Sunday, January 10, 2016

തേംസ് തീരത്തുകൂടി

ടവര്‍ ഓഫ് ലണ്ടനില്‍ നിന്ന് ഇറങ്ങി അല്‍പ്പസമയം കൂടി അവിടെ ബഞ്ചില്‍ വിശ്രമിച്ച് പുറത്തേക്കിറങ്ങി, തേംസ് കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാവുന്ന പ്രെറ്റ് എ മേഞ്ചര്‍(ഉച്ചാരണം ശരിയോ എന്തോ) റെസ്റ്റോറണ്ടില്‍ കയറി വയറു നിറയെ ഭക്ഷണം കഴിച്ചു. ഈ റെസ്‌റ്റോറണ്ട് ശൃംഖല ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എവിടെ പോയാലും ഇതാണ് ഞങ്ങളുടെ ആദ്യ ചോയ്‌സ്. ഇവിടുത്തെപ്പോലെയല്ല, എയര്‍പോര്‍ട്ടിലും പുറത്തും എല്ലാം ഒരേ വില തന്നെയാണ് എന്നതും സന്തോഷിപ്പിച്ചിരുന്നു. :)).

പിന്നെ പതിയെ തേംസ് തീരത്തു കൂടി നടന്നു തുടങ്ങി. ഒരിക്കലും മടുക്കാത്ത യാത്ര. ഒരു ചൈനീസ് വിവാഹ ഫോട്ടോ സെഷനും കാണാന്‍ അവസരം ലഭിച്ചു. അതു കണ്ടയുടന്‍ +Patric Edward നെ ഓര്‍മ്മ വന്നു. :))ആയിടെ  ഇട്ടിരുന്ന വിവാഹഫോട്ടോകളായിരിക്കാം കാരണം. വധൂവരന്മാര്‍ അടക്കം ആറു പേര്‍ മാത്രം. അതില്‍ പാതി പേര്‍ ഫോട്ടോ എടുക്കല്‍. ഞങ്ങളും എടുത്തു ആ അതിസുഭഗമിഥുനങ്ങളുടെ ഫോട്ടോ. അവര്‍ക്ക് സന്തോഷമായിരുന്നു, എന്നാലും പടം ഇടുന്നില്ല. വധുവിന്റെ നീണ്ട വെള്ളകുപ്പായത്തിന്റെ അറ്റം പിന്നില്‍ കിടന്നു വലിയാതെ ശ്രദ്ധാപൂര്‍വ്വം ഉയര്‍ത്തിപ്പിടിച്ച് വരന്‍ വധുവിന്റെ പിന്നാലെ നീങ്ങുന്നത് രസകരമായ കാഴ്ച്ച ആയിരുന്നു. അവിടെ സ്ഥിരം വിവാഹ ഫോട്ടോ ഷൂട്ട് ഇടമാണത്രേ. ചൈനാക്കാരെ കണ്ടയുടന്‍ മനസ്സില്‍ വന്നത് ഓലാന്‍, വാങ്‌ലുങ് എന്ന പേരുകളാണ്. കുട്ടിക്കാലത്തു തന്നെ വായിച്ച, വളരെ ഇഷ്ടമുള്ള പുസ്തകങ്ങളിലൊന്നായിരുന്നു പേള്‍ എസ് ബക്കിന്റെ ഗുഡ് എര്‍ത്ത്. അവരെ പിന്നിട്ട് കുറേ നടന്ന് ടവര്‍ ബ്രിഡ്ജ് കയറി. തേംസിലൂടെ പണ്ട് വന്നടിഞ്ഞിരുന്ന മൃതദേഹങ്ങള്‍ ഇതിനടിയില്‍ നിന്നാണ് ശേഖരിച്ചിരുന്നത് എന്ന് കുറിപ്പു കണ്ടു അവിടെ.ട്യൂബും-ഭൂഗര്‍ഭ റയില്‍വേസ്‌റ്റേഷന്‍-അല്ലാത്തതുമായ റെയില്‍വേസ്റ്റേഷനുകള്‍ക്കുള്ളിലൂടെയുള്ള അനന്തമായ തിരക്കു പിടിച്ച ഓട്ടനടത്തവും എസ്‌കലേറ്ററുകളും വല്ലാതെ മടുത്തുവെന്ന് പറഞ്ഞ് കുറേ നടന്നെങ്കിലും പിന്നെ തളര്‍ന്നു, ട്യൂബ് ട്രെയിന്‍ വഴി തന്നെ പോയി ബ്ലാക്ക് ഫ്രയാര്‍ സ്റ്റേഷനില്‍ ഇറങ്ങി, മിലെനിയം ബ്രിഡ്ജ് നടത്തയ്ക്ക്. കഴിഞ്ഞ വട്ടം ഓടി നടന്നുള്ള കാഴ്ച്ച കാണലിനിടയില്‍ മിലെനിയം ബ്രിഡ്ജ് കയറിയിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മഴയും വെയിലും ഇല്ലാത്ത സാമാന്യം തണുപ്പുള്ള സുഖകരമായ കാലാവസ്ഥയായിരുന്നു, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബ്രിഡ്ജിലൂടെ ഇരുവശവുമുള്ള കാഴ്ച്ചകള്‍ നുകര്‍ന്നുള്ള നടപ്പ് ആസ്വദിക്കവേ ആണ് ആ പൂട്ടുകള്‍ കണ്ണില്‍ പെട്ടത്.ഏതാണ്ട് നടുക്കായി റെയിലിംഗിനു താഴെയുള്ള അഴികളില്‍ ധാരാളം പൂട്ടിയ താഴുകള്‍! എന്താണ് സംഭവമെന്നോ? പ്രണയിക്കുന്നവര്‍ തങ്ങളുടെ പ്രണയസാഫല്യത്തിനായി പ്രാര്‍ത്ഥനയോടെ പൂട്ടുന്നതാണ് അത്. ചിലതില്‍ പ്രണയികളുടെ പേരുകളും കൊത്തിയിട്ടുണ്ടാകും! സമൂഹവും ജാതിയും മതവും സംഘടനകളും ഒന്നും പ്രണയത്തിനു വിലങ്ങു തീര്‍ക്കാത്ത നാട്ടിലും ഇങ്ങനെയോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു പോയി.ബ്രിഡ്ജ് പാതിയെത്തിയപ്പോഴേ ജലതരംഗത്തിന്റെ ശബ്ദം കാതില്‍ വന്നലയ്ക്കുന്നുണ്ടായിരുന്നു. അക്കരെ തേംസ് തീരത്തു നിന്ന് ഒരു സായിപ്പ് വായിക്കുന്നതായിരുന്നു ജലതരംഗം. ചിലര്‍ അവിടെ വിരിച്ചിട്ടുള്ള വിരിയില്‍ പണം ഇട്ടു. ഭിക്ഷാടനം തന്നെ! ടെയ്റ്റ് മോഡേണ്‍ ആര്‍ട്ട് ഗാലറിയില്‍ ഒന്നു കയറി തിരിച്ചിറങ്ങി. കാണാന്‍ കയറിയാല്‍ സമയം ധാരാളമെടുക്കും. പിന്നെ വീണ്ടും കുറച്ചുകൂടി മുന്നോട്ടു നടന്നു, ഷേക്‌സ്പിയറിന്റെ ഗ്ലോബ് തീയേറ്ററിന്റെ മുന്നിലേക്ക്. കഴിഞ്ഞ തവണ കണ്ടതില്‍ നിന്നും വലിയ വ്യത്യാസമൊന്നും പുറമേ നിന്ന് തോന്നിയില്ല. എങ്കിലും ചുറ്റുവട്ടത്ത് ചെറിയ മാറ്റങ്ങള്‍ തോന്നിപ്പിച്ചു.പിന്നെ തെരുവിലേക്കു കയറാനായി സുതാര്യ റൂഫിനടിയിലൂടെ പ്രദര്‍ശനകപ്പലും കടകളും കണ്ട് നടന്നു. ചിലതു വില ചോദിച്ചു, വാങ്ങിയില്ല പക്ഷേ. :))ഒരു വന്‍നഗരത്തിന് മദ്ധ്യേ ഒഴുകുന്ന, അനേകായിരം ചരിത്രകഥകള്‍ പേറുന്നൊരു മഹാനദി. അതിന്റെ തീരത്തു കൂടി സ്വച്ഛന്ദസുന്ദരമായ നഗരയാത്ര. അത് വല്ലാത്തൊരു അനുഭൂതിയാണ്. എത്ര നടന്നാലും മതിവരാത്ത ഒരനുഭവം. കഴിഞ്ഞ തവണ കുറേ ഏറെ നേരം ആ നടത്ത ആസ്വദിക്കാനായിരുന്നു. തേംസിന്റെ തീരത്തുകൂടി ലക്ഷ്യമില്ലാതെ ഒരു ദിവസം മുഴുവന്‍ ഒരിക്കല്‍ക്കൂടി നടക്കണം. ഒരിക്കലും നടക്കാനിടയില്ലാത്ത ഒരു സുന്ദരസ്വപ്‌നം.

