ഓക്‌സ്‌ഫോര്‍ഡ് ട്യൂബ് സ്‌റ്റേഷന്‍ ഭിത്തിയിലുള്ള നമ്മുടെ സ്വന്തം ഗാന്ധിജിയുടെ പടം. |
കണ്ടതിന്റെ നൂറിരട്ടി കാണാന്‍ ബാക്കിയാക്കി ലണ്ടനില്‍ നിന്നു തിരിച്ചെത്തിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. ഒരു കൊല്ലം മുമ്പ് എഴുതിവച്ച അവസാനഭാഗം പൊടിതട്ടിയെടുക്കയാണ്. ആവര്‍ത്തനവിരസത അനുഭവപ്പെട്ടെങ്കില്‍ ക്ഷമിക്കണം എന്നു മുന്‍കൂര്‍ ജാമ്യം.
ഒരു നാടിനെ ,ജനതതിയെ, സംസ്‌കൃതിയെ അറിയാന്‍ ഒരു മാസം തുലോം കുറഞ്ഞ കാലയളവാണെന്നറിയാം. എങ്കിലും മനസ്സില്‍ തട്ടിയ ചില കാര്യങ്ങള്‍ പങ്കു വയ്ക്കട്ടെ.
സാമൂഹ്യ സുരക്ഷ എന്ന വലിയ ചുമതല സര്‍ക്കാര്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നു. പഴ്‌സ് മോഷ്ടിക്കപ്പെടുമോ, മാല പിടിച്ചു പറിക്കുമോ, എന്നൊന്നും വേവലാതി വേണ്ട എന്ന തിരിച്ചറിവ് യാത്രകളില്‍ മനസ്സിനു വല്ലാത്തൊരു ലാഘവം പകര്‍ന്നു. മിക്ക വീടുകള്‍ക്കും മതിലുകള്‍ ഇല്ല, ഗേറ്റും ഇല്ല. ചെടികള്‍, പലകകള്‍ ഇവയൊക്കയാണ് അതിരുകള്‍. വീട്ടിലെ കാര്‍ പോര്‍ച്ച് പലരും സാധനം കൂട്ടിയിടാനാണ് ഉപയോഗിക്കുന്നത്. അവരവരുടെ താമസസ്ഥലത്തിനു മുമ്പിലുള്ള അനുവദനീയമായ തുറന്ന പാര്‍ക്കിംഗ് സ്ഥലത്ത് കാര്‍ ഇടും. മഴയും വെയിലും കൊണ്ട് അതവിടെ കിടന്നോളും. ഗേറ്റില്ലല്ലോ, ആരെങ്കിലും അടിച്ചുമാറ്റുമോ എന്ന പേടിയൊന്നും വേണ്ട.
പ്രായമായവരുടേയും ദുര്‍ബ്ബലരുടേയും(disabled) സ്വയം പര്യാപ്തത ശഌഘനീയമായി തോന്നി. വളരെ ക്ഷീണിതര്‍ പോലും ഫുട് പാത്തിലൂടെ, ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന കൊച്ചു പെട്ടി വണ്ടിയില്‍ സ്വന്തമായി പോയി കാര്യങ്ങള്‍ നടത്തുന്നു. തീരെ നിവൃത്തിയില്ലെങ്കില്‍ മാത്രമേ അന്യസഹായം തേടൂ.
വൃദ്ധരും ദുര്‍ബ്ബലരും സ്‌റ്റേറ്റിന്റെ അതിഥികളാണ് എന്നു പറയാം. അവരെ സംരക്ഷിക്കുന്നത് സര്‍ക്കാരിന്റെ, സമൂഹത്തിന്റെ ചുമതലയാണ്. അവര്‍ ബാദ്ധ്യതയല്ല. അവര്‍ക്ക് എന്തു സഹായവും കിട്ടാന്‍ ഒരു ഫോണ്‍കാള്‍ സമയമേ വേണ്ടൂ. കിടപ്പിലായവര്‍ക്കും മറ്റും വീട്ടില്‍ അതാതു സമയത്തു ഭക്ഷണം കൊണ്ടുവന്നു കൊടുക്കുന്നതു കണ്ടു. ഏകാന്തത അനുഭവിക്കുന്നവരുണ്ടെങ്കില്‍ കമ്മ്യൂണിറ്റി സെന്ററില്‍ വിവരം അറിയിച്ചാല്‍ മതി. അവനവന്റെ ഭാഷയില്‍ സംസാരിക്കുന്ന ആള്‍ക്കാര്‍ വരും സംസാരിച്ചിരിക്കാന്‍. ബംഗാളി അറിയാവുന്നവരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം അവരുടെ ഓഫീസിനു മുമ്പില്‍ കണ്ടു. കുട്ടികള്‍ക്കും 60 കഴിഞ്ഞവര്‍ക്കും ബസ് യാത്ര സൗജന്യമാണ്. ബസുകള്‍ ഇഷ്ടം പോലയുണ്ടെങ്കിലും യാത്രക്കാര്‍ തീരെ കുറവ്. സൗജന്യയാത്രക്കാരാണ് അധികവും.
