ആമുഖം
മുൻഷി പ്രേം ചന്ദ് (1886-1936, ശരിയായ പേര് ധൻപാൽ റായ്) ഉത്തർപ്രദേശിലെ ബനാറസിന് അടുത്തുള്ള ഒരു കൊച്ചു ഗ്രാമമായ ലംഹിയിലാണ് ജനിച്ചത്. ഒരു ഡസൻ നോവലുകളും 300 ലധികം ചെറുകഥകളും 2 നാടകങ്ങളും രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ Soze-Watan (The Lament of the Country, 1908) എന്ന ആദ്യ ഉർദു കഥാസമാഹാരം തീവ്രവികാരമുണർത്തുന്നതാണ് എന്നു പ്രഖ്യാപിക്കപ്പെട്ടിരുന്നു. പ്രേംചന്ദിന്റെ മേൽ രാജ്യദ്രോഹ കുറ്റം ചുമത്തി. പുസ്തകത്തിന്റെ 700 കോപ്പികളും രചയിതാവിന്റെ മുന്നിലിട്ടു തന്നെ കത്തിക്കുകയും ചെയ്തു. അനേകം കേസുകൾ നേരിടേണ്ടി വന്നു 1906-09 കാലഘട്ടത്തിൽ. സഹികെട്ട് തന്റെ 'നവാബ് റായ്' എന്ന തൂലികാ നാമം 'മുൻഷി പ്രേംചന്ദ്' എന്ന് മാറ്റുകയായിരുന്നു. 1910 നു ശേഷം പിന്നെ ആ പേരിലാണ് എഴുതിയിട്ടുള്ളത്.
"സദ്ഗതി" (1931) എന്ന കഥ Deliverance എന്ന പേരിൽ ഇംഗ്ലീഷീകരിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ മലയാളീകരണമാണ് ഇത്. ഈ കഥ സത്ജിത് റേ അതേ പേരിൽ 1981 ൽ ടിവിഫിലിം ആക്കിയിട്ടുണ്ട്. "സദ്ഗതി" എന്ന വാക്കിന്റെ അർത്ഥം, സുഖമരണം, വിമോചനം, വിടുതൽ, മുക്തി, മോക്ഷം, മരണത്തിലൂടെ നേടുന്ന മോക്ഷം എന്നെല്ലാമാണ്.
1922 വിലാണ് കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി പ്രസിദ്ധീകരിച്ചത്. 1931 ലാണ് മുൻഷി പ്രേംചന്ദിന്റെ "സദ്ഗതി" എന്ന കഥ പ്രസിദ്ധീകരിച്ചത്. രണ്ടും കൈകാര്യം ചെയ്യുന്നത് ഒരേ വിഷയമാണ്, തൊട്ടുകൂടായ്മ, മനഷ്യരോടുള്ള ജാതിപരമായ വിവേചനം എന്നിവ. 1948 ലാണ് തൊട്ടുകൂടായ്മ (Untouchability) ഔദ്യോഗികമായി ഇന്ത്യയിൽ നിർത്തലാക്കപ്പെട്ടത്. പക്ഷേ ഇപ്പോഴും തൊട്ടുകൂടായ്മയും അയിത്തവും നിലനിൽക്കുന്നുണ്ട്, എന്ന സത്യം നമ്മൾ അംഗീകരിക്കേണ്ടിയിരിക്കുന്നു. ഠാക്കൂർമാരുടെ ഗ്രാമത്തിൽ വന്നു ജനിക്കാനിടയായ ഹതഭാഗ്യയാണ് തന്റെ മകൾ എന്നാണ് സമാനതകളില്ലാത്ത വിധം യുപിയിലെ ഹഥ്രാസിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട്, ശരീരം അംഗഭംഗപ്പെടുത്തപ്പെട്ട 20 കാരിയുടെ അമ്മ പറഞ്ഞത്. അവിടെ വെറും 15 കുടുംബങ്ങളേ വാൽമീകി സമുദായക്കാരായുള്ളു. ബാക്കിയുള്ളത് ഠാക്കൂർ, ബ്രാഹ്മണ സമുദായക്കാരാണ്. കിണർ വെള്ളം എടുക്കുന്നതിനടക്കം അവർ നേരിടുന്ന വിവേചനങ്ങൾ വായിച്ചാൽ മനസ്സിലാകും നമ്മൾ ഇപ്പോഴും അത്തരം കാടൻ സമൂഹ രീതികളിൽ നിന്നു പുറത്തു വന്നിട്ടില്ല എന്നത്.
Tanu Shree Singh എന്നൊരാളിന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്റെ ഫേസ് ബുക്ക് സുഹൃത്ത് Priya Mary
Jacob ഷെയർ
ചെയ്തിരുന്നു. അതിൽ നിന്നാണ് ഞാൻ സദ്ഗതി തിരഞ്ഞതും ഇപ്പോൾ ഇവിടെ പരിഭാഷയിലേക്ക്
എത്തിയതും. മലയാളം അറിയില്ല എങ്കിലും
അവർക്ക് ഇരുവർക്കും നന്ദി രേഖപ്പെടുത്തുന്നു.
ഇതിലെ കഥാപാത്രങ്ങെളെ ദുഷ്ടരെന്നും
ശിഷ്ടരെന്നും തിരിക്കേണ്ട ആവശ്യമില്ല എന്നാണ് എന്റെ പക്ഷം. തലമുറകളായി നമ്മുടെ
സമൂഹം വച്ചു പുലർത്തിപ്പോന്ന ചില കൊടും അനീതികളുടെ ഇരകൾ മാത്രമാണ് എല്ലാവരും.
തങ്ങൾ ദൈവീകമനുഷ്യരാണ് എന്നു ബ്രാഹ്മണരും ഉന്നത കുലജാതർ എന്നു നമ്മൾ കാണുന്നവരും
സ്വയം കരുതിപ്പോന്നു, അവർ അങ്ങനെ തന്നെയാണ്, തങ്ങൾ നീചജന്മങ്ങളാണ് എന്ന് താണജാതിക്കാർ
എന്നു നമ്മൾ പറയുന്നവരും കരുതിപ്പോന്നു. ഇവിടെ ജാതിവ്യവസ്ഥ നിലവിലില്ലായിരുന്നു
എന്നു ആവർത്തിക്കുന്നത് കണ്ടിട്ടുണ്ട്. തേജസ്വനി സിംഗ് പറയുന്നതുപോലെ ഇങ്ങനെയൊരു അനീതി
നമ്മുടെ സമൂഹത്തിലുണ്ട് എന്ന് ആദ്യം അംഗീകരിച്ചാലേ ആ കിരാതത്വത്തിൽ നിന്നുള്ള
മോചനം നമുക്കു തേടാനാകൂ.
മോക്ഷം
തോൽ ഊറയ്ക്കിടുന്ന തൊഴിൽ ചെയ്യുന്നവനായ ദുഖി, ഉമ്മറപ്പടി തൂത്തുവൃത്തിയാക്കുകയായിരുന്നു, ഝൂറിയ, തറ ചാണം മെഴുകുകയുമായിരുന്നു. തങ്ങളുടെ ചെറിയ വീട്ടുജോലികളെല്ലാം കഴിഞ്ഞപ്പോൾ, ചമാരിൻ പറഞ്ഞു,
"ഇനി വേഗം പണ്ഡിറ്റ് ബാബയുടെ വീട്ടിലേയ്ക്കു പോകൂ, അല്ലെങ്കിൽ അദ്ദേഹം വേറേ എങ്ങോട്ടെങ്കിലും പോകും."
"ആ, അതെ, ഞാനിതാ പോകുന്നു, പക്ഷേ അദ്ദേഹത്തെ എവിടെ ഇരുത്തും എന്നതാണ് എന്റെ ആലോചന," ദുഖി പറഞ്ഞു.
