Sunday, July 26, 2020

ഞാവൽ മരം

ആമുഖം

 ഉർദു: കൃഷൻ ചന്ദർ
*ഇംഗ്ലീഷ് പരിഭാഷ : റാസ നയീം
*മലയാളം പരിഭാഷ: ശ്രീലത എസ്

കൃഷൻ ചന്ദർ (1914- 1977) പ്രസിദ്ധനായ ഉറുദു, ഹിന്ദി രചയിതാവായിരുന്നു. വിഭജന കാലം പറയുന്ന 'പെഷവാർ എക്‌സ്പ്രസ്സ്' അടക്കം അനേകം കഥകളും നോവലുകളും രചിച്ചിട്ടുണ്ട്. 

ഈ കഥയുടെ ഹിന്ദി പരിഭാഷ ICSE സിലബസ്സിൽ 'ജമൂൻ കാ പേഡ്' എന്ന പേരിൽ പഠിക്കാനുണ്ടായിരുന്നു. ചുവപ്പു നാട രീതിയെ കുറിച്ചുള്ള ശക്തമായ ആക്ഷേപഹാസ്യമായ ഈ കഥ കഴിഞ്ഞ വർഷം (2019) സിലബസ്സിൽ നിന്നു നീക്കം ചെയ്തു.

ഞാവൽ മരം

കഴിഞ്ഞ രാത്രിയിൽ ഒരു വലിയ കൊടുങ്കാറ്റടിച്ചു. സെക്രട്ടറിയേറ്റിന്റെ പുൽത്തകിടിയിൽ ഒരു ഞാവൽ മരം കടപുഴകി വീണു. പിറ്റേന്നു രാവിലെയാണ് തോട്ടക്കാരൻ അതു കണ്ടത്, നോക്കുമ്പോൾ മരത്തിന്റെ അടിയിൽ ഒരു മനുഷ്യൻ കുടുങ്ങിക്കിടക്കുന്നു!

തോട്ടക്കാരൻ പ്യൂണിന്റെ അടുത്തേക്ക് പാഞ്ഞു; പ്യൂണാകട്ടെ, ക്ലർക്കിന്റെ അടുത്തേക്കും ക്ലർക്ക് സൂപ്രണ്ടിന്റെ അടുത്തേക്കും ഓടി; സൂപ്രണ്ട് പുറത്ത് പുൽത്തകിടിയിലേക്ക് പാഞ്ഞു ചെന്നു. മിനിറ്റുകൾക്കകം മരത്തിന്നടിയിൽ കുടുങ്ങി കിടക്കുന്ന മനുഷ്യനും ചുറ്റും ജനം തിക്കിത്തിരക്കി.

'പാവം ഞാവൽ മരം, അതിൽ എത്രമാത്രം പഴങ്ങൾ വിളഞ്ഞിരുന്നു,' ഒരു ക്ലർക്ക് അഭിപ്രായപ്പെട്ടു.

'അതിന്റെ ഞാവൽപഴങ്ങൾക്ക് എത്രമാത്രം സത്തുണ്ടായിരുന്നു, ' രണ്ടാമതൊരു ക്ലർക്ക് ഓർമ്മിച്ചു.

'അതു പഴുക്കുന്ന കാലത്ത് സഞ്ചി നിറയെ പഴങ്ങൾ ഞാൻ വീട്ടിൽ കൊണ്ടു പോകുമായിരുന്നു. എന്റെ മക്കൾ എത്ര സന്തോഷത്തോടെയായിരുന്നുവെന്നോ അവ കഴിച്ചിരുന്നത്, ' ഇതു പറയുമ്പോൾ് മൂന്നാമത്തെ ക്ലർക്കിന് ഏതാണ്ട് കണ്ണു നിറയാറയായിരുന്നു.

'പക്ഷേ ഈ മനുഷ്യൻ.,'് മരത്തിന്നടിയിൽ ഞെരിഞ്ഞമർന്നു കിടക്കുന്ന മനുഷ്യന്റെ നേർക്ക് തോട്ടക്കാരൻ കൈ ചൂണ്ടി. 

'അതെ, ഈ മനുഷ്യൻ....! ' സൂപ്രണ്ട് ചിന്താമഗ്നനായി.

'അയാൾ മരിച്ചു കാണും. ഇത്രയും കനമുള്ള ഒരു മരത്തടി ഒരു മനുഷ്യന്റെ പുറത്തു, അയാളുടെ ഇടുപ്പിൽ വീണാൽ പിന്നെ അയാൾക്ക് എങ്ങനെയാണ് രക്ഷപ്പെടാനാവുക?,' രണ്ടാമത്തെ ക്ലർക്ക് പറഞ്ഞു.

