Wednesday, December 24, 2008

പ്രതികാരം

(പത്തു വയസ്സിൽ എഴുതിയ കഥയാണ്‌.ഒട്ടും എഡിറ്റ്‌ ചെയ്യാതെ പോസ്റ്റ്‌ ചെയ്യുകയാണ്‌.ഇന്നിപ്പോൾ ഈ കഥയിലെ സാഹചര്യമോ ഗ്രാമാന്തരിക്ഷമോ എവിടെയും കാണില്ല.എന്നാലും പോസ്റ്റ്‌ ചെയ്യുന്നു.മലയാളം വായിക്കുന്ന ബാലബ്ലോഗർമാർ ഉണ്ടെങ്കിൽ വായിക്കുമോ,രസിക്കുമോ...കാത്തിരുന്നു കാണാം. :)

"എടാ ചെറുക്കാ,പയ്യിനു വെള്ളം കൊടുത്തിട്ടിവിടെ വന്നീ പാത്രം തേച്ചു വെയ്ക്ക്‌" അമ്മാവിയുടെ വിളിയാണ്‌.അടുത്തത്‌ ശ്രീധരേട്ടന്റെ വകയായിരിക്കും.

രാജൻ വേഗം തെക്കേപ്പറമ്പിൽ ചെന്ന് കറമ്പിക്കു പുല്ലും വെള്ളവും കൊടുക്കാൻ തുടങ്ങി.

"ഇനി എപ്പോഴാണാവോ പള്ളിക്കുടത്തിൽ പോവുക!"രാജന്‌ കരച്ചിൽ വന്നു.

"അമ്മയുണ്ടായിരുന്നെങ്കിൽ!"എന്തു ചെയ്യാം,ആശിച്ചു പോവുകയാണ്‌.
അമ്മ എന്നും രാവിലെ കുളിപ്പിച്ച്‌ കാവിൽ കൊണ്ടുപോയി തൊഴീക്കാറുണ്ടായിരുന്നു."ദൈവമേ,എന്റെ കുഞ്ഞിനെ രക്ഷിക്കണേ" എന്ന്‌ എന്നും പ്രാർത്ഥിക്കാറുണ്ടായിരുന്നു.


അച്ഛൻ അവൻ ജനിക്കുന്നതിനു മുൻപേതന്നെ മരിച്ചു.അമ്മ പൊന്നു പോലെ വളർത്തിയതാണ്‌.അമ്മയുണ്ടായിരുന്നപ്പോൽ അമ്മായിക്ക്‌ തന്നൊടെന്തു സ്നേഹമായിരുന്നു!അത്‌ അമ്മ മരിക്കുനിടം വരെയുള്ളു എന്ന് അന്നറിഞ്ഞിരുന്നില്ല.


രവിയും കൃഷ്ണൻകുട്ടിയുമൊക്കെ എന്തു ഭാഗ്യവാന്മാരാണ്‌?അവരെ താലോലിക്കുവാൻ അച്ഛനമ്മമാരും ചേട്ടന്മാരും ചേച്ചിമാരുമുണ്ട്‌.തനിക്കോ?തനിക്കരുമില്ല.ആരും.അവന്റെ കണ്ണീർ ചിറ പൊട്ടിയൊഴുകി.

"മ്മേ........."കറമ്പി അമരുന്നതു കേട്ടാണ്‌ അവൻ ചിന്തയിൽ നിന്നുണർന്നത്‌.

വേഗം വടക്കുപുറത്തേക്കു ചെന്നു.അവിടെയുണ്ട്‌ അമ്മാവി ഭദ്രകാളിയെപ്പോലെ നിൽക്കുന്നു.
"വിളിച്ചു വിളിച്ചു തൊണ്ട പൊട്ടി.ചെവീം കേക്കൂകേലേടാ അഹങ്കാരീ. ചെക്കന്റെയൊരഹമ്മതി.ഇന്നു വൈകീട്ടു തീർത്തേക്കാമെടാ നിന്റെ ധിക്കാരം.മോന്റെ ഷർട്ടും കഴുകാതെ നടക്കുന്നു.പാത്രോം തേച്ച്‌ ശ്രീധരന്റെ ഷർട്ടും കഴുകിയേ ഇന്നു നിനക്കു കഞ്ഞിയുള്ളു.ഉം പോടാ"


രാജൻ വേഗം പാത്രം മോറിയിട്ട്‌ ഷർട്ടഴിച്ചു കുളക്കടവിലേക്കു പോയി.തുണി കഴുകി തിരിച്ചുവന്നപ്പോൾ പഴങ്കഞ്ഞി വെള്ളം വരാന്തയിൽ എടുത്തു വെച്ചിട്ടുണ്ട്‌.അതെടുത്തു മോന്തി വേഗം ചെന്നുടുപ്പും നിക്കറുമിട്ട്‌ സ്ക്കൂളിൽ പോകാനൊരുങ്ങി.മണി ഒൻപതരയായി.അവൻ വേഗം ഓടി ക്ലാസ്സിൽ ചെന്നപ്പൊഴേക്കും അസ്സംബ്ലി കഴിഞ്ഞിരുന്നു.

രാജൻ കരഞ്ഞുകൊണ്ടു ചോദിച്ചു
"ടീച്ചർ,കയറിപ്പൊക്കോട്ടെ"?
"എന്തേ കുട്ടീ ഇത്ര താമസിച്ചത്‌?"
"...................."
"കൈ നീട്ടൂ,താമസിച്ചു വരുന്നവർക്കുള്ള സമ്മനമിതാണ്‌."
കൈയ്യിൽ കനത്ത ചൂരലൈന്റെ രണ്ടടി വീണു.
"പോയി പിറകിൽ നിൽക്കൂ"ടീച്ചർ കൽപ്പിച്ചു.അവൻ പതുക്കെ ക്ലാസ്സിൽ കയറിപ്പോയി.


