Wednesday, July 23, 2014

ദേവികക്കുട്ടി

                           

വെള്ളയമ്പലത്തു നിന്ന് ശാസ്തമംഗലത്തേക്കു തിരിയുന്നിടത്ത് ഓട്ടോ നിര്‍ത്തിച്ചു. ഇനി ശാസ്തമംഗലം റോഡിലൂടെ നടന്നു കണ്ടുപിടിച്ചാലേ പറ്റൂ.

പണ്ടു താമസിച്ചിരുന്നിടമാണ് എന്നു പറഞ്ഞിട്ടെന്താ കാര്യം? വല്ലാണ്ടങ്ങു മാറിപ്പോയിരിക്കുന്നു. ഇടത്തേക്കാണ് വഴി എന്നറിയാം. അന്ന് ഇടത്തോട്ട് അധികം വഴികളൊന്നും ഉണ്ടായിരുന്നില്ല, അതായിരുന്നു മനസ്സില്‍. ഇന്നിപ്പോള്‍ എത്ര? എങ്ങനെ കണ്ടുപിടിക്കും ? പഴയ ഓര്‍മ്മ ചികഞ്ഞ്, ലാന്‍ഡ് മാര്‍ക്കുകള്‍ എന്നു മനസ്സിലുറപ്പിച്ച കെട്ടിടങ്ങള്‍ക്കു പകരം, കടല്‍നീല ഗ്ലാസ്സുകള്‍ പിടിപ്പിച്ച ഭംഗിയുള്ള ബഹുനില കെട്ടിടങ്ങള്‍ ഇരുവശങ്ങളിലും തല ഉയര്‍ത്തി നില്‍ക്കുന്നുണ്ട്. കുഞ്ഞുന്നാളില്‍ കാക്കപ്പൊന്ന് എന്ന് ശേഖരിച്ചു വയ്ക്കുമായിരുന്ന തീരെ കനം കുറഞ്ഞ മിനുസമുള്ള കല്‍പ്പാളികള്‍ ഓര്‍മ്മ വരുത്തും ആ നീലനിറം.

ഒരു വഴിയിലൂടെ കുറച്ചു നടന്നു നോക്കി. ഇല്ല, അതല്ല. തിരിച്ചു വീണ്ടും മെയിന്‍ റോഡെത്തി. വീണ്ടും മറ്റൊരു വഴിയിലൂടെ, അതും അല്ലെന്നു കണ്ടുപിടിക്കാന്‍ മാത്രം. അങ്ങോട്ടുമിങ്ങോട്ടും അച്ചാലും പിച്ചാലും നടന്നു. അവസാനം തോറ്റു, ആരോടും ചോദിക്കാതെ തനിച്ചു കണ്ടുപിടിക്കും എന്ന മണ്ടന്‍ ഹുങ്ക്  ഉപേക്ഷിച്ചു, മറ്റു കടകളോടു ചേര്‍ന്നല്ലാതെ ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു കുഞ്ഞിക്കടയ്ക്കു മുന്നില്‍ നിന്നു. കടക്കാരന്‍ ഉള്ളില്‍ നിന്ന് എന്തോ ചെയ്യുകയാണ്. ഒന്നു നോക്കി, ആളു നില്‍ക്കുന്നതു കണ്ടെങ്കിലും കണ്ട ഭാവമൊന്നും കാണിക്കാതെ, തിരിഞ്ഞ് അയാള്‍ സ്വന്തം പണി തുടരുകയായിരുന്നു.

പണ്ടൊരിക്കല്‍ ഇതുപോലൊരു കടയില്‍ പഴം വാങ്ങിക്കാന്‍ കയറിയത് പെട്ടെന്ന് ഓര്‍മ്മ വന്നു. 'ഓ, ഇത്രയും വിലയോ' എന്ന് ഒന്നു പറഞ്ഞു പോയതാണ്. 'സൗകര്യമുണ്ടെങ്കില്‍ വാങ്ങിയാല്‍ മതി ' എന്ന് മുഖത്തടിക്കും പോലെ ഒരു പറച്ചില്‍. നാണം കെട്ട് പഴം വാങ്ങാതെ പോന്നു അന്ന്. ഇനീപ്പോ ഇയാളുടെ കൈയ്യീന്ന് എന്താണാവോ കിട്ടാന്‍ പോകുന്നത്. 'ന്റെ പഴവങ്ങാടി ഗണപതീ, സഹായിക്കണേ....'ഗണപതിയെ കൂട്ടുവിളിച്ച്, എന്തോ വരട്ടെയെന്നൊരു ധൈര്യം സംഭരിച്ചു രേഖ.

'പി.ഡബഌയൂ.ഡിയില്‍ എഞ്ചിനീയറായിരുന്ന ഒരു...ഒരു...ജോര്‍ജ്ജിന്റെ വീട്....' വളരെ പതിഞ്ഞ ശബ്ദത്തില്‍, എന്തോ തെറ്റു ചെയ്യുന്ന ഭാവത്തിലായിരുന്നു ചോദ്യം. 'ജോര്‍ജ്ജാശാന്‍ എന്നായിരുന്നു...'

മുഴുമിക്കേണ്ടി വന്നില്ല, അയാള്‍ ഏതോ അന്യഗ്രഹജീവിയെ നോക്കും പോലെ അവളെ നോക്കി. ചെയ്യുന്ന പണി ഡുംന്ന് നിര്‍ത്തി നിമിഷം കൊണ്ട് മുഖാമുഖം പ്രത്യക്ഷപ്പെട്ടു.

'അവരെ എങ്ങനെ അറിയാം?' സംശയം മുറ്റിയ മറുചോദ്യം.

'അത്....പണ്ട് ഞങ്ങള്‍ അവരുടെ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്നു.'

'പണ്ടെന്നു പറഞ്ഞാല്‍?'

'കുറെ വര്‍ഷം മുന്നേ.'

'ഇപ്പോ വരാന്‍ കാരണം?' അയാള്‍ പോലീസുമുറയില്‍ കത്തിക്കയറുകയാണ്. താന്‍ പോടോ എന്ന് കളഞ്ഞിട്ടു പോയാലോ, രേഖ ഒരു നിമിഷം ആലോചിച്ചു. വേണ്ട, എടുത്തു ചാടണ്ട, ഇയാള്‍ക്ക് വീടറിയാം, എങ്ങനെയും മനസ്സിലാക്കണം, വിവരം ചോര്‍ത്തണമെങ്കില്‍ ഇയാളുടെ അഹങ്കാരം സഹിച്ചേ പറ്റൂ. ഇവിടെ വരെ വന്ന സ്ഥിതിക്ക് ഇനി കാണാതെ പോകാന്‍ വയ്യ. ദേവികയെങ്കിലും കാണാതിരിക്കുമോ?

'അത്....പത്രത്തില്‍ വായിച്ചിരുന്നു.'

'എന്നിട്ട് ഇപ്പഴാണോ അന്വേഷിച്ചു വരുന്നത് ?' ശുംഭന്‍ വിടുന്ന മട്ടില്ല.

'ഞാന്‍ ഇവിടെയില്ല, ഇപ്പഴാണ് അവധിക്കു വന്നത്. പിന്നെ, താങ്കള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ പറയൂ, എനിക്ക് ലേശം ധൃതിയുണ്ട്.'  രേഖയ്ക്ക് ക്ഷമയേഴും കെട്ടിരുന്നു, അസ്വാരസ്യം മറയ്ക്കാന്‍ ഒട്ടു മിനക്കെട്ടുമില്ല.

അത് ഏറ്റു. പാവമാണെന്നു തോന്നിയാല്‍ ചവിട്ടിക്കയറും ചിലര്‍, അതാണ് ദൈവത്തിന്റെ സ്വന്തം നാട്ടുകാരില്‍ ചിലരുടെ രീതി എന്ന് അനുഭവം പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. അങ്ങനെയുള്ളപ്പോള്‍ താണു കൊടുക്കാന്‍ പാടില്ല. ഇത്തരക്കാര്‍ മിയ്ക്കവരും ഭീരുക്കളായിരിക്കും. ഒന്നു കടുപ്പിച്ചാല്‍ മതി, പത്തി താനേ താഴും. അയാള്‍ വഴി വിശദമായിട്ടു വര്‍ണ്ണിച്ചു തന്നു. 'റോസ് വില്ല' എന്ന് ബോര്‍ഡുണ്ടെന്നും അറിയിച്ചു.