'ഇല്ല, എനിക്കു ജീവനുണ്ട്, ' ഞരങ്ങിക്കൊണ്ട്, വല്ലാതെ ബുദ്ധിമുട്ടി, ആ മനുഷ്യൻ പറഞ്ഞു.

'മരം നീക്കിയിട്ട് അയാളെ ഉടനേ തന്നെ വലിച്ചു പുറത്തെടുക്കണം, ' തോട്ടക്കാരൻ ഉപദേശിച്ചു.

'അതു വളരെ പ്രായസമായിരിക്കും,' അലസനായ തടിച്ച പ്യൂൺ പറഞ്ഞു, 'മരത്തിന്റെ തായ്ത്തടി വളരെ ഭാരമുള്ളതാണ്. '

'എന്തു പ്രയാസം?' തോട്ടക്കാരൻ പ്രതിവചിച്ചു. 'സൂപ്രണ്ട് സാഹിബ് ആജ്ഞാപിച്ചാൽ ഒരു 15-20 തോട്ടക്കാരും പ്യൂൺമാരും ക്ലർക്കുമാരും എല്ലാവരും കൂടി ഒത്തു ശ്രമിച്ചാൽ മരത്തിന്റെ അടിയിൽ പെട്ടു ഞെരിഞ്ഞമർന്നു കിടക്കുന്ന ഈ മനുഷ്യനെ ഇപ്പോൾ തന്നെ പുറത്തേക്കു വലിച്ചടുക്കാൻ പറ്റും.'

'തോട്ടക്കാരൻ പറഞ്ഞതാണ് ശരി !' അനേകം ക്ലർക്കുമാർ ഒരുമിച്ചു പറഞ്ഞു. ' നമുക്കു ശ്രമിക്കാം, ഞങ്ങൾ തയ്യാറാണ്.'

ഉടനേ തന്നെ മരം പൊക്കി മാറ്റാനായി അനേകം ആളുകൾ തയ്യാറെടുത്തു.

'നിൽക്കൂ!' സൂപ്രണ്ട് പറഞ്ഞു. 'ഞാനൊന്ന് അണ്ടർസെക്രട്ടറിയോട് ആലോചിക്കട്ടെ. '

സൂപ്രണ്ട് അണ്ടർസെക്രട്ടറിയെ കാണാൻ പോയി; അണ്ടർസെക്രട്ടറി  ഡെപ്യൂട്ടി സെക്രട്ടറിയെ കാണാനും; ഡെപ്യൂട്ടി സെക്രട്ടറി ജോയിന്റ് സെക്രട്ടറിയുടെ അടുത്തു പോയി ; ജോയിന്റ് സെക്രട്ടറി ചീഫ് സെക്രട്ടറിയെ സമീപിച്ചു.; ചീഫ് സെക്രട്ടറി മന്ത്രിയുടെ അഭിപ്രായം തേടി; മന്ത്രി ചീഫ് സെക്രട്ടറിയോടു സംസാരിച്ചു; ചീഫ് സെക്രട്ടറി അത് ജോയിന്റ് സെക്രട്ടറിയോടും ജോയിന്റ് സെക്രട്ടറി ഡെപ്യൂട്ടി സെക്രട്ടറിയോടും ഡെപ്യൂട്ടി സെക്രട്ടറി അണ്ടർസെക്രട്ടിയോടും വിവരം എത്തിച്ചു. ഫയൽ നീങ്ങിക്കൊണ്ടേയിരുന്നു, അത് അര ദിവസം അപഹരിച്ചു.

ഞെരിഞ്ഞമർന്നു കിടക്കുന്ന മനുഷ്യനു ചുറ്റും ഉച്ചയൂണു സമയത്ത് ഒരു ആൾക്കൂട്ടം കൂടി, ആളുകൾക്ക് പറയാൻ പല കാര്യങ്ങളും ഉണ്ടായിരുന്നു. ഏതാനും ക്ലർക്കുമാർ ഈ കാര്യം താന്താങ്ങളുടെ നിലയിൽ കൈകാര്യം ചെയ്യുവാൻ ശ്രമിച്ചു. ഗവണ്മെണ്ടിൽ നിന്നുള്ള തീരുമാനം വരാൻ കാത്തുനിൽക്കാതെ അവർ സ്വയം ആ മരം നീക്കം ചെയ്യാൻ തീരുമാനിച്ചപ്പോഴാണ് സൂപ്രണ്ട് ഓടിക്കിതച്ചു വന്നത്. 'നമുക്ക് സ്വന്തമായി ഈ മരം ഇവിടെ നിന്നു നീക്കം ചെയ്യാൻ പാടില്ല. നമ്മളുടേത് വ്യാപാരവകുപ്പുമായി ബന്ധപ്പെട്ട വകുപ്പാണ്, ഇത് ഒരു വൃക്ഷം സംബന്ധിച്ച വിഷയമാണല്ലോ, കൃഷി വകുപ്പിന്റെ പരിരക്ഷയിൻ കീഴിലാണ് ഈ മരം. അതുകൊണ്ട്  'അടിയന്തിരാവശ്യം' എന്നു രേഖപ്പെടുത്തി ഈ ഫയൽ ഞാൻ കൃഷി വകുപ്പിലേയ്ക്ക് അയയ്ക്കുകയാണ്. അവരുടെ പ്രതികരണം ലഭിച്ചതും നമുക്ക് ഈ മരം മാറ്റാം.'