അവിടുത്തെ നിയമ സംവിധാനത്തിന്റെ ശക്തി ഒരിക്കല്‍ നേരിട്ടു കണ്ടു. ഞങ്ങള്‍ താമസിച്ചിരുന്ന ഫഌറ്റ് സമുച്ചയത്തിനു മുന്നില്‍ ഒരു വനിത കാര്‍ പാര്‍ക്ക് ചെയ്ത് അകത്തു പോയതും പോലീസുകാര്‍ വന്നു, വെളിയില്‍ കാത്തു നിന്നെന്ന വണ്ണം. അതിന്റെ ടയര്‍ ചങ്ങലക്കിട്ട് പൂട്ടി, വിവിധ കോണുകളില്‍ നിന്ന് ഒരു പിടി ഫോട്ടോകള്‍ എടുത്തു. മുന്നില്‍ വൈപ്പറിനിടയില്‍ നോട്ടീസ് തിരുകി വച്ചു. എല്ലാം വളരെ പ്രൊഫഷണല്‍! അവര്‍ അകത്തുണ്ടല്ലോ, അറിയിക്കണമല്ലോ എന്ന് എന്റെ ഇന്‍ഡ്യന്‍ മനസ്സു കേണു. ഭാഗ്യം, പോകാനായി അവര്‍ ഇറങ്ങി വന്നു. ഇരുകൂട്ടരും തമ്മില്‍ വളരെ സൗഹാര്‍ദ്ദപരമായി സംഭാഷണം, ഒടുവില്‍ അവര്‍ കാര്‍ഡ് വഴി പണം നല്‍കി . ചങ്ങല അഴിച്ചും വിട്ടു. തെറ്റി പാര്‍ക്കു ചെയ്യുന്നുവെന്ന് ആരോ പരാതി കൊടുത്തു കാണും. എത്ര പെട്ടെന്നാണ് നിയമം നടപ്പിലാകുന്നത് !അതും അഴിമതിയേതുമില്ലാതെ.
നമ്മുടെ നാട്ടില്‍ അന്യം നിന്ന പലതും അവിടെ ഇപ്പോഴുമുണ്ട്. ദൂരം മൈലാണ്. കിലോമീറ്റര്‍ അല്ല! നമുക്കു എത്രയോ കാലമായി ബാര്‍ബര്‍ ഷോപ്പുകള്‍ സലൂണുകളായിട്ട്. പക്ഷേ ബാര്‍ബര്‍ ഷോപ്പ് എന്നു വെണ്ടയ്ക്ക ബോര്‍ഡുകള്‍ പലയിടത്തും കണ്ടു. നാട്ടിന്‍പുറങ്ങളില്‍ പണ്ട് തടിക്കഷണങ്ങള്‍ തലങ്ങും വിലങ്ങും വച്ച പൊക്കം കുറഞ്ഞ കടമ്പകള്‍ ആയിരുന്നു വീടിന്റെ ഗേറ്റുകള്‍. അവിടെ കടമ്പ ഗേറ്റുകള്‍ ഇപ്പോഴുമുണ്ട്.!
വീട്ടിലോ പുറത്തോ ഈച്ച, പാറ്റ, പല്ലി, എലി, അട്ട, ഒച്ച്, കരിവണ്ട് , ചിതല്‍, കൊതുക് ഇവ ഇല്ലേയില്ല. ഐല്‍ ഓഫ് വൈറ്റ് ദ്വീപില്‍ ചിതലോ ഉറുമ്പോ അരിക്കാതെ തടിയില്‍ തീര്‍ത്ത കൊച്ചു വീടുകള്‍ കണ്ട് അത്ഭുതപ്പെട്ടു പോയി. വല്ലപ്പോഴും ചവറ്റുകുട്ടയ്ക്കരികില്‍ കുറുക്കന്‍ വരും. അവയ്ക്കു ഭക്ഷണമായി ഗാര്‍ഡനുകളില്‍ ജാം പുരട്ടിയ ബ്രഡ്ഡ് ഇടുവാന്‍ നിര്‍ദ്ദേശമുണ്ട്. മനുഷ്യര്‍ക്കൊപ്പം പ്രാധാന്യം സസ്യജീവജാലങ്ങള്‍ക്കും ഉണ്ട്.
പൈപ്പില്‍ വെള്ളം നിലയ്ക്കില്ല. ഇലക്ട്രിസിറ്റി വിതരണം മുറിയില്ല, വോള്‍ട്ടേജു കൂടിയും കുറഞ്ഞും കളിക്കില്ല. അതിനാല്‍ സ്‌റ്റെബിലൈസര്‍, യ.ുപി.എസുകള്‍ ഒന്നും വീട്ടില്‍ വേണ്ടേ വേണ്ട! 'കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹം ' എന്ന ബോര്‍ഡിന്റെ താഴെ നിന്ന് ആത്മനിന്ദയോടെ കൈക്കൂലി കൊടുത്ത് കാര്യസാദ്ധ്യത്തിനു ശ്രമിക്കണ്ട. ഓരോ ഓഫീസിലും പോയി കാവല്‍ കിടക്കണ്ട. കാര്യങ്ങള്‍ കൃത്യമായി നടന്നു കൊള്ളും. ആഗ്രഹം തോന്നുന്നില്ലേ ഇത്തരം ജീവിതം നമുക്കും വേണമെന്ന്?
സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചു. അടുക്കള 'ആണു കേറാമലയല്ല.' വീട്ടുജോലികളെല്ലാം ഭര്‍ത്താവിന്റെ കൂടി ചുമതലയാണ്. ഇന്‍ഡ്യന്‍ സ്ത്രീകളെപ്പോലെ വീടിനും വീട്ടുകാര്‍ക്കും വേണ്ടി സ്വയം എരിഞ്ഞു തീരുന്നവരല്ല അവര്‍. ഈ കഷ്ടപ്പെടലിന് ത്യാഗം, സ്‌നേഹം തുടങ്ങിയ മഹത് ലേബലുകള്‍ പതിച്ച് സ്ത്രീകള്‍ക്ക് ചങ്ങല തീര്‍ത്തു സമൂഹം. 'ഭാരതക്ഷമേ നിന്റെ പെണ്‍മക്കള്‍ അടുക്കളക്കാരികള്‍ വീടാം കൂട്ടില്‍ കുടുങ്ങും തത്തമ്മകള്‍ ' എന്ന് മേയോ മദാമ്മ പറഞ്ഞത് ശരിയായിരുന്നില്ലേ? എന്തായാലും അവിടെയുള്ള വനിതകള്‍ക്ക് വീടിനപ്പുറം അവരുടേതായ ജീവിതമുണ്ട്. പാര്‍ക്കില്‍ വന്നിരുന്ന് വായിക്കുകയും എഴുതുകയും ചെയ്യുന്ന വനിതകളെ കണ്ടു കൊതിച്ചു പോയി ഞാന്‍.
ടൂറിസം അവര്‍ക്കു നല്ലൊരു വരുമാന മാര്‍ഗ്ഗമാണ്. ചുരുക്കം സ്ഥലങ്ങള്‍ ഒഴികെ എല്ലായിടവും കനത്ത പ്രവേശന ഫീ ഉണ്ട്. എല്ലാ സ്ഥലത്തും കയറുന്നതോ ഇറങ്ങുന്നതോ നിര്‍ബന്ധമായും കടകള്‍ വഴിയാണ്. ആ സ്ഥലവുമായി ബന്ധപ്പെട്ട രീതിയിലായിരിക്കും സാധനങ്ങള്‍. ഉദാഹരണത്തിനു ഷേക്‌സ്പിയര്‍ സ്ഥലത്തെ കടയില്‍ സര്‍വ്വത്ര ഷേക്‌സ്പിയര്‍ മയം. പേന, കീ ചെയ്ന്‍, എന്നു വേണ്ട ചോക്കലേറ്റു പൊതി വരെ ആ തലയോ വീടോ ഉള്ള പടങ്ങളോടെയാണ്. ദിനോസര്‍ ഐല്‍ മുഴുവന്‍ ദിനോസര്‍ മയം. എന്തെങ്കിലുമൊന്ന് വാങ്ങാതെ ആരും വരില്ല. വെറും ഒരു കഥാപാത്രമായിരുന്ന ഷെര്‍ലക് ഹോംസിനു മ്യൂസിയം തീര്‍ത്തവര്‍ ഇംഗ്ലീഷുകാര്‍ !
പുരാണേതിഹാസങ്ങളും ആയുര്‍വ്വേദവും എല്ലാം ഉണ്ടായിട്ടും നമുക്ക് അതൊന്നും സത്യസന്ധതയോടെ, നേരേ ചൊവ്വേ പഠിക്കാനോ നിലനിര്‍ത്താനോ വില്‍ക്കാനോ ആവുന്നില്ലല്ലോ. ഇത്തിരി പണം മുടക്കി ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റ് ഒന്നുത്സാഹിച്ചാല്‍ എത്ര മാത്രം വിദേശ പണം ഇവിടെ ഒഴുകും? നമുക്കു സാമ്പത്തിക സ്വയം പര്യാപ്തത നേടാന്‍ ഇതിലും വലിയ മാര്‍ഗ്ഗമില്ല. ഒരിക്കല്‍ ടിവിയില്‍ കണ്ടിരുന്നു യുപിയില്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങള്‍. എല്ലാം രാമായണവുമായി ബന്ധമുള്ളത്. അതെല്ലാം നേരേയാക്കി പ്രവേശന ഫീസും വച്ചാല്‍ വിദേശപുത്തന്‍ ഒഴുകും ഇവിടേക്ക്. അതിനു പകരം, മസ്ജിദ് ,ക്ഷേത്രം ,നീയോ ഞാനോ വലുത് എന്ന് മത്സരിക്കാനല്ലേ നമുക്ക് നേരമുള്ളു?
ഇവിടെ ശ്രീപത്മനാഭന്റെ സ്വത്തുക്കള്‍ ഇത്തിരി നല്ല ഫീസോടെ മ്യൂസിയമാക്കിയാല്‍ രൂപാ ശ്ശി പിരിഞ്ഞു കിട്ടും സര്‍ക്കാരിന്, അല്ല നമുക്ക്. പക്ഷേ രവിവര്‍മ്മച്ചിത്രം പോലും അടിച്ചുമാറ്റപ്പെട്ട ഇവിടെ ഇത്ര ബന്തവസ്സില്‍ ആരു സൂക്ഷിക്കും ഇതെല്ലാം?
