Thursday, September 09, 2010

പറയാന്‍ ബാക്കി വച്ചത്.

(കേരള കൗമുദി ഓണം വിശേഷാല്‍ പ്രതിയില്‍ പ്രസിദ്ധീകരിച്ചത് . ഒന്നാം പേജിന്റെ  ലിങ്ക് ഇവിടെ    )

  ' നീ എന്തോ ഒളിക്കുന്നു, പറയ്, എനിക്കതറിഞ്ഞേ പറ്റൂ'

ഹരിയുടെ ഭാവപ്പകര്‍ച്ച കണ്ട് നീന ഞെട്ടി. പതിവിന് വിപരീതമായി അതിവേഗതയിലാണ് ഹരി കാര്‍ ഓടിക്കുന്നത്. ഒരു വേള ട്രാഫിക് സിഗ്നല്‍ മറികടന്നു പോകുമോയെന്നു വരെ അവള്‍ ഭയപ്പെട്ടു.

'പ്ലീസ്, ഹരി, പറയാം. പക്ഷേ ഇപ്പോ ഞാന്‍ ഒന്നു പ്രാര്‍ത്ഥിച്ചോട്ടെ. ' നിറയാന്‍ തുടങ്ങുന്ന നീനയുടെ കണ്ണുകള്‍ കണ്ട് ഹരി അടങ്ങി. അവിടെച്ചെല്ലുമ്പോഴേയ്ക്കും ഒന്നും സംഭവിക്കാതിരുന്നാല്‍ മതിയായിരുന്നു.

അനില്‍ ഐ.സി.യുവിന്റെ മുമ്പിലുണ്ടായിരുന്നു. കരഞ്ഞുകൊണ്ട് അച്ഛന്റരികില്‍ മാളുക്കുട്ടി. ആശുപത്രിയിലെത്തിച്ച ആള്‍ക്കാരാവാം കുറച്ചു പേര്‍ അടക്കം പറഞ്ഞു നിന്നിരുന്നു. ഹരിയും നീനയും എത്തിയപ്പോള്‍ ഞങ്ങള്‍ പൊയ്‌ക്കോട്ടെ എന്ന് അവര്‍ ആശ്വാസത്തോടെ പോയി. ഹരിയെ കണ്ടതും കെട്ടി നിര്‍ത്തിയ സങ്കടം അനിലിന്റെ തേങ്ങലായി ഒഴുകി. നീനാമ്മേ എന്ന് ഓടി വന്നു കെട്ടിപ്പിടിച്ച മാളൂനെ വാരിയെടുത്ത് ഉമ്മ കൊടുത്തു നീന.

'എന്താ പറ്റിയത് ്' സാവകാശം ഹരി അനിലിനോടു ചോദിച്ചു.

'വൈകുന്നേരം ബോള്‍ഗാട്ടിയില്‍ പോയി. ഉമയ്ക്കായിരുന്നു നിര്‍ബന്ധം . പക്ഷേ നടക്കാന്‍ വിളിച്ചപ്പോള്‍ മോളും ഞാനും പോയിട്ടു വരാന്‍ പറഞ്ഞ്, അവള്‍ കായലും നോക്കി മതിലില്‍ ഇരുന്നു. പതുക്കെ ചുറ്റി നടന്ന് എത്താറായപ്പോള്‍ ആള്‍ക്കാര്‍ ഓടുന്നതും ബഹളവും കണ്ടു. കൂടെ ഓടി വന്നു നോക്കിയപ്പോ ഉമ....അവള്‍ കായലില്‍ മുങ്ങിത്താഴുന്നെടാ.....' അനില്‍ നിയന്ത്രണം വിട്ട് കരഞ്ഞു.

