Saturday, August 15, 2015

ഉത്തരിപ്പു കടം

[കേരളകൌമുദി ഓണം വിശേഷാല്‍പ്രതി 2015 ല്‍ പ്രസിദ്ധീകരിച്ചത്]

വെളുപ്പാന്‍ കാലം മുതല്‍ തുടങ്ങിയതാണ് ലാപ് ടോപ്പിന്റെ മുന്നിലെ തപസ്സ്. ഹാവൂ, വല്ല വിധവും പണി തീര്‍ന്നു കിട്ടി, കൈകാലുകള്‍ ഒന്നു നീട്ടി നിവര്‍ത്തി ഒരു കോഫിയാവാമെന്ന് എഴുന്നേറ്റപ്പോഴുണ്ട് പടിഞ്ഞാറേ വീട്ടില്‍ നിന്ന് മുറ്റമടിയുടെ ശബ്ദം. കമല ജനലില്‍ കൂടി എത്തി നോക്കി. മേരിച്ചേച്ചി വന്നിട്ടുണ്ട്.

മൂന്നു മാസം മുന്നേ ഇന്നാട്ടില്‍ വന്നയിടയ്ക്കാണ്, ഒരു ദിവസം മുറ്റമടിക്കുന്ന ശബ്ദം കേട്ട് എത്തി നോക്കി. ചട്ടയും മുണ്ടുമിട്ട 75 കാരി  കുനിഞ്ഞും നിവര്‍ന്നും വിശാലമായ മുറ്റം വിസ്തരിച്ച് അടിക്കുകയാണ്! ഇടയ്ക്ക് എഴുന്നേറ്റു നിന്ന് ഒരു കൈവെള്ളയിലേക്ക് ചൂലിന്റെ മൂട് എടുത്തു കുത്തി വച്ച് നിരപ്പാക്കി  പിന്നെ കെട്ടൊന്നു മുറുക്കും, വീണ്ടും കുനിഞ്ഞ് നിന്ന് തൂത്തു വാരല്‍ തന്നെ. ഇവിടെ രമണി വരാത്ത ദിവസങ്ങളില്‍ മുറ്റമടിക്കുകയേയില്ല. കമലയ്ക്ക് ചെറിയൊരു അപകര്‍ഷതാബോധം തോന്നാതിരുന്നില്ല.


              

                          
 മതിലിനരികില്‍ നിന്ന് പലവട്ടം എത്തി നോക്കിയിട്ടുള്ളതാണ്, അവര്‍ കണ്ട ഭാവം പോലും വച്ചില്ല. ആളു പാവമാണെന്നാണ് രമണിയുടെ റിപ്പോര്‍ട്ട്. അന്നാട്ടിലെ വിശേഷങ്ങളിലേക്ക് ഉള്ള കിളി വാതിലായിരുന്നു രമണി. അവര്‍ ഒഴിച്ച് എല്ലാ അയല്‍പക്കക്കാരും വന്നു പരിചയപ്പെട്ടതാണ്. പക്ഷേ ഇടയ്ക്കിടെ മാത്രം താമസത്തിനു വരുന്ന അവര്‍ മാത്രം ടിബറ്റായി നിലകൊണ്ടു, തികച്ചും ദുരൂഹമായ ഒരിടം, വിലക്കപ്പെട്ട രാജ്യം. അതുകൊണ്ടു തന്നെ ആകാംക്ഷ കൂടുതലും.

ഓടിട്ട, വളരെ ചെറിയ വീടാണ് അവരുടേത്. അവിടെ ഉള്ളപ്പോഴെല്ലാം കുളിച്ച് മുടി വിതര്‍ത്തിയിട്ട് അവര്‍ വൈകുന്നേരം പൂമുഖത്ത് അരമതിലില്‍ ഇരിക്കും. ്അത് കാണുമ്പോഴെല്ലാം കമലയ്ക്ക് എന്തോ ഒരു ഗൃഹാതുരത തോന്നും. പക്ഷേ അവരതെങ്ങനെ അറിയാന്‍ ? മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കുന്ന പാലം മേരിച്ചേച്ചിക്കും കമലയ്ക്കും ഇടയില്‍ ഇട്ടിരുന്നില്ലല്ലോ. ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ, ഇന്ന് ഒന്നു മുട്ടിയിട്ടു തന്നെ. മതിലിനരികെ നിന്ന് പതുക്കെ, ധൈര്യം സംഭരിച്ച്, അറച്ചറച്ച് വിളിച്ചു ചോദിച്ചു,

-മേരിച്ചേച്ചി, ഞാന്‍ ഒന്നവിടെ വരട്ടെ ?
-ങാ....  മുറ്റമടി നിര്‍ത്തി, തലപൊക്കി നോക്കി മേരിച്ചേച്ചി പ്രതിവചിച്ചു. പിന്നെ കുനിഞ്ഞു നിന്നു പണി തുടര്‍ന്നു. ഓ, മതി, മതി, ഇത്ര മതി, മനസ്സില്‍ പറഞ്ഞ് കാറ്റുപോലെ അവരുടെ പുറകുവശത്തെ മുറ്റത്തെത്തി കമല.

   -മേരിച്ചേച്ചീ...
   -അവിടിരിക്ക്, ഞാനിതാ വന്നു.

അടുക്കളവരാന്തയിലെ കൊച്ചു ബഞ്ചു കാട്ടി മേരിച്ചേച്ചി പറഞ്ഞു. ഹാവൂ, ഇരിക്കാന്‍ പറഞ്ഞല്ലോ, സമാധാനം. കമല ഇരുന്നൊന്നുമില്ല, ജീന്‍സു വലിച്ചു കയറ്റിവച്ച്, മേരിച്ചേച്ചിയുടെ വിലക്ക് വകവയ്ക്കാതെ കുട്ടയിലേയ്ക്ക് ചവറു വാരാനും കൊണ്ടപോകാനും എല്ലാം കൂടികൊടുത്തു.

-കൊച്ചിനിച്ചിരി കട്ടന്‍ കാപ്പി വേണോ? കപ്പ പുഴുങ്ങിയതുമുണ്ട്.
-ആവാം.
 