എല്ലായിടവും അവിടെ ഒരു പോലെയാണ്. ഒരേ പോലെ കെട്ടിടങ്ങള്‍, പള്ളികള്‍, കൊട്ടാരങ്ങള്‍ എല്ലാം. ആ ഏകതാനത ഉണ്ടാക്കുന്ന വിരസത ശമിപ്പിക്കുന്നത് മനം കവരുന്ന പൂന്തോപ്പുകള്‍ തന്നെ. നമ്മുടെ നാടിന്റെ വൈവിദ്ധ്യം, അതൊന്നു വേറെ തന്നെ!
ഇനി ചില വിരോധാഭാസങ്ങള്‍. കുറുക്കനെ സംരക്ഷിക്കുന്നവര്‍ പന്നിയെ കൊന്നു തിന്നുന്നു. 18 വയസ്സിനു താഴെയുള്ളവര്‍ക്ക് ടാറ്റൂ കുത്തണമെങ്കില്‍(പച്ച കുത്തല്‍) മാതാപിതാക്കളുടെ അനുവാദം വേണം...എന്നാല്‍ മറ്റു പലതിനും അനുവാദം വേണ്ട! ഒരു പതിമൂന്നുകാരന്‍ അച്ഛന്റെ പടം നമ്മളാരും മറന്നിട്ടുണ്ടാവില്ലല്ലോ. ഇന്‍ഡ്യയില്‍ പൊതു സ്ഥലത്തു കിസ്സ് ചെയ്യുന്നത് ശിക്ഷാര്‍ഹമാണ് പക്ഷേ പിസ്സ്(മൂത്രമൊഴിക്കല്‍) ചെയ്യുന്നതു ശിക്ഷാര്‍ഹമല്ല എന്ന് സായിപ്പ് ഇതിനൊരു മറുമൊഴി തീര്‍ത്തിട്ടുണ്ട്.!
പഴമ പോലെ തന്നെ പ്രേതങ്ങളും ഇംഗ്ലീഷുകാര്‍ക്ക് ഹരമാണ്! അന്ധവിശ്വാസവും ആവശ്യത്തിനുണ്ട്. പ്രേതങ്ങളെ കണ്ടുപിടിക്കനായി പ്രേത നടത്തങ്ങള്‍ (Ghost Walks) ഉണ്ട്.! അതിനെപ്പറ്റി ഗവേഷണം നടത്തുന്നു ഇനിയും ചിലര്‍! ബക്കിംഗാം കൊട്ടാരത്തിനു മുന്നിലെ ഫൗണ്ടന്‍ ജലാശയത്തില്‍ ഇഷ്ടം പോലെ തുട്ടുകള്‍ ! കാര്യസാദ്ധ്യത്തിന് ഇടുന്നതാണ്. ഗ്രീനിച്ചിലെ മാരിടൈം മ്യൂസിയത്തിലും കണ്ടു ഇത്. എന്നാല്‍ പള്ളികളില്‍ വയസ്സായവരാണ് അധികവും.
അമിതമാംസഭക്ഷണം, പ്രത്യേകിച്ച് പോര്‍ക്ക്, പുകവലി, സുരപാനം, ഇവയെല്ലാം അവരുടെ ഇരുണ്ട വശങ്ങള്‍. സ്ത്രീകളാണ് കൂടുതല്‍ പുകവലിക്കാര്‍ എന്നു തോന്നി. എല്ലാ കടകളിലും മദ്യം ഉണ്ട്, പ്രൊവിഷന്‍സ് പോലെ തന്നെ. ഓരോ 8 മിനിറ്റിലും പാരാമെഡിക്കലുകള്‍ക്ക് കൗമാരക്കാരടക്കമുള്ളവരുടെ മയക്കുമരുന്നു-മദ്യപാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നു എന്നു പത്രവാര്‍ത്ത കണ്ടു. 999 ഡയല്‍ ചെയ്താണ് എല്ലാവരും സഹായം ചോദിക്കുക. ഈയിടെ അവിടെ നടന്ന ലഹളയില്‍ അതൃപ്ത കൗമാരം ഒരു കാരണം എന്നു വായിച്ചിരുന്നു. പല കല്യാണം കഴിക്കാത്തവര്‍ ചുരുക്കം! ഈ ജീവിതസൗകര്യങ്ങള്‍ക്കിടയിലും ഇവര്‍ തൃപ്തരല്ല!
ഗേ, ലെസ്ബിയന്‍ എന്നു പേരിട്ടിരിക്കുന്ന ആണ്‍ പെണ്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ ഇഷ്ടം പോലെ. ജയില്‍ മന്ത്രി ക്രിസ്പിന്‍ ബ്ലണ്ട്(Crispin Blunt) താനൊരു ഗേ ആണെന്നു പ്രഖ്യാപനം നടത്തി എല്ലാവരേയും ഞെട്ടിച്ചത് ഒരു മാസം മുമ്പ്(2010 ആഗസ്റ്റ്). വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ്, ഗേ വിവാദത്തില്‍ അകപ്പെട്ടതും അടുത്തയിടെ തന്നെ (2010).
