ആകെ ദുരൂഹത കൂടി വരുന്നു.
കാറിൽ നിന്നിറങ്ങിയതും കണ്ടു,ഒരു പച്ചപരിഷ്ക്കാരി ഓടി വരുന്നു.വിലയേറിയ രാവാട,മുഖത്ത് ഒന്നാന്‌തരം മേക്കപ്പ്.അഴിച്ചു വെട്ടിയിട്ട മുടി.
മുഖത്തെ അമ്പരപ്പു കണ്ടിട്ടാവാം,"തനിക്കെന്നെ മനസ്സിലായില്ലേടോ?" എന്ന് പ്രിയയുടെ കൈ കവർന്നു ഗൗരി.
"താൻ വല്ലാതെ മാറിപ്പോയിരിക്കുന്നു ഗൗരീ," പതിഞ്ഞ ശബ്ദത്തിൽ പ്രിയയുടെ അങ്കലാപ്പ് പുറത്തു വന്നു.മുട്ടറ്റം വരെ നീണ്ട മുടിയുള്ള മലയാളത്തിന്റെ പ്രതിരൂപമായിരുന്ന ഗൗരിയോ ഇത്?
"തനിക്കു മാറ്റമില്ലെന്നാണോ കരുതിയത്?പക്ഷേ തന്നെ എവിടെ എങ്ങനെ കണ്ടാലും ഞാൻ തന്നെയറിയും."പ്രിയയെ കൈപിടിച്ച് അകത്തേക്കാനയിച്ചു ഗൗരി.
രാമു,മീനു,അച്ഛൻ,അമ്മ എല്ലാവരുടെ കാര്യവും ഒറ്റ ശ്വാസത്തിൽ ഗൗരി ചോദിച്ചു.
"ഗൗരീ,ആന്റി എവിടെ?"ഗൗരിയുടെ കൊട്ടാരസദൃശമായ ബംഗ്ലാവ്,പച്ചപ്പരിഷ്കാരിയുടെ വേഷഭൂഷ,ഇതെല്ലാം ഉൾക്കൊള്ളാൻ ശ്രമിച്ച് പ്രിയ പതിയെ ചോദിച്ചു.
ഒരു നിമിഷം വിളറി,പെട്ടെന്നു സാധാരണത്വം കൈവരിച്ചു ഗൗരി.
"താനിപ്പോൾ കാപ്പി കഴിച്ചു കുളിച്ചു ഫ്രഷാകൂ,പിന്നെ ഭക്ഷണവും കഴിച്ച് നമ്മൾ വിശേഷങ്ങൾ കൈമാറുന്നു,എന്‌താ?"
ശരിയെന്നു തലയാട്ടി കാപ്പിക്കപ്പ് ചുണ്ടോടടുപ്പിച്ചു പ്രിയ.എപ്പോഴും പുറകോട്ടുമാറി നിന്നിരുന്ന ഇവൾക്കെവിടുന്നു കിട്ടി,ഈ ആജ്ഞാശക്തി?ഒന്നിനേയും കൂസാതിരുന്ന പ്രിയയ്ക്ക് ഈ ഭയം എവിടുന്നു വന്നു?കാലലീല!
വിലപിടിച്ച കട്ടിൽ,മേശ,അലങ്കാരവിളക്കുകൾ,എല്ലാം കൂടി ഒരു പഞ്ചനക്ഷത്രഹോട്ടലിൽ എത്തിപ്പെട്ടതുപോലെ.വിശാലമായി കുളിച്ചു വരുമ്പോഴും ഉള്ളിലെ പകപ്പ് മാറിയില്ല.എവിടെ എത്തിപ്പെട്ടുവോ ആവോ എന്നൊരങ്കലാപ്പ്.അപ്പോഴൊക്കെ സ്വയം സമാധാനിച്ചു,ഇല്ല,ഇവളെന്റെ പ്രിയ ഗൗരി!