അവര്‍ അടുക്കളയിലേക്കു കയറി. ഇട്ടാവട്ടം സ്ഥലമേയുള്ളു. അവര്‍ നിഷ്പ്രയാസം വിറകടുപ്പ് കത്തിച്ച് കാപ്പി ഇടുന്നത് നോക്കി പാതകത്തില്‍ കയറിയിരുന്നു കമല. കപ്പ ചെണ്ടമുറിയന്‍ പുഴുങ്ങിയതും ഒപ്പാനായി കാന്താരിമുളകും ഉള്ളിയും ഉടച്ച്  ഉപ്പും വെളിച്ചണ്ണയും ചേര്‍ത്തതും പഴയ ഒരു കവിടി പിഞ്ഞാണിയില്‍ വിളമ്പി. ആ കവിടി പിഞ്ഞാണം ഏതോ ഗതകാലത്തു നിന്നു വന്നപോലെ അവള്‍ക്ക് തോന്നി. കൈമറിഞ്ഞുവന്ന, ചാണകപ്പച്ച നിറത്തില്‍, ഭംഗിയുള്ള ഒരു കുഴിയന്‍ കവടിപാത്രം ഓര്‍മ്മയില്‍ തെളിഞ്ഞു. അമ്മ തോരന്‍ എടുത്തു വയ്ക്കുമായിരുന്നു അതില്‍. അതിന്റെ അടപ്പ് ഗ്ലാസ് ആയിരുന്നെങ്കില്‍ ഇപ്പോള്‍ 'അടുക്കള കൊട്ടാരമാക്കുന്ന' പാത്രം തന്നെ! അല്ലെങ്കിലും രൂപവും ഭാവവും മാറി വരുന്നത് പലപ്പോഴും പഴയതിന്റെ ആവര്‍ത്തനങ്ങള്‍ തന്നെ.

വീട്ടുപടിക്കല്‍ ഒരു നിസ്സാന്‍ കാര്‍ വന്നു നിന്നു. വില കൂടിയ ബ്രാന്‍ഡഡ് ഉടുപ്പുകളും ഷൂസും ഗ്ലാസ്സും ധരിച്ച ഒരു സുമുഖന്‍ ഇറങ്ങി വന്നു.

-ന്റെ ഇളയോനാ. ജോയി.

കുറച്ചു ലോഹ്യത്തിനു ശേഷം അയാള്‍ പോയി. വലിയ ബിസിനസ്സുകാരനായിരിക്കും, കമല കരുതി.

-ന്റെ കൊച്ചേ, ഇവന്‍ ഫോറസ്റ്റ് ഓഫീസില്‍ വെറും തുക്കടാ ഗാര്‍ഡാ.
കമലയുടെ മനോഗതം അറിഞ്ഞെന്നോണം അവര്‍ പറഞ്ഞു.

പിന്നെ മേരിച്ചേച്ചി അപ്രാവശ്യം തിരിച്ചു പോകും വരെ രണ്ടാളും മതിലിനപ്പുറവും ഇപ്പുറവും നിന്ന് വര്‍ത്തമാനം പറഞ്ഞു. അവരുടെ ബന്ധം നാള്‍ക്കുനാള്‍ ദൃഢതരമാകുകയായിരുന്നു.

അടുത്ത വരവിനാണ് മേരിച്ചേച്ചി അക്കാര്യം പറഞ്ഞത്. കമല മേരിച്ചേച്ചിയെ കപ്പ തൊലിക്കാന്‍ സഹായിക്കയായിരുന്നു.

-എനിക്കു മൂത്തോന്റെ വീട്ടി നിക്കാനാ ഇഷ്ടം.
-അതെന്താ ചേച്ചീ അങ്ങനെ?

- മൂത്തോന് സര്‍ക്കാര്‍ ജോലിണ്ട്. ഭാര്യ ടീച്ചറും. രണ്ടാമത്തത് മോള്. അവളും ഭര്‍ത്താവും നഴ്‌സുമാരാ, ജര്‍മ്മനീല്. ഇളയോന്‍ ജോയി മഹാ ഉഴപ്പനാരുന്നു. അവസാനം അവന്റപ്പന്‍ പെടാപ്പാടുപെട്ട് തരപ്പെടുത്തിക്കൊടുത്തതാ ഈ ജോലി.

-അതിനെന്താ, എന്തു ജോലിയായലെന്താണ് ചേച്ചി.

-ഇവന്‍, ഈ കന്നംതിരിഞ്ഞവന്‍, ഭയങ്കര കൈക്കൂലീം കള്ളത്തടി വെട്ടും ഒക്കെയാ കൊച്ചേ. പിന്നെ റിയല്‍ എസ്രേറ്റെന്നോ മറ്റോ പറഞ്ഞ് ആളോളെ പറ്റിച്ച് പൈസ പിടുങ്ങും. കൊച്ചിനു കേക്കണോ-ശബ്ദം വളരെ താഴ്ത്തി മേരിച്ചേച്ചി തുടര്‍ന്നു-ഇതൊന്നും പോരാതെ അവനും കൂട്ടാളികളും പെരിയാറില്‍ മണലു വാരാനും പോകും. കള്ളമണല്‍ വില്‍പ്പനയ്‌ക്കേ. എന്നു പോലീസു പിടിക്കുമെന്ന് പേടിയാ. ഞാനും മൂത്തോനും കൊറേ പറഞ്ഞതാ, അവന്‍ കേക്കൂല. ആര്‍ക്കുവേണം സര്‍ക്കാരിനേം മനുഷേരേം പറ്റിച്ചൊണ്ടാക്കിയ കൊട്ടാരോം വല്യ കാറും. ' <3, ബിഗ് ഹഗ്-ഗൂഗിള്‍പ്ലസില്‍ സന്തോഷം വരുമ്പോള്‍ ഇടുന്ന കമന്റുകള്‍ കമല മനസ്സില്‍ കുറിച്ചു.

-പടിക്കാത്തോണ്ട് ഇനീപ്പം ഇവന് വീട് വയ്ക്കാനൊന്നും പറ്റീല്ലേലോന്നു പാവം അവന്റെ അപ്പന്‍ ഇത് എനിക്കും അവനും കൂടാ വച്ചിരിക്കുന്നെ! മോന്റെ കയ്യിലിരുപ്പ് വല്ലോം പാവം അതിയാനറിയാരുന്നോ?'

