Friday, June 11, 2010

ഇല്ലിനി വിലാപങ്ങള്‍....


'അമ്മേ , ഞാനിതാ എത്തി' എന്ന് ദിയ ഹേമയെ കെട്ടിപ്പിടിച്ചു. പൊന്നു മകള്‍ വന്നതില്‍ സന്തോഷം, വന്നതെന്തിനെന്ന് ഓര്‍ക്കുമ്പോള്‍ സന്താപം, അങ്ങനെ മാറി മാറി വന്നു ഹേമയുടെ മുഖഭാവങ്ങള്‍.

സ്വീകരണമുറിയുടെ ചുവരിലെ സ്വര്‍ണ്ണഫ്രെയിമിനുള്ളിലിരുന്ന് രാജീവ് ഒരേ ചിരി തൂകാന്‍ തുടങ്ങിയിട്ട് നാളെ വര്‍ഷം പന്ത്രണ്ടാകുകയാണ്. ഹേമയുടേയും ദിയയുടേയും ജീവിതത്തിന് തൊട്ടടുത്ത്, എന്നാല്‍ എത്രയോ കാതം അകലെ.....

നാളിത്ര കഴിഞ്ഞെങ്കിലും ഹേമയ്ക്ക് രാജീവില്ലാത്ത അവസ്ഥയോട് ഇനിയും പൊരുത്തപ്പെടാനായിട്ടില്ല. അകാലത്തില്‍ മരിക്കുക വഴി ഹേമയോട് എന്തോ വലിയ തെറ്റ് ചെയ്തു കളഞ്ഞു എന്ന മട്ടാണ്. തനിച്ചാക്കിയിട്ട് സുഖിക്കാന്‍ പോയില്ലേ, അങ്ങു ദൂരെ ആകുലതകളില്ലാത്ത നാട്ടിലേക്ക്.

കുടുംബബിസിനസ്സും ഉദ്യോഗവും എല്ലാം കൂടി ഒന്നിച്ചു കൊണ്ടു പോയിരുന്നു മിടുക്കനായ രാജീവ്. അമ്മയ്ക്കും സഹോദരങ്ങള്‍ക്കും വേണ്ടി എത്ര പണിയെടുക്കാനും മടിയില്ലാത്ത പ്രകൃതം. ഇരുട്ടി വെളുപ്പിക്കുന്നത് എങ്ങനെ എന്നറിയാതെയുള്ള ഓട്ടമായിരുന്നു. അതായിരിക്കുമോ രാജീവിന്റെ അകാലമരണത്തിനു കാരണം? നാല്‍പ്പത്താറാം വയസ്സില്‍ പ്രവര്‍ത്തനം നിലക്കുമ്പോള്‍ ആ ഹൃദയം തൊണ്ണൂറുകാരന്റത്ര മിടിച്ചിട്ടുണ്ടാകും!

പതിനേഴു കൊല്ലം മാത്രമേ നീണ്ടുള്ളുവെങ്കിലും അവരുടെ ദാമ്പത്യം ഏറ്റവും സന്തുഷ്ടമായിരുന്നു. സുന്ദരനായ രാജീവിന്റെ അതിസുന്ദരിയായ ഭാര്യയായിരുന്നു ഹേമ. ദിയയ്ക്കും കിട്ടിയിട്ടുണ്ട് അച്ഛന്റേയും അമ്മയുടേയും മുഖശ്രീയും നിറവും എല്ലാം അതുപോലെ. സാമൂഹ്യം, സാമ്പത്തികം, ജാതകം അങ്ങനെ എല്ലാം തികഞ്ഞ കല്യാണമായിരുന്നു രാജീവിന്റേതും ഹേമയുടേതും. എന്നിട്ടെന്തായി? നാല്‍പ്പതു തികയും മുമ്പ് ഹേമ വിധവയായി. ദിയയും ഇങ്ങനൊക്കെത്തന്നെ ചിന്തിക്കുന്നുണ്ടാവാം.

പഠിച്ചിരുന്ന കാലത്ത് അച്ഛന് ഒരു ഒരുതലൈരാഗം ഉണ്ടായിരുന്നത്രേ. പക്ഷേ കുലമഹിമയും സൗന്ദര്യവും സാമ്പത്തികവും പോരാ എന്ന്് അമ്മയും സഹോദരരും വിധിച്ചപ്പോള്‍ എതിര്‍ത്തില്ല. അമ്മയാണെങ്കിലോ ഒരു ഐ.എ. എസ് കാരനെയാണ് അച്ഛനുവേണ്ടി വേണ്ടെന്നു വച്ചത്. കാരണം അമ്മയ്ക്ക്് അച്ഛനെ കണ്ടപ്പോള്‍ 'ക്ഷ' പിടിച്ചു,അതു മതിയെന്ന് പറഞ്ഞു. ' അതെങ്ങനാ, എന്റെ തലയില്‍ ഈ ഒറ്റപ്പെടല്‍ എഴുതി വച്ചിരിക്കയല്ലേ, അതനുസരിച്ചല്ലേ തോന്നൂ' , എന്ന അമ്മയുടെ പഴംപുരാണം കേള്‍ക്കുമ്പോള്‍ ദിയ ദ്യേഷ്യപ്പെടും..... ചിലപ്പോള്‍ തമാശയോടെ ആലോചിക്കും അച്ഛന്‍ ആ ആന്റിയേയും അമ്മ ആ ഐ.എ.എസിനേയും കെട്ടിയിരുന്നെങ്കില്‍ ദിയ ഈ ഭൂമുഖത്തേ ഉണ്ടാവുമായിരുന്നില്ലല്ലോ എന്ന്.....