'പുറകോട്ടു കുനിഞ്ഞു കൈ വെള്ളത്തിലിടാന്‍ നോക്കിയപ്പോ മറിഞ്ഞു പോയെന്നാ കണ്ടവര്‍ പറഞ്ഞത്. വെളിയില്‍ എടുത്തപ്പോഴേയ്ക്കും ബോധം പോയി...ഒരു പാടു വെള്ളം കുടിച്ചു. ഒന്നും പറയാനാവില്ലെന്നു ഡോക്ടര്‍ പറഞ്ഞു.' അനില്‍ കൈയ്യില്‍ തല താങ്ങി ഇരുന്നു.

ഉമ ഇന്നലെ നിര്‍ബന്ധിച്ചു വിളിച്ചതാണ് ഇന്നു ബോള്‍ഗാട്ടിയില്‍ വരാന്‍. പല കാര്യങ്ങളുള്ളതു കൊണ്ട്, പിന്നെയാകാം ഇന്നു നിങ്ങള്‍ പോ എന്നു പറഞ്ഞു. ഇങ്ങനെയൊക്കെ വരുമെന്ന് ആരറിഞ്ഞു ? അശുഭം ഊഹിച്ചു, ചെക്ക് മെയില്‍ എന്ന അവളുടെ എസ്.എം.എസ് കിട്ടിയപ്പോള്‍. പക്ഷേ അപ്പോഴേയ്ക്കും വേഗം വരൂ എന്ന് ഹരിക്ക് അനിലിന്റെ വിളി വന്ന് അവര്‍ പുറപ്പെട്ടും കഴിഞ്ഞിരുന്നല്ലോ. ദൂരൂഹതകള്‍ അനാവരണം ചെയ്യുന്ന ആ മെയില്‍ ഒന്നു കണ്ടെങ്കില്‍....

ഐ.സി.യുവിന്റെ കതകു തുറന്ന് ഒരു നഴ്‌സ് വന്നു. അനിലും മാളൂം അകത്തു പോയി. ഉമയുടെ ബാഗ് തുറന്നു നോക്കി. മൊബൈല്‍ എടുത്തു. നീനയ്ക്കയച്ച മെസേജ് അവള്‍ കളഞ്ഞിരിക്കുന്നു. അപ്പോള്‍ എല്ലാം പ്ലാന്‍ ചെയ്തിരുന്നു എന്നര്‍ത്ഥം.
' ആത്മഹത്യ?' എന്തോ മനസ്സിലായ പോലെ ഹരി പതിയെ ചോദിച്ചു.
'ഉം. ' നീന മൂളി.
കാരണം നിനക്കറിയാമല്ലേ എന്നു ഹരിയും പിന്നെ പറയാം, എന്നു നീനയും അനില്‍ അറിയണ്ട എന്നു രണ്ടുപേരും പരസ്പരം കണ്ണുകള്‍ കൊണ്ട് സംസാരിച്ചു. അവര്‍ പുറത്തു വന്നു. ഉമ നീനയെ ചോദിച്ചത്രേ. വിറയലോടെയാണ് ചെന്നത്.

' നീ അതു ചെയ്യണം എനിക്കു വേണ്ടി.....പിന്നെ എന്റെ മാളൂ....' അവ്യക്തമായിരുന്നു, പക്ഷേ നീനയ്ക്കു മനസ്സിലായി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉമയുടെ മനഃസാക്ഷിയുടെ താക്കോല്‍ നീനയുടെ കയ്യിലായിരുന്നല്ലോ. പെട്ടന്ന് അവള്‍ ശ്വാസം ആഞ്ഞു വലിക്കാന്‍ തുടങ്ങി. അനിലിനെയും മാളുവിനേയും കൊണ്ട് വെള്ളം കൊടുപ്പിച്ചു. ഒരു നിമിഷം...എല്ലാം തീര്‍ന്നു.

