റിച്ചേഡ് കാണൽ ന്‍റെ Most dangerous Game എന്ന കഥയുടെ മൊഴിമാറ്റം ആണ്. കഥാകഫേയുടെ Audio book നു വേണ്ടി മൊഴിമാറ്റം ചെയ്തത്.
ആമുഖം
1893-1949 കാലഘട്ടത്തിൽ ജീവിച്ചിരുന്ന റിച്ചേഡ്
എഡ്വേഡ് കാണൽ ജൂനിയർ ഒരു അമേരിക്കൻ ജേർണലിസ്റ്റും എഴുത്തുകാരനും തിരക്കഥാരചയിതാവും
ആയിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കഥയാണ് ദി മോസ്റ്റ് ഡേഞ്ചറസ് ഗെയിം.
സെറാഫിന്റെ വേട്ടപ്പട്ടികൾ എന്ന പേരിലും ഈ കഥ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഇത്
സിനിമയും ആയിട്ടുണ്ട്.
കഥയിലെ ഗെയിം എന്ന വാക്ക് മൃഗയാവിനോദം,
ഇര എന്നിങ്ങനെ രണ്ടർത്ഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളത്. നായാട്ട് എന്ന
വിനോദത്തെക്കുറിച്ചും മനുഷ്യപ്രകൃതിയെ കുറിച്ചും ഉള്ള ഈ കഥ വേട്ടക്കാരന്റേയും
ഇരയുടേയും ഇടയ്ക്കുള്ള വര തീരെ നേർത്തതാണെന്ന് ശ്രോതാക്കളെ ബോദ്ധ്യപ്പെടുത്തും.
വാക്കുകൾ വച്ച് എന്തും എങ്ങിനേയും വ്യാഖ്യാനിക്കാം എന്ന് ഒരു ഓർമ്മപ്പെടുത്തൽ
കൂടിയാണ് ഇത്. വേട്ടമൃഗങ്ങൾക്ക് വികാരങ്ങളില്ല എന്നു ചിന്തിച്ചിരുന്ന റെയിൻസ്‌ഫോഡ്
ഒടുവിൽ മറ്റൊരു വേട്ടക്കാരന്റെ ഇരയായി തീർന്ന സ്‌തോഭജനകമായ കഥ വായിച്ചാലും.
മൊഴിമാറ്റം: ശ്രീലത എസ്, sreelathas2811@gmail.com
ഏറ്റവും ദുഷ്‌കരനായ ഇര
'ദാ, അങ്ങു
വലത്തേക്ക്-എവിടെയോ ഒരു വലിയ ദ്വീപുണ്ട്, ' വിറ്റ്‌നീ
പറഞ്ഞു. 'അത് ഏറെക്കുറെ ഒരു നിഗൂഢതയുമാണ്-'
'ഏത് ദ്വീപാണ് അത്?' റെയിൻസ്‌ഫോഡ് ചോദിച്ചു.
'പഴയ ഭൂപടങ്ങൾ അതിനെ 'കപ്പൽ കെണി ' എന്നാണു പറയുന്നത്.' വിറ്റ്‌നീ മറുപടി പറഞ്ഞു. 'സൂചന നൽകുന്നൊരു
പേര്, അല്ലേ? നാവികർക്ക് ആ
സ്ഥലത്തെക്കുറിച്ച് വല്ലാത്തൊരു വിചിത്രമായ ഭീതിയുണ്ട്. എന്തുകൊണ്ട്
എന്നെനിക്കറിയില്ല. എന്തോ അന്ധവിശ്വാസം- '
'അതു കാണാൻ കഴിയുന്നില്ലല്ലോ, ' അസുഖകരമായ ശാന്തത മുറ്റിയ ഉഷ്ണമേഖലാരാത്രിയിലേക്ക് ഉറ്റുനോക്കുവാൻ
ശ്രമിച്ചുകൊണ്ട് റെയിൻസ്‌ഫോർഡ് അഭിപ്രായപ്പെട്ടു. അപ്പോൾ രാത്രി അതിന്‍റെ
കട്ടികൂടിയ ഊഷ്മളമായ കറുത്ത അന്ധകാരം നൗകയ്ക്കുള്ളിലേക്ക് (കപ്പലിനുള്ളിലേയ്ക്ക്)
തൊട്ടറിയത്തക്കവിധം അമർത്തുകയായിരുന്നു.
'നിങ്ങൾക്ക് നല്ല കണ്ണുകളുണ്ട്,
' വിറ്റ്‌നീ ഒരു ചിരിയോടെ പറഞ്ഞു, 'ശീതകാലത്ത് നാനൂറ് അടി അകലെ, തവിട്ടുനിറമുള്ള
കുറ്റിക്കാട്ടിലൂടെ ചലിക്കുന്ന കടമാനിനെ, നിങ്ങൾ
വെടിവെച്ചുവീഴ്ത്തുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ. എന്നിട്ട് നിങ്ങൾക്കിപ്പോൾ
ചന്ദ്രനില്ലാത്ത ഈ കരീബിയൻ രാത്രിയിൽ നാലു മൈലിനപ്പുറം പോലും കാണാൻ
കഴിയുന്നില്ലെന്നോ? '
'നാല് അടി പോലും.' റെയിൻസ്‌ഫോഡ് സമ്മതിച്ചു. 'ആ! അത് ഏതാണ്ടൊരു നനവുള്ള കറുത്ത വെൽവെറ്റ്
മാതിരിയുണ്ട്.'
'റിയോ ആവുമ്പോഴേയ്ക്കും അതിന്‍റെ കട്ടി
ഭേദപ്പെട്ട രീതിയിൽ കുറഞ്ഞുവരും,' വിറ്റ്‌നീ പ്രത്യാശ നൽകി. 'കുറച്ചു ദിവസങ്ങൾക്കകം നമുക്ക് അതു സാധിക്കും. പർഡി തോക്കുനിർമ്മാണ
കമ്പനിയിൽ നിന്ന് അമേരിക്കൻ കടുവകളെ വെടിവയ്ക്കാനുള്ള ജാഗ്വാർ തോക്കുകൾ
എത്തിയിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമുക്ക് ആമസോൺ കാടുകളിൽ കുറച്ച് നല്ല
നായാട്ടു നടത്തണം. നായാട്ട്, അതെത്ര ഗംഭീരമായൊരു വിനോദമാണ്.'
'ലോകത്തിലേക്കും വച്ച് ഏറ്റവും നല്ല
വിനോദം.' റെയിൻസ്‌ഫോഡും സമ്മതിച്ചു.
'വേട്ടക്കാരനെ സംബന്ധിച്ച്, ' വിറ്റ്‌നീ ഭേദഗതി വരുത്തി. 'പക്ഷേ, കടുവയ്ക്ക് ഒരിക്കലും അങ്ങനെയാവില്ല.'
'വെറുതെ അസംബന്ധം പറയാതിരിക്കൂ, വിറ്റ്‌നീ, നിങ്ങൾ ഒരു വന്യമൃഗനായാട്ടുകാരനാണ്,
ഒരു ചിന്തകനല്ല. കടുവയ്ക്ക് എന്തു തോന്നും എന്നതിനെ പറ്റി ആരു
ശ്രദ്ധിക്കുന്നു?' റെയിൻസ്‌ഫോഡ് പറഞ്ഞു.
'ചിലപ്പോൾ കടുവകൾ ചിന്തിക്കുമായിരിക്കാം,
' വിറ്റ്‌നീ നിരീക്ഷിച്ചു.
'ഓ, പിന്നേ,
അവറ്റയ്ക്ക് ഒരു ബോധവുമില്ല.'
'എന്നാൽക്കൂടി, അവറ്റയ്ക്ക്
ചിലപ്പോൾ ഒരു കാര്യം മനസ്സിലാകുമെന്നാണ് എനിക്കു തോന്നുന്നത് - ഭയം. മരണത്തെ
കുറിച്ചുള്ള വേദനയും ഭയവും.'
'അസംബന്ധം, ' റെയിൻസ്‌ഫോഡ്
ചിരിച്ചു. 'ഈ ചൂടു കാലാവസ്ഥ നിങ്ങളെ
ആർദ്രനാക്കുന്നു വിറ്റ്‌നീ. പ്രായോഗികമതിയാകൂ. ലോകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്
തന്നെ രണ്ടു വിഭാഗക്കാരെക്കൊണ്ടാണ്. വേട്ടക്കാരും വേട്ടയാടപ്പെടുന്നവരും.
ഭാഗ്യവശാൽ നിങ്ങളും ഞാനും വേട്ടക്കാരുടെ ഗണത്തിലാണ്. നമ്മൾ ആ ദ്വീപ് ഇതിനകം
പിന്നിട്ടുവെന്നു നിങ്ങൾ കരുതുന്നുവോ? '
'ഇരുട്ടിൽ എനിക്കതു പറയാൻ കഴിയുന്നില്ല.
ഞാനങ്ങനെ കരുതുന്നു.'
'എന്തുകൊണ്ട് ?'റെയിൻസ്‌ഫോഡ്
അന്വേഷിച്ചു.
'ആ സ്ഥലത്തിന് ഒരു അപഖ്യാതിയുണ്ട് - ഒരു
ദുഷ്‌പ്പേര്.'
'നരഭോജികൾ ?' റെയിൻസ്‌ഫോഡ്
അഭിപ്രായപ്പെട്ടു.
'സാദ്ധ്യതയില്ല. നരഭോജികൾ പോലും ദൈവം
പരിത്യജിച്ച അങ്ങനെയുള്ള ഒരു സ്ഥലത്തു ജീവിക്കില്ല. പക്ഷേ എങ്ങനെയോ അതു നാവികരുടെ
നാടോടിക്കഥയായി കടന്നുകൂടിയിട്ടുണ്ട്. ജീവനക്കാരെല്ലാവരുടേയും ഞരമ്പുകൾ ഇന്നു ലേശം
ഇളകിമറിഞ്ഞ അവസ്ഥയിലാണെന്ന് നിങ്ങൾ ശ്രദ്ധിച്ചില്ലേ,?'
'അവരുടെ പെരുമാറ്റം ലേശം
വിചിത്രമായിരുന്നു, നിങ്ങളിപ്പോൾ പറഞ്ഞപ്പോൾ എനിക്കും അതു തോന്നുന്നുണ്ട്. ക്യാപ്റ്റൻ
നീൽസെൻ പോലും-'
'ആ കടുകട്ടി മനസ്സുള്ള, വയസ്സൻ സ്വീഡൻകാരനില്ലേ, വേണമെങ്കിൽ ചെകുത്താന്‍റടുത്തു
വരെ പോയി ഇത്തിരി തീ ചോദിക്കാൻ മടിക്കാത്ത ആൾ? ഞാൻ
ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു നോട്ടമാണ് അയാളുടെ ആ സംശയകരമായ
നീലക്കണ്ണുകൾക്കുള്ളത്. അയാളിൽ നിന്ന് ആകെ എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത് 'കടൽയാത്രികരെ സംബന്ധിച്ച് ഈ സ്ഥലത്തിന് ഒരു അശുഭപ്പേരുണ്ട് സർ,'
എന്നു മാത്രമാണ്. പിന്നെ അയാൾ എനിക്കു
നേരെ തിരിഞ്ഞ് വളരെ ഗൗരവത്തോടെ ചോദിച്ചു, 'നിങ്ങൾക്ക്
ഒന്നും തോന്നുന്നില്ലേ' എന്ന്. നമുക്കു ചുറ്റുമുള്ള വായു വിഷമയമാണ് എന്ന മട്ടിൽ. ഇപ്പോൾ
ഞാനിതു പറയുമ്പോൾ നിങ്ങൾ ചിരിക്കരുത് - എനിക്കെന്തോ ആകസ്മികമായൊരു തണുപ്പ് അനുഭവപ്പെട്ടിരുന്നു.'
വിറ്റനീ തുടർന്നു. 'ഒട്ടും തന്നെ കാറ്റുണ്ടായിരുന്നില്ല.
കടൽ ഒരു പരന്ന ഗ്ലാസ്സ് ജനാല പോലെ ആയിരുന്നു. ഞങ്ങൾ ദ്വീപിനടുത്തേക്ക്
എത്തുകയായിരുന്നു അപ്പോൾ. എനിക്ക് അനുഭവപ്പെട്ടത് എന്തോ ഒരു -ഒരു മനസ്സു
മരവിപ്പാണ്; പെട്ടെന്നുള്ള ഒരു തരം ഭീതി.'
'വെറും സങ്കൽപ്പം, ' റെയിൻസ്‌ഫോഡ് പറഞ്ഞു. 'ഒരു
അന്ധവിശ്വാസിയായ നാവികന് തന്‍റെ മുഴുവൻ കമ്പനിയേയും ഭയം കൊണ്ട് അശുദ്ധമാക്കാൻ
കഴിയും.'
'ആയിരിക്കാം. പക്ഷേ നാവികർക്ക് അവർ
അപകടത്തിൽ പെടുമ്പോൾ അങ്ങനെ എന്തോ ഒരു അധികം അവബോധം ഉണ്ടാകാറുണ്ട് എന്ന് ചിലപ്പോൾ
എനിക്കു തോന്നും. ദുഷ്ടത എന്നത് ഒരു വാസ്തവികമായ കാര്യമാണ് എന്ന് ചിലപ്പോൾ ഞാൻ
വിചാരിക്കാറുണ്ട് - ശബ്ദത്തിനും വെളിച്ചത്തിനും ഉള്ളതുപോലെ പോലെ തന്നെ തരംഗദൈർഘ്യം
ഉണ്ട് അതിനും എന്ന്. ഒരു ഹീനസ്ഥലത്തിന്, ദുഷ്ടതയുടെ
കമ്പനങ്ങൾ പ്രക്ഷേപണം ചെയ്യാൻ കഴിയും എന്നു വേണം പറയാൻ. എന്തായാലും ഈ മേഖലയിൽ
നിന്നു നമ്മൾ പുറത്തേക്കു കടക്കുയാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ
ഞാനിപ്പോൾ കിടക്കാൻ പോകട്ടെ റെയിൻസ്‌ഫോഡ്.'
'എനിക്കുറക്കം വരുന്നില്ല, ' റെയിൻസ്‌ഫോഡ് പറഞ്ഞു. 'ഞാൻ ആഫ്റ്റർഡെക്കിൽ പോയി ഒരു പൈപ്പ്പുക കൂടി എടുക്കട്ടെ.'
'എങ്കിൽ ശുഭരാത്രി, റെയിൻസ്‌ഫോഡ്. നാളെ പ്രഭാതഭക്ഷണസമയത്ത് കാണാം.'
'ശരി, ശുഭരാത്രി,
വിറ്റ്‌നീ.'
റെയിൻസ്‌ഫോഡ് അവിടെ ഇരുന്നു.
ഇരുട്ടിൽകൂടി നൗകയെ മുന്നോട്ടു നയിച്ചുകൊണ്ടിരുന്ന എഞ്ചിന്‍റെ അടക്കിവച്ച
സ്പന്ദനവും, പ്രൊപ്പല്ലർ പുറത്തേക്കു തള്ളുന്ന വെള്ളത്തിന്‍റെ ചുഴറ്റലും അതിന്‍റെ
അലയടികളും ഒഴികെ മറ്റു യാതൊരുതര ശബ്ദവും ആ രാത്രിയിൽ ഉണ്ടായിരുന്നില്ല.
ചാരുകസാലയിൽ കിടന്നുകൊണ്ട്
കാട്ടുറോസക്കമ്പുകൊണ്ടു നിർമ്മിതമായ തന്‍റെ പ്രിയപ്പെട്ട പൈപ്പിൽ അലസമായി പുക
എടുക്കുകയായിരുന്നു റെയിൻസ്‌ഫോഡ്. രാത്രിയുടെ ഇന്ദ്രിയസുഖം പകരുന്ന മയക്കം,
അയാളെ ഗ്രസിച്ചിരുന്നു. 'ശരിക്കും ഇരുട്ടിക്കഴിഞ്ഞിരിക്കുന്നു, ' അയാൾ
ചിന്തിച്ചു, 'എനിക്ക് കണ്ണകളടയ്ക്കാതെ തന്നെ ഉറങ്ങാൻ
കഴിയും; എന്‍റെ
കൺപോളകളാവും രാത്രി -'
പെട്ടെന്ന് എന്തോ ഒരു ആകസ്മിക ശബ്ദം
അയാളെ ഞെട്ടിച്ചുകളഞ്ഞു. അങ്ങ് ദൂരെ വലതുവശത്തുനിന്നാണ് അയാളതു കേട്ടത്, ഇങ്ങനെയുള്ള കാര്യങ്ങളിൽ അയാളുടെ കാതുകൾ വിദഗ്ദ്ധരാണ്, അതിനാൽ അവയ്ക്കു തെറ്റു പറ്റാൻ സാദ്ധ്യതയില്ല. അയാൾ വീണ്ടും ശബ്ദം
കേട്ടു, പിന്നെ വീണ്ടും. ദൂരെ ആ അന്ധകാരത്തിൽ ആരോ
മൂന്നു വട്ടം തോക്കിൽ നിന്ന് നിറ ഒഴിച്ചിരിക്കുന്നു.
റെയിൻഫോഡ് ചാടിയെഴുന്നേറ്റു, ധൃതഗതിയിൽ കൈവരിക്കടുത്തേക്കു നീങ്ങി, എന്തോ
നിഗൂഢത തോന്നി അയാൾക്ക്. ശബ്ദം കേട്ട ദിക്കിലേക്ക് അയാളുടെ കണ്ണുകൾ ആയാസപ്പെട്ടു
നോക്കി, പക്ഷേ ഒരു കരിമ്പടത്തിനുള്ളിലൂടെ കാണുവാൻ
ശ്രമിക്കും പോലെയേ ഉണ്ടായിരുന്നുള്ളു അത്. കൂടുതൽ ഉയരത്തിലേക്കു കാണുന്നതിനായി
അയാൾ കൈവരിയിലേക്ക് ചാടിക്കയറി, പിടിച്ചുനിന്നു; അയാളുടെ
പൈപ്പ് ഒരു കയറിൽ തട്ടി വായിൽ നിന്ന് തട്ടിയിടപ്പെട്ടു. അയാൾ അത് പിടിക്കാനായി
മുന്നോട്ടാഞ്ഞു; താൻ വളരെ അധികം ദൂരത്തിലെത്തിയെന്നും തന്‍റെ
സമതുലിതാവസ്ഥ നഷ്ടപ്പെട്ടുവെന്നും മനസ്സിലാക്കിയപ്പോൾ അയാളുടെ ചുണ്ടുകളിൽ നിന്നു
ഒരു ചെറിയ അടഞ്ഞ നിലവിളി ബഹിർഗ്ഗമിച്ചു. സാമാന്യം ചൂടുള്ള കരീബിയൻ കടൽവെള്ളം
തലയ്ക്കു ചുറ്റും വ്യാപിച്ച് തല മൂടിക്കഴിഞ്ഞപ്പോൾ അയാളുടെ നിലവിളി അമർന്നു പോയി.
