അവിടെ ജനസമുദ്രം. പക്ഷേ തിരക്കു തോന്നിയതുമില്ല. ആരും മറ്റുള്ളവരെ ശ്രദ്ധിക്കുന്നതേയില്ല. |
ബ്രിട്ടനിലെ ഏറ്റവും പൊക്കം കൂടിയ കാഴ്ച്ചാ ടൗവ്വര്‍, 170 മീറ്റര്‍ ഉയരമുള്ള സ്പിനാക്കര്‍ ടൗവ്വര്‍ (Spinnaker Tower) എന്ന അത്ഭുതം ഇവിടെയാണ്. മുകളില്‍ കയറിയാല്‍ 23 മൈല്‍ ദുരം വരെ കാണാമത്രേ. അവിടെ ഉയരത്തില്‍ വച്ച് പാര്‍ട്ടികള്‍ മീറ്റിംഗുകള്‍ എല്ലാം നടത്താം കാശുണ്ടെങ്കില്‍! മുകളിലേക്കു നോക്കുമ്പോള്‍ സുതാര്യമായ ഗാലറി ഫ്‌ളോറിലൂടെ ലില്ലിപ്പുട്ടുകാരെപ്പോലെ ആളുകള്‍ നടക്കുന്നത് കാണാനായി.
ബീച്ച് തീരത്ത് ഏക്കറുകളോളം സ്ഥലമുള്ള തോണസ്സ് ബേയില്‍ ആയിരുന്നു താമസം. അവിടെ നൂറിലധികം കാരവനുകളും ഷാലെ(chalet)കളും ഉണ്ട് താമസിക്കാന്‍. നമുക്ക് ഭക്ഷണം പാകം ചെയ്ത്് കഴിക്കാം, ഒരു കൊച്ചു വീടിനുള്ള സൗകര്യം എല്ലാമുണ്ട്. രണ്ടു കിടക്കമുറികളുള്ള ഒരു ഷാലെ ആയിരുന്നു ഞങ്ങളുടേത്. ടെന്റു കെട്ടി കിടക്കാന്‍ തയ്യാറെങ്കില്‍ അതിനും ഉണ്ട് സൗകര്യം. തുറസ്സു സ്ഥലത്ത് പാചകം ചെയ്യാം, കോമണ്‍ ബാത്ത്‌റൂമുകള്‍ ഉപയോഗിക്കാം. ഷാലെ ഒരു കോണ്‍ക്രീറ്റ് ബേസ്‌മെന്റില്‍ ഒരു വലിയ തടി പെട്ടി വച്ചെന്ന പോലായായിരുന്നു. വീഞ്ഞപ്പെട്ടിത്തടി പോലെ. പക്ഷേ ഒരു ചിതലും കയറാതെ അതെങ്ങനെ ഇരിക്കുന്നു ആവോ? ആര്‍ക്കിടെക്റ്റ് ശങ്കറിനോടൊടൊന്നു ചോദിക്കണം, മനസ്സില്‍ കരുതി.
We stayed here |
വളരെ പഴയ ഒരു ദ്വീപ്. ചരിത്രം പേറുന്ന കൊട്ടാരങ്ങള്‍, പഴയ ഗ്രാമങ്ങള്‍, കൃഷിസ്ഥലങ്ങള്‍, നദികള്‍, കാടുകള്‍, കടല്‍ ചുറ്റി തീരദേശപാത . ലേഡി ഓഫ് ഐല്‍ ഓഫ് വൈറ്റ് എന്നറിയപ്പെട്ടിരുന്ന ഇസബെല്ലാ (Isabella de Fortibus) പ്രഭ്വി ആയിരുന്നു 13-ാം നൂറ്റാണ്ടില്‍ ദ്വീപിന്റെ ഉടമസ്ഥ. തന്റെ ആറു മക്കളേയും അതി ജീവിച്ച അവരുടെ മരണശേഷമാണ് അത് രാജകുടുംബത്തിലേക്കു മുതല്‍ക്കൂട്ടിയത്.
