Wednesday, October 04, 2017

മിനർവാ ദേവിയുടെ ബാത്ത്, ജെയിൻ ഓസ്റ്റിന്റേയും

(മനോരമ ഓണ്‍ലൈനില്‍ വന്നിട്ടുണ്ട് ഇത്. കുറച്ചുകൂടി ഫോട്ടോകളും ചേര്‍ത്ത് ഇവിടെ ഇടുന്നു.) 

ചരിത്രം എന്നു നമ്മൾ പഠിക്കുന്നത് അധികവും അധിനിവേശങ്ങളുടെ കഥയാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനും ഒരുകാലത്ത് റോമൻ അധീശത്വമുണ്ടായിരുന്നു. ആ അധീശത്വത്തിന്റെ ബാക്കിപത്രമത്രേ റോമൻ പ്രകൃതിദത്ത താപധാതുസ്‌നാനഘട്ടം എന്നു പുകൾപെറ്റ, പഴമ മുറ്റി നിൽക്കുന്ന ബാത്ത് ക്ഷേത്രനഗരം. എങ്ങോട്ടു തിരിഞ്ഞാലും കാണാനുള്ളവ മാത്രമേയുള്ളു! പന്ത്രണ്ടു ലക്ഷം ലിറ്ററോളം ജലം ദിനേന ഉത്പാദിപ്പിക്കുന്ന ചുടുനീരരുവി ഉൾപ്പടെ മൂന്നു പ്രകൃതിദത്ത ജലാശയങ്ങൾ നഗരത്തിന്റെ ഹൃദയഭാഗത്തു തന്നെയാണ്.

തലയും ചെവിയും മൂടിയ തൊപ്പിയടക്കം തണുപ്പിനെ പ്രതിരോധിക്കാൻ സർവ്വസന്നാഹങ്ങളോടെയുമാണ് കുന്നുകളും താഴ്വരകളും നിറഞ്ഞ അതിമനോഹരമായ ബാത്ത് കാഴ്ച്ചകളിലേക്ക് ഇറങ്ങിയത്. കുറച്ചു നടന്നപ്പോൾ നീല ഉടുപ്പും തൊപ്പിയും ധരിച്ച ജെയിൻ ഓസ്റ്റിൻ പ്രതിമകണ്ണിലുടക്കി.
ഒരു നിമിഷം മി.ഡാർസിയും ജയിനുമെല്ലാം മനസ്സിലെത്തി. മടക്കയാത്രയിൽ കാണാം എന്നു നിനച്ച് നേരെ റോമൻ ബാത്ത് ആൻഡ് ടെംപിൾ സമുച്ചയത്തിലേക്ക് വച്ചുപിടിച്ചു.

അവിടെ എത്തിയപ്പോഴുണ്ട്, കവാടത്തിനു മുന്നിൽ ജെയിൻ ആസ്റ്റിൻ കഥാപാത്രങ്ങൾ ജീവൻ വച്ചു നിൽക്കുന്നു!
ആളുകളാകട്ടെ അവരോടു കുശലം പറയലും ഫോട്ടോ എടുക്കലും ബഹളം തന്നെ. ഇതെല്ലാം ബ്രിട്ടീഷുകാരുടെ രസകരമായ ടൂറിസം പ്രചാരമാർഗ്ഗങ്ങളത്രേ. റോമൻ ബാത്ത് & ടെംപിൾ സമുച്ചയത്തിലേക്കുള്ള പ്രവേശനകവാടം ജോർജ്ജിയൻകാല ബാത്ത് ആബിയോടു ചേർന്നാണ്.

ടിക്കറ്റിനായി ക്യൂവിൽ നിൽക്കവേ പരസ്പരം ചുംബിച്ച് ചിലർ ആഞ്ഞുസ്‌നേഹിക്കുന്നത് കണ്ടു. ഭാഗ്യം, സ്‌നേഹനിർവ്വചനങ്ങൾ നടത്തി സ്വന്തം കാടൻ വിധി നടപ്പാക്കുന്ന ദുരാചാര പൊലീസ് ഇന്നാട്ടിൽ ഇല്ലല്ലോ!