"ശരിയാണല്ലോ, നമുക്ക് ആരോടെങ്കിലും ഒരു കട്ടിൽ കടം വാങ്ങിയാലോ? അതാ താക്കൂർമാരുടെ കൈയ്യിൽ നിന്നു കടം വാങ്ങിച്ചാലോ, "ഝൂറിയ അഭിപ്രായപ്പെട്ടു.
"ചിലപ്പോൾ നീ പറയുന്ന കാര്യങ്ങൾ കേട്ടാൽ എന്റെ ചോര തിളക്കും. എന്തിനാണ് താക്കൂർമാർ എനിക്കു കട്ടിൽ കടം തരുന്നത്? കത്തിക്കാനുള്ള ലേശം തീ പോലും അവർ കടം തരില്ല, എന്നിട്ടാണ് അവർ കട്ടിലു കടം തരുമെന്നു നീ കരുതുന്നത്! ഒരു കായസ്ഥന്റെ വീട്ടിൽ പോയി ഞാൻ വെള്ളം ചോദിച്ചാൽ, എനിക്കതു കിട്ടില്ല. ഒരു കട്ടിൽ കിട്ടുന്ന പ്രശ്നമേയില്ല. നമ്മുടെ ചാണകവരളികളും കാട്ടുചൂരൽ കമ്പുകളും വൈയ്ക്കോലും വിറകും പോലെയല്ല അത്; ആർക്കു വേണേലും ഒന്നു നുള്ളിക്കൊടുക്കാൻ പറ്റുന്നപോലത്തത്. നമുക്കു നമ്മുടെ തന്നെ കട്ടിലൊന്നു കഴുകിയെടുക്കാം. വേനലല്ലേ, അദ്ദേഹം വരും മുമ്പേ അത് ഉണങ്ങിക്കൊള്ളും."
"അദ്ദേഹം നമ്മുടെ കട്ടിലിൽ എന്തിന് ഇരിക്കണം? സ്വന്തം മതസംബന്ധമായും അതിന്റെ അനുഷ്ഠാനങ്ങളിലും അദ്ദേഹം എത്രത്തോളം കർശനക്കാരനാണെന്ന് നിങ്ങൾക്ക് അറിഞ്ഞൂടെ?"
"അതു ശരിയാണ്. ഞാൻ കുറച്ച് മഹുവായിലകൾ പൊട്ടിച്ചുകൊണ്ടുവന്ന് അതു വച്ച് ഒരു പായ ഉണ്ടാക്കാം, അതായിരിക്കും ഭേദം. വല്യ ആളുകളെല്ലാം മഹുവാ ഇലകളിലാണ് ആഹാരം കഴിക്കുക. അവ നല്ല വൃത്തിയുള്ളതും ശുദ്ധവുമാണ്. എന്റെ വടി ഇങ്ങെടുത്തേ. ഞാൻ ആ മരത്തീന്ന് കുറച്ച് ഇലകൾ പൊട്ടിക്കട്ടെ." ലേശം ആധിയോടെയാണ് ദുഖി മറുപടി പറഞ്ഞത്.
"ഇലപ്പായ ഞാനുണ്ടാക്കിക്കോളാം. നിങ്ങളു പോയാട്ടെ. ഓ, അദ്ദേഹത്തിനു വീട്ടിൽ കൊണ്ടുപോയി പാകം ചെയ്തു കഴിക്കത്തക്ക വിധം വല്ല ആഹാരസാധനവും കരുതണ്ടേ നമുക്ക്. ഞാൻ അവ നമ്മുടെ പിഞ്ഞാണിയിൽ വയ്ക്കട്ടെ?"
"ചുമ്മാ, അങ്ങനെത്തെ ദൈവനിന്ദയൊന്നും ചെയ്യല്ലേ. നമുക്ക് ദ്രവ്യങ്ങൾ നഷ്ടപ്പെടും. ഒപ്പം ആ പിഞ്ഞാണിയും! ബാബാ ആ പിഞ്ഞാണി വലിച്ചെറിയും. വളരെ പെട്ടെന്നാണ് അദ്ദേഹത്തിനു ദേഷ്യം വരുന്നത്. ദേഷ്യം വന്നാൽ പിന്നെ അദ്ദേഹം ഭാര്യയെ പോലും വെറുതെ വിടാറില്ല. അദ്ദേഹം സ്വന്തം മോനെ കണ്ടമാനം അടിച്ചു, അയാൾ ഇപ്പോഴും പൊട്ടിയ കൈയ്യും കൊണ്ടാണ് നടപ്പ്. അതുകൊണ്ട് നമുക്ക് അവ ഒരു ഇലപ്പിഞ്ഞാണിയിൽ തന്നെ വയ്ക്കാം. ഒന്നിലും തൊടാതിരിക്കാനും ശ്രദ്ധിച്ചോണം."
ഝൂറിയ തലയാട്ടി സമ്മതം മൂളി.
" പലവ്യഞ്ജനക്കാരന്റെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിന് ആ ഗോണ്ടിന്റെ മോളേ കൂടി കൂട്ടിക്കോളൂ. അത് ഒരു മുഴുവൻ കാണിക്ക തന്നെ ആയിക്കോട്ടെ. രണ്ടു സേർ ധാന്യമാവ്, അര സേർ അരി, കാൽ സേർ പയറുവർഗ്ഗങ്ങളും, നെയ്യും ഉപ്പും മഞ്ഞളും കൂടി. ഇലപ്പിഞ്ഞാണിയുടെ ഒരു മൂലയ്ക്ക് ഒരു നാലണത്തുട്ടും കൂടി വച്ചോളൂ. ഇനി അഥവാ ആ ഗോണ്ടിന്റെ മോളെ കണ്ടില്ലെങ്കിൽ, ആ മലർപൊടി വറക്കുന്ന ഭുജിൻ ജാതിക്കാരിയോടു സഹായം ചോദിച്ചോളൂ. ഒരു സാധനത്തിലും കൈകൊണ്ടു തൊടരുത്, അങ്ങനെ ചെയ്താൽ അതു വലിയ തെറ്റായപ്പോകും."
ഇതെല്ലാം ഒന്നുകൂടി ആവർത്തിച്ചിട്ട്, ദുഖി വടിയും ഒരു കെട്ടു പുല്ലും എടുത്ത് പണ്ഡിറ്റജിയുടെ വീട്ടിലേക്കു യാത്ര തിരിച്ചു. ഒഴിഞ്ഞ കൈയ്യോടെ എങ്ങനെ പോകും? പക്ഷേ അയാളുടെ കൈയ്യിൽ ദക്ഷിണ കൊടുക്കാനായി വേറേയൊന്നും തന്നെയില്ലല്ലോ. ബാബ അയാളെ ഒഴിഞ്ഞ കൈയ്യോടെ കാണുന്നതിന് ഇടയായെങ്കിൽ, ദൂരെ വച്ചു തന്നെ അദ്ദേഹം അയാളെ ഓടിച്ചു കളയും.