ഒരാഴ്ച്ച കഴിഞ്ഞ് മേരിച്ചേച്ചി വീടു പൂട്ടി പോയി. പിന്നെ വന്നത് ക്രിസ്മസിന് . അന്ന് രാത്രിയായപ്പോള്‍ ആ കൊച്ചുവീടു നിറയെ ആളുകള്‍. കുട്ടികള്‍ പിറകുവശത്തെ മുറ്റത്തു കളിക്കുന്നു. പത്തുമണിയായിട്ടും കിടക്കാത്തതെന്തേ എന്നു ജനലിലൂടെ നോക്കി. നല്ല കാഴ്ച്ചയായിരുന്നു അവിടെ. മരുമക്കള്‍ രണ്ടാളും കൂടി അപ്പുറവും ഇപ്പുറവും നിന്ന് മത്സരിച്ചു മേരിച്ചേച്ചിക്കു ഭക്ഷണം വിളമ്പുകയാണ് - ഇറച്ചിയും മീനും കശ! കാരണവത്തിയായി അവരുടെ സല്‍ക്കാരം സ്വീകരിച്ച് മേരിച്ചേച്ചി ആസ്വദിച്ചു കഴിയ്ക്കുന്നു. ക്രിസ്മസ് മക്കളുടെ വീടുകളില്‍ വേണ്ട, സ്വന്തം കുഞ്ഞുവീട്ടില്‍ മതി എന്നു മേരിച്ചേച്ചി അങ്ങു തീരുമാനിച്ചു കാണും.

അവര്‍ക്ക് കുറച്ചകലെ മലയാറ്റൂര്‍ മലയില്‍ റബ്ബര്‍ തോട്ടമുണ്ട്. അപ്പന്‍ കൊടുത്തതാണ്. അവിടെ തന്നെ അവരുടെ അച്ചായനുമുണ്ട്. സ്വന്തം വീട്ടുകാരെപ്പറ്റി പറയാന്‍ തുടങ്ങിയാല്‍ മേരിച്ചേച്ചി വാചാലയാകും.

-ഞങ്ങടപ്പന്‍ അവിടെ ഒത്തിരി കഷ്ടപ്പെട്ടാ കൊച്ചേ ഞങ്ങളെ വളര്‍ത്തീത്. ഞങ്ങളു രണ്ടു മക്കളായപ്പഴേയ്ക്കും അമ്മച്ചി മലമ്പനി പിടിച്ച് പോയി. ഒള്ളതെല്ലാം അപ്പന്‍ രണ്ടുമക്കക്കും ഒരു പോലെ തന്നു. അച്ചായന്‍ എതിരൊന്നും പറഞ്ഞില്ല. ഞങ്ങടെ പഴേ കുടി അച്ചായനു കൊടുത്തു. അച്ചായനു മൂന്നാമ്പിള്ളേരാ, അവര് അന്യരാജ്യത്തു പോയി പണക്കാരായി. പഴേ കുടീടെ സ്ഥാനത്ത് കൊട്ടാരോം പണിതു. അവരെല്ലാരും വിളിച്ചതാ, പക്ഷേ പോവൂല്ല. ഇനി ഇവിടെ വരുമ്പം ഞാന്‍ കൊച്ചിനെ കാണിച്ചുതരാം.

-അതിനു നിങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ വീതമുണ്ടോ, മേരിച്ചേച്ചി?
-ഇല്ല, കുഞ്ഞേ, കെട്ട്യോന്റവിടാ. പക്ഷേ അപ്പന് അത് ഇഷ്ടമില്ലാരുന്നു. നിങ്ങളി ന്ദുക്കടെ രീതിയാ അക്കാര്യത്തില്‍ നല്ലതെന്ന് അപ്പന്‍ പറേമായിരുന്നു.

ഹോ, ഈ അപ്പനെ പോലെയായിരുന്നു എല്ലാ കത്തോലിക്കരുമെങ്കില്‍ മേരി റോയിക്ക് സുപ്രീംകോടതി വരെ പോകേണ്ടി വരില്ലായിരുന്നു, കമല വിചാരിച്ചു.

ചുറ്റുപാടും മുഴുവന്‍ വലിയ വലിയ സൗധങ്ങളാണ്. മേരിച്ചേച്ചിയുടേതൊഴിച്ച്. അതിന്റെ കാരണവും അവര്‍ പറഞ്ഞു. എല്ലാം ഇതേപോലെ കൊച്ചുവീടുകളായിരുന്നു പണ്ട്. എല്ലാവരുടെ മക്കളും ആണും പെണ്ണും പഠിച്ച് നഴ്‌സുമാരായി പുറം നാടുകളില്‍ പോയി പണക്കരായി.

-നിങ്ങടെ കൂട്ടരെ പോലല്ല, ഇവിടങ്ങളിലെ ആമ്പിള്ളേര്‍ക്കെല്ലാം പുറമേക്കാരായ നഴ്‌സുമാരെ കെട്ടാനാ ഇഷ്ടം. പിന്നെ അവരും അവിടെ പോയി ജോലിയാകും. അവരു വച്ചുകൊടുത്തതാണ് ഇതെല്ലാം. ഞങ്ങക്കു പള്ളീപോവുമ്പോഴേ, മക്കള് അപ്പനേം അമ്മേം നോക്കൂല്ലെന്നു ആള്വോള് പറഞ്ഞാ അതവര്‍ക്കു കുറച്ചിലാ. അതാ നിങ്ങളിന്ദുക്കളെ പോലെ അമ്മമാരെ വഴീല്‍ കളഞ്ഞൂ, എറക്കിവിട്ടു എന്നൊന്നും കേക്കാത്തെ. ചെലവിനു പണോം കൊടുക്കും.

ശരിയാണ്, ഇത്തരം വാര്‍ത്തകളിലെ നായകര്‍ അധികവും ഹിന്ദുക്കളാണല്ലോ, ഇതേവരെ അതു ശ്രദ്ധിച്ചിരുന്നില്ല, കമല അത്ഭുതത്തോടെ ഓര്‍ത്തു.

ഒരു ദിവസം നാലുമണിക്ക് 'കൊച്ചേ കാച്ചിലു പുഴങ്ങിയതു വേണോ?' എന്നു പ്രലോഭിച്ചപ്പോള്‍ മേരിച്ചേച്ചിയുടെ വീട്ടില്‍ പോയതാണ്. കഴിക്കാന്‍ എടുക്കുമ്പോഴേയ്ക്കും ചേച്ചിയെ അന്വേഷിച്ച് ഒരു ഷാജി വന്നു.

