സാധാരണ എല്ലാവരും കട്ടി സാര്‍ക്ക്(cutty sark) സ്‌റ്റേഷനില്‍ നിന്നാണ് ഒബ്‌സര്‍വേറ്ററിയിലേക്കു പോകുക. ഞങ്ങള്‍ നോര്‍ത്ത് ഗ്രീനിച്ചില്‍ നിന്നാണ് പോയത്. ഒരു 300 മീറ്റര്‍ ദൂരക്കുടുതലുണ്ട്, അത്ര മാത്രം. നല്ല കാലാവസ്ഥയായിരുന്നു. നടന്നു നീങ്ങവേ മനസ്സിലായി ഓക്‌സ്‌ഫോര്‍ഡ് പോലെ ഗ്രീനിച്ചും ഒരു പഴയ പഠന കേന്ദ്രം തന്നെ. നിരനിരയായി തൊട്ടു ചേര്‍ന്നു ചേര്‍ന്ന്, കോളേജുകള്‍. എല്ലാം പണ്ടേക്കു പണ്ടേ ഉള്ളത്...ലണ്ടന്‍ എന്നാല്‍ പഴമയുടെ പുതുമയാണല്ലോ, അല്ലെങ്കിലും. ഹോട്ടലുകളില്‍ കുട്ടികള്‍ക്കായി വിലക്കിഴിവില്‍ പ്രത്യേക ഫുഡ് പാക്കേജുകള്‍ എഴുതി വച്ചിട്ടുണ്ട്.
ഗ്രീനിച്ച് പാര്‍ക്കിലൂടെ ഒബ്‌സര്‍വേറ്ററി കുന്നിലേക്ക് കയറ്റം കയറുമ്പോള്‍ സമയചിന്തകളായിരുന്നു മനസ്സില്‍. സമയമാം രഥത്തില്‍ ഞാന്‍.......സമയതീരത്തിന്‍ ബന്ധനമില്ലാതെ.....എത്ര എത്ര പാട്ടുകള്‍. ക്ലോക്കും വാച്ചുമില്ലാത്തൊരു ജീവിതം സങ്കല്‍പ്പിനാകുമോ നമുക്ക്? ഭിത്തിയിലെ ക്ലോക്കിന്‍റെ മണിക്കണക്കനുസരിച്ച് ജീവിച്ച സ്ത്രീയുടെ ക്ലോക്ക് ഒരു നാള്‍ അവരറിയാതെ എടുത്തു മാറ്റുന്നതും അന്നുമുതല്‍ അവര്‍ വളരെ റീലാക്‌സഡ് ജീവിതം നയിച്ചതുമായി പി.ആര്‍ ശ്യാമളയുടെ നല്ല ചെറുകഥയും ഓര്‍മ്മ വന്നു.
| ഫ്ലാംസ്റ്റീഡ് ഹൌസിനു മുകളിലെ സൂടി കാണാം. |
നാവികര്‍ക്കു ദിശയറിയാന്‍ രേഖാംശം (Longitude) കണ്ടുപിടിക്കുന്നതിനായി 1675 ല്‍ സര്‍ ക്രിസ്റ്റഫര്‍ റെന്‍ ആണ് റോയല്‍ ഒബ്‌സര്‍വേറ്ററി ഡിസൈന്‍ ചെയ്തത്. സണ്‍ഡയലുകള്‍ സൂര്യചാരം അനുസരിച്ച് അതാതു സ്ഥലത്തെ ലോക്കല്‍ സമയമാണ് കാണിക്കുക. ഒരേ രാജ്യത്ത് പല സ്ഥലങ്ങളില്‍ പല സമയം. ഇത് പല അസൗകര്യങ്ങളും സൃഷ്ടിച്ചു. അങ്ങനെ രേഖാംശം ആധാരമാക്കി ലോകത്തിന്‍റെ മുഴുവന്‍ സമയത്തിന്‍റെ ഏകീകരണം നിര്‍വ്വഹിച്ചു.