2
പണ്ഡിറ്റ് ഘാസി റാം ഒരു പുണ്യപുരുഷനാണ്. എഴുന്നേൽക്കുന്ന ഉടനേ അയാളുടെ ദൈവീകകാര്യങ്ങൾ തുടങ്ങും. സ്വന്തം കുളി കഴിയുമ്പോൾ തന്നെ മണി എട്ടായിക്കാണും, പിന്നെ അങ്ങേയറ്റം ഭക്തിനിരതമായി പൂജാക്രമങ്ങൾ തുടങ്ങുകയായി. ഭാംഗിന്റെ ഇലകൾ അരച്ച് അത് വെള്ളത്തിൽ കലക്കും; അതുകഴിഞ്ഞ് കുറച്ചു ചന്ദനം അരച്ച് കുഴമ്പാക്കും; അതു കഴിഞ്ഞാൽ കണ്ണാടിയുടെ മുമ്പിൽ നിന്ന് ഒരു കനം കുറഞ്ഞ കമ്പുവച്ച് നീളത്തിൽ ചന്ദനലേപനം കൊണ്ട് രണ്ടു വരകൾ വരയ്ക്കും. പിന്നെ ആ രണ്ടു വരകൾക്കിടയിൽ സിന്ദൂരപ്പൊട്ടു കുത്തും. ്തും കഴിഞ്ഞ് ചന്ദനലേപനം വച്ച് വൃത്തത്തിലുള്ള ആകൃതികൾ നെഞ്ചിലും കൈകളിലും വരയ്ക്കും. പിന്നെ അദ്ദേഹം ദൈവത്തിന്റെ പ്രതിമ എടുത്ത് അതിനെ ഒന്നു കുളിപ്പിക്കും, അതിൽ ചന്ദനലേപന അടയാളങ്ങൾ ഇടും, പൂക്കൾ അർപ്പിക്കും, ആരതി ചൊല്ലും, മണി അടിക്കും. ദൈനംദിന അനുഷ്ഠാനവിധികൾ തീരുമ്പോഴേയ്ക്കും മണി പത്തായിട്ടുണ്ടാകും. അവസാനം അദ്ദേഹം ഭാംഗ് വാറ്റ് അരിച്ചെടുക്കും, പിന്നെ പുറത്തേക്കു വരും. അപ്പോഴേയ്ക്കും അയാളുടെ വാതിൽക്കൽ ഇടപാടുകാർ കാത്തിരിക്കുന്നുണ്ടാകും, അയാളുടെ ഉപാസനയ്ക്കു ലഭിക്കുന്ന ഉടനടി പ്രതിഫലം, കാരണം, ഇതാണ് അയാളുടെ തൊഴിൽ.
ഇന്ന് അയാൾ പ്രാർത്ഥനാമുറിയിൽ നിന്നു പുറത്തു വന്നപ്പോഴേയ്ക്കും തോൽ ഊറയ്ക്കിടൽകാരനായ ചെയ്യുന്ന ദുഖി ഒരു കെട്ടു പുല്ലും കൊണ്ട് വാതിൽക്കൽ ഇരിയ്ക്കുന്നതു കണ്ടത്. അയാളെ കണ്ടതും ദുഖി ചാടിയെഴുന്നേറ്റു, അയാളുടെ മുമ്പിൽ സാഷ്ടാംഗം നമസ്ക്കരിച്ച് തന്റെ വന്ദനം അറിയിച്ചു, പിന്നീടു കൂപ്പുകൈകളോടെ എഴുന്നേറ്റു നിന്നു. തന്റെ മുന്നിൽ കാണുന്ന ഈ ശോഭയുള്ള മുഖം നോക്കി നിന്നപ്പോൾ ദുഖിയുടെ മനസ്സ് അങ്ങേയറ്റത്തെ ആദരത്താൽ നിറഞ്ഞു. എന്തൊരു ദൈവീക പ്രതിരൂപം! ചെറിയ വൃത്തം പോലെ, വണ്ണമുള്ള ശരീരം, തിളങ്ങുന്ന തല, തുടുത്ത കവിളുകൾ, ഉജ്ജ്വല ദൈവീക പ്രകാശം വിതറുന്ന കണ്ണുകൾ! ചന്ദനലേപനവും കുങ്കുമപ്പൊട്ടും അയാളുടെ തേജസ്സു വർദ്ധിപ്പിച്ചു. ദുഖിയുടെ നേർക്കു തിരിഞ്ഞ്, ദീപ്തിമത്തായ മുഖമുള്ള ആ പണ്ഡിറ്റ് ചോദിച്ചു, "നീ എന്താണു വന്നത് ദുഖിയ? "
തല കുനിച്ചു വന്ദിച്ചുകൊണ്ട് ദുഖി പറഞ്ഞു, "അത് എന്റെ മകളുടെ കല്യാണനിശ്ചയം സംബന്ധിച്ചാണ്. ഒരു ശുഭകരമായ സമയവും ദിവസവും അങ്ങു കുറിച്ചു തരണമെന്ന് ആഗ്രഹമുണ്ട്. എപ്പോഴാണ് അവിടുത്തേയ്ക്ക് വരാൻ സൗകര്യമുണ്ടാകുക?"
"ദുഖിയ, എനിക്കിപ്പോൾ ഒഴിവല്ല. വൈകുന്നേരത്തേക്ക് ഞാൻ വരാം."
"നേരത്തെ വരണേ മഹാരാജ്. എല്ലാ കാര്യങ്ങളും ഞാൻ തയ്യാറാക്കി വച്ചിട്ടുണ്ട്. ഈ പുല്ലുകെട്ട് ഞാൻ എവിടെയാണ് വെക്കേണ്ടത്? "
"അതു പശുവിന്റെ മുന്നിൽ ഇട്ടുകൊടുത്തോളൂ. പിന്നെ ചൂലെടുത്ത് മുറ്റം ഒന്നു തൂത്തുവാരിയിട്ടോളൂ. സ്വീകരണമുറി പൂശിയിട്ട് നാളേറെയായി. അത് ചാണകം മെഴുകിയേക്കൂ. അപ്പോഴേയ്ക്കും ഞാൻ ഭക്ഷണം കഴിക്കട്ടെ, പിന്നെ ലേശം വിശ്രമിച്ചിട്ട് വരാം. ആ, പിന്നെ ആ തടിക്കഷണം ചെറിയ കഷണങ്ങളാക്കിയേക്കൂ. പാടത്ത് നാലു കൂന വൈയ്ക്കോലുണ്ട്. അതും കൂടി ചുമന്നുകൊണ്ടു വന്ന് ഇവിടെ വൈയ്ക്കോൽ അറയിൽ ഇട്ടേക്കൂ."
ആജ്ഞകൾ ശിരസാ വഹിക്കാൻ അപ്പോൾ തന്നെ ദുഖി തയ്യാറായി. അയാൾ മുറ്റം തൂത്തു, സ്വീകരണമുറി ചാണകം മെഴുകി. അപ്പോഴേയ്ക്കും തന്നെ ഉച്ചയായി കഴിഞ്ഞിരുന്നു. രാവിലെ മുതൽ തന്നെ ദുഖി യാതൊന്നും കഴിച്ചിട്ടില്ല, അയാൾക്കും വിശപ്പു തോന്നി, പക്ഷേ കഴിക്കാനായി യാതൊന്നും ഉണ്ടായിരുന്നില്ല. അയാളുടെ വീട് ഒരു മൈൽ അപ്പുറമാണ്, അവിടം വരെ പോകാമെന്നു വച്ചാൽ പണ്ഡിറ്റ്ജി ദേഷ്യപ്പെടും. ആ പാവം മനുഷ്യൻ അയാളുടെ വിശപ്പ് അടക്കി, വിറക് കീറാൻ തുടങ്ങി. ആ തായ്ത്തടിയിൽ കനമുള്ള വല്ലാത്തൊരു മുട്ട് ഉണ്ടായിരുന്നു, അത് പുരോഹിതന്റെ അനേകം അനുയായികളെ പരാജയപ്പെടുത്തിയതാണ്, ഇപ്പോൾ അടുത്ത അങ്കംവെട്ടിനു തയ്യാറായിരിക്കയാണ്. പുല്ലു വെട്ടുന്നതിൽ ദുഖി മിടുക്കനായിരുന്നു, പക്ഷേ വിറകു കീറുന്നതിൽ പരിചയം ഉണ്ടായിരുന്നില്ല. പുല്ല് എപ്പോഴും അയാളുടെ മുന്നിൽ തല കുനിച്ചു കൊടുക്കും, പക്ഷേ തന്റെ എല്ലാ ശക്തിയും എടുത്ത് പ്രഹരിച്ചിട്ടും ഒരു തരി പോലും വഴങ്ങാൻ ആ മരമുട്ട് കൂട്ടാക്കിയില്ല. അയാളുടെ കോടാലി വീണ്ടും വീണ്ടും തെന്നിപ്പോകും. അയാൾ അത്യധികമായി വിയർത്ത് ഒഴുകുകയായിരുന്നു. ശ്വാസം കിട്ടാനായി അയാൾ കിതച്ചു, പിന്നെ ലേശം സമയം വിശ്രമിച്ചിട്ട് പിന്നെയും എഴുന്നേറ്റു. കൈകൾ ഉയർത്തുവാൻ അയാൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല, കാലുകൾ കുഴയുകയായിരുന്നു, പുറം നിവരുന്നുണ്ടായിരുന്നുമില്ല. അയാളുടെ കണ്ണുകളിൽ ഇരുട്ട് കയറി, അയാളുടെ തല കറങ്ങി. എന്നിട്ടു പോലും അയാൾ തന്റെ പണി തുടർന്നു.
