Thursday, November 20, 2014

ഇ.എം. കോവൂരിന്റെ പുസ്തകങ്ങൾ -part I

തകഴി, കേശവദേവ്, കാരൂര്‍, ഉറൂബ് തുടങ്ങിയവരുടെ എഴുത്തിനൊപ്പം എനിക്ക് വളരെ ഇഷ്ടമുള്ള എഴുത്താണ് ശ്രീ. ഇ.എം.കോവൂരിന്റേത്. ആ ശൈലിയും പ്രയോഗങ്ങളും എല്ലാം വളരെ ഹൃദ്യമായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ചിലപ്പോഴെല്ലാം ശൈലിയിലും പ്രയോഗങ്ങളിലും ഉറൂബിനോട് ഒരു സാമ്യവും തോന്നും. അതും കൂടിയാവണം ഈ പുസ്തകങ്ങള്‍ ഇത്രയും എനിക്കിഷ്ടപ്പെടാന്‍ കാരണവും എന്നു തോന്നുന്നു.

കോവൂര്‍ ഴളരെയധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. നാലു പുസ്തകങ്ങളുണ്ട് കയ്യില്‍. ഹണിപുരാണം രണ്ടു ഭാഗങ്ങള്‍, കാട്, കൊടുമുടികള്‍, മലകള്‍ എന്നീ മൂന്ന് നോവലുകള്‍. അഭിഭാഷകന്‍, ന്യായാധിപന്‍ തുടങ്ങിയ നിലകളിലെല്ലാം കേരളസമൂഹത്തിനു ഒരു കാലത്തു ചിരിപരിചിതനായിരുന്നു കോവൂര്‍. അമ്മയെ കാണാന്‍ എന്ന സിനിമയുടെ കഥ-തിരക്കഥ അദ്ദേഹത്തിന്റേതാണ് എന്ന് നെറ്റില്‍ തിരഞ്ഞപ്പോള്‍ കിട്ടി. പക്ഷേ അദ്ദേഹത്തെ കുറിച്ച് വിക്കി പേജൊന്നും കണ്ടതുമില്ല.

മലയാളം നോവലുകളിലേക്ക് വൈവിദ്ധ്യം സന്നിവേശിപ്പിക്കാനുള്ള ശ്രമമായിരുന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചിരുന്ന 'ഹണിപുരാണം' എന്ന് ഗ്രന്ഥകര്‍ത്താവ്, കാട് എന്ന നോവലിന്റെ അഭിമുഖത്തില്‍ പറയുന്നുണ്ട്. കാടും മാതൃഭൂമിയില്‍ വന്നതു തന്നെ. ശരിയാണ് വായിച്ചതു നാലും വ്യത്യസ്തം തന്നെ. കാട് പ്ലാന്റേഷന്‍/റിയല്‍ എസ്റ്റേറ്റ് കഥ പറയുമ്പോള്‍, മലകള്‍ക്കു വിഷയമാകുന്നത് കിഴക്കന്‍ മലകളും അവിടെ പൊന്നു വിളയിച്ച് സമ്പത്തു കുന്നുകൂട്ടിയ കൃഷികളുമാണ്. കൊടുമുടികള്‍ വക്കീലന്മാരുടെ ലോകമാണ് വരച്ചു കാട്ടുന്നത്. ദുഷ്ടകഥാപാത്രങ്ങള്‍ എത്രയുണ്ടോ അതിനേക്കാളുണ്ട് നന്മ നിറഞ്ഞവര്‍. അത് അതിഭാവുകത്വം ഒട്ടുമേ തോന്നാതെ അവതരിപ്പിച്ചിരിക്കുന്നു. നോവലില്‍ പറയും പോലെ ഭൂമിയുടെ ഉപ്പാണ് അങ്ങനെയുള്ളവര്‍. എണ്ണത്തില്‍ കുറവെങ്കിലും ഈ ഭൂമി ഇത്രയെങ്കിലും ജീവിതയോഗ്യമാക്കി ഇപ്പോഴും നിലനിര്‍ത്തുന്നത അത്തരക്കാരാണ്-ഇത് എന്റെ വിശ്വാസം.

