Wednesday, September 13, 2023

താക്കൂറിന്‍റെ വീട്ടിലെ കിണര്‍


01/02

"അയ്യേ, ഇതെന്തൊരു അഴുക്കു മണമുള്ള വെള്ളമാണ് നീ ഈ കൊണ്ടുവന്നിരിക്കുന്നത് ഗംഗി? മൊന്ത ചുണ്ടുകളുടെ അടുത്തേക്ക് ഉയർത്തിക്കൊണ്ട് ജോക്കു ഭാര്യയോടു ചോദിച്ചു. അതിനു വല്ലാത്ത ഉളുമ്പു നാറ്റമാണ്, എനിക്ക് അതു കുടിക്കാനേ വയ്യ, ഓ, എന്റെ തൊണ്ട വറ്റി വരളുന്നല്ലോ. "
എല്ലാ ദിവസവും ഗംഗി പാത്രങ്ങളിലെല്ലാം വെള്ളം നിറച്ചു വയ്ക്കാറുണ്ട്. കിണർ വളരെ അകലെയാണ്, അവിടെ കൂടെക്കൂടെ പോകുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇന്നലെ രാത്രി അതിൽ നിന്നു വെള്ളം കോരിയപ്പോൾ അതിനു മണമൊന്നും ഉണ്ടായിരുന്നില്ല. ഇതെവിടുന്നാണ് ഇപ്പോൾ ഈ വാട വന്നിരിക്കുന്നത്? ഇനിയിപ്പോൾ ഏതെങ്കിലും ജീവി കിണറ്റിൽ വീണ് അവിടെ കിടന്ന് ചത്ത് അഴുകിപ്പോയി കാണുമോ?
സാഹു എന്ന പണമിടപാടുകാരന്റെ വീട്ടിലെ കിണർ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തായിരുന്നു. പക്ഷേ ആരാണ് അവിടുന്നു വെള്ളം എടുക്കാൻ അവളെ അനുവദിക്കുക? ദിവസങ്ങളായി അസുഖബാധിതനായി കിടക്കുന്ന ജോക്കുവിന് വല്ലാത്ത അസ്വസ്ഥത തോന്നാൻ തുടങ്ങി. അയാളുടെ തൊണ്ട വരണ്ടു പോയിരുന്നു, ദാഹം കൊണ്ട് ഏതാണ്ട് മരിക്കാറായ മട്ടായിരുന്നു.
"ഗംഗി, നീ ഇവിടെയുള്ള വെള്ളം കുറച്ചു തരൂ, ഞാൻ മൂക്കു പൊത്തി അതിൽ നിന്നു കുറച്ചു കുടിച്ച് ദാഹമകറ്റാൻ നോക്കട്ടെ. "
"നാറ്റമുള്ള വെള്ളം നിങ്ങൾ എങ്ങനെ കുടിക്കും? ഞാൻ ഗ്രാമക്കിണറു വരെ ഒന്ന് ഓടിപ്പോയി നിങ്ങൾക്കു നല്ല വെള്ളം കൊണ്ടുവരാം. "
ജോക്കു അത്ഭുതത്തോടെ അവളെ നോക്കി. "നീ എവിടെ നിന്ന് നല്ല വെള്ളം കൊണ്ടുവരും? "
"രണ്ടു കിണറുണ്ടല്ലോ, ഒന്ന് ആ ജന്മി താക്കൂറിന്റെ വീട്ടിൽ, പിന്നൊന്ന് ആ പലിശക്കാരൻ സാഹുവിന്റെ വീട്ടിൽ. ഒരു കുടം വെള്ളം എങ്കിലും അയാൾ എനിക്കു തരാതിരിക്കുമോ? "
"എടുത്തു ചാടി ഒന്നും ചെയ്യല്ലേ, ആ ബ്രാഹ്മണർ നിന്നെ ശപിക്കും. താക്കൂർ അയാളുടെ ആ നീണ്ട വടി വച്ച് നിന്നെ തല്ലും. സാഹു നിന്റെ കടം അഞ്ചിരട്ടയാക്കും, നിന്റെ എല്ലുകൾ കഷണങ്ങളാക്കും. പാവങ്ങളുടെ വേദന ആർക്കു മനസ്സിലാവാനാണ്? "
ഗംഗിക്ക് ജോക്കുവിന്റെ ഈ ന്യായങ്ങൾക്കു യാതൊരു മറുപടിയുമുണ്ടായിരുന്നില്ല. അതേ സമയം അവൾ ആ ദുർഗന്ധമുള്ള ജലം കുടിക്കാൻ അയാളെ ഒട്ടനുവദിച്ചതുമില്ല.
