അയ്യപ്പദാസും ലക്ഷ്മിയും വിവാഹിതരാകാൻ തീരുമാനിച്ചുവത്രേ. എന്നാൽ പിന്നെ തങ്ങൾക്കും തമ്മിലൊന്നു കണ്ടാലോ എന്നായി വീട്ടുകാരുടെ ആലോചന. ലക്ഷ്മിയുടെ അച്ഛൻ വീൽചെയറിലാണ്, അതുകൊണ്ട് അങ്ങോട്ടു പോയി കാണാം എന്ന് അയ്യപ്പദാസിന്‍റെ അച്ഛനമ്മമാർ പറഞ്ഞു.
ഇരുവീട്ടുകാരും നല്ല ആഹ്ലാദത്തിലായിരുന്നു. മക്കളുടെ ഇഷ്ടം നടക്കാൻ പോവുകയല്ലേ. അയ്യപ്പദാസും ലക്ഷ്മിയും പറമ്പിലൂടെ ചുറ്റി നടക്കുമ്പോൾ അച്ഛനമ്മമാർ പരസ്പരം പരിചയപ്പെട്ടു. അയ്യപ്പദാസിന്‍റെ അച്ഛനമ്മമാർ തമിഴരാണെങ്കിലും മലയാളം അവർക്ക് അറിയാം. ജോലിയായിട്ട് കുറേ നാൾ കേരളത്തിൽ താമസിച്ചിട്ടുണ്ടത്രേ.
വന്നതും അയ്യപ്പദാസിന്‍റെ അമ്മ ലക്ഷ്മിയെ ചേർത്തു നിർത്തി, നെറ്റിയിൽ ഉമ്മ വച്ചു. ലക്ഷ്മിയുടെ അമ്മ വെപ്രാളപ്പെട്ട് അടുക്കളയിലേക്കും സ്വീകരണമുറിയിലേക്കും മാറി മാറി ഓടി നടന്നു. ഇവിടെ വന്നിരിക്കൂ എന്ന് അയ്യപ്പദാസിന്‍റെ അമ്മ സ്‌നേഹപൂർവ്വം ലക്ഷ്മിയുടെ അമ്മയെ പിടിച്ച് അടുത്തിരുത്തി. നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും എല്ലാം പരസ്പരം കൈമാറി. കല്യാണം എവിടെ വച്ച് എന്നു രജിസ്റ്റർ ചെയ്യണമെന്നും കുട്ടികൾ തീരുമാനിച്ചിരുന്നു. അതുകൊണ്ട് വീട്ടുകാർക്ക് ഇനി ഒന്നും തീരുമാനിക്കാനുണ്ടായിരുന്നില്ല, പരമസുഖം.
ഊണു കഴിഞ്ഞ് ഇരിക്കുമ്പോഴാണ് അയ്യപ്പദാസിന്‍റെ അമ്മ ആ കഥ പറഞ്ഞത്.
'തമിഴ്‌നാട്ടുകാരാണെങ്കിലും നിങ്ങൾ മലയാളികളെ ഞങ്ങൾക്ക് വല്യ ഇഷ്ടമാണ്. നിങ്ങടെ ശബരിമല അയ്യപ്പനാണ് ഞങ്ങൾക്കു മോനെ തന്നത്.' ലക്ഷ്മിയുടെ അച്ഛനും അമ്മയും അത്ഭുതപ്പെട്ട് പരസ്പരം നോക്കി.
കുറച്ചു വർഷം മക്കളില്ലായിരുന്നു, അപ്പോഴാണ് അയൽപക്കത്ത് ഒരാൾ അയ്യപ്പനെ ഭജിക്കാൻ പറഞ്ഞത്. ആ ഭജനം ഗുണം ചെയ്തു, 'അതാണ് ഞങ്ങൾ അയ്യപ്പദാസ് എന്നു ഇവനു പേരിട്ടതു. ഇവനെ വിളിക്കുമ്പോഴെല്ലാം ഞങ്ങൾ അയ്യപ്പനെ ഓർക്കുമല്ലോ.' അയ്യപ്പദാസിന്‍റെ അച്ഛൻ പറഞ്ഞു. ലക്ഷ്മിയുടെ അച്ഛനമ്മമാരുടെ മുഖം തെളിഞ്ഞു.