'ഉപകാരം, ഒരു കുപ്പി വെള്ളം തന്നോളൂ, ' ആവശ്യമൊന്നുമില്ലെങ്കിലും സഹായത്തിന് പ്രത്യുപകാരം അപ്പോള്‍ തന്നെ തീര്‍ക്കുന്നതാണ് നല്ലത്. 'കടത്തിനു കടം കൊണ്ട് എന്റെ ചുമതല തട്ടിക്കിഴിച്ചിരിക്കുന്നു 'എന്ന് സി.വി.രാമന്‍പിള്ള മാര്‍ത്താണ്ഡന്‍ പിള്ളയെക്കൊണ്ട് പറയിച്ചതു പോലെ! തെറ്റു ചെയ്താല്‍ ശിക്ഷയും, ഉപകാരം ചെയ്താല്‍ പ്രത്യുപകാരവും പിന്നത്തേയ്ക്കു വച്ചേക്കാന്‍ പാടില്ല. വച്ചിരുന്നാല്‍ ഒരു പക്ഷേ നിനച്ചിരിക്കാത്തപ്പോള്‍ വലിയ പിഴ മൂളേണ്ടി വരും! ചിലപ്പോള്‍ ഒന്നിനും അവസരം ലഭിച്ചെന്നും വരില്ല. രേഖയ്ക്ക് അങ്ങനെ പല തിയറികളുമുണ്ട്, ജീവിതങ്ങള്‍ നിരീക്ഷിച്ചു കിട്ടിയ തിയറി ! കോളേജില്‍ ലാബ് പരീക്ഷണം കഴിഞ്ഞ് റെക്കോഡ് എഴുതുമ്പോള്‍ അതിന്റെ ഫലം വച്ച്  ഇന്‍ഫറന്‍സ് (അനുമാനം) എന്ന് അടിയില്‍ ചുവന്ന വരയിട്ട്, രേഖപ്പെടുത്തില്ലേ, പരീക്ഷണം എന്തു മനസ്സിലാക്കിച്ചുവെന്ന്? ഏതാണ്ട് അതുപോലെ തന്നെ. ഇവിടെ പരീക്ഷണം, ജീവിതം ആണ് എന്ന വ്യത്യാസം മാത്രം.

കടക്കാരന് ലേശം കൂടി വിവരങ്ങള്‍ തോണ്ടിയെടുക്കണമെന്നുണ്ടായിരുന്നു, പക്ഷേ രേഖയുടെ മുഖഭാവം കണ്ടപ്പോള്‍ ചോദിച്ചാല്‍ ശരിയാവില്ലെന്നു പിന്മാറിയതാവണം.

'റോസ് വില്ല'-അന്ന് അങ്ങനെ പേരുണ്ടായിരുന്നില്ല, റ്റി.സി. നമ്പര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. റോസ്, ആന്റിയുടെ പേര് ആയിരുന്നു. പിന്നെ എപ്പോഴെങ്കിലും ഇട്ടതാവാം, ഒരു പക്ഷേ ആന്റിയുടെ മരണശേഷമോ മറ്റോ. വീട് അടച്ചിട്ടിരിക്കുകയായിരിക്കുമോ ആവോ? അവിടെ അവര്‍ക്ക് മറ്റു ബന്ധുക്കളൊന്നും ഉണ്ടായിരുന്നില്ല. നായര്‍ കേന്ദ്രമായി അറിയപ്പെട്ടിരുന്ന ശാസ്തമംഗലത്ത് ഇവര്‍ എങ്ങനെ വന്നു പെട്ടു എന്നതിനും ഒരു കഥയുണ്ടായിരുന്നു അന്ന്.

ജോര്‍ജ്ജ് അങ്കിളിന്റെ അപ്പൂപ്പന്‍ നായരായിരുന്നു പോലും, അങ്ങനെ കിട്ടിയതാണത്രേ അവിടെ വീടും സ്ഥലവും. ശരിയായിരിക്കണം, അതല്ലേ മക്കള്‍ക്ക് ലതിക, രാധിക, ദേവിക എന്ന് പേരിട്ടത്. വിളിച്ചിരുന്നത് ലതികൂട്ടി-ലതികക്കുട്ടി-, രാധികൂട്ടി, ദേവികൂട്ടി, എന്നായിരുന്നു.  കുടുംബപരമായി കിട്ടിയതായതുകൊണ്ടാവണം, അവിടം വിറ്റു കളയാന്‍ അങ്കിള്‍ തയ്യാറായിരുന്നില്ല. രേഖയുടെ അച്ഛന്‍ തിരുവനന്തപുരത്ത് സ്ഥലം മാറി വന്ന് അത് വാടകയ്ക്ക് എടുക്കുമ്പോള്‍ അങ്കിളും കുടുംബവും ദൂരെയെവിടെയോ ആയിരുന്നു. വീടിനോട് ചേര്‍ന്ന് അടച്ചിട്ടിരുന്ന ഒരു ചെറിയ ഔട്ട് ഹൗസും ഉണ്ടായിരുന്നു. ഈ വീട് വര്‍ഷങ്ങളായി അടച്ചു കിടക്കുകയോ വാടകയ്ക്കു കൊടുത്തിരിക്കയോ ആയിരുന്നു പോലും. ഇവിടെ ജോലിയായിരുന്നപ്പോള്‍ പോലും അവര്‍ ഒരിക്കലും അവിടെ വന്നു താമസിച്ചിരുന്നില്ലെന്ന് അന്ന് അയല്‍ക്കാര്‍ പറഞ്ഞിരുന്നു. ചുറ്റുപാടിനെ അവര്‍ക്കു ഭയമായിരുന്നിരിക്കാം എന്ന് ഇപ്പോള്‍ തോന്നുന്നു.

വീടിനു അഡ്വാന്‍സ് കൊടുക്കാന്‍ അച്ഛനൊപ്പം രേഖയും വന്നിരുന്നു. അങ്കിളിനെ കണ്ടതും നടുങ്ങിപ്പോയത് ഇന്നും ഓര്‍ക്കുന്നു. കറുകറാന്ന് കരിംപാറ പോലെ കറുത്ത നിറം. ആറര അടിയോളം പൊക്കം, ഒത്ത വണ്ണം, കണ്ണാണെങ്കില്‍ പച്ചനിറത്തില്‍ ഗോലി പോലെ തിളങ്ങുന്നു. തല നിറയെ ചുരുണ്ട തിളങ്ങുന്ന കറുത്ത മുടി. ആരു കണ്ടാലും ഒന്നു നടുങ്ങും. 'വളരെ നല്ല മനുഷ്യനാണ്. രൂപം കണ്ട് ആളെ അളക്കണ്ട. രവിയങ്കിള്‍ അന്വേഷിച്ചതല്ലേ, 'തിരികെ പോകുമ്പോള്‍ മകളുടെ പേടി മാറ്റാന്‍ അച്ഛന്‍ പറഞ്ഞു,

പറഞ്ഞുറപ്പിച്ച വാടകയേക്കാള്‍ കൂടുതല്‍ കൊടുക്കാമെന്ന് വേറൊരു കൂട്ടര്‍ അങ്കിളിനെ സമീപിച്ചിരുന്നു. പക്ഷേ അങ്കിള്‍ വഴങ്ങിയില്ലത്രേ. അന്ന് അഡ്വാന്‍സ് കൊടുത്തിരുന്നില്ല, വാക്കു പറഞ്ഞിരുന്നതേ ഉള്ളു, എന്നിട്ടും അങ്കിളിന് മനം മാറ്റം ഉണ്ടായില്ല. വാക്കു പറഞ്ഞു പോയി, ഇനി മാറ്റമില്ല എന്നായിരുന്നു അങ്കിളിന്റെ നിലപാട്. അതായിരുന്നിരിക്കണം അച്ഛന് ഇത്ര ബഹുമാനം.

പിന്നെ അവര്‍ താമസത്തിനു വന്നപ്പോള്‍ സാധനം ഇറക്കാന്‍ മുതല്‍ അങ്കിള്‍ ആദ്യാവസാനക്കാരനായിരുന്നു. തന്റെ വീട്ടില്‍ വന്ന അതിഥികളെന്നവണ്ണമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.

അതില്‍ പിന്നെ വല്ലപ്പോഴുമേ അവര്‍ വീട്ടില്‍ വന്നിട്ടുള്ളു. അനാവശ്യ ഇടപെടലുകളോ ശല്യപ്പെടുത്തലുകളോ ഒന്നുമില്ല. വരുമ്പോഴെല്ലാം, വീടും പരിസരവും ഭംഗിയായി സൂക്ഷിക്കുന്നു എന്ന സന്തോഷം മറച്ചു വയ്ക്കാതെ പ്രകടിപ്പിക്കയും ചെയ്യുമായിരുന്നു.

അങ്ങനെ സംഗതികള്‍ സുഗമമായി നീങ്ങവേ അതാ പെട്ടെന്നൊരു അശനിപാതം! താമസം തുടങ്ങി ഏഴെട്ടു മാസം ആയിട്ടുണ്ടാവും, ഒരു നാള്‍ വിഷണ്ണനായി അങ്കിള്‍ വന്നു കയറുന്നു.

'എങ്ങനെ പറയണം എന്നറിയില്ല. ക്ഷമിക്കണം' മുഖവുര കേട്ട് എന്താണാവോ എന്ന് എല്ലാവരും ആകാംക്ഷയോടെ കാതു കൂര്‍പ്പിച്ചു.

'അത്....അത് പിന്നെ അമ്മയ്ക്ക് തീരെ സുഖമില്ല.' പിന്നെയും നിശബ്ദത. എന്താണ് അസുഖമെന്നായി അച്ഛന്‍. അതെല്ലാം വിശദമായി പറഞ്ഞു കഴിഞ്ഞപ്പോള്‍ പിന്നെയും മൗനം.

