Sunday, September 02, 2012

കറന്‍സി


 (കേരള കൌമുദി 2012 ലെ ഓണം വിശേഷാല്‍പ്രതിയില്‍  പബ്ലിഷ് ചെയ്തത് )   -റിപോസ്റ്റ്                       

'എപ്പഴാ പ്രേതം എടുക്കുക?   '

പിറകില്‍ നിന്ന് ആരോടെന്നില്ലാതെ ഒരു പതിഞ്ഞ ചോദ്യം കേട്ടു, മാലിനി അസ്വസ്ഥതയോടെ അവരെ നോക്കി. ഒരു ദിനം മുമ്പു വരെ ജീവനുള്ള മനുഷ്യന്‍, ഇപ്പോള്‍ പ്രേതം! എത്ര പെട്ടെന്നാണ് എല്ലാവരും യാഥാര്‍ത്ഥ്യത്തോടു പൊരുത്തപ്പെടുന്നത്് ? ഓഫീസില്‍ നിന്ന് 2 മണിക്കൂര്‍ അനുവാദം വാങ്ങി വന്നതാകും അവര്‍. അതറിഞ്ഞിട്ടു വേണം ശാന്തികവാട യാത്ര വരെ കാക്ക ണോ വേണ്ടയോ എന്ന് അവര്‍ക്കു തീരുമാനിക്കാന്‍.

അല്‍പ്പം വശത്തേയ്ക്കു മാറി പിന്നിലായാണ് മാലിനി നിന്നത്. അമലയുടെ മുഖം നന്നായി കാണാമായിരുന്നു. അവള്‍ ഇപ്പോള്‍ എന്തായിരിക്കും ഓര്‍ക്കുന്നത്് ? അവര്‍ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ആദ്യ നാളുകളെപ്പറ്റിയോ? അതോ അകല്‍ച്ചയുടെ കാലങ്ങളിലെ  കയ്‌പ്പോ? വെറുതെ കളഞ്ഞ ജീവിതത്തെപ്പറ്റിയുള്ള മനഃസ്താപമായിരിക്കുമോ, അതോ ദുരിതം ഒഴിവായി കിട്ടിയ സമാധാനമോ? ഇപ്പോള്‍ അവളെ ഭരിക്കുന്ന വികാരം എന്താവും? ഇതൊന്നുമല്ല തികഞ്ഞ നിര്‍വ്വികാരതയാണ് ആ മുഖത്തെന്ന് മാലിനിക്ക് തോന്നി. മകന്‍ വിഷ്ണു അല്‍പ്പം മാറി ഇരിപ്പുണ്ട്. അമലയും വിഷ്ണുവും വെളുപ്പിന് വന്നതേയുള്ളു.

എനിക്കിനി ആരുണ്ട് എന്ന് അമല  തേങ്ങുന്നില്ല, അച്ഛനില്ലാതായല്ലോ എന്ന വേവലാതി വിഷ്ണുവിന്റെ മുഖത്തുമില്ല. ഡല്‍ഹിയും തിരുവനന്തപുരവും തമ്മിലുള്ള കിലോമീറ്റര്‍ അകലേത്തേക്കാള്‍ കൂടുതലായിരുന്നവല്ലോ അവരുടെ മനസ്സുകള്‍ തമ്മിലുള്ള അകലം. അല്ലെങ്കിലും മരണവീട്ടിലെ അത്തരം പറച്ചിലുകള്‍ സങ്കടത്തെക്കാളേറെ വല്ലായ്മയേ തോന്നിപ്പിക്കാറുള്ളു. വേണ്ടപ്പെട്ട വര്‍ കരയുന്നത്, പതം പറയുന്നത് എല്ലാം, അവനവനു ആ മരണം മൂലം ഉണ്ടാകുന്ന നഷ്ടങ്ങളോര്‍ത്താണ്, അല്ലാതെ മരണപ്പെട്ട ആളിനു നഷ്ടപ്പെട്ട സ്‌നേഹലോകം ഓര്‍ത്തല്ലേയല്ല. സ്വാര്‍ത്ഥത, അതിനു മരണമുഖത്തും വ്യത്യാസമെവിടെ?

വിഷ്ണുവിന്റെ മുഖം വായിച്ച് തീരുമാനമെടുക്കാനാവില്ല, ഇപ്പോഴത്തെ കുട്ടികളുടെ മനസ്സിലെന്തെന്ന് അവര്‍ക്കു മാത്രമേ അറിയൂ. പുതുയുഗത്തിനു ചേര്‍ന്ന വിധം നല്ല മര്യാദയിലും ശാന്തമായും സംസ്‌കാരത്തിലുമേ അവര്‍ പെരുമാറൂ, പക്ഷേ യഥാര്‍ത്ഥ അവര്‍ അതൊന്നുമാവില്ല, നിഗൂഢമായിരിക്കും അവരുടെ മനസ്സ്, മിയ്ക്കപ്പോഴും അശാന്തവും.

അമലയെ കണ്ടിട്ട് വര്‍ഷങ്ങളായി. പക്ഷേ അവളുടെ സൗന്ദര്യത്തിന് മങ്ങലേ ല്‍പ്പിക്കാന്‍ കാലത്തിനു ഒട്ടുമേ കഴിഞ്ഞിട്ടില്ല. മറ്റുള്ളവര്‍ക്കു വേണ്ടി മാത്രം ജീവിച്ചു തീര്‍ക്കാനുള്ളതല്ല പെണ്‍ജീവിതം, അവനവനും കൂടി വേണ്ടിയാണ് എന്നതായിരുന്നു അവളുടെ തത്വശാസ്ത്രം. മാലിനിയ്ക്ക് ഒരു തരം ആരാധന തന്നെ ആയിരുന്നു അവളോട്. പക്ഷേ അവരുടെ കുടുംബജീവിതത്തിലെ താളപ്പിഴകള്‍ എന്നും ഉത്തരം കിട്ടാത്ത പ്രഹേളികയും.