വിക്ടോറിയാ രാജ്ഞിയുടെ ഇഷ്ടവിശ്രമസങ്കേതമായിരുന്നു ദ്വീപ്. അവര്‍ ഇവിടെ ഓസ്‌ബോണ്‍ ഹൗസ് എന്ന കൊട്ടാരം നിര്‍മ്മിച്ചു. രാജ്ഞി എവിടെയെല്ലാം പോയോ ,അവിടെ സമൂഹവും പിന്തുടര്‍ന്നു, അങ്ങനെ ഈ മനോഹര ദ്വീപ് വിക്ടോറിയന്‍ കാലത്തെ ഏറ്റവും അറിയപ്പെടുന്ന ഫാഷനബിള്‍ സ്ഥലമായി മാറി. ഓസ്‌ബോണ്‍ ഹൗസില്‍ വച്ചാണ് 1901 ല്‍ അവര്‍ മരിച്ചത്. അവരുടെ ഏറ്റവും ഇളയ മകളും ദ്വീപ് ഗവര്‍ണ്ണറുമായിരുന്ന ബിയാട്രീസ് 1866-1944 കാലഘട്ടത്തില്‍ ഇവിടെ താമസിച്ചിരുന്നു. പിന്നീട് 1944ല്‍ അവര്‍ അതു മ്യൂസിയമാക്കി. രാജകുടുംബം കൂടാതെ, ചിന്തകര്‍, ഭരണാധികാരികള്‍, യോദ്ധാക്കള്‍, എഴുത്തുകാര്‍, ശാസ്ത്രജ്ഞര്‍ അങ്ങനെ വളരെയധികം വിശിഷ്ട വ്യക്തികള്‍ക്ക് ഈ ദ്വീപുമായി ബന്ധമുണ്ട്.
എല്ലാ കാഴ്ച്ചകളും കണ്ടു തീര്‍ക്കുക അസാദ്ധ്യമെന്നതിനാല്‍ മാപ്പ് നോക്കി ഒരു റൂട്ട് തീരുമാനിച്ചു. അങ്ങനെ കാരിസ്ബ്രൂക്ക് ഗ്രാമത്തിലെ കൊട്ടാരത്തിലെത്തി. ചുറ്റും കിടങ്ങുകളും വന്‍കോട്ടയും. കോട്ടമതിലിലൂടെ കൊട്ടാരത്തിനു ചുറ്റും വട്ടത്തില്‍ നടക്കുമ്പോള്‍ ആലോചിച്ചു, ഇങ്ങനെയാവും ചൈനയുടെ വന്‍മതിലിലൂടെ നടക്കുക എന്ന്.
1899 ല്‍ പുതുക്കി പണിത സെന്റ് നിക്കോളാസ് ചര്‍ച്ചിലേക്കാണ് ആദ്യം പോയത്. ബിയാട്രീസ് രാജകുമാരിയുടെ മകന്‍, 1914 ല്‍ മരിച്ച മോറീസ്(Maurice) ഉള്‍പ്പടെ ദ്വീപില്‍ യുദ്ധത്തില്‍ മരിച്ചവരുടെ സ്മാരകമാണ് ഈ പള്ളി.
ഇസബെല്ലാ പ്രഭ്വിയുടെ കൊട്ടാരമായിരുന്നു ആദ്യം കാരിസ്ബ്രൂക്ക് കാസില്‍. ഇംഗ്ലീഷ് ആഭ്യന്തര യുദ്ധ സമയത്ത് ചാള്‍സ് ഒന്നാമനെയും മകളേയും തടവിലാക്കിയിരുന്നത് ഇവിടെയാണ്. അവിടെ ജനലിലൂടെ ചാടി രക്ഷപ്പെടാനുള്ള ശ്രമം പാഴായതിനെ തുടര്‍ന്ന് 14 മാസ തടവിനു ശേഷം 1649 ല്‍ അദ്ദേഹം വധിക്കപ്പെട്ടു. ആ ജനല്‍ പിന്നീട് അടച്ചു. 12 വയസ്സുകാരി രാജകുമാരി 1650 ല്‍ തടവില്‍ വച്ചു തന്നെ മരിച്ചു. അദ്ദേഹത്തേയും രാജകുമാരിയേയും പാര്‍പ്പിച്ചിരുന്ന മുറികള്‍ കണ്ടു. വളരെ ഭംഗിയില്‍ പഴയ ഫര്‍ണീച്ചര്‍ സഹിതം ഇട്ടിട്ടുണ്ടെങ്കിലും അതൊന്നും ആസ്വദിക്കാനായില്ല. രാജകുമാരിയുടെ മുടിക്കഷണങ്ങള്‍ അവരുടെ മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. വിക്ടോറിയാ രാജ്ഞി സൂക്ഷിച്ചിരുന്ന മുടി പിന്നീട് അവര്‍ മ്യൂസിയത്തിനു നല്‍കിയതാണത്രേ.
