Showing posts with label Travelogue. Show all posts
Showing posts with label Travelogue. Show all posts

Wednesday, November 04, 2015

ലോംഗ്‌ലീറ്റ് സഫാരി

മനോരമ ഓണ്‍ലൈനില്‍ വന്നു ഈ യാത്രക്കുറിപ്പ് :
http://www.manoramaonline.com/fasttrack/travelogue/longleat-uk-a-world-of-wonder-for-the-tourists.html


ബാത്ത് പ്രഭുവിനെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളുടെ അകമ്പടിയോടെയായിരുന്നു രണ്ടുമണിക്കൂര്‍ നീണ്ട വില്‍സ്‌ഷെര്‍ യാത്ര. ഒന്നാം എലിസബത്തന്‍ കാലം മുതലുള്ള ബ്രൃഹത് മാളികയും അനുബന്ധ സഫാരി പാര്‍ക്കും മറ്റു കാഴ്ച്ചകളും അടങ്ങുന്ന ലോംഗ്‌ലീറ്റ് ആയിരുന്നു ലക്ഷ്യം.

കാല്‍നടയാത്രക്കാരില്ലാത്ത എം3 മോട്ടോര്‍വേയിലൂടെ പോകവേ വഴിയരികിലെ സമൃദ്ധമായ പച്ചപ്പിന് മോടികൂട്ടി ആപ്പിള്‍മരങ്ങള്‍ കായ്ച്ചു നിന്നിരുന്നു. എനിക്കു വലിയ ഇഷ്ടമുള്ള പഴമൊന്നുമല്ല ആപ്പിള്‍. പക്ഷേ അത് കായ്ച്ചുകിടക്കുന്നത് കണ്ണിനിമ്പം തരുന്ന കാഴ്ച്ച തന്നെ ആയിരുന്നു. തിങ്കള്‍ ബാങ്ക് അവധിയും ചേര്‍ന്നുള്ള മൂന്നു ദിവസത്തെ നീണ്ട ആഴ്ച്ചയറുതി ആയതിനാലും കൂടിയാവാം റോഡില്‍ നിലയ്ക്കാത്ത വാഹനപ്രവാഹമായിരുന്നു. ഇടയക്ക് ഭക്ഷണം കഴിക്കാന്‍ വെയിറ്റ്‌റോസ് റെസ്‌റ്റൊറാണ്ടില്‍ കയറിയപ്പോള്‍ അവിടെയുമുണ്ട് ഒരു ഉത്സവത്തിനുള്ള ആള്‍ക്കൂട്ടം. മറ്റുള്ളവര്‍ ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് കഴിച്ചപ്പോള്‍ ഉരുളക്കിഴങ്ങ് ഹാഗറും ചൂടു കോഫിയും കഴിച്ച് ഞാന്‍ സംതൃപ്തിയടഞ്ഞു.

ചരിത്രാതീത സ്മാരകമായി കണക്കാക്കിയിരിക്കുന്ന, വില്‍സ്‌ഷെറിലെ നവശിലായുഗ അവശിഷ്ടങ്ങളെന്നു കരുതപ്പെടുന്ന, സ്്‌റ്റോണ്‍ഹെഞ്ച് കടന്നായിരുന്നു യാത്ര. ദൂരെ വലുതും ചെറുതുമായ കല്‍ത്തൂണ്‍ വലയങ്ങള്‍ കാണാമായിരുന്നു. 3000 മുതല്‍ 2000 ബിസി വരെ പഴക്കമുള്ള ഇവ അക്കാലത്തെ ശവസംസ്‌ക്കാര തറകളാണെന്നാണ് ഗവേഷകരുടെ നിഗമനമത്രേ.

9000 ഏക്കര്‍ വിസ്തൃതിയുള്ള ലോംഗ്‌ലീറ്റില്‍ വന്‍വാഹനനിര തന്നെ ഉണ്ടായിരുന്നു. പക്ഷേ തിരക്കോ പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടോ ഒന്നും ഉണ്ടായില്ല. വളഞ്ഞും പുളഞ്ഞും കയറിയും ഇറങ്ങിയും ഉള്ള വഴികളുടെ ഇരുവശങ്ങളിലും മൃഗങ്ങളെ സംബന്ധിച്ച കൗതുക കാര്യങ്ങള്‍ എഴുതിവെച്ചിരുന്നു.

കുഞ്ഞിമഴ നനഞ്ഞ് ആഫ്രിക്കന്‍ വില്ലേജിലാണ് ആദ്യം എത്തിയത്. സെബ്രകളും ജിറാഫുകളും മേഞ്ഞു നടക്കുന്നു. ശിഖരങ്ങള്‍ ആഫ്രിക്കന്‍ മൃഗങ്ങളുടെ രൂപമാക്കി മെനഞ്ഞ കൂറ്റന്‍ ആഫ്രിക്കന്‍ ബെയോബാബ് മരത്തിന്റെ ഉള്ളിലൂടെ പണിത തടിഗുഹയിലൂടെ പടികള്‍ കയറിയാല്‍ തൂക്കുപാലത്തിലെത്താം.




ഇടവിട്ട തടി റീപ്പറുകളും വശങ്ങളില്‍ വെളുത്ത തുണിക്കയര്‍ ചതുരങ്ങളും കൊണ്ടു തീര്‍ത്ത, കയറിയും ഇറങ്ങിയും ചരിഞ്ഞും കിടക്കുന്ന തൂക്കു പാലത്തില്‍ക്കൂടിയുള്ള നടപ്പ് വിചാരിച്ചതു പോലെ എളുപ്പമായിരുന്നില്ല. ഓര്‍ക്കാപ്പുറത്ത് കുട്ടികള്‍ ഓടിയും ചാടിയും പാലം കുലുക്കുമ്പോള്‍ ഭയന്ന് തല കറങ്ങി വീഴുമെന്നു തോന്നിപ്പോയി. ഇതിലൂടെ പോയി കുട്ടികള്‍ ജിറാഫുകള്‍ക്കും സെബ്രകള്‍ക്കും തീറ്റി കൊടുക്കുന്നുണ്ടായിരുന്നു.

ബൊയോബാബ് മരപ്പൊത്തില്‍ വലിയ ഒരു ആഫ്രിക്കന്‍ കൗതുകവസ്തു വില്‍പ്പനശാല ഉണ്ട്! ആഫ്രിക്കന്‍ വില്ലേജില്‍ ഇനിയുമൊരു കട, ഒരു റെസ്റ്റൊറാണ്ട് എന്നിവ കൂടുയുണ്ട്. ഇരിക്കാനുള്ള ബെഞ്ചുകള്‍ രണ്ടു തടികള്‍ നടുവേ പിളര്‍ന്ന് താഴെ ബോള്‍ട്ടിട്ടവയാണ്, അല്ലാതെ ചെത്തി മിനുക്കി പണിതവയൊന്നുമല്ല. വഴിനീളെയുള്ള ബോര്‍ഡുകളും ഓരോ പാര്‍ക്കിന്റേയും ബോര്‍ഡ് എഴുതി വച്ച തടി കമാനങ്ങളും ഒന്നും തടി മിനുസപ്പെടുത്തി ആകൃതി ശരിയാക്കി, പോളിഷ് ചെയ്തവയൊന്നുമല്ല. അവിടുത്തെ പ്രകൃതിക്കിണങ്ങും വിധം മിനുക്കു പണിയൊന്നുമില്ലാത്തവ. ഇവിടെ മാത്രമല്ല, മിയക്ക പാര്‍ക്കുകളിലും ഇങ്ങനെയുള്ള പണിതു നശിപ്പിക്കാത്ത സ്വാഭാവിക തടിത്തൂണുകളും ഇരിപ്പിടങ്ങളും കാണാം.


ബിബിസിയുടെ ബിബിസി അനിമല്‍ പാര്‍ക്ക്, സിബിബിസി റോര്‍ സീരിസ് എന്നിവയുടെ ആസ്ഥാനവും കൂടിയാണ് ഈ പാര്‍ക്ക്. അവിടെ കയറിയിരുന്ന് ലേശം സീരിയലുകള്‍ കണ്ടു. പിന്നെ കാംഗ്രുകളെയും ആടുകളേയും സന്ദര്‍ശിച്ച് കാറില്‍ സഫാരി യാത്ര തുടങ്ങി.


മൃഗങ്ങള്‍ക്കു തീറ്റി സമയമായതിനാല്‍ എല്ലാത്തിനേയും അടുത്തു കാണാമല്ലോയെന്ന് വന്‍ വാഹന നിര തന്നെ ഉണ്ടായിരുന്നു പാര്‍ക്ക് യാത്ര എന്ന വനയാത്രക്ക്. പോകുന്നത് സ്വന്തം ചുമതലയിലായിരിക്കും, മൃഗങ്ങള്‍ തുറസ്സായി നടക്കുന്നതിനാല്‍ ആക്രമിക്കപ്പെട്ടേക്കാം, ഗ്ലാസ്സ് തുറക്കരുത്, മൃഗങ്ങള്‍ ചാടി വീണാല്‍ റെസ്‌ക്യൂ വാന്‍ എത്താനായി ഹോണടിക്കണം എന്നും മറ്റും അവിടവിടെയുള്ള  മുന്നറിയിപ്പു പലകകള്‍ ലേശം ഭയപ്പെടുത്തുക തന്നെ ചെയ്തു. എങ്കിലും പോവാതിരിക്കാനാവില്ലല്ലോ.

അങ്ങനെ വനാന്തരത്തില്‍ നീണ്ടു വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴികളിലൂടെ യാത്ര തുടങ്ങി.


ഫ്ളമിംഗോ(രാജഹംസം) താഴ്‌വരയിലാണ്-ഫ്ളമിംഗോ വാലി- ആദ്യം പ്രവേശിച്ചത്. നീണ്ട് അറ്റം സ്പൂണ്‍പോലെ തോന്നിപ്പിക്കുന്ന വെള്ളയും പിങ്കും നിറങ്ങളിലുള്ള വലിയ സ്പൂണ്‍ബില്‍ പക്ഷികള്‍, പ്രത്യേകതരം താറാവുകള്‍, ഐബിസ് കള്‍-ഞാറപ്പക്ഷികള്‍-തുടങ്ങിയവയ്‌ക്കൊപ്പം ആയിരുന്നു സുന്ദരീ സുന്ദരന്മാരായ ഫഌമിംഗോകള്‍ മുങ്ങിയും പൊങ്ങിയും മൂങ്ങാംകുഴിയിട്ടും നീന്തിയും രസിച്ചിരുന്നത്. ചിലര്‍ വിശ്രമത്തിലായിരുന്നു, പക്ഷേ ഒറ്റക്കാലില്‍ ചിന്താമഗ്നരായവരെ കാണുവാന്‍ ഭാഗ്യം സിദ്ധിച്ചില്ല. പിന്നെ കണ്ടത് വിവിധതരം കഴുകന്മാരെ ആയിരുന്നു. 'കഴുകാ...ഹേ... കഴുകാ... ' എന്ന പാട്ടും അതിന്റെ ഫീലും മനസ്സില്‍ കയറി വന്നു അവയെ കണ്ടപ്പോള്‍. 

അടുത്തത് 'മങ്കി ഡ്രൈവ് ' ആയിരുന്നു. വാഹനനിര നീണ്ടതായതിനാല്‍ കുറേ നേരം കാത്തുകിടക്കേണ്ടി വന്നു അവിടെ അകത്തേക്കു കയറാനായി. കുരങ്ങുകള്‍ വാഹനങ്ങളുടെ പുറത്ത് ചാടിക്കയറും. അവരുടെ സ്ഥലം കടക്കാറാകുമ്പോഴേയ്ക്ക് തിരിച്ച് ചാടിയിറങ്ങിക്കൊള്ളും. അഥവാ ഇറങ്ങിയില്ലെങ്കില്‍ തോണ്ടി ഇറക്കാനായി കയ്യില്‍ വലിയ കോലുമായി നില്‍ക്കുന്ന മദാമ്മയുണ്ട്.  കുരങ്ങന്മാര്‍ ഞങ്ങളുടെ കാറിലും കയറി, ബോണറ്റിലിരുന്ന് വീണു കിടന്നിരുന്ന ഇലകള്‍ ഭക്ഷിച്ചു, പിന്നെ വൈപ്പര്‍ പൊക്കിയും താഴ്ത്തിയും കളിയായി.  പുറത്തുകടന്ന ശേഷം വെളിയിലിറങ്ങി നോക്കി. ഭാഗ്യം, പൊട്ടിച്ചെങ്കിലും ബ്രാക്കറ്റ് താഴെ പോയിരുന്നില്ല!

ഓരോ പാര്‍ക്കിനും തടിയും ഗ്ലാസ്സും കൊണ്ടു തീര്‍ത്ത കാവല്‍ മാടമുണ്ട്, അവിടെയുള്ള കാവല്‍ക്കാരെല്ലാവരും സ്ത്രീകളും! ആരും വാതില്‍ അടച്ചു പൂട്ടിയൊന്നും ആയിരുന്നില്ല ഇരുന്നിരുന്നത്. മിയ്ക്കവരും പുറത്തിറങ്ങി നില്‍ക്കയായിരുന്നു! അതേ പോലെ മിയ്ക്ക റെസ്‌ക്യൂ വാനുകളുടെ ഡ്രൈവര്‍മാരും വനിതകളായിരുന്നു! ഇതെല്ലാം കണ്ടപ്പോള്‍ "അന്തരംഗം അഭിമാനപൂരിതം" ആയെന്നു പറയണ്ടതില്ലല്ലോ.സെബ്ര പോലെ പെയിന്റടിച്ചതും അല്ലാത്തതുമായ വാനുകള്‍ ഇടയില്‍ കറങ്ങുന്നുണ്ടാവും. അവ വലിയൊരാശ്വാസവും ധൈര്യവും ആയിരുന്നുവെന്ന് പറയാതിരിക്കാനാവില്ല.

വെളുത്ത കാണ്ടാമൃഗങ്ങളും വലിയ കൊമ്പുകളുള്ള ആഫ്രിക്കന്‍ പശുക്കളും ഒട്ടകങ്ങളും ഓസ്ട്രിച്ചുകളും മറ്റും വിഹരിച്ചിരുന്ന ബിഗ് ഗെയിം പാര്‍ക്ക് ഉം പലതരം മാനുകള്‍ മേയുന്ന ഡിയര്‍പാര്‍ക്കും കടന്ന് ആനി ദി എലിഫന്റ് എന്ന ഇടത്തെത്തി.