അവര്‍ മൂന്നു പേരും കൂടി ഒരു നാള്‍ വീട്ടില്‍ വന്നിരുന്നു . രാമുവും കുടുംബവും കൊച്ചി വിട്ട് തിരുവനന്തപുരത്ത് എത്തിയ കാലമായിരുന്നു അത്.  അമലയെ ആദ്യമായ് കണ്ടത് അന്നാണ്. പിന്നീട് കാണുന്നത് ഇന്നും. സുനിലും രാമുവും പുല്‍ത്തകിടിയില്‍ കസേരകളിലിരുന്നു. അമലയും മാലിനിയും പുല്ലില്‍ പുല്ലായ വിരിച്ച്. വിഷ്ണുവും ഗൗരിയും ഗൗരിയുടെ ഗോള്‍ഡന്‍ റിട്രീവറും കൂടി മുറ്റത്ത് തകര്‍ത്ത് ബോളു കളി. സംസാരം എങ്ങിനെയോ ആയിടെ അമല നടത്തിയ വിദേശയാത്രയിലെത്തി. നര്‍ത്തകിയും പാട്ടുകാരിയും ശാസ്ത്രജ്ഞയും എല്ലാം കൂടി ബഹുമുഖപ്രതിഭ ആയിരുന്നു അമല. സൗന്ദര്യവും ബുദ്ധിശക്തിയും ചേരും പടി ചേര്‍ന്നിരുന്ന ഒരു അപൂര്‍വ്വ ജന്മം. ലയണ്‍സ് ക്ലബ്ബുകാരുടെ ഏതോ പരിപാടിക്ക് വിജയിച്ചതിന്റെ സമ്മാനമായിരുന്നു ആ യാത്ര.

' ഒരു മാസമാണ് അവളു കറങ്ങാന്‍ പോയത്. ' സുനിലിന്റെ ശബ്ദത്തില്‍ പ്രകടമായ ഇഷ്ടക്കേടുണ്ടായിരുന്നു.

'അതിലെന്താ തെറ്റ്? സുനിലിനാണ് അവസരം വന്നതെങ്കില്‍ പോവില്ലായിരുന്നോ?അതോ കുട്ടിയെ നോക്കണമല്ലോ എന്നു വീട്ടിലിരിക്കുമായിരുന്നോ? ഇല്ലല്ലോ, പിന്നെ എനിക്കും ആവാം അതെല്ലാം, നിങ്ങള്‍ക്കംു കുട്ടിയെ നോക്കാം. ' അമല ജ്വലിച്ചു. സംവാദങ്ങള്‍ ഏറെ കഴിഞ്ഞിരിക്കണം അതേ ചൊല്ലി എന്നു തോന്നി.

'താനാണെങ്കില്‍ പോകില്ലേ? ' മാലിനിയോടായി അമലയുടെ ചോദ്യം.
ഉത്തരം പറയാതെ കോഫി കൊണ്ടുവരാം എന്ന് ഒഴിഞ്ഞു മാറിയ അവളെ നോക്കി രാമു ചിരിച്ചു. സാമ്പാറും അവിയലും വച്ച് കളയാനുള്ളതല്ല എന്റെ ജീവിതം, എനിക്ക് വായിക്കണം എഴുതണം, അവിടെ പോകും ഇവിടെ പോകും എന്നെല്ലാം മാലിനിയും പലപ്പോഴും വായ്ത്താരി ഇട്ടിട്ടുണ്ട്. പക്ഷേ രാമുവും ഗൗരിയും ഇല്ലാതെ ഒറ്റയ്ക്കാകുമ്പോഴൊന്നും ഒന്നും ചെയ്യാന്‍ തോന്നാറില്ല മാലിനിക്ക്. ആ സാധാരണ പെണ്‍രസതന്ത്രത്തിനപ്പുറം പോകാന്‍ ഒരിക്കലും സാധിച്ചിട്ടില്ല. അത് അതിജീവിച്ച അമലയോട് അവള്‍ക്ക് ആരാധന തോന്നിയത് സ്വാഭാവികം മാത്രം.

കോഫി കുടിക്കവേ, സുനില്‍ പറഞ്ഞു, 'താനൊക്കെ എന്തു വീട്ടുകാരിയാണെടോ മാലിനീ? ഈ ജോലിയും വീടും ഒന്നിച്ചു കൊണ്ടുപോകുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടു വല്ലതും തനിക്കറിയോ? അറിയില്ലെങ്കില്‍ ഈ പ്രാവശ്യത്തെ മാസിക വായിക്ക്, അതില്‍ എന്റെ ശ്രീമതി വിശദമായി എഴുതിയിട്ടുണ്ട്.'

വോവ്, അപ്പോള്‍ അമല എഴുത്തുകാരിയും കൂടിയാണ്. മിടുക്കി എന്ന് മാലിനി സന്തോഷത്തോടെ  അമലയ്‌ക്കൊരു മുത്തം കൊടുത്തു. താന്‍ ആഗ്രഹിച്ച വഴിയേ തനിക്കു മുമ്പേ നടന്നവളോടു തോന്നുന്ന ആരാധന!