'അമ്മയ്ക്ക് ഒരു ആഗ്രഹം...ഇനിയുള്ള കാലം ഇവിടെ വന്നു താമസിക്കണമെന്ന്....' പൂച്ച പുറത്തു ചാടി. ചാടിച്ചല്ലോ എന്ന ആശ്വാസം കാണാമായിരുന്നു ആ മുഖത്ത്.

അച്ഛന്റെ മുഖം വിളറി. പെട്ടെന്നിങ്ങനെ പറഞ്ഞാല്‍...മറ്റൊരു വീടു കണ്ടുപിടിക്കും വരെ സാവകാശം വേണ്ടേ? അച്ഛന്റെ  മുഖം കണ്ട് അങ്കിള്‍ തന്നെ പരിഹാരവും നിര്‍ദ്ദേശിച്ചു.

'ഞങ്ങള്‍ ഇവിടെ ഔട്ട്ഹൗസില്‍ കൂടാം തല്‍ക്കാലം. നിങ്ങള്‍ക്കു കുറച്ച് ബുദ്ധിമുട്ടാവും എന്നറിയാം. സാറിനു വീടു കിട്ടും വരെ ഞങ്ങള്‍ അവിടെ താമസിക്കാം. വീട് ഞാനും കൂടി അന്വേഷിക്കാം.' അങ്കിള്‍ പറഞ്ഞൊപ്പിച്ചു.

വീടിനോടു ചേര്‍ന്ന ഒരു ചെറിയ ഔട്ട് ഹൗസാണ്. അവിടെ അച്ഛനും അമ്മയും അമ്മൂമ്മയും മൂന്നു പെണ്‍കുട്ടികളും എങ്ങനെ കഴിയും? അതൊന്നും ഓര്‍ത്ത് വിഷമിക്കണ്ട, അതൊരു പ്രശ്‌നമല്ല എന്ന് അങ്കിള്‍ ആശ്വസിപ്പിച്ചു. തങ്ങളുടെ ബുദ്ധിമുട്ടോര്‍ത്താണ് അവര്‍ക്ക് വിഷമം എന്നും പറഞ്ഞു. സമ്മതം മൂളാതെ അച്ഛനു നിവൃത്തിയുണ്ടായിരുന്നില്ല. അങ്കിളിന്റെ അമ്മയ്ക്ക് ഉടനേ മരിക്കും എന്നു തോന്നുന്നുണ്ടാവും, അങ്ങനെയെങ്കില്‍ അത് ജനിച്ചു വളര്‍ന്ന തറവാട്ടില്‍ വെച്ചാവണം എന്നും കണക്കു കൂട്ടി കാണും എന്ന് അമ്മ അന്നു വിശദീകരിച്ചു തന്നു. മരിക്കാറാവുമ്പോള്‍ അങ്ങനെ തോന്നുന്നത് സ്വാഭാവികമാണു പോലും! മരിച്ചാല്‍ പിന്നെ ഒന്നുമറിയില്ലല്ലോ, എവിടെ കിടന്നു മരിച്ചാലും ഒരു പോലല്ലേ? എന്താ പ്രത്യേകത ആവോ എന്ന് രേഖ അന്ന് അത്ഭുതപ്പെടുകയും ചെയ്തു.

അങ്കിളിന് ഇവിടുന്ന് പോയി വരാന്‍ ദൂരം വളരെ കൂടുതലാണ്, മക്കള്‍ക്ക് ഇവിടെ അഡ്മിഷന്‍ വാങ്ങണം, അങ്ങനെ പല ബുദ്ധിമുട്ടുകളും ഉണ്ട്, എന്നിട്ടും അവര്‍ വരാന്‍ തയ്യാറാവുമ്പോള്‍ അത് നിവൃത്തികേടു കൊണ്ടായിരിക്കുമല്ലോ, അച്ഛനും അമ്മയുടെ ന്യായം ശരി വച്ചു.

'വെള്ളുള്ളീടേം മീനിന്റേം ഇറച്ചീടേം മണം താങ്ങേണ്ടി വരും. തൊട്ടു ചേര്‍ന്നല്ലേ വീട്.' അമ്മ പറഞ്ഞു.

അങ്ങനെ അവര്‍ അയല്‍ക്കാരായി . ഒരേ മുറ്റം. റോസ് ആന്റി എപ്പോഴും അടുക്കളയിലാണ്. മിയ്ക്ക അവധി ദിവസങ്ങളിലും പലഹാരങ്ങള്‍ ഇപ്പുറത്തും കൊണ്ടു തരും . അമ്മ പറഞ്ഞതുപോലെ തന്നെ അവരുടെ പാചകവേളകളിലെ മണം ലേശം അസഹ്യം തന്നെ ആയിരുന്നു.  പ്രത്യേകിച്ചും ഞായറാഴ്ച്ച. സഹിക്ക തന്നെ.

അമ്മൂമ്മയും റോസ് ആന്റിയും ഇരുനിറക്കാര്‍, പക്ഷേ മൂത്ത രണ്ടു  പെണ്‍മക്കളും അച്ഛനെ പോലെ ആയിരുന്നു, നിറവും ആകാരവും ചുരുണ്ടിരുണ്ട മുടിയും മാത്രമല്ല, കണ്ണുകള്‍ പോലും. ഏറ്റവും ഇളയ ദേവിക മാത്രമേ അധികം പൊക്കമില്ലാതുള്ളു. അവളുടെ കണ്ണുകളും സാധാരണം തന്നെ. മൂത്തവള്‍ ലതിക ബി.എ ഒന്നാം വര്‍ഷം. പ്രീഡിഗ്രി ഒന്നാം വര്‍ഷക്കാരി , രണ്ടാമത്തവള്‍ രാധികയ്ക്ക് രേഖയുടെ കോളേജില്‍, അതേ ക്ലാസ്സില്‍ തന്നെ അഡ്മിഷന്‍ ശരിയായി. അങ്ങനെ അവര്‍ ക്ലാസ്സ് മേറ്റ്‌സായി. ഒന്നിച്ചു കോളേജിലേക്കുള്ള യാത്രകളില്‍ പലപ്പോഴും ആളുകള്‍ രാധികയെ തുറിച്ചു നോക്കുന്നത് കണ്ടിട്ടുണ്ട്. രാധികയുടെ പൊക്കത്തിനു മുന്നില്‍ രേഖയ്ക്ക് ചെറിയൊരു അപകര്‍ഷതാബോധം തോന്നാതെയുമിരുന്നില്ല. മുട്ടുവരെ കറുത്തിരുണ്ട ചുരുണ്ട മുടി, അത് നേരേ കെട്ടിവയ്ക്കില്ല, കുളിക്കുമ്പോള്‍ വാരിക്കോരി എണ്ണതേച്ചിട്ടുമുണ്ടാവും. പല്ല് സാമാന്യം പൊങ്ങിയിട്ടാണ്, മുഖം നേരെ തുടയ്ക്കാതെ പൗഡര്‍ തേച്ചത് ഉണങ്ങി അവിടവിടെ കാണും. അതൊന്നും പോരാതെ അന്നൊക്കെ തത്തമ്മ പച്ച, മുട്ടായി പിങ്ക് എന്നെല്ലാം കളിയാക്കുമായിരുന്ന നിറങ്ങളിലും കടും നിറങ്ങളിലും ഉള്ള പാവാടയും ബ്ലൗസുമാണ് അവള്‍ ഇടുക. തത്തമ്മ പച്ചയും മുട്ടായി പിങ്കും വര്‍ഷങ്ങള്‍ക്കു ശേഷം ഹിറ്റായപ്പോള്‍ രേഖ രാധികയെ ഓര്‍ത്തിരുന്നു.

