Wednesday, November 28, 2018

ശബരിമല സ്ത്രീപ്രവേശനവിധിയുടെ ആമുഖം - 2018 സെപ്റ്റംബര്‍ 28

എന്നും എക്കാലത്തും സാമുദായികമോ അല്ലാത്തതോ ആയ എല്ലാ ലഹളകളുടേയും ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളാണ്. ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കിയാല്‍ മനസ്സിലാകുന്ന കാര്യം. ഓരോ ഇന്ത്യന്‍ പൌരനും പൌരിക്കും ഏതു മതാചാരത്തിന്‍റേതാക്കളും എത്രയോ മീതെയാണ് ഇന്ത്യന്‍ ഭരണഘടന. 
411 പേജുള്ള സുപ്രീം കോടതി വിധിയിലെ ആമുഖഭാഗത്തിന്‍റെ എന്‍റെ വക സ്വതന്ത്രവിവർത്തനം. തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ തയ്യാർ. 
Quote
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് 2006 ലെ 373-ാം നമ്പർ റിട്ട് പെറ്റീഷന്‍റെ (സിവിൽ) വിധിയുടെ ആമുഖം.

ഒരു നിയമം, അത് എത്രത്തോളം നീതിരഹിതമായാലും ശരി, നിർബന്ധിതമാക്കുക, പിന്നെ ആ പറയുന്ന നിയമം സമർത്ഥിക്കുന്നതിനുള്ള വിശദീകരണമോ ന്യായീകരണമോ പ്രദാനം ചെയ്യുക എന്നത് സമൂഹം പരിപോഷിപ്പിച്ചു വരുന്ന ഒരു വിരോധാഭാസം അേ്രത അനാദിയായ കാലം മുതൽക്കു തന്നെ മനുഷ്യകുലത്തെ മുറിവേൽപ്പിക്കുന്ന കാഴ്ച്ചപ്പാട് സമർത്ഥിക്കുന്നതിനുള്ള ന്യായീകരണത്തിനായി മനുഷ്യവംശം തിരയുകയാണ്. താത്വികമായ മാനുഷിക മൂല്യങ്ങൾ കടലാസിൽ അവശേഷിക്കുന്നുണ്ടാകും. ചരിത്രപരമായി, അസമത്വത്തോടെയാണ് സ്ത്രീകളോട് പെരുമാറിയിട്ടുള്ളത്, അതുകൊണ്ടു തന്നെയാണ്, തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി അനേകം പേർ യുദ്ധം ചെയ്തിട്ടുള്ളത്. തന്‍റെ സ്ത്രീസ്വാതന്ത്യവാദ പ്രവർത്തനങ്ങളുടെ പേരിൽ അറിയപ്പെട്ടിരുന്ന സൂസൻ ബി. ആന്റണി സംക്ഷിപ്തമായി പറഞ്ഞതു പോലെ, 'പുരുഷന്മാർ, അവരുടെ അവകാശങ്ങൾ, അതിനപ്പുറം യാതൊന്നും തന്നെയില്ല; സ്ത്രീകൾ, അവരുടെ അവകാശങ്ങൾ, അതിലും കുറവും യാതൊന്നുമില്ല. - Men, their rights, and nothing more; women, their rights, and nothing less.' അത് ഒരു വ്യക്തമായ സന്ദേശമാണ്.