'അച്ഛൻ ഭയങ്കര അയ്യപ്പഭക്തനാണ് ആന്‍റി,' ലക്ഷ്മി ചിരിച്ചുകൊണ്ടു പറഞ്ഞു. 'ഞങ്ങൾക്കു ഭക്തിയൊന്നുമില്ല, എന്നാലും കഴിഞ്ഞകൊല്ലം ഞങ്ങൾ രണ്ടാളും കൂടി അവിടെ പോയിരുന്നു, എരുമേലി എയർപോർട്ടു ഉള്ളതുകൊണ്ടു നല്ല സൗകര്യമാണല്ലോ. ഞങ്ങൾ പമ്പ കഴിഞ്ഞ് നടന്നാണ് മല കയറിയത്, ടാക്സിയൊന്നും എടുത്തില്ല, നല്ല രസമുണ്ടായിരുന്നു. ആന്റി ഫോട്ടോ കണ്ടില്ലേ?'
'കണ്ടു, കണ്ടോ, പോയതു നന്നായി മോളേ. ഭക്തി ഉണ്ടോ ഇല്ലയോ എന്നുള്ളതൊന്നും അയ്യപ്പനു പ്രശ്‌നമില്ലല്ലോ.' പിന്നെ ഒന്നു നിർത്തി എന്തോ ഒരു ഓർമ്മയിലേക്ക് ഊളിയിട്ടു അവർ. അൽപ്പനേരം. മുഖത്ത് ലേശം ദുഃഖം പരന്നു.
'ഇവനു അവിടെ വച്ച് ഞാന്‍ എന്‍റെ മടിയിലിരുത്തിയാണ് ചോറു കൊടുത്തത്. പിന്നെ മൂന്നു വർഷം തുടർച്ചയായി അവനെയും കൊണ്ട് അവിടെ പോയി തൊഴുതിട്ടുമുണ്ട്. പക്ഷേ...' എല്ലാവരും ആകാംക്ഷയോടെ അവരുടെ മുഖത്തേക്ക് ഉറ്റുനോക്കി.
'2018 ൽ പോയപ്പോൾ പ്രതിഷേധക്കാർ എന്നെ തടഞ്ഞു, അല്ല ഓടിച്ചു, ഭാഗ്യത്തിന് അച്ഛന്‍റെ കൈയ്യിലായിരുന്നു ഇവൻ, പിന്നാലെ ഒരു വലിയ ആൺകൂട്ടം വടിയും കല്ലും കട്ടയുമായി പാഞ്ഞടുത്തു, കഷ്ടിച്ചാണ് അന്നു രക്ഷപ്പെട്ടത്. അതില്‍ പിന്നെ ഞാന്‍ പോയില്ല, മനസ്സില്‍ പ്രാര്‍ത്ഥിക്കയേ ഉള്ളു.' അവരുടെ മുഖം പഴയ ഓർമ്മയിൽ വിവർണ്ണമായി.
അപ്പോഴാണ് അച്ഛനെ ലക്ഷ്മി ശ്രദ്ധിച്ചത്. അച്ഛന്‍റെ മുഖം വിളറുന്നു, 'എന്തു പറ്റി അച്ഛാ, അമ്മേ ഒന്നു പ്രഷർ നോക്കൂ,' എന്ന് അവൾ അച്ഛന്‍റെ വീൽ ചെയറിനടുത്തേക്ക് നീങ്ങി. പക്ഷേ, അവളെ ശ്രദ്ധിക്കാതെ അവളുടെ അച്ഛൻ അയ്യപ്പദാസിന്‍റെ അമ്മയോടു പറഞ്ഞു,
'മനീതി എന്നല്ലേ ശരി പേര്? നിങ്ങൾ 25 വർഷം കൊണ്ട് അത്രയൊന്നും മാറിയിട്ടില്ല, കേട്ടോ, ഞാനോ? ' മനീതി ഞെട്ടിപ്പോയി, അവിടെയുള്ള മറ്റുള്ളവരും.