ഒരു ട്യൂബ് യാത്രയിലാണ്, ആതിഥേയയെ ഞാനൊന്നു ചേര്‍ത്തിരുത്തി ഉമ്മ കൊടുത്തു. പെട്ടെന്ന് സ്‌നേഹം വന്നു പോയി. അവള്‍ അനിഷ്ടത്തോടെ മാറിയിരുന്നു, 'അവരു (എതിര്‍സീറ്റുകാര്‍) നോക്കുന്നതു കണ്ടില്ലെ, നമ്മള്‍ ലെസ്ബിയന്‍ ആണെന്നു കരുതും! ' എന്ന് ഒരു പിറുപിറുപ്പും.
വ്യക്തിജീവിതം എന്തോ ആകട്ടെ, അവര്‍ നല്ല പൗരബോധമുള്ളവരാണ്. അവരുടെ രാഷ്ട്രത്തിന്റെ പുരോഗതിയെക്കുറിച്ച് തികച്ചും ബോധമുള്ളവര്‍. അതല്ലേ ശരിയായ ദേശസ്‌നേഹം? നമ്മുടെ നാട്ടില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഇവരുടെ നിഷേധാത്മക ചിത്രം മാത്രമാണ് . സമയനിഷ്ഠ അടക്കമുള്ള നല്ല കാര്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു.
കച്ചവടത്തിനു വന്നവര്‍ നമ്മുടെ പിടിപ്പുകേടുകൊണ്ട് ഭരണക്കാരായി. നമ്മുടെ മാത്രമല്ല പലരുടേയും സമ്പത്തു കടത്തിയവര്‍. പക്ഷേ അതിനു പകരം എന്നോണം ഇപ്പോള്‍ അവരുടെ നാട്ടില്‍ വന്ന് പണമുണ്ടാക്കാന്‍ ഉപാധികളോടെയെങ്കിലും അവര്‍ അനുവദിക്കുന്നുമുണ്ട്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഗവണ്‍മെന്റ ജോലിയ്ക്ക് പരിഗണനയുണ്ട്. അവിടെ ബര്‍മ്മാ-നേപ്പാള്‍കാര്‍ വാസ്തവത്തില്‍ ഇംഗ്ലീഷുകാരേക്കാള്‍ കൂടുതലുണ്ടെന്നു തോന്നി. എങ്ങോട്ടു തിരിഞ്ഞാലും അവരുണ്ട്. ദുബായില്‍ മലയാളികളെന്ന പോലെ.
നമ്മളും മനുഷ്യര്‍, അവരും മനുഷ്യര്‍, നമ്മള്‍ എന്തേ ഇങ്ങനെ? അവര്‍ എന്തേ അങ്ങനെ? ഉത്തരങ്ങള്‍ ഏറെ കണ്ടു പിടിച്ചു മനസ്സ്.
അന്നാട്ടിലെ പണക്കൊഴുപ്പോ ആഡംബരോ എന്നെ തെല്ലുപോലും മോഹിപ്പിച്ചില്ല. പക്ഷേ ഗുണമേന്മയുള്ള ജീവിതം (Quality Life ), അതു മോഹിപ്പിച്ചില്ല എന്നു കളവു പറയാനാവില്ല. നിയമം ആദരിക്കുന്ന ജനം, നിയമം പാലിക്കുന്ന അധികാരികള്‍, വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന പോലീസുകാര്‍, പ്രധാനമന്ത്രിയെ മി.കാമറൂണ്‍ എന്നു സംബോധന ചെയ്യാവുന്നിടം, ജീവനും സ്വത്തിനും അപായഭയമില്ലാതെ കഴിയാനാവുന്നിടം, ബന്ദും ഹര്‍ത്താലും ഇല്ലാത്തിടം, കൈക്കൂലി കൊടുക്കണ്ടാത്തിടം! ഭരണം മാറി മാറി വരും. ഈ ശക്തമായ അടിത്തറകള്‍ ഒരിക്കലും മാറുന്നില്ല. അവരുടെ ജയവും നമ്മുടെ പരാജയവും ഇതാണ്.