പണ്ട് കോണ്‍വെന്റില്‍ പഠിച്ച Our father who art in heaven എന്ന പ്രാര്‍ത്ഥനയുള്ള, പോക്കറ്റ് ബുക്ക് പേജ് ഫ്രെയിം ചെയതു വച്ചിരുന്നു. വളരെ പഴമയുണ്ട് അതിനും. ഇന്‍ര്‍ ആക്ടീവ് ഗെയിംസ് കുട്ടികള്‍ കളിക്കുന്നതു കണ്ടു. മുകള്‍ നിലയില്‍ ഈസ്റ്റ് കോവസ് (East Cowes) കൊട്ടാരത്തില്‍ നിന്നു കൊണ്ടു വന്ന വലിയ പഴയ ക്ലോക്കിന്റെ ഡയല്‍ മാത്രമല്ല, ക്ലോക്ക് മെക്കാനിസം മുഴുവന്‍ കാണാം. മൈസൂര്‍ കൊട്ടാരത്തിലെ ക്ലോക്ക് ഓര്‍മ്മിച്ചു അപ്പോള്‍. എലിസബത്തന്‍ കാല ഫര്‍ണീച്ചറുകള്‍ വൃത്തിയിലും വെടുപ്പിലും വച്ചിരുന്നു. 1602 ലെ ഒരു സംഗീതോപകരണം ഉതിര്‍ക്കുന്ന സംഗീതം ആസ്വദിച്ചു അല്‍പ്പനേരം.
തന്റെ കാലത്തെ സൂപ്പര്‍താരമായിരുന്ന കവി, ലോഡ് ടെന്നിസണ്‍ 40 വര്‍ഷം താമസിച്ചിരുന്നത് ദ്വീപിലെ ഫ്രഷ് വാട്ടര്‍ ഗ്രാമത്തില്‍ ഫാരിംഗ്‌ഫോഡ് ഹൗസിലാണ് (Farring ford House). ഇപ്പോള്‍ അതു ഹോട്ടലാണ്. ആലം ബേയില്‍ നിന്നുള്ള മടക്കയാത്രയില്‍ റോഡ് സൈഡില്‍ നിന്നു, വ്യക്തമല്ലാത്ത ദൂരദൃശ്യം കിട്ടി. The Charge of the Light Brigade അദ്ദേഹം എഴുതിയത് ഇവിടെ വച്ചാണ്. Crossing the bar എഴുതിയത് മെയിന്‍ ലാന്‍ഡില്‍ നിന്നു ദ്വീപിലേക്കുള്ള യാത്രാമദ്ധ്യേയാണ്. അദ്ദേഹത്തിന്റെ പല സാധനങ്ങളും മ്യസിയത്തിലുണ്ട്. Crossing the bar ന്റെ പിയാനോ നോട്ട്‌സ് ഉള്ള പഴയ പുസ്തകം അവിടെ വച്ചിട്ടുണ്ട്.
ഭൂമികുലുക്കങ്ങളെക്കുറിച്ചു പഠിച്ച, സീസ്‌മോഗ്രാഫ് കണ്ടു പിടിച്ച ഡോ:ജോണ്‍ മിന്‍(Dr.John Milne) ന്റെ പഠനങ്ങളും പഴയ പുസ്തകങ്ങളും അദ്ദേഹത്തിന്റേയും ജപ്പാന്‍കാരിയായ ഭാര്യയുടേയും മറ്റും ഫോട്ടോകളും കണ്ണാടിക്കൂട്ടില്‍ സൂക്ഷിച്ചിരുന്നു. അദ്ദേഹം അറിയപ്പെട്ടിരുന്നത് ഭൂമികുലുക്ക മിന്‍ (Earthquake Milne) എന്നാണത്രേ. 1900കളില്‍ ദ്വീപിലുള്ള അദ്ദേഹത്തിന്റെ വീട് ഒരു ഭൂമികുലുക്ക പഠനകേന്ദ്രം തന്നെയായിരുന്നു.