ആ സന്ദര്‍ശനത്തിനു ശേഷം പിന്നെ വരവും പോക്കും പോയിട്ട് ഒരു ഫോണ്‍വിളി പോലും പക്ഷേ നടന്നില്ല. വാസ്തവത്തില്‍ പിന്നീട് ബന്ധം വയ്ക്കാതിരുന്നത് കടുത്ത തെറ്റായിപ്പോയെന്ന് മാലിനിക്കു വിഷമം തോന്നി. ജോലി-കൂട്ടുകടുംബം എന്ന. തിരക്കിനിടയില്‍ കളഞ്ഞു കുളിച്ച അനേകം ബന്ധങ്ങളില്‍ ഒന്ന്. സുനിലിനെ എവിടെയെങ്കിലും വച്ച് കാണുമായിരുന്നു. പക്ഷേ അമലയെ കണ്ടിട്ടേയില്ല. തിരക്കൊഴിയട്ടെ എന്നു കാത്തു, അലക്കൊഴിഞ്ഞിട്ടു പെണ്ണു കെട്ടാനാവില്ല എന്നു മനസ്സിലായപ്പോഴേയ്ക്കും വൈകി, ബന്ധുജനങ്ങള്‍ ഒരു പാടു പേര്‍ പിണങ്ങുകയും ചെയ്തു. പക്ഷേ അവരെപ്പോലായിരുന്നില്ല സുനിലും അമലയും. മനഃപൂര്‍വ്വമല്ലാതെ സംഭവിച്ചു പോകുന്ന പല കാര്യങ്ങളില്‍ ഒന്ന്.

സുനിലിന്റേയും രാമുവിന്റേയും അമ്മമാര്‍ ഒന്നിച്ചു പഠിച്ചവര്‍, സുഹൃത്തു ക്കള്‍. കോളേജ് പ്രൊഫസറായിരുന്നു സുനിലിന്റെ അമ്മ ലളിതടീച്ചര്‍. ഗൗരിയേയും കൂട്ടി രാമുവിന്റമ്മ ഇടയ്‌ക്കൊക്കെ അവരുടെ വീട്ടില്‍ പോകുമായിരുന്നു, പക്ഷേ ലളിതടീച്ചര്‍ വന്നപ്പോഴൊന്നും വിഷ്ണു കൂടെ വന്നിട്ടില്ല, വരാത്തതോ, വിടാത്തതോ എന്ന് അറിയില്ല. മരുമക്കളെ വിധിക്കലായിരുന്നു ചങ്ങാതിമാരുടെ ഒന്നിച്ചു കൂടലില്‍ പ്രധാനം എന്ന് മാലിനിക്ക്  മനസ്സിലായിട്ടുണ്ട്. അമലയ്ക്കും അത് അറിയാമായിരുന്നിരിക്കണം.

രാമുവിന്റെ അടുത്ത ചങ്ങാതി ജയന്റെ അമ്മാവന്റെ മകന്‍ കൂടിയായിരുന്നു സുനില്‍. അവര്‍ മൂവരും എഞ്ചിനീയറിംഗ് കോളേജില്‍ ഒരേ ബാച്ചില്‍ പഠിച്ചവര്‍. മാലിനി അവരുടെ ജൂനിയര്‍. മാലിനിയും കൂട്ടുകാരികളും സുനിലും കോളേജില്‍ വച്ചു ചങ്ങാതിമാരായത് ക്യാംപസില്‍ കുട്ടികള്‍ ശ്രമദാനമായി ചെയ്ത റോഡുപണിയ്ക്കിടെയാണ്. നടത്തിപ്പുകാരന്‍ സിവിലിലെ പ്രൊഫസര്‍ പോള്‍. അദ്ദേഹത്തിന്റെ അരുമശിഷ്യരായിരുന്നു സുനിലും മാലിനിയും അവളുടെ രണ്ടു ചങ്ങാതിമാരും. റോഡിന് പോള്‍ മെമ്മോറിയല്‍ റോഡെന്ന് പേരുമിട്ടു സരസരായ വിദ്യാര്‍ത്ഥികള്‍.

പിന്നീട് മാലിനി ജോലി കിട്ടി കൊച്ചിയില്‍ പോയി, രാമുവുമായി വിവാഹവും കഴിഞ്ഞു. രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞാണ് സുനിലും അമലയും ഒന്നിച്ചത്. ലളിതടീച്ചര്‍ വളരെ ശ്രദ്ധിച്ച് സൗന്ദര്യവും സാഹചര്യവും ജാതകവും സൂഷ്മപരിശോധന നടത്തി തീരുമാനിച്ചതാണത്രേ. ടീച്ചറുടെ കുടുംബം തലമുറകള്‍ക്കു മുമ്പ് ഇവിടെ വന്നു കുടിയേറിയ ആന്ധ്രാബ്രാഹ്മണരായിരുന്നു . ടീച്ചര്‍ക്ക് സ്വന്തം കല്യാണസമയത്ത് ചെറുക്കനെ കുറിച്ച് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളുവത്രേ, ചെറുക്കന്‍ പരമ സുന്ദരനായിരിക്കണം. അതു  നടന്നു. ജയന്റെ അമ്മാവന്‍, സുനിലിന്റെ അച്ഛന്‍ , കാഴ്ച്ചയില്‍ അതിയോഗ്യന്‍ തന്നെ ആയിരുന്നു. പക്ഷേ രാമുവിന്റെ അമ്മയെപ്പോലെ തന്നെ ടീച്ചറും അകാലത്തില്‍ വിധവയായി. അതിസുന്ദരിയെ തന്നെയാണ് ടീച്ചര്‍ മകനു വേണ്ടിയും കണ്ടുപിടിച്ചത്.

