Friday, November 21, 2014

കൊടുമുടികള്‍, കാട്, ഹണിപുരാണം(ഇ.എം.കോവൂര്‍)

ഇ.എം.കോവൂർ -ആദ്യ ഭാഗം ഇവിടെ 

കൊടുമുടികള്‍

1968 ല്‍ ആണ് ഈ പുസ്തകം NBS പ്രസിദ്ധീകരിച്ചത്. വക്കീലന്മാരുടെ ലോകത്തിലൂടെയാണ് കഥ നീങ്ങുന്നത്. ഇട്ടിച്ചാണ്ടി വക്കീലാണ് കേന്ദ്രകഥാപാത്രം. കൈയ്യയച്ച് എല്ലാവരേയും സഹായിക്കയും അതു വെളിയില്‍ അറിയരുതെന്ന് വാശി പിടിക്കയും ചെയ്യുന്ന ഇട്ടിച്ചാണ്ടി വക്കീലിനെ ആരാണ് ഇഷ്ടപ്പെടാത്തത്? വിവാഹം, മതം, ജനനം തുടങ്ങി എല്ലാ കാര്യങ്ങളിലുമുള്ള ഇട്ടിച്ചാണ്ടി വക്കീലിന്റെ ചിന്താഗതികള്‍, മനോഗതികള്‍ പലപ്പോഴും എന്റേതു കൂടിയാണെന്നു ഞാന്‍ സന്തോഷത്തോടെ തിരിച്ചറിയുന്നു.

പരസ്പരം യാതൊരു ചേര്‍ച്ചയുമില്ലാത്ത ഭാര്യാഭര്‍ത്താക്കന്മാര്‍, പക്ഷേ ജീവിതകാലം മുഴുവന്‍ പൊട്ടിത്തെറികളില്ലാതെ ഐക്യപ്പെട്ടു ജീവിക്കേണ്ടി വരുന്നു. ആത്മാര്‍ത്ഥവും സ്‌നേഹപൂര്‍ണ്ണവുമായ നിഷ്‌കപട, നിരുപാധിക(unconditional) ചങ്ങാത്തങ്ങളുടെ കൂടെ കഥയാണിത്. തോമസുകുട്ടി-ഇട്ടിച്ചാണ്ടി വക്കീല്‍, അലക്‌സ്-ജേക്കബച്ചന്‍. ഇതു പോലുള്ള ചങ്ങാത്തങ്ങളാണ് എന്നും മനസ്സു കൊതിച്ചിട്ടുള്ളത്.

തേടി വന്ന ഹൈക്കോടതി ജഡ്ജി പദവി വേണ്ടെന്നുഴുതിക്കൊടുത്ത് തീര്‍ത്ഥാടനത്തിനിറങ്ങുന്ന ഇട്ടിച്ചാണ്ടി വക്കിലിനെ വായിച്ചപ്പോള്‍ എന്തുകൊണ്ടോ റോബിന്‍ ശര്‍മ്മയുടെ 'The monk who sold his ferrai' ഓര്‍മ്മ വന്നു. അതിലെ നായകനും മിടുമിടുക്കനായ വക്കീലാണല്ലോ. വക്കീല്‍പണി ഉപേക്ഷിച്ച് ഇന്‍ഡ്യയിലേക്കു വരികയുമാണല്ലോ.

-വിഗ്രഹഭഞ്ജകരും വിപ്ലവമനസ്ഥിതിക്കാരും ഇത്തരക്കാരുടെ(ചോദ്യം ചോദിക്കുന്നവരുടെ) ഇടയില്‍നിന്നുമാണല്ലോ ഉണ്ടാകാറുള്ളത്.

-ഇതു ശരിയാണോ ഇട്ടിച്ചാണ്ടീ!ഒരുത്തന്റെ തെറ്റിന്-ഒരു മഠയത്തരത്തിന്-യാതൊരു തെറ്റും ചെയ്യാത്തവന്‍ ശക്ഷ അനുഭവിക്ക, കഷ്ടപ്പെടുക.,ഇതു ശരിയാണോ ഇട്ടിച്ചാണ്ടീ?(തോമസുകുട്ടി)-രണ്ടുപേര്‍ക്കും അപ്പോള്‍ 14 വയസ്സു പ്രായം.

അവനറിഞ്ഞിരുന്നില്ല, അവനേക്കാള്‍ നാലും ആറും ഇരട്ടി വയസ്സുല്ലവരേയും കൂടി കറക്കിയിട്ടുള്ള ഒരു ചോദ്യമായിരുന്നു ഇതെന്ന്..മറുപിയായി ചിലര്‍ ഞഞ്ഞാമിഞ്ഞാ പറകയോ തോല്‍വി സമ്മതിക്കയോ ചെയ്യാറുള്ള ഒരു ചോദ്യമാണിതെന്ന്. 'അണ്‍മെറിറ്റഡ് പണിഷ്‌മെന്റ്(അര്‍ഹിക്കാത്ത ശിക്ഷാനുഭവം  '   'വിക്കേറിയസ് സഫറിംഗ് ്(അന്യര്‍ക്കു വേണ്ടി അനുഭവിക്കുന്ന പീഡനം) ' എന്നെല്ലാമാണ് വേദശാസ്തരജ്ഞന്മാരും ദാര്‍ശനികരും ഈ പന്തികേടിന് പേരുകള്‍ നല്‍കിയിട്ടുള്ളതെന്ന് അവനറിഞ്ഞുകൂടായിരുന്നു........അതുകൊണ്ട് ബുദ്ധിമാനായ ആ ബാലനും പല മതപണ്ഡിതരേയും ധാര്‍ശനികരേയും അനുകരിച്ച് മിണ്ടാണ്ടങ്ങിരുന്നു കളഞ്ഞു.

