Monday, October 25, 2010

ഗില്‍ഫോഡ് (Guildford)


വൊക്കിംഗിനടുത്തുള്ള വലിയ ടൗണ്‍ഷിപ്പായ ഗില്‍ഫോഡില്‍ പോയി ഒരു ദിനം. ആലിസിന്റെ അത്ഭുത ലോകം വിരിയിച്ച ലൂയി കരോള്‍ (Lewis Carol) താമസിച്ചിരുന്ന, പി.ജി.വോഡ്ഹൗസ് ജനിച്ചസ്ഥലം. 300 ല്‍ പരം വര്‍ഷം പഴക്കമുള്ള *കോബിള്‍ഡ് റോഡിലൂടെ  തലങ്ങും വിലങ്ങും നടക്കുമ്പോള്‍ ആലോചിച്ചു, നമ്മുടെ നാട്ടില്‍ ഇവര്‍ എന്തേ ഇത്തരം റോഡുകള്‍ നിര്‍മ്മിച്ചില്ല. ഇപ്പോഴും അതിനുള്ള കണ്‍സല്‍റ്റന്റസ് ഉണ്ട്.ഇവിടെ തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് ഇതു പോലുള്ള ഫുട്പാത്തുകള്‍ ഉണ്ട്, പക്ഷേ മിയ്ക്കതും നശിച്ച് കല്ലു കുറവും മണ്ണു കൂടുതലുമാണെന്നു മാത്രം.

ടൗണ്‍സെന്ററിനകത്തെ കടകളില്‍ കൂടി നടന്ന് വിന്‍ഡോ ഷോപ്പിംഗ്. നല്ല ഭംഗിയുള്ള സാധനങ്ങള്‍ എത്ര! വിലയും അത്ര! പുരാതന പള്ളിയില്‍ മുട്ടുകുത്തി നിന്ന് മേരീമാതാവിനോടായി സര്‍വ്വമംഗള മംഗല്യേ, മേരീ സ്വര്‍ഗ്ഗരാജ്ഞി മാതാവേ എന്നും മുട്ടിപ്പായി പ്രാര്‍ത്ഥന. പള്ളികള്‍ ഇഷ്ടംപോലെ ഉണ്ടെങ്കിലും പ്രാര്‍ത്ഥനക്കാര്‍ പൊതുവെ കുറവാണെന്നു തോന്നുന്നു. വയസ്സായവരാണത്രേ   അധികവും പള്ളിയില്‍ പോക്കുകാര്‍. ചെറുപ്പക്കാര്‍ക്കെവിടെ ഇതിനെല്ലാം സമയം?

Town Centre Exit
 റോഡിന്റെ ഒരു വശം മുഴുവന്‍ വളരെ പഴയ കെട്ടിടങ്ങളാണ്. പക്ഷേ അതെല്ലാം നന്നായി നിലനിര്‍ത്തിയിരിക്കുന്നു. ഇടയ്ക്കുള്ള പുതിയ കെട്ടിടങ്ങളും പഴയതുമായി ചേര്‍ന്നു പോകുന്ന ഡിസൈന്‍ തന്നെ. അല്ലാത്തതിനൊന്നും അംഗീകാരം കിട്ടില്ലത്രേ.
.
കൈയ്യില്‍ കാശുണ്ടെന്നു പറഞ്ഞ് തെക്കോട്ടും വടക്കോട്ടും തിരിച്ച് വിവിധ നിറങ്ങളിലുള്ള പെയിന്റു കോരിയൊഴിച്ച് ഉണ്ടാക്കാമെന്നു കരുതിയാല്‍ തെറ്റി. പഴമ കൂടുന്തോറും ലണ്ടനില്‍ വീടുകള്‍ക്കു വില കൂടുന്നു, antique value.സ്വന്തമായി വാങ്ങിയ സ്ഥലമാണെങ്കിലും പച്ചപ്പു പരിധിക്കകത്തു (Green belt) വരുന്നതാണെങ്കില്‍ അവിടെ കെട്ടിടം വയ്ക്കാന്‍  അനുമതി കിട്ടില്ല. ആ നിയമങ്ങളും, അതു കൃത്യമായി പാലിക്കുന്ന ഭരണാധിപരും, അതു തങ്ങളുടെ രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയെന്നു മനസ്സിലാക്കുന്ന ജനങ്ങളും...ഹോ, രോമാഞ്ചം വന്നു പോയി ഇതെല്ലാം മനസ്സിലായപ്പോള്‍..
റോഡിന്റെ ഒരു വശത്തു നിന്ന് ഒരാള്‍ പാടുന്നു. ഇതെന്താ ഇങ്ങനെ സ്റ്റേജില്‍ നിന്നെന്ന പോലെ പാട്ട് എന്ന് അതിശയിച്ചു നോക്കി. പിന്നെ പിടി കിട്ടി. പൈസ കിട്ടാന്‍ വേണ്ടിയാണ്. Glorified way of begging! പിന്നെ രണ്ടു പേരേ ഇതു പോലെ ലണ്ടനിലും (പാട്ടുകാരല്ല) കണ്ടു.