കെട്ടുപാടുകളും അതു തന്ന വേദനകളും ഇവിടെത്തന്നെ ഉപേക്ഷിച്ച് ഉമ യാത്രയായി. അനിലും മാളുവും നീനയും ഹരിയും പിന്നെ ഡോക്ടര്‍മാരും നഴ്‌സുമാരും നോക്കി നില്‍ക്കേ. ആരും കാണാതെ ഉമയുടെ ജീവന്റെ കിളി എല്ലാവരേയും പറ്റിച്ച് എങ്ങോ പറന്നു പോയി. ഡോക്ടര്‍മാര്‍ക്ക് ശരീരം മാത്രമല്ലേ കാണാനാവൂ....അതിനുള്ളില്‍ തുടിക്കുന്ന ജീവനെ , ആത്മാവിനെ ആര്‍ക്കു കാണാനാകും? യാഗാശ്വത്തെ പിടിച്ചുകെട്ടാം, പക്ഷേ ആത്മാവിനെ, ജീവനെ? മനുഷ്യര്‍... എത്ര നിസ്സാര ജീവികള്‍?
പിറ്റേന്ന് ഉച്ച തിരിഞ്ഞ് അവളുടെ ദേഹി പിരിഞ്ഞ ദേഹവും ശ്മശാനത്തില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി.
കിങ്ങിണിക്കും മാളുവിനും സ്‌കൂള്‍ അവധിക്കാലമായതുകൊണ്ട് അവര്‍ കളിയോടു കളി. ഇടയ്ക്കിടെ ഓടി വന്ന് 'അമ്മ എന്താ വരാത്തേ നീനാമ്മേ' എന്ന് മാളുവും 'ഉമയമ്മ എവിടെ ' എന്ന് കിങ്ങിണിയും ചോദിക്കും. എന്തെങ്കിലും പറഞ്ഞ് അവരെ കളിക്കാന്‍ വിടും. വീട്ടിലൊന്നു പോയി അത്യാവശ്യം സാധനങ്ങളെടുത്ത് ഉടന്‍ വരാം എന്ന് സന്ധ്യയ്ക്ക് ഹരിയും നീനയും ഇറങ്ങി. മെയില്‍ കാണാനായി വെമ്പുകയായിരുന്നു മനസ്സ്.

പഠന കാലത്ത് നീനയും ഉമയും തമ്മില്‍ മിണ്ടിയിട്ടു കൂടിയില്ല. കണ്ടാല്‍ ഒരു ചിരിക്കപ്പുറം പോകാതിരുന്ന ഒരു പരിചയം, അത്രമാത്രം. ഒരു തുടുത്ത റോസാപ്പൂ പോല സുന്ദരിയായിരുന്നു ഉമ. അതുകൊണ്ട് തന്നെ അവളെ അറിയാത്തവര്‍ കോളേജിലില്ലായിരുന്നു. പോരാത്തതിന് അച്ഛനുമമ്മയും പ്രശസ്തര്‍, ഉന്നത ഉദ്യോഗസ്ഥര്‍. വര്‍ഷങ്ങള്‍ക്കു ശേഷം പിന്നെ കണ്ടത് കവിതാ തീയേറ്ററില്‍ വച്ചാണ്. അന്നാണ് മിണ്ടിയതും. പിന്നെ വളരെ വേഗം ആ സൗഹൃദം വളര്‍ന്നു. അധികമാരോടും ഇടപഴകാത്ത ഹരിക്ക് അനിലിനെ പക്ഷേ നന്നായി ഇഷ്ടപ്പെട്ടു. അനിലിനു തിരിച്ചും. അവധിദിവസങ്ങളില്‍ അവര്‍ രണ്ടു കുടുംബങ്ങളും ഒന്നിച്ച് പല സ്ഥലത്തും പോയി.

പിന്നെ കിങ്ങിണിയും മാളുവും ജനിച്ചു. ഏതാണ്ട് സമപ്രയക്കാര്‍. ആന്റീ എന്നൊന്നും വേണ്ടാ എന്ന്, ഉമയമ്മയെന്നും നീനാമ്മയെന്നും കുട്ടികളെക്കൊണ്ടു വിളിപ്പിച്ചത് ഉമയായിരുന്നു. ഓരോരുത്തര്‍ക്കും ഇരിക്കട്ടെ രണ്ട് അമ്മമാര്‍ വീതം എന്ന് അവള്‍ ചിരിക്കുമായിരുന്നു.