വളരെ കഷ്ടപ്പെട്ട് അയാൾ
ഉപരിതലത്തിലേക്ക് പൊന്തിവന്ന് നിലവിളിക്കാൻ ശ്രമിച്ചുവെങ്കിലും വേഗത്തിൽ നീങ്ങുന്ന
നൗക പുറന്തള്ളുന്ന ഊക്കുള്ള വെള്ളം അയാളുടെ മുഖത്തടിച്ചു, തുറന്നിരിക്കുന്ന
വായ്ക്കകത്തു കയറിയ കടൽവെള്ളമാകട്ടെ, അയാൾക്ക്
ഓക്കാനവും ശ്വാസം മുട്ടലും ഉണ്ടാക്കി. നൗകയുടെ അകന്നകന്നു പോകുന്ന വെളിച്ചത്തിന്‍റെ
പിന്നാലെ അതിനൊപ്പമെത്താൻ അയാൾ സാഹസികമായി ശക്തമായി തുഴഞ്ഞ് നോക്കി, പക്ഷേ അമ്പതടി നീന്തിയപ്പോഴേയ്ക്കും അയാൾ മതിയാക്കി. അപ്പോഴേയ്ക്കും
എന്തോ ഒരു സമചിത്തത അയാൾക്ക് കൈവന്നു; ഇങ്ങനെ ബുദ്ധിമുട്ടുള്ള ഗുരുതര സാഹചര്യങ്ങളിൽ അയാൾ അകപ്പെടുന്നത്
ഇതാദ്യമായല്ല. നൗകയിലുള്ള ആരെങ്കിലും അയാളുടെ നിലവിളി കേൾക്കാനിടയായേക്കാം എന്നൊരു
സാദ്ധ്യത ഉണ്ടായിരുന്നു, പക്ഷേ ആ സാദ്ധ്യത തീരെ
ശോഷിച്ചതായിരുന്നു, നൗകയുടെ വേഗത്തിലുള്ള കുതിപ്പിൽ അതു
കൂടുതൽ ശോഷിച്ചതാകയും ചെയ്തു. മല്ലടിച്ച് അയാൾ സ്വന്തം വസ്ത്രങ്ങളിൽ നിന്നു
മുക്തനായി, പിന്നെ സർവ്വശക്തിയുമെടുത്ത്
നിലവിളിച്ചു. നൗകയുടെ വെട്ടം തീരെ മങ്ങിയതായി, നിരന്തരം
മറഞ്ഞുകൊണ്ടിരിക്കുന്ന മിന്നാമിന്നികളെപ്പോലെ; പിന്നെ
നൗകയേയും അതിലെ സഞ്ചാരികളേയും മുഴുവനായി രാത്രി മറച്ചുകളഞ്ഞു.
റെയിൻസ്‌ഫോഡ് വെടിയൊച്ചകളെ കുറിച്ച്
ഓർത്തു. അവ വലതുഭാഗത്തു നിന്നായിരുന്നു വന്നത്, തന്‍റെ ശക്തി മുഴുവൻ സംഭരിച്ച്,
മെല്ലെ മെല്ലെ, ആലോചനാപൂർവ്വമുള്ള തുഴച്ചിലുകളോടെ അയാൾ
വാശിയോടെ ആ ദിക്കിലേക്കു നീന്തി. ഒരിക്കലും അവസാനിക്കാത്ത സമയത്തോളം എന്നു
തോന്നുന്നത്ര അയാൾ കടലിനോട് മല്ലടിച്ചു. അയാൾ തന്‍റെ തുഴച്ചിലുകൾ എണ്ണുവാൻ തുടങ്ങി;
മിയ്ക്കവാറും ഒരു നൂറിലധികം തുഴച്ചിലുകൾ ചെയ്യാൻ അയാൾക്കു
കഴിഞ്ഞിരിക്കണം, അപ്പോഴേയ്ക്കും-
റെയിൻസ്‌ഫോഡ് ഒരു ശബ്ദം കേട്ടു. അത്
ഇരുട്ടിൽ നിന്നാണ് വന്നത്, ഉച്ചസ്ഥായിയിലുള്ള കാതു
തുളയ്ക്കുന്നൊരു നിലവിളി, തീവ്ര മനഃപീഡയും കൊടുംഭീതിയും എല്ലാ
അതിരുകളും ഭേദിച്ച മട്ടിലുള്ള, ഒരു മൃഗത്തിന്‍റെ ശബ്ദം.
ശബ്ദമുണ്ടാക്കിയ മൃഗത്തെ അയാൾക്ക്
മനസ്സിലാക്കുവാൻ കഴിഞ്ഞില്ല; അതിന് അയാൾ ശ്രമിച്ചതുമില്ല; പുതിയ ഒരു ആവേശത്തോടെ അയാൾ ശബ്ദം കേട്ട ദിക്കിലേക്കു നീന്തി. അയാൾ
അതു വീണ്ടും കേട്ടു; പിന്നെ മറ്റൊരു സ്പഷ്ടമായ, പ്രത്യേകതയുള്ള, ചുരുക്കിയ ശബ്ദംകൊണ്ട് ആ നിലവിളി
നിർത്തപ്പെട്ടു.
'പിസ്റ്റൾ വെടി,' റെയിൻഫോഡ് പിറുപിറുത്തു, നീന്തിക്കൊണ്ടു തന്നെ.
പത്തു മിനിറ്റു നേരത്തെ
നിശ്ചയദാർഢ്യത്തോടെയുള്ള പരിശ്രമം അയാളുടെ കാതുകളിലേക്ക് മറ്റൊരു ശബ്ദം എത്തിച്ചു-
അയാൾ ഇന്നേവരെ കേട്ടിട്ടുള്ളതിലേക്കും വച്ച് ഏറ്റവും സ്വാഗതാർഹമായൊരു ശബ്ദം - പാറക്കെട്ടുകൾ
നിറഞ്ഞ കരയിൽ തട്ടുന്ന കടലിന്‍റെ പിറുപിറുപ്പും മുരളലും. അയാൾ ഏതാണ്ട് ആ പാറകളിൽ
എത്തിക്കഴിഞ്ഞിരുന്നു, അയാളുടെ ദൃഷ്ടിയിൽ അവ പെടുന്നതിനും
മുമ്പേതന്നെ; ഇത്രയും ശാന്തമല്ലാത്ത ഒരു രാത്രി
ആയിരുന്നെങ്കിൽ ഒരുപക്ഷേ, അവയിൽ തട്ടി അയാൾ ചിന്നിച്ചിതറി
തെറിച്ചു പോയിട്ടുണ്ടാവും. അവശേഷിച്ച ശക്തി സ്വരുക്കൂട്ടി അയാൾ തന്നെത്തന്നെ ആ
ചുഴറ്റുന്ന വെള്ളത്തിൽ നിന്ന് വലിച്ചെടുത്തു. കുണ്ടും കുഴിയുമുള്ള
കിഴുക്കാംതൂക്കായ പാറക്കെട്ടുകൾ അവ്യക്തതയിലേക്ക് തള്ളി നിൽക്കുന്നതുപോലെ
തോന്നിപ്പിച്ചു; അയാൾ സ്വയം മുകളിലേക്കു തള്ളി, ഇരുകൈകളും ഒന്നിനു മേലേ ഒന്നുവച്ചുകൊണ്ട്. കിതച്ചുകൊണ്ട്, കയ്യുറകളിടാത്ത തന്‍റെ പച്ചയായ കൈകൾ കൊണ്ട് പൊത്തിപ്പിടിച്ചു കയറി
അയാൾ വല്ലവിധവും മുകളിലുള്ള ഒരു പരന്ന കഷണത്തിൽ എത്തിപ്പെട്ടു. അതിനിബിഡവനം
ഏതാണ്ട് കുത്തനെയുള്ള പാറക്കെട്ടുകൾ വരെ എത്തിയിരുന്നു. പിണഞ്ഞു കിടക്കുന്ന ആ
മരങ്ങളും അതിനടിയിലുള്ള ഇടതൂർന്ന കുറ്റിക്കാടുകളും തനിക്കായി എന്തുതരം വിപത്താണ്
കാത്തുവച്ചിട്ടുണ്ടാവുക എന്നത് ആ സമയത്ത് റെയിൻസ്‌ഫോഡിനെ
ഉത്കണ്ഠാകുലനാക്കിയതേയില്ല. അയാൾക്ക് ആകെ അറിയാവുന്നത് തന്‍റെ ശത്രുവായ കടൽ,
അതിൽനിന്ന് താൻ സുരക്ഷിതനായിരിക്കുന്നു, എന്നു
മാത്രമാണ്. മാത്രവുമല്ല, അതീവ ക്ഷീണം അയാളുടെ മേൽ പതിഞ്ഞിരുന്നു
താനും. കാടിന്‍റെ ഓരത്തേക്ക് അയാൾ സ്വയം ചുഴറ്റിയെറിഞ്ഞു, ഇന്നോളമുള്ള
ജീവിതത്തിലെ ഏറ്റവും വലിയ ഉറക്കത്തിലേക്ക് അയാൾ തലകുത്തി നിപതിക്കയും ചെയ്തു.
പിന്നെ അയാൾ കണ്ണു തുറന്നപ്പോൾ സൂര്യന്‍റെ
സ്ഥാനം കണ്ട്, ഉച്ചതിരിഞ്ഞ് വൈകിയിരിക്കുന്നു എന്ന്
അയാൾക്കു മനസ്സിലായി. ഉറക്കം അയാൾക്ക് ഒരു പുതിയ ഊർജ്ജം പകർന്നു നൽകിയിരുന്നു; മൂർച്ചയുള്ള വിശപ്പ് അയാളെ
ശല്യപ്പെടുത്താനും തുടങ്ങിയിരുന്നു. അയാൾ ചുറ്റും നോക്കി, ഏറെക്കുറെ
സന്തോഷത്തോടെ തന്നെ.
'പിസ്റ്റൾ വെടികൾ എവിടെയുണ്ടോ, അവിടെ മനുഷ്യരുമുണ്ടാകും. മനുഷ്യരെവിടെയുണ്ടോ, അവിടെ
ആഹാരവും.' അയാൾ ചിന്തിച്ചു. പക്ഷേ എന്തു തരം
ആളുകളായിരിക്കും, ഇങ്ങനെയുള്ള ഒരു വിലക്കപ്പെട്ട
സ്ഥലത്ത്? ഇടമുറിയാത്ത, കുഴപ്പം
പിടിച്ച, ദുർഘടവനം കരയെ ഞൊറിഞ്ഞു കിടന്നിരുന്നു.
പിണഞ്ഞുകിടക്കുന്ന കാട്ടുപുല്ലിന്‍റേയും
മരങ്ങളുടേയും വലയ്ക്കിടയിലൂടെ ഒരു വനപാതയുടെ ലക്ഷണമൊന്നും അയാൾക്ക് കാണാനായില്ല;
കരയിലൂടെ പോകുന്നതായിരിക്കണം എളുപ്പം, അങ്ങനെ
റെയിൻസ്‌ഫോഡ് വെള്ളത്തിന്‍റെ അരികിലൂടെ പ്രയാസപ്പെട്ട് മുന്നോട്ടു നടന്നുതുടങ്ങി.
അയാൾ കരയടിഞ്ഞത് എവിടെയാണോ, അവിടെ നിന്ന് അധികം അകലെയല്ലാതെ അയാൾ
നടത്ത നിർത്തി.
എന്തോ ഒരു മുറിവേറ്റ സാധനം - തെളിവുപ്രകാരം,
ഒരു വലിയ മൃഗം-ഇടതിങ്ങിയ കുറ്റിക്കാടുകൾക്കിടയിലൂടെ എന്തോ ഒന്ന്
അക്രമപരതയോടെ നീങ്ങി; കാട്ടുപുല്ലുകൾ ചതച്ച് ഞെരിച്ചിരുന്നു,
പായലാകട്ടെ കീറിയും കാണപ്പെട്ടു; ഒരു
നിര പുല്ല് രക്തനിറം പൂണ്ടിരുന്നു. അകലെയല്ലാതെ ഒരു ചെറിയ തിളങ്ങുന്ന സാധനം റെയിൻസ്‌ഫോഡിന്‍റെ
കണ്ണുകളിലുടക്കി, അയാൾ അതു കയ്യിലെടുത്തു. അതൊരു ഒഴിഞ്ഞ
വെടിത്തിരയായിരുന്നു.
'ഒരു ഇരുപത്തി രണ്ട്, ' അയാൾ അഭിപ്രായപ്പെട്ടു. 'അത്
വിചിത്രമായിരിക്കുന്നു. അത് ഒരുവിധം വലിപ്പമുള്ള മൃഗമായിരുന്നിരിക്കണം. ഒരു കനം
കുറഞ്ഞ തോക്കുവച്ച് അതിനെ കൈകാര്യം ചെയ്യണമെങ്കിൽ വേട്ടക്കാരൻ നന്നെ
കഷ്ടപ്പെട്ടിരിക്കണം. ആ മൃഗം ഒരു യുദ്ധമുണ്ടാക്കിയെന്നത് ഉറപ്പാണ്. ഞാൻ കേട്ട ആദ്യ
മൂന്നു ശബ്ദം, തന്‍റെ വേട്ടമൃഗത്തിന്‍റെ ഉള്ളിലേക്ക്
വെടിയുണ്ട പായിച്ച്, വേട്ടക്കാരൻ അതിനെ മുറിവേൽപ്പിച്ചതിന്‍റേത്
ആയിരുന്നിരിക്കണം. അവസാനത്തേത് ഈ വനപാതയിലേക്ക് അതിനെ നയിച്ച് അതിന്‍റെ കഥ
കഴിച്ചതിന്‍റേതും ആയിരുന്നിരിക്കണം.'
അയാൾ ആ തറ പരിശോധിച്ചു, താൻ കാണുമെന്നു പ്രതീക്ഷിച്ച കാര്യം കണ്ടെത്തുകയും ചെയ്തു - വേട്ടബൂട്ട്‌സുകളുടെ
മുദ്രകൾ. കിഴുക്കാംതൂക്കായ പാറയുടെ അരികിലൂടെ അയാൾ പൊയ്‌ക്കൊണ്ടിരുന്ന അതേ ദിക്കാണ്
അവയും സൂചന നൽകിയത്. ആകാംക്ഷയോടെ അയാൾ തിരക്കിട്ടു നടന്നു, ഇടയക്കിടെ
ഒരു ചീഞ്ഞ മുട്ടയിൽ, അല്ലെങ്കിൽ ഒരു ഇളകിയ കല്ലിൽ തട്ടി
വീഴാൻ പോയി, പക്ഷേ മുന്നോട്ടു തന്നെ നടന്നു; അപ്പോഴേയ്ക്കും ആ ദ്വീപിൽ രാത്രി
വാസമുറപ്പിക്കാൻ തുടങ്ങിയിരുന്നു.
റെയിൻസ്‌ഫോഡ് വെളിച്ചം കണ്ടുപിടിക്കുമ്പോഴേയ്ക്കും
വിരസമായ ഇരുട്ട് കടലിനേയും കാടിനേയും മറയ്ക്കാൻ തുടങ്ങിയിരിക്കണം.
കടൽത്തീരവഴിയിലൂടെ ഒരു വളവ് തിരിഞ്ഞപ്പോൾ അയാൾ അവ കണ്ടു; ആദ്യം
അയാൾക്കു തോന്നിയത് താൻ ഒരു ഗ്രാമത്തിൽ എത്തിപ്പെട്ടു എന്നാണ്, കാരണം അവിടെ ധാരാളം വിളക്കുകൾ പ്രകാശിച്ചിരുന്നു. പക്ഷേ മുന്നോട്ടു
നീങ്ങവേ, ആ വെളിച്ചം മുഴുവനും പ്രസരിക്കുന്നത് ഒരു
ഭീമാകാരനായ കൂറ്റൻ കെട്ടിടത്തിൽ നിന്നാണ് എന്നത് അയാളെ അമ്പരപ്പിച്ചു കളഞ്ഞു.
ഇരുളിന്‍റെ ഉയരങ്ങളിലേക്ക് ആഴ്ന്നു കയറുന്ന മട്ടിലുള്ള ഗോപുരങ്ങളുള്ള, ഒരു ഉയരം കൂടിയ സൗധം. അയാളുടെ കണ്ണുകൾ കൊട്ടാരസദൃശമായ ആ കോട്ടയുടെ
മങ്ങിയ ബാഹ്യരേഖകൾ കണ്ടുപിടിച്ചു; അത് ഒരു ഉയരം കൂടിയ കിഴുക്കാംതൂക്കായ
ഭാഗത്താണ് നിർമ്മിച്ചിരുന്നത്, കടൽ തന്‍റെ സ്വാർത്ഥത നിറഞ്ഞ
ചുണ്ടുകൾകൊണ്ട് നിഴലുകൾക്കിടയിൽ നക്കിത്തുടച്ചിരുന്നത് എവിടെയാണോ, അവിടെത്തന്നെയാണ് ആ കൂറ്റൻ സൗധത്തിന്‍റെ മൂന്നു വശങ്ങളിലും
കിഴുക്കാംതൂക്കായ പാറകൾ മൂങ്ങാംകുഴിയിട്ടിരുന്നത്.
'മരീചിക, ' റെയിൻസ്‌ഫോഡ്
കരുതി. പക്ഷേ ആ ഉയരം കൂടിയ, മുനയുള്ള ഇരുമ്പു ഗേറ്റ് തുറക്കവേ അതു മരീചികയൊന്നും ആയിരുന്നില്ല
എന്ന് അയാൾ സ്വയം കണ്ടു മനസ്സിലാക്കി. കല്ലുപാകിയ പടിക്കെട്ടുകൾ യഥാർത്ഥം തന്നെ ആയിരുന്നു;
അതേപോലെ, കതകുതട്ടി ആയി വച്ചിരുന്ന, കള്ളനോട്ടം
നോക്കുന്ന മൃഗരൂപങ്ങളും; എങ്കിലും അതിനെല്ലാം അപ്പുറം ഒരു
അയഥാർത്ഥതയുടെ അന്തരീക്ഷം ആ കെട്ടിടത്തെ വിലയം ചെയ്തിരുന്നു.
അയാൾ കതകുതട്ടി പൊക്കി, അത് കഠിനമായി കിറുങ്ങി, അത് അന്നേവരെ
ഉപയോഗിച്ചട്ടില്ല എന്ന വണ്ണം. അത് പൂർവ്വസ്ഥാനം പ്രാപിക്കട്ടെ എന്ന മട്ടിൽ അയാൾ
അത് കൈയ്യിൽ നിന്ന് വിട്ടുകളഞ്ഞു, പൊടുന്നനെയുണ്ടാക്കിയ ഒച്ച വച്ച് അത്
അയാളെ അമ്പരപ്പിച്ചു. അകത്ത് കാൽപ്പെരുമാറ്റം കേട്ടുവെന്ന് അയാൾക്കു തോന്നി;
കതക് അടഞ്ഞുതന്നെ കിടന്നു. വീണ്ടും റെയിൻസ്‌ഫോഡ് ആ ഭാരംകൂടിയ കതകുതട്ടി
പൊക്കി, അതു താഴെ വീഴുവാൻ അനുവദിച്ചു. കതക് അപ്പോൾ
തുറന്നു- സ്പ്രിംഗ് പിടിപ്പിച്ചാലെന്ന പോലെ അത് ഝടുതിയിൽ തുറന്നു - വെളിയിലേക്കു
പരന്നൊഴുകിയ സുവർണ്ണ വെളിച്ചനദിയിൽ കണ്ണ് ചിമ്മിക്കൊണ്ട് റെയിൻസ്‌ഫോഡ് നിന്നു.
റെയിൻസ്‌ഫോഡിന്‍റെ കണ്ണകൾ ആദ്യം കണ്ടത് താൻ അന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച്
ഏറ്റവും വലിയ മനുഷ്യനെ ആയിരുന്നു - ഒരു അതിബൃഹത്തായ ജീവി, ഉറച്ച
ദേഹമുള്ള, അര വരെ നീണ്ടുകിടക്കുന്ന താടിമീശയുള്ള ഒരാൾ.
അയാൾ ഒരു നീണ്ട കുഴലുള്ള റിവോൾവർ കയ്യിൽ പിടിച്ചിരുന്നു, അത്
നേരേ റെയിൻസ്‌ഫോഡിന്‍റെ നെഞ്ചത്തേക്കു തന്നെ ചൂണ്ടിയിരുന്നു താനും.
അയാളുടെ കെട്ടുപിണഞ്ഞ താടിയുടെ
ഇടയിലൂടെ രണ്ടു കുഞ്ഞു കണ്ണുകൾ റെയിൻസ്‌ഫോഡിനെ പരിഗണിച്ചു.
'പരിഭ്രമിക്കേണ്ടതില്ല, ' അയാളെ നിരായുധനാക്കിയേക്കാവുന്നതെന്നു സ്വയം കരുതുന്ന ഒരു
പുഞ്ചിരിയോടെ റെയിൻസ്‌ഫോഡ് പറഞ്ഞു. 'ഞാനൊരു കൊള്ളക്കാരനല്ല.