മരം വീണത് വ്യാപാര വകുപ്പിന്റെ പുൽത്തകിടിയിൽ ആണെന്നും അതിനാൽ അതു നീക്കം ചെയ്യാനുള്ള ചുമതല തങ്ങളുടേത് അല്ലെന്നും പിറ്റേന്ന് കൃഷി വകുപ്പ് മറുപടി നൽകി. ഈ പ്രതികരണത്തിൽ കോപം പൂണ്ട വ്യാപാര വകുപ്പാകട്ടെ, മരങ്ങൾ നീക്കുകയോ നീക്കാതിരിക്കുയോ ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം കൃഷി വകുപ്പിന്റേതാണ് എന്നു തിരിച്ച് എഴുതി; വ്യാപാര വകുപ്പിന് ഇതു സംബന്ധിച്ച് ഒന്നുമേ ചെയ്യാനില്ല.

അങ്ങനെ രണ്ടാം ദവിസവും ഫയൽ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചു കൊണ്ടിരുന്നു. വൈകുന്നേരം ഒരു പ്രതികരണം ലഭിച്ചു - 'ഇത് ഒരു കായ്ഫലം ഉള്ള വൃക്ഷത്തെ സംബന്ധിച്ച കാര്യമാണല്ലോ. അതിനാൽ ഞങ്ങൾ ഈ കാര്യം ഉദ്യാനനിർമ്മാണ-തോട്ടകൃഷി വകുപ്പിനു സമർപ്പിക്കുകയാണ്. ഭക്ഷണവും കൃഷിത്തൊഴിലും ആയി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാൻ മാത്രമേ കൃഷി വകുപ്പിനു അധികാരമുള്ളു. ഞാവൽ മരം കായ്ഫലം ഉള്ള വൃക്ഷമാണല്ലോ, ഇത് ഉദ്യാനനിർമ്മാണ-തോട്ടകൃഷി വകുപ്പിന്റെ അധികാരപരിധികൾക്കുള്ളിൽ വരുന്നതാണ്.'

മൂന്നാം ദിവസം ഉദ്യാനനിർമ്മാണ-തോട്ടകൃഷി വകുപ്പിന്റെ പ്രതികരണം വന്നു -ലേശം വ്യാജോക്തി ചേർത്ത ശക്തമായ പ്രതികരണം. ഉദ്യാനനിർമ്മാണ-തോട്ടകൃഷി വകുപ്പിന്റെ സെക്രട്ടറി ഒരു സാഹിത്യവാസന ഉള്ള മനുഷ്യനായിരുന്നു. ' എത്ര വിസ്മയാവഹം! നമ്മൾ 'വൃക്ഷങ്ങൾ വളർത്തൂ 'എന്ന ശക്തമായ പ്രചരണസന്ദേശം നടത്തുന്ന ഇക്കാലത്ത് വൃക്ഷങ്ങൾ - അതും  പഴങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു വൃക്ഷം- വെട്ടിക്കളയണം എന്നു ശുപാർശ ചെയ്യുന്ന സർക്കാർ ഓഫീസർമാരും നമ്മുടെ രാജ്യത്തുണ്ട്; മാത്രവുമല്ല, ഒരു ഞാവൽ വൃക്ഷം, അതും ആളുകൾ വളരെ സന്തോഷത്തോടെ കഴിക്കുന്ന പഴങ്ങൾ ഉള്ള വൃക്ഷം'. ഏതൊരവസ്ഥയിലും ഈ പഴം കായ്ച്ചു നിൽക്കുന്ന മരം വെട്ടക്കളയുന്നതിന് ഞങ്ങളുടെ വകുപ്പിനു അനുവാദം നൽകാൻ സാധിക്കില്ല.'

