മരുമകളെ യാത്രയാക്കാനാണ് ഭാരതിയമ്മ വരാന്തയിലേക്കിറങ്ങിയത്‌്. "നാളെ വരാം അമ്മേ " എന്ന് പറഞ്ഞ് ജയ ഓടി വന്ന് ഗൗരിയുടെ സ്‌ക്കൂട്ടറിന്റെ പിന്നില്‍ കയറി. അവരുടെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ച് 'പോട്ടമ്മേ, പാവമല്ലേ ' എന്ന് ചിരിച്ച് കണ്ണിറുക്കി കാണിച്ച് ഗൗരി വണ്ടിയെടുത്തു.
തെല്ല്‌് അസ്വസ്ഥതയോടെ അവര്‍ സെറ്റിയില്‍ വന്നിരുന്നു. ഈസിച്ചെയറില്‍ പത്രം വായിച്ചിരുന്ന കൃഷ്‌ണന്‍ നായര്‍ക്ക് സംഗതിയുടെ കിടപ്പ് പിടികിട്ടി.
'പോട്ടെടോ, ആ കുട്ടി പാവമല്ലേ....... '
'എന്നാലും.......' പാതി അവനവനോടും പാതി ഭര്‍ത്താവിനോടുമായി അവര്‍ പറഞ്ഞു.വീട്ടുസഹായിക്കൊച്ചിനെ സ്വന്തം സ്‌ക്കൂട്ടറിലിരുത്തി അടുത്ത ജോലിസ്ഥലത്തേക്കു കൊണ്ടു പോകുക എന്നൊക്കെ വച്ചാല്‍ ....അതിത്തിരി കൂടിപ്പോയില്ലേ.......ഭാരതിയമ്മ സംശയിച്ചു.....
ആ, പോകട്ടെ ,അവളുടെ ഇഷ്ടം പോലെയാകട്ടെയെന്നു പിന്നെ അവരതങ്ങു വിട്ടു. ഗൗരിയെ വലിയ ഇഷ്ടമാണെന്നു മാത്രമല്ല, പഠിപ്പും വിവരവും പ്രാപ്‌തിയും തികഞ്ഞ മരുമകളെക്കുറിച്ച് അവര്‍ക്കു വലിയ മതിപ്പുമാണ്. മരുമകളെ ്‌ആരും കുറ്റം പറയുന്നത് അവര്‍ സഹിക്കില്ല. അനുജത്തിയോട് രഹസ്യമായി മനസ്സു തുറക്കുമ്പോള്‍ അവര്‍ പറയും....മരുമകളല്ല.....മറുമകളാണ്.......
മരുമകളെ പുകഴ്‌ത്തുമ്പോള്‍ കൃഷ്‌ണന്‍നായര്‍ അവരെ ശുണ്‌ഠി പിടിപ്പിക്കാനായി പറയും....
"എങ്ങനെ മോശമാകുമെടീ......എന്റെ മോന്റെ സെലക്ഷനല്ലേ അവള്‍....."
"ഓ...പിന്നേ...കല്ലും നെല്ലും തിരിച്ചറിയാന്‍ അവനെ പഠിപ്പിച്ചതേ ഈ ഞാനാ.... " ഭാരതിയമ്മയും വിട്ടുകൊടുക്കില്ല.
ഏജന്‍സിക്കാര്‍ വഴി ജയ വീട്ടുജോലിക്കു വന്നത് രണ്ടാഴ്‌ച്ച മുമ്പാണ്. ചൂരിദാറിട്ട് , മുടി സ്റ്റൈലായി ക്ലിപ്പ് ചെയ്‌ത് , പുരികം ത്രെഡ് ചെയ്‌ത്, ഹാന്‍ഡ് ബാഗൊക്കെ പിടിച്ച് മറ്റേതൊരു ഓഫീസ് ജോലിക്കു വരും പോലെ തന്നെയായിരുന്നു ജയ വന്നത്. ആ വരവ് ഗൗരിക്കു നന്നേ പിടിച്ചു. സ്വന്തം തൊഴിലില്‍ അഭിമാനമുള്ളവളാണെന്ന് അമ്മയോട് അടക്കം പറയുകയും ചെയ്‌തു.
