Sunday, October 10, 2010

മഴവില്ലു വിരിഞ്ഞ പോലെ


ഇവിടെ   ഓണപ്പൂക്കളം വിരിയുന്നതിനു തൊട്ടു മുമ്പാണ് ഞങ്ങള്‍ മഴവില്‍പ്പൂക്കളുടെ നാട്ടിലെത്തിയത്. നമ്മുടെ പഴയ ഭരണാധിപരുടെ നാട്. കാഴ്ച്ചകള്‍ കണ്ടും എന്തുകൊണ്ട്, എന്തുകൊണ്ട് എന്ന് മനസ്സില്‍ താരതമ്യം ചെയ്തും എത്തിയിടം ഭൂലോകം എന്ന് 25 ദിനങ്ങള്‍. തണുപ്പും കാറ്റും മഴയും ചെറുചൂടും ഇടകലര്‍ന്ന സാമാന്യം സുഖകരമായ വേനല്‍. 'കുംഭമാസ നിലാവു പോലെ കുമാരിമാരുടെ ഹൃദയം, തെളിയുന്നതെപ്പോഴെന്നറിയില്ല .....' എന്ന പോലെ ഡിം എന്നു പെയ്യുകയും അതേ പോലെ തോരുകയും ചെയ്യുന്ന മഴ. പഴമ, ആവേശമായി, അഭിമാനമായി നെഞ്ചിലേറ്റി, പുതുമയോടെ നിലനിര്‍ത്തുകയും സാമ്പത്തികോപാധിയാക്കുകയും ചെയ്യുന്ന ജനതതിയുടെ നാട്ടിലൂടെ...

വൊക്കിംഗ്(Woking)
പൂന്തോട്ട നഗരിയായ വൊക്കിംഗിലായിരുന്നു ഞങ്ങളുടെ താമസം. ഒരു കാലത്ത് ലണ്ടന്റെ കലവറയായിരുന്ന, 'സറേ' *കൗണ്ടിയിലെ ഒരു *ബറോ. 'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ ' എന്ന പോലെ വര്‍ണ്ണരാജി വിരിയിച്ച് പൂക്കളും പഴങ്ങളും!. എച്ച്.ജി.വെല്‍സ് 'വാര്‍ ഓഫ് ദി വേള്‍ഡ്‌സ് ' എന്ന സയന്‍സ് ഫിക്ഷനിലൂടെ അനശ്വരമാക്കിയ സ്ഥലം. ചാള്‍സ് ഡിക്കന്‍സ്, താക്കറേ(William Makepeace Thackeray), ബര്‍ണാഡ് ഷാ എന്നിവര്‍ക്കെല്ലാം വൊക്കിങ്ങുമായി ഓരോ തരത്തില്‍ ബന്ധമുണ്ട്. യു.കെയിലെ ആദ്യത്തെ ക്രിമറ്റേറിയം (1878)ഇവിടെയാണത്രേ. അവിടെ തോമസ് ഹാര്‍ഡി അന്ത്യനിദ്ര കൊള്ളുന്നു. ഇപ്പോള്‍ വൊക്കിംഗിന് ഒരു കുപ്രശസ്തി കൂടിയുണ്ട്. ക്രിക്കറ്റ് കോഴ നായകന്‍ മസര്‍ മജീദ്(Mazhar Majeed) താമസിക്കുന്നിടം!

വഴിയോര വസന്തം
Inside Town centre
സുഖകരമായ കാലാവസ്ഥയില്‍ , വൃത്തിയുള്ള ഫുട്പാത്തിലൂടെ നടത്തം. പഴ്‌സ് മോഷ്ടിക്കപ്പെടുമോ, മാല പിടിച്ചു പറിക്കുമോ, വണ്ടി ഇടിക്കുമോ എന്നൊന്നും വേവലാതി വേണ്ട എന്ന തിരിച്ചറിവ് മനസ്സിനു വല്ലാത്തൊരു ലാഘവം പകര്‍ന്നു. വണ്ടികള്‍ റോഡിലൂടെ ഇടതടവില്ലാതെ പോകുമ്പോഴും ഹോണ്‍ അടിച്ച് ഞെട്ടിക്കുന്നില്ല. ആരും നമ്മെ നോക്കുന്നില്ല, ശ്രദ്ധിക്കുന്നില്ല. നമ്മുടെ സ്വകാര്യത നമുക്കു സ്വന്തം!ചിരിച്ചുല്ലസിച്ച് കൊച്ചുവര്‍ത്തമാനം പറഞ്ഞ് പോയ കാലം തിരിച്ചു പിടിച്ച പോലെ!മൈലുകള്‍ നടന്നപ്പോഴും ക്ഷീണം അറിഞ്ഞില്ല, ശരീരവും മനസ്സും നവം നവം!