ലോകത്തിന്‍റെ സമയഖണ്ഡങ്ങള്‍ തീരുമാനിച്ചിരിക്കുന്നത് ഗ്രീനിച്ചിലെ പ്രൈം മെറിഡിയന്‍ എന്നറിയപ്പെടുന്ന 0 ഡിഗ്രി 0' 0' രേഖാംശം ആധാരമാക്കിയാണ്.
| ചുവന്ന രേഖയാണ പ്രൈം മെറിഡിയന്‍. അതു താഴേക്കു നീട്ടി കെട്ടിടത്തിനു മുറ്റത്തു കൂടി വരച്ചിട്ടുണ്ട്. അതിനിരുവശവമാണ് ഫോട്ടോ എടുക്കുക. |
1719 ല്‍ മരണമടയുന്നതു വരെ ജോണ്‍ ഫ്‌ളാംസ്റ്റീഡ് എന്ന കൊട്ടാര വാനനിരീക്ഷകന്‍ തന്‍റെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നത് ഫഌംസ്റ്റീഡ് ഹൗസ് എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന കെട്ടിടത്തിലിരുന്നാണ്. ഈ കുന്നിന്‍ മുകളിലെ ഏറ്റവും പഴയ കെട്ടിടമാണ് ഇത്. പിന്നീട് ആ ഓഫീസിലിരുന്നത് ഹാലീസ് വാല്‍ നക്ഷത്രത്തിന്‍റെ പേരില്‍ പ്രശസ്തനായ എഡ്മണ്ട് ഹാലിയാണ്. നമ്മുടെ രാജകുടുംബങ്ങള്‍ ഇതുപോലെ ശാസ്ത്രജ്ഞരെ വളര്‍ത്തിയിരുന്നുവോ ആവോ?
| മുകളിലെ സൂചിയും ചവന്ന ബോളും കണ്ടല്ലോ. |
ഗേറ്റില്‍ തന്നെ സ്റ്റാന്‍ഡേഡ് ക്ലോക്ക് വച്ചിട്ടുണ്ട്. പിന്നെ യാര്‍ഡ് തുടങ്ങിയ അളവുകളുടെ സ്റ്റാന്‍ഡേഡ് മാര്‍ക്കു ചെയ്തിട്ടുണ്ട്. പഠിച്ചു മാത്രം പരിചയമുള്ള ആ അളവുകള്‍ നേരില്‍ കണ്ടപ്പോള്‍ സന്തോഷം, വിസ്മയം എല്ലാം കൂടിയ അവസ്ഥ! ഒരു സ്‌കെയില്‍ കൊണ്ടു പോയിരുന്നെങ്കില്‍ അതിന്‍റെ error തീരുമാനിക്കാമായിരുന്നു! നമ്മള്‍ കിലോമീറ്ററിലേക്കു മാറിയെങ്കിലും ഇവര്‍ ഇപ്പോഴും മൈല്‍ യുഗത്തില്‍ തന്നെ!
ടൈം ഗാലറികളിള്‍ നൂറ്റാണ്ടുകളുടെ കഥ പറയുന്ന ഘടികാരങ്ങള്‍.സമയം മണിക്കൂര്‍ മിനിറ്റ് സെക്കണ്ടിനു പകരം ഡിഗ്രി, മിനിറ്റ് സെക്കന്‍ഡ് ആയി മാര്‍ക്കു ചെയ്തിരിക്കുന്ന പഴയ ക്ലോക്കുകള്‍, 24 മണിക്കൂര്‍ ക്ലോക്ക് എല്ലാം ഉണ്ട്. പഴയ ടെലിസ്‌ക്കോപ്പുകള്‍ ചിലത് നമുക്കു പ്രവര്‍ത്തിപ്പിക്കാം.
സമയത്തെക്കുറിച്ചുള്ള പ്രശസ്തരുടെ ഉദ്ധരിണികള്‍ വായിക്കാം.
ഒരു കൊച്ചു പയ്യന്‍, ഇംഗ്ലീഷ് ഉണ്ണിക്കുട്ടന്‍ , വളരെ ഗൗരവത്തോടെ തല പുകഞ്ഞ് ചിന്തിച്ച് എഴുതുന്നതു കണ്ട് അവിടെ എന്തെന്നു നോക്കി. Time stood still for me when........എന്നെഴുതിയ കാര്‍ഡുകള്‍ വച്ചിട്ടുണ്ട്. കാഴ്ച്ചക്കാര്‍ക്ക് അതു പൂരിപ്പിക്കാം. അവിടെ അത് ഒട്ടിച്ചു വയ്ക്കും. ഒരു പത്തു വയസ്സുകാരന്‍ When I found my dad dead on his cot എന്ന് തുടങ്ങി വിവരിച്ചെഴുതിയിരിക്കുന്നത് വായിച്ചപ്പോള്‍ സങ്കടം തോന്നി.പിന്നെ മുകള്‍ നിലയില്‍ ഭീമന്‍ ടെലിസ്‌കോപ്പ്.