ടീച്ചറിന്റെ വീട്ടില്‍ എല്ലാവരും വെള്ളി പാത്രങ്ങളിലാണേ്രത ഭക്ഷണം കഴിച്ചിരുന്നത്. വലിയ പണക്കാര്‍. രാമുവിന്റെ അമ്മയില്‍ നിന്ന് ഇതൊക്കെ കേട്ടപ്പോള്‍ വളരെ അത്ഭുതമായിരുന്നു മാലിനിക്ക്. സുനിലിന് ഒരു ജാഡയും ഉണ്ടായിരുന്നില്ല. നോക്കിലും വാക്കിലുമെല്ലാം ഒരു സാധാരണക്കാരന്‍. ഒരു പൊങ്ങച്ചവും ഉണ്ടായിരുന്നില്ല.

ഒരിക്കല്‍ രാമുവിന്റെ അമ്മ ആസ്്പത്രിയിലായിരുന്ന സമയം. ഭക്ഷണവുമായി മാലിനി എത്തിയപ്പോള്‍ സുനില്‍ മുറിയില്‍ ഉണ്ട്. കുശലം കഴിഞ്ഞ് പോകും മുമ്പ് മാലിനിയെ വെളിയിലേക്ക്  വിളിച്ചു, അത്ഭുതത്തോടെ പറഞ്ഞു,

'എടോ, തന്നെപ്പറ്റി  ആന്റി വളരെ പൊക്കി നല്ലതു പറയുന്നല്ലോ, താനില്ലായിരുന്നെങ്കില്‍ കാലു മുറിക്കേണ്ടി വന്നേനെ എന്നും മറ്റും പറയുന്നു. ആവശ്യത്തിനുപകരിച്ചത് മോളല്ല, മരുമോളാണെന്നു വരെ പറഞ്ഞു കളഞ്ഞു. ഇതെന്താ മറിമായം?'

'ഓ, അതോ, ' പൊട്ടിച്ചരിച്ച് മാലിനി പറഞ്ഞു, ' അത്രേയുള്ളോ കാര്യം. പേടിക്കേണ്ട, ആശുപത്രി വിട്ട് നടക്കാറാകുമ്പോള്‍ മാറ്റിപ്പറഞ്ഞോളും  '. അനുഭവങ്ങളിലൂടെ ആ ലോകതത്വം മാലിനി പഠിച്ചിരുന്നു, അത് അംഗീകരിക്കയും ചെയ്തു.

'കണ്ടോ , അതാണ്, ആവശ്യം വരുമ്പോള്‍ ചെയ്യും. അമ്മയ്ക്ക് സഹായം വേണ്ട അവസ്ഥ വന്നാല്‍ അമലയും ചെയ്യും, തീര്‍ച്ചയാണ്. പക്ഷേ, അത് ഇവര്‍ക്കൊന്നും മനസ്സിലാവില്ലെടോ. ഇന്നലെ ഒരു ബര്‍ത്ത് ഡേ പാര്‍ട്ടി കഴിഞ്ഞ് ഞങ്ങള്‍ എത്തിയപ്പോള്‍ രാത്രി താമസിച്ചു പോയി.  വന്നു കയറിയ ഉടന്‍ അമ്മ അമലയോട് വല്ലാതെ കയര്‍ത്തു ഞങ്ങടെ സന്തോഷമെല്ലാം പോയിക്കിട്ടി! ' ഒറ്റ മോനല്ലേ, ഉടസ്ഥാവകാശം അല്‍പ്പം കൂടും!

പക്ഷേ സുനില്‍ മുഴുവനായും അമലയുടെ ഭാഗത്തു തന്നെ ആയിരുന്നു അന്ന്. പിന്നീട് സുനിലിനെ കണ്ടത് സൗത്ത്് പാര്‍ക്കില്‍ വച്ചാണ്. അവിടെ ഔഷധസസ്യകൃഷിയെ കുറിച്ചു സെമിനാര്‍ എന്ന് പത്രത്തില്‍ കണ്ട് അതു മനസ്സിലാക്കാന്‍ പോയതായിരുന്നു മാലിനി.

'ഞങ്ങളെ എല്ലാടത്തും ക്ഷണിക്കുമെടോ 'എന്നായിരുന്നു എന്താ ഇവിടെ എന്ന മാലിനിയുടെ ചോദ്യത്തിനുത്തരം, അതായത് വരവ് ഔദ്യോഗികം. അന്നാണ് ടൗണ്‍ പ്ലാനിംഗും കൃഷിയും തമ്മില്‍ ബന്ധമുണ്ടെന്ന് മാലിനിക്കു മനസ്സിലായത്! വീട്ടിലുള്ള എല്ലാവരേയും കുറിച്ച് ചോദിച്ചെങ്കിലും സ്വന്തം കാര്യങ്ങള്‍ ഒന്നും പറഞ്ഞില്ല. അവര്‍ തമ്മില്‍ തെറ്റലിലായി എന്ന് കേട്ടതു കൊണ്ട് മാലിനിയും ഒന്നും ചോദിച്ചില്ല. പക്ഷേ എന്നത്തേയും പോലെ അപ്പോഴും സദാ പ്രസന്നവദനന്‍ തന്നെ ആയിരുന്നു സുനില്‍.