രാത്രി 9 മണിയായിരുന്നു. തളർന്നവശരായ തൊഴിലാളികൾ മിയ്ക്കവരും കിടന്നു കഴിഞ്ഞിരുന്നു. ചില അലസരായ മനുഷ്യർ താക്കൂറിന്റെ മുറ്റത്ത് ഉണ്ടായിരുന്നു. കോടതിയിൽ വച്ച് അവർ ചെയ്ത ധീരകൃത്യങ്ങളെ കുറിച്ച്, പോലീസ് ഇൻസ്‌പെക്ടർക്കു കൈക്കൂലി കൊടുത്ത് താക്കൂർ ഒരു പോറലു പോലും ഏൽക്കാതെ ഒരു പ്രത്യേക കേസിൽ നിന്ന് ഊരിയതെങ്ങനെ എന്നതെ കുറിച്ച്, അതിഭയങ്കര എതിർപ്പ് അതിജീവിച്ച് ഒരു പ്രധാനപ്പെട്ട രേഖ, അതും ഒരു പൈസ പോലും മുടക്കാതെ, നേടിയതെങ്ങനെ തുടങ്ങിയ പൊങ്ങച്ചങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ഒരാളിന് സംഗതികളുടെ വശം കൃത്യമായി അറിയണം, കാര്യം നടത്താൻ അതേ വേണ്ടൂ എന്ന നിഗമനത്തിലും എത്തി.
കൃത്യം ആ സമയത്ത് ഗംഗി വെള്ളം കോരാനായി അവിടെയെത്തി.
എണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചം കിണറിൽ പ്രതിഫലിച്ചിരുന്നു. അതുകൊണ്ട് പറ്റിയ സമയത്തിനായി അവൾ കുറച്ചു സമയം കാത്തു നിന്നു. "ഈ ഗ്രാമത്തിൽ നിന്നു സകലമാന പേരും വെള്ളം കോരുന്നുണ്ട്; ഞങ്ങൾ, ഭാഗ്യമില്ലാത്ത പാവങ്ങൾക്കു മാത്രം ഈ ആനുകൂല്യം നിഷേധിച്ചിരിക്കയാണ്," ഗംഗി ദുഃഖപൂർവ്വം ആലോചിച്ചു.
സാമൂഹികമായ നിയന്ത്രണങ്ങളെ കുറിച്ച് ആലോചിച്ച് ഗംഗിയുടെ ഹൃദയം കലഹിച്ചു, അവൾ ഉറക്കെ സ്വയം പറഞ്ഞു തുടങ്ങി, "അവരെ ഉയർന്ന കുലത്തിൽ ജനിച്ചവർ എന്നും നമ്മളെ നീചകുലത്തിൽ ജനിച്ചവരെന്നും പറയുന്നതെന്തു കൊണ്ടാണ്? അവർ പൂണുൽ എന്നൊരു നൂൽ ധരിക്കുന്നു എന്നതുകൊണ്ടു മാത്രം! എന്നിട്ടും അവരിൽ ഓരോരുത്തരും കാപട്യത്തിലും ചതിവിലും പരസ്പരം മത്സരിക്കുകയും ചെയ്യുന്നു. അവർ മോഷ്ടിക്കുന്നു, അവർ ചതിക്കുന്നു, അവർ കള്ളക്കേസു കൊടുക്കുന്നു. കഴിഞ്ഞ ദിവസമാണ് ഈ താക്കൂർ ഒരു പാവപ്പെട്ട ആട്ടിടയന്റെ ആടിനെ മോഷ്ടിച്ചത്, എന്നിട്ട് അതിനെ കൊന്നു ശാപ്പിടുകയും ചെയ്തു. പിന്നെ ആ പണ്ഡിറ്റ്, അയാളുടെ വീട് വർഷം മുഴുവനും ചൂതാട്ട സ്ഥലമാണ്. ആ സാഹുജി ആകട്ടെ, എണ്ണ ചേർത്ത്, മായം ചേർത്ത നെയ്യ് ആണ് വിൽക്കുന്നത്. പിന്നെ ഏതു കാര്യത്തിലാണ് അവർ നമ്മളേക്കാൾ ഉയർന്നതാകുക? ഒരു പക്ഷേ തെരുവിലെ ഓരോ മുക്കിലും മൂലയിലും നിന്ന് നമ്മൾ ഉയർന്ന ജാതിയിൽ ജനിച്ചവരാണ് എന്നു വിളിച്ചു കൂവാത്തതു കൊണ്ടാകും! ഞാൻ എന്തിനെങ്കിലും ഗ്രാമത്തിലൂടെ ഒന്നു നടന്നാൽ മതി, മനുഷ്യരൂപം പൂണ്ട ആ വിഷപ്പാമ്പുകൾ എന്നെ ചോരക്കണ്ണുകൾ കൊണ്ട് തുറിച്ചു നോക്കും. "
