം.അവിവാഹിതൻ."

"സ്റ്റിൽ അ ബാച്ചലർ?ബട്‌ വൈ?"പ്രിയയ്ക്ക്‌ ആകാംക്ഷയായി.

ധാരാളം പെണ്ണന്വേഷണം നടത്തിയത്രേ.ഒന്ന്‌ ഏതാണ്ട്‌ നിശ്ചയിക്കയും ചെയ്തു.പക്ഷേ,കള്ളുചാറയെന്നു പറഞ്ഞ്‌ അവസാനം തട്ടിപ്പോയി.

ആൾ ഒരു രസികനാണ്‌.കല്യാണം വരെ നല്ലവനായി ഇരുന്നിട്ട്‌ അതിനുശേഷം കള്ളുകുടി തുടങ്ങിയാൽ ഈ തന്‌തപ്പിടികളൊക്കെ എന്‌തോ ചെയ്യും എന്നാണയാളുടെ ചോദ്യം.അയാൾ എത്രയോ വർഷമായി ടീടോട്ടലറാണത്രേ.ഇപ്പോൾ അയാൾക്കു കല്യാണത്തിൽ വലിയ താത്‌പര്യമൊന്നുമില്ല.പക്ഷേ,അമ്മച്ചി സമ്മതിക്കുന്നില്ല.

"എനിക്ക്‌ അയാളോടു വളരെ കടപ്പാടുണ്ട്‌,ഹീ ഈസ്‌ നോട്ട്‌ ഒൺലി മൈ മെന്റർ,ബട്ട്‌,ഫ്രണ്ട്‌,ഫിലോസഫർ ആന്റ്‌ ഗൈഡ്‌," ഗൗരിയുടെ ശബ്ദം നേർത്തതായി.
തുടരും-ഭാഗം 4ലേക്ക്‌.....

കരയാന്‍ ഇഷ്ടമില്ലാത്തവര്‍ -ഭാഗം രണ്ട്

ആകെ ദുരൂഹത കൂടി വരുന്നു.
കാറിൽ നിന്നിറങ്ങിയതും കണ്ടു,ഒരു പച്ചപരിഷ്ക്കാരി ഓടി വരുന്നു.വിലയേറിയ രാവാട,മുഖത്ത്‌ ഒന്നാന്‌തരം മേക്കപ്പ്‌.അഴിച്ചു വെട്ടിയിട്ട മുടി.

മുഖത്തെ അമ്പരപ്പു കണ്ടിട്ടാവാം,"തനിക്കെന്നെ മനസ്സിലായില്ലേടോ?" എന്ന്‌ പ്രിയയുടെ കൈ കവർന്നു ഗൗരി.

"താൻ വല്ലാതെ മാറിപ്പോയിരിക്കുന്നു ഗൗരീ," പതിഞ്ഞ ശബ്ദത്തിൽ പ്രിയയുടെ അങ്കലാപ്പ്‌ പുറത്തു വന്നു.മുട്ടറ്റം വരെ നീണ്ട മുടിയുള്ള മലയാളത്തിന്റെ പ്രതിരൂപമായിരുന്ന ഗൗരിയോ ഇത്‌?

"തനിക്കു മാറ്റമില്ലെന്നാണോ കരുതിയത്‌?പക്ഷേ തന്നെ എവിടെ എങ്ങനെ കണ്ടാലും ഞാൻ തന്നെയറിയും."പ്രിയയെ കൈപിടിച്ച്‌ അകത്തേക്കാനയിച്ചു ഗൗരി.

രാമു,മീനു,അച്ഛൻ,അമ്മ എല്ലാവരുടെ കാര്യവും ഒറ്റ ശ്വാസത്തിൽ ഗൗരി ചോദിച്ചു.
"ഗൗരീ,ആന്റി എവിടെ?"ഗൗരിയുടെ കൊട്ടാരസദൃശമായ ബംഗ്ലാവ്‌,പച്ചപ്പരിഷ്കാരിയുടെ വേഷഭൂഷ,ഇതെല്ലാം ഉൾക്കൊള്ളാൻ ശ്രമിച്ച്‌ പ്രിയ പതിയെ ചോദിച്ചു.

ഒരു നിമിഷം വിളറി,പെട്ടെന്നു സാധാരണത്വം കൈവരിച്ചു ഗൗരി.

"താനിപ്പോൾ കാപ്പി കഴിച്ചു കുളിച്ചു ഫ്രഷാകൂ,പിന്നെ ഭക്ഷണവും കഴിച്ച്‌ നമ്മൾ വിശേഷങ്ങൾ കൈമാറുന്നു,എന്‌താ?"

ശരിയെന്നു തലയാട്ടി കാപ്പിക്കപ്പ്‌ ചുണ്ടോടടുപ്പിച്ചു പ്രിയ.എപ്പോഴും പുറകോട്ടുമാറി നിന്നിരുന്ന ഇവൾക്കെവിടുന്നു കിട്ടി,ഈ ആജ്ഞാശക്തി?ഒന്നിനേയും കൂസാതിരുന്ന പ്രിയയ്ക്ക്‌ ഈ ഭയം എവിടുന്നു വന്നു?കാലലീല!

വിലപിടിച്ച കട്ടിൽ,മേശ,അലങ്കാരവിളക്കുകൾ,എല്ലാം കൂടി ഒരു പഞ്ചനക്ഷത്രഹോട്ടലിൽ എത്തിപ്പെട്ടതുപോലെ.വിശാലമായി കുളിച്ചു വരുമ്പോഴും ഉള്ളിലെ പകപ്പ്‌ മാറിയില്ല.എവിടെ എത്തിപ്പെട്ടുവോ ആവോ എന്നൊരങ്കലാപ്പ്‌.അപ്പോഴൊക്കെ സ്വയം സമാധാനിച്ചു,ഇല്ല,ഇവളെന്റെ പ്രിയ ഗൗരി!