2.ഈശ്വരാംശമോ ആദ്ധ്യാത്മികതയോ തിരഞ്ഞുള്ള തങ്ങളുടെ അനേഷണങ്ങളിൽ ഒന്നും തന്നെ സ്ത്രീകളെ അംഗീകരിക്കുന്നതിനു വേണ്ടി ഇവിടെയുള്ള ബൃഹത് ജനസഞ്ചയത്തോട് ആശയാവിഷ്‌ക്കാരം നടത്തുന്നതിന് മുകളിൽ പറഞ്ഞ സന്ദേശമോ ഏതെങ്കിലും തരത്തിലുള്ള തത്വശാസ്ത്രമോ ഉതകിയിട്ടില്ല. ജീവിതനാടകത്തിൽ, പുരുഷൻ സ്വന്തം കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്, പക്ഷേ സ്ത്രീക്ക് തന്‍റെ ഒപ്പ് ഒന്നു പതിക്കുവാനുള്ള ഇടം പോലും ഉണ്ടെന്നു തോന്നുന്നില്ല. ഈശ്വരാംശം മനസ്സിലാക്കുന്നതിനുള്ള പ്രവേശനപാതയിൽ തന്നെ അസമത്വം നിലനിൽക്കുന്നുണ്ട്. ഈശ്വരാംശത്തിലേക്കുള്ള ഉപാസനയുടെ/ഭക്തിയുടെ പ്രതീകത്തെ ലിംഗപരമായ കാഠിന്യത്തിനും സ്ഥിരസങ്കൽപ്പത്തിനും വിധേയമാക്കുവാൻ പാടില്ല. ഒരു വശത്ത് സ്ത്രീകളെ ദേവിമാർ ആക്കിക്കൊണ്ട് അവരെ മഹത്വവൽക്കരിക്കുകയും പൂജിക്കുകയും ചെയ്യുകയും മറുവശത്ത് ഭക്തിയുടെ കാര്യങ്ങൾ വരുമ്പോൾ കർക്കശമായ ഉപരോധങ്ങൾ നിർബന്ധിതമാക്കുകയും ചെയ്യുന്ന തരത്തിൽ മതത്തിൽ നിലനിൽക്കുന്ന ദ്വിത്വപരമായ സമീപനം ഉപേക്ഷിക്കപ്പെടണം. അങ്ങനെയുള്ള ദ്വിത്വപരമായ സമീപനവും ഊട്ടിയുറപ്പിക്കപ്പെട്ട മാനസികനിലയും സ്ത്രീകളോട് അനാദരവ് കാണിക്കുന്നതിലേക്കും അവരുടെ അന്തസ്സ് ഇടിക്കുന്നതിലേക്കും നയിക്കുന്നു. വിശുദ്ധിയുടേയും പാതിവ്രത്യത്തിന്റേയും കൂടുതൽ കർശനമായ പ്രമാണങ്ങൾ സ്ത്രീകളിൽ നിന്നു മാത്രം അവകാശബോധത്തോടെ ആവശ്യപ്പെടുന്ന വിധത്തിൽ പുരുഷാധിപത്യപരമായ ആശയങ്ങളുടെ പ്രചാരകൻ ആയി വർത്തിക്കുന്നതിൽ നിന്ന്, സ്ത്രീയെ യാതൊരു തരത്തിലും ദുർബ്ബലമായോ, കുറഞ്ഞ തരത്തിലോ അല്ലെങ്കിൽ പുരുഷനേക്കാൾ താണ ആൾ എന്ന മട്ടിലോ പരിഗണിക്കാത്ത വിധത്തിൽ സമത്വം പാലിച്ചു വരുന്നവർ എന്ന നിലയിലേക്കുള്ള നിരന്തരമായ ഒരു പരിവർത്തനത്തിനു സമൂഹം വിധേയമാകേണ്ടതുണ്ട്. ഈ കാര്യത്തിൽ തുല്യാവസ്ഥ ഉറപ്പാക്കുന്നവർ എന്ന നിലയിലുള്ള അത്യന്തദുഷ്‌കരമായ കഠിനജോലി ചെയ്യുക എന്ന ചുമതല നിയമത്തിനും സമൂഹത്തിനും ഉണ്ട്, അതിനു വേണ്ടി, ലോകത്തിന്‍റെ പ്രത്യക്ഷബോധങ്ങൾ മാറ്റുന്നതിനു വേണ്ടിയുള്ള ഹെന്റി വാഡ് ബീച്ചർ ന്‍റെ വിവേകപൂർണ്ണമായ വചനങ്ങൾ ഓർമ്മിക്കേണ്ടതുണ്ട്. അദ്ദേഹം ഇങ്ങനെ പറയുന്നു:

'നമ്മുടെ ദിനങ്ങൾ ഒരു കാലിഡോസ്‌കോപ്പ് - പല രംഗങ്ങൾ മാറി മാറിക്കാട്ടുന്ന ചിത്രദർശിനിക്കുഴൽ - അത്രേ. ഓരോ നിമിഷവും ഉള്ളടക്കത്തിൽ മാറ്റം സംഭവിക്കുന്നു. പുതിയ പൊരുത്തങ്ങൾ, പുതിയ വൈപരീത്യങ്ങൾ, ഓരോ തരത്തിലും പുതിയ കൂട്ടുകെട്ടുകൾ. ഒരു കാര്യവും ഒരേ പോലെ രണ്ടുപ്രാവശ്യം സംഭവിക്കുന്നില്ല. ഏറ്റവും പരിചിതരായ ആളുകൾ ഓരോ നിമിഷവും ഓരോരുത്തരോട്, തങ്ങളുടെ തൊഴിലിനോട്, ചുറ്റുമുള്ള വസ്തുക്കളോട് ഓരോ പുതിയതരം സമ്പർക്കത്തിൽ ആകുന്നു. ഏറ്റവും ശാന്തരായ നിവാസികളും , കുടുംബ സംവിധാനത്തിൽ ഏറ്റവും നിഷ്ഠയോടെ ജീവിക്കുന്നവരും ഉള്ള, ഏറ്റവും സ്വസ്ഥമായ ഗൃഹം, എങ്കിൽ കൂടിയും അതിരറ്റ വൈവിദ്ധ്യങ്ങൾ ദൃഷ്ടാന്തീകരിക്കുന്നവർ.' (ഹെന്റി വാഡ് ബീച്ചർ, 1813-1887 -കണ്ണുകളും കാതുകളും. Henry Ward Beecher, 1813-1887 - Eyes and Ears)

