Wednesday, February 01, 2017

ഗീതയപ്പച്ചിയുടെ മകൻ

(സിഎൽഎസ് ബുക്ക്‌സ് തളിപ്പറമ്പയുടെ കഥാമിനാരങ്ങൾ എന്ന കഥാസമാഹാരത്തിൽ ഈ കഥ ഉണ്ട് )

'ഓ...ഞാനിതാ വന്നു, താൻ തുടർന്നോളൂ,' എന്ന് ഫോണെടുക്കാൻ ലീന പൂമുഖമുറിയിലേക്ക് പോയി. ചർച്ചയുടെ ചരടു മുറിഞ്ഞതിൽ ചെറിയ ഈർഷ്യയോടെയായിരുന്നു മരിയയോടുള്ള ആ ക്ഷമാപണം. അല്ലെങ്കിലും മൊബൈൽ ഫോണിനുണ്ടോ സ്ഥലകാലബോധം വല്ലതും? മരണവീട്ടിൽ അടിപൊളി പാട്ട്, കല്യാണവീട്ടിൽ ശോകഗാനം തുടങ്ങിയ നിത്യഅലോസരങ്ങളെല്ലാം നമ്മൾ എന്നേ അംഗീകരിച്ചു കഴിഞ്ഞതല്ലേ. 

'ങാഹാ, ഗീതയപ്പച്ചിയാണല്ലോ, താനോർക്കുന്നില്ലേടോ? ' ലീന വിളിച്ചു പറഞ്ഞു.

ഗീതയപ്പച്ചി! മരിയ ലാപ്‌ടോപ്പിൽ നിന്നു കണ്ണെടുത്ത്, പണി നിർത്തി, കസാലയിൽ ചാഞ്ഞിരുന്നു. അവളുടെ കൈ അറിയാതെ സ്വന്തം തലമുടിയിലേക്കു നീണ്ടു. പ്രായമായെന്നു വിളിച്ചോതി നര വീണു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ജീവിതം എന്ന് ഓമനപ്പേരിട്ടിരിക്കുന്ന ഓട്ടപ്പാച്ചിലിന് അകാലത്തിൽ നരപ്പിക്കാനും വേഗം മറപ്പിക്കാനും മറ്റുമുള്ള സിദ്ധിയുണ്ടല്ലോ. 

ഗീതയപ്പച്ചി എന്നു കേട്ടാൽ തലമുടിയാണ് മരിയയ്ക്ക് ആദ്യം ഓർമ്മ വരിക. മരിയയ്ക്ക് മുടി ധാരാളമുണ്ടായിരുന്നു പണ്ട്, എന്നുവച്ചാൽ പഠിക്കുന്ന കാലത്ത്. ലീനയുടെ വീട്ടിൽ വരുമ്പോഴെല്ലാം പിന്നാമ്പുറത്തെ പടിയിൽ മരിയയെ പിടിച്ചിരുത്തി തലമുടി വിടുർത്ത് വൃത്തിയായി ബ്രഷ് ചെയ്ത് പലതരത്തിൽ മുടി കെട്ടി നോക്കുന്നത് അപ്പച്ചിക്കു ഹരമായിരുന്നു. ലീനയും കൂടും അവർക്കൊപ്പം. 'മുടിയുണ്ടെങ്കിൽ ചാച്ചും ചരിച്ചും കുത്തനെയും കെട്ടാം' എന്നോ മറ്റോ തലക്കെട്ടോടെ ഏതോ മാസികയിൽ വന്ന മുടിക്കെട്ടു പടങ്ങൾ, അന്നേ അതു വല്ലാതെ മങ്ങിത്തുടങ്ങിയിരുന്നു, അവർ വെട്ടിയെടുത്തത് സൂക്ഷിച്ചു വച്ചിരുന്നു. അതുനോക്കിയാണ് മുടി കെട്ടുക. വേറേ പണിയൊന്നുമില്ലേ എന്ന മീനാന്റിയുടെ ശാസനയിലാണ് മിയ്ക്കപ്പോഴും മുടി സ്‌റ്റൈലിംഗ് പരിപാടികൾ അവസാനിപ്പിക്കുക. ഇപ്പോഴാണെങ്കിൽ അവർക്ക് വല്ല ഹെയർ സ്റ്റൈലിംഗ് കോഴ്‌സും പഠിക്കാമായിരുന്നു. അന്ന് അതൊന്നും പക്ഷേ കേട്ടുകേൾവി പോലും ഇല്ലായിരുന്നുവല്ലോ.

ലീനയും മരിയയും രണ്ടാം തലമുറ കൂട്ടുകാരായിരുന്നു. എന്നു വച്ചാൽ അവരുടെ മാതാപിതാക്കൾ ആണ് ഒന്നാം തലമുറ ചങ്ങാതിമാർ എന്നർത്ഥം. ബന്ധുത്വത്തേക്കാൾ ആഴമേറിയ ഹൃദ്യസൗഹൃദങ്ങൾ. ലീനയുടെ അച്ഛന്റെ വകയിലൊരു സഹോദരി ആയിരുന്നു ഗീതയപ്പച്ചി. അവരുടെ അച്ഛൻ മരിച്ചു പോയി, പത്തു കഴിഞ്ഞ് കുറേ നാളായി വെറുതെ വീട്ടിൽ നിൽപ്പും ആയപ്പോൾ കോളേജിൽ ചേർക്കാം എന്ന് ലീനയുടെ അമ്മ വിളിച്ചു കൊണ്ടുവന്നതായിരുന്നു അവരെ. പഠിക്കാനാണ് വിളിച്ചുകൊണ്ടുവന്നതെങ്കിലും അതു നടന്നില്ല. അതുകൊണ്ട് തയ്യൽ പഠനവും വീട്ടുജോലിയും ആയി അങ്ങു കഴിഞ്ഞുകൂടി. സ്വന്തം വീട്ടിൽ പോകാൻ അവർക്ക് താൽപ്പര്യമേ ഇല്ലായിരുന്നു പോലും. പക്ഷേ ഇതിന്റെയെല്ലാം പൊരുൾ ലീനയുടെ അമ്മ മീനയാന്റി പിന്നീട് മണിമണിയായി കണ്ടുപിടിച്ചിരുന്നു.

മീനയാന്റി ഒരിക്കൽ വീട്ടിൽ വന്നപ്പോഴാണ് ഗീതയപ്പച്ചിയുടെ കല്യാണാലോചനക്കാര്യം അമ്മയോടു പറയുന്നതു മരിയ കേൾക്കാനിടയായത്. അവരുടെ ജാതകത്തിൽ ചൊവ്വ കടിച്ചിട്ടുണ്ടു പോലും. അത് എന്താണെന്ന് പിന്നെ അമ്മയോടു ചോദിച്ചപ്പോഴാണ് ചൊവ്വാദോഷം എന്ന് ആദ്യമായി കേൾക്കുന്നത്. ആന്റി അത് നർമ്മം കലർത്തി പറഞ്ഞുവെന്നേയുള്ളു. അല്ലെങ്കിലും മീനാന്റിയുടെ വർത്തമാനം കേൾക്കാൻ അതിഭയങ്കര രസമായിരുന്നു. സ്ത്രീകൾക്ക് അത്ര വഴങ്ങാത്ത നർമ്മബോധം വേണ്ടുവോളമുണ്ടായിരുന്നു അവർക്ക്. 

അന്നാണ് അപ്പച്ചിയുടെ രഹസ്യവും ആന്റി പറഞ്ഞത്. ഒരു തരത്തിലും എസ്.എസ്.എൽ.സി ബുക്ക് കാണിക്കില്ല, ചോദിച്ചാലുടൻ കരച്ചിലും. ഒരു ദിവസം നിർബന്ധം പിടിച്ചപ്പോൾ, പെട്ടി തപ്പും എന്നായപ്പോൾ പൂച്ച വെളിയിൽ ചാടി, അവർ സ്വന്തമായി ബുക്കു തിരുത്തിയിരുന്നു പോലും! അകത്തിരുന്ന് അതു കേട്ട മരിയ ഞെട്ടിപ്പോയി. തോറ്റതു വീട്ടിൽ പ്രശ്‌നമാകുമെന്നു പറഞ്ഞപ്പോൾ കൂട്ടുകാരി പറഞ്ഞുകൊടുത്ത കുറുക്കുവഴിയായിരുന്നു. നെയിൽപോളിഷ് റിമൂവറോ മറ്റോ ഉപയോഗിച്ച് മഷി മാറ്റാൻ ശ്രമിച്ച് കുളമായിപ്പോയി! കളഞ്ഞു പോയെന്ന് ഡ്യൂപ്ലിക്കേറ്റ് ബുക്കിനു ശ്രമിക്കാം, എന്ന് പറഞ്ഞെങ്കിലും അവർ അമ്പിനും വില്ലിനും അടുത്തില്ല. ആന്റി പറഞ്ഞതായിരുന്നു ശരി. ഒരു അബദ്ധം കൊണ്ട്, ഒരു തെറ്റുകൊണ്ട് തീരേണ്ടതല്ലല്ലോ ജീവിതം. പക്ഷേ അവർക്ക് ഇനി പഠിക്കണ്ട എന്ന് ഒറ്റ വാശിയായിരുന്നു. എത്ര പഠിച്ചാലും ട്യൂഷനു പോയാലും കണക്കിനു ജയിക്കില്ല എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ശരിയായിരിക്കും, കണക്കിനു ഒറ്റയക്ക മാർക്കായിരുന്നു പോലും കിട്ടിയത്.

നാട്ടുനടപ്പനുസരിച്ച് കുറച്ചു താമസിച്ചെങ്കിലും ലീനയുടെ അച്ഛനമ്മമാർ മുൻകയ്യെടുത്തതുകൊണ്ട് ഗീതയപ്പച്ചിയുടെ കല്യാണം നടന്നു. അപ്പച്ചിയുടെ അമ്മയുടെ ആഗ്രഹം പോലെ സർക്കാർ ജോലിക്കാരനെ തന്നെ കിട്ടി. വീട്ടുകാര്യങ്ങൾ നോക്കി നടത്താൻ മിടുക്കിയായിരുന്നു അപ്പച്ചി. മീനാന്റിയുടെ ട്രെയിനിംഗ് അല്ലേ, മോശമാകുന്നതെങ്ങനെ? അങ്ങനെ അപ്പച്ചിയെ ഒരു കരയടുപ്പിച്ചല്ലോയെന്ന് അവർക്ക് സമാധാനമായിരുന്നു. പക്ഷേ പിന്നീടെപ്പോഴോ ലീന പറഞ്ഞറിഞ്ഞു, അവർക്ക് കുട്ടികളുണ്ടായില്ലായെന്ന്. അതിനുശേഷം അവരെപ്പറ്റി ഒന്നും അറിഞ്ഞില്ല. ചോദിച്ചുമില്ല. ഓർത്തിട്ടുവേണ്ടേ ചോദിക്കാൻ!

ലീനയും മരിയയും പോലും എത്രയോ നാൾ പരസ്പരം ബന്ധമില്ലാതെ കഴിഞ്ഞതല്ലേ. പിന്നല്ലേ ലീനയുടെ അപ്പച്ചി. മരിയ സ്വയം സമാധാനം കണ്ടെത്തി. യാതൊരു ചുമതലയുമില്ലാതെ അക്ഷരാർത്ഥത്തിൽ സുഖിച്ചു ജീവിച്ച പഠനകാലം കഴിഞ്ഞതും പെട്ടെന്നാണ് കുടുംബം എന്ന ചുമതല തോളിലായത്. പകപ്പും അങ്കലാപ്പും ചെറുതൊന്നുമായിരുന്നില്ല. അടിപൊളി ജീവിതത്തിൽ നിന്നു കേരളത്തിലെ കൂട്ടുകുടുംബത്തിലെ വധുക്കളായിട്ടായിരുന്നു ഇരുവരുടേയും വേഷപ്പകർച്ച. അല്ലാതെ യു.കെയിലോ കാനഡയിലോ അമേരിക്കാവിലോ ഒന്നുമല്ലല്ലോ അവർ വിവാഹശേഷം കുടിയേറിയത്. പാകമല്ലാത്ത ഷൂവിന് അനുസൃതമായി കാൽപ്പാദം വ്യത്യാസപ്പെടുത്തുവാൻ കിണഞ്ഞുശ്രമിച്ചുകൊണ്ടിരുന്ന ഒരു കാലം. അങ്ങനെ വർഷങ്ങൾ വിരലുകൾക്കിടയിലൂടെ അങ്ങ് ഊർന്നു പോകുകയായിരുന്നു.

തിരിച്ചു വന്ന് ഇരിക്കുമ്പോൾ ലീനയുടെ മുഖത്ത് അസ്വസ്ഥത പ്രകടമായിരുന്നു. ഉം..ഇന്നിനി ചർച്ചയും പണിയുമൊന്നും നടക്കാൻ പോണില്ല, മരിയ മനസ്സിൽ കുറിച്ചു. രണ്ടാളുടേയും സമയം ഒന്ന് ഒത്തുവരന്നതു തന്നെ പെടാപാടു പെട്ടിട്ടാണ്. എന്നിട്ടിപ്പോൾ..

'അപ്പച്ചി  കരച്ചിലോടു കരച്ചിൽ, നാളെ ഇങ്ങോട്ടു വരാൻ പറഞ്ഞു ഞാൻ. ' ലീന പറഞ്ഞു. ലീനയുടെ വാക്കുകളിലൂടെ അപ്പച്ചിയുടെ ജീവിതം ചുരുൾ നിവർന്നു.

കുഞ്ഞുങ്ങളുണ്ടാവില്ല എന്ന് ഉറപ്പായപ്പോൾ, അവർ ഒരു കുട്ടിയെ ദത്തെടുത്തു. ജാതകം അറിയാത്ത, ആർക്കോ എങ്ങാണ്ടോ എങ്ങനെയോ ജനിച്ച കുഞ്ഞിനെ ദത്തെടുക്കുന്നത് വിനാശം വിളിച്ചു വരുത്തലായിരിക്കും എന്നുള്ള അപ്പച്ചിയുടെ ഭർത്താവിന്റെ വീട്ടുകാരുടെ ഭീകര എതിർപ്പ് അവഗണിച്ചായിരുന്നു അത്. എത്ര താലോലിച്ചു വളർത്തിയാലും അത് തക്കസമയത്ത് ജന്മത്തിന്റെ 'തനിക്കൊണം' കാണിക്കും പോലും. ലീനയുടെ കുടുംബം അപ്പച്ചിക്കും ഭർത്താവിനും ഒപ്പം നിന്നു, അന്ന്. അങ്ങനെ ഒരു ചെറിയ കുഞ്ഞിന് അനാഥൻ എന്ന ലേബൽ മാറിക്കിട്ടി. അന്നൊക്കെ അപ്പച്ചിയുടെ സന്തോഷം കാണേണ്ടതായിരുന്നുവത്രേ. ജീവിച്ചിരിക്കുന്നതിന് എപ്പോഴും നമുക്കൊരു ന്യായവും ലക്ഷ്യവും വേണമല്ലോ. പൊതുവേ നമ്മൾ ഇൻഡ്യാക്കാർക്ക് മക്കൾ മാത്രമല്ലേ ഒരേയൊരു ജീവിതലക്ഷ്യവും ഉദ്ദേശവും.

കുറേ കാലം അങ്ങനെയങ്ങു സന്തോഷമായി കഴിഞ്ഞു. അപ്പുപ്പനും അമ്മൂമ്മയുമെല്ലാം പിണക്കം മാറി അവനെ അംഗീകരിക്കയും ചെയ്തു. അങ്ങനെ ശാന്തമായി കിടന്ന തടാകത്തിലേക്ക് അവർ തന്നെ കല്ലെറിയുകയായിരുന്നു ഒരർത്ഥത്തിൽ. നിയമപ്രകാരം യദുവിനോട് അവൻ ദത്തുപുത്രനാണെന്ന് അവർ പറഞ്ഞു മനസ്സിലാക്കേണ്ടിയിരുന്നു. അവിടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. കുട്ടിക്ക് അത് ഉൾക്കൊള്ളാനായില്ല, അവന് അതൊരു വലിയ ആഘാതമായിരുന്നിരിക്കും. ആദ്യം കരച്ചിൽ, പിന്നെ ആഹാരനിഷേധം തുടങ്ങി പലതരം സമരമുറകൾ തുടങ്ങി.

'ആരോടാണാവോ അവൻ സമരം ചെയ്തത്?  അവനെ ജനിപ്പിച്ച് എറിഞ്ഞുകളഞ്ഞ സ്വന്തം അച്ഛനമ്മമാരോടായിരിക്കും, അവരെ അറിയാത്തതുകൊണ്ട് വളർത്തച്ഛനോടും അമ്മയോടും തീർത്തതാവണം, അല്ലേ?' മരിയ ഉറക്കെ അതിലെ യുക്തി ചിന്തിക്കയായിരുന്നു. ആയിരിക്കും എന്ന് ലീനയും തലയാട്ടി.

അവനോടു സ്‌നേഹമില്ല എന്ന് സ്ഥിരം ആവലാതിയായി. മനഃപൂർവ്വം പരീക്ഷ മോശമായി എഴുതും. മാർക്ക് കുറഞ്ഞാൽ അച്ഛനും അമ്മയും സങ്കടപ്പെടുമല്ലോ, അത് കാണണം പോലും! ഒരു ദിവസം അവൻ ചെയ്ത അതിക്രമം കേട്ട് മരിയ ഞെട്ടി. സ്വന്തം കൈയ്യിൽ ബ്ലേഡുരച്ചു ചോരവരുത്തി കളഞ്ഞു! ചാകാനൊന്നുമല്ല, അവന്റെ അമ്മയ്ക്ക് സങ്കടം വരുമോ എന്ന് പരീക്ഷിച്ചതാണത്രേ! ദിനേന ഒന്നല്ലെങ്കിൽ മറ്റൊന്നായി എന്നും പരീക്ഷണപരമ്പര തന്നെ. യദു അച്ഛനമ്മമാരെ വല്ലാതെ ശിക്ഷിക്കുകയായിരുന്നു. ഒരു നാൾ വൈകുന്നേരം അവൻ വീട്ടിൽ വന്നില്ല. വരാതിരുന്നാൽ പൊയ്‌ക്കോട്ടെ എന്ന് അച്ഛനും അമ്മയും കരുതുമോ എന്നായിരുന്നു അവനറിയേണ്ടിയിരുന്നത്. പാവം അവന്റച്ഛൻ അന്ന് അലഞ്ഞതിനു കണക്കില്ലാത്രെ. അവൻ അവസാനം ഒരു കൂട്ടുകാരന്റെ വീട്ടിൽ എത്തി, അവർ കാര്യം മനസ്സിലാക്കി വീട്ടിൽ കൊണ്ടുവിടുകയായിരുന്നു. വഴക്കു പറയാനേ പാടില്ല, പറഞ്ഞാലുടൻ 'ഞാൻ സ്വന്തം മോനല്ലാത്തോണ്ടല്ലേ ' എന്നു വായ്ത്താരി. അപ്പച്ചിയുടെ ഭർത്താവിന് ക്ഷമ ലേശം കുറവാണ്, പെട്ടെന്നു ദേഷ്യം പിടിക്കും. പക്ഷേ മകനുവേണ്ടി അയാൾ ദേഷ്യം അടക്കാൻ ശീലിച്ചു.

അവസാനം ഹൈസ്‌ക്കൂൾ ക്ലാസ്സ് എത്തിയതോടെ ഒരു സൈക്കോളജിസ്റ്റിന്റെ കൂടി അഭിപ്രായപ്രകാരം ഗത്യന്തരമില്ലാതെ അവർ അവനെ ബോർഡിംഗിലാക്കി. അവിടുത്തെ ടീച്ചർമാരോടും വാർഡനോടും എല്ലാം അവൻ തന്റെ കദനകഥ വിളമ്പി. അനാഥനായ അവനെ ദത്തെടുത്ത് അച്ഛനമ്മമാർ പീഡിപ്പിക്കുന്ന കഥ! അവർക്ക് ഒരു മകൻ കൂടി ഉണ്ടെന്നും അതാണ് തന്നെ ബോർഡിംഗിൽ ആക്കിയതെന്നും കൂടി പറഞ്ഞു കളഞ്ഞു! നല്ല മാർക്കറ്റുണ്ടായിരുന്നു ആ കഥയ്ക്ക് ആദ്യം. അവരെ സ്‌കൂളിൽ വിളിപ്പിച്ചപ്പോഴാണ് യഥാർത്ഥ കാര്യം ടീച്ചർമാരും വാർഡനും അറിയുന്നത്. ഉള്ളുനീറിനീറിയാവണം, അവന്റെ പത്തു കഴിഞ്ഞ് അധികം താമസിയാതെ അവന്റച്ഛൻ അവരുടെ ജീവിതത്തിൽ നിന്നു വിടവാങ്ങി.

'ഓ പാവം അപ്പച്ചി, ' മരിയ സ്വന്തം മുടി തലോടിക്കൊണ്ടു പറഞ്ഞു.

'ഊം...ഇതൊന്നും ആയില്ല, ഇനീമുണ്ട്. പത്തിൽ തെറ്റില്ലാത്ത മാർക്കുണ്ടായിരുന്നു, പക്ഷേ കോളേജിൽ പോകാനൊന്നും യദു കൂട്ടാക്കിയില്ല. '

'ഉം... ചരിത്രം ആവർത്തിച്ചു അല്ലേ? '

'കറക്ട്. കാരണം ഓരോന്നായിരുന്നെങ്കിലും, ' ലീന ശരിവച്ചു.

പെൻഷൻ, ഓഹരി കിട്ടിയ വീടിന്റെ വാടക എല്ലാം വച്ച് എങ്ങനെയൊക്കെയോ കഴിഞ്ഞു, യദു അഞ്ചു പൈസ വരുമാനമുണ്ടാക്കിയില്ല. ഉണ്ടും ഉറങ്ങിയും കൂട്ടുകൂടിയും സമയം കൊന്നു. ജനിപ്പിച്ചവരോടുള്ള പക അവൻ സ്വന്തം ജീവിതത്തോട് തീർക്കുകയായിരുന്നിരിക്കും. അപ്പച്ചിക്ക് അവസാനത്തെ കനത്ത അടി കിട്ടിയത് കുറച്ചുനാൾ മുമ്പാണ്. ഒരു വൈകുന്നേരം യദു ഒരു പെൺകുട്ടിക്കൊപ്പമാണ് വന്നു കയറിയത്്! അടുത്തൊരു ചേരിയിലെ പെൺകുട്ടി.

'ഓ മൈ! അപ്പച്ചി എങ്ങനെ അത് ഫേസ് ചെയ്തു? ' മരിയയ്ക്ക് അറിയാൻ തിടുക്കമായി.