സുനില്‍ എപ്പോഴോ കറന്‍സിയെ വല്ലാതങ്ങു സ്‌നേഹിച്ചു തുടങ്ങിയേ്രത. ഓഫീസ് ജോലി കൂടാതെ പ്രൈവറ്റ് ജോലികളും ധാരാളം എടുക്കാന്‍ തുടങ്ങി. നിയമപരമായി അതു പാടില്ലാത്തതാണ്. അതേ ചൊല്ലിയാണേ്രത ആദ്യം വഴക്കു തുടങ്ങിയത്. പണിയുടെ വലിപ്പച്ചെറുപ്പമൊന്നും നോക്കില്ല, സെപ്റ്റിക് ടാങ്കു കെട്ടാന്‍ വിളിച്ചാലും പോകും. അതേച്ചൊല്ലി ഘോരവാഗ്വാദങ്ങള്‍  തന്നെ നടന്നു പോലും. പക്ഷേ സുനില്‍ പിന്മാറിയില്ല. ഒരിക്കല്‍ ജയന്‍ ഫോണ്‍ വിളിച്ചപ്പോള്‍ 'ആരുടെയോ ടോയ്‌ലറ്റ് കെട്ടാന്‍ പോയിരിക്കയാണ്  ' എന്ന്   അമല പറഞ്ഞു. പലപ്പോഴും ജയനെ വിളിച്ചു വരുത്തി സങ്കടം പറഞ്ഞു.  ഇഷ്ടം പോലെ പണം ഉണ്ടായിട്ടും അതൊന്നും പോരാതെ ആര്‍ത്തി കാണിക്കുന്നതു കൊണ്ടാകും എന്നു മാലനി കരുതി. ന്യായം അമലയുടെ ഭാഗത്തു തന്നെ. ടീച്ചറിനും ഇതൊന്നും താത്പര്യമുണ്ടായിരുന്നില്ല, പക്ഷേ മരുമകളെ തോല്‍പ്പിക്കാന്‍ മകനെ പിന്‍തുണച്ചു എപ്പോഴും. അത് മകന്റെ ജീവിതം ഇല്ലാതാക്കുകയാണെന്ന് അവര്‍ ചിന്തിച്ചില്ലല്ലോ.

ടീച്ചറിന്റെ വീടിനു മുകളിലത്തെ നിലയില്‍ വേറെ അടുക്കള വന്നു. രണ്ടിടത്തുമായി സുനിലും വിഷ്ണുവും.ജോലി കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ സൈ്വര്യം വേണം എന്നായിരുന്നു അമലയുടെ ഭാഷ്യം.

ടിപ്‌ടോപ്പിലേ അമല നടക്കൂ, സുനിലിനാണെങ്കില്‍ വേഷഭൂഷയില്‍ തീരെ ശ്രദ്ധയില്ല, പക്ഷേ ഇതൊക്കെ നിസ്സാര കാര്യങ്ങളല്ലേ? ഇക്കാര്യത്തില്‍ മാലിനി മനസ്സുകൊണ്ട് സുനിലിനൊപ്പം ആയിരുന്നു, അവനവനു സൗകര്യമുള്ളത് അവനവന്‍ ധരിക്കണം, അഭിപ്രായം പറയാം എന്നതിനപ്പുറം അടിച്ചേല്‍പ്പിക്കല്‍ ശരിയാവില്ല.

പിന്നെ സുനിലിനെ കണ്ടത് ടി.വി.ന്യൂസിലാണ്. കൈക്കൂലി കേസില്‍ അറസ്റ്റ് ്‌ചെയ്തു കൊണ്ടുപോകുന്നു. 'നിങ്ങള്‍ ഇങ്ങനെ ക്യാമറ മറഞ്ഞു നില്‍ക്കാതെ സൈഡിലേക്കു മാറി നില്‍ക്കൂന്നേ, അവര്‍ക്കൊക്കെ എന്നെ കാണേണ്ടതല്ലേ   ' കൂടി നില്‍ക്കുന്ന ആളുകളോടായി സന്തോഷത്തോടെ ചിരിച്ചുകൊണ്ടു പറയുന്ന സുനിലിന്റെ മുഖത്തിന്റെ ക്ലോസപ്പ്. രാമുവും മാലിനിയും അമ്പരപ്പോടെ പരസ്പരം നോക്കി.

അറസ്റ്റിന്റെ നാലാം ദിവസം ലളിതടീച്ചര്‍ മരിച്ചു. അമലയുടെ അച്ഛന്‍ വക്കീലായിരുന്നു, ഇനി ഇത്തരം പണികള്‍ക്കു പോകില്ല എന്ന ഉറപ്പു വാങ്ങി, കേസു നടത്തി ജയിപ്പിച്ച്, സുനിലിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചു. പക്ഷേ അതിനൊന്നും കാക്കാതെ അറസ്റ്റിന്റെ ഒരു മാസത്തിനകം സ്ഥലം മാറ്റം വാങ്ങി അമലയും വിഷ്ണുവും ഡല്‍ഹിക്കു പറന്നു. ആളുകളുടെ കളിയാക്കല്‍ സഹിച്ച് കഴിയാന്‍ വയ്യത്രേ. പിന്നെ കൊട്ടാരം പോലുള്ള വീട്ടില്‍ സുനില്‍ തനിച്ച്.

