'രാധേ, ഇത്ര സംഭാരം ഇങ്ങു കൊണ്ടായോ.....'
ഞായറാഴ്ച്ചയുടെ ഉച്ചമയക്കത്തിലേക്ക് ലീലേച്ചി വന്നു കയറി. തിണ്ണയിലിരുന്ന്, ചൂടു താങ്ങാന്‍ വയ്യല്ലോ എന്ന് മേല്‍മുണ്ടെടുത്തു വീശാനും തുടങ്ങി. ലീലേച്ചിയും രാധയും വളരെ അടുപ്പമാണ്.
ലീലേച്ചിയുടെ ശബ്ദം കേട്ട് രാജന്‍ വരാന്തയിലേക്കിറങ്ങി വന്നു, ഒപ്പം സംഭാരവുമായി രാധയും.
'ങ്ഹാ, നീ ഇവിടുണ്ടാരുന്നോ' സംഭാരം വാങ്ങി അവര്‍ ലോഹ്യം ചോദിച്ചു.
'ഞാനിപ്പം ചന്ദ്രപ്പുര വീട്ടീന്നാ..' ദാഹം ശമിപ്പിച്ച് അവര്‍ പറഞ്ഞു. ചന്ദ്രപ്പുര എന്നു കേട്ടതും രാജന്‍ കാതു കൂര്‍പ്പിച്ചു. അയാള്‍ക്കു ജീവിതത്തില്‍ ആകെ കടപ്പാടുള്ളത് അവിടുത്തെ ജാനകിച്ചേച്ചിയോടു മാത്രമാണ്.
'അവര്‍ അമ്മേം മോളും വഴക്കാ.' ഹൂ, ഹൂ എന്നു ശബ്ദം കേള്‍പ്പിച്ച് വീശിക്കൊണ്ട് അവര്‍ പറഞ്ഞു തുടങ്ങി. 'മോള്‍ക്കു കൊടുക്കാംന്നു പറഞ്ഞ സ്ഥലം ജാനകിച്ചേച്ചി വില്‍ക്കാന്‍ പോണേ്രത! അവള്‍ക്കു വേണോങ്കില്‍ വില കുറച്ചു തരാംന്നു അമ്മ പറഞ്ഞു പോലും. മോളെന്നു വച്ചാല്‍ ജീവനാരുന്നു അവര്‍ക്ക്, അസുഖക്കാരി ആയിരുന്നില്ലേ കാര്‍ത്തിക? അവളെ രക്ഷപ്പെടുത്തിയെടുക്കാന്‍ ചില്ലറയൊന്നുമല്ല അവര്‍ കഷ്ടപ്പെട്ടത്. '
'എന്നിട്ടെന്താ ഇപ്പോ ഇങ്ങനെ? 'രാധയ്ക്കായിരുന്നു സംശയം.
'ചേച്ചിക്കത്രേം സഹിക്കാന്‍ പാടില്ലാത്തത് വല്ലോം അവര് ഒപ്പിച്ചാരിക്കും. പക്ഷേ കാര്‍ത്തിക പറയുന്നത് സ്ഥലം വേണ്ടെന്ന് അപ്പോഴേ അമ്മയെ അറിയിച്ചു എന്നാണ്.'
ഒന്നു നിര്‍ത്തി അവര്‍ വിശദാംശം പറഞ്ഞു.
' റോഡൊഴികെ ചുറ്റും കാര്‍ത്തികയ്ക്ക് നേരത്തേ കൊടുത്ത സ്ഥലാത്രേ. അതിന്റെ നടുക്ക് കിടക്കുന്ന ഇത്തിരി സ്ഥലം വേറേ ആരു വാങ്ങാന്‍, ഇതൊക്കെ അവളെ വിരട്ടാനുള്ള അമ്മയുടെ അടവാണ് പോലും. ഒന്നു കാണാല്ലോ ആരു വാങ്ങുംന്ന് എന്നാണ് അവള്‍ പറഞ്ഞത്. എന്തായാലും അമ്മയ്ക്ക് കാശുകൊടുത്ത് അതു വാങ്ങുന്ന പ്രശ്‌നമേയില്ല എന്ന് കാര്‍ത്തിക ഉറപ്പിച്ചു പറഞ്ഞു. വല്യ വീടുകളിലെ ഓരോരോ കാര്യം! ' പിന്നെ കാണാം രാധേ എന്ന് അവര്‍ എഴുന്നേറ്റ് വീശി വീശി നടന്നു പോയി.
