Tuesday, April 17, 2012

സുനാമി


(published in kerala kaumudi weekly)  -Repost                          

" അമ്മേ ഇതു കണ്ടോ, വേഗം വായോ  "

മീനുവിന്റെ ശബ്ദത്തിലെ പരിഭ്രമം അറിഞ്ഞ് ദേവിക വേഗം സിസ്റ്റം ഷട്ട് ഡൗണ്‍ ചെയ്തു. വേളാങ്കണ്ണി മാതാവിന്റെ പള്ളിയ്്ക്ക് അടുത്ത് കടലില്‍ കാറുകള്‍ ഒഴുകി നടക്കുന്നു, തിരമാലകള്‍ പര്‍വ്വതപ്പൊക്കത്തില്‍ ഉയരുന്നു. ദൈ വമേ ഇതെന്തു പ്രതിഭാസം എന്ന് അന്തം വിട്ട് ടിവിയില്‍ കണ്ണൊട്ടിച്ചിരിപ്പായി രണ്ടാളും. അമ്മയുടെ വയറില്‍ കെട്ടിപ്പിടിച്ച് , തോളില്‍ തലവച്ച് , കുഞ്ഞു പൂച്ചക്കുട്ടിയെപ്പോലെ പമ്മിയിരുന്നു മീനു.

മുറ്റത്ത് കാറിന്റെ ഡോര്‍ തുറന്നടയുന്ന ശബ്ദം അവരെ വേളാങ്കണ്ണിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ചു. മനുവിന്റെ വല്യമ്മയുടെ മകളും കുടുംബവും. മാമനെ കാണാനുള്ള വരവാണ്. ദൈവമേ എന്ന് ദേവികയും മീനുവും  മുഖത്തോടു മുഖം നോക്കി.

ഇസ്തിരിപ്പെട്ടിയില്‍ നിന്ന് ഇറങ്ങി വന്നതുപോലെ അയാള്‍. മുഴുക്കൈയ്യന്‍ ഷര്‍ട്ട് ഇന്‍ ചെയ്ത് , കറുത്ത പെയിന്റടിച്ച് വയസ്സായ മുടികള്‍ ചെറുപ്പമാക്കി.  അയാളെ നോക്കുമ്പോള്‍ ഭാര്യയ്ക്കും മകള്‍ക്കും 'ഗ്ലാം' തീരെ പോരാ. മകളുടെ കയ്യില്‍ ഒരു കവറുണ്ട്. മാമനു കൊടുക്കാന്‍ മുണ്ടും ഷര്‍ട്ടുമായിരിക്കും. വലിയ അധികാരത്തില്‍ അവര്‍ മാമന്റെ മുറിയിലേക്കു കയറി. അങ്ങോട്ടൊന്നും പോകാന്‍ ദേവികയും മോളും കൂട്ടാക്കിയില്ല. ടിവിയുടെ വോള്യൂം കുറച്ച് അതില്‍ കണ്ണുനട്ട് ഒന്നും കാണാതെ.....

മാമന്റെ മുറിയില്‍ കുശലങ്ങളെല്ലാം കഴിഞ്ഞു. കാര്യവിചാരം തുടങ്ങി.

"ഞങ്ങള്‍ അടുത്ത മാസം ഇങ്ങു വരും, വാടക വീട് നോക്കുന്നുണ്ട്. അപ്പോള്‍ മാമനും ഞങ്ങള്‍ക്കൊപ്പം പോരാം. എനിക്കു ജോലിക്കു പോകണ്ടല്ലോ, മാമനെ കൂടുതല്‍ ശ്രദ്ധിക്കാന്‍ പറ്റും." അനന്തരവള്‍ മോഹവലയെറിഞ്ഞു, ദേവിക ഉദ്യോഗസ്ഥയായതിനാല്‍ നോട്ടം പോരാ എന്നും ധ്വനിപ്പിച്ചു.

"നിങ്ങള്‍ക്കിവിടെ വീടുണ്ടല്ലോ, ഞാന്‍ തന്ന ഫഌറ്റുമുണ്ട്, പിന്നെന്തിനാണ് വാടക വീട്?"' തികച്ചും ന്യായം.

ഇവിടെ വരും, കൂടെ താമസിക്കും എന്ന് വിശ്വസിപ്പിച്ച് മാമന്റെ വീട് അവരുടെ മകളുടെ പേരിലാക്കി സ്ഥലം വിട്ടതില്‍ പിന്നെ പൊങ്ങുന്നത് ഇപ്പോഴാണ്.  മാമന്‍ ഫോണ്‍ ചെയ്യുമ്പോഴൊക്കെ അടുത്ത മാസം വരും എന്നു പറയും. ഒരിക്കല്‍ സഹികെട്ട് അങ്ങനെയല്ലല്ലോ നേരത്തേ പറഞ്ഞത് എന്നു അങ്ങോട്ടു ചോദിക്കുന്നതു കേട്ടു. അതില്‍ പിന്നെ മാമനും വിളി നിര്‍ത്തി.

"ഞങ്ങള്‍ടെ വീട് വളരെ വലുതല്ലേ, രണ്ടു നിലയും വാടകയ്ക്കും കൊടുത്തു.   പിന്നെ മാമന്‍ തന്നത് തീരെ ചെറുതും. അവിടെ തന്നെ 2 ബെഡ് വീടുണ്ട്. വ്യത്യാസമുള്ള പൈസ കൊടുത്താല്‍ അതു തരാമെന്ന് അവര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ വാടകവീടു വേണ്ടല്ലോ."

