Showing posts with label യാത്രാവിവരണം. Show all posts
Showing posts with label യാത്രാവിവരണം. Show all posts

Sunday, January 10, 2016

തേംസ് തീരത്തുകൂടി

ടവര്‍ ഓഫ് ലണ്ടനില്‍ നിന്ന് ഇറങ്ങി അല്‍പ്പസമയം കൂടി അവിടെ ബഞ്ചില്‍ വിശ്രമിച്ച് പുറത്തേക്കിറങ്ങി, തേംസ് കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാവുന്ന പ്രെറ്റ് എ മേഞ്ചര്‍(ഉച്ചാരണം ശരിയോ എന്തോ) റെസ്റ്റോറണ്ടില്‍ കയറി വയറു നിറയെ ഭക്ഷണം കഴിച്ചു. ഈ റെസ്‌റ്റോറണ്ട് ശൃംഖല ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എവിടെ പോയാലും ഇതാണ് ഞങ്ങളുടെ ആദ്യ ചോയ്‌സ്. ഇവിടുത്തെപ്പോലെയല്ല, എയര്‍പോര്‍ട്ടിലും പുറത്തും എല്ലാം ഒരേ വില തന്നെയാണ് എന്നതും സന്തോഷിപ്പിച്ചിരുന്നു. :)).

പിന്നെ പതിയെ തേംസ് തീരത്തു കൂടി നടന്നു തുടങ്ങി. ഒരിക്കലും മടുക്കാത്ത യാത്ര. ഒരു ചൈനീസ് വിവാഹ ഫോട്ടോ സെഷനും കാണാന്‍ അവസരം ലഭിച്ചു. അതു കണ്ടയുടന്‍ +Patric Edward നെ ഓര്‍മ്മ വന്നു. :))ആയിടെ  ഇട്ടിരുന്ന വിവാഹഫോട്ടോകളായിരിക്കാം കാരണം. വധൂവരന്മാര്‍ അടക്കം ആറു പേര്‍ മാത്രം. അതില്‍ പാതി പേര്‍ ഫോട്ടോ എടുക്കല്‍. ഞങ്ങളും എടുത്തു ആ അതിസുഭഗമിഥുനങ്ങളുടെ ഫോട്ടോ. അവര്‍ക്ക് സന്തോഷമായിരുന്നു, എന്നാലും പടം ഇടുന്നില്ല. വധുവിന്റെ നീണ്ട വെള്ളകുപ്പായത്തിന്റെ അറ്റം പിന്നില്‍ കിടന്നു വലിയാതെ ശ്രദ്ധാപൂര്‍വ്വം ഉയര്‍ത്തിപ്പിടിച്ച് വരന്‍ വധുവിന്റെ പിന്നാലെ നീങ്ങുന്നത് രസകരമായ കാഴ്ച്ച ആയിരുന്നു. അവിടെ സ്ഥിരം വിവാഹ ഫോട്ടോ ഷൂട്ട് ഇടമാണത്രേ. ചൈനാക്കാരെ കണ്ടയുടന്‍ മനസ്സില്‍ വന്നത് ഓലാന്‍, വാങ്‌ലുങ് എന്ന പേരുകളാണ്. കുട്ടിക്കാലത്തു തന്നെ വായിച്ച, വളരെ ഇഷ്ടമുള്ള പുസ്തകങ്ങളിലൊന്നായിരുന്നു പേള്‍ എസ് ബക്കിന്റെ ഗുഡ് എര്‍ത്ത്. അവരെ പിന്നിട്ട് കുറേ നടന്ന് ടവര്‍ ബ്രിഡ്ജ് കയറി. തേംസിലൂടെ പണ്ട് വന്നടിഞ്ഞിരുന്ന മൃതദേഹങ്ങള്‍ ഇതിനടിയില്‍ നിന്നാണ് ശേഖരിച്ചിരുന്നത് എന്ന് കുറിപ്പു കണ്ടു അവിടെ.



ട്യൂബും-ഭൂഗര്‍ഭ റയില്‍വേസ്‌റ്റേഷന്‍-അല്ലാത്തതുമായ റെയില്‍വേസ്റ്റേഷനുകള്‍ക്കുള്ളിലൂടെയുള്ള അനന്തമായ തിരക്കു പിടിച്ച ഓട്ടനടത്തവും എസ്‌കലേറ്ററുകളും വല്ലാതെ മടുത്തുവെന്ന് പറഞ്ഞ് കുറേ നടന്നെങ്കിലും പിന്നെ തളര്‍ന്നു, ട്യൂബ് ട്രെയിന്‍ വഴി തന്നെ പോയി ബ്ലാക്ക് ഫ്രയാര്‍ സ്റ്റേഷനില്‍ ഇറങ്ങി, മിലെനിയം ബ്രിഡ്ജ് നടത്തയ്ക്ക്. കഴിഞ്ഞ വട്ടം ഓടി നടന്നുള്ള കാഴ്ച്ച കാണലിനിടയില്‍ മിലെനിയം ബ്രിഡ്ജ് കയറിയിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മഴയും വെയിലും ഇല്ലാത്ത സാമാന്യം തണുപ്പുള്ള സുഖകരമായ കാലാവസ്ഥയായിരുന്നു, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബ്രിഡ്ജിലൂടെ ഇരുവശവുമുള്ള കാഴ്ച്ചകള്‍ നുകര്‍ന്നുള്ള നടപ്പ് ആസ്വദിക്കവേ ആണ് ആ പൂട്ടുകള്‍ കണ്ണില്‍ പെട്ടത്.



ഏതാണ്ട് നടുക്കായി റെയിലിംഗിനു താഴെയുള്ള അഴികളില്‍ ധാരാളം പൂട്ടിയ താഴുകള്‍! എന്താണ് സംഭവമെന്നോ? പ്രണയിക്കുന്നവര്‍ തങ്ങളുടെ പ്രണയസാഫല്യത്തിനായി പ്രാര്‍ത്ഥനയോടെ പൂട്ടുന്നതാണ് അത്. ചിലതില്‍ പ്രണയികളുടെ പേരുകളും കൊത്തിയിട്ടുണ്ടാകും! സമൂഹവും ജാതിയും മതവും സംഘടനകളും ഒന്നും പ്രണയത്തിനു വിലങ്ങു തീര്‍ക്കാത്ത നാട്ടിലും ഇങ്ങനെയോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു പോയി.



ബ്രിഡ്ജ് പാതിയെത്തിയപ്പോഴേ ജലതരംഗത്തിന്റെ ശബ്ദം കാതില്‍ വന്നലയ്ക്കുന്നുണ്ടായിരുന്നു. അക്കരെ തേംസ് തീരത്തു നിന്ന് ഒരു സായിപ്പ് വായിക്കുന്നതായിരുന്നു ജലതരംഗം. ചിലര്‍ അവിടെ വിരിച്ചിട്ടുള്ള വിരിയില്‍ പണം ഇട്ടു. ഭിക്ഷാടനം തന്നെ! ടെയ്റ്റ് മോഡേണ്‍ ആര്‍ട്ട് ഗാലറിയില്‍ ഒന്നു കയറി തിരിച്ചിറങ്ങി. കാണാന്‍ കയറിയാല്‍ സമയം ധാരാളമെടുക്കും. പിന്നെ വീണ്ടും കുറച്ചുകൂടി മുന്നോട്ടു നടന്നു, ഷേക്‌സ്പിയറിന്റെ ഗ്ലോബ് തീയേറ്ററിന്റെ മുന്നിലേക്ക്. കഴിഞ്ഞ തവണ കണ്ടതില്‍ നിന്നും വലിയ വ്യത്യാസമൊന്നും പുറമേ നിന്ന് തോന്നിയില്ല. എങ്കിലും ചുറ്റുവട്ടത്ത് ചെറിയ മാറ്റങ്ങള്‍ തോന്നിപ്പിച്ചു.പിന്നെ തെരുവിലേക്കു കയറാനായി സുതാര്യ റൂഫിനടിയിലൂടെ പ്രദര്‍ശനകപ്പലും കടകളും കണ്ട് നടന്നു. ചിലതു വില ചോദിച്ചു, വാങ്ങിയില്ല പക്ഷേ. :))



ഒരു വന്‍നഗരത്തിന് മദ്ധ്യേ ഒഴുകുന്ന, അനേകായിരം ചരിത്രകഥകള്‍ പേറുന്നൊരു മഹാനദി. അതിന്റെ തീരത്തു കൂടി സ്വച്ഛന്ദസുന്ദരമായ നഗരയാത്ര. അത് വല്ലാത്തൊരു അനുഭൂതിയാണ്. എത്ര നടന്നാലും മതിവരാത്ത ഒരനുഭവം. കഴിഞ്ഞ തവണ കുറേ ഏറെ നേരം ആ നടത്ത ആസ്വദിക്കാനായിരുന്നു. തേംസിന്റെ തീരത്തുകൂടി ലക്ഷ്യമില്ലാതെ ഒരു ദിവസം മുഴുവന്‍ ഒരിക്കല്‍ക്കൂടി നടക്കണം. ഒരിക്കലും നടക്കാനിടയില്ലാത്ത ഒരു സുന്ദരസ്വപ്‌നം.

Saturday, January 09, 2016

നീലക്കൊടുവേലി


'ഇല്ലിക്കല്‍ കല്ലു വാഴും ദൈവങ്ങളേ...' കാലത്തും വൈകുന്നേരവും ഗോവിന്ദപ്പൂപ്പന്‍ കുടുംബവീടിന്‍റെ മുറ്റത്തു നിന്ന് ഇല്ലിക്കല്‍ക്കല്ല് നോക്കി കൈകൂപ്പി പ്രാര്‍ത്ഥിക്കും. ആരോഗ്യമുള്ള കാലത്ത് ഞങ്ങളുടെ അപ്പൂപ്പമ്മമാരുടെ നോക്കിനടത്തിയിരുന്നത് ഗോവിന്ദപ്പൂപ്പനായിരുന്നു. പക്ഷേ ഞങ്ങളുടെ കുട്ടിക്കാലമായപ്പോഴേയ്ക്കും അപ്പൂപ്പന്‍ ചുമതലകള്‍ മകന് കൈമാറി വിശ്രമത്തിലായിരുന്നു. പക്ഷേ അപ്പോഴും തറവാട്ടു വീട്ടില്‍ തന്നെയുണ്ടാവും ആള്‍.

നീലക്കൊടുവേലിയുടെ കഥ പറഞ്ഞു തന്നതും ഗോവിന്ദപ്പൂപ്പനാണ്.



കല്ലിന്‍റെ കുടുന്നയില്‍ കുടക്കല്ലും കോഴിക്കല്ലും ഉണ്ട്. ഇവയുടെ ഇടയില്‍ ഒരു ചെറു കുളമുണ്ടത്രേ. നീലക്കൊടുവേലി അതിലങ്ങനെ പൂത്തു നില്‍ക്കും. 12 വര്‍ഷത്തിലൊരിക്കല്‍ അത് താഴേയ്ക്ക് ഒലിച്ചുവരും, അതു കണ്ടുകിട്ടുന്നവര്‍ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല, വച്ചടി വച്ചടി കയറ്റമായിരിക്കും! ലോട്ടറി ഇല്ലാതിരുന്ന പണ്ടുകാലത്ത് ആരുടെയോ ഭാവന പൂത്തുലഞ്ഞതാവണം. നീലക്കൊടുവേലി എന്ന പേരില്‍ ഒരു നോവല്‍ കുഞ്ഞുന്നാളിലേ പ്ലാന്‍ ചെയ്തതാണ്. പക്ഷേ ADGP ബി. സന്ധ്യ ആ പേരില്‍ നേരത്തെ പുസ്തകമെഴുതിക്കളഞ്ഞു. :(( മുന്‍പേ പറന്ന പക്ഷി! ഞാനെന്നും പിന്നിലാണ്, എന്നും. ഇതിലെ ഒന്നും രണ്ടും പടങ്ങള്‍ ആവര്‍ത്തനമാണ്, നേരത്തേ വായിച്ചവര്‍, ഓര്‍മ്മയുള്ളവര്‍ ക്ഷമിക്കുക.

ലേശം ഉയരത്തിലുള്ള ഞങ്ങളുടെ ഇന്നില്ലാത്ത വീടിന്‍റെ മുറ്റത്തുള്ള ആദ്യപടിക്കല്ലില്‍ ഇരുന്നാല്‍ ദൂരെ മലയില്‍ ഇല്ലിക്കല്‍ക്കല്ല് തലയെടുപ്പോടെ അങ്ങനെ നില്‍ക്കുന്നത് കാണാം.
1.view from our old house
 അസുലഭഭംഗിയായിരുന്നു ഗാംഭീര്യത്തോടെയുള്ള ആ നില്‍പ്പ്. ദൂരം വ്യത്യസ്തമായിരുന്നതിനാല്‍ ഞങ്ങളുടെ ഓരോ ബന്ധുവീട്ടിലും നിന്ന് നോക്കുമ്പോള്‍ ഓരോ ആകൃതിയായിരുന്നു ആ കല്ലിന്! ഏറ്റവും ഭംഗി ഞങ്ങളുടെ മുറ്റത്തു നിന്നു നോക്കുമ്പോഴാണ് എന്ന് അഭിമാനം കൊണ്ടിരുന്നു ഞങ്ങള്‍.

2.Another View from our yard
ബോര്‍ഡിംഗിലും ഹോസ്റ്റലിലും കൂട്ടുകാരോട് പറയുമ്പോള്‍ ലേശം വെയ്റ്റ് ഇരുന്നോട്ടെ എന്ന് 'ഇല്ലിക്കല്‍ക്കൊടുമുടി' എന്നാണ് തട്ടിമൂളിക്കാറ്. എവറസ്റ്റ് കൊടുമുടി എങ്ങനെയിരിക്കും എന്ന് ഭാവനയില്‍ അനുഭവിപ്പിച്ചത് ഈ കുഞ്ഞുകൊടുമുടി ആണ്.

പക്ഷേ കാണാനല്ലാതെ അവിടെ പോകാന്‍ ഞങ്ങള്‍ക്കാര്‍ക്കും കഴിഞ്ഞിരുന്നില്ല. മദ്ധ്യവേനലവധിക്കാലത്ത് കോളേജ് പയ്യന്മാര്‍ ഇല്ലിക്കല്‍ക്കല്ല് ട്രെക്കിംഗിനു വരുന്നത് കാണാമായിരുന്നു. ഒരിക്കല്‍ അച്ഛനും ഞങ്ങളുടെ ബന്ധുക്കളും കൂടി ഒരു ഇല്ലിക്കല്‍ക്കല്ലു കയറല്‍ സംഘടിപ്പിച്ചു. നാടിന് ഉത്സവമായിരുന്നു അന്ന്. യാത്രാസംഘത്തിനുള്ള രാത്രിഭക്ഷണം ഉണ്ടാക്കിയതും പൊതികെട്ടിക്കൊടുത്തതും വീട്ടില്‍ നിന്നായിരുന്നു. എല്ലാവരും കൂടി ചെണ്ടകൊട്ടി വീടിനു മുന്നിലെ റോഡിലൂടെ ഘോഷയാത്രയായി നീങ്ങുന്നത് വീടിന്‍റെ മുറ്റത്തു നിന്ന് കണ്ടത് ഇപ്പോഴും ഓര്‍മ്മയുണ്ട്. വളരെ കുറച്ചു ദൂരമേ അന്ന് റോഡുള്ളു, ബാക്കിഭാഗം മുഴുവന്‍ വഴിവെട്ടി കയറണം.  അന്നു രാത്രി കല്ലിലാണ് അവര്‍ കഴിയുക. റാന്തല്‍ വിളക്കുകള്‍ കൊണ്ടുപോയിരുന്നു. സുരക്ഷിതരായി എത്തി എന്ന് റാന്തല്‍ ആട്ടി അടയാളം കാണിക്കണം എന്ന് നേരത്തെ ധാരണയുണ്ടായിരുന്നു. അങ്ങനെ തന്നെ അവര്‍ ചെയ്തു. മുറ്റത്തു നിന്ന് ആഹ്ലാദത്തോടെ മറുപടിയായി ഞങ്ങളും റാന്തല്‍ വിളക്ക് ആട്ടിക്കാണിച്ചു. ആ യാത്രയുടെ കുറേ ഫോട്ടോകള്‍ എടുത്തിരുന്നു അന്ന്. അടുത്ത യാത്രയില്‍ അത് സംഘടിപ്പിക്കണം.