 ബ്രിട്ടനിലെ അവസാന സര്‍ക്കസ് ആനയായ ആനിയെ കാണാന്‍ കാത്തിരിക്കയായിരുന്നു ഞങ്ങള്‍. പക്ഷേ കാണാനായില്ല. അത് അതിന്റെ കൂറ്റന്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നിരിക്കണം. ആനിക്ക് മണ്ണു വാരി പൂശാനും, പുറം ചൊറിയാനും വ്യായാമത്തിനും എല്ലാമുളള സൗകര്യങ്ങള്‍ അവിടെ ഒരുക്കിയിട്ടണ്ടത്രേ. അങ്ങനെ ലേശം നിരാശയിലാണ് പെലിക്കന്‍ പോണ്ട് ലേക്കു കയറിയത്. ലോകത്തിലെ ഏറ്റവും വലിയ പറക്കും പക്ഷികളാണത്രേ ഇവ.

ബിഗ് ക്യാറ്റ്‌സ് എന്ന് എഴുതി വച്ചിരുന്ന തടി കമാനം കടന്നതു മുതല്‍ ചില്ലറ പേടി തുടങ്ങി. കടുവാ സങ്കേതമായിരുന്നു അത്. എല്ല് കടിച്ചു പറിച്ചുകൊണ്ടേയിരിക്കുന്ന കടുവ, ചാഞ്ഞുകിടക്കുന്ന മരത്തടിക്കു താഴെ വിശ്രമിക്കുന്ന കടുവ, അങ്ങനെയങ്ങനെ അടുത്തും അകലെയുമായി എത്ര എണ്ണം. എല്ലാത്തിനേയും നന്നായി കണ്ട് വളരെ മെല്ലെയാണ് വാഹനങ്ങള്‍ കടന്നു പോകുക.



അതിലും ഭയമായിരുന്നു സിംഹരാജ്യത്തേക്കുള്ള പ്രവേശനം. ഒപ്പം ആകാംക്ഷയും. ദൂരെ വാഹനങ്ങള്‍ നിരയായി നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ടപ്പോഴേ മനസ്സിലായി സിംഹങ്ങള്‍ കാണാവുന്നിടത്തുണ്ട് എന്ന്. അവിടെ എത്താന്‍ ഞങ്ങളും അക്ഷമരായി. ദൂരേ നിന്നേ സിംഹക്കൂട്ടം കണ്ടു. കാത്തിരുന്ന് കാത്തിരുന്ന് അവസാനം അവര്‍ക്ക് സമീപമെത്തി. ഒരു ആണ്‍സിംഹവും ചുറ്റിനുമായി അതിന്റെ ഭാര്യമായിരുന്നിരിക്കണം, ഒമ്പത് പെണ്‍സിംഹങ്ങളും.


ആണ്‍സിംഹത്തിന്റെ കിടപ്പും മുഖഭാവവും ഒന്നു കാണേണ്ടതു തന്നെ ആയിരുന്നു. എന്താ ഗമ! എന്താ ഗാംഭീര്യം! രണ്ട് ആണ്‍സിംഹങ്ങള്‍ തമ്മില്‍ കണ്ടാല്‍ വലിയ യുദ്ധം നടക്കുമത്രേ. ഏതെങ്കിലും ഒരു സിംഹം ചാടി വീണ് ഒറ്റ അടി അടിച്ചാല്‍ കാര്‍ഗ്ലാസ്സ അപ്പാടെ തകര്‍ന്നു പോകുമെന്നു കേട്ടപ്പോള്‍ ചെറിയ വിറയല്‍ തോന്നി. പിന്നെ നമ്മെക്കാള്‍ രുചിയുള്ള മാംസം അതിനു കിട്ടുന്നതുകൊണ്ട് അവ അതിന് ഒരുമ്പെടില്ലായിരിക്കും എന്നു കേട്ടപ്പോള്‍ സമാധാനവും. മാലിയുടെ ജന്തുസ്ഥാന്‍ ഓര്‍മ്മപ്പെടുത്തി ഈ സിംഹരാജ്യം.

സിംഹങ്ങളെ കണ്ട് കൊതി തീര്‍ന്ന് അതിവേഗ ഓട്ടക്കാരായ പുള്ളിപ്പുലികളുടെ രാജ്യത്തെത്തി. അവിടവും കടന്ന് ഓരിയിടുന്ന ചെന്നായ്ക്കള്‍ക്കിടയിലൂടെ പാര്‍ക്കിനു പുറത്തിറങ്ങി.



ശരിക്കും നീണ്ട യാത്ര. പിന്നെ ഭക്ഷണം കഴിച്ച് ബാത്ത് പ്രഭുവിന്റെ കൊട്ടാരസദൃശ കൂറ്റന്‍ ബംഗ്ലാവിലേക്കു പോയി.
1580 ല്‍, 435 വര്‍ഷം മുമ്പ് പുതുക്കി പണിത ബംഗ്ലാവ് ഒരു വിസ്മയക്കൊട്ടാരം തന്നെ ആയിരുന്നു. പലപ്പോഴും മൈസൂര്‍കൊട്ടാരം ഓര്‍മ്മിച്ചു പോയി. മൈസൂര്‍ കൊട്ടാരത്തില്‍ മനോഹരമായ മാര്‍ബിള്‍ തറകളായിരുന്നെങ്കില്‍ ഇവിടെ അതിനു പകരം അതിമനോഹരമായ പരവതാനികളായിരുന്നു എന്ന വ്യത്യാസം മാത്രം.

Longleat House 2012.jpg
ലോംഗ്ലീറ്റ് ബംഗ്ളാവ്-വിക്കി പടം(photo courtesy-Wiki)

'ബാത്തിലെ മാര്‍ക്വീസ്' (ബ്രിട്ടീഷ് കുലീനരില്‍ ഏള്‍ നും ഡ്യൂക്ക് നും ഇടയ്ക്ക് വരുന്ന സ്ഥാനപ്പേര്, 1789 ല്‍ സൃഷ്ടിക്കപ്പെട്ടത്.) എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്നവരാണ് പാര്‍ക്കിന്റേയും കൊട്ടാരത്തിന്റേയും ഉടമസ്ഥര്‍. 1992 ല്‍ ഏഴാം  മാര്‍ക്വിസ് ഓഫ് ബാത്ത് ആയി സ്ഥാനമേറ്റ അലക്‌സാണ്ടര്‍ പ്രഭു, 84 കാരന്‍, അവിടെ മുകളിലെ നിലയില്‍ ഇപ്പോഴും താമസിക്കുന്നു, 14 തലമുറ ആയിരിക്കുന്നുവേ്രത ഇപ്പോള്‍ അവര്‍ ഈ കൊട്ടാരത്തില്‍ താമസമായിട്ട്.

തന്റെ 'ചെറുഭാര്യമാര്‍ക്ക് ' പേരു(ദുഷ്‌പേര്) കേട്ട പ്രഭുവിന് അംഗീകൃത ഭാര്യ കൂടാതെയുള്ളത് 75 പേര്‍! ഇവരില്‍ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നുമുണ്ട്. അവര്‍ക്കെല്ലാം അതിനകത്ത് വീടുകള്‍ നല്‍കിയിരുന്നു പോലും. പ്രഭുവിന്റെ മകന്‍ 2010 ല്‍ സ്ഥാനമേറ്റ ശേഷം പലേ പരിഷ്‌ക്കാരങ്ങളും വരുത്തി, ചെറുഭാര്യമാരെ പടിയിറക്കി എന്നും പറയപ്പെടുന്നു. പുതിയ പ്രഭുവിനും ഏകസഹോദരിക്കും എത്ര അര്‍ദ്ധസഹോദരങ്ങള്‍ കാണും എന്ന് ആലോചിച്ചു പോയി. അതേ പോലെ മാസത്തില്‍ രണ്ടാഴ്ച്ച ഇവിടെയും രണ്ടാഴ്ച്ച പാരീസിലുമായി കഴിയുന്ന ഹംഗറിക്കാരിയായ ഭാര്യയെക്കുറിച്ചും. സൈ്വരം കിട്ടാനാവണം ഈ പാരീസ് വാസം എന്ന് ഊഹിക്കാം. പക്ഷേ പണത്തിനു മുകളില്‍ പരുന്തും പറക്കില്ല എന്നത് സത്യമായിരിക്കണം. ചെറുഭാര്യമാരുടെ ലക്ഷ്യങ്ങളും മറ്റൊന്നാവില്ല. ഇതിന് പേരിടേണ്ടിയിരുന്നത് ശ്രീകൃഷ്ണവിലാസം എന്നായിരുന്നുവെന്ന് തോന്നി-മാനേജ്‌മെന്റ് വിദഗ്ദ്ധനായ, പ്രായോഗിക ധര്‍മ്മരക്ഷോപായക്കാരനായ, കൃഷണനെ എനിക്കു പെരുത്ത് ഇഷ്ടമാണ് എന്നതു വേറേ കാര്യം.

അലക്‌സാണ്ടര്‍ പ്രഭു ഓര്‍മ്മിപ്പിച്ചത് പക്ഷേ ശ്രീകൃഷ്ണനെ മാത്രമായിരുന്നില്ല. 'റാ, റാ റാസ്പുട്ടിന്‍, റഷ്യാസ് ഗ്രേറ്റര്‍ ലവ് മെഷീന്‍... ' എന്ന, പ്രീഡിഗ്രിക്കാലത്ത് കേട്ടു പഠിച്ച പാട്ട് മനസ്സിലൊന്നു മൂളി. റാസ്പുട്ടിനും ഈ പുതുകാല കാസനോവയക്കു മുന്നില്‍ ഒന്നുമായിരുന്നിരിക്കില്ല ചിലപ്പോള്‍. റാസ്പുട്ടിന്‍ തെരുവിലൂടെ നടന്നു പോകുമ്പോള്‍ ഭാര്യമാര്‍ കാണാതിരിക്കാനായി റഷ്യന്‍ ഭര്‍ത്താക്കന്മാര്‍ ജനാലകള്‍ വലിച്ചടയ്ക്കുമായിരുന്നു പോലും. അത്രയ്ക്കായിരുന്നു റാസ്പുട്ടിന്റെ വശീകരണശക്തി. പക്ഷേ അലക്‌സാണ്ടര്‍ പ്രഭുവിന്റെ വശീകരണശക്തി തീര്‍ച്ചയായും അദ്ദേഹത്തിന്റെ മണി പവ്വര്‍ തന്നെ ആയിരുന്നിരിക്കണം. 

അലക്‌സാണ്ടര്‍ പ്രഭു വലിയ ഒരു ചിത്രകാരന്‍ കൂടി ആണ്. തന്റെ ചെറുഭാര്യമാരുടെ ചിത്രങ്ങള്‍ വരച്ചത് പ്രദര്‍ശത്തിനുണ്ട്, പക്ഷേ അവ കാണാനൊന്നും എനിക്ക് തീരെ താത്പര്യം തോന്നിയില്ല. ഇന്‍ഡ്യന്‍പുസ്തകമായ കാമസൂത്ര നഗ്നചിത്രങ്ങള്‍ വരയ്ക്കാന്‍ പ്രഭുവിന് പ്രചോദനമായി പോലും! അറക്കപ്പൊടിയും എണ്ണച്ചായവും ഉപയോഗിച്ച് വരച്ച ഇവ പ്രദര്‍ശിപ്പിച്ചിരുന്ന 'കാമ സൂത്ര മുറി' ഇപ്പോള്‍ പൊതുജനങ്ങള്‍ക്കു തുറന്നു കൊടുക്കുന്നില്ല. ലക്ഷക്കണക്കിനു പേരെ അവിടേക്ക് ആകര്‍ഷിച്ചിരുന്നുവേ്രത ആ മുറി. മച്ചിലും മറ്റും ഇപ്പോഴുമുണ്ട് ഇത്തരം പെയിന്റിംഗുകള്‍. പലരുടേയും കൈപ്പടയില്‍ എഴുതിയ പദ്യങ്ങള്‍, ചെറുതും വലുതും ചില്ലിട്ടു സൂക്ഷിച്ചവ അവിടവിടെയായി വേണ്ടുവോളമുണ്ട്.


അലക്‌സാണ്ടറുടെ മകന്‍ ഒരു നൈജീരിയക്കാരിയെ വിവാഹം കഴിച്ചതു വഴി ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത പ്രഭ്വി ഉണ്ടായി. മാത്രവുമല്ല ഈ പ്രഭു തന്റെ പിതാവിന്റെ പല പെയിന്റിംഗുകളും കളയുകയും ചെയ്തു. ഇതിന്റെ പേരില്‍ അച്ഛനും മകനും തമ്മില്‍ ഗംഭീര വഴക്കുമായി. ഇന്നല്ലെങ്കില്‍ നാളെ കാമസൂത്ര മുറിയും നശിപ്പിക്കപ്പെട്ടേക്കാം എന്നാണേ്രത അച്ഛന്‍ പ്രഭുവിന്റെ ഭയം.

പ്രഭുവും മക്കളും അവിടെ നില്‍ക്കട്ടെ, നമുക്ക് കാഴ്ച്ചകളിലേക്ക് മടങ്ങാം. മഴയത്തു നിന്ന് കയറിയതുകൊണ്ട് കുട നനഞ്ഞതായിരുന്നു. വേഗം തന്നെ മദാമ്മ അതു കയ്യിലെടുത്ത് ഒരു കുഞ്ഞി ആട്ടോമാറ്റിക് അംബ്രലാ കവറിങ്ങ് സിസ്റ്റത്തില്‍ കൂടി കയറിയിറക്കി അതിനു പ്ലാസ്റ്റിക് ഉടുപ്പ് ഇടുവിച്ചു തന്നു. അവര്‍ക്കു നന്ദി പറഞ്ഞ് അകത്തേക്കു കടന്നു. അവിടെ മൂന്നു ക്ലോക്കുകള്‍ ഉണ്ടായിരുന്നു ഒന്ന് സമയം അറിയിക്കുന്നത്, മറ്റൊന്ന്  വടക്ക്, കിഴക്ക് തെക്ക് പടിഞ്ഞാറ് ദിശ സൂചിപ്പിക്കുന്ന ക്ലോക്ക്.