ഒരു പുകയില ഹുക്ക അയാൾക്കു ശക്തി നൽകിയേക്കും, അയാൾ കരുതി. പക്ഷേ അത് എവിടെ നിന്നു സംഘടിപ്പിക്കും? ഇത് ഒരു ബ്രാഹ്മണ കുടിപാർപ്പാണ്, നമ്മൾ താഴ്ന്ന ജാതിക്കാരെ പോലെ ബ്രാഹ്മണർ പുക വലിയ്ക്കുകയില്ല. അപ്പോൾ അയാൾ ഗോണ്ട് നെ കുറിച്ച് ഓർത്തു. അയാളുടെ കൈയ്യിൽ ഉറപ്പായും പുകയില ഉണ്ടാകും, അയാൾ ഗോണ്ട് ന്റെ വീട്ടിലേക്ക് ഓടി. അയാൾക്കു ഭാഗ്യമുണ്ടായിരുന്നു. ഗോണ്ട് അയാൾക്ക് ഹുക്കാകുഴലും പുകയിലയും നൽകി, പക്ഷേ അതു കൊളുത്താനുള്ള തീ ഉണ്ടായിരുന്നില്ല. ദുഖി വിഷമിച്ചില്ല, തീ പണ്ഡിറ്റ്ജിയുടെ വീട്ടിൽ നിന്ന് കടം വാങ്ങിക്കാം, അവിടെയാകുമ്പോൾ ആഹാരം പാകം ചെയ്യുന്നിടമാണല്ലോ. അയാൾ തിരികെ വന്നു, നേരേ പണ്ഡിറ്റ്ജിയുടെ വീട്ടിൽ ചെന്ന് ചോദിച്ചു, "യജമാനനേ, എനിക്കു ഹുക്കാ കൊളുത്തനായി ലേശം തീ കിട്ടുമോ?"
ആ സമയത്ത് പണ്ഡിറ്റ്ജി ആഹാരം കഴിക്കുകയായിരുന്നു. പുരോഹിതപത്നി ചോദ്യം ചെയ്തു, "ആരാണ് തീ ചോദിക്കുന്നത്?"
"അത് ആ തോൽ ഊറയ്ക്കിടുന്ന ദുഖിയ തന്നെയാണ്. അയാളോടു കുറച്ചു വിറകു വെട്ടാൻ ഞാൻ പറഞ്ഞിട്ടുണ്ട്. അയാൾക്കു കുറച്ചു തീ കൊടുത്തേക്കൂ."
പുരോഹിതപത്നി പുരികങ്ങൾ ചുളിച്ചുകൊണ്ടു പറഞ്ഞു, "അങ്ങ് അങ്ങയുടെ ധർമ്മം മുഴുവനും എറിഞ്ഞുകളഞ്ഞോ? ആർക്കു വേണോ തോന്നും പോലെ കയറി വരാം, അത് ഒരു തോലൂറയക്കിടുന്നവനോ അലക്കുകാരനോ, കള്ളുചെത്തുകാരനോ ആരോ ആയാലും ശരി. ഇത് ഒരു ഹിന്ദു ഭവനമാണോ, അതോ ഒരു ജാട്ട് വീടോ? അയാളോട് ഇവിടെ നിന്നു പുറത്തു പോകാൻ പറയൂ, അല്ലെങ്കിൽ ഈ കത്തുന്ന വിറകുകൊള്ളി വച്ച് ഞാനയാളുടെ മുഖം കരിച്ചു കളയും. തീ ചോദിക്കാൻ അയാൾക്ക് എങ്ങനെ ധൈര്യം വന്നു?"
പണ്ഡിറ്റ്ജി അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. "അവൻ വന്നാൽ എന്താണു കുഴപ്പം? നിന്റെ ഒരു സാധനവും അവൻ മോഷ്ച്ചിട്ടില്ലല്ലോ. അവൻ ഇവിടെ യാതൊന്നും തൊട്ട് അശുദ്ധമാക്കിയിട്ടുമില്ല. അവൻ നമുക്കു വേണ്ടി പണിയെടുക്കുകയും ചെയ്യുന്നു. ഞാനിപ്പോൾ ഇതു ചെയ്യാനായി ഒരു വിറകു വെട്ടിയെ വിളിച്ചിരുന്നെങ്കിൽ, ഏറ്റവും ചുരുങ്ങിയത് അതിന് നാലണയെങ്കിലും കൂലി കൊടുക്കേണ്ടി വന്നേനേ."
പുരോഹിതപത്നി ഗർജ്ജിച്ചു, "അവൻ എന്തിനാണ് വീട്ടിൽ കയറിയത്?"
പണ്ഡിറ്റ്ജിക്കു ശുണ്ഠി പിടിച്ചു, "അത് ആ കൊടിച്ചിപ്പട്ടിയുടെ മോന്റെ കഷ്ടകാലം, അല്ലാണ്ടെന്താ!"
പുരോഹിതപത്നി പറഞ്ഞു, "ശരി, ഇപ്പോൾ ഞാൻ തീ കൊടുക്കാം. പക്ഷേ ഇനിയും അയാൾ ഇതേപോലെ വീണ്ടും വീട്ടിൽ കയറിയാലുണ്ടല്ലോ, ഞാൻ അവന്റെ മുഖം പൊള്ളിക്കും."
ദുഖിയ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. താൻ വന്നു പോയല്ലോ എന്ന് അയാൾ പശ്ചാത്തപിച്ചു. പുരോഹിതപത്നിയാണ് ശരി. ഒരു തോൽ ഊറയ്ക്കിടുന്നവന് എങ്ങനെ ഒരു ബ്രാഹ്മണ ഭവനത്തിൽ പ്രവേശിക്കാനാകും! അത്ര പരിശുദ്ധരാണ്, ഈ ആളുകൾ. അതുകൊണ്ടാണ് ലോകം അവരെ ആരാധിക്കുന്നത്. അതുകൊണ്ടാണ് അവർ ഇത്രയേറെ ബഹുമാനിക്കപ്പെടുന്നത്. അവർ തോൽ ഊറയ്ക്കിടുന്നവരല്ല. ഒരു വെറും തോൽ ഊറയക്കിടുന്നവൻ യാതൊന്നുമല്ല താനും. ഞാൻ ഇതൊന്നും മനസ്സിലാക്കാതെയാണ് ഈ പൊട്ട ഗ്രാമത്തിൽ വളർന്നു വന്നത്, എനിക്ക് അത്രയ്ക്കു ബോധവും ഉണ്ടായില്ല.