ആളുകളുടെ നോട്ടം കാരണം രാധികയുടെ ഒപ്പം പോകാന്‍ രേഖയ്ക്കു മടിയായിരുന്നു. അതൊന്നും സാരമില്ല, ശ്രദ്ധിക്കേണ്ട എന്ന് അമ്മ പറഞ്ഞപ്പോള്‍ പിന്നെ അനുസരിച്ചു. ക്ലാസ്സില്‍ ചെന്നാലും ആ കുട്ടിയോട് മിണ്ടാനോ പറയാനോ ആരും പോകാറില്ല. അതുകൊണ്ട് അവിടെയും അവള്‍ രേഖയുടെ ഒപ്പമേ വരൂ. അത് രേഖയ്ക്ക് അത്ര സന്തോഷമൊന്നുമായിരുന്നില്ല, പക്ഷേ നിവൃത്തിയുണ്ടായിരുന്നില്ല. ഇഷ്ടക്കേടുണ്ടെങ്കിലും ഒരു കുട്ടിയെ അങ്ങനെയങ്ങ് ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും തോന്നിയിരുന്നു. അച്ഛനും അമ്മയും അത് ശരി വയ്ക്കുകയും ചെയ്തു. ദേവിക വന്നതോടെ രേഖയുടെ കൂട്ടുകാര്‍ ഓരോരുത്തായി അകന്നു. രാധികയോട്  അടുപ്പമുള്ള കൂട്ടുകാരിയാവാന്‍ ഒരിക്കലും രേഖയ്ക്ക് കഴിഞ്ഞില്ല. അത് പക്ഷേ ആകാരവ്യത്യാസങ്ങളേക്കാള്‍ കൂടുതല്‍ സമാന വിഷയങ്ങളില്ലാത്തതു കൊണ്ടു കൂടി ആയിരുന്നിരിക്കണം. രാധികയുടെ വീട്ടില്‍ എപ്പോഴും പ്രാര്‍ത്ഥനയുണ്ടാകും. പഠിത്തം, പ്രാര്‍ത്ഥന, ഭക്ഷണം ഇങ്ങനെ എന്തോ ഒരു ചിട്ട പോലെ. ബന്ധുക്കളോ ചങ്ങാതിമാരോ ആരും വരാറുണ്ടായിരുന്നില്ല. അങ്കിള്‍ ഏകമകനായിരുന്നു. പക്ഷേ ആന്റി? അവരുടേത് ആന്റിയുടെ വീട്ടുകാര്‍ക്ക് ഒട്ടും ഇഷ്ടമില്ലാത്ത വിവാഹമായിരുന്നു എന്നും പറഞ്ഞു കേട്ടിരുന്നു. ഇന്നിപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നുന്നു സമൂഹഭ്രഷ്ടും കൂടി ആയിരിക്കാം അവരെ വല്ലാതെ ഉള്‍വലിയാന്‍ പ്രേരിപ്പിച്ചത് എന്ന്.

ഇളയവള്‍ അന്ന് ഏഴാംക്ലാസ്സിലോ മറ്റോ ആയിരുന്നുവെന്നാണ് ഓര്‍മ്മ. കുറച്ചെങ്കിലും വര്‍ത്തമാനം പറയുമായിരുന്നത് ആ കുട്ടി മാത്രമാണ്. ലതികയെ നേരേ ഒന്നു കണ്ടിട്ടു പോലുമില്ല.

അന്നത്തെ ഒരു പഠനാവധിക്കാലം. അപ്പൂപ്പന് സുഖമില്ലാത്തതുകൊണ്ട് അമ്മ നാട്ടില്‍ പോയിരിക്കുന്നു. വീട്ടുസഹായി രമണി എല്ലാ ജോലികളും നന്നായിത്തന്നെ ചെയ്യുമായിരുന്നു. അത് വല്ലാത്തൊരു സമാധാനമായിരുന്നു അമ്മയ്ക്ക്. പാചകം കേമമായിരുന്നു. ചപ്പാത്തിക്കായി ഉരുളക്കിഴങ്ങിനൊപ്പം രണ്ടു മൂന്നു കഷണം ബീറ്റ്‌റൂട്ടും കൂടി ചേര്‍ത്ത് രമണി ഉണ്ടാക്കിത്തരുമായിരുന്ന റോസ് നിറമുള്ള സ്റ്റ്യൂവിന്റെ രുചി ഇപ്പോഴും ഓര്‍മ്മയുണ്ട്.  

ഒരു ദിവസം രാത്രി ഒരു മണിയായിക്കാണും, അങ്കിള്‍ ശബ്ദമുണ്ടാക്കാതെ വന്ന് അച്ഛനെ വിളിച്ചു. ബെല്ലിനു പകരം ടോര്‍ച്ച് തെളിച്ചു കാണിച്ചായിരുന്നു ശ്രദ്ധ ആകര്‍ഷിച്ചത്. ചെന്നപ്പോള്‍, അച്ഛനെ മുറ്റത്തേക്കിറക്കി നിര്‍ത്തി എന്തോ രഹസ്യമായി പറയുന്നതു കണ്ടു. തിരിച്ചു വരുമ്പോള്‍ അച്ഛന്റെ മുഖം വിളറിയിരുന്നു. പൂട്ടും താക്കോലും തന്ന് വളരെ രഹസ്യമായി അടുക്കളവശത്തുകൂടി പുറത്തേക്കിറങ്ങുന്ന വാതില്‍ പൂട്ടിക്കൊണ്ടു വരാന്‍ പറഞ്ഞു അച്ഛന്‍. ശബ്ദമുണ്ടാക്കാതെ അച്ഛനും കൂട്ടു വന്നു. വെളുപ്പിന് അഞ്ചുമണിക്ക് അച്ഛന്‍ വീണ്ടും എഴുന്നേല്‍പ്പിച്ചു, തുറന്നിടുവാന്‍. രമണി അറിയാതെ ഈ രീതി അമ്മ വരും വരെ തുടര്‍ന്നു. അടുക്കളയോടു ചേര്‍ന്ന മുറിയിലായിരുന്നു രമണി കിടന്നിരുന്നത്.

അങ്കിള്‍ രാത്രി ടോയ്‌ലറ്റിലേക്കു കയറവേ അടുക്കളയുടെ പിന്നാമ്പുറത്തെ മുറ്റത്ത് നിന്ന് ഒരുത്തന്‍ രമണിയുമായി സംസാരിക്കുന്നതു കണ്ടു. ലൈറ്റിടാതെ അങ്കിള്‍ ശ്രദ്ധിച്ചു. പിന്നെ അയാള്‍ പുറത്തേക്കു മതില്‍ ചാടി.  രമണി തിരിച്ചു കയറി. അങ്കിളിന്റെ പൊക്കം കൊണ്ടാണ് കാണാന്‍ കഴിഞ്ഞത്. അമ്മയെ വേഗം വരുത്തി രമണിയെ പറഞ്ഞു വിടണമെന്ന് അങ്കിള്‍ പറഞ്ഞു. അല്ലെങ്കില്‍ ചിലപ്പോള്‍ അച്ഛനോ അങ്കിളോ പലതിനും ഉത്തരം പറയേണ്ടി വരുമെന്നും ഓര്‍മ്മപ്പെടുത്തി.

രമണിയെ പറഞ്ഞു വിടുന്നത് രേഖയ്ക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു, പക്ഷേ ഗര്‍ഭസത്യഗ്രഹം എന്നൊക്കെ കേട്ടപ്പോള്‍ പേടിച്ചു പോയി. അങ്ങനെ രമണി പോയി. അതില്‍ പിന്നെ സഹായികള്‍ വന്നെങ്കിലും അവര്‍ കാണെ തന്നെ സ്ഥിരമായി പുറകുവശത്തേക്കുള്ള വാതില്‍ കിടക്കും മുന്നേ താഴിട്ടു പൂട്ടി താക്കോല്‍ കൈവശം എടുത്തു തുടങ്ങി. ചൂടുവെള്ളത്തില്‍ ചാടിയ പൂച്ച! അച്ഛനും അമ്മയ്ക്കും അങ്കിളിനോട് അളവറ്റ നന്ദിയുണ്ടായിരുന്നു ഇക്കാര്യത്തില്‍. ആ നന്ദി ഒരിക്കല്‍ കൂടി പ്രകാശിപ്പിക്കേണ്ടി വന്നു അവര്‍ക്ക്. തങ്ങളുടെ വീട്ടില്‍ നിന്നു പോയി കുറച്ചു നാള്‍ കഴിഞ്ഞ്  രമണി തൂങ്ങി മരിച്ചുവെന്നറിഞ്ഞു. നാലഞ്ചു സാരി ചുറ്റി, മുഖത്ത് പൗഡറും റൂഷുമൊക്കെയിട്ട്, വലിയ പൊട്ടു കുത്തി, നീട്ടി വാലിട്ട് കണ്ണെഴുതി  പൂജപ്പുര ജയില്‍ പരിസരത്തെ ഒരു മാവിന്‍കൊമ്പിലായിരുന്നു രമണി തൂങ്ങിയത്.

പക്ഷേ ഇക്കാര്യങ്ങളൊന്നും രാധികയുമായി ചര്‍ച്ച ചെയ്തതായി രേഖ ഓര്‍മ്മിക്കുന്നില്ല. ഒന്നിച്ചു പോകും, വരും, ഒഴിച്ചു കൂടാനാവാത്ത കാര്യം മാത്രം പറയും, അത്രയേ ഉണ്ടായിരുന്നുള്ളു.

പത്രവാര്‍ത്ത വായിച്ചപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് പൊന്മുടി ടൂര്‍ ആയിരുന്നു. രാധിക രേഖയുടെ പിന്നാലെ നിഴല്‍ പോലെ. രേഖയോടു ഫോട്ടോയ്ക്ക് പോസു ചെയ്യാന്‍ പറഞ്ഞു ഒരു ചങ്ങാതി. തൊട്ടപ്പുറത്ത് മാറി എല്ലാം കണ്ടും കേട്ടും രാധിക. രേഖയ്ക്കു പാവം തോന്നി, ഫോട്ടോയ്ക്കു അവളെ കൂടി വിളിക്കാന്‍ തുടങ്ങിയതും ചങ്ങാതി മൊഴിഞ്ഞു, താന്‍ തന്നത്താന്‍ പോസു  ചെയ്താല്‍ മതി എന്ന്. തിളങ്ങുന്ന പച്ച കണ്ണുകള്‍ നിറയുന്നതു കണ്ടു. ഓ, ഫോട്ടോയൊന്നും വേണ്ട എന്ന് രേഖയും ഒഴിഞ്ഞുമാറി. അന്നാണ് ആദ്യമായി രാധികയുടെ  കയ്യൊന്നു സ്വന്തം കയ്യിലെടുത്തത്. വരൂ, അരുവിയിലിറങ്ങാം എന്നു വിഷയവും മാറ്റി.