'എന്തു ചെയ്യാൻ? ഇപ്പം ഇറങ്ങണം എന്നൊക്കെ അപ്പച്ചി ബഹളം വച്ചു, അവർ ഇറങ്ങി പോയി. പക്ഷേ രണ്ടു മണിക്കൂർ കഴിഞ്ഞ് തിരിച്ചു വരാനായിരുന്നൂന്നു മാത്രം. ചേരീന്ന് ഒരു വലിയ സംഘത്തിന്റെ അകമ്പടിയോടെ. ഇടിച്ചു കയറി, താമസവും തുടങ്ങി. '

'സിനിമാക്കഥ പോലെ, ' മരിയ പറഞ്ഞു.

അപ്പച്ചി ഭർത്താവിനു വീതം കിട്ടിയ വീട്ടിലേക്ക് മാറി താമസിച്ചു. അപ്പഴേ പറഞ്ഞതല്ലേ എന്ന് വീട്ടുകാരുടെ കുത്തുവാക്കു നിരന്തരം. വല്ലാതെ മടുക്കുമ്പോൾ വീട് പൂട്ടിയിട്ട് ലീനയുടെ കൊച്ചിയിലെ വീട്ടിലെത്തും. കുറച്ചു നാൾ തങ്ങി തിരികെ പോകും. ഇപ്പോൾ അവന് ആ വീടും കൂടി വേണം പോലും. അപ്പച്ചി അവരുടെ കൂടെ താമസിച്ച് ആ വീടിന്റെ വാടക വാങ്ങണമത്രേ. അതാണ് ഇങ്ങോട്ടു വരാൻ ലീന ക്ഷണിച്ചത്.

'വേലീലിരുന്ന പാമ്പിനെ എടുത്ത് തോളത്തിട്ടല്ലോ എന്നും പറഞ്ഞാണ് കരച്ചിൽ. ഇതുവരെ അങ്ങനെ ഒരിക്കൽ പോലും അവർ പറഞ്ഞിട്ടില്ല മരിയ. ക്ഷമയേഴും കെട്ടിട്ടുണ്ടാവും അവർക്ക്. അപ്പച്ചിയെ സമാധാനിപ്പിക്കാൻ തൽക്കാലം ഇങ്ങു പോരാൻ പറഞ്ഞു, പക്ഷേ എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കുമോ ആവോ,' ലീന ആവലാതിപ്പെട്ടു.

'ഇനീപ്പം അവന്റെ ജാതകദോഷം പ്രശ്‌നം വച്ച് കണ്ടുപിടിക്കാൻ ചിറ്റപ്പന്റെ ചേച്ചി ഉപദേശിച്ചു പോലും.' ഇത്തിരിനേരത്തെ മൗനശേഷം ലീന തുടർന്നു.

' ഉം, ഇനി അതിന്റെ കുറവേ ഉള്ളു, അവരുടെ ഉള്ള സാമധാനം കൂടി ആ ജ്യോത്സ്യർ നശിപ്പിച്ചോളും. കഷ്ടം!' മരിയ സഹതപിച്ചു.

'പിന്നല്ലാതെ. അതിനൊന്നും പോവണ്ടെന്ന് ഞാൻ പറഞ്ഞു. ഇത്രനാളും അതിനൊന്നും പോയില്ലല്ലോ. ലോകത്ത് ഇൻഡ്യാക്കാരെ ഒഴിച്ച് ആരേം ഗ്രഹങ്ങൾ പിടിക്കില്ലല്ലോ,' ലീന മരിയയെ പിന്താങ്ങി.

'അതുതന്നെ. ഓരോരുത്തർക്ക് ഓരോ അനുഭവം, അത്രതന്നെ. അതിനപ്പുറവുമില്ല, ഇപ്പുറവുമില്ല. ദത്തെടുത്ത കുട്ടിയുമായി നല്ല സന്തോഷത്തോടെ കഴിയുന്നവരുണ്ട്. സ്വന്തം ചോരയിൽ പിറന്ന മക്കൾ അച്ഛനമ്മമാരെ കഠിനമായി പീഡിപ്പിക്കാറുമുണ്ട്.' ആരെയൊക്കെയോ ഓർത്താവണം മരിയ അപ്പറഞ്ഞത്.

'ഊം...ശരിയാണ്. പാവം അപ്പച്ചി.'

ഇനി നാളെയെങ്കിലും ഇതു തീർക്കാം എന്ന് മരിയയോടു യാത്രാമൊഴി പറയുമ്പോൾ ഇരുവരും ദുഃഖിതരായിരുന്നു. പരിഹരിക്കാൻ കഴിയാത്ത ദുഃഖങ്ങളെത്ര! കാരണമറിയാത്ത ദുഃഖങ്ങളെത്ര? ആരാണ് മറവിലിരുന്ന് ഇതെല്ലാം തീരുമാനിക്കുന്നത്? ദൈവമോ, വിധിയോ, എന്താണാ ഉത്തരം കിട്ടാ പ്രതിഭാസം?

Tuesday, September 20, 2016

ഷേക്സ്പിയര്‍രചനകളുടെ പിന്നാമ്പുറക്കഥകള്‍-രണ്ടാം ഭാഗം.

 രണ്ടാംഭാഗം ജൂണില്‍ സൈകതത്തില്‍ വന്നത് ഇന്നാണ് കണ്ടത്. പടങ്ങള്‍ സഹിതമുള്ള ലിങ്ക് ഇവിടെ.
പുസ്തകം- ഷേക്‌സ്പിയേഴ്‌സ് സ്റ്റോറി ബുക്ക് (Shakespeaer's Story book)
പുനരാഖ്യാനം -പാട്രിക് റിയാൻ(Patrick Ryan)
ചിത്രം വര- ജെയിംസ് മേഹ്യൂ(James Mayhew)
പ്രസിദ്ധീകരിച്ചത് - ബെയർ ഫുട്ട് ബുക്ക്‌സ് (Barefoot Books)

ഭാഗം-രണ്ട്

3. ദി മർച്ചെന്റ് ഓഫ് വെനീസ്(1596-1598)

ഒരു ജൂത പണം ഇടപാടുകാരനായ ഷൈലോക്കിന്റെ കയ്യിൽ നിന്നും പണം കടം വാങ്ങിയ അന്റോണിയോ എന്ന ചെറുപ്പക്കാരനോട് പണം തിരിച്ചു നൽകാനാവാത്തതിനാൽ പകരം തുടയിൽ നിന്ന് ഒരു തുണ്ട് മാംസം ആവശ്യപ്പെടുന്നതും ബുദ്ധിമതിയായ പോർഷ്യോ അതിൽ നിന്ന് അന്റോണിയോവിനെ രക്ഷപ്പെടുത്തുന്നതുമായ കഥയായ 'വെനീസിലെ വ്യാപാരി'നമുക്കു സുപരിചിതമാണ്.

ഷേക്‌സപിയർ ഇവിടെ ഹുണ്ടികവ്യാപാരിയെ ജൂതനാക്കിയതിന് കാരണങ്ങൾ ഉണ്ടാവാമത്രേ. അക്കാലത്ത് പണം പലിശയക്കു കൊടുക്കുന്നതിന് കൃസ്റ്റ്യൻ പള്ളി അനുവദിച്ചിരുന്നില്ല. ഇറ്റലിയിലെ ഒരു ബിഷപ്പിന് ഒരു ജൂതഹുണ്ടികക്കാരന്റെ കയ്യിൽ നിന്ന് ഇതേ അനുഭവം നേരിടേണ്ടി വരികയും പോപ്പ് ഇടപെട്ട് അതിൽ നിന്നും ബിഷപ്പിനെ രക്ഷിക്കയും ചെയ്ത സംഭവം ഷേക്‌സ്പിയറിന്റെ കാലത്ത് നടന്നിട്ടുണ്ട്. കൂടാതെ, ഷേക്‌സ്പിയർ കാലത്ത് ഭരിച്ചിരുന്ന എലിസബത്ത്-I രാജ്ഞിയെ ചതിച്ചു കൊല്ലണം എന്ന എസ്സെക്‌സ് ഏൾ ന്റെ ആവശ്യം  നിരാകരിച്ച വിശ്വസ്തനായ പോർച്ചുഗീസ് ജൂതഡോക്ടർ ലോപ്പസ്സിനെ, രാജ്ഞിയെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചു എന്ന് രാജ്യദ്രോഹകുറ്റം ചുമത്തി തൂക്കിലേറ്റിയിരുന്നു. പിന്നീട് കാര്യങ്ങൾ വെളിപ്പെടുകയും ഏൾ ശിക്ഷിക്കപ്പെടുകയും ചെയ്തു. ഡോ. ലോപ്പസിനെ മാത്രമല്ല, ചതിക്കു കൂട്ടുനിൽക്കാൻ ഗ്ലോബ് തിയേറ്ററിന്റെ സഹായം തേടിയ ഏൾ നേയും ഷേക്‌സ്പിയറിന് നേരിട്ട് അറിയാമായിരുന്നുവത്രേ. ഇക്കാര്യങ്ങളെല്ലാം കൂടി സമന്വയിപ്പിച്ചാവണം ഷേക്‌സ്പിയർ വെനീസിലെ വ്യാപാരി രൂപപ്പെടുത്തിയതെന്നാണ് പാട്രിക് റയാൻ അഭിപ്രായപ്പെടുന്നത്.

മൂലകഥയായി പറഞ്ഞിരിക്കുന്നത് 'എ ബാർഗെൻ ഈസ് എ ബാർഗെൻ' (ഉടമ്പടി ഉടമ്പടി തന്നെയാണ്) എന്ന കഥയാണ്. ഒരിടത്ത് ഒരു ധനികന് രണ്ടു പുത്രന്മാരുണ്ടായിരുന്നു, കാക്കയും മയിലും പോലെ വ്യത്യസ്തരായിരുന്നു ഇവർ. പിതാവ് അസുഖബാധിതനായപ്പോൾ മക്കളെ അരികെ വിളിച്ച്, ഇക്കാലമത്രയും താൻ അത്യദ്ധ്വാനം കൊണ്ടു നേടിയത് എങ്ങനെയാണ് മക്കൾ വിനിയോഗിക്കുക എന്ന് ആരാഞ്ഞു. താൻ ബിസിനസ്സ് നല്ലവണ്ണം തുടർന്നും നടത്തുമെന്ന് മൂത്തയാൾ വാക്കുകൊടുത്തപ്പോൾ തന്റെ വിഹിതം ഉപയോഗിച്ച് ആർഭാടജീവിതം നയിക്കുമെന്നായിരുന്നു ഇളയവന്റെ മറുപടി. ഈ നിരുത്തരവാദപര ഉത്തരം കേട്ട പിതാവ് ഹൃദയം പൊട്ടി മരിച്ചു.

രണ്ടുപേരും അവനവൻ പറഞ്ഞതുപോലെ തന്നെ ജീവിച്ചു. മൂത്തവൻ സാമ്പത്തികമായി അഭിവൃദ്ധിപ്പെട്ടപ്പോൾ ഇളയൻ എല്ലാം നശിപ്പിച്ചു, പക്ഷേ അയാൾ അപ്പോഴും പരമ സന്തുഷ്ടൻ തന്നെ ആയിരുന്നു.

അങ്ങനെയിരിക്കെ നഗരത്തിലെ നാടുവാഴിയുടെ സുന്ദരിയും ജ്ഞാനിയുമായ മകളെപ്പറ്റി അയാൾ കേൾക്കാനിടയായി. സ്വർണ്ണത്തിലും വെള്ളിയിലും തടിയിലും തീർത്ത മൂന്നു പേടകങ്ങൾക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്നത് എന്ത് എന്ന് കൃത്യമായി പറയുന്നയാളെ വിവാഹം കഴിക്കാനായിരുന്നു അവളുടെ തീരുമാനം. അത് നടന്നില്ല, അവൾ ആഗ്രഹിച്ചതുപോലെ തന്നെ തന്റെ പുസ്തകങ്ങളുടേയും ചിന്തകളുടേയും ആശയങ്ങളുടേയും ലോകത്തിൽ  മുഴുകി സന്തുഷ്ടയായി കഴിഞ്ഞു. കുമാരിയെ വേൾക്കണമെന്ന് ആഗ്രഹിച്ച ഇളയവൻ ധനാഭ്യർത്ഥനയുമായി മൂത്തയാളുടെ അടുത്തെത്തി. നന്നാവാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണവും കടം വാങ്ങി. തിരിച്ചു കൊടുക്കാതെ വന്നാൽ സ്വന്തം മാംസം മുറിച്ചു തരേണ്ടി വരുമെന്ന് ഉടമ്പടിയും ഒപ്പു വച്ചു!

രാജകുമാരനെന്നു തോന്നത്തക്കവിധം വില കൂടിയ വേഷഭൂഷ അണിഞ്ഞെത്തിയ ഇളയവൻ അകത്തേക്കാനയിക്കപ്പെട്ടു. മൂന്നു വ്യത്യസ്ത ലിഖിതങ്ങൾ ഉള്ള ഓരോ സുവർണ്ണ, വെള്ളി, തടി പെട്ടികൾ അയാളുടെ മുന്നിലും നിരന്നു. അയാൾ ലിഖിതങ്ങൾ വായിച്ച്-പക്ഷേ ഇതിലെ യുക്തി മനസ്സിലായില്ല എനിക്ക്-വളരെ യുക്തിയുക്തമായി ചിന്തിച്ച് വജ്രങ്ങളും മുത്തുകളും പിടിപ്പിച്ച വിവാഹനിശ്ചയമോതിരം സൂക്ഷിച്ചിരുന്ന തടിപ്പെട്ടി തന്നെ തെരഞ്ഞെടുത്തു, പ്രഭുവിന്റെ മകളുമായുള്ള വിവാഹവും ഉറപ്പായി. മോതിരം എപ്പോഴും കയ്യിലിട്ടുകൊള്ളുവാനും അതു പോയാൽ വിവാഹം നടക്കില്ലെന്നും കുമാരി അറിയിച്ചു. മിച്ചമുണ്ടായിരുന്ന പണം വച്ച് ചങ്ങാതിമാരുമായി നന്നായി ആഘോഷിച്ചു. പക്ഷേ അതു തീർന്നപ്പോഴേയക്കും മൂത്ത സഹോദരൻ പണം തിരികെ ചോദിച്ചു. വിവാഹക്കഥയൊന്നും അവിടെ ഏറ്റില്ല.

'ഒരു ഉടമ്പടി ഉടമ്പടി തന്നെയാണ്. ഒരു നിശ്ചയപത്രം നിശ്ചയപത്രം തന്നെയും ഒരു ഇടപാട് ഇടപാടും ആണ്. 'മാംസം മുറിച്ചെടുക്കുമെന്നു തന്നെ സഹോദരൻ ഉറപ്പിച്ചു പറഞ്ഞു. അയാൾ ജയിലിലായി. ജയിലിലെത്തിയ പ്രഭുപുത്രിയോട് അയാൾ നടന്നതെല്ലാം തുറന്നു പറഞ്ഞു. ഭാവിവരൻ ചെയ്തത് അങ്ങേയറ്റം തോന്ന്യാസമെന്നും പക്ഷേ സഹോദരന്റെ നിഷ്ഠൂരത കടന്നു പോയെന്നും അവൾ അഭിപ്രായപ്പെട്ടു. എന്തായാലും പ്രഭുവിന്റെ ദർബാറിലെത്തുമ്പോൾ നല്ല വക്കീലിനെ ഏർപ്പാടു ചെയ്യാമെന്ന് അവൾ യാത്രയായി.

കേസ് പരിഗണനയ്ക്കു വന്നു. മുടിയനായ യുവാവിന്റെ വക്കീൽ സഹോദരനോട് നിബന്ധന വച്ചു. 'ഒരു ഉടമ്പടി ഉടമ്പടി തന്നെയാണ്. ഒരു നിശ്ചയപത്രം നിശ്ചയപത്രം തന്നെയും ഒരു ഇടപാട് ഇടപാടും ആണ്. അതിനാൽ കൃത്യം ഒരു പൗണ്ട് മാംസം മാത്രം, അതും തുള്ളി ചോര പൊടിയാതെ മുറിച്ചെടുക്കണം. കൂടുകയോ കുറയുകയോ ചെയ്താൽ വാദിയുടെ സ്വത്തുക്കൾ നഗരസ്വത്തിലേക്ക് കണ്ടുകെട്ടപ്പെടണം.' പിന്നത്തെ കാര്യം അറിയാമല്ലോ.

പക്ഷേ വക്കീൽ ഫീസ് കൊടുക്കാൻ പണമില്ലാത്തതിനാൽ പണം കൊണ്ടുവരുമ്പോൾ തിരിച്ചു തരാമെന്ന് വക്കീൽ മോതിരം വാങ്ങി. വളരെ വേഗം വക്കീൽ വേഷം മാറി, പ്രഭുകുമാരിയായി. യുവാവ് എത്തിയപ്പോഴേയക്കും കൈയ്യിൽ മോതിരം ഇല്ല, സ്‌നേഹക്കുറവുകൊണ്ടാണ് അത് നഷ്ടപ്പെടുത്തിയത് എന്ന കാരണം പറഞ്ഞ് അവൾ വിവാഹം നിരസിച്ചു. ഇരു സഹോദരരേയും രക്ഷപ്പെടുത്തി, അവൾ സ്വന്തം പുസ്തകലോകത്തേക്ക് ആനന്ദത്തോടെ മടങ്ങി. സഹോദരർ പാഠം പഠിച്ചു നന്നായിക്കാണാം, അല്ലെങ്കിൽ ഒരാൾ തെരുവിലും മറ്റൊരാൾ ബംഗ്ലാവിലുമായി ജീവിതം തുടർന്നിരിക്കാം.

4.ആസ് യു ലൈക്ക് ഇറ്റ്(1590 കളുടെ അവസാനം)

തോമസ് ലോഡ്ജിന്റെ 'റോസലിൻഡ' ആണ് ഈ പുസ്‌കത്തിനാധാരം. ലോഡ്ജിന്റേതു പോലെ തന്നെ ഷേക്‌സ്പിയറിന്റെ കഥയും ഫ്രാൻസിൽ ആണ് നടക്കുന്നത്. എന്നാൽ അതിൽ പറയുന്ന കാട് ഷേക്‌സ്പിയറിന്റെ സ്ട്രാറ്റ്‌ഫോഡ് അപ്പോൺ എവൺ ന് അടുത്തുള്ള വാർവിക് കൊട്ടാരത്തിനു ചുറ്റുമുള്ള കാടാണ്. അതായത് ഇംഗ്ലീഷ് വനാന്തരം. റോബിൻഹുഡിനേയും കൂട്ടുകാരേയും ഇതിൽ പരാമർശിക്കുന്നുമുണ്ട്. സ്‌നോവൈറ്റ്, സ്‌നോഡ്രോപ് തുടങ്ങി പ്രചുരപ്രചാരത്തിലിരുന്ന കഥകൾ തന്നെയാവണം ലോഡ്ജും ഷേക്‌സ്പിയറും ഉപയോഗിച്ചത്.

ഒരു സ്ത്രീ പുരുഷവേഷം കെട്ടി നിയമഭ്രഷ്ടരുടെ കൂടെ ജീവിക്കുന്ന കഥ കാണികളിൽ ആവേശമുണർത്തുമെന്ന് ഷേക്‌സ്പിയർ മനസ്സിലാക്കിയിരിക്കണം. അതാണ്, 'നിങ്ങൾ-കാഴ്ച്ചക്കാർ-ഇഷ്ടപ്പെടും പോലെ ' എന്ന് നാമകരണം ചെയ്തത്. ട്വെൽത്ത് നൈറ്റ് , സിംബലീൻ എന്നിവയിലും ഇതേ സമ്പ്രദായം ഉപയോഗിച്ചിട്ടുണ്ട്.

സ്‌നോഡ്രോപ്-മഞ്ഞുതുള്ളി

ഒരു രാജ്ഞിയുടെ മകളായിരുന്നു സ്‌നോഡ്രോപ്. രാജ്ഞി രാജ്യത്തെ മറന്ന് മകളിൽ മുഴുകി ജീവിച്ചു, ഒരു ദുഷ്ടസമർത്ഥൻ രാജ്യം കൈക്കലാക്കി, രാജ്ഞി നിഷ്‌കാസിതയുമായി. സ്‌നോഡ്രോപ്പിനെ പക്ഷേ അവിടെ അടിമയായി തുടരാൻ അനുവദിച്ചു. സ്‌നോഡ്രോപ്പും പുതിയ രാജാവിന്റെ മകൻ വിൽസും വലിയ കൂട്ടുകാരായിരുന്നു. സ്‌നോഡ്രോപ്പിനെ നാട്ടാർക്ക് വലിയ സ്‌നേഹമായിരുന്നു, അവർ പഴയ രാജ്ഞി തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചുകൊണ്ടിരുന്നു. ഇതറിഞ്ഞ രാജാവ് സ്‌നോഡ്രോപ്പിനെ കാട്ടിലയച്ച് കൊല്ലുവാൻ ഏർപ്പെടുത്തി. ഈ പദ്ധതി അറിഞ്ഞ സ്‌നോഡ്രോപ്പ് രാത്രി കളിക്കൂട്ടുകാരനോടു മാത്രം യാത്ര ചൊല്ലി കാട്ടിലേക്കു പോയി. അവിടെ സഹോദരങ്ങളായ മൂന്നു കൊള്ളക്കാരുടെ ഗുഹയിൽ എത്തിപ്പെട്ടു, അവർ അവളെ സ്‌നേഹിച്ചു, അവളും വേഷം മാറി ആൺവേഷം കെട്ടി അവരെ സഹായിച്ചു. പണക്കാരുടെ വീടുകൾ അവർ കൊള്ളയടിച്ചു, അത് പാവപ്പെട്ടവർക്കു വിതരണം ചെയ്തു.