രാജന് ബന്ധുക്കളാരും തന്നെയില്ല. പത്തില്‍ പഠിക്കുമ്പോള്‍ അമ്മൂമ്മയും മരിച്ചതോടെ അയാള്‍ തീര്‍ത്തും അനാഥനായി. അതോടെ സ്‌കൂളില്‍ പോക്കു കുറച്ച് പണിക്കിറങ്ങി. പത്തിലെ പഠനാവധിക്ക് ചെക്കന്‍ ചന്ദ്രപ്പുരവീട്ടില്‍ പാക്കു പറിക്കാന്‍ പോയിരിക്കുന്നു! ജാനകിച്ചേച്ചി വഴക്കു പറഞ്ഞ് ബുക്കും പുസ്തകവും വരുത്തിച്ച് അവനെ നിര്‍ബന്ധമായി പഠിപ്പിക്കുക തന്നെ ചെയ്തു. വീട്ടില്‍ നിന്ന് തന്നെ ഭക്ഷണവും നല്‍കി. അങ്ങനെ പരീക്ഷ എഴുതി. ചോദ്യപേപ്പര്‍ പകര്‍ത്തി എഴുതിയാല്‍ ജയിക്കുന്ന കാലമൊന്നും അല്ലായിരുന്നു, എന്നിട്ടും രാജന്‍ ഭേദപ്പെട്ട മാര്‍ക്കോടെ പാസ്സായി. കണക്കിനായിരുന്നു ഏറ്റവും കൂടുതല്‍ മാര്‍ക്ക്! പയ്യനു ബുദ്ധിയുണ്ട്, അവര്‍ പറഞ്ഞു. പക്ഷേ തുടര്‍ന്നു പഠിക്കാന്‍ അവന്‍ കൂട്ടാക്കണ്ടേ?
രാധ എം.എയ്ക്ക് പഠിക്കുന്ന കാലത്തായിരുന്നു അവരിരുവരേയും പ്രണയക്കാറ്റ് തഴുകിയത്. രാധയുടെ വീട്ടില്‍ എത്തിയപ്പോഴേയ്ക്കും ആ മന്ദമാരുതന്‍ പ്രതിഷേധക്കൊടുങ്കാറ്റായി രൂപാന്തരം പ്രാപിച്ചിരുന്നു. അതിന്റെ ശക്തിയില്‍ പക്ഷേ പ്രണയം കടപുഴകി വീണില്ലെന്നു മാത്രമല്ല, അതു വിവാഹത്തില്‍ സാഫല്യം അടയുകയും ചെയ്തു. കടപുഴകി വീണത് രാധയുടെ പഠനവും അവളെ കുറിച്ചുള്ള വീട്ടുകാരുടെ ഉദ്യോഗസ്വപ്‌നവുമായിരുന്നു. വിദ്യാഭ്യാസത്തില്‍ രാജന് തീരെ വിശ്വാസമില്ലായിരുന്നു അന്ന്.
മകളെ ചന്ദ്രപ്പുര പോലത്തെ ഒരു വലിയ തറവാട്ടിലേക്കു വേണം കല്യാണം കഴിപ്പിച്ചു വിടാന്‍, രാജന്‍ കൊണ്ടുനടക്കുന്ന സ്വകാര്യമോഹമാണ് അത്. ഇക്കാല ത്ത് പെണ്‍കുട്ടി എഞ്ചിനീയറല്ലെങ്കില്‍ നല്ല ബന്ധം കിട്ടിയെന്നു വരില്ല! മാത്രവു മല്ല, സോഫ്‌റ്റ്വേര്‍ എഞ്ചിനീയര്‍ ആയിക്കിട്ടിയാല്‍ ലക്ഷങ്ങള്‍ വാരുകയും ആവാം. അതുകൊണ്ട് മോളുടെ എഞ്ചിനീയറിംഗ് പ്രവേശനത്തിനായി സ്വാശ്രയക്കാര്‍ക്കു കാശു കുറേ വായ്ക്കരി ഇട്ടു അയാള്‍. പക്ഷേ അന്നുമുതല്‍ അയാള്‍ അതീവ ദുഃഖിതനാണ്. 2 രൂപാ ചെലവാക്കിയാല്‍ 4 രൂപാ ഉണ്ടാക്കണം, അതാണ് രാജന്റെ തത്വശാസ്ത്രം.
പത്തില്‍ പഠിത്തം നിര്‍ത്തിയെങ്കിലും ഒരു മാത്ര കളയാതെ രാജന്‍ അദ്ധ്വാനിച്ചിരുന്നു. കൂലിപ്പണി, തടിപ്പണി, റബര്‍ വെട്ട് ,പ്ലംബിംഗ്, വയറിംഗ്, അങ്ങനെ പകലന്തി ഓടി നടന്നു പണിയോടു പണി. നല്ലവണ്ണം ജോലി ചെയ്യും, ആരുടേയും മേല്‍നോട്ടം ഒന്നും വേണ്ട, നല്ല വണ്ണം കൂലിയും വാങ്ങിക്കും.
അങ്ങനെയിരിക്കെ ഒരു നാള്‍ പുരയിടത്തിന്റെ കോണില്‍ ഒരു ചായിപ്പ് ഉയര്‍ന്നു. രാധയുടെ മദ്ധ്യവര്‍ഗ്ഗമനസ്സില്‍ തീ കോരിയിട്ട് രാജന്‍ കള്ളച്ചാരായം വില്‍പ്പന തുടങ്ങി.
'സര്‍ക്കാര്‍ പോലും ആളുകളെ കുടിപ്പിക്കുന്നു, പിന്നാ! നീ വിഷമിക്കാതെ, കുറെ പണം ആകട്ടെ, നിര്‍ത്താം,' അയാള്‍ രാധയെ സമാധാനിപ്പിച്ചു. ഭര്‍ത്താവു തീരുമാനിച്ചാല്‍ തീരുമാനിച്ചതു തന്നെ എന്ന് രാധ പിന്‍വാങ്ങി. വില്‍പ്പന തടയാന്‍ ബാദ്ധ്യതപ്പെട്ടവര്‍ കാവല്‍ക്കാരായി, നാട്ടുകാരാണെങ്കില്‍ പെരുത്ത് സഹകരണവും! കുറഞ്ഞ നാളിനിടെ രാജന്‍ ചെറുകിട പണക്കാരനായി. കഴുത്തില്‍ കാപ്പിക്കുരു മാലയിട്ടു, ജൂബ ധരിച്ചു, സെന്റു പൂശി.