ഗില്‍ഡ് ഹാള്‍ മുഖപ്പില്‍ തെരുവിലേക്കു തള്ളി നില്‍ക്കുന്ന,1683 ല്‍ നിര്‍മ്മിച്ച , പിന്നീട് പുതുക്കിയ ബ്രാക്കറ്റ് ക്ലോക്ക് കൗതുകമുണര്‍ത്തി.


Guildhall  Clock
(Cobbled road, High Street)
 പിന്നെ ഗില്‍ഫോഡ് കോട്ട റൂയിന്‍സില്‍. ദൈവമേ, വസന്തോത്സവം, നയനാനന്ദകരം, വശ്യം! കോട്ട പക്ഷേ നശിച്ചു പോയി, അവശിഷ്ടം നിലനിര്‍ത്തിയിരിക്കുന്നു. മുകളിലേക്കു കയറാന്‍ സാധിച്ചില്ല, പൂട്ടിയിട്ടിരുന്നു. അല്ലെങ്കില്‍ ഏരിയല്‍ വ്യൂ കൂടുതല്‍ ഭംഗിയായിരുന്നേനേ. ശരിക്കും പ്രകൃതി വിരിയിച്ച അത്തപ്പൂക്കളം. കണ്ടും പടം എടുത്തും മതി വന്നില്ല.


ചരിത്രാതീത കാലങ്ങളിലെ ശേഖരങ്ങളും ലൂയി കരോള്‍ (Lewis Carrol) മ്യൂസിയവും ഉണ്ട് ഗില്‍ഫോഡ് മ്യസിയത്തില്‍. ആലീസിന്റെ പടങ്ങളും അതിലെ കാര്യങ്ങളും സ്‌കൂള്‍ കുട്ടികള്‍ ഉണ്ടാക്കിയിട്ടിട്ടുണ്ട്. അറിയാമോ, ലൂയി കരോള്‍ ഓക്‌സ്‌ഫോര്‍ഡ് ക്രൈസ്റ്റ് കോളേജിലെ ഒരു കണക്കു പ്രൊഫസറായിരുന്നു.!ആലീസ് ലിഡല്‍ എന്ന അദ്ദേഹത്തിന്റെ കൊച്ചു കൂട്ടുകാരിയാണ് ശരിക്കും Alice in Wonderland എഴുതാന്‍ അദ്ദേഹത്തിനു പ്രചോദനമായത്. ലൂയി കരോളും സഹോദരിമാരും താമസിച്ചിരുന്ന ചെസ്റ്റ്‌നട്ട്‌സ് വീടു കാണാന്‍ പോകാന്‍ സാധിച്ചില്ല പക്ഷേ.

ലൂയി കരോള്‍ തൂലികാനാമമായിരുന്നു. Rev Charles Lutwidge Dodgson, അതായിരുന്നു ശരിയായ പേര്. മതകാര്യങ്ങളേക്കാള്‍ കൂടുതല്‍ ഗണിതം ഇഷ്ടപ്പെട്ടിരുന്ന അവിവാഹിതനായ പാതിരി. പാരമ്പര്യവശാല്‍ കിട്ടിയതാണ് പാതിരിപ്പട്ടം. അദ്ദേഹത്തിന് ധാരാളെ കൊച്ചു കൂട്ടുകാര്‍ ഉണ്ടായിരുന്നവെന്നും വീടിന്റെ പേരുള്ള ഫലകം ഡിസൈന്‍ ചെയ്തത് അവരായിരുന്നുവെന്നും വായിച്ചു. അതല്ല, അദ്ദേഹം കുട്ടികളെ അടുപ്പിക്കാത്ത ആളായിരുന്നുവെന്നും ഒരു വെര്‍ഷന്‍ ഉണ്ട്. നമുക്ക് ആദ്യത്തേതു ശരി എന്നു വിശ്വസിക്കാം അല്ലേ?

ഗ്രാമര്‍ സ്‌കൂള്‍ എന്ന പ്രശസ്തമായ പഴയ സ്‌കൂളിനു മുന്നിലൂടെ നടന്ന്, വേ (wey ) നദിക്കരയില്‍ ഇത്തിരി വിശ്രമിച്ച് വൊക്കിംഗിലേക്ക് മടക്കം. ഒട്ടും ഒളി  മങ്ങാതെ ആ കാഴ്ച്ചകള്‍  മനോമുകുരത്തിലുണ്ട് ഇപ്പോഴും.         
*കോബിള്‍ഡ് റോഡ്- ഹെവി വെഹിക്കിള്‍സ്, കുതിരവണ്ടി മുതലായവയ്ക്കു സഞ്ചരിക്കാനായി നിര്‍മ്മിച്ച റോഡ്.