Showing posts with label ബാലകഥ. Show all posts
Showing posts with label ബാലകഥ. Show all posts

Thursday, February 04, 2010

മീനാക്ഷിയുടെ അനിയത്തിമാര്‍

മീനാക്ഷിയുടെ പ്രിയ കസിന്‍സ്‌ നീരദയും അവളെക്കാള്‍ ഒരു വയസ്സിനിളയ ഗൗരിയുമാണ്‌ ഇതിലെ നായികമാര്‍.

രണ്ടാളും അവരുടെ അമ്മമാരും കൂടി ഏ.സി. (ആലപ്പുഴ -ചങ്ങനാശ്ശേരി) റോഡിലൂടെ ബസ്സില്‍ പോകുന്നു ആലപ്പുഴയ്‌ക്ക്‌. അമ്മമാരെ ശല്യപ്പെടുത്താതിരിക്കാനായി കൂട്ടത്തില്‍ സീനിയറായ നീരദയെ ഒരു ജോലി ഏല്‍പ്പിച്ചു, വഴിയില്‍ കാണുന്ന ബോര്‍ഡുകളെല്ലാം വായിക്കണം. വീട്ടില്‍ ചെന്ന്‌ അതെല്ലാം ഓര്‍മ്മിച്ച്‌ ഗൗരിയെ എഴുതി പഠിപ്പിക്കണം. രണ്ടുപേരും വളരെ ഗൗരവമായിത്തന്നെ ജോലി തുടങ്ങി.

വീട്ടില്‍ ചെന്നു. കുളിച്ചു, കാപ്പി കുടിച്ചു....അടുത്തതായി ഗൗരിയെക്കൊണ്ട്‌ എഴുതിച്ചു കൊണ്ടു വരാന്‍ ഏല്‍പ്പിച്ചു. പത്തു മിനിറ്റു കഴിയും മുന്‍പ്‌ ഹോം വര്‍ക്കു തീര്‍ത്തു ഗൗരി കൊണ്ടു വന്നു, അകമ്പടിക്ക്‌ നീരദയും. എഴുതിയ വാക്ക്‌ വായിച്ച്‌ ഗൗരിയുടെ അമ്മ ഞെട്ടിത്തരിച്ചു നില്‍ക്കുന്നതു കണ്ട്‌ ഓടിയെത്തി നീരദയുടെ അമ്മ. വായിച്ചു, ആദ്യം ഞെട്ടി, പിന്നെ രണ്ടമ്മമാരും കൂടി പൊട്ടിച്ചിരിയും തുടങ്ങി.......

എന്തോ പന്തികേടു മണത്ത മക്കള്‍ പറഞ്ഞു, "ഞങ്ങള്‍ എണ്ണിയതാ, 24 സ്ഥലത്ത്‌ ആ ബോര്‍ഡുണ്ട്‌..... "
വാക്കെന്തെന്നു മനസ്സിലായോ കൂട്ടരെ?
"കള്ള്‌..... "

ഇനി ഗൗരീമാഹാത്മ്യം ഒന്നുകൂടി. നാട്ടിലെല്ലാം ആശാന്‍പള്ളിക്കൂടങ്ങള്‍ നിന്നപ്പോഴും ഗൗരിയുടെ വീടിനടുത്ത്‌ ഒരു ആശാട്ടി എഴുത്തു കളരി നടത്തിയിരുന്നു. ഗൗരിയുടെ അച്ഛനമ്മാര്‍ ആവേശത്തോടെ മകളെ അവിടെ മണലിലെഴുതി പഠിക്കാന്‍ വിടുകയും ചെയ്‌തു. അങ്ങനെ ഗൗരി എഴുത്തും വായനയും വളരെ നേരത്തേ പഠിച്ചു.