"എന്റെ പിഎഫും ഗ്രാറ്റ്വിറ്റിയുമൊന്നും കിട്ടിയില്ല . കാശില്ല, അല്ലെങ്കില്‍ ഞാന്‍  കൊടുത്തേനേ."

"ഞങ്ങള്‍ താമസിക്കുന്നിടത്ത് മണല്‍ വാരലാ. മാഫിയാ. ഇവളേം കൊണ്ട്   അവിടെ കഴിയുന്നത് പേടിച്ചാണ്. ചേട്ടനില്ലാത്തപ്പോ ഞാന്‍ പേടിച്ച് ഉറങ്ങാ      റേയില്ല. രാത്രി മുഴുവന്‍ വണ്ടികള്‍ വന്നും പോയുമിരിക്കും. കള്ളും കുടിച്ചു കൂക്കും വിളീമുണ്ട്."  കരച്ചിലിന്റെ വക്കത്തായിരുന്നു മാമന്റെ മാനസപുത്രി.
.
"അയ്യോ, അതു വല്യ കഷ്ടമാണല്ലോ'" ശരിക്കും വിഷമത്തിലാണപ്പറഞ്ഞത്. ദൈവമേ, ഇവര്‍ക്കൊരു പുതിയ നുണ പറഞ്ഞൂടെ?ഇതേ സഹതാപതരംഗത്തിലാണ് മാമനു വീടു കൈവിട്ടു പോയത്.  പാവം, എല്ലാം മറന്നിരിക്കുന്നു. വാര്‍ദ്ധക്യം, രോഗാവശതകള്‍....അല്ലെങ്കില്‍ നിങ്ങള്‍ക്ക് വീടു മാറിക്കൂടേ എന്നേ ചോദിക്കൂമായിരുന്നുള്ളു, അല്ലാതെ കിടക്കാടം കൈവിട്ടു കളയുമായിരുന്നില്ല. സ്വന്തം അച്ഛനെ വൃദ്ധസദനത്തിലാക്കിയവള്‍ തന്നെ കൂടെ താമസിപ്പിക്കും എന്നു വിശ്വസിക്കുമായിരുന്നില്ല.

കണ്ണീര്‍ക്കഥകളുമായി മുമ്പും പലവട്ടം അവര്‍ വന്നു. അതു വിശ്വസിച്ച് മാമന്‍ പിന്നെ ആഹാരം കഴിക്കില്ല, രാത്രി ഉറങ്ങില്ല, സമയത്ത് മരുന്നു കഴിക്കാന്‍ കൂട്ടാക്കില്ല, ആകെ അസ്വസ്ഥത. കഠിനശ്രമം നടത്തി സാധാരണത്വത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ നാളുകളെടുക്കും. മനുവും ദേവികയും ഒന്ന് നടുവു നിവര്‍ത്തുമ്പോഴേയ്ക്കും അവര്‍ വീണ്ടുമെത്തും, തീരുമാനിച്ചത് നടത്തിയെടുക്കും വരെ. അത് പതിവ്.

"അച്ഛന്റെ കയ്യില്‍ കാശില്ല മാമാ. പിന്നെ അച്ഛന്റെ ചികിത്സയുമുണ്ട്. പൈസ തന്നാല്‍ രണ്ടു ബെഡ് ഫഌറ്റ് എടുത്ത് ഇങ്ങു പോരാമായിരുന്നു."  കഷ്ടം, മകളുടെ തലയിലും പാപം കെട്ടിവയ്ക്കുന്നു, വിവരം കെട്ട അത്യാര്‍ത്തിക്കാര്‍. മീനുവിന് ഒരു മുത്തം കൊടുത്തു മീനുവിന്റമ്മ.

"തല്‍ക്കാലം കുറച്ചു പൈസ ചെലവിനാവട്ടെ, ചികിത്സ മുടക്കണ്ട."

മാമന് എന്തെല്ലാമോ മനസ്സിലായി തുടങ്ങിയോ പോലും? പഴയ ആവേശമൊന്നുമില്ല, കൂടുതല്‍ പറയിച്ചുമില്ല. പക്ഷേ അതില്‍ കാര്യമില്ല, ഈ ആവശ്യം നേടിയെടുക്കും വരെ അവര്‍ നിരന്തരം വരും. വീണ്ടും സൈ്വര്യക്കേടിന്റെ ദിനങ്ങള്‍ തുടങ്ങുകയായി. ഇതിനിയും സഹിക്കേണ്ട കാര്യമൊന്നുമില്ല, ദേവിക ഒരു ആനമണ്ടന്‍ തീരുമാനമെടുത്തു. ചില നേരത്ത് അങ്ങനെയാണ്, മുന്‍പിന്‍ നോട്ടമില്ല. വരാന്തയിലപ്പോള്‍  കാല്‍ തൊട്ടു വന്ദനം അരങ്ങേറുകയാണ്!