കൊട്ടാരത്തില്‍ പണി ചെയ്തിരുന്നവര്‍ക്കു കൂലി കൊടുത്തിരുന്നതിന്റെ നാള്‍വരി കണക്ക് എഴുതിയ വളരെ പഴയ രജിസ്റ്റര്‍ അത്ഭുതമായിരുന്നു, നിവര്‍ത്തി വച്ചിരുന്ന പേജുകള്‍ വ്യക്തമായി വായിക്കാം.
ഡോങ്കീ സെന്ററില്‍ കഴുതയുണ്ട്. പേരു വിളിച്ചാല്‍ മനസ്സിലാകുന്ന കഴുത. പഴയ കാലത്ത് കൊട്ടാരത്തില്‍ കിണറില്‍ നിന്നു വെള്ളം കോരിയിരുന്നത് കഴുതകളായിരുന്നു. കഴുതകള്‍ ചവിട്ടി കറക്കുന്ന ട്രെഡ് വീല്‍ ആണ് ഉപയോഗിച്ചിരുന്നത്. 17 പ്രാവശ്യം കഴുത ചക്രത്തില്‍ കറങ്ങുമ്പോള്‍ കിണറ്റില്‍ നിന്ന് കയര്‍ താഴെ പോയി വെള്ളം മുക്കി മുകളിലെത്തിക്കാനുള്ള ദൂരമാകും. വെല്‍ഹൗസ് ഇ്‌പ്പോഴുമുണ്ട്.
മറ്റു പല പൂന്തോട്ടങ്ങളും കണ്ടതുകൊണ്ടോ എന്തോ ബിയാട്രീസ് രാജകുമാരിയുടെ ഗാര്‍ഡന്‍ അത്രയൊന്നും ആകര്‍ഷകമായി തോന്നിയില്ല. പക്ഷേ ഗാര്‍ഡനു പുറത്ത് ഫ്രാന്‍സിസ് ബേക്കണ്‍ ന്റെ 'ഓഫ് ഗാര്‍ഡന'ി ലെ 'ദൈവം ആദ്യം പൂന്തോപ്പുണ്ടാക്കി'(God Almighty first planted a Garden ) എന്നു തുടങ്ങുന്ന വരികള്‍ ഉദ്ധരിച്ചു വച്ചിരുന്നതു കണ്ടു.
ദ്വീപിലെ പഴയ ഗ്രാമങ്ങളില്‍ ഒന്നായ ഷാങ്കഌന്‍ ഗ്രാമത്തിലൂടെ ഒന്നു ചുറ്റി കറങ്ങി .അരുവിയുള്ള കുന്ന് എന്നര്‍ത്ഥം വരുന്ന സെന്‍ക്ലിങ് (Sencling) ആണേ്രത പിന്നീട് ഷാങ്കഌന്‍ ആയത്. പഴയ പുല്‍ മേഞ്ഞ കെട്ടിടങ്ങള്‍ കാണുകയായിരുന്നു പ്രധാന ഉദ്ദേശ്യം. അവയെല്ലാം അവര്‍ ഇപ്പോഴും നന്നായി സൂക്ഷിച്ചിരിക്കുന്നു. പഴയ പള്ളികള്‍, പ്രൗഢിയാര്‍ന്ന വിക്ടോറിയന്‍ വില്ലകള്‍, കൃഷിസ്ഥലങ്ങള്‍, കാട്. മനോഹരം ഈ തീരദേശഗ്രാമനഗരം. ഇംഗ്ലീഷ് ചങ്ങമ്പുഴ എന്നു നമ്മള്‍ വിളിക്കുന്ന ജോണ്‍ കീറ്റ്‌സ്‌ന്റെ ഇഷ്ടസ്ഥലമായിരുന്നുവേ്രത ഇവിടം. രണ്ടു പ്രാവശ്യം ദ്വീപില്‍ താമസിച്ച അദ്ദേഹം കാരിസ്ബ്രൂക്ക് ഗ്രാമത്തില്‍ തങ്ങിയ കാലത്താണ് തന്റെ Endymion നു തുടക്കമിട്ടത്. 1868 ല്‍ അമേരിക്കന്‍ കവി ലോംഗ്‌ഫെലോ ഇവിടെ ക്രാബ് ഇന്‍(Crab Inn) ല്‍ താമസിച്ചുവെന്നും അദ്ദേഹത്തിന്റെ ഒരു ലിഖിതം അതിനു വെളിയിലുള്ള ഫൗണ്ടനില്‍ ഇപ്പോഴും കാണാം എന്നും പറയുന്നു.