കടപ്പാട്ടൂരമ്പലത്തില്‍ വച്ചൊരു കല്യാണം. മീനാക്ഷിയും നീരദയും ഗൗരിയും അമ്മമാരും എല്ലാം ഒത്തുകൂടിയിട്ടുണ്ട്‌. ഗൗരിക്ക്‌ വെടിക്കെട്ടു ഭയമാണ്‌. പെട്ടന്നു പടക്കം പൊട്ടുന്നതു കേട്ട മീനാക്ഷിയുടെ അമ്മ ഗൗരിയെയുമെടുത്ത്‌ ഓടി പടിഞ്ഞാറേ നടയിലേക്ക്‌. ഗൗരി വല്യമ്മയുടെ തോളില്‍ തല പുറകോട്ടിട്ട്‌ ഏങ്ങലടിച്ച്‌ പേടിച്ചരണ്ടു കിടക്കയാണ്‌. ഓ, ഇനിയിപ്പോള്‍ കുഴപ്പമില്ല എന്ന്‌ മീനുവിന്റെ അമ്മ സമാധാനിക്കുമ്പോള്‍ പെട്ടെന്നു തലപൊക്കി ദൂരേയ്‌ക്കു കൈ ചൂണ്ടി ഗൗരി ചിണുങ്ങി.......നോക്കിയപ്പോള്‍ അവിടെ വെണ്ടയ്‌ക്കായില്‍ എഴുതി വച്ചിരിക്കുന്നു "വെടി ".

ഇത്തിരിക്കൊച്ചിനെ അക്ഷരം പഠിപ്പിച്ചു വച്ചിരിക്കുന്നു അവള്‍...അവള്‍ടെ ഒരു ആശാട്ടിപ്പള്ളിക്കുടം..............ഗൗരിയുടെ അമ്മയെ വഴക്കു പറഞ്ഞ്‌ സാരമില്ല, സാരമില്ലെന്നു കുട്ടിയുടെ പുറത്തു തട്ടി മീനുവിന്റെ അമ്മ ഓടി വടക്കേ നടയിലേക്ക്‌..............

Wednesday, December 24, 2008

പ്രതികാരം

(പത്തു വയസ്സിൽ എഴുതിയ കഥയാണ്‌.ഒട്ടും എഡിറ്റ്‌ ചെയ്യാതെ പോസ്റ്റ്‌ ചെയ്യുകയാണ്‌.ഇന്നിപ്പോൾ ഈ കഥയിലെ സാഹചര്യമോ ഗ്രാമാന്തരിക്ഷമോ എവിടെയും കാണില്ല.എന്നാലും പോസ്റ്റ്‌ ചെയ്യുന്നു.മലയാളം വായിക്കുന്ന ബാലബ്ലോഗർമാർ ഉണ്ടെങ്കിൽ വായിക്കുമോ,രസിക്കുമോ...കാത്തിരുന്നു കാണാം. :)

"എടാ ചെറുക്കാ,പയ്യിനു വെള്ളം കൊടുത്തിട്ടിവിടെ വന്നീ പാത്രം തേച്ചു വെയ്ക്ക്‌" അമ്മാവിയുടെ വിളിയാണ്‌.അടുത്തത്‌ ശ്രീധരേട്ടന്റെ വകയായിരിക്കും.

രാജൻ വേഗം തെക്കേപ്പറമ്പിൽ ചെന്ന് കറമ്പിക്കു പുല്ലും വെള്ളവും കൊടുക്കാൻ തുടങ്ങി.

"ഇനി എപ്പോഴാണാവോ പള്ളിക്കുടത്തിൽ പോവുക!"രാജന്‌ കരച്ചിൽ വന്നു.

"അമ്മയുണ്ടായിരുന്നെങ്കിൽ!"എന്തു ചെയ്യാം,ആശിച്ചു പോവുകയാണ്‌.
അമ്മ എന്നും രാവിലെ കുളിപ്പിച്ച്‌ കാവിൽ കൊണ്ടുപോയി തൊഴീക്കാറുണ്ടായിരുന്നു."ദൈവമേ,എന്റെ കുഞ്ഞിനെ രക്ഷിക്കണേ" എന്ന്‌ എന്നും പ്രാർത്ഥിക്കാറുണ്ടായിരുന്നു.


അച്ഛൻ അവൻ ജനിക്കുന്നതിനു മുൻപേതന്നെ മരിച്ചു.അമ്മ പൊന്നു പോലെ വളർത്തിയതാണ്‌.അമ്മയുണ്ടായിരുന്നപ്പോൽ അമ്മായിക്ക്‌ തന്നൊടെന്തു സ്നേഹമായിരുന്നു!അത്‌ അമ്മ മരിക്കുനിടം വരെയുള്ളു എന്ന് അന്നറിഞ്ഞിരുന്നില്ല.