പരീക്ഷ കഴിഞ്ഞു, വേറേ വീടു കിട്ടി, അവിടുന്ന് താമസവും മാറ്റി. കോളേജില്‍ വച്ചു കാണുമായിരുന്നെങ്കിലും ചെറിയ ലോഹ്യങ്ങള്‍ക്കപ്പുറം വര്‍ത്തമാനമൊന്നുമില്ലായിരുന്നു. വാസ്തവത്തില്‍ ഒന്നിച്ചുള്ള പോക്കു വരവ് മാറിക്കിട്ടിയതില്‍ രേഖ സന്തുഷ്ടയായിരുന്നുവെന്നു വേണം പറയാന്‍. അവരെ പിന്നെ ഓര്‍മ്മിക്കുന്നത് രണ്ടു കൊല്ലം മുമ്പ് പത്രവാര്‍ത്ത വായിച്ചപ്പോഴാണ്.

ഓര്‍മ്മപ്പുഴയില്‍ മുങ്ങിപ്പൊങ്ങി, റോസ് വില്ല എത്തിയതറിഞ്ഞില്ല. കാടു പിടിച്ച് ആളുകേറാമല പ്രതീക്ഷിച്ചിരുന്നിടത്ത്, വൃത്തിയാക്കിയിട്ടിരിക്കുന്ന വീടും പരിസരവും. ഇനിയിപ്പോള്‍ വീടു വിറ്റ് മറ്റാരെങ്കിലും ആയിരിക്കുമോ താമസം? ഇനി രാധികയോ ദേവികയോ ഉണ്ടെങ്കില്‍ അവര്‍ തന്നെ തിരിച്ചറിയുമോ? അറിഞ്ഞാലും എന്തിനു വന്നു എന്ന ഇഷ്ടപ്പെടായ്ക ആണെങ്കിലോ? ഓ, എങ്കില്‍ എന്താ, അങ്ങു തിരിച്ചു പോകും അത്ര തന്നെ. ഇത് ഒരു ആനക്കാര്യമൊന്നും അല്ലല്ലോ. രേഖ മനസ്സിനു ലാഘവം വരുത്തി, ബെല്‍ സ്വിച്ച് അമര്‍ത്തി. അകത്തു ബെല്ലടി കേട്ടപ്പോള്‍ സ്വയം അറിയാതെ ഒന്നു ഞെട്ടുകയും ചെയ്തു.

ഇരുനിറമുള്ള നല്ല പരിഷ്‌കാരിയായ ഒരുവള്‍ വന്നു കതകു തുറന്നു. എങ്ങനെ സ്വയം പരിചയപ്പെടുത്തണമെന്ന് ആലോചിച്ചു നില്‍ക്കവേ, മുഖത്തേക്കു സൂക്ഷിച്ചു നോക്കി മറുചോദ്യം വന്നു,

'പണ്ടിവിടെ താമസിച്ച....രേഖേച്ചി.....ആണോ?   '

എന്റമ്മേ! രേഖയ്ക്ക് അത്ഭുതം അടക്കാനായില്ല. അപ്പോള്‍ ഇരുപതു വര്‍ഷം കാലം തന്റെ ശരീരത്തില്‍ അധികം പണിയൊന്നും ചെയ്തില്ലെന്നോ? കൂടെ പഠിച്ച പലരേയും വഴിയില്‍ കണ്ടാല്‍ പോലും അറിയാന്‍ പറ്റാറില്ല, ഒന്നുകില്‍ വണ്ണം വച്ചിട്ടുണ്ടാകും, അല്ലെങ്കില്‍ മുടി പോയിട്ടുണ്ടാകും, ആകെ വ്യത്യാസം. താന്‍ തടി സൂക്ഷിച്ചുവല്ലോ, രേഖയ്ക്ക് സ്വയം ഒരു അഭിമാനം തോന്നി. ഉം, ഉടുപ്പിനു കോളറില്ല, ഇല്ലെങ്കില്‍ അതൊന്നു പൊക്കി സ്വയം അഭിനന്ദിക്കാമായിരുന്നു.

എന്തായാലും അന്തരീക്ഷം ലാഘവമുള്ളതായി. ഇറക്കി വിടില്ല എന്നുറപ്പ്.

' ദേവിക? '

'അതേ ചേച്ചി...' അവള്‍ പടിയിലേക്കിറങ്ങി വന്ന് കൈ പിടിച്ച് അകത്തേക്കു കയറ്റി. വീട് വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു, ഇന്റീരിയറും നന്നായി ചെയ്തിട്ടുണ്ട്.

'ചേച്ചിക്ക് ഒരു മാറ്റവും വന്നിട്ടില്ല. നിങ്ങളുടെ പ്രീഡിഗ്രി ഗ്രൂപ്പ് ഫോട്ടോയിലേതു പോലെ തന്നെ.  '

'അത് ഇപ്പോഴുമുണ്ടെന്നോ! എന്റേത് എവിടെയാണാവോ? '

'രാധികേച്ചിക്ക് ചേച്ചിയെ വലിയ ഇഷ്ടമായിരുന്നു. എപ്പോഴും പറയുമായിരുന്നു, ഫോട്ടോയും കളയാതെ വച്ചത് അതുകൊണ്ടാണ്. ഇന്നലെയും കൂടി ഞാന്‍ അതെടുത്തു നോക്കിയതാണ്. ' അവളുടെ മുഖം വിളറി. രേഖയുടേതും.

'ചേച്ചിക്ക് കുടിക്കാനെടുക്കട്ടെ, ഞാനിതാ വന്നു.  ' അവള്‍ അകത്തേക്കു പോയി.

അപ്പോള്‍ രാധികയും? പാസ്റ്റ് ടെന്‍സിലാണല്ലോ ഇവള്‍ പറയുന്നത്. രണ്ടു വര്‍ഷം ആയിട്ടുണ്ടാകും ആ സംഭവം നടന്നിട്ട്. രാധിക ഒട്ടും അടുപ്പമുള്ള കൂട്ടുകാരിയൊന്നുമായിരുന്നില്ല, എന്നിട്ടും വരണമെന്നു തോന്നിയത് എന്തുകൊണ്ടാണ്? കുറ്റബോധം? കുറച്ചുകൂടി സ്‌നേഹമായി പെരുമാറാമായിരുന്നു എന്ന ഒരു പ്രയോജനവുമില്ലാത്ത തോന്നല്‍?

ലതിക LLB ക്കാരിയായിരുന്നുവത്രേ. ഡിഗ്രി കഴിഞ്ഞ് ചേര്‍ന്നതായിരിക്കും. പക്ഷേ ജോലിക്കൊന്നും പോയില്ല, രാധികയും ദേവികയും ഡിഗ്രിക്കാരും. ആദ്യം ആന്റിയും പിന്നെ അങ്കിളും മരിച്ചതോടെ മൂന്നു പെണ്‍മക്കളും അനാഥരായി.

ദേവികയുടെ കരച്ചില്‍ കേട്ട് ആളുകള്‍ ഗേറ്റ് തള്ളിത്തുറന്ന് കയറുകയായിരുന്നു. പക്ഷേ കുട്ടികള്‍ കതകു തുറന്നില്ല. പിന്നെ പോലീസെത്തി. ബലമായിട്ട് അകത്തു കയറിയപ്പോഴോ?

മരിച്ചുപോയ ലതികയുടെ തല മടിയില്‍ വച്ച് രാധിക. അല്‍പ്പം മാറി പേടിച്ചരണ്ട് മൂലയില്‍ കരയുന്ന ദേവിക. ദിവസങ്ങളായി കുളിക്കാതെ, തുണിമാറാതെ പ്രാകൃതം പിടിച്ച രൂപങ്ങള്‍. അങ്ങേലോകം പൂകിയ ലതികയുടെ ചേതനയറ്റ ശരീരത്തില്‍ നിന്ന് ദ്രാവകങ്ങള്‍ കിനിഞ്ഞിരുന്നു. നാറ്റവും. ജീവന്‍ പറന്നുപോയാല്‍ പിന്നെ അതു കൊണ്ടുനടക്കുന്ന ശരീരം വെറും ചണ്ടിയല്ലേ?ലതികയുടെ മുറിയുടെ ഭിത്തികളില്‍ മുഴുവന്‍ ലതിക + മാത്യു ജോണ്‍ കല്ലോത്തുകാരന്‍ എന്ന് എഴുതിവച്ചിരിക്കുന്നു. അവിവാഹിതനായ, അറിയപ്പെടുന്ന ഒരു യുവനേതാവായിരുന്നു അയാള്‍. ലതികയുടെ സീനിയറായി ലോ കോളേജില്‍ പഠിച്ചയാള്‍ .
അച്ഛനമ്മമാരുടെ മരണം ആ കുട്ടികളെ വല്ലാതെ ഒറ്റപ്പെടത്തി കാണണം. പോകെ പോകെ അവര്‍ പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ചു. വീടിന്റെ പരിസരം കാടുപിടിച്ചു. സാധനം വാങ്ങിക്കൊടുക്കാന്‍ വരുന്ന ഒരാളെയൊഴികെ ആരേയും അകത്തു പ്രവേശിപ്പിക്കില്ല. ഗേറ്റും കതകുകളുമെല്ലാം എപ്പോഴും അടച്ചിട്ടിരിക്കും.