-സ്ത്രീഹൃദയം കുറേയധികം പഠിച്ചിട്ടുള്ളവനായിരുന്നു തണ്ടാന്‍ കരുണാകരന്‍. ഏതു സാക്ഷായും ഏതു സ്ത്രീ ഹൃദയവും മൃദുലമായ കൈപ്പെരുമാറ്റത്തിന് അവസാനം വഴങ്ങുമെന്നുള്ളതാണല്ലോ അലക്‌സാണ്ടര്‍ ഡൂമാ പറഞ്ഞിട്ടുള്ള മനശ്ശാസ്ത്രതത്വം........പണ്ടുമുതലേ ആണുങ്ങളങ്ങനൊക്കെയാണ്.കാര്യം കാണാന്‍ അവര്‍ പലതും പറകയും കാട്ടുകയും ഒക്കെ ചെയ്യും. പക്ഷേ പെണ്ണുങ്ങള്‍ വേണം കണ്ടും കേട്ടും ഒക്കെ നില്‍ക്കുവാന്‍.ഇതായിരുന്നു(ആ പാവം പെണ്ണിനെതിരെ) കരയിലെ പെണ്ണുങ്ങളുടെ വാദം.......വ്യഭിചാരിണി!കണ്ടമാനക്കാരി!പിന്നെ കൊലപാതകിയും!പക്ഷേ ഇതിനെല്ലാം കാരണക്കാരനായ തണ്ടാന്‍ കരുണാകരന്‍ ഈ കാലങ്ങളിലെല്ലാം ഒരു വലിയ തലേക്കെട്ടുമായി, ചൂളവുമൂതി നടക്കയായിരുന്നു.പുതുവയലുകള്‍ തേടി.

-തോമസ് ഹാര്‍ഡി പറയുമ്പോലെ നീതിയുടെ സംരക്ഷണം ഏറ്റെടുത്തിട്ടുള്ള ദേവസംഘത്തിന്റെ മഹാപ്രസിഡന്റിനു തൃപ്തിയുമായി!

-സംഖ്യയില്‍ ചെറുതെങ്കിലും കേരളത്തില്‍ കുറേ ക്രൈസ്തവ കുടുംബങ്ങള്‍ ഉണ്ട്.......ദൈവം എന്നാല്‍ തങ്ങളാല്‍ നേരേയാക്കാന്‍ വയ്യാത്ത വിധം കാര്യങ്ങള്‍ കുഴപ്പത്തിലാകുമ്പോള്‍ സഹായത്തിന് അര്‍ദ്ധമനസ്സോടെ തിരിയാനുള്ള ഒരു രക്ഷാപുരുഷന്‍, എന്നിങ്ങനെയുള്ള അവ്യക്തധാരണകളിലും ചിനതകളിലും മതത്തെ ഒതുക്കി നിര്‍ത്താന്‍ കൂട്ടാക്കാത്ത കുറേ ആളുകള്‍.....തങ്ങളുടെ മുമ്പിലിരിക്കുന്ന ഒരു വ്യക്തിയാക്കാളോ പദാര്‍ത്ഥത്തത്തെക്കാളോ യാഥാര്‍ത്ഥ്യമാണ് അവര്‍ക്കു ദൈവം.തൊട്ടടുത്തുള്ള ഒരു മഹല്‍ വ്യക്തിയുമായി മുഖാമുഖം നടത്തുന്ന ദൈനംദിന സംഭാഷണമാണ് അവര്‍ക്കു പ്രാര്‍ത്ഥന.

-മനുഷ്യസേവനത്തില്‍ നിന്നും ലഭിക്കുന്ന ആനന്ദത്തിന്റേയും സംതൃപ്തിയുടേയും രുചിയും ലഹരിയും അവനിപ്പോഴേക്ക് ശരിക്ക് അറിഞ്ഞുകഴിഞ്ഞിരുന്നു.(ജേക്കബ് വറുഗീസ് പിന്നെ പട്ടം കിട്ടി ജേക്കബ് അച്ചന്‍)

--അപ്പന്‍ തന്റെ തല മോളില്‍ മേഘങ്ങളുടെ ഇടയിലാണ് സൂക്ഷിക്കുന്നതെങ്കില്‍, അമ്മ തന്റെ ഇരുകാലുകളും ഭൂമിയില്‍ നല്ലവണ്ണം ഉറപ്പിച്ചാണ് നടക്കുക!(ഇട്ടിച്ചാണ്ടി തന്റെ അപ്പനമ്മമാരായ പോത്തന്‍ ഉപദേശിയേയും കുഞ്ഞാണ്ടമ്മയേയും കുറിച്ച്)