-ചേടത്തീ, സുഖാണോ?  ആ ലോഹ്യത്തിന് മുഖം വക്രിപ്പിച്ചൊരു പുച്ഛച്ചിരിയായിരുന്നു മറുപടി.
-നീ ഇപ്പം വന്നതെന്തിനാന്നു പറ?
-ജോയീന്റെ ഫോണ്‍ കിട്ടുന്നില്ല. ഒന്നു വിളിക്കാന്‍ പറേണം.
-മണല്‍ വാരാനാ കൊച്ചേ.
-അതൊക്കെ തെറ്റല്ലേ? എന്തിനാ വെറുതെ നിയമം തെറ്റിക്കുന്നത്? അപ്പറഞ്ഞതു കമലയായിരുന്നു. അടക്കം വന്നില്ല പ്രതികരിക്കാതിരിക്കാന്‍.
-ഏയ്, ഞങ്ങളു കൃത്യായിട്ട് പോലീസിനു പൈസ കൊടുക്കുന്നുണ്ടെന്നേ, അതു മുടക്കാറേയില്ല. പിന്നെന്താ പ്രശ്‌നം?

ഓ, അപ്പോള്‍ നിയമം അനുസരിക്കുക എന്നാല്‍ ഷാജിക്ക് പോലീസിനു പണം കൊടുക്കലാണ്!

-പോലീസു പിടിക്കാന്‍ വന്നാ ന്റെ മോന്‍ എങ്ങനേം രക്ഷപ്പെടും, ഈ മണ്ടന്‍ പെടുകേം ചെയ്യും. അയാള്‍ പോയതും മേരിച്ചേച്ചി പറഞ്ഞു.

പിന്നൊരിക്കല്‍ രണ്ടുമണിക്ക് മേരിച്ചേച്ചി വിളിച്ചു-ഞാന്‍ ആറ്റില്‍ പോവുകാ, കൊച്ചു വരുന്നോ? ഉടുപ്പും തോര്‍ത്തും കൂടി എടുത്തോ. ഇപ്പഴാണെങ്കില്‍ ആരും കാണൂല്ല.

നല്ല ചൂടുവെള്ളത്തിലേ കുളിക്കൂ എന്ന് നാണക്കേടോര്‍ത്ത് കമല പറഞ്ഞില്ല. വെറുതെ കൂടെ പോകാം. പടി കെട്ടിയ വൃത്തിയുള്ള കടവ്. പെരിയാര്‍ നിറഞ്ഞു കിടക്കുന്നു. പെരിയാറില്‍ വേനലിലും വെള്ളമില്ലായ്ക വരില്ല. നിരപ്പ് കുറഞ്ഞാല്‍ ഉടനേ ഭൂതത്താന്‍കെട്ട് തുറന്നുവിടും. ഇല്ലെങ്കില്‍ കടലിലെ ഉപ്പുവെള്ളം തിരിച്ചു കയറും.

മേരിച്ചേച്ചി തുണി അലക്കുന്നതും കുളിക്കുന്നതും നോക്കി കമല കടവിലിരുന്നു. ദൂരെ മണല്‍വാരല്‍ വള്ളങ്ങള്‍ കാണാമായിരുന്നു.

-ശപ്പന്മാര്‍. ഇപ്പഴും പോയില്ലേ?നാളെ മുതല്‍ നിരോധനോ മറ്റാ. അതാരിക്കും, അല്ലേല്‍ ഉച്ചയോടെ തീര്‍ക്കുന്നതാ. ഇപ്പോ പണ്ടത്തേലും ഭേദമാ. പണ്ടാണേല്‍ നിരോധനം ഒന്നും നോക്കൂല്ലാരുന്നു.

-ഇതൊന്നും നിയന്ത്രിക്കാന്‍ ആരുമില്ലേ ചേച്ചീ ഇവിടെ?
-ആര് കുഞ്ഞേ? കുറച്ചു ലോഡിനു ലൈസന്‍സ് കൊടുക്കും പഞ്ചായത്തുകാര്, അതിന്റെ മറവില്‍ അവന്മാര് അതിന്റെ പത്തിരട്ടി വാരും, ബ്ലാക്കില്‍ വില്‍ക്കും. എല്ലാരും അറിഞ്ഞുള്ള ഏര്‍പ്പാടല്ലേ. ചെക്കമ്മാര്‍ക്കു പൈസയ്ക്ക് അത്യാവശ്യം വന്നാ നേരേ ആറ്റിലോട്ടു വള്ളമിറക്കും. പണ്ടാണെങ്കില്‍ മുങ്ങി വാരലായിരുന്നു. ഇപ്പം ആഴം കൂടിയതോണ്ടാ വള്ളം. മുങ്ങിയാല്‍ പൊങ്ങൂല്ല. മൂവായിരം രൂപാ വസൂല്‍. പിന്നെ അവരെന്തിനു പണിക്ക് പോണം?  

ഈ പ്രായത്തിലും തുണിയെല്ലാം അടിച്ചു നനച്ച് പിഴിഞ്ഞ്, അവര്‍ ഇഞ്ച തേച്ചു കുളിക്കുന്നതു നോക്കി കമല പടിയിലിരുന്നു. കാലം മാറ്റാത്ത  ആരോഗ്യരീതികള്‍! പടവില്‍ തന്നെ ഇരുന്നാണ് അവര്‍ കുളിച്ചത്. മണല്‍ വാരി വാരി വല്ലാത്ത താഴ്ച്ചയാണ് കുളിക്കടവില്‍ പോലും. അതുകൊണ്ട് മുങ്ങാന്‍ പോയിട്ട് ഇറങ്ങാന്‍ പോലും പേടിയാണത്രേ.

-മണലു വാരലോണ്ട് ഒരു കൊണണ്ട് കുഞ്ഞേ. പണ്ടൊക്കെ ഈ പറമ്പെല്ലാം  മഴ തുടങ്ങിയാല്‍ വെള്ളപ്പൊക്കം വന്നു മൂടും. പക്ഷേ ഇപ്പം നല്ല ആഴോള്ളതോണ്ട് അങ്ങനെ കയറൂല്ല.

'ഇവിടെ കുഴിച്ചതോണ്ട് ഭൂമികുലുക്കം വേറെ എവിടെങ്കിലും വരാം ചേച്ചീ' എന്നു പക്ഷേ കമല പറഞ്ഞില്ല. തണുത്ത വെള്ളത്തില്‍ കാലും മുഖവും കഴുകി  തൃപ്തിപ്പെട്ടു. പെരിയാറിന്റെ ഈ ഭാഗം മലിനപ്പെട്ടിട്ടില്ല എന്നാണു പറയുന്നത്. ഇനി താഴോട്ടു പോയാല്‍ സര്‍വ്വത്ര മാലിന്യമയമാണ്. ഫാക്ടറികളെല്ലാം മത്സരിച്ചല്ലേ അവശിഷ്ടങ്ങള്‍ ഒഴുക്കുന്നത്. 