എം.എ. ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായ അമ്മയ്ക്ക് ഉറപ്പായും കിട്ടുമായിരുന്നു കോളേജ് ജോലി. പക്ഷേ ആഢ്യത്തം പറഞ്ഞ് അപ്പൂപ്പന്‍ സമ്മതിച്ചില്ല. അച്ഛനും താല്‍പ്പര്യപ്പെട്ടില്ല. ഇല്ലെങ്കില്‍ അമ്മ ഇങ്ങനെ ഏകാന്തത അനുഭവിക്കില്ലായിരുന്നു. അതിനും അമ്മയ്ക്കുത്തരമുണ്ട്. തലേ വര! ഇതൊക്കെ തന്നത്താനുണ്ടാക്കുന്ന വരയല്ലേ, നിര്‍ബന്ധായിട്ട് ജോലിക്കു പോകായിരുന്നില്ലേ അമ്മയ്ക്ക് എന്ന് ദിയ അപ്പോഴും വഴക്കു പിടിക്കും.

ദിയയ്ക്കു വേണ്ടി കേരള മാട്രിമണി നോക്കണം, 'ആസ്ഥാനജ്യോത്സ്യരെ'ക്കൊണ്ട്് ജാതകം പരിശോധിപ്പിക്കണം , അവിടുത്തെ വസ്തുവകകളുടെ ഭരണം....ഇതൊക്കെ പറഞ്ഞാണ് ഹേമ ദിയയുടെ ഒപ്പം വരാതെ നാട്ടില്‍ നില്‍ക്കുന്നത്. പക്ഷേ ഈ തിരക്കിനിടയിലും ഈയിടെയായി അമ്മ വല്ലാതെ മൗനിയായി മാറുന്നത് ദിയ അറിഞ്ഞു. കുറേശ്ശേയായി മറ്റേതോ ലോകത്തിലേക്ക് പോകുന്നപോല. ദിയ ഫോണ്‍ വിളിച്ചാലും ഒന്നും പറയാനില്ല അമ്മയ്ക്ക്.

ആണ്ടുബലിയുടെ കാര്യം പോറ്റിയെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കാന്‍ പറഞ്ഞു അമ്മ. സാധാരണ ഇതൊക്കെ അമ്മയുടെ തന്നെ വകുപ്പാണ്. ദിയ അറിയാറേയില്ല. രാവിലെ അമ്മയുടെ ഒപ്പം പോയി കര്‍മ്മം ചെയ്യുക മാത്രമേ ഇത്ര കാലവും ചെയ്തിട്ടുള്ളു. അമ്മയുടെ ഈ ഉള്‍വലിയല്‍ ദിയയെ പരിഭ്രമിപ്പിക്കുന്നുണ്ട്, പുറമേക്ക് അത് ശ്രദ്ധിച്ചതായി ഭാവിക്കുന്നില്ലെങ്കിലും.

ഫോണ്‍ബുക്ക് എടുത്തപ്പോള്‍ അതിന്റെ കൂടെ ഇരുന്ന രസീതുകള്‍ താഴെ വീണുപോയി. വെറും ഒരു നിസ്സാര കാര്യം, നിത്യജീവിതത്തില്‍ എപ്പോഴും സംഭവിക്കുന്നത്. പക്ഷേ ആകസ്മികമായി സംഭവിച്ച ആ കുഞ്ഞുകാര്യം ദിയയുടെ ജീവിതഗതി തന്നെ മാറ്റി മറിച്ചു. അല്ലെങ്കിലും ജീവിതത്തില്‍ നിര്‍ണ്ണായക വഴിത്തിരിവുകള്‍ ഉണ്ടാക്കുന്നത് പലപ്പോഴും വലിയ കാര്യങ്ങളൊന്നുമാവില്ല, യാദൃശ്ചികമായുണ്ടാകുന്ന നിസ്സാരകാര്യങ്ങളാവും. ദിയയുടെ കാര്യത്തിലും അതു തന്നെ സംഭവിച്ചു.

കാലില്‍ വന്നു വീണ ആദ്യ രസീത് കയ്യിലെടുത്തു, വെറുതേ നോക്കിയപ്പോഴാണ് ആ അത്യാത്ഭുതം കണ്ടത്, ആ രസീത് അച്ഛന്റെ പേരിലല്ല, 'തിലഹോമം, വിജയന്‍' എന്ന് എഴുതിയിരിക്കുന്നു! നെഞ്ചിടിപ്പോടെ അതിനു താഴത്തേത് വലിച്ചെടുത്തു, അത് രാജീവ്, തിരുവാതിര തന്നെ. രണ്ടു രസീതുകളും ദിയ മാറി മാറി നോക്കി.അതേ ഒരേ ദിവസം തന്നെ.... അച്ഛന്റെ ആണ്ടു ദിവസം....!വിറയലോടെയാണ് ബാക്കി രസീതുകള്‍ പരിശോധിച്ചത്. എല്ലാ വര്‍ഷവും മുടങ്ങാതെ......

ദിയയുടെ മനസ്സ് വിറകൊള്ളാന്‍ തുടങ്ങി. ഇങ്ങനെയൊരാളെപ്പറ്റി ഇന്നേവരെ പറഞ്ഞു കേട്ടിട്ടു പോലുമില്ല. ആരാണ് ഈ പുതിയ അവതാരം? എന്താണ് അമ്മയും അയാളുമായുള്ള ബന്ധം? ദിയയ്ക്കും അമ്മയ്ക്കുമിടയില്‍ രഹസ്യങ്ങളില്ല. പിന്നെ എന്തിന് അമ്മ ഇത് ഒളിച്ചു വച്ചു? ചോദ്യങ്ങള്‍ മുള്ളുപോലെ കുത്തി നോവിക്കാന്‍ തുടങ്ങി. അമ്മയോട്് ചോദിക്കാന്‍ മനസ്സു വെമ്പി. പക്ഷേ ഈ ശ്രാദ്ധദിനം കൂടി കഴിയട്ടെ എന്നു വിവേകം ക്ഷമിച്ചു.