എന്നും വൈകുന്നേരം ലണ്ടനിലേക്ക് ടൈം മെറിഡിയനിലൂടെ ലേസര്‍ രശ്മികള്‍ പായും. ആ കാഴ്ച്ച കാണണമെങ്കില്‍ പക്ഷേ സന്ധ്യ വരെ നില്‍ക്കണം. അവിടെ ഡ്യൂട്ടി നിന്ന സായിപ്പിനോട് അതെക്കുറിച്ചു കുറച്ചധികം പ്ലീസ് ചേര്‍ത്തു ചോദിച്ചു. ദൈവാധീനം, എന്‍റെ ആംഗലേയം അദ്ദേഹം പിടിച്ചെടുത്തു. ചിരിച്ച് സന്തോഷത്തോടെ വിശദമായി പറഞ്ഞു തന്നു. കിം ഫലം! എനിക്ക് ഒന്നും പിടി കിട്ടിയില്ല.! തലയാട്ടി ചിരിച്ച് ഡാങ്കൂ, ഡാങ്കൂ ചൊല്ലി പോന്നു.
ഫഌംസ്റ്റീഡ് ഹൗസിന്‍റെ വശത്തായി കാമറാ ഒബ്‌സ്‌ക്യറ(Camera obscura) എന്ന് എഴുതിയിട്ടുണ്ട്. ഇരുട്ടുമുറി എന്നാണ് ഈ ലാറ്റിന്‍ വാക്കിനര്‍ത്ഥം. കട്ടി കര്‍ട്ടനിട്ട കൊച്ചുമുറിയാണത്. ഒരു ലെന്‍സും കറങ്ങുന്ന വീലും ഉപയോഗിച്ച് ഗ്രീനിച്ച്, തേംസ്, മാരിടൈം മ്യസിയം, നാഷനല്‍ കോളേജ് എന്നിവയുടെ ചിത്രങ്ങള്‍ ഇരുട്ടുമുറിയില്‍ വച്ചിരിക്കുന്ന വട്ടമേശപ്പുറത്തേക്കു പ്രൊജക്റ്റു ചെയ്തുകൊണ്ടിരിക്കുന്നു. ഒബ്‌സര്‍വേറ്ററിക്കുന്നും സമീപപ്രദേശങ്ങളും കെട്ടിടങ്ങള്‍, റോഡ് , വാഹനങ്ങളും മനഷ്യരും നീങ്ങുന്നത് എല്ലാം കാണാം. ഒരു ലൈവ് സംപ്രേക്ഷണം എന്നു പറയാം. ഇരുട്ടുമുറിയില്‍ നിന്ന് കൈയ്യിലൊതുങ്ങുന്ന ഉപകരണം എന്ന നിലയിലേക്ക് സയന്‍സ് പരീക്ഷണങ്ങള്‍ ക്യാമറയെ മാറ്റി! ആ മുറിക്കു പുറത്തു നിന്ന് സമീപപ്രദേശങ്ങളുടെ മനോഹര ദൃശ്യവും കണ്ടു.
കുന്നിറങ്ങി ക്വീന്‍സ് ഹൗസും മാരിടൈം മ്യൂസിയവും കണ്ട് മടക്കയാത്ര.
കുന്നിറങ്ങി വരവേ 'ലോകത്തിലെ ആദ്യത്തെ കട 0 ഡിഗ്രി 0 '04' (0 degree 0 minute 04 second)എന്നു പരസ്യം! ഇവര്‍ മിടുക്കരാണ്, ഓരോന്നും എവിടെ എങ്ങനെ വില്‍ക്കണമെന്ന് അറിയാവുന്നവര്‍.
കുന്നിറങ്ങിയപ്പോള്‍ ചിന്തിച്ചത് സമയത്തെക്കുറിച്ചായിരുന്നില്ല, ഇംഗ്ലീഷുകാരുടെ ടൂറിസ വില്‍പ്പനയെക്കുറിച്ചായിരുന്നു!