അടുത്ത സംരംഭം ബ്ലേഡ് ആയിരുന്നു. അപ്പോഴും രാധയുടെ എതിര്‍പ്പ് രാജന്‍ മറികടന്നു. ബ്ലേഡ് കൊണ്ട് പലര്‍ക്കും മുറിഞ്ഞു, പക്ഷേ രാജന്റെ മടിശ്ശീല കനത്തു. അങ്ങനെ ആത്മവിശ്വാസം വര്‍ദ്ധിച്ചപ്പോഴാണ് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സ് എന്ന എളുപ്പപണവഴി അയാള്‍ക്കായി മോഹവല തീര്‍ത്തത്. വിചാരിച്ചതിലും എളുപ്പം അതും പച്ച തൊട്ടു. ചന്ദ്രപ്പുരയിലെ ചേച്ചി പറഞ്ഞതുപോലെ അയാള്‍ കൂര്‍മ്മബുദ്ധി ആയിരുന്നല്ലോ. തവളക്കുഞ്ഞിനെ നീന്താന്‍ പഠിപ്പിക്കണ്ട എന്നതു പോലെ പണം വരുന്ന വഴി അയാളെ ആരും പഠിപ്പിക്കേണ്ടതില്ലായിരുന്നു. വലിയ വീടായി, വലിയ കാറായി...പക്ഷേ തന്നെ ആദ്യം പണക്കാരനാക്കിയ ചാരായവും ബ്ലേഡും ഒന്നും അയാള്‍ നിര്‍ത്തിയില്ല, മൂടു മറക്കരുതല്ലോ.
അങ്ങനെയിരിക്കെ പഞ്ചായത്തുകളില്‍ വനിതാ സംവരണം വന്നു. പഞ്ചായത്തില്‍ വന്നു കുമിയുന്ന ഫണ്ട് ചില്ലറ വല്ലതുമാണോ? ഇടറോഡുകള്‍, മണ്ണൊലിപ്പു തടയാന്‍ ഇടക്കയ്യാലകള്‍, പുഴയ്ക്ക് കയ്യാല കെട്ടല്‍... ഇടറോഡുകളേക്കാള്‍ ആ ഗ്രാമത്തിന് ആവശ്യം വേനലില്‍ കുടിവെള്ളം, പിന്നെ ആശുപത്രി വികസനം തുടങ്ങിയവയാണ്. പക്ഷേ ഓരോന്നിനും ഫണ്ടുകള്‍ അനുവദിക്കുന്നത് ഓരോരുത്തരല്ലേ, കേന്ദ്രം, സംസ്ഥാനം അങ്ങനെയങ്ങനെ. ഗ്രാമത്തിന്റെ മൊത്തം ആവശ്യം നോക്കി ഫണ്ടുകള്‍ ഏകോപ്പിപ്പിക്കുന്ന സമ്പ്രദായം ഒന്നും നിലവില്‍ ഇല്ലല്ലോ.
ദീര്‍ഘവീക്ഷണമുള്ളവനായിരുന്നു രാജന്‍. സന്ദര്‍ഭത്തിനൊത്തുയര്‍ന്ന് ഭാര്യ രാധയെ നിര്‍ബന്ധിച്ച് ഇലക്ഷനു നിര്‍ത്തി, പുഷ്പം പോലങ്ങു ജയിപ്പിച്ചെടുത്തു. രാധ പ്രസിഡണ്ടുമായി! നാട്ടില്‍ തലങ്ങും വിലങ്ങും റോഡുകള്‍ വെട്ടി, റോഡ് കോണ്‍ട്രാക്ടര്‍ അയാള്‍ തന്നെ. അയാളുടെ ഖജനാവ് നിറഞ്ഞു വന്നു. മറ്റു ബിസിനസ്സുകളൊന്നും അപ്പോഴും വേണ്ടെന്ന് വച്ചില്ല. ഭരണം മാറിയാല്‍ പഞ്ചായത്ത് ഫണ്ടില്‍ കണ്ണു വച്ചിട്ട് കാര്യമില്ലെന്ന് അയാള്‍ക്ക് അറിയാം.
ഒന്നാലോചിച്ചാല്‍ പണമുണ്ടാക്കുക എന്ന ലക്ഷ്യം വലിയ പഠിപ്പുകാരേക്കാളും ഭംഗിയായി അയാള്‍ നിറവേറുന്നുണ്ട്, വലിയ പഠിപ്പിനെല്ലാം മിയ്ക്കവരും പോകുന്നത്, രാജ്യസേവനം ചെയ്യാനും വിവരം വയ്ക്കാനും നന്മയുടെ വഴിയിലൂടെ ചരിക്കാനും ഒന്നുമല്ലല്ലോ, പണം, ഇനിയും പണം, അതിനല്ലേ? ബുദ്ധിയുള്ളവന്റെ കയ്യിലേക്ക് ബുദ്ധിയില്ലാത്തവന്റെ പണം വന്നു ചേരുന്നത് നാട്ടുനടപ്പുമല്ലേ? ദോഷം പറയരുതല്ലോ, ഗാന്ധിജിയെ രാജനു വളരെ സ്‌നേഹവും ബഹുമാനവും ആയിരുന്നു. ഗാന്ധിജിയുടെ തലയുള്ള നോട്ടുകള്‍ ഭക്ത്യാദരപൂര്‍വ്വം കണ്ണില്‍ അണച്ചാണ് ഓരോ ദിവസവും തുടങ്ങിയിരുന്നത്!