രാവിലെ കര്‍മ്മം ചെയ്തു. വീട്ടില്‍ തിരിച്ചെത്തിയതും അമ്മ മുറിയില്‍ കയറി കിടന്നു. പഴയ ഓര്‍മ്മകള്‍ അമ്മയുടെ സ്വസ്ഥത നശിപ്പിക്കുന്നുണ്ടാകും. ഒറ്റപ്പെടലിന്റെ തീഷ്ണവേദന അതനുഭവിക്കുന്നവര്‍ക്കല്ലേ അറിയൂ?

'മോളേ, ദിയാ,' കാതോര്‍ത്തിരുന്ന വിളിക്കു മറുപടിയായി ദിയ മുറിയിലെത്തി.

അമ്മ കിടക്കയില്‍ എണീറ്റിരിക്കയാണ് ,ചുവരില്‍ തലയിണ ചാരി, ദൈന്യതയുടെ പ്രതിരൂപം പോലെ. ദിയയ്ക്ക് സങ്കടം വന്നു, എന്തൊരു പേക്കോലം തിരിഞ്ഞു പോയി സുന്ദരിക്കുട്ടിയായിരുന്ന അമ്മ. ശ്വാസം മുട്ടിക്കുന്ന മൗനം അവര്‍ക്കിടയില്‍ പടര്‍ന്നു. ഒരാള്‍ക്കു പറയാഞ്ഞ് ,ഒരാള്‍ക്കു കേള്‍ക്കാഞ്ഞ് , മനം വിങ്ങുകയാണ്. പക്ഷേ വാക്കുകളൊന്നു ചാടണ്ടേ പുറത്തേക്ക്?
'മോള്‍ക്ക് എന്തോ ചോദിക്കാനില്ലേ അമ്മയോട്? ' അമ്മ തന്നെ തുടങ്ങി.

'ഇല്ല അമ്മേ, ഞാന്‍ കേള്‍ക്കാനാ വന്നത്, അമ്മ പറയൂ' ഹേമ ദിയയെ കൊണ്ടു പോയത് വര്‍ഷങ്ങള്‍ പുറകിലേക്കാണ്. അച്ഛനും അമ്മ യും ദിയയും ഒത്തുള്ള പഴയ ഒരു യാത്രയിലേക്ക്.

'നീ ഓര്‍ക്കുന്നോ ദിയാ, തിരുനെല്‍വേലിയി ല്‍ വച്ച് നടന്ന കാര്‍ അപകടം?' അന്നു കുഞ്ഞു കുട്ടിയായിരുന്നു ദിയ. നേരിയ ഓര്‍മ്മയേയുള്ളു.

'രാത്രിക്കുളള യാത്ര ഒഴിവാക്കാന്‍ എത്ര പറഞ്ഞാലും അച്ഛന്‍ കേള്‍ക്കില്ല, ഡ്രൈവറെ വയ്ക്കാന്‍ പറഞ്ഞാലും കേള്‍ക്കില്ല. വെളുപ്പിന് അഞ്ചുമണിക്കാണ്, അച്ഛന്‍ ഉറങ്ങിപ്പോയി, കാര്‍ റോഡ് മുറിച്ചു പോയി, എതിരെയുള്ള മതിലിലിടിച്ചാണ് നിന്നത്. '

'നമുക്കാര്‍ക്കും ഒന്നും പറ്റിയില്ല അല്ലേ അമ്മേ... '

'ഇല്ല, മോളേ, പറ്റിയത് ഒരു പാവം പാല്‍ക്കാരനാണ്. അയാള്‍....അയാള്‍......' ദിയയെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി അമ്മ വിതുമ്പുകയാണ്.
'അയാള്‍ മരിച്ചു മോളേ, നമ്മള്‍ അയാളെ കാറിടിച്ചു കൊന്നു......അയാള്‍ അവിടെ വച്ചു തന്നെ മരിച്ചു, അച്ഛന്റെ കണ്‍മുന്നില്‍ വച്ച്. 'അമ്മ മുഖം പൊത്തി ഏങ്ങലടിച്ച് കരയുകയായിരുന്നു......

നമ്മള്‍ കൊലയാളികളോ...ദിയ അന്ധാളിച്ചുപോയി. അപ്പോള്‍ അച്ഛനെതിരെ കേസു വരേണ്ടതല്ലേ. അച്ഛന് ശിക്ഷയൊന്നും കിട്ടിയതായി കേട്ടിട്ടില്ലല്ലോ. അമ്മയുടെ വികാരവിക്ഷോഭം അടങ്ങുന്നതു വരെ ക്ഷമയോടെ കാത്തു മകള്‍. അമ്മയുടെ കണ്ണുനീര്‍ സ്വന്തം കണ്ണിലേക്കു നനഞ്ഞു പടരാതെ ശ്രദ്ധിച്ച്...

'അയാള്‍ പാലു വിറ്റ് കുടുംബം പുലര്‍ത്തിയിരുന്ന ഒരു സാധു. തെറ്റു മുഴുവന്‍ നമ്മുടെ ഭാഗത്തായിരുന്നു. തെളിവുകള്‍ അയാള്‍ക്കുനകൂലവും. പക്ഷേ, പക്ഷേ...... , പൈസ കൊടുത്ത് അച്ഛന്‍ വിധി മാറ്റിച്ചു മോളേ........തെറ്റ് അയാളുടെ ഭാഗത്തെന്നു വിധി വന്നു. അല്ലെങ്കില്‍ അച്ഛനു ജയില്‍വാസം ഉറപ്പായിരുന്നു.' അമ്മയുടെ വിലാപം ദിയയുടെ ഹൃദയത്തില്‍ തീമഴയായി.

'എന്നിട്ട് അയാളുടെ വീട്ടില്‍ പോയില്ലേ, അവരെ സഹായിച്ചില്ലേ അച്ഛന്‍? ' ഉവ്വ് എന്നു കേള്‍ക്കാന്‍ കൊതിച്ച് ഉദ്വേഗത്തോടെ ദിയ ചോദിച്ചു.

'ഇല്ല, ആഗ്രഹമില്ലാഞ്ഞല്ല, അവിടെ ചെന്നാല്‍ അവര്‍ കൈ വച്ചേനെ......'

'അപ്പോ അയാളുടെ ജീവനും കളഞ്ഞു, വീട്ടുകാരുടെ നഷ്ടപരിഹാരോം കളഞ്ഞു. അവര്‍ക്കുവേണ്ടി ഒന്നും ചെയ്തുമില്ല അല്ലേ. അവരെക്കുറിച്ച് പിന്നെ ഒന്നും അന്വേഷിച്ചില്ലേ ' പതിവിനു വിപരീതമായി ദിയയുടെ ശബ്ദം രൂക്ഷമായി. സങ്കടം ദേഷ്യമായി മാറി. അവനവനോട് അവജ്ഞ തോന്നുന്ന നിമിഷങ്ങള്‍!

'ഇല്ല. ഒന്നും നടന്നില്ല. വിധി അനുകൂലം വന്നതോടെ എല്ലാവരും അക്കാര്യങ്ങള്‍ വിട്ടു. അച്ഛന്‍ വീണ്ടും തിരക്കില്‍ മുങ്ങി. അന്നൊന്നും ഞാനും അതേപ്പറ്റി ചിന്തിച്ചില്ല. പക്ഷേ കുറച്ചുനാളായി അവരുടെ വിചാരം എന്നെ വിട്ടു മാറുന്നില്ല.'

ഹേമ അപ്പറഞ്ഞത് ഒരു വലിയ ലോകതത്വമാണ്. ആരോഗ്യവും സമ്പത്തും ഉള്ളപ്പോള്‍ നമ്മള്‍ മറ്റുള്ളവരുടെ ദുഃഖങ്ങളെപ്പറ്റി, ദൈന്യതകളെപ്പറ്റി ചിന്തിക്കുകയേയില്ല. അതൊക്കെ ചിന്തിക്കണമെങ്കില്‍ നമുക്കു തട്ടു കിട്ടണം. പൈസ കൊണ്ട് മനുഷ്യക്കോടതി വിധി ചിലപ്പോള്‍ മാറ്റിക്കാം. പക്ഷേ ദൈവത്തിന്റെ കോടതിയിലേയോ?

'നാണമില്ലേ അമ്മയ്ക്ക്. കൊന്നിട്ടു തിലഹോമം നടത്തുന്നു. അമ്മയ്ക്ക് ഒന്നന്വേഷിക്കാമായിരുന്നില്ലേ, കുറച്ചു കാലത്തിനു ശേഷമെങ്കിലും, അവരെ സഹായിക്കാമായിരുന്നില്ലേ..' ദിയ വീണ്ടും ദേഷ്യപ്പെട്ടു.

'ആളെ വിട്ട് അന്വേഷിച്ചു മോളേ......നാളേറെ കഴിഞ്ഞില്ലേ അപ്പോള്‍. കൃത്യമായ വിവരമൊന്നും കിട്ടിയില്ല, പക്ഷേ അയാളുടെ ഭാര്യയും ആത്മഹത്യ ചെയ്തു എന്നാണ് കേട്ടത്. അവര്‍ രണ്ടു ജാതിക്കാരായിരുന്നുവത്രേ. ഒറ്റയ്ക്കു പിടിച്ചു നില്‍ക്കാനായിട്ടുണ്ടാകില്ല ആ പാവത്തിന്. ' അമ്മ വീണ്ടും കരഞ്ഞു.

പൊന്നുമകളുടെ മനസ്സിലേക്ക് കുറ്റബോധമെന്ന എരിയുന്ന കനലാണ് കോരിയിട്ടതെന്നറിയാം. അവള്‍ ഇനി ഏറെക്കാലം ജീവിക്കേണ്ടവള്‍ എന്നും അറിയാം. പക്ഷേ ഇനി വയ്യ ഈ അറിവിന്റെ ഭാരം ഒറ്റയ്ക്കു ചുമക്കാന്‍....

'അത് അവരൊന്നുമാവില്ല അമ്മേ, അമ്മ വെറുതേ ഓരോന്ന് സങ്കല്‍പ്പിച്ചു കൂട്ടാതെ. ' ദിയ അമ്മയെ കെട്ടിപ്പിടിച്ചു.......പാവം എത്ര കൊല്ലമായി ഒറ്റയ്ക്കു തീ തിന്നുന്നു...

'നിന്റെ അച്ഛനും അവസാനനാളുകളില്‍ അയാളെക്കുറിച്ച് പറഞ്ഞ് മനസ്താപപ്പെട്ടിരുന്നു.അവരുടെ ശാപമാണു ദിയാ നമുക്ക്. അച്ഛന്റെ മരണം, നിന്റെ കല്യാണം നടക്കായ്ക.' ദിയയ്ക്കുമുണ്ട് സങ്കടം. പക്ഷേ, അമ്മയെ കരകയറ്റിയേ പറ്റൂ......പഴങ്കഥകള്‍ക്കു പിറകേ പോയി സ്വന്തം ദുര്‍വിധിക്കു കാരണം ചികയുകയാണ് അമ്മ. അതിനനുവദിച്ചു കൂടാ.
' അതൊക്കെ വെറുതേ അമ്മയ്ക്കു തോന്നുന്നതാ. അല്ലെങ്കില്‍ പിന്നെ ആ പോലീസുകാരും വിധി എഴുതിയവരും ഒക്കെ അകാലത്തില്‍ മരിക്കണ്ടേ. അവരൊക്കെ അച്ഛന്‍ കൊടുത്ത ലക്ഷങ്ങള്‍ വാങ്ങി സുഖമായി കഴിയുന്നുണ്ടാകും ഇപ്പോള്‍.' ദിയ അമ്മയെ സമാധാനിപ്പിക്കാനായി മാത്രം യുക്തി നിരത്തി, സ്വയം ബോദ്ധ്യപ്പെടാനാവാതെ. കുറ്റം ചെയ്തവരെപ്പോലെ തന്നെ കൂട്ടു നിന്നവരും തെറ്റുകാരല്ലേ.