ഇതിനിടെ ഏകനായ വിൽസ് തന്റെ ചങ്ങാതിയെ തേടി എന്നും കാട്ടിലെത്തുക പതിവായി. അവർ കണ്ടുമുട്ടുകയും ചെയ്തു. ദുഷ്ടരാജാവ് പെൺകുട്ടിയെ വധിക്കാൻ പല പദ്ധതികൾ നടപ്പാക്കി. അവസാനം വിഷം പുരട്ടിയ ആപ്പിൾ കഴിച്ച് അവൾ മരിച്ചുവീണു. മണ്ണിനടിയിൽ അവളെ കുഴിച്ചിടാൻ മടിച്ച കൊള്ളക്കാർ അവളുടെ ശരീരം ഒരു സ്ഫടിക ശവപ്പെട്ടിയിലാക്കി കുതിരപ്പുറത്തു വച്ചുകെട്ടി കുതിരയെ അഴിച്ചുവിട്ടു. ഇത് വിൽസ് കണ്ടെത്തി, ദേഷ്യം മൂത്ത രാജാവ് പെട്ടി പൊട്ടിച്ചു, വിഷപ്പഴം തെറിച്ചുവീണുപോയതോടെ സ്‌നോഡ്രോപ്പ് ഉറക്കം വിട്ടെണീക്കും പോലെ എഴുന്നേറ്റു നിന്നു. കാര്യങ്ങൾ മനസ്സിലാക്കിയ വിൽസ് കൊള്‌ലക്കാരെ വിളിപ്പിച്ചു, അവർ നൽകിയ മാന്ത്രിക ഷൂവുകളിട്ട രാജാവ് നിലയ്ക്കാത്ത നൃത്തം ചെയ്ത് ചെയ്ത് എങ്ങോ പോയി. വിൽസും സ്‌നോഡ്രോപ്പും വിവാഹിതരായി, പുറത്താക്കപ്പെട്ട രാജ്ഞി തിരിച്ചെത്തി, മൂന്നു കൊള്ളക്കാരും അവരുടെ കാടൻ പണി ഉപേക്ഷിച്ച് രാജകുമാരിയെ സഹായിക്കുന്നവാരയി തുടർന്നു.
തുടരും...

ഷേക്‌സ്പിയർ രചനകളുടെ പിന്നാമ്പുറക്കഥകൾ-ഭാഗം ഒന്ന്

സൈകതം പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചതിന്‍റെ ലിങ്ക് ഇവിടെ 
പുസ്തകം- ഷേക്‌സ്പിയേഴ്‌സ് സ്റ്റോറി ബുക്ക് (Shakespeaer's Story book)
പുനരാഖ്യാനം -പാട്രിക് റിയാൻ(Patrick Ryan)
ചിത്രം വര- ജെയിംസ് മേഹ്യൂ(James Mayhew)
പ്രസിദ്ധീകരിച്ചത് - ബെയർ ഫുട്ട് ബുക്ക്‌സ് (Barefoot Books)

ഭാഗം-ഒന്ന്

വിശ്വസാഹിത്യകാരനായ ഷേക്‌സ്പിയറിന്റെ സ്റ്റ്രാറ്റ്‌ഫോഡ് അപ്പോൺ എവണിലെ വീടും അദ്ദേഹത്തിന്റെ ഗ്ലോബ് തീയേറ്ററും സന്ദർശിച്ചത് അഞ്ചു വർഷം മുമ്പാണ്. ഇപ്രാവശ്യത്തെ, അതായത് 2015 ലെ രണ്ടാം വരവിനാണ് 'ഷേക്‌സ്പിയേഴ്‌സ് സ്റ്റോറിബുക്ക് ' വായിക്കാനിടയായത്. കുട്ടികൾക്കു വേണ്ടിയുള്ള പുസ്തകമാണ്, പക്ഷേ വലിയവർക്കും വായിക്കാം, ഇഷ്ടപ്പെടും.

ഷേക്‌സ്പിയർ കൃതികളുടെ, കുട്ടികൾക്കു വേണ്ടിയുള്ള സംഗ്രഹ കഥകൾ എന്നു കരുതിയാണ്, വാസ്തവത്തിൽ ബുക്ക് വായിക്കാൻ എടുത്തത്. പക്ഷേ അതല്ല, ഏഴു കൃതികളുടെ വളരെ ചുരുക്കിയ കഥാസാരവും ഓരോ കഥയുടേയും പിന്നാമ്പുറക്കഥകളുമാണ് പുസ്തകത്തിലുള്ളത്. പലതും നമ്മളും കേട്ടിട്ടുള്ള വളരെ പ്രശസ്തമായ നാടോടി കഥകൾ! പുനരാഖ്യാനം നടത്തിയ പാട്രിക് റയാൻ ആമുഖത്തിൽ പറയുന്നതിങ്ങനെ-'ഒരു നല്ല കഥ ഒന്നിൽ കൂടതൽ പ്രാവശ്യം പറയുന്നതിന് യോഗ്യമാണ് എന്ന് ഒരു നല്ല കഥപറച്ചിലുകാരന് അറിയാം. ' ഷേക്‌സ്പിയർ ഇക്കഥകൾ സ്വന്തം കുടുംബത്തിലും ഗ്രാമത്തിലും നിന്ന് വാമൊഴിയായി കേട്ടതാവാം, പിന്നീട് ഗ്ലോബ് തിയേറ്റിനുവേണ്ടി ഇവയെല്ലാം പുനഃസൃഷ്ടിക്കപ്പെട്ടതാവാം' എന്നും പറയുന്നു.

ശരിയാണ്, പലവട്ടം പറയാം, ഒരേ ആശയം പലർക്കും തോന്നുകയും ചെയ്യാം. ഓരോ സിനിമ ഇറങ്ങുമ്പോഴും നമ്മുടെ നാട്ടിൽ മോഷണം, മോഷണം എന്ന് മുറവിളി വരാറുണ്ട്. ചിലവ മനഃപൂർവ്വം കോപ്പിയടിക്കുന്നതാവാം, പക്ഷേ എല്ലായ്‌പ്പോഴും അതു മോഷണമാവണമെന്നില്ല എന്നാണ് എന്റെ അഭിപ്രായം. കഴിഞ്ഞ വട്ടം നമ്മുടെ 'യോദ്ധാ'യുമായി അങ്ങേയറ്റം സാമ്യമുള്ള ഒരു സിനിമ കണ്ടിരുന്നു, പേരു മറന്നു, അതു മാത്രമല്ല, പലതും കണ്ടു. പല രാജ്യത്ത് പല കാലത്ത് ജീവിക്കുന്നവർക്ക്, ജീവിച്ചിരുന്നവർക്ക് ഒരേ പോലെ ചിന്തിച്ചു കൂടാ എന്നില്ലല്ലോ.

ഓരോ പിന്നാമ്പുറക്കഥയ്ക്കും പല സ്രോതസ്സുകൾ ഉണ്ടാവാമെന്നും, കഥാകാരനും ശ്രോതാക്കളും മാറുന്നത് അനുസരിച്ച് കഥയും കുറേയൊക്കെ വ്യത്യസ്തമാവാം എന്നും തന്റെ കാര്യമാത്ര പ്രസക്തമായ ചെറു അവതാരികയിൽ പാട്രിക് പറയുന്നുണ്ട്.

ഇതിൽ പറയുന്ന കാര്യങ്ങളെല്ലാം, പുനരാഖ്യാനകാരൻ പറഞ്ഞുവയ്ക്കുന്നവയാണ്. പക്ഷേ കൃത്യമായ പരിഭാഷ അല്ല് എന്നു മാത്രം.

1. ദ ടെയിമ്ംഗ് ഓഫ് ദി ഷ്രൂ.(1592)

'ശുണ്ഠിക്കാരിയെ മെരുക്കൽ' എന്ന നാടകം ഷേക്‌സ്പിയറിന്റെ ആദ്യകാലകൃതികളിലൊന്നാണ്. മുശടൻ സ്വഭാവത്തിന്റെ പേരിൽ ആരും വിവാഹം കഴിക്കാൻ ഇഷ്ടപ്പെടാതിരുന്ന കാതെറീനയുടേയും അവളെ മെരുക്കുന്ന വെല്ലുവിളി ഏറ്റെടുത്ത് വിവാഹം കഴിച്ച് നല്ലവഴിക്കു നടത്തുന്ന പെത്ര്യൂക്യോവിന്റേയും കഥ പറയുന്നു ഈ ശുഭപര്യവസായിയായ നാടകം. വിവാഹം ചെയ്യുന്നത് തുല്യരായവർ തമ്മിൽ വേണമെന്നാണ് ഈ നാടകത്തിന്റെ പ്രധാന സന്ദേശം നമ്മുടെ ആഗ്രഹപൂർത്തികരണത്തിന് കരുണയോടെയുള്ള സമീപനം എത്രമാത്രം ഉതകുമെന്ന് പെത്ര്യൂക്യോ കാതെറീനയ്ക്ക് കാണിച്ചു കൊടുക്കുകയാണ് ഇവിടെ.

ഐറിഷ്, വെൽഷ്, ഇംഗ്ലീഷ് എന്നിങ്ങനെ ഈ കഥയ്ക്ക് പല ഉറവിടങ്ങൾ പറയാമെങ്കിലും ഇവിടെ ആധാരമായി പറയുന്നത് 'ദി ഡെവിൾസ് ബെറ്റ്' (പിശാചിന്റെ പന്തയം) എന്ന കഥയാണ്. പക്ഷേ ഈ കഥയിൽ വെയിൽസിലെ ഗ്വെന്റ് നദിയിലുള്ള 'നിക്കി നിക്കി നൈ' എന്നൊരു പിശാച് പ്രധാന കഥാപാത്രമാണ്.

വിധവയായ അമ്മ ഓമനിച്ചു വളർത്തി നശിപ്പിച്ച വഴക്കാളിയായ നോറയാണ് ഇതിലെ നായിക. അടുത്തൊരു കാട്ടിൽ താമസിച്ചിരുന്ന ജേമിയാണ് ഇതിലെ നായകൻ. ജേമിയുടെ വീട്ടിലെ കിണറ്റിലാണ് നിക്കി നിക്കി നൈ താമസിച്ചിരുന്നത്. നായികയെ കണ്ടുമുട്ടുന്ന നായകൻ അവളെ 'മര്യാദ പഠിപ്പിക്കൽ ' വിവാഹത്തിനു മുമ്പേ തന്നേ തുടങ്ങുന്നു. കുറേശ്ശെ കുറേശ്ശെ ആയി 'തട്ടു' കൊടുത്ത് നോറയെ നന്നാക്കുന്നതിനിടയിൽ പിശാചും പണി തുടങ്ങി. നോറയെ അവിടെ നിന്നു തുരത്തുമെന്ന് പന്തയം വച്ച പിശാചിനോട്, തന്നെ ഓടിക്കാനാവില്ലെന്ന് നോറയും വെല്ലുവിളിച്ചു. പലതും പയറ്റി നോക്കിയ നോറ ഒടുവിൽ തന്റെ നല്ല പാതി ഉപദേശിക്കുന്ന കരുണകൊണ്ട് തന്നെ പിശാചിനെ നേരിട്ടു, ഇത് സഹിക്കാനാകാതെ ദേഷ്യം മൂത്ത് അത് ശ്വാസം വലിച്ചു പിടിച്ചു പിടിച്ച് സ്വയം പൊട്ടിത്തെറിച്ച് ഇല്ലാതാകയും ചെയ്തു. വഴക്കാളിത്തരം എല്ലാം മാറി 'തങ്കക്കമ്പി'യായി മാറിയ നോറ, ജേമീക്കൊപ്പം സസൂഖം ജീവിച്ചു.

2. റോമിയോ ആൻഡ് ജൂലിയറ്റ് (1595)

ഷേക്‌സ്പിയറിന്റെ ആദ്യകാല ദുരന്തനാടകങ്ങളിലൊന്നായ ഇത് എക്കാലത്തേയും കൊണ്ടാടപ്പെട്ട ജനപ്രിയ പ്രണയകഥയാണ്. ഇറ്റലിയിലെ ചെറുനഗരമായ വെറോണയിൽ പരസ്പരശത്രുതയിൽ കഴിഞ്ഞിരുന്ന ഇരുകുടുംബങ്ങളിൽ പെട്ട റോമിയോയും ജൂലിയറ്റും അനുരക്തരാവുന്നതും, പിന്നീട് രഹസ്യമായി വിവാഹിരായ ഇവർ വീട്ടുകാർ മൂലം മരണപ്പെടാൻ ഇടയാകുന്നതുമാണല്ലോ ഈ കഥ.

ഈ ദുരന്തനാടകത്തിന്റെ മൂലകഥകളെന്നു വിശേഷിപ്പിക്കാവുന്നവ മൂന്നെണ്ണമുണ്ട്. പക്ഷേ 1474 ൽ എഴുതപ്പെട്ട, മസ്സൂച്ചോ സലെറിന്റാനോ യുടെ 'ഇല് നൊവെല്ലീനോ' ആണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ടതായി ഗണിച്ചു പോരുന്നത്.  പ്രണയിതാക്കളുടെ കുലനാമം ഉള്ള ആളുകൾ ഇപ്പോഴും വെറോണയിലുണ്ടെന്നതിനാലാവാം, ഇത് നടന്ന കഥയാണെന്ന് പലരും കരുതുന്നു. ജൂലിയറ്റിന്റേതെന്നു കരുതപ്പെടുന്ന വീട് കാണാൻ പലരും വെറോണയിലെത്തുന്നു. റോമിയോ ജൂലിയറ്റിനെ പ്രണയിച്ചതെന്നു കരുതപ്പെടുന്ന മുകൾനിലയിലെ തുറന്ന മുകപ്പ് പോലും ഇപ്പോഴും കാണാം. രണ്ടാം നിലയിലെ മുറിയിലെ നായികയും ഗേറ്റിനു പുറത്ത് നിൽക്കുന്ന നായകനും ഉള്ള 'ആമേൻ' സിനിമയിലെ പ്രണയരംഗങ്ങളാണ് ഇതു വായിച്ചപ്പോഴും പുസ്‌കത്തിലെ മനോഹര കളർ ചിത്രം കണ്ടപ്പോഴും ഓർമ്മ വന്നത്.

'ഹിൽ ഓഫ് റോസസ് ' -റോസാപ്പൂക്കളുടെ കുന്ന്-എന്നു പേരിട്ടിരിക്കുന്ന പ്രണയകഥയാണ് ഈ പുസ്തകത്തിൽ വിവരിച്ചിട്ടുള്ളത്. കുന്നിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലെ ജനങ്ങൾ കടുത്ത ശത്രുതയിലായിരുന്നു. എപ്പോഴും വിജനവമായിരുന്ന ആ കുന്ന് ഇരു ഗ്രാമക്കാരും ശ്മശാനമായി ഉപയോഗിച്ചിരുന്നു താനും. ചിലർ ധൈര്യശാലിയെന്നും മറ്റു ചിലർ ഭ്രാന്തചിത്തനെന്നും വിശേഷിപ്പിച്ച റോമിയൂസ് ഒരു ഗ്രാമത്തിൽ കഴിഞ്ഞിരുന്നു. ശത്രുഗ്രാമത്തിലായിരുന്നു ലോകത്തിലേക്കും വച്ച് ഏറ്റവും സുന്ദരിയായ പെൺകുട്ടി ജൂലിയെറ്റയും അവളുടെ സഹോദരൻ റ്റിബോറ്റും താമസിച്ചിരുന്നത്. 'ആഹാ, ഞാൻ അവളെ കാണും, എന്തായാലും വേഷപ്രച്ഛന്ന വിരുന്നല്ലേ നടക്കാൻ പോകുന്നത്, ' റോമിയൂസ് വീമ്പു പറഞ്ഞു, 'എങ്കിൽ അതൊന്നു കാണട്ടെ ' എന്ന് ചങ്ങാതി ക്വിക്‌സിൽവർ അവനെ എരികയറ്റി.

അങ്ങനെ വേഷം മാറിയ റോമിയൂസ് വിരുന്നിനു പോയി, ജൂലിയെറ്റയുടെ കൈ കവർന്ന് നൃത്തവും വച്ചു, അനുരക്തരുമായി! നൃത്താവസാനത്തിനു മുമ്പ് പിൻവാങ്ങിയ റോമിയൂസിനെ ജൂലിയെറ്റ അനുഗമിച്ചു, ശ്മശാനത്തിലൂടെ ചാടിക്കടന്ന് കുന്നുകയറിപ്പോകുന്ന അവൻ ശത്രു ഗ്രാമക്കാരനെന്ന് മനസ്സിലാക്കിയിട്ടും  പിന്മാറാതെ അവൾ അവനെ വിളിച്ചു, അവൻ ഓടി വന്നു, നിറനിലാവ് സാക്ഷിയാക്കി അവർ നീണ്ടുനിന്ന ചുംബനാലിംഗനത്തിലമർന്നു. പിന്നെ അവർ അവിടെവച്ച് പരസ്പരം കാണാൻ തുടങ്ങി. ഒരു ചുവന്ന റോസാപ്പൂവ് ജൂലിയെറ്റയ്ക്കും വെളുത്ത റോസാപ്പൂവ് റോമിയോവിനും കൈമാറിയാണ് കുന്നിൻപുറത്ത് എത്തും എന്ന സന്ദേശം ഇരുവരും പരസ്പരം എത്തിച്ചിരുന്നത്. തങ്ങളുടെ വിവാഹം വഴി ഇരു ഗ്രാമക്കാരും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാനാവുമെന്നും മോഹിച്ചു.

ഒരു നാൾ, കനത്ത ഹിമപാതമുള്ളൊരു രാത്രി, ജൂലിയറ്റെയെ വീട്ടിൽ കൊണ്ടു ചെന്നാക്കാനും അന്നു രാത്രി അവിടെ തങ്ങാനും തന്നെ അനുവദിക്കണമെന്ന് റോമിയൂസ് അപേക്ഷിച്ചു. പക്ഷേ വിവാഹത്തിനു മുമ്പ് ഒന്നിച്ചു കഴിയാനാവില്ല എന്ന ജൂലിയെറ്റയുടെ നിലപാട് അറിഞ്ഞപ്പോൾ ഉടനേ തന്നെ വിവാഹം നടത്താം എന്ന് അവർ പള്ളിയിലെത്തി, വിവരങ്ങൾ മനസ്സിലാക്കിയപ്പോൾ, ഈ വിവാഹം ഗ്രാമീണരുടെ സ്പർദ്ധ ഇല്ലാതാക്കും എന്നു പ്രത്യാശിച്ച വൈദികൻ കൂദാശ നടത്തിക്കൊടുത്തു. വിവാഹിതരായി അവർ ജൂലിയെറ്റയുടെ മുറിയിൽ രാത്രി കഴിച്ചുകൂട്ടി. അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയം. പിറ്റേന്ന് രാവിലെ റോമിയൂസ് ഇരുചെവിയറിയാതെ സ്വന്തം നാട്ടിലേക്കു മടങ്ങി. ഇരുവരും അന്ന് താന്താങ്ങളുടെ വീട്ടിൽ വിവരം അറിയിക്കാനായിരുന്നു തീരുമാനം. പക്ഷേ സഹോദരിയെ നിരീക്ഷിച്ചിരുന്ന റ്റിബോറ്റ് അവൾക്ക് ശത്രുഗ്രാമത്തിൽ ഒരു പ്രണേതാവുണ്ട് എന്നു മനസ്സിലാക്കിയിരുന്നു.

റ്റിബോറ്റിന്റെ നേതൃത്വത്തിൽ തന്റെ ഗ്രാമം ആക്രമിക്കപ്പെടുന്നതു കണ്ടുകൊണ്ടാണ് റോമിയൂസ് തിരികെയെത്തിയത്. തന്റെ ഭാര്യാസഹോദരനായ റ്റിബോറ്റിനെ വധിക്കാൻ ശ്രമിച്ച ക്വിക്‌സിൽവറിനെ റോമിയൂസ് തടഞ്ഞു, പക്ഷേ രക്ഷപ്പെട്ട റ്റിബോറ്റാവട്ടെ ക്വിക്‌സിൽവറിനെ ആ അവസരമുപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയാണ് ചെയ്തത്. റോമിയൂസ് എല്ലാവരേയും ഒറ്റയ്ക്ക് തുരത്തിയോടിക്ക തന്നെ ചെയ്തു.

തിരികെ വീട്ടിലെത്തിയ റ്റിബോറ്റ്, സഹോദരിയോട് കാര്യങ്ങൾ പറഞ്ഞു. തങ്ങൾ തലേന്നു വിവാഹിതരായെന്നു പറഞ്ഞതൊന്നും ചെവിക്കൊള്ളാതെ താൻ വിളിച്ചുകൊണ്ടുവരുന്ന ആളിനെ ജൂലിയെറ്റ വിവാഹം ചെയ്തിരിക്കും എന്നു റോമിയൂസ് തറപ്പിച്ചു പറഞ്ഞു. ജൂലിയെറ്റ വീണ്ടും വൈദികന്റെ അടുത്ത് അഭയം തേടി. ഇരുവരും ആലോചിച്ച് ജൂലിയെറ്റ ഒരു പ്രത്യേക കഷായം കുടിച്ചു. അതുകുടിച്ചാൽ മൂന്നു ദിവസത്തേക്ക് മരിച്ചതുപോലെ കിടക്കും, പക്ഷേ യഥാർത്ഥത്തിൽ മരിച്ചിട്ടുണ്ടാവുകയുമില്ല. ജൂലിയെറ്റയുടെ സംസ്‌ക്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്ന സമയം മുഴുവൻ വൈദികൻ സമാധാനം സ്ഥാപിക്കുന്നതിനായി റ്റിബോറ്റയോടു കെഞ്ചി. പക്ഷേ, വൃഥാവിലായി ആ കെഞ്ചൽ.

സംസ്‌ക്കാരം കഴിഞ്ഞയുടൻ തന്റെ സഹോദരി ഹൃദയം പൊട്ടി മരിക്കുന്നതിനു കാരണക്കാരനായി റോമിയൂസിനെ കൊല്ലുമെന്നായിരുന്നു റ്റിബോറ്റിന്റെ തീരുമാനം. നിവൃത്തിയില്ലാതെ പള്ളി അങ്കണത്തിൽ നിന്ന് ഒരു വെളുത്ത റോസാപ്പൂവ് പറിച്ച് അതിൽ ജൂലിയെറ്റ മരിച്ചിട്ടില്ലെന്നും അവളെ അവളുടെ ശവകുടീരത്തിൽ സന്ദർശിക്കണമെന്നും എഴുതിയ ഒരു കുറിമാനം വച്ച് റോമിയൂസിന് സന്ദേശം എത്തിച്ചു. ആ രാത്രി റോമിയൂസ് ശവകുടീരത്തിലെത്തി, പക്ഷേ അവിടെ റ്റിബോറ്റ് കാവൽ നിന്നിരുന്നു. റ്റിബോറ്റിന്റെ വെട്ടേറ്റ് റോമിയൂസ് മരണപ്പെട്ടു. ഉണർന്നെഴുന്നേറ്റ ജൂലിയെറ്റ പ്രേതമാണോ ആത്മാവാണോ എന്നറിയാത്ത റ്റിബോറ്റ് ഭയന്ന് ക്ഷമ ചോദിച്ചു. ഇരു ഗ്രാമക്കാരുടേയും ഇടയിൽ സമാധാനം വരുത്തണം എന്ന ആവശ്യം അയാൾ അംഗീകരിച്ചു, ജൂലിയെറ്റയുടെ ശവകുടീരത്തിൽ റോമിയൂസിനെ സംസ്‌ക്കരിച്ചു. എല്ലാവരുടേയും യാചന നിരസിച്ച് ജൂലിയെറ്റ ശവകുടീരത്തിൽ തന്നെ താമസമാക്കി. അവൾ അവിടം ഒരു പുണ്യസ്ഥലമാക്കി അവിടെ സന്യാസിനിയെപ്പോലെ കഴിഞ്ഞു. ഏറെ നാൾ കഴിയും മുമ്പ് ജൂലിയെറ്റയും മരിച്ചു, അവളെ അതേ ശവകുടീരത്തിൽ തന്നെ അടക്കുകയും ചെയ്തു.