4 comments:

 1. നമ്മുടെ നാട്ടിലായിരുന്നെങ്കിൽ പാവം തേംസിലേക്കായിരിക്കും എല്ലാ കക്കൂസ് കുഴലും ത്രക്കുക, എല്ലാ ഫാക്റ്ററികളും അവരുടെ മാലിന്യപൈപ്പുകൾ തുറക്കുക, ശവങ്ങളെ പാതി കത്തിച്ച് ഒഴുക്കിവിടുക, പുറം തിരിഞ്ഞിരുന്ന് ഒന്നും രണ്ടും സാധിക്കുക.

  സിംഗപ്പൂർ നഗരത്തിന്റെ നടുവിലൂടെ ഒഴുകുന്ന ആ ചെറിയ പുഴ ഓർമ്മ വന്നു, ഈ ഫോട്ടോകൾ കണ്ടപ്പോൾ. പുഴകൾക്കും ഉണ്ടാവാം ഭാഗ്യജാതകം!! അവയെ മതിക്കുന്ന നാട്ടിൽ പിറക്കാനുള്ള ഭാഗ്യജാതകം

  ReplyDelete
 2. അന്ധവിശ്വാസങ്ങള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലായിടത്തും ഉണ്ടല്ലേ...

  പുതുവത്സരാശംസകള്‍, ചേച്ചീ...

  ReplyDelete
 3. എത്ര സുന്ദരമായ
  ലണ്ടൻ കാഴ്ച്ചകൾ ..

  എന്നാലും എന്റെ ഉമ്മറത്ത്
  വന്നിട്ട് എന്നെ ഒന്ന് വിളിച്ചില്ലല്ലോ ..

  ReplyDelete
 4. @ശ്രീ:ശ്രീക്കും നല്ലൊരു വത്സരമാവട്ടെ 2016. അതെ, അന്ധവിശ്വാസങ്ങള്‍ ക്ക് ഒരിടത്തും കുറവില്ല, വികസിത-വികസ്വര വ്യത്യാസമൊന്നുമില്ലെന്ന് കഴിഞ്ഞ യാത്രിയില്‍ ബോദ്ധ്യപ്പെട്ടതാണ്!
  @Muralee Mukundan:ലണ്ടനും അതിന്‍റെ പഴമയും അതിസുന്ദരം തന്നെ. ശരിയാണ്, വിളിക്കാഞ്ഞ
  ത് മോശമായിപ്പോയി. പിന്നെ ആകട്ടെ പിന്നെയാകട്ടെ എന്നു മാറ്റി, ഇനി വന്നാല്‍ വിളിച്ചിരിക്കും.തീര്‍ച്ച.

  ReplyDelete