ഞാനൊരു നൗകയിൽ നിന്നു വീണു പോയി. എന്‍റെ പേര് സാംഗർ റെയിൻസ്‌ഫോഡ്, ന്യൂയോർക്ക് നഗരത്തിൽ നിന്നാണ്.'
ആ കണ്ണുകളിലെ ശല്യപ്പെടുത്തുന്ന നോട്ടം
പക്ഷേ മാറിയില്ല. ആ രാക്ഷസമട്ടുകാരൻ ഒരു പ്രതിമയാണെന്ന വിധം അയവില്ലാതെ റിവോൾവർ
ചൂണ്ടിക്കൊണ്ടു തന്നെ നിന്നു. റെയിൻസ്‌ഫോഡിന്‍റെ വാക്കുകൾ മനസ്സിലായതിന്‍റെ യാതൊരു
ലക്ഷണവും അയാൾ പ്രകടിപ്പിച്ചില്ല, അയാൾ അതു കേട്ടുവെന്നു പോലും
തോന്നിപ്പിച്ചതുമില്ല. അയാൾ യൂണിഫോമിലായിരുന്നു - ആസ്ട്രഖൻ എന്ന ചാരനിറമുള്ള റഷ്യൻ
രോമത്തുണിത്തരം കൊണ്ട് പരിഷ്‌ക്കരിച്ച ഒരു കറുത്ത യൂണിഫോം.
'ഞാൻ ന്യൂയോർക്കിലെ സാംഗർ റെയിൻസ്‌ഫോഡ്
ആണ്, ' റെയിൻസ്‌ഫോഡ് വീണ്ടും തുടങ്ങി. 'ഞാൻ ഒരു കപ്പലിൽ നിന്നു
വീണുപോയി. എനിക്കു വിശക്കുന്നുണ്ട്.'
ആ മനുഷ്യന്‍റെ ഒരേയൊരു ചലനം റിവോൾവറിന്‍റെ
ഹാമർ തള്ളവിരൽ വച്ചു പൊക്കുക എന്നതായിരുന്നു. പിന്നെ ആ മനുഷ്യന്‍റെ കൈ ഒരു
മിലിട്ടറി സല്യൂട്ട് ചെയ്യുന്നതിനായി സ്വന്തം നെറ്റിയിലേക്കു നീങ്ങുന്നത് റെയിൻസ്‌ഫോഡ്
കണ്ടു. അയാൾ പാദങ്ങൾ അടുപ്പിച്ചുവച്ച്, ബഹുമാനപൂർവ്വം
നിൽക്കുന്നതും കണ്ടു. മറ്റൊരു മനുഷ്യൻ വിശാലമായ മാർബിൾ പടികളിറങ്ങി
വരുന്നുണ്ടായിരുന്നു, സായാഹ്നവസ്ത്രങ്ങൾ അണിഞ്ഞ, നിവർന്നു മെലിഞ്ഞ ഒരു മനുഷ്യൻ. അയാൾ റെയിൻസ്‌ഫോഡിനടുത്തേക്കു നീങ്ങി
കൈകൾ നീട്ടി.
നേരിയ ഉച്ചാരണഭേദം, കൂടുതലായൊരു കൃത്യതയും അവധാനതയും അടയാളപ്പെടുത്തി നൽകിയിരുന്ന,
ഒരു പരിശീലിച്ചെടുത്ത ശബ്ദത്തിൽ അയാൾ
പറഞ്ഞു, 'വിഖ്യാതനായ നായാട്ടുകാരൻ മിസ്റ്റർ. സാംഗർ
റെയിൻസ്‌ഫോഡിനെ എന്‍റെ ഭവനത്തിലേക്ക് സ്വാഗതം ചെയ്യുന്നത് എന്‍റെ ആഹ്ലാദവും
ബഹുമതിയുമാണ്.'
റെയിൻസ്‌ഫോഡ് ആ മനുഷ്യന്‍റെ കൈ സ്വയമേവ
പിടിച്ചു കുലുക്കി.
'ടിബറ്റിലെ മഞ്ഞുപുള്ളിപ്പുലികളെ
വേട്ടയാടുന്നതിനെ കുറിച്ചുള്ള താങ്കളുടെ പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്, ' ആ മനുഷ്യൻ വിശദീകരിച്ചു. 'ഞാൻ ജനറൽ
സെറാഫ്.'
ആ മുനുഷ്യൻ അസാധാരണമായ സൗന്ദര്യവാൻ
എന്നാണ് ഒറ്റനോട്ടത്തിൽ റെയിൻസ്‌ഫോഡിനു തോന്നിയത്; രണ്ടാമതു
തോന്നിയത് ജനറലിന്‍റെ മുഖത്തിന് എന്തോ ഒരു മൗലികത, ഭ്രമാത്മകമായ
എന്തോ ഒരു ഗുണവിശേഷം ഉണ്ടെന്നതാണ്. മദ്ധ്യവയസ്സു പിന്നിട്ടിരുന്ന ഒരു ഉയരമുള്ള
മനുഷ്യനായിരുന്നു അയാൾ, കാരണം അയാളുടെ തലമുടിക്ക് ഉജ്ജ്വലമായ
വെളുപ്പുനിറമായിരുന്നു; പക്ഷേ അയാളുടെ കട്ടിയുള്ള പുരികങ്ങളും
സൈനികരുടെ പ്രത്യേകതയായ കൂർത്ത മേൽമീശയും റെയിൻസ്‌ഫോഡ് കടന്നുവന്ന രാത്രി പോലെ
ഇരുണ്ടതായിരുന്നു. അയാളുടെ കണ്ണുകൾ കറുത്തതും തിളക്കമാർന്നതുമായിരുന്നു. അയാൾക്ക്
ഉയർന്ന കവിളെല്ലുകളും, ആകൃതിയൊത്ത നാസികയും, മിതത്വമാർന്ന ഇരുണ്ട മുഖവും ഉണ്ടായിരുന്നു - ആജ്ഞകൾ നൽകി
ശീലിച്ചിരുന്ന ഒരു മനുഷ്യന്‍റെ മുഖം, ഒരു
കുലീനപ്രഭുവിന്‍റെ മുഖം. യൂണിഫോമിൽ നിൽക്കുന്ന രാക്ഷസന്‍റെ നേർക്കു തിരിഞ്ഞ്,
ജനറൽ ഒരു അടയാളം നൽകി. രാക്ഷസൻ പിസ്റ്റൾ താഴ്ത്തി, സല്യൂട്ട് ചെയ്തു പിൻവാങ്ങി.
'ഐവൻ അവിശ്വസനീയമാം വിധം ശക്തിമാനാണ്,
' ജനറൽ അഭിപ്രായപ്പെട്ടു, 'പക്ഷേ
ബധിരനും മൂകനും ആയിപ്പോയി എന്നൊരു നിർഭാഗ്യമുണ്ട് അയാൾക്ക്. ഒരു സാധാരണ മനുഷ്യൻ,
പക്ഷേ, അയാളുടെ വർഗ്ഗക്കാരെ പോലെ തന്നെ ഒരു
ലേശം ക്രൂരനാണ് എന്ന് തോന്നുന്നു.'
'അയാൾ ഒരു റഷ്യാക്കാരനാണോ?'
'അയാൾ ഒരു ഖൊസ്സാഖ്കാരനാണ്, ' ജനറൽ പറഞ്ഞു, അയാളുടെ പുഞ്ചിരി, ചുവന്ന ചുണ്ടുകളും കൂർത്ത പല്ലുകളും വെളിവാക്കി. 'ഞാനും അങ്ങനെ തന്നെ.'
'വരൂ, ' അയാൾ
വിളിച്ചു, 'നമ്മൾ ഇവിടെ നിന്ന്
സംസാരിക്കേണ്ടതില്ലല്ലോ. നമുക്കു പിന്നീട് സംസാരിക്കം. ഇപ്പോൾ താങ്കൾക്കു
വസ്ത്രങ്ങൾ വേണം, ആഹാരവും വിശ്രമവും വേണം. താങ്കൾക്ക്
അതെല്ലാം ലഭിക്കും. ഇത് വിശ്രമത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണ്.'
ഐവൻ വീണ്ടും പ്രത്യക്ഷപ്പെട്ടു,
ശബ്ദം പുറപ്പെടുവിക്കാത്ത ചുണ്ടനക്കങ്ങൾ കൊണ്ട് ജനറൽ അയാളോടു
സംസാരിച്ചു.
'വിരോധമില്ലെങ്കിൽ ദയവായി ഐവനെ അനുഗമിച്ചാലും,
മിസ്റ്റർ. റെയിൻസ്‌ഫോഡ്, ' ജനറൽ പറഞ്ഞു. '
താങ്കൾ വന്നപ്പോൾ ഞാൻ എന്‍റെ ഡിന്നർ കഴിക്കാൻ തുടങ്ങുകയായിരുന്നു.
ഞാൻ താങ്കൾക്കു വേണ്ടി കാത്തിരിക്കാം. എന്‍റെ വസ്ത്രങ്ങൾ താങ്കൾക്കു പാകമാകുമെന്ന്
താങ്കൾ മനസ്സിലാക്കുമെന്നു കരുതട്ടെ.'
നിശ്ശബ്ദനായ രാക്ഷസന്‍റെ പിന്നാലെ പോയി
റെയിൻസ്‌ഫോഡ് എത്തിപ്പെട്ടത് തടികൊണ്ടുള്ള മച്ചും ആറു പേർക്ക് കിടക്കാൻ
കഴിയുന്നത്ര വലിപ്പത്തിൽ മേൽത്തട്ടുള്ള കിടക്കയും ഉള്ള ഒരു അതിവിശാലമുറിയിൽ
ആയിരുന്നു. ഐവൻ ഒരു സായാഹ്നവസ്ത്രം എടുത്തു പ്രദർശിപ്പിച്ചു. സാധാരണഗതിയിൽ
ഡ്യൂക്കിൽ (ഇടപ്രഭു) കുറഞ്ഞ പദവിയിലുള്ള ഒരാൾക്കും വേണ്ടി തുന്നുകയില്ലാത്ത ഒരു
ലണ്ടൻ തയ്യൽക്കാരനാണ് അതു തയ്ച്ചിരിക്കുന്നത് എന്ന് അതു ധരിക്കവേ റെയിൻസ്‌ഫോഡ്
മനസ്സിലാക്കി.
ഐവൻ അയാളെ നയിച്ച ഊൺ മുറിയാകട്ടെ പല
കാരണങ്ങളാലും സവിശേഷമായിരുന്നു. അതിനെ സംബന്ധിച്ച് ഒരു മദ്ധ്യകാല പ്രൗഢി നിലനിന്നിരുന്നു;
ഓക്കുമരപ്പാളികളും, ഉയർന്ന മച്ചും ഭക്ഷണശാലകളിൽ കണ്ടുവരുന്ന തരം ഇരുപതു പേർക്ക് ഇരുന്നു
ഭക്ഷണം കഴിക്കാൻ സാധിക്കുന്നത്ര വലിയ മേശകളും ഉള്ള, ജന്മിത്ത സമ്പ്രദായകാലത്തെ
ഇടപ്രഭുക്കന്മാരുടെ ഒരു ഹാൾ ആണ് അത് എന്നു തോന്നിപ്പിച്ചു. ഹാളിൽ പലതരം മൃഗങ്ങളുടെ
- സിംഹങ്ങൾ, കടുവകൾ, ആനകൾ,
കടമാനുകൾ, കരടികൾ തുടങ്ങിയവ - തലകൾ
പ്രദർശിപ്പിച്ചു വച്ചിരുന്നു; റെയിൻസ്‌ഫോഡ് കണ്ടിട്ടുള്ളതിലേക്കും
വച്ച് ഏറ്റവും വലിപ്പമുള്ളതും പൂർണ്ണത തികഞ്ഞതും ആയ മാതൃകകൾ. വലിയ മേശയിൽ ജനറൽ
ഒറ്റയ്ക്ക് കാത്തിരിക്കുന്നുണ്ടായിരുന്നു.
'മിസ്റ്റർ.റെയിൻസ്‌ഫോഡ്, താങ്കൾക്ക് ഒരു കോക്ക്‌ടെയിൽ ആകാം, ' അയാൾ
അഭിപ്രായപ്പെട്ടു. കോക്ക്‌ടെയിൽ അത്ഭുതകരമാംവണ്ണം മികവുറ്റതായിരുന്നു; മേശയിലെ സാധനസാമഗ്രികളെല്ലാം ഏറ്റവും നിലവാരമുള്ളതായിരുന്നു - ലിനൻ,
ക്രിസ്റ്റൽ, വെള്ളി, ചീനപ്പാത്രങ്ങൾ
എല്ലാം.
റഷ്യൻ നാവുകൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്ന,
ക്രീം പതപ്പിച്ചു ചേർത്ത ചുവന്ന ബീറ്റ്‌റൂട്ട് സൂപ്പ്
കഴിക്കുകയായിരുന്നു അവർ. പാതി ക്ഷമാപണപൂർവ്വമെന്നോണം ജനറൽ സെറാഫ് പറഞ്ഞു, 'ഇവിടുത്തെ സംസ്‌ക്കാരം കഴിയുന്നത്ര സംരക്ഷിക്കുന്നതിന്
ഞങ്ങളെക്കൊണ്ടാവുന്നത്ര ശ്രമിക്കാറുണ്ട്. എന്തെങ്കിലും തെറ്റുകുറ്റങ്ങളുണ്ടെങ്കിൽ
പൊറുക്കുക. പരിചിതമായ പതിവു രീതിയിൽ നിന്ന് നമ്മൾ വളരെ അകലെയാണ്, നിങ്ങൾക്കറിയുമല്ലോ. ഷാംപെയ്ൻ അതിന്റെ നീണ്ട സമുദ്രയാത്ര കാരണം
നശിച്ചിട്ടുണ്ടെന്നു തോന്നുന്നുവോ താങ്കൾക്ക്?'
'ലവലേശം ഇല്ല, 'റെയിൻസ്‌ഫോഡ്
പ്രഖ്യാപിച്ചു. ഏറ്റവും കരുതലുള്ള, ഉപചാരശീലമുള്ള, ശരിയായ
വിശ്വപൗരനാണ് ജനറൽ എന്ന് അയാൾ വിലയിരുത്തി. എന്നാൽ ജനറലിന്‍റെ രീതികളിലെ എന്തോ ഒരു
ചെറിയ സ്വഭാവലക്ഷണം റെയിൻസ്‌ഫോഡിന് അസ്വസ്ഥതയുളവാക്കുകയും ചെയ്തു. എപ്പോഴൊക്കെ
അയാൾ സ്വന്തം പ്ലേറ്റിൽ നിന്നു തലയുയർത്തിയോ അപ്പോഴെല്ലാം ജനറൽ തന്നെ കൃത്യമായി
വിലയിരുത്തി പഠിക്കുകയാണെന്ന് അയാൾ മനസ്സിലാക്കി.
'ഒരു പക്ഷേ, ' ജനറൽ സെറാഫ് പറഞ്ഞു, 'താങ്കളുടെ പേര് ഞാൻ തിരിച്ചറിഞ്ഞതിൽ
താങ്കൾ അത്ഭുതപ്പെട്ടിട്ടുണ്ടാവാം. നോക്കൂ, ഇംഗ്ലീഷിലും
ഫ്രഞ്ചിലും റഷ്യനിലും പ്രസിദ്ധീകൃതമായ, നായാട്ടിനെ
കുറിച്ചുള്ള എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. ജീവിതത്തിൽ എനിക്ക് ഒരേയൊരു
അഭിനിവേശമേയുള്ളു, മിസ്റ്റർ. റെയിൻസ്‌ഫോഡ്, അത് നായാട്ടാണ്.'
'നിങ്ങൾക്ക് ഇവിടെ ചില അത്യത്ഭുതകരമായ
മൃഗത്തലകൾ ഉണ്ടല്ലോ, '
പ്രത്യേകരീതിയിൽ നന്നായി പാചകം ചെയ്ത
ഫിലേയ് മിനിയോൻ എന്ന മാട്ടിറച്ചി വിഭവത്തിന്‍റെ മൃദുവായ കഷണം കഴിക്കുന്നതിനിടയിൽ
റെയിൻസ്‌ഫോഡ് പറഞ്ഞു. ' ഞാനിന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച്
ഏറ്റവും വലുതാണ് ആ ഖെയ്പ്പ് പോത്ത്.'
'ഓ, അതോ,
അതെ അവനൊരു ഭീമാകാരനായിരുന്നു.'
'അതു താങ്കളെ കുത്തിയോ?'
'എന്നെ ഒരു മരത്തിലേക്കു ചുറ്റിയെറിഞ്ഞു,
' ജനറൽ പറഞ്ഞു.' എന്‍റെ തലയോട്ടി പൊട്ടി. പക്ഷേ ഞാൻ ആ
ദുഷ്ടമൃഗത്തിനെ പിടിച്ചു.'
'ഞാൻ എപ്പോഴും വിചാരിച്ചിട്ടുണ്ട്,'
റെയിൻസ്‌ഫോഡ് പറഞ്ഞു, 'എല്ലാ വന്യവേട്ടമൃഗങ്ങളിലേക്കും വച്ച് ഏറ്റവും അപകടകാരിയായത്
ഖെയ്പ്പ് പോത്ത് ആണെന്ന്.'
ഒരു നിമിഷത്തേക്ക് ജനറൽ
പ്രതിവചിച്ചില്ല; അയാൾ തന്‍റെ ചെഞ്ചുണ്ട് വിടർത്തിയുള്ള
കൗതുകകരമായ പുഞ്ചിരി പൊഴിക്കയായിരുന്നു. പിന്നെ അയാൾ മെല്ലെ പറഞ്ഞു, ' അല്ല, താങ്കൾക്കു തെറ്റിപ്പോയി സർ. ഏറ്റവും
അപകടകാരിയായ വന്യവേട്ടമൃഗം ഖെയ്പ്പ് പോത്തല്ല.' അയാൾ വൈൻ നുണഞ്ഞു. 'ഇവിടെ ഈ ദ്വീപിലെ എന്‍റെ സങ്കേതത്തിൽ, ' അയാൾ
അതേ പതിഞ്ഞ സ്വരഭേദത്തിൽ തുടർന്നു, 'അതിലും
അപകടകാരിയായ വന്യമൃഗത്തെ ഞാൻ വേട്ടയാടാറുണ്ട്.'
റെയിൻസ്‌ഫോഡ് അത്ഭുതം പ്രകടിപ്പിച്ചു. 'ഈ ദ്വീപിൽ വന്യമൃഗമുണ്ടെന്നോ?'
ജനറൽ തലകുലുക്കി. 'ഏറ്റവും വലുത്.'
'ശരിക്കും?'
'ഓ, അതിവിടെ
പ്രകൃത്യാ വന്നതല്ല, തീർച്ചയായും. എനിക്ക് ഈ ദ്വീപ്
സംരക്ഷിക്കേണ്ടതുണ്ട്.'
'താങ്കൾ എന്താണ് ഇറക്കുമതി ചെയ്തത്,
ജനറൽ? ' റെയിൻസ്‌ഫോഡ് അന്വേഷിച്ചു. 'കടുവകൾ?'
ജനറൽ പുഞ്ചിരിച്ചു. 'അല്ല, ' അയാൾ പറഞ്ഞു. 'കുറേ
വർഷങ്ങൾക്കു മുമ്പു തന്നെ കടുവാ വേട്ടയിൽ എനിക്കു താത്പര്യം നശിച്ചിരുന്നു. നോക്കൂ,
അവയുടെ എല്ലാ സാദ്ധ്യതകളും തീർന്നുകഴിഞ്ഞിരുന്നു. കടുവകളിൽ
ആവേശമൊന്നും ഇല്ല, ശരിക്കുള്ള അപകടവും ഒന്നുമില്ല. ഞാൻ
അപകടങ്ങൾക്കു വേണ്ടിയാണ് ജീവിക്കുന്നത്, മിസ്റ്റർ.റെയിൻസ്‌ഫോഡ്.'