ഇപ്പോള്‍ ഇല്ലിക്കല്‍ക്കല്ലിലേക്ക് രണ്ടു സ്ഥലത്തുകൂടി രണ്ടു ടാര്‍ നിരത്തുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്നാമത് ഞങ്ങളുടെ നാട്ടില്‍ക്കൂടിയുള്ളത് ഇനിയും മുഴുവന്‍ തീര്‍ന്നിട്ടില്ല. ഡിസംബര്‍ ആദ്യം നാട്ടില്‍ പോയപ്പോള്‍ യദൃഛയാ ഷെറീഫ് - അച്ഛന്‍റെ പ്രിയ ചങ്ങാതിയുടെ മകന്‍- നെ കണ്ടു, വര്‍ത്തമാനത്തിനിടയില്‍, ഇനി വരുമ്പോള്‍ പോകാനായി ഇല്ലിക്കല്‍ക്കല്ല് റോഡിനെപ്പറ്റി ചോദിച്ചു, 'എന്നാല്‍ വാ, ഇപ്പോ പോകാം,' എന്നായി ഷെറീഫ്. "ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ " എന്ന് നേരെ വിട്ടു തീക്കോയി എസ്‌റ്റേറ്റ് വഴി ഇല്ലിക്കല്‍ക്കല്ലിനടുത്തേക്ക്. കയറ്റവും വളവും ഉണ്ടെങ്കിലും രണ്ടുമൂന്നു സ്ഥലത്തൊഴികെ റോഡ് ഇപ്പോള്‍ വളരെ നന്ന്. ഇടയ്ക്ക് ഏതു വഴിയാണ് നല്ലതെന്ന് അവിടെ ഫോറസ്റ്റ് ഓഫീസിലോ മറ്റോ ജോലിയുള്ള ചങ്ങാതിയെ ഷെറീഫ് വിളിച്ചു ചോദിച്ചിരുന്നു.

ഷെറീഫിന്‍റെ നര്‍മ്മഭാഷണങ്ങളും നാട്ടുവര്‍ത്തമാനങ്ങളും ഉയരങ്ങളിലേക്കുള്ള യാത്രയും ഇരുവശത്തുമുള്ള മലകളുടെ ഗാംഭീര്യവും എല്ലാം കൂടി സമയം പോയതറിഞ്ഞില്ല.

'ഇപ്പോ ഞങ്ങടെ വീട്ടിലൊഴിച്ച് എല്ലാ വീട്ടിലും ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുണ്ട്,' ഷെറീഫിനും ചേട്ടന്‍ റഹീമിനും പിഎസ്‌സി ലിസ്റ്റ് ക്യാന്‍സല്‍ ആയി കപ്പിനും ചുണ്ടിനുമിടയില്‍ സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട കാര്യം പറഞ്ഞു.

'ഇപ്പോ പഴയ നാടൊന്നുമല്ല, ജാതിസ്പിരിറ്റ് വളരെ കൂടുതലാ.' ഉദാഹരണങ്ങള്‍ പറഞ്ഞു ഷെറീഫ്. നാട് പുരോഗമിക്കയല്ലേ!

ഇടയക്ക് വളവിനടുത്ത് വീതി കൂടിയ സ്ഥലത്ത് വഴിയരികില്‍ പെയിന്‍റടിച്ച് ഒരു പുതുപുത്തന്‍ കുരിശ് നാട്ടിയിരിക്കുന്നു, 'കണ്ടോ ചേട്ടാ, കയ്യേറ്റം, ഇതാണ് തീരെ ഇഷ്ടമില്ലാത്ത പണി. ഞങ്ങള് കുറേ പേര് ഒരു പച്ച പുതപ്പിച്ച കല്ലും നിങ്ങടെ ഒരു പ്രതിമേം (ദൈവം) വച്ചാലോ എന്നാലോചിച്ചതാ. ഇപ്പണിക്ക് ബദല്‍ അതേയുള്ളു. പിന്നെ വേണ്ടെന്നു വച്ചു. ' ഷെറീഫ് ധര്‍മ്മരോഷം കൊണ്ടു. അതൊന്നും ചെയ്യാത്തത് നന്നായി എന്നു ഞങ്ങളും പറഞ്ഞു. ഒരു തെറ്റ് വേറൊരു തെറ്റുകൊണ്ട് എതിര്‍ക്കുന്നത് ശരിയല്ലല്ലോ.

'ഹോ ഇവിടെങ്ങാനും വച്ച് കാറിനു വല്ലതും പറ്റിയാല്‍.. ' പതിവുപോലെ എന്‍റെ നാക്കില്‍ വികടസരസ്വതി വിളഞ്ഞു.

'ചേച്ചി പേടിക്കാതെ. ആ നിമിഷം ഇവിടെ എല്ലാ സഹായവും എത്തും. ' ഷെറീഫ് സമാധാനിപ്പിച്ചു. ഉം, ശരിയാണ് ഷെറിഫീന് നല്ല ഗ്രൌണ്ട് സപ്പോര്‍ട്ടുണ്ട്.

'നാട്ടില്‍ സ്ഥലവില്‍പ്പനയൊക്കെ എങ്ങനെ? ' ഞാന്‍ ചോദിച്ചു. കുറച്ചു ഭൂമി അവിടെയുള്ളത് തട്ടാഞ്ഞിട്ട് എനിക്കു സ്വൈരക്കേടു തുടങ്ങീട്ട് കുറച്ചായി.

'ഒന്നും നടക്കുന്നില്ല. റബറിനു വിലയില്ലാത്തോണ്ട് പുറമേക്കാര് ഇന്‍വെസ്റ്റുമെന്റിനു വരുന്നില്ല. പിന്നെ നാട്ടാരുടെ ആരുടെ കയ്യിലും കാശൊന്നുമില്ല. ലോണ്‍ എടുത്ത് കാറു വാങ്ങിക്കും, തവണ അടച്ച് മൊബൈലും. പിന്നെ ടിപ്പ്‌ടോപ്പ് വേഷവും. 'ഷെറീഫ് പുതുകാലരീതികള്‍ വര്‍ണ്ണിച്ചു, ഞങ്ങള്‍ ചിരിച്ചു.

പോകുന്ന വഴി അവിടവിടെ മാത്രമേ വീടുകളുള്ളു. വൈദ്യുതി ഇല്ല പോലും. പക്ഷേ വീടുകളുടെ മുകളില്‍ ഡിഷ് ഉണ്ടായിരുന്നു. 'ഇനീപ്പോ കയ്യേറ്റം കുശാലാവും, റോഡു വന്നില്ലേ, 'ശരിയാണ്. കാഴ്ച്ച കണ്ടു കുന്നിറങ്ങുന്ന കാറുകളിലും ഓട്ടോകളിലും ഉള്ളവര്‍ അങ്ങോട്ടു പോകുന്ന ഞങ്ങളെ നോക്കി സംതൃപ്തിയോടെ പുഞ്ചിരിച്ചു.

ഒരു വശത്ത് പുള്ളിക്കാനം, മറുവശത്ത് ഇല്ലിക്കല്‍ മല, കാണേണ്ടതു തന്നെ.  ഉയരം കൂടുന്തോറും, ലക്ഷ്യം അടുക്കുന്തോറും ദൂരക്കാഴ്ച്ചയിലുള്ള കല്ലിന്‍റെ മനോഹര ആകൃതി മാറാന്‍ തുടങ്ങി. ജീവിതം പോലെ തന്നെ. കുടക്കല്ലും കോഴിക്കല്ലും വ്യക്തമായി ഇടയകലത്തോടെ കാണുന്നു.
3.കോഴിക്കല്ലും കുടക്കല്ലും


 'ഉച്ചതിരിഞ്ഞ്, വരുന്നത് സേഫല്ല. ഇത്രയും ഉയരത്തിലല്ലേ. ഇടിവെട്ടിയാല്‍ താങ്ങില്ല. ഇനി വരുമ്പോ  നമുക്ക് രാവിലെ വരാം. വാഗമണ്‍, മാര്‍മല അരുവി എല്ലാം പഴയതുപോലെ ഒന്നു ചുറ്റാം. ' അടുത്ത പ്ലാന്‍ ഇട്ടു ഷെറീഫ്. ഇനി വരുമ്പോള്‍ വേറേ വഴിയേ പോകണം, ആ വശത്തുനിന്ന് കാണുമ്പോള്‍ ഇല്ലിക്കല്‍ക്കല്ല് എങ്ങനെ എന്നറിയണ്ടേ? അന്ന് മാര്‍മല അരുവിയ്ക്കു പോകാന്‍ മര്യാദയ്ക്കുള്ള വഴി ഇല്ലായിരുന്നു, പോകാന്‍ നന്നെ ബുദ്ധിമുട്ടിയിരുന്നു. ഇപ്പോള്‍ ഉണ്ടാവുമായിരിക്കും.

പണി നടക്കുന്നതുകൊണ്ട് മുകളിലെ ഗേറ്റ് അടച്ചിരിക്കയായിരുന്നുവത്രേ. പക്ഷേ ഞങ്ങള്‍ ചെന്നപ്പോഴേയ്ക്കും തുറന്നിരുന്നു, 'ഊം, ഭാഗ്യമുണ്ട്, 'ഷെറീഫ് ചിരിച്ചു. അങ്ങനെ മുകളിലെത്തി. ഷെറീഫ് തന്നെ കാര്‍ തിരിച്ചിട്ടു. രണ്ടു മാടക്കടകള്‍ ഉണ്ട്. വാസ്തവത്തില്‍ വണ്ടി തിരിക്കാനുള്ള സ്ഥലം കയ്യേറിയിരിക്കയാണ് അവര്‍. വയറ്റുപിഴപ്പ്. താഴെ എവിടെ നിന്നോ വരുന്നവരാണ്.

അനാരോഗ്യം ഓര്‍ക്കാതെ ആവേശത്തോടെ ലേശം മുകളിലേക്കു തത്തിപ്പിടിച്ചു കയറി, പാറമേല്‍ നിന്ന് മൊബൈലില്‍ ഫോട്ടോ എടുത്തു, താഴേക്കു നോക്കിയപ്പോള്‍ പേടിച്ചുപോയി. ഫോട്ടോ എടുത്തെടുത്ത് കാലുതെന്നിവീണ ആര്‍ക്കിടെക്റ്റ് നരേന്ദ്രന്‍ (മോഹന്‍ലാല്‍ കഥാപാത്രം-മായാമയൂരമെന്നു തോന്നുന്നു) നെ ഓര്‍മ്മ വന്നതുകൊണ്ട് വളരെ സൂക്ഷിച്ചായിരുന്നു നില്‍പ്പ്. 
സിനിമകള്‍ കാണുന്നത് വളരെ നല്ലതാണ്! സമയാസമയത്ത് ഓര്‍മ്മകള്‍ മുന്നറിയാപ്പായി  ഉണരും!

ഉയരങ്ങളില്‍ നിന്ന് ചുറ്റും നോക്കി പ്രകൃതിസൗന്ദര്യം നുകര്‍ന്നു.  'അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം! ' കോണ്‍വെന്റില്‍ നിന്നു കിട്ടിയ സെര്‍മണ്‍ ഓണ്‍ ദ മൗണ്ട് എന്ന കുട്ടിപ്പുസ്തകത്തിന്‍റെ കവര്‍ചിത്രവും ഓര്‍മ്മ വന്നു.

മലമൂടത്തിയായ എനിക്ക് മല ഒന്നും പുതുമയല്ല, എന്നിട്ടും ഇവിടുത്തെ മാസ്മരിക സൗന്ദര്യം അപാരമെന്നു തോന്നി. പാറി നടക്കുന്ന ആകാശത്തുണ്ടുകള്‍ പോലെ ലാഘവമാര്‍ന്നു മനസ്സ്. മറ്റെല്ലാം മറക്കും പോലെ. മറ്റൊരു വന്യലോകത്ത് എത്തിയ പോലെ. ഷെറീഫ് ചുറ്റും നോക്കിയും താഴേയ്ക്ക് നോക്കിയും ഏതെല്ലാം ഏത് എന്നു പറഞ്ഞു തരുന്നുണ്ടായിരുന്നു. പുള്ളിക്കാനം മലയിലെ റോഡിലൂടെ തീപ്പെട്ടിവണ്ടികള്‍ നീങ്ങുന്നത് കാണാമായിരുന്നു.



കല്ലിലേക്കു കയറാന്‍ മുകളിലേക്ക് ആളുകള്‍ നടന്നുണ്ടായ ഒറ്റയടിപ്പാതയുണ്ട്. അതിലേ മുകളിലെത്തി പിന്നെ വേണം വലതു വശത്തുള്ള കല്ലിലേക്കു പോകാന്‍.

മുകളിലേക്കു കയറാനുള്ള ഒറ്റയടിപ്പാത.നിറുകയില്‍നിന്ന് വലത്തോട്ടു തിരിഞ്ഞു നടക്കുമ്പോള്‍ കല്ലിലെത്താം. മുകളിലെ ചിത്രങ്ങള്‍ നോക്കാം. ഈ വഴി തുടങ്ങുന്നിടം വരെയേ ഞങ്ങള്‍ കയറിയുള്ളു.
കുടക്കല്ലിലും കോഴിക്കല്ലിലും മനുഷ്യര്‍ നടക്കുന്നത് കാണാമായിരുന്നു. വലിയവരും കുട്ടികളും മുകളിലേക്ക് കയറുന്നുമുണ്ടായിരുന്നു. അത് കാണെ ശരിക്കും ഭയം തോന്നി. ഒന്നു കാലു തെറ്റിയാല്‍... യാതൊരു സുരക്ഷാ സൗകര്യങ്ങളും ഇല്ല. മുകളില്‍ മൊബൈലിനു റേഞ്ചുമില്ല.