ഇനിയുമുള്ളൊരെണ്ണം മൈസൂര്‍ കൊട്ടാരത്തില്‍ കണ്ടതു പോലൊന്ന്. അടുത്ത ഇടനാഴിയില്‍ ഒരു ഭീമാകാര രഥം വെച്ചിരിന്നു. ഇപ്പോള്‍ കഴിക്കാം എന്ന വണ്ണം ഒരുക്കിയിരിക്കുന്ന ഭീമന്‍ ഊണ്‍മേശകള്‍, വില കൂടിയ കൗതുകവസ്തുക്കള്‍, പാത്രങ്ങള്‍, പാവവീട് അങ്ങനെ അങ്ങനെ പല സാധനങ്ങള്‍.




 



പ്രഭുവിന്റെ റോസ് ഗാര്‍ഡനെപ്പറ്റി പറയാതിരിക്കാനവില്ല. പല നിറങ്ങളിലും വലിപ്പങ്ങളിലും ഉള്ള റോസാപ്പൂവുകളും ചെടികളും കണ്ട് കണ്ട് കൊതി തീര്‍ന്നിരുന്നു, യുകെയില്‍ എത്തിയതുമുതല്‍. പക്ഷേ ഇവിടെ മാത്രമാണ് നല്ല കൊതിപ്പിക്കുന്ന മണമുള്ള തനി പനിനീര്‍ പൂവുകള്‍ കാണാനായത്. ഹൃദ്യമായിരുന്നു ആ മണം. സ്‌പെയിനിലും ഇങ്ങനെ മണമുള്ളവയുണ്ടത്രേ. പണ്ട് ഞങ്ങളുടെ വീടിനു മുന്നില്‍ നൂറോളം സുഗന്ധവാഹിനി പൂക്കള്‍ വിരിഞ്ഞു നിന്നിരുന്ന  റോസാച്ചെടികള്‍ ഉണ്ടായിരുന്നു, ഇത്രയും വലിപ്പമില്ലെന്നു മാത്രം. ഇപ്പോള്‍ ഓര്‍മ്മകളില്‍ മാത്രം മണം പരത്തുന്ന അവ മനസ്സില്‍ ലേശം വിങ്ങല്‍ ഉണ്ടാക്കാതിരുന്നില്ല.

കിംഗ് ആര്‍തേഴ്‌സ് മിറര്‍ മെയ്‌സ് ആയിരുന്നു ശരിക്കും വട്ടം ചുറ്റിച്ച ഒരു കാഴ്ച്ച. ഇടതൂര്‍ന്നു നില്‍ക്കുന്ന അനേകം മാര്‍ബിള്‍ മരങ്ങള്‍. ഈ തൂണുകള്‍ക്കിടയിലേക്ക് അകത്തു കയറി. ഭീകര വലിപ്പം തോന്നിപ്പിച്ചു മുറിക്ക്. കുറച്ചുകൂടി ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ വിവരം അറിഞ്ഞു! തലങ്ങും വിലങ്ങും പല ആംഗിളുകളില്‍ കണ്ണാടി പതിച്ചിട്ടുണ്ട്, ഏതാണ് കണ്ണാടിക്കാഴ്ച്ച, ഏതാണ് ശരിക്കാഴ്ച്ച എന്നു തിരിച്ചറിയാനാവാതെ തല ചുറ്റിപ്പോയി. വഴി എന്നു വിചാരിക്കുമ്പോള്‍ അതാ നമ്മുടെ പ്രതിബിംബം, ഓ എന്നാല്‍ മാറിയേക്കാമെന്നു നടക്കുമ്പോള്‍ അവിടേയും! ശരിക്കും സ്ഥലജലവിഭ്രാന്തി ! ആദ്യം രസമായിരുന്നു, പറ്റുന്ന അബദ്ധങ്ങള്‍ സ്വയം ആസ്വദിച്ച് ചിരിച്ചു കുന്തം മറിഞ്ഞു. പിന്നെപ്പിന്നെ അവസാനം ശരിയായ ഞാന്‍ ഏത് എന്ന് എനിക്കു തന്നെ സംശയം.! മുറി അത്ര വലുതൊന്നുമല്ല, മാര്‍ബിള്‍മരങ്ങളുടെ കണ്ണാടിപ്രതിബിംബങ്ങളാണ് അധികവും! കണ്ണാടികള്‍ കണ്ടാല്‍ മനസ്സിലാവില്ല, അത്ര വിദഗ്ദ്ധമായാണ് രണ്ടു മാര്‍ബിള്‍ മരങ്ങള്‍ക്കിടയില്‍ അവ ഒട്ടിച്ചിരിക്കുന്നത്. ഞാനെടുത്ത ഫോട്ടോ ശരിക്കുള്ള ജനാലഗ്ലാസ്സ് പെയിന്റിംഗല്ല, അതും പ്രതിബിംബം മാത്രമായിരുന്നു!

 കാഴ്ച്ചയുടെ രസം ഭയത്തിനു വഴിമാറിത്തുടങ്ങി, മൊബൈല്‍ ചാര്‍ജ്ജു തീര്‍ന്നു, ഇനിയെന്തു ചെയ്യും, ഞാനീ രാവണന്‍ കോട്ടയില്‍ ശരിക്കും കുടുങ്ങിപ്പോയതു തന്നെയാണ്! ആളുകള്‍ വന്നും പോയും ഇരിക്കുന്നു, എല്ലാവരും കഷ്ടപ്പെടുന്നുണ്ട്. അവസാനം കൈകള്‍ മുന്നോട്ടു നീട്ടി നടക്കാന്‍ തുടങ്ങി, കണ്ണാടിയില്‍ തട്ടുമ്പോള്‍ പിടി കിട്ടുമല്ലോ എന്ന്. അതു കണ്ട്, എതിരെ വന്ന രണ്ടു മദാമ്മമാര്‍ പൊട്ടിച്ചിരിച്ച് എന്നോടൊപ്പം കൂടി. ഒരു കുഞ്ഞിപ്പയ്യന്‍ നേരേ ചെന്ന് മൂക്കിടിച്ചു നില്‍ക്കുന്നതു കണ്ടു! പാവം! ചിരി തീരെ വന്നില്ല. എന്തായാലും അവസാനം വല്ലവിധവും വെളിയില്‍ ഇറങ്ങി രക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ! പാവം ദുര്യോധനനും കൂട്ടരും! ഇന്ദ്രപ്രസ്ഥത്തില്‍ എത്ര കഷ്ടപ്പെട്ടു കാണും? ദിക്കറിയാതെ ഭ്രമിപ്പിക്കുന്ന ഈ രാവണന്‍കോട്ട തന്നെ അല്ലേ ജീവിതവും?

അവിടുന്ന് വവ്വാല്‍ ഗുഹയിലേക്ക് കയറി. ഹോ, ഇരുട്ടത്ത് തലങ്ങും വിലങ്ങും പറക്കുന്ന വവ്വാലുകള്‍, തൂങ്ങിക്കിടക്കുന്നു എത്രയോ എണ്ണം,  'പക്ഷി ജാതിക്കു പല്ലുണ്ടോ, ചൊല്ലുവിന്‍ മൃഗമാണ് ഞാന്‍ ' എന്ന് വവ്വാല്‍ പാടുമെന്ന് മുദ്രാവാക്യം വിളി ശൈലിയില്‍ ചൊല്ലി കേള്‍പ്പിക്കുമായിരുന്ന കുഞ്ഞിന്നാളിലെ വീട്ടുസഹായി ദേവകിയെ ഓര്‍മ്മ വന്നു. എന്തോ എനിക്ക് തീരെ രസിച്ചില്ല വവ്വാലുകളെ. പണ്ടേ എനിക്ക് അവയെ ഇഷ്ടമല്ല. മരണത്തിന്റെ ഇരുണ്ട നിറമായിട്ടാണ് ആ ഗുഹ എനിക്ക് അനുഭവപ്പെട്ടത്. ഡ്രാക്കുള സമ്മാനിച്ച തോന്നലാവാം അത്. വേഗം അവിടുന്ന് വെളിയില്‍ ചാടി.

തീര്‍ന്നില്ല കാഴ്ച്ചകള്‍. അനിമല്‍ കിംഗ്ഡത്തിലൂടെ ഒരു ട്രെയിന്‍ യാത്രക്കുള്ള ക്യൂവില്‍ കയറി നിന്നു.ചിലര്‍ ബോട്ട് യാത്ര തെരഞ്ഞെടുത്തു. കാട്ടിലൂടെ, നദിക്കരയിലൂടെയുള്ള യാത്ര രസകരമായിരുന്നു. ട്രെയിനിന്റെ മുകളില്‍ തടിയും അല്ലാത്തതുമായ പഴയ കാലിട്രങ്കുകള്‍ നിരത്തി വച്ചിരുന്നു. ഗതകാല യാത്രയുടെ പ്രതീകം. ബോട്ടില്‍ പോയിരുന്നവര്‍ അക്കരെ ഒറാങ് ഉട്ടാനുകള്‍ക്കു തീറ്റി കൊടുക്കുന്നതു കാണാമായിരുന്നു. പല വെള്ളച്ചാട്ടങ്ങളും മൃഗക്കാഴ്ച്ചകളും പിന്നിട്ട് ചുറ്റിക്കറങ്ങി ട്രെയിന്‍ തിരികെ എത്തി. പിന്നെ വീണ്ടും മൃഗക്കാഴ്ച്ചകളിലേക്ക്.


 ഇണങ്ങിയ തത്തയും പഞ്ചവര്‍ണ്ണക്കിളികളും ഉള്ള ഇടം പുറത്തു നിന്നു കണ്ടതേ ഉള്ളു. കയ്യിലും തോളിലും തലയിലും കിളികള്‍ പറന്നിരിക്കുന്നത് കണ്ട് സന്തോഷംകൊണ്ടു നിലവിളിച്ചു ഒരു മദാമ്മ.


(tamed parrots.jpg) ഒരു ആട് ഭിത്തിയിലെ കണ്ണാടിജനലില്‍ കയറി നില്‍ക്കുന്നതു കണ്ട് രണ്ടുപേര്‍ ആടിന്റെ തലയുടെ അപ്പുറവും ഇപ്പുറവും തല വച്ച് സെല്‍ഫി എടുത്തു, ഒരു മേത്തന്‍മണി സ്റ്റൈലില്‍. ദിനോസറുകള്‍ കുറേയെണ്ണം അലറുന്നും തലയാട്ടുന്നുമുണ്ടായിരുന്നു.

പിന്നെ പെന്‍ഗ്വിനുകളുടെ ഗുഹയിലേക്ക് കയറി. വലിയ പെന്‍ഗ്വിനുകള്‍ ആയിരുന്നില്ല, ചെറിയ ഇനം.
നടക്കുന്ന വഴിയിടെ അടിയിലൂടെ ഇരുവശങ്ങളിലുമുള്ള കുളങ്ങള്‍ ബന്ധിപ്പിച്ചിട്ടുണ്ട്. അവ അക്കരെ ഇക്കരെ നീന്തി തുടിക്കുന്നതു കണ്ടു. പിന്നെ കണ്ടത് നക്ഷത്ര മത്സ്യങ്ങളെയാണ്. പ്രശസ്ത ആസ്‌ട്രേല്യന്‍ വന്യജീവി ഫോട്ടോഗ്രാഫര്‍ സ്റ്റീവ് ഇര്‍വിന്‍ നക്ഷത്രമത്സ്യത്തിന്റെ -റേ- കുത്തേറ്റാണ് മരിച്ചത്. കണ്ടാല്‍ ഭംഗിയുണ്ടെങ്കിലും ഉള്ളു മുഴുവന്‍ വിഷം നിറച്ച് ഭീകരര്‍, മനസ്സില്‍ പറഞ്ഞു.

അവിടെ നിന്ന് പെന്‍ഗ്വിന്‍ ദ്വീപിലേക്കെത്തി. നേരത്തെ കണ്ട ഗുഹയുടെ പിന്‍വശം. പാറകള്‍ക്കു താഴെ ചെറിയ തടാകത്തിലൂടെ അവ കുണുങ്ങി നീന്തി നടക്കുന്നത് കാണേണ്ടതായിരുന്നു.





സൂക്ഷിപ്പുകാര്‍ മദാമ്മമാര്‍ തിരികെ കയറാന്‍ സമയമായെന്ന് അവയെ പേരു വിളിച്ച് ഭിത്തിയിലെ തുളകളിലൂടെ അകത്തേക്കു കയറ്റി വിടുന്നുണ്ടായിരുന്നു. നല്ലവണ്ണം ഇണങ്ങുന്നു അവ. പെന്‍ഗ്വിനുകളുമൊത്തുള്ള നടത്തയ്ക്ക് സമയം കഴിഞ്ഞതിനാല്‍ അതു നടന്നില്ല.

ധാരാളം വിസ്മയക്കാഴ്ച്ചകള്‍ ബാക്കി വച്ചാണ് അവിടെ നിന്ന് തിരികെ പോന്നത്. നാലു വട്ടമെങ്കിലും പോകണം മുഴുവന്‍ കാണണമെങ്കില്‍ എന്നു തോന്നുന്നു.




Saturday, October 01, 2011

ലണ്ടന്‍-കാഴ്ച്ചയ്ക്കപ്പുറം




 ഓക്‌സ്‌ഫോര്‍ഡ് ട്യൂബ് സ്‌റ്റേഷന്‍ ഭിത്തിയിലുള്ള നമ്മുടെ സ്വന്തം ഗാന്ധിജിയുടെ പടം.


                     
കണ്ടതിന്റെ നൂറിരട്ടി കാണാന്‍ ബാക്കിയാക്കി ലണ്ടനില്‍ നിന്നു തിരിച്ചെത്തിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. ഒരു കൊല്ലം മുമ്പ് എഴുതിവച്ച അവസാനഭാഗം പൊടിതട്ടിയെടുക്കയാണ്. ആവര്‍ത്തനവിരസത അനുഭവപ്പെട്ടെങ്കില്‍ ക്ഷമിക്കണം എന്നു മുന്‍കൂര്‍ ജാമ്യം.

ഒരു നാടിനെ ,ജനതതിയെ, സംസ്‌കൃതിയെ അറിയാന്‍ ഒരു മാസം തുലോം കുറഞ്ഞ കാലയളവാണെന്നറിയാം. എങ്കിലും മനസ്സില്‍ തട്ടിയ ചില കാര്യങ്ങള്‍ പങ്കു വയ്ക്കട്ടെ.