ഒരു ദിവസം, സസ്‌പെന്‍ഷനിലായിരുന്ന കാലത്താണ്, വഴിയില്‍ ഒരു ചായക്കടയില്‍ പഴം പൊരി തിന്നുകൊണ്ട് റോഡരികില്‍ നില്‍ക്കുന്നു. കാവിമുണ്ടാണ് ഉടുത്തിരിക്കുന്നത്. ഒരു പഴയ ഷര്‍ട്ടും. രാമു കാര്‍ നിര്‍ത്തി. കാറിനടുത്ത് വന്ന് സുഖമല്ലേടോ എന്നു മാലിനിയോട് ചോദിച്ച്, അറിഞ്ഞില്ലേ വിശേഷങ്ങള്‍ എന്നു രാമുവിനോട് പൊട്ടിച്ചിരിച്ചു. വാ, വീട്ടില്‍ പോകാം എന്നു രാമു വിളിച്ചപ്പോള്‍ വരാന്‍ കൂട്ടാക്കിയില്ല, പിന്നെ വരാം മാഷേ എന്ന് പഴം പൊരി നീട്ടി. ഒരു അത്ഭുതജന്മം!

പിന്നീട് ഒരിക്കല്‍ കൂടി കണ്ടു ടിവിയില്‍. ജോലിയില്‍ തിരിച്ചു കയറിയ ശേഷമായിരുന്നു അത്. ടോട്ടല്‍ ഫോര്‍ യൂ ശബരീനാഥിന്റെ പണം തട്ടിപ്പിനിരയായവരുടെ സമ്മേളനത്തിലായിരുന്നു അത്. സിഗററ്റു വലിക്കാത്ത, കള്ളുകുടിക്കാത്ത സുനിലിന്റെ ദൗര്‍ബല്യം കറന്‍സി ആയിരുന്നു. ചിരിക്കാത്ത, കരയാത്ത, ആരേയും സ്‌നേഹിക്കാത്ത, എന്നാല്‍ എല്ലാവരും ഏറ്റവും സ്‌നേഹിക്കുന്ന, പച്ച കറന്‍സി!

പിന്നൊരിക്കല്‍ കേട്ടു രാത്രി ഗൂണ്ടകള്‍ വീട്ടില്‍ കെട്ടിയിട്ടു, അവര്‍ കൊണ്ടു വന്ന മുദ്രപ്പത്രത്തില്‍ നിര്‍ബന്ധപൂര്‍വ്വം ഒപ്പിടുവിക്കാന്‍ ശ്രമിച്ചു എന്ന്. ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലില്‍ സുനിലിന്റെ ഭീമമായ സ്വത്തുക്കള്‍ കൈക്കലാക്കാനുള്ള ശ്രമമായിരുന്നുവേ്രത അത്.

അമലയെ പലവട്ടം വിളിച്ചിട്ടും അവള്‍ തിരിച്ചു വരാന്‍ കൂട്ടാക്കിയില്ല.  വാശിക്ക് ഒരു ദിവസം സ്വന്തം സ്‌റ്റെനോയെ വീട്ടില്‍ കൊണ്ടുവന്നു, കൂടെ താമസിപ്പിച്ചു, പിന്നെ അവര്‍ പലപ്പോഴും അവിടെ തന്നെ ആയി താമസം. ഒരു പെണ്ണിനോടു വാശി തീര്‍ക്കാന്‍ ഉപകരണമായത് മറ്റൊരു പെണ്ണ്! സുനിലിനോട് വല്ലാതെ വെറുപ്പു തോന്നി മാലിനിക്ക്. മാലിനിക്കറിയാവുന്ന സുനില്‍ അടിതൊട്ടു മടി വരെ മാന്യനായിരുന്നു. ഓരോരോ സാഹചര്യങ്ങളാണെടോ, ഇതെല്ലാം എന്നു രാമു പറഞ്ഞെങ്കിലും, എന്തോ , ഇതങ്ങോട്ട് ദഹിച്ചില്ല. 'ഞാനാണെങ്കില്‍ ഇപ്പോള്‍ ഡിവോഴ്‌സ് നോട്ടീസ് കൊടുത്തേനേ' എന്നായിരുന്നു മാലിനിയുടെ പ്രതികരണം.

ഇനി ഒന്നിക്കില്ലെന്ന് ഉറപ്പാണെങ്കില്‍ പിന്നെ ബന്ധം ഒഴിഞ്ഞ് രണ്ടുപേര്‍ക്കും സ്വസ്ഥമായിക്കൂടേ എന്ന് ജയന്‍ ഒരിക്കല്‍ അമലയോടു ചോദിച്ചു. 'ബന്ധം ഒഴിഞ്ഞാലും വിഷ്ണു സുനിലിന്റെ മകന്‍ അല്ലാതാവില്ലല്ലോ ഒരിക്കലും. അവന്റെ അച്ഛന്റെ സ്വത്തുക്കള്‍ മുഴുവന്‍ അവനു തന്നെ കിട്ടണം. സുനില്‍ വേറേ കല്യാണം കഴിച്ച് മക്കളുമായാല്‍ പിന്നെ വിഷ്ണുവിന്റെ കാര്യം എന്താവും?  ' എന്നായിരുന്നു പോലും അമലയുടെ മറുപടി . പട്ടി പുല്ലു തിന്നുകേമില്ല, പശൂനെ തീറ്റിക്കേമില്ല എന്നാണ് അന്ന് ജയന്‍ പറഞ്ഞത്. അമലയെ കുറിച്ചുള്ള അഭിപ്രായത്തിന് അന്ന് ആദ്യമായി മാലിനിയുടെ മനസ്സില്‍ ഇടിവു തട്ടി. അപ്പോള്‍ അവിടേയും കറന്‍സി തന്നെ തൂങ്ങുന്നു!