താഴേക്ക് ഇറങ്ങാന്‍ ഞാന്‍ ഇത്തിരി പാടുപെട്ടു. എങ്കിലും ആരുടേയും അഭിപ്രായം ഒന്നും അനുസരിക്കാതെ സ്വയം തീരുമാനിച്ച രീതിയില്‍ ഇറങ്ങി. അവസാനം ലേശം ഇരുന്നു നിരങ്ങി വെള്ള ഉടുപ്പ് ചെളിയും പറ്റിച്ചു, താഴേക്കു റോഡിലേക്കു ചാടും മുമ്പ്.  ഞങ്ങള്‍ താഴേക്കിറങ്ങവേ ഒരു ഇന്നോവ വന്നു നിന്നു. അതിനകത്തു നിന്ന് യൂണിഫോമിട്ട ഒരു പറ്റം കുട്ടികള്‍ പുറത്തുചാടി. ഇത്രയും പേരോ ഒരു കാറില്‍ എന്ന് ഞങ്ങള്‍ ചിരിച്ചു. ഇറങ്ങാന്‍ സര്‍ക്കസ്സു കാണിക്കുന്ന ഞാന്‍ മുന്നേ പോയവരുടെ രീതി മനസ്സിലാക്കിയപ്രകാരം, ആഗതരെ നോക്കി  വെളുക്കെ അങ്ങു ചിരിച്ചു. പക്ഷേ അടുത്തു വന്നപ്പോള്‍ അസാദ്ധ്യ മണം, നല്ലവണ്ണം പൂശിയാണ് കുട്ടികള്‍ വന്നിരിക്കുന്നത്. 'ഇല്ലിക്കല്‍ക്കല്ലു വാഴും ദൈവങ്ങളേ...ഈ കുട്ടികളെ കാത്തോളണേ...'ഗോവിന്ദപ്പൂപ്പന്റെ പ്രാര്‍ത്ഥന മനസ്സില്‍ ചൊല്ലി . പ്രായത്തിന്റെ തുടിപ്പ്, വീട്ടില്‍ കാത്തിരിക്കുന്ന അച്ഛനമ്മമാര്‍!

തിരിച്ചിറങ്ങി അവിടവിടെ നിന്ന്, കാഴ്ച്ചകള്‍ കണ്ടുകണ്ട് മടക്കയാത്ര. വളഞ്ഞുപുളഞ്ഞ് പിന്നിട്ടുപോന്ന വശ്യമായ വഴി.
വളഞ്ഞു പുളഞ്ഞു പോകും വഴി
 പണ്ടു കണ്ട തൂക്കുപാലം ഒന്നുകൂടി കാണണമെന്നായി ഞാന്‍.

പാലത്തിന്‍റെ താഴെ ശോഷിച്ച തീക്കോയി ആറ്.
പല സിനിമകളും ഷൂട്ട് ചെയ്തിരുന്നുവത്രേ അവിടെ. പക്ഷേ ഇപ്പോഴത്തെ അവസ്ഥ ശോചനീയമായിരുന്നു. പഴയ പാലമല്ല, തടി റീപ്പറുകള്‍ വച്ച പുതിയ പാലത്തില്‍ അവിടവിടെ റീപ്പറുകള്‍ പോയിട്ടുണ്ട്, റെയിലിങ്ങിനാണെങ്കില്‍ തമ്മില്‍ തമ്മില്‍ വല്ലാത്ത അകലവും! ആളുകള്‍ അക്കരെയിക്കരെ പോകുന്നുണ്ടായിരുന്നുവെങ്കിലും കുറച്ചു മുന്നോട്ടു പോയി ഞാന്‍ തിരിച്ചു വന്നു. ഓരോന്നിനും ഓരോ പ്രതാപകാലമുണ്ടാവും, അതു മാറി മാറി വരികയും ചെയ്യും!

 ഓഡിയോ  കളയാനറിയാത്തതുകൊണ്ട് വിഡിയോകള്‍ ഇടുന്നില്ല . 360 ഡിഗ്രി വിഡിയോകള്‍  ആണേയ്, മൊബൈലില്‍ ഞാന്‍ സ്വയം വട്ടം കറങ്ങി എടുത്തത്. :))

  


Friday, January 08, 2016

കോഹിനൂര്‍

                           
അഞ്ചു വര്‍ഷം മുമ്പത്തെ ഇംഗ്ലണ്ട് സന്ദര്‍ശനവേളയില്‍ കാണണ്ട എന്നു മനഃപൂര്‍വ്വം വിട്ടുകളഞ്ഞ ഇടമാണ് പ്രസിദ്ധമായ കോഹിനൂര്‍ രത്‌നം സൂക്ഷിച്ചിരിക്കുന്ന ടവര്‍ ഓഫ് ലണ്ടന്‍. അന്ന് അതിനു ചുറ്റും മണ്ടി നടന്നതേയുള്ളു. വിന്‍സര്‍ കാസിലില്‍ ഇന്‍ഡ്യയില്‍ നിന്നു പിടിച്ചെടുക്കപ്പെട്ട അനേകം സാധനങ്ങള്‍ പ്രദര്‍ശനത്തിനു വച്ചിരുന്നതു കണ്ട് തോന്നിയ ഒരു വികാരവിക്ഷോഭ്യത ആയിരുന്നു ആ തീരുമാനം. എന്റെ വീട്ടില്‍ നിന്നും കളവുപോയ അമൂല്ല്യസാധനം മോഷ്ടാവിന്റെ വീട്ടില്‍ പോയി കാശു കൊടുത്ത് കാണുകയോ എന്ന ഒരു പക്ഷേ വികലം എന്നു പറയാവുന്ന ചിന്ത. പക്ഷേ ഇപ്പോഴത്തെ രണ്ടാം വരവില്‍ അതു കാണുക തന്നെ എന്നു വച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കാര്യമോര്‍ത്ത് അത് കാണാതിരിക്കുന്നത് വെറും മൂഢതയല്ലേ, നാദിര്‍ഷായോടും അലാവുദ്ദീന്‍ ഖില്‍ജിയോടും ഇല്ലാത്ത ദേഷ്യം ബ്രിട്ടീഷുകാരോട് മാത്രമെന്തിന്, അവരതു സൂക്ഷിച്ചു വച്ചതുകൊണ്ട് കാണാനെങ്കിലും ആവുന്നുണ്ടല്ലോ എന്ന് വികാരം യുക്തിക്കു വഴിമാറി.

അങ്ങനെ സെപ്റ്റംബര്‍ 09 ന് ടവര്‍ ഓഫ് ലണ്ടന്‍ ല്‍ എത്തി. ടിക്കറ്റ് നിരക്ക് ഭീകരമാണ്, ഒരു പക്ഷേ ലണ്ടനിലെ കാഴ്ച്ചസ്ഥലങ്ങളില്‍ ഏറ്റവും കൂടിയത്. മ്യൂസിയങ്ങള്‍, ആര്‍ട്ട് ഗാലറികള്‍, പൂന്തോപ്പുകള്‍ ഇവയിലൊഴികെ എല്ലായിടവും പ്രവേശനഫീസുണ്ട്.

11-ാം നൂറ്റാണ്ടു മുതല്‍ പണിത പല പല കട്ടിക്കരിങ്കല്‍ കോട്ടകൊത്തളങ്ങളുടെ ഒരു സഞ്ചയമാണ് ടവര്‍ ഓഫ് ലണ്ടന്‍. കോട്ടകള്‍, കോട്ടകള്‍ക്കുള്ളില്‍ പിന്നെയും കോട്ടകള്‍, രാവണന്‍ കോട്ട പോലെ . ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രമുഖമായ പങ്കു വഹിക്കുന്ന ഈ കോട്ടസമുച്ചയം തേംസ് നദിയുടെ തീരത്താണ്. തേംസിലൂടെ പോകുന്ന കപ്പലുകളുടെ ഭീതിദ സൈറണ്‍ കേള്‍ക്കാമായിരുന്നു ഇടയ്ക്കിടെ. കാഴ്ച്ചകള്‍ കണ്ടു തുടങ്ങിയപ്പോഴേ ഒന്നു മനസ്സിലായി, ചോരയുടെ മണമാണ് ആ ടവറുകള്‍ക്ക് ! അതെ, അവ കൊല്ലിന്റേയും അരുംകൊലയുടേയും ചതിയുടേയും ക്രൂരതയുടേയും സ്മാരകങ്ങളത്രേ! പ്രേതങ്ങള്‍ ഒട്ടനവധി വിളയാടുന്നുണ്ടാവും അവിടെ!

കറുപ്പും ചുവപ്പും വേഷഭൂഷാദികള്‍ ധരിച്ച ' ബീഫീറ്റര്‍' സരസനായിരുന്നു. രാജ്ഞിയുടെ കൊട്ടാരത്തിന്റേയും ലണ്ടന്‍ കോട്ടയുടേയും തറവാടികളായ കാവല്‍ക്കാരെ വിളിച്ചു വരുന്ന പേരാണ് അത് എന്നും ബീഫ് തിന്നുന്നതുകൊണ്ടല്ല അങ്ങനെ വിളിക്കുന്നത് എന്നും അയാള്‍ പറഞ്ഞപ്പോള്‍ കേട്ടു നിന്നവര്‍ പൊട്ടിച്ചിരിച്ചു. കോട്ട സമുച്ചയത്തിന്റെ വശത്ത് വിശാലമായ പുല്‍ത്തകിടി ഉണ്ട്. കഴിഞ്ഞ തവണ വന്നപ്പോള്‍ അവിടെ കളിക്കുന്ന ഷേക്‌സ്പീറിയന്‍ നാടകം നോക്കി നിന്നിരുന്നു കുറേ നേരം.
വിശാലമായ ആ മൈതാനം ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു തന്നു, പണ്ട് അത് 'എക്‌സിക്യൂഷന്‍ ഗ്രൗണ്ട് '-വധശിക്ഷാ മൈതാനം-എന്ന് ആയിരുന്നു അറിയപ്പെട്ടിരുന്നത് എന്ന്. വധശിക്ഷ നടപ്പാക്കല്‍ വലിയ ഉത്സവമായിരന്നേ്രത! 'ആളുകള്‍ തടിച്ചു കൂടി ആട്ടവും പാട്ടും ഘോഷവും ആയിരിക്കും, എല്ലാവരും അതീവ സന്തുഷ്ടരായിരിക്കും, ഒരാളൊഴികെ,' ബീഫീറ്റര്‍ പറഞ്ഞു നിര്‍ത്തി. അതെ, വധിക്കപ്പെടാന്‍ പോകുന്നവന് എങ്ങനെ സന്തോഷിക്കാനാവും!
കോട്ടയുടെ കമാനത്തിലൂടെ അകത്തേക്കു പ്രവേശിക്കവേ, മുകളിലേക്കു നോക്കുവാന്‍ പറഞ്ഞു, ബീഫീറ്റര്‍. പ്രവേശനകമാനത്തിനു മുകളില്‍ വളഞ്ഞ കല്‍ക്കെട്ടുകള്‍ക്കിടയില്‍ കൂര്‍ത്ത കുന്തമുനകള്‍! ആരെങ്കിലും അതിക്രമിച്ചു കടക്കുമ്പോള്‍ ഇവ ടപ്പോന്നു തലയിലേക്കു പതിക്കും, അത്ര തന്നെ. ക്രൂരതയുടെ, ഹിംസയുടെ രൂക്ഷത അറിയണമെങ്കില്‍ ഇവിടം കാണണം! സ്വയരക്ഷയ്ക്കാവാം, ആഭ്യന്തരകലാപത്തില്‍ നിന്നുള്ള രക്ഷതേടലാവാം, ശത്രുനിഗ്രഹമാവാം, അധികാരം പിടിച്ചടക്കലാവാം, കൊല്ലിനും കൊലയ്ക്കും കാരണം പലതുണ്ടാവാം. എലിസബത്ത്-I രാജ്ഞിക്കു പോലും അവരുടെ സ്ഥാനാരോഹണത്തിനു മുമ്പ് ഇവിടെ തടവില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. 'ലണ്ടന്‍ കോട്ടയിലേക്ക് അയയ്ക്കുക' എന്നൊരു പ്രയോഗം പോലും നിലവില്‍ വന്നിരുന്നു. 
 
രാജ്യദ്രോഹക്കുറ്റം ചുമത്തി അവിടെ വര്‍ഷങ്ങളോളം തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന സര്‍. വാള്‍ട്ടര്‍ റാലീയുടെ മുറി വഴി, പാലസ് ഓഫ് ടോര്‍ച്ചര്‍ -പീഡനക്കൊട്ടാരം-കാണുന്നതിനായി, പടവുകളിറങ്ങി. തേംസ് നദിയില്‍ നിന്നു വെള്ളം അകത്തേക്കു കയറാതെ രക്ഷയ്ക്കായി തീര്‍ത്ത കോട്ട പില്‍ക്കാലത്ത് പീഡന കൊട്ടാരം അഥവാ ബ്ലഡി ടവര്‍-രക്താഭിഷിക്ത കൊട്ടാരം-ആക്കി രൂപാന്തരപ്പെടുത്തുകയായിരുന്നു. നിലവറയിലെ ഇരുട്ടില്‍ ചെന്ന് മാനസികമായ, ശാരീരികമായ ദണ്ഡനമുറകളെ പറ്റി വായിക്കുമ്പോള്‍, വിവിധതരം പീഡനോപാധികളുടെ പ്രദര്‍ശനവും വര്‍ണ്ണനയും കാണുമ്പോള്‍, നമ്മുടെ രക്തം തണുത്തുറയും. ആ ക്രൂരതയുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി കൂടുതല്‍ വര്‍ണ്ണിക്കുവാന്‍ താല്‍പര്യമില്ലെനിക്ക്.

സര്‍:റാലീയുടെ മുറിയില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന മേശയും മറ്റു സാധനങ്ങളും അദ്ദേഹത്തിന്റെ കൈപ്പടയില്‍ എഴുതിയ ബുക്കും പ്രദര്‍ശത്തിനുണ്ട്. 400 ഓളം വര്‍ഷങ്ങളായിട്ടും കേടുപാടൊന്നും പറ്റാതെ അവ സംരക്ഷിക്കപ്പെട്ടിരിക്കുന്നു! ചരിത്രസ്മാരകങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഇവര്‍ക്കുള്ള അവധാനത ഒന്നു വേറേ തന്നെ. ഈ കോട്ടയില്‍ വച്ച് 1483 ല്‍ കൊന്നു കളഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നവരാണ് എഡ്വേര്‍ഡ് നാലാമന്റെ 12 വയസ്സുള്ള മകന്‍ എഡ്വേര്‍ഡ് അഞ്ചാമനും അനുജന്‍ റിച്ചാര്‍ഡും. അധികാരം പിടിച്ചെടുക്കാനായി അവരുടെ അമ്മാവന്‍ ഡ്യൂക്ക് തന്നെയാണ് ഈ അരുംകൊലയക്കു പിന്നിലെന്നും വിശ്വസിക്കപ്പെടുന്നു.