സാമൂഹ്യ സുരക്ഷ എന്ന വലിയ ചുമതല സര്‍ക്കാര്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നു. പഴ്‌സ് മോഷ്ടിക്കപ്പെടുമോ, മാല പിടിച്ചു പറിക്കുമോ, എന്നൊന്നും വേവലാതി വേണ്ട എന്ന തിരിച്ചറിവ് യാത്രകളില്‍ മനസ്സിനു വല്ലാത്തൊരു ലാഘവം പകര്‍ന്നു. മിക്ക വീടുകള്‍ക്കും മതിലുകള്‍ ഇല്ല, ഗേറ്റും ഇല്ല. ചെടികള്‍, പലകകള്‍ ഇവയൊക്കയാണ് അതിരുകള്‍. വീട്ടിലെ കാര്‍ പോര്‍ച്ച് പലരും സാധനം കൂട്ടിയിടാനാണ് ഉപയോഗിക്കുന്നത്. അവരവരുടെ താമസസ്ഥലത്തിനു മുമ്പിലുള്ള അനുവദനീയമായ തുറന്ന പാര്‍ക്കിംഗ് സ്ഥലത്ത് കാര്‍ ഇടും. മഴയും വെയിലും കൊണ്ട് അതവിടെ കിടന്നോളും. ഗേറ്റില്ലല്ലോ, ആരെങ്കിലും അടിച്ചുമാറ്റുമോ എന്ന പേടിയൊന്നും വേണ്ട.

പ്രായമായവരുടേയും ദുര്‍ബ്ബലരുടേയും(disabled) സ്വയം പര്യാപ്തത ശഌഘനീയമായി തോന്നി. വളരെ ക്ഷീണിതര്‍ പോലും ഫുട് പാത്തിലൂടെ, ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന കൊച്ചു പെട്ടി വണ്ടിയില്‍ സ്വന്തമായി പോയി കാര്യങ്ങള്‍ നടത്തുന്നു. തീരെ നിവൃത്തിയില്ലെങ്കില്‍ മാത്രമേ അന്യസഹായം തേടൂ.

വൃദ്ധരും ദുര്‍ബ്ബലരും സ്‌റ്റേറ്റിന്റെ അതിഥികളാണ് എന്നു പറയാം. അവരെ സംരക്ഷിക്കുന്നത് സര്‍ക്കാരിന്റെ, സമൂഹത്തിന്റെ ചുമതലയാണ്. അവര്‍ ബാദ്ധ്യതയല്ല. അവര്‍ക്ക് എന്തു സഹായവും കിട്ടാന്‍ ഒരു ഫോണ്‍കാള്‍ സമയമേ വേണ്ടൂ. കിടപ്പിലായവര്‍ക്കും മറ്റും വീട്ടില്‍ അതാതു സമയത്തു ഭക്ഷണം കൊണ്ടുവന്നു കൊടുക്കുന്നതു കണ്ടു.  ഏകാന്തത അനുഭവിക്കുന്നവരുണ്ടെങ്കില്‍ കമ്മ്യൂണിറ്റി സെന്ററില്‍ വിവരം അറിയിച്ചാല്‍ മതി. അവനവന്റെ ഭാഷയില്‍ സംസാരിക്കുന്ന ആള്‍ക്കാര്‍ വരും സംസാരിച്ചിരിക്കാന്‍. ബംഗാളി അറിയാവുന്നവരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം അവരുടെ ഓഫീസിനു മുമ്പില്‍ കണ്ടു. കുട്ടികള്‍ക്കും 60 കഴിഞ്ഞവര്‍ക്കും ബസ് യാത്ര സൗജന്യമാണ്. ബസുകള്‍ ഇഷ്ടം പോലയുണ്ടെങ്കിലും യാത്രക്കാര്‍ തീരെ കുറവ്. സൗജന്യയാത്രക്കാരാണ് അധികവും.

അവിടുത്തെ നിയമ സംവിധാനത്തിന്റെ ശക്തി ഒരിക്കല്‍ നേരിട്ടു കണ്ടു. ഞങ്ങള്‍ താമസിച്ചിരുന്ന ഫഌറ്റ് സമുച്ചയത്തിനു മുന്നില്‍ ഒരു വനിത കാര്‍ പാര്‍ക്ക് ചെയ്ത് അകത്തു പോയതും പോലീസുകാര്‍ വന്നു, വെളിയില്‍ കാത്തു നിന്നെന്ന വണ്ണം. അതിന്റെ ടയര്‍ ചങ്ങലക്കിട്ട് പൂട്ടി, വിവിധ കോണുകളില്‍ നിന്ന് ഒരു പിടി ഫോട്ടോകള്‍ എടുത്തു. മുന്നില്‍ വൈപ്പറിനിടയില്‍ നോട്ടീസ് തിരുകി വച്ചു. എല്ലാം വളരെ പ്രൊഫഷണല്‍! അവര്‍ അകത്തുണ്ടല്ലോ, അറിയിക്കണമല്ലോ എന്ന് എന്റെ ഇന്‍ഡ്യന്‍ മനസ്സു കേണു. ഭാഗ്യം, പോകാനായി അവര്‍ ഇറങ്ങി വന്നു. ഇരുകൂട്ടരും തമ്മില്‍ വളരെ സൗഹാര്‍ദ്ദപരമായി സംഭാഷണം, ഒടുവില്‍ അവര്‍ കാര്‍ഡ് വഴി പണം  നല്‍കി . ചങ്ങല അഴിച്ചും വിട്ടു. തെറ്റി പാര്‍ക്കു ചെയ്യുന്നുവെന്ന് ആരോ പരാതി കൊടുത്തു കാണും. എത്ര പെട്ടെന്നാണ് നിയമം നടപ്പിലാകുന്നത് !അതും അഴിമതിയേതുമില്ലാതെ.

നമ്മുടെ നാട്ടില്‍ അന്യം നിന്ന പലതും അവിടെ ഇപ്പോഴുമുണ്ട്. ദൂരം മൈലാണ്. കിലോമീറ്റര്‍ അല്ല! നമുക്കു  എത്രയോ കാലമായി ബാര്‍ബര്‍ ഷോപ്പുകള്‍ സലൂണുകളായിട്ട്. പക്ഷേ ബാര്‍ബര്‍ ഷോപ്പ് എന്നു വെണ്ടയ്ക്ക ബോര്‍ഡുകള്‍ പലയിടത്തും കണ്ടു. നാട്ടിന്‍പുറങ്ങളില്‍ പണ്ട് തടിക്കഷണങ്ങള്‍ തലങ്ങും വിലങ്ങും വച്ച പൊക്കം കുറഞ്ഞ കടമ്പകള്‍ ആയിരുന്നു വീടിന്റെ ഗേറ്റുകള്‍. അവിടെ കടമ്പ ഗേറ്റുകള്‍ ഇപ്പോഴുമുണ്ട്.!

വീട്ടിലോ പുറത്തോ ഈച്ച, പാറ്റ, പല്ലി, എലി, അട്ട, ഒച്ച്, കരിവണ്ട് , ചിതല്‍, കൊതുക് ഇവ ഇല്ലേയില്ല. ഐല്‍ ഓഫ് വൈറ്റ് ദ്വീപില്‍ ചിതലോ ഉറുമ്പോ അരിക്കാതെ തടിയില്‍ തീര്‍ത്ത കൊച്ചു വീടുകള്‍ കണ്ട് അത്ഭുതപ്പെട്ടു പോയി. വല്ലപ്പോഴും ചവറ്റുകുട്ടയ്ക്കരികില്‍ കുറുക്കന്‍ വരും. അവയ്ക്കു ഭക്ഷണമായി ഗാര്‍ഡനുകളില്‍ ജാം പുരട്ടിയ ബ്രഡ്ഡ് ഇടുവാന്‍ നിര്‍ദ്ദേശമുണ്ട്. മനുഷ്യര്‍ക്കൊപ്പം പ്രാധാന്യം സസ്യജീവജാലങ്ങള്‍ക്കും ഉണ്ട്.

പൈപ്പില്‍ വെള്ളം നിലയ്ക്കില്ല. ഇലക്ട്രിസിറ്റി വിതരണം മുറിയില്ല, വോള്‍ട്ടേജു കൂടിയും കുറഞ്ഞും കളിക്കില്ല. അതിനാല്‍ സ്‌റ്റെബിലൈസര്‍, യ.ുപി.എസുകള്‍ ഒന്നും വീട്ടില്‍ വേണ്ടേ വേണ്ട!  'കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹം ' എന്ന ബോര്‍ഡിന്റെ താഴെ നിന്ന് ആത്മനിന്ദയോടെ കൈക്കൂലി കൊടുത്ത് കാര്യസാദ്ധ്യത്തിനു ശ്രമിക്കണ്ട. ഓരോ ഓഫീസിലും പോയി കാവല്‍ കിടക്കണ്ട. കാര്യങ്ങള്‍ കൃത്യമായി നടന്നു കൊള്ളും. ആഗ്രഹം തോന്നുന്നില്ലേ ഇത്തരം ജീവിതം നമുക്കും വേണമെന്ന്?

സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചു. അടുക്കള 'ആണു കേറാമലയല്ല.' വീട്ടുജോലികളെല്ലാം ഭര്‍ത്താവിന്റെ കൂടി ചുമതലയാണ്. ഇന്‍ഡ്യന്‍ സ്ത്രീകളെപ്പോലെ വീടിനും വീട്ടുകാര്‍ക്കും വേണ്ടി സ്വയം എരിഞ്ഞു തീരുന്നവരല്ല അവര്‍. ഈ കഷ്ടപ്പെടലിന് ത്യാഗം, സ്‌നേഹം തുടങ്ങിയ മഹത് ലേബലുകള്‍ പതിച്ച് സ്ത്രീകള്‍ക്ക് ചങ്ങല തീര്‍ത്തു സമൂഹം. 'ഭാരതക്ഷമേ നിന്റെ പെണ്‍മക്കള്‍ അടുക്കളക്കാരികള്‍ വീടാം കൂട്ടില്‍ കുടുങ്ങും തത്തമ്മകള്‍ ' എന്ന് മേയോ മദാമ്മ പറഞ്ഞത് ശരിയായിരുന്നില്ലേ? എന്തായാലും അവിടെയുള്ള വനിതകള്‍ക്ക്  വീടിനപ്പുറം അവരുടേതായ ജീവിതമുണ്ട്. പാര്‍ക്കില്‍ വന്നിരുന്ന് വായിക്കുകയും എഴുതുകയും ചെയ്യുന്ന വനിതകളെ കണ്ടു കൊതിച്ചു പോയി ഞാന്‍.

ടൂറിസം അവര്‍ക്കു നല്ലൊരു വരുമാന മാര്‍ഗ്ഗമാണ്. ചുരുക്കം സ്ഥലങ്ങള്‍ ഒഴികെ എല്ലായിടവും കനത്ത പ്രവേശന ഫീ  ഉണ്ട്. എല്ലാ സ്ഥലത്തും കയറുന്നതോ ഇറങ്ങുന്നതോ നിര്‍ബന്ധമായും കടകള്‍ വഴിയാണ്. ആ സ്ഥലവുമായി ബന്ധപ്പെട്ട രീതിയിലായിരിക്കും സാധനങ്ങള്‍. ഉദാഹരണത്തിനു ഷേക്‌സ്പിയര്‍ സ്ഥലത്തെ കടയില്‍ സര്‍വ്വത്ര ഷേക്‌സ്പിയര്‍ മയം. പേന, കീ ചെയ്ന്‍, എന്നു വേണ്ട ചോക്കലേറ്റു പൊതി വരെ ആ തലയോ വീടോ ഉള്ള പടങ്ങളോടെയാണ്. ദിനോസര്‍ ഐല്‍ മുഴുവന്‍ ദിനോസര്‍ മയം. എന്തെങ്കിലുമൊന്ന് വാങ്ങാതെ ആരും വരില്ല. വെറും ഒരു കഥാപാത്രമായിരുന്ന ഷെര്‍ലക് ഹോംസിനു മ്യൂസിയം തീര്‍ത്തവര്‍ ഇംഗ്ലീഷുകാര്‍ !

പുരാണേതിഹാസങ്ങളും ആയുര്‍വ്വേദവും എല്ലാം ഉണ്ടായിട്ടും നമുക്ക് അതൊന്നും സത്യസന്ധതയോടെ, നേരേ ചൊവ്വേ പഠിക്കാനോ നിലനിര്‍ത്താനോ വില്‍ക്കാനോ ആവുന്നില്ലല്ലോ. ഇത്തിരി പണം മുടക്കി ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റ് ഒന്നുത്സാഹിച്ചാല്‍  എത്ര മാത്രം വിദേശ പണം ഇവിടെ ഒഴുകും? നമുക്കു സാമ്പത്തിക സ്വയം പര്യാപ്തത നേടാന്‍ ഇതിലും വലിയ മാര്‍ഗ്ഗമില്ല. ഒരിക്കല്‍ ടിവിയില്‍ കണ്ടിരുന്നു യുപിയില്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങള്‍. എല്ലാം രാമായണവുമായി ബന്ധമുള്ളത്. അതെല്ലാം നേരേയാക്കി പ്രവേശന ഫീസും വച്ചാല്‍ വിദേശപുത്തന്‍ ഒഴുകും ഇവിടേക്ക്. അതിനു പകരം, മസ്ജിദ് ,ക്ഷേത്രം ,നീയോ ഞാനോ വലുത് എന്ന് മത്സരിക്കാനല്ലേ നമുക്ക് നേരമുള്ളു?

ഇവിടെ ശ്രീപത്മനാഭന്റെ സ്വത്തുക്കള്‍ ഇത്തിരി നല്ല ഫീസോടെ മ്യൂസിയമാക്കിയാല്‍  രൂപാ ശ്ശി പിരിഞ്ഞു കിട്ടും സര്‍ക്കാരിന്, അല്ല നമുക്ക്. പക്ഷേ രവിവര്‍മ്മച്ചിത്രം പോലും അടിച്ചുമാറ്റപ്പെട്ട ഇവിടെ ഇത്ര ബന്തവസ്സില്‍ ആരു സൂക്ഷിക്കും ഇതെല്ലാം?