ഭര്‍ത്താവ് പുതുപണവഴികള്‍ തേടി പിടികിട്ടാ ദൂരത്തേക്കു പൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ രാധയുടെ ലോകം മകളിലേക്കു ചുരുങ്ങി. ജീവിതം തുടരാനുള്ള ഒരു പിടിവള്ളി!
രാജന് ഇപ്പോള്‍ ചിന്ത ഒന്നേയുള്ളു. കോളേജുകാര്‍ക്ക് കൊടുത്ത പൈസ ഉടനേ വസൂലാക്കണം. റിസഷന്‍ എന്നോ മറ്റോ ഓരോന്നു പറഞ്ഞ് വസ്തുവില്‍പ്പന ഈയിടെ വേണ്ട പോലങ്ങു നടക്കുന്നില്ല. രാധയുടെ പ്രസിഡണ്ടു കാലാവധിയും തീര്‍ന്നു. ആധി കയറി അയാള്‍ക്ക് ഉറങ്ങാനായില്ല.
തൊട്ടടുത്ത് രാധ സുഖമായി ഉറങ്ങുന്നതു കണ്ടപ്പോള്‍ അയാള്‍ക്കു കലി വന്നു, പോത്ത്, ഒന്നും അറിയണ്ടല്ലോ, ചോര നീരാക്കുന്നത് ഞാനല്ലേ. ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോള്‍ പെട്ടന്നാണ് അയാളുടെ മനസ്സിലേയ്ക്ക് ലീലേച്ചിയുടെ വര്‍ത്തമാനം ഇരച്ചു കയറി വന്നത്.
'എടീ, ഒന്നുണര്‍ന്നേ, ജാനകിച്ചേച്ചി സ്ഥലം വില്‍ക്കുന്നൂന്നല്ലേ ലീലേച്ചി പറഞ്ഞത് ?'പാതിരാത്രിക്ക് അയാള്‍ ഭാര്യയെ ഉണര്‍ത്താന്‍ ശ്രമിച്ചു.
'ആവോ,' ഉറക്കച്ചടവില്‍ രാധ മൊഴിഞ്ഞു, 'കിടന്നുറങ്ങാന്‍ നോക്ക്.' അവള്‍ തിരിഞ്ഞു കിടന്നുറങ്ങി. അയാള്‍ എവിടെ ഉറങ്ങാന്‍? മനസ്സില്‍ കൂട്ടലും കിഴിയ്ക്കലും തന്നെ. നേരം വെളുത്തപ്പോഴേയ്ക്കും പ്ലാനും പദ്ധതിയും തയ്യാറായി. ചെയ്യേണ്ട ജോലികള്‍ മനസ്സില്‍ അക്കമിട്ട് ഉറപ്പിച്ചു.
രാവിലെ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചു. പിന്നെ നേരേ ജാനകിച്ചേച്ചിയുടെ സ്ഥലത്തെത്തി. നോട്ടക്കാരന്‍ ബാലനെ പാട്ടിലാക്കണം. സാധുവാണ് അയാള്‍, പക്ഷേ ചാരായം പരമ ദൗര്‍ബല്യം. സിറ്റിയില്‍ താമസിക്കുന്ന ജാനകിച്ചേച്ചിയെ ബാലന്‍ ഫോണ്‍ ചെയ്യണം, സ്ഥലം കൊടുക്കുമോന്നു ചോദിക്കണം. ആവശ്യം കേട്ടതും ബാലന്‍ ഞെട്ടി, പറ്റില്ലെന്ന് ഒഴിഞ്ഞു. രാജന്‍ വിടുമോ, പതിയെ പതിയെ വാഗ്ദാന പെരുമഴ തുടങ്ങി. നടന്നാല്‍ 1 % കമ്മീഷന്‍, പോരാതെ ഇപ്പോള്‍ ഒരു മാസത്തേക്ക് ചാരായം ഫ്രീ! കമ്മീഷന്‍ വരുമ്പോള്‍ വര്‍ഷം മുഴ്വോന്‍ സുഖമായി കുടിക്കാന്‍ കിട്ടും എന്നോര്‍ത്തതും ആ പാവത്തിനു പിടിച്ചു നില്‍ക്കാനായില്ല. കമ്മീഷന്‍ കൊടുത്താലെന്താ, അതു മുഴുവന്‍ ചാരായക്കാശായി തന്റെ കയ്യിലേക്കു തന്നെ പോരുമല്ലോ, രാജനും മനസ്സില്‍ കണുക്കുകൂട്ടി. അട്ടക്കണ്ണുള്ളവന്‍ എന്ന് നാട്ടുകാര്‍ പറയുന്നത് വെറുതെയല്ല.
ബാലന്‍ പേടിച്ചു വിറച്ച് വിളിച്ചു, രാജന്‍ തൊട്ടടുത്ത് ഇരിപ്പുണ്ട്. 'വില്‍ക്കുന്നവെന്ന് ആരു പറഞ്ഞു,' ജാനകിച്ചേച്ചി അയാളെ ചാടിച്ചു ഫോണ്‍ വയ്പ്പിച്ചു.