അവിടെ നിന്ന് പുറത്തിറങ്ങി വിശാലമായ വീഥിയിലൂടെ യാത്ര തുടങ്ങി. ഇടതുവശത്ത് ഉള്ള ഔദ്യോഗികവസതികളില്‍ അറ്റകുറ്റങ്ങളോ കൂട്ടിച്ചേര്‍ക്കലുകളോ നടക്കുന്നുണ്ടായിരുന്നു. ഒരു ചെറിയ കുളം പോലൊന്നിനു ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നതുകണ്ട് അങ്ങോട്ട് ഞങ്ങളും വച്ചു പിടിച്ചു. അവിടെ മരിച്ചുവീണ വിശിഷ്ടവ്യക്തികള്‍ക്കുള്ള സ്മാരകമാണ് അത്, ടവര്‍ ഓഫ് ഗ്രീന്‍, എക്‌സിക്യൂഷന്‍ സൈറ്റ്. മൂന്നു ചെറുപ്പക്കാരായ രാജ്ഞിമാരുടേയും-ഇതില്‍ രണ്ടുപേര്‍ ഹെന്റി VIII-ാമന്‍ രാജാവിന്റെ ഭാര്യമാരായിരുന്നു-മറ്റ് ഏഴു പേരുടേയും തല വെട്ടിക്കളഞ്ഞിട്ടുണ്ട് ഈ ടവര്‍ ല്‍ വച്ച്. അവരുടെ ഓര്‍മ്മയ്്ക്കായി പണിതിരിക്കുന്ന ഗ്ലാസ്സ് സ്മാരകമാണ് ഇത്. രാജകുടുംബവുമായി ബന്ധപ്പെട്ട ഉന്നതര്‍ ആയിരുന്നതുകൊണ്ട് വധിക്കപ്പെട്ടപ്പോള്‍ പൊതുജനത്തിന് കാണാനാവാതെ കോട്ടയ്ക്കുള്ളില്‍ വച്ച് തികച്ചും സ്വകാര്യമായി നടപ്പിലാക്കിയ 'കോടാലി വെട്ട് ' ആയിരുന്നു ഈ ഒന്‍പത് സ്ത്രീകളുടേയും ഒരു പുരുഷന്റേയും.

സന്ദര്‍ശകര്‍ വളരെയേറെയുണ്ടായിരുന്നെങ്കിലും വിശാലമായ സ്ഥലസൗകര്യം ഉണ്ടായിരുന്നതുകൊണ്ട് തിരക്ക് തീരെ അനുഭവപ്പെട്ടതേയില്ല. അവിടവിടെ നിന്ന് ഫോട്ടോകളെടുത്ത്, പതിയെ 'ദി ക്രൗണ്‍ ജ്യൂവല്‍സ്'-കിരീടാഭരണങ്ങള്‍- എന്നെഴുതി വച്ചിരുന്ന ഭീമാകാരന്‍ കൊട്ടാരത്തിലേക്കു കയറി. മാര്‍ട്ടിന്‍ ടവര്‍, ജ്യുവല്‍ ടവ്വര്‍ എന്നും ഇത് അറിയപ്പെടുന്നു.
JEWEL TOWER

വലിയ ഒരു അത്യാധുനിക സിനിമാ തീയേറ്ററിനകത്ത് എത്തിപ്പെട്ടതു പോലെ തോന്നിപ്പിച്ചു. ഭിത്തികളില്‍ മുഴുവന്‍ കിരീടധാരണ ചടങ്ങുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോഴത്തെ രാജ്ഞിയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. ഞങ്ങള്‍ പോയ ദിവസത്തിനു ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച രാജാവ്/രാജ്ഞി എന്ന പദവി എലിസബത്ത് രാജ്ഞിക്ക് കൈവന്ന ദിവസമാണത്, അവര്‍ സ്ഥാനമേറ്റിട്ട് 63 വര്‍ഷവും 216 ദിവസവും പൂര്‍ത്തിയാക്കുകയായിരുന്നു. അവരുടെ മുതുമുത്തശ്ശിയായ വിക്ടോറിയാ രാജ്ഞിയുടെ ഈ റെക്കാര്‍ഡ് അന്ന് വൈകുന്നേരം 5.30 pm ന് അവര്‍ ഭേദിച്ചു.

അങ്ങനെ കോഹിനൂറും മറ്റു രതന്ങ്ങളും സൂക്ഷിച്ചിരുന്ന മുറിയിലെത്തി. രത്‌നങ്ങള്‍ സൂക്ഷിച്ചിരുന്ന കണ്ണാടിക്കൂടുകളിലെ വെട്ടം അല്ലാതെ മുറിയില്‍ ഇരുട്ടായിരുന്നു. ക്യൂ ആയി വാക്കലേറ്ററിലൂടെ -ഹൊറിസോണ്ടല്‍ എസ്‌കലേറ്റര്‍-നീങ്ങി വേണം അതിന്റെ ഇടതു വശത്തു സൂക്ഷിച്ചിരിക്കുന്ന ഈ അമൂല്യരത്‌നങ്ങള്‍ ഒരു നോക്കു കാണുവാന്‍. വളരെ പതിയെ ആണ് എസ്‌കലേറ്റര്‍ നീങ്ങുക, എന്നിട്ടും നോക്കി വന്നപ്പോഴേയ്ക്കും അറ്റത്തെത്തി കഴിഞ്ഞു എന്നതാണു വാസ്തവം. ഫോട്ടോഗ്രാഫി നിഷിദ്ധമാണ് അവിടെ. അവിടെ നിന്ന് വാക്ക് വേയുടെ വലതുവശത്തുള്ള ഉയര്‍ന്ന തിട്ടയില്‍ തിരിച്ചു വന്നു ഞങ്ങള്‍. അവിടെ നിന്ന് നോക്കിയാലും രത്‌നങ്ങള്‍ കാണാം, നമുക്കും രത്‌നക്കൂടുകള്‍ക്കും ഇടയില്‍ വാക്-വേയുടെ അകലം ഉണ്ടെന്നു മാത്രം. ഈ തിട്ടയില്‍ ഓരോ രത്‌നത്തിന്റേയും നേരെ എതിരെ അതിന്റെ മാതൃക നമുക്ക് കാണാം.

രണ്ടു മദാമ്മമാര്‍ കിരീടത്തില്‍ കോഹിനൂര്‍ എവിടെ എന്നതു സംബന്ധിച്ച് മാതൃക നോക്കി ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതു കണ്ടു. അവരുടെ അനുമാനം ശരിയല്ല എന്നായിരുന്നു ഞങ്ങളുടെ നിഗമനം. ഒടുവില്‍ മുറിക്കു കാവല്‍ നില്‍ക്കുന്ന ബീഫീറ്ററുടെ സഹായം തേടി. അയാള്‍ മാതൃകയില്‍ രത്‌നം തൊട്ടു കാണിച്ചു തന്നു. ഞങ്ങളുടെ ഊഹമായിരുന്നു ശരി. ലോകത്തിലെ 13-ാം വലിപ്പമുള്ള വജ്രമാണ് കോഹിനൂര്‍ എന്ന് ബീഫീറ്റര്‍ പറഞ്ഞു തന്നു. ഏറ്റവും വലിപ്പമേറിയത് 530.2 കാരറ്റുള്ളതാണ് എന്നു പറഞ്ഞ് അതും കാണിച്ചു തന്നു. ഏറ്റവും അത്ഭുതപ്പെടുത്തിയ ഒരു കാര്യം വിവിധരാജ്യക്കാരായ കാഴ്ച്ചക്കാര്‍ക്കെല്ലാവര്‍ക്കും കാണേണ്ടിയിരുന്നതും അറിയേണ്ടിയിരുന്നതും 'പ്രകാശശൈലം'-Mountain of Light-എന്നറിയപ്പെടുന്ന, ഒരു കാലത്ത് നമ്മുടേതായിരുന്ന കോഹിനൂര്‍ രത്‌നത്തെക്കുറിച്ചായിരുന്നു എന്നതാണ്!

അതു കാണവേ മനസ്സിലൂടെ കടന്നു പോയ വികാരങ്ങള്‍ പ്രകാശിപ്പിക്കുവാനാവതില്ല തന്നെ. ഇത്രയധികം പിന്നാമ്പുറക്കഥകള്‍ പേറുന്ന ഒരു വജ്രക്കല്ല് ലോകചരിത്രത്തില്‍തന്നെ വേറെ ഉണ്ടാവില്ല. അത് കൃഷ്ണകഥയിലെ സ്യമന്തകം മണിയാണെന്ന് ചിലര്‍ പറയുന്നു, അല്ല ഊഹിക്കുന്നു. തലമുറകളായി അതു കൈവശം വച്ചിരുന്ന മാള്‍വ രാജകുടുംബത്തില്‍ നിന്നും അത് 1304 ല്‍ സ്വന്തം അധീനതയിലാക്കിയത് അലാവുദ്ദീന്‍ ഖില്‍ജി എന്നും അതല്ല, 1526 ലെ പാനിപ്പട്ട് യുദ്ധശേഷം ഗ്വാളിയര്‍ രാജാവ് ഹുമയൂണിനു സമ്മാനിച്ചതാണ് എന്നു മറ്റു ചിലരും കരുതുമ്പോള്‍ ആന്ധയിലെ കൃഷ്ണനദിയിലെ കൊല്ലൂര്‍ വജ്രഖനിയില്‍ നിന്നു ഖനനം ചെയ്‌തെടുത്ത രത്‌നം 1656 ല്‍ ഷാജഹാന്‍ ചക്രവര്‍ത്തിക്കു സമ്മാനിച്ചതെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. ആന്ധയിലെ കാകതീയ രാജവംശം-തെലുങ്ക് സിനിമ രുദ്രമാ ദേവി ഈ രാജവംശത്തിലെ രാജ്ഞിയെപ്പറ്റിയാണ്-അവരുടെ ദേവിയുടെ കണ്ണായി വച്ചിരുന്ന രത്‌നക്കല്ലാണ് ഇത് എന്നും അലാവുദ്ദീന്‍ ഖില്‍ജി ആക്രമിച്ചു കൈക്കലാക്കി എന്നുമാണ് മറ്റൊരു കഥ. ഒരെണ്ണമായതിനാല്‍ കണ്ണായിരിക്കില്ല, മൂക്കുത്തിയോ പൊട്ടോ ആഭരണത്തിലെ കല്ലോ ആവണം എന്ന് എനിക്കു തോന്നുന്നു. 

1739 ല്‍ ഡല്‍ഹി ഓടിനടന്നു കൊള്ളയടിച്ച പേര്‍ഷ്യന്‍ യുദ്ധക്കൊതിയന്‍ നാദിര്‍ഷായുടെ കൊള്ളമുതലിന്റെ ഭാഗമാവാനാണ് കൂടുതല്‍ സാദ്ധ്യത എന്നും പറയപ്പെടുന്നു. അത് കണ്ട് നാദിര്‍ ഷാ 'കോഹിനൂര്‍'!-പ്രകാശ പര്‍വ്വതം!- എന്ന്  അത്ഭുതപൂര്‍വ്വം വിളിച്ചു കൂവിയത്രേ. അങ്ങനെയാണ് അതിന് ആ പേര്‍ഷ്യന്‍ പേരു സിദ്ധിച്ചത്. അന്നുവരെ ആ വിശിഷ്ടരത്‌നം നാമകരണം ചെയ്തിരുന്നില്ലത്രേ. നാദിര്‍ഷായക്ക് അതു നേടാനായത് ചതിയിലൂടെ തന്നെയാണ്. ഡല്‍ഹി കൊട്ടാരം മുഴുവന്‍ കൊള്ളയടിച്ചിട്ടും ഈ രത്‌നം കിട്ടാതെ നിരാശനായി തലങ്ങും വിലങ്ങും നടന്ന നാദിര്‍ഷായുടെ കൂടാരത്തിലേക്ക് രാത്രിയില്‍ ഇഴഞ്ഞു കയറി രത്‌നം മുഹമ്മദ് ഷാ രാജാവിന്റെ ശിരോവസ്ത്രത്തിനുള്ളിലുണ്ട് എന്ന് അറിവു കൊടുത്തത് ഷായുടെ അന്തഃപുരസ്ത്രീകളിലൊരുവള്‍ തന്നെ ആണ്. സുഖലോലുപതയ്ക്ക് ഇങ്ങനേയും ചില വശങ്ങളുണ്ട് എന്ന് മുഹമ്മദ് ഷാ ഓര്‍ത്തിട്ടുണ്ടാവില്ല.

നാദിര്‍ ഷായുടെ മരണശേഷം അത് വീണ്ടും അയാളുടെ പടത്തലവന്റെ അനന്തരാവകാശിയുടെ ഇന്‍ഡ്യന്‍ അഭയാര്‍ത്ഥിത്വം വഴി പഞ്ചാബ് സിംഹം എന്ന് അറിയപ്പെട്ടിരുന്ന സിക്ക് ഭരണാധികാരി രഞ്ജിത് സിംഗ് വശം എത്തി. പിന്നീട് പഞ്ചാബ് ബ്രിട്ടീഷ് അധീനതയിലായപ്പോള്‍ ലാഹോര്‍ ട്രഷറി ഈസ്റ്റിന്‍ഡ്യാ കമ്പനിക്കു നല്‍കേണ്ടി വന്നു, കൂട്ടത്തില്‍ രത്‌നങ്ങളും. പല പല കൈ മറിഞ്ഞ്  ആ വിശിഷ്ട രത്‌നം ഈസ്റ്റിന്‍ഡ്യാ കമ്പനി വിക്ടോറിയാ രാജ്ഞിക്കു കൈമാറുന്നതിന്റെ ചിത്രവും കണ്ടു. ലോര്‍ഡ് ഡല്‍ഹൗസിയുടെ പദ്ധതിപ്രകാരം രഞ്ജിത് സിംഗിന്റെ കൊച്ചുമകനെക്കൊണ്ട് തന്നെ പിന്നീട് അത് വിക്ടോറിയാ രാജ്ഞിക്കു 'സമ്മാനിപ്പിച്ചു'!

ഈ രത്‌നം ഇന്‍ഡ്യയുടെ ദുരന്തരത്‌നം എന്നും അറിയപ്പെടുന്നുണ്ട്. ഉടമസ്ഥാവകാശത്തിനൊപ്പം അത് രക്തച്ചൊരിച്ചിലും അക്രമവും കൂടി എപ്പോഴും കൊണ്ടുവന്നു പോലും. കൈവശം വച്ചവരൊക്കെ കൊല്ലപ്പെട്ടു, യുദ്ധത്തില്‍ കീഴടക്കപ്പെട്ടു. അത് ചതിയിലൂടെ കൈക്കലാക്കിയ നാദിര്‍ഷായും കൊല്ലപ്പെടുക തന്നെ ചെയ്തു. അതില്‍ അത്ഭുതമെന്തുള്ളു. അന്യന്റെ സമ്പത്ത് കൈക്കലാക്കുവാനുള്ള നെട്ടോട്ടത്തിന്റെ, ആര്‍ത്തിയുടെ സ്വാഭാവികപരിണതഫലം മാത്രമല്ലേ അത്? അതിന്, ആ പാവം രത്‌നം എന്തു പിഴച്ചു?

793 കാരറ്റുണ്ടായിരുന്ന ലോകത്തിലെ ഏറ്റവും വലിയ 'അണ്‍കട്ട് ഡയമണ്ട്' ആയിരുന്ന ഈ രത്‌നത്തെ തിളക്കം തീരെ പോരാഞ്ഞ് മിനുക്കി മിനുക്കി 106 കാരറ്റ് എത്തിച്ചതാണേ്രത ഇപ്പോഴത്തെ കോഹിനൂര്‍. അപ്പോള്‍ പിന്നെ ജാംബവാന്റെ ഇരുള്‍ഗുഹ പ്രകാശിപ്പിച്ച സ്യമന്തകമോ, പ്രകാശപര്‍വ്വതം എന്ന് നാദിര്‍ഷാ ഉത്‌ഘോഷിച്ച കോഹിനൂറോ ഇത് ആകുമോ? 

