Friday, August 05, 2011

ഹേ കൃഷ്ണാ, നിനക്കും എനിക്കും തമ്മിലെന്ത്?


ഒന്നാം ഭാഗം

അതേ കൃഷ്ണമുരാരേ, ദ്വാപരയുഗത്തില്‍ ധര്‍മ്മസംസ്ഥാപനാര്‍ത്ഥം അവതാരമെടുത്ത അങ്ങേയ്ക്കും,മുജ്ജന്മ പാപങ്ങളാല്‍ കലിയുഗത്തില്‍ ജനിച്ചുപോയ എനിക്കും ഇടയില്‍ ഒട്ടുവളരെ സംഗതികളുണ്ട് പ്രഭോ. യുഗങ്ങളായി ഭാരതനാരികളുടെ ഹൃദയചോരനാകാന്‍ ഭാഗ്യം സിദ്ധിച്ചവനല്ലോ അങ്ങ്-ആ മുഖത്തു വിരിയുന്ന കള്ളച്ചിരി ഞാന്‍ കാണുന്നു മധുസൂദനാ. മുരളികയൂതുന്ന, നൃത്തമാടുന്ന വലിയ കലാകാരനായ അങ്ങയെ എന്നും ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു വേണുഗോപാലാ. പക്ഷേ ഞാന്‍ അവിടുത്തെ പേമികയല്ല, ഒരിക്കലും ആയിരുന്നിട്ടുമില്ല. പലരില്‍ ഒന്നായിട്ടിരിക്കുവാന്‍ താല്‍പ്പര്യമേതുമില്ല കമലാകാന്താ.

രാസലീലയ്ക്കും 16108 ഭാര്യമാര്‍ക്കും ഭാഗവതവും നാരയണീയവും ഉദ്ധരിച്ച് വിശദീകരണങ്ങള്‍ ചാനല്‍ ദ്വാരായും വായിച്ചും ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. 8 ഭാര്യമാര്‍ സത്വ-രജോ-തമോ ഗുണങ്ങളും മറ്റും മറ്റുമാണെന്ന് അങ്ങ് നാരദരോടു പറയുന്നുമുണ്ട്. അവിടുന്ന് ഇത്രയും ഭാര്യമാര്‍ക്കൊപ്പം  എങ്ങനെ കഴിയുന്നുവെന്നറിയാന്‍ ദ്വാരകയിലെത്തിയ നാരദര്‍ ഒരേ സമയത്ത് ഓരോ ഭാര്യയ്‌ക്കൊപ്പവും ഇരുന്ന അങ്ങയെ കണ്ട് ഞെട്ടിയല്ലോ. ഇതെല്ലാം മനസ്സിലാക്കിയെന്നാലും ചെറുതിലേ കേട്ടു ശീലിച്ചത് മനസ്സില്‍ പതിഞ്ഞുപോയി ഗോപികാരമണാ. സ്‌കൂള്‍കാലത്ത് അക്ബര്‍ ചക്രവര്‍ത്തി നടപ്പിലാക്കിയ സാമൂഹ്യ പരി ഷ്‌കാരങ്ങള്‍ ഏവ എന്ന ചോദ്യത്തിന്  ' ഹിന്ദു സ്ത്രീകളെ വേട്ടു ' എന്ന് കോറസ് ഉത്തരം പറഞ്ഞവരത്രേ ഞങ്ങള്‍.

രുഗ്മിണി, കാളിന്ദി, ശ്രുതകീര്‍ത്തി, ഹൈമവതി ,ഭദ്ര എന്നിവര്‍ അങ്ങയില്‍ അനുരക്തരായവര്‍. ഏഴു പവിത്രകാളകളെ മെരുക്കിയതിന്റെ പുരസ്‌കാരമായിരുന്നു കോസലരാജപുത്രിയായ നഗ്നജിത്ത്. സത്യഭാമയും ജാംബവതിയും യുദ്ധവിജയങ്ങളുടെ സ്മരണിക  ആയി നിനക്കു ലഭിച്ചവരല്ലോ. ഓരോ മത്സരം/യുദ്ധം ജയിക്കലിനും നിങ്ങള്‍ പുരുഷന്മാര്‍ക്ക് അക്കാലത്ത് ഉപഹാരമായി ലഭിച്ചിരുന്നത് ലാവണ്യവതികളായ കന്യകമാരെ ആയിരുന്നുവല്ലോ. അവരെല്ലാം സന്തുഷ്ടരായിരുന്നുവെന്ന് നിങ്ങള്‍ ആണുങ്ങള്‍ എഴുതിയ ഗ്രന്ഥങ്ങള്‍ പറയുന്നു. അങ്ങ് പ്രണയിച്ചത് വിവാഹിതയായ രാധയെ ആണ് എന്ന് ഒരു കൂട്ടുകാരി പറഞ്ഞു തന്നപ്പോള്‍ തെല്ലു നീരസവും തോന്നാതിരുന്നില്ല എനിക്ക്. അതു ശരിയോ തെറ്റോ എന്നൊന്നും ഞാന്‍ തിരക്കാന്‍ പോയിട്ടില്ല, കാരണം ഞാന്‍ അങ്ങയെ പ്രണയിച്ചിട്ടില്ലല്ലോ. വിശദീകരണങ്ങള്‍ക്കപ്പുറം അന്നത്തെ സാമൂഹ്യവ്യവസ്ഥ എന്നു ഞാനതെല്ലാം വിട്ടു കളയുന്നു പ്രഭോ. എന്തായാലും ശരി, കൃഷ്ണാ നീയെന്നെ അറിയുന്നില്ല എന്നു വിലപിക്കുന്ന രാധയാവാന്‍ കഴിയില്ലെനിക്ക്.