പിന്നെ കുറേ നാള്‍ കഴിഞ്ഞ്, ഷാജിയെ പോലീസു പൊക്കിയ കാര്യവും പറഞ്ഞുകൊണ്ടാണ് മേരിച്ചേച്ചി വന്നത്.

-മണലു വാരി വാരി ആവേശം മൂത്തപ്പോ അവന്‍ എന്നാ ചെയ്‌തെന്നറിയോ? സര്‍ക്കാരു കെട്ടീരുന്ന ബണ്ട് അങ്ങു പൊട്ടിച്ചുവിട്ടു. അവന്‍ പറഞ്ഞിട്ട് കൂട്ടാളികളാ ചെയ്‌തേ. കേട്ടറിഞ്ഞ് പോലീസെത്തിയപ്പോ ന്റെ മോനടക്കം ബാക്കി എല്ലാരും മുങ്ങി. ഇവന്‍ അകത്തു കിടന്നു.

-ഇപ്പഴും അകത്താണോ?

-അല്ല, ആശൂത്രീലാ. കാശൊന്നും മേടിക്കാത്ത നല്ല പോലീസും ഒണ്ടു കുഞ്ഞേ. കാശും കൊണ്ട് കൂട്ടാള്യോള് അവനെ ഇറക്കാന്‍ ചെന്നപ്പോ ആ മിടുക്കന്‍ എല്ലാറ്റിനേം പറത്തി. അവനു നല്ല മെതീം കിട്ടി. അതാ ആശൂത്രീലായേ.

-അയാളുടെ വീട്ടുകാര്‍?

-ഓ, ഒന്നും പറേണ്ട കൊച്ചേ, കഷ്ടാണ്. ഭാര്യ ഭയങ്കര ആസ്തമാക്കാരിയാ. അവളിതു കേട്ട പാടേ ബോധം കെട്ടങ്ങു വീണു. കൊച്ചാണെങ്കില്‍ 10 വയസ്സേ ഒള്ളു, അതിനും ഏതാണ്ടു കടുത്ത മേലായ്കയാ. അവനും പഞ്ചാരേടെ അടക്കം പല രോഗണ്ട്. ഞാന്‍ വീട്ടി പോയപ്പോ അവളു കാലു പിടിച്ചു പറഞ്ഞു ഷാജീനെ ഇപ്പണീന്നു വിലക്കിക്കണേന്ന്.

-കഷ്ടം, പ്രാരബ്ധം കൊണ്ടായിരിക്കും അയാള്‍ ഇപ്പണിക്കു പോണത്, അല്ലേ?

-എവിടുന്ന്? മര്യാദയ്ക്കു കൂലിപ്പണി ചെയ്തു ജീവിച്ചോണ്ടിരുന്നോനെ ഇതിലേക്കാക്കിയത് ന്റെ ആ കുരുകുരുത്തംകെട്ടോനാ. അക്കാലത്ത് അവര്‍ക്ക് രോഗൊന്നും ഇല്ലാരുന്നു. ഇതിപ്പം ഇങ്ങനെ പറ്റിച്ചൊണ്ടാക്കുന്ന കാശെല്ലാം ആശൂത്രിക്കു കൊടുക്കുവാ അവന്‍. ഉത്തരിപ്പു കടം ദൈവം വീട്ടിക്കുന്നതാ കുഞ്ഞേ...ഒച്ച താഴ്ത്തി അവര്‍ കൂട്ടിച്ചേര്‍ത്തു.

ചെയ്യാന്‍ പാടില്ലാത്തതു ചെയ്യുന്നതു പാപം. ചെയ്യേണ്ട ചുമതല ചെയ്യാതിരിക്കുന്നത് ഉത്തരിപ്പു കടം, ചേച്ചി വിശദീകരിച്ചു തന്നു. കൃത്യമായ വ്യത്യാസമൊന്നും പിടി കിട്ടിയില്ല. ചേച്ചിയുടെ വിശ്വാസം ചേച്ചിയെ രക്ഷിക്കട്ടെ!

-ന്റെ മോനും അവന്റെ ദുരിതത്തിന് കാരണക്കാരനല്ലേന്ന് ഓര്‍ത്ത് ഞാന്‍ ആശൂത്രീ പോയി അവനെ കണ്ടു കൊച്ചേ. കൊറേ കരഞ്ഞു. ഇനി ചെയ്യില്ലാന്ന് ആണയിട്ടു പറയുന്ന്.

-നന്നായി. വക്കീല്‍ ഫീസും ആശൂപത്രി ചെലവും എല്ലാം കൂടി ഒരു പാടു പൈസ വേണ്ടേ?

-മണല്‍വാരലുകാരുടെ ഏതാണ്ട് സംഘമാ ഫീസൊക്കെ കൊടുത്ത് വക്കീലിനെ വച്ച് അവനെ ഇറക്കീത്.

ഹോ, അങ്ങനേയും ഉണ്ടോ? പിന്നീട് അറിഞ്ഞു, ബണ്ടിന് കേടുപാട് യഥാര്‍ത്ഥത്തില്‍ ലക്ഷങ്ങള്‍ വരും, പക്ഷേ അന്‍പതിനായിരം രൂപയ്‌ക്കേ ഉള്ളുവെന്ന് എഴുതി വാങ്ങി, അയാളെക്കൊണ്ട് അത് അടപ്പിച്ച് കേസില്‍ നിന്നും ഊരിയെടുക്കുകയായിരുന്നു. അല്ലെങ്കില്‍ കുറേ കൊല്ലം ഉണ്ട തിന്നേണ്ടി വന്നേനേ. എന്തായാലും മിടുക്കന്‍ വക്കീലാണ്. എഴുതി കൊടുത്തവര്‍ക്കും കാശു തടഞ്ഞുകാണും. 

അധികം കഴിഞ്ഞില്ല, ഷാജി പൂര്‍വ്വാധികം ശക്തിയായി മണല്‍ വാരലും റിയല്‍എസ്റ്റേറ്റ് ബിസിനസ്സും നടത്തുന്നുവെന്ന് മേരിച്ചേച്ചി പറഞ്ഞു. ചങ്കരന്‍ പിന്നേം തെങ്ങില്‍ തന്നെ. എളുപ്പ പണവഴികളുടെ പ്രലോഭനം! പാവം മേരിച്ചേച്ചിയുടെ ഉപദേശം വെള്ളത്തില്‍ വരച്ച വര! തല്‍ക്കാലത്തെ കഷ്ടകാലം കഴിഞ്ഞു കിട്ടിയപ്പോള്‍ എല്ലാം മറന്നു. അതാണ് ജീവിതം, അല്ല പുതുകാല ജീവിതം!