ജനറൽ പോക്കറ്റിൽ നിന്ന് ഒരു സുവർണ്ണ
സിഗററ്റ് കെയ്‌സ് എടുത്തു, വെള്ളി അഗ്രമുള്ള ഒരു നീളമുള്ള കറുത്ത
സിഗററ്റ് തന്‍റെ അതിഥിക്ക് കൊടുക്കയും ചെയ്തു; അത്
പെർഫ്യൂം (സുഗന്ധദ്രവ്യം) പൂശിയതായിരുന്നു, കുന്തിരിക്കത്തിന്‍റേതു
പോലെ ഒരു മണം പുറപ്പെടുവിക്കയും ചെയ്തു.
'നമുക്ക് ഒരു ഭീകര നായാട്ട് നടത്തണം,
താങ്കളും ഞാനും കൂടി, ' ജനറൽ പറഞ്ഞു. 'താങ്കളുടെ സഹവാസം ലഭിക്കുന്നതിൽ ഞാൻ ഏറ്റവും സന്തുഷടനാണ്.'
'പക്ഷേ, ഏത്
ഇര- ' റെയിൻസ്‌ഫോഡ് തുടങ്ങി.
'ഞാൻ പറഞ്ഞുതരാം, 'ജനറൽ പറഞ്ഞു. 'താങ്കൾക്കു രസകരമാകും, എനിക്കറിയാം. എല്ലാ വിനയത്തോടു കൂടിയും പറയട്ടെ, ഞാനൊരു അസാധാരണകൃത്യം ചെയ്തിട്ടുണ്ട്. ഞാൻ ഒരു പുതിയ അനുഭൂതി തന്നെ
കണ്ടുപിടിച്ചിട്ടുണ്ട്. ഒരു ഗ്ലാസ്സ് മദ്യം കൂടി ഒഴിക്കട്ടെ?'
' വളരെ നന്ദി, ജനറൽ.'
ജനറൽ ഇരു ഗ്ലാസ്സുകളും നിറച്ചു,
പിന്നെ പറഞ്ഞു, 'ദൈവം ചില ആളുകളെ കവികളാക്കുന്നു. ചിലരെ
അദ്ദേഹം രാജാവാക്കുന്നു, ചിലരെ പിച്ചക്കാരും. എന്നെ അദ്ദേഹം ഒരു
നായാട്ടുകാരനായി സൃഷ്ടിച്ചു. എന്‍റെ കൈകൾ കാഞ്ചി വലിക്കുന്നതിനുവേണ്ടി
ഉണ്ടാക്കപ്പെട്ടതാണെന്ന് എന്‍റെ അച്ഛൻ പറഞ്ഞു. എന്‍റെ അച്ഛൻ ഒരു വലിയ
പണക്കാരനായിരുന്നു, കൈമിയയിൽ പത്തുലക്ഷത്തിന്‍റെ കാൽഭാഗം
ഏക്കറുകൾ ഉണ്ടായിരുന്ന ഒരാൾ. അദ്ദേഹം ഒരു ഉത്സാഹിയായ സ്‌പോർട്‌സ്‌കാരനും
കൂടിയായിരുന്നു. എനിക്ക് വെറും അഞ്ചു വയസ്സു മാത്രമുള്ളപ്പോൾ അദ്ദേഹം എനിക്കൊരു
കൊച്ചു തോക്കു തന്നു, എനിക്കുവേണ്ടി റഷ്യയിൽ പ്രത്യേകം
നിർമ്മിച്ചത്, കുരുവികളെ വെടിവച്ചിടുന്നതിനായി.
അദ്ദേഹത്തിനു പുരസ്‌ക്കാരമായി ലഭിച്ച ടർക്കി കോഴികളിൽ ചിലതിനെ ഞാൻ
വെടിവച്ചിട്ടപ്പോൾ അദ്ദേഹം എന്നെ ശാസിച്ചില്ല; വെടിവയ്ക്കുന്നതിലുള്ള
എന്‍റെ ലക്ഷ്യവേധനനൈപുണ്യത്തെ അദ്ദേഹം അഭിനന്ദിച്ചു. എനിക്കു പത്തു വയസ്സുള്ളപ്പോൾ
കോക്കസസ്സിൽ വച്ച് ഞാൻ എന്‍റെ ആദ്യകരടിയെ കൊന്നു. എന്‍റെ ജീവിതം തന്നെ ഒരു
നീണ്ടുനിൽക്കുന്ന വേട്ടയാടലാണെന്നു പറയാം. ഞാൻ സേനയിൽ ചേർന്നു -കുലീനരുടെ മക്കൾ
അങ്ങനെയാവണമെന്നു പ്രതീക്ഷിച്ചിരുന്നു - കുറെ കാലം ഖൊസ്സാക്ക് അശ്വസൈന്യത്തിന്‍റെ
ഒരു വിഭാഗം നയിച്ചിരുന്നു, പക്ഷേ എന്‍റെ ശരിയായ താൽപ്പര്യം
നായാട്ടിലായിരുന്നു. എല്ലാ ഭൂപ്രദേശങ്ങളിലുമുള്ള എല്ലാത്തരം മൃഗങ്ങളേയും ഞാൻ
വേട്ടയാടിയിട്ടുണ്ട്. ഞാൻ എത്ര മൃഗങ്ങളെ കൊന്നിട്ടുണ്ടാവും എന്ന് നിങ്ങളോടു പറയാൻ
തന്നെ സാധിക്കുമെന്നു തോന്നുന്നില്ല.'
ജനറൽ തന്‍റെ സിഗററ്റ് പുകച്ചു.
'റഷ്യയുടെ അപ്രതീക്ഷിത പതനശേഷം ഞാൻ രാജ്യം
വിട്ടു, കാരണം സാറിന്‍റെ ഒരു ഓഫീസർ അവിടെ തുടരുന്നത്
ഔചിത്യമായിരുന്നില്ല. പല കുലീനരായ റഷ്യക്കാർക്കും എല്ലാം നഷ്ടപ്പെട്ടു. ഞാൻ
ഭാഗ്യവശാൽ അമേരിക്കൻ സെക്യൂരിറ്റികളിൽ നല്ലവണ്ണം പണം നിക്ഷേപിച്ചിരുന്നു, അതുകൊണ്ട് എനിക്ക് ഒരിക്കലും മോണ്ടെ കാർലോവിൽ ഒരു ചായക്കട
തുടങ്ങേണ്ടതായോ പാരീസിൽ ടാക്‌സി ഓടിക്കേണ്ടതായോ വന്നില്ല. സ്വാഭാവികമായും ഞാൻ
നായാട്ടു തുടർന്നു - നിങ്ങളുടെ വടക്കൻ അമേരിക്കൻ പർവ്വതനിരകളിലെ തവിട്ടുകരടികൾ,
ഗംഗാതീരത്തെ മുതലകൾ, കിഴക്കൻ ആഫ്രിക്കയിലെ റൈനോകൾ.
ആഫ്രിക്കയിൽ വച്ചായിരുന്നു, ഖെയ്പ്പ് പോത്തുകൾ എന്നെ കുത്തിയിട്ട്
ആറുമാസം കിടപ്പിലാക്കി കളഞ്ഞത്. ഭേദമായ ഉടനേ തന്നെ അമേരിക്കൻ കടുവകളെ
വേട്ടയാടുന്നതിനായി ഞാൻ ആമസോൺ വനാന്തരങ്ങളിലേക്കു പോയി, കാരണം
അവറ്റകൾ സാധാരണയായി കൗശലക്കാരാണെന്ന് ഞാൻ കേട്ടിരുന്നു. പക്ഷേ അവ
അങ്ങനെയായിരുന്നില്ല.' ആ ഖൊസ്സാഖുകാരൻ ദീർഘനിശ്വാസം ഉതിർത്തു.
' ജാഗ്രതയുള്ള ഒരു വേട്ടക്കാരനും മേൽത്തരം
കാര്യക്ഷമതയുള്ള ഒരു റൈഫിളിനും പറ്റിയ ഇരകളേ ആയിരുന്നില്ല അവ. ഞാൻ കടുത്ത
നിരാശയിലായിപ്പോയി. ഞാൻ എന്‍റെ കൂടാരത്തിൽ ഒരു പിളർക്കുന്ന തലവേദനയുമായി
കിടക്കുമ്പോഴായിരുന്നു ഒരു ഉഗ്രമായ ചിന്ത എന്‍റെ തലയിലേക്ക് ഇടിച്ചു കയറി വന്നത്.
നായാട്ട് എന്നെ മടുപ്പിച്ചു തുടങ്ങിയിരിക്കുന്നു! ഓർക്കുക, നായാട്ടായിരുന്നു
എന്‍റെ ജീവിതം. തങ്ങളുടെ ജീവിതം ബിസിനസ്സ് ആയിരുന്ന പല അമേരിക്കക്കാരും ബിസിനസ്സ്
ഉപേക്ഷിക്കുമ്പോൾ തകർന്നടിഞ്ഞു പോകുന്നതായി ഞാൻ കേട്ടിരുന്നു.'
'അതു ശരിയാണ്, ' റെയിൻസ്‌ഫോഡ്
പറഞ്ഞു.
ജനറൽ പുഞ്ചിരിച്ചു. 'എനിക്ക് തകർന്നടിയുവാൻ ആഗ്രഹമുണ്ടായിരുന്നില്ല, ' ജനറൽ പറഞ്ഞു. എനിക്ക് എന്തെങ്കിലും ചെയ്‌തേ മതിയാകൂ. എന്‍റേത് ഒരു
വിശകലനാത്മക മനസ്സാണ്, മിസ്റ്റർ. റെയിൻസ്‌ഫോഡ്. നിസ്സംശയമായും
അതുകൊണ്ടാണ് എനിക്ക് ഈ ഓട്ടപ്പാച്ചിലിനിടയിലെ പ്രശ്‌നങ്ങൾ ആസ്വദിക്കുവാനാകുന്നത്.'
'സംശയമൊന്നുമില്ല, ജനറൽ സെറാഫ്.'
'അതുകൊണ്ട്, 'ജനറൽ
തുടർന്നു, ' എന്തുകൊണ്ടാണ് എന്നെ നായാട്ട്
ആകർഷിക്കാത്തത് എന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു. നിങ്ങൾ എന്നെക്കാൾ വളരെ
ചെറുപ്പമാണ്, മിസ്റ്റർ റെയിൻസ്‌ഫോഡ്, അത്രയും നായാട്ടു നടത്തിയിട്ടുമുണ്ടാവുകയില്ല, എന്നാൽ
താങ്കൾക്കൊരു പക്ഷേ ആ ഉത്തരം ഊഹിക്കാൻ കഴിഞ്ഞേക്കും.'
'എന്തായിരുന്നു അത്?'
'ഇത്രമാത്രം: നായാട്ട്, നിങ്ങൾ വിളിക്കുന്ന തരം ' സാഹസികമായ ഒരു
ഉദ്യമം' ആകുന്നത് നിന്നുപോയി. അത് വളരെയധികം
എളുപ്പമായി. എനിക്ക് എല്ലായ്‌പ്പോഴും എന്‍റെ ഇരയെ ലഭിച്ചു. പരിപൂർണ്ണതയുടെ അത്രയും
വലുതായ ഒരു മടുപ്പ് വേറെയില്ല.' ജനറൽ പുതിയൊരു സിഗററ്റ് കൊളുത്തി.
'എന്നെ സംബന്ധിച്ചിടത്തോളം ഒരു മൃഗവും
ഒട്ടും തന്നെ ഒരു അവസരമായില്ല. ഇത് പൊങ്ങച്ചമല്ല; അതൊരു
ഗണിതശാസത്രപരമായ വസ്തുതയാണ്. മൃഗത്തിന് തന്‍റെ കാലുകളും സഹജാവബോധവും (അല്ലാതെ മറ്റൊന്നുമില്ല.
സഹജാവബോധം യുക്തിക്ക് ഒരു സമാനതയേയല്ല. ഇതേക്കുറിച്ച് ആലോചിച്ചപ്പോൾ, അത് എനിക്കൊരു ദുഃഖകരമായ നിമിഷം ആയിരുന്നു എന്ന് താങ്കളോട് പറയാൻ
കഴിയും.'
തന്‍റെ ആതിഥേയൻ പറയുന്നതിൽ മുഴുകി,
റെയിൻസ്‌ഫോഡ് മേശയക്കു കുറുക്കെ മുന്നോട്ടാഞ്ഞിരുന്നു.
'ഞാൻ എന്തു ചെയ്യണമെന്നതിനെ കുറിച്ച്
എനിക്ക് ഒരു പ്രചോദനമായിട്ടാണ് ആ ചിന്ത കടന്നുവന്നത്.'
'അതെന്തായിരുന്നു?'
ഒരു വിഘ്‌നം നേരിട്ടശേഷം അതിനെ
വിജയകരമായി മറികടന്ന ഒരാളുടെ ശാന്തമായ പുഞ്ചിരി ജനറലിന്‍റെ ചുണ്ടിലും വിരിഞ്ഞു. 'വേട്ടയാടുന്നതിനായി എനിക്കൊരു പുതിയ മൃഗത്തെ കണ്ടെത്തേണ്ടി വന്നു,
' അയാൾ പറഞ്ഞു.
'പുതിയ മൃഗമോ? താങ്കൾ
തമാശ പറയുന്നു.'
'ഒട്ടുമേ അല്ല, ' ജനറൽ
പറഞ്ഞു. 'നായാട്ടു സംബന്ധിച്ച് ഞാൻ ഒരിക്കലും തമാശ
പറയില്ല. എനിക്ക് ഒരു പുതിയ മൃഗം ആവശ്യമായി വന്നു. അതുകൊണ്ട് ഞാൻ ഈ
ദ്വീപിനെക്കുറിച്ചോർത്തു, ഈ വീടു പണിതു, ഇവിടെ
ഞാനെന്‍റെ നായാട്ടും നടത്തുന്നു. എന്‍റെ ഉദ്ദേശ്യങ്ങൾക്ക് ഈ ദ്വീപ് തികച്ചും
അനുയോജ്യമാണ്-ദുർഘടം പിടിച്ച വനപാതകളുള്ള കാടുകൾ ഇവിടെയുണ്ട്.'
'പക്ഷേ വേട്ടമൃഗം, ജനറൽ സെറാഫ്?'
'ഓ, ' ജനറൽ
പറഞ്ഞു, 'ലോകത്തിലേക്കും വച്ച് ഏറ്റവും
ഉത്തേജിപ്പിക്കുന്ന നായാട്ട് അതു പ്രദാനം ചെയ്യുന്നുണ്ട്. ഒരു നിമിഷനേരത്തേക്കു
പോലും മറ്റേതൊരു നായാട്ടുമായിട്ടും ഇതിന് താരതമ്യം പോലുമില്ല. എല്ലാ ദിവസവും ഞാൻ
വേട്ടയാടുന്നു, ഇപ്പോൾ എനിക്ക് ഒരിക്കലും
ബോറടിക്കുന്നതേയില്ല, കാരണം എന്‍റെ ശ്രമങ്ങൾക്ക് ഉതകുന്ന തരം
ഇര എനിക്കിപ്പോഴുണ്ട്.'
റെയിൻസ്‌ഫോഡിന്‍റെ സംഭ്രമം അയാളുടെ മുഖത്തു
നിഴലിച്ചു.
'എനിക്കു വേണ്ടിയിരുന്നത്
വേട്ടയാടാനുള്ള ഒരു മാതൃകാപരമായ ഇരയെ ആയിരുന്നു, ' ജനറൽ
വിശദീകരിച്ചു. ' അതുകൊണ്ട് ഞാൻ ചോദിച്ചു, 'ഒരു ഉത്തമ ഇരയ്ക്കു വേണ്ടുന്ന ഗുണങ്ങൾ എന്തൊക്കെയാണ്? ' കിട്ടിയ ഉത്തരം, 'അതിന് ധൈര്യമുണ്ടായിരിക്കണം, കൗശലമുണ്ടായിരിക്കണം, എല്ലാറ്റിനും മീതേ, അതിന് യുക്തിസഹമാകാൻ കഴിവുണ്ടായിരിക്കണം,' എന്നതാണ്.'
'പക്ഷേ ഒരു മൃഗത്തിനു യുക്തിസഹമാകാൻ
കഴിയില്ല, ' റെയിൻസ്‌ഫോഡ് എതിർത്തു.
'എന്‍റെ ചങ്ങാതീ, ' ജനറൽ പറഞ്ഞു, 'അങ്ങനെ കഴിയുന്ന ഒന്നുണ്ട്.'
'പക്ഷേ നിങ്ങൾക്ക്-അങ്ങനെ കഴിയില്ലല്ലോ
അല്ലേ- ' റെയിൻസ്‌ഫോഡ് കിതച്ചു.
'എന്തുകൊണ്ട്?'
'താങ്കൾ ഇതു ഗൗരവമായി പറയുകയാണെന്ന്
എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല, ജനറൽ സെറാഫ്.
ഇതൊരു തരം ഭീതിദ തമാശയാണ്.'
'എന്തുകൊണ്ട് എനിക്ക് ഗൗരവമായി
പറഞ്ഞുകൂടാ? ഞാൻ നായാട്ടിനെ കുറിച്ചാണ്
സംസാരിക്കുന്നത്.'
' നായാട്ട്? ഗംഭീരമായ
ഇരകൾ, ജനറൽ സെറാഫ്, അങ്ങു
സംസാരിക്കുന്നത് കൊലപാതകത്തെപ്പറ്റിയാണ്.'
ജനറൽ അങ്ങേയറ്റം പ്രസന്നചിത്തനായി
ചിരിച്ചു. അയാൾ റെയിൻസ്‌ഫോഡിനെ ചോദ്യഭാവേന നിരീക്ഷിച്ചു. 'ഇത്രയും
പരിഷ്‌കൃതനും ആധുനികനും ആയി കാണപ്പെടുന്ന താങ്കളെപ്പോലെയുള്ള ഒരു ചെറുപ്പക്കാരന്,
ജീവിതത്തെക്കുറിച്ച് ഇത്രയും കാൽപ്പനിക ആശയങ്ങൾക്ക് ഇടംനൽകാൻ
കഴിയുന്നുണ്ട്, എന്നു വിശ്വസിക്കുന്നതിന് ഞാൻ
തയ്യാറല്ല. തീർച്ചയായും നിങ്ങളുടെ യുദ്ധാനുഭവങ്ങൾ- '
'അതൊന്നും എന്നെ മനഃപൂർവ്വമുള്ള
കൊലപാതകങ്ങൾക്ക് മാപ്പുകൊടുക്കുവാൻ പ്രാപ്തനാക്കിയിട്ടില്ല, ' റെയിൻസ്‌ഫോഡ് വിട്ടുകൊടുക്കാതെ കഠിനമായി പറഞ്ഞവസാനിപ്പിച്ചു.
ജനറലിനെ ചിരി ഇളക്കിമറിച്ചു. 'എന്തൊരു അസാധാരണ വിദൂഷകനാണ് നിങ്ങൾ!' അയാൾ
പറഞ്ഞു. 'വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരുടെ ഇടയിൽ
നിന്ന് അമേരിക്കയിൽ പോലും ഇത്രയും നിഷ്‌ക്കളങ്കനായ ഒരാളെ, എന്നെ
അങ്ങനെ പറയാനനുവദിക്കുമെങ്കിൽ, മദ്ധ്യവിക്ടോറിയൻ വീക്ഷണമുള്ള ഒരാളെ,
കാണാനാകില്ല. ഒരു ലിമസീൻ കാറിൽ മൂക്കുപ്പൊടി ഡപ്പി കാണുന്നതു
പോലെയുണ്ട്. ആ, തീർച്ചയായും നിങ്ങൾക്ക്
ധാർമ്മികാചാരക്കാരായ പൂർവ്വികർ ഉണ്ടായിരുന്നുവെന്നും സംശയമില്ല. ധാരാളം
അമേരിക്കക്കാർക്ക് അങ്ങനെയുള്ളതായി കണ്ടിട്ടുണ്ട്. എനിക്കൊപ്പം നായാട്ടിനു
പോകുമ്പോൾ നിങ്ങൾ നിങ്ങളുടെ തെറ്റായ ധാരണകൾ മറക്കുമെന്ന് എനിക്കുറപ്പാണ്.