എല്ലായിടവും അവിടെ ഒരു പോലെയാണ്. ഒരേ പോലെ കെട്ടിടങ്ങള്‍, പള്ളികള്‍, കൊട്ടാരങ്ങള്‍ എല്ലാം. ആ ഏകതാനത ഉണ്ടാക്കുന്ന വിരസത ശമിപ്പിക്കുന്നത് മനം കവരുന്ന പൂന്തോപ്പുകള്‍ തന്നെ. നമ്മുടെ നാടിന്റെ വൈവിദ്ധ്യം, അതൊന്നു വേറെ തന്നെ!

ഇനി ചില വിരോധാഭാസങ്ങള്‍. കുറുക്കനെ സംരക്ഷിക്കുന്നവര്‍ പന്നിയെ കൊന്നു തിന്നുന്നു. 18 വയസ്സിനു താഴെയുള്ളവര്‍ക്ക് ടാറ്റൂ കുത്തണമെങ്കില്‍(പച്ച കുത്തല്‍) മാതാപിതാക്കളുടെ അനുവാദം വേണം...എന്നാല്‍ മറ്റു പലതിനും അനുവാദം വേണ്ട! ഒരു പതിമൂന്നുകാരന്‍ അച്ഛന്റെ പടം നമ്മളാരും മറന്നിട്ടുണ്ടാവില്ലല്ലോ. ഇന്‍ഡ്യയില്‍ പൊതു സ്ഥലത്തു കിസ്സ് ചെയ്യുന്നത് ശിക്ഷാര്‍ഹമാണ് പക്ഷേ പിസ്സ്(മൂത്രമൊഴിക്കല്‍) ചെയ്യുന്നതു ശിക്ഷാര്‍ഹമല്ല എന്ന് സായിപ്പ് ഇതിനൊരു മറുമൊഴി തീര്‍ത്തിട്ടുണ്ട്.!

പഴമ പോലെ തന്നെ പ്രേതങ്ങളും ഇംഗ്ലീഷുകാര്‍ക്ക് ഹരമാണ്! അന്ധവിശ്വാസവും ആവശ്യത്തിനുണ്ട്. പ്രേതങ്ങളെ കണ്ടുപിടിക്കനായി പ്രേത നടത്തങ്ങള്‍ (Ghost Walks) ഉണ്ട്.! അതിനെപ്പറ്റി ഗവേഷണം നടത്തുന്നു ഇനിയും ചിലര്‍! ബക്കിംഗാം കൊട്ടാരത്തിനു മുന്നിലെ ഫൗണ്ടന്‍ ജലാശയത്തില്‍ ഇഷ്ടം പോലെ തുട്ടുകള്‍ ! കാര്യസാദ്ധ്യത്തിന് ഇടുന്നതാണ്. ഗ്രീനിച്ചിലെ മാരിടൈം മ്യൂസിയത്തിലും കണ്ടു ഇത്. എന്നാല്‍ പള്ളികളില്‍ വയസ്സായവരാണ് അധികവും.

അമിതമാംസഭക്ഷണം, പ്രത്യേകിച്ച് പോര്‍ക്ക്, പുകവലി, സുരപാനം, ഇവയെല്ലാം അവരുടെ ഇരുണ്ട വശങ്ങള്‍. സ്ത്രീകളാണ് കൂടുതല്‍ പുകവലിക്കാര്‍ എന്നു തോന്നി. എല്ലാ കടകളിലും മദ്യം ഉണ്ട്, പ്രൊവിഷന്‍സ് പോലെ തന്നെ. ഓരോ 8 മിനിറ്റിലും പാരാമെഡിക്കലുകള്‍ക്ക്  കൗമാരക്കാരടക്കമുള്ളവരുടെ  മയക്കുമരുന്നു-മദ്യപാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നു എന്നു പത്രവാര്‍ത്ത കണ്ടു. 999 ഡയല്‍ ചെയ്താണ് എല്ലാവരും സഹായം ചോദിക്കുക. ഈയിടെ അവിടെ നടന്ന ലഹളയില്‍ അതൃപ്ത കൗമാരം ഒരു കാരണം എന്നു വായിച്ചിരുന്നു. പല കല്യാണം കഴിക്കാത്തവര്‍ ചുരുക്കം! ഈ ജീവിതസൗകര്യങ്ങള്‍ക്കിടയിലും ഇവര്‍ തൃപ്തരല്ല!

ഗേ, ലെസ്ബിയന്‍ എന്നു പേരിട്ടിരിക്കുന്ന ആണ്‍ പെണ്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ ഇഷ്ടം പോലെ. ജയില്‍ മന്ത്രി  ക്രിസ്പിന്‍ ബ്ലണ്ട്(Crispin Blunt) താനൊരു ഗേ ആണെന്നു പ്രഖ്യാപനം നടത്തി എല്ലാവരേയും ഞെട്ടിച്ചത് ഒരു മാസം മുമ്പ്(2010 ആഗസ്റ്റ്). വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ്,  ഗേ വിവാദത്തില്‍ അകപ്പെട്ടതും അടുത്തയിടെ തന്നെ (2010).

ഒരു ട്യൂബ് യാത്രയിലാണ്, ആതിഥേയയെ ഞാനൊന്നു ചേര്‍ത്തിരുത്തി ഉമ്മ കൊടുത്തു. പെട്ടെന്ന് സ്‌നേഹം വന്നു പോയി. അവള്‍ അനിഷ്ടത്തോടെ മാറിയിരുന്നു, 'അവരു (എതിര്‍സീറ്റുകാര്‍) നോക്കുന്നതു കണ്ടില്ലെ, നമ്മള്‍ ലെസ്ബിയന്‍ ആണെന്നു കരുതും! ' എന്ന് ഒരു പിറുപിറുപ്പും.

വ്യക്തിജീവിതം എന്തോ ആകട്ടെ, അവര്‍ നല്ല പൗരബോധമുള്ളവരാണ്. അവരുടെ രാഷ്ട്രത്തിന്റെ പുരോഗതിയെക്കുറിച്ച് തികച്ചും ബോധമുള്ളവര്‍. അതല്ലേ ശരിയായ ദേശസ്‌നേഹം? നമ്മുടെ നാട്ടില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഇവരുടെ നിഷേധാത്മക ചിത്രം മാത്രമാണ് . സമയനിഷ്ഠ അടക്കമുള്ള നല്ല കാര്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു.

കച്ചവടത്തിനു വന്നവര്‍ നമ്മുടെ പിടിപ്പുകേടുകൊണ്ട് ഭരണക്കാരായി. നമ്മുടെ മാത്രമല്ല പലരുടേയും സമ്പത്തു കടത്തിയവര്‍. പക്ഷേ അതിനു പകരം എന്നോണം ഇപ്പോള്‍ അവരുടെ നാട്ടില്‍ വന്ന് പണമുണ്ടാക്കാന്‍ ഉപാധികളോടെയെങ്കിലും അവര്‍ അനുവദിക്കുന്നുമുണ്ട്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഗവണ്‍മെന്റ ജോലിയ്ക്ക് പരിഗണനയുണ്ട്. അവിടെ ബര്‍മ്മാ-നേപ്പാള്‍കാര്‍ വാസ്തവത്തില്‍ ഇംഗ്ലീഷുകാരേക്കാള്‍ കൂടുതലുണ്ടെന്നു തോന്നി. എങ്ങോട്ടു തിരിഞ്ഞാലും അവരുണ്ട്. ദുബായില്‍ മലയാളികളെന്ന പോലെ.

നമ്മളും മനുഷ്യര്‍, അവരും മനുഷ്യര്‍, നമ്മള്‍ എന്തേ ഇങ്ങനെ? അവര്‍ എന്തേ അങ്ങനെ? ഉത്തരങ്ങള്‍ ഏറെ കണ്ടു പിടിച്ചു മനസ്സ്.

അന്നാട്ടിലെ പണക്കൊഴുപ്പോ ആഡംബരോ എന്നെ തെല്ലുപോലും മോഹിപ്പിച്ചില്ല. പക്ഷേ ഗുണമേന്മയുള്ള ജീവിതം (Quality Life ), അതു മോഹിപ്പിച്ചില്ല എന്നു കളവു പറയാനാവില്ല. നിയമം ആദരിക്കുന്ന ജനം, നിയമം പാലിക്കുന്ന അധികാരികള്‍, വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന പോലീസുകാര്‍, പ്രധാനമന്ത്രിയെ മി.കാമറൂണ്‍ എന്നു സംബോധന ചെയ്യാവുന്നിടം, ജീവനും സ്വത്തിനും അപായഭയമില്ലാതെ കഴിയാനാവുന്നിടം, ബന്ദും ഹര്‍ത്താലും ഇല്ലാത്തിടം, കൈക്കൂലി കൊടുക്കണ്ടാത്തിടം! ഭരണം മാറി മാറി വരും. ഈ ശക്തമായ അടിത്തറകള്‍ ഒരിക്കലും മാറുന്നില്ല. അവരുടെ ജയവും നമ്മുടെ പരാജയവും ഇതാണ്.

പൗരബോധമില്ലായ്മ, അഴിമതി, അതിരു കവിഞ്ഞ രാഷ്ടീയം ,ഞാനെന്ന ഭാവം, ജോലിയോട് പ്രതിബദ്ധതയില്ലായ്മ-ഇവിടെയാണെങ്കില്‍ മാത്രം, അന്യരാജ്യത്ത് ഏറ്റവും അദ്ധ്വാനികള്‍- ഇതല്ലൊമാണ് ജനസംഖ്യാക്കൂടുതല്‍, സാമ്പത്തികം എന്നിവയേക്കാള്‍ കൂടുതല്‍ നമ്മുടെ പുരോഗതിക്കു തടസ്സം എന്നാണെനിക്കു തോന്നുന്നത്. സാമാന്യം നല്ല കാലാവസ്ഥയും ബുദ്ധിയും വലിയ പാരമ്പര്യവും ഉണ്ടായിട്ടും നമുക്ക് കാലത്തിനനുസരിച്ച് പുരോഗതി നേടാനാവാത്തത്് ഇതു കൊണ്ടല്ലേ?ജനസംഖ്യാക്കൂടുതല്‍ ഒരു ദോഷമായി കാണാതെ അത് നമ്മുടെ ഏറ്റവും വലിയ മൂലധനം ആയ മനുഷ്യവിഭവശേഷി എന്നു കണക്കാക്കി കൂടെ? ദാരിദ്യവും വീട്ടുകാരുടെ സമ്മര്‍ദ്ദവുമാണ് 2010ല്‍ നടന്ന ക്രിക്കറ്റു കോഴയുടെ കാരണങ്ങള്‍ എന്നാണ് അവര്‍ വിലയിരുത്തിയത്!

തോന്ന്യവാസം ചെയ്യാനുള്ള ലൈസന്‍സല്ല സ്വാതന്ത്ര്യം, വായ്ത്താരിയല്ല ജനാധിപത്യം, സെന്‍സേഷന്‍ സൃഷ്ടിക്കലല്ല മാദ്ധ്യമധര്‍മ്മം, പണിയെടുക്കാതിരിക്കലല്ല ഇസങ്ങള്‍. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും ബാദ്ധ്യതയില്ലേ? എല്ലാവരുടേയും മക്കള്‍ വിദേശങ്ങളില്‍ ഗുണമേന്മയുള്ള ജീവിതം നയിക്കുന്നു. അത്തരം ഒരു ജീവിതം ഇന്‍ഡ്യയിലും വേണ്ടേ? അതു നമ്മുടെ അവകാശമല്ലേ?അതിനുള്ള ദൂരക്കാഴ്ച്ചയും തത്വദീക്ഷയും ഇച്ഛാശക്തിയും നമ്മുടെ പുതുതലമുറമുക്ക് എങ്കിലും ഉണ്ടാകും എന്നു പ്രത്യാശിക്കുന്നു.

എല്ലാ കുറവുകളോടെയും ഞാന്‍ എന്റെ ഇന്‍ഡ്യയെ ഇഷ്ടപ്പെടുന്നു, ഒപ്പം ഗുണമേന്മയുള്ള ഒരു ജീവിതം എന്റെ അവകാശമെന്നു സ്വപ്‌നം കാണുകും ചെയ്യുന്നു. മുന്‍രാഷ്ടപതി ശ്രീ. അബ്ദുള്‍ കലാം പറഞ്ഞതു പോലെ ഇത്തിരി വലിയ സ്വപ്നം!  



Tuesday, March 29, 2011

വരവായ് അവധിക്കാലം

 (Online link of printed varika published 26.03.2011)
പരീക്ഷാച്ചൂടൊഴിഞ്ഞു, അടിച്ചുപൊളിക്കാലം എന്ന അവധിക്കാലം സമാഗതമായി. കുടുംബങ്ങള്‍ ഉല്ലാസയാത്രകള്‍ക്കും മീനച്ചുടു കനക്കുന്ന പ്രകൃതി വേനല്‍ മഴയ്ക്കും ദാഹിക്കും കാലം. അല്ലെങ്കിലും മനസ്സും ശരീരവും നവമാക്കിയെടുക്കാന്‍ യാത്ര പോലൊരു ഔഷധം മറ്റൊന്നില്ലല്ലോ.

മലയാളികള്‍ക്കു സഞ്ചാരസാഹിത്യം എന്നാല്‍ എസ്.കെ പൊറ്റക്കാടാണ്. പുതുകാലത്ത് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ വിഡിയോ ദൃശ്യങ്ങളുണ്ട്. സചിത്ര ഫോട്ടോകളും മറ്റുമായി മനം കവരുന്ന യാത്രവിവരണങ്ങളോടെ മലയാളം ബൂലോകവും ഈ മേഖലയില്‍ സമ്പന്നമായി വരികയാണ് ഇപ്പോള്‍.

70 പേരുടെ 400 ലധികം യാത്രാവിവരണങ്ങളുമായി മുന്നേറുന്ന http://yathrakal.com/ ബ്ലോഗിലൂടെ ഒരു യാത്ര. ടൈറ്റില്‍ ബാറില്‍ മിന്നി മറയുന്ന മനോഹര വിഡിയോ ദൃശ്യങ്ങള്‍ കണ്ട്, കേരളം, ഇന്‍ഡ്യ, വിദേശം എന്നു തിരഞ്ഞ് വായിക്കാം, പോക്കറ്റിന്റെ കനവും മനസ്സിന്റെ താത്പര്യങ്ങളും ചേരുംപടി ചേര്‍ത്ത് യാത്രയും പോകാം!