രണ്ടു മാസം കഴിഞ്ഞാണ് പിന്നെ 'കൊച്ചേ' വിളി മുഴങ്ങിയത്. പുതിയ ഒരു പദ്ധതിയുമായിട്ടായിരുന്നു വരവ്. കമലയെ നിര്‍ബന്ധിച്ച് ഒരുക്കിയിറക്കി, കൊണ്ടുപോയത് പള്ളിക്കടുത്ത് ഒരു സ്‌നേഹാലയത്തിലേക്ക്. ശ്ശോ, വരണ്ടായിരുന്നു, കമലയ്ക്ക് ആകെ അസ്വസ്ഥത ആയി. സേവനത്തിന്റെ മറവില്‍ നടത്തുന്ന ചൂഷണം ധാരാളമെന്ന് കേള്‍ക്കുന്നതിനാല്‍ ഇത്തരം സ്ഥാപനങ്ങളെ പറ്റി ഇപ്പോള്‍ തീരെ താത്പര്യം തോന്നാറില്ല. കല്ലും നെല്ലും തിരിച്ചറിയുന്നതെങ്ങിനെ?

മേരിച്ചേച്ചി അച്ചന്റെ മുറിയില്‍ വിളിച്ചുകൊണ്ടുപോയി. പ്രസന്നവദനനായിരുന്നു പ്രശാന്ത് അച്ചന്‍. ചെറുപ്പക്കാരന്‍. ളോഹയൊന്നുമില്ല. 200 നടുത്ത് അന്തേവാസികളുണ്ട്, അധികവും ബുദ്ധിമാന്ദ്യമുള്ളവര്‍, അനാഥര്‍. ബുദ്ധിസ്ഥിരതയില്ലാത്തവരാണ് അധികവും. കാണുമ്പോള്‍ മനസ്സു പിടച്ചു പോകും. കാര്യങ്ങള്‍ നടത്താന്‍ ജോലിക്കാരില്ല, നടക്കാന്‍ കഴിയുന്നവര്‍ കിടപ്പുകാരെ ശുശ്രൂഷിക്കുന്നു. മേരിച്ചേച്ചിയെ പോലെ സേവനാര്‍ത്ഥം വരുന്നവരുമുണ്ട്. എല്ലാ ഞായറും പള്ളി കഴിഞ്ഞാല്‍ വൈകുവോളം ചേച്ചി അവിടെയാണ്. ഈ പാവങ്ങളും അനാഥരും ഇല്ലാത്ത ഒരു കാലം വന്നാല്‍ ഇവരെല്ലാം പുണ്യം എങ്ങനെ നേടുമോ ആവോ?

കിട്ടിയ സമയത്തിനിടയ്ക്ക് മേരിച്ചേച്ചി ഒരു പെണ്‍കുട്ടിയെ വൃത്തിയാക്കിച്ച്, സാനിറ്ററി പാഡു പോലെ മടക്കിയെടുത്ത തുണി ധരിപ്പിച്ചു കൊടുത്തു. വെറുതെ നിന്നാല്‍ മോശമല്ലേ എന്ന് കമലയും കൂടിക്കൊടുത്തു. ഇതുപോലെ വന്നു സേവനം ചെയ്യാന്‍ ആവുമോ? ഇല്ല, വയ്യ, അത്രയും പാകപ്പെട്ട മനസ്സ് ഇപ്പോഴില്ല. അരിയും പലവ്യജ്ഞനവും വാങ്ങികൊടുക്കാം ആദ്യപടിയായി, കമല മനസ്സില്‍ കുറിച്ചു. അല്ലെങ്കില്‍ വേണ്ട *മുരുകാനന്ദത്തിന്റെ 100 ജയാശ്രീ പാഡുകള്‍ വാങ്ങിക്കൊടുക്കാം. അത് ആവശ്യമുള്ളവര്‍ അവിടെ ഇഷ്ടംപോലെയുണ്ട്.

-ചേച്ചി എന്തിനാണ് എന്നെ അവിടേക്കു കൊണ്ടുപോയത്?
-പ്രത്യേകിച്ച് ഒന്നിനുമല്ല കുഞ്ഞേ. വല്യേ ദുഃഖള്ളോര് ഉണ്ടെന്നു കാണിച്ചു തരാനാ.

-ചേച്ചി എന്തിനാണ് അവിടെ പോയി സഹായിക്കുന്നത്?
-ഇളയോന്റെ ഉത്തരിപ്പുകടോം പാപോം അങ്ങനേലും തീരട്ടന്നാ കൊച്ചേ.

ഇത്ര അടിയുറച്ചു വിശ്വസിക്കാന്‍ കഴിയുന്നതാണ് ചേച്ചിയുടെ ശക്തി, കഴിയാത്തത് കമലയുടെ ദൗര്‍ബല്യവും.

പിന്നൊരിക്കല്‍ കമലയെ നിര്‍ബന്ധിച്ചു വിളിച്ചുകൊണ്ടുപോയത് തൊട്ടടുത്ത കോണ്‍വെന്റിലേക്കാണ്, കൊച്ചുത്രേസ്യാമ്മ എന്ന ഒരു കന്യാസ്ത്രീയെ കാണുന്നതിന്. തീരെ അവശയായി കിടക്കയായിരുന്നു അവര്‍. പക്ഷേ മേരിച്ചേച്ചിയോടു സംസാരിച്ചു. 'ന്റെ ജോയിക്കു വകതിരിവു വരണമെന്ന് പ്രാര്‍ത്ഥിക്കണേ കൊച്ചുത്രേസ്യാമ്മേ. അവന്റെ പോക്ക് ശരിയല്ല, തീരെ.'
'ദൈവം അവനെ പരീക്ഷിക്കുന്നതാണ് മേരിച്ചേടത്തീ. ഞാന്‍ പ്രാര്‍ത്ഥിക്കാം.' പിന്നെ അവര്‍ നിര്‍ത്താതെ ചുമച്ചു. പാവം!