-സെക്‌സിനെപ്പറ്റി തനിക്കറിയാം. മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും പ്രവര്‍ത്തിക്കുന്നഏറ്റവും പ്രബലമായ ഒരു വാസനയോ ശക്തിയോ ആണതെന്ന്.ഢാര്‍വ്വിനും ഹക്‌സലിയും ഹാവ്‌ലോക് എല്ലീസുമെല്ലാം അതേ കുറിച്ച് എഴുതിയിട്ടുണ്ട്. പക്ഷേ, എന്തുകൊണ്ടോ, അങ്ങനെ ഒരു ശക്തി ഈ ഭൂമുഖത്തേയില്ല എന്നങ്ങു ഭാവച്ചു ജീവിക്കുന്ന ഒരു സമുദാത്തിലാണ് തന്റെ ജനനനവും വളര്‍ച്ചയും...........വേദപുസ്തകത്തില്‍ വായിച്ചിട്ടുണ്ട്.പക്ഷേ അതെല്ലാം വളരെ പൊതിഞ്ഞ ഭാഷയിലായിരുന്നു.അതുപോലെ ദാവീദു രാജാവ് പണ്ട് ആരുടേയോ ഭാര്യയെ തട്ടിയെടുക്കുവാന്‍ ആ പാവ്പപെട്ടവനെ സൂത്രത്തില്‍ കൊല്ലിച്ചു എന്നും കേട്ടിട്ടുണ്ട്. മഗ്ദലനക്കരാി മറയം ചെറുപ്പത്തിലേ കുഴപ്പക്കാരിയയാിരുന്നുവെന്നു കേട്ടിട്ടുണ്ട്......പരസംഗം, വ്യഭിചാരം, കണ്‍മോഹം, ജഡമോഹം, ജഡേച്ഛ എന്നെല്ലാമുള്ള കടുത്ത വാക്കുകള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ അവ്യക്തമാക്കും.കുട്ടികള്‍പ്പോല്‍ യാതൊരു പിടിയും കിട്ടുകയുമില്ല.(വേദപാഠക്ലാസിനെ പറ്റി)

-കുറേക്കൂടി പ്രായമായപ്പോള്‍ അവന്‍ വേറൊരു കാര്യം സൂക്ഷിച്ചു.ഹിന്ദുക്കളായ തന്റെ സതീര്‍ത്ഥ്യര്‍ സെക്‌സ് എന്ന വിഷയം കൂടുതല്‍ സ്വാതന്ത്രയബുദ്ധിയോടെയും തുറന്നുമാണ് കൈകാര്യം ചെയ്തിരുന്നതെന്ന്. അവരുടെ മതവും പുരാണങ്ങളും സെക്‌സിനെ സ്വാഭാവികമായും യാഥാര്‍ത്ഥ്യബോധത്തോടെയുമാണ് വ്വഹരിച്ചിരുന്നതെന്ന്.യാതൊരു കാപട്യവും അവരിക്കാര്യത്തില്‍ കാട്ടാറില്ലായിരുന്നുവെന്ന്.....അവര്‍ക്കു യാതൊരു വല്ലായ്മയും ലജ്ജും ഇല്ലായിരുന്നുവെന്നും,ജയദേവന്റെ ഗീതാഗോവിന്ദം അവര്‍ ദിവസേനം വീടുകളില്‍ പാടാറുണ്ടായിരുന്നെന്നും.

-ഇതോടൊപ്പം അവന്‍ വേറൊരു യാഥാര്‍ത്ഥ്വവും കൂടി ഗ്രഹിച്ചു.തന്റെ സമുദായക്കാര്‍ സെക്‌സിനെപ്പറ്റി ഊമത്വം നടിച്ചിരുന്നെങ്കിലും മറ്റാരേയും പോലെ അവരും അതിന്റെ പ്രബലമാസ്മരശക്തിക്ക് വശംവദരും വിധേയരും ആയിരുന്നെന്ന്.അപ്രമേയഭാവത്തോടെ അവരുടെ ഇടയിലും, വിവാഹവേലിക്കകത്തും പുറത്തും, വിരാജിച്ചിരുന്നെന്ന്.

-തീയ്ക്കടുത്ത് പോയി കളിച്ച് കൈ പൊള്ളുകയില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ പോയി കളിച്ചോളൂ.(ഇട്ടിച്ചാണ്ടിയോട് നാഗന്‍പിള്ള എന്ന സ്‌നേഹധനനന്‍ ഗുമസ്തന്‍)

-അന്തസ്സില്ലാത്ത ഒരു വക്കീലും അന്തസ്സില്ലാത്ത ഒരു സ്ത്രീയും ഒരു പോലെയാണ്.ഇരുവരും കണ്ണിനും ഹൃദയത്തിനും വേഗത്തില്‍ വെറുപ്പു നല്‍കും.(അവിടേം കംപാരിസണ്‍ സ്ത്രീയുമായി ആണ്.:))

-വരാനുള്ള ലോകത്തിലെ കാര്യങ്ങള്‍ പറയുകയും പഠിപ്പിക്കുന്നതിനു മുമ്പായി, വന്നു കഴിഞ്ഞ ലോകത്തിലെ കാര്യങ്ങള്‍ ചെയ്യുകയും പഠിപ്പിക്കുകയുമാണ് കൂടുതല്‍ ആവശ്‌മെന്ന് ആ പുരോഹിതനു(ജേക്കബ് അച്ചന്‍) വേഗം  ബോദ്ധ്യമായി.