പുരോഹിതപത്നി പുറത്തു വന്നപ്പോൾ താൻ സ്വർഗ്ഗത്തിലാണ് എന്നു അയാൾക്കു തോന്നി. അയാൾ ഇരുകൈകളും കൂപ്പി തല കുനിച്ച് ശിരസ്സു ഭൂമിയിൽ തൊട്ട് വന്ദിച്ചുകൊണ്ടു പറഞ്ഞു, "ഓ, പണ്ഡിതായിൻ, അമ്മേ, വീട്ടിൽ കയറുന്നതു വഴി ഞാൻ ഒരു വലിയ തെറ്റാണു ചെയ്തത്. എന്റെ അപരാധങ്ങൾ കൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും പരീക്ഷിക്കപ്പെടുന്നത്."
പുരോഹിതപത്നി കൊടിലിൽ പിടിച്ച് തീ
കത്തുന്ന ഒരു കഷണം തടി കൊണ്ടുവന്നിരുന്നു. അത് അവർ അകലെ നിന്ന് ദുഖിയുടെ നേർക്ക്
എറിഞ്ഞു. അതിൽ നിന്ന് ഒരു തരി കനൽ അയാളുടെ തലയിൽ പതിച്ചു, അത്
അയാൾ കുലുക്കി കളയാൻ തുടങ്ങി. ഇതാണ് ദൈവശിക്ഷ, ഒരു
ബ്രാഹ്മണഗ്രഹം മലിനമാക്കിയതിനുള്ളത്, അയാൾ
ചിന്തിച്ചു. ദൈവം അത് ഇത്ര വേഗം അയച്ചല്ലോ. ഇതുകൊണ്ടാണ് ലോകത്തിന് ബ്രാഹ്മണരെ
പേടിയുള്ളത്. ആരെ വേണമെങ്കിലും പണത്തിന്റെ കാര്യത്തിൽ ചതിച്ചോളൂ. പക്ഷേ ഒരു
ബ്രാഹ്മണനെ ചതിയ്ക്കാൻ ഒന്നു ശ്രമിച്ചു നോക്കൂ! അപ്പോഴറിയാം. നിങ്ങൾ
നശിപ്പിക്കപ്പെട്ടിരിക്കും. നിങ്ങളുടെ പാദങ്ങൾ അഴുകാൻ തുടങ്ങും, പിന്നെ അറ്റു വീഴുകയും ചെയ്യും.
അയാൾ പുറത്തു വന്നു ഹുക്കാ വലിച്ചു, പിന്നെ വീണ്ടും കോടാലി പ്രവർത്തിപ്പിക്കാൻ തുടങ്ങി. യജമാനത്തി കോടാലിയുടെ ഭുട്-ഭുട് ശബ്ദം കേട്ടു. കത്തുന്ന വിറകുകൊള്ളി ദുഖിയുടെ നേർക്ക് എറിഞ്ഞത് കുറച്ചു നിർദ്ദയമായിപ്പോയി എന്നു തിരിച്ചറിഞ്ഞ അവർ ലേശം മയപ്പെട്ടു. പണ്ഡിറ്റിജ് ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അവർ പറഞ്ഞു, "ആ തോൽ ഊറയ്ക്കിടുന്നവനു കഴിക്കാൻ എന്തെങ്കിലും കൊടുത്തേക്കൂ. വളരെ നേരമായി അയാൾ പണിയെടുക്കുന്നല്ലോ. തീർച്ചയായും വിശക്കുന്നുണ്ടാകും."
ഈ അഭിപ്രായം അപ്രായോഗികം എന്നു വിലയിരുത്തിക്കൊണ്ട് പണ്ഡിറ്റ്ജി പറഞ്ഞു, "നിനക്ക് റോട്ടികൾ അധികമുണ്ടോ?"
"വളരെ കുറച്ച്, " അവർ പറഞ്ഞു.
"കുറച്ചുകൊണ്ട് ഒന്നുമാവില്ല. അവൻ തോൽ ഊറയ്ക്കിടുന്നവനാണ്, ചുരുങ്ങിയത് ഒരു സേർ മാവെങ്കിലും അകത്താക്കും."
"ഓ, ദൈവമേ, ഒരു സേർ! പിന്നെ, അതു വിട്ടേക്കൂ."
ഇപ്പോൾ പണ്ഡിറ്റ്ജി ഗംഭീരഭാവത്തിലായി, "നിനക്ക് കുറച്ച് തവിടുണ്ടെങ്കിൽ, അത് കുറച്ചു മാവുമായി ചേർത്തു കുഴച്ച്, രണ്ടു കനം കൂടിയ റോട്ടികൾ ഉണ്ടാക്കൂ. അത് അവന്റെ വയറു നിറയക്കും. ഗോമ്പുമാവു കൊണ്ടുണ്ടാക്കിയ കനം കുറഞ്ഞ റോട്ടി അവരുടെ വയറ് അങ്ങനെ നിറയക്കില്ല. ഈ ഹിനജോലിക്കാർക്ക് ബാർലിയിൽ നിന്നുണ്ടാക്കുന്ന കനം കൂടിയവ തന്നെ വേണ്ടി വരും."
"എന്നാൽ പിന്നെ അതു വിട്ടേക്കൂ. ഈ വെയിലത്ത് ആരെക്കൊണ്ട് ഇനി ഉണ്ടാക്കാനാകും? " പണ്ഡിറ്റ്ജിയുടെ ഭാര്യ പറഞ്ഞു.
3
ഹുക്കാ പുകച്ചു കഴിഞ്ഞ് ദുഖി കോടാലികൊണ്ടുള്ള പ്രവർത്തനം പിന്നെയും തുടങ്ങി. വിശ്രമം അയാളുടെ കുറച്ചു ശക്തി തിരികെ കൊണ്ടുവന്നു. വീണ്ടും അരമണിക്കൂർ കൂടി അയാൾ കോടാലി പ്രവർത്തനം തുടർന്നു, പിന്നെ കൈകൾ തലയിൽ താങ്ങിവച്ച് ശ്വാസം കിട്ടാതെ അണച്ചുകൊണ്ട് നിലത്തിരുന്നു. ഇതിനിടയ്ക്ക് ഗോണ്ട് അവിടെയെത്തി. അയാൾ പറഞ്ഞു,
"നിങ്ങൾ എന്തിനാണ് നിങ്ങളെത്തന്നെ ഇങ്ങനെ കൊല്ലുന്നത്, ഹേ,കിളവാ? ഈ മുട്ട് പൊട്ടാൻ പോകുന്നില്ല. നടക്കാത്ത കാര്യത്തിനു വേണ്ടി നിങ്ങൾ നിങ്ങളെ തന്നെ നഷ്ടപ്പെടുത്തുകയാണ്. "
ദുഖി നെറ്റിയിലെ വിയർപ്പ് വടിച്ചു കളഞ്ഞു, പിന്നെ ഇങ്ങനെ പറഞ്ഞു, "എനിക്ക് ഒരു വണ്ടി നിറയെ വൈയ്ക്കോൽ കൂടി കൊണ്ടുവരേണ്ടതുണ്ട്. "
"അവർ നിങ്ങൾക്ക് എന്തെങ്കിലും തിന്നാൻ തന്നോ? ജോലി ഊറ്റിയെടുക്കേണ്ടത് എങ്ങനെയാണ് എന്ന് അവർക്കറിയാം. നിങ്ങക്കങ്ങോട്ടു പോയി ആഹാരം ചോദിച്ചാലെന്താ? " ഗോണ്ട് ചോദിച്ചു.
"ചിക്കുരി, നീയെന്താണീ പറയുന്നത്? ഒരു ബ്രാഹ്മണന്റെ ആഹാരം ദഹിപ്പിക്കാൻ എനിക്കു കഴിയുമോ?"