കായംകുളം കൊച്ചുണ്ണി തന്റെ മോഷണമുതല്‍ പ്രദര്‍ശനം നടത്തുന്നതു പോലെ എന്നൊരു വികല അഭിപ്രായം തട്ടിമൂളിച്ചു ഞാന്‍. എന്തായാലും അതു ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടല്ലോ, കാണാനെങ്കിലും ആകുന്നുണ്ടല്ലോ എന്ന് ഒടുവില്‍ സങ്കടത്തോടെ സമാധാനിച്ചു. മയൂരസിംഹാസനവും നാദിര്‍ഷാ കടത്തിയതല്ലേ? അതിന്റെ തുമ്പു പോലുമില്ലല്ലോ.

ആ രത്‌നം എന്നെങ്കിലും തിരിച്ച് ഇന്‍ഡ്യയില്‍ എത്തുമോ ആവോ?അതിനു നടത്തിയ ശ്രമങ്ങള്‍ പച്ച തൊട്ടിട്ടില്ലല്ലോ ഇതുവരെ. പാക്കിസ്ഥാനും ഇതിനു മേല്‍ അവകാശവാദമുന്നയിച്ചിരുന്നു. ബ്രിട്ടീഷ് സിക്കുകാര്‍ അത് ഇന്‍ഡ്യയിലേക്കു തിരിച്ചുകൊണ്ടുവരേണ്ടതില്ല എന്ന് ഉറപ്പിച്ചു പറയുന്നു. സ്വതന്ത്ര സിക് രാഷ്ട്രം രൂപീകരിക്കപ്പെടുമ്പോള്‍ അത് അങ്ങോട്ടേക്കാണ് മാറ്റേണ്ടത് പോലും! വേണ്ട, ഇന്‍ഡ്യയിലെ ഇരുള്‍ഖനിയുടെ ഗര്‍ത്തങ്ങള്‍ ഭേദിച്ച് പുറത്തെത്തിയ 'മുഴുവന്‍ ലോകത്തിന്റെ പാതിദിന ചെലവ് നടത്തത്തക്ക വിലയുള്ള' കോഹിനൂര്‍ രത്‌നം ടവര്‍ ഓഫ് ലണ്ടന്‍ ഗ്ലാസ്സ് തടവറയില്‍ തന്നെ സുരക്ഷിതമായി ഇരിക്കട്ടെ. അതിന്റേ പേരില്‍ ഇനിയും തമ്മില്‍ത്തല്ല് നമുക്ക് താങ്ങാനാവില്ല.

'ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണം അന്തരംഗം ' എന്നു വള്ളത്തോള്‍ പാടിയെങ്കിലും തമ്മില്‍ തല്ലി, കിട്ടിയ അനുഗ്രഹങ്ങളെല്ലാം എടുത്തുകൊണ്ടു പൊയ്‌ക്കോളൂ എന്നു ചുമ്മാ അങ്ങു നിന്നുകൊടുത്ത എന്റെ പൂര്‍വികരെ കുറിച്ച് എനിക്ക് അത്ര അഭിമാനമൊന്നും തോന്നുന്നില്ല. അറിഞ്ഞോ അറിയാതെയോ മോഷണത്തിനു കൂട്ടുനിന്നു അവര്‍. പഴങ്കഥ പറഞ്ഞിട്ട്, കുറ്റപ്പെടുത്തിയിട്ട് ഇനി എന്തു കാര്യം? പോയതു പോയതു തന്നെ, എന്നേക്കുമായി. ചില തെറ്റുകള്‍, അബദ്ധങ്ങള്‍, തിരുത്താനാവില്ല ഒരിക്കലും.

ബ്രിട്ടീഷ് രാജകുടുംബത്തിലെ സ്ത്രീ പ്രജകള്‍ മാത്രമേ കോഹിനൂര്‍ പതിച്ച കിരീടം ഇന്നേവരെ അണിഞ്ഞിട്ടുള്ളു. യാദൃശ്ചികമാവാം, ദുരന്തം പേടിച്ചുമാവാം. കോഹിനൂര്‍ മാത്രമല്ല, ലാഹോര്‍ ട്രഷറിയില്‍ നിന്നു കൊണ്ടുവന്ന മറ്റു രണ്ട് ഇന്‍ഡ്യന്‍ രത്‌നങ്ങളും കൂടി ഈ കിരീടത്തിലുണ്ട്. ആകെ 2800 ഡയമണ്ടുകള്‍. രത്‌നങ്ങള്‍ മാത്രമല്ല, ഔദ്യോഗിക അവസരങ്ങളില്‍ രാജകുടുംബം ധരിക്കുന്ന ചെങ്കോലുകള്‍, അഭിഷേകത്തിനായുള്ള എണ്ണ സൂക്ഷിക്കുന്ന ഇരുവശത്തും പിടികളുള്ള ഫഌസ്‌ക് പോലുള്ള പാത്രം, അതില്‍ നിന്ന് എണ്ണ എടുക്കുന്ന സ്ഫൂണ്‍, വസ്ത്രങ്ങള്‍, തുടങ്ങി 12-ാം നൂറ്റാണ്ടു മുതല്‍ പഴക്കമുള്ളവയും ആധുനികകാലത്തേയും ആയ ധാരാളം രാജചിഹ്നങ്ങളും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കോഹിനൂറിനൊപ്പം കിരീടധാരണത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക വിരുന്നു സല്‍ക്കാരവേളയില്‍ രാജകുമാരി ധരിക്കുന്ന ഇന്‍ഡ്യന്‍ തോള്‍വളയും കണ്ടു. ഇവയുടെയെല്ലാം  സൂക്ഷിപ്പുകാരനായ ഓഫീസര്‍ മുകള്‍നിലയില്‍ താമസമുണ്ടേ്രത. ആദ്യസൂക്ഷിപ്പുകാരനായിരുന്ന ടാള്‍ബോട് എഡ്വേഡ്‌സിന് ഒരു പരാജിത മോഷണശ്രമത്തിനിടെ മോഷ്ടാവില്‍ നിന്നു(തോമസ് ബ്ലഡ്) തലയ്ക്കടിയേല്‍ക്കേണ്ടി വന്നിട്ടുണ്ട്.

റോയല്‍ ബീസ്റ്റ്‌സ്-രാജകീയ മൃഗങ്ങള്‍- നെ കാണാന്‍ കയറിയത് ആകാംക്ഷയോടെയാണ്. പക്ഷേ മൃഗങ്ങളെ കാണാമെന്നു കരുതിയത് തെറ്റി. പല ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ മാത്രം. അവയില്‍ പുഷ്ബട്ടണ്‍ ഞെക്കി നമുക്കു പലതിന്റെ ചിത്രങ്ങള്‍ കാണാം, ശബ്ദം കേള്‍ക്കാം, അത്ര തന്നെ. പിന്നെ അതു സംബന്ധമായ ഗെയിമുകളും കളിക്കാം താല്‍പ്പര്യമുണ്ടെങ്കില്‍. നാലഞ്ച് ഗെയിം കളിച്ചു നോക്കി, എല്ലാം തോറ്റു! 600 വര്‍ഷത്തോളം അസാധാരണവും വന്യവുമായ മൃഗങ്ങളെ കോട്ടയില്‍ സൂക്ഷിച്ചിരുന്നു. പക്ഷേ ആ മൃഗങ്ങള്‍ക്കും ഒട്ടും നല്ല സമയമായിരുന്നില്ല അവിടെ. കോട്ടവാസികളായ കാഴ്ച്ചക്കാരെ രസിപ്പിക്കാനായി അവയക്കു തമ്മില്‍ തമ്മില്‍ യുദ്ധം കൂടേണ്ടിയിരുന്നു, അതും അവയക്ക് പ്രകൃത്യാ ലഭിക്കേണ്ട തരം ഭക്ഷണം പോലും ലഭിക്കാതെ. എന്തായാലും ഇവിടം തീരെ രസിച്ചില്ല. മൃഗങ്ങള്‍ക്കു പകരം മൃഗങ്ങളുടെ വിഡിയോകള്‍!

വാള്‍ വാക്ക്-കോട്ട മതിലുകള്‍ക്കു പുറത്തുകൂടിയുള്ള യാത്ര-രസകരമായിരുന്നു. തേംസും ചുറ്റമുള്ള കാഴ്ച്ചകളും ഉയരത്തില്‍ നിന്ന് കാണാനായി. പണ്ട് കോട്ട സൂക്ഷിച്ചിരുന്ന കാവല്‍ക്കാര്‍ നിരന്നു നിന്നിട്ടുണ്ടാവണം അവിടെ.

ഫ്യുസിലിയര്‍ മ്യൂസിയമായിരുന്നു അടുത്ത കാഴ്ച്ച. യുദ്ധചരിത്രങ്ങളും യുദ്ധക്കോപ്പുകളെ പറ്റിയുള്ള വിവരണങ്ങളും രേഖപ്പെടുത്തിയ അവിടം മുഴുവന്‍ കാണാതെ ഇറങ്ങിപ്പോന്ന് ടവര്‍ സമുച്ചയത്തിലെ ഏറ്റവും പഴയതായ, ദുരന്തകഥകള്‍ ഒട്ടേറെ പേറുന്ന 'വൈറ്റ് ടവര്‍ 'കണ്ടുതുടങ്ങി.

WHITE TOWER

റോമന്‍ ചക്രവര്‍ത്തിയായ ക്ലോഡിയസ് ലണ്ടന്‍ നഗരം കണ്ടുപിടിക്കുകയും അതിനു ചുറ്റും ഒരു മതില്‍ പണിയുകയും ചെയ്തു. അങ്ങനെ പണിത മതിലിന്റെ ദിക്ക് മാറുന്ന ഇടത്ത് ഉണ്ടായിരുന്ന ഒരു ചെറു ഗോപുരം ഇവിടെയായിരുന്നു എന്ന് ഒരിടത്ത് അടയാളപ്പെടുത്തി വച്ചിട്ടുണ്ട്.



റോമാക്കാര്‍ പിന്നീട് ആ ഗോപുരം മാറ്റി വലിയ ഒരു കോട്ട തന്നെ പണിതു. നദിയില്‍ നിന്നുള്ള രക്ഷക്കും ലണ്ടനിലേക്ക്ുള്ള അഭിഗമ്യതയ്ക്കും ഏറ്റവും ഉചിതസ്ഥാനമായിരുന്നു ഇത്. 800 വര്‍ഷങ്ങള്‍ക്കു ശേഷം വില്യം എന്ന പടനായകന്‍ കൊട്ടാര സുരക്ഷയുടെ കിഴക്കു ഭാഗമായി ഈ റോമന്‍ മതില്‍ അവശിഷ്ടങ്ങളെ മാറ്റി. പഴയ റോമന്‍ കോട്ട വാര്‍ഡ്‌റോബ് ടവര്‍-വസ്ത്രശേഖര കൊട്ടാരം- ആക്കി മാറ്റി, രാജാവിന്റെ വസ്ത്രശേഖരം പിന്നീട് ഇവിടെ സൂക്ഷിക്കാന്‍ തുടങ്ങി.

പഴയകാല ആയുധശേഖരങ്ങള്‍ ഒരു പിടിയുണ്ട്. ശരിക്കുമുള്ള കുതിരകളുടെ അതേ വലിപ്പമുള്ള അനേകം ഉരുക്കുകുതിരകളും അവയുടെ പുറത്ത് ഉരുക്കു പട്ടാളക്കാരും യുദ്ധത്തിന് തയ്യാറായി ഇരിക്കുന്ന മട്ടില്‍ വളരെ വലിയ മുറി തന്നെ ഉണ്ട്. ഉരുക്കു പടച്ചട്ടകളും കാണാം.




വളരെ ഉയരമുള്ള കോട്ടയുടെ കട്ടി ഭിത്തികളിലൂടെയുള്ള ചുറ്റുഗോവണി കയറല്‍ ലേശം ശ്രമകരമായിരുന്നുവെന്നു പറയാം. ഓ, മടുത്തു, പോയേക്കാം എന്നു തിരിച്ചു പോകാനാവില്ല, മുന്നോട്ടേക്കു മാത്രം. വളരെ പേര്‍ വീതി കുറഞ്ഞ ചുറ്റുഗോവണിയില്‍ നമുക്കു മുമ്പേയും പിമ്പേയും ഉണ്ടാവും. അങ്ങനെ ഗോവണി കയറി കയറിയാണ് കാഴ്ച്ചകള്‍ കണ്ടത്. വൈറ്റ് ടവറിലേക്കുളള പ്രവേശനകവാടം സംരക്ഷിച്ചിരുന്ന ഒരു കോട്ട 1674 ല്‍ ഇടിച്ചു പൊളിക്കവേ, ഈ ഗോവണിക്കു കീഴെ നിന്ന് രണ്ട് കുട്ടി അസ്ഥിപഞ്ജരങ്ങള്‍ കിട്ടി. 1483 ല്‍ കാണാതായ 12 വയസ്സുള്ള എഡ്വേര്‍ഡ് അഞ്ചാമന്റേയും അനുജന്‍ 9 വയസ്സുകാരന്‍ റിച്ചാര്‍ഡിന്റേതുമാണ് എന്ന് ചാള്‍സ് രണ്ടാമന്‍ രാജാവടക്കം എല്ലാവരും വിശ്വസിച്ചു. പിന്നീട് ഇവരുടെ അസ്ഥികൂടങ്ങള്‍ വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലേക്കു മാറ്റി വിധിപ്രകാരം സംസ്‌ക്കരിച്ചു. ആ രാജകുമാരന്‍മാരുടെ മരണപ്പെട്ടു കിടന്ന ശരീരങ്ങള്‍ ഭാവനയില്‍ നിന്നു വരച്ച് ഒരു വിക്ടോറിയന്‍ കാല റോമന്‍ പെയിന്റിംഗും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


പിന്നെ കഴുത്ത് ഇറുക്കി കൊല ചെയ്യുന്ന കോളര്‍ ഓഫ് ടോര്‍മെന്റ്- ദണ്ഡന കഴുത്തുപട്ട-ഉള്‍പ്പടെ ടോര്‍ച്ചര്‍ ടവറില്‍ കണ്ടതുപോലെയുള്ള ഒട്ടനവധി പീഡനോപാധികള്‍ ധാരാളമായി കണ്ടു.  മനുഷ്യന്‍ മനുഷ്യനെ പീഡിപ്പിച്ച കഥകള്‍ ഓര്‍മ്മപ്പെടുത്തുന്ന ക്രൂരതയുടെ പര്യായങ്ങള്‍.