'കൊച്ചിനറിയോ, ഇവര്‍ ഒരു പുണ്യാളത്തിയാ...' കമല അത്ഭുതപ്പെട്ടു പോയി. മരിച്ച് കുറേ നാള്‍ കഴിഞ്ഞല്ലേ സാധാരണ പുണ്യാളത്തിയാകൂ? ജീവിച്ചിരിക്കുന്ന സെയിന്റ്!
'കടുത്ത രോഗൊള്ളോര് ഇവരുടെ അടുത്തു വന്ന് പറഞ്ഞ് അവരെക്കൊണ്ട് പ്രാത്ഥിപ്പിക്കും. രോഗശാന്തി കിട്ടാന്‍. അങ്ങനെ പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ച് അവരുടെയെല്ലാം രോഗം ഏറ്റെടുത്താ കൊച്ചേ പാവം കൊച്ചുത്രേസ്യാമ്മ രോഗിയായെ.'
എന്റീശ്വരാ, ഇതെന്തു തരം വിശ്വാസം? ഇങ്ങനെയെങ്കില്‍ ജനം ചെയ്യുന്നതു തെറ്റല്ലേ പോലും? കമല പക്ഷേ സംശയം പുറത്തു ചോദിച്ചില്ല.

പിന്നെ കുറേ നാള്‍ കഴിഞ്ഞ് അവര്‍ വന്നപ്പോള്‍ കമലയെ വിളിച്ചതേയില്ല. എന്തുപറ്റി ആവോയെന്ന് അവരുടെ വീട്ടിലെത്തിയപ്പോള്‍ ചേച്ചി ആകെ വിഷണ്ണയായിരുന്നു. ഒരു ജോലിയും ചെയ്യാതെ കുത്തിയിരിക്കുന്നു.

ഇളയോന്‍ ജോയി ആഫീസില്‍ ഏതോ വലിയ കേസില്‍ കുടുങ്ങി സസ്‌പെന്‍ഷനിലായി. കള്ളത്തടി കേസോ മറ്റോ ആവും. തലയൂരണമെങ്കില്‍ ധാരാളം പണം ഒഴുക്കണം പോലും. ഇല്ലെങ്കില്‍ അകത്താകുമത്രേ. മൂത്തോന്‍ ജോയിക്കു വേണ്ടി മുന്തിയ വക്കീലിനെ കാണാന്‍ നടക്കുന്നു. 

-അവന് ഇപ്പ ഇതു വില്‍ക്കണോത്രെ. റോഡരികല്ലേ, നല്ല വില കിട്ടുമെന്ന്. ന്റെ കെട്ടിയോന്‍ കഷ്ടപ്പെട്ടു വച്ച വീടാ. ഞാന്‍ സമ്മതിക്കൂല. ഇനി ഇവിടുന്ന് പോകത്തും ഇല്ല. അവന്‍ ഭയങ്കര ലഹള. അതാ ഞാനിങ്ങു പോന്നെ.

ആശ്വസിപ്പിക്കാന്‍ കമലയക്ക് വാക്കുകള്‍ കിട്ടിയില്ല. വെറുതെ മേരിച്ചേച്ചിയുടെ കൈ തടവി അവരുടെ അടുത്തിരുന്നു കുറേ നേരം. വീട്ടില്‍ നിന്ന് ഭക്ഷണം എടുത്തുകൊണ്ടുവന്ന് നിര്‍ബ്ബന്ധിച്ചു കഴിപ്പിക്കയും ചെയ്തു. പിന്നെ എല്ലാ ദിവസവും കമല മേരിച്ചേച്ചിയുടെ വീട്ടില്‍ പോകുന്നത് പതിവാക്കി. പക്ഷേ ഊര്‍ജ്ജസ്വലത നിറഞ്ഞ പഴയ മേരിച്ചേച്ചിയെ പിന്നീടൊരിക്കലും കാണാനായില്ല കമലയക്ക്. എപ്പോള്‍ വേണമെങ്കിലും ഇരുട്ടടിയായി മകന്റെ വരവ് പ്രതീക്ഷിച്ച്,  ചേതന നശിച്ച മട്ടിലായിരുന്നു അവര്‍.

ഒരാഴ്ച്ച കഴിഞ്ഞുകാണും. കൊച്ചേ, കൊച്ചേ എന്ന ദൈന്യത നിറഞ്ഞ വിളി കേട്ട് കമല ബെഡ്‌റൂം ജനാലയിലൂടെ നോക്കി. അവിടെ ജോയിയുണ്ട്. എന്തോ കടലാസ് ഒപ്പിടുവിക്കാനുള്ള ശ്രമമാണ്. എന്താണു സംഭവിച്ചതെന്നറിയില്ല. കമല ഓടി അവിടയെത്തിയപ്പോഴേയ്ക്കും വീടു പൂട്ടി മേരിച്ചേച്ചിയെ പിടിച്ചു വലിച്ച് കാറിലേക്കു കൊണ്ടുപോകയായിരുന്നു ജോയി.

-കൊച്ചേ, എന്നെ എറക്കിവിടാന്‍ പറയ് ഇവനോട്... മേരിച്ചേച്ചി കരഞ്ഞുകൊണ്ട് യാചിക്കുകയാണ്.
-ജോയിച്ചേട്ടാ.....കമലയുടെ ശബ്ദം തീര്‍ത്തും ദൈന്യവും ദുര്‍ബ്ബലവുമായിരുന്നു.
-തീരെ നിവൃത്തിയില്ലാഞ്ഞാണ് കമല. ഇതു വാങ്ങാന്‍ ആളു റെഡിയാണ്. നല്ല വില തരും. എനിക്കു കാശ്  അത്യാവശ്യം. അമ്മച്ചിക്ക് എന്റെയോ ഇച്ചായന്റെയോ വീട്ടി കഴിഞ്ഞാ പോരേ? എന്തിനാ ഈ വീട്?' ജോയി കമലയോടു വിശദീകരിച്ചത് വളരെ മര്യാദഭാഷയില്‍ തന്നെയായിരുന്നു.

അയാള്‍ കാറില്‍ കയറി, ഗ്ലാസ്സിട്ടു. കാറിന്റെ ഗ്ലാസ്സിലൂടെ കൊച്ചേ എന്ന ചുണ്ടനക്കം കമല വ്യക്തമായി കണ്ടു. വെറുതെ, ഒന്നും ചെയ്യാനാവാതെ, അങ്ങനെ നോക്കി നിന്നു കാര്‍ കണ്ണില്‍ നിന്നു മറയും വരെ....