കഥ പറഞ്ഞു കേട്ട് ധാരാളം പേർ, പ്രത്യേകിച്ചും പ്രണയം കൊണ്ടു മുറിവേറ്റവർ, അവിടം സന്ദർശിക്കാനെത്തി. പോകെപ്പോകെ അത് ഒരു പ്രണയസ്മാരകമായി മാറി. ഗ്രാമീണർ കുന്നു മുഴുവൻ റോസാച്ചെടികൾ നട്ടുപിടിപ്പിച്ചു. ഒരു വശം മുഴുവനും ചുവപ്പ്, മറുവശം മുഴുവനും വെള്ള. വൈരാഗ്യത്തിന്റെ വില ഓർമ്മിപ്പിച്ച് ഇന്നും അവിടെ റോസാപ്പൂക്കൾ പൂത്തുലഞ്ഞു നിൽക്കുന്നു.

Thursday, February 18, 2016

മഹേഷിന്റെ പ്രതികാരം

"ഈ ലോകത്ത് ഏതപമാനവും മര്‍മ്മദാഹകമാണ്. പ്രതികാരത്തിന്റെ ഉല്ലാസംകൊണ്ടേ സാധാരണക്കാരന് ആ തീ കെടുത്താനാകൂ. തന്റെ ഉള്ളില്‍ ജ്വലിക്കുന്ന അപമാനാഗ്നിയില്‍ എതിരാളിയെ ദഹിപ്പിച്ചാലേ അവനു തൃപ്തി കൈവരൂ. മഹാന്മാരുടെ കാര്യം വേറേ. അപമാനാഗ്നിയെ അവര്‍ ക്ഷമയുടെ ശാന്തിദായകമായ ജലധാരകൊണ്ടു മൂടി കെടുത്തിക്കളയും." താരാശങ്കര്‍ ബന്ദോപാദ്ധ്യായയുടെ ആരോഗ്യനികേതനത്തിലെ വരികളാണിവ. അതെ, കടുത്ത അപമാനബോധം ഉളവാക്കുന്ന സങ്കടത്തിന്റേയും നിസ്സഹായതയുടേയും ബൈപ്രോഡക്ട് ആണ് പ്രതികാരചിന്ത. 

പ്രതികാരചിന്തകള്‍ എന്നില്‍ ഇപ്പോള്‍ ഉണര്‍ത്തിവിട്ടത് 'മഹേഷിന്റെ പ്രതികാരം ' എന്ന സുന്ദര സിനിമയാണ്. ആരെയും ഉപദ്രവിക്കാത്ത ഒരു സാധുവായിരുന്നു മഹേഷ്, പക്ഷേ 'ക്ഷമയുടെ ശാന്തിദായകമായ ജലധാരകൊണ്ടു അപമാനാഗ്നിയെ മൂടി കെടുത്തിക്കളയാന്‍' ആയില്ല മഹേഷിന്. കാരണം ആ യുവാവ് മഹാനല്ലാത്ത, തികച്ചും സാധാരണക്കാരന്‍ മാത്രമായിരുന്നുവല്ലോ.

മധുരപ്രതികാരമാണ് എന്നും എനിക്കിഷ്ടം. കുറേ അടിയും ഇടിയും കൊണ്ടും കൊടുത്തും തന്റെ പ്രതികാരപ്രതിജ്ഞ നിറവേറ്റിയെങ്കിലും അവസാനം വില്ലന്റെ പെങ്ങളെ പ്രണയിച്ചു ജീവിതസഖിയാക്കി അതൊരു മധുരപ്രതികാരമാക്കി മാറ്റി മഹേഷ്. അല്ലെങ്കിലും പ്രണയത്തിലും യുദ്ധത്തിലും പാടില്ലാത്തത് ഒന്നും ഇല്ലല്ലോ.  

ചാനലുകള്‍ വന്നതില്‍പ്പിന്നെ സിനിമയും സീരിയലും നമ്മുടെ നിത്യജീവിതഭാഗമാണ്. എന്തെങ്കിലും കാര്യം വിശദീകരിക്കേണ്ടി വരുമ്പോള്‍ ഇന്ന സിനിമ പോലെ എന്നു പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് എളുപ്പം കാര്യം മനസ്സിലാകുന്നു. അങ്ങനെ പറയുന്നത്, വ്യക്തമാക്കാനുള്ള കഴിവുകുറവുകൊണ്ടാണ് എന്ന് വെള്ളെഴുത്ത് പണ്ടെന്നോ പറഞ്ഞുവച്ചിട്ടുണ്ടെങ്കിലും. ആ സ്വാധീനം ഈ സിനിമയിലെ ഡയലോഗുകളില്‍ ധാരാളമായി, വളരെ രസകരമായി ആദ്യന്തം വാരിവിതറിയിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഈ സിനിമയില്‍ വളരെ ശക്തമായ അസന്നിഹിതസാന്നിദ്ധ്യങ്ങളാണ്. അതേപോലെ 'ചന്ദനമഴ' സീരിയല്‍, കിരീടം സിനിമ, എന്തിനേറെ ശ്വാസകോശ പരസ്യം വരെ ഉണ്ട്. അതെല്ലാം അങ്ങേയറ്റം സ്വാഭാവികതയോടെ അവതരിപ്പിച്ചിരിക്കുന്നു എന്നതിലാണ് കാര്യം. തുടക്കം തന്നെ നരസിംഹം സിനിമയിലാണല്ലോ. 'ബെസ്റ്റ് ' 'ഡിങ്കോള്‍ഫി ' തുടങ്ങിയ പ്രയോഗങ്ങളും മറ്റും ഇപ്പോള്‍ മലയാളികളുടെ സാധാരണ വാക്കുകളാണ് എന്നും മനസ്സിലാകുന്നു.    

ക്രിസ്പിനെ കണ്ടപ്പോള്‍ ജനം കയ്യടിച്ചത് എന്തെന്ന് സിനിമ കണ്ടപ്പോള്‍ മനസ്സിലായി. അധികമൊന്നും വായിക്കാതെ പോയതുകൊണ്ട് സൗബിന്‍ എന്നു ഞാന്‍ കേട്ടിട്ടുണ്ടായിരുന്നില്ല. അഭിനയമല്ല, കെങ്കേമമായ ഡയലോഗ് ഡെലിവറി,അതിനൊത്ത ശരീരഭാഷ ഇവയാണ് സൗബിന്റെ പ്രത്യേകത എന്നാണ് എന്റെ മതം. 

ഇതിലെ യഥാര്‍ത്ഥ താരം തിരക്കഥയാണ്. സിനിമയും അതിലെ ഓരോ സീനും ഫ്രെയിമും മനസ്സില്‍ കണ്ടു കണ്ടു വേണമല്ലോ ഇത്തരം 'കഥയില്ലാതിരക്കഥ' മെനയുവാന്‍. അതൊരു കഴിവു തന്നെയാണ്. നെല്ലിക്ക-ജനഗണമന സീന്‍ തന്നെ ഒന്നാന്തരം ഉദാഹരണം. മഹേഷിന്റെ പ്രകാശ്‌സിറ്റിയേക്കാള്‍ കുഗ്രാമമായ എന്റെ നാട്ടില്‍ രാത്രിക്ക് പാറപ്പുറത്തുള്ള കപ്പവാട്ട് ഒന്നും  ഇപ്പോള്‍ കാണാന്‍ സാദ്ധ്യതയില്ല. അതേപോലെ ആ ചെരുപ്പ് തേച്ചുകഴുകല്‍. ചെറുപ്പക്കാരനായ ശ്യാം പുഷ്‌കരന്‍ എങ്ങനെ ഈ അന്യംനിന്നുപോയ ഗ്രാമശീലങ്ങള്‍ ഇത്ര തനിമയോടെ കോപ്പി പേസ്റ്റ് ചെയ്തു? അതോ അത്തരം ഗ്രാമങ്ങള്‍ ഇപ്പോഴും കേരളത്തില്‍ ഉണ്ടാവുമോ? എനിവേ, വെല്‍ഡണ്‍ ശ്യാം പുഷ്‌കരന്‍. യൂ ഡിസേര്‍വ് ക്രെഡിറ്റ്. ഇനിയും ഇത്തരം മണ്ണിന്റെ മണമുള്ള തിരക്കഥകള്‍ രൂപപ്പെടട്ടെ താങ്കളുടെ കീബോര്‍ഡില്‍ നിന്നും.

വളരെ കുറച്ച് സീനുകളില്‍ മാത്രം ഉള്ള, ഇ.എം.എസ് ന്റെ കൊച്ചുമകന്‍ എന്ന ഹാലോയും കൂടി വഹിക്കുന്ന സുജിത്തിന്റെ വില്ലന്‍ കഥാപാത്രത്തിനും ഉണ്ട് പുതുമ. കൊടുക്കുന്നവനും കൊള്ളുന്നവനും തമ്മില്‍ വിരോധമൊന്നുമില്ല. പിന്നെ ആ അടി സീന്‍. അതു കണ്ടപ്പോള്‍ ചിലടത്തൊക്കെ മനഃപൂര്‍വ്വം നായകനെ ജയിപ്പിക്കാന്‍ വേണ്ടി വില്ലന്‍ വിട്ടുകൊടുക്കുന്നതായി തോന്നിയിരുന്നു. മലയടിവാരത്തില്‍ തല്ലിനു തെരഞ്ഞെടുത്ത ഗോദയും കൊള്ളാം.

രക്തദാനം പോലുള്ള മഹത്ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പണ്ടൊക്കെ എഴുത്തും പ്രസംഗവും ആയിരുന്നു വഴി. പിന്നെ ശാസ്ത്രസാങ്കേതിക പരിഷത്തിന്റെയും തനതു നാടകവേദികളുടേയും തെരുവുനാടകങ്ങളായി. എളുപ്പം ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു അവര്‍. ബസ്സ്റ്റാന്‍ഡില്‍ വച്ചുള്ള അടിപൊളി നൃത്തസീന്‍ കണ്ട് ഇതിലെന്താണാവോ ഒരു ചേരാത്ത നൃത്തരംഗം എന്ന് അന്തം വിട്ടിരിക്കുമ്പോള്‍ അതാ അവസാനം ഉയര്‍ത്തുന്നു രക്തദാന ബാനര്‍. അതെ, ഇതാണ് കാലോചിതം. ആ നൃത്തം റൊമ്പം പിടിച്ചു. അതുകണ്ട് ഡബ്‌സ്മാഷ് എന്നു ചെറുപ്പക്കാരന്‍ പറയുമ്പോള്‍ കുഞ്ഞിപ്പയ്യന്‍ ഫഌഷ്‌പ്രൊ(?) എന്നോ മറ്റോ തിരുത്തുന്നുമുണ്ട്. 

ജിംസി, സോണിയ തുടങ്ങിയ ചുണയുള്ള പെണ്‍കുട്ടികഥാപാത്രങ്ങളോട് നല്ല മമത തോന്നി. പ്രായേണ അടക്കഒതുക്കക്കാരിയായ സൗമ്യ കാനഡക്കാരനെ കണ്ടപ്പോള്‍ 'കുമ്പിളപ്പം തിന്ന് നടന്നാല്‍ പോരാ , ലോകം ചുറ്റി കാണണം' എന്ന് അങ്ങ് കൂളായി തീരുമാനിക്കുന്നു. അതേസമയം കൂടുതല്‍ മോഡേണ്‍ ആയ ജിംസി, കാര്യങ്ങളെല്ലാം വിശദമായി അന്വേഷിച്ച് നായകനെ അങ്ങു പ്രണയിക്കുകയാണ്. ക്രിസ്പിനും സോണിയയും പരസ്പരം  'ഡിങ്കോള്‍ഫി' ഒന്നുമില്ലാത്ത നല്ല ചങ്ങാതിമാര്‍ മാത്രമാണെന്നും  ക്രിസ്പിന്‍ മധുരമായി സോണിയയുടെ അപ്പന്‍ ബേബിച്ചേട്ടനെ മനസ്സിലാക്കിക്കുന്നുണ്ട്.

ചെറിയ സീനുകളില്‍ മാത്രം വരുന്ന കഥാപാത്രങ്ങള്‍ പോലും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകതയായി തോന്നുന്നത്. ജനഗണമന സീന്‍, ജിംസിയുടെ അമ്മ, അമേരിക്കക്കാരനും ഭാര്യയും, താഹിര്‍, മഹേഷിന്റെ അപ്പന്‍, സൗമ്യയുടെ അപ്പനമ്മമാര്‍ എല്ലാവരും എത്ര ഭംഗിയായി അവരവരുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയിരിക്കുന്നു. സൗമ്യയുടെ അപ്പന്റെ കുറിക്കു കൊള്ളുന്ന സംഭാഷണങ്ങള്‍ എടുത്തുപറയേണ്ടവയാണ്. മഹേഷും ബേബിച്ചേട്ടനും ക്രിസ്പിനും നായകന്മാരാണ് എന്നും പറയാം. നിറഞ്ഞാടുന്ന നായക കഥാപാത്രത്തിനു മുന്നില്‍ നിഷ്പ്രഭമാകുന്ന മറ്റു കഥാപാത്രങ്ങളെ കണ്ട് കണ്ട് മടുത്ത നമുക്ക് ഈ മാറ്റം തികച്ചും ആസ്വാദ്യകരമായി തോന്നും. ഇതാണ് ശ്യാം പുഷ്‌കരന്റെ കഴിവ്.

ഇനി മറ്റു ചില പ്രതികാരങ്ങള്‍ കൂടി. 'കമ്യൂണിസ്റ്റ്കാരനാണ് ' എന്നു പറഞ്ഞ് എന്റെ അച്ഛന് പിജി ക്ക് അഡ്മിഷന്‍ നിഷേധിച്ചു തിരു.കോളേജിലെ അന്നത്തെ പ്രശസ്തനായ പ്രിന്‍സിപ്പല്‍. 'ഞാന്‍ എം.എ എടുത്തിട്ട് സാറിനെ വന്നു കാണും ' എന്ന് ബഹുമാനപൂര്‍വ്വം പറഞ്ഞാണ് അച്ഛന്‍ മുറിക്കു പുറത്തിറങ്ങിയത്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പ്രശസ്തവിജയം നേടിയതിനു ശേഷം സര്‍ട്ടിഫിക്കറ്റുമായി തിരിച്ചുചെന്ന് സാറിനെ കണ്ടു അച്ഛന്‍. അന്നുമുതല്‍ അവരിവരും വളരെ അടുപ്പത്തിലുമായി. പരസ്പരവിരോധമില്ലാത്ത മധുരപ്രതികാരം. അവരിവരും ഇന്ന് ഇല്ല.

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ എഴുതിയ ഒരു കഥയുടെ പേരും പ്രതികാരം എന്നായിരുന്നു. പ്രിയ കഥാകാരന്‍ കാരൂരിന്റെ കുട്ടിക്കഥകള്‍ വായിച്ച് കിട്ടിയിരുന്ന ആവേശവും, പറഞ്ഞുകേട്ടിരുന്ന ഏതൊക്കെയോ അനുഭവകഥകളും പിന്നെ നുറുങ്ങു ഭാവനയും ചേര്‍ത്ത് എഴുതിയ മധുരപ്രതികാരകഥ തന്നെയായിരുന്നു അതും.

ഏതോ ഒരു സിനിമയില്‍ വാണി വിശ്വനാഥിന്റെ നായികകഥാപാത്രത്തിന്റെ ഒരു ഡയലോഗുണ്ട്-ജീവച്ഛവമായ ഈ മനുഷ്യനോട് (അച്ഛനായിരിക്കാം) എന്തു പ്രതികാരം ചെയ്യാന്‍  എന്നോ മറ്റോ ആയിരുന്നു ആശയം. അതെ, ചിലരെ കാലം തന്നെ ശിക്ഷിക്കും (ഇക്കാലത്ത് പക്ഷേ അങ്ങനെയില്ല എന്ന് എന്റെ നിരീക്ഷണം). അപ്പോഴേയ്ക്കും പ്രതികാരാഗ്നി കെട്ടിട്ടുമുണ്ടാകും. ഏതാണ്ട് ഇതേ പോലെ ഒരവസ്ഥ ഞാനും നേരിട്ടുട്ടുണ്ട്. എന്റെ അച്ഛനമ്മമാരോട് കടുത്ത ദ്രോഹം ചെയ്ത-ഞങ്ങളുടെ ദൃഷ്ടിയില്‍-ഒരു ബന്ധുവിനെ രോഗം പിടിച്ച് കിടപ്പിലായപ്പോള്‍ കാണാന്‍ പോയി. ആ കിടപ്പ് കണ്ടപ്പോള്‍ ദേഷ്യത്തിന്റേയോ പ്രതികാരമോഹത്തിന്റേയോ ലാഞ്ഛന പോലും തോന്നിയില്ലെന്നതാണ് സത്യം. സഹതാപം, അതുമാത്രമായിരുന്നു ഒരേ ഒരു വികാരം. അല്ലെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം എന്തു പ്രതികാരം? കാലം ഊതിക്കെടുത്തില്ലേ മനസ്സിലെ പ്രതികാരസ്ഫുലിംഗങ്ങള്‍? ആറിയ കഞ്ഞി പഴങ്കഞ്ഞി!


 

Sunday, January 24, 2016

ആയുര്‍വേദം-അലോപ്പതി

           

താരാശങ്കര്‍ ബന്ദോപാദ്ധ്യായയുടെ 'ആരോഗ്യനികേതനം 'വായനയുടെ വെളിച്ചത്തില്‍ ചില ആരോഗ്യചിന്തകള്‍ പങ്കുവയ്ക്കട്ടെ. 62 വര്‍ഷം മുമ്പെഴുതിയ നോവല്‍ ഇന്നും എത്ര പ്രസക്തം!

ഒരു ഡോക്ടര്‍സുഹൃത്ത്, സംഭാഷണമദ്ധ്യേ ഒരിക്കല്‍ പറഞ്ഞു, 'There's only one form of medicine, that's  modern medicine ' എന്ന്. കടുത്ത വിയോജിപ്പുണ്ടായിരുന്നു ആ പ്രസ്താവനയോട് എങ്കിലും അലോപ്പതിയെ മാത്രം ഉപാസിച്ചിരുന്ന സുഹൃത്തിനോട് തിരിച്ച് തര്‍ക്കിക്കാനൊന്നും പോയില്ല. അല്ലെങ്കിലും അഭ്യസ്തവിദ്യരായ കടംപിടുത്തക്കാരോട് ചര്‍ച്ചയ്ക്കു പുറപ്പെടുന്നത് മണ്ടത്തരമാണെന്ന് അനുഭവങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. അവരുടെ മനസ്സുകളുടെ വാതായനങ്ങള്‍ അവര്‍ വിശ്വസിക്കുന്ന ദിശയിലേക്കു മാത്രമേ മിയ്ക്കപേരും തുറന്നിടുകയുള്ളു. മറ്റിടങ്ങള്‍ എന്താണെന്നു നോക്കാന്‍ പോലും അവര്‍ മെനക്കെടാറില്ല.

ഞാന്‍ ഒരു അലോപ്പതി വൈരിയല്ല, ഇതര വൈദ്യരീതികളുടെ കടുത്ത ആരാധികയുമല്ല. വായിച്ച്, കേട്ട്, അതേക്കാളേറെ അനുഭവിച്ച് മനസ്സിലാക്കുന്നവ സത്യം, എല്ലാം പരസ്പരപൂരകങ്ങള്‍, അതേയുള്ളു എന്റെ തത്വം.

പുസ്തകത്തിലേക്ക് പോകാം. നാട്ടുവൈദ്യനായിരുന്നു ദീനബന്ധു. 'ധോത്തി മാത്രം ഉടുത്ത്, കാലില്‍ ചെരുപ്പു ധരിച്ച്, മാറിടം തുറന്നിട്ടുകൊണ്ട് ' ഗ്രാമങ്ങളായ ഗ്രാമങ്ങളിലെല്ലാം ചുറ്റി നടന്നു രോഗികളെ കണ്ടുപിടിച്ചു പരിചരിച്ച, ടിന്‍ കണക്കിനു തേന്‍-(തേന്‍ വളരെ നല്ല ഒരു റെഗുലേറ്റിംഗ് ഏജന്റാണ് എന്ന് ഒരു ആയുര്‍വേദ ഡോക്ടര്‍ പറഞ്ഞത് ഓര്‍ക്കുന്നു) ശേഖരിച്ച് കുട്ടികള്‍ക്കു നല്‍കിയിരുന്ന, ദീനബന്ധുദത്തയെ ആണ് ആദ്യം നാട്ടുകാര്‍ 'മശായ്'(മഹാന്‍) എന്നു വിളിച്ചത്. ഗ്രന്ഥകാരന്‍ കോറിയിട്ട വാങ്മയചിത്രം എന്റെ മനസ്സില്‍ തെളിയിച്ചത് നമ്മള്‍ കണ്ടുപരിചയിച്ച ഗാന്ധിജിച്ചിത്രമാണ്.

സന്യാസിമാരെ പരിചരിച്ചും സന്തോഷിപ്പിച്ചും പിന്നെ ജിപ്‌സികളില്‍ നിന്നും ഫക്കീര്‍മാരില്‍ നിന്നും എല്ലാം ആണ് അദ്ദേഹം 'വിസ്മയകരമാംവിധം പ്രയോജനപ്രദമായ ചികിത്സാരീതി'കള്‍ സ്വായത്തമാക്കിയത്. ദീനബന്ധുവിന്റെ പുത്രന്‍ ജഗദ്ബന്ധുവാകട്ടെ, പിതൃസ്വത്തായി കിട്ടിയ നാട്ടുവൈദ്യം ആയുര്‍വേദവും കൂടി പഠിച്ച് കൂടുതല്‍ സ്ഫുടം ചെയതെടുത്ത് ജനങ്ങള്‍ക്കു രോഗമുക്തി വരുത്തി. ജഗദ്ബന്ധുവിന്റെ മകന്‍, ജീവന്‍ മശായ് ആയുര്‍വേദത്തിനും നാഡീവിദ്യയ്ക്കും പുറമേ അലോപ്പതി കൂടി വശമാക്കി.

