Thursday, December 02, 2010

സമയമാം രഥത്തില്‍ ഞാന്‍..


 ലോകത്തിന്‍റെ സമയതലസ്ഥാനം എന്നു വിളിക്കാവുന്ന ലണ്ടനിലെ ഗ്രീനിച്ച് ഫോട്ടോകളിലൂടെയും വായനയിലൂടെയും പരിചിതമായിരുന്നു. എങ്കിലും നേരിട്ടു കാണാന്‍ സാധിച്ചത് വലിയ ഒരു അനുഭൂതിയായിരുന്നു.
  
സാധാരണ എല്ലാവരും കട്ടി സാര്‍ക്ക്(cutty sark) സ്‌റ്റേഷനില്‍ നിന്നാണ് ഒബ്‌സര്‍വേറ്ററിയിലേക്കു പോകുക. ഞങ്ങള്‍ നോര്‍ത്ത് ഗ്രീനിച്ചില്‍ നിന്നാണ് പോയത്. ഒരു 300 മീറ്റര്‍ ദൂരക്കുടുതലുണ്ട്, അത്ര മാത്രം. നല്ല കാലാവസ്ഥയായിരുന്നു. നടന്നു നീങ്ങവേ മനസ്സിലായി ഓക്‌സ്‌ഫോര്‍ഡ് പോലെ ഗ്രീനിച്ചും ഒരു പഴയ പഠന കേന്ദ്രം തന്നെ. നിരനിരയായി തൊട്ടു ചേര്‍ന്നു ചേര്‍ന്ന്, കോളേജുകള്‍. എല്ലാം പണ്ടേക്കു പണ്ടേ ഉള്ളത്...ലണ്ടന്‍  എന്നാല്‍ പഴമയുടെ പുതുമയാണല്ലോ, അല്ലെങ്കിലും. ഹോട്ടലുകളില്‍ കുട്ടികള്‍ക്കായി വിലക്കിഴിവില്‍ പ്രത്യേക ഫുഡ് പാക്കേജുകള്‍ എഴുതി വച്ചിട്ടുണ്ട്.

ഗ്രീനിച്ച് പാര്‍ക്കിലൂടെ ഒബ്‌സര്‍വേറ്ററി കുന്നിലേക്ക് കയറ്റം കയറുമ്പോള്‍ സമയചിന്തകളായിരുന്നു മനസ്സില്‍. സമയമാം രഥത്തില്‍ ഞാന്‍.......സമയതീരത്തിന്‍ ബന്ധനമില്ലാതെ.....എത്ര എത്ര പാട്ടുകള്‍. ക്ലോക്കും വാച്ചുമില്ലാത്തൊരു ജീവിതം സങ്കല്‍പ്പിനാകുമോ നമുക്ക്? ഭിത്തിയിലെ ക്ലോക്കിന്‍റെ മണിക്കണക്കനുസരിച്ച് ജീവിച്ച സ്ത്രീയുടെ ക്ലോക്ക് ഒരു നാള്‍ അവരറിയാതെ എടുത്തു മാറ്റുന്നതും അന്നുമുതല്‍ അവര്‍ വളരെ റീലാക്‌സഡ് ജീവിതം നയിച്ചതുമായി പി.ആര്‍ ശ്യാമളയുടെ നല്ല ചെറുകഥയും ഓര്‍മ്മ വന്നു.

ഫ്ലാംസ്റ്റീഡ് ഹൌസിനു മുകളിലെ സൂടി കാണാം.
             

നാവികര്‍ക്കു ദിശയറിയാന്‍ രേഖാംശം (Longitude) കണ്ടുപിടിക്കുന്നതിനായി 1675 ല്‍ സര്‍ ക്രിസ്റ്റഫര്‍ റെന്‍ ആണ് റോയല്‍ ഒബ്‌സര്‍വേറ്ററി ഡിസൈന്‍ ചെയ്തത്. സണ്‍ഡയലുകള്‍ സൂര്യചാരം അനുസരിച്ച് അതാതു സ്ഥലത്തെ ലോക്കല്‍ സമയമാണ് കാണിക്കുക. ഒരേ രാജ്യത്ത് പല സ്ഥലങ്ങളില്‍ പല സമയം. ഇത് പല അസൗകര്യങ്ങളും സൃഷ്ടിച്ചു. അങ്ങനെ രേഖാംശം ആധാരമാക്കി ലോകത്തിന്‍റെ മുഴുവന്‍ സമയത്തിന്‍റെ ഏകീകരണം നിര്‍വ്വഹിച്ചു.