-ഉപ്പും കുരുമുളകും ചേര്‍ക്കാതെ മുട്ട കഴിക്കുമ്പോലെയുള്ള തോന്നല്‍.(കുഞ്ഞാണ്ടമ്മയുടെ അസ്വശ്ഥതയെ കുറിച്ച്)

-വിവാഹജീവിതത്തില്‍ ഒരേ തരം അനുഭവവങ്ങളും പിരിമുറുക്കങ്ങളും അപ്പോള്‍ പലര്‍ക്കും ഉണ്ടാകാം!ഇവയെല്ലാം ദൈവത്തെ ഭയന്നോ മനുഷ്യരെ ശങ്കിച്ചോ, കുട്ടികളുടെ ഭാവിയെപ്പറ്റി കരുതിയോ അപ്പോള്‍ ആരെയുമാരെയുമറിയിക്കാതെ എല്ലാവരുമങ്ങു സഹിക്കയാണ്;വിഴുങ്ങുകയാണ്!.......രക്ഷയില്ല, യാതൊരു രക്ഷയുമില്ല.ഒറ്റാലില്‍ പെട്ട മീനിന്റേയോ കെണിയില്‍ പെട്ട എലിയുടേയോ അവസ്ഥയാണു മനുഷ്യരുടേത്. ഈ ഒറ്റാലിലേക്കും കെണിയിലേക്കും തങ്ങളെ കടത്തി വിടണമെന്ന് വല്ലോരും ആവശ്യപ്പെട്ടുവോ! അങ്ങനെ ചെയ്യുന്നതിനു മുമ്പായി, അല്ല, ഈ ലോകത്തിലേക്കു തന്നെ പിടിച്ചുവലിച്ചുകൊണ്ടുവരുന്നതിനു മുമ്പായി, തങ്ങളോടൊരു വാക്കു തന്നെ പറഞ്ഞുവോ!ചോദിച്ചുവോ !

-വാര്‍ദ്ധക്യത്തിന് ഒരു ഗുണവിശേഷമുണ്ട്-ഒരുവനിലെ സാത്വികഭാവത്തേയോ തമസ്സിനേയോ കടുത്ത ചായങ്ങളില്‍ മുഖത്തു പ്രകാശിപ്പിക്കുവാന്‍....

കാട് 

ഈ നോവല്‍ ആദ്യം പ്രസിദ്ധീകരിച്ചത്, 1964 ലാണ്, എന്‍.ബി.എസ് . ഇപ്പോഴും അവര്‍ തന്നെ എന്ന് നെറ്റില്‍ കാണുന്നു.

ഇതിലെ മുഖവുരയും വളരെ ആസ്വാദ്യകരം, വിജ്ഞാനപ്രദം. മുഖവുരയില്‍ സൂചിപ്പിക്കുന്നതു പോലെ പണവും പണക്കാരും ,യെര്‍ മാര്‍ക്കറ്റടക്കമുള്ള ബിഗ് ബിസിനസ്സും  ചേര്‍ന്ന കാടാണ് ഈ നോവലിന്റെ പ്രതിപാദ്യ വിഷയം. പ്ലാന്റര്‍ കൊച്ചപ്പനാണ് ഇതിലെ നായകന്‍ എന്നു പറയാം. ത്യാഗരാജകീര്‍ത്തനം പഠിച്ച, പാടാന്‍ കഴിവുള്ള ശോശാമ്മ-കൊച്ചപ്പന്റെ ഭാര്യ- ഇതിലെ മുഴുനീള നിശബ്ദ വേദനയാണ്.

'ആത്യന്തികവിശകലനത്തില്‍ ഒരു നോവലിസ്റ്റിനു തന്റെ സൃഷ്ടികര്‍മ്മം നിര്‍വ്വഹിക്കുവാനുള്ള പ്രധാന ഉപാധിയും ഉപകരണങ്ങളും കുറേ കഥാപാത്രങ്ങള്‍ മാത്രമല്ല.  '-മുഖവുരയില്‍ നിന്ന്.

-ഒരു നിഴലിന്റെ അനായാസതയോടെ മൈക്കലവിടെ നിന്നും ഉടനേ അപ്രത്യക്ഷനായി.

-വേമ്പുവയ്യന്‍ മന്ത്രവാദിയുടെ തൊപ്പിയിലെ മുയലിനെ പോലെ പെട്ടെന്ന് അവിടെ നിന്നും അപ്രത്യക്ഷനായി.

-ഉത്കണ്ഠയും ജിജ്ഞാസയും കൊണ്ട് (കൊച്ചപ്പന്റെ) ഹൃദയം നിറഞ്ഞു. പക്ഷേ അതൊന്നും ആ മുഖത്തോ, തന്റെ വാക്കുകളിലോ നിഴലിച്ചില്ല. അനേകകാലത്ത സാധനയുടെ ഫലമായി ഒരു ബിസിനസ്സ് മാന്‍ വളര്‍ത്തിയെടുക്കുന്ന ഒരു വലിയ കഴിവാണത്. ഒരു നിറച്ച ഉപ്പുചാക്കിന്റെ വികാരശൂന്യതോടെയാണ് അപ്പറഞ്ഞതെല്ലാം താന്‍ കേട്ടുകൊണ്ടിരിക്കുന്നതെന്നു കൊച്ചപ്പന്‍ തോന്നിപ്പിച്ചു.

