Wednesday, May 27, 2009

ഒരു ദേവദര്‍ശനം


അമ്മയുടെ കുടുംബകോവിലില്‍ പോകണമെന്ന്‌ പലവട്ടം കരുതിയിട്ടുണ്ടെങ്കിലും ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ എപ്പോഴും അതു മാറ്റിവയ്‌ക്കേണ്ടി വന്നു. ഒരു പക്ഷേ, പോകണമെന്ന ആഗ്രഹം അത്ര ഉല്‍ക്കടമല്ലായിരുന്നിരിക്കാം. അതിനാല്‍ മാറ്റിവയ്‌ക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ മനസ്സ്‌ സൗകര്യപൂര്‍വ്വം ഉപയോഗിച്ചിരിക്കാം. എന്തായാലും ഈ മാസം അമ്മയെ കാണാന്‍ പോയപ്പോള്‍ അവിടെ പോയിട്ടു തന്നെ കാര്യം എന്നുറപ്പിച്ചു.

അച്ഛന്റെയും അമ്മയുടെയും കുടുംബകോവിലുകള്‍ ഒരു ദിവസം കവര്‍ ചെയ്യാം എന്ന ആദ്യതീരുമാനം പതിവുപോലെ മാറ്റി. ആകെ രണ്ടു ദിവസമാണ്‌ അമ്മയുടെ കൂടെ നില്‍ക്കുക, അതിലൊരു ദിവസം മുഴുവന്‍ യാത്ര ചെയ്‌ത്‌ തീര്‍ത്താലോ? ഹോ, ഇപ്രാവശ്യവും തഥൈവ, ഇനി കാറില്‍ വരുമ്പോഴാകട്ടെ, മനസ്സ്‌ പതിവു പോലെ ഒളിച്ചോട്ടത്തില്‍ അഭയം കണ്ടെത്തി..

പോരുന്നതിന്റെ തലേന്ന്‌ വൈകീട്ട്‌ പെട്ടന്നൊരു ഐഡിയ, രാവിലെ നേരത്തേ എണീറ്റ്‌ അമ്മക്കോവിലിലും പോയി പിന്നീട്‌ കോട്ടയത്തു നിന്നു മുന്‍തീരുമാനിച്ച ട്രെയിനില്‍ തന്നെ മടങ്ങാം. അമ്മയുടെ കൂടെ ചെലവഴിക്കുന്ന സമയത്തില്‍ ഒന്നരമണിക്കൂറേ അപ്പോള്‍ കുറയുകയുള്ളു. അമ്മ സമ്മതം മൂളി. എല്ലാം ജോര്‍.

"എന്നാല്‍ നീ ചെല്ലുന്ന വിവരം ഷാജിയെ വിളിച്ചറിയിക്കട്ടെ" അമ്മ ഫോണിനടുത്തേക്ക്‌ ........

" എന്റമ്മേ, ഒന്നും വേണ്ട .  ആരുമറിയാതെ,  ദൈവത്തെ തൊഴുതു പോകട്ടമ്മേ ഞാന്‍. എന്റെ പൊന്നമ്മയല്ലേ. " അത്ര ഇഷ്ടത്തോടെയല്ലെങ്കിലും അമ്മ സമ്മതിച്ചു.

യാത്രയ്‌ക്കായി ദിലീപിന്റെ കാര്‍ ഏര്‍പ്പാടു ചെയ്‌തു. എല്ലാം സുഗമം എന്നു കരുതിയിരിക്കുമ്പോള്‍ രാത്രി ഒന്‍പതരയ്‌ക്ക്‌ ദിലീപിന്റെ ഫോണ്‍, കാര്‍ പറ്റില്ല.

"ചേച്ചീ, വിഷമിക്കേണ്ട ഞാന്‍ ഓട്ടോയില്‍ കൊണ്ടുപോകാം."
30 കിമീറ്ററിലധികമുണ്ട്‌, അതെങ്ങനെ ഓട്ടോയില്‍..........