പൗരബോധമില്ലായ്മ, അഴിമതി, അതിരു കവിഞ്ഞ രാഷ്ടീയം ,ഞാനെന്ന ഭാവം, ജോലിയോട് പ്രതിബദ്ധതയില്ലായ്മ-ഇവിടെയാണെങ്കില്‍ മാത്രം, അന്യരാജ്യത്ത് ഏറ്റവും അദ്ധ്വാനികള്‍- ഇതല്ലൊമാണ് ജനസംഖ്യാക്കൂടുതല്‍, സാമ്പത്തികം എന്നിവയേക്കാള്‍ കൂടുതല്‍ നമ്മുടെ പുരോഗതിക്കു തടസ്സം എന്നാണെനിക്കു തോന്നുന്നത്. സാമാന്യം നല്ല കാലാവസ്ഥയും ബുദ്ധിയും വലിയ പാരമ്പര്യവും ഉണ്ടായിട്ടും നമുക്ക് കാലത്തിനനുസരിച്ച് പുരോഗതി നേടാനാവാത്തത്് ഇതു കൊണ്ടല്ലേ?ജനസംഖ്യാക്കൂടുതല്‍ ഒരു ദോഷമായി കാണാതെ അത് നമ്മുടെ ഏറ്റവും വലിയ മൂലധനം ആയ മനുഷ്യവിഭവശേഷി എന്നു കണക്കാക്കി കൂടെ? ദാരിദ്യവും വീട്ടുകാരുടെ സമ്മര്‍ദ്ദവുമാണ് 2010ല്‍ നടന്ന ക്രിക്കറ്റു കോഴയുടെ കാരണങ്ങള്‍ എന്നാണ് അവര്‍ വിലയിരുത്തിയത്!
തോന്ന്യവാസം ചെയ്യാനുള്ള ലൈസന്‍സല്ല സ്വാതന്ത്ര്യം, വായ്ത്താരിയല്ല ജനാധിപത്യം, സെന്‍സേഷന്‍ സൃഷ്ടിക്കലല്ല മാദ്ധ്യമധര്‍മ്മം, പണിയെടുക്കാതിരിക്കലല്ല ഇസങ്ങള്‍. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും ബാദ്ധ്യതയില്ലേ? എല്ലാവരുടേയും മക്കള്‍ വിദേശങ്ങളില്‍ ഗുണമേന്മയുള്ള ജീവിതം നയിക്കുന്നു. അത്തരം ഒരു ജീവിതം ഇന്‍ഡ്യയിലും വേണ്ടേ? അതു നമ്മുടെ അവകാശമല്ലേ?അതിനുള്ള ദൂരക്കാഴ്ച്ചയും തത്വദീക്ഷയും ഇച്ഛാശക്തിയും നമ്മുടെ പുതുതലമുറമുക്ക് എങ്കിലും ഉണ്ടാകും എന്നു പ്രത്യാശിക്കുന്നു.
എല്ലാ കുറവുകളോടെയും ഞാന്‍ എന്റെ ഇന്‍ഡ്യയെ ഇഷ്ടപ്പെടുന്നു, ഒപ്പം ഗുണമേന്മയുള്ള ഒരു ജീവിതം എന്റെ അവകാശമെന്നു സ്വപ്‌നം കാണുകും ചെയ്യുന്നു. മുന്‍രാഷ്ടപതി ശ്രീ. അബ്ദുള്‍ കലാം പറഞ്ഞതു പോലെ ഇത്തിരി വലിയ സ്വപ്നം!
ഇത്തിരി മൈതാനപ്രസംഗശൈലിയായി പോയി:) :). ക്ഷമിക്കണേ.
ReplyDeleteഒരുപാടു കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. നന്നായി,മൈത്രേയി.
ReplyDeleteഎന്തെല്ലാം നന്മകള്‍ ഉണ്ടെങ്കിലും അവരുടെ വര്‍ണവിവേചനം അംഗീകരിക്കാന്‍ കഴിയില്ല.
( വാഷിങ്ങ്ടണില്‍ ഉള്ള എന്റെ മകന്‍ പറയാറുള്ളതോര്‍ത്തുപോയി. ഒരു ആണ്‍ സുഹൃത്തിന്റെ കൂടെ സഞ്ചരിക്കുമ്പോള്‍ കമന്റ്സും കളി യാക്കലുകളും കേള്‍ക്കേണ്ടി വരും. പെണ്‍കുട്ടിയാ ണെങ്കില്‍ no problem...!
സാമൂഹ്യ സുരക്ഷ, വൃദ്ധരോടുള്ള മനോഭാവം - ഇതൊക്കെ വലിയ സംസ്ക്കാരക്കാരായ നമ്മൾ യൂറോപ്യരോട് പഠിക്കണം. എങ്കിലും എല്ലാ കുറവുകളോടെയും ഞാന്‍ എന്റെ ഇന്‍ഡ്യയെ ഇഷ്ടപ്പെടുന്നു,- മൈത്രേയിയോട് യോജിക്കുന്നു.
ReplyDeleteപ്രേതങ്ങളോട് ഭയം നമുക്കാണ് എന്നായിരുന്നു എന്റെ വിചാരം. എന്നാല്‍ അമേരിക്കയില്‍ എത്തിയപ്പോഴാണ് ഇവര്‍ നമ്മളേക്കാള്‍ വലിയ അന്ധവിശ്വാസികളാണെന്ന് മനസ്സിലായത്!!! ലണ്ടങ്കാരും അത്പോലെ തന്നെയാണല്ലേ!!
ReplyDeleteപാവം പൂവ്: ശരിയാണ്, അതു പക്ഷേ അവിടെ സ്ഥിര താമസക്കാര്‍ക്കേ അനുഭവപ്പെടുമായിരിക്കൂ എന്നു തോന്നുന്നു.