-ഫ്‌ളെച്ചറെപ്പോലുള്ള വെള്ളക്കാര്‍, 'മി.കൊച്ചാപ്പന്‍, മിസ്സിസ്.കൊച്ചാപ്പന്‍........വിസിറ്റ് ' എന്നെല്ലാം പറയുന്നതു കേട്ടാല്‍ ഇവന്മാരും ഇവനും ഇവന്റെയൊക്കെ  തന്തമാരും ആയിരുന്നോ കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടുകാരെ, 'ബ്ലഡി നിഗ്ഗേഴ്‌സ്' എന്നും  'ബ്ലഗാര്‍ഡ്‌സ് ' എന്നും  'ബ്ലൂമിങ് ബാസ്റ്റാര്‍ഡ്‌സ്  ' എന്നും എല്ലാമുള്ള ഓമനപ്പേരുകള്‍ വിളിച്ചിരുന്നതെന്നു സംശയിച്ചു പോകും.

-എന്തോന്നാ ഈ സാംസ്‌കാരമെന്നീ മനുഷ്യരെല്ലം പറകയും പ്രസംഗിക്കയും ചെയ്യുന്നത്?താമസിക്കാന്‍ നല്ല ഒരു ബംഗ്ലാവ്, കേറി നടക്കാന്‍ വലിയ ഒരു കാറ്, തോന്നുമ്പോഴെല്ലാം നല്ലനല്ല വസ്ത്രങ്ങള്‍ ധരിക്കാനുള്ള സൗകര്യം, നല്ല തീറ്റ, സ്ഥലത്തെ പ്രധാനപ്പെട്ട എല്ലാ 'ഫങ്ഷണു'കളിലേക്കും ക്ഷണം-ഇവയെല്ലാമല്ലാതെയെന്താണീ സംസ്‌കാരമെന്നു പറയുന്നത്?(പഌന്റര്‍ കൊച്ചപ്പന്റെ മനോഗതങ്ങള്‍)

സുറിയാനി കൃസ്ത്യാനികളള്‍ എന്ന വിചിത്ര ജീവികളെ പറ്റി കൊച്ചാപ്പന്റെ ബിസിനസ് പങ്കാളിയും ബുദ്ധികൊണ്ടു കുറുക്കനുമായ മാമ്മച്ചന്‍ നര്‍മ്മരസം കലര്‍ത്തി വിവരിക്കുന്നുണ്ട്. വിസ്തരഭയത്താല്‍ അതിവിടെ മുഴുവന്‍ എഴുതുന്നില്ല.

-.........പള്ളിയോടടുത്തു തന്നെ ബാങ്കും. ചാപ്പലിനോടടുത്തു തന്നെ ലിക്കര്‍ ഷാപ്പും ഞങ്ങള്‍ നടത്തും! പറയുന്നതിലെല്ലാം വേദവാക്യങ്ങള്‍ മോമ്പൊടി പോലെ തൂവിയിരിക്കും. പക്ഷേ ഞങ്ങളുടെ കണ്ണ് ബാങ്ക് ബാലന്‍സുകളിലും ഡിവിഡന്റുകളിലുമായിരിക്കും.!

-തനിക്കു വേണ്ടി മുന്‍കൂട്ടി ആലോചിക്കയും കരുതുകയും ചെയ്യുന്ന ഒരു പുരുഷനുണ്ടായിരിക്കുക-ഒരു സ്ത്രീയുടെ സ്വപ്‌നങ്ങളുടെ കാതലാണത്

-ചിലര്‍ക്കു നല്ല ഭൂമി കാണുമ്പോള്‍ ഒരു തരം പൂതിയാണ്. മീനച്ചില്‍ തൊടുപുഴത്താലൂക്കുകാര്‍ അക്കൂട്ടരുടെ മുമ്പില്‍ നില്‍ക്കും.

-പത്തോ നൂറോ മഴക്കാലങ്ങള്‍ക്കുളള ഭക്ഷണവിഭവങ്ങള്‍ സമ്പാദിച്ചു കഴിഞ്ഞാലും അവയടിങ്ങിയിരിക്കയില്ല. പി്‌നനെയും അദ്ധ്വാനിച്ചുകൊണ്ടേയിരിക്കും.അദ്ധ്വാനിച്ചില്ലെങ്കില്‍ അവരില്ല.(ഉറുമ്പുകളെ പറ്റി)....കൊച്ചപ്പനും അയാളെപ്പോലുള്ളവരും ഈ ഉറുമ്പുകളെ പോലെയാണ്. സമ്പാദിക്കണം. വേണ്ടിവന്നാല്‍ പട്ടിണി കിടന്നും ദുഷ്ടതകള്‍ കാട്ടിക്കൂടിയും സമ്പാദിക്കണം. എന്തിനെന്നും എത്ര കാലത്തേക്കെന്നും ഒന്നും ചോദിച്ചക്കരുത്.

-വാസ്തവത്തില്‍ കൊച്ചപ്പനും പാപ്പച്ചനും(അപ്പനും മൂത്ത മകനും) തമ്മിലുള്ള സംഘട്ടനങ്ങള്‍ രണ്ടു വ്യക്തികള്‍ തമ്മിലുള്ളവ സംഘട്ടനങ്ങള്‍ ആയിരുന്നില്ല, രണ്ടു തരം വിലയിരുത്തലുകള്‍ തമ്മിലോ തത്വസംഹിതകള്‍ തമ്മിലോ തലമുറകള്‍ തമ്മിലോ ഉള്ള സംഘട്ടനങ്ങളായിരുന്നു.