" ചേച്ചി പേടിക്കണ്ട, അംബാസിഡറിന്റെ സീറ്റാണ്‌, ഒട്ടും കുലുക്കമൊന്നുമില്ലാതെ ഞാന്‍ ചേച്ചിയെ സുരക്ഷിതമായി കൃത്യസമയത്ത്‌ അമ്പലത്തിലെത്തിക്കാം. "

"എന്നാലും ഇത്ര ദൂരം............ "
"ഒരെന്നാലുമില്ല, ഞാന്‍ കോട്ടയത്തുവരെ പോകാറുണ്ട്‌ ഈ ഓട്ടോയും കൊണ്ട്‌. രാവിലെ ഞാന്‍ കൃത്യം 7 മണിക്കെത്തും. "
ദിലീപ്‌ തീരുമാനമെടുത്തു. അമ്മ ഉറക്കമാരംഭിച്ചിരുന്നു. വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞു.

രാവിലെ നാലുമണിക്ക്‌ ഉണര്‍ന്നു, അമ്മയുടെ കിടക്കയില്‍ അല്‍പ്പനേരം കിടക്കാമെന്നു ചെന്നപ്പോള്‍ അമ്മ ഉണര്‍ന്ന്‌ ആലോചനയിലാണ്‌.

"നീ, ഒറ്റയ്‌ക്കു ഓട്ടോയില്‍ പോകണ്ട. കാറിലാണെങ്കില്‍ ശരി. " മകളുടെ സുരക്ഷിതത്വത്തെക്കുറിച്ച്‌ അമ്മ ബോധവതിയായി.

"എന്താ അമ്മേ ഇങ്ങനെ, ഞാനെന്താ ഇള്ളക്കുട്ടിയോ, അമ്മയ്‌ക്കിന്നലെ പറയായിരുന്നില്ലേ......ഞാനിപ്പോള്‍ കാറിനെവിടെപ്പോകും, ദിലീപിനോടു ഞാനെന്തു പറയും. അമ്മ എന്താ ഇങ്ങനെ ഒന്നും ആലോചിക്കാതെ.........." എനിക്ക്‌ ആധി പിടിച്ചു.

"ആലോചിച്ചതുകൊണ്ടാണ്‌......നീ രാധാകൃഷ്‌ണനെക്കൂട്ടിക്കോ. "

"അമ്മേ...........എന്താ, എന്നെ ജോനകര്‍ ആക്രമിക്കുമോ? ഞാനെന്താ ഉണ്ണിയാര്‍ച്ചയോ . അമ്മയെ ഒറ്റയ്‌ക്കാക്കി രാധാകൃഷ്‌ണന്‍ വരണ്ട. അമ്മ വെറുതെ പേടിക്കുകയാ. " ഞാന്‍ വീണ്ടും കലമ്പല്‍ കൂട്ടി.

"നീ ഒന്നും പറയണ്ടാ, പറയുന്നതനുസരിക്ക് "
"ദൈവത്തിനെ കാണാന്‍ പോകാമെന്നു വച്ചപ്പോള്‍ അമ്മയെന്തിനാ ഉടക്കുണ്ടാക്കുന്നത്‌... ശരി നേരം വെളുക്കട്ടെ, ഞാന്‍ ദിലീപിനെ വിളിച്ചു പറയാം."
സങ്കടത്തോടെ ഞാന്‍ ദിനകൃത്യങ്ങളാരംഭിച്ചു. അമ്മയെ ധിക്കരിച്ചും വഴക്കുണ്ടാക്കിയും പോകാന്‍ വയ്യ.

ജീവിതകാലം മുഴുവന്‍ പരിവാരങ്ങള്‍ക്കൊപ്പം പൂര്‍ണ്ണസുരക്ഷിതത്വത്തില്‍ കഴിഞ്ഞതിനാലാകാം അറിയാത്ത വഴികളിലൂടെ മകള്‍ "വഴി ചോദിച്ചു ചോദിച്ചു പോകുന്നത്‌ " അമ്മയ്‌ക്ക്‌ പേടിയായത്‌. മുക്കാല്‍ ഭാഗം വഴി ദിലീപിനറിയാം. പിന്നെ കുറച്ചേ അറിയാത്തതുള്ളു, അത്‌ ചേട്ടന്‍ (കസിന്‍) പറഞ്ഞു തന്നിട്ടുണ്ട്‌, അമ്മയുടെ മകള്‍ക്കൊന്നും പറ്റില്ല എന്ന്‌ പലവട്ടം സമാധാനിപ്പിച്ചു.