'അപ്പോ അച്ഛനു ആന്‍റിയെ നേരത്തേ അറിയാമോ? ' ലക്ഷ്മി അത്ഭുതത്തോടെ ചോദിച്ചു.
'അറിയാം, ആക്രമിക്കുന്നവരുടെ മുന്‍നിരിയില്‍ ഉണ്ടായിരുന്നല്ലോ ഞാന്‍, മനീതി ഓര്‍ത്തു നോക്കൂ,' പിന്നെ അയാൾ മുഖം പൊത്തി നിശ്ശബ്ദം കരയാൻ തുടങ്ങി. ലക്ഷ്മി പകച്ചു നിന്നു. ഒരു നിമിഷത്തെ സ്തബ്ധതയക്കു ശേഷം പെട്ടെന്നു മനീതിയും ഭാസ്‌ക്കറും ഇരിപ്പിടം വിട്ട് എഴുന്നേറ്റു, ലഷ്മിയുടെ അച്ഛന്‍റെ അടുത്തേക്കു നീങ്ങി.
'സാരമില്ല, വിട്ടു കളയൂ. ഇതൊന്നും അറിയാതെയാണ് ഞാൻ പഴയ കാര്യം പറഞ്ഞത്, സോറി, ഇനി നമുക്ക് അതൊന്നും ഓർക്കണ്ട.'
'ഞാൻ അന്നു ചെയ്ത തെറ്റിനായിരിക്കും, അയ്യപ്പൻ ശിക്ഷ തന്നു,' തളർന്ന കാലുകളിലേക്കു നോക്കി അയാൾ വിതുമ്പി.
'ഏയ്, അങ്ങനെയൊന്നും പറയല്ലേ,' മനീതി സമാധാനിപ്പിച്ചു, 'അങ്ങനെ പകരം വീട്ടുന്ന ദൈവമൊന്നുമല്ല അയ്യപ്പൻ.. ഞാൻ നീ തന്നെയാണ് എന്നു പറയുന്ന ദൈവമല്ലേ, അല്ലെങ്കിലും ദൈവങ്ങൾക്ക് പകയോ? അവർ നമ്മളെ സഹായിക്കേണ്ടവരല്ലേ,' മനീതി പറഞ്ഞു.
പെട്ടെന്ന് ലക്ഷ്മിയുടെ അച്ഛൻ മനീതിയുടെ നേർക്ക് കൈകൂപ്പി, 'വലിയ മനസ്സുള്ളവരാണ് നിങ്ങൾ. പൊറുക്കണം, പൊറുക്കണം.' ഏയ്, ഒന്നുമില്ലെന്നേ, എന്ന് ഭാസ്ക്കര്‍ ആ കൈകള്‍ കവര്‍ന്നു.
'നമുക്ക് ഇനി ഇറങ്ങിയാലോ, കുറേ ദൂരം പോകണ്ടതല്ലേ, ' രംഗം മാറുന്നതു കണ്ടാവണം, അയ്യപ്പദാസ് വിഷയം മാറ്റി..
'ശരിയാണ്, ഇനിയും കാണാം കേട്ടോ, ഇനി നിങ്ങൾ അങ്ങോട്ടു വരണേ, ' ഭാസക്കർ പറഞ്ഞു.
