Friday, November 19, 2010

പഴമയിലെ പുതുമ


ലണ്ടനില്‍ കൂടുതല്‍ യാത്ര ചെയ്തപ്പോള്‍ ഒന്നു മനസ്സിലായി, പഴമ ഒരാവേശമാണ്, അഭിമാനമാണ് ഈ ജനതതിക്ക്. അത് അവര്‍ നല്ലവണ്ണം വില്‍ക്കുന്നുമുണ്ട്. പലയിടത്തും പോകുമ്പോള്‍ 'ഈശ്വരാ 19-ാം നൂറ്റാണ്ടിനു ശേഷം ഇവിടെ ആരും ഒന്നും പണിതില്ലേ' എന്നു തോന്നിപ്പോയി. കെട്ടിടങ്ങള്‍ മിയ്ക്കതും പഴയത്. പണിത വര്‍ഷം, 1897 എന്നിങ്ങനെ ,എഴുതി വച്ചിട്ടുണ്ടാകും. പക്ഷേ കണ്ടാല്‍ പുതുപുത്തന്‍ പോല. നന്നായി സൂക്ഷിച്ചിരിക്കുന്നു. ഇവിടെ ലാറി ബേക്കര്‍, ശങ്കര്‍ മോഡല്‍ എന്നറിയപ്പെടുന്ന തരം പുറം തേയ്ക്കാത്തവയാണ് കെട്ടിടങ്ങള്‍ അധികവും. പെയിന്റു ചെയത കെട്ടിടങ്ങള്‍ കുറവ്. ഹ്യുമിഡിറ്റി കുറവായതു കൊണ്ടാവുമോ ഒന്നും കേടുവരാതെ നില്‍ക്കുന്നത് . ലണ്ടനില്‍ പുതിയ ഓഫീസ് കെട്ടിടങ്ങള്‍ കണ്ടവയെല്ലാം ഇവിടെ ഇപ്പോള്‍ പണിയുമ്പോലെ ഗ്ലാസ്സ് ഇട്ടവ തന്നെ.

ഇവിടെ നമ്മള്‍ വീടുള്ള സ്ഥലം വാങ്ങുമ്പോള്‍ സാധാരണ പറയാറുള്ള ഒരു പല്ലവി ഉണ്ട് ഓ, വീടു കണക്കാക്കാനില്ല, അതു പഴയതാണ് എന്ന്. ലണ്ടനില്‍ പക്ഷേ പഴമ കൂടുന്തോറും വീടുകള്‍ക്കു വില കൂടുന്നു. 5 സെന്റും വീടും കിട്ടുന്ന വിലയ്ക്കു തന്നെ ചിലപ്പോള്‍ ഒരേക്കറും വീടും കിട്ടിയെന്നു വരാം,, കാരണം അവിടെ വീടിനാണു വില! മുന്‍പു സൂചിപ്പിച്ച ഗ്രീന്‍ ബെല്‍റ്റ് നില നിര്‍ത്തല്‍ മൂലം വാങ്ങിയിട്ടാലും അവിടെ നാലു കെട്ടിടം വച്ച് വാടകയ്ക്ക് കൊടുക്കാനൊന്നുമാവില്ല. പിന്നെ മെയിന്റനന്‍സ് ചെലവുകളും.
Built in 1897!Only 113 years old!

Same house


തേംസിലൂടെ ഒരു ബോട്ടുയാത്ര.
എംബാങ്ക്‌മെന്റില്‍ തേംസ് തീരത്തിലൂടെ നടക്കവേ ഒളിവര്‍ ട്വിസ്റ്റ് ഓര്‍മ്മയില്‍ എത്തി. തെരുവു കലാപരിപാടികള്‍ തകര്‍ക്കുന്നു. മാജിക്ക്, കയ്യില്‍ വലിയ സുതാര്യ ബോളുകളിട്ട് മെയ്യഭ്യാസം, പെയിന്റിംഗ്. ആളുകള്‍ക്ക് ഇതെല്ലാം നന്നെ രസിക്കുന്നുണ്ട്. ലണ്ടന്‍ ഐ കണ്ട്, അവിടുത്തെ പ്രസിദ്ധമായ ,തേന്‍ വാഫിള്‍ കഴിച്ച് വെസ്റ്റ്  മിനിസ്റ്റര്‍ ബ്രിഡ്ജിലൂടെ നടന്ന് ബിഗ് ബെന്‍, പാര്‍ലമെന്റു മന്ദിരം എല്ലാം കണ്ട് പിന്നെ ബോട്ടിംഗ.ഗൈഡ്, പോകുന്ന വഴിക്കുള്ള കാഴ്ച്ചകളെല്ലാം നര്‍മ്മം ചാലിച്ച് വര്‍ണ്ണിക്കുന്നുണ്ടായിരുന്നു. പതിവു പോലെ പഴമയുടെ ഗാംഭീര്യം തുളുമ്പുന്ന കാഴ്ച്ചകള്‍ ഇരു കരയിലും. പക്ഷേ തേംസ് നദി കലങ്ങി തന്നെയായിരുന്നു. ബോട്ടു യാത്രയാവാം ഇതിനു കാരണം. പ്ലാസ്റ്റിക് , ചപ്പുചവറുകള്‍ ഒന്നും നിക്ഷേപിച്ചിട്ടില്ല. തേംസ് ഇവര്‍ക്ക് പവിത്രമായ ഒരു വികാരമാണ് എന്നു തോന്നി. അതിനെ ചുറ്റി നഗരം, DLR എന്ന ഡോക്ക്‌ലന്‍ഡ് ലൈറ്റ് റെയില്‍വേ.
London Eye
A play -Tower of London Grounds
കോഹിനൂര്‍ രത്നം വെച്ചിരിക്കുന്ന ടവര്‍ ഓഫ് ലണ്ടന്‍ പുറത്തു നിന്ന് കണ്ടതെയുള്ളു.അവിടെ ഒരു നാടകം കളിക്കുന്നത് കുറച്ചു നേരം നോക്കി നിന്നു.