02/02
കൃത്യം അപ്പോൾ തന്നെ ആരുടേയോ കാൽപ്പെരുമാറ്റ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. ഗംഗിയുടെ ഹൃദയം അതിവേഗത്തിൽ മിടിച്ചു. അവൾ മൺകുടവും കയറും എടുത്ത് മരങ്ങളുടെ ഇരുണ്ട മറവിലേക്ക് മാറി നിന്നു. അല്ലെങ്കിൽ ആ ദുഷ്ടക്കൂട്ടം മേഘുവിനെ അടിച്ചതു പോലെ അവളേയും ഉപദ്രവിച്ചേക്കാം. അടി കൊണ്ട് അവൻ ചോര ഛർദ്ദിച്ചു, . അവൻ ചെയ്ത ഒരേയൊരു കുറ്റം, ചെയ്ത ജോലിക്കു കൂലി ചോദിച്ചു എന്നതാണ്!
രണ്ടു സ്ത്രീകൾ കിണറ്റിൽ നിന്നു വെള്ളം കോരാനെത്തിയതായിരുന്നു. അവരുടെ സംസാരം ഗംഗി കേട്ടു.
"നമ്മളെ ഒരു നിമിഷം ചുമ്മാതിരിക്കാൻ ഈ ആണുങ്ങൾ സമ്മതിക്കില്ല. ഇതു ചെയ്യ്, അതു ചെയ്യ്, മറ്റേതു ചെയ്യ് എന്നിങ്ങനെ ആജ്ഞാപിച്ചു കൊണ്ടേയിരിക്കും, മട്ടു കണ്ടാൽ ആഹാരവും പണവും തന്ന് അവർ നിയമിച്ചിരിക്കുന്ന വീട്ടുജോലിക്കാരികൾ ആണ് നമ്മൾ എന്നു തോന്നും. "
കേട്ടുകൊണ്ടിരുന്നവൾ പറഞ്ഞു,
"ഇത്രയും കഠിന ജോലി വേറൊരു വീട്ടിലാണ് ചെയ്തിരുന്നത് എങ്കിൽ, എനിക്ക് നല്ല സൗകര്യത്തിൽ ജീവിക്കാനെങ്കിലും കഴിയുമായിരുന്നു. പക്ഷേ മുറിവിൽ മുളകു തേക്കും പോലെ നമ്മുടെ പുരുഷന്മാരാകട്ടെ ഇതു കണ്ട ഭാവം പോലും വയ്ക്കില്ല, അവർക്കു യാതൊരു നന്ദിയുമില്ല. "
ആ രണ്ടു സ്ത്രീകളും തങ്ങളുടെ കുടങ്ങൾ നിറച്ച്, വെള്ളവും കൊണ്ടു പോയി. ഗംഗി തന്റെ ഒളിയിടം വിട്ടു പുറത്തു വന്നു. താക്കൂർ കിടക്കാനായി പോകുന്നതു കണ്ടു. 'ആവൂ, അവസാനം, എല്ലായിടവും വല്ലവിധവും ആളൊഴിഞ്ഞു കിട്ടിയല്ലോ,' അവൾ മനസ്സിൽ കരുതി.
മൃതസഞ്ജീവനി തേടി അലഞ്ഞ പഴയ രാജകുമാരനെക്കാൾ കൂടുതൽ ജാഗ്രതയോടെ, നാലു പാടും നോക്കിക്കൊണ്ടേ്, ഗംഗി കിണറിനടുത്തേക്കു പതിയെ നീങ്ങി. കിണറിനടുത്തെത്തിയപ്പോൾ അവൾക്ക് വല്ലാത്തൊരു വിജയഭാവത്തിന്റെ ഉൾപ്പുളകം അനുഭവപ്പെട്ടു.