മറ്റൊരു പഴയ ഗ്രാമമായ സാന്‍ഡ് ഡൗണ്‍ ഗ്രാമത്തിലായിരുന്നു ദിനോസര്‍ ഐല്‍ എന്ന പഠന മ്യൂസിയം. മുന്നില്‍ വലിയ തടാകം. തീരദേശമായതിനാല്‍ കാറ്റു പറപ്പിച്ചു കൊണ്ടു പോകും എന്നു തോന്നി. ഇന്റര്‍ ആക്ടീവ് ആയി പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു വലിയ ദിനോസര്‍ മാതൃക ഉണ്ട്. കൈ, കാല്‍ എല്ലാം റിമോട്ടിലൂടെ അനക്കാം.കുട്ടികള്‍ വളരെ തിരക്കിലായിരുന്നു. ചോദ്യാവലിയുമായാണ് അകത്തു കയറുക. ഉത്തരം ശരിയായാല്‍ സമ്മാനമുണ്ട്. എസ്‌കവേഷന്‍ എന്ന സ്ഥലത്ത് മണ്ണില്‍ മൂടി കുഞ്ഞു ദിനോസറുകളുണ്ട്. ചെറിയ ടൂള്‍ ഉപയോഗിച്ച്് മണ്ണു മാറ്റി അവയവങ്ങള്‍ കണ്ടു പിടിക്കണം. കുട്ടികള്‍ കമഴ്ന്നു കിടന്ന് മണ്ണു മാന്തുന്നു. ദിനോസറിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ പാറകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
സാന്‍ഡ് ഡൗണ്‍ തീരദേശ ഗ്രാമവും പല വിഖ്യാതര്‍ക്കും ആതിഥ്യമരുളിയിട്ടുണ്ട്. ലൂയി കരോള്‍ ആലീസിന്റെ അത്ഭുതലോകം രചിച്ച കാലം ഇവിടെ താമസിച്ചിരുന്നു. അദ്ദേഹത്തിന്റ കഥാപാത്രത്തിനു പ്രചോദനമായിരുന്ന കുട്ടി ആലീസ്-Alice Liddel- കുടുംബം അവധിക്കാലം ചെലവഴിച്ചിരുന്നത് ഇവിടെയായിരുന്നു. ചാള്‍സ് ഡാര്‍വിന്‍ തന്റെ Origin of Species തുടങ്ങി വച്ചത് ഇവിടത്തെ കിംഗ്‌സ് ഹെഡ് ഹോട്ടലില്‍ താമസിക്കവേയാണ്.
അവസാനമായിരുന്നു ദ്വീപിന്റെ പടിഞ്ഞേറേ അറ്റത്തുള്ള ആലം ബേ യിലേക്കുള്ള യാത്ര. നല്ല വഴിയുണ്ടായിരുന്നെങ്കിലും വിജനമായിരുന്നു, ചെറിയ കാടുകളിലൂടെയാണ് യാത്ര. നീഡില്‍ പാര്‍ക്കില്‍ എത്തിയപ്പോള്‍ നല്ല മഴ. മണി അഞ്ചു കഴിഞ്ഞിരുന്നതിനാല്‍ കുന്നില്‍ നിന്ന് കടല്‍തീരത്തേയ്ക്കും തിരിച്ചും കയറാവുന്ന ഇലക്ട്രിക് കസേര യാത്ര നടന്നില്ല.