എന്തായാലും എന്റെ സങ്കടം മനസ്സിലാക്കി " ഇനിയിപ്പോള്‍ ദൈവദര്‍ശനം ഞാനായിട്ട്‌ തടഞ്ഞെന്നു വേണ്ട" എന്ന്‌ പിന്നീട്‌ അമ്മ അയഞ്ഞു. രാധാകൃഷ്‌ണനും സമാധാനിപ്പിച്ചു. മമ്മൂട്ടിയും ബാലചന്ദ്രമേനോനും ശാരദയും ഗീതു മോഹന്‍ദാസും നയന്‍താരയും മറ്റും അഭിനയിച്ച രാപ്പകല്‍  എന്ന ചിത്രത്തിലെ  മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ  ഒരു കൊച്ചു പതിപ്പാണ്‌ രാധാകൃഷ്‌ണന്‍.

എന്നാല്‍ മകളുടെ വരവ്‌ ഷാജിയെ വിളിച്ചു പറയട്ടെയെന്നായി അമ്മ വീണ്ടും. കോവിലിലെ കുടുംബപ്രതിനിധിയാണ്‌ ബന്ധുവായ ഷാജി. ഞാന്‍ കണ്ടിട്ടില്ല, ഫോണില്‍ സംസാരിച്ചിട്ടുണ്ട്‌. ജോലിക്കു പോകണ്ടയാളാണ്‌. വെറുതെ ഉപദ്രവിക്കണ്ട, തികച്ചും അറിയപ്പെടാതെ പോകുന്നതാണെനിക്കിഷ്ടം എന്ന്‌ ഏറെ പ്രയാസപ്പെട്ട്‌ അനുനയിപ്പിച്ചു.

ദിലീപ്‌ കൃത്യസമയത്തെത്തി. പിറകില്‍ വച്ചാല്‍ ഞാന്‍ എടുക്കാന്‍ മറന്നു പോകുമെന്ന മുന്നറിയിപ്പു വകവയ്‌ക്കാതെ "അതൊക്ക എനിക്കു വിട്ടേക്ക്‌ " എന്ന്‌ ദിലീപ്‌ ബാഗ് എടുത്ത്‌ പുറകില്‍ വച്ചു .

ആദ്യം നാട്ടിലെ കോവിലില്‍ എത്തി തൊഴുതു, അമ്മയ്‌ക്കും മകള്‍ക്കും വേണ്ടി പൂജകള്‍ ചീട്ടാക്കി, ലക്ഷ്യത്തിലേക്കു യാത്ര തുടങ്ങി.

വലത്തോട്ടു തിരിഞ്ഞു പോയാല്‍ 2 കിമീ കുറവ്‌, പക്ഷേ ആളു കുറഞ്ഞ വഴി. അതിനാല്‍ ധാരാളം ബസ്‌ സര്‍വ്വീസുള്ള , ആള്‍സഞ്ചാരമുള്ള ,ഇടത്തോട്ടുള്ള വഴിയിലൂടെ പോകാമെന്ന്‌ ദിലീപ്‌ നിശ്ചയിച്ചു. അമ്മയുടെ പേടി അറിയാം, ചുമതല ദിലീപിനാണ്‌.

"എല്ലാ സംക്രമത്തിനും എന്നെ കൂട്ടുകാര്‍ അയ്യപ്പന്റമ്പലത്തില്‍ ക്ഷണിക്കാറുണ്ട്‌. എന്നും ഞാന്‍ പോകാറുള്ളതാ. ഇന്നലെ പോകാന്‍ പറ്റിയില്ല ചേച്ചി . " ദിലീപ്‌ നിഷ്‌കളങ്കതയോടെ പറഞ്ഞു.