ജഡം എടുക്കാന്‍ രാധികയോടു മല്ലു പിടിക്കേണ്ടി വന്നു പോലീസിന്. ബന്ധുക്കളൊന്നും ഏറ്റെടുക്കാന്‍ മുന്നോട്ടു വരാത്തതുകൊണ്ട്, രാധികയേയും ദേവികയേയും ഒരു വനിതാമന്ദിരത്തിലേക്കു മാറ്റി. അവിടെ വച്ചായിരിക്കും രാധിക.....ഫോട്ടോ സഹിതം നീണ്ട വിവരണം അന്നു നല്‍കിയിരുന്നെങ്കിലും പിന്നീട് അവരെക്കുറിച്ച് അറിവൊന്നുമില്ലായിരുന്നു.

' ജ്യൂസ് കുടിക്കൂ ചേച്ചി, ' ദേവിക ജ്യൂസും കാഷ്യൂനട്ട്‌സും നീട്ടി.

' ജോലിക്ക് സഹായത്തിന് ?' കാഷ്യു കൊറിച്ചുകൊണ്ട് രേഖ ചോദിച്ചു.

'ഒരു ചേച്ചിയുണ്ട്. മാര്‍ക്കറ്റില്‍ പോയിരിക്കുന്നു. ചേച്ചിയും എന്നെ പോലെ തന്നെ. ആരുമില്ല. കല്യാണവും കഴിച്ചിട്ടില്ല.' ഹാവൂ, ഒരു കൂട്ടുണ്ടല്ലോ, നന്നായി.

'രാധിക ? ' മടിച്ചു മടിച്ചാണെങ്കിലും രേഖ ചോദിച്ചു.

'മരിച്ചു. ജോണ്ടിസായിരുന്നു. വളരെ പാടുപെട്ടാണ് മരുന്നു കഴിപ്പിച്ചിരുന്നത്. അതു ഏതാണ്ടു മാറുകയും ചെയ്തു. പക്ഷേ, പിന്നെ ഫാനില്‍...' ഓ, പാവം കുട്ടി, രണ്ടു ചേച്ചിമാരുടെ മരണം, അതും അടുപ്പിച്ചടുപ്പിച്ച്.....

പെട്ടെന്ന് അവള്‍ വിഷയം മാറ്റി, രേഖയിലേക്കു വന്നു. വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു, ഇനി വരുമ്പോള്‍ മൂന്നാളും കൂടി വരണമെന്നു പറഞ്ഞുവെച്ചു. മൊബൈലില്‍ മെയില്‍ ഐഡി നോട്ടുചെയ്തു വച്ചു.

'ഞാന്‍ ഫേസ് ബുക്കിലില്ല ചേച്ചീ. ഞങ്ങളുടെ ഫേസായിരുന്നല്ലോ ഏറ്റവും വലിയ പ്രശ്‌നം'  അവള്‍ ചിരിച്ചു, പക്ഷേ രേഖയ്ക്ക് അത് തീരെ ആസ്വദിക്കാനായില്ല.

എന്ത്, എങ്ങനെ എന്നെല്ലാം രേഖയുടെ മുഖത്തെ ചോദ്യങ്ങള്‍ ദേവിക വായിച്ചെടുത്തുവെന്നു തോന്നി; കാരണം, ഇഷ്ടമില്ലാത്ത ഭൂതകാലത്തിലേക്കുള്ള വാതില്‍ നീരസമേതുമില്ലാതെ തുറക്കാന്‍ അവള്‍ തയ്യാറായി.

ദേവികയുടെ ഡിഗ്രി കഴിഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഓടിച്ചാടി നടന്നിരുന്ന ആന്റി ഒരു നാള്‍ ഉറക്കമുണര്‍ന്നില്ല. ആ കുടുംബത്തിന്റെ തകര്‍ച്ച തുടങ്ങിയതവിടെയാണ്.

'പപ്പാ തകര്‍ന്നു പോയി ചേച്ചി, പക്ഷേ ഞങ്ങള്‍ക്കു വേണ്ടി കഴിഞ്ഞു കൂടുകയായിരുന്നു. ലതികേച്ചിക്ക് ഒരു പാട് കല്യാണം ആലോചിച്ചു. ഒന്നും നടന്നില്ല, കണ്ടവര്‍ക്കൊന്നും ചേച്ചിയെ പിടിച്ചില്ല. ചേച്ചിയെ ഏതെങ്കിലും വക്കീലിന്റെ ജൂനിയറാക്കാനും പപ്പാ ശ്രമിച്ചു. അതും നടന്നില്ല. ഇനി എങ്ങോട്ടുമില്ല എന്ന് ചേച്ചിയും പറയാന്‍ തുടങ്ങി. രാധിക എം.എസ്സി പഠിത്തവും ഉപേക്ഷിച്ചു. മമ്മ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോ പപ്പയും പോയി. ഹാര്‍ട്ട് അറ്റാക്ക്.  '

അവള്‍ മൗനത്തിലേക്കു വീണു, ആ കാലമെല്ലാം ഒന്നുകൂടി ജീവിക്കുകയായിരുന്നിരിക്കണം മനസ്സില്‍.

ലതികയും പിന്നാലെ രാധികയും കുറേശ്ശെയായി മാനസികരോഗികളാകുകയായിരുന്നു. ദേവികയും ഏറെക്കുറെ അങ്ങനെ തന്നെ, എന്നാലും ചേച്ചിമാരേക്കാള്‍ ഭേദം, അത്ര മാത്രം. സഹായിക്കാന്‍ വന്നവരെ എല്ലാം ഓടിച്ചു. എല്ലാവരേയും ഭയമായിരുന്നു. അവരുടെ പണം മോഷ്ടിക്കാന്‍ വരുന്നതാണെന്നൊരു തോന്നലായിരുന്നു. അല്ലെങ്കില്‍ പപ്പാ ജീവിച്ചിരുന്നപ്പോള്‍ ആരും വരാത്തതെന്തേ എന്നായിരുന്നു ലതികേച്ചി കണ്ടുപിടിച്ച ന്യായം. ഈ ചേച്ചി മാത്രം വരും, പക്ഷേ കിടക്കാനൊന്നും സമ്മതിക്കില്ല, പല വട്ടം വഴക്കുണ്ടാക്കി ലതിക അവരെ ഓടിച്ചതാണ്. അവര്‍ പക്ഷേ രണ്ടുദിവസം കഴിഞ്ഞ് പിന്നെയും വരും, അത്യാവശ്യം സാധനം വാങ്ങിത്തരും, അങ്ങനെ...

'കല്ലോത്തുകാരന്‍?  ' ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ ഇപ്പോഴും ക്രോണിക് ബാച്ചിലറായി തുടരുകയാണ്.

'അയ്യോ, പാവം, അയാള്‍ ഒരു തെറ്റും ചെയ്തിട്ടില്ല, ലതികേച്ചി വെറുതേ സങ്കല്‍പ്പിച്ച് ഉണ്ടാക്കിയതാണ്. അയാള്‍ പിന്നെ വന്നിരുന്നു. അയാള്‍ക്ക് കണ്ടു പരിചയം പോലും ഇല്ലായിരുന്നു ചേച്ചിയെ. എങ്കിലും പത്രത്തില്‍ വന്നതുകൊണ്ട് അന്വേഷിച്ചു വന്നതായിരുന്നു.'

'ലതികേച്ചീടെ ആഗ്രഹം കൊണ്ട് പപ്പാ പണ്ട്, അയാളുടെ അടുത്ത് പോയിരുന്നതാണ്. പക്ഷേ അയാള്‍ക്ക് ഇതല്ല, ഒരു വിവാഹത്തിനും താത്പര്യമൊന്നുമില്ലായിരുന്നു. അയാളുടെ വഴിയല്ല കുടുംബജീവിതം എന്നു പറഞ്ഞൊഴിഞ്ഞതാണ്  അന്ന് .' രാധിക പറയുന്നത് കേട്ട് അന്തം വിട്ടിരിക്കയായിരുന്നു രേഖ. മനസ്സിന്റെ ഓരോരോ മായക്കളികള്‍! അത് നമ്മെ എവിടെയാണ് കൊണ്ടെത്തിക്കുക. മനസ്സ് ഒരു നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുകയാണ്, എപ്പോള്‍ വേണമെങ്കിലും ഇപ്പുറം മറിയാം, ' ഡോക്ടര്‍ ' നാടകത്തിലെ നഴ്‌സിന്റെ ആവര്‍ത്തിച്ചുള്ള  ഡയലോഗ്, മനസ്സില്‍ പണ്ടേ പതിഞ്ഞതാണ്. അതിപ്പോള്‍ ഓര്‍മ്മവന്നു. എത്ര ശരി ! മാനസികരോഗികളെന്നു മുദ്ര കുത്തപ്പെട്ടവരുടേയും സ്വബോധമുണ്ടെന്ന് അഹങ്കരിക്കുന്നവരുടേയും ഇടയ്ക്കുള്ളത് വെറും ഒരു നൂല്‍പ്പാലം മാത്രം, എപ്പോള്‍ വേണമെങ്കിലും ആരു  വേണമെങ്കിലും മറുകണ്ടം ചാടിയെന്നു വരാം!