കുട്ടിക്കാലത്ത് രാധാകൃഷ്ണാ നൃത്തം ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് സുതാര്യമായ ആകര്‍ഷക നിറത്തിലുള്ള നൈലോണ്‍ സാരി തലയിലൂടെയിട്ട്  മുന്‍പില്‍ ബ്ലൗസില്‍ ഞൊറിഞ്ഞു കുത്തി വയ്ക്കുന്ന രാധയുടെ വേഷം.
 
ദൈവത്തിനും ഭക്തയക്കുമിടയ്ക്കുള്ള ബന്ധം ഇല്ല എന്നു ഞാന്‍ പറയില്ല. ഭക്തിമാര്‍ഗ്ഗ ബാലപാഠങ്ങള്‍ പ്രായേണ താമസിച്ച് അഭ്യസിച്ച എനിക്ക് ഗുരൂവായൂരമ്പലനടയില്‍ വന്ന് അവിടുത്തെ കണ്‍കുളിരെ കാണാന്‍ ആഗ്രഹമുണ്ട് കരുണാനിധേ. പക്ഷേ 'ഇനിയും വരൂ, ഇനിയും വരൂ ' എന്ന് അങ്ങയുടെ അനുചരവൃന്ദം തിരു നടയില്‍ നിന്ന് ഭക്തരെ ആട്ടിപ്പായിക്കുകയല്ലേ നാരായണാ. പിന്നെ എങ്ങിനെ അവിടുത്തെ ദര്‍ശനം കിട്ടും? അവരേയും കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ല, അത്രയല്ലേ തിരക്ക്? അല്ലെങ്കില്‍ പിന്നെ, കുറുക്കുവഴി തേടണം, കഷ്ടപ്പെട്ടു മണിക്കൂറുകള്‍ കാത്തു നില്‍ക്കുന്ന ഭക്തരെ ഹ്രസ്വ പരിവാഹം (ഷോര്‍ട്ട് സര്‍ക്യൂട്ട്-ഞാന്‍ ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയറാണ് പ്രഭോ.) ചെയ്ത് അവഹേളിക്കുന്നതു ശരിയല്ലല്ലോ, അവിടുത്തേയ്ക്കും  അത്  ഇഷ്ടമാകില്ലല്ലോ.

അകക്കാമ്പില്‍ സങ്കല്‍പ്പിക്കാനുളള കഴിവില്ലാത്തതു കൊണ്ട് പടങ്ങള്‍ കണ്ടാണ് അവിടുത്തെ രൂപം മനസ്സിലാക്കിയത് . മനുഷ്യരൂപത്തില്‍ അവിടുത്തെ ദര്‍ശനം കിട്ടാന്‍ ഞാന്‍ നന്ദനത്തിലെ ബാലാമണിയല്ലല്ലോ, എനിക്കു ബാലാമണിയുടെ നിസ്വാര്‍ത്ഥ, നിരുപാധിക ഭക്തിയുമില്ലല്ലോ. എന്നെങ്കിലും അങ്ങനെ ഒരു കറകളഞ്ഞ ഭക്ത ആകണമെന്ന് ആഗ്രഹമുണ്ട് മാധവാ. അവിടുത്തോടുള്ള  ഭക്തി നന്മ നിറഞ്ഞ ഒരു മനുഷ്യജന്മമാകുവാന്‍ എന്നെ സഹായിക്കുമെന്നു തന്നെ കരുതട്ടെ കരുണാവാരിധേ. ഞാന്‍ ഇച്ഛിക്കുന്നു, അവിടുന്നു കല്‍പ്പിക്കുമോ ഗോവിന്ദാ?

പ്രേമികയ്ക്കും ഭക്തയ്ക്കും അപ്പുറമാണ് എനിക്ക് അവിടുത്തോടുള്ള ബന്ധം. എന്റെ ചങ്ങാതി, ചിന്തകന്‍, വഴികാട്ടി. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങ ളിലെല്ലാം, ശരിയേത്, തെറ്റേത് എന്ന് ശങ്ക വന്നിട്ടുള്ളപ്പോഴെല്ലാം, അങ്ങയുടെ ധര്‍മ്മരക്ഷോപായം എനിക്കു വഴികാട്ടി ആയിട്ടുണ്ട് കേശവാ. മഹാഭാരതത്തിലെ നിന്റെ രംഗപ്രവേശം എനിക്കെന്നും ആവേശമായിരുന്നു. എന്റെ കാഴ്ച്ചപ്പാടില്‍ നിന്റെ തീരുമാനങ്ങള്‍ എല്ലായ്‌പ്പോഴും യുക്തിക്കും ബുദ്ധിക്കും നിരക്കുന്ന തായിരുന്നു. ആദര്‍ശക്കുപ്പായം ധരിച്ച് ആ പേരു നിലനിര്‍ത്താന്‍ വേണ്ടി നിഷ്‌ക്രിയരായിരിക്കുന്ന ചില നേതാക്കളുണ്ട് ഞങ്ങള്‍ക്ക്. പക്ഷേ,  ആദര്‍ശത്തിനു വേണ്ടിയുള്ള ആദര്‍ശമായിരുന്നില്ല നിനക്ക്, മറിച്ച് തെറ്റും ശരിയും നിര്‍ണ്ണയിച്ച് ശരി നടപ്പിലാക്കുക എന്ന പ്രായോഗികത ആയിരുന്നു നിന്റെ രീതി. നീയും നിന്റെ കഥകളും എന്നും എനിക്ക് പ്രചോദനമാണു മുരളീധരാ. എങ്ങനെ , എന്തുകൊണ്ട് എന്ന് കേട്ടാലും മുകുന്ദാ.