"ആ മലമുകളിലെ അമ്പലത്തില്‍ ഞാന്‍ വന്നിട്ടുണ്ട്‌. അതും കുടുംബക്ഷേത്രമല്ലേ? " ദിലീപ്‌ സംശയം ചോദിച്ചു. അത്‌ അച്ഛന്‍കോവില്‍, ഇപ്പോള്‍ പോകുന്നത്‌ അമ്മക്കോവില്‍, ദിലീപിനെ കാര്യം പറഞ്ഞു മനസ്സിലാക്കി. അച്ഛന്‍കോവില്‍ കുറേക്കൂടി അടുത്താണല്ലോ. അവിടെ 2-3 പ്രാവശ്യം പോയിട്ടുണ്ട്‌ . ഇവിടെ ഒരിക്കല്‍പ്പോലും പോയിട്ടില്ല.

അച്ഛനും ദിലീപിന്റെ അത്താ മുഹമ്മദ്‌ അങ്കിളും വലിയ സുഹൃത്തുകളായിരുന്നു. അച്ഛനും അമ്മയും ചരിത്രകുതുകികള്‍. ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂര്‍ പള്ളിയിലും പെരുന്തച്ചന്റെ കോവിലിലുമെല്ലാം ഒരേ ഉത്സാഹത്തോടെ അവര്‍ക്ക്‌ കൂട്ടുപോയത്‌ ദിലീപിന്റെ ചേട്ടന്‍ ഷെറീഫായിരുന്നു.

ദിലീപിന്റെ കല്യാണത്തിന്‌ ഒരാഴ്‌ച്ച മുന്‍പേ അച്ഛന്‍ കാര്‍ അവര്‍ക്കു യാത്രയ്‌ക്കു നല്‍കി. അവരുടെ ജീപ്പില്‍ മണവാട്ടിയെ കൊണ്ടു വരണ്ട എന്ന്‌ അന്ന്‌ തീരുമാനിച്ചത്‌ അച്ഛനായിരുന്നു. എന്നിട്ട്‌ അച്ഛനുമമ്മയും അന്ന്‌ ടാക്‌സി വിളിച്ചു. നിക്കാഹ്‌ കഴിഞ്ഞ്‌ മണവാളന്‍ ദിലീപ്‌ പുതുമണവാട്ടിയുമായി ആ കാര്‍ സ്വയമോടിച്ചാണ്‌ വീട്ടില്‍ വന്നു കയറിയത്‌.

ദിലീപിന്റെ ഉമ്മ അതിസുന്ദരിയായിരുന്നു. വെളുത്ത്‌ തുടുത്ത്‌........അറബിപ്പൊന്നില്‍ കുളിച്ച്‌ .......സൈരാബാനുവിനെപ്പോലെ എന്ന്‌ ഞാന്‍ കൊച്ചിലേ പറയുമ്പോള്‍ അമ്മ തിരുത്തും, അല്ല സൈരാബാനുവിന്റെ അമ്മയെപ്പോലെ...അമ്മയുടെ അഭിപ്രായത്തില്‍ സ്വന്തം അമ്മയുടെ പകുതി സൗന്ദര്യം പോലും സൈരാബാനുവിനു കിട്ടിയിട്ടില്ല!

നേരിയ മഴത്തണുപ്പില്‍ ഒട്ടും മടുപ്പില്ലാത്ത യാത്ര. മനസ്സും ശരീരവും ഒന്നു പോലെ ഫ്രഷ്‌. ആറ്റു തീരത്തുകൂടിയായിരുന്നു കുറേ ദൂരം പോയത്‌. ഇടയ്‌ക്ക്‌ നദിക്കു കുറുകെയുള്ള ഒരു പാലം കാണിച്ച്‌ ദിലീപ്‌ പറഞ്ഞു. ആര്‍ക്കും വേണ്ടാതിരുന്ന സ്ഥലമാണ്‌, ഈ പാലം വന്നതോടെ സ്ഥലത്തിനു വല്ലാതെ വില കയറി. ശരിയാണ്‌. ഇപ്പേള്‍ ധാരാളം വലിയ വീടുകള്‍ ഉള്ള കോളനി. പുതിയവയുടെ പണിയും നടക്കുന്നു. നാട്‌ നഗരമാകുന്നു.