ലോകത്തിന്‍റെ സമയഖണ്ഡങ്ങള്‍ തീരുമാനിച്ചിരിക്കുന്നത് ഗ്രീനിച്ചിലെ പ്രൈം മെറിഡിയന്‍ എന്നറിയപ്പെടുന്ന 0 ഡിഗ്രി 0' 0' രേഖാംശം ആധാരമാക്കിയാണ്.

ചുവന്ന രേഖയാണ പ്രൈം മെറിഡിയന്‍. അതു താഴേക്കു നീട്ടി കെട്ടിടത്തിനു മുറ്റത്തു കൂടി വരച്ചിട്ടുണ്ട്.  അതിനിരുവശവമാണ് ഫോട്ടോ എടുക്കുക.

ഭൂമിയുടെ ദിനചലനം ആണല്ലോ സമയനിദാനം. ഓരോ 15 ഡിഗ്രി രേഖാംശവും ഒരു മണിക്കര്‍ കുറിക്കുന്നു. അങ്ങനെ 24 മണിക്കൂര്‍ ആകുമ്പോള്‍ 360 ഡിഗ്രി. നമ്മള്‍ സമയം പറയുന്നത് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേഡ് റ്റൈം എന്നാണല്ലോ. GMT(Greenwich Mean time) ല്‍ നിന്ന് + 5.30 മണിക്കൂര്‍ ആണ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേഡ് സമയം. ഒന്നു കൂടി വ്യക്തമാക്കിയാല്‍ ഗ്രീനിച്ചില്‍ ഉച്ചയ്ക്ക് 12 മണിയാകുമ്പോള്‍ ഇന്‍ഡ്യയില്‍ വൈകുന്നേരം അഞ്ചര (5.30 pm) മണിയായിരിക്കും സമയം. ഗ്രീനിച്ചിലെ ഈ സാങ്കല്‍പ്പിക രേഖാംശത്തില്‍ നിന്ന് കിഴക്കോട്ടു പോകുമ്പോള്‍ പ്ലസ്. പടിഞ്ഞാര്‍ പോകുമ്പോള്‍ മൈനസ്. നമ്മുടെ രേഖാംശം ഔദ്യോഗികമായി 82ഡിഗ്രി 30' എന്ന യുപിയില്‍ മിഴ്‌സാപ്പൂരിനടുത്തുകൂടി പോകുന്ന സാങ്കല്‍പ്പിക രേഖയാണ്.

1719 ല്‍ മരണമടയുന്നതു വരെ ജോണ്‍ ഫ്‌ളാംസ്റ്റീഡ് എന്ന കൊട്ടാര വാനനിരീക്ഷകന്‍ തന്‍റെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നത് ഫഌംസ്റ്റീഡ് ഹൗസ് എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന കെട്ടിടത്തിലിരുന്നാണ്. ഈ കുന്നിന്‍ മുകളിലെ ഏറ്റവും പഴയ കെട്ടിടമാണ് ഇത്. പിന്നീട് ആ ഓഫീസിലിരുന്നത് ഹാലീസ് വാല്‍ നക്ഷത്രത്തിന്‍റെ പേരില്‍ പ്രശസ്തനായ എഡ്മണ്ട് ഹാലിയാണ്. നമ്മുടെ രാജകുടുംബങ്ങള്‍ ഇതുപോലെ ശാസ്ത്രജ്ഞരെ വളര്‍ത്തിയിരുന്നുവോ ആവോ?

മുകളിലെ സൂചിയും ചവന്ന ബോളും കണ്ടല്ലോ.

ഈ കെട്ടിടത്തിനു മുകളില്‍ സൂചിയിലുള്ള ചുവന്ന ബാള്‍ , ഉച്ചയ്ക്ക് 12.58 നു സൂചിയിലൂടെ ഏറ്റവും മുകളിലെത്തും. കൃത്യം ഒരു മണിക്കു അതു താഴേക്കു വീഴും.ഈ സംവിധാനം ഒരു കാലത്ത് തേംസ് യാത്രക്കാര്‍ക്കും ജനങ്ങള്‍ക്കും സമയമറിയാന്‍ ഉപയോഗിച്ചിരുന്നു. വാച്ചുകള്‍ ഒരു ആഡംബരമായിരുന്ന കാലത്ത്, പൊതുസ്ഥലങ്ങളിലുള്ള സണ്‍ഡയലുകള്‍ ആശ്രയിച്ചിരുന്ന കാലത്ത്, ജനങ്ങള്‍ക്ക് ഇതു വലിയൊരു ആശ്വാസമായി കാണണം. 

