നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നു. ആര്‍ക്കു വോട്ടു ചെയ്യണം? അതോ ആര്‍ക്കും വോട്ടു ചെയ്യണ്ടേ? ധര്‍മ്മസങ്കടത്തില്‍ പെട്ടുഴലുന്നു സൈബര്‍ ലോകത്ത് നിഷ്‌കുകളെന്നും മറ്റ് ഇടങ്ങളില്‍ അരാഷ്ട്രീയവാദികളെന്നും മുദ്ര കുത്തപ്പെട്ടിട്ടുള്ള പല സാധാരണക്കാരും. ആകെ മൊത്തം സംശയങ്ങളാണ്. മാദ്ധ്യമങ്ങളിലൂടെ അറിയുന്നതൊന്നും നല്ല കാര്യമല്ലല്ലോ.
കോണ്‍ഗ്രസ്സ് കൂട്ടായ്മയ്ക്കു വോട്ടു കൊടുക്കണോ?
സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന ഒട്ടനവധി പേരെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നു അവര്‍. ഗുരുതരമായ പരാതി വന്നപ്പോള്‍തന്നെ ആരോപിതരോടു മാറിനില്‍ക്കാനും അന്വേഷണത്തെ നേരിടാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല. ഔദ്യോഗിക വസതിയില്‍ വച്ചും സ്വന്തം ഓഫീസില്‍ വച്ചും മറ്റും പണം വാങ്ങിയെന്ന പരാതി ഗുരുതരമല്ലേ? കേസ് വിജിലന്‍സ് അന്വേഷിക്കുമ്പോള്‍ത്തന്നെ മാണിക്കു വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ അന്വേഷണഫലം എന്തായിരിക്കും എന്ന് സൂചന നല്‍കി. എന്നെ ഒരു ചുക്കും ചെയ്യില്ല എന്ന് ബാബുവും ധൈര്യമായി പറയുന്നു. എവിടുന്നുകിട്ടി ഈ ആത്മവിശ്വാസം?
ഒരു പരാതി ഉന്നയിച്ചാല്‍ തെളിവു കണ്ടുപിടിച്ച് ബോധിപ്പിക്കേണ്ട ചുമതല കൂടി പരാതിക്കാരുടെ മേല്‍ കെട്ടിവയ്ക്കുന്നു ഇവര്‍. അതായത് പരാതി ഉന്നയിക്കുന്നതാണ് തെറ്റ് എന്ന മുന്നറിയിപ്പുസന്ദേശം ഈ സര്‍ക്കാര്‍ ജനത്തിനു നല്‍കുന്നു.
ഒരു കുപ്രസിദ്ധ ക്രിമിനല്‍ കേസ് പ്രതിയുമായി ഒരു മണിക്കൂര്‍ സംസാരിച്ചത് മുഖ്യമന്ത്രിയാണ്, മറ്റൊരു മന്ത്രിയുമല്ല. അത് എന്തായിരുന്നുവെന്ന് ഇന്നേവരെ അദ്ദേഹം ഒരു വിശദീകരണവും ജനങ്ങളോട് പറഞ്ഞിട്ടില്ല. ക്രിമിനലാണെന്ന് സ്വന്തം പോലീസുകാര്‍ അദ്ദേഹത്തെ അറിയിച്ചില്ലെ? ഇല്ലെങ്കില്‍ അതു കുറ്റകരമായ വീഴ്ച്ചയല്ലേ? ഇന്റലിജന്‍സ് മുന്നറിയിപ്പുവരെ അവഗണിച്ച് സലിംരാജെന്ന ക്രിമിനലിനെ സ്വന്തം ഓഫീസില്‍ നിലനിര്‍ത്തിയത് -വാര്‍ത്ത കേരളകൗമുദി, 04.06.2015-എന്തിന്?