മൊബെയിൽ അടിച്ചപ്പോഴാണോർത്തത്‌,ഹൗ,രാമുവിനെ വിളിച്ചു പറയാൻ മറന്നു.എങ്ങനെ ഓർക്കാനാണ്‌,അത്ഭുതലോകത്തെത്തിയ ആലീസ്‌?സുഖമായെത്തിയെന്നും ഒട്ടും ആശങ്ക വേണ്ടെന്നും സമാധാനിപ്പിച്ചു.മീനു അമ്മൂമ്മക്കൊപ്പം ഉറക്കം പിടിച്ചത്രേ.

കുളിച്ചു വന്നപ്പൊൾ ആഹാരം റെടി.എല്ലാം പ്രിയയ്ക്കിഷ്ടപ്പെട്ട വിഭവങ്ങൾ.

ഭക്ഷണശേഷം ഐസ്ക്രീമുമായി കിടക്കമുറിക്ക്‌ പുറത്ത്‌ ബാൽക്കണിയിലെത്തി രണ്ടാളും.പുറത്ത്‌ നിലാവെളിച്ചത്തിൽ പൂന്‌തോട്ടം കണ്ട്‌,ഐസ്ക്രീം മധുരം നുണഞ്ഞ്‌ പ്രിയ ആകാംക്ഷാപൂവം ഗൗരിക്കു കാതോർത്തു.

"താനോർക്കുന്നില്ലേ,ഗോപാലൻ മാമനെ?"അമ്മയ്ക്കും ഗൗരിക്കും ഒരേയൊരു ബന്ധുവായിരുന്നു അദ്ദേഹം.

വളരെ ചുരുക്കത്തിൽ ഗൗരി സ്വന്‌തം കാര്യങ്ങൽ പറഞ്ഞു.ഗൗരി,രവിയുടെ മരണശേഷം ജോലി രാജിവെച്ച്‌ അമ്മാമന്റൊപ്പം മാംഗ്ലൂരിലെത്തി.

ആദ്യം കുറെ നാൾ സങ്കടക്കടലിൽ മുങ്ങിപ്പൊങ്ങി.അമ്മയുടെ ദുഃഖം,അനാരോഗ്യം,ഇതൊക്കെ ജീവിച്ചേ മതിയാകൂ എന്ന സത്യം ഓർമ്മിപ്പിച്ചു.അമ്മായിയുടെ മരണശേഷം ഏതാണ്ടൊരു സന്യാസജീവിതം നയിച്ചിരുന്ന അമ്മാമനെ അധികം ബുദ്ധിമുട്ടിക്കുന്നത്‌ ശരിയല്ലെന്നും തോന്നി.അപേക്ഷകൾ അയയ്ക്കുന്നതിനൊപ്പം അടുത്തൊരു ചെറിയ കമ്പനിയിൽ ജോലിക്ക്‌ കയറി.

ഒരിക്കൽ വഴിയിൽ വെച്ച്‌ തികച്ചും അപ്രതീക്ഷിതമായി ആ പഴയ കോളേജ്‌മേറ്റിനെ കണ്ടു,സാക്ഷാൽ രാജൻ ചെറിയാനെത്തന്നെ!

ഹൗ,ഇതെന്‌താ,സിനിമാക്കഥയോ?പ്രിയ അത്ഭുതം കൂറി.

അയാൾ തിരിച്ചറിഞ്ഞു,തൊട്ടടുത്ത റസ്റ്റോറന്റിൽ കാപ്പി കുടിക്കാൻ ക്ഷണിച്ചു.

ആ കാപ്പി കുടി അടുത്ത വഴിത്തിരിവായി.സോഫ്റ്റ്‌വെയർ രംഗത്ത്‌ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നു പറഞ്ഞ്‌ കംപ്യൂട്ടർ കോഴ്സിനു ചേരാൻ അയാളാണ്‌ പ്രേരിപ്പിച്ചത്‌.ഫീസും മറ്റും അയാൾ കടമായി നൽകി.

അങ്ങനെ സീ യിൽ സർട്ടിഫിക്കറ്റ്‌.പിന്നെ ബാംഗ്ലൂരിൽ ജോലി.അവിടന്നങ്ങോട്ട്‌ ഉദ്യോഗത്തിൽ ഉയർച്ച,സാമ്പത്തിക അഭിവൃദ്ധി.

ഒരു ട്രെയിനിംഗ്‌ വേളയിൽ പരിചയപ്പെട്ട മദാമ്മ ഗൗരിയിലെ സംരംഭകയെ തിരിച്ചറിഞ്ഞു,സ്വന്‌തം കമ്പനി തുടങ്ങാൻ പ്രോത്സാഹിപ്പിച്ചു.അപ്പോഴേക്കും നല്ല സുഹൃത്തായി മാറിയിരുന്ന രാജനും അതിനോടു യോജിച്ചു.എല്ലാ സഹായങ്ങളും ചെയ്തു.അങ്ങനെ"മീനാക്ഷി സൊഫ്റ്റെക്‌ സിസ്റ്റംസ്‌" ജനിച്ചു.

പ്രിയയ്ക്ക്‌ വിശ്വസിക്കാനേ കഴിയുന്നില്ല,ഈശ്വരാ,അപ്പോൾ ആ സോഫ്റ്റ്‌വെയർ ഭീമൻ,എന്റെ മകളുടെ പേരിലുള്ള ആ മൾട്ടിനാഷനൽ കമ്പനിയുടെ ഉടമയോ ഇവൾ,എന്റെ ഗൗരി?ആരെങ്കിലും ഒന്നുറക്കെ സംസാരിച്ചാൽ പേടിക്കുമായിരുന്ന ആ സാധു പെൺകുട്ടി?ഈശ്വരാ,കാലലീല!