ക്ഷേത്രസമുച്ചയത്തിന്റെ മുകൾ നിലയിലേക്കാണ് ആദ്യം പ്രവേശിക്കുക. റോമൻ ദൈവപ്രതിമകൾ കാവൽ നിൽക്കുന്ന തുറന്ന പ്രദക്ഷിണവഴിയിലൂടെ നടക്കുമ്പോൾ താഴെ കിംഗ്‌സ് സ്പ്രിംഗ് എന്നു വിളിക്കുന്ന, 12 -ാം നൂറ്റാണ്ടിൽ കെട്ടിയെടുത്ത ചുടുനീർ ജലാശയം, നാലുകെട്ടിലെ നടുമുറ്റം പോലെ ദീർഘചതുരാകൃതിയിൽ കിടക്കുന്നത് കാണാം.
ഇടനാഴി ചുറ്റി താഴത്തേക്കിറങ്ങി ചുടുനീർ ജലാശയസമീപമെത്തി. ഉറവ ഒലിച്ചെത്തുന്നിടം അറിയാനായി ഒരു പരന്ന കല്ല് വെച്ചിട്ടുണ്ട്.
വെള്ളത്തിൽ ഇറങ്ങാൻ പാടില്ല. കൈവിരൽ പതിയെ ഒന്നു മുക്കി നോക്കി, സുഖകരമായ ഇളം ചൂടുണ്ട്. അവിടവിടെയെല്ലാം കുമിളകൾ പൊന്തി വരുന്നുണ്ട്. ചൂടുനീർക്കുമിളകൾ, ഭൂമിയുടെ ചുടുനിശ്വാസം പോലെ! 

റോമാക്കാരും നമ്മൾ കേരളക്കാരെ പോലെ കുളിഭ്രമക്കാരായിരുന്നു. അതിനാൽ തന്നെ സ്‌നാനഘട്ടങ്ങളും സുലഭമായിരുന്നു. 46 ഡിഗ്രി സെൽഷ്യസിൽ മുകൾപ്പരപ്പിൽ എത്തുന്ന ജലം പിന്നീട് കുളിക്കാനുള്ള ചൂടായ ഏതാണ്ട് 33 ഡിഗ്രിയിലേക്ക് തണുക്കുന്നു. ഈ ധാതുസമ്പുഷ്ടചൂടുജലത്തിന് രോഗശമനശക്തി ഉണ്ടായിരുന്നു, കുളിച്ചാൽ ശരീരവേദനകളും ത്വക്ക് രോഗങ്ങളും മറ്റും മാറുമായിരുന്നത്രേ. അതുകൊണ്ടു തന്നെയാണ് പ്രകൃതിദത്ത സ്പാ (സ്പാ-ജലത്തിലൂടെ ആരോഗ്യം എന്നർത്ഥം) എന്ന് ബാത്ത് നഗരം അറിയപ്പെട്ടത്. ജലാശയത്തിലെ ധാതുക്കളുടെ പട്ടിക അവിടെത്തന്നെയുള്ള മ്യൂസിയത്തിൽ കാണാം.

റോമാക്കാർക്കു വരുംമുമ്പ് സുലിസ് ദേവിയെ ആയിരുന്നു ക്ഷേത്രത്തിൽ ആരാധിച്ചിരുന്നത്. സുലിസ് ദേവിയെ റോമാക്കാർ തങ്ങളുടെ മിനർവാ ദേവിയെന്നു തിരിച്ചറിഞ്ഞു, അങ്ങനെ സുലിസ് ദേവി, സുലിസ് മിനർവാ ദേവി ആയി. എ.ഡി. ഒന്നിലേതെന്നു കരുതപ്പെടുന്ന, വെങ്കലത്തിൽ വാർത്ത, ദേവിയുടെ തലയുടെ പ്രതിമ മ്യൂസിയത്തിൽ കാണാം.
 ക്ഷേത്രാങ്കണത്തിലേക്കു കയറുമ്പോൾ ഉണ്ടായിരുന്ന ത്രികോണരൂപത്തിലുള്ള അലംകൃതമുഖപ്പ് പ്രദർപ്പിച്ചതിൽ പക്ഷേ സൂര്യരൂപത്തിലുള്ള ഒരു ഭീകരമുഖമാണ് ദേവിയുടേത്.