താങ്കൾക്ക് വേണ്ടി ഒരു യഥാർത്ഥമായ പുതിയ ആവേശം കാത്തിരക്കുന്നുണ്ട് മിസ്റ്റർ.
റെയിൻസ്‌ഫോഡ്.'
'വളരെ നന്ദി, ഞാനൊരു
നായാട്ടുകാരനാണ്, കൊലയാളിയല്ല.'
'അയ്യയ്യോ,' ജനറൽ
കുലുക്കമേതുമില്ലാതെ തുടർന്നു, 'വീണ്ടും ആ അസുഖകരമായ വാക്ക്. താങ്കളുടെ
മനഃസാക്ഷിക്കുത്ത് തികച്ചും അടിസ്ഥാനരഹിതമാണ് എന്നെനിക്കു കാണിച്ചു തരാൻ കഴിയും.'
'എങ്ങനെ?'
'ജീവിതം ശക്തർക്കുള്ളതാണ്, ശക്തർക്കു ജീവിക്കാനായി, ആവശ്യമുള്ള
പക്ഷം ശക്തർക്ക് എടുക്കാനുള്ളതും. ലോകത്തിലെ അശക്തരെ ഇവിടെ വസിപ്പിച്ചിട്ടുള്ളതു
തന്നെ ശക്തരുടെ സന്തോഷത്തിനായാണ്. ഞാൻ ശക്തിമാനാണ്. എന്തുകൊണ്ട് എനിക്ക് എന്‍റെ
വരദാനം ഉപയോഗിച്ചുകൂടാ? ഞാൻ വേട്ടയാടുവാൻ
ആഗ്രഹിക്കുന്നുവെങ്കിൽ എന്തുകൊണ്ട് അതു ചെയ്തുകൂടാ? ഞാൻ
ഭൂമിയുടെ അഴുക്കാണ് വേട്ടയാടുന്നത്: അലഞ്ഞുതിരിയുന്ന കപ്പലുകളിലെ നാവികർ, ഭൃത്യർ, കറുത്തവർ, ചൈനാക്കാർ,
വെള്ളക്കാർ, സങ്കരജാതിക്കാർ -ഒരു കലർപ്പില്ലാത്ത
കുതിരയോ വേട്ടപ്പട്ടിയോ അത്തരം ഇരുപതുപേരെക്കാൾ മൂല്യമുള്ളവയാണ്.'
'പക്ഷേ അവർ മനുഷ്യരാണ്, ' റെയിൻസ്‌ഫോഡ് ക്ഷോഭത്തോടെ പറഞ്ഞു.
'കൃത്യമായും, ' ജനറൽ
പ്രതിവചിച്ചു. 'അതുകൊണ്ടാണ് ഞാൻ അവരെ ഉപയോഗിക്കുന്നത്.
അതെനിക്ക് ആനന്ദം നൽകുന്നു. അവർക്ക്, ഒരു രീതിയിലുള്ള
യുക്തിവിചാരമുണ്ട്. അതുകൊണ്ട് അവർ അപകടകാരികളാണ്.'
'പക്ഷേ നിങ്ങൾക്കവരെ എവിടെ നിന്നു
ലഭിക്കും?'
ജനറലിന്‍റെ ഇടത്ത് കൺപീലി ഒരു
കണ്ണുചിമ്മലിൽ പിടച്ചു. 'ഇവിടെ- ഈ സ്ഥലം അറിയപ്പെടുന്നത്
കപ്പൽക്കെണി എന്നാണ്, ' അയാൾ ഉത്തരം പറഞ്ഞു. 'ചിലപ്പോൾ പുറംകടലുകളിലെ കോപാകുലനായൊരു ദൈവം അവരെ എന്‍റെയടുത്തേക്ക്
അയയ്ക്കും. ചിലപ്പോൾ, ദൈവം അത്ര ദയാവാനല്ലാത്തപ്പോൾ, ഞാൻ ദൈവത്തിനെ ലേശമൊന്നും സഹായിക്കും. എന്‍റൊപ്പം
ജനാലയ്ക്കടുത്തേക്കു വരൂ.'
റെയിൻസ്‌ഫോഡ് ജനാലക്കടുത്തേക്കു പോയി,
കടലിന്‍റെ ദിക്കിലേക്കു നോക്കി.
'നോക്കൂ! അവിടെ നോക്കൂ!' ജനറൽ ആശ്ചര്യശബ്ദത്തിൽ പറഞ്ഞുകൊണ്ട്,
രാത്രിയിലേക്കു ചൂണ്ടി. റെയിൻസ്‌ഫോഡിന്‍റെ കണ്ണുകൾ അന്ധകാരം മാത്രമേ
കണ്ടുള്ളു, പിന്നെ, ജനറൽ
ഒരു ബട്ടൺ ഞെക്കിയപ്പോൾ കടലിൽ അങ്ങകലെയായി റെയിൻസ്‌ഫോഡ് വെളിച്ചത്തിന്‍റെ
മിന്നലാട്ടം കണ്ടു.
ജനറൽ അടക്കിച്ചിരിച്ചു. 'അവർ ഒരു മാർഗ്ഗം സൂചിപ്പിക്കുന്നു, ' അയാൾ
പറഞ്ഞു, 'ഒന്നും ഇല്ലാതെ വരുമ്പോൾ; ബ്ലേഡുകളുടെ മൂർച്ചയുള്ള രാക്ഷസപ്പാറകൾ, വായ്
തുറന്നുവച്ചിരിക്കുന്ന കടൽജലജന്തുവെപ്പോലെ മറഞ്ഞിരിക്കുന്നു. ഞാൻ ഈ കുരു ഞെരിച്ചുകളയുന്നത്ര
ലാഘവത്തോടെ അവയ്ക്ക് കപ്പലിനെ ഞെരിച്ചു കളയാനാവും.'
കട്ടിത്തടി പാകിയ തറയിലേക്ക് ഒരു വോൾനട്ട് ഇട്ട്, ഉപ്പൂറ്റികൊണ്ട് അയാൾ അതു ഞെരിച്ചു
കളഞ്ഞു. 'ഓ, അതെ, ' അയാൾ വളരെ സാധാരണമട്ടിൽ, ഒരു ചോദ്യത്തിന്
ഉത്തരം എന്നതു പോലെ പറഞ്ഞു, 'എനിക്ക് വൈദ്യുതി ഉണ്ട്. നമ്മൾ ഇവിടെ
പരിഷ്‌കൃതരാകാൻ ശ്രമിക്കുന്നു.'
'പരിഷ്‌കൃതർ? താങ്കൾ മനുഷ്യരെ വെടിവയ്ക്കുകയും ചെയ്യും?'
ജനറലിന്‍റെ കറുത്ത കണ്ണുകളിൽ കോപത്തിന്‍റെ
നേരിയ ലക്ഷണം ഉണ്ടായിരുന്നു, പക്ഷേ അതൊരു നിമിഷനേരത്തേക്കു മാത്രമേ
നിന്നുള്ളു; പിന്നെ ഏറ്റവും സുഖകരമായ രീതിയിൽ അയാൾ
പറഞ്ഞു, 'അയ്യയ്യോ, എന്തൊരു
സദ്‌വൃത്തനായ ചെറുപ്പക്കാരനാണ് നിങ്ങൾ! നിങ്ങൾ അഭിപ്രായപ്പെടുന്ന കാര്യം ഞാൻ
ഒരിക്കലും ചെയ്യുകയില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു. അത്
കിരാതമായിരിക്കും. ഏറ്റവും പരിഗണനയോടെയാണ് ഈ സന്ദർശകരോട് ഞാൻ ഇടപെടാറുള്ളത്.
അവർക്ക് ഇഷ്ടംപോലെ നല്ല ആഹാരവും വ്യായാമവും ലഭിക്കും. അവർ ഉജ്ജ്വലമായ
ശാരീരീകാവസ്ഥയിലേക്ക് എത്തുകയും ചെയ്യും. നിങ്ങൾ തന്നെ നാളെ സ്വയം കണ്ടോളൂ.'
'താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്?'
'എന്റെ പരിശീനലസ്‌കൂൾ നാളെ നമുക്കു
സന്ദർശിക്കാം, ' ജനറൽ പുഞ്ചിരിച്ചു. 'അത് നിലവറയിലാണ്. അവിടെ എനിക്കിപ്പോൾ പന്ത്രണ്ടു ശിഷ്യരുണ്ട്.
ഇവിടുത്തെ പാറയിടുക്കിൽ തട്ടിത്തകർന്ന സാൻ ലൂക്കാർ എന്ന സ്പാനിഷ് നൗകയിൽ
നിന്നുള്ളവരാണ് അവർ. തികച്ചും താണതരം ആളുകൾ, പറയാൻ
എനിക്കു ഖേദമുണ്ടെങ്കിലും. അങ്ങേയറ്റം ഗതികെട്ടവർ, കാടിനേക്കാൾ
കൂടുതൽ ഡക്കിനോടു പരിചയിച്ചവർ.' അയാൾ തന്‍റെ കൈകളുയർത്തി, വെയിറ്റർ ആയി നിന്നിരുന്ന ഐവൻ, കട്ടിയുള്ള
ടർക്കിഷ് കോഫി കൊണ്ടുവന്നു. റെയിൻസ്‌ഫോഡ്, വളരെ
ശ്രമപ്പെട്ട് തന്‍റെ നാവിനു കടിഞ്ഞാണിട്ടു.
'അതൊരു കളിയാണ്, നിങ്ങൾക്കറിയുമോ,
' ജനറൽ വീണ്ടും സൗമ്യമായി തുടർന്നു. 'നമ്മൾക്കു നായാട്ടിനു പോകാം എന്ന് അവരിൽ ഒരാളോടു ഞാൻ
അഭിപ്രായപ്പെടും. അവർക്കു ഞാൻ നല്ല ആഹാരവും ഒന്നാന്തരം വേട്ടക്കത്തിയും നൽകും. ഞാൻ
അയാൾക്ക് മൂന്നു മണിക്കൂർ തയ്യാറെടുപ്പുസമയം കൊടുക്കും. ഏറ്റവും കുറഞ്ഞ
ഉൾവിസ്താരവും പരിധിയുമുള്ള ഒരു പിസ്റ്റൾ മാത്രം എടുത്തുകൊണ്ട്, ഞാൻ പിന്നാലെ പോകണം. എന്‍റെ ഇര മൂന്നു ദിവസം മുഴുവനും എന്നെ
പറ്റിക്കുകയാണെങ്കിൽ, അയാൾ കളി ജയിക്കും. ഞാൻ അയാളെ
കണ്ടെത്തിയാൽ- ' ജനറൽ പുഞ്ചിരിച്ചു- 'അയാൾക്കു നഷ്ടം സംഭവിക്കും.'
'വേട്ടയാടപ്പെടുന്നതിന് അയാൾ
നിരസിക്കയാണെങ്കിൽ? '
'ഓ, ' ജനറൽ
പറഞ്ഞു, 'തീർച്ചയായും ഞാൻ അയാൾക്ക്
തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം നൽകും. അയാൾ
ആഗ്രഹിക്കുന്നില്ലെങ്കിൽ ആ കളി അയാൾ കളിക്കേണ്ടതില്ല. അയാൾക്ക് നായാടാൻ
ആഗ്രഹമില്ലെങ്കിൽ, ഞാൻ അയാളെ ഐവനു നേർക്കു തിരിക്കും.
മഹാനായ വൈറ്റ് സാർ ചക്രവർത്തിയുടെ ഔദ്യോഗിക ചാട്ടവാർ ശിക്ഷകനായി സേവനം
ചെയ്യാനുള്ള ഭാഗ്യം ഐവന് ഒരിക്കൽ ലഭിച്ചിട്ടുണ്ട്, മൃഗയാ
വിനോദത്തെ സംബന്ധിച്ച് അയാൾക്ക് തന്‍റേതായ ആശയങ്ങളുമുണ്ട്. നിശ്ചയമായും, മിസ്റ്റർ. റെയിൻസ്‌ഫോഡ്, നിശ്ചയമായും
അവരാണ് ഇരയെ തീരുമാനിക്കുന്നത്.'
'അവരാണ് ജയിക്കുന്നതെങ്കിൽ?'
ജനറലിന്‍റെ മുഖത്തെ പുഞ്ചിരി കൂടുതൽ
വിസ്തൃതമായി. 'ഈ ദിവസം വരെ ഞാൻ കളി തോറ്റിട്ടില്ല,
' അയാൾ പറഞ്ഞു. പിന്നെ അയാൾ തിടുക്കപ്പെട്ട്
കൂട്ടിച്ചേർത്തു: 'ഞാൻ ഒരു സ്വയം പുകഴ്ത്തൽകാരനാണെന്ന്
താങ്കൾ കരുതുന്നതിന് ഞാൻ ആഗ്രഹിക്കുന്നില്ല, മിസ്റ്റർ.
റെയിൻസ്‌ഫോഡ്. അവരിൽ മിയ്ക്കവർക്കും ഏറ്റവും പ്രാഥമികമായ പ്രശ്‌നത്തിനപ്പുറം പോലും
നിർവ്വഹിക്കാൻ കഴിവുണ്ടാവില്ല. ഇടയ്ക്കിടെ ഞാൻ ലക്ഷ്യമിട്ടതിലും അധികം എനിക്കു
കിട്ടാറുണ്ട്. ഒരിക്കൽ ഒരാൾ മിയ്ക്കവാറും വിജയിച്ചതാണ്. അതുകൊണ്ട് എനിക്കു പിന്നെ
നായ്ക്കളെ ഉപയോഗിക്കേണ്ടി വന്നു.'
'നായ്ക്കൾ?'
'ഇതിലേ വരൂ, ഞാൻ
നിങ്ങൾക്കു കാണിച്ചുതരാം.'
ജനറൽ റെയിൻസ്‌ഫോഡിനെ ഒരു
ജനലായ്ക്കലേക്ക് നയിച്ചു. ജനാലയിലൂടെ പുറത്തേക്കു പോകുന്ന വിറയ്ക്കുന്ന വെട്ടം,
താഴെ മുറ്റത്ത് വിരൂപമായ രൂപങ്ങൾ മെനയുന്നുണ്ടായിരുന്നു. ഒരു ഡസനിലോ
അതിലധികമോ ഭീമാകാരമായ ഇരുണ്ട ആകൃതികൾ ചലിക്കുന്നത് റെയിൻസ്‌ഫോഡിന് കാണാനായി;
അവ അയാൾക്കു നേരേ തിരിഞ്ഞപ്പോൾ അവരുടെ കണ്ണുകൾ പച്ചനിറത്തിൽ
ജ്വലിച്ചു.
'ഏതാണ്ടൊരു നല്ല ശേഖരം എന്നു ഞാൻ
കരുതുന്നു, ' ജനറൽ നിരീക്ഷിച്ചു. ' എല്ലാ രാത്രിക്കും ഏഴരയ്ക്ക് അവറ്റയെ തുറന്നുവിടും. ആരെങ്കിലും എന്റെ
വീട്ടിൽ കയറാൻ ശ്രമിച്ചാൽ - അല്ലെങ്കിൽ അവിടെ നിന്നു പുറത്തു പോകാൻ ശ്രമിച്ചാൽ -
അങ്ങേയറ്റം ഖേദകരമായ എന്തെങ്കിലും അവർക്ക് സംഭവിക്കും.'
ഫോളീ ബെർഷെയർ കാബറെയിൽ നിന്നുള്ള ഒരു
ഗാനശകലം അയാൾ മൂളി.
'ഇപ്പോൾ,' ജനറൽ
പറഞ്ഞു, 'തലകളുടെ എന്‍റെ പുതിയ ശേഖരം നിങ്ങളെ
കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എനിക്കൊപ്പം ലൈബ്രറിയിലേക്ക് വരുമോ?'
'ഇന്നു രാത്രിയിലേക്ക് നിങ്ങൾ എന്നോടു ക്ഷമിക്കുമെന്നു
ഞാൻ കരുതട്ടെ, ജനറൽ സെറാഫ്. എനിക്ക് ശരിക്കും സുഖം
തോന്നുന്നില്ല.' റെയിൻസ്‌ഫോഡ് അപേക്ഷിച്ചു.
'ആ, ശരിക്കും?'
ജനറൽ വ്യഗ്രതയോടെ അന്വേഷിച്ചു. 'ശരി,
താങ്കളുടെ ദീർഘദൂര നീന്തലിനു ശേഷം അതു സ്വാഭാവികമാണ്. ഒരു നല്ല
വിശ്രമമുള്ള രാത്രിയുടെ ഉറക്കം താങ്കൾക്ക് ആവശ്യമുണ്ട്. നാളെ നിങ്ങൾക്ക് ഒരു പുതിയ
മനുഷ്യനെ പോലെ തോന്നും. ഞാൻ പന്തയം വയ്ക്കുന്നു. അതുകഴിഞ്ഞ് നമുക്ക് വേട്ടയാടാം,
അല്ലേ? എനിക്ക് ഏതാണ്ടൊരു പ്രത്യാശിക്കാവുന്ന
പ്രതീക്ഷ ഉണ്ട്-' റെയിൻസ്‌ഫോഡ് മുറിയിലേക്ക് തിരക്കിട്ടു
പോകയായിരുന്നു.
'താങ്കൾക്ക് ഈ രാത്രി എനിക്കൊപ്പം വരാൻ
കഴിയാത്തതിൽ വിഷമമുണ്ട്.' ജനറൽ വിളിച്ചു പറഞ്ഞു. 'ഞാൻ പ്രതീക്ഷിക്കുന്നത് ഏതാണ്ടൊരു ഭേദപ്പെട്ട ഇരയാണ്- ഒരു വലിയ,
ശക്തിയുള്ള, കറുത്ത ഒന്ന്. അവൻ നല്ല
സാമർത്ഥ്യക്കാരനെ പോലെ താന്നിപ്പിക്കുന്നുണ്ട്- ശരി, ഗുഡ്
നൈറ്റ്, മിസ്റ്റർ.റെയിൻസ്‌ഫോഡ്; താങ്കൾക്ക്
ഒരു നല്ല രാത്രിയുടെ വിശ്രമം കിട്ടട്ടെ.'
കിടക്ക നല്ലതായിരുന്നു, ഏറ്റവും മാർദ്ദവേമറിയ സിൽക്കിന്‍റെ അയഞ്ഞ നിശാവസ്ത്രം. ശരീരത്തിലെ
ഓരോ നാരിലും തളർച്ചയുമുണ്ടായിരുന്നു, പക്ഷേ
എന്നിട്ടും റെയിൻസ്‌ഫോഡിന് തന്‍റെ മസ്തിഷ്‌കത്തെ ഉറക്കം എന്ന മരുന്നുപയോഗിച്ച്
ശാന്തമാക്കാനായില്ല. കണ്ണകൾ മലർക്കെ തുറന്നുവച്ചുകൊണ്ട് അയാൾ കിടന്നു. തന്‍റെ
മുറിക്കു പുറത്തുള്ള ഇടനാഴിയിൽ പതുങ്ങിയ പാദപതനങ്ങൾ കേട്ടതായി ഒരിക്കൽ അയാൾക്കു
തോന്നി. കതകു വലിച്ചു തുറന്നാലോ എന്നു ചിന്തിച്ചു; അത് പക്ഷേ തുറക്കില്ല. അയാൾ
ജനാലയ്ക്കരികെ പോയി പുറത്തേക്കു നോക്കി. അയാളുടെ മുറി ഗോപുരങ്ങളിൽ ഏതോ ഒന്നിൽ,
വളരെ ഉയരത്തിലായിരുന്നു. കോട്ടയിലെ ലൈറ്റുകൾ ഇപ്പോൾ അണഞ്ഞിരുന്നു,
എങ്ങും അന്ധകാരവും നിശ്ശബ്ദതയും മാത്രം; എന്നാൽ
വിളറിയ ഒരു ചന്ദ്രക്കലയുണ്ടായിരുന്നു, അതിന്‍റെ മങ്ങിയ
വെട്ടത്തിൽ, അയാൾക്ക് മുറ്റം കുറേശ്ശെ
കാണാമായിരുന്നു. അകത്തേക്കും പുറത്തേക്കും നിഴൽച്ചിത്രങ്ങൾ രചിച്ചുകൊണ്ട്
നീങ്ങുന്ന കറുത്ത നിശ്ശബ്ദരൂപങ്ങൾ അവിടെയുണ്ടായിരുന്നു; വേട്ടപ്പട്ടികൾ
ജനാലയ്ക്കരികെ നിന്നിരുന്ന അയാളെ കേട്ടു, അവരുടെ
പച്ചക്കണ്ണുകൾ വച്ച് പ്രതീക്ഷയോടെ മുകളിലേക്കു നോക്കി. റെയിൻസ്‌ഫോഡ്
കിടക്കയിലേക്കു മടങ്ങി, കിടന്നു. പലവിധത്തിലും തന്നെ ഒന്ന്
ഉറക്കാൻ അയാൾ ശ്രമിച്ചു. പ്രഭാതം അടുക്കാറായപ്പോഴേയ്ക്കും അയാൾ ചെറിയൊരു മയക്കം
സാധിച്ചെടുത്തു. പക്ഷേ, അപ്പോൾ അങ്ങു ദൂരെ കാട്ടിനകത്ത്,
ഒരു തോക്കിന്‍റെ നേരിയ സ്‌ഫോടനശബ്ദം അയാൾ കേട്ടു.