മലകളിലെ കറിയാ കത്തനാര്‍, ചാക്കോ അച്ചന്‍, കൊച്ചാച്ചിയമ്മ, കൊടുമുടികളിലെ ഇട്ടിച്ചാണ്ടി വക്കീല്‍, തോമസുകുട്ടി, ജേക്കബ് അച്ചന്‍, കാടിലെ അനിയന്‍കുഞ്ഞ് ഇവരെല്ലാം എത്ര മിഴിവാര്‍ന്ന കഥാപാത്രങ്ങള്‍. ഒരു കാലത്തു നമ്മുടെ നാട്ടില്‍ സുലഭമായിരുന്ന, ഇപ്പോള്‍ അന്യം വന്നു നശിച്ചു തീരാറായ ജീവികളില്‍ പെട്ടവരാണിവര്‍ .ഇവര്‍ മാത്രമല്ല ദുഷ്ടരും ശിഷ്ടരുമായ ചെറുതും വലുതുമായ ഓരോ കഥാപാത്ര സൃഷ്ടിയും മതിപ്പുളവാക്കുന്നുണ്ട്. ഇവരെല്ലാം നമുക്കു ചുറ്റും ജീവിച്ചിരുന്നവര്‍ തന്നെ എന്നങ്ങു തോന്നിപ്പിക്കുന്നു. അതല്ലേ പാത്രസൃഷ്ടിയുടെ മേന്മയും.

കോട്ടയം, തിരുവല്ല,തൊടുപുഴ, മീനച്ചില്‍ ചുറ്റുവട്ടങ്ങളിലുള്ള, സുറിയാനി കൃസ്ത്യാനികളാണ് കേന്ദ്ര കഥാപാത്രങ്ങള്‍.  അവരുടെ വിശ്വാസങ്ങള്‍, ദൈവവിശ്വാസത്തില്‍ പോലുമുള്ള പ്രായോഗികത, മണ്ണിനോടു പടവെട്ടാനുള്ള ദാഹം തുടങ്ങി എല്ലാ കാര്യങ്ങളും നര്‍മ്മം കലര്‍ത്തി വിവരിക്കുന്നുണ്ട്. ആര്‍ക്കും എളുപ്പം മനസ്സിലാവുന്ന ലളിതമായ ഭാഷയില്‍, ശൈലിയില്‍ ആണ് വിവരണം. പിന്നെ മഹാഭാരതം പോലെ കഥയില്‍ നിന്ന് ഉപകഥയിലേക്ക് നില്‍ക്കുന്ന നില്‍പ്പില്‍ അങ്ങു ചാടുന്നുണ്ട്. പക്ഷേ മടുപ്പ് ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, അനുവാചകര്‍ അതു ശ്രദ്ധിച്ചെന്നു പോലും വരില്ല. സെക്‌സ്, ജാതി, മതം, സായിപ്പന്മാര്‍ തുടങ്ങി ധാരാളം കാര്യങ്ങള്‍ ഈ പുസ്തകങ്ങളില്‍ പ്രതിവാദ്യവിഷയമാകുന്നു.

സ്‌കൂള്‍ കാലത്ത് ആദ്യം വായിച്ചത് ഹണിപുരാണമായിരുന്നു. അന്നതു വായിച്ചു ചിരിച്ചു ചിരിച്ചു മണ്ണു കപ്പി. പക്ഷേ ഇപ്പോഴത്തെ വായനയില്‍ അത്രയൊന്നും ചിരിച്ചില്ല, കേട്ടോ. എന്റെ മനസ്സും പിന്നെ കാലവും വല്ലാതെ മാറിയിരിക്കുന്നു. എം.ടി പറയും പോലെ, ചിരിക്കാനുള്ള, അല്ല, നിര്‍വ്യാജം ചിരിക്കാനുള്ള സിദ്ധിയും കൈമോശം വന്നു പോയിട്ടുണ്ടാവും.