രവിയും കൃഷ്ണൻകുട്ടിയുമൊക്കെ എന്തു ഭാഗ്യവാന്മാരാണ്‌?അവരെ താലോലിക്കുവാൻ അച്ഛനമ്മമാരും ചേട്ടന്മാരും ചേച്ചിമാരുമുണ്ട്‌.തനിക്കോ?തനിക്കരുമില്ല.ആരും.അവന്റെ കണ്ണീർ ചിറ പൊട്ടിയൊഴുകി.

"മ്മേ........."കറമ്പി അമരുന്നതു കേട്ടാണ്‌ അവൻ ചിന്തയിൽ നിന്നുണർന്നത്‌.

വേഗം വടക്കുപുറത്തേക്കു ചെന്നു.അവിടെയുണ്ട്‌ അമ്മാവി ഭദ്രകാളിയെപ്പോലെ നിൽക്കുന്നു.
"വിളിച്ചു വിളിച്ചു തൊണ്ട പൊട്ടി.ചെവീം കേക്കൂകേലേടാ അഹങ്കാരീ. ചെക്കന്റെയൊരഹമ്മതി.ഇന്നു വൈകീട്ടു തീർത്തേക്കാമെടാ നിന്റെ ധിക്കാരം.മോന്റെ ഷർട്ടും കഴുകാതെ നടക്കുന്നു.പാത്രോം തേച്ച്‌ ശ്രീധരന്റെ ഷർട്ടും കഴുകിയേ ഇന്നു നിനക്കു കഞ്ഞിയുള്ളു.ഉം പോടാ"


രാജൻ വേഗം പാത്രം മോറിയിട്ട്‌ ഷർട്ടഴിച്ചു കുളക്കടവിലേക്കു പോയി.തുണി കഴുകി തിരിച്ചുവന്നപ്പോൾ പഴങ്കഞ്ഞി വെള്ളം വരാന്തയിൽ എടുത്തു വെച്ചിട്ടുണ്ട്‌.അതെടുത്തു മോന്തി വേഗം ചെന്നുടുപ്പും നിക്കറുമിട്ട്‌ സ്ക്കൂളിൽ പോകാനൊരുങ്ങി.മണി ഒൻപതരയായി.അവൻ വേഗം ഓടി ക്ലാസ്സിൽ ചെന്നപ്പൊഴേക്കും അസ്സംബ്ലി കഴിഞ്ഞിരുന്നു.

രാജൻ കരഞ്ഞുകൊണ്ടു ചോദിച്ചു
"ടീച്ചർ,കയറിപ്പൊക്കോട്ടെ"?
"എന്തേ കുട്ടീ ഇത്ര താമസിച്ചത്‌?"
"...................."
"കൈ നീട്ടൂ,താമസിച്ചു വരുന്നവർക്കുള്ള സമ്മനമിതാണ്‌."
കൈയ്യിൽ കനത്ത ചൂരലൈന്റെ രണ്ടടി വീണു.
"പോയി പിറകിൽ നിൽക്കൂ"ടീച്ചർ കൽപ്പിച്ചു.അവൻ പതുക്കെ ക്ലാസ്സിൽ കയറിപ്പോയി.


ഉച്ചയ്ക്ക്‌ വീട്ടിൽ പോയി വേഗം തിരിച്ചുവന്നു.നാലുമണിക്കു വീട്ടിലേക്കോടിപ്പോയി. ചെന്നപ്പോൾ ചൂരലുമായി അമ്മാവിയും അടുത്ത്‌ ശ്രീധരേട്ടനും നിൽക്കുന്നുണ്ട്‌.ചെല്ലാത്ത താമസം അമ്മാവി കീറിപ്പറിഞ്ഞ പുസ്തകങ്ങൾ വലിച്ചോരേറ്‌.നിക്കറിൽ പിടിച്ചൊരു വലി.

"ഇങ്ങു വാടാ,നിനക്കു കുറച്ചു കൂടുന്നുണ്ട്‌.ശ്രീധരനെ എന്തിനാടാ അടിച്ചത്‌?പറയെടാ അശ്രീകരം..........."വടി ഒടിയുന്നതു വരെ തല്ലി.