സ്‌കൂള്‍ അവധി ദിനങ്ങളില്‍ മോളെ ഉമയുടെ വീട്ടില്‍ ആക്കാം എന്നത് നീനയ്ക്ക് വലിയ അനുഗ്രഹമായിരുന്നു. ജോലി രാജി വച്ചാലോ എന്നു ചിന്തിച്ചപ്പോഴൊക്കെ ' ഞാന്‍ വീട്ടിലിരിക്കയല്ലേ, പിന്നെ നീ എന്തിനു ജോലി കളയണം ' എന്ന് ഉമ വലക്കി. അതായിരുന്നു അവള്‍.

ഒരു യാത്രയില്‍ നമ്മുടെ കറുത്തമ്മേടെ സ്ഥലമല്ലേന്ന് പുറക്കാട്ടും തൃക്കുന്നപ്പുഴയും കടല്‍പ്പുറത്ത് അവര്‍ വെറുതെ ഇറങ്ങി. വലിയ വായനക്കാരിയായിരുന്നു ഉമ. അന്ന് കറുത്തമ്മേടെ കാര്യം പറഞ്ഞ് അവര്‍ വഴക്കു പിടിച്ചു.

'നീനാ, കറുത്തമ്മ ചെയതത് തെറ്റോ ശരിയോ ' ഭര്‍ത്താവും കൊച്ചും ഉണ്ടായിട്ട് പരീക്കുട്ടിയുടെ കൂടെ രാത്രിക്ക് ഇറങ്ങിപ്പോയതിനെപ്പറ്റിയായിരുന്നു ചോദ്യം.

'തെറ്റ്, തെറ്റ്, തെറ്റ് , നൂറുവട്ടം തെറ്റ് ' നീന ശക്തിയോടെ പറഞ്ഞു.

'കറുത്തമ്മ പാവമായിരുന്നു നീനാ ' എന്നായി ഉമ.
'ആയിരിക്കും . പക്ഷേ അവളെ സ്‌നേഹിച്ച ആ പാവം പളനിയെ ചതിച്ചത് ഒട്ടും ശരിയായില്ല, അയാടെ കുഞ്ഞിനേം പ്രസവിച്ചിട്ട്. ' നീന വിട്ടില്ല.

അപ്പോള്‍ അടുത്ത ചോദ്യം ഒരേ കടല്‍ സിനിമയെപ്പറ്റിയായി. അതിലെ നായികയോ, അവളെയും ആ നാഥനേയും മുക്കാലില്‍ കെട്ടി അടിക്കണം എന്നു നീന.

ഇത്തിരി നേരം മൗനിയായിരുന്നു ഉമ. 'നീ എന്താ ഇന്നിങ്ങനെ? ' നീനയുടെ ചോദ്യത്തിന്റെ ഉത്തരം ചിരിയിലൊതുക്കി ഉമ.

അവള്‍ എന്തെല്ലാമോ ദുരൂഹതകള്‍ ചുമക്കുന്നുവെന്ന് ഇടയ്ക്ക് നീനയ്ക്കു തോന്നിയിരുന്നു. പറയണമെന്നുള്ളപ്പോള്‍ ഉമ തന്നെ പറയട്ടെ എന്നു വച്ചു നീന. ഒരേയൊരു മോളാണെങ്കിലും ഉമയ്ക്ക് അച്ഛനമ്മമാരെ ഒട്ടും ഇഷ്ടമല്ലായിരുന്നു. അതെന്തു കൊണ്ട് എന്ന് പിന്നൊരിക്കല്‍ പറഞ്ഞു. ഉമയുടെ ദുരൂഹ മനസ്സിലേക്ക് ഒരു കിളിവാതില്‍ തുറന്നു കിട്ടിയ ദിവസം.