ഗൗരിയുടെ വേഷപ്പകർച്ചയുടെ രഹസ്യവും ഇപ്പൊൾ പിടികിട്ടി.ഐ.റ്റി കോറിഡോറിൽ ഒരു "ടിപ്പിക്കൽ മല്ലുവോ!"

"തനിക്കറിയാമല്ലോ എന്റെ അമ്മ അനുഭവിച്ച കഷ്ടങ്ങൾ.അമ്മയ്ക്ക്‌ രാജ്ഞിയെപ്പോലെ ജീവിക്കാനുള്ള സാഹചര്യങ്ങൾ കിട്ടി,പക്ഷേ,അതിലൊന്നിലും അമ്മയ്ക്ക്‌ താത്‌പര്യമുണ്ടായിരുന്നില്ല.ഞാൻ കുടുംബിനിയായിക്കഴിയുന്നതു കാണാനായിരുന്നിരിക്കണം അമ്മ ആഗ്രഹിച്ചത്‌.പക്ഷേ അമ്മയുടെ ആഗ്രഹം സാധിപ്പിക്കാൻ എനിക്കാവുമയിരുന്നില്ല.ചൂടുവെള്ളത്തിൽ ചാടിയ പൂച്ചയല്ലേടോ ഞാൻ?"

"അമ്മയുടെ ആഗ്രഹപ്രകാരം മൂകാംബികയിൽ ഒരു വീടു വാങ്ങി.അമ്മയും അമ്മാമനും അവിടെ കഴിയുന്നു.മാസത്തിലൊരിക്കൽ,അല്ലെങ്കിൽ അമ്മയോ,ഞാനോ പരസ്പരം കാണണമെന്നു ആഗ്രഹിക്കുമ്പോഴൊക്കെ ഞാനവിടെ പോകും."

പഴയ ഓർമ്മ പുതുക്കുന്ന ഒന്നും വേണ്ടെന്നു വെച്ചു,അതുകൊണ്ട്‌ പേരു പോലും മാറ്റി,'മൈത്രേയി"ആയി.പുതിയ കൂട്ടുകാർക്ക്‌ മിത്തു.

മൈത്രേയി!മീനക്ഷിപ്പൂവ്‌ വയറ്റിൽ വിരിയുന്നതിനും എത്രയോ മുൻപ്‌ അവൾക്കായി കണ്ടുവച്ചിരുന്ന പേരുകളിലൊന്ന്‌.

രാമുവിന്‌ അവൾ "രാദുഗ"യായിരുന്നു.മഴവില്ല്‌ എന്നർത്ഥം വരുന്ന റഷ്യൻ വാക്ക്‌.പ്രിയയ്ക്ക്‌ അവൾ ഗാർഗ്ഗിയോ,മൈത്രേയിയോ ആയിരുന്നു.ജനകരാജർഷിയുടെ സദസ്സിലെ വിദുഷികൾ.
അവസാനം പക്ഷേ എങ്ങനെയോ രാദുഗയും,ഗാർഗ്ഗിയും മൈത്രേയിയും മീനാക്ഷിക്കു വഴി മാറിക്കൊടുത്തു.ഇപ്പോഴിതാ,ഗൗരി മൈത്രേയിയായി പുനർജ്ജനിക്കൻ ശ്രമിക്കുന്നു!

പ്രിയ ജോലി ഉപേക്ഷിച്ചത്‌ ഗൗരിക്കു വിശ്വസിക്കാനായില്ല.കല്യാണവും പ്രസവവും കുടുംബവും മാത്രമല്ല സ്ത്രീജീവിതമെന്ന്‌ ഘോരഘോരം വാദിച്ച ഫയർ ബ്രാൻഡ്‌ പ്രിയയോ ഇത്‌?ജീൻസ്‌ ധരിച്ച്‌ നിരാഭരണയായി നടന്ന പ്രിയ ഇപ്പോൾ സിൽക്ക്‌സാരി ചുറ്റി അമ്മച്ചി ചമഞ്ഞിരിക്കുന്നു.

"അപ്പോൾ താൻ പ്രസംഗിച്ചതൊക്കെ സ്വന്‌തം കാര്യം വന്നപ്പോൾ മാറി അല്ലേ?രാഷ്ട്രീയക്കാരേക്കാൾ കഷ്ടമയല്ലോടോ താൻ"...ഗൗരിയുടെ ശബ്ദത്തിൽ പുച്ഛം കടന്നു വന്നുവോ?പ്രിയയുടെ ഭാവം മാറി,മുഖം വിളറി.

"അപ്പോൾ...,അപ്പോൾ സ്വന്‌തം പൊങ്ങച്ചം കാണിച്ച്‌ അപമാനിക്കനാണോ താൻ എന്നെ വിളിച്ചു വരുത്തിയത്‌?"...നീരസം വാക്കുകളായി പുറത്തു വന്നു.പൊള്ളിപ്പൊയ മട്ടിൽ ഇരിപ്പിടം വിട്ടെണീറ്റു.

ആരുടേയും നിർബന്ധത്തിനു വഴങ്ങിയല്ല ജോലി കളഞ്ഞത്‌...എങ്കിലും അത്‌ കടുത്ത്‌ നീറ്റലായിരുന്നു എന്നും.ഒന്നും ആലോചിക്കാതെ പറഞ്ഞതെങ്കിലും ഗൗരിയുടെ വാക്കുകൾ,അത്‌ ഉള്ളിലെ നൊമ്പരപ്പാടിൽത്തന്നെ കുത്തി.