" നോക്കൂ എനിക്കൊരു കാര്യം പറയാനുണ്ട്. നിങ്ങള്‍ ഇങ്ങനെ മാമനെ സങ്കടപ്പെടുത്തരുത്. മാമനെ അതു വല്ലാതെ ബാധിക്കുന്നുണ്ട്." നല്ല വിനയത്തിലാണ് അപ്പറഞ്ഞത്. തീരെ അപ്രതീക്ഷിതമായിരുന്നതിനാല്‍ ഇത്തിരി നേരം നിശബ്ദത.
" നീ ആരെടീ ഇതു പറയാന്‍?"' അയാള്‍. ദേവിക അത് അവഗണിച്ചു.

" കൂടെ കൊണ്ടു പോകാം കൊണ്ടു പോകാംന്നു പാവം മാമനെ പറ്റിക്കാന്‍ തുടങ്ങീട്ട് നാളെത്രയായി . ഇല്ലാത്ത സങ്കടക്കഥ പറഞ്ഞു കാര്യം നടത്തി നിങ്ങളങ്ങു പോകും, ബാക്കി അനുഭവിക്കുന്നത് ഞങ്ങളാണ്."

അടക്കിവച്ചതെല്ലാം ദേവിക ഒറ്റ ശ്വാസത്തിലങ്ങു പറഞ്ഞു തീര്‍ത്തു. അല്ല, അനുഭവിച്ച ദുരിതങ്ങള്‍ അവളെക്കൊണ്ട് പറയിച്ചു എന്നതാണ് ശരി. ചില കാര്യങ്ങള്‍ സത്യമായിരിക്കും, എല്ലാ ശരിയും നമ്മുടെ ഭാഗത്തുമാവും, പക്ഷേ പറയാന്‍ പാടില്ല, പറഞ്ഞുപോയാല്‍ പറയുന്നവര്‍ ചെറുതാകും.

ജാള്യതയോടെ മൂന്നു പേരും അന്യോന്യം നോക്കി. മര്‍മ്മത്താണ് ദേവിക കുത്തിയത്. എല്ലാ അതിബുദ്ധിക്കാരേയും പോലെ മറ്റുള്ളവരെല്ലാം മണ്ടരെന്നും തന്ത്രങ്ങള്‍ ആര്‍ക്കും മനസ്സിലാവില്ലെന്നും അവരും കരുതിയിരിക്കണം.

"നീ ആരെടീ ഇതൊക്ക പറയാന്‍? എന്തു കണ്ടിട്ടാടീ നിന്റെ ഈ അഹങ്കാരം? നിന്റെ ഈ ചൂത്ത വീടു കണ്ടിട്ടോ? നാണമില്ലേടീ നിനക്ക്? വീ വില്‍ കം ആന്‍ഡ് ഗോ ആസ് വീ പ്ലീസ്. കൊണ്ടു പോകയോ പോകാതിരിക്കയോ ഞങ്ങടെ ഇഷ്ടം പോലെ ചെയ്യും. നീയാരെടീ അതു ചോദിക്കാന്‍?" നാണക്കേടു മറയ്ക്കാന്‍ അയാള്‍ ചീറി.

-മൈന്‍ഡ് യുവര്‍ വേഡ്‌സ് പഌസ്, എടീ, നീ എന്നൊന്നും വിളിക്കരുത്.

അതിനിടയ്ക്ക് മീനു അച്ഛനെ ഫോണ്‍ ചെയ്തു. വിക്കി വിക്കി എന്തൊക്കെ യോ പറഞ്ഞു അവള്‍. അമ്മയെ കെട്ടിപ്പിടിച്ചു, വേണ്ടമ്മേ, വേണ്ടമ്മേ എന്ന്്.  

" മാമനു മര്യാദയ്ക്ക് ഭക്ഷണം പോലും കൊടുക്കാതെ കണ്ടില്ലെ മെലിഞ്ഞിരിക്കുന്നത്. എന്നിട്ടാ അവള്‍ടെ പ്രസംഗം" .ഭാര്യ എരിതീയില്‍ എണ്ണയൊഴിച്ചു.

"മാമന്റെ തുണി കണ്ടില്ലേ, വെറും പഴയത്." മകളും കുറച്ചില്ല.

"മാമന്‍ വരുമെങ്കില്‍ വിളിച്ചുകൊണ്ടുപോയി നല്ല ഭക്ഷണവും തുണിയും കൊടുക്കാമല്ലോ നിങ്ങള്‍ക്ക്, ആരു തടസ്സം?" ദേവികയും വിട്ടു കൊടുത്തില്ല.

"തട്ടുത്തരം പറയുന്നോടീ, യൂ  റാസ്‌കല്‍, ഹൂ ആര്‍ യൂ ടു ക്വസ്റ്റിയന്‍ അസ്്്?"'

"ഡോണ്ട് കാള്‍ മീ നേംസ്് പ്ലീസ്." ദേവികയുടെ മുഖം ചുവന്നു.

"ക്ഷമിക്കണേ മാമാ, എത്ര നാളായി ഇതു കണ്ടില്ലെന്നു വയ്ക്കുന്നു, മാമനാ ണെങ്കില്‍ ഒന്നും മനസ്സിലാവുന്നുമില്ല. ഇനീം സഹിക്കാന്‍ വയ്യ. അതോണ്ടാ.   അല്ലാതെ മാമനോടു ദേഷ്യം കൊണ്ടല്ല"- സ്തബ്ധനായി നില്‍ക്കുന്ന മാമനോ ടായി ദേവിക സമസ്താപരാധം പറഞ്ഞു.