ആദ്യം അന്വേഷിച്ചു പോയത് എച്ച്.ജി വെല്‍സിനെയാണ്. ടൗണ്‍ സെന്ററില്‍, നോവല്‍ കഥാപാത്രത്തെ അനുസ്മരിപ്പിച്ച്, ഒരു മുക്കാലി രൂപമുണ്ട് (Wellsian Martian Tripod) . അദ്ദേഹം താമസിച്ചിരുന്ന മേ ബറിയില്‍ ചുറ്റി നടന്നെങ്കിലും അവിടെ ആ പേരിലുള്ള ഒരു തീയേറ്റല്ലാതെ മറ്റൊന്നും കണ്ടില്ല. ബര്‍ണാഡ് ഷായും മേ ബറിയില്‍ താമസിച്ചിരുന്നു എന്നു പറയപ്പെടുന്നു. മേ ബറിയില്‍ പാക്കിസ്ഥാനികള്‍ നടത്തുന്ന അതിഫ്-Atif സ്‌റ്റോറില്‍ നിന്നാണ് ഏത്തക്കാ, മുരിങ്ങക്കാ,മാങ്ങാ, തേങ്ങ എല്ലാം വാങ്ങുക. ചൂരിദാര്‍ കടയുമുണ്ട്. ആ തെരുവിലൂടെ നടന്നപ്പോള്‍ നല്ല വൃത്തിയുള്ള , സമ്പന്നമായ ഒരു പാക്കിസ്ഥാനില്‍ എത്തിയോ എന്നു തോന്നിപ്പോയി.


മേ ബറിയില്‍ തന്നെ ഓറിയന്റല്‍ റോഡില്‍, വളരെ പഴയ ഷാജഹാന്‍ മോസ്‌ക്ക്. ചെറുതെങ്കിലും പ്രൗഢം, മനോഹരം.1889 ല്‍ ഭോപ്പാലിലെ രാജ്ഞി ബീഗം ഷാജഹാന്റെ സഹായത്തോടെ പണിത ആ മനോഹര ആരാധനാലയം അനുവാദമുണ്ടോ ഇല്ലയോ എന്ന പേടി മൂലം ക്യാമറയില്‍ പകര്‍ത്തിയില്ല. ഈ പള്ളിയും, ചാള്‍സ് ഡിക്കന്‍സ,വില്യം മാക്പീസ് താക്കറെ എന്നിവര്‍ ജോലി ചെയ്ത ഓറിയന്റല്‍ കോളേജും പണി കഴിപ്പിച്ചത് ഹങ്കറിക്കാരനായിരുന്ന Dr. Gottlieb Wilhelm Leitner എന്നയാളാണ്.

ഗ്രീന്‍ ബെല്‍റ്റ് സംരക്ഷണം നിര്‍ബന്ധിതമായതിനാല്‍ പാര്‍ക്കുകള്‍ എല്ലായിടവും സുലഭം. 43 ഏക്കറിലുള്ള വൊക്കിംഗ് പാര്‍ക്കില്‍ ആസൂത്രണം ചെയ്ത് വളര്‍ത്തിയ മരങ്ങളും ചെടികളും പുല്‍ത്തകിടികളും. ഒപ്പം താറാവുകള്‍ നീന്തുന്ന കുളം, തോട്. തോടിന്റെ തീരത്ത് വൃക്ഷലതാദികള്‍ അതിന്റെ സഹജസാഹചര്യത്തില്‍ വളര്‍ന്നു നില്‍ക്കുന്നു. കുട്ടികള്‍ക്കും വലിയവര്‍ക്കും കളിക്കാനും കളി പഠിക്കാനും ഉള്ള വിപുലമായ സൗകര്യങ്ങള്‍, നീന്തല്‍ പരിശീലന കുളം ഇവയുമുണ്ട്. കുട്ടികളും കുരയ്ക്കാത്ത പട്ടികളും ആസ്വദിച്ച് കളിക്കുന്നതും കണ്ടു. മദാമ്മക്കുട്ടികളെ കാണാന്‍ നല്ല ചന്തം, ഓമനത്തം. കുഞ്ഞുന്നാളില്‍ കളിക്കാന്‍ കിട്ടിയ പാവകള്‍ എല്ലാം മദാമ്മക്കുഞ്ഞുങ്ങളായിരുന്നല്ലോ, അതാവാം അങ്ങനെ തോന്നിയത്. ഇന്‍ഡ്യന്‍ പാവക്കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നവല്ലോ!.