പ്രിയചങ്ങാതിയെ വിളിച്ചുവരുത്തി മുറിവേൽപ്പിച്ച വകതിരിവുകേടിൽ ലജ്ജിച്ച്‌ ഗൗരി ചാടിയെണീറ്റു,പ്രിയയെ പിടിച്ചിരുത്തി,പെട്ടെന്ന്‌ നിലത്തിരുന്ന്‌ പ്രിയയുടെ മടിയിൽ മുഖം അമർത്തി തേങ്ങി....

"എന്റെ പ്രിയാ,തന്നോടോ എന്റെ പൊങ്ങച്ചം?ഭർത്താവും കുഞ്ഞുമായി സ്വർഗ്ഗത്തു ജീവിക്കുന്ന തന്നൊട്‌.തന്റെ മുൻപിൽ എനിക്കെന്‌തു പൊക്കം,ഞാൻ വെറും വട്ടപ്പൂജ്യം,ദൈവാനുഗ്രഹമില്ലാത്ത മഹപാപിയായ ഞാനെവിടെ,സ്വന്‌തം കുടുംബത്തിലെ സ്വർഗ്ഗത്തിൽ ജീവിക്കുന്ന താനെവിടെ..ക്ഷമിക്കൂ..."ഗൗരി വിതുമ്പി ആത്മനിന്ദയോടെ...

വൻ ബിസിനസ്സ്‌ മാഗ്നറ്റ്‌ ബലഹീനയായ സാധാരണ പെണ്ണായി...സങ്കടം വന്നാലുടൻ പൊട്ടിക്കരയുന്ന സാധാരണ പെണ്ണ്‌.തന്റെ കണ്ണീർ മറ്റുള്ളവർ കാണരുതെന്നു നിർബന്ധമേതുമില്ലാത്ത വെറുമൊരു സാധാരണ പെണ്ണ്‌!

കണ്ണുനീർ നിയന്ത്രിച്ച്‌ ഗൗരിയുടെ തലയിൽ തലോടിക്കൊണ്ടിരുന്നുപ്രിയ.

"പെട്ടെന്നു ദേഷ്യം വന്നു പോയി ഗൗരീ...ക്ഷമിക്ക്‌....പ്ലീസ്‌.." പ്രിയ നിരുപാധികം കീഴടങ്ങി.

"തനിക്കു മറ്റൊരു മാറ്റം കൂടി വന്നല്ലോ പ്രിയാ,...പണ്ടു തനിക്കു ദെഷ്യം വന്നാൽ പിന്നെ ആംഗലേയമേ വരുമായിരുന്നുള്ളല്ലോ.ഇപ്പോൾ അങ്ങനെയല്ല അല്ലേ?"?ഗൗരി പെട്ടന്നു സമചിത്തത വീണ്ടെടുത്തു.കോർപ്പറേറ്റ്‌ മാനേജ്‌മന്റ്‌ ടെക്‌നിക്‌!

കാർമേഘങ്ങളകന്നു,അന്‌തരീക്ഷം തെളിഞ്ഞു,ചിരിയുടെ കിങ്ങിണിക്കിലുക്കം മുഴങ്ങി,പണ്ടേ പോലെ,കാലം മറന്ന്‌,അവസ്ഥ മറന്ന്‌....മീണ്ടും ഗൗരീപ്രിയൈ!

"ആന്റിക്കെങ്ങനെ തന്നെ വിട്ടുനിൽക്കാൻ കഴിയുന്നെടോ?എനിക്കു വിശ്വസിക്കാനാകുന്നില്ല."

"ട്രൂത്‌ ഈസ്‌ സ്റ്റ്രെയിൻജർ ദാൻ ഫിക്ഷൻ മൈ ഡിയർ...എന്റെ കുടുംബത്തകർച്ച അമ്മയെ തളർത്തിക്കാണും.എന്നെ വീട്ടുകാര്യങ്ങളിലേക്കൊന്നും വലിച്ചിഴയ്ക്കാതെ ജോലിയിൽ മുഴുകാൻ അവസരം തന്നു.എല്ലാം അമ്മ ചെയ്തു.

പിന്നീട്‌ വളരെ ശ്രദ്ധാപൂർവ്വം അമ്മ ജോലിക്കാരെ തെരഞ്ഞെടുത്തു,ഒരു പക്ഷേ,ഞാൻ കമ്പനിയിൽ ജോലിക്കാരെ തെരഞ്ഞെടുക്കുന്നതിലും അവധാനതയോടെ...രണ്ട്‌ ജോലിക്കാർ,ഡ്രൈവർ..എല്ലം അമ്മയുടെ സെലക്ഷൻ.അവർക്ക്‌ ഒന്നാംതരം ട്രെയിനിംഗ്‌...."

കുറച്ചു നേരം മൗനം,പിന്നെ വീണ്ടും തുടർന്നു....

"എല്ലാം സ്റ്റെബിലൈസ്‌ ചെയ്തുവെന്ന്‌ അമ്മയ്ക്ക്‌ ബോദ്ധ്യപ്പെട്ടശേഷം അമ്മ ആ ആവശ്യം പറഞ്ഞു.മൂകാംബികയിൽ ബാക്കി കാലം.........