കുടത്തിന്റെ കഴുത്തിൽ കയർ വളയം പോലെ കെട്ടി, അതു പതിയെ കിണറിന്റെ ഉള്ളിലേക്കു പോകാൻ അനുവദിച്ചു. ഒരു പട്ടാളക്കാരൻ തന്റെ ശത്രുവിന്റെ കോട്ടയിലേക്ക് അതിക്രമിച്ചു കടക്കാൻ പോകുമ്പോൾ കഴുകൻ കണ്ണുകൾ കൊണ്ടു നിരീക്ഷിക്കുന്നതു പോലെ അവൾ ചുറ്റുപാടും വീണ്ടും നിരീക്ഷിച്ചു. അവളെ കൈയ്യോടെ പിടിച്ചാൽ ക്ഷമിക്കുമെന്നോ ദയവു കാണിക്കുമെന്നോ പ്രതീക്ഷിക്കേണ്ടതില്ല. അവൾ ദൈവങ്ങളോടു പ്രാർത്ഥിച്ചു, വെള്ളം കോരാനുള്ള ധൈര്യം സംഭരിച്ചു.
കുടം നിറം നിറയാനായി ഗംഗി നാലഞ്ചു പ്രാവശ്യം കിണറ്റിലിട്ട് ഇളക്കി, എന്നിട്ട് അത്ഭുതപ്പെടുത്തുന്ന വേഗത്തിൽ അതു ഉയരത്തിലേക്കു വലിച്ചു തുടങ്ങി. പെട്ടന്ന് താക്കൂറിന്റെ കതകു വലിച്ചു തുറക്കുന്ന ശബ്ദം കേട്ടു. മലർക്കെ തുറന്ന വാതിലിലെ കാഴ്ച്ച കലിപിടിച്ച ഒരു സിംഹത്തിന്റേതിനേക്കാൾ രൗദ്രമായിരുന്നു. ഭയം കൊണ്ട് കയർ ഗംഗിയുടെ കൈയ്യിൽ നിന്നു തെറിച്ചു പോയി, വലിയ ശബ്ദമുണ്ടാക്കിക്കൊണ്ട് കുടം താഴ്ന്നും പോയി.
"ആരാണവിടെ, ആരാണവിടെ? " എന്നു അലറിവിളിച്ചു ചോദിച്ചുകൊണ്ട് താക്കൂർ കിണറിനടുത്തേക്കു പാഞ്ഞു വന്നു. ഗംഗി ശ്വാസം അടക്കിപ്പിടിച്ച് ഓടി. അവൾ വീട്ടിലെത്തിയപ്പോൾ ജോക്കു ആ മലിനമായ വെള്ളം കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു.
മുൻഷി പ്രേം ചന്ദ് (1932)
ഇംഗ്ലീഷ് പരിഭാഷ: റ്റി സി ഘായ്
മലയാള പരിഭാഷ : ശ്രീലത എസ്

ഡോ. അംബദ്ക്കറിന്റെ നേതൃത്വത്തിൽ നടന്ന മഹദ് സത്യാഗ്രഹശേഷം വെള്ളം അശുദ്ധിയാക്കന്ന് ആരോപിച്ച് ബ്രാഹ്മണർ 108 കുടം ചാണകം ഗോമൂത്രം മിശ്രിതം ഒഴിച്ച് സംഭരണി ശുദ്ധീകരിച്ചത് 1927 ലാണ. 95 വർഷം കഴിഞ്ഞ് ഇപ്പോഴും ഇവിടെ അതുതന്നെ അവസ്ഥ.. ഈ കഥ എഴുതിയത് 1932 ലാണ്. 90 വർഷശേഷം 2022 ൽ നടന്നത്. ആഗസ്റ്റ 2022: രാജസ്ഥാൻ. ഉയർന്ന ജാതിക്കാരനായ ഹെഡ്മാസറ്റർ തനിക്കു കുടിക്കാൻ വച്ചിരുന്ന കുടത്തിലെ വെള്ളം ഒരു ഒമ്പതുകാരനായ ദളിത് വിദ്യാർത്ഥി കുടിച്ചതിന് ആ കുട്ടിയെ അടിച്ചു കൊലപ്പെടുത്തി. നവംബർ 2022 : കർണാടകം. ചാമരാജനഗറിലെ ഹെഗ്ഗോതറ ഗ്രാമത്തിൽ ദളിത് സ്ത്രീ ടാങ്കിനോടു ചേർന്ന പൈപ്പിൽ നിന്നു വെള്ളം കുടിച്ചു എന്ന കാരണത്താൽ വെള്ളം മുഴുവൻ തുറന്നു വിട്ടു കുടിവെള്ളടാങ്ക് ഗോമൂത്രമുപയോഗിച്ച് വൃത്തിയാക്കി.




No comments:

Post a Comment