ഇതിനെക്കാളെല്ലാം സാധാരണ ജനത്തിനെ അമ്പരപ്പിക്കുന്നതും ഭയപ്പെടുത്തുന്നതും കടകംപള്ളി-കളമശ്ശേരി ഭൂമി തട്ടിപ്പു കേസുകളാണ്. ഒരു സുപ്രഭാതത്തില്‍ നമ്മുടെ ഭൂമി നമ്മളറിയാതെ കൈമാറ്റം ചെയ്യപ്പെടുക. പിന്നെ അതിനു വേണ്ടി നമ്മള്‍ നിയമയുദ്ധം നടത്തേണ്ടി വരിക, പരാതിയുമായി ചെന്നാല്‍ മുഖ്യമന്ത്രി പ്രതികള്‍ക്കു വേണ്ടി സംസാരിക്കുക, ഇതെന്തൊരു വെള്ളരിക്കാപ്പട്ടണമാണ്? സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലാണ് ഇതിന്റെ ആലോചനകളും നടന്നത്! ഒന്നു പറയാം, കോഴക്കേസില്‍ എന്നെപ്പോലുള്ള സാധാരണക്കാര്‍ വിശ്വസിക്കുന്നത് കെ.ബാബുവിനേയോ മാണിയേയോ അല്ല ബിജു രമേശിനെയാണ്. അതുപോലെ ഭൂമി തട്ടിപ്പു കേസില്‍ വിശ്വസനീയം നാസറിന്റെ വെളിപ്പെടുത്തലുകളാണ്.
നിയമം നിയമത്തിന്റെ വഴിക്ക്-അതായത് വിലവയ്‌ക്കേണ്ടതില്ലാത്ത, പ്രാധാന്യം കല്‍പ്പിക്കേണ്ടതില്ലാത്ത ഒരു സമാന്തരവഴി മാത്രമാണ് നിയമം-എന്ന് മന്ത്രിമാര്‍ എപ്പോഴുമെപ്പോഴും ഉരുവിട്ടുകൊണ്ടേയിരിക്കുന്നു. ഓരോരിക്കല്‍ പറയുമ്പോഴും കേള്‍ക്കുന്നവരില്‍ ഇത് എത്ര അസ്വാരസ്യമാണ് ഉണ്ടാക്കുന്നതെന്ന് പറയുന്നവര്‍ അറിയുന്നില്ല.
ഒരാള്‍ മറ്റൊരാളെ സാമ്പത്തികമായി കബളിപ്പിച്ചാല്‍ അത് മറ്റേതൊരു കുറ്റവും പോലെ സ്റ്റേറ്റിനെതിരെ നടത്തുന്ന അക്രമം ആയി തന്നെ കണക്കാക്കപ്പെടുന്നു എന്ന സത്യം മറച്ച്, 'ഖജനാവിന് നഷ്ടമുണ്ടാക്കിയില്ല, അതുകൊണ്ട് കുഴപ്പമില്ല' എന്ന് വളരെ ലാഘവമുള്ള നിലപാടെടുത്ത് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. ഖജനാവിന് നഷ്ടമുണ്ടാക്കുന്നിടത്തോളം ഒരു സാമ്പത്തിക തിരിമറിയും കുറ്റകരമല്ല എന്നല്ലേ ഇവര്‍ ജനത്തിനെ പറഞ്ഞു പഠിപ്പിക്കുന്നത്?
ജയലഷ്മി മന്ത്രിക്കല്യാണം ചാനലുകള്‍ ആഘോഷിച്ചിരുന്നു. 10000 പേര്‍ക്ക് സദ്യയ്ക്ക് ചുരുങ്ങിയത് പത്തു ലക്ഷം രൂപ വേണ്ടേ ? പുതിയ വീടിനും ആയിട്ടുണ്ടാവില്ലേ ലക്ഷങ്ങള്‍? ഇതെല്ലാം സ്‌പോണ്‍സര്‍ ചെയ്തത് ആരാണ്? അവരുടെ താത്പര്യങ്ങള്‍ എന്താണ്?
മുല്ലപ്പെരിയാറിനുവേണ്ടി ഒരു സമ്മര്‍ദ്ദവും ചെലുത്താത്തതെന്താണ്? കേരളീയരുടെ ഭാവി തമിഴ്‌നാടാണോ തീരുമാനിക്കേണ്ടത്? എത്രയോ പേരുടെ ജീവല്‍പ്രശ്‌നം അല്ലേ അത്? വിഴിഞ്ഞത്ത് ഒരേ ഒരാള്‍ മാത്രം ക്വോട്ട് നല്‍കാനുണ്ടായ സാഹചര്യം എന്താണ്?വിഴിഞ്ഞത്തിനുവേണ്ടി തിരക്കു കൂട്ടുന്നവര്‍ വല്ലാര്‍പാടത്തെ കുറിച്ചു മിണ്ടാത്തതെന്ത?