അന്നാണെനിക്ക്‌ അമ്മയുടെ ദൂരക്കാഴ്ചയും പ്ലാനിംഗും മനസ്സിലായത്‌.അമ്മയുടെ കഴിവുകൾക്കുമുന്നിൽ ഞാനൊന്നുമല്ല എന്ന സത്യവും.ആ മനസ്സിലെ വിരക്തി ഞാൻ തിരിച്ചറിഞ്ഞെടോ.അതുകൊണ്ട്‌ ഞാൻ എതിരു നിന്നില്ല.അങ്ങനെ എന്നെ സ്വതന്ത്രയാക്കി അമ്മ പോയി."

"അതോ ആന്റി സ്വതന്ത്രയായതോ?"പ്രിയ ഉറക്കെ ചിന്‌തിച്ചു.

"അതും ആവാം,അമ്മയ്ക്കും മടുത്തിട്ടുണ്ടാവാം.കുടുംബത്തിന്റെ കാണാച്ചങ്ങലകളിൽ നിന്നൊരു മോചനം.മനഃസമാധാനം കിട്ടുന്ന വഴിയല്ലേ സന്‌തോഷം?
കഴിഞ്ഞ പ്രാവശ്യം ചെന്നപ്പോൾ കണ്ടു,മലയാളം പഠിക്കാൻ ധാരാളം കുട്ടികൾ.അമ്മ ജീവിതത്തിന്റെ നിയോഗം കണ്ടെത്തിയ പോലെ.സൗപർണ്ണികയിൽ മുങ്ങി നിവരുമ്പോൾ കിട്ടുന്ന സന്‌തോഷം ഈ മാളികയിൽ അമ്മയ്ക്ക്‌ ഒരിക്കലും കിട്ടില്ലെടോ."

നാൽപ്പതു വയസ്സിൽ ഭർത്താവ്‌ മരിച്ചു.ഒരേയൊരു മകൾ കുടുംബമില്ലാതെ ജീവിക്കുന്നു.സ്വന്‌തം കുടുംബവൃത്തത്തിൽ സ്വപ്നങ്ങൾ നെയ്യുന്ന ഒരു സാധാരണ ഇൻഡ്യാക്കാരി ഇത്രയൊക്കെ പിടിച്ചു നിന്നില്ലേ?തീർച്ചയായും ഏത്‌ വിമൻസ്‌ ലിബ്ബ്‌കാരിയെക്കാളും ഉയരത്തിലാണ്‌ ആന്റി.പ്രിയയ്ക്ക്‌ ഗൗരിയുടെ അമ്മയോടുള്ള ബഹുമാനം വർദ്ധിച്ചു.

ഗൗരി എന്‌തിനാവാം ആദ്യ വിവാഹം വേണ്ടെന്നു വെച്ചത്‌?മനപ്പൂർവ്വം പണ്ടു ചോദിക്കാത്ത ചോദ്യം.ഇപ്പൊൾ ചോദിക്കണോ വേണ്ടയോ?

പ്രിയയുടെ ആശയക്കുഴപ്പം മുഖത്ത്‌ പ്രതിഫലിച്ചു കാണണം."താൻ വിഷമിക്കേണ്ട പ്രിയാ,തന്റെ സംശയം ഞാനിപ്പോൾ തീർത്തു തരാം.അതിനു മുൻപ്‌ ഒരു ബ്രൂ കോഫീ ബ്രേക്ക്‌!"അനായാസം ഗൗരി പ്രശ്നം കൈകാര്യം ചെയ്തു.

പറയാതെ തന്നെ തന്റെ മനോഗതം ഗൗരി അറിഞ്ഞല്ലോ.പരസ്പരം അറിയാൻ തങ്ങളുടെ ഇടയിൽ വാക്കുകൾ അധികപ്പറ്റായിരുന്നു പലപ്പോഴും.വർഷങ്ങളുടെ അകലം മനസ്സുകളെ ഒട്ടും അകറ്റിയില്ല.ആ തിരിച്ചറിവ്‌ പ്രിയയ്ക്ക്‌ ആശ്വാസമായി

തുടരും..... ഭാഗം 3 ലേക്ക്‌....

കരയാന്‍ ഇഷ്ടമില്ലാത്തവര്‍ -ഒന്നാം ഭാഗം

ട്രെയിൻ എത്താൻ 7 മണിയാകും.ഇനിയും 2 മണിക്കൂർ.വായിച്ചു മടുത്തപ്പോൾ വെളിയിൽ നോക്കിയിരിക്കാമെന്നു വെച്ചു പ്രിയ.മനസ്സിനെ അതിന്റെ വഴിക്കു അലയാൻ വിട്ട്‌ വെറുതെ അങ്ങനെയിരിക്കുക,അതൊരു സുഖം തന്നെ!

ഒറ്റയ്ക്കുള്ള ഈ യാത്ര രാമുവിനു അത്രയൊന്നും ഇഷ്ടമായിരുന്നില്ല. മീനാക്ഷിയാണെങ്കിൽ നല്ലതുപോലെ പിടിച്ചു നോക്കി ഒപ്പം വരാൻ.അവർ രണ്ടാളും ഇല്ലാതെ യാത്ര പോയിട്ടു നാളേറെയയി.അതിനാൽ തന്നെ ചെറിയ പേടിയും ഇല്ലാതില്ല.

ഗൗരി നിർബന്ധപൂർവം എഴുതിയിരുന്നു തനിച്ചു വരണമെന്ന്‌. എന്‌താണവളുടെ ഉദ്ദേശ്യം എന്നറിയില്ല.ഏഴു കൊല്ലത്തിലധികമായി പരസ്പരം ബന്ധമില്ലാതായിട്ട്‌.മറുപടി അയക്കാതെ അജ്ഞാതവാസത്തിൽ കഴിഞ്ഞിട്ടും അവളോട്‌ തെല്ലും ദേഷ്യം തോന്നിയില്ല.അവളനുഭവിച്ച ദുരന്‌തങ്ങൾ അത്രയ്ക്കാണ്‌.