മൂന്നു മണിക്കൂറാണ് ജോലി സമയം. മിനിമം ജോലി, മാക്‌സിമം പൈസ എന്ന സൂത്രക്കാരായ ടൈം മാനേജ്‌മെന്റ് വിദഗ്‌ധര്‍ വരാറുണ്ട്. 5 മിനിറ്റില്‍ ചെയ്യേണ്ട ജോലി 25 മിനിറ്റായാലും അവര്‍ തീര്‍ക്കില്ല. തൂത്തു തുടയ്‌ക്കാനും പയറരിയാനുമുള്ള സമയം മെത്തേഡ് സ്റ്റഡിക്കാരും ടൈം സ്റ്റഡിക്കാരുമൊന്നും പറഞ്ഞുറപ്പിച്ചിട്ടില്ലല്ലോ. പക്ഷേ അങ്ങനെയുള്ള വിദഗ്‌ധരെ ഗൗരി ഉടനെ പറഞ്ഞുവിടും. നല്ല കൂലി കൊടുക്കാം, നല്ലവണ്ണം ജോലിയും ചെയ്യണം , അതു നിര്‍ബന്ധമാണ്. എങ്കില്‍ ആനുകൂല്യങ്ങള്‍ ധാരാളം.....ഇല്ലെങ്കില്‍ ഗൗരിയുടെ വിധം മാറും.
ഓരോരുത്തരെ വേണ്ടെന്നു വയ്‌ക്കുമ്പോള്‍ അമ്മ പറയും....കുറച്ചൊക്കെ കണ്ണടയ്‌ക്കണം മോളേ...... എനിക്ക് ആരോഗ്യമുള്ളിടത്തോളം അതു വേണ്ടി വരില്ലമ്മേയെന്ന് ഗൗരി സമാധാനിപ്പിക്കും.
ജയയ്‌ക്ക് മുമ്പ് രണ്ടു മൂന്നു പേരെ ഗൗരി പറഞ്ഞു വിട്ടതാണ് . ഒരാള്‍ തൂക്കുന്നതും നടക്കുന്നതും മറ്റും ഗുരുവായൂരിലെ പാദപ്രദക്ഷിണം പോലെ പതുക്കെയെന്ന് ക്ഷമ നശിച്ച് അമ്മ പറഞ്ഞു. ടൈം മാനേജ്‌മെന്റ്.......അതിനു മുന്‍പൊരാളോട് പാത്രം കഴുകിയിട്ട് പാതകം തുടച്ചോളൂ എന്നു പറഞ്ഞ് കുളിക്കാനൊരുങ്ങിയതാണ് ഗൗരി . മുഴുവന്‍ പറഞ്ഞു തീരും മുന്‍പ് ധാര്‍ഷ്ട്യത്തോടെ കൈ എടുത്തു കാണിച്ച് ' ങാ....ങാ......ഇനി അരമണിക്കൂറെ ഉള്ളു......അതിനൊന്നുമുള്ള സമയമില്ല..... ' എന്ന് തറ െൈശലിയില്‍ അഹങ്കാരത്തോടെ പറഞ്ഞു....സ്വന്തമായി ചെയ്‌താല്‍ 15 മിനിറ്റെടുക്കാത്ത ജോലി....
ഗൗരിക്കു സഹിച്ചില്ല.....എങ്കില്‍ വേണ്ട പൊയ്‌ക്കോളൂയെന്നായി ഗൗരി.... ഉറക്കെ ചീത്ത പറഞ്ഞ് ഗെയ്‌റ്റു മലര്‍ക്കെ തുറന്നിട്ട് അവര്‍ ഇറങ്ങിപ്പോയി. മാത്രമല്ല, അവരെ തല്ലി എന്നൊരു കള്ളപ്പരാതിയും പറഞ്ഞു ഏജന്‍സിയില്‍. പോകുന്ന എല്ലാ വീട്ടില്‍ നിന്നും പരാതി കേട്ട് മടുത്ത ഏജന്‍സിക്കാരും അവരെ സ്ഥാപനത്തില്‍ നിന്നു പറഞ്ഞുവിട്ടെന്ന് പിന്നീട് അറിഞ്ഞു.
അത് ഗൗരിക്കും ഒരു പാഠമായി. അതിനു ശേഷം ഇഷ്ടമല്ലെങ്കിലും ആ ദിവസം സഹിക്കും. പിന്നെ ഏജന്‍സിയില്‍ വിളിച്ചു പറയും, ഞങ്ങള്‍ ഇവിടെ കാണില്ല, കുറച്ചു ദിവസത്തേക്ക് വേണ്ട......അതു കഴിഞ്ഞ് വേറൊരാളെ തരണം.... എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസ്സിലാകും, പക്ഷേ മനസ്സിലായില്ലെന്ന് എല്ലാവരും ഭാവിക്കും...നയത്തിന്റെ കാലമാണ്. തൂമ്പയെ തൂമ്പയെന്നു വിളിക്കുന്ന കാലം പോയി.......