ഒരു ദിവസം രാവിലെ ജോലിക്കു നിന്ന വല്യമ്മ വന്നപ്പോള്‍ കതകു തുറന്നില്ല. തുറന്ന ജനലില്‍ കൂടി സുനില്‍ കട്ടിലില്‍ കിടക്കുന്നതും കണ്ടു. തലേന്നു രാത്രി ഹൃദയാഘാതം എന്നതായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. അങ്ങനെ കറന്‍സി എന്ന ഭ്രാന്തില്‍ നിന്നു സുനില്‍ എന്നേക്കുമായി മോചിതനായി. പക്ഷേ അവര്‍ ഇങ്ങനെ അകലേണ്ടവരായിരുന്നില്ല എന്ന് ഇപ്പോഴും മനസ്സു പറയുന്നു. അകലാന്‍ അവര്‍ക്കു മാത്രമറിയുന്ന കാരണങ്ങള്‍ ഉണ്ടായിരുന്നിരിക്കും.

അമല പിന്നീട് വിവാഹിതയായി കാണുമോ? ഇല്ല, കാരണം പത്രത്തിലെ ഈ ഫോട്ടോ മൂന്നാം ചരമദിനക്കുറിപ്പാണ്. അതില്‍ ദുഃഖിതയായ ഭാര്യ അമല എന്ന് എഴുതിയിട്ടുണ്ട്. വിലാസം സുനിലില്ലാത്ത സുനിലിന്റെ കൊട്ടാരംവീടിന്റേതും. മാലിനിക്ക് ചെറിയ ഒരു സമാധാനം തോന്നി. പണം കിട്ടിക്കഴിഞ്ഞ് വേറൊരാളിന്റെ കൂടെ കൂടാം എന്നു അമലയ്ക്ക് തോന്നിയില്ലല്ലോ. ഇനി തിരുവനന്തപുരത്തു പോകുമ്പോള്‍ അമലയെ കാണണം, മാലിനി തീരുമാനിച്ചു.














14 comments:

  1. ആദ്യത്തെ കമെന്റ് എന്റെയാണല്ലോ മൈത്രേയി.

    പണത്തിനു മേലെ പരുന്തും പറക്കില്ല എന്നാണല്ലോ പ്രമാണം. ഒരുപാടു നിഗൂഡതകള്‍ ബാക്കിവച്ച് കഥ അവസാനിക്കുമ്പോള്‍ കുറെ ചോദ്യങ്ങള്‍ ബാക്കിയാവുന്നു.ദാമ്പത്യത്തിന്റെ കെട്ടുറപ്പില്‍ സ്ത്രീക്കും പുരുഷനും എത്ര ശതമാനം പങ്കുണ്ട്.കൊച്ചു കൊച്ചു പിണക്കങ്ങള്‍ നിരര്‍ഥകമായിരുന്നുവെന്ന് തിരിച്ചറിയുമ്പോഴേക്കും ജീവിതത്തിന്റെ കടിഞ്ഞാണ്‍ നഷ്ടപ്പെട്ടു പോയിരിക്കും.

    മുന്‍പ് ഏഷ്യനെറ്റില്‍ പ്രക്ഷേപണം ചെയ്ത "അവിചാരിതം" എന്നൊരു സീരിയല്‍ ഉണ്ടായിരുന്നു. അതില്‍ അന്തരിച്ച നടി ശ്രീവിദ്യ പറയുന്ന ഒരു വാചകം ഉണ്ട്. "സ്നേഹിക്കുമ്പോള്‍ കിട്ടുന്ന സമാധാനം വെറുക്കുമ്പോള്‍ കിട്ടില്ല". ദാമ്പത്യ ജീവിതത്തെ സംബന്ധിച്ചിടത്തോളം എത്ര ശരിയാണത്.

    കഥ ഇഷ്ടമായി എന്നതിനുപരി ഏറെ ചിന്തിപ്പിച്ചു.

    ReplyDelete
  2. കഥ ഇഷ്ടമായി.
    ചിന്തകളിലെ തെളിമ നന്നായി പ്രകടമായി.
    ആശംസകള്‍.

    ReplyDelete
  3. ആരേയും വിധിക്കാതെ മാലിനിയുടെ റോളിൽ നിന്ന് കഥാകാരി കഥ പറഞ്ഞ രീതി അസ്സലായി. ആർക്കറിയാം എന്താണു ശരിയെന്ന്? കറൻസിയോടുള്ള അമിതഭ്രമവും തീരെ അഡ്ജസ്റ്റു ചെയ്യാത്ത സ്വഭാവവുമൊക്കെ വരുത്തി വെക്കുന്ന വിനകൾ നന്നായി സൂചിപ്പിക്കുന്നുണ്ട്. ‘ഇപ്പോഴത്തെ കുട്ടികളുടെ മനസ്സിലെന്തെന്ന് അവര്‍ക്കു മാത്രമേ അറിയൂ. പുതുയുഗത്തിനു ചേര്‍ന്ന വിധം നല്ല മര്യാദയിലും ശാന്തമായും സംസ്‌കാരത്തിലുമേ അവര്‍ പെരുമാറൂ, പക്ഷേ യഥാര്‍ത്ഥ അവര്‍ അതൊന്നുമാവില്ല, നിഗൂഢമായിരിക്കും അവരുടെ മനസ്സ്, മിയ്ക്കപ്പോഴും അശാന്തവും‘ മുതലായ നല്ല നിരീക്ഷണങ്ങളും!