"ഉവ്വ്, അതു നിങ്ങൾക്കു കഴിയും, പക്ഷേ അതിന് ആദ്യം നിങ്ങൾക്ക് ആഹാരം കിട്ടണം. നിങ്ങൾക്കു വിറകു വെട്ടാൻ ആജ്ഞ നൽകിയിട്ട്, അയാൾ അയാളുടെ കുമ്പ നിറച്ച്, ഇപ്പോൾ ശാന്തമായി ഉറങ്ങുകയായിരിക്കണം. നമ്മുടെ ഭൂവുടമ ഒന്നുമില്ലെങ്കിലും നമുക്കു കഴിക്കാൻ വല്ലതും തരികയെങ്കിലും ചെയ്യും. ഓഫീസർ നിങ്ങളെ കൊണ്ടു പണിയെടുപ്പിക്കും, എന്നാലും അയാളും എന്തെങ്കിലും പ്രതിഫലം തരും. ഈ മനുഷ്യർ പക്ഷേ അതിന്റെ പരിധിയെല്ലാം തകർത്തു കളഞ്ഞു, എന്നിട്ട് അവർ അവരെ സ്വയം വിളിക്കുന്നത് ദൈവത്തിന്റെ പുരുഷന്മാരെന്നുമാണ്!"
"ഇങ്ങനെ ഒച്ചയിടാതെ പൊന്നു സഹോദരാ. ഇതെല്ലാം കേട്ടാൽ അദ്ദേഹം പൊട്ടിത്തെറിക്കും."
ദുഖി എഴുന്നേറ്റു നിന്നു വീണ്ടും തായ്ത്തടിയെ ആക്രമിക്കാൻ തുടങ്ങി. ചിക്കുരിക്ക് അയാളോട് ദയവു തോന്നി. അയാൾ ദുഖിയുടെ കൈയ്യിൽ നിന്നും കോടാലി തട്ടിപ്പറിച്ചെടുത്ത്, സർവ്വശക്തിയുമെടുത്ത് അരമണിക്കൂർ അതു കൊണ്ടു ജോലി ചെയ്തു, പക്ഷേ ആ മരമുട്ട് എന്നിട്ടും തെല്ലും വഴങ്ങാൻ കൂട്ടാക്കിയില്ല. പിന്നെ അയാൾ കോടാലി എറിഞ്ഞു കളഞ്ഞു, "ഈ മുട്ട് പൊട്ടാൻ പോകുന്നില്ല, അതു ചെയ്തുചെയ്തു നിങ്ങൾ ചത്തു പോയാലും കൂടി, " എന്നു പറഞ്ഞുകൊണ്ട് അയാൾ നടന്നകന്നു പോയി.
പിളരാൻ മടിക്കുന്ന ഈ മരമുട്ട് ബാബാ സൂക്ഷിച്ചിരിക്കുന്നത് എന്തുകൊണ്ടായിരിക്കും എന്നു ദുഖി ആലോചിച്ചു. എത്ര സമയം ഇതു തുടരും? വീട്ടിൽ ചെയ്യാനായിട്ട് എനിക്ക് ഒരു നൂറുകൂട്ടം പണിയുണ്ട്. ഞങ്ങൾ ഞങ്ങളുടെ മകളുടെ കല്യാണത്തിനു തയ്യാറെടുക്കുകയാണ്. ചെയ്യാൻ ഒരു പിടിയുണ്ട് കാര്യങ്ങൾ. പക്ഷേ അതെ കുറിച്ച് ഈ മനുഷ്യന് ശ്രദ്ധിക്കേണ്ട കാര്യമെന്ത്? ഞാൻ പോയി വൈയ്ക്കോലു കൊണ്ടുവരാം. ആ തടി കീറാൻ സാധിച്ചില്ല, നാളെ വന്നു ചെയ്യാം എന്ന് അയാളോടു പറയാം.
അയാൾ ചാക്കെടുത്ത് വൈയ്ക്കോൽ കൊണ്ടുവരാനായി പോയി. കഷ്ടിച്ച് രണ്ടു ഫർലോംഗ് ദുരമേ പാടത്തേയ്ക്ക് ഉണ്ടായിരുന്നുള്ളു, ചാക്കു മുഴുവൻ അയാൾ നിറച്ചാൽ, അയാൾക്ക് പണി പെട്ടെന്നു തീർക്കാൻ കഴിയുമായിരുന്നു, പക്ഷേ അപ്പോൾ അത് അയാൾക്കു ചുമന്നുകൊണ്ടുവരാൻ സാധിച്ചെന്നു വരില്ല. അതുകൊണ്ട് അയാൾ അരച്ചാക്കേ നിറച്ചുള്ളു, നാലുമണിയോടെ മുഴുവൻ ചുമടും കുറേശ്ശെയായി കൊണ്ടുവന്ന് അവിടെയത്തിക്കാനും അയാൾക്കു കഴിഞ്ഞു.
ഈ സമയമായപ്പോഴേയ്ക്കും പണ്ഡിറ്റ്ജി ഉണർന്നു. അയാൾ മുഖം കഴുകി, വായിലേക്ക് മുറുക്കാൻ വച്ചു, പുറത്തു വന്നു. മുഖത്തു ചാക്കും വച്ചുകൊണ്ട് ദുഖി ഉറങ്ങുന്നത് അയാളുടെ കണ്ണിൽ പെട്ടു. അയാൾ ഒച്ചവെച്ചു, "എടാ ദുഖിയ, നീ ഉറങ്ങുന്നോ. മരക്കഷണം ഇപ്പോഴും മുറിയാതെ കിടക്കയാണല്ലോ. നീ ഇത്രനേരം എന്തു ചെയ്യുകയായിരുന്നു? ഒരു പിടി വൈയ്ക്കോലു വലിച്ചുകൊണ്ടുവന്നു നീ ഉള്ള സമയം മുഴുവൻ പാഴാക്കി. അതും പോരാതെ ഇതാ ഉറങ്ങുകയും ചെയ്യുന്നു. വേഗം എണീക്ക്, കോടാലിയെടുത്ത് തടി കീറ്. കല്യാണനിശ്ചയത്തിനു ശുഭസമയം കുറിയ്ക്കാൻ ഞാൻ നിന്റെ രീതി തന്നെ പിന്തുടരുകയാണെങ്കിൽ എന്നെ പഴിക്കരുത്. ഒരു ഹീനജോലിക്കാരന് വീട്ടിൽ ഭക്ഷണം ഉണ്ടെങ്കിൽ അവൻ ഒരു സൂത്രക്കാരനായി മാറും എന്ന് ആളുകൾ പറയുന്നത് ശരിയാണ്."
ദുഖി കോടാലി വീണ്ടം എടുത്തു. അയാൾ സകലതും മറന്നു. അയാളുടെ വയർ ഒട്ടിയൊട്ടി അയാളുടെ പുറത്തേക്ക് തൊടാറായി. ആ മുഴുവൻ ദിവസവും അയാൾ യാതൊന്നും കഴിച്ചിരുന്നില്ല, കാരണം അയാൾക്ക് അതിനുള്ള സമയം കിട്ടിയില്ല. അയാൾക്ക് എഴുന്നേൽക്കാനുള്ള ശക്തി ഉണ്ടായില്ല, എന്നിട്ടും അയാൾ തന്നോടു തന്നെ തർക്കിച്ചുകൊണ്ടിരുന്നു: അയാൾ ഒരു ബ്രാഹ്മണനാണ്, അയാൾ ഒരു അശുഭദിവസം കുറിച്ചു തന്നാൽ സകലതും നശിക്കും. അതുകൊണ്ടാണ് ആളുകൾ അയാളെ ബഹുമാനിക്കുന്നത്. സകലതും അയാളെ ആശ്രയിച്ചാണിരിക്കുന്നത്.