ദൈവം അവരെയും വിധിച്ചു കാണുമോ? കുറ്റം ചെയ്യുന്ന എല്ലാവരേയും ദൈവം ശിക്ഷിക്കുമോ, ആവോ ,ആര്‍ക്കറിയാം?

എന്തുകൊണ്ടോ പെട്ടെന്ന് ദിയയുടെ മനസ്സില്‍ അച്ഛന്റെ അവസാനകാലം തെളിഞ്ഞുവന്നു. കേരളത്തിനു പുറത്തെ മുന്തിയ ആസ്പത്രിയില്‍ ചെലവേറിയ ശസ്്ത്രക്രിയ. നാട്ടിലെത്തി രണ്ടാഴ്ച്ച കഴിയും മുമ്പ് അച്ഛന്‍ മരിച്ചു. പിന്നെ കേട്ടു പൈസയ്ക്കു വേണ്ടി മാത്രം ആസ്പത്രിക്കാര്‍ നടത്തിയ ഓപ്പറേഷനായിരുന്നുവെന്ന്. ഇവിടെയായിരുന്നവെങ്കില്‍ മരുന്ന് കഴിച്ച് കുറേക്കാലം കൂടി ജീവിക്കാനാവുമായിരുന്നെന്ന്. പൈസയുടെ ബലം കൊണ്ട് അച്ഛന്‍ ജയില്‍ശിക്ഷയില്‍ നിന്നൂരിപ്പോന്നു. അതേ പൈസ തന്നെ അച്ഛന്റെ ആയുസ്സു വെട്ടിക്കുറച്ചു.......

അച്ഛനു പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് 41-ാം വയസ്സില്‍ അച്ഛച്ഛന്‍ മരിച്ചത്. അച്ഛച്ഛന്റെ അപ്പൂപ്പന്‍ തേവരുടെ കണക്കില്ലാ സ്വര്‍ണ്ണം മോഷ്ടിച്ചാണു പണക്കാരനായതെന്നും അന്നു മുതല്‍ അവിടുത്തെ ആണ്‍തരികള്‍ 50 തികക്കില്ലെന്നും പിന്നാമ്പുറക്കഥകള്‍ ദിയയും കേട്ടിട്ടുണ്ട്. അന്ധവിശ്വാസം എന്ന് തള്ളിക്കളഞ്ഞതായിരുന്നു അത് അന്ന്.

്‌ചെയ്ത തെറ്റിന് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നെങ്കില്‍ ഇന്നും അച്ഛനുണ്ടാവുമായിരുന്നോ...ദിയ ചിന്തിച്ചു. പക്ഷേ ശിക്ഷ അനുഭവിച്ചാലും മരിച്ചയാളിന്റെ ജീവന്‍ അച്ഛനു തിരികെ കൊടുക്കാനാവുമായിരുന്നില്ലല്ലോ. എങ്കില്‍ ആ ഇടിയും മരണവും ഒഴിവാക്കാമായിരുന്നില്ലേ ദൈവത്തിന്? ആ പാവം തമിഴന്റെ തലയില്‍ എഴുതി വച്ചിരുന്നോ ഒരു മലയാളത്താന്‍ മൂലം മരിക്കുമെന്ന്? വാസ്തവത്തില്‍ ദൈവം ശിക്ഷിക്കുന്നത് അമ്മയേയും ദിയയേയുമല്ലേ, അച്ഛനെയല്ലല്ലോ.ആര്‍ക്കറിയാം ദൈവത്തിന്റെ വിചിത്ര വഴികള്‍ ?

ഹേമ കിടന്നു. അമ്മ ഉറങ്ങൂ എന്ന് അമ്മയുടെ മുടി തടവിക്കൊടുത്തു കൊണ്ടിരുന്നു ദിയ. മകള്‍ വിരിച്ച ശീതളച്ഛായയില്‍ ഹേമ ശാന്തമായി ഉറങ്ങാന്‍ തുടങ്ങി....നാളുകള്‍ക്കു ശേഷം.

നാളെ, നാളെത്തന്നെ അമ്മയെ കൂട്ടി ഡല്‍ഹിക്കു പോകും, അമ്മയ്ക്ക് കൊടുക്കണം ഒരു പുതു ജീവിതം.......ഈ നരകചിന്തകളില്‍ നിന്നൊരു മോചനം. അതിന് ദിയയ്ക്ക്, ദിയയ്ക്കു മാത്രമേ കഴിയൂ......ചെയ്തു പോയ തെറ്റുകള്‍ തിരുത്താന്‍ കഴിയാത്തവയാണ്. തലമുറകളിലേക്കു പാപഭാരം നീളുമോ ? മറ്റുള്ളവരെ സഹായിച്ച് പ്രായശ്ചിത്തം ചെയ്യാന്‍ മാത്രമേ കഴിയൂ... അല്ലാതെ വെറുതെ ചിന്തിച്ച് നീറി നീറി നടന്ന് ആയുസ്സു പാഴാക്കിയിട്ടെന്തു കാര്യം? കര്‍മ്മം ചെയ്യുക തന്നെ. ഫലം ദൈവം തരട്ടെ, തരാതിരിക്കട്ടെ.... ദിയ തത്വചിന്തയിലേക്കു കടന്നു.