ഉച്ചഭക്ഷണസമയം വരെ ജനറൽ സെറാഫ് പ്രത്യക്ഷപ്പെട്ടതേയില്ല.
പിന്നീട് വന്നപ്പോഴോ, ഒരു ഗ്രാമമുഖ്യന്‍റേതു പോലുള്ള
കുറ്റമറ്റ കമ്പിളിവസ്ത്രം അയാൾ അണിഞ്ഞിരുന്നു. റെയിൻസ്‌ഫോഡിന്‍റെ
ആരോഗ്യത്തെക്കുറിച്ച് ജിജ്ഞാസുവായിരുന്നു അയാൾ.
'എന്നെ സംബന്ധിച്ചിടത്തോളം, ' ജനറൽ ദീർഘനിശ്വാസം ഉതിർത്തു, 'എനിക്കത്ര
സുഖം തോന്നുന്നില്ല. എനിക്കു വിഷമമുണ്ട്, മിസ്സർ. റെയിൻസ്‌ഫോഡ്.
കഴിഞ്ഞ രാത്രിയിൽ ഞാനെന്‍റെ പഴയ പരാതിയുടെ ലക്ഷണങ്ങൾ കണ്ടുപിടിച്ചു.'
റെയിൻസ്‌ഫോഡിന്‍റെ ചോദ്യരൂപേണയുള്ള
നോട്ടത്തിന് ജനറൽ പ്രതിവച്ചിച്ചു. 'മടുപ്പ്, വിരസത.'
പിന്നെ ക്രേപ് സൂസെറ്റ് രണ്ടാമത്
ഒരിക്കൽക്കൂടി എടുത്തുകൊണ്ട്, ജനറൽ വിശദീകരിച്ചു: 'ഇന്നലെ രാത്രിയിലെ നായാട്ട് ഒട്ടും രസമുണ്ടായിരുന്നില്ല. ഇരയക്ക് അവന്‍റെ
തല നഷ്ടപ്പെട്ടു. യാതൊരു തടസ്സവും നൽകാത്ത ഒരു നേർപാതയാണ് അയാൾ ഉണ്ടാക്കിയത്.
അതാണ് ഈ നാവികർക്കുള്ള പ്രശ്‌നം; അവർക്ക് വെറും മന്ദതയുള്ള മസ്തിഷ്‌ക്കങ്ങളാണുള്ളത്,
എങ്ങനെ കാടിനുള്ളിൽ മറഞ്ഞിരിക്കണമെന്നും അവർക്കറിയില്ല. അവർ
അങ്ങേയറ്റം വിഡ്ഢിത്തവും വ്യക്തവും ആയ കാര്യങ്ങളാണ് ചെയ്യുക. അത് ഏറ്റവും
ശല്യപ്പെടുത്തുന്ന ഒരു കാര്യമാണ്. താങ്കൾക്ക് ഒര് ഗ്ലാസ്സ് ഷാബ്ലീ കൂടി വേണമോ
മിസ്റ്റർ. റെയിൻസ്‌ഫോഡ്?'
'ജനറൽ, 'റെയിൻസ്‌ഫോഡ്
ഉറപ്പിച്ചു പറഞ്ഞു, 'ഈ ദ്വീപ് ഉടനെ തന്നെ വിട്ടു പോകുവാൻ
ഞാൻ ആഗ്രഹിക്കുന്നു.'
ജനറൽ അയാളുടെ പുരികങ്ങളുടെ നിബിഡവനം
ഉയർത്തി; അയാൾ വ്രണപ്പെട്ടവനെപ്പോലെ തോന്നിപ്പിച്ചു.
'പക്ഷേ, എന്‍റെ
പ്രിയ ചങ്ങാതീ, ' ജനറൽ എതിർത്തു, 'താങ്കൾ
ഇപ്പോൾ വന്നിട്ടല്ലേയുള്ളു. താങ്കൾക്ക് നായാട്ടൊന്നും നടത്താനായില്ലല്ലോ-'
'ഇന്നു പോകുവാൻ ഞാൻ ആഗ്രഹിക്കുന്നു,
' റെയിൻസ്‌ഫോഡ് പറഞ്ഞു. ജനറലിന്‍റെ നിശ്ചേഷ്ടമായ
കറുത്ത കണ്ണുകൾ തന്നെ പഠിച്ചുകൊണ്ട് തനിക്കു മേൽ തറഞ്ഞിരിക്കുകയാണെന്ന് അയാൾ
മനസ്സിലാക്കി. ജനറൽ സെറാഫിന്‍റെ കണ്ണുകൾ പെട്ടന്ന് തിളങ്ങി.
അയാൾ ഒരു നിറം മങ്ങിയ കുപ്പിയിൽ നിന്നു
ബഹുമാന്യമായ ഷാബ്ലീ റെയിൻസ്‌ഫോഡിന്‍റെ ഗ്ലാസ്സിലേക്ക് പകർന്നു.
'ഇന്നു രാത്രി, 'ജനറൽ
പറഞ്ഞു, 'നാം നായാട്ടിനു പോകും - താങ്കളും ഞാനും.'
റെയിൻസ്‌ഫോഡ് നിഷേധാർത്ഥത്തിൽ തല
കുലുക്കി. 'ഇല്ല, ജനറൽ,
' അയാൾ പറഞ്ഞു. 'ഞാൻ വേട്ടയാടുന്നില്ല.'
ജനറൽ തന്‍റെ തോളുകൾ കുലുക്കി, കാലാവസ്ഥ ക്രമീകരിച്ച മുറിയിൽ വളർത്തിയെടുത്ത മുന്തിരികളിൽ നിന്ന്
ഒന്നെടുത്ത് ലോലമായി കഴിച്ചു. 'താങ്കൾ ആഗ്രഹിക്കുന്നതു പോലെയാകട്ടെ സ്‌നേഹിതാ,'
അയാൾ പറഞ്ഞു.'തീരുമാനിക്കാനുള്ള അവസരം താങ്കൾക്കു
മാത്രമുള്ളതാണ്. നായാട്ടുവിനോദത്തെ കുറിച്ചുള്ള എന്‍റെ ആശയം ഐവന്‍റേതിനേക്കാൾ
കൂടുതൽ രസകരമാണ് എന്ന് താങ്കൾക്ക് അഭിപ്രായമില്ലേ? '
ക്രുദ്ധമായ മുഖഭാവത്തോടെ, തടിച്ച കൈകൾ തന്‍റെ വിസ്താരമേറിയ മാറത്തു പിണച്ചുവച്ചുകൊണ്ട് ആ
രാക്ഷസൻ നിന്നിരുന്ന മൂലയിലേക്കു നോക്കി അയാൾ തല കുലുക്കി.
'നിങ്ങൾ ഉദ്ദേശിച്ചത് അതല്ലല്ലോ - 'റെയിൻസ്‌ഫോഡ് നിലവിളിച്ചു.
'എന്‍റെ പ്രിയ സ്‌നേഹിതാ, ' ജനറൽ പറഞ്ഞു, 'നായാട്ടിന്‍റെ കാര്യത്തിൽ ഞാൻ എന്തു
പറയുന്നുവോ അതു തന്നെയാണ് അർത്ഥമാക്കുന്നത് എന്ന് താങ്കളോടു ഞാൻ പറഞ്ഞതല്ലേ?
ഇത് ശരിക്കും ഒരു പ്രചോദനമാണ്. എന്‍റെ ഉരുക്കുശരീരത്തിന് അനുയോജ്യനായ
ആയുധധാരിയായ എതിരാളിക്കു വേണ്ടി ഞാൻ കുടിക്കുന്നു-അവസാനമായി. ' ജനറൽ തന്‍റെ ഗ്ലാസ്സ് ഉയർത്തിപ്പിടിച്ചു, പക്ഷേ
അയാളെത്തന്നെ തുറിച്ചു നോക്കിക്കൊണ്ട് റെയിൻസ്‌ഫോഡ് ഇരുന്നു.
'ഈ കളി കളിക്കുന്നതു മുതലാകും എന്ന്
നിങ്ങൾക്കു മനസ്സിലാകും, 'ഉത്സാഹത്തോടെ ജനറൽ പറഞ്ഞു. 'താങ്കളുടെ മസ്തിഷ്‌ക്കം എന്‍റേതിന് എതിരെ. താങ്കളുടെ നായാട്ട് എന്‍റേതിന്
എതിരെ. താങ്കളുടെ ശക്തിയും വീര്യവും എന്‍റേതിന് എതിരെ. വാതിൽപ്പുറ ചെസ്സ്!
പണയവസ്തു വിലയില്ലാത്തതുമാകില്ല, ഏ? '
'ഞാൻ ജയിക്കുകയാണെങ്കിൽ- ?' റെയിൻസ്‌ഫോഡ് കർക്കശസ്വരത്തിൽ തുടങ്ങി.
'മൂന്നാം ദിവസം പാതിരാത്രിക്കും താങ്കളെ
കണ്ടുപിടിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ സന്തോഷപൂർവ്വം പരാജയം അംഗീകരിക്കുക തന്ന
ചെയ്യും,' ജനറൽ സെറാഫ് പറഞ്ഞു. 'എന്‍റെ
പത്തേമാരി താങ്കളെ വൻകരയിൽ ഒരു നഗരത്തിലെത്തിച്ചിരിക്കും.' റെയിൻസ്‌ഫോഡ്
ആലോചിക്കുന്നതെന്താണെന്ന് ജനറൽ വായിക്കുകയായിരുന്നു.
'ഓ, താങ്കൾക്കെന്നെ
വിശ്വസിക്കാം,' ഖൊസാഖുകാരൻ പറഞ്ഞു. 'ഒരു മാന്യൻ എന്ന നിലയ്ക്കും ഒരു കളിക്കാരൻ എന്ന നിലയിലും. ഇവിടുത്തെ
സന്ദർശനത്തെക്കുറിച്ച് യാതൊന്നും പറയില്ലെന്ന് താങ്കൾ പക്ഷേ വാക്കു തരണം.'
'അങ്ങനെയുള്ള ഒന്നിനോടും ഞാൻ
യോജിക്കുന്നില്ല,' റെയിൻസ്‌ഫോഡ് വ്യക്തമാക്കി.
'ഓ, ' ജനറൽ
പറഞ്ഞു, 'അങ്ങനെയാണെങ്കിൽ- പക്ഷേ അക്കാര്യം ഇപ്പോൾ ചർച്ച
ചെയ്യുന്നതെന്തിനാണ്? മൂന്നു ദിവസത്തിനുശേഷം ഒരു കുപ്പി വ്യൂ
കല്‌കോട്ട് ഷാംപേനിന്റെ പുറത്തു നമുക്കതു ചർച്ച ചെയ്യാമല്ലോ.'
ജനറൽ തന്‍റെ വൈൻ നുണഞ്ഞു.
പിന്നെ ഒരു പ്രായോഗികമുഖഭാവം അയാൾക്ക്
ചൈതന്യം നൽകി. 'ഐവൻ, 'അയാൾ
റെയിൻസ്‌ഫോഡിനോടു പറഞ്ഞു, ' താങ്കൾക്ക് നായാട്ടു വസ്ത്രങ്ങൾ തരും, ആഹാരവും കത്തിയും. താങ്കൾ
മൃദുചർമ്മപാദുകങ്ങൾ (മാക്‌സിൻ) ധരിക്കുന്നതായിരിക്കും നന്നെന്ന് എനിക്കു
തോന്നുന്നു; അത് വളരെ നിസ്സാരമായ കാലടിപ്പാടുകൾ
മാത്രമേ അവശേഷിപ്പിക്കൂ. ദ്വീപിന്‍റെ തെക്കുകിഴക്കു ഭാഗത്തുള്ള ആ ചതുപ്പ്
ഒഴിവാക്കുന്നതായിരിക്കും നല്ലതെന്നും എനിക്ക് അഭിപ്രായമുണ്ട്. ഞങ്ങൾ അതിനെ
ചാവുചതുപ്പ് എന്നാണ് വിളിക്കാറുള്ളത്. അവിടെ മണൽച്ചുഴികളുണ്ട്. ഒരു മണ്ടൻ ചങ്ങാതി
അതു ശ്രമിച്ചതാണ്. അതിന്‍റെ ദയനീയമായ വശം എന്താണെന്നുവച്ചാൽ ലാസറസ് അയാളെ അനുധാവനം
ചെയ്തു. താങ്കൾക്ക് എന്‍റെ വികാരങ്ങൾ ഊഹിക്കാനാകും, മിസ്റ്റർ.
റെയിൻസ്‌ഫോഡ്. ഞാൻ ലാസറസിനെ സ്‌നേഹിച്ചിരുന്നു; എന്‍റെ
വേട്ടപ്പട്ടിഗണത്തിൽ ഏറ്റവും ഉത്കൃഷ്ടനായിരുന്നു അവൻ. ഇപ്പോഴത്തേക്ക് എനിക്കു
വിടതരണമെന്ന് ഞാൻ അപേക്ഷിക്കുന്നു. ഉച്ചഭക്ഷണശേഷമുള്ള ഒരു മയക്കം എനിക്കു പതിവാണ്.
താങ്കൾക്ക് ഉച്ചമയക്കത്തിന് സമയം ഉണ്ടാവില്ല എന്നു ഞാൻ കരുതുന്നു. ഉടനേ തന്നെ
തുടങ്ങുന്നതിന് താങ്കൾ ആഗ്രഹിക്കും, സംശയമൊന്നുമില്ല.
സന്ധ്യവരെ ഞാൻ നിങ്ങളെ അനുഗമിക്കില്ല. പകൽ നായാട്ടു ചെയ്യുന്നതിനേക്കാൾ എത്രയോ
ഉത്സാഹഭരിതമാണ് രാത്രിയിലേത്, താങ്കൾക്കും അതു തോന്നുന്നില്ലേ?
ഓ റിവാ, മിസ്റ്റർ. റെയിൻസ്‌ഫോഡ്, ഓ റിവാ (വീണ്ടും കാണുംവരെ വിട).' ജനറൽ
സെറാഫ്, ഏറ്റവും ആദരപൂർവ്വം നന്നായി കുനിഞ്ഞൊരു തല
കുനിക്കലോടെ മുറിയിൽ നിന്ന് നടന്നകന്നു.
മറ്റൊരു മുറിയിൽ നിന്ന് ഐവൻ വന്നു.
അയാളുടെ ഒരു കക്ഷത്തിനടിയിൽ കാക്കി നായാട്ടു വസ്ത്രങ്ങളും ഒരു മാറാപ്പുസഞ്ചി
ഭക്ഷണവും, നീളത്തിൽ ബ്ലേഡുള്ള നായാട്ടുകത്തി വച്ചിരുന്ന
തോലുറയും ഉണ്ടായിരുന്നു; അരയിൽ കെട്ടിയരുന്ന ചുവപ്പു
പട്ടുകച്ചയിൽ ഒരു തോക്കുകൊത്തിയിൽ തൂക്കിയിട്ടിരുന്ന റിവോൾവറിന്‍റെ മേലെ ആയിരുന്നു
അയാളുടെ വലതുകൈ വിശ്രമിച്ചിരുന്നത്.
റെയിൻസ്‌ഫോഡ് രണ്ടുമണിക്കൂറോളം
കാട്ടിനുള്ളിലൂടെ ബുദ്ധിമുട്ടി വഴി നടന്നു. 'ഞാൻ
ശാന്തചിത്തനാകണം, ഞാൻ ശാന്തചിത്തനാകണം, ' ഇറുക്കിവച്ച പല്ലുകൾക്കിടയിലൂടെ അയാൾ പറഞ്ഞു.
കോട്ടവാതിലുകൾ അയാൾക്കു പിന്നിൽ
കൊട്ടിയടയ്ക്കപ്പെട്ടപ്പോൾ, തീർത്തും യുകതിപൂർവ്വവും
ന്യായാനുസാരിയുമായി ചിന്തിക്കാനുള്ള മാനസികാവസ്ഥയിൽ എത്തിയിരുന്നില്ല അയാൾ. തന്‍റേയും
ജനറൽ സെറാഫിന്‍റേയും ഇടയിൽ അകലം പാലിക്കുക എന്ന ഒരേയൊരു ആശയം മാത്രമേ
അയാൾക്കുണ്ടായിരുന്നുള്ളു; ഉഗ്രഭയം പോലെ എന്തോ ഒന്നിന്‍റെ
മൂർച്ചയുള്ള തുഴകളുടെ പ്രചോദനത്താൽ ഇതിലേക്കായി അയാൾ കൂപ്പുകുത്തി മുങ്ങി. ഇപ്പോൾ
അയാൾക്ക് തന്‍റെ മേൽ തന്നെ ഒരു പിടുത്തം കിട്ടിയിരിക്കുന്നു, അയാൾ നിന്നു, തന്നെക്കുറിച്ചും അവിടുത്തെ അവസ്ഥയെ
കുറിച്ചും അയാൾ കണക്കെടുപ്പു തുടങ്ങി. നേർക്കുനേരെയുള്ള യുദ്ധം നിഷ്ഫലമാണെന്ന്
അയാൾ വിലയിരുത്തി; അത് നിസ്സംശയം അയാളെ കടലിനഭിമുഖമാക്കി
കൊണ്ടുവന്നിരിക്കും. ഒരു ജലചട്ടക്കൂടിനകത്തുള്ള ചിത്രമായിരുന്നു അയാൾ അപ്പോൾ,
വ്യക്തമായും അയാളുടെ പ്രവർത്തനപദ്ധതികൾ എല്ലാം ആ ചട്ടക്കൂടിനകത്തു
തന്നെ ഒതുക്കി നിർത്തിയിരിക്കണം.
'എന്നെ അനുധാവനം ചെയ്യുന്നതിനായി
അയാൾക്ക് ഒരു കാലടിപ്പാത ഞാൻ നൽകാം,'
റെയിൻസ്‌ഫോഡ് പിറുപിറുത്തു, വഴിയില്ലാത്ത ഏകാന്തതയിലേക്ക് അയാൾ പൊയ്‌ക്കൊണ്ടിരുന്ന ആ പരുക്കൻ
പാതയിൽ നിന്ന് അയാൾ അപ്പോൾ പുറത്തു കടന്നു. കുഴഞ്ഞുമറിഞ്ഞ കുറേ വലയങ്ങൾ അയാൾ
സൃഷ്ടിച്ചു; കുറുക്കനെ വേട്ടയാടുന്നതിന്‍റെ പാഠങ്ങളും
അതിന് പിടികൊടുക്കാതെ വെട്ടിമാറി ഒഴിയുന്ന എല്ലാ രീതികളും ഓർമ്മിച്ചുകൊണ്ട്,
വനപാതയിലൂടെ അയാൾ പലവട്ടം തലങ്ങും വിലങ്ങും നന്ന് കാലടിപ്പാടുകൾ
ഇരട്ടിപ്പിച്ചു. ക്ഷീണിച്ചു തളർന്ന കാലുകളും മരച്ചില്ലകളുടെ അടിയേറ്റ കൈയ്യും
മുഖവും ആയി കാടുകൾ നിറഞ്ഞ ഒരു വരമ്പിൽ അയാൾ നിൽക്കുന്നതിന് ആ രാത്രി സാക്ഷ്യം വഹിച്ചു.