ജലാശയം ചുറ്റി കയറിയത് മ്യൂസിയത്തിലേക്കാണ്. അവിടെ ബാത്ത് ചരിത്രം, പുരാതനകാല ബാത്ത് മാതൃകകൾ, പുരാവസ്തുക്കൾ, അക്കാലത്തെ ബാത്ത് കല്ലുകൾ, ആഭരണങ്ങൾ, പാത്രങ്ങൾ, പണിയായുധങ്ങൾ, നാണയങ്ങൾ അങ്ങനെ ഖനനത്തിൽ കിട്ടിയ പലതും പ്രദർശിപ്പിച്ചിട്ടുണ്ട്.

'ശാപ തകിടുകൾ' എന്നു വിളിച്ചിരുന്ന 130 തകിടുകൾ ആയിരുന്നു മറ്റൊരു കൗതുകക്കാഴ്ച്ച.  കുളിക്കുമ്പോൾ തുണികൾ മോഷണം പോകുന്നതിനെ കുറിച്ചായിരുന്നുവത്രേ 80 ൽ അധികം ശാപരൂപത്തിലുള്ള പരാതികൾ. അവയുടെ വിശദരൂപങ്ങൾ അറിയണമെന്നുള്ളവര്‍ക്ക് ഇവിടെ വായിക്കാം. ദേവി കുളത്തിനുള്ളിൽ വസിക്കുന്നുണ്ട് എന്നു വിശ്വസിച്ചിരുന്നതിനാൽ എഴുതിയ തകിടുകൾ കുളത്തിലേക്ക് ചുരുട്ടി എറിയുകയായിരുന്നത്രേ പതിവ്. ശാപമല്ലെങ്കിലും ഇപ്പോഴും നാണയങ്ങൾ എറിയലുണ്ട്, അകത്തെ തെളിനീർ തടാകത്തിൽ നിറയെ നാണയങ്ങൾ കിടക്കുന്നത് കാണാം.

പുരാതന സിറിയക്കാരന്റേതെന്ന് ശാസ്ത്രീയമായി തെളിയിച്ച ഒരു അസ്ഥികൂടം കണ്ടു. ചെറുതും വലുതുമായ 3ഡി സ്‌ക്രീനുകളിൽ റോമൻ കാല തെരുവുകളും മനുഷ്യരും മൃഗങ്ങളും മറ്റും പുനർജ്ജനിക്കുമ്പോൾ, അവർ തമ്മിൽ തമ്മിൽ കുശലം പറയുന്നതും ജോലി ചെയ്യുന്നതും മറ്റും കാണുമ്പോൾ, നമ്മൾ എവിടെയാണ് നിൽക്കുന്നത് എന്ന് ഒരു സ്ഥലജലവിഭ്രാന്തി അനുഭവപ്പെട്ടുപോകും. അത്ര സ്വാഭാവികമായാണ് നമ്മുടെ തൊട്ടടുത്ത് ഇതാ നിൽക്കുന്നു എന്നതു പോലെ അവരെല്ലാം സ്‌ക്രീനിൽ തെളിയുക. 

നമ്മൾ നടക്കുന്നത് ഹെൽറ്റർ സ്പ്രിംഗ്, ക്രോസ് ബാത്ത് സ്പ്രിംഗ് എന്ന മറ്റു രണ്ടു ജലാശയങ്ങളുടേയും അതിലേക്കെല്ലാം ഉള്ള ഉറവകളുടേയും മുകളിലൂടെ കെട്ടിയ കെട്ടിടങ്ങളിലൂടെയാണ്!