'താന്‍ പേടിക്കാതെ,' ബാലനെ അയാള്‍ സമാധാനപ്പിച്ചു. ജാനകിച്ചേച്ചി ഇന്നു മുതല്‍ മകള്‍ അവരോടു ചെയ്ത ദ്രോഹങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങും, രാജന്‍ കണക്കുകൂട്ടി, പിഴയ്ക്കാത്ത കണക്കുകള്‍!
വീണ്ടും പല പ്രാവശ്യം ബാലനെ കൊണ്ടു വിളിപ്പിച്ചു. പിന്നെ തന്നത്താന്‍ വിളിച്ചു, നാട്ടില്‍ നിലവിലുള്ളതിന്റെ മൂന്നിരട്ടി വില പറഞ്ഞു. അവസാനം അയാള്‍ ജയിച്ചു. മോള്‍ക്കു വേണോ എന്നൊന്നു ചോദിച്ചിട്ടു പറയാം എന്നായി അവര്‍. ബുദ്ധിയുണ്ടെങ്കില്‍ കുറഞ്ഞ വിലയ്ക്ക് മോള്‍ വാങ്ങും, പക്ഷേ ലീലേച്ചി പറഞ്ഞതു വച്ച് നോക്കിയാല്‍ വേണ്ടെന്ന് വാശി പിടിക്കാനേ തരമുള്ളു. ഭാഗ്യം പരീക്ഷിക്ക തന്നെ. 'ദേവീ, അതിനു വേണ്ടെന്നു വാശി പിടിക്കാന്‍ തോന്നണേ, ' അയാള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. പരമരഹസ്യമായിട്ടായിരുന്നു കരുനീക്കങ്ങള്‍. രാധയോ ലീലേച്ചിയോ അറിഞ്ഞാല്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കും, ലീലേച്ചി കാര്‍ത്തികയോടു പറയും. മകള്‍ പോയി കാലില്‍ വീണാല്‍ അമ്മയുടെ മനസ്സ് അലിയും, തീര്‍ച്ച. അതൊന്നും നടക്കാന്‍ പാടില്ല.
അയാളുടെ പ്രാര്‍ത്ഥന ദേവി കേട്ടു, സ്ഥലത്തിന് വിലയുറപ്പിച്ചു. അടുത്ത പടിയായി അയാള്‍ കാര്‍ത്തികയുടെ വീടെത്തി. കളി കാര്യമാകുന്നതറിഞ്ഞ് അവള്‍ ഞെട്ടി, പൊട്ടിത്തെറിച്ചു, പിന്നെ കരഞ്ഞു, എല്ലാം കഴിഞ്ഞ് സമാധാനമാകുന്നതു വരെ രാജന്‍ കാത്തു. ജാനകിച്ചേച്ചിയോടുള്ള കടപ്പാടും അവര്‍ ഒരാവശ്യം പറഞ്ഞാല്‍ നിരാകരിക്കാന്‍ തനിക്കു പറ്റില്ല എന്നും രാജന്‍ വിനയാന്വിതനായി തന്റെ നിസ്സഹായാവസ്ഥ ബോധിപ്പിച്ചു. കാര്‍ത്തികയ്ക്ക് അമ്മയോടുള്ള കോപം ഇരട്ടിപ്പിക്കുന്നതില്‍ അയാള്‍ വിജയിച്ചു. നിങ്ങള്‍ക്കു വേണ്ടെങ്കിലേ മറ്റാര്‍ക്കും കൊടുക്കൂ, രാജന്‍ മാന്യനായി.
ഭര്‍ത്താവു എത്ര അനുനയം പറഞ്ഞിട്ടും വേണ്ട എന്ന ഒറ്റപ്പിടി തന്നെ കാര്‍ത്തിക. അപ്പോള്‍ സ്ഥലം വാങ്ങാതെയുള്ള പ്രശ്‌ന പരിഹാര ചര്‍ച്ചകളായി. അവര്‍ക്കു പറ്റുന്നത് രാജന് പറ്റില്ല, തിരിച്ചും. 'വേണ്ട, ഇതിന്റെ നടുക്കൂടെ തന്നെ പോകട്ടെ, നമ്മുടെ വഴിയും മതിലും എല്ലാം അടച്ചു കെട്ടട്ടെ, അവര്‍ക്കു തൃപ്തിയാവട്ടെ!' ഉന്മാദിയെപ്പോലെ കാര്‍ത്തിക ചിലച്ചു കൊണ്ടിരുന്നു.
'അങ്ങനെ വന്നാല്‍ നമുക്ക് വേറേ വഴിയിടാമല്ലോ,' ഭര്‍ത്താവ് ഭാര്യയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
പിന്നേയും പലവട്ടം രാജന്‍ ചെന്നു, രജിസ്ടര്‍ ചെയ്യും മുമ്പാണെങ്കില്‍ നാമമാത്ര ലാഭമെടുത്ത് സ്ഥലം വിട്ടു കൊടുക്കാന്‍ അയാള്‍ തയ്യാര്‍. കാരണം കാര്‍ത്തികയുടെ സങ്കടം അയാള്‍ക്കു സഹിക്കാന്‍ പറ്റുന്നില്ല! രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ പിന്നെ നടക്കില്ല. രാജന്‍ ആഗ്രഹിച്ചതു പോലെ കാര്‍ത്തിക വീണ്ടും മുട്ടാപ്പോക്കു തന്നെ. ഹോ, പമ്പര വിഡ്ഢി, അയാള്‍ മനസാ ചിരിച്ചു. ഇങ്ങനെയുള്ള വിഡ്ഢികളെ ഇനിയും കാട്ടിത്തരണേ ദേവീ!