വനിതാമന്ദിരത്തില്‍ ആക്കാനും കൗണ്‍സിലിംഗിനും മറ്റും മാത്യു ജോണും കൂടി മുന്‍കയ്യെടുത്തു സഹായിച്ചു. കൗണ്‍സിലിംഗ് ദേവികയ്ക്ക് ഉപകാരപ്പെട്ടു. പക്ഷേ രാധികയ്ക്ക് ഒരു വ്യത്യാസവുമണ്ടായില്ലെന്നു മാത്രമല്ല, വീട്ടില്‍ തിരിച്ചു പോകണമെന്ന് വാശി പിടിക്കയും ചെയ്തു. അങ്ങനെ തിരിച്ചു വീട്ടിലെത്തി, പിന്നെ സഹായി ചേച്ചി കൂടി വന്ന് കൂടെ താമസിച്ചു. പക്ഷേ ഇതൊന്നിനും രാധികയെ രക്ഷിക്കാനായില്ല. കൈവിട്ടുപോയ മനസ്സുമായി തന്നെ അവള്‍ ഈ ലോകം വെടിഞ്ഞു.

'ദേവിക ജോലിക്കൊന്നും പോകുന്നില്ലേ? ' പണത്തിനു ബുദ്ധിമുട്ടുണ്ടാവില്ല എന്നറിയാം, എന്നാലും അതല്ലല്ലോ. ജോലി പണത്തിനു വേണ്ടി മാത്രമല്ലല്ലോ.

'ശ്രമിക്കുന്നുണ്ട് ചേച്ചി. ' കല്യാണം? കുടുംബം? ചോദിക്കണോ വേണ്ടയോ എന്ന് ആലോചിക്കുമ്പോഴേയ്ക്കും അടുത്ത ഭാഗം വന്നു.
'ചേച്ചിക്കു കേള്‍ക്കണോ, എന്റെ കല്യാണം തീരുമാനിച്ചു. '
'ഗുഡ്, നന്നായി. '
'യു. എസിലാണ്. പത്രത്തില്‍ വാര്‍ത്ത വന്നത് വലിയ വിഷമമുണ്ടാക്കിയതാണ്. പക്ഷേ, അതുകൊണ്ടു കിട്ടിയ ഗുണമാണ് എന്റെ കല്യാണം. പീറ്റര്‍, ആംഗ്ലോ ഇന്‍ഡ്യനാണ് . അവര്‍ ഇവിടെ ഉണ്ടായിരുന്ന സമയത്താണ് വാര്‍ത്ത വന്നത്. അങ്ങനെ അന്വേഷിച്ചു വന്നു.'

'സിംപതി ? ' എങ്കില്‍ അപകടമാണു കുഞ്ഞേ, മനസ്സു പറഞ്ഞു. ഭീമമായ സ്വത്തുവകകളുടെ ഏകാവകാശിയാണ് ദേവിക ഇപ്പോള്‍. അതെല്ലാം കൈക്കലാക്കാന്‍?

'ഒട്ടുമേ അല്ല ചേച്ചി. ഞങ്ങള്‍ അറിയപ്പെട്ടിരുന്നത് കാപ്പിരി ഫാമിലി എന്നല്ലേ? അതേ പോലെ പീറ്റര്‍ ഒരു മങ്കി ഫാമിലിയില്‍ നിന്നാണ്. ' മങ്കി ഫാമിലി, രേഖയ്ക്കു കേട്ടു പരിചയം തോന്നി. പീറ്റര്‍?

'അവര്‍ മലേഷ്യയിലായിരുന്നു. ഇവിടെ വന്ന് സെറ്റില്‍ ചെയ്തതാണ്. കുറച്ചു കാലം മുമ്പ് അവര്‍ യുഎസിനു പോയി. ' ഓ, മനസ്സിലായി, രേഖയുടെ കസിന്റെ ഒപ്പം പഠിച്ചതാണ്, അക്കാലത്ത് ആ ചേട്ടനൊപ്പം വീട്ടിലും വന്നിട്ടുണ്ട്. ഒരു മംഗോളിയന്‍ ലുക്കായിരുന്നു അയാള്‍ക്ക്. കുറ്റിത്തലമുടിയും. ദൈവമേ, എന്തെല്ലാം യാദൃശ്ചികത്വങ്ങള്‍!

പത്രത്തില്‍ വായിച്ചറിഞ്ഞ് വനിതാമന്ദിരത്തില്‍ എത്തിയതായിരുന്നു അയാള്‍. ആദ്യം വന്നപ്പോള്‍ ദേവിക കാണാന്‍ കൂടി തയ്യാറായില്ല. പിന്നെ വീട്ടിലെത്തിക്കഴിഞ്ഞും അയാള്‍ വന്നു. നല്ല സൈക്കോളജിസ്റ്റിനെ ഏര്‍പ്പാടു ചെയ്തതു, ബ്യൂട്ടീഷ്യനെ വച്ചു. പിന്നെ വീട്ടില്‍ കമ്പ്യൂട്ടര്‍ വാങ്ങി വച്ച്, പഠിപ്പിക്കാന്‍ ആളിനെ നിയോഗിച്ച്...വളരെ പെട്ടെന്ന് ദേവികയക്ക് പുതു ജീവിതത്തിലേക്ക് നടന്നു കയറാനുള്ള വഴി അയാള്‍ ഒരുക്കി. പീറ്ററിനു സ്തുതി, സന്മനസ്സുള്ള ദേവികയ്ക്കു സമാധാനം!

അതു വരട്ടെ, അതാണ് ഇവള്‍ക്ക് കറുപ്പു നിറം തീരെ കുറഞ്ഞത്. നന്നായി ഹെയര്‍സ്റ്റൈലിംഗ് ചെയ്ത്, നിറവും വന്നപ്പോള്‍ പഴയ ദേവികയേയല്ല! ആത്മവിശ്വാസവും കൈവന്നിട്ടുണ്ട്. ലുക്ക്‌സ് എന്ന കോംപ്ലക്‌സില്‍ നിന്ന് അവള്‍ക്ക് എന്നേക്കുമായി മോചനം കിട്ടിക്കഴിഞ്ഞിരിക്കുന്നു.

'പണ്ടേ ഈ വക ട്രീറ്റ്‌മെന്റ്‌സ്, ഐ മീന്‍ ബ്യൂട്ടി ട്രീറ്റ്‌മെന്റ്‌സ് ഉണ്ടായിരുന്നെങ്കില്‍ എന്റെ ചേച്ചിമാര്‍ക്ക് ഈ ഗതി വരില്ലായിരുന്നു, ചേച്ചി. കളര്‍ ക്ലിനിക്കിലും സൈ്മല്‍ ക്ലിനിക്കിലും എല്ലാം പോകാമായിരുന്നു. പല്ലു താഴ്ന്നിരിക്കുന്ന, ഇരുനിറക്കാരി രാധികേച്ചിയെ ഒന്നു സങ്കല്‍പ്പിച്ചു നോക്കിയേ.' രണ്ടുപേരും അല്‍പ്പനേരം മൗനം ഭജിച്ചു. അവള്‍ പറഞ്ഞതു ശരിയാണ്, ആ രണ്ടു പ്രശ്‌നവും ശരിയാക്കിയിരുന്നെങ്കില്‍ രാധികയുടെ ജീവിതഗതി തന്നെ ചിലപ്പോള്‍ മാറിപ്പോകുമായിരുന്നു.

'ചേച്ചിക്കു കേള്‍ക്കണോ, പീറ്ററും കോസ്‌മെറ്റിക് സര്‍ജറി ചെയ്തതാണ്, അങ്ങനെ ദൈവം തന്ന മങ്കി ലുക്ക് സര്‍ജനങ്ങു മാറ്റി.' അവള്‍ പൊട്ടിച്ചിരിച്ചു. ദൈവമോ, സര്‍ജനോ ആരോ ആകട്ടെ, ഒരാളെയെങ്കിലും രക്ഷപ്പെടുത്തിയല്ലോ. തീഷ്ണമായ അപകര്‍ഷതാബോധത്തിനടിപ്പെട്ട്് പൊലിഞ്ഞത് രണ്ടു ജീവനല്ലേ?