എനിക്കിഷ്ടപ്പെട്ട വരികളില്‍ നിന്ന് ചിലവ എടുത്തെഴുതുന്നുണ്ട്. വായിച്ചിട്ടു തീരുമാനിക്കാം പുസ്തകങ്ങള്‍ വായിക്കണോ വേണ്ടയോ എന്ന്.

1. മലകള്‍

1970 ലാണ് ഇത് എന്‍ബിഎസ് ആദ്യം പ്രസാധനം ചെയതത്. പിന്നെ 1979 ലും 1990ലും.

'ഉല്‍ക്കര്‍ഷേച്ഛു, ക്രൂരനും അത്യാഗ്രഹിയും ആയിരിക്കണമെന്നില്ല.സമ്പാദിക്കുന്നതില്‍ നിന്നുളവാകുന്നത്ര ആനന്ദം ദാനം ചെയ്യുന്നതിലും കാണുന്നവനാണ് യഥാര്‍ത്ഥ ശക്തന്‍..........' വില്‍ ഡ്യൂറന്റിന്റെ ഈ വാക്കുകളോടെയാണ് ഈ പുസ്തകത്തിന്റെ കുഞ്ഞി അവതാരിക തുടങ്ങുന്നത്.

കിഴക്കന്‍ മലകളും റബര്‍ കോരച്ചനുമാണ് ഇതിലെ നായകര്‍. റബര്‍ കൃഷിയെപ്പറ്റി കേട്ടറിഞ്ഞ് സായിപ്പിന്റെ തോട്ടത്തിലെ കര്‍ശന കാവല്‍ മറികടന്ന് കുരു മോഷ്ടിച്ചു സമ്പാദിച്ച് നട്ടുവളര്‍ത്തി നേട്ടം കൊയ്ത പരിശ്രമശാലിയാണ് കോരച്ചന്‍. പക്ഷേ മനസ്വിനിയായ ഭാര്യ കൊച്ചാച്ചിയമ്മയുടെ സ്‌നേഹശാസനകളെ എന്നും വകവച്ചിരുന്ന സ്‌നേഹധനന്‍.

-ഇവയെല്ലാം (വീരശൂരത്വങ്ങള്‍, രാജദൈവഭക്തികള്‍) മാത്രം കുറിക്കുവാന്‍ ബദ്ധപ്പെട്ടിരുന്ന ചരിത്രത്തിന്റെ രക്ഷാദേവതയുണ്ടോ, ഈ അജ്ഞാതരുടെ തഴമ്പും വിള്ളലും വീണ കൈകളുടെ കഥകള്‍ കുറിക്കുവാന്‍ മിനക്കെടുന്നു!അങ്ങനെ ചെയ്താല്‍ അവരുടെ ഏടുകളുടെ പരിശുദ്ധിയും കലാമൂല്യങ്ങളും നഷ്ടപ്പെട്ടു പോകില്ലേ!

-കൃസ്ത്യനിയായ തനിക്കാരാ ഉദ്യോഗം തരാന്‍.വരുന്ന മനോരമപ്പത്രത്തിന്റെ താളെല്ലാം നോക്കിക്കോ, നല്ലവണ്ണം നോക്കിക്കോ, ദിവാന്‍ജിയും പേഷ്‌കാരന്മാരും മുന്‍സിപ്പതഹസീല്‍ദാരന്മാരും  എല്ലാം എങ്ങാണ്ടത്തുകാരായ പാണ്ടിക്കാരായിരിക്കും. രായരന്മാരും അയന്മാരും അയ്യങ്കാരന്മാരുമായിരിക്കും. ബാക്കിയുള്ളതു കുറേ നായന്മാരും. കൃസ്ത്യാനികളും പൊട്ടു പിഴച്ച വല്ലവരുമുണ്ടെങ്കില്‍ തന്നെ അതു വല്ല മൂന്നാംകിട സ്ഥാനങ്ങളിലുമായിരിക്കും. ആശുപത്രി വകുപ്പ് ഇതില്‍ നിന്നു വ്യത്യസ്തമായിരുന്നു.അവിടെ ചത്തിട്ട് ആറുമേഴും ദിവസങ്ങളായ അളിഞ്ഞ ശവങ്ങളെ അറുത്തുമുറിക്കണം. പഴപപ്പും ചോരയും എടുത്തു മാറ്റണം. ഇതൊന്നും മേല്‍ജാതിക്കാര്‍ ചെയ്യില്ല. അതുകൊണ്ട് ഈ വകുപ്പില്‍ മാത്രം കുറേ കൃസ്ത്യാനികളുണ്ടായിരുന്നു. കുറേ അപ്പോത്തിക്കിരിമാര്‍. പുന്നന്‍ അപ്പോത്തിക്കിരിയും തൊമ്മപ്പോത്തിക്കിരിയും എല്ലാം.