Woking Park


ഗോള്‍്‌സ്വര്‍ത്ത്(goldsworth) പാര്‍ക്കിലെ ആസൂത്രിത തടാകത്തിനു ചുറ്റുമുള്ള നടപ്പ് രസകരമായിരുന്നു. അവിടവിടെയായി അനുവാദം വാങ്ങി മീന്‍ പിടിക്കുന്നവര്‍. പ്രകൃതി ആസ്വദിക്കുന്നവരാണ് ഇംഗ്ലീഷുകാര്‍. കണ്ടാല്‍ പേടി തോന്നുന്ന വലിയ പട്ടികളുമായി നടക്കാനിറങ്ങിയവര്‍ ധാരാളം. പലര്‍ക്കും ഒന്നില്‍ കൂടുതലുണ്ടാകും. കുരയ്ക്കാതെ യജമാനന്റെ ഹിതാനുസരണം അവ നീങ്ങിക്കൊള്ളും.

 തടാകത്തില്‍ വിവിധയിനം പക്ഷികളും മീനുകളും. നമ്മള്‍ ചെല്ലുമ്പോള്‍ ഭക്ഷണം എന്നു കരുതി അടുത്തേക്കു വരും. കുട്ടികളുടെ പാര്‍ക്കില്‍ കളിക്കൊപ്പം വ്യായാമവും കൂടി തരമാക്കുന്ന വിപുല സംവിധാനങ്ങള്‍.

240 ഏക്കറില്‍ പരന്നു കിടക്കുന്ന ആര്‍.എച്ച്.എസ് വിസ്ലി എന്ന ബൊട്ടാണിക്കല്‍ ഉദ്യാനം മനസ്സില്‍ ഉണര്‍ത്തിയ അനുഭൂതി വാക്കിലൂടെ എങ്ങനെ പകരും?

Entrance to RHS Wisley Garden.Tried to take pics w/o people, but to no avail!

ഏക്ര 240 ആണേ....മാപ്പ് നോക്കി റൂട്ടു തീരുമാനിച്ചില്ലെങ്കില്‍ കാടു കയറിപ്പോകും ചിലപ്പോള്‍.

പൂന്തോട്ടത്തിനു കണ്ണു തട്ടാതിരിക്കാന്‍ ഒരു കോലം...ദൈവത്തിന്റെ കൈയ്യില്‍ നിന്ന് ചായക്കിണ്ണം തട്ടിത്തൂവി പോയ പോല എന്നോ, പ്രകൃതിയുടെ ആഡംബരമെന്നോ, സൗരഭമെന്നോ, വിനോദ-വിജ്ഞാന സമന്വയമെന്നോ ? എന്താ പറയുക?കൊതിപ്പിക്കുന്ന നിറങ്ങളില്‍ പൂക്കള്‍ , പഴങ്ങള്‍, കന്യാവനങ്ങള്‍. 25ല്‍ പരം നിറങ്ങളിലുള്ള ആമ്പല്‍പ്പുവുകളും സ്വര്‍ണ്ണമത്സ്യങ്ങളും നിറഞ്ഞ തടാകം. അവിടവിടെ വെള്ളം കെട്ടിക്കിടക്കുന്ന, പാറക്കെട്ടുകളോടെയുള്ള കുന്നുകള്‍, റോസാ തോട്ടം, പുല്‍ത്തകിടികള്‍, പച്ചക്കറി ,പഴവര്‍ഗ്ഗ തോട്ടങ്ങള്‍...