മൊബെയിൽ അടിച്ചപ്പോഴാണോർത്തത്,ഹൗ,രാമുവിനെ വിളിച്ചു പറയാൻ മറന്നു.എങ്ങനെ ഓർക്കാനാണ്,അത്ഭുതലോകത്തെത്തിയ ആലീസ്?സുഖമായെത്തിയെന്നും ഒട്ടും ആശങ്ക വേണ്ടെന്നും സമാധാനിപ്പിച്ചു.മീനു അമ്മൂമ്മക്കൊപ്പം ഉറക്കം പിടിച്ചത്രേ.
കുളിച്ചു വന്നപ്പൊൾ ആഹാരം റെടി.എല്ലാം പ്രിയയ്ക്കിഷ്ടപ്പെട്ട വിഭവങ്ങൾ.
ഭക്ഷണശേഷം ഐസ്ക്രീമുമായി കിടക്കമുറിക്ക് പുറത്ത് ബാൽക്കണിയിലെത്തി രണ്ടാളും.പുറത്ത് നിലാവെളിച്ചത്തിൽ പൂന്‌തോട്ടം കണ്ട്,ഐസ്ക്രീം മധുരം നുണഞ്ഞ് പ്രിയ ആകാംക്ഷാപൂവം ഗൗരിക്കു കാതോർത്തു.
"താനോർക്കുന്നില്ലേ,ഗോപാലൻ മാമനെ?"അമ്മയ്ക്കും ഗൗരിക്കും ഒരേയൊരു ബന്ധുവായിരുന്നു അദ്ദേഹം.
വളരെ ചുരുക്കത്തിൽ ഗൗരി സ്വന്‌തം കാര്യങ്ങൽ പറഞ്ഞു.ഗൗരി,രവിയുടെ മരണശേഷം ജോലി രാജിവെച്ച് അമ്മാമന്റൊപ്പം മാംഗ്ലൂരിലെത്തി.
ആദ്യം കുറെ നാൾ സങ്കടക്കടലിൽ മുങ്ങിപ്പൊങ്ങി.അമ്മയുടെ ദുഃഖം,അനാരോഗ്യം,ഇതൊക്കെ ജീവിച്ചേ മതിയാകൂ എന്ന സത്യം ഓർമ്മിപ്പിച്ചു.അമ്മായിയുടെ മരണശേഷം ഏതാണ്ടൊരു സന്യാസജീവിതം നയിച്ചിരുന്ന അമ്മാമനെ അധികം ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും തോന്നി.അപേക്ഷകൾ അയയ്ക്കുന്നതിനൊപ്പം അടുത്തൊരു ചെറിയ കമ്പനിയിൽ ജോലിക്ക് കയറി.
ഒരിക്കൽ വഴിയിൽ വെച്ച് തികച്ചും അപ്രതീക്ഷിതമായി ആ പഴയ കോളേജ്‌മേറ്റിനെ കണ്ടു,സാക്ഷാൽ രാജൻ ചെറിയാനെത്തന്നെ!
ഹൗ,ഇതെന്‌താ,സിനിമാക്കഥയോ?പ്രിയ അത്ഭുതം കൂറി.
അയാൾ തിരിച്ചറിഞ്ഞു,തൊട്ടടുത്ത റസ്റ്റോറന്റിൽ കാപ്പി കുടിക്കാൻ ക്ഷണിച്ചു.
ആ കാപ്പി കുടി അടുത്ത വഴിത്തിരിവായി.സോഫ്റ്റ്‌വെയർ രംഗത്ത് കുതിച്ചു ചാട്ടം ഉണ്ടാകുമെന്നു പറഞ്ഞ് കംപ്യൂട്ടർ കോഴ്സിനു ചേരാൻ അയാളാണ് പ്രേരിപ്പിച്ചത്.ഫീസും മറ്റും അയാൾ കടമായി നൽകി.
അങ്ങനെ സീ യിൽ സർട്ടിഫിക്കറ്റ്.പിന്നെ ബാംഗ്ലൂരിൽ ജോലി.അവിടന്നങ്ങോട്ട് ഉദ്യോഗത്തിൽ ഉയർച്ച,സാമ്പത്തിക അഭിവൃദ്ധി.