ജോയിക്കിപ്പോള്‍ കിട്ടാന്‍ പോകുന്നത് ഉത്തരിപ്പുകടമായിരിക്കുമോ പാപമായിരിക്കുമോ? ആവോ ആര്‍ക്കറിയാം. പക്ഷേ ഒന്നറിയാം. പരിമിതികളില്ലാത്ത ഒരു നിരുപാധിക ചങ്ങാത്തത്തിന് തിരശ്ശീല വീഴുകയായി...ഇനിയൊരിക്കലും ഉയരില്ലാത്ത തിരശ്ശീല.

16 comments:

  1. മേരി ചേച്ചീടേം കമലേടേം സൗഹൃദവും കപ്പയും കാന്താരിയുമെല്ലാം ഇഷ്ടായി .വൃദ്ധസദനങ്ങൾ,മണൽ വാരൽ ,മലിനമാകുന്ന പുഴകൾ ,ബന്ധങ്ങൾക്കിടയിലെ അകൽച്ചകൾ ,സ്നേഹാലയങ്ങൾ അങ്ങനെ ഒരുപാട് കാര്യങ്ങളെ പറ്റി പറഞ്ഞു . നന്നായി എഴുതി.ആശംസകൾ ...

    ReplyDelete
  2. ഉത്തരിപ്പുകടങ്ങളാണ്! ഉത്തരിപ്പുകടങ്ങള്‍. മഹാഭൂരിപക്ഷവും കടം ഉള്ളവര്‍ ആണ്. വീട്ടുന്നതെങ്ങനെ!

    നല്ല കഥ

    ReplyDelete
  3. ഉത്തരിപ്പുകടം തന്നെയായിരുന്നു ചേര്‍ച്ച! എല്ലാവര്‍ക്കും ഉണ്ടാകും അല്ലെ??? എന്താണോ നമ്മുടേത് ...

    ReplyDelete
  4. കഥകൾ നീട്ടി എഴുതുന്നത്‌ ഒരു ട്രെൻഡ് ആണെന്ന് കഴിഞ്ഞ മറുപടിയിൽ എഴുതിയിരുന്നു. അത് ഒരു നല്ല ട്രെൻഡ് ആയി കാണണ്ട. നല്ല ചെറു കഥകൾ വന്നിരുന്ന മാതൃഭുമി ആഴ്ചപ്പതിപ്പ് നോക്കൂ. കൂടുതലും ചവറു കഥകൾ ആണ് വരുന്നത്. വളരെ നീളമുള്ള സാധനങ്ങൾ. അവ രണ്ടു തരം. കഥാകാരന്റെ ക്രാഫ്റ്റ് കൊണ്ട് ബോറടിയ്ക്കാതെ അവസാനം വരെ വായിക്കാം. പക്ഷെ അവസാനം ഒന്നുമില്ലാതെ അവസാനിക്കുന്നു. രണ്ടാമത്തേത് തുടക്കം മുതൽ ബോറടിപ്പിക്കുന്നു. അവസാനം ആദ്യത്തെ തരം പോലെ ഒന്നും ഇല്ലാത്തത്. രണ്ടും കഥ എന്ന ലേബലിൽ വായിക്കാൻ കൊള്ളാത്ത നിലവാരമില്ലാത്ത സാധങ്ങൾ. അഞ്ചും ആറും പേജുകൾ വ്യർത്ഥമാക്കുന്ന രചനകൾ.

    ആവശ്യമുള്ളത് മാത്രം എഴുതുക. എല്ലാ ഭാവുകങ്ങളും.

    ReplyDelete
  5. പേര് ഉത്തരിപ്പു കടം എന്നു തന്നെയാക്കി .:)) ആര്‍ഷ പറഞ്ഞതുപോലെ അതാണ് ചേരുന്നത്.നന്ദി സ്വാതിപ്രഭ, അജിത്, ആര്‍ഷ, ബിപിന്‍.ബിപിനിന്റെ നിരീക്ഷണം വളരെ ശരിയാണ്. ഞാന്‍ വാരികയുടെ പേരു പറഞ്ഞില്ലെന്നേ ഉള്ളു. അതുപോലുള്ളവ വേറേയും ഉണ്ട്. എഴുതിയത് ഒരു പാടു ചുരുക്കിയാണ് ഇത്രയുമാക്കിയത്. ഒരു നാടിന്റെ കഥയല്ലേ, അത്ര എളുപ്പമല്ല ചുരുക്കാന്‍. പിന്നെ കമലയുടെ കാര്യങ്ങളേ ഉള്ളു കളയാന്‍.

    ReplyDelete
  6. ഒരു ദേശത്തിന്റെ കഥ - ഉത്തരിപ്പു കടത്തിലൂടെ നന്നായി പറഞ്ഞിരിക്കുന്നു.

    ഇത് ബ്ലോഗുലകം മൈത്രേയി തന്നെയല്ലേ...?

    ReplyDelete
  7. തന്നെ തന്നെ കുഞ്ഞൂസ്, അവള്‍ താന്‍ ഇവള്‍. :))
    എന്തേ സംശയം തോന്നാന്‍?

    ReplyDelete
    Replies
    1. കുറെ നാളായി മൈത്രേയിയെ കണ്ടിട്ട്, അതാട്ടോ ... 😊

      Delete
    2. This comment has been removed by a blog administrator.

      Delete
  8. വളരെ നന്നായി എഴുതി. പൊതുവിജ്ഞാനം കേമം.

    ReplyDelete
  9. Upasana-ഇന്നലെ ഫോണില്‍ നിന്നു ടൈപ്പിയതാണേ. എനിക്ക് പൊതുവിജ്ഞാനം കുറവ് എന്നാണോ, അതോ കഥ എന്ന പേരില്‍ പൊതുവിജ്ഞാനം കുത്തിത്തിരുകി എന്നാണോ വിവക്ഷ എന്നൊരു സന്ദേഹം)). എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കും അങ്ങനെ തോന്നാതിരുന്നില്ല. :)).

    ReplyDelete
  10. കേരളകൌമുദിയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഒന്നു കൂടി റീപോസ്റ്റി.

    ReplyDelete
  11. ഒരുപാടു കഥകൾ ഒരു കഥയിൽ.. നീളൻ കഥ ബോറടിയില്ലാതെ വായിച്ചു ആശംസകൾ

    ReplyDelete
  12. കഥ നീളം കൂടിയെങ്കിലും ആസ്വാദകാരം തന്നെ, ആശംസകള്‍

    ReplyDelete