ജീവന്‍ മശായ്‌യും ഗോഷ്ഠ കര്‍മ്മകാറും സമകാലീനരായിരുന്നു. രഘുവര്‍ഭാരതി എന്ന മഹായോഗി ഗോഷ്ഠയ്ക്കു അനേകം മരുന്നുകള്‍ പറഞ്ഞുകൊടുത്തിരുന്നു. മശായ് പല രോഗികളെയും അങ്ങോട്ടയയച്ചു, വിശേഷിച്ചും 'ഈരണ്ടു ദിവസം കൂടുമ്പോള്‍ പനി വരുന്ന രോഗികളെ.' ക്വയിനാ ഇന്‍ജക്ഷന്‍ അടക്കം ഒന്നിനും കീഴ്‌പ്പെടാത്ത ഈ പനി പക്ഷേ രഘുവര്‍ഭരാതിയുടെ മരുന്നു കഴിച്ചാല്‍ ഒരു ദിവസംകൊണ്ടു നില്‍ക്കും. 'പനി വരുന്ന ദിവസം, മഞ്ഞള്‍ പുരട്ടിയ ഒരു തുണി, വെള്ളത്തില്‍ വളരുന്ന ഒരു ചെടിയുടെ ഇല ഇടിച്ചുപിഴിഞ്ഞു നീരില്‍ മുക്കി രോഗിയെ മണപ്പിക്കും. അതുമതി പനി പോകാന്‍. പോകാതെ പറ്റില്ല. അത്ഭുതകരമായ ഔഷധരഹസ്യം! ' ഈ ചികിത്സാരീതി ജീവന്‍ മശായ് കൂടി പഠിക്കണമെന്ന് ഗോഷ്ഠയും മകന്‍ മോത്തിയും ആഗ്രഹിച്ചെങ്കിലും, 'ഡോക്ടര്‍ രീതി പഠിച്ചാല്‍ പിന്നെ ശാസ്ത്രീയമായി ഗുണമറിയാത്ത മരുന്നുകളൊന്നും പ്രയോഗിക്കരുത് ' എന്ന ഗുരുവചനപ്രകാരം, മശായ് അതു ചെയ്തില്ല, ആഗ്രഹമുണ്ടായിരുന്നിട്ടുകൂടി.

എന്നാലും അത് ഏതു ചെടിയാണെന്നു കൂടി പറഞ്ഞില്ലല്ലോ എന്നു സങ്കടപ്പെടുന്നു ഞാന്‍. മഞ്ഞപ്പിത്തത്തിന് കീഴാര്‍നെല്ലി ഒറ്റമൂലി പ്രയോഗം എന്നതു പോലെയുള്ള നാട്ടുവൈദ്യം ശരിയായി പ്രയോഗിക്കാന്‍ അറിവുള്ളവര്‍ ഇന്ന് കുറ്റിയറ്റുപോയില്ലേ എന്ന് ശരിക്കും വിഷമമുണ്ട്. മുറിവൈദ്യന്മാരേയും ശരിയായ നാട്ടുവൈദ്യര്‍മാരേയും തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് ഉള്ളവരെ നമ്പാനും പറ്റില്ല. 'ശതമാരിഭവേദ് വൈദ്യഃ സഹസ്രമാരീചികിത്സകഃ' നൂറു കണക്കിനു രോഗികളെ കഷ്ടപ്പെടുത്തി സ്വയം പഠിച്ചാവും മുറിവൈദ്യന്മാര്‍ ആയിരക്കണക്കിനു രോഗികളെ രക്ഷപ്പെടുത്തുക . മലമ്പനി പടര്‍ന്നു പിടിച്ച് ചികിത്സകര്‍ തികയാതായപ്പോള്‍ മുറിവൈദ്യന്മാര്‍ ചികിത്സിച്ചതിനെ പറ്റിയാണ് ഈ പ്രസ്താവം.

നാട്ടുവൈദ്യത്തില്‍ നിന്ന് ആയുര്‍വേദത്തിലേക്കു വരാം. 'ആയുര്‍വ്വേദം-പഞ്ചമവേദം. ചതുര്‍വേദങ്ങളെപ്പോലെ പ്രജാപതിയുടെ സ്വയംകൃതിയാണ് ഇതും. ദേവഭാഷയില്‍ കല്‍പ്പിക്കപ്പെട്ടതും എഴുതപ്പെട്ടതും.' ആയുര്‍വേദോത്പത്തിയെ കുറിച്ച് പല കഥകളുണ്ട്. പാലാഴി കടഞ്ഞപ്പോള്‍ ധന്വന്തരിദേവന്‍ അമൃതകുംഭവുമായി പൊങ്ങി വന്ന കഥ നമുക്കറിയാം. ജഗദ്ബന്ധു മകന് പറഞ്ഞുകൊടുക്കുന്ന പാഠഭേദം ഇങ്ങനെ.

'ബ്രഹ്മാവിന്റെ കുടിലദൃഷ്ടിയില്‍ നിന്ന് മൃത്യു സൃഷ്ടിക്കപ്പെട്ടു. ഇതേ ബ്രഹ്മാവിന്റെ തന്നെ പ്രസന്നദൃഷ്ടിയില്‍ നിന്ന് ഔഷധങ്ങളും.' ബ്രഹ്മാവ് ഈ ശാസ്ത്രം പ്രജാപതിദക്ഷനും ദക്ഷന്‍ അശ്വനികുമാരന്മാര്‍ക്കും, ഇവര്‍ ഇന്ദ്രനും, ഇന്ദ്രന്‍ ഭരദ്വാജനും ധന്വന്തരിക്കും യഥാക്രമം ഇത് പകര്‍ന്നു നല്‍കി.  'ഇവിടെ ആയുര്‍വേദം രണ്ടായി വിഭജിക്കപ്പെടുന്നു. ശസ്ത്രക്രിയാചികിത്സയുടെ ഭാഗം ധന്വന്തരിക്കു കിട്ടി.'പിന്നീട് പുനര്‍വസു, ആത്രേയ, അവര്‍ക്കു ശേഷം അഗ്നിവേശസംഹിത രചിച്ച ആചാര്യ അഗ്നിവേശന്‍. ഈ ഗ്രന്ഥത്തില്‍ നിന്നേ്രത ഇന്ന് അറിയപ്പെടുന്ന ചരകസംഹിതയുടെ ഉത്ഭവം. 'പഞ്ചനദിപ്രദേശത്തെ മനീഷിയായ ചരകന്‍ ഈ സംഹിത നവീകരിച്ചു. ചിരഞ്ജീവിയേ്രത ചരകന്‍.'ചരകസംഹിത നമുക്കു കേട്ടു സുപരിചിതം. അതേപോലെ ശുശ്രുതനും ഉണ്ടെങ്കിലും ഇവിടെ അതെ കുറിച്ചു പറയുന്നില്ല.

രോഗനിര്‍ണ്ണയം എങ്ങനെ എന്ന് ജഗദ്ബന്ധു മകന് പറഞ്ഞുകൊടുക്കുന്നുണ്ട്. 'രോഗം നിര്‍ണ്ണയിക്കാന്‍ ആദ്യം എല്ലാവിവരങ്ങളും ശേഖരിക്കണം. പിന്നെ രോഗിയുടെ മുറിയില്‍ കടന്ന് അവിടുത്തെ ഗന്ധം ശ്രദ്ധിക്കണം. പിന്നെ രോഗിയുടെ വിഷമങ്ങള്‍ ചോദിച്ചറിയണം. അതില്‍നിന്നു ലക്ഷണങ്ങള്‍ മനസ്സിലാക്കാം. പ്രത്യക്ഷപരിശോധനകളില്‍ പ്രഥമവും പ്രധാനവുമായത് നാഡീപരിശോധനയാണ്. പിന്നെയാണ് ജിഹ്വാഗ്രം, മൂക്ക് തുടങ്ങിയവ. അതിനുശേഷം വയറു തൊട്ടുനോക്കണം. ആദ്യം നാഡി തന്നെ. ' ദിവസം ഒ.പിയില്‍ നൂറില്‍പരം പേരെയാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ക്കു നോക്കേണ്ടി വരുന്നത്. അതിനിടയില്‍ വിശദമായ പരിശോധനയ്ക്ക് നേരമെവിടെ?

നാഡീചികിത്സകര്‍ക്ക് 'രോഗനിര്‍ണ്ണയത്തില്‍ തെറ്റു പറ്റില്ല. ഔഷധം തെരഞ്ഞെടുക്കുന്നതിലും പിഴവരില്ല. മൃത്യു എത്രകണ്ട് അമോഘമാണോ അത്രതന്നെ അമോഘമാണ് പഞ്ചമവേദമായ ആയുര്‍വ്വേദത്തിന്റെ കര്‍ത്താവ്-ബ്രഹ്മാവ്- സൃഷ്ടിച്ച ഔഷധങ്ങളുടേയും ഔഷധികളുടേയും ശക്തിയും.' എന്തൊരു തികഞ്ഞ ആത്മവിശ്വാസം! ഇന്ന് ഈ വിദ്യ അറിയാവുന്ന ആയുര്‍വേദഡോക്ടര്‍മാര്‍ ഉണ്ടാകുമോ?  ഉണ്ടെങ്കില്‍ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്.

അലോപ്പതി ഡോക്ടര്‍ രംഗലാല്‍ ആയുര്‍വേദ-അലോപ്പതി താരതമ്യം നടത്തുന്നുണ്ട്.  'ഈ ശാസ്ത്രം കാലത്തിനൊപ്പം വളര്‍ന്നിട്ടില്ല. ഈ ശാസ്ത്രം ഉണ്ടായപ്പോഴും ഉച്ചസ്ഥിതി പ്രാപിച്ചപ്പോഴും കെമിസ്ട്രി ഇത്ര വളര്‍ച്ച നേടിയിരുന്നില്ല. അതുകൂടാതെ വേറേയും അനേകകാര്യങ്ങള്‍ കണ്ടുപിടിച്ചിരുന്നില്ല. അതിനുശേഷം എത്രയെത്ര നാട്ടില്‍ നിന്ന് എത്രയെത്ര ആളുകള്‍ നമ്മുടെ നാട്ടില്‍ വന്നു.? അവരോടൊപ്പം അവരുടെ നാട്ടിലെ രോഗങ്ങളും ഇവിടെ വന്നു. അതുമാത്രമല്ല ആയുര്‍വേദം ലക്ഷണങ്ങളും ഊഹങ്ങളും കൊണ്ടു നിര്‍ത്തിയപ്പോള്‍, ഇംഗ്ലീഷ് ചികിത്സാവിദ്യ മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ ജീവാണുക്കളെ കണ്ടുപിടിച്ച് അതില്‍നിന്നൊക്കെ വളരെയേറെ മുമ്പോട്ടു പോയിട്ടുണ്ട്.'

ഇന്നും പ്രസക്തമായ, വളരെ കാതലായ ഒരു കാര്യമാണ് ആ പറഞ്ഞിരിക്കുന്നത്. രോഗനിര്‍ണ്ണയത്തിന് അലോപ്പതിയോളം വരില്ല മറ്റൊന്നും. മോഡേണ്‍ മെഡിസിന്‍ നിരന്തരമായി ഗവേഷണത്തിലേര്‍പ്പിട്ടിരിക്കുമ്പോഴും-അവ എത്രമാത്രം ഇന്‍ഡ്യയില്‍ നടക്കുന്നു എന്ന് അറിയില്ല-നമ്മുടെ തനതു വൈദ്യമായ ആയുര്‍വേദത്തില്‍ കാര്യമായി എന്തെങ്കിലും റിസേര്‍ച്ച് നടക്കുന്നുണ്ടെന്നു തോന്നുന്നില്ല. ആയുര്‍വേദ-റിസേര്‍ച്ച് സെന്ററുകള്‍ എന്ന് പേരിട്ടുട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് വാങ്ങിക്കുക എന്നതിനപ്പുറം ജനോപകാരപ്രദമായ എന്തെങ്കിലും ഔട്ട്പുട്ട് വന്നതായി വായിച്ചു കേട്ടിട്ടില്ല. ഇത് തെറ്റാണെങ്കില്‍ അറിവുള്ളവര്‍ക്ക് തിരുത്താം. ആ തിരുത്തലിന് കാതോര്‍ക്കുന്നു ഞാന്‍. ഇപ്പോഴും 5000 വര്‍ഷം മുമ്പ്് ചരകനും ശുശ്രുതനും നിര്‍ദ്ദേശിച്ച ഔഷധങ്ങള്‍ക്കപ്പുറം കടക്കാന്‍ ആര്‍ക്കും ധൈര്യമില്ല. അവ പേരു മാറ്റി ഇട്ടെന്നിരിക്കും ചിലപ്പോള്‍. പമാന്തകം-ധുര്‍ധൂരപത്രാദി എണ്ണകള്‍ പേരു മാറ്റി സിനിമാനടന്റെ പേരു വച്ച് ബ്രാന്‍ഡഡ് എണ്ണകളായി വില്‍ക്കുന്നില്ലേ അതുപോലെ. ഇപ്പോഴുള്ള ആധുനിക സംവിധാനങ്ങള്‍ കൂടി ഉപയോഗിച്ച് ഈ തനതു വൈദ്യമേഖല പുഷ്ടിപ്പെടുത്തിയിരുന്നെങ്കില്‍ എത്ര ജനോപകാരപ്രദമാവുമായിരുന്നു!

ആധുനികചികിത്സയെ കുറിച്ച് രംഗലാല്‍ ഡോക്ടറും ആയുര്‍വേദ പാരമ്പര്യ ചികിത്സയെ കുറിച്ച് തന്റെ പിതാവും പറഞ്ഞത് തുലനം ചെയ്യുന്നുണ്ട് ജീവന്‍മശായ്. ജഗദ് മശായ്‌യുടെ വാക്കുകള്‍ക്ക് അര്‍ത്ഥത്തിനു പുറമേ ഒരു ഭാവതലം കൂടിയുണ്ടായിരുന്നു, വാക്കുകളില്‍ ഭഗവാനും ഭാഗ്യവും എപ്പോഴും കടന്നുവരികയും ചെയ്തു. എന്നാല്‍ രംഗലാല്‍ ഡോക്ടറുടെ വാക്കുകള്‍ രോഗവിജ്ഞാനവ്യാഖ്യാനത്തില്‍ മാത്രം ഒതുങ്ങി നിന്നു. 'ആ വാക്കുകളില്‍, ഈശ്വരനില്ല, വിധിയുമില്ല, വാക്കുകളുടെ അര്‍ത്ഥമല്ലാതെ യാതൊരു ഭാവബാഷ്പവും' ഇല്ല.
മനുഷ്യശരീരത്തെ എല്ലും പല്ലും കണ്ണും ഹൃദയവു കരളും എന്നിങ്ങനെ ഓരോ ഭാഗങ്ങളാക്കി വിഭജിച്ചുള്ള ആധുനികാചികിത്സാരീതിയില്‍ നിന്ന് ആയുര്‍വേദം ശരീര-മനസ്സുകളെ(ആത്മാവിനെ നമുക്കു വിടാം) മൊത്തമായി കാണുന്ന ഒരു സാത്വികജീവനരീതി എന്ന നിലയില്‍ വ്യത്യസ്തമാകുന്നത് ഇവിടെയാണ്.

'മനുഷ്യന്‍ മരിച്ചതിനു ശേഷം എന്തു സംഭവിക്കുമെന്ന് ഞങ്ങള്‍ അന്വേഷിക്കാറില്ല' പ്രാണന്‍ പക്ഷിയെങ്കില്‍ വേട്ടക്കാരനും ഉണ്ടാവുെമന്നും പറയുന്നുണ്ട് രംഗലാല്‍ ഡോക്ടര്‍. അപ്പോള്‍ പിന്നെ പുനര്‍ജ്ജന്മത്തിനെന്തു പ്രസക്തി? ശിഷ്ടര്‍ക്ക് ദുരിതവും, ദുഷ്ടര്‍ക്ക് പുഷ്ടിയും എന്തുകൊണ്ട് എന്നു തുടങ്ങിയ കുനഷ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വന്നപ്പോള്‍ മനുഷ്യന്റെ വായ് അടയ്ക്കാന്‍ കണ്ടുപിടിച്ചതാണ് ഈ പൂര്‍വ്വ-പുനര്‍ജ്ജന്മ ആശയങ്ങള്‍ എന്നത്രേ എനിക്കും തോന്നുന്നത്.

പണ്ഡിതനും ജ്ഞാനിയുമായ, തന്റെ ഏകമകന്‍ വിപിനന് രോഗം വന്നപ്പോള്‍ മെഡിക്കല്‍ഗ്രന്ഥങ്ങള്‍ വായിച്ചു മനസ്സിലാക്കിയ, ഹെഡ്മാസ്റ്റര്‍ രത്തന്‍ബാബു   മകനെ ചികിത്സിക്കാന്‍ അലോപ്പതി ഡോക്ടര്‍മാരെ ഒഴിവാക്കി ജീവന്‍ മശായ്‌യെ ആണ് ക്ഷണിച്ചത്. അതിന്റെ കാരണം പറഞ്ഞത് 'അലോപ്പതിക്ക് അത്ഭുതകരമായ പുരോഗതി ഉണ്ടായിട്ടുണ്ട്, പക്ഷേ അവരുടെ ഔഷധങ്ങള്‍ നമ്മുടെ നാട്ടിലെ മനുഷ്യരുടെ ധാതുപ്രകൃതിക്ക് പറ്റിയതല്ല. നമുക്ക് അതു സഹിക്കാന്‍ കഴിയില്ല. പ്രവര്‍ത്തനത്തേക്കാള്‍ ഗുരുതരമാണ് പ്രതിപ്രവര്‍ത്തനം, ' എന്നത്രേ. പ്രതിപ്രവര്‍ത്തനത്തിന്റെ കയ്പുനീര്‍ ഏറെ ഇറക്കേണ്ടി വന്നിട്ടുണ്ട് എനിക്ക്, ഇനിയും പ്രതീക്ഷിക്കുന്നുമുണ്ട്. ഒഴിവാക്കാനൊക്കാത്ത  ഈ അനിവാര്യതയെ കുറിച്ച് ആകുലപ്പെട്ടപ്പോഴും ഡോക്ടര്‍സുഹൃത്ത് പറഞ്ഞത്, 'ഒന്നുകില്‍ രോഗം സഹിക്കണം, അല്ലെങ്കില്‍ രോഗം മാറ്റി മരുന്നിന്റെ പാര്‍ശ്വഫലം അനുഭവിക്കണം, ഇതിലേതു വേണമെന്ന് തീരുമാനിക്കേണ്ടത് രോഗിയാണ് ' എന്നത്രേ.

പാര്‍ശ്വഫലങ്ങള്‍ പക്ഷേ പൊതുവേയുള്ള വിശ്വാസം പോലെ അലോപ്പതിക്കു മാത്രമാണെന്ന് കരുതുന്നില്ല. പഴയ കാലത്ത് ആയുര്‍വേദഡോക്ടര്‍മാര്‍ മൂന്നു മാസം തുടര്‍ച്ചയായി മരുന്നു കൊടുത്താല്‍ പിന്നെ ഒരു മാസം നിര്‍ത്തുമായിരുന്നു എന്ന് വളരെ വിവരമുള്ള ഒരു ബന്ധു പറഞ്ഞു. കൂടാതെ കഷായങ്ങളും മറ്റും കൂടുതല്‍ സേവിച്ചാല്‍ ലെഡ് അടിഞ്ഞ് കിഡ്‌നി അടിച്ചുപോകും എന്നും മറ്റും പറഞ്ഞുകേട്ടിട്ടുണ്ട്. നെറ്റിലും വായിച്ചിരുന്നു. ഇപ്പോഴുള്ള ആയുര്‍വേദ ഔഷധങ്ങള്‍ പഴയതുപോലെ ഗുണമേന്മയുള്ളവയല്ല, ചിലപ്പോള്‍ ദോഷകരവും ആയേക്കാം, കാരണം മിയ്ക്കവരും അലൂമിനിയം പാത്രങ്ങളിലാണ് ഉണ്ടാക്കുന്നത്, എന്നു പറഞ്ഞുതന്നത് ഒരു അറിവുള്ള ആളാണ്. ഒരിക്കല്‍ കിഴി പിടിക്കാന്‍ പോകുമായിരുന്നപ്പോള്‍ എല്ലാത്തിനും അലൂമിനിയം ഉപയോഗിക്കുന്നതുകണ്ട് എനിക്കു വിഷമം തോന്നിയിരുന്നു.

'ഈ നാടു മൃത്യുവിനെ പ്രേമിക്കുന്നതു പോലെയാണ്, ' എന്ന് ദേഷ്യപ്പെടുന്ന അലോപ്പതി ഡോക്ടറായ പ്രദ്യോത് ആത്മാര്‍ത്ഥതയിലും സേവന തല്‍പ്പരതയിലും ആരേക്കാളും പുറകിലല്ല. അതെ 'ധീരനും സാഹസിയും ആയ, സ്വന്തം ശാസ്ത്രത്തില്‍ ഉറച്ചു വിശ്വസിക്കുന്നവനും നിര്‍ഭീകനുമായ യുവചികിത്സകനായ' പ്രദ്യോത് ഡോക്ടര്‍ ശരിയാണ്. നാഡീവിശാരദനായ ജീവന്‍മശായ്‌യും ശരിയാണ്. അവസാനഭാഗത്ത് ഇരുവരും ചേര്‍ന്ന് പ്രദ്യോതിന്റെ ഭാര്യയെ ചികിത്സിക്കുന്ന ഭാഗമുണ്ട്. അതാണ്, ശരിയായ പരസ്പരപൂരകങ്ങളായ ചികിത്സ. മോഡേണ്‍ മെഡിസിന്‍, ആള്‍ട്ടര്‍നേറ്റ് മെഡിസിന്‍സ് എന്ന തരംതിരിവ് തികച്ചും തെറ്റാണ്, എല്ലാം കോംപ്ലിമെന്റെറി മെഡിസിന്‍സ്, പരസ്പരപൂരകങ്ങളായ ചികിത്സാവിഭാഗങ്ങള്‍ എന്നല്ലേ കണക്കാക്കേണ്ടത്. ഓരോ സന്ദര്‍ഭത്തില്‍ ഓരോന്നും ഉപയോഗിക്കാന്‍ പറ്റുന്നത്ര ചികിത്സാ അവസരങ്ങള്‍ ഉള്ള നമ്മള്‍ ഭാഗ്യമുള്ളവരല്ലേ?