-അപ്പോള്‍ ഉള്ളതില്‍ ഏറ്റവും നല്ലതെല്ലാം ബ്രാഫ്മണര്‍ക്ക്, പിന്നെയുള്ളത് നായന്മാര്‍ക്കാണ്...

-ചിന്തിക്കുന്നവന്‍ അതൃപ്തനാകുമല്ലോ. അതൃപ്തരില്‍ ചിലര്‍ തൃപ്തിക്കു വേണ്ടി പരിശ്രമിക്കുകയും ചെയ്യുമല്ലോ.(കോരച്ചനെ പറ്റി)

-നസ്രാണി വയ്ക്കുന്ന ചോറും കറിയും ഉന്നതവംശജരായ ഹിന്ദുക്കള്‍ കഴിക്കില്ല......എന്നാല്‍ നസ്രാണിയുടേയും വേണ്ടി വന്നാല്‍ ഈഴവന്റേയും കാപ്പിയാകാം.വെറും കാപ്പി മാത്രമല്ല പുട്ടും അടയും......

-പോരാഞ്ഞ് ചേരിക്കല്‍ ഭൂമിയല്ലേ. അടുത്തിരിക്കുന്നത് നസ്രാണി മാപ്പളേം.തമ്മില്‍ ചേര്‍ന്നാപ്പിന്നെ നനഞ്ഞ തോലും വിശന്ന നായയും പോലെയാ!വിടില്ല, ജന്മത്തു വിടില്ല.

-പണമാണല്ലോ അന്നും ഇന്നും കോട്ടയത്തേയും കുടമാളൂരേയും എണ്ണപ്പെടലിനുള്ള മാനദണ്ഡം.

-കാശിന്റെ കാര്യം വരുമ്പോള്‍ മാപ്പിളയ്ക്ക് ആങ്ങളയും അച്ചാച്ചനുമൊക്കെ രണ്ടാം സ്ഥാനത്താകും.

-കൃസ്ത്യാനികളുടെ ഭൂമിയിലുള്ള ഒരിക്കലും പതറാത്ത വശ്വാസം ഒരു ചരിത്രസത്യമാണ്.അവന്‍ സ്വര്‍ഗ്ഗത്തെപ്പറ്റിയും പറുദീസായെപ്പറ്റിയും വരാനുള്ള ലോകത്തെ കുറിച്ചുമെല്ലാം പറയും, പ്രസംഗിക്കും, പാടും, അതിനുവേണ്ടി പ്രാര്‍ത്ഥിക്കയും നോമ്പു നോല്‍ക്കയും ചെയ്യും.എന്നാലും ഈ ഭൂമിയിലും അതിന്റെ നിറവിലും അതില്‍ പണിയെടുക്കുന്നതിലും അവനു കടുത്ത വിശ്വാസവുമാണ്.

-തങ്ങള്‍ക്കുവേണ്ടി ഈ വീട്ടമ്മമാര്‍ ഒന്നും തന്നെ വാങ്ങില്ല.എല്ലാം ഇളയവര്‍ക്കും കുട്ടികള്‍ക്കും(സ്വന്തം മാത്രമല്ല) വേണ്ടി.