ഉച്ചയ്ക്ക്‌ വീട്ടിൽ പോയി വേഗം തിരിച്ചുവന്നു.നാലുമണിക്കു വീട്ടിലേക്കോടിപ്പോയി. ചെന്നപ്പോൾ ചൂരലുമായി അമ്മാവിയും അടുത്ത്‌ ശ്രീധരേട്ടനും നിൽക്കുന്നുണ്ട്‌.ചെല്ലാത്ത താമസം അമ്മാവി കീറിപ്പറിഞ്ഞ പുസ്തകങ്ങൾ വലിച്ചോരേറ്‌.നിക്കറിൽ പിടിച്ചൊരു വലി.

"ഇങ്ങു വാടാ,നിനക്കു കുറച്ചു കൂടുന്നുണ്ട്‌.ശ്രീധരനെ എന്തിനാടാ അടിച്ചത്‌?പറയെടാ അശ്രീകരം..........."വടി ഒടിയുന്നതു വരെ തല്ലി.

അവൻ കരഞ്ഞുകൊണ്ട്‌ പുസ്തകവും പെറുക്കിയെടുത്ത്‌ നിക്കർ കൂട്ടിപ്പിടിച്ചുകൊണ്ട്‌ ചാർത്തിലേക്കൊടി.ഒന്നും കഴിക്കാതെ പായ വിരിച്ചു കിടന്നു.സ്വന്തം കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ച്‌ ചിന്തിച്ചുകിടന്നുറങ്ങിപ്പോയി.ഒരു പക്ഷേ ദയ തോന്നിയിട്ടാവം അമ്മാവി അന്ന് ഉപദ്രവിച്ചില്ല. അതോ കഞ്ഞിവെള്ളത്തിന്റെ ലാഭം കൊണ്ടോ?
*************************************************************************
"ഹലോ....അതെ പ്രിൻസിപ്പൽ രാജഗോപാലമേനോനാണ്‌.....ങ്‌..ആ.. കൊള്ളമല്ലോ........ഉച്ച കഴിഞ്ഞാട്ടെ......ആ,ആ വിട്ടേക്കൂ..... തീർച്ച,തീർച്ച,താങ്‌ൿസ്‌"
ആ സംസാരിച്ചത്‌ പ്രിൻസിപ്പൽ രാജഗോപാലാണ്‌.
കാലം സുഖങ്ങളേയും ദുഃഖങ്ങളേയും കണക്കാക്കാതെ കടന്നു പോയി.രാജൻ പഠിച്ചുയർന്നു വന്നു.ഇന്നദ്ദേഹം "പാവങ്ങളുടെ സഹായി" എന്നു ജനം വിശേഷിപ്പിക്കുന്ന പ്രിൻസിപ്പൽ രാജഗോപാലാണ്‌.


ഫോൺ താഴെ വച്ച ശേഷം അദ്ദേഹം എഴുത്തുകൾ പരിശോധിക്കുവാൻ തുടങ്ങി.ആ കൂട്ടത്തിൽ ഒരു കാർഡ്‌ അദ്ദേഹത്തിന്റെ പ്രത്യേക ശ്രദ്ധയാകർഷിച്ചു.അതു വായിച്ചിട്ടായിരിക്കണം ആലോചനാമഗ്നനായി അദ്ദേഹം ആ കസേരയിലിരുന്നു.വിവിധവികാരങ്ങൾ ആ മുഖത്തു പ്രതിഫലിച്ചു.

അത്‌ അമ്മായിയുടെ കത്തായിരുന്നു.ഒട്ടും വ്യക്തമല്ലാത്ത അതിലെ ഉള്ളടക്കം ഇതായിരുന്നു.
"അമ്മാമൻ മരിച്ചു,ശ്രീധരൻ ചീട്ടു കളിച്ചു നടക്കുകയാണ്‌.എങ്ങിനെയെങ്കിലും സഹായിക്കണം."
പ്രിൻസിപ്പൽ വേഗം ചെക്ക്‌ ബുക്കെടുത്ത്‌ ആയിരം രൂപയുടെ ഒരു ചെക്കെഴുതി പ്യൂണിനെ ഏൽപ്പിച്ചു,അമ്മായിക്കയയ്ക്കാൻ.


"ഞാൻ വലിയൊരു പ്രതികാരം ചെയ്തു."അദ്ദേഹത്തിന്റെ മനസ്സു മന്ത്രിച്ചു.

3 comments:

  1. ഞാനുമൊരു ബാല ബ്ലോഗ്ഗര്‍ ആണ്..കഥ വായിച്ചു,ഇഷ്ടപ്പെട്ടു..എഡിറ്റിംഗ് ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല..പത്തു വയസ്സില്‍ എഴുതിയ കഥയല്ലേ..

    ReplyDelete
  2. എന്റമ്മോ... പത്ത് വയസ്സില്‍ ഇമ്മാതിരി കഥകളൊക്കെ എഴുതിയല്ലോ ?സമ്മതിച്ചിരിക്കുന്നു

    നന്നായിരിക്കുന്നു. ഇപ്പോള്‍ കഥകള്‍ എഴുതാറില്ലേ ?
    ഞാന്‍ ബ്ലോഗ് മുഴുവനും നോക്കിയില്ല. പതുക്കെ നോക്കാം . :)

    ആശംസകള്‍

    ReplyDelete