അമ്മയെ നോവിക്കാതിരിക്കാനാണ് ഇത്ര നാളും സുദീപിന്റെ ഇഷ്ടം കണ്ടില്ലെന്നു നടിച്ചത്. ഇനി അതു വേണ്ട....പാപഭാരങ്ങള്‍ ഒളിഞ്ഞിരിക്കുന്ന കുലമഹിമയും സമ്പല്‍സമൃദ്ധിയും ജാതകവും എല്ലാം അറബിക്കടലില്‍ താഴട്ടെ. സുദീപ് ജാതി വേറേയാണ്. ദിയയുടെ വീട്ടുകാരുടെ അവസ്ഥയുമില്ല.....പക്ഷേ, ആരോഗ്യവാനാണ്, ദിയയെക്കാള്‍ പഠിപ്പുണ്ട്, നല്ലവനാണ്, സര്‍വ്വോ പരി ദിയയെ ഇഷ്ടമാണ്, ദിയയേയും അമ്മയേയും സംരക്ഷിക്കാന്‍ മനസ്സും പ്രാപ്തിയുമുള്ളവനുമാണ്. ആരോഗ്യമുള്ള , സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ള പെണ്ണിന് വരനാകാന്‍ ഇത്രയൊക്കെ യോഗ്യത പോരേ? മതി. ഇനി കേരള മാട്രിമണി നോക്കണ്ട എന്ന് അമ്മയോടു പറയണം. ദിയ തീരുമാനങ്ങളെടുത്തു.

ദിയ അമ്മയായി, ഹേമ മകളും.......വെര്‍ജീനിയാ വൂള്‍ഫ് പറഞ്ഞതു പോലെ 'അഗാധവും സങ്കീര്‍ണ്ണവുമായ സ്ത്രീ ജീവിത'ത്തിന്റെ മറ്റൊരു വേഷപ്പകര്‍ച്ച......ധൃതിയില്‍ യാത്രയ്ക്കുള്ള സാധനങ്ങള്‍ പായ്ക്ക് ചെയ്യാന്‍ തുടങ്ങി ദിയ.




















24 comments:

  1. ദിയ അമ്മയായി, ഹേമ മകളും.......വെര്‍ജീനിയാ വൂള്‍ഫ് പറഞ്ഞതു പോലെ 'അഗാധവും സങ്കീര്‍ണ്ണവുമായ സ്ത്രീ ജീവിത'ത്തിന്റെ മറ്റൊരു വേഷപ്പകര്‍ച്ച......

    ReplyDelete
  2. "അന്നു മുതല്‍ അവിടുത്തെ ആണ്‍തരികള്‍ 50 തികക്കില്ലെന്നും "
    ദിയ പെണ്ണണല്ലോ സമാധാനം
    നല്ല കഥ

    ReplyDelete
  3. ഇല്ലിനി വിലാപങ്ങൾ..
    അതെ, വിലപിച്ചിട്ടെന്തുകാര്യം!?
    ഒരു തമിഴ് പാട്ട് ഓർമ വന്നു.
    “വാഴ്വെല്ലാം പോരാടും പോർക്കളമേ!”
    ദിയ അതു തിരിച്ചറിഞ്ഞു.

    ReplyDelete
  4. ജീവിതം...കണ്ട വഴികള്‍ എത്ര...കാണാത്തത് ഇനിയുമെത്ര...!!

    ReplyDelete
  5. ചേച്ചി, ഒരു ചെറിയ തന്തുവിൽ നിന്നും ഒരു വലിയ സന്ദേശമുള്ള കഥ. വർഷങ്ങൾക്ക് ശേഷം വിലപിച്ചിട്ട് കാര്യമില്ല. വളരെ നന്നായി തന്നെ പറഞ്ഞു. പിന്നെ എന്റെ ഒരു ചെറിയ സജഷൻ. അവസാന പാരഗ്രാഫ് ഒഴിവാക്കാമായിരുന്നു. മുഴുവനല്ലെങ്കിലും, ആ വെർജീനിയ വൂൾഫിനെയെങ്കിലും. കാരണം അത് വരെ ഈ കഥയിൽ മൈത്രേയി ഉണ്ടായിരുന്നില്ല. പക്ഷെ പെട്ടന്ന് ഏതോ സ്റ്റോപ്പിൽ നിന്നും മൈത്രേയി ചാടികയറിയൊരു ഫീൽ. അതാണെങ്കിലോ കാൽ ശരിക്ക് വയ്കാൻ കഴിയാതെ സ്റ്റെപ്പ് തെറ്റി തൂങ്ങികിടക്കുന്ന പോലെയും. എന്റെ തോന്നലാണ്.

    ReplyDelete
  6. വായിച്ചവര്‍ക്കും അഭിപ്രായമിട്ടവര്‍ക്കും നന്ദി. നിലീനത്തിന്റെ ഹം ന്റെ അര്‍ത്ഥം പിടി കിട്ടിയില്ല.

    മനോരാജ, നന്ദി, കലക്കന്‍ കമന്റിന്..... മാറ്റാം കേട്ടോ, കുറച്ചു ദിവസം കഴിയട്ടെ... ഇത് കുറേ ദിവസം കൊണ്ട് എഴുതി തീര്‍ത്തതാണ്. അതിന് കുറേ ദോഷങ്ങളുണ്ട്. ഓരോരിക്കലും ഫീല്‍ ഒരു പോലാവില്ലല്ലോ. പലപ്പോഴും സംഭവിക്കുന്നത്, പഴയതിനെ എഡിറ്റു ചെയ്ത ചെയത് സമയം കളയും. അതുകൊണ്ട് ഗുണങ്ങളും ഇല്ലാതില്ല.
    പിന്നെ ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ അനിമല്‍ ഫാമും ഈയിടെയായി വെര്‍ജീനിയാ വൂള്‍ഫും ഒരു ദൗര്‍ബ്ബല്യമാണേ എനിക്ക്....

    തോപ്പില്‍ ഭാസിയുടെ സിനിമകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ...... അവസാനം ഒരു ഡയലോഗുണ്ട്. അതുപോലൊന്നു കാച്ചി നോക്കിയതാ...ഏറ്റില്ല അല്ലേ....

    ReplyDelete
  7. നന്നായിട്ടുണ്ട് ...