വര്‍ത്തമാനമേയില്ല എന്നതായിരുന്നു ജയയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് . പണിയെടുക്കാതെ കാശു വാങ്ങണമെന്ന് തീരെയില്ല. എല്ലു മുറിയെ......എന്ന രീതിക്കാരി. ആദ്യത്തെ ദിവസം മാത്രമേ ജോലി പറയേണ്ടി വന്നുള്ളു. പിന്നെ ജയ കണ്ടറിഞ്ഞു ചെയതു ,ഗൗരി മനസ്സില്‍ വിചാരിക്കുമ്പോലെ ഭംഗിയായിത്തന്നെ. രണ്ടുപേരും അവരവരുടെ ജോലി വേഗം തീര്‍ക്കും . , പരസ്‌പരം പൂര്‍ണ്ണ തൃപ്‌തി.....
ചുരുക്കത്തില്‍ ജയയുടെ രണ്ടാഴ്‌ച്ച പ്രൊബേഷന്‍ തൃപ്‌തികരമായിരുന്നു. അങ്ങനെയാണ് സ്‌ക്കൂട്ടര്‍ യാത്ര തരമായത്‌്. ഗൗരിയുടെ ബാങ്കിനടുത്താണ് ജയയുടെ രണ്ടാമത്തെ ജോലിസ്ഥലം. പോകുമ്പോള്‍ അവിടെ വിട്ടാല്‍ ജയയ്‌ക്കു വണ്ടിക്കൂലിയിനത്തില്‍ കുറഞ്ഞതു നൂറു രൂപാ ലാഭം. സമയവും ലാഭം. വീട്ടില്‍ നേരത്തേ എത്തുകയും ചെയ്യാം. മീനുവിന്റെ ഒപ്പമിരിക്കാന്‍ ഗൗരി ഓടി വരാറുണ്ട്. അതുപോലെയാകുമല്ലോ ജയയ്‌ക്കും, ഗൗരി കരുതി.
ജയയ്‌ക്കു ഭര്‍ത്താവും മകളുമുണ്ട്. ഭര്‍ത്താവിന് എന്നും ജോലിയുണ്ടാവില്ലത്രേ. എന്നാലും കള്ളുകുടിയില്ല എന്നതാണ് ആശ്വാസം. മിയ്‌ക്കവര്‍ക്കും ജോലി ചെയ്‌തു കിട്ടുന്ന ശമ്പളത്തില്‍ നിന്ന് ഭര്‍ത്താവിനു കള്ളു കുടിക്കാന്‍ കൊടുക്കണം. അഥവാ പൈസ ഉണ്ടാക്കുന്നവരാണെങ്കില്‍ അതു മുഴുവന്‍ വൈകീട്ട് ഷാപ്പില്‍ കൊടുക്കും. പിന്നെ വന്ന് ഇടിയും തരും.
സമയം കിട്ടുമ്പോള്‍ ജയ സ്വന്തം കാര്യങ്ങള്‍ ഗൗരിയോടു പറയാന്‍ തുടങ്ങി.. മോളെ പഠിപ്പിച്ച് വലിയ നിലയിലെത്തിക്കണം.3 വീടുകളില്‍ ജോലിക്കു പോകുന്നുണ്ട്. ഭക്ഷണം വസ്‌ത്രം തുടങ്ങി സ്വന്തം ചെലവുകളെല്ലാം അവിടം കൊണ്ടു നടക്കും. ഭര്‍ത്താവിനു കൂടി എന്നും ജോലിയുണ്ടെങ്കില്‍ ഞങ്ങള്‍ക്കു മുട്ടില്ലാതെ കഴിയാം മാഡം എന്നാണ് ജയ പറയുക.
ശരിയാണ് , പൊള്ള സ്റ്റാറ്റസിന്റെ ഭാരമില്ലല്ലോ അവര്‍ക്ക് , മനസ്സു വച്ചാല്‍ സുഖമായി കഴിയാം, ഗൗരി വിചാരിച്ചു.