Alum Bay |
മാര്‍ക്കോണി പോയിന്റില്‍ നിന്ന് ടെലസ്‌കോപ്പിലൂടെ നിരന്നു നില്‍ക്കുന്ന ചുണ്ണാമ്പുകൂനകള്‍ കാണാനായി. ദൂരെ നിന്നു നോക്കുമ്പോള്‍ സൂചിമുന പോലുള്ള മുനമ്പുകള്‍.അതായിരിക്കാം നീഡില്‍ പാര്‍ക്ക് എന്ന് പേരു വന്നത്. അവയ്ക്കു പുറകില്‍ ലൈറ്റു ഹൗസുമുണ്ട്. കാറ്റു പിടിക്കാതെ അവിടെ നില്‍ക്കുന്നത് ഇത്തിരി ശ്രമകരമായിരുന്നു.
ഐല്‍ ഓഫ് വൈറ്റ് ദ്വീപിലെ ബോണ്‍ചര്‍ച്ച് (Bonchurch) എന്ന സ്ഥലം പല പ്രമുഖര്‍ക്കും പ്രിയപ്പെട്ടതായിരുന്നു. ഇവിടെ വച്ചാണ് ചാള്‍സ് ഡിക്കന്‍സ് ഡേവിഡ് കോപ്പര്‍ഫീല്‍ഡ് എഴുതിയത്. നോവലില്‍ പെഗട്ടി ഈ ദ്വീപിലെ യാര്‍മിത്ത് തുറമുഖത്ത് (yarmouth) ഒരു മുക്കുവന്റെ മകളായിരുന്നവല്ലോ. നോവലിസ്റ്റ് താമസിച്ച കെട്ടിടം ഇപ്പോള്‍ വിന്റര്‍ബോണ്‍ (Winterbourne) ഹോട്ടലാണ്. തന്റെ സഹോദരിയെ കാണാനായി ജോര്‍ജ്ജ് ബര്‍ണാഡ് ഷാ യും ബോണ്‍ ചര്‍ച്ച് സന്ദരശിച്ചിരുന്നു.തോമസ് മെക്കാളെ ഇംഗ്ലണ്ടിന്റെ ചരിത്രം( ഹിസ്റ്ററി ഓഫ് ഇംഗ്ലണ്ട്) കുറച്ചു ഭാഗം എഴുതിയതും ഇവിടെ വച്ചത്രേ. ജോണ്‍ കീറ്റ്‌സിനും ഈ സ്ഥലം ഇഷ്ടമായിരുന്നു.
ജെ.ബി.പ്രീസ്റ്റ്‌ലി 20 വര്‍ഷം ജീവിച്ചത് ദ്വീപിലാണ്. ടെന്നിസണ്‍ താമസിച്ചിരുന്ന ഫ്രഷ് വാട്ടര്‍ ഗ്രാമത്തില്‍ DH Lawrence, Virginia Woolf ഇവരെല്ലാം താമസിച്ചിട്ടുണ്ട്. ലോറന്‍സിന്റെ The Trespasser രചിക്കപ്പെട്ടത് ഇവിടെ വച്ചത്രേ. ഒരു മാനസിക തകര്‍ച്ചയില്‍( പല പ്രാവശ്യം അവര്‍ അതിന് ഇരയായിട്ടുണ്ട്) നിന്ന് കരകയറവേ ആണ് വൂള്‍ഫ് ഇവിടെ താമസിച്ചത്. താമസിച്ചസ്ഥലത്തിന്റെ പേര് അന്വര്‍ത്ഥമാക്കി അവര്‍ തന്റെ ഒരേ ഒരു നാടകമായ ഫ്രഷ് വാട്ടര്‍ രചിച്ചതും ഈ താമസത്തിനിടയിലാണ്. അതില്‍ ടെന്നിസണ്‍, തന്റെ വല്യമ്മായിയും ടെന്നിസണ്‍ ന്റെ അയല്‍വാസിയും ആയിരുന്ന അക്കാലത്തെ പ്രശ്‌സ്ത ഫോട്ടോഗ്രാഫര്‍ ജൂലിയ മാര്‍ഗററ്റ് കാമറൂണ്‍(Julia Margarat Cameron) ഇവരെല്ലാം കഥാപാത്രങ്ങളത്രേ. ജൂലിയ കവിയുടെ വിശിഷ്ടാതിഥികളെ പലരേയും ക്യാമറയിലാക്കിയിട്ടുണ്ട്. റോബര്‍ട്ട് ബ്രൗണിംഗ്, താക്കറേ, കാര്‍ലൈല്‍ തുടങ്ങി പലരും. ഇവര്‍ക്കെല്ലാം ദ്വീപ് തങ്ങളുടെ ക്രിയാത്മകതയ്ക്ക് പ്രചോദനമായിരുന്നവെന്നു സാരം.