അവസാനം അവളെ കാണുമ്പോൾ മീനു 3 വയസ്സുള്ള കുട്ടിയായിരുന്നു.രാമുവും പ്രിയയും മീനുവും ഒരു ദിവസം അവിടെ ചെലവഴിക്കയും ചെയ്തു.ഗൗരിയും രവിയുമായുള്ള വിവാഹം കഴിഞ്ഞ്‌ ഒരു മാസമേ ആയിരുന്നുള്ളു അന്ന്‌.രണ്ടാം വിവാഹമായിരുന്നതിനാൽ അവൾ ഏറെ ആശങ്കപ്പെട്ടിരുന്നു.എന്നൽ വിവഹശേഷം നിറഞ്ഞ മനസ്സോടെ അവൾ എഴുതി,-

"ഇതെന്റെ രണ്ടാം ജന്മം,ഞാനിന്ന്‌ ഏറെ സന്‌തോഷവതിയാണ്‌".വളരെയൊക്കെ അനുഭവിച്ച അവൾക്കു ഇപ്പോഴെങ്കിലും സ്വസ്ഥത കിട്ടിയല്ലോ എന്നു സമാധാനിച്ചു.
അവരുടെ വീട്ടിൽ പോയ ദിവസം അവൾ മീനുവിനു വാങ്ങിക്കൊടുത്ത കളിപ്പാട്ടങ്ങൾ ഇപ്പൊഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്‌.പക്ഷേ,തിരിച്ച്‌ ഒരിക്കലും വാങ്ങിക്കൊടുക്കേണ്ടി വന്നില്ലല്ലോ.

അന്നു രാത്രി മീനുവിനെ ഉറക്കാനായി അവൾ"ട്വിൻകിൾ ട്വിൻകിൾ ലിറ്റിൽ സ്റ്റാർ..." ഈണത്തിൽ മധുരമായി പാടി.മീനുവിന്‌ അതു "ക്ഷ" പിടിച്ചു.ഉറങ്ങും വരെ പല പ്രാവശ്യം അവൾ അതു ഗൗരിയെക്കൊണ്ട്‌ പാടിച്ചു.

മീനു അങ്ങനെയാണ്‌,അഛൻ ഉറക്കാൻ കിടത്തിയാൽ അവൾക്ക്‌ അഛൻ കൊച്ചിലേ വളർത്തിയ കമലപ്പശുവിന്റേയും തത്തയുടേയും കഥ പല ആവർത്തി കേൾക്കണം."ചുവന്ന ചുണ്ട്‌,പച്ച ചിറക്‌.....എന്നിങ്ങനെ ആവർത്തിച്ചാവത്തിച്ച്‌,രാമു തളരും.

"ഇനി എന്നാൽ ഞാൻ പാടാം മോളേ" എന്ന്‌ ഗൗരിയെ രക്ഷിക്കാൻ പ്രിയ ശ്രമിച്ചപ്പോൾ മീനു കൊഞ്ചി.
"വേണ്ട,ആന്റി മതി".അവളെ ഇറുക്കിപ്പുണർന്ന്‌ ഒരു പാടു മുത്തം കൊടുത്തു ഗൗരി നിറകണ്ണുകളോടെ......

പിന്നീടും അതു പാടാൻ തുടങ്ങുമ്പോഴൊക്കെ മീനു തടയും."അത്‌ ആന്റി പാട്ട്‌,അമ്മ വേണ്ട...."

അന്ന്‌ അവധി കഴിഞ്ഞു തിരിച്ചു പോയി ഒരു മാസമാവും മുൻപ്‌ ആ നടുക്കുന്ന വാർത്തയറിഞ്ഞു...രവി ഒരു ബൈക്കപകടത്തിൽ പെട്ട്‌ അപമൃത്യു അടഞ്ഞു.

ഗൗരി വീണ്ടും തനിച്ചായി.ഉടനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.കുറച്ചു നാൾ കഴിഞ്ഞപ്പോൾ അയക്കുന്ന ഈമെയിലുകളെല്ലാം തിരികെ വരാനും തുടങ്ങി.അടുത്ത അവധിക്കു വന്നപ്പോൾ അറിഞ്ഞു,അവൾ ജോലി രാജി വെച്ചു,നാടു വിട്ടു പോയിയെന്ന്‌.ജീവിതത്തിരക്ക്‌ കൂടുതലന്വേഷിക്കാൻ ഇടം തന്നതുമില്ല.

പിന്നിടു അവളുടെ മെയിൽ വരുന്നതിപ്പൊഴാണ്‌.പ്രിയയുടെ മനസ്സ്‌ പതുക്കെ പതുക്കെ പിന്നോട്ടു നടന്നു.....

ഗൗരിയുടെ പാവത്തം പരിഹരിക്കാൻ പ്രിയ,പ്രിയയുടെ എടുത്തുചാട്ടം നിയന്ത്രിക്കാൻ ഗൗരി,അങ്ങനെ പരസ്പരപൂരകങ്ങളായി "ഗൗരീപ്രിയ"യായി ചെത്തി നടന്നിരുന്ന കാലം.

ആദ്യവർഷ കോളേജ്‌ ഡേ.പരിപാടി താമസിക്കുന്നതുകൊണ്ട്‌ നേരത്തേ ഇറങ്ങി.ചെന്നു പെട്ടതോ,ആടിയാടി നിൽക്കുന്ന അവസാന വർഷ വിദ്യാർഥി രാജൻ ചെറിയാന്റെ മുന്നിൽ.കോളേജ്‌ ഡേ നന്നായിത്തന്നെ ആഘോഷിച്ചിരുന്നു അദ്ദേഹം.

ഷർട്ടിന്റെ രണ്ടു പോക്കറ്റിലും ഓരോ സ്പടികഗ്ലാസ്സ്‌ വീതമുണ്ട്‌.ചുവന്നു തുടുത്ത കണ്ണുകൾ.രണ്ടാളും പകച്ചു പോയി.വിളറിവെളുത്ത ഗൗരി,പ്രിയയുടെ കയ്യിൽ ഇറുക്കിപ്പിടിച്ചു.ഉള്ളിലെ പേടി മറച്ചുവെച്ച്‌ ധൈര്യത്തിന്റെ മുഖംമൂടിയണിഞ്ഞു പ്രിയ.....
ഓർക്കാപ്പുറത്തു മുന്നോട്ടാഞ്ഞ്‌ ഗൗരിയുടെ അടുത്തേക്കു മുഖം കൊണ്ടുവന്ന്‌ യാതൊരു പ്രകോപനവുമില്ലാ രാജൻ ചീറി..

"ഓ,ഒരു ചുന്നരി വന്നിരിക്കുന്നു! ദാ,മര്യാദയ്ക്കൊക്കെ നടന്നോ,ഇല്ലെങ്കിൽ..ങാ...അവൾടെ ഒരു സ്റ്റയിൽ"....

"നോക്കൂ,നിങ്ങളാണു മിസ്റ്റർ മര്യാദ പഠിക്കേണ്ടത്‌,വഴിയിൽ നിന്നു മാറൂ.."ഗൗരിയെ പുറകോട്ടു വലിച്ചു മാറ്റി പ്രിയ പറഞ്ഞു പോയി.

"ഛീ,നീ ആരെടീ,ഈ ചുന്നരിയുടെ ബോർഡീഗാർഡോ?ആ,നീ പറഞ്ഞത്‌ നേരാടീ,ഓർമ്മ വച്ചോ,എനിക്കു മര്യാദയില്ല,സംസ്കാരമില്ല,സൂക്ഷിച്ചിരുന്നോ-കോളേജിൽ ചേർന്നപ്പോഴേ ഞനെന്റെ സംസ്കാരം,ദേ,ആ പ്ലാവിഞ്ചുവട്ടിൽ കുഴിച്ചീട്ടെടീ,ഇനി ഇവിടുന്നിറങ്ങുമ്പൊഴെ കുഴി തോണ്ടി എടുക്കത്തൊള്ളെടീ,അതുവരെ ഞാൻ ചട്ടമ്പിയാ,നീയൊക്കെ ഓർത്തോ..."

പോക്കറ്റിലെ ഗ്ലാസ്‌ എടുക്കാൻ ശ്രമിച്ച്‌ ആടിയാടി നിന്ന്‌ അയാൾ കോട്ടയം ഭാഷയിൽ പുലമ്പി.

"കുഴിച്ചിട്ടത്‌ എടുക്കാനായി അങ്ങു ചെല്ലുമ്പൊഴേ,ഒക്കെ തുരുമ്പെടുത്ത്‌ ദ്രവിച്ചിട്ടുണ്ടാകും."പ്രിയയും വിട്ടു കൊടുത്തില്ല.

തിരുവായ്ക്ക്‌ എതിർവാ കേട്ടിട്ടില്ലാത്ത രാജന്റെ ഒരു നിമിഷത്തെ അങ്കലാപ്പിൽ പ്രിയ ഗൗരിയെയും വലിച്ച്‌ ഓടി.

വലിയ പകവീട്ടൽ പ്രതിക്ഷിച്ച്‌ പേടിച്ചരണ്ടാണ്‌ പിന്നീട്‌ കോളേജിൽ വന്നത്‌.പക്ഷേ ഒന്നും സംഭവിച്ചില്ല.ആരും ആ സംഭവം അറിഞ്ഞില്ല.

അയാൾ ഇപ്പോൾ എവിടെയാണാവോ?എന്‌തുകൊണ്ടാണ്‌ പിന്നിട്‌ അയാൾ അതു പ്രശ്നമാക്കാത്തത്‌?ഒരിക്കലും അതിനു തൃപ്തികരമായ ഉത്തരം കിട്ടിയില്ല.ഒരു പക്ഷേ കള്ളിറങ്ങിയപ്പോൾ അയാൾ മറന്നു കാണുമോ?അതിനു സാധ്യതയില്ല.അയാൾ ഒരു ഇരുത്തം വന്ന കുടിയനായിരുന്നല്ലോ!

പഠനം പോലെ,ഭക്ഷണം പോലെ,വായനയും ഒഴിവാക്കാനൊക്കില്ലായിരുന്നു അന്നൊക്കെ.യൂണിവേർസിറ്റി, ബ്രിട്ടിഷ്‌ ലൈബ്രറികളിലെ സ്ഥിരം സന്ദർശകർ.ഇന്നിപ്പോൾ പത്രം പോലും നേരേ വായിക്കാറില്ലല്ലോയെന്ന്‌ പ്രിയ ലജ്ജിച്ചു.അവളും അങ്ങനെയായിരിക്കുമോ?

അഗതാ ക്രിസ്റ്റി,അലിസ്റ്റർ മക്‌ലീൻ,ആർതർ ഹെയ്‌ലി,ജയിൻ ഓസ്റ്റിൻ ഇവരൊക്കെ ഗൗരിയുടെ പ്രിയ എഴുത്തുകാർ.തികച്ചും സ്വാഭാവികം.കാരണം ഗൗരി പഠിച്ചത്‌ മലയാളം കുറച്ചിലായി കരുതിയിരുന്ന കോൺവെന്റിലാണല്ലോ.

ചെറിയ കുട്ടിയായിരിക്കുമ്പോഴേ ടാഗോറും,ആശപൂർണ്ണാദേവിയും ബിമൽ മിത്രയും ജയകാന്‌തനും തകഴിയും കേശവദേവും എം.ടി.യും മറ്റും വായിച്ചു പരിചയിച്ച പ്രിയയ്ക്ക്‌ ബംഗാളി റഷ്യൻ തമിഴ്‌ നോവലുകളുടെ പരിഭാഷയായിരുന്നു ഹരം.

സ്വന്‌തം നാടിനെക്കുറിച്ചറിയാതെ സായ്പ്പന്മാരെ തലയിലേറ്റി നടക്കുന്ന ഗൗരിയെ നിശിതമായി വിമർശിച്ചു പ്രിയ."ഓ,താൻ കിണറ്റിലെ തവള"യെന്ന്‌ പ്രിയയെ പരിഹസിക്കാൻ ഗൗരിയും മറന്നില്ല.

അടുത്ത ആഴ്ച്ച എടുത്ത പുസ്തകങ്ങൾ പരസ്പരം നോക്കിയപ്പോൾ രണ്ടാളും വിളറി.പിന്നെ പൊട്ടിച്ചിരി.ഇൻഡ്യാക്കാരുടെ വക്താവിന്റെ കയ്യിൽ ആർതർ ഹെയ്‌ലിയുടെ "ഓവർലോഡ്‌",വിശ്വസാഹിത്യകാരിയുടെ കയ്യിലോ,ബിമൽ മിത്രയുടെ "വിലക്കു വാങ്ങാം."

പഠനം പൂർത്തിയായി,രണ്ടു പേർക്കും ഒരേ സ്ഥലത്ത്‌ ജോലി.ഹോസ്റ്റലിൽ ഒരേ മുറിയിൽ താമസം.

ശമ്പളം കിട്ടിയതിനു ശേഷമുള്ള,ഷോപ്പിംഗ്‌.ടിക്കേറ്റ്ടുക്കാൻ ഗൗരി ബാഗ്‌ തുറന്നപ്പോൾ പ്രിയ ശ്രദ്ധിച്ചു,ശമ്പള കവർ അങ്ങനെ തന്നെ ബാഗിലിട്ടിരിക്കുന്നു.

"ഇങ്ങനെ കവർ മുഴുവനോടെ കൊണ്ടുനടന്ന്‌,അതോടെ നഷ്ടപ്പെട്ടു പോയാൽ താനെന്‌തു ചെയ്യും?"പ്രിയ പതിവു പോലെ കാരണവത്തി ചമഞ്ഞു.

"കാര്യമൊക്കെ ശരി,മനുഷ്യരല്ലേ,പോകുന്ന വഴിക്ക്‌ ഒരാവശ്യം വന്നൽ പൈസ വേണ്ടേ?"ഗൗരി ന്യായം നിരത്തി.

അടുത്ത ഷോപ്പിംഗ്‌ ദിവസം അവർ പരസ്പരം കണ്ടു,ഗൗരിയുടെ കയ്യിൽ ഷോപ്പിങ്ങിനു മാത്രം പൈസ,പ്രിയയുടെ കയ്യിൽ സാലറി കവർ അതു പടി.അന്നും ആദ്യം ചമ്മൽ,പിന്നെ നിറവിന്റെ പൊട്ടിച്ചിരി!ഗൗരീപ്രിയമാർക്കങ്ങനെയല്ലേ കഴിയൂ?

"ഇറങ്ങുന്നില്ലേ?" സഹയാത്രികയുടെ മര്യാദ പ്രിയയെ വർത്തമാനകാലത്തെത്തിച്ചു.

ഇറങ്ങുമ്പോഴേ കണ്ടു,ഗൗരി അറിയിച്ചിരുന്നതു പോലെ"പ്രിയ"എന്ന പ്ലാക്കാർഡുകാരനെ-വേണു.അടുത്തു ചെന്നു വിളിച്ചതും വേണു മുന്നിൽ നടന്നു കാറിനടുത്തേക്ക്‌.അതെ,എല്ലം ഗൗരി അറിയിച്ചിരുന്നതു പോലെ,നിറം,നമ്പർ...ഭയം കൊണ്ടാകാം,എല്ലം കാണാതെ ഓർമ്മിച്ചുവെച്ചത്‌
.
വിനീതവിധേയനായി വേണു കാറിന്റെ പിൻവാതിൽ തുറന്നുതന്നു.ആർട്ട്‌ സിനിമയിലെ നായകനെപ്പോലെ പെരുമാറ്റം,സംസാരം നന്നേ കുറവ്‌.ഒരു പക്ഷേ ഗൗരിയുടെ നിർദ്ദേശമാകാം.
ഉള്ളിൽ ഭയം കൂടി വന്നു.ഈശ്വരാ,പേടി എന്ന വാക്ക്‌ നിഘണ്ടുവിലില്ലാതിരുന്ന ആ പഴയ പ്രിയ എവിടെ?രാമുവിനെ വിളിക്കണോ?വേണ്ട.വെറുതേ പേടിപ്പിക്കേണ്ട,രണ്ടാലൊന്ന്‌ അറിയുക തന്നെ.

ഏതൊക്കെയോ ഉൾറോഡുകളിലൂടെ പാഞ്ഞ കാർ ഒരു കൂറ്റൻ ബംഗ്ലാവിനു മുന്നിലെത്തി നിന്നു.
ഈ മണി മാളികയിലോ ഗൗരി?
തുടരും.....ഭാഗം ൨ ലേക്ക്