3.സൃഷ്ടാവുമായിട്ടുള്ള ഏതു ബന്ധവും അതീന്ദ്രിയപരമായ ഒന്നത്രേ, സാമൂഹികമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള എല്ലാ കൃത്രിമ വിഘ്‌നങ്ങളും ലംഘിക്കുന്ന തരത്തിലുള്ളതാണ് അത്, അല്ലാതെ ഏതെങ്കിലും വ്യവസ്ഥകളാലും നിബന്ധനകളാലും അനുശാസിക്കപ്പെടുന്ന തരത്തിലുള്ള കൂടിയാലോചിച്ചു നിർവ്വചിക്കപ്പെട്ട ബന്ധം അല്ലേയല്ല. ഭരണഘടനാപരമായി നിർദ്ദേശിക്കപ്പെട്ട പരീക്ഷകൾക്ക് അനുസൃതമല്ലാത്ത, ജീവശാസ്ത്രപരമോ ശാരീരികപരമോ ആയ പ്രാമാണിക ഘടകങ്ങളിൽ നിന്ന് ഉയർന്നു വന്ന, അയവില്ലാത്ത സാമൂഹിക സാംസ്‌കാരിക മനോഭാവങ്ങൾ കൊണ്ട് ഭക്തിയുടെ അത്തരത്തിലുള്ള അടുപ്പവും പ്രകാശനവും ക്ലിപ്തപ്പെടുത്തുവാൻ സാധിക്കില്ല. വിശ്വാസത്തിൽ നിന്നും ഒരാളുടെ മതം അനുഷ്ഠിക്കുന്നതിനും പരസ്യമായി സ്പഷ്ടമാക്കുന്നതിനും ഉള്ള സ്വാതന്ത്ര്യത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന പരിശുദ്ധ ഭക്തിയുടെ ഘടകത്തിനു മേൽ മതത്തിലെ പുരുഷനിയന്ത്രിത വ്യവസ്ഥിതി വിജയിക്കുന്നതിനു അനുവദിച്ചു കൂടാ. ജീവശാസ്ത്രപരമോ ശാരീരികപരമോ ആയ ഘടകങ്ങളുടെ പേരിൽ, സ്ത്രീകളുടെ വിധ്വംസനത്തിനും അടിച്ചമർത്തലിനും നിയമസാധുതയുടെ അംഗീകാരമുദ്ര നൽകാനാവില്ല തന്നെ. ഏതെങ്കിലും തരത്തിലുള്ള - വർഗ്ഗം, മതം, ലിംഗം, പ്രായം എന്നിവയുടെ അടിസ്ഥാനത്തിലുള്ള - മുൻവിധികൾ സംബന്ധമായ വിവേചനപരമായ പെരുമാറ്റത്തിലോ അല്ലെങ്കിൽ ജീവശാസ്ത്രപരമായ സ്വഭാവവിശേഷങ്ങൾ സംബന്ധമായമായ ഒറ്റപ്പെടുത്തലിലോ അധിഷ്ഠിതമായ ഏതു നിയമവും അടിസ്ഥാനരഹിതവും, നീതീകരിക്കാനാവത്തതും അവിശ്വസനീയവും മാത്രമല്ല, ഭരണഘടനാപരമായ അവസ്ഥയ്ക്ക് ഒരിക്കലും പര്യാപ്തമായി സ്വീകരിക്കപ്പെടുകയുമില്ല.