കോഴിക്കോടു ജില്ലയിലുള്ള ജാനകിക്കാട് ഇക്കോ ടൂറിസം സെന്ററിനെപ്പറ്റി ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് ലിനുവിന്റെ ലളിതഭാഷയിലുള്ള മനോഹരമായ സചിത്ര യാത്രാവിവരണത്തലൂടെയാണ്- 'നെഹ്‌റു മന്ത്രിസഭയില്‍ സൈനികവകുപ്പ് മന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോന്റെ പെങ്ങളു ടേതായിരുന്നു മുന്‍പ് ഈ സ്ഥലം, അവരുടെ പേരാണ് ജാനകി. പിന്നീട് ഈ സ്ഥലം സര്‍ക്കാരിലേക്ക് നല്‍കിയപ്പോള്‍ അവരുടെ പേരുതന്നെ ഈ പ്രകൃതി രമണീയമായ സ്ഥലത്തിന് നല്‍കി. ഈ കാട് ഏകദേശം 500 ഏക്കറോളം വ്യാപിച്ചുകിടക്കുന്നു.'അവിടുത്തെ ശുദ്ധജലം കണ്ടപ്പോള്‍ ഒന്നു നീന്തിത്തുടിക്കാന്‍ എനിക്കും മോഹം!

'ഇത്രയും പ്രകൃതി മനോഹരമായ, ശുദ്ധ വായു കിട്ടുന്ന, പച്ചപ്പുകള്‍ തിങ്ങി നിറഞ്ഞ ഒരു സ്ഥലം എന്റെ നാട്ടില്‍ നിന്നും വെറും 40 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ ഉണ്ടായിട്ടും ഒന്ന് പോകാന്‍ പറ്റാത്തതില്‍ ലജ്ജതോന്നിയ നിമിഷങ്ങള്‍' ലിനുവിന്റെ ആത്മഗതം !നാം പലപ്പോഴും അങ്ങനെയാണ്, മുറ്റത്തെ മുല്ലയ്ക്കു മണം തീരെയില്ലല്ലോ.

പഴയ ഒരു യാത്രയുടെ ഓര്‍മ്മയില്‍ കോട്ടയം ജില്ല ക്ലിക്കു ചെയത്് 'ഇലവീഴാപൂഞ്ചിറ' യെപ്പറ്റി ആത്മന്റേയും ശിവയുടേയും വിവരണങ്ങളിലെത്തി. അങ്ങനെ വീടിന്റെ തെക്കേപുറത്തു കിടന്ന ആ സ്ഥലത്ത് ബൊഗൈന്‍ വില്ല പോലത്തെ മനോഹര കാട്ടുപൂവുണ്ടെന്നും ഈന്തപ്പഴമുണ്ടെന്നും ഞാനും അറിഞ്ഞു! അന്ന് ചിറ തേടി നടന്ന് അവസാനം ഒരു തടാകം ഞങ്ങള്‍ കണ്ടിരുന്നു, അത് പക്ഷേ ശിവയും ആത്മനും കണ്ടിട്ടില്ല, അതോ അതിപ്പോള്‍ ഇല്ലായിരിക്കുമോ?

ശിവയുടെ വിവരണത്തില്‍ നിന്ന്-
'ഞങ്ങള്‍ ആദ്യം റെസ്റ്റ് ഹൌസിന്റെ ഭാഗത്തേയ്ക്ക് നടന്നു പോയി. അത് അടച്ചിട്ട നിലയില്‍ ആയിരുന്നു. മുന്‍കൂട്ടി അറിയിച്ചാല്‍ മാത്രമെ അവിടെ താമസവും ഭക്ഷണവും ലഭ്യമാകൂ. അല്ലെങ്കില്‍ ആ മലനിരകളില്‍ ഒരു തുള്ളി വെള്ളം പോലും കിട്ടുകയില്ല. അതിനാല്‍ അത്യാവശ്യം ഭക്ഷണവും വെള്ളവും കരുതുന്നതാവും ഉചിതം.'-ബഹുമാനപ്പെട്ട ടൂറിസം മന്ത്രിയുടെ ശ്രദ്ധയിലേക്കാണീ വാചകം എടുത്തിടുന്നത്!

സുനേഷ് കൃഷ്ണന്റെ 'കുതിച്ചും കിതച്ചും ഒരു യാത്ര ' നിന്ന്-യാത്രയില്‍ വേഗതക്കൊപ്പം വേഗതയില്ലായ്മക്കും ഇത്ര സ്ഥാനമുണ്ടെന്ന് മനസ്സിലായത് ഈയിടെ നടത്തിയ ഒരു യാത്രക്കിടയിലാണ്.' അതെ നിങ്ങളുടെ ഊഹം തെറ്റിയില്ല, നമ്മുടെ ഹെറിറ്റേജ് ട്രെയിന്‍ ആയ ഊട്ടി മേട്ടുപ്പാളയം കല്‍ക്കരി വണ്ടിയിലുള്ള ആ മനോഹര യാത്രയെപ്പറ്റി തന്നെ ആണ് അത്. കോട്ടയം ജില്ലയിലൂടെ മലയോര ട്രെയിന്‍ വരുമെന്നു കേട്ടു സന്തോഷിച്ചതും തൊട്ടു പിറകേ ഒരു സിറ്റിംഗ് എം. എല്‍.എ തന്നെ എന്തുവിലകൊടുത്തും അതു തടയും എന്ന് ടി.വി.യിലൂടെ പ്രതികരിച്ചതും മനസ്സല്‍ വന്നു!ജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കുന്ന അത്തരം നല്ല തീരുമാനത്തിന് എതിര് എന്തിനാണാവോ? ഏതെങ്കിലും റബ്ബര്‍ മുതലാളിയുടെ തോട്ടത്തിലൂടെയാണാവോ റെയില്‍വേ വഴി കണ്ടു വച്ചത്?

ബൂലോകത്ത് സഞ്ചാരസാഹിത്യം വളര്‍ത്താന്‍ നിരുപാധികം യത്‌നിക്കുന്നത് സാഹിത്യ സാക്ഷരനെങ്കിലും 'നിരക്ഷരന്‍ ' എന്നു വിനയാന്വിതനാകുന്ന, മനോജാണ് .മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റി ബോധവത്കരിക്കുന്ന , മലയാളഭാഷാ വളര്‍ച്ചയ്ക്കായി വിക്കി പഠനശിബിരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നിരക്ഷരന്റെ കിടിലന്‍ യാത്രാ വിവരണങ്ങള്‍ http://chilayaathrakal.blogspot.com/ ല്‍ വായിക്കാം.

യാത്രകളില്‍ സുരക്ഷിത താമസത്തിനു വലിയ പ്രാധാന്യമുണ്ട്. ഒരിക്കല്‍ പൊന്മുടിയില്‍ വച്ച് ഒരു ഹണിമൂണ്‍ കപ്പിളിനെ രക്ഷിക്കാനായി അകമ്പടി പോകേണ്ടി വന്നു ഞങ്ങളുടെ കൂട്ടുകാര്‍ക്ക് !പോലീസില്‍ നിന്നു പോലും അവര്‍ക്കു സംരക്ഷണം കിട്ടിയില്ല. ടൂറിസം വകുപ്പ് ഏറ്റവും ശ്രദ്ധ വയ്‌ക്കേണ്ട വിഷയമാണിത്.

നാലുവശവും കോട്ടപോലെ മലനിരകള്‍ കാക്കുന്ന കോട്ടയം ജില്ലയിലെ ഇല്ലിക്കല്‍ കല്ലിന്റെ താഴ് വാരത്തുള്ള ഒരു ഹോം സ്‌റ്റേ ഇതാ- http://www.spicesvalleypalace.com/. അയ്യമ്പാറ, മാര്‍മല അരുവി, വാഗമണ്‍, വി. അല്‍ഫോന്‍യുടെ ഭരണങ്ങാനം, കട്ടപ്പന, ഇലവീഴാപൂഞ്ചിറ ഇവയെല്ലാം ഇവിടെ നിന്നു കാണാന്‍ പോകാം. വേനലായതുകൊണ്ട് ഇല്ലിയ്ക്കല്‍ കല്ലിലേക്ക് ഒരു മൗണ്ടന്‍ ട്രക്കിംഗം ആവാം. ഒന്നു പരീക്ഷിച്ചാലോ?

Wednesday, March 23, 2011

അത്ഭുതദ്വീപ്


ഐല്‍ ഓഫ് വൈറ്റ് (Isle of Wight) എന്ന അത്ഭുതദ്വീപിലേക്കു യാത്ര പോയത് കാറിലായിരുന്നു. കടല്‍ വഞ്ചികളി കേന്ദ്രം കൂടിയായ (yachting Centre) പോര്‍ട്‌സ്മിത്ത് (Portsmouth) തുറമുഖത്തു നിന്നാണ് 'കടത്ത്' (ഫെറി)ബുക്ക് ചെയ്തിരുന്നത്. ബ്രിട്ടന്റെ നാവികയുദ്ധങ്ങളില്‍ സുപ്രധാന പങ്കു വഹിച്ച തുറമുഖം. ഹിസ്‌റ്റോറിക് ഡോക്യാര്‍ഡില്‍ പഴയ പടക്കപ്പലുകള്‍ നങ്കൂരമിട്ടു കിടപ്പുണ്ട്.



അവിടെ ജനസമുദ്രം. പക്ഷേ തിരക്കു തോന്നിയതുമില്ല. ആരും മറ്റുള്ളവരെ ശ്രദ്ധിക്കുന്നതേയില്ല. 
കുട്ടികള്‍ക്കു കളിസ്ഥലങ്ങള്‍ ഏറെ. വലിയ സുതാര്യ ഗോളങ്ങള്‍ വെള്ളത്തില്‍. അതിനകത്തു കുട്ടികള്‍. ഗോളാകൃതി ആയതുകൊണ്ട് നില്‍ക്കാന്‍ കുട്ടികള്‍ ശ്രമിക്കുമ്പോള്‍ ഡിം എന്നു വീഴും. പിന്നെയും എണീക്കും.. അങ്ങനെ ഗോളം അക്കരെ(കുറച്ചു ദരമേയുള്ളു) എത്തിക്കണം. പിന്നെ കൊച്ചു ബോട്ടുകളുണ്ട്. അത് കരയില്‍ നിന്ന് റിമോട്ട് സംവിധാനം വഴി ഓടിച്ച് അക്കരെയെത്തണം. ഇതിനെല്ലാം ടിക്കറ്റുണ്ട് കേട്ടോ. 

ബ്രിട്ടനിലെ ഏറ്റവും പൊക്കം കൂടിയ കാഴ്ച്ചാ ടൗവ്വര്‍, 170 മീറ്റര്‍ ഉയരമുള്ള സ്പിനാക്കര്‍ ടൗവ്വര്‍ (Spinnaker Tower) എന്ന അത്ഭുതം ഇവിടെയാണ്. മുകളില്‍ കയറിയാല്‍ 23 മൈല്‍ ദുരം വരെ കാണാമത്രേ. അവിടെ ഉയരത്തില്‍ വച്ച് പാര്‍ട്ടികള്‍ മീറ്റിംഗുകള്‍ എല്ലാം നടത്താം കാശുണ്ടെങ്കില്‍! മുകളിലേക്കു നോക്കുമ്പോള്‍ സുതാര്യമായ ഗാലറി ഫ്‌ളോറിലൂടെ ലില്ലിപ്പുട്ടുകാരെപ്പോലെ ആളുകള്‍ നടക്കുന്നത് കാണാനായി.



കാറും ഞങ്ങളും ബോട്ടില്‍ കയറി. പിന്നെ അര മണിക്കൂറോളം ഇംഗഌഷ് ചാനലിലെ സോലന്റ് കടലിടുക്കിലൂടെ (solent strait) അത്ഭുത കാഴ്ച്ചകള്‍ കണ്ട് കണ്ട് യാത്ര. ഒരു *ഹോവര്‍ക്രാഫ്റ്റ് അതിവേഗതയില്‍ കടലിലൂടെ പാഞ്ഞുവന്ന് കരയിലൂടെ അതേ വേഗതയില്‍ പോകുന്നതു കണ്ടു. 1545 ജൂലായ് 19നു സൊലെന്റ് കടലിടുക്കിലാണ് മേരി റോസ് എന്ന കപ്പല്‍ മുങ്ങിത്താഴ്ന്നത്. തന്റെ പ്രിയപ്പെട്ട കപ്പല്‍ മുങ്ങിത്താഴുന്നതിന്് പോര്‍ട്‌സ്മിത്ത് സൗത്ത്‌സീ കൊട്ടാരത്തില്‍ നിന്ന ഹെന്റി 8-ാമന്‍ രാജാവ് ദൃക്‌സാക്ഷിയായി. കടലില്‍ ഇടയ്ക്കിടെ കോട്ടകള്‍ കാണാമായിരുന്നു. യുദ്ധാവശ്യങ്ങള്‍ക്കു നിര്‍മ്മിച്ചവയാകാം. ഡക്കിലും റസേ്റ്റാറണ്ടിലും മാറി മാറി ഇരുന്നും നിന്നും അക്കരെ ഫിഷ്‌ബോണ്‍ തീരമണഞ്ഞു വളരെ വേഗം. പലരും കാറിനു പുറത്ത് കുട്ടികള്‍ക്കു കളിക്കാനായി കൊച്ചു ബോട്ടുകളും മറ്റും വച്ചുകെട്ടിയാണ് അവധി ആഘോഷിക്കാന്‍ ദ്വീപിലെത്തിയത്. 










ബീച്ച് തീരത്ത് ഏക്കറുകളോളം സ്ഥലമുള്ള തോണസ്സ് ബേയില്‍ ആയിരുന്നു താമസം. അവിടെ നൂറിലധികം കാരവനുകളും ഷാലെ(chalet)കളും ഉണ്ട് താമസിക്കാന്‍. നമുക്ക് ഭക്ഷണം പാകം ചെയ്ത്് കഴിക്കാം, ഒരു കൊച്ചു വീടിനുള്ള സൗകര്യം എല്ലാമുണ്ട്. രണ്ടു കിടക്കമുറികളുള്ള ഒരു ഷാലെ ആയിരുന്നു ഞങ്ങളുടേത്. ടെന്റു കെട്ടി കിടക്കാന്‍ തയ്യാറെങ്കില്‍ അതിനും ഉണ്ട് സൗകര്യം. തുറസ്സു സ്ഥലത്ത് പാചകം ചെയ്യാം, കോമണ്‍ ബാത്ത്‌റൂമുകള്‍ ഉപയോഗിക്കാം. ഷാലെ ഒരു കോണ്‍ക്രീറ്റ് ബേസ്‌മെന്റില്‍ ഒരു വലിയ തടി പെട്ടി വച്ചെന്ന പോലായായിരുന്നു. വീഞ്ഞപ്പെട്ടിത്തടി പോലെ. പക്ഷേ ഒരു ചിതലും കയറാതെ അതെങ്ങനെ ഇരിക്കുന്നു ആവോ? ആര്‍ക്കിടെക്റ്റ് ശങ്കറിനോടൊടൊന്നു ചോദിക്കണം, മനസ്സില്‍ കരുതി.