" മൂന്നെണ്ണത്തിനേം കാണിച്ചു തരാമെടീ അഹങ്കാരി. വച്ചിട്ടുണ്ട് ഞാന്‍."

" അങ്കിള്‍ പ്ലീസ്, മൈ ഡാഡ് വില്‍ ബി ഹിയര്‍ ഇന്‍ നോ ടൈം. പ്ലീസ് അങ്കിള്‍."  മീനു അപേക്ഷിച്ചു. അയല്‍പക്കജനലുകളില്‍ തലകള്‍ പ്രത്യക്ഷപ്പെട്ടത് അവള്‍ കണ്ടു കാണും.

ആ ശരി അവന്‍ വരട്ടെ , ഭാര്യ പറഞ്ഞു. അയാളും  സമ്മതം പോലെ നിന്നു. പൊടുന്നനെ വീണ്ടും വായ്ത്താരി തുടങ്ങി.
-ഹൂ ഡൂ യൂ തിങ്ക് യുവര്‍ ഡാഡ് ഈസ്? വൈ ഷുഡ് ഐ വെയിറ്റ് ഫോര്‍ ഹിം ?ഹീ ഷുഡ് കം ടു മീ ഈഫ് ഹീ വാണ്ട്‌സ്. വാ നമുക്കു പോകാം.' മനു വരും മുമ്പ്് രക്ഷപ്പെടാനുള്ള തന്ത്രം!
ആകെ ആധി പിടിച്ച് മനു എത്തി .അപമാനം, കുറ്റബോധം, നിസ്സഹായത എല്ലാം ദേവികയ്ക്ക് കണ്ണീരായി ഉരുണ്ടുകൂടി.
" സോറി മനു, ഞാന്‍ വടി കൊടുത്ത് അടി വാങ്ങിച്ചതാണ് ,സോറി"

"മാമന്‍ കേട്ടില്ലേ അവരു പറഞ്ഞത്? എന്റച്ഛനുമമ്മേം എന്തു തെറ്റു ചെയ്തിട്ടാ അവരെ ചീത്ത പറഞ്ഞത്?"' പോട്ടെ, പോട്ടെ എന്നു മീനുവിനെ തലോടി നിന്ന മാമനോട് അവള്‍ സങ്കടപ്പെട്ടു.  മുഴുവന്‍ കാര്യങ്ങളും അവള്‍ അച്ഛനോടു പറഞ്ഞു.

"ഇപ്പഴെങ്കിലും മാമനവരെ മനസ്സിലായോ ? മാമന്റെ മുന്നില്‍ വച്ച് ഇത്ര മോശമായി വേറാരെങ്കിലും പെരുമാറുമോ? ഇനി എന്തു പറഞ്ഞാലും ശരി അവരെ ഇവിടെ കയറ്റാന്‍ സമ്മതിക്കില്ല ഞാന്‍. അക്കാര്യം എന്നോടു പറയരുത്".  മനുവും വല്ലാതെ വികാരവിവശനായി. മാമനെ വിഷമിപ്പിക്കരുത് എന്നു കരുതി ക്ഷമിക്കയായിരുന്നു ഇതു വരെ.

ടിവിയില്‍ അപ്പോഴേയ്ക്കും ആ പ്രതിഭാസത്തിനു പേരു വന്നു കഴിഞ്ഞിരു ന്നു, സുനാമി! ഓര്‍ക്കാപ്പുറത്തൊരു സുനാമി !

മാമന് മനുവിനോട് ഇഷ്ടക്കുറവേതും ഉണ്ടായിരുന്നില്ല. വലിയേച്ചിയുടെ കുടുംബത്തില്‍ ഈ മകളൊഴികെ ആരും പച്ച പിടിച്ചില്ല എന്ന തീവ്ര ദുഃഖം, ഏറെ നരകിച്ച് മരിച്ച വലിയേച്ചിയോടുള്ള സ്‌നേഹം, സഹതാപം. ഇതെല്ലാം അവരുടെ മകളോടുള്ള അന്ധവാല്‍സല്യമായി ഒഴുകി. അവര്‍ നനഞ്ഞിടം കുഴിച്ചു, സ്വാഭാവികം! വയ്യാതായാല്‍ അവള്‍ എന്നെ നോക്കുംന്ന് പറഞ്ഞിട്ടുണ്ട്, എന്ന് മാമന്‍ പറയാറുണ്ടായിരുന്നു. അത് നടക്കാത്ത കാര്യം എന്ന് അമ്മ  ദേവികയോട് അടക്കം പറഞ്ഞിട്ടുമുണ്ട്. വീടിന്റെ ലോണ്‍ തവണകള്‍ അടപ്പിക്കാനും മറ്റും വേണ്ടി പറഞ്ഞു ധരിപ്പിച്ചതൊക്കെ സത്യമെന്നു നിനച്ചു കാണും മാമന്‍. മാത്രവുമല്ല, തിരുവനന്തപുരത്ത് അച്ഛനമ്മമാരെ നോക്കേണ്ടത് വീട്ടില്‍ ജനിച്ചുവളര്‍ന്ന മകളാണ്, വന്നുകയറിയ മകളല്ല.  