കലാ സാംസ്‌കാരിക രംഗവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന അച്ഛനമ്മമാര്‍. റോസ് ഷോ അടക്കം നഗരത്തിലെ എല്ലാ പരിപാടികള്‍ക്കും നേതൃനിരയിലായിരുന്നവര്‍. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചിലപ്പോഴൊക്കെ ഉമയും പോയിരുന്നു. പതിയെ അതിലെ ഒരു സംഘാടകനുമായി അടുത്തു. ആള്‍ എന്‍ജിനീയര്‍. നഗരത്തില്‍ ചുറ്റിക്കറങ്ങാനും സിനിമയ്ക്കുമൊന്നും പോയില്ല. പക്ഷേ പരസ്പരം വലിയ ഇഷ്ടമായിരുന്നു പോലും.

അയാള്‍ പെണ്ണു ചോദിച്ച് ഒരു ദിവസം ഉമയുടെ വീട്ടില്‍ ചെന്നു. ഉമയുടെ അച്ഛനമ്മമാര്‍ കണ്ണുപൊട്ടും വിധം അയാളെ ചീത്ത പറഞ്ഞു. ഉമയുടെ കല്യാണം ഉടനേ നടത്തുമെന്നും കണ്ട ആപ്പ ഊപ്പയൊന്നും തങ്ങളുടെ മകള്‍ക്കു വേണ്ടെന്നും മറ്റും അധിക്ഷേപിച്ച് അവര്‍ അയാളുടെ ക്ഷമ പരീക്ഷിച്ചു. നാണക്കേടു താങ്ങാനാകാതെ സഹികെട്ട് അയാള്‍ കൂടെ ഇറങ്ങി വരാന്‍ ഉമയെ വിളിച്ചു. ഇറങ്ങിച്ചെല്ലാന്‍ ആഗ്രഹിച്ചെങ്കിലും ഭയമായിരുന്നുവത്രേ. പേടിച്ചു നിന്നു പോയി ഉമ.
അധികം താമസിയാതെ ഉമയുടെ കല്യാണം തീരുമാനിച്ചു. വാശിക്ക് അതേ ദിവസം അയാള്‍ സ്വന്തം കല്യാണം നടത്തിയത്രേ. കഥാനായകന്‍ ആരെന്ന് പറഞ്ഞില്ല, പക്ഷേ നായകന്‍ തന്നെ വില്ലനുമായല്ലോ എന്ന് നീന ചിന്തിച്ചു.

മറ്റൊരിക്കല്‍ നീനയെ കാണണമെന്ന് ലീവെടുപ്പിച്ച് വിളിച്ചു വരുത്തി ഉമ. അന്ന് വല്ലാതെ വിവശയായിരുന്നു അവള്‍. ജീവിതം മടുത്തുവെന്നും മറ്റും പരാതിപ്പെട്ടു. അനില്‍ അവളെ വല്ലാതെ സ്‌നേഹിക്കുന്നുവെന്നും തിരിച്ച് അതു പോലെ സ്‌നേഹിക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞു.

'പൈങ്കിളി ഡയലോഗ് അടിയ്ക്കാന്‍ നാണമില്ലെ നിനക്ക്. ' നീന കയര്‍ത്തു. പക്ഷേ അപ്പോഴേയ്ക്കും അവള്‍ പൊട്ടിക്കരഞ്ഞു. എങ്കില്‍ അനിലുമായി ഒരു സൈക്കോളജിസ്റ്റിനെ കാണാന്‍ ഉപദേശിച്ചു നീന. അവള്‍ സമ്മതിച്ചില്ല. അനിലിനെ വിഷമിപ്പിക്കാന്‍ ഇഷ്ടമല്ല പോലും. എങ്കില്‍ കൂടെ വരാം എന്നായി നീന. അതും അവള്‍ക്ക് സ്വീകാര്യമായില്ല.