ഒരു ട്രെയിനിംഗ് വേളയിൽ പരിചയപ്പെട്ട മദാമ്മ ഗൗരിയിലെ സംരംഭകയെ തിരിച്ചറിഞ്ഞു,സ്വന്‌തം കമ്പനി തുടങ്ങാൻ പ്രോത്സാഹിപ്പിച്ചു.അപ്പോഴേക്കും നല്ല സുഹൃത്തായി മാറിയിരുന്ന രാജനും അതിനോടു യോജിച്ചു.എല്ലാ സഹായങ്ങളും ചെയ്തു.അങ്ങനെ"മീനാക്ഷി സൊഫ്റ്റെക് സിസ്റ്റംസ്" ജനിച്ചു.
പ്രിയയ്ക്ക് വിശ്വസിക്കാനേ കഴിയുന്നില്ല,ഈശ്വരാ,അപ്പോൾ ആ സോഫ്റ്റ്‌വെയർ ഭീമൻ,എന്റെ മകളുടെ പേരിലുള്ള ആ മൾട്ടിനാഷനൽ കമ്പനിയുടെ ഉടമയോ ഇവൾ,എന്റെ ഗൗരി?ആരെങ്കിലും ഒന്നുറക്കെ സംസാരിച്ചാൽ പേടിക്കുമായിരുന്ന ആ സാധു പെൺകുട്ടി?ഈശ്വരാ,കാലലീല!
ഗൗരിയുടെ വേഷപ്പകർച്ചയുടെ രഹസ്യവും ഇപ്പൊൾ പിടികിട്ടി.ഐ.റ്റി കോറിഡോറിൽ ഒരു "ടിപ്പിക്കൽ മല്ലുവോ!"
"തനിക്കറിയാമല്ലോ എന്റെ അമ്മ അനുഭവിച്ച കഷ്ടങ്ങൾ.അമ്മയ്ക്ക് രാജ്ഞിയെപ്പോലെ ജീവിക്കാനുള്ള സാഹചര്യങ്ങൾ കിട്ടി,പക്ഷേ,അതിലൊന്നിലും അമ്മയ്ക്ക് താത്‌പര്യമുണ്ടായിരുന്നില്ല.ഞാൻ കുടുംബിനിയായിക്കഴിയുന്നതു കാണാനായിരുന്നിരിക്കണം അമ്മ ആഗ്രഹിച്ചത്.പക്ഷേ അമ്മയുടെ ആഗ്രഹം സാധിപ്പിക്കാൻ എനിക്കാവുമയിരുന്നില്ല.ചൂടുവെള്ളത്തിൽ ചാടിയ പൂച്ചയല്ലേടോ ഞാൻ?"
"അമ്മയുടെ ആഗ്രഹപ്രകാരം മൂകാംബികയിൽ ഒരു വീടു വാങ്ങി.അമ്മയും അമ്മാമനും അവിടെ കഴിയുന്നു.മാസത്തിലൊരിക്കൽ,അല്ലെങ്കിൽ അമ്മയോ,ഞാനോ പരസ്പരം കാണണമെന്നു ആഗ്രഹിക്കുമ്പോഴൊക്കെ ഞാനവിടെ പോകും."
പഴയ ഓർമ്മ പുതുക്കുന്ന ഒന്നും വേണ്ടെന്നു വെച്ചു,അതുകൊണ്ട് പേരു പോലും മാറ്റി,'മൈത്രേയി"ആയി.പുതിയ കൂട്ടുകാർക്ക് മിത്തു.
മൈത്രേയി!മീനക്ഷിപ്പൂവ് വയറ്റിൽ വിരിയുന്നതിനും എത്രയോ മുൻപ് അവൾക്കായി കണ്ടുവച്ചിരുന്ന പേരുകളിലൊന്ന്.
രാമുവിന് അവൾ "രാദുഗ"യായിരുന്നു.മഴവില്ല് എന്നർത്ഥം വരുന്ന റഷ്യൻ വാക്ക്.പ്രിയയ്ക്ക് അവൾ ഗാർഗ്ഗിയോ,മൈത്രേയിയോ ആയിരുന്നു.ജനകരാജർഷിയുടെ സദസ്സിലെ വിദുഷികൾ.