ആകുമായിരുന്നെങ്കിൽ കൂടി അന്ധകാരത്തിലൂടെ അലയുന്നത് ഭ്രാന്തമായിരിക്കുമെന്ന്
അയാൾക്ക് അറിയുമായിരുന്നു. വിശ്രമിക്കുന്നതിനുള്ള അയാളുടെ ആവശ്യം
അനിവാര്യമായിരുന്നു, 'ഞാൻ ഇതുവരെ കുറുക്കൻ കളിച്ചു, ഇനിയിപ്പോൾ നാടോടിക്കഥയിലെ പൂച്ചയാകേണ്ടിയിരിക്കുന്നു ഞാൻ, ' അയാൾ ചിന്തിച്ചു. ശിഖരങ്ങൾ നാലുപാടും
പടർന്നു പന്തലിച്ചു കിടക്കുന്ന വലിയ തായ്ത്തടിയുള്ള ഒരു മരം അടുത്തുണ്ടായിരുന്നു,
ഒരു ചെറിയ അടയാളം പോലും അവശേഷിപ്പിക്കാത്ത വിധം വളരെ സൂക്ഷിച്ച്
ചില്ലകൾ പിരിയുന്ന ഭാഗം വരെ അയാൾ ആ മരത്തിൽ കയറി, പിന്നെ
അതിന്‍റെ ഒരു വീതിയേറിയ ശിഖരത്തിൽ നീണ്ടുനിവർന്ന് ഒരു പ്രത്യേകരീതിയിൽ അയാൾ
വിശ്രമിച്ചു. വിശ്രമം അയാൾക്ക് ഒരു പുതിയ ആത്മവിശ്വാസം നൽകി, ഏതാണ്ടൊരു സുരക്ഷാബോധവും. ജനറൽ സെറാഫിനെ പോലൊരു തീഷ്ണനായ
നായാട്ടുകാരനു പോലും ഇവിടെ തന്നെ കണ്ടെത്താനാവില്ല, അയാൾ
സ്വയം പറഞ്ഞു; ഇരുട്ടിക്കഴിഞ്ഞാൽ ആ ദുർഘടം പിടിച്ച
വനപാതയിലൂടെ പിന്തുടരാൻ ചെകുത്താനു മാത്രമേ കഴിയൂ. ഒരു പക്ഷേ ജനറൽ ഒരു
ചെകുത്താനാണെങ്കിലോ -
ആശങ്കാകുലമായ ഒരു രാത്രി ഒരു മുറിവേറ്റ
പാമ്പിനെ പോലെ മെല്ലെ ഇഴഞ്ഞു നീങ്ങി, റെയിൻസ്‌ഫോഡിനെ
നിദ്ര സന്ദർശിച്ചതുമില്ല, ഉയിരറ്റ ലോകത്തിന്‍റെ നിശ്ശബ്ദത ആ
കാട്ടിലുണ്ടായിരുന്നിട്ടു കൂടി. നേരം വെളുക്കാറാകുമ്പോഴേയ്ക്കും, അഴുക്കുപിടിച്ച ചാരനിറം ആകാശത്ത് വാർണീഷ് പുരട്ടിക്കൊണ്ടിരിക്കവേ,
ഞെട്ടിയുണർന്ന ഒരു പക്ഷിയുടെ ശബ്ദം റെയിൻസ്‌ഫോഡിന്‍റെ ശ്രദ്ധ ആ
ദിക്കിലേക്കു തിരിച്ചു. എന്തോ ഒന്ന് കുറ്റിക്കാടിനിടയിലൂടെ വരുന്നുണ്ടായിരുന്നു,
വളരെ പതുക്കെ, ശ്രദ്ധാപൂർവ്വം, റെയ്ൻസ്‌ഫോഡ്
വന്ന അതേ വളഞ്ഞുപുളഞ്ഞ വഴിയിലൂടെ തന്നെ. അയാൾ ശിഖരത്തിൽ കമഴ്ന്നു കിടന്നു, ചിത്രക്കമ്പളം പോലെ ഇലകൾ സൃഷ്ടിച്ച കട്ടിയുള്ള തിരശ്ശീലകൾക്കിടയിലൂടെ,
അയാൾ നിരീക്ഷിച്ചു..... അടുത്തേക്കു വന്നുകൊണ്ടിരുന്നത് ഒരു
മനുഷ്യനായിരുന്നു.
അത് ജനറൽ സെറാഫ് ആയിരുന്നു. തനിക്കു
മുമ്പിലുള്ള തറയിൽ തന്നെ തികച്ചും ഏകാഗ്രമായി ദൃഷ്ടിയുറപ്പിച്ച് അയാൾ സ്വയം
വഴിയൊരുക്കി. മരത്തിന്നടിയൽ അയാൾ അൽപ്പസമയം നിന്നു, പിന്നെ
മുട്ടിൽ നിന്ന് തറ പരിശോധിച്ചു. ഒരു പുള്ളിപ്പുലിയെ പോലെ അയാളുടെ മേലേയ്ക്ക് സ്വയം
വീശിയെറിയാനായിരുന്നു റെയിൻസ്‌ഫോഡിന് ആദ്യത്തെ ഉൾപ്രേരണ-പക്ഷേ ജനറലിന്‍റെ
വലതുകൈയ്യിൽ എന്തോ ഒരു ലോഹം പോലെയൊന്ന് അയാൾ കണ്ടു -ഒരു ചെറിയ ആട്ടോമാറ്റിക്
പിസ്റ്റൾ.
നായാട്ടുകാരൻ പലവട്ടം തല കുലുക്കി,
അമ്പരന്ന മട്ടിൽ. പിന്നെ അയാൾ നിവർന്നു, ഡപ്പിയിൽ
നിന്ന് തന്‍റെ കറുത്ത സിഗററ്റുകളിൽ ഒന്ന് പുറത്തെടുത്തു; കുന്തിരിക്കത്തിന്‍റേതു
പോലെ രൂക്ഷഗന്ധമുള്ള അതിന്‍റെ പുക റെയിൻസ്‌ഫോഡിന്‍റെ നാസാദ്വാരങ്ങൾ വരെ
ഒഴുകിയെത്തി.
റെയിൻസ്‌ഫോഡ് ശ്വാസം അടക്കിപ്പിടിച്ചു.
ജനറലിന്‍റെ കണ്ണുകൾ തറ വിട്ട് മരത്തിന്‍റെ മുകളിലേക്ക് ഇഞ്ചിഞ്ചായി യാത്രതുടങ്ങി.
റെയിൻസ്‌ഫോഡ് അവിടെ മരവിച്ചിരുന്നു, ഒരോ പേശിയും
സ്പ്രിംഗ് എന്ന വണ്ണം വലിഞ്ഞുമുറുകി. പക്ഷേ റെയിൻസ്‌ഫോഡ് കിടന്നിരുന്ന ശിഖരം വരെ
എത്തും മുമ്പ് വേട്ടക്കാരന്‍റെ സൂഷ്മമായ കണ്ണുകൾ നോട്ടം നിർത്തി. അയാളുടെ
തവിട്ടുനിറമുള്ള മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. അയാൾ മനഃപൂർവ്വം വായുവിലേക്ക് ഒരു
പുകച്ചുരുൾ ശക്തിയായി ഊതിവിട്ടു; പിന്നെ അയാൾ മരത്തിനു പുറംതിരിഞ്ഞ്,
അശ്രദ്ധമായി നടന്നു നീങ്ങി, അയാൾ വന്ന
വഴിയിലൂടെ തന്നെ. കുറ്റിച്ചെടുകളുടെ മേൽ അയാളുടെ നായാട്ടു ബൂട്ട്‌സുകൾ ഉരസുന്ന
ശബ്ദം നേർത്തു നേർത്തു വന്നു.
അടക്കി വച്ചിരുന്ന വായു റെയിൻസ്‌ഫോഡിന്‍റെ
ശ്വാസകോശങ്ങൾ വിട്ട് ശക്തമായി പുറത്തേക്കു ചീറ്റി. അയാളുടെ ആദ്യചിന്ത അയാൾക്ക്
അസ്വസ്ഥതയും മരവിപ്പും തോന്നിപ്പിച്ചു. രാത്രിക്ക് കാട്ടിലെ വനപാതയിലൂടെ ജനറലിന്
അനുധാവനം ചെയ്യാൻ കഴിയും; ഏറ്റവും ദുഷ്‌കരമായ പാതയിൽപോലും
അയാൾക്ക് പിന്തുടാൻ കഴിയും; അയാൾക്ക് നിശ്ചയമായും മനുഷ്യാതീതമായ
കഴിവുകൾ ഉണ്ടായിരിക്കണം; ഖൊസ്സാഖ് തന്‍റെ ഇരയെ കാണാതെ പോയത്
വെറും ഒരു ആകസ്മികത മാത്രമാണ്.
റെയിൻസ്‌ഫോഡിന്‍റെ രണ്ടാമത്തെ ചിന്ത
അതിലും കൂടുതൽ ഭീതിദമായിരുന്നു. അത് അയാളുടെ മുഴുവൻ ദേഹത്തുകൂടിയും ഒരു തണുത്ത
നടുക്കത്തിന്‍റെ വിറയൽ പായിച്ചു. ജനറൽ പുഞ്ചിരിച്ചതെന്തിനാണ്? അയാൾ തിരിച്ചു നടന്നെതെന്തുകൊണ്ടാണ്?
ശരിയാണ് എന്ന് തന്‍റെ യുക്തിവിചാരം
തന്നോടുതന്നെ പറഞ്ഞ കാര്യം വിശ്വസിക്കുന്നതിന് റെയിൻസ്‌ഫോഡ് തയ്യാറായിരുന്നില്ല,
പക്ഷേ ഇപ്പോൾ പ്രഭാതമൂടൽമഞ്ഞിനിടയിലൂടെ തള്ളിപ്പുറത്തുവന്ന സൂര്യനെപ്പോലെ
വ്യക്തമായിരുന്നു ആ സത്യം. ജനറൽ അയാളുമായി കളിക്കുകയായിരുന്നു! മറ്റൊരു ദിവസത്തെ
വിനോദത്തിനുവേണ്ടി ജനറൽ അയാളെ രക്ഷപ്പെടുത്തുകയായിരുന്നു! ഖൊസ്സാഖ് ആയിരുന്നു
യഥാർത്ഥ പൂച്ച; അയാൾ എലിയും. ഭീതി എന്ന വാക്കിന്‍റെ
മുഴുവൻ അർത്ഥവും റെയിൻസ്‌ഫോഡിന് മനസ്സിലായത് അപ്പോഴാണ്.
'ഞാൻ എന്‍റെ മനഃസാന്നിദ്ധ്യം കൈവിടില്ല,
ഞാൻ കൈവിടില്ല.'
അയാൾ മരത്തിൽ നിന്ന് ഊർന്നിറങ്ങി
വീണ്ടും കാടിനുള്ളിലേക്ക് കടന്നു. അയാളുടെ മുഖം ഉറച്ചിരുന്നു, തന്‍റെ മനസ്സിന്‍റെ യന്ത്രഘടനയെ പ്രവർത്തനക്ഷമമാക്കുന്നതിന് അയാൾ
നിർബന്ധിച്ചു. അയാളുടെ ഒളിച്ചിരുപ്പു സ്ഥലത്തിന്‍റെ മൂന്നുറടിക്ക് അപ്പുറം,
ഒരു ജീവനറ്റ ഭീമാകാരനായ മരം മറ്റൊരു ജീവനുള്ള ചെറുമരത്തിന്‍റെ
മേലേക്ക് ഉറപ്പില്ലാതെ ചാഞ്ഞു കിടന്നിരുന്നു. തന്‍റെ ഭക്ഷണഭാണ്ഡം എറിഞ്ഞുകളഞ്ഞ്,
കത്തി ഉറയിൽ നിന്നു വലിച്ചൂരി സകല ഊർജ്ജവും സംഭരിച്ച് റെയിൻസ്‌ഫോഡ് പണി തുടങ്ങി.
അവസാനം ജോലി തീർന്നു, നൂറടി അകലെ വീണുകിടക്കുന്ന ഒരു മരത്തടിക്കു പിന്നിലായി അയാൾ
അയാളെത്തന്നെ എറിഞ്ഞു. അയാൾക്ക് അധികം കാത്തുകിടക്കേണ്ടി വന്നില്ല. എലിയോടു
കളിക്കുന്നതിനായി പൂച്ച പിന്നെയും വരുന്നുണ്ടായിരുന്നു.
നീണ്ട ചെവികളും വലിയ ശരീരവുമുള്ള
തീഷ്ണമായി മണം പിടിക്കുന്ന വേട്ടപ്പട്ടിയുടെ ഉറപ്പോടെ ജനറൽ സെറാഫ് പാത
പിന്തുടർന്നെത്തി. ഞെരിക്കപ്പെട്ട പുൽനാമ്പുകൾ, വളഞ്ഞ
ചുള്ളിക്കമ്പ്, പായലിൽ പിടിച്ചിരുന്ന നേർത്ത അടയാളം,
അതെത്ര ചെറുതായിരുന്നെങ്കിൽ കൂടി, ഇങ്ങനെ
ഒന്നുപോലും അയാളുടെ കറുത്ത കണ്ണുകളിൽ നിന്ന്
രക്ഷപ്പെട്ടില്ല. ഖൊസ്സാഖ് തന്‍റെ പതുങ്ങിയുള്ള വരവിൽ അത്രത്തോളം ഏകാഗ്രത
പുലർത്തിയിരുന്നു, റെയിൻസ്‌ഫോഡ് കുറച്ചു മുമ്പുണ്ടാക്കിയ
സാധനം അയാൾ കാണുംമുമ്പ് പക്ഷേ അതിൽ കയറിയിരുന്നു. തോക്കിന്‍റെ കാഞ്ചി പോലെ
പുറത്തേക്കു തള്ളി നിന്ന ശാഖയിൽ അയാളുടെ പാദങ്ങൾ സ്പർശിച്ചു. അയാൾ അതിൽ
സ്പർശിച്ചതും, ജനറൽ അപകടം മനസ്സിലാക്കി, ഒരു ആൾക്കുരങ്ങിന്‍റെ ചുറുചുറുക്കോടെ തിരികെ ചാടി. പക്ഷേ അയാൾക്ക്
അത്ര വേഗത പോരായിരുന്നു; ജീവനുള്ള മരത്തിന്മേൽ വളരെ ലോലമായി
ക്രമീകരിച്ചു താങ്ങി വച്ചിരുന്ന ജീവനറ്റ മരം നിലംപൊത്തി, വീഴുന്ന
വീഴ്ച്ചയിൽ അത് ജനറലിന്‍റെ തോളിൽ ചെരിഞ്ഞ പ്രഹരം ഏൽപ്പിച്ചു; അയാളുടെ ജാഗ്രത അല്ലായിരുന്നുവെങ്കിൽ അയാൾ അതിന്നടിയിൽപ്പെട്ട്
ചതഞ്ഞരഞ്ഞു പോകുമായിരുന്നു. അയാൾ അങ്ങോട്ടുമിങ്ങോട്ടും ആടിയുലഞ്ഞു, പക്ഷേ വീണില്ല; തന്‍റെ റിവോൾവർ താഴെക്കളഞ്ഞതുമില്ല.
അയാൾ അവിടെത്തന്നെ നിന്നു, മുറിവു പറ്റിയ ചുമൽ തിരുമ്മിക്കൊണ്ട്,
വീണ്ടും ഭീതി പിടിമുറുക്കിയ റെയിൻസ്‌ഫോഡാകട്ടെ, ജനറലിന്‍റെ കളിയാക്കിച്ചിരി കാട്ടിലൂടെ കേട്ടു.
' റെയിൻസ്‌ഫോഡ്,' ജനറൽ
വിളിച്ചു, 'താങ്കൾ എന്‍റെ ശബ്ദപരിധിക്കുള്ളിൽ
ഉണ്ടെങ്കിൽ, ഉണ്ടെന്നുതന്നെ ഞാൻ കരുതുന്നു, ഞാൻ നിങ്ങളെ അനുമോദിക്കട്ടെ. അധികം പേർക്കൊന്നും മനുഷ്യനെ കുടുക്കുന്ന
ഒരു മലായ് കെണി ഉണ്ടാക്കാനറിയില്ല. പക്ഷേ ഭാഗ്യവശാൽ ഞാനും മലാക്കയിൽ
വേട്ടയാടിയിട്ടുണ്ട്. താങ്കൾ വളരെ താത്പര്യം ഉളവാക്കുന്നുണ്ട്, മിസ്റ്റർ. റെയിൻസ്‌ഫോഡ്. ഞാനിപ്പോൾ എന്‍റെ മുറിവ് വച്ചുകെട്ടാൻ
പോകുന്നു; അത് വെറും ഒരു നിസ്സാര മുറിവാണ്. പക്ഷേ ഞാൻ
മടങ്ങിവരും, മടങ്ങി വരും.'
ജനറൽ തന്‍റെ മുറിവേറ്റ ചുമൽ
താലോലിച്ചുകൊണ്ട് പോയിക്കഴിഞ്ഞപ്പോൾ, റെയിൻസ്‌ഫോഡ് തന്‍റെ
പറക്കൽ പലായനം പിന്നെയും തുടങ്ങി. ഇപ്പോൾ അത് ശരിക്കും പറക്കൽ തന്നെയായിരുന്നു,
നിരാശപൂണ്ട, പ്രതീക്ഷയറ്റ കുറേ മണിക്കൂറുകളിലേക്ക് അയാളെ കൊണ്ടുപോയ ഒരു പറക്കൽ. സന്ധ്യ വന്നു, പിന്നെ
ഇരുളും, അപ്പോഴും അയാൾ ഓട്ടം തുടർന്നു. അയാളുടെ
മൃദുചർമ്മപാദുകങ്ങൾക്കടിയിൽ തറ കൂടുതൽ മാർദ്ദവമുള്ളതായി വന്നു; സസ്യജാലങ്ങൾ കൂടുതൽ ഉയരത്തിലും ഇടതിങ്ങിയും വളർന്നു നിന്നു; പ്രാണികൾ അയാളെ മൃഗീയമായി കൊത്തിപ്പറിച്ചു.
പിന്നെ വീണ്ടും മുന്നോട്ടു
നീങ്ങിയപ്പോൾ അയാളുടെ പാദം ചെളിയിൽ താഴ്ന്നു. അതു തിരിച്ചു വലിച്ചെടുക്കാൻ അയാൾ
ശ്രമിച്ചു, പക്ഷേ ഒരു രാക്ഷസീയ നീരട്ടയെപ്പോലെ
അഴുക്ക് പാദത്തിൽ കട്ടിയായി ഒട്ടിപ്പിടിച്ചിരുന്നു. ഒരു ആഞ്ഞ ശ്രമംകൊണ്ട്, അയാൾ തന്‍റെ പാദം കുടഞ്ഞ് അയച്ചെടുത്തു. താനെവിടെയാണെന്ന് അയാൾക്കിപ്പോൾ
മനസ്സിലായി. മരണച്ചതുപ്പും അതിന്‍റെ മണൽച്ചുഴിയും.
ഇരുളിൽ ആരോ തന്‍റെ പിടിയിൽ നിന്ന്
പറിച്ചെടുക്കാൻ ശ്രമിക്കുന്ന വാസ്തവമായ എന്തോ ഒന്നാണ് തന്‍റെ ഞരമ്പ് എന്ന മട്ടിൽ
അയാളുടെ കൈകൾ ഇറുക്കിപ്പിടിച്ചിരുന്നു. ഭൂമിയുടെ മാർദ്ദവം അയാൾക്കൊരു ആശയം നൽകി.