നവനീതകൃഷ്ണാ, കുഞ്ഞുന്നാളില്‍ നിന്നെപ്പോലെ തന്നെ അസാരം വെണ്ണക്കൊതിച്ചി ആയിരുന്നു ഞാനും . പില്‍ക്കാലത്ത്  കൊളസ്റ്റ്രോള്‍, ഹൃദയാഘാതം എന്നെല്ലാം ഭയന്ന്് പാല്‍ വെണ്ണ, നെയ്യ് തുടങ്ങിയ ദുശ്ശീലങ്ങളെല്ലാം പാടേ ഉപേക്ഷിച്ചു. എന്നിട്ടും നീ രോഗിയായില്ലേ എന്ന നിന്റെ ചിരി എനിക്കു കാണാം. ഹും, അതും നിന്റെ ലീല, ഞാന്‍ ആഗ്രഹിക്കുന്നതൊന്ന്, നീ നടത്തുന്നതു മറ്റൊന്ന്.

ബാലഗോപാലനായ നീ കെട്ടിയിട്ട ഉരല്‍ ഉരുട്ടി നടന്നതും, വായ് പിളര്‍ന്ന് ഈരേഴുലകവും കാട്ടിയതും, ഗോവര്‍ദ്ധനം കുടയായ് പിടിച്ചതും, കാളിയമര്‍ദ്ദനം ആടിയതും മറ്റനേകം കൃഷ്ണലീലകളും  കുട്ടിക്കാലത്ത് നിന്നെ ഞങ്ങളുടെ സ്‌പൈഡര്‍മാനും ഫാന്റവും ആക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ നിന്റെ കുസൃതികളേക്കാള്‍ എനിക്കു കൂടുതല്‍ പ്രിയതരം സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തിലെ കുട്ടിക്കാലമാണ്് . യമുനയുടെ തീരത്തെ ഏതാണ്ട് വിജനമായ പ്രദേശത്തുള്ള ആശ്രമത്തില്‍ നിങ്ങള്‍ പറക്ക മുറ്റാത്ത 30 കുഞ്ഞുങ്ങളും ഗരുവും പത്‌നിയും ഒരു കുടുംബം പോലെ കഴിഞ്ഞ് ജ്ഞാനം നേടിയ രീതി എത്ര മഹത്തരം.പൊടിക്കുട്ടികളായ നീയും കൂട്ടുകാരും കണ്ണു കാണാത്ത കൊച്ചുവെളുപ്പിനു യമുനയില്‍ സ്്‌നാനം ചെയത് ആശ്രമാവ ശ്യങ്ങള്‍ക്കുള്ള പൂജാപുഷ്പങ്ങളും വിറകുകളും സസ്യലതഫല മൂലാദികളും ശേഖരിച്ചു. കടുത്ത  മഴയോ കൊടുങ്കാറ്റോ കലങ്ങി മറിഞ്ഞ യമുനയോ എന്നു വേണ്ട ഒരു പ്രതികൂല കാലാവസ്ഥയും ആ ദിനചര്യയ്ക്ക്  തടസ്സമായില്ല. പ്രകൃതിയോടു നിരന്തര താദാത്മ്യം പ്രാപിച്ച്, പ്രകൃത്യനുയോജ്യമായ, ആരോഗ്യജീവിതവും നയിച്ചു നിങ്ങള്‍. പഠനശേഷം ഒന്നിച്ചു പോയി എല്ലാവര്‍ക്കു മുള്ള ആഹാരം ഭിക്ഷ യാചിച്ചു വാങ്ങി. അങ്ങനെ ജാതി വര്‍ണ്ണവിവേചനമേതുമില്ലാത്ത സഹവര്‍ത്തിത്വ പാഠങ്ങള്‍ പഠിച്ചു. ഏതു വിപരീത ജീവിത സാഹചര്യങ്ങളിലും പിടിച്ചു നില്‍ക്കാനുള്ള പ്രാപ്തി നേടി.