' ഇനിയിപ്പോൾ എന്താണു ചെയ്യുക,' എന്തും ചെയ്യാൻ തയ്യാറായി നിന്ന മനുഷ്യരിൽ ഒരാൾ പറഞ്ഞു. 'വൃക്ഷം മുറിക്കാൻ സാധിക്കുകയില്ലെങ്കിൽ, പുറത്തെടുക്കാനായി ഈ മനുഷ്യനെ മുറിക്കേണ്ടി വരും. '

'നോക്കൂ, ഈ മനുഷ്യനെ കൃത്യമായി മദ്ധ്യത്തിൽ തന്നെ മുറിച്ചാൽ, ഒരു പാതി ഒരറ്റത്തു നിന്നു പുറത്തു വരും, മറുപാതി മറ്റേ അറ്റത്തു നിന്നും പുറത്തു വരും. മരം ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ നിൽക്കുകയും ചെയ്യും. '

'പക്ഷേ അങ്ങനെയാകുമ്പോൾ ഞാൻ മരിക്കും, ' ഞെരിഞ്ഞമർന്നു കിടക്കുന്ന മനുഷ്യൻ പ്രതിഷേധിച്ചു.

'അയാൾ പറയുന്നതും ശരിയാണല്ലോ!' ഒരു ക്ലർക്ക് പറഞ്ഞു.

ആ മനുഷ്യനെ രണ്ടായി പകുത്തു മുറിക്കുന്നതിന് ശുപാർശ ചെയ്ത ആൾ ഉച്ചത്തിൽ പ്രതിഷേധിച്ചു, 'പ്ലാസ്റ്റിക് സർജറി ഇക്കാലത്ത് എത്രമാത്രം പുരോഗമനം കൈവരിച്ചിട്ടുണ്ട് എന്നു നിങ്ങൾക്കു അറിയില്ല. ഈ മനുഷ്യനെ നടുക്കു വച്ച് മുറിച്ച് പുറത്തെടുക്കുകയാണെങ്കിൽ, പ്ലസ്റ്റിക് സർജറിയിലൂടെ അയാളെ തിരികെ കൂട്ടിച്ചേർത്ത് എടുക്കാം എന്നു കരുതുന്നു.'

ഇതോടെ ഫയൽ വൈദ്യശാസ്ത്രവിഭാഗത്തിലേക്ക് അയച്ചു. ആ വകുപ്പു ഉടനേ തന്നെ പ്രവർത്തിച്ചു, അവരുടെ വകുപ്പിലെ ഏറ്റവും സമർത്ഥനായ പ്ലാസ്റ്റിക് സർജനെ തന്നെ സൂഷ്മപരിശോധനയ്ക്കായി നിയോഗിച്ചു. ഞെരിഞ്ഞമർന്നു കിടക്കുന്ന മനുഷ്യന്റെ ശരീരം അവിടവിടെ കുത്തിയും ഞെക്കിയും നോക്കി, അയാളുടെ രക്തസമ്മർദ്ദം, ശ്വസനം, ശ്വാസകോശങ്ങൾ എന്നിവയെല്ലാം പരിശോധിച്ചു നോക്കി, അയാൾക്ക് യഥാർത്ഥത്തിൽ പ്ലാസ്റ്റിക് സർജറി നടത്താനാവുമെന്നും അതു വിജയകരമായിരിക്കും, പക്ഷേ അയാൾ മരിച്ചു പോകും എന്നും മുകളിലേക്ക് അറിയിച്ചു.

അങ്ങനെ ആ അഭിപ്രായം നിരസിക്കപ്പെട്ടു. രാത്രിക്ക് തോട്ടക്കാരൻ ഞെരിഞ്ഞമർന്നു കിടക്കുന്ന മനുഷ്യന് കഞ്ഞിയും പയറും ആഹാരമായി നൽകി. ആളുകൾ നിയമം കൈയ്യിലെടുത്ത് സ്വയം മരം മുറിച്ചു നീക്കുന്നതു തടയാനായി കാവലിനായി നിന്നിരുന്ന ഒരു പൊലീസ് പാറാവ് മാത്രമേ അവിടെ അപ്പോൾ ഉണ്ടായിരുന്നുള്ളു. പക്ഷേ ആ പൊലീസ് കോൺസ്റ്റബിളിനു ദയവു തോന്നി, തോട്ടക്കാരൻ ഞെരിഞ്ഞമർന്നു കിടക്കുന്ന മനുഷ്യന് ആഹാരം നൽകിക്കൊള്ളുവാൻ സമ്മതിച്ചു.