കുറേയായപ്പോള്‍ ദിലീപ്‌ വഴി ചോദിച്ചു. കള്ളിന്റെ രൂക്ഷഗന്ധം വമിപ്പിച്ച്‌ അയാള്‍ വഴി പറഞ്ഞുതന്നു.

"ഹോ, നേരം വെളുക്കുംമുന്‍പേ ഇതെങ്ങനെ വലിച്ചു കയറ്റുന്നുവോ " ദിലീപ്‌ മൂക്കു ചുളിച്ചു.

പറഞ്ഞ സമയത്തുതന്നെ ദിലീപ്‌ ക്ഷേത്രത്തിലെത്തിച്ചു. അധികം ആളൊന്നും വരാത്ത, ഒരു പക്ഷേ, മര്യാദയ്‌ക്കൊരു പൂജാരി പോലുമില്ലാത്ത ഒരു ചെറിയ കോവിലായിരുന്നു സങ്കല്‍പ്പത്തില്‍. പല കൊച്ചുകോവിലുകളിലും പൂജാരി ശമ്പളം വാങ്ങി വേറേ സഹായിയെ നിര്‍ത്താറുണ്ട്‌. പൂജകള്‍ക്കു പലപ്പോഴും ചീട്ടെഴുതുകയുമില്ല. ഒരിക്കല്‍ സഹികെട്ട്‌ , ഇങ്ങനെയാണെങ്കില്‍ കോവിലിനെങ്ങനെ വരവുണ്ടാകും എന്ന്‌ ചോദിച്ചു പോയിട്ടുണ്ട്‌. കൊച്ചു പൂജാരിക്കുണ്ടോ കലുക്കം!

എന്നാല്‍ പ്രതീക്ഷയ്‌ക്ക്‌ അപ്പുറം വലിപ്പമുള്ള കോവിലായിരുന്നു അത്‌. നല്ല ശാന്തമായ അന്തരീക്ഷം. ധാരാളം ആള്‍ക്കാര്‍ തൊഴാനുമുണ്ട്‌. മൊത്തത്തില്‍ 'ക്ഷ ' പിടിച്ചുവെന്നു സാരം. പൂജാ വിവരങ്ങള്‍ പറയവേ, സാധാരണ കാണാറില്ലാത്തതിനാലാവാം, എഴുതുന്നയാള്‍ പൊടുന്നനേ ചോദിച്ചു, എവിടുന്നാണു വരുന്നതെന്ന്‌. കള്ളം പറയാന്‍ നാക്കു വഴങ്ങിയില്ല , സ്ഥലപ്പേര്‍ പറഞ്ഞതും അദ്ദേഹം വീട്ടുപേര്‍ ഇങ്ങോട്ടു പറഞ്ഞു..........ശിവന്റെ പ്രതിഷ്‌ഠാദിനകലശം നടക്കുകയാണ്‌. പ്രത്യേകപൂജയുണ്ട്‌. ഷാജി അവിടെയാണ്‌, ഇപ്പോള്‍ വരും, അദ്ദേഹം അറിയിച്ചു. അപ്പോഴേയ്‌ക്കും ഷാജിയും വന്നു. പിന്നെ പലരും. അറിയാതെയാണെങ്കിലും ഇന്നു നല്ല ദിവസം തന്നെ വന്നല്ലോ. ആ നല്ല മനുഷ്യര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.