പണ്ഡിറ്റ്ജി അയാളുടെ അടുത്തെത്തി,അയാളെ പ്രോത്സാഹിപ്പിച്ചു: "വേഗമാകട്ടെ, ആഞ്ഞു വെട്ടൂ, ഇനിയും ആഞ്ഞ്....നിന്റെ കൈകൾക്കെന്താ ശക്തിയില്ലേ? ആഞ്ഞു നല്ല ശക്തിയിൽ വെട്ടൂ. നീ എന്താണ് ആലോചിക്കുന്നത്? അത് ഏതാണ്ടു പൊട്ടാറായി. ആ വിടവിൽ വെട്ടൂ."
ദുഖി ഇപ്പോൾ ബോധം നശിച്ച മട്ടിലായി. എന്തു വിചിത്രമായ ശക്തിയാണ് അയാളെ മുന്നോട്ടു നയിക്കുന്നത് എന്ന് അയാൾ അറിഞ്ഞില്ല. ശക്തിക്ഷയം, തളർച്ച, വിശപ്പ് - എല്ലാം ഇല്ലാതായി. തന്റെ ശക്തിയിൽ ഇപ്പോൾ അയാൾ തന്നെ അത്ഭുതപ്പെട്ടു. അയാളുടെ ഓരോ അടിയും മിന്നൽപ്പിണർ പോലെ വന്നു വീഴുകയായിരുന്നു. അയാൾ അരമണിക്കൂറോളം വെട്ടുന്നത് തുടർന്നു, അപ്പോൾ മുട്ട് ഏതാണ്ടു കീഴടങ്ങി, കോടാലി അയാളുടെ കൈകളിൽ നിന്നു തെറിച്ചു പോയി. അയാളുടെ തല കറങ്ങി, അയാളും വീണു പോയി. വിശന്ന, ദാഹിച്ച, തളർന്ന ശരീരം അവസാനം കീഴടങ്ങി.
പണ്ഡിറ്റ്ജി ബഹളം വച്ചു," എഴുന്നേൽക്കൂ, കോടാലിയുടെ കുറച്ചു വെട്ടുകൾ കൂടിയേ വേണ്ടൂ. തായ്ത്തടി ചെറിയ കഷണങ്ങളാക്കൂ." പക്ഷേ ദുഖി എഴുന്നേറ്റില്ല. പണ്ഡിറ്റ്ജി അയാളെ കൂടുതൽ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിച്ചില്ല. അയാൾ അകത്തു പോയി ഭാംഗ് തയ്യാറാക്കി, പ്രകൃതിയുടെ വിളിക്ക് ഉത്തരം നൽകി, കുളിച്ചു, പണ്ഡിറ്റിന്റെ വേഷം ധരിച്ചു, പുറത്തു വന്നു. അപ്പോഴും ദുഖി തറയിൽ കിടക്കുകയായിരുന്നു. അയാൾ ഉറക്കെ ഒച്ചവച്ചു. " ഓ, നീ അവിടെത്തന്നെ കിടക്കാൻ തീരുമാനിച്ചോ? എഴുന്നേൽക്കൂ. ഞാൻ നിന്റെ വീട്ടിലേക്കു പോകയാണ്. എല്ലാം തയ്യാറായിട്ടുണ്ടോ?" പക്ഷേ ദുഖി എന്നിട്ടും എഴുന്നേറ്റില്ല.
ഇപ്പോൾ പണ്ഡിറ്റ്ജി ആശങ്കാകുലനായി. അയാൾ കൂടുതൽ അടുത്തു പോയി, ദുഖിയുടെ ശരീരം വഴങ്ങാത്ത മട്ടിലായിരിക്കുന്നു എന്ന് അയാൾ കണ്ടു. ഞെട്ടിപ്പോയ അയാൾ ഭാര്യയുടെ അടുത്തേക്ക് ഓടിപ്പോയി, "ദുഖി ചത്തെന്നാണ് തോന്നുന്നത്."
അവർ ഭയന്നു പോയി, "പക്ഷേ അയാൾ, ഇപ്പോൾ പോലും വിറകു കീറുന്നുണ്ടായിരുന്നല്ലോ. "
" ആ ശരിയാണ്. വെട്ടിക്കൊണ്ടിരുന്നതിനിടയിലാണ് അവൻ ചത്തത്. ഇനിയിപ്പോൾ നമ്മൾ എന്തു ചെയ്യും?"
ശാന്തമായ ശബ്ദത്തിൽ പുരോഹിതപത്നി പറഞ്ഞു, "ഒന്നും വേണ്ട. തോൽ ഊറയ്ക്കിടുകാരുടെ അടുത്തേക്ക് ഒരു സന്ദേശം എത്തിക്കൂ. അവർ വന്ന് ശരീരം കൊണ്ടുപൊയ്ക്കൊള്ളും."
അതിവേഗം വാർത്ത ഗ്രാമത്തിൽ പരന്നു. ഗ്രാമം ബ്രാഹ്മണരുടേതാണ്, ഗോണ്ടുകളുടെ വീട് ഒഴികെ. ആളുകൾ ആ വഴി ഉപോയഗിക്കുന്നത് നിർത്തി. ഗ്രാമക്കിണറിലേക്കുള്ള വഴി ഇതായിരുന്നു. പക്ഷേ അവർ എങ്ങനെ വെള്ളം കോരും? ഒരു തോലൂറയ്ക്കിടുന്നവന്റെ മൃതശരീരം കടന്ന് ആരാണ് കിണറ്റിൻകരയിലേക്കു പോകുക? ഒരു പ്രായമായ സ്ത്രീ പണ്ഡിറ്റ്ജിയോടു പറഞ്ഞു, "നിങ്ങൾക്ക് ആ ശവശരീരം എറിഞ്ഞു കളഞ്ഞൂടെ? നമ്മൾ എങ്ങനെ വെള്ളം കുടിക്കും?"
മറുവശത്ത് ഗോണ്ട് തോൽ ഊറയ്ക്കിടുന്നവരോട് മൃതശരീരത്തിൽ തൊട്ടു പോകരുത് എന്നു മുന്നറിയപ്പു നൽകി. " പൊലീസിന് അന്വേഷണം നടത്തേണ്ടതാണ്," അയാൾ പറഞ്ഞു. " അത് ഒരു തമാശയല്ല. അയാൾ ഒരു പാവപ്പെട്ട മനുഷ്യനെ കൊന്നു കളഞ്ഞിരിക്കുന്നു. അയാൾ ഒരു ബ്രാഹ്മണനായിരിക്കാം. ആ ശവശരീരത്തിൽ തൊട്ടാൽ നിങ്ങൾ ബുദ്ധിമുട്ടിലാകും."
പണ്ഡിറ്റ്ജി തോൽ ഊറയ്ക്കിടുന്നവരുടെ കുടിപാർപ്പിൽ എത്തി, പക്ഷേ ഒരൊറ്റ ആളും ശവശരീരം ചുമക്കാൻ തയ്യാറായില്ല. ദുഖിയുടെ ഭാര്യയും മോളും കരഞ്ഞുകൊണ്ട് പണ്ഡിറ്റ്ജിയിടെ പടിക്കൽ എത്തി, അവർ സ്വന്തം തലയ്ക്കിട്ട് ഇടിക്കാൻ തുടങ്ങി. അവരുടെ കൂട്ടത്തിലെ കുറേയധികം സ്ത്രീകൾ അവരെ അനുഗമിച്ചു. ഏതാനും പേർ കരഞ്ഞു, വേറേ കുറേ പേർ സമാശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ തോലുറയ്ക്കിടുന്നവരുടെ കൂട്ടത്തിലെ ഒരു പുരുഷൻ പോലും അവിടെ വന്നില്ല. പണ്ഡിറ്റ്ജി ഭീഷണിപ്പെടുത്തി, തർക്കിച്ചു, യാചിച്ചു, പക്ഷേ അവർക്ക് പൊലീസിനെ പേടിയായിരുന്നു, അതുകൊണ്ട് ആരും സമ്മതിച്ചില്ല. അവസാനം അയാൾ ശ്രമം ഉപേക്ഷിച്ചു വീട്ടിൽ മടങ്ങി വന്നു.