തോട്ടക്കാരൻ ഞെരിഞ്ഞമർന്നു കിടക്കുന്ന മനുഷ്യനോടു പറഞ്ഞു, 'നിങ്ങളുടെ ഫയൽ നീങ്ങുന്നുണ്ട്,  മിയ്ക്കവാറും നാളത്തേക്ക് തീരുമാനമാകും. '

ഞെരിഞ്ഞമർന്നു കിടക്കുന്ന മനുഷ്യൻ മിണ്ടിയില്ല.

തോട്ടക്കാരൻ വീണ്ടും പറഞ്ഞു, 'നിങ്ങൾക്ക് ആരെങ്കിലും പിന്മുറക്കാർ ഉണ്ടോ? ഉണ്ടെങ്കിൽ എന്നോടു പറയൂ, ഞാൻ അവരെ അറിയിക്കുവാൻ ശ്രമിക്കാം.'

'ആരുമില്ല, 'ഞെരിഞ്ഞമർന്നു കിടക്കുന്ന മനുഷ്യൻ വളരെ ബുദ്ധിമുട്ടി പ്രതിവചിച്ചു. തോട്ടക്കാരൻ അനുതാപം കാണിച്ചു, പിന്നെ നടന്നകന്നു.

രാത്രിക്ക് ഞെരിഞ്ഞമർന്നു കിടക്കുന്ന മനുഷ്യന്റെ വായിലേക്ക് കിച്ച്ടി ഉരുളകൾ വച്ചുകൊടുക്കുമ്പോൾ, ഫയൽ മുകളിലേക്കു പോയിട്ടുണ്ട് എന്നു തോട്ടക്കാരൻ പറഞ്ഞു. 'പിറ്റേന്ന് സെക്രട്ടറിയേറ്റിൽ വച്ച് എല്ലാ സെക്രട്ടറിമാരുടേയും യോഗം വിളിച്ചിട്ടുണ്ട് എന്നു പറയുന്നുണ്ട്. നിങ്ങളുടെ കാര്യം നാളെ അതിൽ വയ്ക്കുമായിരിക്കും. എല്ലാം അതോടെ ശരിയാകും എന്ന് ആശിക്കാം.'

ഞെരിഞ്ഞമർന്നു കിടക്കുന്ന മനുഷ്യൻ ഒരു ദീർഘനിശ്വാസത്തോടെ ഖാലിബിന്റെ ഒരു ഗീതകം പതിഞ്ഞ ശബ്ദത്തിൽ ചൊല്ലി: നിങ്ങൾ എന്നെ അവഗണിക്കുകയില്ല എന്ന് എനിക്കറിയാം; ഹം നേ മാനാ കെ തഘാഫുൽ ന കരോഗേ ലേകിൻ; ഘാക് ഹോ ജായേംഗേ ഹം തും കൊ ഖബർ ഹോനേ തക് (നിങ്ങൾ എന്റെ ദുഃഖകരമായ വിധി കേൾക്കുന്നതിനു മുമ്പ് ഞാൻ മരണമടഞ്ഞു കഴിഞ്ഞിരിക്കും.)

തോട്ടക്കാരൻ ആശ്ചര്യത്തോടെ കൈകൊണ്ട് വായ പൊത്തി ചോദിച്ചു, ' താങ്കൾ ഒരു കവിയാണോ?'

ഞെരിഞ്ഞമർന്നു കിടന്ന മനുഷ്യൻ മെല്ലെ തലയാട്ടി.

പിറ്റേന്ന് തോട്ടക്കാരൻ പ്യൂണിനോടു പറഞ്ഞു, പ്യൂൺ ക്ലർക്കിനോടും.  ഞെരിഞ്ഞമർന്നു കിടക്കുന്ന മനുഷ്യൻ ഒരു കവിയാണ് എന്ന വാർത്ത വളരെ വേഗം സെക്രട്ടറിയേറ്റ് മുഴുവൻ പരന്നു; അതാ, കവിയെ കാണാൻ ആൾക്കൂട്ടം എത്താൻ തുടങ്ങി. നഗരത്തിലും അ്‌യാളെ കുറിച്ചു വാർത്ത പരന്നു, വൈകുന്നേരം ആയപ്പോഴേയ്ക്കും എല്ലാ പ്രദേശങ്ങളിലും നിന്നുള്ള കവികൾ അവിടെ ഒത്തുകൂടാൻ തുടങ്ങി. എല്ലാ തരത്തിലുമുള്ള കവികളെക്കൊണ്ട് സെക്രട്ടറിയേറ്റ് പുൽത്തകിടി നിറഞ്ഞു കവിഞ്ഞു. ഞെരിഞ്ഞു ചതഞ്ഞു കിടക്കുന്ന മനുഷ്യന്റെചുറ്റുമായി ഒരു മുശായിര (കവിതാ സായാഹ്നം) സംഘടിപ്പിക്കപ്പെട്ടു. അനേകം ക്ലർക്കുമാരും, സാഹിത്യ-കവിതാ വാസനയുള്ള അണ്ടർസെക്രട്ടറിമാർ പോലും, മുശായിരയ്ക്കായി കാത്തു നിന്നു. ഏതാനും കവികളാകട്ടെ, ഞെരിഞ്ഞമർന്നു കിടക്കുന്ന മനുഷ്യന് താന്താങ്ങളുടെ ഗസലുകളും കവിതകളും ചൊല്ലിക്കൊടുക്കാനും തുടങ്ങി.