ഒരു ദിവസം ജയ പറഞ്ഞു 'ഒരു മിക്‌സിയുണ്ടൈങ്കില്‍ എനിക്ക് രാവിലെ ജോലി സമയം ഒത്തിരി ലാഭിക്കാം മാഡം. ഒരു പഴയതു കിട്ടിയാല്‍ കൊള്ളാമായിരുന്നു....'
ഗൗരി പുതിയതൊന്നു വാങ്ങാന്‍ കുറെയായി ആലോചിക്കുന്നു. അതു ജയയ്‌ക്കും അറിയാം. രവിയുടെ സൗകര്യം ഒത്തു കിട്ടി ഒന്നും നടപ്പു വരില്ല. ഇനി തനിയെ പോകണം.......
പഴയ മിക്‌സി ജയയ്‌ക്കു കിട്ടി...... അപ്പോഴും ഭാരതിയമ്മ മുന്നറിയിപ്പു നല്‍കി....മോളേ... ഇതു കൂടിപ്പോകുന്നു.....
'ജയയും എന്നെപ്പോലെ തന്നെയല്ലേ അമ്മേ...ജോലി ചെയ്‌തു ജീവിക്കുന്നവള്‍.......... '
'അതൊക്കെ ശരിയാ ..പക്ഷേ നീ കൂടുതല്‍ കൊടുത്താല്‍ വിവരമില്ലാത്ത മണ്ടിയാ നീയെന്നേ അവര്‍ കരുതൂ.....തലയില്‍ കയറും.......വേഗം പോകുകയും ചെയ്യും. അവര്‍ക്കു സ്ഥായി കുറവാ മോളേ.....നന്ദി തീരെയുണ്ടാവില്ല. ' അനുഭവജ്ഞാനം കുടുതലുണ്ട് അമ്മയ്‌ക്ക്.
പോയാല്‍ പോകട്ടമ്മേ, അമ്മ വിഷമിക്കാതെ.........ഗൗരി സമാധാനിപ്പിച്ചു.......പിന്നെ അവര്‍ കൂടുതല്‍ ഇടപെട്ടില്ല. ജോലിക്കാരില്ലെങ്കിലും അവരെ കഷ്ടപ്പെടുത്തില്ല ഗൗരി. എല്ലാം കൂടി സ്വയമങ്ങു ചെയ്യും. അതാണ് അവരുടെ വിഷമം.
ഓണത്തിന് ജയയ്‌ക്കും ഭര്‍ത്താവിനും മോള്‍ക്കും കൊടുത്തു പുതുവസ്‌ത്രം.......തേങ്ങാ, അരി , ബോണസ് എല്ലാം വേറേ..നന്ദി കൊണ്ട് ജയയുടെ കണ്ണു നിറഞ്ഞു....
'അവള്‍ക്കിഷ്ടപ്പെട്ടാലേ, വാരിക്കോരി തരും ' , എങ്ങനെയെങ്കിലും നിന്നു പോകാനായി അമ്മ ജയയോട് രഹസ്യമായി പറഞ്ഞു കൊടുത്തിട്ടുണ്ട്.
അതിര്‍വരമ്പുകളൊന്നും ലംഘിക്കാതെ ആ നല്ല ബന്ധം തുടര്‍ന്നു.......ഇടയ്‌ക്കെപ്പോഴോ ജയ സൂചിപ്പിച്ചു....ഭര്‍ത്താവു കുറേശ്ശെ കുടി തുടങ്ങി....പണത്തിനു ബുദ്ധിമുട്ടായിത്തുടങ്ങി.......ഗൗരിയും ആകുലപ്പെട്ടു. കഷ്ടം.....പണിയെടുക്കാന്‍ മടിയുള്ള ആണുങ്ങള്‍ കാരണമാണ് ഇവര്‍ക്ക് ഉയരാന്‍ കഴിയാത്തത്.
പിന്നൊരിക്കല്‍ ജയ പറഞ്ഞു......ശനിയാഴ്‌ച്ച കുട്ടിയെ വീട്ടില്‍ ഒറ്റയ്‌ക്കിട്ടിട്ടു വരുന്നത് ഭയമാണെന്ന്. നേരത്തേയൊക്ക ഭര്‍ത്താവിന് മോളുടെ കാര്യം ശ്രദ്ധയുണ്ടായിരുന്നു. ഇപ്പോള്‍ അവളെ ഒറ്റയ്‌ക്കാക്കി കൂട്ടുകൂടാന്‍ പോകും....അവള്‍ക്കു വല്ലതും സംഭവിച്ചാല്‍.......