-എടാ ഈ ബിസിനസ്സ് എന്നു പറയുന്നത് കടുവായും കരടിയും കാട്ടുപോത്തും കുറുക്കനുമെല്ലാമുള്ള ഒരു നല്ല കാടാണെന്നോര്‍ത്തോ. എപ്പോഴും കണ്ണിലെണ്ണയുമൊഴിച്ചിരുന്നോളണം......ബലമില്ലാത്തവനെ, ഉപായങ്ങളറിയാത്തവനെ ,കൊല്ലാന്‍ തയ്യാറില്ലാത്തവനെ,കൊന്നു കൊല വിളിക്കുന്ന വെറും കാടാാ അത്... (കൊച്ചപ്പന്‍ മകന്‍ പാപ്പച്ചനോട്)

കൊച്ചപ്പന്‍ അനിയന്‍കുഞ്ഞിനോട് കല്യാണക്കാര്യം അവതരിപ്പിക്കുന്നതില്‍ നിന്ന് ചിലത് താഴെ

-തൊടങ്ങുമ്പം ഈ മുതലാളി മുതലാളിയെന്നുള്ള വെറും പേരേ ഉണ്ടായിരുന്നുള്ളു. നമ്മളു ചിലരെ തിരുമേനി തിരുമേനിയെന്നു വിളിക്കുമ്പോലെ.
-അത്തരം ഉറച്ച കുടുംബക്കാരുമായി ഇങ്ങനെത്തെ രണ്ടോ മൂന്നോ ബന്ധുതകളുണ്ടാകുമ്പം നമ്മളുമങ്ങു താനേ കുടുംബക്കാരാകും.

-ബന്ധുക്കാരും ബന്ധുത്വവുമൊക്കെ വെറും കൊടിച്ചിപ്പട്ടികളാ അനിയന്‍കുഞ്ഞേ. പണമുള്ളവന്റെ പുറകേ അവറ്റ വാലും താഴ്ത്തിയോടിയെത്തിക്കോളും തൊഴിച്ചു മാറ്റിയാലും പോകില്ല. (കൊച്ചപ്പന്‍ തന്റെ ഇളയ മകനും ആദര്‍ശവാദിയുമായ അനിയന്‍കുഞ്ഞിനോട്. ഈ മകനാണ് അമ്മയുടെ താങ്ങും തണലും.)

-ഒരു പത്രം നല്ല ഒരു തോട്ടി പോലെയാ. വശമുള്ളവനതുകൊണ്ടു പല പഴോം വലിച്ചു താഴെയിടാം.(മാമ്മച്ചന്‍ കൊച്ചപ്പനെ പത്രം തുടങ്ങുവാന്‍ പ്രേരിപ്പിക്കുമ്പോള്‍)....ഭരിക്കുന്നോര്‍ക്കു വല്ലോരേം പേടിയൊണ്ടെങ്കി അതീ പത്രക്കാരെ മാത്രമാ..

-കാറോടിക്കാനറിയാത്തവന്‍ കാറേ കേറി നടക്കുന്നില്ല?തെങ്ങേക്കേറാനറിയാത്തവര്‍ തേങ്ങാ തിന്നുന്നില്ലേ?....നമ്മളു പറയുന്നപോലെ എഴുതിത്തരാന്‍ കഴിവുള്ള മിടുമിടുക്കരെ നൂറു കണക്കിലീ നാട്ടില്‍ കിട്ടും......(അങ്ങനെ മാമ്മച്ചന്റെ വാഗ്വിലാസത്തില്‍ കൊ്ച്ചപ്പന്‍ വീണു, പത്രവും അങ്ങു തുടങ്ങി..)

-മാനിനെ കൊല്ലുന്നത് പുള്ളി്പപുലിക്കു ഗുണമായിരിക്കും.പക്ഷേ അതാ മാനിനും മുയലിനുമുള്‍പ്പടെ നാട്ടിലെ എല്ലാ ജന്തുക്കള്‍ക്കു ംഗുണകരമാണെന്നു പറഞ്ഞാല്‍ അതു മനസ്സിലാക്കാനെനിക്കു ബുദ്ധിമുട്ടുണ്ട്.-(വിഷയം പത്രം തന്നെ-അനിയന്‍കുഞ്ഞ് അപ്പനോട്.)

-പുരുഷനെത്ര മരങ്ങോടനായാലും തരക്കേടില്ല, അവന്റെ കഴുത്തില്‍ തൂങ്ങുക. ഇന്നു നൂറു നൂറു വഴികളാണ് പെണ്ണുങ്ങള്‍ക്കു തുറന്നു കിട്ടിയിട്ടുള്ളത്. സ്വാതന്ത്യം ലഭിച്ച സ്ത്രീക്കു വിവാഹം ആവശ്യമില്ല എന്നു ഞാന്‍ പറകില്ല. പക്ഷേ പശുവിന്‌റെ കയറു മാറുന്ന പോലുള്ള  പഴയകാലത്തെ രീതിയൊന്നു മാറാതെ തരമില്ല.പണമുണ്ടെന്നുള്ള ഒറ്റക്കാരണം കൊണ്ട് ഓരോരുത്തന് ഏതൊരു പെണ്ണിനേയും കെട്ടാമെന്നുള്ള സമ്പ്രദായം ഒന്നു മാറിയേ തീരൂ.(വന്ദ്യനായ പീലിപ്പോസു മാസ്റ്റര്‍ അനിയന്‍കുഞ്ഞിനോടും ഭാര്യയോടും)

-ധനം വലിച്ചുകൂട്ടുന്നതില്‍ യാതൊരു രസവും കണ്ടെത്താത്ത അപൂര്‍വ്വം ചില വ്യക്തികളില്‍ ഒരാളായിരുന്നു പിലിപ്പോസു മാസ്റ്റര്‍.