COLLAR OF TORMENT


 റെഡിന്‍ഡ്യന്‍ അഥവാ അമേരിന്‍ഡ്യന്‍ തൊപ്പിയുടെ ചിത്രം യാത്രയ്ക്കു തൊട്ടുമുമ്പ് മൊഴിമാറ്റി കൊടുത്ത അമേരിന്‍ഡ്യന്‍ നാടോടിക്കഥകള്‍ ഓര്‍മ്മിപ്പിച്ചു. അമേരിക്കയില്‍ ഇപ്പോള്‍ അവശേഷിച്ചവരെ അവിടുത്തെ സ്വന്തം ജനതതിയെ കുറേശ്ശെയായി ക്രൂരമായി-വിഷം നല്കിയും മറ്റും- നാമാവശേഷമാക്കിയ കഥകള്‍ സാന്ദര്‍ഭികമായി പറഞ്ഞുതന്നിരുന്നു മൊഴിമാറ്റത്തിനു നല്‍കിയപ്പോള്‍. അത് ഒരു ഉപകഥ. അവിടെ നില്‍ക്കട്ടെ.പടം ആ ചങ്ങാതിക്കും കൈയ്യോടെ .യച്ചു കൊടുത്തു.

RED INDIAN HAT

സെന്റ് ജോണ്‍സ് ചാപ്പല്‍, കറന്‍സി അടിച്ചുകൊണ്ടിരുന്ന റോയല്‍ മിന്റ്, പഴയകാല നാണയശേഖരം എന്നിവയും ഇവിടെ തന്നെ കണ്ടു. അവസാനം യുദ്ധത്തിന്റെ, ക്രൂരതയുടെ സ്മരണകള്‍ നിലനിര്‍ത്തുന്ന വൈറ്റ് ടവറില്‍ നിന്ന് ഞങ്ങള്‍ പുറത്തു കടന്നു.

കോട്ടയിലെ മറ്റൊരു കാഴ്ച്ച ഭീമന്‍ കാക്കകളത്രേ. ഓ, കാക്കയോ എന്നു പുച്ഛിക്കാന്‍ വരട്ടെ. അവയെ പ്രത്യേകം സംരക്ഷിക്കുന്നതാണ് അവിടെ. കാക്കകള്‍ എന്ന് ടവര്‍ വിട്ടുപോകുന്നുവോ അന്ന് സാമ്രാജ്യം തകരുമെന്ന് വിശ്വസിക്കുന്നതിനാല്‍ ചിറകു മുറിച്ചു വിട്ട ആറു കാക്കകള്‍ എങ്കിലും ഇവിടെ എന്നും ഉണ്ടാവും. അങ്ങനെ കോട്ടയുടെ രക്ഷകര്‍ ആയി ഇപ്പോഴുള്ളത് ഏഴു കാക്കകള്‍ ആണ്. നമ്മുടേതു പോലെ ചെറിയവയല്ല, 170 ഗ്രാം പച്ച മാംസവും രക്തത്തില്‍ മുക്കിയ പക്ഷി ബിസ്‌കറ്റുകളും കഴിക്കുന്ന, വലിയ കാക്കകള്‍. ഓരോരോ അന്ധവിശ്വാസങ്ങളേ!

എല്ലാ കാഴ്ച്ചസ്ഥലങ്ങളിലുമെന്ന പോലെ ഇവിടെയുമുണ്ട് ടൂറിസ്റ്റുകള്‍ക്കായി ഷോപ്പ്. കോഹിനൂര്‍ പതിച്ച കിരീട മാതൃകയുടെ ലഘുമാതൃകയടക്കം ടവര്‍ ഓഫ് ലണ്ടനിലുള്ള സകല സാധനങ്ങളുടേയും കുഞ്ഞിക്കാ രൂപങ്ങള്‍, ഈ രൂപങ്ങളുടെ ആകൃതിയിലുള്ള ആഭരണങ്ങളും പെന്‍സിലും പെന്‍സില്‍ കട്ടറും എന്നുവേണ്ട , ഒരു പിടി സാധനങ്ങളുണ്ട് ഈ ഷോപ്പില്‍. നമ്മള്‍ ഇന്‍ഡ്യാക്കാരെ സംബന്ധിച്ച് കൊല്ലുന്ന വിലയാണെന്നു മാത്രം. ഒന്നും വാങ്ങാതെ ഷോപ്പിലൂടെ ഒന്നു കയറി ഇറങ്ങി.

(കോഹിനൂര്‍ ചരിത്രം കടപ്പാട്: എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക; സണ്‍ഡേ ടൈംസ്, ദി വെസ്റ്റ് ആസ്‌ട്രേലിയന്‍, വിക്കി തുടങ്ങി ഗൂഗിള്‍ തുറന്നു തന്ന വിവിധ വിവരജാലകങ്ങള്‍.)

 

Wednesday, November 04, 2015

ലോംഗ്‌ലീറ്റ് സഫാരി

മനോരമ ഓണ്‍ലൈനില്‍ വന്നു ഈ യാത്രക്കുറിപ്പ് :
http://www.manoramaonline.com/fasttrack/travelogue/longleat-uk-a-world-of-wonder-for-the-tourists.html


ബാത്ത് പ്രഭുവിനെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളുടെ അകമ്പടിയോടെയായിരുന്നു രണ്ടുമണിക്കൂര്‍ നീണ്ട വില്‍സ്‌ഷെര്‍ യാത്ര. ഒന്നാം എലിസബത്തന്‍ കാലം മുതലുള്ള ബ്രൃഹത് മാളികയും അനുബന്ധ സഫാരി പാര്‍ക്കും മറ്റു കാഴ്ച്ചകളും അടങ്ങുന്ന ലോംഗ്‌ലീറ്റ് ആയിരുന്നു ലക്ഷ്യം.

കാല്‍നടയാത്രക്കാരില്ലാത്ത എം3 മോട്ടോര്‍വേയിലൂടെ പോകവേ വഴിയരികിലെ സമൃദ്ധമായ പച്ചപ്പിന് മോടികൂട്ടി ആപ്പിള്‍മരങ്ങള്‍ കായ്ച്ചു നിന്നിരുന്നു. എനിക്കു വലിയ ഇഷ്ടമുള്ള പഴമൊന്നുമല്ല ആപ്പിള്‍. പക്ഷേ അത് കായ്ച്ചുകിടക്കുന്നത് കണ്ണിനിമ്പം തരുന്ന കാഴ്ച്ച തന്നെ ആയിരുന്നു. തിങ്കള്‍ ബാങ്ക് അവധിയും ചേര്‍ന്നുള്ള മൂന്നു ദിവസത്തെ നീണ്ട ആഴ്ച്ചയറുതി ആയതിനാലും കൂടിയാവാം റോഡില്‍ നിലയ്ക്കാത്ത വാഹനപ്രവാഹമായിരുന്നു. ഇടയക്ക് ഭക്ഷണം കഴിക്കാന്‍ വെയിറ്റ്‌റോസ് റെസ്‌റ്റൊറാണ്ടില്‍ കയറിയപ്പോള്‍ അവിടെയുമുണ്ട് ഒരു ഉത്സവത്തിനുള്ള ആള്‍ക്കൂട്ടം. മറ്റുള്ളവര്‍ ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് കഴിച്ചപ്പോള്‍ ഉരുളക്കിഴങ്ങ് ഹാഗറും ചൂടു കോഫിയും കഴിച്ച് ഞാന്‍ സംതൃപ്തിയടഞ്ഞു.

ചരിത്രാതീത സ്മാരകമായി കണക്കാക്കിയിരിക്കുന്ന, വില്‍സ്‌ഷെറിലെ നവശിലായുഗ അവശിഷ്ടങ്ങളെന്നു കരുതപ്പെടുന്ന, സ്്‌റ്റോണ്‍ഹെഞ്ച് കടന്നായിരുന്നു യാത്ര. ദൂരെ വലുതും ചെറുതുമായ കല്‍ത്തൂണ്‍ വലയങ്ങള്‍ കാണാമായിരുന്നു. 3000 മുതല്‍ 2000 ബിസി വരെ പഴക്കമുള്ള ഇവ അക്കാലത്തെ ശവസംസ്‌ക്കാര തറകളാണെന്നാണ് ഗവേഷകരുടെ നിഗമനമത്രേ.

9000 ഏക്കര്‍ വിസ്തൃതിയുള്ള ലോംഗ്‌ലീറ്റില്‍ വന്‍വാഹനനിര തന്നെ ഉണ്ടായിരുന്നു. പക്ഷേ തിരക്കോ പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടോ ഒന്നും ഉണ്ടായില്ല. വളഞ്ഞും പുളഞ്ഞും കയറിയും ഇറങ്ങിയും ഉള്ള വഴികളുടെ ഇരുവശങ്ങളിലും മൃഗങ്ങളെ സംബന്ധിച്ച കൗതുക കാര്യങ്ങള്‍ എഴുതിവെച്ചിരുന്നു.

കുഞ്ഞിമഴ നനഞ്ഞ് ആഫ്രിക്കന്‍ വില്ലേജിലാണ് ആദ്യം എത്തിയത്. സെബ്രകളും ജിറാഫുകളും മേഞ്ഞു നടക്കുന്നു. ശിഖരങ്ങള്‍ ആഫ്രിക്കന്‍ മൃഗങ്ങളുടെ രൂപമാക്കി മെനഞ്ഞ കൂറ്റന്‍ ആഫ്രിക്കന്‍ ബെയോബാബ് മരത്തിന്റെ ഉള്ളിലൂടെ പണിത തടിഗുഹയിലൂടെ പടികള്‍ കയറിയാല്‍ തൂക്കുപാലത്തിലെത്താം.




ഇടവിട്ട തടി റീപ്പറുകളും വശങ്ങളില്‍ വെളുത്ത തുണിക്കയര്‍ ചതുരങ്ങളും കൊണ്ടു തീര്‍ത്ത, കയറിയും ഇറങ്ങിയും ചരിഞ്ഞും കിടക്കുന്ന തൂക്കു പാലത്തില്‍ക്കൂടിയുള്ള നടപ്പ് വിചാരിച്ചതു പോലെ എളുപ്പമായിരുന്നില്ല. ഓര്‍ക്കാപ്പുറത്ത് കുട്ടികള്‍ ഓടിയും ചാടിയും പാലം കുലുക്കുമ്പോള്‍ ഭയന്ന് തല കറങ്ങി വീഴുമെന്നു തോന്നിപ്പോയി. ഇതിലൂടെ പോയി കുട്ടികള്‍ ജിറാഫുകള്‍ക്കും സെബ്രകള്‍ക്കും തീറ്റി കൊടുക്കുന്നുണ്ടായിരുന്നു.

ബൊയോബാബ് മരപ്പൊത്തില്‍ വലിയ ഒരു ആഫ്രിക്കന്‍ കൗതുകവസ്തു വില്‍പ്പനശാല ഉണ്ട്! ആഫ്രിക്കന്‍ വില്ലേജില്‍ ഇനിയുമൊരു കട, ഒരു റെസ്റ്റൊറാണ്ട് എന്നിവ കൂടുയുണ്ട്. ഇരിക്കാനുള്ള ബെഞ്ചുകള്‍ രണ്ടു തടികള്‍ നടുവേ പിളര്‍ന്ന് താഴെ ബോള്‍ട്ടിട്ടവയാണ്, അല്ലാതെ ചെത്തി മിനുക്കി പണിതവയൊന്നുമല്ല. വഴിനീളെയുള്ള ബോര്‍ഡുകളും ഓരോ പാര്‍ക്കിന്റേയും ബോര്‍ഡ് എഴുതി വച്ച തടി കമാനങ്ങളും ഒന്നും തടി മിനുസപ്പെടുത്തി ആകൃതി ശരിയാക്കി, പോളിഷ് ചെയ്തവയൊന്നുമല്ല. അവിടുത്തെ പ്രകൃതിക്കിണങ്ങും വിധം മിനുക്കു പണിയൊന്നുമില്ലാത്തവ. ഇവിടെ മാത്രമല്ല, മിയക്ക പാര്‍ക്കുകളിലും ഇങ്ങനെയുള്ള പണിതു നശിപ്പിക്കാത്ത സ്വാഭാവിക തടിത്തൂണുകളും ഇരിപ്പിടങ്ങളും കാണാം.


ബിബിസിയുടെ ബിബിസി അനിമല്‍ പാര്‍ക്ക്, സിബിബിസി റോര്‍ സീരിസ് എന്നിവയുടെ ആസ്ഥാനവും കൂടിയാണ് ഈ പാര്‍ക്ക്. അവിടെ കയറിയിരുന്ന് ലേശം സീരിയലുകള്‍ കണ്ടു. പിന്നെ കാംഗ്രുകളെയും ആടുകളേയും സന്ദര്‍ശിച്ച് കാറില്‍ സഫാരി യാത്ര തുടങ്ങി.


മൃഗങ്ങള്‍ക്കു തീറ്റി സമയമായതിനാല്‍ എല്ലാത്തിനേയും അടുത്തു കാണാമല്ലോയെന്ന് വന്‍ വാഹന നിര തന്നെ ഉണ്ടായിരുന്നു പാര്‍ക്ക് യാത്ര എന്ന വനയാത്രക്ക്. പോകുന്നത് സ്വന്തം ചുമതലയിലായിരിക്കും, മൃഗങ്ങള്‍ തുറസ്സായി നടക്കുന്നതിനാല്‍ ആക്രമിക്കപ്പെട്ടേക്കാം, ഗ്ലാസ്സ് തുറക്കരുത്, മൃഗങ്ങള്‍ ചാടി വീണാല്‍ റെസ്‌ക്യൂ വാന്‍ എത്താനായി ഹോണടിക്കണം എന്നും മറ്റും അവിടവിടെയുള്ള  മുന്നറിയിപ്പു പലകകള്‍ ലേശം ഭയപ്പെടുത്തുക തന്നെ ചെയ്തു. എങ്കിലും പോവാതിരിക്കാനാവില്ലല്ലോ.

അങ്ങനെ വനാന്തരത്തില്‍ നീണ്ടു വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴികളിലൂടെ യാത്ര തുടങ്ങി.


ഫ്ളമിംഗോ(രാജഹംസം) താഴ്‌വരയിലാണ്-ഫ്ളമിംഗോ വാലി- ആദ്യം പ്രവേശിച്ചത്. നീണ്ട് അറ്റം സ്പൂണ്‍പോലെ തോന്നിപ്പിക്കുന്ന വെള്ളയും പിങ്കും നിറങ്ങളിലുള്ള വലിയ സ്പൂണ്‍ബില്‍ പക്ഷികള്‍, പ്രത്യേകതരം താറാവുകള്‍, ഐബിസ് കള്‍-ഞാറപ്പക്ഷികള്‍-തുടങ്ങിയവയ്‌ക്കൊപ്പം ആയിരുന്നു സുന്ദരീ സുന്ദരന്മാരായ ഫഌമിംഗോകള്‍ മുങ്ങിയും പൊങ്ങിയും മൂങ്ങാംകുഴിയിട്ടും നീന്തിയും രസിച്ചിരുന്നത്. ചിലര്‍ വിശ്രമത്തിലായിരുന്നു, പക്ഷേ ഒറ്റക്കാലില്‍ ചിന്താമഗ്നരായവരെ കാണുവാന്‍ ഭാഗ്യം സിദ്ധിച്ചില്ല. പിന്നെ കണ്ടത് വിവിധതരം കഴുകന്മാരെ ആയിരുന്നു. 'കഴുകാ...ഹേ... കഴുകാ... ' എന്ന പാട്ടും അതിന്റെ ഫീലും മനസ്സില്‍ കയറി വന്നു അവയെ കണ്ടപ്പോള്‍. 