പിന്നെത്തെ ശനി മുതല്‍ ജയയുടെ ഒപ്പം കുട്ടിയും വരും. മീനു ആ കുട്ടിയുടെ ട്യൂഷനും അങ്ങേറ്റെടുത്തു....ജയ തിരിയെ പോകുമ്പോള്‍ വന്ന് കൂട്ടിയിട്ടു പോകും. ഈ ഏര്‍പ്പാടുകളൊന്നും ഭാരതിയമ്മയ്‌ക്കത്ര രസിച്ചില്ല. മരുമകളുടെ നല്ല മനസ്സ് ചൂഷണം ചെയ്യുകയാണ് , ജയ പെട്ടെന്ന് പിണങ്ങിപ്പോകും എന്നവര്‍ ഭയപ്പെട്ടു. എന്നിരുന്നാലും അവര്‍ ആ കുട്ടിയെ വയറു നിറയെ ആഹാരം കഴിപ്പിക്കും.
പണത്തിനു ബുദ്ധിമുട്ടിയെങ്കിലും ഒരിക്കലും ജയ കടം ചോദിച്ചില്ല. ഗൗരി കൊടുത്തുമില്ല . കടം കൊടുത്ത് ഒരു പുതിയ ശത്രുവിനെക്കൂടി സൃഷ്ടിക്കേണ്ടതില്ലല്ലോ.
ജയ കാര്യപ്രാപ്‌തിയുള്ളവളാണ് . സ്വന്തമായി ഒരു ഏജന്‍സി ജയയ്‌ക്കെന്തുകൊണ്ടു തുടങ്ങിക്കൂടാ? ഒരു നാള്‍ ഗൗരി ചോദിച്ചു......വീടുകളില്‍ പോയി പൈസ പിരിക്കലും മറ്റും ജയയുടെ ഭര്‍ത്താവിനു ചെയ്യാനും പറ്റും. പിന്നെ ജോലി അന്വേഷിച്ചലയണ്ടല്ലോ അയാള്‍ക്ക് .
മറ്റ് ഏജന്‍സിക്കാരെപ്പോലെ ചാരിറ്റബിള്‍ ട്രസ്‌റ്റാക്കി രജിസ്‌റ്റര്‍ ചെയ്യാന്‍ രവി സഹായിച്ചു. ഗൗരി ലോണ്‍ തരപ്പെടുത്തിക്കൊടുത്തു. അങ്ങനെ ആ സംരംഭം എളിയ നിലയില്‍ തുടങ്ങി.
ആള്‍ക്കാര്‍ക്കു നല്ല ട്രെയിനിംഗ് കൊടുക്കണം, പെരുമാറ്റ മര്യാദ പറഞ്ഞു കൊടുക്കണം എന്നൊക്കയുള്ള എല്ലാ നിര്‍ദ്ദേശങ്ങളും ജയ പാലിച്ചു. സൗജന്യമായി ക്ലാസ്സെടുത്തു കൊടുക്കാന്‍ ഗൗരി പോയി. വീട്ടുജോലിക്കാര്‍ക്കു ട്രെയിനിംഗേ.......എന്നാദ്യം പുച്ഛിച്ചവര്‍ക്കൊക്കെ പിന്നീട് ജയയുടെ സ്ഥാപനത്തില്‍ നിന്നു തന്നെ ആളെ വേണം എന്നായി. പ്രൊഫഷണലായി നടത്തുന്ന സ്ഥാപനമായി അതിനെ മാറ്റുകയായിരുന്നു ഗൗരിയുടെ ഉദ്ദേശ്യം. മറ്റേതൊരു ജോലിയേയും പോലെ അന്തസ്സുള്ള ജോലി തന്നെയാണ് വീട്ടുജോലിയും....യൂണിഫോമിട്ടാണ് ജയയുടെ കമ്പനിയിലെ ആള്‍ക്കാര്‍ ജോലിക്കു പോയിത്തുടങ്ങിയത്. ഐ.ഡി. കാര്‍ഡുമുണ്ട്.
ആദ്യനാളുകളില്‍ ജയ അവിടെ മാത്രം വെളുപ്പിനു പണിക്കു വന്നു. പിന്നെ തിരക്കു കൂടി. അവിടന്നു തന്നെ വേറെ ആളിനെ അയച്ചു.......