അവസാനം പക്ഷേ എങ്ങനെയോ രാദുഗയും,ഗാർഗ്ഗിയും മൈത്രേയിയും മീനാക്ഷിക്കു വഴി മാറിക്കൊടുത്തു.ഇപ്പോഴിതാ,ഗൗരി മൈത്രേയിയായി പുനർജ്ജനിക്കൻ ശ്രമിക്കുന്നു!
പ്രിയ ജോലി ഉപേക്ഷിച്ചത് ഗൗരിക്കു വിശ്വസിക്കാനായില്ല.കല്യാണവും പ്രസവവും കുടുംബവും മാത്രമല്ല സ്ത്രീജീവിതമെന്ന് ഘോരഘോരം വാദിച്ച ഫയർ ബ്രാൻഡ് പ്രിയയോ ഇത്?ജീൻസ് ധരിച്ച് നിരാഭരണയായി നടന്ന പ്രിയ ഇപ്പോൾ സിൽക്ക്‌സാരി ചുറ്റി അമ്മച്ചി ചമഞ്ഞിരിക്കുന്നു.
"അപ്പോൾ താൻ പ്രസംഗിച്ചതൊക്കെ സ്വന്‌തം കാര്യം വന്നപ്പോൾ മാറി അല്ലേ?രാഷ്ട്രീയക്കാരേക്കാൾ കഷ്ടമയല്ലോടോ താൻ"...ഗൗരിയുടെ ശബ്ദത്തിൽ പുച്ഛം കടന്നു വന്നുവോ?പ്രിയയുടെ ഭാവം മാറി,മുഖം വിളറി.
"അപ്പോൾ...,അപ്പോൾ സ്വന്‌തം പൊങ്ങച്ചം കാണിച്ച് അപമാനിക്കനാണോ താൻ എന്നെ വിളിച്ചു വരുത്തിയത്?"...നീരസം വാക്കുകളായി പുറത്തു വന്നു.പൊള്ളിപ്പൊയ മട്ടിൽ ഇരിപ്പിടം വിട്ടെണീറ്റു.
ആരുടേയും നിർബന്ധത്തിനു വഴങ്ങിയല്ല ജോലി കളഞ്ഞത്...എങ്കിലും അത് കടുത്ത് നീറ്റലായിരുന്നു എന്നും.ഒന്നും ആലോചിക്കാതെ പറഞ്ഞതെങ്കിലും ഗൗരിയുടെ വാക്കുകൾ,അത് ഉള്ളിലെ നൊമ്പരപ്പാടിൽത്തന്നെ കുത്തി.
പ്രിയചങ്ങാതിയെ വിളിച്ചുവരുത്തി മുറിവേൽപ്പിച്ച വകതിരിവുകേടിൽ ലജ്ജിച്ച് ഗൗരി ചാടിയെണീറ്റു,പ്രിയയെ പിടിച്ചിരുത്തി,പെട്ടെന്ന് നിലത്തിരുന്ന് പ്രിയയുടെ മടിയിൽ മുഖം അമർത്തി തേങ്ങി....
"എന്റെ പ്രിയാ,തന്നോടോ എന്റെ പൊങ്ങച്ചം?ഭർത്താവും കുഞ്ഞുമായി സ്വർഗ്ഗത്തു ജീവിക്കുന്ന തന്നൊട്.തന്റെ മുൻപിൽ എനിക്കെന്‌തു പൊക്കം,ഞാൻ വെറും വട്ടപ്പൂജ്യം,ദൈവാനുഗ്രഹമില്ലാത്ത മഹപാപിയായ ഞാനെവിടെ,സ്വന്‌തം കുടുംബത്തിലെ സ്വർഗ്ഗത്തിൽ ജീവിക്കുന്ന താനെവിടെ..ക്ഷമിക്കൂ..."ഗൗരി വിതുമ്പി ആത്മനിന്ദയോടെ...