We stayed here

വളരെ പഴയ ഒരു ദ്വീപ്. ചരിത്രം പേറുന്ന കൊട്ടാരങ്ങള്‍, പഴയ ഗ്രാമങ്ങള്‍, കൃഷിസ്ഥലങ്ങള്‍, നദികള്‍, കാടുകള്‍, കടല്‍ ചുറ്റി തീരദേശപാത . ലേഡി ഓഫ് ഐല്‍ ഓഫ് വൈറ്റ് എന്നറിയപ്പെട്ടിരുന്ന ഇസബെല്ലാ (Isabella de Fortibus) പ്രഭ്വി ആയിരുന്നു 13-ാം നൂറ്റാണ്ടില്‍ ദ്വീപിന്റെ ഉടമസ്ഥ. തന്റെ ആറു മക്കളേയും അതി ജീവിച്ച അവരുടെ മരണശേഷമാണ് അത് രാജകുടുംബത്തിലേക്കു മുതല്‍ക്കൂട്ടിയത്. 

വിക്ടോറിയാ രാജ്ഞിയുടെ ഇഷ്ടവിശ്രമസങ്കേതമായിരുന്നു ദ്വീപ്. അവര്‍ ഇവിടെ ഓസ്‌ബോണ്‍ ഹൗസ് എന്ന കൊട്ടാരം നിര്‍മ്മിച്ചു. രാജ്ഞി എവിടെയെല്ലാം പോയോ ,അവിടെ സമൂഹവും പിന്തുടര്‍ന്നു, അങ്ങനെ ഈ മനോഹര ദ്വീപ് വിക്ടോറിയന്‍ കാലത്തെ ഏറ്റവും അറിയപ്പെടുന്ന ഫാഷനബിള്‍ സ്ഥലമായി മാറി. ഓസ്‌ബോണ്‍ ഹൗസില്‍ വച്ചാണ് 1901 ല്‍ അവര്‍ മരിച്ചത്. അവരുടെ ഏറ്റവും ഇളയ മകളും ദ്വീപ് ഗവര്‍ണ്ണറുമായിരുന്ന ബിയാട്രീസ് 1866-1944 കാലഘട്ടത്തില്‍ ഇവിടെ താമസിച്ചിരുന്നു. പിന്നീട് 1944ല്‍ അവര്‍ അതു മ്യൂസിയമാക്കി. രാജകുടുംബം കൂടാതെ, ചിന്തകര്‍, ഭരണാധികാരികള്‍, യോദ്ധാക്കള്‍, എഴുത്തുകാര്‍, ശാസ്ത്രജ്ഞര്‍ അങ്ങനെ വളരെയധികം വിശിഷ്ട വ്യക്തികള്‍ക്ക് ഈ ദ്വീപുമായി ബന്ധമുണ്ട്.

എല്ലാ കാഴ്ച്ചകളും കണ്ടു തീര്‍ക്കുക അസാദ്ധ്യമെന്നതിനാല്‍ മാപ്പ് നോക്കി ഒരു റൂട്ട് തീരുമാനിച്ചു. അങ്ങനെ കാരിസ്ബ്രൂക്ക് ഗ്രാമത്തിലെ കൊട്ടാരത്തിലെത്തി. ചുറ്റും കിടങ്ങുകളും വന്‍കോട്ടയും. കോട്ടമതിലിലൂടെ കൊട്ടാരത്തിനു ചുറ്റും വട്ടത്തില്‍ നടക്കുമ്പോള്‍ ആലോചിച്ചു, ഇങ്ങനെയാവും ചൈനയുടെ വന്‍മതിലിലൂടെ നടക്കുക എന്ന്.







ഒരോ 10 മിനിറ്റിലും കൊട്ടാര ചരിത്രത്തെപ്പറ്റി ചെറിയ ഫിലിം ഷോ ഉണ്ട്. ഇടയ്ക്കിടെ ഫിലിം ക്ലിപ്പിങ്ങുകളുടെ സഹായത്തോടെ ജൂപ്പിറ്റര്‍ എന്ന കഴുതയാണ് കഥ പറയുന്നത്. ഒരു ട്രെഡ് വീല്‍ ചവിട്ടി കറക്കിയാണ് കഴുതയുടെ കഥ പറച്ചില്‍്. 

1899 ല്‍ പുതുക്കി പണിത സെന്റ് നിക്കോളാസ് ചര്‍ച്ചിലേക്കാണ് ആദ്യം പോയത്. ബിയാട്രീസ് രാജകുമാരിയുടെ മകന്‍, 1914 ല്‍ മരിച്ച മോറീസ്(Maurice) ഉള്‍പ്പടെ ദ്വീപില്‍ യുദ്ധത്തില്‍ മരിച്ചവരുടെ സ്മാരകമാണ് ഈ പള്ളി.






ഇസബെല്ലാ പ്രഭ്വിയുടെ കൊട്ടാരമായിരുന്നു ആദ്യം കാരിസ്ബ്രൂക്ക് കാസില്‍. ഇംഗ്ലീഷ് ആഭ്യന്തര യുദ്ധ സമയത്ത് ചാള്‍സ് ഒന്നാമനെയും മകളേയും തടവിലാക്കിയിരുന്നത് ഇവിടെയാണ്. അവിടെ ജനലിലൂടെ ചാടി രക്ഷപ്പെടാനുള്ള ശ്രമം പാഴായതിനെ തുടര്‍ന്ന് 14 മാസ തടവിനു ശേഷം 1649 ല്‍ അദ്ദേഹം വധിക്കപ്പെട്ടു. ആ ജനല്‍ പിന്നീട് അടച്ചു. 12 വയസ്സുകാരി രാജകുമാരി 1650 ല്‍ തടവില്‍ വച്ചു തന്നെ മരിച്ചു. അദ്ദേഹത്തേയും രാജകുമാരിയേയും പാര്‍പ്പിച്ചിരുന്ന മുറികള്‍ കണ്ടു. വളരെ ഭംഗിയില്‍ പഴയ ഫര്‍ണീച്ചര്‍ സഹിതം ഇട്ടിട്ടുണ്ടെങ്കിലും അതൊന്നും ആസ്വദിക്കാനായില്ല. രാജകുമാരിയുടെ മുടിക്കഷണങ്ങള്‍ അവരുടെ മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. വിക്ടോറിയാ രാജ്ഞി സൂക്ഷിച്ചിരുന്ന മുടി പിന്നീട് അവര്‍ മ്യൂസിയത്തിനു നല്‍കിയതാണത്രേ.

പണ്ട് കോണ്‍വെന്റില്‍ പഠിച്ച Our father who art in heaven എന്ന പ്രാര്‍ത്ഥനയുള്ള, പോക്കറ്റ് ബുക്ക് പേജ് ഫ്രെയിം ചെയതു വച്ചിരുന്നു. വളരെ പഴമയുണ്ട് അതിനും. ഇന്‍ര്‍ ആക്ടീവ് ഗെയിംസ് കുട്ടികള്‍ കളിക്കുന്നതു കണ്ടു. മുകള്‍ നിലയില്‍ ഈസ്റ്റ് കോവസ് (East Cowes) കൊട്ടാരത്തില്‍ നിന്നു കൊണ്ടു വന്ന വലിയ പഴയ ക്ലോക്കിന്റെ ഡയല്‍ മാത്രമല്ല, ക്ലോക്ക് മെക്കാനിസം മുഴുവന്‍ കാണാം. മൈസൂര്‍ കൊട്ടാരത്തിലെ ക്ലോക്ക് ഓര്‍മ്മിച്ചു അപ്പോള്‍. എലിസബത്തന്‍ കാല ഫര്‍ണീച്ചറുകള്‍ വൃത്തിയിലും വെടുപ്പിലും വച്ചിരുന്നു. 1602 ലെ ഒരു സംഗീതോപകരണം ഉതിര്‍ക്കുന്ന സംഗീതം ആസ്വദിച്ചു അല്‍പ്പനേരം.

തന്റെ കാലത്തെ സൂപ്പര്‍താരമായിരുന്ന കവി, ലോഡ് ടെന്നിസണ്‍ 40 വര്‍ഷം താമസിച്ചിരുന്നത് ദ്വീപിലെ ഫ്രഷ് വാട്ടര്‍ ഗ്രാമത്തില്‍ ഫാരിംഗ്‌ഫോഡ് ഹൗസിലാണ് (Farring ford House). ഇപ്പോള്‍ അതു ഹോട്ടലാണ്. ആലം ബേയില്‍ നിന്നുള്ള മടക്കയാത്രയില്‍ റോഡ് സൈഡില്‍ നിന്നു, വ്യക്തമല്ലാത്ത ദൂരദൃശ്യം കിട്ടി. The Charge of the Light Brigade അദ്ദേഹം എഴുതിയത് ഇവിടെ വച്ചാണ്. Crossing the bar എഴുതിയത് മെയിന്‍ ലാന്‍ഡില്‍ നിന്നു ദ്വീപിലേക്കുള്ള യാത്രാമദ്ധ്യേയാണ്. അദ്ദേഹത്തിന്റെ പല സാധനങ്ങളും മ്യസിയത്തിലുണ്ട്. Crossing the bar ന്റെ പിയാനോ നോട്ട്‌സ് ഉള്ള പഴയ പുസ്തകം അവിടെ വച്ചിട്ടുണ്ട്.

ഭൂമികുലുക്കങ്ങളെക്കുറിച്ചു പഠിച്ച, സീസ്‌മോഗ്രാഫ് കണ്ടു പിടിച്ച ഡോ:ജോണ്‍ മിന്‍(Dr.John Milne) ന്റെ പഠനങ്ങളും പഴയ പുസ്തകങ്ങളും അദ്ദേഹത്തിന്റേയും ജപ്പാന്‍കാരിയായ ഭാര്യയുടേയും മറ്റും ഫോട്ടോകളും കണ്ണാടിക്കൂട്ടില്‍ സൂക്ഷിച്ചിരുന്നു. അദ്ദേഹം അറിയപ്പെട്ടിരുന്നത് ഭൂമികുലുക്ക മിന്‍ (Earthquake Milne) എന്നാണത്രേ. 1900കളില്‍ ദ്വീപിലുള്ള അദ്ദേഹത്തിന്റെ വീട് ഒരു ഭൂമികുലുക്ക പഠനകേന്ദ്രം തന്നെയായിരുന്നു.

കൊട്ടാരത്തില്‍ പണി ചെയ്തിരുന്നവര്‍ക്കു കൂലി കൊടുത്തിരുന്നതിന്റെ നാള്‍വരി കണക്ക് എഴുതിയ വളരെ പഴയ രജിസ്റ്റര്‍ അത്ഭുതമായിരുന്നു, നിവര്‍ത്തി വച്ചിരുന്ന പേജുകള്‍ വ്യക്തമായി വായിക്കാം.

ഡോങ്കീ സെന്ററില്‍ കഴുതയുണ്ട്. പേരു വിളിച്ചാല്‍ മനസ്സിലാകുന്ന കഴുത. പഴയ കാലത്ത് കൊട്ടാരത്തില്‍ കിണറില്‍ നിന്നു വെള്ളം കോരിയിരുന്നത് കഴുതകളായിരുന്നു. കഴുതകള്‍ ചവിട്ടി കറക്കുന്ന ട്രെഡ് വീല്‍ ആണ് ഉപയോഗിച്ചിരുന്നത്. 17 പ്രാവശ്യം കഴുത ചക്രത്തില്‍ കറങ്ങുമ്പോള്‍ കിണറ്റില്‍ നിന്ന് കയര്‍ താഴെ പോയി വെള്ളം മുക്കി മുകളിലെത്തിക്കാനുള്ള ദൂരമാകും. വെല്‍ഹൗസ് ഇ്‌പ്പോഴുമുണ്ട്.

മറ്റു പല പൂന്തോട്ടങ്ങളും കണ്ടതുകൊണ്ടോ എന്തോ ബിയാട്രീസ് രാജകുമാരിയുടെ ഗാര്‍ഡന്‍ അത്രയൊന്നും ആകര്‍ഷകമായി തോന്നിയില്ല. പക്ഷേ ഗാര്‍ഡനു പുറത്ത് ഫ്രാന്‍സിസ് ബേക്കണ്‍ ന്റെ 'ഓഫ് ഗാര്‍ഡന'ി ലെ 'ദൈവം ആദ്യം പൂന്തോപ്പുണ്ടാക്കി'(God Almighty first planted a Garden ) എന്നു തുടങ്ങുന്ന വരികള്‍ ഉദ്ധരിച്ചു വച്ചിരുന്നതു കണ്ടു.

ദ്വീപിലെ പഴയ ഗ്രാമങ്ങളില്‍ ഒന്നായ ഷാങ്കഌന്‍ ഗ്രാമത്തിലൂടെ ഒന്നു ചുറ്റി കറങ്ങി .അരുവിയുള്ള കുന്ന് എന്നര്‍ത്ഥം വരുന്ന സെന്‍ക്ലിങ് (Sencling) ആണേ്രത പിന്നീട് ഷാങ്കഌന്‍ ആയത്. പഴയ പുല്‍ മേഞ്ഞ കെട്ടിടങ്ങള്‍ കാണുകയായിരുന്നു പ്രധാന ഉദ്ദേശ്യം. അവയെല്ലാം അവര്‍ ഇപ്പോഴും നന്നായി സൂക്ഷിച്ചിരിക്കുന്നു. പഴയ പള്ളികള്‍, പ്രൗഢിയാര്‍ന്ന വിക്ടോറിയന്‍ വില്ലകള്‍, കൃഷിസ്ഥലങ്ങള്‍, കാട്. മനോഹരം ഈ തീരദേശഗ്രാമനഗരം. ഇംഗ്ലീഷ് ചങ്ങമ്പുഴ എന്നു നമ്മള്‍ വിളിക്കുന്ന ജോണ്‍ കീറ്റ്‌സ്‌ന്റെ ഇഷ്ടസ്ഥലമായിരുന്നുവേ്രത ഇവിടം. രണ്ടു പ്രാവശ്യം ദ്വീപില്‍ താമസിച്ച അദ്ദേഹം കാരിസ്ബ്രൂക്ക് ഗ്രാമത്തില്‍ തങ്ങിയ കാലത്താണ് തന്റെ Endymion നു തുടക്കമിട്ടത്. 1868 ല്‍ അമേരിക്കന്‍ കവി ലോംഗ്‌ഫെലോ ഇവിടെ ക്രാബ് ഇന്‍(Crab Inn) ല്‍ താമസിച്ചുവെന്നും അദ്ദേഹത്തിന്റെ ഒരു ലിഖിതം അതിനു വെളിയിലുള്ള ഫൗണ്ടനില്‍ ഇപ്പോഴും കാണാം എന്നും പറയുന്നു.