എല്ലാ മാസവും ജയ കൃത്യമായി ലോണ്‍ തിരിച്ചടച്ചുകൊണ്ടിരുന്നു. ബാങ്കില്‍ ആദ്യമാദ്യം വന്നത് ബസ്സില്‍...പിന്നെ ടൂ വീലറില്‍... പിന്നെ കാറില്‍.....ജയയുടെ വളര്‍ച്ചയില്‍ ഗൗരിയും കുടുംബവും അഭിമാനിച്ചു.........
പിന്നെ പിന്നെ ജയയുടെ വരവ് തീരെ കുറഞ്ഞു...ലോണ്‍ തീര്‍ന്നതോടെ ബാങ്കിലും വരാതായി......വീടിനടുത്തുള്ള ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനെന്ന് ഗൗരിയുടെ ബാങ്കിലെ അക്കൗണ്ട് ക്ലോസ് ചെയ്‌തു.......
നല്ല വേഷവിധാനങ്ങളോടെ ജയയുടെ ഭര്‍ത്താവിനെ സിറ്റിയിലൊക്കെ വച്ചു കണ്ടു......ഒന്നു ചിരിച്ച് അയാള്‍ എപ്പോഴും ഒഴിഞ്ഞുമാറി......
ഏജന്‍സിയില്‍ ഇപ്പോള്‍ ആളില്ലെന്നു പറഞ്ഞ് ഗൗരിയുടെ അഡ്വാന്‍സ് തിരിച്ചുകൊടുത്തുവിട്ടു.....ഗൗരി അടുത്ത ഏജന്‍സിയില്‍ വീട്ടുസഹായിക്കായി രജിസ്റ്റര്‍ ചെയ്‌തു.
പണം ജയയുടെ തലയ്‌ക്കു പിടിച്ചു.....ഇത്രയും പണം ഒരു ഏജന്‍സി നടത്തിപ്പില്‍ നിന്നു ലഭിക്കുമോയെന്ന് ഗൗരി സന്ദേഹപ്പെടാതിരുന്നില്ല. സഹായിച്ചിട്ടെന്തായി മോളേയെന്ന് ജയയുടെ നന്ദികേടിനെക്കുറിച്ച് അമ്മ പറഞ്ഞപ്പോഴൊക്കെ 'അവര്‍ക്കത്രക്കല്ലേ പഠിപ്പും അറിവുമുള്ളു അമ്മേയെന്ന് 'ഗൗരി സമാധാനിപ്പിക്കും..മരുമകളുടെ മനസ്സറിഞ്ഞ് അവര്‍ പിന്നെ അക്കാര്യത്തില്‍ നിശബ്ദത പാലിച്ചു..........
സ്‌ക്കൂട്ടര്‍ കേടായതിനാല്‍ ഒരു നാള്‍ ഗൗരി ബസ്സിറങ്ങി വീട്ടിലേക്കു നടന്നു. ഒരു കാര്‍ തൊട്ടടുത്തു നിര്‍ത്തി. കയറൂ ,ചേച്ചീ (മാഡം അല്ല....) ജയ പറഞ്ഞു.....ഓ, വേണ്ട...ഇത്തിരി ദൂരമല്ലേയുള്ളു, നടന്നോളാം...ജയ പൊയ്‌ക്കോളൂ എന്ന് ഗൗരി ചിരിച്ച് നടത്തം തുടര്‍ന്നു........
കാറിന്റെ പിന്‍സീറ്റില്‍ ചാരി കിടന്ന് ജയ ഡ്രൈവറോടായി പറഞ്ഞു......."പാവം...അതിന്റെ കാര്യം കഷ്ടം തന്നെ......ഇപ്പഴത്തെക്കാലത്ത് ഈ ശമ്പളമൊക്കെ എന്താകാനാ......ഉള്ള കാറ് ഭര്‍ത്താവു കൊണ്ടുപോകും. അതിനൊരു കാറെന്നു വാങ്ങാനാകുമോ ആവോ....."
അവരെ രണ്ടു പേരേയുമറിയാവുന്ന ഡ്രൈവര്‍ , അര്‍ദ്ധരാത്രിയിലെ കുടപിടുത്തം എന്ന് പുഞ്ചിരിച്ചത് പക്ഷേ ജയ കണ്ടില്ല..... ...
ക്രമേണ ഗൗരി ജയയെ മറന്നു........