-അവര്‍ക്കു (സുറിയാനി കൃസ്ത്യാനികള്‍ക്ക്) വഴക്കു പിടിക്കാന്‍ ആരേയും കിട്ടിയില്ലെങ്കില്‍ അവര്‍ അവരുടെ സ്വന്തം നിഴലുകളോടു തന്നെ അങ്ങു വഴക്കു പിടിക്കുമെന്ന്!

-നമ്മുടെ വേദപുസ്തകം പോലെ തന്നെ വലിയ ഗ്രന്ഥങ്ങളാളവ. പ്രത്യേകിച്ചും രാമായണവും മഹാഭാരതവും. അതിലെ കൃഷ്ണനും രാമനും അര്‍ജ്ജുനനും ധര്‍മ്മപുത്രരുമെല്ലാം നമ്മെ അത്ഭുതപ്പെടുത്തുന്ന തരം വലിയ ആളുകളാ.ഇവയെല്ലാം വായിക്കാത്തതുകൊണ്ടും പഠിക്കാത്തതുകൊണ്ടുമുള്ള നഷ്ടം അവര്‍ക്കല്ല, നമുക്കാ....(വര്‍ക്കിയേച്ചന്‍)

-ഈ മിഷനറിമാര്‍ക്കു പോയി ആദ്യമവരുടെ സ്വന്തക്കാരെയൊന്നു നന്നാക്കിക്കൂടെ?(കുഞ്ഞോയി ദുഷ്ടരായ സായ്പന്മാരെ കുറിച്ച്)

-മാമോനും മാലാഖയും ചെകുത്താനും കൂടെ ഒന്നിച്ചു സൗഹാര്‍ദ്ദത്തില്‍ സഹകരിച്ചു കഴിയുന്ന ഏര്‍പ്പാട്(മൂന്നു തരം വെള്ളക്കാരെപ്പറ്രി)

-നമ്മുടെ നമ്പൂരിമാരിലും നായന്മാരിലുമെല്ലാം എത്ര വലിയ ആളുകളും നല്ലവരുമുണ്ടെന്ന് അവര്‍ക്കറിഞ്ഞുകൂടാ.കാരണം അവര്‍ക്ക് അവരുടെ മതവും മാര്‍ഗ്ഗവുമാണ് ശരി. രാമായണവും ഭാരതവുമെല്ലാം അവരുടെ നോട്ടത്തില്‍ അവര്‍ക്കു വായിക്കാന്‍ കൊള്ളരുതാത്ത കെട്ടുകഥകളാണ്.ക്രിസ്തായനിക്ക് വായിക്കാന്‍ കൊള്ളാത്തവയാണ്.നാലു മുഖങ്ങളും ആനയുടെ മുഖവും ദേഹത്തെല്ലാം മൂര്‍ഖന്‍പാമ്പുകളുമുള്ള അവരുടെ ദേവന്മാരും, മനുഷ്യരെ കീറിപ്പൊളിച്ച് ചോര കുടിക്കുന്ന അവരുടെ ദേവിമാരും ഈ വെള്ളക്കാര്‍ക്കു ചെകുത്താന്മാരാണ്.(മാണി റൈട്ടര്‍)

-തോക്കും വേദപുസ്തകവും കച്ചവടവും സാമ്രാജ്യത്വത്തിന്റെ ഒഴച്ചുകൂടവാന്‍ തരമില്ലാത്ത ഘടകങ്ങള്‍ തന്നെ ആയിരുന്നുവോ?

-ആയിരമായരം മനുഷ്യജീവികളുടെ രക്തവും കണ്ണുനീരും തോല്‍വി സമ്മതിക്കാത്ത ദൃഢനിശ്ചയവുമാണ് ഇന്നത്തെ ഹൈറേഞ്ചസ്.