രജിസ്‌ട്രേഷന്‍ കഴിഞ്ഞു. രാജന്‍ വീണ്ടും അവിടെയെത്തി. കൂടെ സ്ഥലം നോക്കാനായി കാസീമും.
'സ്ഥലം നോക്കാന്‍ വന്നതാണ്, ' രാജന്‍ വിനയപൂര്‍വ്വം അറിയിച്ചു.
കാസീം സ്ഥലം വിശദമായി ചുറ്റിക്കണ്ടു. സംശയങ്ങള്‍ ചോദിച്ചു.
'എന്നാപ്പിന്നെ ചന്ദ്രപ്പുര വീടിന് ഞാന്‍ അയലോക്കമാകാം. പക്ഷേങ്കി നിങ്ങളു തന്നെ കയ്യാല കെട്ടിത്തരണം രാജന്‍. ഇവരുടെ മതിലും വഴീമൊക്കെ അടച്ചു കെട്ടണ്ടേ. എനിക്കിനി ഇവരോടു പടയൊന്നും വയ്യ.'
രാജന്‍ ആവശ്യപ്പെട്ട ഭാഗം ആര്‍ക്കും സംശയം തോന്നാത്തവണ്ണം വിദഗ്ധമായി അഭിനയിച്ച് കാശു വാങ്ങി കാസീം പോയി. ബ്ലേഡു പണം പിരിക്കാനും ഇതുപോലെ ആവശ്യങ്ങള്‍ക്കും രാജന്‍ വിളിക്കാറുണ്ട് കാസീമിനെ. കാശു കൊടുത്താല്‍ മതി, എന്തിനും തയ്യാര്‍! ഒരര്‍ത്ഥത്തില്‍ രാജന്റെ ബിസിനസ്സ് പാര്‍ട്ട്ണര്‍, അന്നാട്ടുകാരനല്ല താനും.
വരാന്‍ പോകുന്ന നാണക്കേടും ബുദ്ധിമുട്ടും ഓര്‍ത്ത് ഉരുകാന്‍ കാര്‍ത്തികയ്ക്ക് അവസരം കൊടുത്ത് രാജന്‍ പിന്‍വാങ്ങി. രണ്ടു നാള്‍ കഴിഞ്ഞു.
'നാളെ കയ്യാല കെട്ടുകയാണ്, ലൈന്‍ പിടിക്കുമ്പോള്‍ അതിരു നോക്കി ബോദ്ധ്യപ്പെട്ടോണേ, '
രാജന്‍ തൊടുത്ത ബ്രഹ്മാസ്ത്രത്തില്‍ കാര്‍ത്തികയുടെ പൊട്ടവാശി അലിഞ്ഞു. വന്‍ വില പേശലിന്റെ ഒടുക്കം രാജന് മൂന്നു ലക്ഷം രൂപാ ലാഭം വരും വിധം കച്ചവടം ഉറച്ചു. വെറും ഒരാഴ്ച്ച, ഒരു കൈ മറിഞ്ഞ് സ്ഥലം കാര്‍ത്തികയുടെ പേരിലായി. വെറും ഒരു മാസം, ചുമ്മാ മൂന്നു ലക്ഷം രൂപാ രാജന്റെ കീശയിലേക്കു പോന്നു. അയാള്‍ക്ക് തന്റെ ബുദ്ധിയില്‍ അഭിമാനം തോന്നി.
'കാര്‍ത്തിക വാങ്ങാതിരുന്നെങ്കിലോ?'രാധ വിവരമറിഞ്ഞ് അന്തിച്ചു പോയി.
'വാങ്ങാതെവിടെ പോകാനെടീ? അവരു തന്നെ വാങ്ങുംന്ന് എനിക്ക് നല്ല ഉറപ്പാരുന്നു. അതല്ലേ കളിച്ചത്? എന്റെ കണക്കൊന്നും പിഴയ്ക്കില്ലെടീ മോളേ!' അയാളുടെ മുഖം അഭിമാനജൃംഭിതമായി.
'ജാനകിച്ചേച്ചിയോടു കടപ്പാടു പറഞ്ഞിട്ട്....?' രാധയ്ക്ക് സംശയം തീര്‍ന്നില്ല.
'അതല്ലേ അവര്‍ക്കൊരാവശ്യം വന്നപ്പോ ഞാന്‍ കേട്ടറിഞ്ഞു സഹായിച്ചത്. അഞ്ചു പൈസ അവരോടു കമ്മീഷന്‍ വാങ്ങിച്ചോ ഞാന്‍?' അയാള്‍ പൊട്ടിച്ചിരിച്ചു.