4
പാതിരാത്രി വരെ സ്ത്രീകൾ കരഞ്ഞു കൊണ്ടും വിലപിച്ചുകൊണ്ടും ഇരുന്നു. ദൈവങ്ങൾക്ക് ഉറങ്ങാൻ ബുദ്ധിമുട്ടായി തീർന്നു. എന്നിട്ടും ഒരു തോൽ ഊറയ്ക്കിടുന്നയാൾ പോലും ശവശരീരം ചുമന്നു കൊണ്ടു പോകുവാനായി വന്നില്ല. ഒരു ഹീനജാതിക്കാരന്റെ ശവശരീരം എങ്ങനെയാണ് ഒരു ബ്രാഹ്മണൻ സ്പർശിക്കുക! ശാസ്ത്രങ്ങളും പുരാണങ്ങളും അതു വിലക്കിയിട്ടുണ്ട്.
പുരോഹിതപത്നി ഉഗ്രകോപത്തിൽ പറഞ്ഞു, "ഈ പെൺചെകുത്താന്മാർ നമ്മുടെ തലകൾ തിന്നുകളഞ്ഞല്ലോ. അവറ്റയുടെ തൊണ്ട ഒട്ടു വരണ്ടു പോകയുമില്ല."
പണ്ഡിറ്റ്ജി പറഞ്ഞു, "അവർ കരയട്ടെ, ഈ പിശാചിനികൾ. എത്ര നേരം ഇതു തുടരും! അവൻ ജീവിച്ചിരുന്നപ്പോൾ ആരും ശ്രദ്ധിച്ചതേയില്ല. ഇപ്പോൾ അവൻ മരിച്ചപ്പോൾ ഒച്ചപ്പാടു വയ്ക്കാൻ ഇവിടെ വന്നിരിക്കുന്നു."
പുരോഹിതപത്നി പറഞ്ഞു, "ഒരു തോലൂറയ്ക്കിടുന്നവന്റെ കരച്ചിൽ ഒട്ടും ശുഭകരമല്ല."
"അതെ തീർച്ചയായിട്ടും അത് അശുഭകരമാണ് ."
"ശരീരം നാറ്റം വമിപ്പിച്ചു തുടങ്ങിയല്ലോ."
"അവൻ ഒരു തോൽ ഊറയ്ക്കിടുന്നവൻ തന്നെയാണോന്നാണ് എന്റെ സംശയം. ഇവറ്റയ്ക്ക് എന്താണ് കഴിക്കാവുന്നത് എന്താണ് കഴിക്കാൻ പാടില്ലാത്തത് എന്നതു തമ്മിൽ യാതൊരു വ്യത്യസവുമില്ല "
" അവറ്റയക്ക് ഒരു അറപ്പു പോലും തോന്നില്ല."
"അവരെല്ലാം അശുദ്ധരാണ്."
രാത്രി കടന്നു പോയി, പക്ഷേ പിറ്റേന്നു കാലത്തും തോലൂറയ്ക്കിടുന്ന ഒരാൾ പോലും വന്നില്ല. അവരുടെ സ്ത്രീകൾ എല്ലാവരും കരച്ചിലും പതം പറച്ചിലും മതിയാക്കി പിരിഞ്ഞു പോയിരുന്നു. ദുർഗന്ധം വല്ലാതെ വ്യാപിക്കാൻ തുടങ്ങി. പണ്ഡിറ്റ്ജി ഒരു കയർ എടുത്തു, ഒരറ്റത്ത് ഒരു കുടുക്കുണ്ടാക്കി, അത് മൃതദേഹത്തിന്റെ കാലുകളിൽ ചുറ്റി, അതു മുറുകാനായി ഇറുക്കി വലിച്ചു. അപ്പോഴും ഇരുട്ടായിരുന്നു. പണ്ഡിറ്റ്ജി കയറിന്റെ മറ്റേയററം പിടിച്ച് അത് സ്വയം ഗ്രാമത്തിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടു പോയി. പിന്നെ അയാൾ മടങ്ങി വീട്ടിലെത്തി, കുളിച്ചു, ദുർഗ്ഗാദവേിയുടെ പ്രാർത്ഥനകൾ ചൊല്ലി, വീടു മുഴുവൻ ഗംഗാജലം തളിച്ചു.
അങ്ങു ദൂരെ പാടങ്ങളിൽ ചെന്നായ്ക്കളും കഴുകന്മാരും നായ്ക്കളും കാക്കകളും ദുഖിയുടെ ശവശരീരം കൊത്തിക്കീറുകയായിരുന്നു. ഒരു ജീവിതകാലം മുഴുവനും കൊണ്ടുനടന്ന ഉപാസനയുടേയും സേവനത്തിന്റേയും ദൃഢചിത്തതയുടേയും പാരിതോഷികമായിരുന്നു ഇത്.
(ഹിന്ദി, പ്രേംകുഞ്ജ് എന്ന കഥാസമാഹാരം)
Ref: 1. https://litpile.wordpress.com/2017/07/31/the-deliverance-a-story-by-munshi-premchand/
2. https://fliphtml5.com/fiiyj/kuji/basic
കുറിപ്പുകൾ:
1.ദുഖി (ദുഃഖിക്കുന്നവൻ) മുതലായ പേരുകൾ
തങ്ങളുടെ മക്കൾക്ക് ഇടുന്നത് അന്നത്തെ താഴ്ന്ന ജാതിക്കാർ- ഇങ്ങനെ പറയേണ്ടി
വരുന്നതിൽ വിഷമമുണ്ട്, പക്ഷേ ഈ കഥ പറയുമ്പോൾ അതു പറയാതെ
വയ്യല്ലോ - എന്നു നിർവ്വചിക്കപ്പെട്ടവരുടെ രീതിയായിരുന്നു. തങ്ങളുടെ മക്കളെ അത്തരം
ആപത്തുകളിൽ നിന്നു എന്നത്തേക്കും രക്ഷിക്കാനായാട്ടാണ് -നമ്മൾ കണ്ണു തട്ടാതിരിക്കാൻ
എന്നു പറയുന്നതു പോലെ - അത്തരം പേരുകൾ നൽകി വന്നിരുന്നത്. ദുഖി വരുന്നത് ചത്ത
മൃഗങ്ങളെ നീക്കം ചെയ്യുകയും അവയുടെ തോൽ നീക്കം ചെയ്ത് അത് ഊറയ്ക്കിടുകയും
ചെയ്യുന്ന ചമാരന്മാർ (ചമാരിൻ, സ്ത്രീലിംഗം) എന്ന സമുദായത്തിൽ നിന്നാണ്.
2. ഗോണ്ടുകൾ: ഒറീസ്സ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവടങ്ങളിൽ അധികമായി കാണപ്പെടുന്ന കാർഷിക ഗോത്രക്കാരാണ് ഇവർ. ഇതിലെ ചിക്കുരി ഒരു ഗോണ്ട് ആണ്.
3. ഭാംഗ്: ചണച്ചെടിയുടെ ഇലകളിൽ
നിന്നുണ്ടാക്കുന്ന ഒരു മയക്കുമരുന്ന് പാനീയം.
4.പണ്ഡിതായിൻ: പുരോഹിതപത്നി