    ഇച്ചിരി നീളം കൂടിയോ എന്നൊരു സംശയം. അവസാനം എന്താണെന്നറിയാനുള്ള ആകാംഷ കാരണമാവാം.. ഗോ ഓണ്‍..

    ReplyDelete
  8. വിലാപങ്ങള്‍ ഇനിയും ഉണ്ടായിക്കൊണ്ടെയിരിക്കും.
    ഇനിയും കോടതിയില്‍ നിന്നും ജയില്‍ ശിക്ഷകളില്‍ നിന്നുമൊക്കെ ഒരുപാട് പേര്‍ രക്ഷപെട്ടെതും.
    ഒടുക്കം വിലപിചിട്ടെന്തു കാര്യം. സഹതപിക്കാം അത്ര മാത്രം.
    നന്നായി പറഞ്ഞു. ചിലയിടങ്ങളില്‍ വല്ലാതെ വലിച്ചു നീട്ടിയോ എന്നെനിക്കും തോന്നി.
    ആശംസകള്‍.

    ReplyDelete
  9. "...അതൊക്കെ ചിന്തിക്കണമെങ്കില്‍ നമുക്കു തട്ടു കിട്ടണം...". ഭേഷ്.

    ReplyDelete
  10. ദിയ അമ്മയായി, ഹേമ മകളും.......വെര്‍ജീനിയാ വൂള്‍ഫ് പറഞ്ഞതു പോലെ 'അഗാധവും സങ്കീര്‍ണ്ണവുമായ സ്ത്രീ ജീവിത'ത്തിന്റെ മറ്റൊരു വേഷപ്പകര്‍ച്ച......ധൃതിയില്‍ യാത്രയ്ക്കുള്ള സാധനങ്ങള്‍ പായ്ക്ക് ചെയ്യാന്‍ തുടങ്ങി ദിയ...

    ദിയയെ ഇഷ്ടമായി ഇന്നിന്റെ കുട്ടിയാണവള്‍..

    പിന്നെ ഒരു യാദൃശ്ചികത പറയട്ടെ .. എനിക്കും ഒരു കൂട്ടുകാരി ഉണ്ട് ഹേമ .. എന്റെ ഒപ്പം പഠിപ്പിചിരുന്നതാണ് .. എന്റെ കൂടെ പഠിച്ച ദീപുവിന്റെ ഭാര്യ .. അവള്‍ടെ നാലു വയസ്സുകാരി മോളുടെ പേര് ദിയ എന്നാണ് !!

    ReplyDelete
  11. "ദിയ അമ്മയായി, ഹേമ മകളും.."
    ഞാനെന്റെ ജീവിതത്തില്‍ പലപ്പോഴും ഈ "അമ്മ" വേഷം കെട്ടിയിട്ടുണ്ട് മൈത്രേയി. നല്ല കഥ.

    ReplyDelete
  12. ആർക്കും ഉത്തരം നല്കാനാവാത്ത ചോദ്യങ്ങൾ......
    ചിന്തകളിലൂടെ ഞാനും കുറച്ചങ്ങ് സഞ്ചരിച്ചു....
    എനിക്കും ഉത്തരം കിട്ടുന്നില്ല.....
    ദൈവത്തിനു നല്കാൻ കഴിയുമോ...?

    ReplyDelete
  13. സംഭവിക്കാനുള്ളത് ഒക്കെ സംഭവിക്കുന്നു
    അതു ദൈവത്തിന്റെ വികൃതിയോ മനുഷ്യന്റെ തലവരയോ?
    അതിനുത്തരമില്ല.
    കാലം എല്ലാം കാണുന്നു നടത്തുന്നു ഒരോ രംഗത്തും മനുഷ്യന്‍ അനുഭവിച്ച് അറിയാതെ അഭിനയിക്കുന്നു....
    മൈത്രേയി നന്നായി പറഞ്ഞ കഥ. വായിച്ചിരുന്നു പോയി.
    ദിയ നല്ല വ്യക്തിത്വം !

    ReplyDelete
  14. valare nannayi.enikkishtappetu.pinne urmila deshpendeyude pack of lies vaayichathil pinne virginia wulf enteyum favourite aanu.

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. അവസാനം ഞാനും ഇവിടെ എത്തി ....ആദ്യമായി വന്നത് കൊണ്ട് എല്ലാവിധ ആശംസകളുമായി പോകുന്നു ...........തിരിച്ചു വരാം കൈനിറയെ സമ്മാനവുമായി ............അതും കമന്റ്‌ ആണ് scotch അല്ലാ ട്ടോ

    ReplyDelete
  17. കലാവല്ലഭന്‍-ഇങ്ങനെ ഒരു പിടി പറച്ചിലുകളുണ്ട്. ചിലരുടെ അനുഭവങ്ങള്‍ കാണുമ്പോള്‍ ഇതിലൊക്കെ കഴമ്പുണ്ടെന്നു തോന്നീട്ടുണ്ട്. ഉണ്ടോ, ആര്‍ക്കറിയാം അല്ലേ?

    ജയന്‍ ഏവൂര്‍- അതെ ജീവിതം എന്നും പോരാട്ടം തന്നെ. ശ്വാസം നില്‍ക്കുവോളം....

    സിബു- അതെ ആ കാണാത്ത വഴികളെക്കുറിച്ച് പേടി തോന്നുമ്പോഴാ നമ്മള്‍ ജ്യോതിഷികളെ കാണാനോടുക...

    ഗിനി, SULFI - എവിടെയാ വലിച്ചു നീട്ടിയതെന്നു കൂടി ഒന്നു പറയായിരുന്നില്ലേ ചങ്ങായിമാരേ...എങ്കില്‍ വെട്ടി മാറ്റാനായി കുറച്ചു കഴിഞ്ഞെങ്കിലും കത്രിക എടുത്തേനേ......