വിശ്രമജീവിതം തുടങ്ങും വരെ കാര്യസാദ്ധ്യക്കാര്‍ ഓഫീസില്‍ പോയി കണ്ടോളും, അതു കൊണ്ട് വീട്ടില്‍ സൈ്വര്യമായിരുന്നു. ഓര്‍ക്കാപ്പുറത്ത് രോഗാതുരനായതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. സ്വച്ഛമായി ഒതുങ്ങി ഒഴുകിയിരുന്ന അവരുടെ ജീവിതനദി കലങ്ങി മറിയാന്‍ തുടങ്ങി.

ബാല്യം വിടാത്ത രണ്ടു മക്കളുമായി വൈധവ്യത്തിലേക്ക് എറിയപ്പെട്ടവളാണ് മനുവിന്റെ അമ്മ. അനുജന്റെ സാന്നിദ്ധ്യം മാത്രമേ അവര്‍ ആഗ്രഹിച്ചുള്ളു.  ജീവിതത്തിന്റെ കയ്പ്പ് ഏറെ കണ്ട അവര്‍ക്ക് വീട്ടിലെ ആണ്‍സാന്നിദ്ധ്യ ത്തിന്റെ വില നന്നായറിയുമായിരുന്നിരിക്കണം. 'വീട്ടുകാര്യങ്ങളൊന്നും അവന്‍ അന്വേഷിക്കാറില്ല, പക്ഷേ അവനില്ലായിരുന്നെങ്കില്‍ ഞാന്‍ ഈ പിള്ളേരേം കൊണ്ട് ആതമഹത്യ ചെയ്‌തേനെ ' എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. മനുവിന് കണ്‍കണ്ട ദൈവമാണ് മാമനെന്ന് ദേവികയ്ക്കറിയാം. 'ഇത്രേം നല്ല മാമനെ കണ്ടു വളര്‍ന്നതോണ്ടാ നിനക്കിത്ര നല്ല അച്ഛനെ കിട്ടിയത് ' എന്ന് ദേവിക മീനുവിനെ ഓര്‍മ്മപ്പെടുത്താറുണ്ട്. അവനവനെ പാണ്ഡവര്‍ക്കും സ്വന്തം സൈന്യവും ധനവും കൗരവര്‍ക്കും നല്‍കിയ കൃഷ്ണനെപ്പോലെ എന്നു ദേവികയ്ക്ക് തോന്നിയിട്ടുണ്ട്.

എന്തോ മുറ്റത്തേയ്ക്കു വീഴുന്ന ശബ്ദം. ചെന്നു നോക്കുമ്പോള്‍ അവര്‍ കൊണ്ടുവന്ന  തുണിക്കൂട്. പൊട്ടിച്ചു നോക്കാതെ മുറ്റത്തേയ്ക്ക് എറിഞ്ഞിരിക്കുന്നു. കൊണ്ടു പോയി കത്തിച്ചു കളഞ്ഞേക്കൂ എന്ന് ദേവികയുടെ മുഖത്തെ ചോദ്യചിഹ്നത്തിന് മാമന്റെ ഉത്തരവ്. മടിച്ചു നിന്നപ്പോള്‍, എനിക്കതിനി കാ ണണ്ട, കൊണ്ടു പോകാനല്ലേ പറഞ്ഞത് എന്ന് ദേഷ്യം. ഒന്നും മിണ്ടാതെ കവറെടുത്തു പോന്നു. കോണ്‍വെന്റില്‍ കൊടുക്കാം. ഏതോ അജ്ഞാതന് ഉപകരിക്കട്ടെ.

വൈകുന്നേരം കോംപഌനുമായി ചെന്നപ്പോള്‍ ഈസിചെയറില്‍ ചിന്താധീനനായിരുന്നു  മാമന്‍.
- എനിക്കു ചിലതു പറയാനുണ്ട്.

ശരി, മാമാ എന്ന് കേള്‍ക്കാന്‍ തയ്യാറടെുത്ത് ചാരുകസാലയുടെ കൈയ്യില്‍ പിടിച്ച് നിലത്തു മുട്ടു കുത്തിയിരുന്നു ദേവിക. ഇത് ഇടയ്ക്കിടെയുള്ളതാണ്. ഒറ്റാന്തടിയായി, നാടിനു വേണ്ടി വിശ്രമമില്ലാതെ ജീവിച്ച നാളുകളിലെ ചില ഏടുകള്‍, ബന്ധുജനങ്ങളെ കുറിച്ച് വേവലാതി. അല്ലാതെ സാധാരണ വൃദ്ധരെപ്പോലെ ഭൂതകാലവീരകഥകളില്ല, എപ്പോഴും വര്‍ത്തമാനത്തിന് ആളു വേണം എന്ന നിര്‍ബന്ധവുമില്ല.

- എല്ലാവരും എന്നെ കളിയാക്കുന്നു.
-ആര് മാമാ, അതിനിവിടെ ആരുമില്ലല്ലോ.
-നാണമില്ലേന്നു ചോദിച്ച് കളിയാക്കുന്നു.
-ആര്, ഞങ്ങളോ?
-അല്ലല്ല, നിങ്ങള്‍ പറയില്ലെന്നെനിക്കറിയില്ലേ, മറ്റുള്ളവര്‍.