ഗേറ്റില്‍ തന്നെ സ്റ്റാന്‍ഡേഡ് ക്ലോക്ക് വച്ചിട്ടുണ്ട്. പിന്നെ യാര്‍ഡ് തുടങ്ങിയ അളവുകളുടെ സ്റ്റാന്‍ഡേഡ് മാര്‍ക്കു ചെയ്തിട്ടുണ്ട്. പഠിച്ചു മാത്രം പരിചയമുള്ള ആ അളവുകള്‍ നേരില്‍ കണ്ടപ്പോള്‍ സന്തോഷം, വിസ്മയം എല്ലാം കൂടിയ അവസ്ഥ!  ഒരു സ്‌കെയില്‍ കൊണ്ടു പോയിരുന്നെങ്കില്‍ അതിന്‍റെ error തീരുമാനിക്കാമായിരുന്നു! നമ്മള്‍ കിലോമീറ്ററിലേക്കു മാറിയെങ്കിലും ഇവര്‍ ഇപ്പോഴും മൈല്‍ യുഗത്തില്‍ തന്നെ!






സാങ്കല്‍പ്പികരേഖയ്ക്കു അടുത്തു ഫോട്ടോയ്ക്കുള്ള നീണ്ട ക്യൂ. അപ്പുറവുമിപ്പുറവുമായി ഒബ്‌സര്‍വേറ്ററി കെട്ടിടത്തിന് അഭിമുഖമായി നില്‍ക്കുമ്പോള്‍ വലതുകാല്‍ പടിഞ്ഞാറും ഇടതു കാല്‍ കിഴക്കുമാണ്. വല്ല വിധവും ഫോട്ടോ എടുത്ത് രേഖയ്ക്കിരുവശവും മാര്‍ക്കു ചെയ്തിരിക്കുന്ന സ്ഥലങ്ങളില്‍ നമ്മുടേത് അടയാളപ്പെടുത്തിയിരിക്കുന്നത് ശ്രമപ്പെട്ടു കണ്ടു പിടിച്ചു, ബോംബേ 72ഡിഗ്രി  49' ആണ്. പക്ഷേ അതിന്‍റെ പടം പിടിക്കാന്‍ തിരക്കു സമ്മതിച്ചില്ല.

ടൈം ഗാലറികളിള്‍ നൂറ്റാണ്ടുകളുടെ കഥ പറയുന്ന ഘടികാരങ്ങള്‍.സമയം മണിക്കൂര്‍ മിനിറ്റ് സെക്കണ്ടിനു പകരം ഡിഗ്രി, മിനിറ്റ് സെക്കന്‍ഡ് ആയി മാര്‍ക്കു ചെയ്തിരിക്കുന്ന പഴയ ക്ലോക്കുകള്‍, 24 മണിക്കൂര്‍ ക്ലോക്ക് എല്ലാം ഉണ്ട്. പഴയ ടെലിസ്‌ക്കോപ്പുകള്‍ ചിലത് നമുക്കു പ്രവര്‍ത്തിപ്പിക്കാം.

സമയത്തെക്കുറിച്ചുള്ള പ്രശസ്തരുടെ ഉദ്ധരിണികള്‍ വായിക്കാം.



ഒരു കൊച്ചു പയ്യന്‍, ഇംഗ്ലീഷ് ഉണ്ണിക്കുട്ടന്‍ , വളരെ ഗൗരവത്തോടെ തല പുകഞ്ഞ് ചിന്തിച്ച് എഴുതുന്നതു കണ്ട് അവിടെ എന്തെന്നു നോക്കി. Time stood still for me when........എന്നെഴുതിയ കാര്‍ഡുകള്‍ വച്ചിട്ടുണ്ട്. കാഴ്ച്ചക്കാര്‍ക്ക് അതു പൂരിപ്പിക്കാം. അവിടെ അത് ഒട്ടിച്ചു വയ്ക്കും. ഒരു പത്തു വയസ്സുകാരന്‍ When I found my dad dead on his cot എന്ന് തുടങ്ങി വിവരിച്ചെഴുതിയിരിക്കുന്നത് വായിച്ചപ്പോള്‍ സങ്കടം തോന്നി.പിന്നെ മുകള്‍ നിലയില്‍ ഭീമന്‍ ടെലിസ്‌കോപ്പ്.  