എഴുതിയാലും എഴുതിയാലും തീരാത്ത സംശയങ്ങള്‍ വിസ്തരഭയത്താല്‍ ഇവിടെ നിര്‍ത്തുന്നു.
കോണ്‍ഗ്രസ്സ് കൂട്ടായ്മയേക്കാള്‍ നൂറുമടങ്ങ് ഭേദം കമ്യൂണിസ്റ്റ് കൂട്ടായ്മ എന്നു തോന്നുമ്പോഴും, അതിനും പൂര്‍ണ്ണതൃപ്തി എന്നു പറയാനാവുന്നില്ല. സംശയങ്ങള്‍ക്കൊന്നിനും തന്നെ ഒരു യുക്തിസഹ മറുപടി കിട്ടുന്നില്ല ഇപ്പോഴും.
വെറും നാലു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കേരളം ഭരിക്കുന്നത്. എന്നിട്ടും ഭരണപക്ഷം ചെയ്യുന്ന അനീതികളോട് മൃദുസമീപനം എന്തേ? ജനങ്ങള്‍ സ്വമേധയാ ആര്‍ത്തിരമ്പി വന്ന, സോളാര്‍ സമരാഗ്‌നിയെ നില്‍ക്കുന്ന നില്‍പ്പില്‍ പച്ചവെള്ളം ഒഴിച്ചു കെടുത്തിയതെന്തിന്? എന്തായിരുന്നു ആരായിരുന്നു അതിനു പിന്നില്‍? ഒത്തുതീര്‍പ്പുസമരമെന്നും മറ്റും ബിജെപി പറഞ്ഞത് ശരി തന്നെ ആകണം, അല്ലെങ്കില്‍ ഇങ്ങനെ ഒരു എബൌട്ടേണ്‍ അടിക്കില്ലല്ലോ. ഇപ്പോള്‍ കേള്‍ക്കുന്നു ഭരണപക്ഷം കരീമിനെതിരെ അന്വേഷിക്കില്ല, പകരം കോഴക്കേസുകളില്‍ പ്രതിപക്ഷവും നിര്‍ബന്ധം പിടിക്കില്ല എന്ന്. അപ്പോള്‍ എല്ലാവരുംകൂടി ജനങ്ങളെ പറ്റിക്കയാണോ?
അടിമുതല്‍മുടിവരെ അക്ഷരാര്‍ത്ഥത്തില്‍ മാന്യതയുടെ പര്യായമായിരുന്ന എത്രയോ പേരുണ്ടായിരുന്ന പാര്‍ട്ടി തിരുവനന്തപുരം സീറ്റ് പെയ്‌മെന്റ് സീറ്റാക്കി മറിച്ചു വിറ്റ് ശശി തരൂരിനെ ജയിപ്പിച്ചു വിട്ട കഥ വേദനയോടെയാണ് ശ്രവിച്ചത്. ഇലക്ഷന്‍ പ്രഖ്യാപിച്ച കാലത്ത് കേട്ടിരുന്നത് ബിനോയ് വിശ്വത്തിന്റെ പേരായിരുന്നു. പിന്നെ അതു മാറ്റി ക്രിമിനല്‍ പശ്ചാത്തലമുള്ള-മീഡിയ വഴി അറിഞ്ഞത്-ഒരു പണക്കാരനെ തീരുമാനിച്ചത് എന്തുകൊണ്ട് ? ചെറുപ്പക്കാരുടെ ഇടയിലും മൊത്തത്തിലും നല്ല പേരുള്ള ബിനോയ് വിശ്വമായിരുന്നു സ്ഥാനാര്‍ത്ഥിയെങ്കില്‍ ജയിക്കുമായിരുന്നില്ലേ?
എളമരം കരീമിനെതിരെ പരാതി വന്നപ്പോള്‍ അന്വേഷണം സ്വാഗതം ചെയ്യുന്നു എന്നു ധൈര്യമായി നേരിടാതെ വലതുപക്ഷത്തിന്റെ അതേ രീതി സ്വീകരിച്ചതെന്തിന്?