ദേവികയ്ക്ക്  സംഗതി പിടി കിട്ടി. മണ്ടത്തരങ്ങള്‍ കാണിച്ചു കൂട്ടിയെന്നും കിടക്കാടം നഷ്ടപ്പെടുത്തിയതു പറഞ്ഞ് മറ്റുള്ളവര്‍ കളിയാക്കുന്നുവെന്നുമുള്ള വിചാരം, നാണക്കേട്. പറ്റിക്കപ്പെട്ടു എന്ന തിരിച്ചറിവുണ്ടാക്കിയ മുറിവ്. ആ തിരിച്ചറിവ് മാമനു ദുഃഖപൂര്‍ണ്ണമെങ്കിലും ദേവികയ്ക്ക് ആശ്വാസമായിരുന്നു.

എണ്ണിയാലൊടുങ്ങാത്ത അമ്പുകള്‍ ആ സെക്കോളജി എം.എ ക്കാരന്റെ ആവനാഴിയില്‍ ഉണ്ടായിരുന്നു, പ്രയോഗിച്ചു വിജയിച്ചിട്ടുമുണ്ട്. പക്ഷേ അതൊ ന്നും ആരും മാമനോട് പറഞ്ഞില്ല, പറഞ്ഞാല്‍ വിശ്വസിക്കില്ല, വാദി പ്രതിയാകയും ചെയ്യും. ആനയ്ക്കും അടിതെറ്റും എന്ന പോലെ ഇവിടെ അയാള്‍ക്കു പിഴച്ചു പോയി. ഇങ്ങോട്ടേയ്ക്കുള്ള വരവിന് അയാള്‍ തന്നെ അവര്‍ക്കു പാര പണിഞ്ഞു. താമസിച്ചെങ്കിലും ദൈവത്തിന്റെ ഇടപെടല്‍!

-പോയതെല്ലാം പോട്ടെ മാമാ, ഇനി അതൊന്നും ആലോചിക്കണ്ട. ഇതും മാമന്റെ വീടല്ലേ. ഞങ്ങളില്ലേ മാമന്? - ദേവിക കോംപ്ലാന്‍ നീട്ടി. ആശ്വാസനെടുവീര്‍പ്പോടെ, സമാധാനച്ചിരിയോടെ, മാമന്‍ അതു വാങ്ങി കുടിച്ചു . ഒരു വാക്ക്, ഒരു കുഞ്ഞു വാചകം, ഒരു നോട്ടം, അതു ചിലപ്പോള്‍ ശാന്തിമഴയായ് പെയ്യും, ചുട്ടു നീറുന്ന മനസ്സകങ്ങളില്‍.

സൂര്യന്‍ അസ്തമിച്ചു. എവിടെ എന്തു സംഭവിച്ചാലും നിര്‍മ്മമനായ രവിക്ക് ഉദിക്കാതിരിക്കാനും അസ്തമിക്കാതിരിക്കാനും ആവില്ലല്ലോ! രാത്രി പതിവു പോലെ കിടക്ക തട്ടിക്കുടഞ്ഞു വിരിച്ചു, കിടന്നു കഴിഞ്ഞ് പോരാന്‍ തിരിയവേ ദേവികയുടെ കൈ പിടിച്ചു നിര്‍ത്തി മാമന്‍.

" ഞാന്‍, ഞാന്‍ കാരണം നിങ്ങള്‍ക്ക് അപമാനം....എല്ലാം കൈവിട്ടു പോയി. നിങ്ങള്‍ക്ക് ഞാന്‍ ഒരു ബാദ്ധ്യതയായി.. " വിറയാര്‍ന്നതായിരുന്നു ആ ശബ്ദം. ഇത്ര വികാരാധീനനായി മാമനെ ദേവിക കണ്ടിട്ടില്ല.

" ഒരിക്കലും അല്ല മാമാ...അല്ല, അല്ല, അങ്ങനല്ല ", ദേവികയ്ക്ക് വാക്കുകള്‍ മുറിഞ്ഞു. കട്ടിലിനടുത്ത് നിലത്തു മുട്ടു കുത്തിയിരുന്നു അവള്‍. അവളുടെ ഇരുകൈകളും സ്വന്തം നെഞ്ചോട് ചേര്‍ത്ത് ആ വന്ദ്യവയോധികന്‍ തേങ്ങി.

' നന്ദി, നന്ദി'  കൃതജ്ഞതയോടെ അതു പറയുമ്പോള്‍ ആ കണ്ണുകള്‍ കവിഞ്ഞൊഴുകി. ദേവികയുടേയും. കൈ തടവിയും കണ്ണു തുടച്ചും സമാധാനിപ്പിക്കവേ, ദേവിക കണ്ടു, മാമന്  അവളുടെ മരിച്ചു പോയ അച്ഛന്റെ മുഖമായിരിക്കുന്നു!

സുനാമിദുരന്തത്തില്‍ പെട്ടവരെ സഹായിക്കുന്ന ദൃശ്യങ്ങളായിരുന്നു അപ്പോള്‍ ടിവിയില്‍.



19 comments:

  1. ഇത് ചെറുകഥ എന്നു പറയാനുള്ള ഗുണമില്ല എന്നറിയാം. എന്നാലും ഇടുന്നു.

    ReplyDelete
  2. കള്ളക്കണ്ണീരും പഞ്ചാരവാക്കുകളുമായി മുതലെടുക്കുന്നവരും നിസ്വാർത്ഥമായി സ്ണേഹിക്കുന്നവരും ഉണ്ട് ബന്ധുക്കളിൽ. മാമനെപ്പോലെ തിരിച്ചറിയാൻ വൈകുന്നവരും. വളരെ സത്യമായ കേരളത്തിലെ ഒരു മധ്യവർത്തികുടുംബചിത്രം നന്നായി വരച്ചിട്ടിട്ടുണ്ട് ഈ കഥ. ഇതു പോലൊരു കഥ മൈത്രേയിയുടേതായി മുൻപ് വായിച്ചിട്ടുണ്ടോ എന്നൊരു സംശയം ഉണ്ട്.