എന്നാല്‍ ഞങ്ങളോ, മഴയത്തു മുറ്റത്തിറങ്ങിയാല്‍ 'അയ്യോ പനി പിടിക്കും, കയറി വായോ ',  വെയിലത്തിറ ങ്ങിയാല്‍ 'തല വിയര്‍ത്ത് ജലദോഷം വരും, കയറി വായോ ' മഴയും വെയിലുമില്ലാത്തപ്പോള്‍ മുറ്റത്തിറങ്ങി യാലോ, ' മണ്ണു പുരണ്ട് ചൊറി പിടിക്കും, കയറി വായോ ' എന്ന് മക്കളെ വളര്‍ത്തി. മാത്രമോ, സ്‌നേഹമെന്നു കരുതി അമിത പരിരക്ഷ നല്‍കി അവരെ നശിപ്പിച്ചു. ജോലിത്തിരക്കു മൂലം അവരുടെ ഒപ്പം കൂടുതല്‍ സമയം ചെലവാക്കാന്‍ കഴിയാത്തതിന്റെ കുറ്റബോധം സാധനങ്ങള്‍ വാങ്ങിക്കൊടുത്ത് പരിഹരിക്കാന്‍ ശ്രമിച്ചു. ഫല മോ, ചുമതലകളില്ലാത്ത അവകാശങ്ങള്‍ മാത്രമുള്ള ഒരു വിഭാഗക്കാരാക്കി അവരെ വളര്‍ത്തിയെടുത്തു.തീയില്‍ കുരുക്കാത്തതു കൊണ്ട് വെയിലത്തു വാടുന്നു അവര്‍.

64 കലകളും ശാസ്ത്രങ്ങളും സ്വായത്തമാക്കി ആശ്രമത്തില്‍  നിന്നു വിട പറയും നേരം സാന്ദീപനി ആചാര്യന്‍ നല്‍കിയ ഉപദേശം നീ എന്നും ശിരസാ വഹിച്ചുവല്ലോ. ആ അരുള്‍ മുത്തുകളെല്ലാം രത്‌നങ്ങളേക്കാള്‍ വിലയേറിയവത്രേ. അതില്‍ 'സത്യധര്‍മ്മങ്ങള്‍ വെടിയരുത്, സ്വന്തം ക്ഷേമം ഉപേക്ഷിക്ക യുമരുത് ' എന്നതേ്രത എനിക്കേറ്റം ഇഷ്ടം. സത്യധര്‍മ്മത്തിനൊപ്പം പ്രാധാന്യം അവനവന്റെ ക്ഷേമത്തിനും മഹര്‍ഷി നല്‍കിയല്ലോ. ഞങ്ങള്‍ സ്ത്രീകള്‍ക്ക് സ്വന്തം ക്ഷേമം എന്നാല്‍ വീട്ടിലെ മറ്റു കുടുംബാഗങ്ങളുടെ ക്ഷേമം എന്നാണ് അര്‍ത്ഥം. കുടുംബാംഗങ്ങള്‍  വേദനിച്ചാലോ എന്ന് രോഗം വന്നാല്‍ പോലും കഴിവതും ഞങ്ങള്‍ പുറത്തു പറയില്ല. അപ്പോഴും അവര്‍ക്കു വേണ്ടി പണിയെടുത്തുകൊണ്ടിരിക്കും! സര്‍ക്കാരിലെ അവശ്യസര്‍വ്വീസുകാര്‍ പോലും ഇപ്പോള്‍ മെച്ചപ്പെട്ട സേവനവേതനവ്യവസ്ഥകള്‍ക്കായി സമരം ചെയ്യുന്നു, എന്നാല്‍ വേതനമില്ലാത്ത സേവനം നല്‍കുന്ന  കുടുംബത്തിന്റെ അവശ്യസര്‍വ്വീസ് നടത്തിപ്പുകാരായ ഞങ്ങള്‍ സമരം ചെയ്യാറില്ല.

ഇഷ്ടമുള്ള പുസ്തകം വായിക്കാന്‍, എഴുതാന്‍, നാടകം കാണാന്‍, ആടാന്‍, പാടാന്‍ , കൂട്ടുകാരുമായി ചുറ്റിയടിക്കാന്‍, അങ്ങനെയങ്ങനെ നിങ്ങള്‍ എന്ന വ്യക്തിക്കു ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനായി നിങ്ങള്‍ സ്വയം സമയം കണ്ടെത്തണം എന്ന് ആരെങ്കിലും പറഞ്ഞാലോ, ഞങ്ങള്‍ ത്യാഗസുരഭിലരായ സ്ത്രീരത്‌ന ങ്ങള്‍ തന്നെ നഖശിഖാന്തം അതെതിര്‍ക്കും മുരളീമുകുന്ദാ. അതാണ് വിരോധാഭാസം. അവനവന്റെ ക്ഷേമം തീരെ അവഗണിച്ച്, വര്‍ഷങ്ങളായി സഹിക്കുന്ന ഈ അടിമത്തത്തിന് സമൂഹം ഉദാത്തസുന്ദര പേരുകള്‍ ചാര്‍ത്തി തന്നിട്ടുണ്ട്. ത്യാഗം, സ്‌നേഹം! അത് മനസ്സില്‍ പതിഞ്ഞു പോയവരത്രേ ഞങ്ങള്‍ ഭാരതസ്ത്രീകള്‍. പോരാത്തതിന്  സ്ത്രീകള്‍ നശിച്ചാല്‍ സമൂഹവും നശിക്കും എന്ന് സര്‍വ്വചുമതലകളും നീയും സ്ത്രീക്കു മേല്‍ ചുമത്തിയല്ലോ.അത് എനിക്ക് ലവലേശം ഇഷ്ടമായില്ല മാധവാ. പുരുഷന്മാര്‍ ജോലി ചെയ്തു സമ്പാദി ക്കും, സ്ത്രീകള്‍ കുട്ടികളെ വളര്‍ത്തല്‍സഹിതമുള്ള സകല വീട്ടുകാര്യങ്ങളും നോക്കും എന്ന കാലത്തെ രീതികള്‍  സ്ത്രീകളും പുറത്തു പോയി ജോലി ചെയ്യാന്‍ തുടങ്ങിയിട്ടും മാറിയിരുന്നില്ല ഇവിടെ.സോഫ്‌റ്റ്വെയര്‍ വിപ്ലവത്തോടെ കേരളം വിട്ടു പുറത്തു പോയ കുട്ടികള്‍ പക്ഷേ പരസ്പര ധാരണയില്‍ വീട്ടുജോലികളും പങ്കുവയ്ക്കുന്നുണ്ട്, സമാധാനം.