'ഇംഗഌഷ് ഡോക്ടര്‍മാരുടെ സര്‍ക്കാര്‍ അനുഗ്രഹത്തോടെയുള്ള പ്രാക്ടീസ്‌കൊണ്ടു വൈദ്യശാലകള്‍ അടച്ചുപൂട്ടാന്‍ തുടങ്ങി. ' അതെ, ഇതായിരുന്നു നമ്മള്‍ ചെയ്ത തെറ്റ്. രോഗത്തോടു പോരാടാന്‍ അനുദിനം' ആയുധങ്ങള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കുന്ന' ആധുനികചികിത്സാരീതിക്ക് ഇവിടെ സ്വാഗതം അരുളിയത് വളരെ വലിയ കാര്യമാണ്, പക്ഷേ അതു നമ്മുടെ പാരമ്പര്യരീതിയെ പുറംതള്ളിക്കൊണ്ടു വേണ്ടിയിരുന്നില്ല. 

ഇപ്പോഴത്തെ നമ്മുടെ വൈദ്യവിദ്യാഭ്യാസ യോഗ്യതാപരീക്ഷയുടെ ഫലനിര്‍ണ്ണയ രീതി മോഡേണ്‍ മെഡിസിന്‍ ഒഴിച്ചുള്ള മറ്റെല്ലാ വിഭാഗങ്ങള്‍ക്കും നാണക്കേടാണെന്നേ ഞാന്‍ പറയൂ. ഏറ്റവും ഉയര്‍ന്ന റാങ്കുകാര്‍ അലോപ്പതി, പിന്നെയുള്ളത് യഥാക്രമം ആയുര്‍വേദം, ഹോമിയോപ്പതി ഇങ്ങനെയല്ലേ? അതായത് സര്‍ക്കാര്‍ തന്നെ ഓരോന്നിനും ഓരോ പദവി നിശ്ചയിച്ചിരിക്കുന്നു എന്ന്, ഒന്ന് മറ്റൊന്നിനെക്കാള്‍ കുറഞ്ഞതാണ് എന്ന്. മനമില്ലാമനസ്സോട, തികഞ്ഞ ഗ്രഡ്‌ജോടെ ആയിരിക്കില്ലേ ഇവിടെ കുട്ടികള്‍ ആയുര്‍വേദവും ഹോമിയോയും മറ്റും തെരഞ്ഞെടുക്കുന്നത്, അവരെ കുറഞ്ഞവരെന്നു സര്‍ക്കാര്‍ തന്നെ മുദ്ര കുത്തുമ്പോള്‍?

ഇനി ഒരു ഫഌഷ് ബാക്ക്.

'മോളേ, എഴുന്നേല്‍ക്ക്, ഒന്നിങ്ങു വന്നേ,'  എന്ന കസിന്‍ -ചേച്ചി-ന്റെ കുലുക്കി വിളി കേട്ട് ഒരു ഏഴുവയസ്സുകാരി കുഞ്ഞിപ്പെണ്ണ് പാതിരാത്രിക്ക് കണ്ണു പാതി തുറന്ന് എഴുന്നേറ്റിരുന്നു, 'വാ, മുയല്‍ച്ചെവിയന്‍ എവിടെയാ നില്‍ക്കുന്നേന്നൊന്നു കാണിച്ചു താ.' മുറ്റം മുഴുവന്‍ ലൈറ്റിട്ട് വെട്ടം ഉണ്ട്. ഉറക്കച്ചടവോടെയെങ്കിലും ചേച്ചിയുടെ കയ്യ് പിടിച്ച് നടത്തിച്ചു, മുറ്റത്തിനോടു ചേര്‍ന്ന് കൃത്യം സ്ഥലം കാണിച്ചുകൊടുത്തു, 'ഇനി മോളു പോയി ഉറങ്ങിക്കോ ' എന്നു ചേച്ചി പറഞ്ഞത് അനുസരിക്കയും ചെയ്തു. പിറ്റേന്നാണു മനസ്സിലായത് അച്ഛനെ എന്തോ ജീവി കുത്തി, മഞ്ഞളും കൂട്ടി മുയല്‍ച്ചെവിയന്‍ അരച്ചിടാനായിരുന്നു മുത്തശ്ശന്‍ കല്‍പ്പിച്ചത്. ഔഷധച്ചെടികളെല്ലാം കൃത്യമായി എവിടെ എന്ന് അറിയാവുന്നത് അവിടെ ആ കുഞ്ഞിപ്പെണ്ണിനു മാത്രമായിരുന്നു.

എന്റെ അച്ഛന്റെ അച്ഛന്‍, മുത്തശ്ശന്‍, ഒരു സംസ്‌കൃതപണ്ഡിതനായിരുന്നു. അച്ഛനുമായി ഒട്ടും ചേരില്ലായിരുന്നുവെന്ന ഒരു ഉപകഥ ഉണ്ടെങ്കിലും മെലിഞ്ഞുണങ്ങി അല്‍പ്പപ്രാണിയായ എന്നോട് എന്തോ ഒരു വാത്സല്യക്കൂടുതല്‍ മുത്തശ്ശനുണ്ടായിരുന്നു. നിഴല്‍ നോക്കി സമയം കണ്ടുപിടിക്കാനും, പറമ്പില്‍ തനിയെ വളര്‍ന്നു വരുന്ന വിവിധ ഔഷധച്ചെടികളുടെ പേരും ഉപയോഗവും മനസ്സിലാക്കുവാനും എന്നെ പഠിപ്പിച്ചു തന്നിരുന്നു. ഇത്തരം കാര്യങ്ങളോടെല്ലാം എനിക്ക് എന്തോ ഒരു അഫിനിറ്റി ഉണ്ടെന്ന് മുത്തശ്ശന്‍ മനസ്സിലാക്കിയിരുന്നു. അവധികളില്‍ കസിന്‍സ് എല്ലാവരും കൂടി ആറ്റില്‍ കുളിക്കാന്‍ പോകുമ്പോള്‍ നിഴല്‍ നോക്കി സമയം പറയേണ്ടത് എന്റെ ജോലി ആയിരുന്നു, സമയം കൂടിപ്പോയി വഴക്കുകിട്ടുമോ എന്ന് അറിയാനായിരുന്നു ഇത്. ഇപ്പോള്‍ ആ അറിവുകളൊന്നും തന്നെ ഓര്‍മ്മയില്ല, കിട്ടിയതിന്റെ വിലയറിയാതെ കാലം കൈമോശം വരുത്തുന്ന പലതുമില്ലേ, അക്കൂട്ടത്തിലൊന്ന്. അത്രതന്നെ.

'ഈ വിദ്യയുടെ ശിക്ഷാരീതിയില്‍ വലിയ ഒരു ഭാഗം നിനക്ക് അരുചികരമാണ്.' അലോപ്പതി പഠിക്കാനെത്തുന്ന ജീവന്‍ മശായ്യോടു രംഗലാല്‍ ഡോക്ടര്‍ പറയുന്നതാണിത്. തന്റെ മൂത്തമകള്‍ സുഷമയുടെ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയുടെ മൃതശരീരം പഠനാര്‍ത്ഥം കീറിമുറിക്കുവാന്‍ രംഗലാല്‍ ഡോക്ടര്‍ ആവശ്യപ്പെടുമ്പോള്‍ ജീവന്‍മശായ് കരഞ്ഞുകൊണ്ട്, തൊഴുകയ്യോടെ തനിക്കു വയ്യ എന്നു പിന്മാറി.

സംസ്‌കൃതശ്ലോകവും മലയാള ശ്ലോകവും ഒന്നിച്ചു വായിച്ചാല്‍ എന്റെ പൊട്ടത്തലയില്‍ പെട്ടന്ന് കൂടുകൂട്ടുന്നത് അര്‍ത്ഥമറിയാത്ത സംസ്‌കൃതശ്ലോകം ആണ്. ഞാന്‍ ശരിക്കും ഒരു നാട്ടുവൈദ്യത്തി ആവേണ്ട ആളായിരുന്നു! പക്ഷേ ആയത് എഞ്ചിനീയര്‍, കാലത്തിന്റെ ഓരോ കളി ! പത്ത് കഴിഞ്ഞ് പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പെടുത്തതിന് കാരണം ഒന്നേയുണ്ടായിരുന്നുള്ളു, തവളയേയും പാറ്റയേയും ഒന്നും കീറിമുറിച്ച് പഠിക്കുന്നത് ഓര്‍ക്കുവാന്‍ കൂടി വയ്യ! തീരുമാനം എടുത്തത് എത്ര എളുപ്പത്തില്‍!

കപടശാസ്ത്രം എന്ന് ഇപ്പോള്‍ പറയുന്ന-ആഘോഷിക്കുന്ന-ഹോമിയോപ്പതി, തേനിയിലുള്ള തമിഴ് ആദിവാസികളുടെ അമ്പരപ്പിച്ചു കളഞ്ഞ ഓര്‍ത്തോ ചികിത്സാവൈദഗ്ദ്ധ്യം അടക്കം വിവിധ വൈദ്യരീതികളെപ്പറ്റി അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള കൂടുതല്‍ വിശകലനം അടുത്ത ലക്കത്തില്‍...Friday, January 15, 2016

മൃതി വന്നു വിളിക്കുമ്പോള്‍

                           
താരാശങ്കര്‍ ബന്ദോപാദ്ധ്യായയുടെ 'ആരോഗ്യനികേതനം' പുനര്‍വായന മനസ്സില്‍ സൃഷ്ടിച്ച തുടര്‍പ്രകമ്പനങ്ങളത്രേ ഈ കുറിപ്പ്.

പെണ്‍കുട്ടിക്കാലങ്ങളില്‍ മരണം തീവ്രവിഹ്വലതയായിരുന്നു എനിക്ക് . എന്നും രാവിലെ ഉണരുമ്പോള്‍ ഹോ, മരണത്തോട് ഞാന്‍ ഒരു ദിവസം കൂടി അടുക്കുകയാണല്ലോ എന്ന ചിന്ത എന്നെ വല്ലതെ വിഷമിപ്പിച്ചിരുന്നു, പ്രത്യേകിച്ചും അച്ഛനമ്മമാരില്‍ നിന്നകന്നു കഴിഞ്ഞ കോണ്‍വെന്റ് ബോര്‍ഡിംഗ്‌സ്‌കൂള്‍ ദിനങ്ങളില്‍. അന്നെല്ലാം അവധിക്കാലം പെട്ടന്നു വരണേ എന്ന് ആഗ്രഹിക്കും, ഉടനേ വരികയായി അയ്യോ, അപ്പോള്‍ മരണദിവസം കൂടുതല്‍ അടുക്കുകയാവുമല്ലോ എന്ന ഭീതി. അതോടെ തളര്‍ച്ചയാവും. മോചനമില്ലെന്ന തിരിച്ചറിവില്‍, ഒരിക്കലും ആരോടും പറയാത്ത, സ്വയം അനുഭവിച്ചുതീര്‍ത്ത സംഘര്‍ഷങ്ങള്‍.

റോഡിന് അഭിമുഖമായുള്ള ജനാലകള്‍ തുറക്കാനോ വരാന്തയില്‍ ഇറങ്ങിനില്‍ക്കാനോ ബോര്‍ഡേഴ്‌സിന് അനുവാദമുണ്ടായിരുന്നില്ല. പക്ഷേ പള്ളിയിലേക്ക് ആരുടെയെങ്കിലും മരണയാത്ര പോകുമ്പോള്‍ അത് കാണാനായി തുറക്കാം. ഒന്ന്-രണ്ട്-ഒന്ന് എന്ന് ഇടവിട്ടിടവിട്ടുള്ള മണിയടി, 'വഴിയാത്രക്കാരാ നിന്‍തിരുമുമ്പില്‍ കബറിടമല്ലോ ' എന്ന് മരണം അനുഭവിപ്പിക്കുന്ന ഈണത്തിലുള്ള പാട്ട്...അഹോ ഭീതിദമായിരുന്നു ആ ഫീല്‍. മരണം കാണുന്നത് പുണ്യമാണെന്നും അവിടെ അടുത്തുള്ള ഒരു സെമിനാരിയിലെ അച്ചന്മാര്‍ക്ക് ദിവസം ഒരു മരണമെങ്കിലും കണ്ടിരിക്കണം എന്നതാണ് വ്രതം എന്നും മറ്റും പറഞ്ഞുകേട്ടിരുന്നു.

'എന്നും അര്‍ദ്ധരാത്രിയില്‍ പട്ടികള്‍ കിടന്നു മോങ്ങും. പിംഗളകേശിനി വഴിയില്‍ ചുറ്റി നടക്കുന്നത് അവയക്കു കാണാം; ' ഈ പട്ടിമോങ്ങല്‍ ആയിരുന്നു എന്റെ മറ്റൊരു പേടി, പ്രത്യേകിച്ചും രാത്രികാലങ്ങളില്‍. കാലനെ കണ്ടിട്ടാണ് അവ ഇങ്ങനെ 'വേളുന്നത്' എന്ന് പറഞ്ഞുതന്നത് ഒരു മുതിര്‍ന്ന ബന്ധുവായിരുന്നു. അന്നുമുതല്‍ ആ ശബ്ദം എന്നെ വിറകൊള്ളിക്കുമായിരുന്നു.

പിന്നെ താമസം വീട്ടുകാര്‍ക്കൊപ്പമാക്കിയ കോളേജ് കാലമെത്തിയപ്പോള്‍ അതെല്ലാം മറന്നേ പോയി. അന്നെന്നോ ആണ് 'ആരോഗ്യനികേതനം 'വായിച്ചതും. അതോടെ എന്നില്‍ ഉറങ്ങിക്കിടന്നിരുന്ന മരണഭയം ഞാന്‍ പോലും അറിയാതെ എന്നെ വിട്ടകന്നുപോയി. സ്വന്തം മരണത്തെ സമചിത്തയോടെ കാണാന്‍ പഠിപ്പിച്ചു തന്നു ആ പുസ്തകം. യമലോകത്തേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന 'പിംഗളകേശിനി' ഭയക്കപ്പെടേണ്ടവളല്ല, ഉടുപ്പൂരിയെറിയുന്ന ലാഘവത്തോടെ സകല കെട്ടുപാടുകളില്‍ നിന്നും മോഹമുദ്ഗരങ്ങളില്‍ നിന്നും വിടുതി നേടുന്ന മഹാനുഭൂതി നമ്മെ അനുഭവിപ്പിക്കുന്നവളാണവള്‍ എന്നത് ചില്ലറ അറിവൊന്നുമായിരുന്നില്ല.

മൃതി എന്ന പിംഗളകേശിനിയെപ്പറ്റിയുള്ള മഹാഭാരതകഥ ആരോഗ്യനികേതനത്തിലെ ജഗദ്ബന്ധുമശായ് മകനു പറഞ്ഞുകൊടുക്കുന്നതിങ്ങനെ:

'വിചിത്രം തുടങ്ങി വിചിത്രതമം വരെയുള്ള' സൃഷ്ടികള്‍ എമ്പാടും നടത്തി, ഭഗവാന്‍ പ്രജാപതി ആനന്ദതുന്ദിലനായി കഴിഞ്ഞുവരവേ ഒരു ആര്‍ത്തനാദം ആ കര്‍ണ്ണപുടങ്ങളില്‍ വന്നലച്ചു, മറ്റാരുടേതുമല്ല, അധികഭാരത്താല്‍ തളര്‍ന്നുപോയ സാക്ഷാല്‍ ഭൂമീദേവിയുടെ ഞരങ്ങലായിരുന്നു അത്. ഒപ്പം ജീര്‍ണ്ണിച്ച ജീവികളുടെ അസഹ്യഗന്ധവും. ഇതിനെന്തു പ്രതിവിധി എന്നു ചിന്താക്രാന്തനായ ദേവന്റെ ഉടലില്‍ നിന്ന് ഒരു ഛായാരൂപം പുറത്തുവന്നു. രൂപം പിംഗളകേശിനിയും പിംഗളനേത്രിണിയും പിംഗളവര്‍ണ്ണയും ആയ ഒരു സ്ത്രീയായി മാറി. കഴുത്തിലും കൈയ്യിലും മണിബന്ധത്തിലും താമരയിലമാലകള്‍ അണിഞ്ഞ ഒരു കാഷായവസ്ത്രധാരിണി. ബഹുമാനപൂര്‍വ്വം പിതാവിനെ വണങ്ങി തന്റെ നിയോഗം അന്വേഷിച്ചു അവള്‍.

'നീ എന്റെ പുത്രി മൃതി. സൃഷ്ടിസംഹാരമാണ് നിന്റെ ദൗത്യം,  ' ഇതുകേട്ട മൃതി തളര്‍ന്നു, തന്റെ നാരീഹൃദയം, നാരീധര്‍മ്മം ഇതു സഹിക്കുമോ എന്നു കരഞ്ഞുതുടങ്ങി. ഈ നീചകൃത്യത്തില്‍ നിന്നൊഴിവാകാന്‍ ഉഗ്രതപസ്സു തുടങ്ങി. നിവൃത്തികെട്ട് പ്രജാപതി പ്രത്യക്ഷപ്പെട്ടു, പക്ഷേ മൃതിയുടെ ആവശ്യം നിരസിച്ചു. അങ്ങനെ രണ്ടാമതും മൂന്നാമതും ഘോരതപസ്സ്. മൂന്നാമതു പ്രത്യക്ഷപ്പെട്ടപ്പോള്‍ മൃതിയുടെ കണ്ണുനീര്‍ പ്രവഹിച്ചു. താഴെ വീണാല്‍ വീണിടം ചാമ്പലാകുമെന്ന് ഭഗവാന്‍ തന്നെ അതു കയ്യില്‍ താങ്ങി. പക്ഷേ ഓരോ തുള്ളിക്കണ്ണുനീരും ഓരോ കുടിലമൂര്‍ത്തിയായി മാറി.

'ഇവരാണു രോഗങ്ങള്‍! ഇവര്‍ നിന്റെ സൃഷ്ടിയാണ്. ഇവരായിരിക്കും നിന്റെ സഹചാരികള്‍. ' ഭഗവാന്‍ പറഞ്ഞു 

പക്ഷേ നാരിയായിരിക്കെ പത്‌നിയില്‍ നിന്നു പതിയേയും മാതാവില്‍ നിന്നു മകനേയും വേര്‍പെടുത്തുന്നത് എങ്ങനെ കണ്ടുനില്‍ക്കും, കേട്ടുനില്‍ക്കും എന്നായി പാവം മൃതി. അതിനും ഭഗവാന്‍ തത്ക്ഷണം പരിഹാരമുണ്ടാക്കി, മൃതി ആദ്യം അന്ധയായി, പിന്നെ ബധിരയും ! ഈ പാപമെല്ലാം തന്റെ തലയില്‍ വീഴില്ലേ എന്ന മൃതിയുടെ സംശയത്തിനും ഉടനടി വന്നു സമാധാനം.

'സകല പാപപുണ്യങ്ങള്‍ക്കും അതീതയാണ് നീ. പാപം നിന്നെ സ്പര്‍ശിക്കയില്ല. കൂടാതെ മനുഷ്യന്റെ കര്‍മ്മഫലങ്ങള്‍ നിന്നെ കൈമാടി വിളിക്കും. അനാചാരവും അമിതാചാരവും വ്യഭിചാരവും മൂലം മനുഷ്യന്‍ രോഗാക്രാന്തനാകും. നീ അവനു വേദനയില്‍ നിന്നു മുക്തിയും ഉള്‍ത്താപത്തില്‍ നിന്നു ശാന്തിയും പുരാതനജന്മാന്തരത്തില്‍ നിന്നു നവജന്മാന്തരവും പ്രദാനം ചെയ്യും.'

അന്ധയും ബധിരയുമായ മൃതിയെ രോഗങ്ങളാണ് അമ്മ കുഞ്ഞിനെ എന്ന പോലെ നയിച്ചുകൊണ്ടുപോകുന്നതത്രേ. മൃതിയെ നിയന്ത്രിക്കുന്ന ഒരേയൊരു നിയമമേയുള്ളു. കാലം! കാലം പൂര്‍ണ്ണമായവര്‍ക്ക് പോയേ കഴിയൂ! കാലം രോഗത്തിനു സഹായകമല്ലാത്തപ്പോള്‍, അപ്പോള്‍ മാത്രം, രോഗത്തെ തടയാനുള്ളതാണ് ആയുര്‍വേദം അഥവാ ചികിത്സ. ഓര്‍ക്കുക, ദൈവം എന്ന വാക്കിനര്‍ത്ഥം കാലം എന്നത്രേ.

'ബ്രഹ്മാവിന്റെ കുടിലദൃഷ്ടിയില്‍ നിന്ന് മൃതി സൃഷ്ടിക്കപ്പെട്ടു, ഇതേ ബഹ്മാവിന്റെ തന്നെ പ്രസന്നദൃഷ്ടിയില്‍ നിന്ന് ഔഷധങ്ങളും, ' എന്നും പഞ്ചമവേദമായ ആയുര്‍വേദത്തെ കുറിച്ച് വര്‍ണ്ണിക്കുന്നതിനിടയില്‍ ജഗദ് മശായ് മകനോടു പറയുന്നുണ്ട്. അതായത് പ്രശ്‌നത്തിനൊപ്പം പ്രശ്‌നപരിഹാരവും സൃഷ്ടിച്ചുവെന്നര്‍ത്ഥം!

'യമന്‍ വരുന്ന നേരമങ്ങെനിക്കു പേടി പോക്കുവാന്‍ എരിഞ്ഞ കണ്ണിലഗ്നിയോടെ യമനെയൊന്നു നോക്കണം.' മൃത്യുവിന്റെ അധിദേവനായ ശിവഭഗവാനോട് മൃത്യുഭയം പോക്കണേ എന്നുള്ള പ്രാര്‍ത്ഥനയാണ് ഇത്. പണ്ടുകാലത്ത് ഹിന്ദുഭവനങ്ങളില്‍ സന്ധ്യാകാലങ്ങളില്‍ ചൊല്ലുമായിരുന്ന പഞ്ചാക്ഷരകീര്‍ത്തനം. വളരെപ്പേരുടെ മരണകാലം പ്രവചിച്ച, മരണം കണ്ടു കണ്ടു നിര്‍മ്മമത്വം കൈവന്ന ജീവന്‍മശായ് പോലും സ്വന്തം യാത്രാസമയമടുത്തപ്പോള്‍ പക്ഷേ ഒന്നു മനസ്സിലാക്കി, 'മൃത്യുഭയത്തിനു തുല്യമായ ഒരു ഭയവുമില്ല, മൃത്യുരോഗവേദനയേക്കാള്‍ വലിയ വേദനയും 'എന്ന്. അതാവാം ഏറ്റം വലിയ പരമസത്യം. അതെ, പച്ചജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് ആയിരുന്നിരിക്കണം ബോര്‍ഡിംഗസ്‌ക്കൂള്‍ ജനാലകള്‍ തുറന്നിട്ടത്, മനസ്സ് പാകപ്പെടുത്താനായിരുന്നിരിക്കണം അച്ചന്മാരുടെ വ്രതവും സന്ധ്യാവേളകളിലെ പഞ്ചാക്ഷരകീര്‍ത്തനം ചൊല്ലലും. പട്ടം ഉയരങ്ങളില്‍ പറക്കുമ്പോഴും ചരട് പിടിവിട്ടുപോവാതെ ഭൂമിയില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്താനുള്ള സ്ഥൈര്യം പകര്‍ന്നത് ആ ബോര്‍ഡിംഗ് കാലം കൂടിയാവാം.