വൻ ബിസിനസ്സ് മാഗ്നറ്റ് ബലഹീനയായ സാധാരണ പെണ്ണായി...സങ്കടം വന്നാലുടൻ പൊട്ടിക്കരയുന്ന സാധാരണ പെണ്ണ്.തന്റെ കണ്ണീർ മറ്റുള്ളവർ കാണരുതെന്നു നിർബന്ധമേതുമില്ലാത്ത വെറുമൊരു സാധാരണ പെണ്ണ്!
കണ്ണുനീർ നിയന്ത്രിച്ച് ഗൗരിയുടെ തലയിൽ തലോടിക്കൊണ്ടിരുന്നുപ്രിയ.
"പെട്ടെന്നു ദേഷ്യം വന്നു പോയി ഗൗരീ...ക്ഷമിക്ക്....പ്ലീസ്.." പ്രിയ നിരുപാധികം കീഴടങ്ങി.
"തനിക്കു മറ്റൊരു മാറ്റം കൂടി വന്നല്ലോ പ്രിയാ,...പണ്ടു തനിക്കു ദെഷ്യം വന്നാൽ പിന്നെ ആംഗലേയമേ വരുമായിരുന്നുള്ളല്ലോ.ഇപ്പോൾ അങ്ങനെയല്ല അല്ലേ?"?ഗൗരി പെട്ടന്നു സമചിത്തത വീണ്ടെടുത്തു.കോർപ്പറേറ്റ് മാനേജ്‌മന്റ് ടെക്‌നിക്!
കാർമേഘങ്ങളകന്നു,അന്‌തരീക്ഷം തെളിഞ്ഞു,ചിരിയുടെ കിങ്ങിണിക്കിലുക്കം മുഴങ്ങി,പണ്ടേ പോലെ,കാലം മറന്ന്,അവസ്ഥ മറന്ന്....മീണ്ടും ഗൗരീപ്രിയൈ!
"ആന്റിക്കെങ്ങനെ തന്നെ വിട്ടുനിൽക്കാൻ കഴിയുന്നെടോ?എനിക്കു വിശ്വസിക്കാനാകുന്നില്ല."
"ട്രൂത് ഈസ് സ്റ്റ്രെയിൻജർ ദാൻ ഫിക്ഷൻ മൈ ഡിയർ...എന്റെ കുടുംബത്തകർച്ച അമ്മയെ തളർത്തിക്കാണും.എന്നെ വീട്ടുകാര്യങ്ങളിലേക്കൊന്നും വലിച്ചിഴയ്ക്കാതെ ജോലിയിൽ മുഴുകാൻ അവസരം തന്നു.എല്ലാം അമ്മ ചെയ്തു.
പിന്നീട് വളരെ ശ്രദ്ധാപൂർവ്വം അമ്മ ജോലിക്കാരെ തെരഞ്ഞെടുത്തു,ഒരു പക്ഷേ,ഞാൻ കമ്പനിയിൽ ജോലിക്കാരെ തെരഞ്ഞെടുക്കുന്നതിലും അവധാനതയോടെ...രണ്ട് ജോലിക്കാർ,ഡ്രൈവർ..എല്ലം അമ്മയുടെ സെലക്ഷൻ.അവർക്ക് ഒന്നാംതരം ട്രെയിനിംഗ്...."
കുറച്ചു നേരം മൗനം,പിന്നെ വീണ്ടും തുടർന്നു....
"എല്ലാം സ്റ്റെബിലൈസ് ചെയ്തുവെന്ന് അമ്മയ്ക്ക് ബോദ്ധ്യപ്പെട്ടശേഷം അമ്മ ആ ആവശ്യം പറഞ്ഞു.മൂകാംബികയിൽ ബാക്കി കാലം.........