സാന്ദീപനി മഹര്‍ഷി എന്നെ മറ്റൊന്നു കൂടി പഠിപ്പിച്ചു. വ്യക്തി ജീവിതത്തിലെ ഒരു തിരിച്ചടിയും കര്‍മ്മത്തില്‍ നിന്ന് ഒഴിവാകാനുള്ള പ്രേരണയാകരുത് എന്ന്. തന്റെ ഒരേയൊരു പുത്രനെ രാക്ഷസര്‍ കൊണ്ടു പോയിട്ടും മഹര്‍ഷി ദുഃഖിച്ചു കാലം കഴിച്ചു കൂട്ടിയില്ല. അദ്ധ്യാപനവൃത്തി തുടര്‍ന്നു. അതുകൊണ്ട ല്ലേ മഹര്‍ഷിക്കു നിന്നെ ശിഷ്യനായ് ലഭിച്ചതും നീ ഗുരുദക്ഷിണയായി പുത്രനെ വീണ്ടെടുത്തു കൊടുത്തതും? ഇക്കാലത്ത് അതൊന്നും സാദ്ധ്യമല്ല, എങ്കിലും ഒരു മഹാദുഃഖവും കര്‍മ്മതടസ്സത്തിനുള്ള ന്യായമല്ല എന്നു മനസ്സിലാക്കുന്നു.

സ്യമന്തകം കാണാതായപ്പോള്‍ നിന്നെ നാട്ടുകാരെല്ലാം സംശയിച്ചു. വാക്കിലൂടെ മറുപടി നല്‍കാതെ നീ ശ്രമപ്പെട്ട് അതു കണ്ടുപിടിച്ചു. ലോകത്തേക്കാള്‍ 3 ദിവസം മൂത്ത ജാംബവാനോട് 18 ദിവസം ഗുഹയില്‍ ഘോരയുദ്ധം ചെയത് നീ രത്‌നം വീണ്ടെടുത്തു, ജാംബവതിയെ വേള്‍ക്കുകയും ചെയ്തു. മണിയുമായി ദ്വാരകയിലെത്തി പൗരസദസ്സില്‍ ഹാജരാക്കി സത്യം തെളിയിച്ച നീ അത് സത്രാജിത്തിനു തന്നെ തിരികെ നല്‍കി. അതേ്രത ആണത്തം.

ഇപ്പോള്‍ കേസുകെട്ടുകളില്‍ പെടുന്ന നേതാക്കള്‍ ഇങ്ങനെ സത്യം തെളിയിക്കാന്‍ സ്വന്ത നിലയില്‍ ശ്രമിക്കാറില്ല, പകരം 'നിയമം നിയമത്തിന്റെ വഴിക്കു നീങ്ങും' എന്നൊരു ഒഴുക്കന്‍ മറുപടി പറയും, അത്ര തന്നെ. യാതൊരു നിയന്ത്രണവുമില്ലാത്തവരെന്ന് നമ്മള്‍ സദാചാരപോലീസുകാര്‍ പരിഹസിക്കുന്ന പടിഞ്ഞാറുകാര്‍ക്ക് പെണ്‍കേസില്‍ പെട്ടാല്‍ പിന്നെ ഒരു നിമിഷം നേതൃപദവി തുടരാന്‍ പറ്റില്ല. പക്ഷേ ഇവിടേെയാ, എത്ര കേസുകള്‍ കൂടുന്നുവോ അത്രയും അലങ്കാരം, തെരഞ്ഞെടുപ്പുയുദ്ധത്തില്‍ വളരെ വലിയ ഭൂരിപക്ഷം! ഹാ,ഹാ ഞങ്ങള്‍ സദാചാരത്തിന്റെ ഹോള്‍സെയിലുകാര്‍!
തുടരും..................

രണ്ടാം ഭാഗം ഇവിടെ
മൂന്നാം ഭാഗം ഇവിടെ

പ്രചോദനം-1.SRI KRISHNA- THE DARLING OF HUMANITY-A.S.P.AIYYAR
                          2. മഹാഭാരത സംഗ്രഹം- സ്വാമി ദ്വയാനന്ദതീര്‍ത്ഥ
                          3. കേട്ടും വായിച്ചും മനസ്സില്‍ പതിഞ്ഞുപോയ പലതും.
                 