-പെരുന്നാളുകള്‍ക്കു ഞാനെതിരാണെന്നുള്ളതാണ് !ഒന്നാമത്ത കെുറ്റം. പെരുന്നാളുകള്‍ നിര്‍ത്തിയാല്‍ പള്ളികള്‍ക്കെവിടുന്നാ വരുമാനമെന്നാ അവര്‍ ചോദിക്കുന്നത്?പുണ്യാളന്മാരോടു പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ലെന്നു ഞാന്‍ പഠിപ്പിക്കുന്നു എന്നതാണ് വേറൊരു കുറ്റം. മറ്റൊന്നു പ്രാര്‍ത്ഥനകളും കര്‍ബ്ബാനയും നമ്മുടെ ജനത്തിനു മനസ്സിലാകുന്ന മലയാളത്തില്‍ വേണമെന്നു ഞാന്‍ പറയുന്നതാണ്.(കറിയാ കത്തനാര്‍)

-മണ്ണും പെണ്ണും ആരുമായും പങ്കു വയ്ക്കരുതെന്നാ പഴമക്കാര്‍ പറഞ്ഞിട്ടുള്ളത്(കോരച്ചന്‍)

-അയാള്‍ക്കു കാര്യം മനസ്സിലായി.അവരുടെ(കൊച്ചാച്ചിയമ്മയുടെ) നന്മയെ മറി കടന്നു പ്രവര്‍ത്തിക്കാനുള്ള ചങ്കൂറ്റവും ദുഷ്ടതയും അവരുടെ കെട്ടിയോനില്ലായിരുന്നുവെന്ന്.

-ഒരുവന്റെ മനപ്രയാസം അപ്പോഴപ്പോള്‍ മനസ്സിലാക്കുന്ന ഒരു ഭാര്യയെ കിട്ടുക.!അതില്‍ കൂടുതലൊരു മഹാനുഗ്രഹം എന്താണു ദേവം തരാനുള്ളത്?

-മനുഷ്യവര്‍ഗ്ഗത്തില്‍ത്തന്നെ ഉയര്‍ന്നവരാണല്ലോ വെള്ളക്കാര്‍. വെറും കറുത്ത തൊലിക്കാരായ നാട്ടുകാര്‍ അവരെ ഭരിച്ചു കൂടാ.ശിക്ഷിച്ചു കൂടാ.

-അസൂയ തോന്നാണ്ടിരിക്കാന്‍ അവരെന്താ മാലാഖമാരോ മറ്റോ ആണോ?ജാതിക്കുശുമ്പം കൂടെ അതിനോടു ചേര്‍ന്നപ്പോള്‍ അസൂയെ അല്‍പ്പം സാഡിസമായും മാറി.

-ആര്‍ത്തിക്കും ആവേശത്തിനുമൊരെതിരില്ലല്ലോ!കിട്ടും തോറും അവ കൂടുതല്‍ വളരുന്നു.

-സമ്പത്തിനേയും സൈന്യത്തേയും വിടാതെ പിന്തുരുക എന്നുള്ളതാണല്ലോ അഭിസാരികകളുടെ എന്നുമുള്ള തൊഴില്‍.

-മലകള്‍ പെറ്റുകിട്ടിയ ഐശ്വര്യങ്ങള്‍ പങ്കുവച്ചപ്പോള്‍ തങ്ങളുടെ വീതമായി കിട്ടിയതുകൊണ്ടു കണ്ണുമടച്ചു സുഖിക്കുവാന്‍....ഇതെല്ലാം ഒരു വശത്ത്.പളളിപ്പണിയും കുമ്പസാരവും കുര്‍ബ്ബാന കാണലും പാട്ടും പ്രാര്‍ത്ഥനയുമെല്ലാം വേറൊരു വശത്ത്. മാടന്‍ കോവിലുണ്ടാക്കലും കോഴിക്കുരുതിയും കാവടിതുള്ളലുമെല്ലാം മൂന്നാമതൊരു വശത്ത്.മുണ്ടക്കയമങ്ങനെ വളര്‍ന്നുകൊണ്ടേയിരുന്നു.

-പാമ്പു കടിക്കാനുള്ള നേരത്താ കച്ചേരി(കോടതി) കയറാനിട വരിക!