അന്നാണെനിക്ക് അമ്മയുടെ ദൂരക്കാഴ്ചയും പ്ലാനിംഗും മനസ്സിലായത്.അമ്മയുടെ കഴിവുകൾക്കുമുന്നിൽ ഞാനൊന്നുമല്ല എന്ന സത്യവും.ആ മനസ്സിലെ വിരക്തി ഞാൻ തിരിച്ചറിഞ്ഞെടോ.അതുകൊണ്ട് ഞാൻ എതിരു നിന്നില്ല.അങ്ങനെ എന്നെ സ്വതന്ത്രയാക്കി അമ്മ പോയി."
"അതോ ആന്റി സ്വതന്ത്രയായതോ?"പ്രിയ ഉറക്കെ ചിന്‌തിച്ചു.
"അതും ആവാം,അമ്മയ്ക്കും മടുത്തിട്ടുണ്ടാവാം.കുടുംബത്തിന്റെ കാണാച്ചങ്ങലകളിൽ നിന്നൊരു മോചനം.മനഃസമാധാനം കിട്ടുന്ന വഴിയല്ലേ സന്‌തോഷം?
കഴിഞ്ഞ പ്രാവശ്യം ചെന്നപ്പോൾ കണ്ടു,മലയാളം പഠിക്കാൻ ധാരാളം കുട്ടികൾ.അമ്മ ജീവിതത്തിന്റെ നിയോഗം കണ്ടെത്തിയ പോലെ.സൗപർണ്ണികയിൽ മുങ്ങി നിവരുമ്പോൾ കിട്ടുന്ന സന്‌തോഷം ഈ മാളികയിൽ അമ്മയ്ക്ക് ഒരിക്കലും കിട്ടില്ലെടോ."
നാൽപ്പതു വയസ്സിൽ ഭർത്താവ് മരിച്ചു.ഒരേയൊരു മകൾ കുടുംബമില്ലാതെ ജീവിക്കുന്നു.സ്വന്‌തം കുടുംബവൃത്തത്തിൽ സ്വപ്നങ്ങൾ നെയ്യുന്ന ഒരു സാധാരണ ഇൻഡ്യാക്കാരി ഇത്രയൊക്കെ പിടിച്ചു നിന്നില്ലേ?തീർച്ചയായും ഏത് വിമൻസ് ലിബ്ബ്‌കാരിയെക്കാളും ഉയരത്തിലാണ് ആന്റി.പ്രിയയ്ക്ക് ഗൗരിയുടെ അമ്മയോടുള്ള ബഹുമാനം വർദ്ധിച്ചു.
ഗൗരി എന്‌തിനാവാം ആദ്യ വിവാഹം വേണ്ടെന്നു വെച്ചത്?മനപ്പൂർവ്വം പണ്ടു ചോദിക്കാത്ത ചോദ്യം.ഇപ്പൊൾ ചോദിക്കണോ വേണ്ടയോ?
പ്രിയയുടെ ആശയക്കുഴപ്പം മുഖത്ത് പ്രതിഫലിച്ചു കാണണം."താൻ വിഷമിക്കേണ്ട പ്രിയാ,തന്റെ സംശയം ഞാനിപ്പോൾ തീർത്തു തരാം.അതിനു മുൻപ് ഒരു ബ്രൂ കോഫീ ബ്രേക്ക്!"അനായാസം ഗൗരി പ്രശ്നം കൈകാര്യം ചെയ്തു.
പറയാതെ തന്നെ തന്റെ മനോഗതം ഗൗരി അറിഞ്ഞല്ലോ.പരസ്പരം അറിയാൻ തങ്ങളുടെ ഇടയിൽ വാക്കുകൾ അധികപ്പറ്റായിരുന്നു പലപ്പോഴും.വർഷങ്ങളുടെ അകലം മനസ്സുകളെ ഒട്ടും അകറ്റിയില്ല.ആ തിരിച്ചറിവ് പ്രിയയ്ക്ക് ആശ്വാസമായി
തുടരും..... ഭാഗം 3 ലേക്ക്....
വായിച്ചു ......
ReplyDelete"നാൽപ്പതു വയസ്സിൽ ഭർത്താവ് മരിച്ചു.
ഒരേയൊരു മകൾ കുടുംബമില്ലാതെ ജീവിക്കുന്നു..."