-കൊല്ലുന്നതിനു മുമ്പ് ചിരിച്ചുകാട്ടിക്കോളണം.പറയുന്നതിനെല്ലാം പഴുതുകളിട്ടേ പറയാവൂ.

-സാമ്പത്തികമായി ഉയരാനുള്ള ആഗ്രഹം ചില മനുഷ്യരിലില്ല....വെള്ളക്കാര്‍ക്കതുണ്ട, ഗുജറാത്തികള്‍ക്കതുണ്ട്. അതുകൊണ്ടാണവര്‍ ലോകത്തിന്റെ നാനാഭാഗത്തുമെത്തി എസ്‌റ്റേറ്റുകള്‍ ഉണ്ടാക്കുന്നതും കച്ചവടം നടത്തുന്നതും സാമ്രാജ്യങ്ങള്‍ സ്ഥാപിക്കുന്നതും. വേണ്ടി വന്നാല്‍ ഇവയെല്ലാം സ്ഥാപിച്ചെടുക്കാന്‍ യുദ്ധങ്ങള്‍ക്കുകൂടെയും ഇറങ്ങിപ്പുറപ്പെടുന്നതും.നമ്മുടെ നാട്ടുകാരില്‍ ഭുരിപക്ഷത്തിനും ആ ഇച്ഛാശക്തിയില്ല.    

-നരിയും കുഞ്ഞായിരിക്കുമ്പം പൂച്ചക്കുഞ്ഞിനെപ്പോലിരിക്കും വളരുമ്പം കാണാം പല്ലും നഖവും നീണ്ടു നീണ്ടു വരുന്നത്.

-എന്റെ അച്ഛന്‍ എന്നെ ഒരു കാര്യം പഠിപ്പിച്ചിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥനെന്ന നിലയില്‍ ആരോടും ഒന്നിനോടും കടപ്പെടുവാന്‍ ഇടയാകരുതെന്ന്.....ഐപിഎസുകാരനായ ഭുവരാഹന്‍ പറയുന്നത്.

-കോണ്‍ഗ്രസ്സുകാരുടെ എല്ലാ ആലോചനകളിലും അയാള്‍ക്ക്,പത്രേകിച്ച് അയാളുടെ മണിപേഴ്‌സിന് മികച്ച സ്ഥാനമുണ്ടായിരുന്നു.

-സാത്താനേയും എന്തിനാടാ ആവശ്യമില്ലാതെ പിണക്കുന്നത്?അവനെക്കൊണ്ടും നാളെ ആവശ്യം വരില്ലെന്നാരു കണ്ടു?

-അമ്മമാര്‍ ഹൃദയം കൊണ്ടാണല്ലോ എല്ലാക്കാലവും മക്കളെ മനസ്സിലാക്കുന്നത്.

-ഒറ്റപ്പാളത്തിലോടുന്ന തീവണ്ടി കണക്കാണ് കൊച്ചപ്പന്റെ ബുദ്ധി.ഒരാശയം അതിനുള്ളില്‍ കടന്നാല്‍ പിന്നെ ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ നേരേ അതൊരൊറ്റ ഓട്ടമാണ്.

-സുഖക്കേടിനെ അവഗണിച്ചാല്‍ അതു ദേഷ്യപ്പെട്ടോ നാണിച്ചോ അങ്ങോടിപ്പൊയ്‌ക്കൊള്ളുമെന്നായിരുന്നു അയാളുടെ ഭാവം.

-മനുഷേരുടെ ആശ ഉപ്പുവെളളം കുടിക്കുമ്പോലെയാ. കുറച്ചു കുടിക്കുമ്പം പി്‌ന്നേം കുടിക്കണം. ദാഹം തീരത്തില്ല.

-ഇതൊന്നും നന്നാവില്ല, നന്നാക്കാന്‍ നോക്കയും വേണ്ട എന്നും പറഞ്ഞു കയ്യും കെട്ടി കളിസ്ഥലം വിടുന്നവന്‍ ഭീരുവാണ്.

-വിളമ്പിയ കറിയിലെ കറിവേപ്പില മാറ്റി വയ്ക്കുമ്പോള്‍ ആ ഇല നീരസപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് ആരാണു നോക്കാറുള്ളത്.

-യഥാര്‍ത്ഥത്തില്‍ കാലവും കുട്ടികളും കൂടെയായിരുന്നു ആ വ്യത്യാസങ്ങളെല്ലാം ആ വീട്ടില്‍ വരുത്തിയിരുന്നത്. കൂടെ സ്‌നേഹവും, ദീര്‍ഘക്ഷമയും,ബുദ്ധിയും നിറഞ്ഞ ഒരു പെണ്‍കുട്ടി നിശബ്ദമായി സൃഷ്ടിച്ച അന്തരീക്ഷവും.

-കാലത്തിനും സ്‌നേഹത്തിനും നന്മയ്ക്കും നേടുവാന്‍ കഴിയാത്തതൊന്നും ഈ ലോകത്തില്‍ ഇല്ലെന്നു വിശ്വസിക്കുക

ഹണിപുരാണം-രണ്ടു ഭാഗങ്ങള്‍.