4. വിശ്വാസവും മതവും വിവേചനം പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് സാർവ്വത്രികമായ സത്യമാണ്, എന്നാൽ മതപരമായ ആചാരങ്ങൾ ചിലപ്പോൾ പുരുഷാധിപത്യവ്യവസ്ഥിതി നിലനിറുത്തുകയും അതു വഴി വിശ്വാസത്തിന്റേയും ലിംഗസമത്വത്തിന്റേയും അവകാശങ്ങളുടേയും അടിസ്ഥാന സിദ്ധാന്തങ്ങൾ തന്നെ നിഷേധിക്കുന്നതായും ചെയ്യുന്നതായി കാണപ്പെടാറുണ്ട്. സാമൂഹ്യപരമായ മനോഭാവങ്ങളും പുരുഷാധിപത്യവ്യവസ്ഥിതിക്ക് അനുസൃതമായ മനോഭാവങ്ങൾക്ക് ചുറ്റും കേന്ദ്രീകൃതമായിരിക്കുകയും ചുറ്റിത്തിരിയുകയും ചെയ്യുകയും അതുമൂലം സാമൂഹ്യപരവും മതപരവും ആയ ചുറ്റുപാടുകളിൽ സ്ത്രീകളുടെ അന്തസ്സ് ഇടിക്കുകയും ചെയ്യുന്നുണ്ട്. സാർവ്വലൗകികമായത് ഏതൊന്നാണോ അതിലേക്ക് എത്തിപ്പെടുന്നതിനുള്ള കേവലം വ്യത്യസ്തമായ വഴികളേ്രത എല്ലാ മതങ്ങളുും. ഈശ്വരാംശം തിരിച്ചറിയുന്നതിനു വേണ്ടിയുള്ള ജീവിതരീതി മാത്രമാണ് മതം. എന്നിരുന്നാലും, ചില സിദ്ധാന്തങ്ങളും ബഹിഷ്‌കരണപരമായ ആചാരങ്ങളും അനുഷ്ഠാനപദ്ധതികളും, മതത്തിന്റേയോ അല്ലെങ്കിൽ വിശ്വാസത്തിന്റേയോ ശരിയായ അന്തസത്തയുടേയും പുരുഷാധിപത്യപരമായ മുൻവിധികൾ കൊണ്ട് വ്യാപകമാക്കപ്പെട്ടിട്ടുള്ള അതിന്‍റെ ആചാരങ്ങളുടേയും ഇടയിൽ, അനൗചിത്യകരമായ അബദ്ധപ്രസ്താവങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ചിലപ്പോൾ, വിശ്വാസത്തിന്‍റെ അവശ്യവും സമഗ്രവുമായ ഭാവത്തിന്‍റെ പേരിൽ, അങ്ങനെയുള്ള ശീലങ്ങൾ ശുഷ്‌കാന്തിയോടെ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നതിനും ഇടയാകുകയും ചെയ്യുന്നു.  
unquote

1 comment:

  1. വിശ്വാസവും മതവും വിവേചനം പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് സാർവ്വത്രികമായ സത്യമാണ്, എന്നാൽ മതപരമായ ആചാരങ്ങൾ ചിലപ്പോൾ പുരുഷാധിപത്യവ്യവസ്ഥിതി നിലനിറുത്തുകയും അതു വഴി വിശ്വാസത്തിന്റേയും ലിംഗസമത്വത്തിന്റേയും അവകാശങ്ങളുടേയും അടിസ്ഥാന സിദ്ധാന്തങ്ങൾ തന്നെ നിഷേധിക്കുന്നതായും ചെയ്യുന്നതായി കാണപ്പെടാറുണ്ട്. സാമൂഹ്യപരമായ മനോഭാവങ്ങളും പുരുഷാധിപത്യവ്യവസ്ഥിതിക്ക് അനുസൃതമായ മനോഭാവങ്ങൾക്ക് ചുറ്റും കേന്ദ്രീകൃതമായിരിക്കുകയും ചുറ്റിത്തിരിയുകയും ചെയ്യുകയും അതുമൂലം സാമൂഹ്യപരവും മതപരവും ആയ ചുറ്റുപാടുകളിൽ സ്ത്രീകളുടെ അന്തസ്സ് ഇടിക്കുകയും ചെയ്യുന്നുണ്ട്. സാർവ്വലൗകികമായത് ഏതൊന്നാണോ അതിലേക്ക് എത്തിപ്പെടുന്നതിനുള്ള കേവലം വ്യത്യസ്തമായ വഴികളേ്രത എല്ലാ മതങ്ങളുും. ഈശ്വരാംശം തിരിച്ചറിയുന്നതിനു വേണ്ടിയുള്ള ജീവിതരീതി മാത്രമാണ് മതം

    ReplyDelete