ഞെരിഞ്ഞമർന്നു കിടക്കുന്ന മനുഷ്യൻ ഒരു കവിയാണ് എന്ന് അറിഞ്ഞ പാടെ, സെക്രട്ടറിയേറ്റിന്റെ ഉപസമിതി കൂടി,  ഞെരിഞ്ഞമർന്നു കിടക്കുന്ന മനുഷ്യൻ കവിയായതിനാൽ ഫയലിന് കൃഷി വകുപ്പുമായോ ഉദ്യാനനിർമ്മാണ-തോട്ടകൃഷി വകുപ്പുമായോ അല്ല മറിച്ച് സാംസ്‌ക്കാരിക വകുപ്പുമായാണ് ബന്ധം എന്നു തീരുമാനിച്ചു. കഴിയുന്നത്ര വേഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കണം, തണൽമരത്തിന്റെ അടിയിൽ നിന്ന് നിർഭാഗ്യവാനായ കവിക്ക് മോചനം നൽകണം എന്നു സാംസ്‌ക്കാരിക വകുപ്പിനോടു അഭ്യർത്ഥിക്കുകയും ചെയ്തു.

സാംസ്‌ക്കാരിക വകുപ്പിന്റെ വിവിധ വിഭാഗങ്ങളിലൂടെ കറങ്ങി ഫയൽ സാഹിത്യ അക്കാഡമിയുടെ സെക്രട്ടറിയുടെ മുന്നിലെത്തി. പാവം സെക്രട്ടറി ഉടനേ തന്നെ തന്റെ കാറിൽ സെക്രട്ടറിയേറ്റിലെത്തി ഞെരിഞ്ഞമർന്നു കിടക്കുന്ന മനുഷ്യനുമായി മുഖാമുഖം ആരംഭിച്ചു.

'താങ്കൾ ഒരു കവിയാണ് ?'

'ഓ, അതെ!' ഞെരിഞ്ഞമർന്നു കിടന്ന മനുഷ്യൻ മറുപടി പറഞ്ഞു.

'താങ്കൾ ഉപയോഗിക്കുന്ന തൂലികാനാമം എന്താണ്?'

'തുഷാരം. '

'തുഷാരം !' സെക്രട്ടറി ശക്തമായി ആശ്ചര്യം പ്രകടിപ്പിച്ചു. ' തുഷാരപുഷ്പങ്ങൾ എന്നുള്ള കവിതാസമാഹാരം അടുത്തയിടയ്ക്കു പ്രസിദ്ധീകരിച്ച അതേ കവിയാണോ താങ്കൾ?'

ഞെരിഞ്ഞമർന്നു കിടക്കുന്ന മനുഷ്യൻ തലയാട്ടി.

'താങ്കൾ ഞങ്ങളുടെ സാഹിത്യ അക്കാഡമിയിൽ അംഗമാണോ?'

'അല്ല. '

'വിചിത്രം !' സെക്രട്ടറി അതിശയം പ്രകടിപ്പിച്ചു:  'ഇത്രയും വലിയ ഒരു കവി, തുഷാരപുഷ്പങ്ങളുടെ രചയിതാവ്, ഞങ്ങളുടെ അക്കാഡമിയുടെ അംഗമല്ലേ്രത. ഹൊ, ഹൊ! നമ്മൾ എന്തു വലിയ ബുദ്ധിമോശമാണ് ചെയ്തിരിക്കുന്നത്, ഇത്ര വലിയ ഒരു കവി, അദ്ദേഹത്തെ എങ്ങനെയാണ് മറവി ചതച്ചരച്ചു കളഞ്ഞത്!'

'മരം കൊണ്ടു ചതച്ചരയ്ക്കപ്പെട്ടതാണ്, മറവി കൊണ്ടല്ല. ദയവായി എന്നെ ഈ മരത്തിന്റെ അടിയിൽ നിന്നും രക്ഷിക്കൂ!'