20-ാം നൂറ്റാണ്ടിലെ വലിയ കണ്ടുപിടുത്തം എന്നു വിശേഷിപ്പിക്കാവുന്ന ഹോവര്‍ക്രാഫ്റ്റ്് 1959നും 1961 നുമിടയിലായി രൂപം കൊണ്ടതു ദ്വീപിലാണ്.സര്‍.ക്രിസ്റ്റഫര്‍ കോക്‌റെല്‍(Sir Christopher Cockrell) ന്റെ ആശയമായിരുന്നു അത്്..
കാള്‍ മാര്‍ക്‌സ്, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ഗാരിബാള്‍ഡി, നിക്കോളാസ് II(റഷ്യയിലെ അവസാനത്തെ Tsar), മാര്‍ഗറററ്റ് താച്ചര്‍ അങ്ങനെ അങ്ങനെ ഇനിയും ഉണ്ട് വലിയ ലിസ്റ്റ്്. കൂടാതെ ഓസ്‌ക്കര്‍ ജേതാക്കളായ പലരുമുണ്ട് അവിടെ ജനിച്ചു വളര്‍ന്നവര്‍.ഇപ്പോള്‍ ദ്വീപിന് ബ്രിട്ടനില്‍ എത്ര പ്രാധാന്യം ഉണ്ടെന്നു മനസ്സിലായല്ലോ.
അവിടെ മനുഷ്യര്‍ മാത്രമല്ല പ്രേതങ്ങളും ഉണ്ടത്രേ. പ്രേത നടത്തങ്ങള്‍(Ghost Walks) നടത്താറുണ്ടിവിടെ. ലോകത്തിലെ ഏറ്റവും വലിയ ഹോണ്ടഡ് ദ്വീപാണു പോലും ഇത്.!ഗേ ബാല്‍ഡിന്‍(Gay Baldwin) എന്നൊരു വനിത 30 വര്‍ഷമായി ഇവിടെ വിലസുന്ന പ്രേതങ്ങളെപ്പറ്റി ഗവേഷണം നടത്തുന്നു. കളിയല്ലിതു പ്രേതം! അവര്‍ പുസ്‌കങ്ങള്‍ എഴുതിയിട്ടുമുണ്ടത്രേ! പഴമ പോലെ തന്നെ പ്രേതങ്ങളും ഇംഗ്ലീഷുകാര്‍ക്ക് ഹരമാണ്!
ഹോവര്‍ക്രാഫ്റ്റ്-വായു ശക്തിയായി താഴേയ്ക്കുവിട്ട് വെള്ളത്തിന്റേയും കരയുടെയും മുകളില്‍ തെന്നിനീങ്ങുന്ന വാഹനം.
Niraksharan's travelogue on ISLE OF WIGHT can be read here.
:) കണ്ട് അസൂയപ്പെടുന്നു
ReplyDeletevaayichu aasha theerkkaam
ReplyDeleteനല്ല വിവരണം. സന്തോഷമായി വായിച്ചു. ആസ്വദിച്ചു.
ReplyDeleteഈ വിവരണവും നന്നായി .ഇത് വായിക്കുമ്പോള്‍ പഴയ ഓര്‍മ്മകള്‍ വരും .ആ കാരവനില്‍ താമസിച്ചതും എല്ലാം .....