അവൻ കരഞ്ഞുകൊണ്ട്‌ പുസ്തകവും പെറുക്കിയെടുത്ത്‌ നിക്കർ കൂട്ടിപ്പിടിച്ചുകൊണ്ട്‌ ചാർത്തിലേക്കൊടി.ഒന്നും കഴിക്കാതെ പായ വിരിച്ചു കിടന്നു.സ്വന്തം കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ച്‌ ചിന്തിച്ചുകിടന്നുറങ്ങിപ്പോയി.ഒരു പക്ഷേ ദയ തോന്നിയിട്ടാവം അമ്മാവി അന്ന് ഉപദ്രവിച്ചില്ല. അതോ കഞ്ഞിവെള്ളത്തിന്റെ ലാഭം കൊണ്ടോ?
*************************************************************************
"ഹലോ....അതെ പ്രിൻസിപ്പൽ രാജഗോപാലമേനോനാണ്‌.....ങ്‌..ആ.. കൊള്ളമല്ലോ........ഉച്ച കഴിഞ്ഞാട്ടെ......ആ,ആ വിട്ടേക്കൂ..... തീർച്ച,തീർച്ച,താങ്‌ൿസ്‌"
ആ സംസാരിച്ചത്‌ പ്രിൻസിപ്പൽ രാജഗോപാലാണ്‌.
കാലം സുഖങ്ങളേയും ദുഃഖങ്ങളേയും കണക്കാക്കാതെ കടന്നു പോയി.രാജൻ പഠിച്ചുയർന്നു വന്നു.ഇന്നദ്ദേഹം "പാവങ്ങളുടെ സഹായി" എന്നു ജനം വിശേഷിപ്പിക്കുന്ന പ്രിൻസിപ്പൽ രാജഗോപാലാണ്‌.


ഫോൺ താഴെ വച്ച ശേഷം അദ്ദേഹം എഴുത്തുകൾ പരിശോധിക്കുവാൻ തുടങ്ങി.ആ കൂട്ടത്തിൽ ഒരു കാർഡ്‌ അദ്ദേഹത്തിന്റെ പ്രത്യേക ശ്രദ്ധയാകർഷിച്ചു.അതു വായിച്ചിട്ടായിരിക്കണം ആലോചനാമഗ്നനായി അദ്ദേഹം ആ കസേരയിലിരുന്നു.വിവിധവികാരങ്ങൾ ആ മുഖത്തു പ്രതിഫലിച്ചു.

അത്‌ അമ്മായിയുടെ കത്തായിരുന്നു.ഒട്ടും വ്യക്തമല്ലാത്ത അതിലെ ഉള്ളടക്കം ഇതായിരുന്നു.
"അമ്മാമൻ മരിച്ചു,ശ്രീധരൻ ചീട്ടു കളിച്ചു നടക്കുകയാണ്‌.എങ്ങിനെയെങ്കിലും സഹായിക്കണം."
പ്രിൻസിപ്പൽ വേഗം ചെക്ക്‌ ബുക്കെടുത്ത്‌ ആയിരം രൂപയുടെ ഒരു ചെക്കെഴുതി പ്യൂണിനെ ഏൽപ്പിച്ചു,അമ്മായിക്കയയ്ക്കാൻ.


"ഞാൻ വലിയൊരു പ്രതികാരം ചെയ്തു."അദ്ദേഹത്തിന്റെ മനസ്സു മന്ത്രിച്ചു.