ട്രഫാള്‍ഗര്‍ സ്‌ക്വയര്‍
ലണ്ടന്റെ ഹൃദയഭാഗത്തുള്ള, യുദ്ധസ്മാരക പ്രതിമകള്‍ പേറുന്ന ഇവിടം പ്രതിഷേധറാലികള്‍ക്കും യോഗങ്ങള്‍ക്കും കൂടി അനുവദിച്ചിരിക്കുന്ന സ്ഥലമാണ്. ഒരര്‍ത്ഥത്തില്‍ ജനാധിപത്യം നിലനിര്‍ത്തുന്നയിടം. 1800 മുതല്‍ സ്ഥിരമായി മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്ന സ്ഥലം.
1805 ല്‍ ട്രഫാള്‍ഗര്‍ യുദ്ധം ജയിച്ചതിനു സ്മാരകമായി അഡ്മിറല്‍ നെല്‍സണ്‍ നെ ആദരിക്കാനായാണ് 5 മീറ്റര്‍ ഉയരമുള്ള നെല്‍സണ്‍ കോളം നിര്‍മ്മിച്ചത്. പിന്നീട് പല പ്രതിമകളും വന്നു. 2010 മെയ് 24 നു സ്ഥാപിച്ച നെല്‍സണ്‍ ന്റെ യുദ്ധക്കപ്പല്‍ ഒരു കുപ്പിയില്‍ (Nelson's ship in a bottle)  എന്നതാണ് അവസാനമായി വച്ചത്. ഇനിയും പണിപ്പുരയിലുണ്ട് മാറ്റങ്ങള്‍ ഏറെ. നാഷണല്‍ ഗ്യാലറിയില്‍ പ്രശസ്ത പെയിന്റിംഗുകള്‍ പലതും കണ്ടു. 

ബക്കിംഗാം പാലസ് ചേഞ്ച് ഓഫ് ഗാഡ്‌സ്(Change of Guards), ഹൈഡ് പാര്‍ക്ക്.
ബക്കിംഗാം പാലസില്‍ ഒരു കൂട്ടര്‍ ഒഴിഞ്ഞ് അടുത്ത കൂട്ടര്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങ് കാണാന്‍ വലിയ തിരക്കാണ് എന്നും. ഒരു മണിക്കൂര്‍ മുമ്പെത്തിയിട്ടും മുകളില്‍ കയറി ഇരിക്കാന്‍ കഴിഞ്ഞില്ല. ഫൗണ്ടനു താഴെയുള്ള കുളത്തിന്‍ കരയിലെ  മതിലില്‍ ഇരുപ്പു പിടിച്ചു. താഴെ വെള്ളത്തില്‍ ഇഷ്ടം പോലെ തുട്ടുകള്‍! ആഗ്രഹസഫലീകരണം എന്ന് ആള്‍ക്കാര്‍ ഇടുന്നതാണ്. ഇതു തന്നെ മാരിടൈം മ്യസിയത്തിലും കണ്ടിരുന്നു.ദേ, കണ്ടോ, ഇംഗ്ലീഷ് അറിയാത്ത ഇംഗ്ലീഷുകാരുടെ ഇടയില്‍ എന്നെ കണ്ടോ? ഞാന്‍ Is it over എന്നൊരു കുഞ്ഞു ചോദ്യമേ അടുത്തു നിന്ന മദാമിനോടു ചോദിച്ചുള്ളു. പക്ഷേ അവര്‍ എന്നെക്കൊണ്ട് നാലു പ്രാവശ്യം ചോദിപ്പിച്ചൂന്നേ. ഹും, ഇംഗ്ലീഷുകാരിയാണെന്നു പറഞ്ഞിട്ട് എന്താ കാര്യം? ഇംഗ്ലീഷ് അറിയണ്ടേന്ന്?