മാണിയായാലും ബാബുവായാലും ഇളമരം കരീമായാലും മറ്റാരായാലും ആരോപണം വന്നാല്‍ അന്വേഷിക്ക തന്നെ വേണം. അതല്ലേ അതിന്റെ മര്യാദ?അല്ലാത്തിടത്തോളം അഴിമതി നടന്നിട്ടുണ്ട്, അതാണ് അന്വേഷണത്തിന് തടസ്സം നില്‍ക്കുന്നത് എന്നല്ലേ ജനം കരുതൂ. സീനിയറായതുകൊണ്ട് മോഷ്ടിക്കില്ല എന്നല്ല, മറിച്ച് 'ഹോ അപ്പോള്‍ ഇത്രയും കാലംകൊണ്ട് എത്ര കടത്തിയിരിക്കും' എന്നേ ജനം കരുതൂ എന്ന് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കറിയില്ലെന്നോ?
എന്തായാലും പച്ചക്കറികൃഷി, മാലിന്യനിര്‍മ്മാര്‍ജ്ജനം തുടങ്ങി ജനോപകാരപ്രദമായ കാര്യങ്ങളിലേക്ക് കമ്യൂണിസ്റ്റുകാര്‍ തിരിയുന്നത് സമാധാനപ്രദം. വാക്പയറ്റിനും അച്യുതാനന്ദനെ ഒതുക്കലിനുമപ്പുറം ജനസ്പന്ദനം അറിയാനിടവരുത്തും ഇത്തരം പ്രവര്‍ത്തനങ്ങള്‍.
മാറിമാറിവരുന്ന ഇടതു വലതു സര്‍ക്കാരുകള്‍ക്കു പകരം ഒരു മൂന്നാംകൂട്ടരെ പരീക്ഷിക്കണമെന്ന് വിചാരമുള്ളവര്‍ പലരുണ്ടാകും. പക്ഷേ ആരെക്കണ്ടാണ് കേരളത്തില്‍ വോട്ടര്‍മാര്‍ ബിജെപിക്കു വോട്ടു നല്‍കേണ്ടത്? എല്ലാ സീറ്റുകളിലും നിര്‍ത്തത്തക്ക സ്ഥാനാര്‍ത്ഥികളുണ്ടാവുമോ? കേന്ദ്രഭരണം കേരളത്തില്‍ ഒരു നല്ല ഇംപാക്ടും ഉണ്ടാക്കിയിട്ടില്ല. ക്രൂഡോയില്‍ വില താണിരുന്നിട്ടും അടിക്കടി ഇന്ധനവില കൂട്ടുന്നതാര്‍ക്കു വേണ്ടി ? മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളത്തിന്റെ താത്പര്യം പരിഗണിക്കാത്തതെന്തുകൊണ്ട്? വിഴിഞ്ഞം സിംഗിള്‍ ടെണ്ടറായാലും വേണ്ടില്ല, അദാനിക്കു കൊടുക്കൂ എന്നു പറയുന്നതെന്താണ്? പണക്കാര്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ എന്ന് തോന്നുന്നുവെങ്കില്‍ അതല്ല എന്ന് ആരും മനസ്സിലാക്കിക്കാത്തതെന്താണ്? പത്തുലക്ഷം രൂപയുടെ കോട്ടു ധരിക്കുന്ന പ്രധാനമന്ത്രി എന്ന് ആ രാഹുല്‍ ഗാന്ധിയെക്കൊണ്ടു പറയിപ്പിക്കുന്നതെന്തിന്? വിജയ് മല്യയ്ക്കു 400 കോടിയുടെ ഇളവു കൊടുത്തു എന്നു സോഷ്യല്‍ മീഡിയയില്‍ വരുത്തുന്നതെന്തിനാണ്? കുറഞ്ഞ പക്ഷം മുല്ലപ്പെരിയാര്‍ പ്രശ്‌നമെങ്കിലും പരിഹരിക്കൂകയും ഇന്ധനവില കുറയക്കുകയുമെങ്കിലും കേന്ദ്രത്തെക്കൊണ്ടു ചെയ്യിപ്പിക്കൂ, വോട്ടു വേണം എന്ന് ആഗ്രഹമുണ്ടെങ്കില്‍.