Friday, December 05, 2008

മീനാക്ഷീ ചരിതം

മീനാക്ഷിയുടെ പുറകേ ഓടി അച്ഛമ്മ തളർന്നു.കുറുമ്പ്‌ നന്നേ കൂടുതലാണ്‌ മീനാക്ഷിക്ക്‌.അതൊന്നും പോരാതെ അച്ഛമ്മ ഗുരുവായൂർ കൊണ്ടുപോയി മഞ്ചാടിയും വാരിച്ചു.പോരേ പൂരം."അയ്യയ്യോ,ഞാൻ കാണിച്ച ഒരു പണിയേ..."അച്ഛമ്മ തന്നത്താൻ വിലപിക്കും.വൈകുന്നേരമാവുമ്പോൾ അമ്മ വരുന്നതും കാത്ത്‌ അച്ഛമ്മയുടെ തോളിലേറി മീനു ഗെയ്റ്റിലെത്തും.ഒരു വിരൽ കുടിക്കുന്നുമുണ്ടാവും.അച്ഛമ്മയുടെ പരിചയക്കാരി ചോദിച്ചു"മോൾടെ മോളാ?" "അല്ലല്ല,മോന്റെ മോളാ."അച്ഛമ്മ പറഞ്ഞു.പിന്നെയും അതേ ചോദ്യം,അതേ ഉത്തരം.നാലാമത്തെ ആൾ വന്നു നിന്നില്ല,വായിൽ നിന്നു കൈയെടുത്ത്‌,മീനു പറഞ്ഞു"മോന്റെ മോൾ"."എന്റെ കുറുമ്പിപ്പെണ്ണേ"...അച്ഛമ്മ പൊട്ടിച്ചിരിച്ചു..
***
രാവിലെ ആറര ആകുമ്പോഴേക്കും മീനാക്ഷി വരാന്തയിലെത്തും.നേരേ വലിയമ്മാമയുടെ മടിയിലിരിക്കും.ഇടയ്ക്കിടെ തല പൊക്കിവലിയമ്മാമയുടെ പത്രവായന ശ്രദ്ധിക്കും.പിന്നെ ഗൗരവത്തിൽ അമ്മാമക്കൊപ്പം വായന തന്നെ!(പ്രായം 2 വയസ്സാണേ!)വലിയമ്മാമ സ്ഥലത്തെ പ്രധാന ദിവ്യനാണ്‌.രാവിലേ വന്നു തുടങ്ങും ആൾക്കാർ.വലിയമ്മാമ അവരെ ഡീൽ ചെയ്യുന്നത്‌ മീനു സാകൂതം ശ്രദ്ധിക്കും.അമ്മാമ യാത്ര പോയൊരു ദിനം.പോയതറിയാതെ അന്നും വന്നു അതിരാവിലെ ഒരാൾ.അയാളോട്‌ നാളെ വരൂ എന്ന് അമ്മ വന്നു പറഞ്ഞു.കൊച്ചു മീനു വിട്ടില്ല.."ഇവിടെ വരുന്നവരിൽ ചിലരൊക്കെ എന്നോടും കാര്യങ്ങൾ പറയാറുണ്ട്‌.ഞാൻ അമ്മാമയോടു പറയാം...."നേതാവാകാൻ ജനിച്ചവൾ!
****
വലിയമ്മാമ മാനസസരസ്സിൽ പോകുന്നു.യാത്രയാക്കാൻ അച്ഛനും അമ്മയും മീനുവും അമ്മാമക്കൊപ്പം റെയിൽവേ സ്റ്റേഷനിലെത്തി.അമ്മാമയുടെ തോളിലിരുന്ന് മീനു ചോദിച്ചു,
"പോയിട്ടു വരുമ്പോൾ എനിക്കു സ്വർണ്ണഹംസം കൊണ്ടുവരുമോ?"
വലിയാമ്മാമ പോകുന്നത്‌ സ്വർണ്ണ ഹംസത്തിനെ കാണാനാണെന്ന് പറഞ്ഞുകൊടുത്തത്‌ അച്ഛനാണ്‌.കേട്ടിരുന്ന വലിയമ്മാമയുടെ ചങ്ങാതി ചോദിച്ചു
"ഇത്ര കൊച്ചു കുട്ടി ഇങ്ങനെ ചോദിക്കുമോ?"
"ഇവളോ,ഇവൾ ഇതല്ല,സൂര്യനു കീഴിലുള്ള എന്തും ചോദിക്കും."വലിയമ്മാമ മീനുവിന്റെ കവിളിൽ മുത്തി.
****
ഒരു ദിവസം അമ്മമ്മ വന്നു.മീനു ചാടി മടിയിലിരുന്നു.
"അമ്മമ്മേ,എന്റെ അമ്മ അമ്മമ്മയുടെ ആരാ?"അമ്മമ്മ വിശദമായി പറഞ്ഞുകൊടുത്തു. .പറഞ്ഞു തീർന്നതും മീനു പറഞ്ഞു
"അമ്മമ്മയുടെ മകൾ ഇന്നലെ എന്നെ തല്ലി.."
****
അമ്മമ്മയുടെ കൂടെ വിരുന്നു പോയി മീനു.വല്ലാത്ത ദാഹം."അമ്മമ്മേ,വെള്ളം വേണം"മീനു പറഞ്ഞു.വീട്ടുകാരി വെള്ളം കൊടുത്തു.
കുടിച്ചുകഴിഞ്ഞതും മീനു ചാടിയെണീറ്റു.ഗ്ലാസ്‌ നീട്ടിപ്പിടിച്ച്‌ പറഞ്ഞു .
"ഐ ആം എ വെള്ളം ഗേൾ!"കോംപ്ലാൻ പരസ്യക്കുട്ടിയുടെ അതേ രാഗത്തിൽ, ശൈലിയിൽ!