നടുഭാഗം ഗ്ലാസ്സ് പാകിയ തറയുള്ളതിനാൽ താഴെ കല്ലുകളും നീരൊഴുക്കും വ്യക്തമായി കാണാം. ഉരുണ്ടതും പരന്നതുമായ, ചെറുതും വലുതുമായ പാറകൾ സമൃദ്ധമായി കാണാവുന്ന വേനൽക്കാല മീനച്ചിലാറാണ് പെട്ടന്ന് ഓർമ്മ വന്നത്. ചുടുനീർക്കുളത്തിലെ അധികവെള്ളം ഒഴുകി 400 മീറ്റർ അകലെയുള്ള എവൺ നദിയിലേക്കു പോകുന്ന ഓവുചാൽ കണ്ണാടിക്കടിയിലൂടെ കാണാം.
കൂടാതെ ജലത്തിന്റെ ഉറവിടത്തിൽ ഒരു കുഞ്ഞു വെള്ളച്ചാട്ടമുണ്ട്. കണ്ടാൽ ചാടി കുളിക്കാൻ തോന്നുവാൻ തോന്നിപ്പോകും! റെയിലിംഗിന് അടുത്തു നിന്ന് മതിയാവോളം അത് കണ്ട് ആസ്വദിക്കാം. ടോയ്‌ലറ്റുകൾ പ്രവർത്തിക്കുന്നത് അരുവിയിൽ നിന്നുള്ള താപോർജ്ജം കൊണ്ടാണ് എന്ന് അവിടെ എഴുതിവച്ചിട്ടുണ്ട്. വളരെ നന്നായി പരിപാലിച്ച് നിലനിർത്തിയിരിക്കുന്ന സമുച്ചയം കണ്ടപ്പോൾ എന്തൊരു ടിക്കറ്റ് നിരക്ക് എന്ന സങ്കടം തീർത്തും മാറിക്കിട്ടി! വിശദമായി അറിയാൻ ഇവിടം സന്ദർശിക്കാം.

വിശപ്പ് കലശലായിരുന്നു അപ്പോഴേയ്ക്കും. ഭക്ഷണം കഴിച്ച് നേരേ പോയത് 40, ഗേസ്ട്രീറ്റ്, എന്ന ജെയിൻ ആസ്റ്റിൻ സെന്ററിലേക്കാണ്. അക്കാലത്തെ വേഷം ധരിച്ച പെൺകുട്ടിയാണ് ടിക്കറ്റ് കൗണ്ടറിൽ. 'It is a truth universally acknowledged, that a single man in possession of a good fortune, must be in want of a wife' എന്ന പ്രശസ്ത ജയിൻ ആസ്റ്റിൻ ലിഖിതം അവിടെ നിന്നു തന്നെ വാങ്ങുന്ന കൗതുകമോർത്ത് വില നോക്കി. ഇറ്റാലിക്‌സിൽ എഴുതിവച്ചിരിക്കുന്ന ആ കുഞ്ഞു ലിഖിതത്തിന് 10 പൗണ്ട്! ജീവിച്ചിരുന്ന കാലത്ത് തന്റെ പേർ പുസ്തകത്തിൽ അച്ചടിച്ചു വന്നത് കാണാൻ ഭാഗ്യം കിട്ടിയിട്ടില്ലാത്ത ആ പാവം വനിതയുടെ രചനത്തുണ്ടിന് ഇപ്പോൾ തീവില! ടിക്കറ്റ് എടുത്തുതന്നെ കീശ കീറി, ഇനി ഇതു വേണ്ടേ വേണ്ട എന്ന് അകത്തേക്കു കയറി. ഫിലം ഷോയും ഗൈഡ് വക ആസ്റ്റിൻ കുടുംബത്തെ കുറിച്ചുള്ള വിവരണവും കഴിഞ്ഞ് പെയിന്റിംഗുകൾ, പ്രതിമകൾ, അക്കാലത്തെ വേഷഭൂഷകൾ, പാത്രങ്ങൾ തുടങ്ങിയവ കണ്ടു. പഴയ കാല ക്വിൽറ്റ് പേനയും മഷിയും വച്ചിട്ടുണ്ട്. അതെടുത്ത് പേരെഴുതി വച്ചു. ജയിൻ ആസ്റ്റിന്റേയും അവരുടെ പ്രശസ്ത കഥാപാത്രമായ മി.ഡാർസിയുടേയും പ്രതിമകൾക്കൊപ്പം പടം പിടിച്ചു.