കുറ്റബോധമൊന്നുമായിരുന്നില്ല അവള്‍ക്ക്. അതൊക്കെ വെറും ഇന്‍ഫാക്ച്യുവേഷന്‍ മാത്രം ആയിരുന്നെന്നും സാരമില്ലെന്നും അനില്‍ തന്നെ പറഞ്ഞിട്ടുണ്ടത്രേ. അവള്‍ തെറ്റു ചെയ്തിട്ടില്ലെന്ന് അവള്‍ക്കു നന്നായി അറിയാമായിരുന്നു. പിന്നെ ഉമയുടെ പ്രശ്‌നമെന്തെന്ന് നീനയ്ക്കു പിടി കിട്ടിയുമില്ല.

മെയില്‍ നേരത്തേ നോക്കിയെങ്കില്‍, ഉമ വിളിച്ചപ്പോള്‍ ബോള്‍ഗാട്ടിയില്‍ കൂടെ ചെന്നെങ്കില്‍, ഈ ദുരന്തം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവോ. കുറ്റബോധം നീറിപ്പടരുകയായിരുന്നു. സിസ്റ്റം ഓണ്‍ ചെയ്യുമ്പോള്‍ കൈ വിറച്ചു. ഏതോ ദുര്‍ഭൂതം അതില്‍ നിന്നു പുറത്തു വരും എന്ന പോലെ ഭയന്ന്.

''മനഃസംഘര്‍ഷം താങ്ങാനാവുന്നില്ല, ആത്മഹത്യ എന്ന് സംശയത്തിനിട കൊടുക്കാതെ മരിക്കാന്‍ തീരുമാനിച്ചു, പുറം ലോകം അതറിഞ്ഞില്ലെങ്കില്‍ അനിലിനേയോ മാളുവിനേയോ ഒരിക്കലും അറിയിക്കരുത്, പക്ഷേ അച്ഛനമ്മമാരെ അറിയിക്കണം, അനില്‍ വേറെ കല്യാണം കഴിച്ചാല്‍ മാളൂന്റെ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം...അറ്റാച്ച്‌മെന്റ്, പ്രിന്റ് ഔട്ട് എടുത്ത് അതില്‍ പറഞ്ഞിരിക്കുന്ന ആളിനെ ഏല്‍പ്പിക്കണം, പക്ഷേ വീട്ടില്‍ പോയി കാണരുത് ''. പേടിച്ചു പേടിച്ച്് അറ്റാച്ച്‌മെന്റ് തുറന്നപ്പോള്‍ ഇടിവെട്ടേറ്റ പോലായി. ഉമയുടെ പഴയ പ്രണയ കഥയിലെ നായകനുള്ളതായിരുന്നു കത്ത്. ആ നായകനോ അതി പ്രശസ്തന്‍. എല്ലാവര്‍ക്കും സുപരിചിതന്‍. ശ്വാസമടക്കി പിടിച്ച് അവരതു വായിച്ചു .
'ഒരിക്കല്‍ക്കൂടി വിളിക്കാമായിരുന്നില്ലേ, ഒരു പെണ്‍കുട്ടിയുടെ പരിമിതികള്‍, അനുജത്തിയുണ്ടായിട്ടും, മനസ്സിലാക്കാനായില്ലേ? നിന്റെ ഇഷ്ടത്തിനപ്പുറം ഒന്നുമില്ല എന്ന് അച്ഛനും അമ്മയും ഏതു കാര്യത്തിനും പറഞ്ഞിരുന്നത് ഞാന്‍ പറഞ്ഞിട്ടില്ലേ. അത് ഞാന്‍ വിശ്വസിച്ചിരുന്നു എന്നറിയാമായിരുന്നില്ലേ? അതുകൊണ്ട് അപ്രതീക്ഷിത ആക്രമണം വന്നപ്പോള്‍ ഞാന്‍ തളര്‍ന്നു എന്ന് ഊഹിക്കാമായിരുന്നില്ലേ? എന്തേ ഒന്നു കൂടി, ഒരിക്കല്‍ക്കൂടി മാത്രം വന്നില്ല, വിളിച്ചില്ല? ഇറങ്ങി വരാനായി വിളിക്ക് കാതോര്‍ത്ത് ഇരുന്നു ഞാന്‍. അതിനു പകരം നിങ്ങള്‍ക്കു വാശിയായിരുന്നു അല്ലേ ? ആരോട്, നിങ്ങളെ അകമഴിഞ്ഞു സ്‌നേഹിച്ച എന്നോടോ, അതോ എന്റെ അച്ഛനമ്മമാരോടോ? വേണ്ടിയിരുന്നോ എന്നോടീ ക്രൂരത.?