മറ്റൊരു പഴയ ഗ്രാമമായ സാന്‍ഡ് ഡൗണ്‍ ഗ്രാമത്തിലായിരുന്നു ദിനോസര്‍ ഐല്‍ എന്ന പഠന മ്യൂസിയം. മുന്നില്‍ വലിയ തടാകം. തീരദേശമായതിനാല്‍ കാറ്റു പറപ്പിച്ചു കൊണ്ടു പോകും എന്നു തോന്നി. ഇന്റര്‍ ആക്ടീവ് ആയി പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു വലിയ ദിനോസര്‍ മാതൃക ഉണ്ട്. കൈ, കാല്‍ എല്ലാം റിമോട്ടിലൂടെ അനക്കാം.കുട്ടികള്‍ വളരെ തിരക്കിലായിരുന്നു. ചോദ്യാവലിയുമായാണ് അകത്തു കയറുക. ഉത്തരം ശരിയായാല്‍ സമ്മാനമുണ്ട്. എസ്‌കവേഷന്‍ എന്ന സ്ഥലത്ത് മണ്ണില്‍ മൂടി കുഞ്ഞു ദിനോസറുകളുണ്ട്. ചെറിയ ടൂള്‍ ഉപയോഗിച്ച്് മണ്ണു മാറ്റി അവയവങ്ങള്‍ കണ്ടു പിടിക്കണം. കുട്ടികള്‍ കമഴ്ന്നു കിടന്ന് മണ്ണു മാന്തുന്നു. ദിനോസറിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ പാറകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 




ഈ ദ്വീപില്‍ 20 തരം ദിനോസറുകള്‍ ജീവിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ടത്രേ. ഇപ്പോഴും ഗവേഷണം തുടരുന്നുമുണ്ട്. ദ്വീപിലെ കാലാവസ്ഥയും ആഹാരവും അനുകൂലമായതുകൊണ്ടാണ് അവ ഇവിടെ താമസിച്ചിരുന്നത് .

സാന്‍ഡ് ഡൗണ്‍ തീരദേശ ഗ്രാമവും പല വിഖ്യാതര്‍ക്കും ആതിഥ്യമരുളിയിട്ടുണ്ട്. ലൂയി കരോള്‍ ആലീസിന്റെ അത്ഭുതലോകം രചിച്ച കാലം ഇവിടെ താമസിച്ചിരുന്നു. അദ്ദേഹത്തിന്റ കഥാപാത്രത്തിനു പ്രചോദനമായിരുന്ന കുട്ടി ആലീസ്-Alice Liddel- കുടുംബം അവധിക്കാലം ചെലവഴിച്ചിരുന്നത് ഇവിടെയായിരുന്നു. ചാള്‍സ് ഡാര്‍വിന്‍ തന്റെ Origin of Species തുടങ്ങി വച്ചത് ഇവിടത്തെ കിംഗ്‌സ് ഹെഡ് ഹോട്ടലില്‍ താമസിക്കവേയാണ്.

അവസാനമായിരുന്നു ദ്വീപിന്റെ പടിഞ്ഞേറേ അറ്റത്തുള്ള ആലം ബേ യിലേക്കുള്ള യാത്ര. നല്ല വഴിയുണ്ടായിരുന്നെങ്കിലും വിജനമായിരുന്നു, ചെറിയ കാടുകളിലൂടെയാണ് യാത്ര. നീഡില്‍ പാര്‍ക്കില്‍ എത്തിയപ്പോള്‍ നല്ല മഴ. മണി അഞ്ചു കഴിഞ്ഞിരുന്നതിനാല്‍ കുന്നില്‍ നിന്ന് കടല്‍തീരത്തേയ്ക്കും തിരിച്ചും കയറാവുന്ന ഇലക്ട്രിക് കസേര യാത്ര നടന്നില്ല. 




Alum Bay

മാര്‍ക്കോണി പോയിന്റ് എന്ന ്അടയാളം കണ്ട് അങ്ങോട്ടു നടന്നു. അദ്ദേഹം നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന സ്ഥലം എന്ന് ഉയര്‍ന്ന ഒരു തിട്ടയും അവിടെ രണ്ടു ടെലിസ്‌ക്കോപ്പുമായിരുന്നു ഉണ്ടായിരുന്നത്. ആലം ബേയില്‍ ഇരുന്ന് അവിടെ നിന്ന് 20 മൈല്‍ അകലെ പൂള്‍ (Poole) ലേക്ക് അദ്ദേഹം വയര്‍ലസ്സ് സംപ്രേക്ഷണം നടത്തി. അതിനായി 1897 ല്‍ അദ്ദേഹം ഇവിടെ 40 മീറ്റര്‍ മാസ്റ്റ് ഉണ്ടാക്കി. അതിന്റെ അവശിഷ്ടമൊന്നും പക്ഷേ കണ്ടില്ല. തന്റെ കമ്പിയില്ലാക്കമ്പി ടെലിഗ്രാഫി പരീക്ഷണങ്ങള്‍ അദ്ദേഹം നടത്തിയിരുന്നത് രാജ്ഞിയുടെ ഓസ്‌ബോണ്‍ഹൗസില്‍ വച്ചാണ്. ഓസ്‌ബോണ്‍ഹൗസില്‍ നിന്ന് വിക്ടോറിയാ രാജ്ഞിയും രാജനൗകയിലിരുന്ന രാജകുമാരനും തമ്മില്‍ കമ്പിയില്ലാക്കമ്പി വഴി സംസാരിച്ചത്രേ. രാജകുടുംബം ശാസ്ത്രജ്ഞര്‍ക്കു നല്‍കിയ പരിഗണന ആദരണീയം തന്നെ.

മാര്‍ക്കോണി പോയിന്റില്‍ നിന്ന് ടെലസ്‌കോപ്പിലൂടെ നിരന്നു നില്‍ക്കുന്ന ചുണ്ണാമ്പുകൂനകള്‍ കാണാനായി. ദൂരെ നിന്നു നോക്കുമ്പോള്‍ സൂചിമുന പോലുള്ള മുനമ്പുകള്‍.അതായിരിക്കാം നീഡില്‍ പാര്‍ക്ക് എന്ന് പേരു വന്നത്. അവയ്ക്കു പുറകില്‍ ലൈറ്റു ഹൗസുമുണ്ട്. കാറ്റു പിടിക്കാതെ അവിടെ നില്‍ക്കുന്നത് ഇത്തിരി ശ്രമകരമായിരുന്നു.





ഐല്‍ ഓഫ് വൈറ്റ് ദ്വീപിലെ ബോണ്‍ചര്‍ച്ച് (Bonchurch) എന്ന സ്ഥലം പല പ്രമുഖര്‍ക്കും പ്രിയപ്പെട്ടതായിരുന്നു. ഇവിടെ വച്ചാണ് ചാള്‍സ് ഡിക്കന്‍സ് ഡേവിഡ് കോപ്പര്‍ഫീല്‍ഡ് എഴുതിയത്. നോവലില്‍ പെഗട്ടി ഈ ദ്വീപിലെ യാര്‍മിത്ത് തുറമുഖത്ത് (yarmouth) ഒരു മുക്കുവന്റെ മകളായിരുന്നവല്ലോ. നോവലിസ്റ്റ് താമസിച്ച കെട്ടിടം ഇപ്പോള്‍ വിന്റര്‍ബോണ്‍ (Winterbourne) ഹോട്ടലാണ്. തന്റെ സഹോദരിയെ കാണാനായി ജോര്‍ജ്ജ് ബര്‍ണാഡ് ഷാ യും ബോണ്‍ ചര്‍ച്ച് സന്ദരശിച്ചിരുന്നു.തോമസ് മെക്കാളെ ഇംഗ്ലണ്ടിന്റെ ചരിത്രം( ഹിസ്റ്ററി ഓഫ് ഇംഗ്ലണ്ട്) കുറച്ചു ഭാഗം എഴുതിയതും ഇവിടെ വച്ചത്രേ. ജോണ്‍ കീറ്റ്‌സിനും ഈ സ്ഥലം ഇഷ്ടമായിരുന്നു.

ജെ.ബി.പ്രീസ്റ്റ്‌ലി 20 വര്‍ഷം ജീവിച്ചത് ദ്വീപിലാണ്. ടെന്നിസണ്‍ താമസിച്ചിരുന്ന ഫ്രഷ് വാട്ടര്‍ ഗ്രാമത്തില്‍ DH Lawrence, Virginia Woolf ഇവരെല്ലാം താമസിച്ചിട്ടുണ്ട്. ലോറന്‍സിന്റെ The Trespasser രചിക്കപ്പെട്ടത് ഇവിടെ വച്ചത്രേ. ഒരു മാനസിക തകര്‍ച്ചയില്‍( പല പ്രാവശ്യം അവര്‍ അതിന് ഇരയായിട്ടുണ്ട്) നിന്ന് കരകയറവേ ആണ് വൂള്‍ഫ് ഇവിടെ താമസിച്ചത്. താമസിച്ചസ്ഥലത്തിന്റെ പേര് അന്വര്‍ത്ഥമാക്കി അവര്‍ തന്റെ ഒരേ ഒരു നാടകമായ ഫ്രഷ് വാട്ടര്‍ രചിച്ചതും ഈ താമസത്തിനിടയിലാണ്. അതില്‍ ടെന്നിസണ്‍, തന്റെ വല്യമ്മായിയും ടെന്നിസണ്‍ ന്റെ അയല്‍വാസിയും ആയിരുന്ന അക്കാലത്തെ പ്രശ്‌സ്ത ഫോട്ടോഗ്രാഫര്‍ ജൂലിയ മാര്‍ഗററ്റ് കാമറൂണ്‍(Julia Margarat Cameron) ഇവരെല്ലാം കഥാപാത്രങ്ങളത്രേ. ജൂലിയ കവിയുടെ വിശിഷ്ടാതിഥികളെ പലരേയും ക്യാമറയിലാക്കിയിട്ടുണ്ട്. റോബര്‍ട്ട് ബ്രൗണിംഗ്, താക്കറേ, കാര്‍ലൈല്‍ തുടങ്ങി പലരും. ഇവര്‍ക്കെല്ലാം ദ്വീപ് തങ്ങളുടെ ക്രിയാത്മകതയ്ക്ക് പ്രചോദനമായിരുന്നവെന്നു സാരം.

20-ാം നൂറ്റാണ്ടിലെ വലിയ കണ്ടുപിടുത്തം എന്നു വിശേഷിപ്പിക്കാവുന്ന ഹോവര്‍ക്രാഫ്റ്റ്് 1959നും 1961 നുമിടയിലായി രൂപം കൊണ്ടതു ദ്വീപിലാണ്.സര്‍.ക്രിസ്റ്റഫര്‍ കോക്‌റെല്‍(Sir Christopher Cockrell) ന്റെ ആശയമായിരുന്നു അത്്..

കാള്‍ മാര്‍ക്‌സ്, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ഗാരിബാള്‍ഡി, നിക്കോളാസ് II(റഷ്യയിലെ അവസാനത്തെ Tsar), മാര്‍ഗറററ്റ് താച്ചര്‍ അങ്ങനെ അങ്ങനെ ഇനിയും ഉണ്ട് വലിയ ലിസ്റ്റ്്. കൂടാതെ ഓസ്‌ക്കര്‍ ജേതാക്കളായ പലരുമുണ്ട് അവിടെ ജനിച്ചു വളര്‍ന്നവര്‍.ഇപ്പോള്‍ ദ്വീപിന് ബ്രിട്ടനില്‍ എത്ര പ്രാധാന്യം ഉണ്ടെന്നു മനസ്സിലായല്ലോ.

അവിടെ മനുഷ്യര്‍ മാത്രമല്ല പ്രേതങ്ങളും ഉണ്ടത്രേ. പ്രേത നടത്തങ്ങള്‍(Ghost Walks) നടത്താറുണ്ടിവിടെ. ലോകത്തിലെ ഏറ്റവും വലിയ ഹോണ്ടഡ് ദ്വീപാണു പോലും ഇത്.!ഗേ ബാല്‍ഡിന്‍(Gay Baldwin) എന്നൊരു വനിത 30 വര്‍ഷമായി ഇവിടെ വിലസുന്ന പ്രേതങ്ങളെപ്പറ്റി ഗവേഷണം നടത്തുന്നു. കളിയല്ലിതു പ്രേതം! അവര്‍ പുസ്‌കങ്ങള്‍ എഴുതിയിട്ടുമുണ്ടത്രേ! പഴമ പോലെ തന്നെ പ്രേതങ്ങളും ഇംഗ്ലീഷുകാര്‍ക്ക് ഹരമാണ്! 




ജീവിത സൗകര്യങ്ങള്‍ക്കൊപ്പം സുഖകരമായ കാലാവസ്ഥയും സസ്യജീവജാലങ്ങളും നിറഞ്ഞ ഈ പുരാതന തീരദേശ ദ്വീപ് ഇപ്പോള്‍ ഞങ്ങള്‍ക്കും ഗൃഹാതുരത ആണ്, കാഴ്ച്ചകള്‍ ഏറെ ബാക്കി വച്ചു പോരുമ്പോഴും..

ഹോവര്‍ക്രാഫ്റ്റ്-വായു ശക്തിയായി താഴേയ്ക്കുവിട്ട് വെള്ളത്തിന്റേയും കരയുടെയും മുകളില്‍ തെന്നിനീങ്ങുന്ന വാഹനം.


Niraksharan's travelogue on ISLE OF WIGHT can be read here.