എന്നും വൈകുന്നേരം ലണ്ടനിലേക്ക് ടൈം മെറിഡിയനിലൂടെ ലേസര്‍ രശ്മികള്‍ പായും. ആ കാഴ്ച്ച കാണണമെങ്കില്‍ പക്ഷേ സന്ധ്യ വരെ നില്‍ക്കണം. അവിടെ ഡ്യൂട്ടി നിന്ന സായിപ്പിനോട് അതെക്കുറിച്ചു കുറച്ചധികം പ്ലീസ് ചേര്‍ത്തു ചോദിച്ചു. ദൈവാധീനം, എന്‍റെ ആംഗലേയം അദ്ദേഹം പിടിച്ചെടുത്തു. ചിരിച്ച് സന്തോഷത്തോടെ വിശദമായി പറഞ്ഞു തന്നു. കിം ഫലം! എനിക്ക് ഒന്നും പിടി കിട്ടിയില്ല.! തലയാട്ടി ചിരിച്ച് ഡാങ്കൂ, ഡാങ്കൂ ചൊല്ലി പോന്നു.

ഫഌംസ്റ്റീഡ് ഹൗസിന്‍റെ വശത്തായി കാമറാ ഒബ്‌സ്‌ക്യറ(Camera obscura) എന്ന് എഴുതിയിട്ടുണ്ട്. ഇരുട്ടുമുറി എന്നാണ് ഈ ലാറ്റിന്‍ വാക്കിനര്‍ത്ഥം. കട്ടി കര്‍ട്ടനിട്ട കൊച്ചുമുറിയാണത്. ഒരു ലെന്‍സും കറങ്ങുന്ന വീലും ഉപയോഗിച്ച് ഗ്രീനിച്ച്, തേംസ്, മാരിടൈം മ്യസിയം, നാഷനല്‍ കോളേജ് എന്നിവയുടെ ചിത്രങ്ങള്‍ ഇരുട്ടുമുറിയില്‍ വച്ചിരിക്കുന്ന വട്ടമേശപ്പുറത്തേക്കു പ്രൊജക്റ്റു ചെയ്തുകൊണ്ടിരിക്കുന്നു. ഒബ്‌സര്‍വേറ്ററിക്കുന്നും സമീപപ്രദേശങ്ങളും കെട്ടിടങ്ങള്‍, റോഡ് , വാഹനങ്ങളും മനഷ്യരും നീങ്ങുന്നത് എല്ലാം കാണാം. ഒരു ലൈവ് സംപ്രേക്ഷണം എന്നു പറയാം. ഇരുട്ടുമുറിയില്‍ നിന്ന് കൈയ്യിലൊതുങ്ങുന്ന ഉപകരണം എന്ന നിലയിലേക്ക് സയന്‍സ് പരീക്ഷണങ്ങള്‍ ക്യാമറയെ മാറ്റി! ആ മുറിക്കു പുറത്തു നിന്ന് സമീപപ്രദേശങ്ങളുടെ മനോഹര ദൃശ്യവും കണ്ടു.




അവിടുത്തെ ഇന്‍റര്‍ ആക്ടീവ് ആസ്റ്റോണമി സെന്‍ററില്‍ നമ്മുടെ പ്രപഞ്ചത്തെക്കുറിച്ചു മനസ്സിലാക്കാന്‍ പാഠങ്ങള്‍ ചെയ്തു. പക്ഷേ, ഒന്നു മാറുമോ എന്നു ചോദിക്കാതെ ചോദിച്ച്, മുഖത്തു നോക്കി അച്ചടക്കത്തോടെ നില്‍ക്കുന്ന കുട്ടികള്‍ക്കു വഴിമാറിക്കൊടുത്തു പിന്നെ. കുട്ടികള്‍ അവിടുത്തെ സെഷന്‍സ് ശരിക്കുപയോഗപ്പെടുത്തുന്നു. തകര്‍ത്തു പഠനം! വായിച്ചു പഠിക്കുന്നതും ഇങ്ങനെ മനസ്സിലാക്കുന്നതും തമ്മില്‍ എന്തു വ്യത്യാസം! അടുത്തു തന്നെയുള്ള പ്ലാനറ്റേറിയത്തിലെ ഷോ കാത്ത് കുട്ടികളും മാതാപിതാക്കളും കാത്തു നിന്നിരുന്നു.