അടുത്തത് 'മങ്കി ഡ്രൈവ് ' ആയിരുന്നു. വാഹനനിര നീണ്ടതായതിനാല്‍ കുറേ നേരം കാത്തുകിടക്കേണ്ടി വന്നു അവിടെ അകത്തേക്കു കയറാനായി. കുരങ്ങുകള്‍ വാഹനങ്ങളുടെ പുറത്ത് ചാടിക്കയറും. അവരുടെ സ്ഥലം കടക്കാറാകുമ്പോഴേയ്ക്ക് തിരിച്ച് ചാടിയിറങ്ങിക്കൊള്ളും. അഥവാ ഇറങ്ങിയില്ലെങ്കില്‍ തോണ്ടി ഇറക്കാനായി കയ്യില്‍ വലിയ കോലുമായി നില്‍ക്കുന്ന മദാമ്മയുണ്ട്.  കുരങ്ങന്മാര്‍ ഞങ്ങളുടെ കാറിലും കയറി, ബോണറ്റിലിരുന്ന് വീണു കിടന്നിരുന്ന ഇലകള്‍ ഭക്ഷിച്ചു, പിന്നെ വൈപ്പര്‍ പൊക്കിയും താഴ്ത്തിയും കളിയായി.  പുറത്തുകടന്ന ശേഷം വെളിയിലിറങ്ങി നോക്കി. ഭാഗ്യം, പൊട്ടിച്ചെങ്കിലും ബ്രാക്കറ്റ് താഴെ പോയിരുന്നില്ല!

ഓരോ പാര്‍ക്കിനും തടിയും ഗ്ലാസ്സും കൊണ്ടു തീര്‍ത്ത കാവല്‍ മാടമുണ്ട്, അവിടെയുള്ള കാവല്‍ക്കാരെല്ലാവരും സ്ത്രീകളും! ആരും വാതില്‍ അടച്ചു പൂട്ടിയൊന്നും ആയിരുന്നില്ല ഇരുന്നിരുന്നത്. മിയ്ക്കവരും പുറത്തിറങ്ങി നില്‍ക്കയായിരുന്നു! അതേ പോലെ മിയ്ക്ക റെസ്‌ക്യൂ വാനുകളുടെ ഡ്രൈവര്‍മാരും വനിതകളായിരുന്നു! ഇതെല്ലാം കണ്ടപ്പോള്‍ "അന്തരംഗം അഭിമാനപൂരിതം" ആയെന്നു പറയണ്ടതില്ലല്ലോ.സെബ്ര പോലെ പെയിന്റടിച്ചതും അല്ലാത്തതുമായ വാനുകള്‍ ഇടയില്‍ കറങ്ങുന്നുണ്ടാവും. അവ വലിയൊരാശ്വാസവും ധൈര്യവും ആയിരുന്നുവെന്ന് പറയാതിരിക്കാനാവില്ല.

വെളുത്ത കാണ്ടാമൃഗങ്ങളും വലിയ കൊമ്പുകളുള്ള ആഫ്രിക്കന്‍ പശുക്കളും ഒട്ടകങ്ങളും ഓസ്ട്രിച്ചുകളും മറ്റും വിഹരിച്ചിരുന്ന ബിഗ് ഗെയിം പാര്‍ക്ക് ഉം പലതരം മാനുകള്‍ മേയുന്ന ഡിയര്‍പാര്‍ക്കും കടന്ന് ആനി ദി എലിഫന്റ് എന്ന ഇടത്തെത്തി.


 ബ്രിട്ടനിലെ അവസാന സര്‍ക്കസ് ആനയായ ആനിയെ കാണാന്‍ കാത്തിരിക്കയായിരുന്നു ഞങ്ങള്‍. പക്ഷേ കാണാനായില്ല. അത് അതിന്റെ കൂറ്റന്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നിരിക്കണം. ആനിക്ക് മണ്ണു വാരി പൂശാനും, പുറം ചൊറിയാനും വ്യായാമത്തിനും എല്ലാമുളള സൗകര്യങ്ങള്‍ അവിടെ ഒരുക്കിയിട്ടണ്ടത്രേ. അങ്ങനെ ലേശം നിരാശയിലാണ് പെലിക്കന്‍ പോണ്ട് ലേക്കു കയറിയത്. ലോകത്തിലെ ഏറ്റവും വലിയ പറക്കും പക്ഷികളാണത്രേ ഇവ.

ബിഗ് ക്യാറ്റ്‌സ് എന്ന് എഴുതി വച്ചിരുന്ന തടി കമാനം കടന്നതു മുതല്‍ ചില്ലറ പേടി തുടങ്ങി. കടുവാ സങ്കേതമായിരുന്നു അത്. എല്ല് കടിച്ചു പറിച്ചുകൊണ്ടേയിരിക്കുന്ന കടുവ, ചാഞ്ഞുകിടക്കുന്ന മരത്തടിക്കു താഴെ വിശ്രമിക്കുന്ന കടുവ, അങ്ങനെയങ്ങനെ അടുത്തും അകലെയുമായി എത്ര എണ്ണം. എല്ലാത്തിനേയും നന്നായി കണ്ട് വളരെ മെല്ലെയാണ് വാഹനങ്ങള്‍ കടന്നു പോകുക.



അതിലും ഭയമായിരുന്നു സിംഹരാജ്യത്തേക്കുള്ള പ്രവേശനം. ഒപ്പം ആകാംക്ഷയും. ദൂരെ വാഹനങ്ങള്‍ നിരയായി നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ടപ്പോഴേ മനസ്സിലായി സിംഹങ്ങള്‍ കാണാവുന്നിടത്തുണ്ട് എന്ന്. അവിടെ എത്താന്‍ ഞങ്ങളും അക്ഷമരായി. ദൂരേ നിന്നേ സിംഹക്കൂട്ടം കണ്ടു. കാത്തിരുന്ന് കാത്തിരുന്ന് അവസാനം അവര്‍ക്ക് സമീപമെത്തി. ഒരു ആണ്‍സിംഹവും ചുറ്റിനുമായി അതിന്റെ ഭാര്യമായിരുന്നിരിക്കണം, ഒമ്പത് പെണ്‍സിംഹങ്ങളും.


ആണ്‍സിംഹത്തിന്റെ കിടപ്പും മുഖഭാവവും ഒന്നു കാണേണ്ടതു തന്നെ ആയിരുന്നു. എന്താ ഗമ! എന്താ ഗാംഭീര്യം! രണ്ട് ആണ്‍സിംഹങ്ങള്‍ തമ്മില്‍ കണ്ടാല്‍ വലിയ യുദ്ധം നടക്കുമത്രേ. ഏതെങ്കിലും ഒരു സിംഹം ചാടി വീണ് ഒറ്റ അടി അടിച്ചാല്‍ കാര്‍ഗ്ലാസ്സ അപ്പാടെ തകര്‍ന്നു പോകുമെന്നു കേട്ടപ്പോള്‍ ചെറിയ വിറയല്‍ തോന്നി. പിന്നെ നമ്മെക്കാള്‍ രുചിയുള്ള മാംസം അതിനു കിട്ടുന്നതുകൊണ്ട് അവ അതിന് ഒരുമ്പെടില്ലായിരിക്കും എന്നു കേട്ടപ്പോള്‍ സമാധാനവും. മാലിയുടെ ജന്തുസ്ഥാന്‍ ഓര്‍മ്മപ്പെടുത്തി ഈ സിംഹരാജ്യം.

സിംഹങ്ങളെ കണ്ട് കൊതി തീര്‍ന്ന് അതിവേഗ ഓട്ടക്കാരായ പുള്ളിപ്പുലികളുടെ രാജ്യത്തെത്തി. അവിടവും കടന്ന് ഓരിയിടുന്ന ചെന്നായ്ക്കള്‍ക്കിടയിലൂടെ പാര്‍ക്കിനു പുറത്തിറങ്ങി.



ശരിക്കും നീണ്ട യാത്ര. പിന്നെ ഭക്ഷണം കഴിച്ച് ബാത്ത് പ്രഭുവിന്റെ കൊട്ടാരസദൃശ കൂറ്റന്‍ ബംഗ്ലാവിലേക്കു പോയി.
1580 ല്‍, 435 വര്‍ഷം മുമ്പ് പുതുക്കി പണിത ബംഗ്ലാവ് ഒരു വിസ്മയക്കൊട്ടാരം തന്നെ ആയിരുന്നു. പലപ്പോഴും മൈസൂര്‍കൊട്ടാരം ഓര്‍മ്മിച്ചു പോയി. മൈസൂര്‍ കൊട്ടാരത്തില്‍ മനോഹരമായ മാര്‍ബിള്‍ തറകളായിരുന്നെങ്കില്‍ ഇവിടെ അതിനു പകരം അതിമനോഹരമായ പരവതാനികളായിരുന്നു എന്ന വ്യത്യാസം മാത്രം.

Longleat House 2012.jpg
ലോംഗ്ലീറ്റ് ബംഗ്ളാവ്-വിക്കി പടം(photo courtesy-Wiki)

'ബാത്തിലെ മാര്‍ക്വീസ്' (ബ്രിട്ടീഷ് കുലീനരില്‍ ഏള്‍ നും ഡ്യൂക്ക് നും ഇടയ്ക്ക് വരുന്ന സ്ഥാനപ്പേര്, 1789 ല്‍ സൃഷ്ടിക്കപ്പെട്ടത്.) എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്നവരാണ് പാര്‍ക്കിന്റേയും കൊട്ടാരത്തിന്റേയും ഉടമസ്ഥര്‍. 1992 ല്‍ ഏഴാം  മാര്‍ക്വിസ് ഓഫ് ബാത്ത് ആയി സ്ഥാനമേറ്റ അലക്‌സാണ്ടര്‍ പ്രഭു, 84 കാരന്‍, അവിടെ മുകളിലെ നിലയില്‍ ഇപ്പോഴും താമസിക്കുന്നു, 14 തലമുറ ആയിരിക്കുന്നുവേ്രത ഇപ്പോള്‍ അവര്‍ ഈ കൊട്ടാരത്തില്‍ താമസമായിട്ട്.

തന്റെ 'ചെറുഭാര്യമാര്‍ക്ക് ' പേരു(ദുഷ്‌പേര്) കേട്ട പ്രഭുവിന് അംഗീകൃത ഭാര്യ കൂടാതെയുള്ളത് 75 പേര്‍! ഇവരില്‍ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നുമുണ്ട്. അവര്‍ക്കെല്ലാം അതിനകത്ത് വീടുകള്‍ നല്‍കിയിരുന്നു പോലും. പ്രഭുവിന്റെ മകന്‍ 2010 ല്‍ സ്ഥാനമേറ്റ ശേഷം പലേ പരിഷ്‌ക്കാരങ്ങളും വരുത്തി, ചെറുഭാര്യമാരെ പടിയിറക്കി എന്നും പറയപ്പെടുന്നു. പുതിയ പ്രഭുവിനും ഏകസഹോദരിക്കും എത്ര അര്‍ദ്ധസഹോദരങ്ങള്‍ കാണും എന്ന് ആലോചിച്ചു പോയി. അതേ പോലെ മാസത്തില്‍ രണ്ടാഴ്ച്ച ഇവിടെയും രണ്ടാഴ്ച്ച പാരീസിലുമായി കഴിയുന്ന ഹംഗറിക്കാരിയായ ഭാര്യയെക്കുറിച്ചും. സൈ്വരം കിട്ടാനാവണം ഈ പാരീസ് വാസം എന്ന് ഊഹിക്കാം. പക്ഷേ പണത്തിനു മുകളില്‍ പരുന്തും പറക്കില്ല എന്നത് സത്യമായിരിക്കണം. ചെറുഭാര്യമാരുടെ ലക്ഷ്യങ്ങളും മറ്റൊന്നാവില്ല. ഇതിന് പേരിടേണ്ടിയിരുന്നത് ശ്രീകൃഷ്ണവിലാസം എന്നായിരുന്നുവെന്ന് തോന്നി-മാനേജ്‌മെന്റ് വിദഗ്ദ്ധനായ, പ്രായോഗിക ധര്‍മ്മരക്ഷോപായക്കാരനായ, കൃഷണനെ എനിക്കു പെരുത്ത് ഇഷ്ടമാണ് എന്നതു വേറേ കാര്യം.

അലക്‌സാണ്ടര്‍ പ്രഭു ഓര്‍മ്മിപ്പിച്ചത് പക്ഷേ ശ്രീകൃഷ്ണനെ മാത്രമായിരുന്നില്ല. 'റാ, റാ റാസ്പുട്ടിന്‍, റഷ്യാസ് ഗ്രേറ്റര്‍ ലവ് മെഷീന്‍... ' എന്ന, പ്രീഡിഗ്രിക്കാലത്ത് കേട്ടു പഠിച്ച പാട്ട് മനസ്സിലൊന്നു മൂളി. റാസ്പുട്ടിനും ഈ പുതുകാല കാസനോവയക്കു മുന്നില്‍ ഒന്നുമായിരുന്നിരിക്കില്ല ചിലപ്പോള്‍. റാസ്പുട്ടിന്‍ തെരുവിലൂടെ നടന്നു പോകുമ്പോള്‍ ഭാര്യമാര്‍ കാണാതിരിക്കാനായി റഷ്യന്‍ ഭര്‍ത്താക്കന്മാര്‍ ജനാലകള്‍ വലിച്ചടയ്ക്കുമായിരുന്നു പോലും. അത്രയ്ക്കായിരുന്നു റാസ്പുട്ടിന്റെ വശീകരണശക്തി. പക്ഷേ അലക്‌സാണ്ടര്‍ പ്രഭുവിന്റെ വശീകരണശക്തി തീര്‍ച്ചയായും അദ്ദേഹത്തിന്റെ മണി പവ്വര്‍ തന്നെ ആയിരുന്നിരിക്കണം. 

അലക്‌സാണ്ടര്‍ പ്രഭു വലിയ ഒരു ചിത്രകാരന്‍ കൂടി ആണ്. തന്റെ ചെറുഭാര്യമാരുടെ ചിത്രങ്ങള്‍ വരച്ചത് പ്രദര്‍ശത്തിനുണ്ട്, പക്ഷേ അവ കാണാനൊന്നും എനിക്ക് തീരെ താത്പര്യം തോന്നിയില്ല. ഇന്‍ഡ്യന്‍പുസ്തകമായ കാമസൂത്ര നഗ്നചിത്രങ്ങള്‍ വരയ്ക്കാന്‍ പ്രഭുവിന് പ്രചോദനമായി പോലും! അറക്കപ്പൊടിയും എണ്ണച്ചായവും ഉപയോഗിച്ച് വരച്ച ഇവ പ്രദര്‍ശിപ്പിച്ചിരുന്ന 'കാമ സൂത്ര മുറി' ഇപ്പോള്‍ പൊതുജനങ്ങള്‍ക്കു തുറന്നു കൊടുക്കുന്നില്ല. ലക്ഷക്കണക്കിനു പേരെ അവിടേക്ക് ആകര്‍ഷിച്ചിരുന്നുവേ്രത ആ മുറി. മച്ചിലും മറ്റും ഇപ്പോഴുമുണ്ട് ഇത്തരം പെയിന്റിംഗുകള്‍. പലരുടേയും കൈപ്പടയില്‍ എഴുതിയ പദ്യങ്ങള്‍, ചെറുതും വലുതും ചില്ലിട്ടു സൂക്ഷിച്ചവ അവിടവിടെയായി വേണ്ടുവോളമുണ്ട്.