18 comments:

  1. 'ഹേ, സ്ത്രീയേ എനിക്കും നിനക്കും തമ്മിലെന്ത് 'എന്ന ബൈബിള്‍ വാക്യമാണ് ഹെഡിംഗിന്റ പ്രചോദനം. ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു ഇത്. പക്ഷേ വിചാരിച്ചതു പോലെ എഴുതാനൊന്നും കഴിഞ്ഞില്ല. എന്തായാലും പോസ്റ്റ് ഇടുന്നു

    ReplyDelete
    Replies
    1. എന്‍റെ കൃഷ്ണാ
      എന്നില്‍ ഇപ്പോൾ നിന്നോടുള്ളത്‌ മധുര ഭാവമാണ്. ഞാന്‍ ഓര്‍ക്കുന്നു കണ്ണാ! കുഞ്ഞായിരുന്നപ്പോള്‍ എന്‍റെകളിക്കുട്ടുകരനായി മനസ്സില്‍ നിറഞ്ഞു. കൌമാരത്തില്‍ നന്ദകുമാരനായി ഓരോരോ കാടുകള്‍ കാട്ടിക്കൊണ്ട് എന്നില്‍ നിറഞ്ഞു. എന്നാല്‍ കണ്ണാ യൌവ്വനത്തില്‍ എന്‍റെ പ്രേമസര്‍വ്വസ്വമായി എന്നില്‍ നിറഞ്ഞു, പിന്നെ പതിയായി വന്നു. അമ്മയാകാന്‍ തുടങ്ങിയപ്പോള്‍ എന്തൊരു വിസ്മയം കണ്ണാ നീ ഉണ്ണിയായി വന്നു. ഇങ്ങിനെ പെട്ടെന്നൊരു അവരോഹണം കണ്ണാ നിനക്കു മാത്രമേ സാധിക്കുകയുള്ളൂ. പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടം ഇപ്പോഴാണ്. എല്ലാ ഭാവത്തിലും നീ എന്നിലേക്കൊഴുകി വരുന്നു. ചിലപ്പോള്‍ മകനായി,പതിയായി, സഖാവായി, പ്രേമസ്വരൂപനായി ,അച്ഛനായി അമ്മയായി,ഗുരുവായി ഓരോരോ വേഷത്തിലും എന്നില്‍ നിറയുന്നു. രോഗങ്ങളും ദുഃഖങ്ങളും വരുമ്പോഴാണ് കണ്ണാ എനിക്ക് നിന്നെ ഏറെ ഇഷ്ടം. അപ്പോഴാണ് നീ മധുര ഭാവത്തില്‍ വന്ന് സാരല്യന്നെ പോട്ടെ ഞാനില്ലേ എന്നും പറഞ്ഞ് നിന്നോട് ചേര്‍ത്ത്‌ പുല്‍കുന്നത്. അപ്പോഴൊക്കെ എനിക്ക് തോന്നിയീട്ടുണ്ട് . എന്‍റെ അടുത്തേക്ക്‌ ഓടിയെത്താനുള്ള നിന്‍റെ ഉപയമല്ലേ ഈ സന്താപങ്ങള്‍ എന്ന്. കണ്ണാ! എത്ര പറഞ്ഞാലും തീരുന്നതല്ല നിന്‍റെ കാരുണ്യവും പ്രേമവും.
      ഇതും എന്‍റെ എല്ലാമെല്ലാമായ കണ്ണന് സമര്‍പ്പിക്കുന്നു.

      Delete
  2. കാളകളെ മെരുക്കിയ കൃഷ്ണന്‍ നഗ്നജിത്തിന്റെ മകളായ സത്യയെയെല്ലേ കെട്ടിയത് ? (ബാക്കി കൂടി വായിക്കട്ടെ )

    ReplyDelete
  3. ഇത് കൊള്ളാല്ലോ. പാവം കൃഷ്ണന്‍. കൃഷ്ണന്റെ പേരില്‍ ഇവിടെ നടക്കുന്ന കൃഷ്ണലീലകള്‍ അറിഞ്ഞാല്‍ പാവം കണ്ണന്‍ കാളിന്ദിയിലെ വിഷം കോരിക്കുടിച്ച് ആത്മഹത്യചെയ്യും.

    ReplyDelete
  4. കൃഷ്ണാ,ഗുരുവായൂരപ്പാ, ഭഗവാനേ, ഭക്തവത്സലാ, മൈത്രേയിയെ രക്ഷിക്കണേ!. കൃഷ്ണകഥയിൽ നിന്നുണ്ടായ ഈ വിചാരങ്ങൾ നന്നായിട്ടുണ്ട്, പലതും തികച്ചും കൌതുകകരം.

    ReplyDelete
  5. kalakito. krishnante thilangunna pryayangal kondu bhangiyayi ketiyitundu ee mala. chilayidathoke nannayi chirichu. manoharamayi ezhuthi.

    ReplyDelete
  6. ലീലാ വിലാസങ്ങൾ

    ReplyDelete
  7. ശ്രീകൃഷ്ണനു 16008(പതിനാറായിരത്തെട്ട്)ഭാര്യമാർ എന്നാണു കേട്ടിട്ടുള്ളത്.മൈത്രേയി 100 എണ്ണത്തിനെ അധികമായി എവിടെ നിന്ന് ഒപ്പിച്ചു?