നാഡീവിദഗ്ദ്ധനായ വൈദ്യനും മൃതിദേവിയും തമ്മിലുള്ള ഒരു അവകാശസംവാദമുണ്ട്. ജഗദ്മശായ് മകനോടു പറഞ്ഞുകൊടുക്കുന്നതു തന്നെ.

തനിക്ക് അവകാശമുള്ളിടത്ത് മൃത്യു നാഡീവിദഗ്ദ്ധനായ വൈദ്യരോടു പറയും ' എന്റെ വഴിവിട്ടു പൊയ്‌ക്കൊള്ളൂ, ഇത് എന്റെ അവകാശമാണ്.'എന്നാല്‍ അവകാശമില്ലാത്തിടത്ത് മൃത്യു അറിയാതെങ്ങാനും കടന്നു പോയാലോ, വൈദ്യര്‍ പറയും, 'ദേവീ! സമയം ഇനിയും ആയിട്ടില്ല, സ്വസ്ഥാനത്തേക്കു മടങ്ങിപ്പോകൂ. ' എത്ര നല്ല ഭാവന!

മൃതിദേവിയുടെ സന്തതസഹചാരിണികളില്‍ ഒരുവള്‍ എനിക്കൊപ്പം കൂടിയിട്ട് വര്‍ഷം അഞ്ചായിരിക്കുന്നു. 2011-12 കാലം എന്റെ ശരീരം അവള്‍ക്ക് വസന്തകാലം തീര്‍ത്തു! അവളുടെ ആ പുഷ്‌ക്കലകാലത്ത് 24 മണിക്കൂറും കിടന്നു പോയ നാളുകളുണ്ടായിരുന്നു. മശായ്മാരെപ്പോലെ നാഡിനോക്കി മൃതിദേവിയുടെ കാലൊച്ച കേള്‍ക്കാനാകുന്ന ആളായിരുന്നില്ല എന്റെ ഡോക്ടര്‍. പക്ഷേ അദ്ദേഹം തീരുമാനിച്ച ഔഷധങ്ങള്‍ 'ദേവീ! സമയമായിട്ടില്ല' എന്നു പറഞ്ഞുകാണണം. പക്ഷേ ആയുഷ്‌ക്കാലം അവള്‍ എന്നെ വിട്ടുപോവില്ലത്രേ! അനുനിമിഷം എന്റെ 'ജീവിതശക്തിയെ ക്ഷയിപ്പിച്ചുകൊണ്ട്, മൃത്യുസ്പര്‍ശം വഹിച്ച്, ' എനിക്കു കൂട്ടായി എന്നുമെന്നും അവള്‍ കൂടെത്തന്നെയുണ്ടാവും! കാലം തനിക്ക് അനുകൂലമാകുന്നത് തക്കം പാര്‍ത്തുകൊണ്ട്, ഇനി മടങ്ങില്ല, വരൂ, സമയമായി എന്നു മൃതിദേവി എന്നെ വന്നു  വിളിക്കും നേരം വരെ.

ആ നേരം വരെ മറക്കാതിരിക്കുവാന്‍ അല്ല എപ്പോഴും ഓര്‍മ്മിക്കുവാന്‍ ചിലത്:

"കരളില്‍ വിവേകം കൂടാതെക-
ണ്ടരനിമിഷംബത‍!കളയരുതാരും!
മരണം വരുമിനിയെന്നു നിനച്ചിഹ
മരുവക സതതം നാരായണ ജയ
 കാണുന്നുചിലര്‍ പലതുമുപായം;
കാണുന്നില്ല മരിക്കുമിതെന്നും;
കാണ്കിലുമൊരുനൂറ്റാണ്ടിനകത്തി-
ല്ലെന്നേ കാണൂ;നാരായണ!ജയ "
(ശ്രീ മഹാഭാഗവതകീര്‍ത്തനം-ഒന്നാംപാദം)


വാട്സാപ്പ് വഴി കിട്ടിയ ഒരു മനോഹര ഓര്‍മ്മപ്പെടുത്തല്‍ കൂടി :

'ഓഹ്... എന്റെ മരണമേ... വെറുതെ ഇരിക്കുമ്പോളൊക്കെ ഞാന്‍ എന്റെ മരണത്തെ ഓര്‍ക്കാറുണ്ട്...ആ നനഞ്ഞ ദിവസം...എന്റെ കൂട്ടുകാരെകൊണ്ടും എന്റെ ബന്ധുക്കളെക്കൊണ്ടും എന്റെ വീടിന്റെ മുറ്റം നിറയുന്ന ദിവസം...?എന്റെ മരണ വാര്‍ത്ത അറിഞ്ഞ്  അനുശോചനം ചൊല്ലുന്ന ദിവസം...എന്റെ പൊന്നമ്മച്ചിയുടെ വസ്ത്രം കണ്ണീരിനാല്‍ നനഞ്ഞ് കുതിരുന്ന ദിവസം...എന്റെ ശരീരം പൊതിയാന്‍ വെള്ള വസ്ത്രം തിരയുന്ന ദിവസം...ഞാന്‍ നിത്യം ഉപയോഗിക്കുന്ന  ഫോണ്‍ എന്നെ പരിചയ ഭാവം നടിക്കാത്ത ദിവസം...ഞാന്‍ ഇടക്ക് മാത്രം ഉപയോഗിക്കുന്ന പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ മാത്രം എന്നോട് പരിചയം നടിക്കുന്ന ദിവസം...

ഫ്രീക്കന്മാരായ കൂട്ടുകാരെക്കൊണ്ടൊന്നും നമുക്ക് ഉപകാരമില്ലാത്ത, എന്നാല്‍ ചങ്കായ കൂട്ടുകാരുടെ ചങ്കു തകരുന്ന ദിവസം... കല്ല്യാണത്തിന് ഇട്ട നാം വാങ്ങിയ പുതു വസ്ത്രം ഇന്ന് അയലിന്മേല്‍ കിടന്ന് നമ്മേ പരിഹസിക്കുന്ന ദിവസം...

എന്റെ 'റൂം' എന്ന് അഹങ്കാരത്തോടെ നാം പറഞ്ഞ നമ്മുടെ മുറിയില്‍ നമ്മുടെ അനുവാദമില്ലാതെ മറ്റുള്ളവര്‍ നമ്മെ കാണാന്‍ തിക്കും തിരക്കും കൂട്ടുന്ന ദിവസം...അടിപൊളിയായി ജീവിച്ച എന്നെ ജഡമെന്ന് പറയുന്ന  ദിവസം...
ഒരു മാസത്തേക്കുള്ള നെറ്റ് ഓഫര്‍ ചെയ്യുമ്പോള്‍ നാം മറന്ന് പോയ ഇടയിലെ ഈ ദിവസം...

ഗാരന്റി ഇല്ലാത്ത നമ്മുടെ ജീവിതത്തില്‍ ഗരന്റിയും വാറന്റിയും ഉള്ള വസ്തുുള്‍ മാത്രം വാങ്ങിയ നമ്മുടെ ഗാരന്റി തീര്‍ന്ന ദിവസം...

ഒടുവില്‍...നിത്യം ഉപയോഗിക്കുന്ന സോപ്പ് കൊണ്ടല്ലാതെ, ആരൊക്കെയോ കുളിപ്പിച്ച്...നിത്യം തേക്കുന്ന ക്രീം തേക്കാതെ...മുടി ചീകാതെ...ജെല്‍ തേക്കാതെ...പൊതിഞ്ഞു കെട്ടി വയ്കുന്ന ദിനം...

വീടിന്റെ മുന്നില്‍ അപ്പനെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് വാങ്ങിപ്പിച്ച ബൈക്കിനു പകരം നമ്മുടെ അവസാന വാഹനമായ ശവ മഞ്ചത്തില്‍ ഇറക്കിവെക്കുന്ന കരയിപ്പിക്കുന്ന ദിവസം...ഉള്ളില്‍ നിലവിളിയുടെ തേങ്ങലുകള്‍ അലയടിക്കുന്ന വല്ലാത്ത നിമിഷം...പിന്നെ...പിന്നെ യാത്രയാണ് അവസാന യാത്ര...

ഏ സി ഉള്ള റൂമില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന നമ്മേ... കിടത്തുന്ന ഇരുളടഞ്ഞ കുഴി... ചിത കഷ്ടിച്ച് ഒന്ന് തിരിഞ്ഞ് കിടക്കാന്‍ പോലും കഴിയാത്ത നമ്മുടെ അവസാനത്തെ മുറി...അതില്‍ നമ്മേ ഇറക്കിവെച്ച്... ഒരോരുത്തരും ഓരോ പിടി മണ്ണും വാരി ഇട്ട്... കണ്ണീരും വീഴ്ത്തി നാം കിടക്കുന്നതും നോക്കി നടന്നു നീങ്ങും...

കഴിഞ്ഞില്ലെ എല്ലാം...? ഇന്നലെവരെ നീ    പേരുകേട്ട കമ്പനിയിലെ മാനേജറായിരുന്നു...വലിയ ഓഫീസറായിരുന്നു...എന്നിട്ടോ...?കഴിഞ്ഞില്ലെ എല്ലാം...ഇപ്പോള്‍ നീ ജഡമാണ്...വെറും ജഡം...നാളെ നിന്റെ ഇന്നുവരെയുള്ള സ്ഥാനത്ത് പുതിയ ആള്‍ വരും...ദിവസങ്ങള്‍ കാറ്റിന്റെ വേഗതയില്‍ നീങ്ങും...നിന്നെ മെല്ലെ മെല്ലെ എല്ലാവരും മറന്ന് തുടങ്ങും...നിന്റെ അമ്മയും...നീ ചെയ്ത നന്മയും.... നിന്റെ കബറും ഒഴിച്ച്...ബാക്കി എല്ലാവര്‍ക്കും നീ പഴയോരു ഓര്‍മ്മ മാത്രമാകും..കണ്ണ് നിറയുന്നില്ലേ? നിറഞ്ഞ് പോകും..കാരണം ഇന്നല്ലെങ്കില്‍ നാളെ ഞാനും നീയും നുകരേണ്ട ദിവസമാണ് അത്...

നന്മ ചെയ്യുക...നല്ല സൗഹൃദങ്ങളെ സമ്പാദിക്കുക...എല്ലാവരേയും സ്‌നേഹിക്കുക...ആരേയും വേദനിപ്പിക്കാതിരിക്കുക...കാരണം ആ വല്ലാത്ത ദിവസം വന്നാല്‍ ഒന്ന് മാപ്പ് ചോദിക്കാനോ, പൊരുത്തപ്പെടുത്താനോ കഴിഞ്ഞു എന്ന് വരില്ല..

ഒന്ന് ശാന്തമായി, മനസ്സിരുത്തി, ശ്വസിച്ച് നോക്കൂ...കഴിയുന്നില്ലേ നമുക്ക്...ആ ദിവസത്തിന്റെ മണം നുകരാന്‍...?ഇല്ലേല്‍ കഴിയണം... മരണത്തേ പ്രതീക്ഷിക്കണം...വേഗം ഷെയര്‍ ചെയ്‌തോ...... കുറേ പേരെങ്കിലും നല്ലവരായി തീരട്ടെ...'

Sunday, January 10, 2016

തേംസ് തീരത്തുകൂടി

ടവര്‍ ഓഫ് ലണ്ടനില്‍ നിന്ന് ഇറങ്ങി അല്‍പ്പസമയം കൂടി അവിടെ ബഞ്ചില്‍ വിശ്രമിച്ച് പുറത്തേക്കിറങ്ങി, തേംസ് കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാവുന്ന പ്രെറ്റ് എ മേഞ്ചര്‍(ഉച്ചാരണം ശരിയോ എന്തോ) റെസ്റ്റോറണ്ടില്‍ കയറി വയറു നിറയെ ഭക്ഷണം കഴിച്ചു. ഈ റെസ്‌റ്റോറണ്ട് ശൃംഖല ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എവിടെ പോയാലും ഇതാണ് ഞങ്ങളുടെ ആദ്യ ചോയ്‌സ്. ഇവിടുത്തെപ്പോലെയല്ല, എയര്‍പോര്‍ട്ടിലും പുറത്തും എല്ലാം ഒരേ വില തന്നെയാണ് എന്നതും സന്തോഷിപ്പിച്ചിരുന്നു. :)).

പിന്നെ പതിയെ തേംസ് തീരത്തു കൂടി നടന്നു തുടങ്ങി. ഒരിക്കലും മടുക്കാത്ത യാത്ര. ഒരു ചൈനീസ് വിവാഹ ഫോട്ടോ സെഷനും കാണാന്‍ അവസരം ലഭിച്ചു. അതു കണ്ടയുടന്‍ +Patric Edward നെ ഓര്‍മ്മ വന്നു. :))ആയിടെ  ഇട്ടിരുന്ന വിവാഹഫോട്ടോകളായിരിക്കാം കാരണം. വധൂവരന്മാര്‍ അടക്കം ആറു പേര്‍ മാത്രം. അതില്‍ പാതി പേര്‍ ഫോട്ടോ എടുക്കല്‍. ഞങ്ങളും എടുത്തു ആ അതിസുഭഗമിഥുനങ്ങളുടെ ഫോട്ടോ. അവര്‍ക്ക് സന്തോഷമായിരുന്നു, എന്നാലും പടം ഇടുന്നില്ല. വധുവിന്റെ നീണ്ട വെള്ളകുപ്പായത്തിന്റെ അറ്റം പിന്നില്‍ കിടന്നു വലിയാതെ ശ്രദ്ധാപൂര്‍വ്വം ഉയര്‍ത്തിപ്പിടിച്ച് വരന്‍ വധുവിന്റെ പിന്നാലെ നീങ്ങുന്നത് രസകരമായ കാഴ്ച്ച ആയിരുന്നു. അവിടെ സ്ഥിരം വിവാഹ ഫോട്ടോ ഷൂട്ട് ഇടമാണത്രേ. ചൈനാക്കാരെ കണ്ടയുടന്‍ മനസ്സില്‍ വന്നത് ഓലാന്‍, വാങ്‌ലുങ് എന്ന പേരുകളാണ്. കുട്ടിക്കാലത്തു തന്നെ വായിച്ച, വളരെ ഇഷ്ടമുള്ള പുസ്തകങ്ങളിലൊന്നായിരുന്നു പേള്‍ എസ് ബക്കിന്റെ ഗുഡ് എര്‍ത്ത്. അവരെ പിന്നിട്ട് കുറേ നടന്ന് ടവര്‍ ബ്രിഡ്ജ് കയറി. തേംസിലൂടെ പണ്ട് വന്നടിഞ്ഞിരുന്ന മൃതദേഹങ്ങള്‍ ഇതിനടിയില്‍ നിന്നാണ് ശേഖരിച്ചിരുന്നത് എന്ന് കുറിപ്പു കണ്ടു അവിടെ.ട്യൂബും-ഭൂഗര്‍ഭ റയില്‍വേസ്‌റ്റേഷന്‍-അല്ലാത്തതുമായ റെയില്‍വേസ്റ്റേഷനുകള്‍ക്കുള്ളിലൂടെയുള്ള അനന്തമായ തിരക്കു പിടിച്ച ഓട്ടനടത്തവും എസ്‌കലേറ്ററുകളും വല്ലാതെ മടുത്തുവെന്ന് പറഞ്ഞ് കുറേ നടന്നെങ്കിലും പിന്നെ തളര്‍ന്നു, ട്യൂബ് ട്രെയിന്‍ വഴി തന്നെ പോയി ബ്ലാക്ക് ഫ്രയാര്‍ സ്റ്റേഷനില്‍ ഇറങ്ങി, മിലെനിയം ബ്രിഡ്ജ് നടത്തയ്ക്ക്. കഴിഞ്ഞ വട്ടം ഓടി നടന്നുള്ള കാഴ്ച്ച കാണലിനിടയില്‍ മിലെനിയം ബ്രിഡ്ജ് കയറിയിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മഴയും വെയിലും ഇല്ലാത്ത സാമാന്യം തണുപ്പുള്ള സുഖകരമായ കാലാവസ്ഥയായിരുന്നു, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബ്രിഡ്ജിലൂടെ ഇരുവശവുമുള്ള കാഴ്ച്ചകള്‍ നുകര്‍ന്നുള്ള നടപ്പ് ആസ്വദിക്കവേ ആണ് ആ പൂട്ടുകള്‍ കണ്ണില്‍ പെട്ടത്.ഏതാണ്ട് നടുക്കായി റെയിലിംഗിനു താഴെയുള്ള അഴികളില്‍ ധാരാളം പൂട്ടിയ താഴുകള്‍! എന്താണ് സംഭവമെന്നോ? പ്രണയിക്കുന്നവര്‍ തങ്ങളുടെ പ്രണയസാഫല്യത്തിനായി പ്രാര്‍ത്ഥനയോടെ പൂട്ടുന്നതാണ് അത്. ചിലതില്‍ പ്രണയികളുടെ പേരുകളും കൊത്തിയിട്ടുണ്ടാകും! സമൂഹവും ജാതിയും മതവും സംഘടനകളും ഒന്നും പ്രണയത്തിനു വിലങ്ങു തീര്‍ക്കാത്ത നാട്ടിലും ഇങ്ങനെയോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു പോയി.ബ്രിഡ്ജ് പാതിയെത്തിയപ്പോഴേ ജലതരംഗത്തിന്റെ ശബ്ദം കാതില്‍ വന്നലയ്ക്കുന്നുണ്ടായിരുന്നു. അക്കരെ തേംസ് തീരത്തു നിന്ന് ഒരു സായിപ്പ് വായിക്കുന്നതായിരുന്നു ജലതരംഗം. ചിലര്‍ അവിടെ വിരിച്ചിട്ടുള്ള വിരിയില്‍ പണം ഇട്ടു. ഭിക്ഷാടനം തന്നെ! ടെയ്റ്റ് മോഡേണ്‍ ആര്‍ട്ട് ഗാലറിയില്‍ ഒന്നു കയറി തിരിച്ചിറങ്ങി. കാണാന്‍ കയറിയാല്‍ സമയം ധാരാളമെടുക്കും. പിന്നെ വീണ്ടും കുറച്ചുകൂടി മുന്നോട്ടു നടന്നു, ഷേക്‌സ്പിയറിന്റെ ഗ്ലോബ് തീയേറ്ററിന്റെ മുന്നിലേക്ക്. കഴിഞ്ഞ തവണ കണ്ടതില്‍ നിന്നും വലിയ വ്യത്യാസമൊന്നും പുറമേ നിന്ന് തോന്നിയില്ല. എങ്കിലും ചുറ്റുവട്ടത്ത് ചെറിയ മാറ്റങ്ങള്‍ തോന്നിപ്പിച്ചു.പിന്നെ തെരുവിലേക്കു കയറാനായി സുതാര്യ റൂഫിനടിയിലൂടെ പ്രദര്‍ശനകപ്പലും കടകളും കണ്ട് നടന്നു. ചിലതു വില ചോദിച്ചു, വാങ്ങിയില്ല പക്ഷേ. :))ഒരു വന്‍നഗരത്തിന് മദ്ധ്യേ ഒഴുകുന്ന, അനേകായിരം ചരിത്രകഥകള്‍ പേറുന്നൊരു മഹാനദി. അതിന്റെ തീരത്തു കൂടി സ്വച്ഛന്ദസുന്ദരമായ നഗരയാത്ര. അത് വല്ലാത്തൊരു അനുഭൂതിയാണ്. എത്ര നടന്നാലും മതിവരാത്ത ഒരനുഭവം. കഴിഞ്ഞ തവണ കുറേ ഏറെ നേരം ആ നടത്ത ആസ്വദിക്കാനായിരുന്നു. തേംസിന്റെ തീരത്തുകൂടി ലക്ഷ്യമില്ലാതെ ഒരു ദിവസം മുഴുവന്‍ ഒരിക്കല്‍ക്കൂടി നടക്കണം. ഒരിക്കലും നടക്കാനിടയില്ലാത്ത ഒരു സുന്ദരസ്വപ്‌നം.

Saturday, January 09, 2016

നീലക്കൊടുവേലി


'ഇല്ലിക്കല്‍ കല്ലു വാഴും ദൈവങ്ങളേ...' കാലത്തും വൈകുന്നേരവും ഗോവിന്ദപ്പൂപ്പന്‍ കുടുംബവീടിന്റെ മുറ്റത്തു നിന്ന് ഇല്ലിക്കല്‍ക്കല്ല് നോക്കി കൈകൂപ്പി പ്രാര്‍ത്ഥിക്കും. ആരോഗ്യമുള്ള കാലത്ത് ഞങ്ങളുടെ അപ്പൂപ്പന്റെ സ്ഥലങ്ങളെല്ലാം നോക്കിനടത്തിയിരുന്നത് ഗോവിന്ദപ്പൂപ്പനായിരുന്നു. പക്ഷേ ഞങ്ങളുടെ കുട്ടിക്കാലമായപ്പോഴേയ്ക്കും അപ്പൂപ്പന്‍ ചുമതലകള്‍ മകന് കൈമാറി വിശ്രമത്തിലായിരുന്നു. പക്ഷേ അപ്പോഴും തറവാട്ടു വീട്ടില്‍ തന്നെയുണ്ടാവും ആള്‍.

നീലക്കൊടുവേലിയുടെ കഥ പറഞ്ഞു തന്നതും ഗോവിന്ദപ്പൂപ്പനാണ്. കല്ലിന്റെ കുടുന്നയില്‍ കുടക്കല്ലും കോഴിക്കല്ലും ഉണ്ട്. ഇവയുടെ ഇടയില്‍ ഒരു ചെറു കുളമുണ്ടത്രേ. നീലക്കൊടുവേലി അതിലങ്ങനെ പൂത്തു നില്‍ക്കും. 12 വര്‍ഷത്തിലൊരിക്കല്‍ അത് താഴേയ്ക്ക് ഒലിച്ചുവരും, അതു കണ്ടുകിട്ടുന്നവര്‍ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല, വച്ചടി വച്ചടി കയറ്റമായിരിക്കും! ലോട്ടറി ഇല്ലാതിരുന്ന പണ്ടുകാലത്ത് ആരുടെയോ ഭാവന പൂത്തുലഞ്ഞതാവണം. നീലക്കൊടുവേലി എന്ന പേരില്‍ ഒരു നോവല്‍ കുഞ്ഞുന്നാളിലേ പ്ലാന്‍ ചെയ്തതാണ്. പക്ഷേ ADGP ബി. സന്ധ്യ ആ പേരില്‍ നേരത്തെ പുസ്തകമെഴുതിക്കളഞ്ഞു. :(( മുന്‍പേ പറന്ന പക്ഷി! ഞാനെന്നും പിന്നിലാണ്, എന്നും. ഇതിലെ ഒന്നും രണ്ടും പടങ്ങള്‍ ആവര്‍ത്തനമാണ്, നേരത്തേ വായിച്ചവര്‍, ഓര്‍മ്മയുള്ളവര്‍ ക്ഷമിക്കുക.