ReplyDeleteശ്രീനാഥന്‍-ഇവിടെ രാഷ്ട്രീയ പിടിപാടില്ലാത്തവര്‍ക്കു മാത്രം ഉള്ളതായി മാറുകയല്ലേ നിയമം? വൃദ്ധര്‍ അവിടേയും ഏകാന്തത അനുഭവിക്കുന്നുണ്ട്, പക്ഷേ സ്റ്റേറ്റ് അവരെ നല്ലവണ്ണം പരിപാലിക്കുന്നു. ഇവിടെ സ്റ്റേറ്റിനു യാതൊരു ചുമതലയും ഇല്ലല്ലോ.
മനോജ്-പിന്നല്ലാതെ. അന്ധവിശ്വാസം ലോകത്ത് എല്ലായിടവും ഒരു പോലെ.
ലണ്ടനിലെ ജീവിതത്തിലെ നല്ല വശങ്ങള്‍ വളരെ നന്നായി എഴുതി.
ReplyDeleteസാമൂഹ്യസുരക്ഷ തന്നെ എന്നെ പ്രധാനമായും ആകര്‍ഷിച്ചത്.അതേ പോലെ പൌര ബോധവും.ഇതൊക്കെ ഏതെങ്കിലും നൂറ്റാണ്ടില്‍ നമ്മുടെ നാട്ടില്‍ വരുമെന്ന് ഒരു വിദൂര സ്വപ്നമെങ്കിലും കാണാന്‍ പറ്റുമോ?
മൈത്രേയി ഒടുവിലെഴുതിയതിന് ഒരു വലിയ ക്ലാപ്പ് എന്റെ വക..
"ജീവനും സ്വത്തിനും അപായഭയമില്ലാതെ കഴിയാനാവുന്നിടം, ബന്ദും ഹര്‍ത്താലും ഇല്ലാത്തിടം"
ReplyDeleteകേരളത്തില്‍ ജനിച്ച് പോയി എന്നത് കൊണ്ട് മാത്രം നമ്മള്‍ എന്തെല്ലാം കാടത്തരം അനുഭവിക്കുന്നു.മൈത്രേയി,ഇവിടെ സ്വാതന്ത്ര്യം അധികമായിപ്പോയതാണു പ്രശ്നം എന്നെനിക്കു തോന്നുന്നു.
പറഞ്ഞതിനോട് അക്ഷരം പ്രതി യോജിക്കുന്നു . നമുക്ക് പറ്റിയ ഏറ്റവും വലിയ വീഴ്ച നിയമത്തിനെ അനുസരിക്കാത്തത് ആണ് . ഉദാഹരണത്തിനു എത്ര പേര്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ഇടുന്നുണ്ട് . സ്വന്തം വീട് വൃത്തിയാക്കുമ്പോള്‍ കുപ്പ പുറത്തേക്ക് കളയാന്‍ ഒരു മടിയുമില്ല. റോഡിന്റെ നടുക്ക് പോലും. ഇവിടെ വടക്കേ ഇന്ത്യക്കാര്‍ പൊതുവേ മോരടന്മാര്‍ ആണെങ്കിലും എയ്തു കൊച്ചു കുട്ടി പോലും മുതിര്‍ന്ന ആളുകളെ നമസ്തേ എന്ന് പറഞ്ഞു ആദരിക്കും. വീട്ടില്‍ ചെന്നാല്‍ ഉടന്‍ കുടിക്കാന്‍ വെള്ളം കൊണ്ടുവരും . നമ്മുടെ നാട്ടിലും ഇതൊന്നും ഇല്ല എന്നല്ല ആരും അത് പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാത്തത് കൊണ്ട് ആണെന്ന് തോന്നുന്നു
ReplyDeleteനമുക്ക് സ്വപ്‌നം കാണാം മെയ്പൂക്കള്‍. പ്രീക്ഷയില്ലെങ്കില്‍ ജീവിതമില്ലല്ലോ.കൗമാരമദ്യപാനം, പുകവലി, ഗേ, ലെസ്ബിയന്‍ അതെല്ലാം ഇവിടെ വരും, അല്ല വന്നുകഴിഞ്ഞു, പക്ഷേ ബാക്കി നല്ല കാര്യങ്ങള്‍.....
ReplyDeleteഅതെ കൃഷ്ണകുമാര്‍, നമ്മളുടേത് സ്വാതന്ത്ര്യമല്ല, എന്തും ചെയ്യാനുള്ള ലൈസന്‍സാണ.് നിയമം നിര്‍മ്മിക്കേണ്ടവര്‍ കാട്ടിക്കൂട്ടുന്ന ഗൂണ്ടായിസവും വായ്ത്താരിയും കണ്ടു മനം മടുത്തു.
അഭിപ്രായത്തോട് യോജിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം കിനാവള്ളി. ഇവിടെ ആദ്യവരവാണല്ലേ, അതിലും സന്തോഷം. ഇപ്പോഴത്തെ തലമുറയ്ക്ക് ടിവിയും ഇന്റര്‍നെറ്റും അച്ഛനമ്മമാരാണ്. പക്ഷേ വീട്ടില്‍ പാലിക്കേണ്ട ഇത്തരം മര്യാദകള്‍ അവര്‍ പറയില്ലല്ലോ. പഴയ തലമുറ കണ്ടു മനസ്സിലാക്കിയിരുന്നു പലതും. ഇപ്പോള്‍ അതില്ല, ആരും പറഞ്ഞു കൊടുക്കുന്നുമില്ല.മുതിര്‍ന്നവര്‍ കയറി വന്നാല്‍ എഴുന്നേല്‍ക്കണം, കാരണോരുടെ ഈസിചെയറില്‍ ഇരിക്കരുത് തുടങ്ങി പല കാര്യങ്ങളും കുഞ്ഞുങ്ങള്‍ക്കറിയില്ല.