    മഹാഭാരതത്തിൽ കൃഷ്ണൻ ഉപദേശിച്ചതെല്ലാം ശരിയായിരുന്നോ?
    കർണ്ണ വധം,ദ്രോണ വധം,ഏറ്റവും ഒടുവിൽ ദുര്യോധന വധം എന്നിവ നടത്താൻ കൃഷ്ണൻ നല്കിയ ഉപദേശം എല്ലാം അധാർമ്മികമായിരുന്നില്ലേ?

    -ദത്തൻ

    ReplyDelete
  8. “എന്നെ കാത്തോണേ കൃഷ്ണ! എല്ലാവർക്കും നല്ലതുവരുത്തണേ“ കൃഷ്ണ! എന്നു തുടങ്ങി “നിനക്കു നാണമില്ലേ കൃഷ്ണ ഇങ്ങനെ പരീക്ഷിക്കാൻ“, എന്നു വരെയുള്ള പ്രാർഥനയും കേട്ടു പതിവു ചിരി ചിരിക്കാനല്ലാതെ ഈ കലിയുഗത്തിൽ വേറെയെന്തു ചെയ്യാൻ.പാവം കൃഷ്ണൻ.

    ReplyDelete
  9. അവതരണ രീതി ഇഷ്ടപ്പെട്ടു.

    എല്ലാവരേയും അനുഗ്രഹിക്കണേ കൃഷ്ണാ എന്ന് മനസ്സില്‍ 
    പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  10. അരുണ്‍-അല്ല, ഞാന്‍ വായിച്ച പുസ്തകത്തില്‍-താഴെ പറഞ്ഞിട്ടുണ്ട്- പേര് നഗ്നജിത്ത് എന്നു തന്നെയാണ് പറഞ്ഞിരിക്കുന്നത്. അവര്‍ പ്രതിനിധീകരിക്കുന്നത് ആത്മാവിനെയാണത്രേ. ഇനിയും 2 ഭാഗം കൂടിയണ്ട്. വായിക്കാന്‍ ക്ഷമയുണ്ടാകട്ടെ:):)
    മനോരാജ്-അങ്ങനെയൊന്നുമുണ്ടാവില്ല, ഇതെല്ലാ കണ്ടും കേട്ടും കള്ളച്ചിരി ചിരിക്കുകയേ ഉള്ളു മനോ.
    ശ്രീനാഥന്‍- പ്രാര്‍ത്ഥനയ്ക്കു ഹൃദയം നിറഞ്ഞ നന്റി. ഇത്രയും അറിവുള്ള ആളിന് കൗതുകകരം എന്നു തോന്നിയല്ലോ,നന്നായി എന്നു പറഞ്ഞല്ലോ, കൃഷ്ണകൃപ, ഞാന്‍ ധന്യയായി. ബാക്കി ഭാഗങ്ങള്‍ വായിക്കുമ്പോഴും ഇങ്ങനെ തോന്നുമോ ആവോ?
    മുകില്‍-അപ്പോള്‍ ഈ കസര്‍ത്തു മാല്യം ഭഗവാന്‍ സ്വീകരിക്കുമല്ലേ.വാക്കുകളിട്ട് അമ്മാനമാടുന്ന മുകിലിന്റെ പ്രശംസ വല്ലാതെ സന്തോഷിപ്പിക്കുന്നു.
    കലാവല്ലഭന്‍-അതന്നെ, ഓരോരുത്തര്‍ക്ക് മനോധര്‍മ്മം പോലെ ഓരോ തരത്തില്‍ വ്യാഖ്യനിക്കാം ആ വിലാസങ്ങള്‍.
    ദത്തന്‍- അല്ല, ഞാനായിട്ട് 100 പേരെ കൂട്ടിയതല്ല. ഞാന്‍ പറഞ്ഞിരിക്കുന്ന ആ പുസ്തകത്തില്‍ അങ്ങനെയാണ്. നരകാസുരന്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന 16100 കന്യകമാര്‍ തങ്ങളെ കല്യാണം കഴിക്കണമെന്ന് നരകാസുരവധശേഷം കൃഷ്ണനോടാവശ്യപ്പെടുകയായിരുന്നു എന്നു പറഞ്ഞിരിക്കുന്നു. ധാര്‍മ്മികത, അത് ആപേക്ഷികമല്ലേ. എന്റെ വീക്ഷണകോണിലൂടെയുള്ള ചിന്തകള്‍ വരും ഭാഗങ്ങളില്‍ കുറച്ചെല്ലാം വായിക്കാം. അതു വായിക്കാന്‍ ക്ഷമയും സമയവും ഉണ്ടാകുമെന്നു കരുതട്ടെ.
    ശ്രീ-പരീക്ഷിക്കാന്‍ നാണമില്ലേ കൃഷ്ണാ എന്ന പ്രാര്‍ത്ഥന വായിച്ചു ചിരിച്ചു.
    കേരളദാസനുണ്ണി-അവതരണരീതി ഇഷ്ടപ്പെട്ടതില്‍ സന്തോഷം. അതേ എല്ലാവരേയും അനുഗ്രഹിക്കട്ടെ കൃഷ്ണന്‍.