ഒരു നാള്‍ രാവിലെ പത്രം കണ്ട് കൃഷ്‌ണന്‍നായര്‍ വിളിച്ചു......"മോളേ, ഇങ്ങുവാ, ഈ വാര്‍ത്ത കണ്ടോ..... "
ആ് ശബ്ദത്തിലെ ആപല്‍സൂചന മനസ്സിലാക്കി രവിയും അമ്മയും ഗൗരിയും ഓടിയെത്തി......ജയയുടെ ഭര്‍ത്താവിന്റെ ഫോട്ടോയ്‌ക്കടിയില്‍ വാര്‍ത്ത...... പെണ്‍വാണിഭ അറസ്റ്റ്.........ഗൗരി ഷോക്കടിച്ചതു പോലെ നിന്നു പോയി.........വിട്ടുകളയൂ എന്ന് രവി പുറത്തു തട്ടി ആശ്വസിപ്പിച്ചു.
പെട്ടെന്ന് ഗെയ്‌റ്റ് തുറന്ന് ശരം പോലൊരാള്‍ ഓടി വരുന്നു......വേഷഭൂഷകളും ആടയാഭരണങ്ങളും അഴിച്ചുവച്ച് ,പഴയ ചൂരിദാറിട്ട് ,കരഞ്ഞുകൊണ്ട് ഓടിവന്നത് ജയയായിരുന്നു...... മൂഷികസ്‌ത്രീ വീണ്ടും മൂഷികസ്‌ത്രീയായി......
വന്നതും 'മാഡം... രക്ഷിക്കണേ.... ' എന്ന് ഗൗരിയുടെ കാലിലേക്കൊരു വീഴ്‌ച്ച.
ഗൗരി വല്ലതും പറയും മുന്‍പ് ഭാരതിയമ്മ ഇടപെട്ടു....'ജയാ...ഇനി ഇവിടെ വരരുത്....നിന്നെ സഹായിക്കാന്‍ ഞങ്ങള്‍ക്കാവില്ല.......
'' അങ്ങനെ പറയല്ലേയമ്മാ..... മാഡം...... ' ദൈന്യതയോടെ ജയ വിളിച്ചു.
'ജയകൂടി അറിഞ്ഞല്ലേ ഇത്...സത്യം പറയ് ' ഗൗരിയുടെ തീഷ്‌ണമായ ചോദ്യത്തിന് ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി....
'ഞങ്ങള്‍ക്ക് പഠിപ്പും അറിവും കുറവല്ലേ...... ' ജയ തേങ്ങി.......
'അതെ...വേറെന്തു തെറ്റായിരുന്നെങ്കിലും ഞാന്‍ അങ്ങനെ കരുതി ക്ഷമിക്കുമായിരുന്നു......പക്ഷേ.....ഇത്...നിന്റെ മകളെപ്പോലും നീ മറന്നല്ലോ......ബാക്കിയെന്തും സഹിക്കാം, പക്ഷേ, പെണ്ണിനെ പെണ്ണു ചതിക്കുന്നത് എനിക്കു സഹിക്കാനാവില്ല. ജയ പൊയ്‌ക്കോളൂ.......ഇനി ഇവിടെ വരരുത്. '
ഗൗരി നയം വ്യക്തമാക്കി അകത്തേക്കു പിന്‍വാങ്ങി. ഭാരതിയമ്മ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു......
പൊട്ടിക്കരഞ്ഞ് ജയ തറയിലിരുന്നു..... പിന്നെ തളര്‍ന്ന കാല്‍ വയ്‌പ്പുകളോടെ ഗെയ്‌റ്റിറങ്ങിപ്പോകുന്നത് ജനലിലൂടെ നോക്കി നിന്ന ഗൗരിയുടെ കണ്ണു നിറഞ്ഞിരുന്നു.......ദൈവമേ...ഇനി ജയയെ പരീക്ഷിക്കരുതേ......മനസ്സു നിലവിളിച്ചു...ചെറിയ ജോലി ചെയ്‌തു ജീവിച്ചു വന്ന അവളെ അത്യാഗ്രഹിയാക്കിയത് ഞാനാണോ........ഗൗരി കുറ്റബോധത്തോടെ തളര്‍ന്നു കിടക്കയില്‍ വീണു.....