അലക്‌സാണ്ടറുടെ മകന്‍ ഒരു നൈജീരിയക്കാരിയെ വിവാഹം കഴിച്ചതു വഴി ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത പ്രഭ്വി ഉണ്ടായി. മാത്രവുമല്ല ഈ പ്രഭു തന്റെ പിതാവിന്റെ പല പെയിന്റിംഗുകളും കളയുകയും ചെയ്തു. ഇതിന്റെ പേരില്‍ അച്ഛനും മകനും തമ്മില്‍ ഗംഭീര വഴക്കുമായി. ഇന്നല്ലെങ്കില്‍ നാളെ കാമസൂത്ര മുറിയും നശിപ്പിക്കപ്പെട്ടേക്കാം എന്നാണേ്രത അച്ഛന്‍ പ്രഭുവിന്റെ ഭയം.

പ്രഭുവും മക്കളും അവിടെ നില്‍ക്കട്ടെ, നമുക്ക് കാഴ്ച്ചകളിലേക്ക് മടങ്ങാം. മഴയത്തു നിന്ന് കയറിയതുകൊണ്ട് കുട നനഞ്ഞതായിരുന്നു. വേഗം തന്നെ മദാമ്മ അതു കയ്യിലെടുത്ത് ഒരു കുഞ്ഞി ആട്ടോമാറ്റിക് അംബ്രലാ കവറിങ്ങ് സിസ്റ്റത്തില്‍ കൂടി കയറിയിറക്കി അതിനു പ്ലാസ്റ്റിക് ഉടുപ്പ് ഇടുവിച്ചു തന്നു. അവര്‍ക്കു നന്ദി പറഞ്ഞ് അകത്തേക്കു കടന്നു. അവിടെ മൂന്നു ക്ലോക്കുകള്‍ ഉണ്ടായിരുന്നു ഒന്ന് സമയം അറിയിക്കുന്നത്, മറ്റൊന്ന്  വടക്ക്, കിഴക്ക് തെക്ക് പടിഞ്ഞാറ് ദിശ സൂചിപ്പിക്കുന്ന ക്ലോക്ക്.



ഇനിയുമുള്ളൊരെണ്ണം മൈസൂര്‍ കൊട്ടാരത്തില്‍ കണ്ടതു പോലൊന്ന്. അടുത്ത ഇടനാഴിയില്‍ ഒരു ഭീമാകാര രഥം വെച്ചിരിന്നു. ഇപ്പോള്‍ കഴിക്കാം എന്ന വണ്ണം ഒരുക്കിയിരിക്കുന്ന ഭീമന്‍ ഊണ്‍മേശകള്‍, വില കൂടിയ കൗതുകവസ്തുക്കള്‍, പാത്രങ്ങള്‍, പാവവീട് അങ്ങനെ അങ്ങനെ പല സാധനങ്ങള്‍.




 



പ്രഭുവിന്റെ റോസ് ഗാര്‍ഡനെപ്പറ്റി പറയാതിരിക്കാനവില്ല. പല നിറങ്ങളിലും വലിപ്പങ്ങളിലും ഉള്ള റോസാപ്പൂവുകളും ചെടികളും കണ്ട് കണ്ട് കൊതി തീര്‍ന്നിരുന്നു, യുകെയില്‍ എത്തിയതുമുതല്‍. പക്ഷേ ഇവിടെ മാത്രമാണ് നല്ല കൊതിപ്പിക്കുന്ന മണമുള്ള തനി പനിനീര്‍ പൂവുകള്‍ കാണാനായത്. ഹൃദ്യമായിരുന്നു ആ മണം. സ്‌പെയിനിലും ഇങ്ങനെ മണമുള്ളവയുണ്ടത്രേ. പണ്ട് ഞങ്ങളുടെ വീടിനു മുന്നില്‍ നൂറോളം സുഗന്ധവാഹിനി പൂക്കള്‍ വിരിഞ്ഞു നിന്നിരുന്ന  റോസാച്ചെടികള്‍ ഉണ്ടായിരുന്നു, ഇത്രയും വലിപ്പമില്ലെന്നു മാത്രം. ഇപ്പോള്‍ ഓര്‍മ്മകളില്‍ മാത്രം മണം പരത്തുന്ന അവ മനസ്സില്‍ ലേശം വിങ്ങല്‍ ഉണ്ടാക്കാതിരുന്നില്ല.

കിംഗ് ആര്‍തേഴ്‌സ് മിറര്‍ മെയ്‌സ് ആയിരുന്നു ശരിക്കും വട്ടം ചുറ്റിച്ച ഒരു കാഴ്ച്ച. ഇടതൂര്‍ന്നു നില്‍ക്കുന്ന അനേകം മാര്‍ബിള്‍ മരങ്ങള്‍. ഈ തൂണുകള്‍ക്കിടയിലേക്ക് അകത്തു കയറി. ഭീകര വലിപ്പം തോന്നിപ്പിച്ചു മുറിക്ക്. കുറച്ചുകൂടി ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ വിവരം അറിഞ്ഞു! തലങ്ങും വിലങ്ങും പല ആംഗിളുകളില്‍ കണ്ണാടി പതിച്ചിട്ടുണ്ട്, ഏതാണ് കണ്ണാടിക്കാഴ്ച്ച, ഏതാണ് ശരിക്കാഴ്ച്ച എന്നു തിരിച്ചറിയാനാവാതെ തല ചുറ്റിപ്പോയി. വഴി എന്നു വിചാരിക്കുമ്പോള്‍ അതാ നമ്മുടെ പ്രതിബിംബം, ഓ എന്നാല്‍ മാറിയേക്കാമെന്നു നടക്കുമ്പോള്‍ അവിടേയും! ശരിക്കും സ്ഥലജലവിഭ്രാന്തി ! ആദ്യം രസമായിരുന്നു, പറ്റുന്ന അബദ്ധങ്ങള്‍ സ്വയം ആസ്വദിച്ച് ചിരിച്ചു കുന്തം മറിഞ്ഞു. പിന്നെപ്പിന്നെ അവസാനം ശരിയായ ഞാന്‍ ഏത് എന്ന് എനിക്കു തന്നെ സംശയം.! മുറി അത്ര വലുതൊന്നുമല്ല, മാര്‍ബിള്‍മരങ്ങളുടെ കണ്ണാടിപ്രതിബിംബങ്ങളാണ് അധികവും! കണ്ണാടികള്‍ കണ്ടാല്‍ മനസ്സിലാവില്ല, അത്ര വിദഗ്ദ്ധമായാണ് രണ്ടു മാര്‍ബിള്‍ മരങ്ങള്‍ക്കിടയില്‍ അവ ഒട്ടിച്ചിരിക്കുന്നത്. ഞാനെടുത്ത ഫോട്ടോ ശരിക്കുള്ള ജനാലഗ്ലാസ്സ് പെയിന്റിംഗല്ല, അതും പ്രതിബിംബം മാത്രമായിരുന്നു!

 കാഴ്ച്ചയുടെ രസം ഭയത്തിനു വഴിമാറിത്തുടങ്ങി, മൊബൈല്‍ ചാര്‍ജ്ജു തീര്‍ന്നു, ഇനിയെന്തു ചെയ്യും, ഞാനീ രാവണന്‍ കോട്ടയില്‍ ശരിക്കും കുടുങ്ങിപ്പോയതു തന്നെയാണ്! ആളുകള്‍ വന്നും പോയും ഇരിക്കുന്നു, എല്ലാവരും കഷ്ടപ്പെടുന്നുണ്ട്. അവസാനം കൈകള്‍ മുന്നോട്ടു നീട്ടി നടക്കാന്‍ തുടങ്ങി, കണ്ണാടിയില്‍ തട്ടുമ്പോള്‍ പിടി കിട്ടുമല്ലോ എന്ന്. അതു കണ്ട്, എതിരെ വന്ന രണ്ടു മദാമ്മമാര്‍ പൊട്ടിച്ചിരിച്ച് എന്നോടൊപ്പം കൂടി. ഒരു കുഞ്ഞിപ്പയ്യന്‍ നേരേ ചെന്ന് മൂക്കിടിച്ചു നില്‍ക്കുന്നതു കണ്ടു! പാവം! ചിരി തീരെ വന്നില്ല. എന്തായാലും അവസാനം വല്ലവിധവും വെളിയില്‍ ഇറങ്ങി രക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ! പാവം ദുര്യോധനനും കൂട്ടരും! ഇന്ദ്രപ്രസ്ഥത്തില്‍ എത്ര കഷ്ടപ്പെട്ടു കാണും? ദിക്കറിയാതെ ഭ്രമിപ്പിക്കുന്ന ഈ രാവണന്‍കോട്ട തന്നെ അല്ലേ ജീവിതവും?

അവിടുന്ന് വവ്വാല്‍ ഗുഹയിലേക്ക് കയറി. ഹോ, ഇരുട്ടത്ത് തലങ്ങും വിലങ്ങും പറക്കുന്ന വവ്വാലുകള്‍, തൂങ്ങിക്കിടക്കുന്നു എത്രയോ എണ്ണം,  'പക്ഷി ജാതിക്കു പല്ലുണ്ടോ, ചൊല്ലുവിന്‍ മൃഗമാണ് ഞാന്‍ ' എന്ന് വവ്വാല്‍ പാടുമെന്ന് മുദ്രാവാക്യം വിളി ശൈലിയില്‍ ചൊല്ലി കേള്‍പ്പിക്കുമായിരുന്ന കുഞ്ഞിന്നാളിലെ വീട്ടുസഹായി ദേവകിയെ ഓര്‍മ്മ വന്നു. എന്തോ എനിക്ക് തീരെ രസിച്ചില്ല വവ്വാലുകളെ. പണ്ടേ എനിക്ക് അവയെ ഇഷ്ടമല്ല. മരണത്തിന്റെ ഇരുണ്ട നിറമായിട്ടാണ് ആ ഗുഹ എനിക്ക് അനുഭവപ്പെട്ടത്. ഡ്രാക്കുള സമ്മാനിച്ച തോന്നലാവാം അത്. വേഗം അവിടുന്ന് വെളിയില്‍ ചാടി.

തീര്‍ന്നില്ല കാഴ്ച്ചകള്‍. അനിമല്‍ കിംഗ്ഡത്തിലൂടെ ഒരു ട്രെയിന്‍ യാത്രക്കുള്ള ക്യൂവില്‍ കയറി നിന്നു.ചിലര്‍ ബോട്ട് യാത്ര തെരഞ്ഞെടുത്തു. കാട്ടിലൂടെ, നദിക്കരയിലൂടെയുള്ള യാത്ര രസകരമായിരുന്നു. ട്രെയിനിന്റെ മുകളില്‍ തടിയും അല്ലാത്തതുമായ പഴയ കാലിട്രങ്കുകള്‍ നിരത്തി വച്ചിരുന്നു. ഗതകാല യാത്രയുടെ പ്രതീകം. ബോട്ടില്‍ പോയിരുന്നവര്‍ അക്കരെ ഒറാങ് ഉട്ടാനുകള്‍ക്കു തീറ്റി കൊടുക്കുന്നതു കാണാമായിരുന്നു. പല വെള്ളച്ചാട്ടങ്ങളും മൃഗക്കാഴ്ച്ചകളും പിന്നിട്ട് ചുറ്റിക്കറങ്ങി ട്രെയിന്‍ തിരികെ എത്തി. പിന്നെ വീണ്ടും മൃഗക്കാഴ്ച്ചകളിലേക്ക്.


 ഇണങ്ങിയ തത്തയും പഞ്ചവര്‍ണ്ണക്കിളികളും ഉള്ള ഇടം പുറത്തു നിന്നു കണ്ടതേ ഉള്ളു. കയ്യിലും തോളിലും തലയിലും കിളികള്‍ പറന്നിരിക്കുന്നത് കണ്ട് സന്തോഷംകൊണ്ടു നിലവിളിച്ചു ഒരു മദാമ്മ.


(tamed parrots.jpg) ഒരു ആട് ഭിത്തിയിലെ കണ്ണാടിജനലില്‍ കയറി നില്‍ക്കുന്നതു കണ്ട് രണ്ടുപേര്‍ ആടിന്റെ തലയുടെ അപ്പുറവും ഇപ്പുറവും തല വച്ച് സെല്‍ഫി എടുത്തു, ഒരു മേത്തന്‍മണി സ്റ്റൈലില്‍. ദിനോസറുകള്‍ കുറേയെണ്ണം അലറുന്നും തലയാട്ടുന്നുമുണ്ടായിരുന്നു.

പിന്നെ പെന്‍ഗ്വിനുകളുടെ ഗുഹയിലേക്ക് കയറി. വലിയ പെന്‍ഗ്വിനുകള്‍ ആയിരുന്നില്ല, ചെറിയ ഇനം.
നടക്കുന്ന വഴിയിടെ അടിയിലൂടെ ഇരുവശങ്ങളിലുമുള്ള കുളങ്ങള്‍ ബന്ധിപ്പിച്ചിട്ടുണ്ട്. അവ അക്കരെ ഇക്കരെ നീന്തി തുടിക്കുന്നതു കണ്ടു. പിന്നെ കണ്ടത് നക്ഷത്ര മത്സ്യങ്ങളെയാണ്. പ്രശസ്ത ആസ്‌ട്രേല്യന്‍ വന്യജീവി ഫോട്ടോഗ്രാഫര്‍ സ്റ്റീവ് ഇര്‍വിന്‍ നക്ഷത്രമത്സ്യത്തിന്റെ -റേ- കുത്തേറ്റാണ് മരിച്ചത്. കണ്ടാല്‍ ഭംഗിയുണ്ടെങ്കിലും ഉള്ളു മുഴുവന്‍ വിഷം നിറച്ച് ഭീകരര്‍, മനസ്സില്‍ പറഞ്ഞു.

അവിടെ നിന്ന് പെന്‍ഗ്വിന്‍ ദ്വീപിലേക്കെത്തി. നേരത്തെ കണ്ട ഗുഹയുടെ പിന്‍വശം. പാറകള്‍ക്കു താഴെ ചെറിയ തടാകത്തിലൂടെ അവ കുണുങ്ങി നീന്തി നടക്കുന്നത് കാണേണ്ടതായിരുന്നു.





സൂക്ഷിപ്പുകാര്‍ മദാമ്മമാര്‍ തിരികെ കയറാന്‍ സമയമായെന്ന് അവയെ പേരു വിളിച്ച് ഭിത്തിയിലെ തുളകളിലൂടെ അകത്തേക്കു കയറ്റി വിടുന്നുണ്ടായിരുന്നു. നല്ലവണ്ണം ഇണങ്ങുന്നു അവ. പെന്‍ഗ്വിനുകളുമൊത്തുള്ള നടത്തയ്ക്ക് സമയം കഴിഞ്ഞതിനാല്‍ അതു നടന്നില്ല.

ധാരാളം വിസ്മയക്കാഴ്ച്ചകള്‍ ബാക്കി വച്ചാണ് അവിടെ നിന്ന് തിരികെ പോന്നത്. നാലു വട്ടമെങ്കിലും പോകണം മുഴുവന്‍ കാണണമെങ്കില്‍ എന്നു തോന്നുന്നു.