ചാനലില്‍, പത്രത്തില്‍, യൂട്യൂബില്‍ നിങ്ങളെ കാണുമ്പോള്‍, എന്റെ സ്വസ്ഥത നശിക്കുന്നു. എന്നോടു നിങ്ങള്‍ ചെയ്ത തെറ്റ് എനിക്കു പൊറുക്കാനാവുന്നില്ല. ഇക്കാലമത്രയും നീറി നീറി കഴിയുകയായിരുന്നു ഞാന്‍. നിങ്ങളെ ശിക്ഷിക്കാന്‍ എനിക്കു കഴിയില്ല. പക്ഷേ ഇനിയും ഈ ആത്മസംഘര്‍ഷം താങ്ങാന്‍ വയ്യ എനിക്ക്. അതുകൊണ്ട് എന്റെ അനിലിനേയും പൊന്നുമോളേയും അനാഥരാക്കി ഞാന്‍ പോകുന്നു, പാപികള്‍ വാഴും നരകത്തിലേക്ക്.

മക്കളും കുടുംബവുമായി കഴിയുന്ന നിങ്ങളോട് ഇങ്ങനെയൊന്നും പറയാന്‍ പാടില്ല എന്നറിയാം. പക്ഷേ, ഇത്രയുമെങ്കിലും , ഇത്ര വര്‍ഷത്തിനു ശേഷമെങ്കിലും പറയാതെ വയ്യ എനിക്ക് . എന്റെ അച്ഛനമ്മമാരും നിങ്ങളും കാണിച്ച എടുത്തുചാട്ടങ്ങള്‍ക്ക് പിഴ മൂളുന്നത് എന്റെ അനിലും മാളുവും ആണ്. കുറ്റം ചെയ്യുന്നത് ഒരു കൂട്ടര്‍ ,ശിക്ഷ അനുഭവിക്കുന്നതു മറ്റൊരു കൂട്ടര്‍. നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ദൈവം നല്ലതു വരുത്തട്ടെ, സ്വസ്ഥത തരട്ടെ. ഉമ '

രണ്ടു മൂന്നാവര്‍ത്തി വായിച്ചു രണ്ടു പേരും. 'എന്തോരു ബാലിശം! ഉമയെപ്പോലൊരാള്‍ ഇങ്ങനെ സില്ലിയാകുമോ? പാവം അനിലും മോളും '' ഹരിയുടെ പ്രതികരണം വന്നു.

'ഇല്ല ഹരീ, അവള്‍ പാവമായിരുന്നു, മുറിവുകള്‍ ഉണക്കാന്‍ കഴിയാത്ത പാവം. ' നീന കരഞ്ഞുപോയി.

'എടുത്തു ചാടി ഒന്നും ചെയ്യണ്ട നീന, ആലോചിച്ചു തീരുമാനിക്കാം. പോകാനുള്ളവര്‍ പോയി, ഇനി ജീവിച്ചിരിക്കുന്നവരുടെ സ്വസ്ഥത നമ്മളായിട്ട് കെടുത്തണ്ട. ' അവളെ നെഞ്ചില്‍ താങ്ങി, മുടിയില്‍ തലോടി ഹരി പറഞ്ഞു.

അപ്പോള്‍ കറുത്തമ്മ, ഒരേ കടലിലെ നായിക, അവരൊന്നും തെറ്റുകാരല്ലായിരുന്നോ? നീന ചിന്തിച്ചു. അതെ , അവര്‍ തെറ്റുകാരു തന്നെയായിരുന്നു, ചതിയരായിരുന്നു, പക്ഷേ എന്റെ ഉമ, അവള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ പാവം പാവം ഉമ !