-വലിയ പഠിത്തമൊന്നുമില്ലേലും കൊച്ചാച്ചിയമ്മ പറേന്നതു മിയ്ക്കപ്പോഴും ശരിയാ. തൃപ്തിയാ മനുഷേനു വേണ്ടത്.

-പാവങ്ങളുടെ കണ്ണുനീര്‍ വീണിട്ടും വീഴ്ത്തിയിട്ടുമുള്ള വീടുകളും കുടുംബങ്ങളും ഏറെക്കാലം നിലനിന്നിട്ടില്ല.(കൊച്ചായമ്മ മകന്‍ പുന്നൂസുകുട്ടിയോട്).

-മീനും അതിഥിയും സമയത്തില്‍ കൂടുതലിരുന്നാല്‍ ചീഞ്ഞുനാറുമെന്ന് കേട്ടിട്ടില്ലേ!(കമ്യൂണി്ര്രസ് കെ.സി.വര്‍ഗ്ഗീസ് പുന്നൂസുകുട്ടിയോട്)

-എന്നാല്‍ പിന്നെ തന്റെ മക്കളായ മനുഷ്യര്‍ പല തരത്തില്‍ ജീവിക്കുന്നത് ദൈവത്തിനിഷ്ടമായിരിക്കുമോ?ഒരു കൂട്ടര്‍ ദരിദ്രരായും വേറൊരു കൂട്ടര്‍ സകല ജീവിത സൗകര്യങ്ങുമനുഭവിക്കുന്ന കുബേരനായും?(കെ.സി.വര്‍ഗ്ഗീസ്)

വേദപുസ്തകത്തില്‍ നിന്നു തന്നെ കമ്യൂണിസത്തിനനുകൂലമായ കാര്യങ്ങള്‍ കണ്ടു പിടിച്ചു മനസ്സിലാക്കിക്കുന്ന കെ.സി.വര്‍ഗ്ഗീസ് നമ്മെ ഇംപ്രസ് ചെയ്യുന്ന കഥാപാത്രമാണ്. വേദപുസ്തക quotes വിസ്തരഭയത്താല്‍ എഴുതുന്നില്ല.

-കാര്യങ്ങള്‍ സൂഷ്മമായി പഠിക്കുമ്പോള്‍ എല്ലാവര്‍ക്കുമധികാരം വേണം.ദൈവത്തിന്റെ നാമത്തിലായാലും കൊള്ളാം, സഭയുടെ നാമത്തിലായാലും കൊള്ളാം ജനത്തിന്റെ പേരിലായാലും കൊള്ളാം എല്ലാവരുടേയും എല്ലാത്തിന്റേയും ലാക്ക് ഒന്നു തന്നെയാണ്-അധകാരം. കൂടുതല്‍ അധികാരം.

ഇവരുടെ പുതുതലമുറ കുടുംബമാഹാത്മ്യം ചോദ്യം ചെയ്യുന്നതും അപ്പനപ്പൂപ്പന്മാരുടെ വഴി വിട്ട പുതു മേച്ചില്‍പ്പുറങ്ങള്‍ തേടുന്നതും വായിക്കുവാന്‍ നല്ല രസമുണ്ട്. അതേ, വാസ്തവത്തില്‍ പല തലമുറകളുടെ, സാമൂഹികമാറ്റങ്ങളുടെ ഹൃദ്യമായ ദൃക്‌സാക്ഷിവിവരണത്രേ  ഈ പുസ്തകം.


അടുത്തത്  'കൊടുമുടികള്‍'

2 comments:

  1. ഇ.എം കോവൂരിനെപ്പറ്റിയൊക്കെ ഇന്നുള്ളവര്‍ക്ക് അറിവ് ഉണ്ടോ എന്നുതന്നെ നിശ്ചയമില്ല. എന്തായാലും ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു

    ReplyDelete
  2. നന്നായി വിലയിരുത്തിയിരിക്കുന്നു

    ReplyDelete