എന്നാല്‍ ഇനി ആപ്പ് തന്നെ ശരണം. പക്ഷേ കേരളത്തിലെ ആപ്പിനെപ്പറ്റി, അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ഒന്നുമേ അറിയില്ലല്ലോ. ഇടയ്ക്കിടെ ചാനലില്‍ വരുന്ന ഒന്നോ രണ്ടോ ആളുകളെയല്ലാതെ അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഒന്നുമേ അറിയുന്നില്ല. എന്തായാലും അരവിന്ദ് കേജരിവാളിനെ അങ്ങനെയങ്ങ് തള്ളിക്കളയാനൊന്നും ആവില്ല. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ ഭരിക്കുന്ന അഴിമതി വിരുദ്ധ സര്‍ക്കാര്‍ എന്ന സാധാരണ ജനങ്ങളുടെ ആഗ്രഹമാണ് ആപ്പ്. എത്രയോ നാള്‍ ഇവിടെ ഉണ്ടായിരുന്ന ഭരണപ്രതിപക്ഷങ്ങള്‍ ഇന്‍ഡ്യക്ക് നല്‍കുന്നത് എത്ര മോശപ്പെട്ട ഭരണമാണ്? അപ്പോള്‍ ഇന്നലെ വന്ന കേജരിവാളിന് വെട്ടാനും തിരുത്താനും സമയം അനുവദിച്ചുകൊടുത്തേ പറ്റൂ. വെട്ടിയും തിരുത്തിയും സുസ്ഥിരത കൈവരട്ടെ, കൈവരും. ആപ്പ് ശക്തിയാര്‍ജ്ജിക്കട്ടെ. അല്ലെങ്കില് പുതിയ ആപ്പുകള്‍ വരട്ടെ.
ജനങ്ങളെ സ്വാധീനിക്കാനായി എന്തു ചെയ്യണമെന്ന് ചിലര്‍ തെരഞ്ഞെടുപ്പിനു മുമ്പും, പ്രതികൂലഫലം വന്നുകഴിയുമ്പോള്‍ എന്തുകൊണ്ട് എന്ന് വിശകലനം ചെയ്യാനായി മറ്റു ചിലര്‍ തെരഞ്ഞെടുപ്പിനു ശേഷവും കൂലങ്കഷമായി ആലോചനായോഗം നടത്തുന്നു. ഈ ജനം എന്നു പറയുന്നവര്‍ ഇത്ര ഭീകരരോ? അവരുടെ ന്യായമായ ആവശ്യങ്ങള്‍-വിസ്തരഭയത്താല്‍ വര്‍ണ്ണിക്കുന്നില്ല-നിറവേറ്റുന്നത്, ജീവല്‍പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് ആരായാലും അവരുടെ പെട്ടിയില്‍ വോട്ടു താനേ നിറയില്ലേ? അതല്ലേ വോട്ടു നേടാനുള്ള നേര്‍വഴി?
എല്ലാം നഗ്നസത്യങ്ങള്‍. മോചനമില്ലാത്ത സത്യങ്ങള്‍. അത്രത്തോളം രാഷ്ട്രീയവാദികളായിപ്പോയി ഇന്‍ഡ്യാക്കാര്‍
ReplyDeleteജനങ്ങളെ സ്വാധീനിക്കാനായി
ReplyDeleteഎന്തു ചെയ്യണമെന്ന് ചിലര്‍ തെരഞ്ഞെടുപ്പിനു
മുമ്പും, പ്രതികൂലഫലം വന്നുകഴിയുമ്പോള്‍ എന്തുകൊണ്ട്
എന്ന് വിശകലനം ചെയ്യാനായി മറ്റു ചിലര്‍ തെരഞ്ഞെടുപ്പിനു
ശേഷവും കൂലങ്കഷമായി ആലോചനായോഗം നടത്തുന്നു.
ഈ ജനം എന്നു പറയുന്നവര്‍ ഇത്ര ഭീകരരോ?
അവരുടെ ന്യായമായ ആവശ്യങ്ങള്‍-വിസ്തരഭയത്താല്‍
വര്‍ണ്ണിക്കുന്നില്ല-നിറവേറ്റുന്നത്, ജീവല്‍പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് ആരായാലും അവരുടെ പെട്ടിയില്‍ വോട്ടു താനേ നിറയില്ലേ? അതല്ലേ വോട്ടു നേടാനുള്ള നേര്‍വഴി?