മണൽച്ചുഴിയിൽ നിന്ന് അയാൾ പിന്നോട്ടു പോയി ഏതാണ്ടൊരു പന്ത്രണ്ട് അടിയോളമോ മറ്റോ,
പിന്നെ ഒരു ഭീമാകാരനായ പൗരാണിക നീർനായയെപ്പോലെ, അയാൾ കുഴിക്കുവാൻ തുടങ്ങി.
റെയിൻസ്‌ഫോഡ് ഫ്രാൻസിൽ വച്ച് സ്വയം
കുഴികുഴിച്ചിട്ടുണ്ട്, ഒരു സെക്കൻഡിന്‍റെ താമസം
മരണമാകുമായിരുന്ന ഒരു സമയത്ത്. അതൊരു ശാന്തമായ വിനോദമായിരുന്നു, ഇപ്പോഴത്തെ അയാളുടെ കുഴിക്കലുമായി താരതമ്യം ചെയ്യുമ്പോൾ. കുഴിക്ക്
ആഴം കൂടിക്കൂടി വന്നു; അത് തന്‍റെ ചുമലിനൊപ്പം എത്തിയപ്പോൾ,
അയാൾ പുറത്തേക്കു പിടിച്ചു കയറി, കട്ടിയുള്ള
വൃക്ഷത്തൈകളിൽ നിന്ന് ഊന്നുവടികൾ മുറിച്ചടുത്തു, കുറച്ചുനീളം
വരെ അതു കൂർപ്പിച്ചു. കൂർത്ത ഭാഗം മുകളിൽ വരത്തക്കവിധം കുഴിയുടെ ഏറ്റവും അടിയിൽ
അയാൾ അവ കുത്തി നിർത്തി. കളകളും ചില്ലകളും പറിച്ചെടുത്ത് പറക്കുന്ന വിരലുകൾകൊണ്ട്
അയാൾ ഒരു പരവതാനി നിർമ്മിച്ച് കുഴിയുടെ വായ അതുകൊണ്ടു മൂടി. പിന്നെ വിയർപ്പുകൊണ്ട്
നനഞ്ഞ്, ക്ഷീണംകൊണ്ട് വേദനിച്ച്, ഇടിമിന്നലേറ്റ്
കരിഞ്ഞുപോയ ഒരു മരത്തിന്‍റെ കുറ്റിക്കു പിന്നിൽ കുനിഞ്ഞു നിന്നു.
തന്‍റെ അനുഗാമി വരുന്നുണ്ടെന്ന്
അയാൾക്കു മനസ്സിലായി; പാദങ്ങൾ ഭൂമിയിൽ പതിക്കുന്നതിന്‍റെ
പതുപതുത്ത ശബ്ദം അയാൾ കേട്ടു, ആ ഇളം രാത്രിക്കാറ്റ് ജനറലിന്‍റെ
സിഗററ്റിന്‍റെ പരിമളം കൊണ്ടുവന്നു. പതിവിലും കൂടുതൽ വേഗത്തിലാണ് ജനറൽ വരുന്നത്
എന്നു റെയിൻസ്‌ഫോഡിന് തോന്നി; വഴിയിലെ തന്‍റെ ഓരോ കാലടിയും അനുഭവിച്ചു കൊണ്ടായിരുന്നില്ല അയാളുടെ
നടപ്പ്. റെയിൻസ്‌ഫോഡ് അവിടെ കൂഞ്ഞിപ്പിടിച്ചു നിൽക്കുമ്പോൾ ജനറലിനെ
കാണാനാകുമായിരുന്നില്ല, കുഴിയും അയാളുടെ ദൃഷ്ടിപഥത്തിലായിരുന്നില്ല.
ഒരു മിനിറ്റുകൊണ്ട് അയാൾ ഒരു കൊല്ലത്തെ ജീവിതം ജീവിച്ചു. പിന്നെ സന്തോഷംകൊണ്ട്
ഉറക്കെ ആർത്തുവിളിക്കണമെന്ന് പെട്ടന്നയാൾക്കൊരു നൈമിഷികമായ തോന്നലുണ്ടായി, കാരണം കുഴിയുടെ മൂടി തകർന്ന്, പാകിയിരുന്ന
ചില്ലകൾ പൊട്ടുന്നതിന്‍റെ ഉച്ചസ്വരം അയാൾ കേട്ടു; കൂർത്ത ചില്ലകൾ അവയുടെ ലക്ഷ്യം കണ്ടതിന്‍റെ
ലക്ഷണമായി ആർത്ത നിലവിളി അയാൾ കേട്ടു. ഒളിയിടത്തിൽ നിന്ന് അയാൾ ചാടി. പിന്നെ അയാൾ
പേടിച്ച് പിന്നാക്കം മാറി. കയ്യിൽ ഒരു ഇലക്ട്രിക് ടോർച്ചുമായി കുഴിയുടെ മൂന്നടി
അപ്പുറം ഒരു മനുഷ്യൻ നിന്നിരുന്നു.
'നിങ്ങൾ നന്നായി ചെയ്തിരിക്കുന്നു
റെയിൻസ്‌ഫോഡ്, ' ജനറലിന്‍റെ ശബ്ദം വിളിച്ചു പറഞ്ഞു. 'നിങ്ങളുടെ ബർമ്മീസ് കടുവക്കുഴി എന്‍റെ ഏറ്റവും നല്ല
നായ്ക്കളിലൊന്നിനെ കവർന്നിരിക്കുന്നു. വീണ്ടും നിങ്ങൾ നേടുന്നു. നോക്കൂ, എന്‍റെ മുഴുവൻ
സന്നാഹങ്ങൾക്കും എതിരെ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും എന്നു നോക്കൂ. ലേശം
വിശ്രമത്തിനായി ഞാനിപ്പോൾ വീട്ടിലേക്കു പോകയാണ്. ഏറ്റവും രസകരമായ വൈകുന്നേരം
സമ്മാനിച്ചതിന് നിങ്ങൾക്ക് നന്ദി.'
ഇനിയും ഭയത്തെ കുറിച്ച് കൂടുതൽ
അറിയാനുണ്ടെന്ന് ഒർമ്മിപ്പിക്കും വിധം, ചതുപ്പിനടുത്ത്
കിടന്ന റെയിൻസ്‌ഫോഡിനെ നേരം പുലർന്നുവരുമ്പോൾ ഉണർത്തിയത് ഒരു ശബ്ദമാണ്. അതൊരു
വിദൂര ശബ്ദമാണ്, നേരിയ, സന്ദേഹിക്കുന്ന
ശബ്ദം, പക്ഷേ അയാൾക്കത് മനസ്സിലായി. അത് ഒരു കൂട്ടം
വേട്ടപ്പട്ടികളുടെ കുരയ്ക്കലായിരുന്നു.
രണ്ടു കാര്യങ്ങളിൽ ഒന്ന് തനിക്ക്
ചെയ്യാൻ കഴിയുമെന്ന് റെയിൻസ്‌ഫോഡ് മനസ്സിലാക്കി. അയാൾ എവിടെയാണോ അവിടെത്തന്നെ
കാത്തുനിൽക്കാം. പക്ഷേ അത് ആത്മഹത്യയാണ്. അയാൾക്ക് ഓടിരക്ഷപ്പെടാം. അത്
അനിവാര്യമായതിനെ മാറ്റിവയ്ക്കലാണ്. ഒരു നിമിഷം ചിന്തിച്ചുകൊണ്ട് അയാൾ അവിടെ
നിന്നു. ഒരു വന്യമായ അവസരം മുറുകെ പിടിക്കുന്ന ആശയം അയാൾക്ക് തോന്നി. തന്‍റെ
ബൽറ്റ് മുറുക്കിക്കൊണ്ട്, അയാൾ ചതുപ്പിൽ നിന്ന് അകന്നു പോയി.
പട്ടികളുടെ കുര കൂടുതൽ അടുത്തടുത്ത്
വന്നു, പിന്നെ
വീണ്ടും അടുത്ത്, അടുത്ത്, ഏറ്റവും
അടുത്ത്. ഒരു കൊച്ചു കുന്നിൽ നിന്ന് റെയ്ൻസ്‌ഫോഡ് ഒരു മരത്തിൽ പിടിച്ചു കയറി. ഒരു
കാൽ മൈൽ അകലത്തിനിപ്പുറം ഉള്ള ഒരു നീർച്ചാൽ വഴിയിലൂടെ കാട്ടുചെടികൾ നീങ്ങുന്നത്
അയാൾക്കു കാണാൻ കഴിഞ്ഞു. കണ്ണുകളെ ആയാസപ്പെടുത്തി, അയാൾ
ജനറൽ സെറാഫിന്‍റെ മെലിഞ്ഞ രൂപം കണ്ടു; അയാളുടെ
തൊട്ടുമുൻപിൽ റെയിൻസ്‌ഫോഡ് മറ്റൊരു രൂപം കണ്ടു, പൊക്കമുള്ള
കാട്ടുപുല്ലുകൾക്ക് മുകളിലൂടെ വീതി കൂടിയ ചുമലുകൾ തുളച്ചുകയറ്റുന്ന ഒരു രൂപം;
അത് രാക്ഷസൻ ഐവൻ ആയിരുന്നു,
എന്തോ ഒരു അദൃശ്യശക്തി മൂലം അയാൾ മുമ്പോട്ടു നയിക്കപ്പെടുകയാണ്
എന്നതു പോലെ തോന്നിപ്പിച്ചു; പട്ടിക്കൂട്ടത്തിന്‍റെ തോൽവാർ (ലീഷ്)
ഐവൻ പിടിച്ചിട്ടുണ്ടായിരുന്നിരിക്കണം.
ഇനി ഏതു നിമിഷവും അവ അയാളുടെ
പുറത്തേക്ക് ചാടിവീണേക്കാം. അയാളുടെ മനസ്സ് സോന്മാദം പ്രവർത്തിച്ചു. ഉഗാണ്ടയിൽ
വച്ച് പഠിച്ച ഒരു നാടൻ വിദ്യ അയാൾ ഓർമ്മിച്ചു. അയാൾ മരത്തിൽ നിന്ന് ഇറങ്ങി. ഒരു
വലിച്ചാൽ വളയുന്ന ഇളം മരം അയാൾ വളച്ചുപിടിച്ചു, അതിലേക്ക്
വേട്ടക്കത്തി കെട്ടിവച്ചു, കത്തിയുടെ ബ്ലേഡ്, പാതയിലേക്ക് ലക്ഷ്യം
വയ്ക്കുന്ന തരത്തിൽ; ഒരു കാട്ടുമുന്തിരിവള്ളി വച്ച് അയാൾ
മരം പൂർവ്വസ്ഥിതിയിലാക്കി കെട്ടിവെച്ചു. പിന്നെ അയാൾ ജീവനുവേണ്ടി ഓടി. പുതുമണം
പിടിച്ചതോടെ വേട്ടപ്പട്ടികൾ അവറ്റകളുടെ ശബ്ദം ഉയർത്തി. ഇരയായി നിൽക്കുന്ന ഒരു
മൃഗത്തിന് എങ്ങനെയാണ് തോന്നുക എന്ന് റെയിൻസ്‌ഫോഡിനു മനസ്സിലായി.
ശ്വാസം കഴിക്കാനായി അയാൾക്കു
നിൽക്കേണ്ടി വന്നു. പട്ടികളുടെ കുര ആകസ്മികമായി നിന്നു പോയി. റെയിൻസ്‌ഫോഡിന്‍റെ
ഹൃദയവും നിലച്ചു. അവ കത്തിയുടെ അരികെ എത്തിപ്പെട്ടു കാണണം. ആവേശത്തോടെ അയാൾ ഒരു
മരത്തിൽ പൊത്തിപ്പിടിച്ചു കയറി, പിന്നോട്ടു നോക്കി. അയാളുടെ പിൻഗാമികൾ
അനുധാവനം നിർത്തിയിരുന്നു. അയാൾ മരത്തിൽ കയറിയപ്പോൾ ഉണർന്ന പ്രതീക്ഷ, ഇപ്പോൾ മരിച്ചു, കാരണം ആഴംകുറഞ്ഞ താഴ്‌വരയിൽ ജനറൽ
സെറാഫ് അപ്പോഴും തന്‍റെ സ്വന്തം കാലുകളിൽ തന്നെ നിൽക്കുന്നുത് അയാൾ കണ്ടു. പക്ഷേ
ഐവൻ ഉണ്ടായിരുന്നില്ല. വളയുന്ന മരത്തിന്‍റെ പിന്നോക്കം വലിച്ചിൽ കൊണ്ട് ശക്തമായി
മുന്നോട്ട് തള്ളപ്പെടുന്ന കത്തി മുഴുവനായും പരാജയപ്പെട്ടില്ല.
റെയിൻസ്‌ഫോഡ് കഷ്ടിച്ച്
ഉരുണ്ടുവീണതേയുള്ളു, അപ്പോഴേയ്ക്കും വേട്ടപ്പട്ടികൾ വീണ്ടും
കുര തുടങ്ങി.
'മനോധൈര്യം, മനോധൈര്യം,
മനോധൈര്യം!', കുതിച്ചു പായവേ അയാൾ കിതച്ചു. തൊട്ടു
മുന്നിലുള്ള മരങ്ങൾക്കിടയിൽ ഒരു നീല വിടവ് കാണപ്പെട്ടു. ആ വിടവിലേക്ക് റെയിൻസ്‌ഫോഡ്
സ്വയം നിർബന്ധിച്ച് നയിച്ചു. അയാൾ അവിടെയെത്തി. ഒരു ചെറിയ അഴിമുഖത്തിനു കുറുക്കെ
കോട്ടയുടെ മൂകമായ ചാരനിറത്തിലുള്ള കല്ലുകൾ അയാൾക്കു കാണാൻ കഴിഞ്ഞു. അയാൾക്ക്
ഇരുപതടി താഴെ കടൽ ഗർജ്ജിക്കുകയും സീൽക്കാരശബ്ദം പുറപ്പെടുവിക്കയും ചെയ്തു. റെയിൻസ്‌ഫോഡ്
മടിച്ചുനിന്നു. അയാൾ പട്ടികളുടെ കുരകൾ കേട്ടു. പിന്നെ അയാൾ ദൂരെ കടലിലേക്ക്
എടുത്തു ചാടി....
ജനറലും അയാളുടെ പട്ടിക്കൂട്ടവും
കടലിനരികെ എത്തിയപ്പോൾ ഖൊസ്സാഖുകാരൻ നിന്നു. കുറച്ചു മിനിറ്റുകളോളം ജലത്തിന്‍റെ
നീലിമപ്പച്ചപ്പരപ്പ് പരിഗണിച്ചുകൊണ്ട് നിന്നു. അയാൾ ചുമലുകൾ കുലുക്കി. പിന്നെ
ഇരുന്നു, വെള്ളി ഫ്‌ളാസ്‌ക്കിൽ നിന്ന് ബ്രാണ്ടി പകർന്നു
കുടിച്ചു, ഒരു സിഗററ്റ് കത്തിച്ചു, മാഡം
ബട്ടർഫ്‌ളൈ യിലെ നിന്ന് ഒരുഭാഗം മൂളി.
അന്നു വൈകുന്നേരം അയാളുടെ തടിപാകിയ
മഹത്തായ ഊൺഹാളിൽ ജനറൽ സെറാഫിന് അത്യധികം മേന്മയുള്ള ഡിന്നർ ഉണ്ടായിരുന്നു.
അതിനൊപ്പം ഒരു കുപ്പി പോളി റോഹ്‌സെയും അരക്കുപ്പി ഷോമിർട്ടനും കൂടി ഉണ്ടായിരുന്നു.
രണ്ടു ചെറിയ അലോസരങ്ങൾ അയാളെ തികഞ്ഞ സന്തോഷത്തിൽ നിന്ന് അകറ്റി. ഐവന് പകരക്കാരനെ
കണ്ടെത്തുന്നത് ദുഷ്‌ക്കരമായിരിക്കുമെന്ന ചിന്തയായിരുന്നു ഒന്ന്; മറ്റൊന്ന് തന്‍റെ ഇര തന്നിൽ നിന്ന് രക്ഷപ്പെട്ടു എന്നത്; തീർച്ചായായും അമേരിക്കക്കാരൻ കളി നന്നായി കളിച്ചില്ല - ഡിന്നറിനു
ശേഷമുള്ള മദ്യം സേവിക്കവേ ജനറൽ അങ്ങനെ ചിന്തിച്ചു. സ്വയം സമാധാനപ്പെടുത്താനായി
അയാൾ ലൈബ്രറിയിൽ ഇരുന്നു മാർകെസ് ഓറിലോസിന്‍റെ കൃതികൾ വായിച്ചു. പത്തുമണിക്ക് അയാൾ
കിടക്കമുറിയിലേക്കു പോയി. ആനന്ദകരമായ തളർച്ചയിലാണ് താൻ, അകത്തു
കയറി മുറി പൂട്ടവേ അയാൾ തന്നോടു തന്നെ പറഞ്ഞു. കുറച്ച് നിലാവെളിച്ചം ഉണ്ടായിരുന്നു,
അതിനാൽ ലൈറ്റ് ഇടുന്നതിനു മുൻപായി അയാൾ ജനാലക്കരികിൽ പോയി താഴെ മുറ്റത്തേക്കു നോക്കി. അയാൾക്ക് വലിയ
വേട്ടപ്പട്ടികളെ കാണാമായിരുന്നു, 'അടുത്ത തവണ കൂടുതൽ ഭാഗ്യം നേരുന്നു,
' അയാൾ അവറ്റയോടു വിളിച്ചു പറഞ്ഞു. പിന്നെ അയാൾ
ലൈറ്റിട്ടു.
കിടക്കയുടെ കർട്ടനുകൾക്കിടയിൽ
മറഞ്ഞിരുന്ന ഒരാൾ അവിടെ നിൽപ്പുണ്ടായിരുന്നു.
'റെയിൻസ്‌ഫോഡ്! 'ജനറൽ
നിലവിളിച്ചു. 'ദൈവത്തെയോർത്ത് പറയൂ, നിങ്ങൾ എങ്ങനെ ഇവിടെ എത്തിപ്പെട്ടു?'
'നീന്തി, 'റെയിൻസ്‌ഫോഡ്
പ്രതിവചിച്ചു. 'കാട്ടിൽക്കൂടി നടക്കുന്നതിലും വേഗം
കൂടുതൽ അതാണെന്ന് ഞാൻ മനസ്സിലാക്കി.'
ജനറൽ ശ്വാസമടക്കിപ്പിടിച്ച്
പുഞ്ചിരിച്ചു. 'നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു,
' അയാൾ പറഞ്ഞു. 'നിങ്ങൾ
കളി ജയിച്ചിരിക്കുന്നു.' റെയിൻസ്‌ഫോഡ് പുഞ്ചിരിച്ചില്ല. 'ഞാനിപ്പോഴും എതിർക്കത്തക്ക വിധമുള്ള ഒരു മൃഗമാണ്. 'ഒരു താഴ്ന്ന പരുഷമായ ശബ്ദത്തിൽ അയാൾ പറഞ്ഞു. 'തയ്യാറായിക്കൊള്ളു,
ജനറൽ സെറാഫ്.'
ജനറൽ തന്‍റെ ഏറ്റവും കുനിഞ്ഞ
ബഹുമാനവന്ദനം നടത്തി. 'അങ്ങനെയോ! ' അയാൾ
തുടർന്നു, 'ഉജ്ജ്വലം!
നമ്മളിലൊരാൾ വേട്ടപ്പട്ടികൾക്കായി ഒരു വിരുന്ന് സജ്ജീകരിക്കേണ്ടതുണ്ട്. മറ്റേ ആൾ ആ
ഒന്നാന്തരം മെത്തയിൽ ഉറങ്ങും. ജാഗ്രത, റെയിൻസ്‌ഫോഡ്......'
താൻ ഒരിക്കലും ഇതിലും നല്ല ഒരു
മെത്തയിൽ ഉറങ്ങിയിട്ടില്ല, റെയിൻസ്‌ഫോഡ് നിശ്ചയിച്ചു.
No comments:
Post a Comment