    ReplyDelete
  4. "സദാ പ്രസന്നവദനന്‍"ഒരു നല്ല കഥ വായിച്ച സന്തോഷത്തിലാണ് ഞാന്‍.
    ജോലിയും വീടും ഒന്നിച്ചു കൊണ്ടുപോകുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മാത്രമല്ല വീട്ടിലുള്ളവര്‍ തമ്മില്‍ തെറ്റാതെ കേട്ടതൊന്നും പുറത്ത് പറയതെയും ഒരു കുടുംബം ഒന്നിച്ച് നിര്‍ത്താന്‍ സ്ത്രീ- ഭാര്യയും മകളും സഹോദരിയും മരുമകളും അമ്മയും സുഹൃത്തും ഒക്കെ ആയി ആടിതീര്‍ക്കുന്ന വേഷമുണ്ടല്ലോ അത് വിജയിക്കാന്‍ കുറേ ഏറെ കണ്ണിരും ത്യാഗവും മൗനവും സ്നേഹവും വേണം ... മാലിനിയെപ്പോലെ..!പുതുയുഗത്തിലെ അമലമാര്‍ക്ക് കറന്‍സി വിജയം കിട്ടുമായിരിക്കും ജീവിതവിജയം?
    ചിന്തിക്കാന്‍ വല്ലതുമൊക്കെ ബാക്കി വച്ച് "സദാ പ്രസന്നവദനന്‍"........... മൈത്രേയിക്ക് ആശംസകള്‍

    ReplyDelete
  5. ആദ്യത്തെ കമന്റിനു നന്ദി, ശ്രീനന്ദ.അവിചാരിതത്തിലെ ആ ഡയലോഗ് ശരിയാണ് നന്ദ. പക്ഷേ മനസ്സിലെ വിക്ഷോഭങ്ങളെല്ലാം കളഞ്ഞ് അങ്ങനെയങ്ങു സ്നേഹിക്കാന്‍ ചില്ലറ പ്രയത്‌നമൊന്നും പോരല്ലോ.

    പൊട്ടനല്ലാത്ത പൊട്ടന്റെ ആശംസകള്‍ക്കു നന്ദി, സ്‌നേഹം.

    ശ്രീനാഥന്‍ മാഷ് കൃത്യമായി പറഞ്ഞു, വിധിക്കാന്‍ നമ്മളാര്, അല്ലേ? കഥ പറഞ്ഞ രീതി ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം, സ്‌നേഹം.

    അതേ, മാണിക്യം, ആരും കാണാത്ത, കാണിക്കാത്ത കണ്ണീരും ത്യാഗവും സര്‍വ്വോപരി കണ്ടതു കണ്ടില്ലെന്നു നടിക്കാനുള്ള കഴിവും പ്രതികരിക്കാതിരിക്കാനുള്ള ആത്മസംയമനവും...അങ്ങനെ എന്തെല്ലാമെന്തെല്ലാം? ഒരു സ്ത്രീ എന്ന നിലയില്‍ അമല വിജയമായിരുന്നിരിക്കും, പക്ഷേ ഭാര്യയുടെ റോളില്‍ അത്ര ശോഭിക്കാന്‍ കഴിഞ്ഞില്ല.. പ്രോത്സാഹനത്തിന് നന്ദി, സ്‌നേഹം.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. katha nannayi maithreyi.
    nalla ozhukkode nishpakshamaaya kannode paranjnju, allenkil prayippichu.
    nannayi.
    snehathode.

    ReplyDelete
  8. Replies
    1. മൈത്രേയി,
      ഒരു ഭാര്യയുടെ റോളില്‍ ശോഭിക്കാന്‍ ഒരുപാട് ത്യാഗങ്ങള്‍ വേണ്ടി വരുമായിരിക്കും.പക്ഷെ,അതില്‍ കൂടെ കിട്ടുന്നത് വിലകൊടുത്തു വാങ്ങാന്‍ പറ്റാത്ത പലതുമാണ്.ഒരു കുടുംബത്തിന്റെ മൊത്തം സ്വസ്ഥതയാണ്,ചിലപ്പോള്‍ ഒരു തലമുറയുടെ നല്ല ഭാവിയാണ്.ചിലത് നേടണമെങ്കില്‍ ചിലത് വെടിയണം.പക്ഷെ,നേട്ടത്തിന്റെ മധുരം നമ്മുടെ എല്ലാ വേദനയും മായ്ച്ചുകളയും.
      ആശംസകള്‍.

      Delete
  9. പുതുവത്സരാശംസകള്‍!

    ReplyDelete
  10. ഇപ്പോ എഴുത്തൊന്നുമില്ലേ?

    ReplyDelete
  11. മറക്കാതെ അന്വേഷിച്ചല്ലോ, നന്ദി, ശ്രീ. ബ്ലോഗ് ഒന്നു പൊടി തട്ടി എടുത്താലോ എന്ന് ഒരു ചിന്ത ഇല്ലാതില്ല. ചിലപ്പോള്‍ ഒരു കഥ...

    ReplyDelete