പതിവു പോലെ സര്‍വ്വം ഗ്രീനിച്ച് മയമായിരുന്നു മ്യസിയത്തിനകത്തുള്ള കടയിലെ സാധനങ്ങള്‍. കണ്ടാല്‍ എല്ലാം വാങ്ങണമെന്നു തോന്നും. പക്ഷേ ,തീവില! .അവിടെ ഓരോ ടൂറിസ്റ്റു സെന്ററും അങ്ങനെയാണ്. കട നിര്‍ബന്ധമായും ഉണ്ടാകും, അവിടെ ആ കാഴ്ച്ചയുമായി ബന്ധപ്പെട്ട സാധനങ്ങളുമായിരിക്കും, അതിനു ഭീകര വിലയുമായിരിക്കും. മിയ്ക്ക സ്ഥലത്തും  ചില ലീഫ് ലെറ്റുകള്‍ സൗജന്യമായി കിട്ടും. പക്ഷേ ഇവിടെ അതിനും വിലയിട്ടിരുന്നു. കാരണമുണ്ട്, ഇതൊരര്‍ത്ഥത്തില്‍ പഠനമ്യൂസിയമാണ്. അപ്പോള്‍ ഇവിടെ വരുന്നവരെല്ലാം പ്രത്യേകിച്ച് കുട്ടികള്‍ക്ക് ആ പുസ്തകം വാങ്ങണമെന്നുണ്ടാകും .അതായത് അതിനു നല്ല ഡിമാന്‍ഡായിരിക്കും, അതുകൊണ്ട് നല്ല വിലയും. ഡിമാന്റിനനുസരിച്ച് സപ്ലൈ എന്ന ഇക്കണോമിക്‌സ് തന്നെ!

കുന്നിറങ്ങി ക്വീന്‍സ് ഹൗസും മാരിടൈം മ്യൂസിയവും കണ്ട് മടക്കയാത്ര.





കുന്നിറങ്ങി വരവേ  'ലോകത്തിലെ ആദ്യത്തെ കട 0 ഡിഗ്രി 0 '04' (0 degree 0 minute 04 second)എന്നു പരസ്യം! ഇവര്‍ മിടുക്കരാണ്, ഓരോന്നും എവിടെ എങ്ങനെ വില്‍ക്കണമെന്ന് അറിയാവുന്നവര്‍.

കുന്നിറങ്ങിയപ്പോള്‍ ചിന്തിച്ചത് സമയത്തെക്കുറിച്ചായിരുന്നില്ല, ഇംഗ്ലീഷുകാരുടെ ടൂറിസ വില്‍പ്പനയെക്കുറിച്ചായിരുന്നു!

13 comments:

  1. അങ്ങനെ മൈത്രേയി സമയത്തെ അതിന്റെ ഗുഹയിൽ പോയി കണ്ടു വന്നു, ഹാലിയിരുന്നിടം കണ്ടു, ലോകത്തിലെ ആദ്യത്തെ കട കണ്ടു, ഈശ്വരാ, അസൂയ പാടില്ലാത്തതാണെങ്കിലും .. അഛൻ മരിച്ചപ്പോൾ അൽ‌പ്പസമയത്തേക്ക് എനിക്കുംസമയം നിലച്ചിരുന്നത് ഓർത്തു പോയി.

    ReplyDelete
  2. ബിലാത്തിയിൽ സമയങ്ങൾ വിൽക്കപ്പെടുന്നു.... നല്ല യാത്രാ വിവരണം.

    ReplyDelete
  3. ചിരിച്ച് സന്തോഷത്തോടെ വിശദമായി പറഞ്ഞു തന്നു. കിം ഫലം! എനിക്ക് ഒന്നും പിടി കിട്ടിയില്ല.! തലയാട്ടി ചിരിച്ച് ഡാങ്കൂ, ഡാങ്കൂ ചൊല്ലി പോന്നു....ചിരിച്ചു മണ്ണ് മണ്ണ് കപ്പി ആ സന്തര്ഭം ഓര്‍ത്തപ്പോള്‍ ....

    പിന്നെ ആ പത്തു വയസ്സുകാരന്‍ എഴുതിയത് വായിച്ചപ്പോ സങ്കടവും വന്നു ...

    ഫോട്ടോസ് ഇങ്ങനെ കാണാന്‍ രസമില്ലെന്കിലും അതില്‍ ക്ലിക്കിയപ്പോ ഞെട്ടിപ്പോയി ...അത്രക്കും മനോഹരം ..പ്രത്യേഗിച്ചും അടിയില്‍ നിന്ന് മുകളിലേക്ക് നോക്കിയാല്‍ കാണുന്ന അഞ്ചും ആരും ഫോട്ടോസ് ..