    ReplyDelete
  11. the name may be nagnajiti, D/O nagnajith.
    (as per wikipedia )

    ReplyDelete
  12. ആർക്കും ആരെക്കുറിച്ചും എന്തും എഴുതാം. ജീവിച്ചിരിക്കുന്നവരാണെങ്കിൽ ചിലപ്പോൾ കേസിനു പോയേക്കാം. കൃഷ്ണൻ ചത്തുപോയീന്ന് ഉറപ്പുള്ളപ്പോൾ ആർക്കും എന്തും എഴുതാം. നമ്മൾ അക്ഷരത്തെറ്റുകളും എണ്ണങ്ങളും കണ്ട് ശരിയേതെന്നറിയാതെ കണ്ണുരുട്ടുന്നു.

    ReplyDelete
  13. അരുണ്‍- Nagnajit എന്നാണ് പുസ്‌കതത്തില്‍.
    പാര്‍ത്ഥന്‍-കൃഷ്ണനെപ്പറ്റി ഞാന്‍ മോശമായി ഒന്നും പറഞ്ഞില്ലല്ലോ ്‌സുഹൃത്തേ. പിന്നെ എണ്ണം, ദത്തന്‍ സൂചിപ്പിച്ചതുകൊണ്ട് അത് എഴുതിയെന്നു മാത്രം. അത് ഒരു തര്‍ക്കവിഷയമൊന്നുമല്ല. കൃഷ്ണന്‍ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ കേസിനൊന്നും പോവില്ലായിരുന്നു, ഇതു വായിച്ച് ഒന്നു ചിരിച്ചേനേ, അത്ര തന്നെ.

    ReplyDelete
  14. കൃഷ്ണന്റെ ബാ‍ലലീലകളും, കൌമാര കുസൃതികളും, രാസക്രീഢയും വിസ്തരിച്ച് രസിക്കാനാണ് എല്ലാവർക്കും ഇഷ്ടം. യോഗേശ്വരനായ കൃഷ്ണനെ ആർക്കും വേണ്ട. ഭക്തിപ്രസ്ഥാനക്കാർ എല്ലാം ലളിതവൽക്കരിച്ചു എന്ന് വ്യാഖ്യാനിക്കുന്നുണ്ടാവാം. സുഖലോലുപർക്ക് വേണ്ടവിധത്തിൽ അനുഗ്രഹം കൊടുക്കാൻ ഇങ്ങനെ ഒരു അവതാരം ഉള്ളത് എത്ര നന്നായി. കള്ളനെന്നു വിളിച്ചിട്ടും സൌമ്യനായി നിന്നിട്ടേയുള്ളൂ കൃഷ്ണൻ. അതുകൊണ്ട് എനിക്ക് ഒരു പരാതിയും ഇല്ല.

    ReplyDelete
  15. "പ്രേമികയ്ക്കും ഭക്തയ്ക്കും അപ്പുറമാണ് എനിക്ക് അവിടുത്തോടുള്ള ബന്ധം. എന്റെ ചങ്ങാതി, ചിന്തകന്‍, വഴികാട്ടി. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങ ളിലെല്ലാം, ശരിയേത്, തെറ്റേത് എന്ന് ശങ്ക വന്നിട്ടുള്ളപ്പോഴെല്ലാം, അങ്ങയുടെ ധര്‍മ്മരക്ഷോപായം എനിക്കു വഴികാട്ടി ആയിട്ടുണ്ട്"

    എനിക്കും ഇതൊക്കെ തന്നെയാണ് കൃഷ്ണന്‍. നമ്മുടെ എല്ലാ അവതാരങ്ങളില്‍ നിന്നും ദൈവികതയുടെ കിരീടം എടുത്തു മാറ്റിവച്ചാല്‍ ഒരു സാധാരണക്കാരനിലും താഴെയാണ് അവരെല്ലാം. എന്നാല്‍ കൃഷ്ണനോ ..., ഉണ്ണിക്കണ്ണനെപ്പോലെ ഒരുണ്ണിയെ കിട്ടാന്‍ ആരാണ് കൊതിക്കാത്തത്‌. മാധവിക്കുട്ടി ഒരിക്കല്‍ എഴുതിയത് പോലെ ഏതൊരു ഹിന്ദുപെണ്‍കുട്ടിയുടെയും ആദ്യത്തെ കാമുകനാണ് കൃഷ്ണന്‍. നല്ലൊരു സുഹൃത്താണ്, കലാകാരനാണ്, ഗുരുവാണ്, യോദ്ധാവാണ്, യോഗിയാണ് കൃഷ്ണന്‍. നിന്റെ കര്‍മ്മമാണ്‌ ധര്‍മ്മം എന്ന് പറയുമ്പോള്‍ അതിലും മികച്ചതൊന്നും പറയാന്‍ ഒരു ദൈവത്തിനും കഴിയുന്നില്ല. എനിക്ക് തോന്നിയിട്ടുള്ളത് ഒരു സാധാരണ മനുഷ്യന് കൈയെത്തും ദൂരത്തുള്ള സാധാരണക്കാരനായ ദൈവമാണ് കൃഷ്ണന്‍ എന്നാണ്.

    ചിന്തകള്‍ പങ്കുവച്ചതിനു നന്ദി.

    ReplyDelete
  16. Thank You Sreenanda for the excellent comment.see u again.

    ReplyDelete
  17. ഇത് വായിയ്ക്കാൻ വൈകി, സാരമില്ല. ബാക്കിയും കൂടി വായിയ്ക്കട്ടെ

    ReplyDelete