'ഞാൻ ഇപ്പോൾത്തന്നെ അതിനുള്ള ഏർപ്പാടു ചെയ്യാം!' സെക്രട്ടറി പറഞ്ഞു, ഉടനേ തന്നെ തന്റെ വകുപ്പിലേക്ക് വിവരം കൈമാറുകയും ചെയ്തു.

പിറ്റേദിവസം കവിയുടെ അടുത്തേക്ക് ഓടി വന്ന് സെക്രട്ടറി പറഞ്ഞു, 'അഭിനന്ദനങ്ങൾ! എനിക്കു കുറച്ചു മധുരം തന്നോളൂ. ഞങ്ങളുടെ ഔദ്യോഗിക അക്കാഡമി അതിന്റെ കേന്ദ്ര സമിതിയുടെ അംഗമായി താങ്കളെ തെരഞ്ഞടുത്തിരിക്കുന്നു. ഇതാ, താങ്കളുടെ ഔദ്യോഗിക അംഗത്വം അറിയിച്ചുകൊണ്ടുള്ള ഈ ഉത്തരവ് സ്വീകരിച്ചാലും.'

'പക്ഷേ ആദ്യം എന്നെ മരത്തിന്റെ അടിയിൽ നിന്നും ഒന്നു വലിച്ചുപുറത്തെടുക്കൂ,' ആർത്തനാദം പുറപ്പെടുവിച്ചുകൊണ്ട് ഞെരിഞ്ഞമർന്നു കിടക്കുന്ന മനുഷ്യൻ മൊഴിഞ്ഞു.

അയാൾ ശ്വാസം എടുക്കുന്നത് വളരെ ബുദ്ധിമുട്ടി ആയിരുന്നു, ദുസ്സഹമായ വേദനകൊണ്ട് അയാൾ പുളയുകയാണ് എന്ന് അയാളുടെ കണ്ണുകൾ വിളിച്ചു പറഞ്ഞിരുന്നു.

'അതു ചെയ്യാൻ ഞങ്ങൾക്കു സാധിക്കില്ല!' സെക്രട്ടറി പറഞ്ഞു. പിന്നെ ഇത്രയുംകൂടി കൂട്ടിച്ചേർത്തു,  ' ഞങ്ങളെ കൊണ്ടു സാധിക്കുന്നത് ഞങ്ങൾ ചെയ്തുകഴിഞ്ഞു. യഥാർത്ഥത്തിൽ, താങ്കൾ മരിക്കുകയാണെങ്കിൽ, താങ്കളുടെ ഭാര്യയ്ക്ക് മാസാമാസം സഹായശമ്പളം നൽകാം എന്നു വരെ എനിക്കു പറയാൻ കഴിയും. ഒരു അപേക്ഷ നൽകാമെങ്കിൽ, ഞങ്ങൾക്ക് അതു കൂടി ചെയ്യുവാൻ കഴിയും.'

' ഞാനിപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്, ' നിർത്തി നിർത്തി കവി പറഞ്ഞു, 'എന്റെ ജീവൻ നിലനിർത്തുവാൻ അനുവദിക്കൂ.'

കൈകൾ ഉരസിക്കൊണ്ട്, ഔദ്യോഗിക സാഹിത്യ അക്കാഡമിയുടെ സെക്രട്ടറി പറഞ്ഞു, 'പ്രശ്‌നം എന്താണ്  എന്നു വച്ചാൽ, ഞങ്ങളുടെ വകുപ്പിനു സംസ്‌ക്കാരവുമായി മാത്രമേ ബന്ധമുള്ളു. മരം മുറിക്കുന്നത് പേനയും മഷിക്കുപ്പിയും ആയി ബന്ധപ്പെട്ടതല്ലല്ലോ, അറക്കവാളും കോടാലിയും ആയല്ലേ ബന്ധപ്പെട്ടിരിക്കു 
ന്നത്, അതുകൊണ്ട് അത്യാവശ്യം എന്നു രേഖപ്പെടുത്തി വനം വകുപ്പിനു എഴുതിയിട്ടുണ്ട് ഞങ്ങൾ.'