ReplyDelete''കോട്ടമതിലിലൂടെ കൊട്ടാരത്തിനു ചുറ്റും വട്ടത്തില്‍ നടക്കുമ്പോള്‍ ആലോചിച്ചു, ഇങ്ങനെയാവും ചൈനയുടെ വന്‍മതിലിലൂടെ നടക്കുക എന്ന്''
ഈ വരികള്‍ വായിച്ചപ്പോള്‍ ഇനി ഒരിക്കല്‍ അവിടെയും പോകാന്‍ മൈത്രേയി ക്ക് സാധിക്കട്ടെ ,എല്ലാ വിധ ആശംസകളും
പഴയ പേനകളിലെ മഷിയുടെ മണം ഈ ഒരു കുറിപ്പിലൂടെ ആസ്വദിക്കാന്‍ പറ്റി.
ReplyDeleteഅവിടെ സാഹിത്യകാരന്മാര്‍ ജനിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ..എത്ര മനോഹരമാണ്..!!!
ഒരുപാട് നന്ദി ചേച്ചി.
വായിച്ചു, ആസ്വദിച്ചു.
ReplyDeleteനല്ല വണ്ണം ഹോവർക്ക് ചെയ്തെഴുതിയ ഒന്ന്. വിക്റ്റോറിയയായല്ലോ കുറച്ചു സമയത്തേക്കെങ്കിലും. മാർക്കോണിയെക്കുറിച്ചുള്ള പരാമർശങ്ങൾ പ്രയോജനപ്രദമായി. ചില ചിത്രങ്ങൾ വളരെ നന്നായി.
ReplyDeleteവിദേശരാജ്യങ്ങളിലേയും മറ്റും യാത്രാ വിവരണങ്ങള്‍ രസകരമാണ് ... ചരിത്രവും വിവരണവും ചിത്രങ്ങളും നന്നായി.... ആശംസകള്‍
ReplyDeleteയാത്രാവിവരണമെഴുത്തും ഒരു കലയാണ്. താങ്കള്‍ നല്ല ഒരു കലാകാരിയും..
ReplyDeleteനന്ദി..സന്തോഷം..
ഇനിയും യാത്രചെയ്യാനാവട്ടെ, (ഞങ്ങള്‍ക്കുവേണ്ടിക്കൂടി)
വായിച്ചവര്‍ക്കും കമന്റെഴുതിയവര്‍ക്കും നന്ദി, സ്‌നേഹം. കുറച്ചുകാലമായി കോളമൊഴികെ ഒന്നും എഴുത്തില്ലായിരുന്നു. ഇപ്പോള്‍ കമന്റുകള്‍ കണ്ട്പപോള്‍ സന്തോഷം. അവര്‍ ഛൂറിസം promote ചെയ്യുന്നവരാണ്. ധാരാളം വായിക്കാന്‍ തന്നു, അതെല്ലാം കുത്തിയിരുന്നു വായിച്ചു. പിന്നെ വിസ്തരഭയത്താല്‍ 'പ്രേതാനുഭവങ്ങളും' മറ്റും എഴുതിയതുമില്ല... വെറും ചരിത്രമെഴുത്ത് ആയിപ്പോയോ എന്നെല്ലാം തോന്നിയിരുന്നു, കുറച്ചു പേര്‍ക്കെങ്കിലും ഇഷ്ടപ്പെട്ടല്ലോ, സന്തോഷം... ഇനി യാത്രകള്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല...
ReplyDeleteപടക്കപ്പല്‍ പടം കൂടി ഇട്ടു കേട്ടോ...
ReplyDeleteനന്നായിരിക്കുന്നു...നന്മകള്‍.
ReplyDeleteഎഴുത്ത് നന്ന്.. പടങ്ങള്‍ കാണാനില്ല..
ReplyDeleteനാലു വര്‍ഷത്തിനു മുമ്പ് എഴുതിയതാണ്. നല്ല വാക്കുകള്‍ക്ക് നന്ദി. പടങ്ങള്‍ എങ്ങനെ പോയോ എന്തോ. ഇനി ഗവേഷിക്കണം. ഇപ്പോള്‍ എല്ലാവരുടേയും ബ്ലോഗ് എഴുത്തും വായനയും തീരെ കുറഞ്ഞല്ലോ.
ReplyDelete