    അപ്പൊ ഇതൊക്കെ ഷെയര്‍ ചെയ്തതിനു ഡാങ്കൂ, ഡാങ്കൂ.....

    ReplyDelete
  4. സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നൂ..

    എന്തൊരു മനോഹരമായ ചിത്രങ്ങളാണ്..
    മൈത്രേയിക്ക് ആശംസകള്‍..

    ReplyDelete
  5. ഗ്രീന്‍വിച്ച് ഒരിക്കല്‍ നിരക്ഷരന്റെ ബ്ലോഗില്‍ നിന്നും വായിച്ചു അറിഞ്ഞിരുന്നു.
    മൈത്രെയിയുടെ വിവരണവും ഫോട്ടോസും കൂടിയായപ്പോള്‍ ഏകദേശരൂപം പിടികിട്ടി.ഇനിയൊന്നു നേരില്‍ കാണണം..
    നന്നായി വവരിച്ചു തന്നതിന് നന്ദി...

    ReplyDelete
  6. പോസ്റ്റ് വളരെവിജ്ഞാനപ്രദം കൂടിയാണ്..

    ReplyDelete
  7. ഗ്രീന്‍വിച്ചിനെ കുറിച്ചുള്ള വിവരണവും ഫോട്ടോസും നന്നായി മൈത്രേയി. നല്ല വിവരണമായിരുന്നു... ഡാങ്കൂ, ഡാങ്കൂ.

    ReplyDelete
  8. നന്നായിരിക്കുന്നു വിവരണം...കണ്ട കാഴ്ചകള്‍ ഒന്നുടെ മനസ്സില്‍ മിന്നി മാഞ്ഞു...നന്ദി

    ReplyDelete
  9. വിജ്ഞാനപ്രദമായ പോസ്റ്റ്. ഇവിടെയൊക്കെപ്പോയി ഇതൊക്കെ കാണാൻ പറ്റുന്നതു തന്നെ ഭാഗ്യം.

    ReplyDelete
  10. ശ്രീനാഥന്‍-നല്ല പ്രയോഗം, സമയഗുഹ ! പുസ്തകത്താളില്‍ നിന്ന് ഇറങ്ങി വന്ന ആ std measurements വല്ലാത്തൊരു അനുഭവം ആയിരുന്നു.
    മനു-താങ്കളുടെ വരവ് ഇവിടെ ആദ്യം അല്ലേ...സന്തോഷം, നന്ദി.
    ഫൈസു- ഡാങ്കൂ കിട്ടി ബോധിച്ചിരിക്കുന്നു.
    ജാസ്മി- നിരക്ഷരബ്ലോഗ് ലിങ്കണം എന്നു കരുതിയതാണ്.മറന്നു.
    യൂസഫ്പാ, മയ്പൂക്കള്‍,മുകില്‍, വായാടി, ശ്രീദേവി,ടൈപ്പിസ്്്്റ്റ്, നന്ദി, സന്തോഷം..

    ReplyDelete
  11. സമയം ഒരു അത്ഭുത പ്രതിഭാസം തന്നെ... ഓരോ സമയവും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം വിരുന്നു വരുന്ന നിമിഷായുഷ്മാന്‍...
    ശരിയാണ്, ഇതുപോലെ നമ്മള്‍ വായിച്ചറിഞ്ഞ GMT യെ 'സമയഗുഹ'യില്‍ കാണാന്‍ പറ്റിയത് ഭാഗ്യമാണ്. നല്ല റിസര്‍ച്ച് നടത്തി എല്ലാം വിശദമായി എഴുതിയതിനു അഭിനന്ദനം.

    ReplyDelete
  12. ഭാഗ്യവതി.
    ഒറ്റ വാക്കില്‍ എല്ലാം പറഞ്ഞു. പോരെ.
    ഞങ്ങളും ഭാഗ്യവാന്മാര്‍ തന്നെ, ഇങ്ങനെയെങ്കിലും ഇതൊക്കെ കാണുന്നല്ലോ.
    JK പറഞ്ഞത് പോലെ സമയത്തെ അതിന്റെ മടയില്‍ പോയി കണ്ടല്ലോ. :-)
    അധികം ഗിമ്മിക്ക്സ് ഒന്നുമില്ലാത്ത ഈ വിവരണങ്ങള്‍ ഇഷ്ടാണ്‌ട്ടോ

    ReplyDelete