മഞ്ഞയും പച്ചയും ചോപ്പുമിടകലര്‍ന്നച്ഛിന്ന കാന്തി തന്‍ കന്ദളികള്‍!(വസന്തോത്സവം, ചങ്ങമ്പുഴ)
പല നിറത്തില്‍ ആപ്പിള്‍ കായ്ച്ചു നില്‍ക്കുന്ന കൊച്ചു മരങ്ങള്‍....ആപ്പിള്‍ തോട്ടത്തിന്റെ വശത്ത് വലിയ മുന്തിരിത്തോപ്പ്. ആന കരിമ്പിന്‍ തോട്ടത്തില്‍ എന്ന പോലെയായിരുന്നു ഞങ്ങള്‍ ആപ്പിള്‍ തോട്ടത്തിലൂടെ     നടന്നത്.  സിസിടിവി ഇല്ലായെന്നുറപ്പില്‍ വാരി വലിച്ച് ആപ്പിള്‍ പറിച്ചു തിന്നു...ആരും പറിക്കാതെ നിലത്തു വരെ ഇഷ്ടം പോലെ വീണു കിടക്കയല്ലേ എന്നൊരു ന്യായവും കണ്ടെത്തി! കുക്കിംഗിനുള്ളതാണോ, ഈറ്റിംഗിനുള്ളതാണോ (ഓരോന്നും തരം തിരിച്ചുണ്ടേ) എന്നൊന്നും നോക്കീല്ല... മധുരം മധുരം.....കാഷ്മീരവും ഇങ്ങനെയായിരിക്കുമല്ലോ .
പണ്ട് അച്ഛന്‍ നാട്ടില്‍ ഓറഞ്ചു നട്ടുവളര്‍ത്തിയിരുന്നു. കായ്ക്കുകയും ചെയ്തു. പക്ഷേ മധുരമില്ലെന്നല്ല, പുളിയായിരുന്നു താനും. ചെടി മാത്രം പോരല്ലോ, തിരുവാതിര ഞാറ്റുവേലയും കൂടി വേണമല്ലോ....അല്ലെങ്കില്‍ കാഴ്ച്ചയില്‍ ഓറഞ്ച്. തിന്നുമ്പോള്‍ പുളിഞ്ചി!.

ഗ്ലാസ് ഹൗസില്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള കാലാവസ്ഥ സൃഷ്ടിച്ചെടുത്ത് അവിടത്തെ വൃക്ഷങ്ങളും സസ്യലതാദികളും വളര്‍ത്തുന്നു. നമ്മുടെ ചെമ്പരത്തിയും തെങ്ങും ചേനയും വാഴയും മറ്റും അവിടെ കണ്ടപ്പോള്‍ മനം കുളിര്‍ത്തു. അവിടെ നിന്നിറങ്ങുമ്പോള്‍ മനസ്സു മന്ത്രിച്ചു, ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇവിടെയാണ്.
അവിടെ ഒറ്റയ്ക്ക് വന്നിരുന്നു വായിക്കുകയും എഴുതുകയും ചെയ്യുന്ന വനിതകളോട് ചെറിയ അസൂയ തോന്നാതിരുന്നില്ല... വീടാം കൂട്ടില്‍ കുരുങ്ങും തത്തമ്മ കള്‍ അല്ല അവര്‍.
 
വിസ്ലിക്കു ഞങ്ങളെ കൊണ്ടുപോയത് മി.ലിയാക്കത്ത് അലി ആണ്.പെരുമാറ്റ മര്യാദകളും സംസാരവും എല്ലാം പക്കാ ഇംഗ്ലീഷ് കാരെ പോലെ തന്നെ. ഖുറാന്‍ വച്ചിരുന്നു ടാക്‌സിയില്‍. പറഞ്ഞ സമയത്തിനും അഞ്ചുമിനിറ്റു  മുമ്പു വന്നു. കാര്‍ നമ്പര്‍ നോക്കുകയോ ഫോണ്‍ നമ്പര്‍ വാങ്ങിക്കുകയോ ഒന്നും ചെയ്തില്ല. ജനസമുദ്രമാണ്, കാറുകള്‍ കണ്ണൈത്താ ദൂരത്തോളം, എങ്ങനെ നമ്മളെ കണ്ടുപിടിക്കുമോ ആവോ എന്ന ഭയമെല്ലാം അസ്ഥാനത്താക്കി കൃത്യസമയത്ത് ഞങ്ങളുടെ മുന്നില്‍ അവതരിച്ചു തിരിച്ചു വിളിച്ചു കൊണ്ടുപോകുവാന്‍. ആ കൃത്യനിഷ്ഠ ക്ഷ പിടിച്ചു.

രാജകുടുംബം ആ രാജ്യക്കാര്‍ക്ക് നല്ലൊരു വരുമാനമാണ്. വിസ്ലി  തോട്ടത്തിന്റെ പേരിലെ RHS എന്നാല്‍ Royal Horticultural Society എന്നാണ്. സര്‍വ്വം റോയല്‍ മയം.
ഇനി ഗില്‍ഫോഡിലേക്കു പോകാം...


*കൗണ്ടി- സംസ്ഥാനം എന്ന പോലെ

*ബറോ-ഡിസ്ട്രിക്ട് എന്ന പോലെ.