ഈശ്വരന്‍ ജീവിതത്തിന്റെ കയ്പ് ആണു ചിലര്‍ക്ക് കാത്തു വയ്ക്കുന്നത്, ധനത്തില്‍ 'ദാരിദ്ര്യം'ഉണ്ടാവുന്നതിലും കടുപ്പം അതു
ഏകാന്തതയുടെ രൂപം കൈക്കൊള്ളുമ്പോഴാണ്
"താനോർക്കുന്നില്ലേ,ഗോപാലൻ മാമനെ?"അമ്മയ്ക്കും പ്രിയയ്ക്കും ഒരേയൊരു ബന്ധുവായിരുന്നു അദ്ദേഹം.
ReplyDeleteDid you mean Gouri's relative?
മേരി പ്യാരി പ്യാരി(ഹിന്ദിയായി കരുതുക)-അതേയതേ, ഗൗരി തന്നെ.കണ്ടുപിടിച്ചല്ലോ തെറ്റ്. എഡിറ്റിംഗ് എനിക്ക് ഒരു പാടു സമയമെടുക്കാറുണ്ട്. അധികം താമസിയാതെ തിരുത്താം. കഥ നീണ്ടു പോയി അല്ലേ. പിന്നെ ഏകതാര ഒന്നൊരു ബ്ലോഗ് വായിച്ചു ഇന്നലെ. അതിലും ഉണ്ടായിരുന്നു ഒരു റാഗിംഗ് കഥ.....നമ്മള്‍ ഒരു പോലെ ചിന്തിക്കുന്നവരും സമാനചിന്താഗതികളുള്ളവരും ഒരു പാടു പേരുണ്ട് പ്യാരി.....ഒരേ Wave length നമ്മില്‍ സന്തോഷം നിറയ്‌ക്കട്ടെ അല്ലേ.ഞാന്‍ വനിതാ ബ്ലോഗുകള്‍ കാണുന്നതെല്ലാം വായിക്കാന്‍ ശ്രമിക്കാറുണ്ട്.
ReplyDeleteപിന്നെ പ്യാരിയുടെ പുതിയ പോസ്‌റ്റൊന്നും വായിക്കാന്‍ സിസ്‌റ്റം സമ്മതിക്കുന്നില്ല. പ്യാരി പറഞ്ഞവഴിയേ പോയിട്ടും നോ രക്ഷാസിറ്റി!
4 ലിട്ട കമന്റ് ഉം വായിച്ചു. രണ്ടിനും ചേര്‍ത്ത് ഇവിടെ മറുപടി ഒരു പുഞ്ചിരിയിലൊതുക്കുന്നു :) ഇനിയും എഴുതി ബോര്‍ ആക്കുന്നില്ല!
ReplyDeleteഎന്റെ ബ്ലോഗ് വായിക്കാന്‍ പറ്റാത്തതില്‍ വിഷമം വേണ്ട. മൈത്രെയിക്ക് പറയാനുള്ളതിലപ്പുറം എനിക്കും ഒന്നും പറയാനുണ്ടാവുമെന്നു തോന്നുന്നില്ല!! :)
വീണ്ടും കാണാം കേട്ടോ :)
പ്യാരി, ദാ ഇതും കറക്‌റ്റിയിരിക്കുന്നു.......ഇനിയും പോരട്ടേ തെറ്റുകള്‍ ന്താ?
ReplyDeleteരണ്ടാം ഭാഗവും വായിച്ചു... കൂടുതല്‍ ഹൃദ്യമാകുന്നു.
ReplyDeleteരണ്ടാം ഭാഗം വായിച്ചു, ജീവിതം ഉള്ളംകയ്യിലെടുത്ത ഗൌരി, അമ്മ-സംഭവം കൊഴുക്കുന്നുണ്ട്, പക്ഷേ മൈത്രേയി.. എന്തിനാ ആ പേരു കഥയിൽ-- ആത്മ കഥാംശം വല്ലതും? ആ, എന്തിനാ കുഴിയെണ്ണുന്നേ ശ്രീനാഥാ?
ReplyDelete