    ReplyDelete
  3. വയസ്സായവര്‍ക്ക് നിരുപാധികമായി അഭയം കൊടുക്കുന്നൊരു മനസ്സ്..
    അങ്ങിനെയൊരു നന്മയുടെ സന്ദേശം ഇതിലൂടെ കിട്ടുന്നുണ്ട്‌.
    ആശംസകള്‍.

    ReplyDelete
  4. വിജുബായി- നന്ദി ആദ്യവരവിനും ആദ്യകമന്റിനും
    ശ്രീനാഥന്‍-ഉവ്വ്, 'ബുദ്ധനും ബുദ്ധിയും'-കുങ്കുമത്തില്‍ പ്രസിദ്ധീകരിച്ച കഥ: നാലഞ്ച് എപ്പിസോഡുകള്‍ കൂടെ ഇനിയും വന്നേക്കും. കമന്റില്‍ അത് എഴുതണം എന്നു വിചാരിച്ചിരുന്നു, പക്ഷേ വിട്ടു പോയി.
    മെയ്പൂക്കള്‍- അതെ കൃത്യമായ വാക്ക് നിരുപാധികം തന്നെ.

    ReplyDelete
  5. മൈത്രേയി, ഇത് കഥയോ അനുഭവമോ എന്ന് വേര്‍തിരിച്ചറിയാനാവുന്നില്ല.
    ഇക്കാലത്തും ഇത്തരം ആളുകളുണ്ടോ, പരസ്യമായി ചീത്ത പറയുകയും മറ്റും...?

    ReplyDelete
  6. മൈത്രേയി ജീവിതത്തിലെ ചില പച്ചയായ സത്യം പറഞ്ഞു.
    പ്രായമായ ധനമുള്ളവരെ അങ്ങ് പരിധി വിട്ട് സ്നേഹപ്രകടനം കൊണ്ട്
    ശ്വാസം മുട്ടിക്കുകയും കണ്ണിരൊലിപ്പിച്ച് പറഞ്ഞ് അവരുടെ പണം ത്ട്ടിയെടുക്കുകയും
    ചെയ്യാന്‍ മക്കളും മരുമക്കളും അനിന്തരവന്മാരും ഒക്കെ വരും വാര്‍ദ്ധക്യത്തില്‍
    അവരത് തിരിച്ചറിഞ്ഞാലും അറിഞ്ഞതായി ഭാവിക്കില്ല. പിന്നെ കയ്യില്‍ കാശില്ലാതെ വരുമ്പോള്‍ മേപ്പടിയാന്മാരെ മഷിയിട്ട് നോക്കിയാല്‍ പോലും കാണില്ല.
    നന്നായി പറഞ്ഞു .... ജീവിതത്തിലും സുനാമികള്‍ വന്നു പോകുന്നു...

    ReplyDelete
  7. ഇത്തരം ഒട്ടേറെ സംഭവങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ചേച്ചീ കിടക്കാടം എന്നത് ഏതെങ്കിലും നാട്ടുപ്രയോഗമാണോ? ഞാന്‍ കിടപ്പാടമെന്നേ കേട്ടിട്ടുള്ളൂ. ആദ്യം അക്ഷരതെറ്റാവുമെന്ന് കരുതിയെങ്കിലും രണ്ടിടത്ത് കണ്ടത് കൊണ്ടാണ് ഇങ്ങിനെ ചോദിക്കുന്നത്. മറ്റൊന്ന്, സുനാമിയെ ഈ കഥയുമായി ബന്ധിപ്പിക്കുവാന്‍ ഒട്ടേറെ ബുദ്ധിമുട്ടുന്നു കഥാകൃത്ത് എന്ന് തോന്നി. അത് വല്ലാത്ത ഒരു ഏച്ചുകെട്ടുപോലെ. സുനാമി എന്ന പേരിനു കീഴെ ഈ തീമിനെ കൊണ്ടുവരുവാനായി കിണഞ്ഞുപരിശ്രമിക്കുന്ന ഒരു ഫീല്‍. കഥയുടെ ഫ്ലോ ചിലയിടങ്ങളില്‍ കൈവിട്ടിട്ടുമുണ്ട്. കഥയായില്ല എന്നൊരു പരാമര്‍ശമല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഒരല്പം കൂടെ മനസ്സുവെച്ചിരുന്നെങ്കില്‍ ഇതിലും മികച്ച രീതിയില്‍ ചേച്ചിക്ക് ഇതിനെ നരേറ്റ് ചെയ്യാമായിരുന്നു എന്നൊരു തോന്നല്‍.

    ReplyDelete
  8. പാവം പൂവേ, രണ്ടും കൂടി എന്നങ്ങു വിചാരിക്കൂ. ഇതിനേക്കാള്‍ മോശമായവര്‍ എത്രയോ പേരുണ്ട്. ഈ അനുഭവം വരും വരെ കഥയിലെ ദേവികയും പൂവിനെ പോലെ തന്നെയാവും കരുതിയിട്ടുണ്ടാവുക.