എല്ലാ പൂജകളും വിധിയാംവണ്ണം തന്നെ അവര്‍ നടത്തി. അതായിരുന്നു ഏറ്റവും സന്തോഷം. ഒന്നാന്തരം ബിസിനസ്സ്‌ കേന്ദ്രങ്ങളായി മാറിയ നമ്മുടെ പല കോവിലുകളിലും പൂജകള്‍ ശരിക്കും വഴിപാടായാണ്‌ നടത്തുന്നത്‌. പല പൂജകളുടേയും ശ്ലോകങ്ങളും മറ്റും കാണാതെ അറിയാവുന്നതിനാല്‍ അതു ചൊല്ലാതിരിക്കുക, തെറ്റിച്ചൊല്ലുക തുടങ്ങിയവ അരോചകമാകാറുണ്ട്‌ പലപ്പോഴും. പിന്നെ നിവൃത്തികേടുകൊണ്ടു സഹിക്കുന്ന മറ്റനേകം പൊതു കാര്യങ്ങള്‍ പോലെ ഇതും അങ്ങു സഹിക്കുന്നു, അല്ലാതെന്തു വഴി? ആരോടു പ്രതികരിക്കാന്‍?

മനസ്സു നിറഞ്ഞാണ്‌ തൊഴുതിറങ്ങിയത്‌. അവിടുത്തെ ശാന്തത പുറത്തെ മഴനൂലുകള്‍ പോലെ മനസ്സിലേക്കു പെയ്‌തിറങ്ങി. എന്തുകൊണ്ടിവിടെ വരാന്‍ ഇത്രയും താമസിച്ചു? മനസ്സു ചോദിച്ചു. ഒട്ടും മെറ്റീരിയലിസ്‌റ്റിക്‌ ആയിരുന്നില്ലല്ലോ. എന്നാല്‍ ഒട്ടും സ്‌പിരിച്വലും ആയിരുന്നില്ല. അതു തന്നെയായിരുന്നു കാര്യം. കുറെക്കാലമായി സ്‌പിരിച്വല്‍ ആകാന്‍ ശ്രമിക്കുകയാണ്‌. ആദ്യത്തെ പടി പോലുമായെന്നു തോന്നുന്നില്ല. അതെന്തായാലും ഇപ്പോള്‍ ആ അമ്പലം ശാന്തിതീരമായി മനസ്സില്‍ പതിഞ്ഞുകഴിഞ്ഞു. ധാരാളം മനസ്സുകള്‍ക്ക്‌ ഇനിയും ആ അഭൗമാനുഭൂതി ലഭിക്കട്ടെ. വേണ്ട രീതിയില്‍ കോവില്‍ കാര്യങ്ങള്‍ നടത്തുന്ന ഷാജിക്കും കൂട്ടര്‍ക്കും നന്ദി!

തിരിച്ച്‌ ഓട്ടോയില്‍ കയറി. ആരും തിരിച്ചറിയരുതെന്നു വിചാരിച്ചിട്ട്‌ നടന്നില്ല ദിലീപ്‌, ഞാന്‍ സങ്കടം പറഞ്ഞു. ചേച്ചി എന്താ പറയുന്നത്‌, സ്ഥലപ്പേര്‍ പറഞ്ഞാലുടന്‍ എത്രയോ ഊടുവഴികളിലുള്ളവര്‍ പോലും ........ വീടിന്റെ അടുത്താണോ എന്നെന്നോടു ചോദിച്ചിട്ടുണ്ട്‌. അതറിയാത്തവര്‍ ആരാ? വീണ്ടും ദിലീപിന്റെ നിഷ്‌കളങ്കത.

സ്വന്തം ഗ്രാമമുറ്റത്തെ തണല്‍മരമായിരുന്ന , വെറും രണ്ടാംക്ലാസ്സുകാരന്‍ മാത്രമായിരുന്ന , ഒരു വലിയ മനഷ്യന്‍ വിരിയിച്ച നന്മപ്പൂവുകളുടെ സുഗന്ധം ഈ മൂന്നാം തലമുറക്കാരിയായ എന്നിലേക്കു പോലും വ്യാപിക്കുന്നു. പൂര്‍വ്വ പുണ്യം! പക്ഷേ, എന്റെ വരും തലമുറകള്‍ക്ക്‌ അഭിമാനിക്കാന്‍ ഞാനെന്തു ചെയ്‌തിട്ടുണ്ട്‌ ? ഒന്നുമില്ല, ഒന്നും......ഞാന്‍..എന്റെ...അതിനപ്പുറം ഒന്നുമാകാന്‍ കഴിഞ്ഞിട്ടില്ലല്ലോ ഇന്നേവരെ.............