അവർ പോയതും ലക്ഷ്മി മുറിയിൽ കയറി വാതിലടച്ചു. സങ്കടമോ നാണക്കേടോ ദേഷ്യമോ ഏതായിരുന്നു അവളുടെ മുഖത്ത് മുന്നിട്ടു പ്രതിഫലിച്ചത് എന്നു അവളുടെ അമ്മയ്ക്കു പോലും നിശ്ചയം കിട്ടിയില്ല.
'എന്റെ കുഞ്ഞിന്‍റെ ഇഷ്ടം ഞാനായിട്ടു നശിപ്പിച്ചല്ലോ, ന്‍റെ അയ്യപ്പസ്വാമീ, ' അയാൾ വിലപിച്ചു. അയാളുടെ ഭാര്യ അയാളുടെ വീൽച്ചയെർ ഉന്തി കിടപ്പുമുറിയിലേക്കു കൊണ്ടു പോയി. അയാളെ കിടത്തിയിട്ട് അവർ പുറത്തെ മുറിയിൽ വന്നിരുന്നു, മനസ്സു ശൂന്യം. ഒരേയൊരു മകളേയുള്ളു...
മൂന്നു മണിക്കൂർ കഴിഞ്ഞു ലഷ്മി പുറത്തു വന്നപ്പോൾ. അവളുടെ മുഖം ശാന്തമായിരുന്നു. മുൻവശത്തെ മുറിയിൽ ആരേയും കാണാഞ്ഞ് അവൾ അച്ഛനമ്മമാരുടെ മുറിയിലേക്ക് പോയി. ഒന്നും മിണ്ടാതെ അച്ഛനും അമ്മയും അവിടെ ഇരിപ്പുണ്ടായിരുന്നു. ലഷ്മിയെ കണ്ടതും അച്ഛൻ വിതുമ്പി.
'മോളേ...ഞാൻ കാരണം നിന്‍റെ കല്യാണം.....'
'അയ്യേ, അച്ഛനിതെന്താ ഈ പറയുന്നത്? അവരു കല്യാണം വേണ്ടെന്നു വെച്ചെന്നണോ നിങ്ങളുടെ വിചാരം, ആണോ അമ്മേ?' അവൾ പൊട്ടിച്ചിരിച്ചു. പിന്നെ തുടർന്നു, 'അതെല്ലാം നിങ്ങടെ കാലത്ത്, ജാതീം മതോം, കുടുംബമാഹാത്മ്യോം...ഓ, എന്തെല്ലാമായിരുന്നു എന്‍റമ്മേ. ഞങ്ങൾ അതു പോലെയല്ല. ഞങ്ങൾ തമ്മിലാ ഇഷ്ടപ്പെട്ടത്, അല്ലാതെ വീട്ടുകാരു തമ്മിലല്ലല്ലോ. ഇതൊന്നും ഞങ്ങളെ ബാധിക്കേയില്ല.' അച്ഛന്‍റേയും അമ്മയുടേയും മുഖം തെളിഞ്ഞു. അമ്മ മോളേ എന്ന് ഓടി വന്ന് കെട്ടിപ്പിടിച്ചു, അവരുടെ കണ്ണിൽ നിന്ന് ആശ്വാസക്കണ്ണീർ ഉതിർന്നു. മകൾ അമ്മയെ ചേർത്തു നിർത്തി.
'ഞാൻ ചോദിച്ചിട്ട് അവൻ ആ വിഡിയോകളും പടങ്ങളും എല്ലാം അയച്ചു തന്നു, ഹോ, എന്തൊരു മാരക പെർഫോമൻസായിരുന്നു എന്‍റെ അച്ഛാ, ലുങ്കി മടക്കി ഉടുത്ത്, കൈയ്യിൽ വടിയും കട്ടയും പിടിച്ചുകൊണ്ട് പെണ്ണുങ്ങളുടെ പിന്നാലെ...എനിക്കു നാണക്കേടു തോന്നി, എന്‍റെ അച്ഛൻ ഇങ്ങനെ പെണ്ണുങ്ങളെ ആക്രമിക്കാൻ ഓടുന്നതു കണ്ടിട്ട്....' അച്ഛൻ തല കുമ്പിട്ടിരുന്നു, അയാളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ചാലിട്ടു, പണ്ടു ചെയ്ത കൊടുംക്രൂരതയ്ക്ക്, മകളുടെ മുന്നിൽ പൊഴിയുന്ന പശ്ചാത്താപമഴ! മകൾ കട്ടിലിലിരുന്നു, അച്ഛന്‍റെ തോളിൽ കൈയ്യിട്ടു, ചേർത്തു പിടിച്ചു.