'ബാലി വന്നു, സുഗ്രി വന്നു, പിന്നെ രണ്ടു വേഷം വന്നു' എന്ന മട്ടില്‍ കുതിരകളും കണ്ണു മറയ്ക്കുമ്പോലെ കറുത്ത തൊപ്പി ഇട്ട ചുവന്ന കുപ്പായക്കാരും, പിന്നെ ബാന്‍ഡ് മേളവുമായി ഉത്സവപ്രതീതി !ഇവരെ അനുകരിച്ചാണ് നമ്മുടെ സ്വാതന്ത്ര്യദിന പരേഡുകളും മറ്റും എന്നു തോന്നി.

അവിടെ നിന്നപ്പോള്‍ മനസ്സു സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ പഴയൊരു സ്വാതന്ത്യദിനത്തിലേക്കു പോയി. ഞങ്ങള്‍ രണ്ടുപേരും രണ്ടു കൂട്ടുകാരികളും.ദേശീയ ഗാനം വന്നപ്പോള്‍ ഞങ്ങള്‍ നാലു കുട്ടികള്‍ ആദരപൂര്‍വ്വം എണീറ്റു നിന്നു. തുടങ്ങിയില്ലേ ഇരിക്കാന്‍ ആവശ്യപ്പെടല്‍...ഇരിക്കെടീ... വീട്ടീന്ന് അമ്മ പറഞ്ഞു വിട്ടതാ എണീറ്റു നില്‍ക്കാന്‍ തുടങ്ങി പല രാഗത്തിലും താളത്തിലും പലതും. വിസിലടി, ആക്രോശം. ഉള്ളില്‍ പേടിയോടെങ്കിലും ചെയ്യുന്നതു ശരിയെന്ന ഉത്തമബോദ്ധ്യത്തില്‍ കരച്ചിലടക്കി പേടി പുറത്തു കാട്ടാതെ ഞങ്ങള്‍ ഇരിക്കാതെ അറ്റന്‍ഷനില്‍ തന്നെ നിന്നു. അപ്പോള്‍ തൊലിക്കട്ടിയാണത്രേ. ശരി എന്നു ഉത്തമബോദ്ധ്യമുള്ള കാര്യം ചെയ്യണമെങ്കിലും ഇത്തിരി വിഷമം തന്നെ. അത് ആദ്യത്തേയും അവസാനത്തേയും പരേഡു കാണലായിരുന്നു.
രാജകുടുംബം അന്നാടിനു വലിയൊരു വരുമാന സ്രോതസ്സാണ്. അതുകൊണ്ടു തന്നെയാവും അവര്‍ ഇപ്പോഴും അതു നിലനിര്‍ത്തി പോരുന്നത്. സര്‍വ്വം റോയല്‍ മയം !

കൊട്ടാരമുറ്റത്തുനിന്ന് സെന്റ് ജയിംസ് പാര്‍ക്കിലൂടെ ഹൈഡ് പാര്‍ക്കിലേക്കു പോകുമ്പോള്‍ കോമണ്‍വെല്‍ത്ത് മെമ്മോറിയല്‍ മോണുമെന്റ്. ഇന്‍ഡ്യ,പാക്കിസ്ഥാന്‍ മുതലായ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനുവേണ്ടി യുദ്ധം ചെയതു മരിച്ചവര്‍ക്കുള്ള സ്മാരകം! അതില്‍ നൈജീരിയന്‍ എഴുത്തുകാരനും കവിയുമായിരുന്ന ബെന്‍ ഒക്ക്‌റി( Ben Okri) യുടേതായി ഒരു ചെറിയ കുറിമാനം-'നമ്മുടെ ഭാവികാലം ഭൂതകാലത്തേക്കാള്‍ വലുതത്രേ' (Our Future is Greater Than Our Past). പുതു റീത്തുകള്‍ വച്ചിരുന്നു അവിടെ. 

ഹൈഡ് പാര്‍ക്കില്‍ ധാരാളം മെരുങ്ങിയ അണ്ണാന്മാരുണ്ട്. വിളിച്ചാല്‍ ഭക്ഷണം എന്നു കരുതി ഓടി വരും. നഗരമദ്ധ്യത്തില്‍ 350 ഏക്കര്‍ വരുന്ന ഹൈഡ് പാര്‍ക്ക്,അതില്‍ 28 ഏക്കര്‍ തടാകം , പിന്നെ 275 ഏക്കര്‍ വരുന്ന കെന്‍സിംഗ്ടണ്‍ ഗാര്‍ഡന്‍!

 
ചരിത്രമുറങ്ങുന്ന പല വീടുകളുണ്ട് ഹൈഡ് പാര്‍ക്കിനു ചുറ്റും. 22, ഹൈഡ് പാര്‍ക്ക് ഗേറ്റ് വെര്‍ജീനിയ വൂള്‍ഫിന്റേതെങ്കില്‍ 28, ഹൈഡ്പാര്‍ക്ക് ഗേറ്റ് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റേതാണ്. അങ്ങനെ ഇനിയെത്ര!