ലേശം ഉയരത്തിലുള്ള ഞങ്ങളുടെ (ഇന്നില്ലാത്ത) വീടിന്റെ മുറ്റത്തുള്ള ആദ്യപടിക്കല്ലില്‍ ഇരുന്നാല്‍ ദൂരെ മലയില്‍ ഇല്ലിക്കല്‍ക്കല്ല് തലയെടുപ്പോടെ അങ്ങനെ നില്‍ക്കുന്നത് കാണാം.
1.view from our old house
 അസുലഭഭംഗിയായിരുന്നു ഗാംഭീര്യത്തോടെയുള്ള ആ നില്‍പ്പ്. ദൂരം വ്യത്യസ്തമായിരുന്നതിനാല്‍ ഞങ്ങളുടെ ഓരോ ബന്ധുവീട്ടിലും നിന്ന് നോക്കുമ്പോള്‍ ഓരോ ആകൃതിയായിരുന്നു ആ കല്ലിന്! ഏറ്റവും ഭംഗി ഞങ്ങളുടെ മുറ്റത്തു നിന്നു നോക്കുമ്പോഴാണ് എന്ന് അഭിമാനം കൊണ്ടിരുന്നു ഞങ്ങള്‍.

2.Another View from our yard
ബോര്‍ഡിംഗിലും ഹോസ്റ്റലിലും കൂട്ടുകാരോട് പറയുമ്പോള്‍ ലേശം വെയ്റ്റ് ഇരുന്നോട്ടെ എന്ന് 'ഇല്ലിക്കല്‍ക്കൊടുമുടി' എന്നാണ് തട്ടിമൂളിക്കാറ്. എവറസ്റ്റ് കൊടുമുടി എങ്ങനെയിരിക്കും എന്ന് ഭാവനയില്‍ അനുഭവിപ്പിച്ചത് ഈ കുഞ്ഞുകൊടുമുടി ആണ്.

പക്ഷേ കാണാനല്ലാതെ അവിടെ പോകാന്‍ ഞങ്ങള്‍ക്കാര്‍ക്കും കഴിഞ്ഞിരുന്നില്ല. മദ്ധ്യവേനലവധിക്കാലത്ത് കോളേജ് പയ്യന്മാര്‍ ഇല്ലിക്കല്‍ക്കല്ല് ട്രെക്കിംഗിനു വരുന്നത് കാണാമായിരുന്നു. ഒരിക്കല്‍ അച്ഛനും ഞങ്ങളുടെ ബന്ധുക്കളും കൂടി ഒരു ഇല്ലിക്കല്‍ക്കല്ലു കയറല്‍ സംഘടിപ്പിച്ചു. നാടിന് ഉത്സവമായിരുന്നു അന്ന്. യാത്രാസംഘത്തിനുള്ള രാത്രിഭക്ഷണം ഉണ്ടാക്കിയതും പൊതികെട്ടിക്കൊടുത്തതും വീട്ടില്‍ നിന്നായിരുന്നു. എല്ലാവരും കൂടി ചെണ്ടകൊട്ടി വീടിനു മുന്നിലെ റോഡിലൂടെ ഘോഷയാത്രയായി നീങ്ങുന്നത് വീടിന്റെ മുറ്റത്തു നിന്ന് കണ്ടത് ഇപ്പോഴും ഓര്‍മ്മയുണ്ട്. വളരെ കുറച്ചു ദൂരമേ അന്ന് റോഡുള്ളു, ബാക്കിഭാഗം മുഴുവന്‍ വഴിവെട്ടി കയറണം.  അന്നു രാത്രി കല്ലിലാണ് അവര്‍ കഴിയുക. റാന്തല്‍ വിളക്കുകള്‍ കൊണ്ടുപോയിരുന്നു. സുരക്ഷിതരായി എത്തി എന്ന് റാന്തല്‍ ആട്ടി അടയാളം കാണിക്കണം എന്ന് നേരത്തെ ധാരണയുണ്ടായിരുന്നു. അങ്ങനെ തന്നെ അവര്‍ ചെയ്തു. മുറ്റത്തു നിന്ന് ആഹ്ലാദത്തോടെ മറുപടിയായി ഞങ്ങളും റാന്തല്‍ വിളക്ക് ആട്ടിക്കാണിച്ചു. ആ യാത്രയുടെ കുറേ ഫോട്ടോകള്‍ എടുത്തിരുന്നു അന്ന്. അടുത്ത യാത്രയില്‍ അത് സംഘടിപ്പിക്കണം.

ഇപ്പോള്‍ ഇല്ലിക്കല്‍ക്കല്ലിലേക്ക് രണ്ടു സ്ഥലത്തുകൂടി രണ്ടു ടാര്‍ നിരത്തുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്നാമത് ഞങ്ങളുടെ നാട്ടില്‍ക്കൂടിയുള്ളത് ഇനിയും മുഴുവന്‍ തീര്‍ന്നിട്ടില്ല. ഡിസംബര്‍ ആദ്യം നാട്ടില്‍ പോയപ്പോള്‍ യദൃഛയാ ഷെറീഫ്-അച്ഛന്റെ പ്രിയ ചങ്ങാതിയുടെ മകന്‍-നെ കണ്ടു, വര്‍ത്തമാനത്തിനിടയില്‍ ,ഇനി വരുമ്പോള്‍ പോകാനായി ഇല്ലിക്കല്‍ക്കല്ല് റോഡിനെപ്പറ്റി ചോദിച്ചു, 'എന്നാല്‍ വാ, ഇപ്പോ പോകാം,' എന്നായി ഷെറീഫ്. "ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ " എന്ന് നേരെ വിട്ടു തീക്കോയി എസ്‌റ്റേറ്റ് വഴി ഇല്ലിക്കല്‍ക്കല്ലിനടുത്തേക്ക്. കയറ്റവും വളവും ഉണ്ടെങ്കിലും രണ്ടുമൂന്നു സ്ഥലത്തൊഴികെ റോഡ് ഇപ്പോള്‍ വളരെ നന്ന്. ഇടയ്ക്ക് ഏതു വഴിയാണ് നല്ലതെന്ന് അവിടെ ഫോറസ്റ്റ് ഓഫീസിലോ മറ്റോ ജോലിയുള്ള ചങ്ങാതിയെ ഷെറീഫ് വിളിച്ചു ചോദിച്ചിരുന്നു.

ഷെറീഫിന്റെ നര്‍മ്മഭാഷണങ്ങളും നാട്ടുവര്‍ത്തമാനങ്ങളും ഉയരങ്ങളിലേക്കുള്ള യാത്രയും ഇരുവശത്തുമുള്ള മലകളുടെ ഗാംഭീര്യവും എല്ലാം കൂടി സമയം പോയതറിഞ്ഞില്ല.

'ഇപ്പോ ഞങ്ങടെ വീട്ടിലൊഴിച്ച് എല്ലാ വീട്ടിലും ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുണ്ട്,' ഷെറീഫിനും ചേട്ടന്‍ റഹീമിനും പിഎസ്‌സി ലിസ്റ്റ് ക്യാന്‍സല്‍ ആയി കപ്പിനും ചുണ്ടിനുമിടയില്‍ സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട കാര്യം പറഞ്ഞു.

'ഇപ്പോ പഴയ നാടൊന്നുമല്ല, ജാതിസ്പിരിറ്റ് വളരെ കൂടുതലാ.' ഉദാഹരണങ്ങള്‍ പറഞ്ഞു ഷെറീഫ്. നാട് പുരോഗമിക്കയല്ലേ!

ഇടയക്ക് വളവിനടുത്ത് വീതി കൂടിയ സ്ഥലത്ത് വഴിയരികില്‍ പെയിന്റടിച്ച് ഒരു പുതുപുത്തന്‍ കുരിശ് നാട്ടിയിരിക്കുന്നു, 'കണ്ടോ ചേട്ടാ, കയ്യേറ്റം, ഇതാണ് തീരെ ഇഷ്ടമില്ലാത്ത പണി. ഞങ്ങള് കുറേ പേര് ഒരു പച്ച പുതപ്പിച്ച കല്ലും നിങ്ങടെ ഒരു പ്രതിമേം(ദൈവം) വച്ചാലോ എന്നാലോചിച്ചതാ. ഇപ്പണിക്ക് ബദല്‍ അതേയുള്ളു. പിന്നെ വേണ്ടെന്നു വച്ചു. ' ഷെറീഫ് ധര്‍മ്മരോഷം കൊണ്ടു. അതൊന്നും ചെയ്യാത്തത് നന്നായി എന്നു ഞങ്ങളും പറഞ്ഞു. ഒരു തെറ്റ് വേറൊരു തെറ്റുകൊണ്ട് എതിര്‍ക്കുന്നത് ശരിയല്ലല്ലോ.

'ഹോ ഇവിടെങ്ങാനും വച്ച് കാറിനു വല്ലതും പറ്റിയാല്‍.. ' പതിവുപോലെ എന്റെ നാക്കില്‍ വികടസരസ്വതി വിളഞ്ഞു.

'ചേച്ചി പേടിക്കാതെ. ആ നിമിഷം ഇവിടെ എല്ലാ സഹായവും എത്തും. ' ഷെറീഫ് സമാധാനിപ്പിച്ചു. ഉം, ശരിയാണ് ഷെറിഫീന് നല്ല ഗ്രൌണ്ട് സപ്പോര്‍ട്ടുണ്ട്.

'നാട്ടില്‍ സ്ഥലവില്‍പ്പനയൊക്കെ എങ്ങനെ? ' ഞാന്‍ ചോദിച്ചു. കുറച്ചു ഭൂമി അവിടെയുള്ളത് തട്ടാഞ്ഞിട്ട് എനിക്കു സ്വൈരക്കേടു തുടങ്ങീട്ട് കുറച്ചായി.

'ഒന്നും നടക്കുന്നില്ല. റബറിനു വിലയില്ലാത്തോണ്ട് പുറമേക്കാര് ഇന്‍വെസ്റ്റുമെന്റിനു വരുന്നില്ല. പിന്നെ നാട്ടാരുടെ ആരുടെ കയ്യിലും കാശൊന്നുമില്ല. ലോണ്‍ എടുത്ത് കാറു വാങ്ങിക്കും, തവണ അടച്ച് മൊബൈലും. പിന്നെ ടിപ്പ്‌ടോപ്പ് വേഷവും. 'ഷെറീഫ് പുതുകാലരീതികള്‍ വര്‍ണ്ണിച്ചു, ഞങ്ങള്‍ ചിരിച്ചു.

പോകുന്ന വഴി അവിടവിടെ മാത്രമേ വീടുകളുള്ളു. വൈദ്യുതി ഇല്ല പോലും. പക്ഷേ വീടുകളുടെ മുകളില്‍ ഡിഷ് ഉണ്ടായിരുന്നു. 'ഇനീപ്പോ കയ്യേറ്റം കുശാലാവും, റോഡു വന്നില്ലേ, 'ശരിയാണ്. കാഴ്ച്ച കണ്ടു കുന്നിറങ്ങുന്ന കാറുകളിലും ഓട്ടോകളിലും ഉള്ളവര്‍ അങ്ങോട്ടു പോകുന്ന ഞങ്ങളെ നോക്കി സംതൃപ്തിയോടെ പുഞ്ചിരിച്ചു.

ഒരു വശത്ത് പുള്ളിക്കാനം, മറുവശത്ത് ഇല്ലിക്കല്‍ മല, കാണേണ്ടതു തന്നെ.  ഉയരം കൂടുന്തോറും, ലക്ഷ്യം അടുക്കുന്തോറും ദൂരക്കാഴ്ച്ചയിലുള്ള കല്ലിന്റെ മനോഹര ആകൃതി മാറാന്‍ തുടങ്ങി. ജീവിതം പോലെ തന്നെ. കുടക്കല്ലും കോഴിക്കല്ലും വ്യക്തമായി ഇടയകലത്തോടെ കാണുന്നു.
3.കോഴിക്കല്ലും കുടക്കല്ലും


 'ഉച്ചതിരിഞ്ഞ്, വരുന്നത് സേഫല്ല. ഇത്രയും ഉയരത്തിലല്ലേ. ഇടിവെട്ടിയാല്‍ താങ്ങില്ല. ഇനി വരുമ്പോ  നമുക്ക് രാവിലെ വരാം. വാഗമണ്‍, മാര്‍മല അരുവി എല്ലാം പഴയതുപോലെ ഒന്നു ചുറ്റാം. ' അടുത്ത പ്ലാന്‍ ഇട്ടു ഷെറീഫ്. ഇനി വരുമ്പോള്‍ വേറേ വഴിയേ പോകണം, ആ വശത്തുനിന്ന് കാണുമ്പോള്‍ ഇല്ലിക്കല്‍ക്കല്ല് എങ്ങനെ എന്നറിയണ്ടേ?അന്ന് മാര്‍മല അരുവിയ്ക്കു പോകാന്‍ മര്യാദയ്ക്കുള്ള വഴി ഇല്ലായിരുന്നു, പോകാന്‍ നന്നെ ബുദ്ധിമുട്ടിയിരുന്നു. ഇപ്പോള്‍ ഉണ്ടാവുമായിരിക്കും.

പണി നടക്കുന്നതുകൊണ്ട് മുകളിലെ ഗേറ്റ് അടച്ചിരിക്കയായിരുന്നുവത്രേ. പക്ഷേ ഞങ്ങള്‍ ചെന്നപ്പോഴേയ്ക്കും തുറന്നിരുന്നു, 'ഊം, ഭാഗ്യമുണ്ട്, 'ഷെറീഫ് ചിരിച്ചു. അങ്ങനെ മുകളിലെത്തി. ഷെറീഫ് തന്നെ കാര്‍ തിരിച്ചിട്ടു. രണ്ടു മാടക്കടകള്‍ ഉണ്ട്. വാസ്തവത്തില്‍ വണ്ടി തിരിക്കാനുള്ള സ്ഥലം കയ്യേറിയിരിക്കയാണ് അവര്‍. വയറ്റുപിഴപ്പ്. താഴെ എവിടെ നിന്നോ വരുന്നവരാണ്.

അനാരോഗ്യം ഓര്‍ക്കാതെ ആവേശത്തോടെ ലേശം മുകളിലേക്കു തത്തിപ്പിടിച്ചു കയറി, പാറമേല്‍ നിന്ന് മൊബൈലില്‍ ഫോട്ടോ എടുത്തു, താഴേക്കു നോക്കിയപ്പോള്‍ പേടിച്ചുപോയി. ഫോട്ടോ എടുത്തെടുത്ത് കാലുതെന്നിവീണ ആര്‍ക്കിടെക്റ്റ് നരേന്ദ്രന്‍ (മോഹന്‍ലാല്‍ കഥാപാത്രം-മായാമയൂരമെന്നു തോന്നുന്നു) നെ ഓര്‍മ്മ വന്നതുകൊണ്ട് വളരെ സൂക്ഷിച്ചായിരുന്നു നില്‍പ്പ്. 
സിനിമകള്‍ കാണുന്നത് വളരെ നല്ലതാണ്! സമയാസമയത്ത് ഓര്‍മ്മകള്‍ മുന്നറിയാപ്പായി  ഉണരും!

ഉയരങ്ങളില്‍ നിന്ന് ചുറ്റും നോക്കി പ്രകൃതിസൗന്ദര്യം നുകര്‍ന്നു.  'അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം! ' കോണ്‍വെന്റില്‍ നിന്നു കിട്ടിയ സെര്‍മണ്‍ ഓണ്‍ ദ മൗണ്ട് എന്ന കുട്ടിപ്പുസ്തകത്തിന്റെ കവര്‍ചിത്രവും ഓര്‍മ്മ വന്നു.

മലമൂടത്തിയായ എനിക്ക് മല ഒന്നും പുതുമയല്ല, എന്നിട്ടും ഇവിടുത്തെ മാസ്മരിക സൗന്ദര്യം അപാരമെന്നു തോന്നി. പാറി നടക്കുന്ന ആകാശത്തുണ്ടുകള്‍ പോലെ ലാഘവമാര്‍ന്നു മനസ്സ്. മറ്റെല്ലാം മറക്കും പോലെ. മറ്റൊരു വന്യലോകത്ത് എത്തിയ പോലെ. ഷെറീഫ് ചുറ്റും നോക്കിയും താഴേയ്ക്ക് നോക്കിയും ഏതെല്ലാം ഏത് എന്നു പറഞ്ഞു തരുന്നുണ്ടായിരുന്നു. പുള്ളിക്കാനം മലയിലെ റോഡിലൂടെ തീപ്പെട്ടിവണ്ടികള്‍ നീങ്ങുന്നത് കാണാമായിരുന്നു.കല്ലിലേക്കു കയറാന്‍ മുകളിലേക്ക് ആളുകള്‍ നടന്നുണ്ടായ ഒറ്റയടിപ്പാതയുണ്ട്. അതിലേ മുകളിലെത്തി പിന്നെ വേണം വലതു വശത്തുള്ള കല്ലിലേക്കു പോകാന്‍.

മുകളിലേക്കു കയറാനുള്ള ഒറ്റയടിപ്പാത.നിറുകയില്‍നിന്ന് വലത്തോട്ടു തിരിഞ്ഞു നടക്കുമ്പോള്‍ കല്ലിലെത്താം. മുകളിലെ ചിത്രങ്ങള്‍ നോക്കാം. ഈ വഴി തുടങ്ങുന്നിടം വരെയേ ഞങ്ങള്‍ കയറിയുള്ളു.
കുടക്കല്ലിലും കോഴിക്കല്ലിലും മനുഷ്യര്‍ നടക്കുന്നത് കാണാമായിരുന്നു. വലിയവരും കുട്ടികളും മുകളിലേക്ക് കയറുന്നുമുണ്ടായിരുന്നു. അത് കാണെ ശരിക്കും ഭയം തോന്നി. ഒന്നു കാലു തെറ്റിയാല്‍... യാതൊരു സുരക്ഷാ സൗകര്യങ്ങളും ഇല്ല. മുകളില്‍ മൊബൈലിനു റേഞ്ചുമില്ല.

താഴേക്ക് ഇറങ്ങാന്‍ ഞാന്‍ ഇത്തിരി പാടുപെട്ടു. എങ്കിലും ആരുടേയും അഭിപ്രായം ഒന്നും അനുസരിക്കാതെ സ്വയം തീരുമാനിച്ച രീതിയില്‍ ഇറങ്ങി. അവസാനം ലേശം ഇരുന്നു നിരങ്ങി വെള്ള ഉടുപ്പ് ചെളിയും പറ്റിച്ചു, താഴേക്കു റോഡിലേക്കു ചാടും മുമ്പ്.  ഞങ്ങള്‍ താഴേക്കിറങ്ങവേ ഒരു ഇന്നോവ വന്നു നിന്നു. അതിനകത്തു നിന്ന് യൂണിഫോമിട്ട ഒരു പറ്റം കുട്ടികള്‍ പുറത്തുചാടി. ഇത്രയും പേരോ ഒരു കാറില്‍ എന്ന് ഞങ്ങള്‍ ചിരിച്ചു. ഇറങ്ങാന്‍ സര്‍ക്കസ്സു കാണിക്കുന്ന ഞാന്‍ മുന്നേ പോയവരുടെ രീതി മനസ്സിലാക്കിയപ്രകാരം, ആഗതരെ നോക്കി  വെളുക്കെ അങ്ങു ചിരിച്ചു. പക്ഷേ അടുത്തു വന്നപ്പോള്‍ അസാദ്ധ്യ മണം, നല്ലവണ്ണം പൂശിയാണ് കുട്ടികള്‍ വന്നിരിക്കുന്നത്. 'ഇല്ലിക്കല്‍ക്കല്ലു വാഴും ദൈവങ്ങളേ...ഈ കുട്ടികളെ കാത്തോളണേ...'ഗോവിന്ദപ്പൂപ്പന്റെ പ്രാര്‍ത്ഥന മനസ്സില്‍ ചൊല്ലി . പ്രായത്തിന്റെ തുടിപ്പ്, വീട്ടില്‍ കാത്തിരിക്കുന്ന അച്ഛനമ്മമാര്‍!

തിരിച്ചിറങ്ങി അവിടവിടെ നിന്ന്, കാഴ്ച്ചകള്‍ കണ്ടുകണ്ട് മടക്കയാത്ര. വളഞ്ഞുപുളഞ്ഞ് പിന്നിട്ടുപോന്ന വശ്യമായ വഴി.
വളഞ്ഞു പുളഞ്ഞു പോകും വഴി
 പണ്ടു കണ്ട തൂക്കുപാലം ഒന്നുകൂടി കാണണമെന്നായി ഞാന്‍.

പാലത്തിന്‍റെ താഴെ ശോഷിച്ച തീക്കോയി ആറ്.
പല സിനിമകളും ഷൂട്ട് ചെയ്തിരുന്നുവത്രേ അവിടെ. പക്ഷേ ഇപ്പോഴത്തെ അവസ്ഥ ശോചനീയമായിരുന്നു. പഴയ പാലമല്ല, തടി റീപ്പറുകള്‍ വച്ച പുതിയ പാലത്തില്‍ അവിടവിടെ റീപ്പറുകള്‍ പോയിട്ടുണ്ട്, റെയിലിങ്ങിനാണെങ്കില്‍ തമ്മില്‍ തമ്മില്‍ വല്ലാത്ത അകലവും! ആളുകള്‍ അക്കരെയിക്കരെ പോകുന്നുണ്ടായിരുന്നുവെങ്കിലും കുറച്ചു മുന്നോട്ടു പോയി ഞാന്‍ തിരിച്ചു വന്നു. ഓരോന്നിനും ഓരോ പ്രതാപകാലമുണ്ടാവും, അതു മാറി മാറി വരികയും ചെയ്യും!

 ഓഡിയോ  കളയാനറിയാത്തതുകൊണ്ട് വിഡിയോകള്‍ ഇടുന്നില്ല . 360 ഡിഗ്രി വിഡിയോകള്‍  ആണേയ്, മൊബൈലില്‍ ഞാന്‍ സ്വയം വട്ടം കറങ്ങി എടുത്തത്. :))