തന്നെക്കൊണ്ടാവുന്ന ഒരു നിസ്സാരസഹായം ജയയ്‌ക്കു ചെയ്‌തുകൊടുത്തു എന്നു മാത്രമേ ഗൗരി കരുതിയുള്ളു. സഹായം സ്വീകരിച്ച ജയ പക്ഷേ സഞ്ചരിച്ചത് ഗൗരി സ്വപ്‌നത്തില്‍ പോലും കണക്കുകൂട്ടാത്ത വഴികളിലൂടെയായിരുന്നു.....
'സു'സഹായം ' ദുസഹായം ' ആക്കി മാറ്റിയത് ആരാണ്? ജയ? ജയയുടെ ഭര്‍ത്താവ് ? പണം?
ആദ്യത്തെ തേങ്ങ ഞാനുടയ്ക്കാം.
ReplyDeleteഠേ.....
ഭംഗിയായി പറഞിരിക്കുന്നു.
പണത്തിനുമീതെ പരുന്തും പറക്കില്ലെന്ന് ആരൊ പറഞിട്ടുണ്ടത്രെ..! എത്ര കിട്ടിയാലും ആഗ്രഹങ്ങള്‍ അവസാനിക്കില്ല. പണം കുമിഞ്ഞുകൂടിയാല്‍ പിന്നെ മാനം പമ്പ കടക്കുമത്രെ!
എനിക്കിഷ്ടായി കഥ.
ആസംസകള്‍...
തന്നെക്കൊണ്ടാവുന്ന ഒരു നിസ്സാരസഹായം ജയയ്‌ക്കു ചെയ്‌തുകൊടുത്തു എന്നു മാത്രമേ ഗൗരി കരുതിയുള്ളു. സഹായം സ്വീകരിച്ച ജയ പക്ഷേ സഞ്ചരിച്ചത് ഗൗരി സ്വപ്‌നത്തില്‍ പോലും കണക്കുകൂട്ടാത്ത വഴികളിലൂടെയായിരുന്നു.....
ReplyDelete'സു'സഹായം ' ദുസഹായം ' ആക്കി മാറ്റിയത് ആരാണ്? ജയ? ജയയുടെ ഭര്‍ത്താവ് ? പണം?
THANK U PATTEPADAM RAMJI!
മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു
ReplyDeleteആശംസകള്‍
ഗൌരിയിലെ സോഷ്യലിസം ഇഷ്ടമായി ട്ടോ ..
ReplyDelete"കലയും ജലസേചനവും" എന്നതില്‍ എഴുതിയ കമന്റ് ഇലെ ചില കാര്യങ്ങള്‍ ഇവിടെ ആവര്‍ത്തിക്കേണ്ടി വരുമെന്ന് തോന്നിയത് കൊണ്ട് വിരസത ഒഴിവാക്കാന്‍ ജയയെ കുറിച്ച് ഒന്നും എഴുതുന്നില്ല.
അതിനു മുന്‍പൊരാളോട് പാത്രം കഴുകിയിട്ട് പാതകം തുടച്ചോളൂ എന്നു പറഞ്ഞ് കുളിക്കാനൊരുങ്ങിയതാണ് ജയ.
ReplyDeleteജയയല്ലല്ലോ? :D
തെറ്റ് പിന്നേം ചൂണ്ടി കാണിച്ചത് വിഷമമായോ? ഒന്നും പറഞ്ഞില്ല...
ReplyDeleteതെറ്റ് വരുത്തിയിട്ടല്ലേ? പിന്നെന്തിനാ വിഷമം. ഒരു വിഷമവുമില്ല, സന്തോഷമാണ്. ഇനിയും കാണുന്നതൊക്കെ ധൈര്യമായി പറഞ്ഞോളൂ. പതുക്കൈ ഓരോന്നായി തിരുത്താം പ്യാരി.
ReplyDeleteമൈത്രേയി......
ReplyDeleteകഥ നന്നായി. വെറുതെ ഒരു ആവേശത്തിന് പറഞ്ഞതല്ല.
കഥ അതെന്നും എല്ലാവര്‍ക്കും എന്തെങ്കിലും ഒരു സന്ദേശം ഉണ്ടാവണം.
അതുണ്ടീ കഥയില്‍. തിരിച്ചു വന്ന ജയയെ സ്വീകരിക്കുമോ എന്നായിരുന്നു എനിക്ക് പേടി.
പക്ഷെ ഗൌരി നന്നായി. അല്ലെങ്കിലും തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടണം. അവര്‍ക്ക് മാത്രമല്ല ഭാവി തലമുറക്കും ഒരു പാടമായി.
അഭിനന്ദനങ്ങള്‍.