    മുകില്‍- അതൊരു സത്യം മാത്രമാണ്... ഞാന്‍ പലരുടേയും കാര്യത്തില്‍ കണ്ട സത്യം.....അതുകൊണ്ട് വിനയപൂര്‍വ്വം ജീവിക്കാന്‍, ജീവിതത്തെ അപഗ്രഥിക്കാന്‍ ഒക്കെ വളരെ ശ്രദ്ധിക്കാറുണ്ട്.

    ചേച്ചിപ്പെണ്ണ്- ദിയ ഇപ്പോള്‍ കോമണ്‍ നെയിം.... പക്ഷേ അമ്മ ഹേമയായത്.... യാദൃശ്ചികം തന്നെ.... അല്ലെങ്കിലും നേരത്തേ കണ്ടു പിടിച്ചപോലെ നമ്മളുടെ പല പോസ്റ്റുകളും ചിന്തകളും തമ്മില്‍ സമാനതകള്‍ ധാരാളമല്ലേ....ഇത് ഇമ്മിണി കൂടിയ ഒന്ന്.

    വായാടി- അതെ , ആ വേഷം പല മക്കള്‍ക്കും എടുക്കേണ്ടി വരും

    സെറീന്‍- വികാരിയച്ചനല്ലേ.... ദൈവത്തോടു നേരിട്ടു ചോദിക്കാന്‍ ശ്രമിക്കണം... എങ്കില്‍ അത് ഒരു പാട് അന്വേഷകര്‍ക്കുള്ള ഉത്തരമാകും.

    മാണിക്യം-ദിയയെ എനിക്കും ഇഷ്ടമാ.....അറിയാന്‍ പറ്റാത്തതൊക്കെ ദൈവത്തിനു വിടുകയല്ലേ നമുക്ക് തരമുള്ളു...

    ചിത്രാംഗദ- അയ്യോ അതു ഞാന്‍ വായിച്ചിട്ടില്ല......എപ്പോ പറ്റുമോ ആവോ....ഒരു ആസ്വാദനം എഴുതി വിടാത്തെതെന്താ?

    സിയ- എന്റെ കൊച്ചു ബ്ലോഗുടിലിലേക്കു (ബ്ലോഗ്+ കുടില്‍) സ്വാഗതം...... കമന്റു സമ്മാനങ്ങള്‍ കാത്തിരിക്കുന്നു... സ്‌കോച്ച് പോയിട്ട് വൈനോ ബിയറോ പോലും വേണ്ട.....പിന്നെ തന്നാല്‍ ആവശ്യക്കാര്‍ക്കു നല്‍കാം എന്താ? സിയയുടെ ബ്ലോഗ് കാണാന്‍ ഇനി ഗൂഗിള്‍ റീഡര്‍ വഴി നോക്കട്ടെ... പക്ഷേ അപ്പോഴും കമന്റു കാണാനാവില്ല.....

    ReplyDelete
  18. ഉത്തരം മുട്ടി!! കൊഞ്ഞനം കുത്തുന്നു

    ReplyDelete
  19. ithu aanu blog site

    http://siyashamin.blogspot.com/

    ReplyDelete
  20. "ആരോഗ്യവും സമ്പത്തും ഉള്ളപ്പോള്‍ നമ്മള്‍ മറ്റുള്ളവരുടെ ദുഃഖങ്ങളെപ്പറ്റി, ദൈന്യതകളെപ്പറ്റി ചിന്തിക്കുകയേയില്ല. അതൊക്കെ ചിന്തിക്കണമെങ്കില്‍ നമുക്കു തട്ടു കിട്ടണം. പൈസ കൊണ്ട് മനുഷ്യക്കോടതി വിധി ചിലപ്പോള്‍ മാറ്റിക്കാം. പക്ഷേ ദൈവത്തിന്റെ കോടതിയിലേയോ? "
    നന്നായി മൈത്രേയി.ഒത്തിരി ഇഷ്ടപ്പെട്ടു...

    ReplyDelete
  21. ശരിയാണ്,ഒരു സങ്കടം ഉള്ളിലുള്ളപ്പോള്‍ മാത്രമാണ് നമ്മള്‍ അത്തരം കാര്യങ്ങളെപ്പറ്റി ആഴത്തില്‍ ചിന്തിക്കുന്നത്.
    കഥ നന്നായിട്ടുണ്ട് കേട്ടോ..

    ReplyDelete
  22. മൈത്രേയി പറഞ്ഞത് ശരിയാണ്. സോഷ്യലിസം കാണണം എന്നാഗ്രമുള്ളവര്‍ ബൂലോകത്തേക്ക് വരട്ടെ (കള്ളുഷാപ്പിലും കാണാം കേട്ടോ :)). നമ്മള്‍ എഴുതുന്നത് എല്ലാവരും അംഗീകരിക്കണം എന്ന വാശി ഇല്ലാത്ത എല്ലാ ബ്ലോഗര്‍മാര്‍ക്കും വായനക്കാരുണ്ടാവും. അവരില്‍ എതിരഭിപ്രായമുള്ളവരും അനുകൂലികളും നിഷ്പക്ഷമതികളും കാണും. നമ്മുടെ ഭാഷ എത്ര കടുത്തതാണെങ്കിലും മാന്യതയും സൌഹാര്ദതയും കൈവിട്ടില്ലെങ്കില്‍ വായനക്കാരും നമ്മെ കൈവിടില്ല എന്നുറപ്പ്.

    കരിനാക്കിനെ ഒര്മിച്ചതിനു നന്ദി കേട്ടോ.. :)

    ReplyDelete
  23. @ ശ്രദ്ധേയന്‍- കമന്റ് ഈ പോസ്റ്റിനല്ലല്ലോ മാഷേ.... പുതിയ പോസ്റ്റിനല്ലേ.

    ReplyDelete
  24. കഥകള്‍ ഓരോന്നായി ഞാന്‍ വായിച്ചു കൊണ്ടിരിക്കുന്നു മൈത്രേയി,ഈ കഥയും എനിക്കിഷ്ടമായി

    ReplyDelete