അമ്മയുടേയും മോളുടേയും വഴക്കു വിറ്റു കാശാക്കിയതിന്റെ സന്തോഷം! ഒരു നിര്‍ദ്ദോഷ നാട്ടുവര്‍ത്തമാനം ലക്ഷങ്ങളുടെ വരവുവഴിയാക്കിയതിന്റെ ആഹ്ലാദം! കാര്‍ത്തിക അമ്മയുമായുള്ള വഴക്ക് ലീലേച്ചിയോട് വിസ്തരിക്കാതിരുന്നെങ്കില്‍, ലീലേച്ചി അത് ഇവിടെ പറയാതിരുന്നെങ്കില്‍........രാധ ആഗ്രഹിച്ചു പോയി. കുറച്ചു നാളായി രാധയുടെ ചിന്തകളില്‍ 'എങ്കിലുകള്‍' നിരന്തര ഘോഷയാത്ര നടത്തുകയാണ് !
എത്രയോ ദിവസം കൂടി അന്ന് രാജന്‍ സമാധാനത്തോടെ ഉറങ്ങി. പക്ഷേ, രാധ ഉറങ്ങാനാവാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
'അയ്യോ, ഒന്നെഴുന്നേറ്റേ, വേഗം വന്നേ,' രാധയുടെ നിലവിളി കേട്ടാണ് പിറ്റേന്ന് അയാള്‍ ഞെട്ടി ഉണര്‍ന്നത്. മോളുടെ മുറിയില്‍ നിന്നാണ്.
'ഞാന്‍ എനിക്കിഷ്ടമുള്ളയാള്‍ക്കൊപ്പം പോകുന്നു, അന്വേഷിക്കണ്ട, ' 18 തികയാത്ത മകളുടെ, സംബോധനയും ഉപസംഹാരവുമില്ലാത്ത, കാര്യമാത്രപ്രസക്തമായ കുറിമാനം!
ഒരു നിമിഷത്തെ അങ്കലാപ്പ്, പിന്നെ അയാള്‍ മോളുടെ ഫോണില്‍ വിളിച്ചു, അനക്കമില്ല. നേരേ ഓടി പോലീസ് സ്‌റ്റേഷനിലേക്ക്. ഒരാഴ്ച്ച കഴിഞ്ഞു, പോലീസിന് വിവരം കിട്ടി. മൈസൂറിലാണ്, വരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. റഹീം എന്ന പയ്യനൊപ്പമാണ് പോയത്. ഒരു കാസീമിന്റെ മകന്‍!
കാസീമിന്റെ മൂന്നാംകുടിയുടെ വീട്ടില്‍ വച്ചായിരുന്നു സന്ധി സംഭാഷണം. രാധ വരാന്‍ കൂട്ടാക്കിയില്ല. അല്ലെങ്കിലും കരച്ചില്‍ മതിയാക്കി അവള്‍ ഏതാണ്ടൊരു നിസ്സംഗത കൈ വരിച്ചിരുന്നു, ഒരാഴ്ച്ചകൊണ്ട്.
'നമ്മളിപ്പം ബന്ധുക്കളുമായി...' കാസീമിന്റെ ഇളിഞ്ഞ പുന്നാരം കേട്ടതായി ഭാവിച്ചില്ല രാജന്‍. മോളെ കണ്ടതും അയാള്‍ക്ക് ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു. അവളുടെ കഴുത്തിലേതും കയ്യിലേതും ഒന്നും കണ്ടില്ല. അതെല്ലാം വിറ്റു പോലും, പതിനായിരം രൂപാ വാപ്പാ എടുത്തു, ബാക്കി പിള്ളേര്‍ക്കു തന്നെ കൊടുത്തു, അതു വച്ചാണ് ഒരാഴ്ച്ച ചെലവു കഴിഞ്ഞത്. റഹീം ഒരു പാവം പയ്യനാണെന്നു രാജനു തോന്നി. ചരടു വലിച്ചത് വാപ്പ ആയിരിക്കണം.
വീട്ടില്‍ വരാന്‍ തീരെ താത്പര്യമില്ലായിരുന്നു പെണ്‍കുട്ടിക്ക്. പക്ഷേ 18 തികഞ്ഞിട്ടില്ല, വരുംവരായ്കകള്‍ അക്കമിട്ട് പെണ്‍കിടാവിനെ പോലീസ് അനുനയിപ്പിച്ചു. പോകാം, തുടര്‍ന്നു പഠിക്കയും ചെയ്യും, പക്ഷേ 18 തികഞ്ഞാല്‍ റഹീമിനൊപ്പം വിടണം, ഇതെല്ലാം പോലീസിന്റെ മുമ്പില്‍ വച്ച് അച്ഛനെ കൊണ്ട് എഴുതി ഒപ്പിടുവിച്ചേ രാജന്റെ ഏകമകള്‍ അടങ്ങിയുള്ളു.
കാറില്‍ ഇരുന്ന് മകളുടെ മുഖത്ത് പാളി നോക്കി അയാള്‍. അവിടെ യാതൊരു ചമ്മലുമില്ല, വിഷമവും ഇല്ല! ഇവളോട് ഇനി മിണ്ടുന്ന പ്രശ്‌നമേയില്ല, അയാള്‍ പ്രതിജ്ഞ എടുത്തു. അപ്പോഴാണ് അയാള്‍ അന്ധാളിപ്പോടെ ഓര്‍മ്മിച്ചത്, ഓടി നടപ്പിനിടയില്‍ താന്‍ ഒരിക്കലും അവളോട് ഒന്നും തന്നെ മിണ്ടാറില്ലായിരുന്നുവല്ലോ, അവളുടെ ലോകം എന്നും തനിക്ക് അന്യമായിരുന്നുവല്ലോ! വാരിക്കോരി കൊടുത്ത ആഡംബരങ്ങളൊന്നും അച്ഛന്റെ സ്‌നേഹവായ്പ്പിനെ കുറിച്ച് മകളോട് പറഞ്ഞില്ല.