"എന്റെ പൂര്‍വ്വികര്‍ ആരായിരുന്നു എന്നത്‌ എന്റെ ചിന്താവിഷയമേയല്ല, എന്നാല്‍ എന്റെ വരും തലമുറകള്‍ എന്നെപ്പറ്റി എന്തു കരുതും എന്നതിനെക്കുറിച്ച്‌ ഞാന്‍ ഗൗരവമായി ചിന്തിക്കുന്നു. "-എബ്രഹാം ലിങ്കണ്‍ (ഓര്‍മ്മയില്‍ നിന്ന്‌ -കൃത്യമായ ആംഗലേയവും ഓര്‍മ്മയില്ല, ആശയം മാത്രം മറന്നില്ല) അതെ, നമ്മുടെ വരും തലമുറകള്‍ക്കായി നമുക്കും നന്മപ്പൂക്കള്‍ വിടര്‍ത്താം.

"ചേച്ചീ, ബസ്‌ സ്‌റ്റാന്‍ഡെത്തി.. ഇറങ്ങണ്ടേ......... "

" ഇനി വരുമ്പോള്‍ കാണാം ദിലീപ്‌.." ഹാന്‍ഡ്‌ ബാഗെടുത്ത്‌ യാത്രാമൊഴി ചൊല്ലി റോഡു മുറിച്ചു കടക്കാനൊരുങ്ങവേ, അപ്പോള്‍ ബാഗ് വേണ്ടല്ലേയെന്നു കളിയാക്കി ദിലീപ്‌ ഓടി വന്നു, ബാഗ് തന്നു.

പിന്നെ , ബസ്‌ ,കേരള എക്‌സ്‌പ്രസ്സ്‌....തിരക്കിട്ട വര്‍ത്തമാനകാലത്തിലേക്കു വീണ്ടും.....

അങ്ങനെ ആ ദേവദര്‍ശനം സഫലമായി....ചിന്തോദ്ദീപകവും......

8 comments:

  1. അങ്ങനെ ആ ദേവദര്‍ശനം സഫലമായി.....ചിന്തോദ്ദീപകവും.......

    ReplyDelete
  2. നന്നായിരിക്കുന്നു

    ReplyDelete
  3. ഒന്നാന്തരം ബിസിനസ്സ്‌ കേന്ദ്രങ്ങളായി മാറിയ നമ്മുടെ പല കോവിലുകളിലും പൂജകള്‍ ശരിക്കും വഴിപാടായാണ്‌ നടത്തുന്നത്‌. പല പൂജകളുടേയും ശ്ലോകങ്ങളും മറ്റും കാണാതെ അറിയാവുന്നതിനാല്‍ അതു ചൊല്ലാതിരിക്കുക, തെറ്റിച്ചൊല്ലുക തുടങ്ങിയവ അരോചകമാകാറുണ്ട്‌ പലപ്പോഴും. പിന്നെ നിവൃത്തികേടുകൊണ്ടു സഹിക്കുന്ന മറ്റനേകം പൊതു കാര്യങ്ങള്‍ പോലെ ഇതും അങ്ങു സഹിക്കുന്നു, അല്ലാതെന്തു വഴി? ആരോടു പ്രതികരിക്കാന്‍?

    ReplyDelete
  4. മറന്നു പോയ സിനിമയുടെ പേര് "രാപ്പകല്‍".
    (അത് തന്നെയല്ലേ ഉദ്ദേശിച്ചത്?)

    ReplyDelete
  5. yes, dear pyari, it is rappakal.many times hv i seen the movie/clippings but always postponed correction to a later date and simply forgot.thank u!

    ReplyDelete
  6. പ്യാരി, ഇതാ കറക്റ്റി.Thankq once again!

    ReplyDelete