തിരിച്ചു പോകുമ്പോള്‍ വടക്കന്‍പാട്ടായിരുന്നു മനസ്സില്‍. ' കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ടുക്കൊടുത്തതും നീയേ ചാപ്പാ....'  പാവം പിടിച്ച രണ്ടു ജന്മങ്ങളെ ദൈവം വല്ലാതങ്ങു ശിക്ഷിച്ചു, അതേ ദൈവം ഒരാളെ പൊക്കിയെടുത്തു ജീവിപ്പിച്ചിരിക്കുന്നു, ചിത്രം....വിചിത്രം! അതെന്താ അങ്ങനെ? ആവോ, ആര്‍ക്കറിവൂ?









     










13 comments:

  1. ഇത്രയും നീണ്ട കഥയൊന്നും വായിക്കാന്‍ ആരും ഇപ്പോള്‍ മെനക്കെടില്ല എന്നറിയാം. എന്നാലും അങ്ങു പോസ്റ്റുകയാണ്. വായിക്കുന്നവര്‍ കുറ്റങ്ങളും കുറവുകളും പറഞ്ഞാല്‍ പെരുത്ത് ഉപകാരം.

    ReplyDelete
  2. കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ടുക്കൊടുത്തതും നീയേ ചാപ്പാ....
    കഥ മനോഹരം ... :-)

    ReplyDelete
  3. excellent write-up, never felt it like story to me, it was more than a real life incident. In fact, was seeing the same a film in my mind. great work.

    ReplyDelete
  4. അതേ, സ്തുതി പറയല്ലാട്ടോ, ഒറ്റയിരുപ്പിനു വായിച്ചു, ഇതേ പോലെ ഒരു ഫാമിലി എന്റെ വീടിനടുത്തുണ്ട്, അവരുടെ അ ച്ഛനും കൂടി മരിച്ചപ്പോള്‍ ഇതാ സ്ഥിതി..വളരെ വളരെ റിയലിസ്റ്റിക്കായാണ് വരവ് ഗംഭീരമാക്കിയത്, ആകെ പറയാനുള്ളതിതാണ് ഫോണ്ടിത്തിരി വലുതായിരുനെങ്കില്‍ വായന നല്ല സുഖായേനെ..എന്നിട്ടും വായിച്ചു പോയെങ്കില്‍ ... വളരെ ഡ്രൈ ആയ സബ്ജക്ട് ആണിത്, പക്ഷെ വളരെ പച്ചപ്പോടെ തന്നെ മനസ്സില്‍ നില്‍ക്കുന്നു...ഞാനും പുതിയ പോസ്റ്റിട്ടിട്ടുണ്ട് ആ വഴി ഒന്നു കയറു http://mayakazhchakal.blogspot.in/2014/07/blog-post_23.html

    ReplyDelete
  5. മനസ്സിന്റെ ഓരോ മായക്കളികള്‍

    കഥയുടെ നീളം കണ്ട് വായന നാളത്തേയ്ക്ക് മാറ്റിവച്ചതാണ്. പക്ഷെ തുടങ്ങിക്കഴിഞ്ഞ് നിര്‍ത്താന്‍ തോന്നിയില്ല.

    ReplyDelete
  6. അച്ഛനും അമ്മയും അത് ശരി വയ്ക്കുകയും ചെയ്തു. ദേവിക വന്നതോടെ രേഖയുടെ കൂട്ടുകാര്‍ ഓരോരുത്തായി അകന്നു. രാധികയോട് അടുപ്പമുള്ള കൂട്ടുകാരിയാവാന്‍ ഒരിക്കലും രേഖയ്ക്ക് കഴിഞ്ഞില്ല. >>>>>>>>>>>> ഇവിടെ രാധിക ദേവികയായിപ്പോയി! (കണ്ടുപിടിച്ചേയ്, ഒരു കുറ്റം കണ്ടുപിടിച്ചേയ്!!)

    ReplyDelete
  7. ജിഞ്ജര്‍ടീ, ജോണ്‍മെല്‍വിന്‍, ഗൗരി, അജിത്, നല്ല വാക്കുകള്‍ക്ക് നന്ദി, എല്ലാവര്‍ക്കും.

    തെറ്റു ചൂണ്ടിക്കാട്ടിയതിന് വളരെ വളരെ നന്ദി അജിത്. തിരുത്തിയിട്ടുണ്ട്. എഴുതിയപ്പോഴും ആ തെറ്റു കടന്നു വന്നിരുന്നു. :) നീളം, ശ്ശി, കൂടുതല്‍ തന്നെ. ആ മുറുക്കാന്‍കടക്കാരനേയും നീലനിറമുള്ള കെട്ടിടവും ഒക്കെ അങ്ങ് കത്രിക വച്ചാലോന്നു തോന്നിയതാണ്. പിന്നെ, വേണ്ട, ആളുകള്‍ സ്‌കിപ് ചെയ്‌തോളും എന്നങ്ങു കണക്കു കൂട്ടി.

    ReplyDelete
  8. നന്നായി ചേച്ചീ... വീണ്ടും എഴുതി തുടങ്ങി അല്ലേ?

    പഴയ ടീമുകളെല്ലാം അങ്ങനെ വീണ്ടും ഉഷാറാകട്ടെ :)

    ReplyDelete
  9. വീണ്ടും എഴുതി തുടങ്ങാനൊരു ശ്രമമാണ് ശ്രീ. നേരത്തേ എഴുതിയിരുന്നവരുടെ മിയ്ക്കവരുടേയും ബ്ലോഗും പൊടിപിടിച്ച് കിടക്കയാണല്ലോ.

    ReplyDelete
  10. ശരിയാണ്, ചേച്ചീ. പലര്‍ക്കും വീണ്ടും സജീവമായാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ വീണ്ടും എഴുതി തുടങ്ങാന്‍ മടി, എഴുതിയാലും പഴയ പോലെ വായനക്കാര്‍ ഇല്ലല്ലോ എന്ന സംശയം അങ്ങനെ അങ്ങനെ പലരുടെയും തീരുമാനങ്ങള്‍ നീണ്ടു പോകുകയാണ്. :)

    ReplyDelete
  11. നീളം അൽപ്പം കൂടി. കഥയ്ക്ക്‌, വായനക്കാരന് ആവശ്യമുള്ളത് മാത്രം കൊടുത്താൽ പോരെ?

    ഇങ്ങിനെയൊക്കെ പറഞ്ഞാൽ എല്ലാവരും എം.ടി. ആകുമല്ലോ അല്ലേ?

    കഥ നന്നായി.

    ReplyDelete
  12. കഥയിൽ ഒത്തിരി കാര്യമുള്ളതിനാൽ നീളം കൂടിയത് ദോഷമായി കാണാൻ വയ്യ... നല്ല കഥ...നോവും നേരും നിറഞ്ഞത്‌ . മൈത്രെയിയെ പോലായിരുന്നു ഞാൻ...പണ്ടെപ്പോളോ എഴുത്ത് തുടങ്ങി..പിന്നെ പൊടിപിടിച്ച ബ്ലോഗ്‌ വീണ്ടും മോടിയാക്കി. സന്തോഷം വീണ്ടും കാണാൻ കഴിഞ്ഞതിൽ . വരം ഇനി ഇടയ്ക്കിടെ. ആശംസകൾ.

    ReplyDelete
  13. ബിപിന്‍, അമ്പിളി-വായിക്കാന്‍ ക്ഷമ കാണിച്ചുവല്ലോ, നന്ദി. നീളം കൂടുതല്‍ തന്നെയാണ്, സംശയമില്ല. ആനുകാലികങ്ങളില്‍ ചില കഥകള്‍ കണ്ടപ്പോള്‍ അതാണ് ട്രെന്‍ഡ് എന്നു തോന്നിയിരുന്നു. കഥയുമായി യാതൊരു തരത്തിലും ബന്ധപ്പെടാത്ത പലതും ചേര്‍ത്തു നീട്ടി, അങ്ങനെയങ്ങനെ...പക്ഷേ അവരെല്ലാം സെലിബ്രിറ്റീസ്, അതുപോലെ എനിക്കാകാമോ? ഇല്ല, എന്നാലും എഴുതി.

    അതേ, ശ്രീ, കുറേശ്ശെയായി വരുമായിരിക്കും ആളുകള്‍, എല്ലാവരും വേഗത വളരെ കൂടിയ പ്ലസ്സ് ലോകത്താണിപ്പോള്‍. പക്ഷേ പഴയൊരു പോസ്റ്റ് നോക്കണമെങ്കില്‍ പാതാളക്കരണ്ടി വേണ്ടിവരും പ്ലസ്സില്‍. ശ്വാശ്വതം ബ്ലോഗ് തന്നെ, അതു നിര്‍ത്തണമെന്നു ഗൂഗിളിനു തോന്നാത്തിടത്തോളം കാലം. ബ്ലോഗിലങ്ങിട്ടാല്‍ പിന്നെ ഡ്രൈവില്‍ സൂക്ഷിക്കാനൊന്നും മെനക്കെടുകയും വേണ്ടല്ലോ. അതും കൂടിയുണ്ട് ബ്ലോഗ് എഴുതാന്‍ ഒരു കാരണം.

    ReplyDelete