അവര്‍ ചെന്നപ്പോള്‍ സന്ധ്യാദീപം കൊളുത്തേണ്ട നേരം കഴിഞ്ഞിരുന്നു. വാതില്‍ക്കല്‍ രാധയുടെ നിര്‍വ്വികാരമുഖം. ഒക്കത്ത് ചിരിക്കുന്ന കുഞ്ഞുമായി നിറപുഞ്ചിരിയോടെ വൈകുന്നേരങ്ങളില്‍ തന്നെ എതിരേറ്റിരുന്ന പഴയ രാധയെ അയാള്‍ ഓര്‍ത്തു പോയി. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
'എന്റെ ദേവീ......' അയാള്‍ മനമുരുകി വിളിച്ചു.
നാളുകള്‍ക്കു ശേഷം ഒരു പോസ്റ്റ്. എഴുതിയിട്ട് കുറേ നാളായി. ബ്ലോഗാണെങ്കില്‍ കണ്ടിട്ട് തന്നെ നാളേറെയായി. പുതിയ ബ്ലോഗര്‍മാരെ എനിക്കറിയില്ല, അവര്‍ക്കെന്നെയും, ഇത് സാഹസമാകുമോ ആവോ ? ഇന്നാണ് ശ്രീയുടെ കമന്റ് -പഴയ കഥയില്‍--- -കണ്ടത്, എന്നാപ്പിന്നെ പോസ്റ്റിക്കളയാം എന്നങ്ങു നിനച്ചു. ഒരു ഗ്രാമക്കഥ എന്നായിരുന്നു ആദ്യം ഇട്ടത്. പിന്നെ ശ്രീശാന്തിന്റെ ഹണിട്രാപ്പ് വായിച്ചപ്പോഴാണ് മണിട്രാപ്പ് എന്നു മാറ്റിയത്. ഹും, എഴുതിവരുമ്പോള്‍ വീണ്ടും കറന്‍സി തന്നെ! അറിഞ്ഞുകൊണ്ടു സംഭവിച്ചതല്ല, വന്നു ഭവിച്ചതാണ് !
ReplyDeleteവന്നു ഭവിച്ചതേതായാലും നല്ലോരു കഥയായി.
ReplyDeleteനമുക്ക് ചിറ്റിലും കാണാവുന്ന കഥാപാത്രങ്ങള്‍ തന്നെ!!
കഥ നന്നായിട്ടുണ്ട്. ആശംസകള്‍
ReplyDeleteവളരെക്കാലങ്ങൾക്കു ശേഷം പേരു കണ്ടപ്പോൾ തന്നെ ചാടിക്കേറിയതാണ്. ഇമ്മിണി വലിയൊരു ചെറുകഥ.
ReplyDeleteപല നല്ല എഴുത്തുകാരും ബ്ലോഗിനെ മറന്നതുപോലെ.
തിരിച്ചു വരവിനു നന്ദി.
അതെ അതെ.. തിരിച്ചു വന്നതില്‍ വലിയ സന്തോഷം. ഞാനിന്നാളു മുകിലിനോട് പറഞ്ഞതാണ് മൈത്രേയിയെ തീരെ കാണുന്നില്ലല്ലോ എന്ന്...
ReplyDeleteകഥ നന്നായി കേട്ടോ. നമ്മുറ്റെ ചുറ്റുമുള്ള കഥാപാത്രങ്ങള്‍ തന്നെ... ഇനി തുടര്‍ച്ചയായി ബ്ലോഗില്‍ കാണണമെന്ന് ആവശ്യപ്പെടുന്നു... സ്നേഹം മാത്രം
കഥ നന്നായിരിക്കുന്നു . ആശംസകള്‍
ReplyDeleteഅജിത്, ഉദയപ്രഭന്‍, അഭി- വായിച്ചതിനു നന്ദി., കമന്റിനും നന്ദി.
ReplyDeleteകലാവല്ലഭന്‍- ഹായ്, മറന്നിട്ടില്ല എന്നത് എന്തൊരു സന്തോഷം....കഥ മ്മിണി വലുതായി പോയി, ല്ലേ? എന്നിട്ടും വായിച്ചല്ലോ,
എച്ച്മൂ-തിരിച്ചു വരവൊന്നുമല്ല, പിന്നെ എന്തോ കുത്തി കുറിച്ചു, അങ്ങ് പോസ്റ്റ് ചെയ്തു, അത്ര തന്നെ. ഇനി എന്ന് എപ്പോള്‍... വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും പെരുത്തു സന്തോഷം.
എഴുതാതിരിക്കുക എന്ന ദ്രോഹം ഞങ്ങളോട് ചെയ്യരുത് ട്ടോ ഇനീം...
ReplyDeleteവീണ്ടും കണ്ടതില്‍ സന്തോഷം മൈലാഞ്ചിയേ...പക്ഷേ കഥയെ കുറിച്ച് ഒന്നുമേ മിണ്ടിയില്ലല്ലോ...
ReplyDelete