'ഞാൻ നെറ്റിൽ തിരഞ്ഞു, ആർത്തവ ലഹള എന്നായിരുന്നു അതിന്‍റെ പേര്, അല്ലേ? എന്‍റെ അമ്മേ, അമ്മ പഠിച്ചതല്ലേ, അമ്മയ്‌ക്കെങ്കിലും പറയാരുന്നില്ലേ, പീരീഡ്‌സ് അശുദ്ധിയല്ലാന്ന്,' മകളുടെ ചോദ്യത്തിനു മുന്നിൽ അമ്മ ചൂളി, അച്ഛന്‍റെ തല പിന്നെയും കുനിഞ്ഞു.
'അത് മോളേ.... '
'അവളു പറഞ്ഞതാ മോളേ, ഞാൻ അന്നത്തെ ആവേശത്തിന് അതു കേട്ടില്ല..എന്നെ എന്തോ ഒന്നു ബാധിച്ച പോലാരുന്നു അന്ന്...'
'ബാധിച്ചതു വിവരക്കേടായിരുന്നു, അച്ഛാ,' മകൾ പൊട്ടിച്ചിരിച്ചു.
'പൂനെയിൽ ആയിരുന്നപ്പോൾ എന്‍റെ ഒരു കൂട്ടുകാരി പറയുമായിരുന്നു, എടോ വീട്ടുപേരു പുറത്തു പറയാൻ കൊള്ളൂല്ല, ഗാന്ധിജിയെ അകത്തു കയറ്റാതിരുന്ന മനയാണ്, എന്ന്. ഇതിപ്പോൾ ആ വീഡിയോയിലുള്ളത് അച്ഛനാണെന്ന് അറിഞ്ഞാൽ, ഹോ... വിക്കി പേജിൽ ലഹളയുടെ പടം ഇട്ടിട്ടുണ്ട്, അച്ഛന്‍റെ പടമാ ഏറ്റവും മുന്നിൽ.'
അച്ഛൻ വീണ്ടും ചുളുങ്ങി...'ആ പോട്ടെ,' മകൾ അമ്മയേയും അടുത്ത് പിടിച്ചിരുത്തി, ഇരുവരുടേയും നടുക്ക് ചേർന്നിരുന്നു. ചിലപ്പോഴൊക്കെ അങ്ങനെയാണ്, മകൾ അച്ഛനാവും, അമ്മയും ആവും.
നല്ലൊരു അനുഭവ ചരിതം ...പിന്നീടുള്ള ശബരിമല ചരിത്രത്തിൽ 'ആർത്തവ ലഹള ' എന്ന് തന്നെയായിരിക്കും ഈ സമരങ്ങൾക്ക് പേര് വരിക
ReplyDeleteനന്ദി, ഇത് ഇപ്പോഴാണ് കണ്ടത്.
Deleteഎഴുത്ത് പെടച്ചിട്ടുണ്ട്. താങ്ക്യൂ! <3
ReplyDeleteനന്ദി! ഇപ്പോഴാണ് കണ്ടത്. :) :)
DeleteThank you for the comment. Saw only now. Its meaning must be something like കലത്തിനു വായ് കൂടുതലാണ് എന്നു ഉരുളി പറയുന്നു, right?
ReplyDelete