അവർ വെറും 6 മാസം മാത്രം താമസിച്ച ഇടമാണത്. ഇവിടുത്തെ സന്ദർശനം തീർത്തും നിരാശാജനകം ആയിരുന്നുവെന്നു പറയാതെ വയ്യ! ബാത്ത് ൽ നാല് ഇടങ്ങളിൽ ജയിൻ കുടുംബം താമസിച്ചിട്ടുണ്ട്, അവ ചുറ്റി ടൂറുമുണ്ട്. ഒരു വീട്ടിൽ മാത്രം അവരുടെ പേർ എഴുതിയ ലോഹഫലകം പുറത്തുണ്ടത്രേ. മാതാപിതാക്കൾ വിവാഹിതരായ സ്ഥലം, പിതാവിന്റെ ശവകുടീരം, അങ്ങനെ പലവിധത്തിലും ബാത്ത്, ജയിൻ ഓസ്റ്റിന് പ്രിയപ്പെട്ടതായിരുന്നു. അവർ അതു പറഞ്ഞിട്ടുമുണ്ട്. സഹോദരൻ ഹെന്റിയുടെ ആരോഗ്യം വീണ്ടെടുക്കാനായിരുന്നു അവർ ആദ്യം ബാത്ത് സുഖവാസകേന്ദ്രത്തിൽ എത്തിയത്. കൂടുതൽ അറിയാൻ ഇവിടം സന്ദർശിക്കാം.

18-ാം നൂറ്റാണ്ടിന്റെ ഫാഷൻ ചിഹ്നമായിരുന്ന, ബാത്തിലെ എല്ലാ ആഘോഷങ്ങൾക്കും ചുക്കാൻ പിടിച്ചിരുന്ന ബൗ നാഷ് പ്രഭുവിന്റെ പടുകൂറ്റൻ ഗേഹത്തിനു മുന്നിലൂടെയാണ് തിരികെ നടന്നത്. ജൂലിയാന പോപ്പ്‌ജോയ് പ്രഭ്വി ചാരനിറത്തിലുള്ള വേഷമണിഞ്ഞ് കൂടക്കൂടെ ഇവിടെ ഇപ്പോഴും സന്ദർശിക്കുമത്രേ.
മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എല്ലാം ഉള്ളതുപോലെ, പ്രേതങ്ങളെ കണ്ടുപിടിക്കാനുള്ള രാത്രികാലപ്രേതനടത്തങ്ങൾ ഇവിടെയും സംഘടിപ്പിക്കാറുണ്ട്. അതും ടൂറിസം വികസനഭാഗം തന്നെ! ബാത്തിലെ 38 കാഴ്ച്ചകളിലൂടെ കറങ്ങുന്ന ചുവന്ന ഇരുനില ഹോപ്പ് ഓൺ ഹോപ്പ് ഓഫ് ബസുകൾ ചുറ്റിക്കറങ്ങുന്നത് കണ്ടു.

അടുത്ത ലക്ഷ്യം സർക്കസ്, റോയൽ് ക്രെസന്റ്, എന്ന ഭീമാകാരന്മാരായ കെട്ടിടസമുച്ചയങ്ങളായിരുന്നു.


വിക്കിയില്‍ നിന്നുള്ള പടം.
സമ്പൂർണ്ണ വൃത്താകൃതിയിലും അർദ്ധചന്ദ്രാകൃതിയിലുമാണ് ഈ ബൃഹത് കെട്ടിടങ്ങൾ, 1700 കളുടെ അവസാനം പണിതവ. ഇടയിലൂടെ റോഡുകളുമുണ്ട്. അവയുടെ മുമ്പിൽ നിന്ന് അങ്ങേയറ്റം ഇങ്ങേയറ്റം കണ്ണെത്താതെ 'അമ്പമ്പോ ' എന്ന് അതിശയിച്ച്, മടക്കയാത്രയ്ക്കു വട്ടം കൂട്ടി. ഒട്ടേറെ കാഴ്ച്ചകൾ ബാക്കിവച്ചാണ് ബാത്ത് വിട്ടത്. 
 ,

3 comments:

  1. 'ബാത്തി'ൽ പോയിട്ടുണ്ടെങ്കിലും
    ഇത്ര വിശദമായി ഒന്നും തന്നെ മനസ്സിലാക്കിയിട്ടില്ലായിരുന്നു .
    നന്ദി ...

    ReplyDelete