പിറ്റേ ദിവസം വനം വകുപ്പുകാർ അറക്കവാളുകളും കോടാലികളുമായി എത്തിയപ്പോൾ, മരം മുറിക്കുന്നതിൽ നിന്ന് അവരെ വിലക്കി. വിദേശകാര്യലയ വകുപ്പ് മരം മുറിയ്ക്കുന്നത് നിരോധിച്ചിട്ടുണ്ട് എന്ന് അവർ മനസ്സിലാക്കി. കാരണം, ആ വൃക്ഷം പത്തു വർഷം മുമ്പ് സെക്രട്ടറിയേറ്റ് പുൽത്തകിടിയിൽ നട്ടത് പെറ്റൂണിയ പ്രധാനമന്ത്രി ആയിരുന്നു. ഇപ്പോൾ ആ വൃക്ഷം മുറിക്കുകയാണെങ്കിൽ പെറ്റൂണിയ സർക്കാരുമായിട്ടുള്ള നമ്മുടെ ബന്ധം തകരാറിലായേക്കാം എന്ന് ഒരു അപകടസാദ്ധ്യതയുണ്ട്. 'പക്ഷേ ഇത് ഒരു മനുഷ്യന്റെ ജീവന്റെ പ്രശ്‌നമാണ്, ' ഒരു ക്ലർക്ക് കോപത്തോടെ വിളിച്ചു പറഞ്ഞു. 'മറുവശത്ത്, ഇത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ കാര്യമാണ്. ' രണ്ടാമത്തെ ക്ലർക്ക് ഒന്നാമനെ ഉദ്‌ബോധിപ്പിച്ചു, 'പെറ്റൂണിയൻ സർക്കാർ നമ്മുടെ സർക്കാരിന് എത്ര സഹായം നൽകുന്നുണ്ട് എന്നതു മനസ്സിലാക്കാൻ ശ്രമിക്കൂ. അവരുടെ സൗഹൃദത്തിനുവേണ്ടി നമുക്ക് വെറും ഒരു  മനുഷ്യന്റെ ജീവൻ പോലും ത്യജിക്കാൻ ആവില്ലേ?'

'അപ്പോൾ കവി മരിക്കണം ?'

'നിശ്ചയമായും. '

അണ്ടർസെക്രട്ടറി സൂപ്രണ്ടിനോടു പറഞ്ഞു, 'പ്രധാനമന്ത്രി ഒരു വിദേശയാത്ര കഴിഞ്ഞ് ഇന്നു രാവിലെ മടങ്ങിയെത്തിയതേയുള്ളു. വിദേശകാര്യാലയം ഈ ഫയൽ വൈകീട്ടു നാലുമണിക്ക് അദ്ദേഹത്തിന്റെ മുമ്പിൽ സമർപ്പിക്കും, അദ്ദേഹം എന്തു നടപടി സ്വീകരിക്കുന്നുവോ അത് എല്ലാവരും അംഗീകരിക്കും.'

വൈകീട്ട് 5 മണിക്ക് സൂപ്രണ്ടു തന്നെ ഫയൽ കവിയുടെ അടുത്തേക്കു കൊണ്ടുവന്നു. അവിടെ എത്തിയതും ഫയൽ ആട്ടിക്കൊണ്ട് അയാൾ ഉദ്‌ഘോഷിച്ചു, 'വൃക്ഷം മുറിച്ചു നീക്കുന്നതിന് പ്രധാനമന്ത്രി ഉത്തരവിട്ടു, ഈ സംഭവത്തിന്റെ പേരിൽ എന്ത് അന്തർദ്ദേശീയ ശത്രുത വന്നാലും അതിന്റെ പൂർണ്ണചുമതല അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. നാളെ ഈ മരം മുറിക്കും, താങ്കൾ ഈ ബുദ്ധിമുട്ടിൽ നിന്നു മോചിതനാകും. '

'താങ്കൾ കേൾക്കുന്നുണ്ടോ? ഇന്നു നിങ്ങളുടെ ഫയൽ പൂർത്തിയായിരിക്കുന്നു, ' കവിയുടെ ഒരു കൈയ്യിൽ കൈ വച്ചുകൊണ്ട് സൂപ്രണ്ട് പറഞ്ഞു.

പക്ഷേ കവിയുടെ കൈ മരവിച്ചിരുന്നു. അയാളുടെ കൺപോളകൾക്ക് ജീവസ്സുണ്ടായിരുന്നില്ല, ഉറുമ്പുകളുടെ ഒരു നീണ്ട നിര തന്നെ അയാളുടെ വായിലേക്ക് വരിവെച്ച് നീങ്ങുന്നുണ്ടായിരുന്നു. അയാളുടെ ജീവിതത്തിന്റെ ഫയലും പൂർത്തിയാക്കപ്പെട്ടു കഴിഞ്ഞിരുന്നു.


* The wire ൽ പ്രസിദ്ധീകരിച്ച കഥ, പത്രത്തിന്റെ അനുവാദത്തോടെ- email - ഞാൻ മലയാളത്തിലേക്കു മൊഴിമാറ്റിയതാണ്.


3 comments: