Tuesday, March 24, 2009

വിങ്ങി വിങ്ങിക്കരഞ്ഞു പോയമ്മ ,നമ്മള്‍ തന്നമ്മ ഭാരതം.....

(ഭഗത്‌ സിംഗ്‌ എന്നും ജ്വലിക്കുന്ന ഓര്‍മ്മയാണ,ആവേശമാണ്‌, ദേശസ്‌നേഹത്തിന്റെ പ്രതീകമാണ്‌.ഭഗത്‌ സിംഗിനെപ്പറ്റിയുള്ള ഒരു മനോഹര കവിത ഇവിടെ എഴുതുന്നു. കവി ആരെന്നോര്‍മ്മയില്ല,പി.ഭാസ്‌കരനാവാം.
വിരസതയാര്‍ന്ന പഴയസൃഷ്ടികള്‍ കണ്ടുമുഷിഞ്ഞതിനാല്‍ പുതുതായൊന്നു സൃഷ്ടിക്കാന്‍ ദേവി സ്രഷ്ടാവിനോടാവശ്യപ്പെടുന്നു. അതനുസരിച്ച്‌ സകലസുന്ദരമായതും ചേര്‍ത്ത്‌ ബ്രഹ്മാവ്‌ ഭഗത്‌ സിംഗെന്ന മോഹനസൃഷ്ടി രൂപപ്പെടുത്തിയെന്നു കവി പറയുന്നു.അവസാനം വന്ദേമാതരം ചൊല്ലാന്‍ വിസമ്മതിച്ച സായിപ്പിനെ വെടിവച്ചതിന്റെ പേരില്‍..................................

വിങ്ങി വിങ്ങിക്കരഞ്ഞു പോയമ്മ നമ്മള്‍ തന്നമ്മ ഭാരതം.....
ലോകമന്നൊരു നവ്യമോഹനശോകഗീതിക പാടുമ്പോള്‍
വിശ്വതാരകബ്രഹ്മനോടിദം വിശ്വനായികയോതിനാള്‍
"എത്രനാളായ്‌ ഞാനിത്രി ലോകത്തില്‍ പുത്തനായൊന്നു കാണ്മീല
പണ്ടു കണ്ട പഴയ പാവകള്‍ കണ്ടു കണ്ടു മുഷിഞ്ഞു ഞാന്‍
ജാതമാക്കട്ടെ ലോചനോത്സവം നൂതനമൊരു സാധനം"
ഓതിനാനപ്പോള്‍ ബ്രഹ്മദേവനും "ഓമനേ കണ്ടുകൊള്‍ക നീ "
"ഈ രസം നിരീക്ഷിക്കുകില്‍ പിന്നെ നീരസം നടിക്കില്ല നീ "

സുന്ദരമായ സൃഷ്ടിയൊക്കെയും ചെന്നെടുത്തു കടഞ്ഞവന്‍
സത്തെടുത്തതുകൊണ്ടു തീര്‍ത്തൊരു പുത്തനാം മര്‍ത്യവിഗ്രഹം
മോഹിനിയുടെ സോദരനായ മോഹനനിവന്‍ നിര്‍ണ്ണയം
ലോഭമില്ലാതെ സര്‍വ്വസല്‍ഗുണപ്രാഭവമവനേകിനാന്‍
അക്ഷമതയാല്‍ പാരവശ്യത്താല്‍ തല്‍ക്ഷണം ദേവി ചോദിച്ചാള്‍

"ഇത്ര സുന്ദരമായ സൃഷ്ടിയിന്നിത്രി ലോകത്തില്‍ കാണുമോ?

എന്തുപേരിവനെന്തു കല്‍പ്പിച്ചു,നിന്തിരുവടി മാനസേ,
എത്രനാളിവന്‍ വിശ്വജേതാവായ്‌ മര്‍ത്യലോകത്തു വാണീടും? "
വത്സരമിരുപത്തിമൂന്നര വത്സരമിവനൂഴിയില്‍
നിത്യദാരിദ്യനൃത്തരംഗത്തില്‍ നിര്‍ദ്ദയതന്‍ ചൂളയില്‍
വെന്തുനീറിക്കരിഞ്ഞുചാമ്പലായ്‌ തീരണമിവന്‍ നിര്‍ണ്ണയം
ദേശഭക്തനെന്നാണു നാമവും ദേവീ നീയറിഞ്ഞീടണം

സൃഷ്ടി പൂര്‍ത്തിയായ്‌ ജീവനും നല്‍കി വിഷ്ടപശില്‍പ്പി തുഷ്ടനായ്‌.
ഭൂവിതില്‍പരം വത്സരമൊരു പത്തിരുപത്‌ മാഞ്ഞുപോയ്‌
ദേശഭക്തനണഞ്ഞു ഭാരതദേശസേവനവേദിയില്‍.
അന്തിയായൊരു വാസരത്തിന്റെ സന്ധ്യാരാഗം തുടുക്കവേ
കയ്യിലേന്തിയ തോക്കുചൂണ്ടിയ ഭവ്യനോതുകയാണിദം

"ദേശവിദ്രോഹം ചെയ്‌തു പാര്‍ക്കും വൈദേശികാ നീചാ നില്‍ക്ക നീ
ഏറ്റുപാടുക വന്ദേമാതരമേറ്റവുമനുതപ്‌തനായ്‌.
തെല്ലുപോലും വിസമ്മതിക്കില്‍ നീയില്ലനന്തരമാത്രയില്‍. "
ചൊല്ലിനാവന്‍ പുച്ഛഭാവത്തില്‍ "ഇല്ലറികയില്ലെന്നെ നീ!"
നിന്റെ ഭാഗ്യവിധാനം ചെയ്യുന്നതെന്റെ കൈകളാണോര്‍ക്ക നീ
ഭാരതത്തിന്റെ ഭാവി സൂര്യനെ പാരതന്ത്ര്യത്തിന്‍ ചോരനെ
ആഴമേറിയ പാഴ്‌ക്കടലില്‍ ഞാനാഴ്‌ത്തിടാതെയടങ്ങുമോ?
ക്രീതദാസരിലേകനാണു നീ ഭൂതലത്തിനു നാഥന്‍ ഞാന്‍
പോരിനിന്നു ഞെളിഞ്ഞു വന്നിടാനാരു നീയറിഞ്ഞീല ഞാന്‍."

കേള്‍ക്കയായ്‌ പ്രതിവാക്യവൈഖരി തോക്കില്‍നിന്നുമരക്ഷണാല്‍
ചത്തുവീഴ്‌കയായ്‌ ദേശവിദ്രോഹി, ബദ്ധനായ്‌ ദേശഭക്തനും
തൂങ്ങിയാടുകയായി ഭക്തന്റെ തൂ നിലാവൊളിപ്പൂവുടല്‍
വിങ്ങി വിങ്ങിക്കരഞ്ഞുപോയമ്മ നമ്മള്‍ തന്നമ്മ ഭാരതം...
(അവസാനഭാഗം "വിങ്ങി വിങ്ങിക്കരഞ്ഞു പോയമ്മ " എന്നു ചൊല്ലുമ്പോള്‍ പണ്ടെന്നപോലെ ഇപ്പോഴും കരച്ചില്‍ വരും.
ഇപ്പോള്‍ ആ വളപ്പൊട്ടുകള്‍ തപ്പിയെടുക്കാന്‍ പ്രേരിപ്പിച്ചത്‌ ശ്രീഇടമണിന്റെ പോസ്‌റ്റാണ്‌.നന്ദി ശ്രീ! )