'എല്ലാ കുറവുകളോടെയും ഞാന്‍ എന്റെ ഇന്‍ഡ്യയെ ഇഷ്ടപ്പെടുന്നു'
ReplyDeleteഇത് തന്നെ ഇതിലെ ഹൈലൈറ്റ്.
സ്വന്തന്ത്ര്യം നമ്മെ ചില രീതിയിലെങ്കിലും ഉന്മത്തരാക്കിയിട്ടുണ്ട്.ചിലര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ചിലര്‍ക്ക് ശുഷ്കമായ സ്വാതന്ത്ര്യവും നിലനിലനില്‍ക്കുന്നുവെങ്കില്‍പോലും...
നമ്മുടെ ഇന്ത്യയെ നാം എത്രമേല്‍ ഇഷ്ടപ്പെടുന്നു!
"തോന്ന്യവാസം ചെയ്യാനുള്ള ലൈസന്‍സല്ല സ്വാതന്ത്ര്യം, വായ്ത്താരിയല്ല ജനാധിപത്യം, സെന്‍സേഷന്‍ സൃഷ്ടിക്കലല്ല മാദ്ധ്യമധര്‍മ്മം, പണിയെടുക്കാതിരിക്കലല്ല ഇസങ്ങള്‍."
ReplyDeleteസ്വപ്നങ്ങൾ സ്വപ്നങ്ങൾ മാത്രം.
നല്ലതൊന്നും പഠിയ്ക്കാനാവാത്തതിന്റെ കാരണം എന്താവും? ഇരുപത്തഞ്ചു കൊല്ലം കണിശക്കാരനായ സായിപ്പിനൊപ്പം ജോലി ചെയ്തിട്ടും അദ്ദേഹത്തിന്റെ സമയ നിഷ്ഠ പഠിയ്ക്കാനാവാത്തവരെ കണ്ട് അൽഭുതപ്പെട്ടിട്ടുണ്ട് ഞാൻ.......
ReplyDeleteലേഖനം വളരെ നന്നായി, മൈതാന പ്രസംഗം ആയില്ല.അഭിനന്ദനങ്ങൾ.
ഇസ്മായില്‍-ഇവിടെ ആദ്യവരവല്ലേ, സുസ്വാഗതം.അതെ ഇസ്മായില്‍, പൊന്നുരുക്കി പുളിശേരിയാക്കിത്തരാമെന്നു പറഞ്ഞാലും ഇന്‍ഡ്യയെന്ന വികാരത്തെ തള്ളാനാവില്ല, കൊള്ളാതിരിക്കാനുമാവില്ല.
ReplyDeleteകലാവല്ലഭന്‍- ഇതൊക്കെ എല്ലവാര്‍ക്കും അറിയാം, പക്ഷേ മാതൃകയാവേണ്ട ജനപ്രതിനിധികള്‍ ഇതു വിസ്മരിക്കുന്നതാണു കാരണം.ഉറങ്ങുമ്പോഴല്ല, ഉണര്‍ന്നിരിക്കുമ്പോഴാണ് സ്വപ്‌നം കാണേണ്ടത് എന്നല്ലേ മുന്‍രാഷ്ട്രപതി പറഞ്ഞത്. നമുക്ക് അതു ചെയ്യാം.
എച്ച്മൂ-...വാല്‍ 100 വര്‍ഷം കുഴലിലിട്ടാലും എന്നു പറയുന്നതു പോലെ ചിലര്‍ അല്ലേ? മൈതാനപ്രസംഗം ആയില്ലല്ലേ, സമാധാനം
എല്ലാവരും സ്വന്തം കടമ നന്നായി ചെയ്താൽ അതിലുപരി വേറൊന്നും വേണ്ട രാജ്യത്തിന്റെ പുരോഗതിക്ക്...വലിയ ജനസംഖ്യയോ വിഭവമില്ലായ്മയോ പ്രകൃതി ദുരന്തങ്ങളോ ഒന്നും തടസ്സമല്ല. ഈ പ്രശ്നങ്ങളെല്ലാമുള്ള ഒരു രാജ്യത്ത് യാത്ര ചെയ്തപ്പോൾ എനിക്കു തോന്നിയതങനെയാണ്.
ReplyDelete-ജപ്പാൻ-
സസ്നേഹം,
പഥികൻ
മൈത്റേയി,
ReplyDeleteഎനിക്കൊരിക്കലും പരിചിതമാകാന്‍ ഇടയില്ലാത്ത കാര്യങ്ങള്‍ ഈ പങ്കു വയ്ക്കലിലൂടെ അനുഭവമായി, നന്ദി