1961 ലാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. എസ്.പി.സി.എസ്. ധാരാളം ശമ്പളം പറ്റുന്ന വലിയ പദവിയിലുള്ള ഭര്‍ത്താക്കന്മാര്‍ക്കൊപ്പം മദിരാശി നഗരത്തിലേക്കു പറിച്ചു നടപ്പെട്ട കേരളത്തിലെ നാലു കുഗ്രാമവാസിനികളുടേയും അവര്‍ അവിടെ സൊസൈറ്റി ലേഡീസ് ചമയുന്നതും അതിനിടയില്‍ പറ്റുന്ന അബദ്ധങ്ങളുമാണ് ഇതിലെ പ്രതിപാദ്യവിഷയം. സാരി പരേഡും, ഡോഗ് ഷോയും എല്ലാം അവരുടെ വലിയ വിഷയങ്ങളാണ്. പരസ്പരം ഹണി എന്നു വേണം സംബോധന ചെയ്യാന്‍ എന്ന് അവര്‍ തീരുമാനിക്കുന്നു.

ആദ്യഭാഗത്തിന് എന്‍.വി.കൃഷ്ണവാര്യരും രണ്ടാം ഭാഗത്തിന് ഇ.എം.ജെ വെണ്ണിയൂരും ഒട്ടും വിരസമല്ലാത്ത ആമുഖങ്ങളെഴുതിയിട്ടുണ്ട്. രണ്ടാം ഭാഗം ആമുഖത്തില്‍ നിന്ന്-

-നമ്മുടെ ചെറുകഥകള്‍ക്ക് ശാശ്വതങ്ങളായ ചില പ്രമേയങ്ങളുണ്ട്. പ്രേമം, ദാരിദ്ര്യം,വര്‍ഗ്ഗസമരം,കുറ്റാന്വേഷണം, ത്യാഗം, വാല്‍സല്യം മുതലായവ.ഇവ ഭക്ഷിച്ചു മടുത്തു.

-ചാളകളും വേശ്യാലയങ്ങളും ഫാക്ടറികളും ആപ്പീസുകളും നമുക്ക് ചിരപരിചിതമാണ്. ഇതാ പുതിയൊരു ലോകം. കഫേകള്‍, ഷോകള്‍,പിക്‌നിക്കുകള്‍, പാര്‍ട്ടികകള്‍.നല്ല വര്‍ണ്ണപ്പകിട്ടുണ്ട്. അരമനജീവിതത്തിന്റെ അധുനാധനരൂപം. പക്ഷേ ഇവിടെ ജീവിക്കുന്നവരും മനുഷ്യരാകകൊണ്ട് അവരുടെ കഥകള്‍ക്കും മാനുഷികമായ ഒരു അര്‍ത്ഥമുണ്ട്.

-പക്ഷേ ഈ ഹണികള്‍ മനുഷ്യരാണോ? ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസം കാണും. അദ്ധ്വാനിക്കുന്ന ജനവിഭാഗം മാത്രമേ മനുഷ്യരാകയുള്ളു എന്ന സങ്കല്‍പ്പം രാഷ്ട്രീയത്തിലെന്ന പോലെ സാഹിത്യത്തിലും നിലവിലുള്ളതുകൊണ്ട്.

തല നിറയെ എണ്ണ വാരിത്തേച്ച്, വലിച്ചുവാരി സാരിയുടുത്തിരുന്ന പഴയ പമ്പാക്കരയിലെ മറിയപ്പെണ്ണ് ഹണി മേരിയായി. ചെര്‍പ്പുളശ്ശേരിയിലെ കുഞ്ഞുപാര്‍വതിയുടെ മകള്‍ കൊച്ചുപാറുക്കുട്ടിയമ്മ  ഷീലാ നായര്‍ അഥവാ ഹണി ഷീ ആയി. പിന്നത്തേത് ഹണി കുമു അഥവാ കുമുദം. കണ്ണൂര്‍ക്കാരി റിബേക്കായാണെങ്കില്‍ ഹണി ബെക്കിയായി. പിന്നെ അവരെല്ലം കൂടി കാട്ടിക്കൂട്ടിയതെന്തെല്ലാം. വായിച്ചറിയുക, ചിരിച്ചു രസിക്കുക!

ചെര്‍പ്പുളശ്ശേരി എന്ന പേരു ഞാനാദ്യം കേട്ടത് ഈ പുസ്തകത്തിലൂടെയാണ്. അതുപോലെ ആദ്യമായി ഇതിലൂടെ പഠിച്ച മറ്റൊരു വാക്കാണ് പെഡിഗ്രി.

3 comments:

  1. കോവൂര്‍ കഥകളെപ്പറ്റി അല്പം കൂടി അറിഞ്ഞു. താങ്ക്സ്

    ReplyDelete
  2. കോവൂരിന്റെ ഹണി പുരാണം മാത്രം, മാതൃഭൂമിയിൽ വായിച്ചത്, ഓർമയിൽ തങ്ങി നിൽക്കുന്നു. അത് രസകരമായിരുന്നു.

    ReplyDelete
  3. പഴയ ഓർമ്മകൾ..
    നല്ല വിശകലമായിട്ടുണ്ട് കേട്ടൊ

    ReplyDelete