    മാണിക്യം- അതു തന്നെ-ചിലര്‍ മനസ്സിലായാലും മനസ്സിലായില്ലെന്നു ഭാവിക്കും. ചിലര്‍ ശരിക്കും മനസ്സിലായി വരുമ്പോഴേയ്ക്കും ആ മനസ്സിലാകല്‍ കൊണ്ട് ഒരു പ്രയോജനവും ഇല്ലായിരിക്കും. അത്തരം ഒരു ഹതഭാഗ്യയാണ് എന്റെ തന്നെ വരുണിന്റെ കഥയില്‍.

    മനോ, കിടക്കാടം എന്ന് ഞങ്ങളുടെ നാട്ടില്‍ പ്രയോഗമുണ്ട്, കിടക്കുന്ന ഇടം എന്നാവാം. സുനാമിയെ നന്നായി ഇഴ ചേര്‍ത്തുവെന്നാണ് എന്റെ വിചാരം.ങും, പൊട്ട വിചാരം:):) ഇതിനെ കഥ എന്നു പറയാനാവില്ല എന്നെനിക്കും അറിയാം. പക്ഷേ ഞാന്‍ ഇനിയും ശ്രമിച്ചാലും ഇതു നന്നാവില്ല മനോ. സത്യത്തില്‍ ഇതിനു മുമ്പ് എഴുതിയതെല്ലാം വന്ന വാക്കിന് എഴുതുകയായിരുന്നു, എഡിറ്റിംഗിന് ക്ഷമയില്ല. പക്ഷേ ഇത് ഞാന്‍ ഒരു പാടു സമയം കളഞ്ഞ്, വെട്ടി തിരുത്തി, വെട്ടി തിരുത്തി എഴുതിയതാണ്. എന്നിട്ടും തഥൈവ! ആഗ്രഹം മാത്രം പോരല്ലോ കഥ എഴുതുവാന്‍, ധിഷണയും കൂടി വേണ്ടേ.

    ReplyDelete
  9. ഇതുപോലൊരു കഥ വായിച്ചിരുന്നല്ലോ മുമ്പ് എന്നു ഞാനും ഓര്‍ക്കുകയായിരുന്നു. (എനിക്കും ശ്രീനാഥന്‍ മാഷ്ക്കും ഓര്‍മ്മശക്തിക്കു അവാര്‍ഡു തരണം!. )
    ഓര്‍മ്മശക്തിയുടെയല്ല, കഥയുടെ മിടുക്കാണത്...
    കഥ കുഴപ്പമില്ലാതെ, മടുപ്പില്ലാതെ വായിക്കാനാവുന്നുണ്ട്.. ഓക്കെ എന്നാണെനിക്കു തോന്നുന്നത്. പിന്നെ കഥയെഴുത്തുകാരു ശരിക്കു അപഗ്രഥിച്ചു പറയുമല്ലോ. കേട്ടു നന്നായിക്കോളൂ.

    ReplyDelete
  10. ഇതു കഥയാണെങ്കിൽ പോലും അങ്ങനെയൊരത്താണി കിട്ടിയ ആ മാമൻ ഭാഗ്യവാൻ.

    ReplyDelete
  11. കിടപ്പാടം, കിടക്കാടം, കിടപ്പേടം...ഒക്കെയുണ്ടേ മലയാളത്തിൽ. ഈ കഥ കുങ്കുമത്തിൽ വന്നതാണല്ലേ?
    സുനാമി വരുന്നത് മാമനെ കാണാൻ വന്നവരെപ്പോലെയായിരിയ്ക്കും സംശയമില്ല. എല്ലാം തകർത്ത് സമാധാനം കളഞ്ഞ്....
    പോവുമ്പോ പക്ഷെ, ഇങ്ങനത്തെ ശാന്തിയാവില്ല എന്നു മാത്രം...
    കഥ ഇഷ്ടമായി കേട്ടൊ.

    ReplyDelete
  12. മൈത്രേയീ,
    കഥ ഇഷ്ടമായി. ദുരൂഹത ഇല്ലാതെ ഇങ്ങനത്തെ കഥകളേ എനിക്കു മനസിലാകൂ. വീണ്ടുംവരാം
    അജിത

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. ഇത് കേരളകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചതുകൊണ്ട് ഒന്നു റീപോസ്റ്റിയതാണ്. നേരത്തേ വായിച്ചവര്‍ ക്ഷമിക്കുക.
    മുകില്‍ ടടെപ്പിസ്റ്റ്, എച്ച്മു, അജിത-നന്ദി, സ്‌നേഹം.

    ReplyDelete
  15. valare nannayi paranju...... blogil puthiya post...... NEW GENERATION CINEMA ENNAAL...... vayikkane............

    ReplyDelete
  16. ചില കാര്യങ്ങള്‍ സത്യമായിരിക്കും, എല്ലാ ശരിയും നമ്മുടെ ഭാഗത്തുമാവും, പക്ഷേ പറയാന്‍ പാടില്ല, പറഞ്ഞുപോയാല്‍ പറയുന്നവര്‍ ചെറുതാകും.
    - Just Perfect!

    ReplyDelete
    Replies
    1. abhinandanangal....... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane........

      Delete
  17. ഒന്നും പോസ്റ്റ് ചെയ്യാത്തതെന്താണ്?

    ReplyDelete