Saturday, August 15, 2015

സ്ത്രീകളുടെ അതിജീവനകലാപങ്ങള്‍

ഫേസ് ബുക്കും ട്വിറ്ററും ലൈക്കുകളും കമന്റുകളും റീഷെയറിംഗുകളും ഒന്നും ഇല്ലാതിരുന്ന കാലത്ത് സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ പൊരുതിയ പാവം സ്ത്രീകളുണ്ട്. പണി തന്ന മുതലാളിമാരല്ലേ, എന്തും സഹിച്ചേക്കാം എന്നല്ല അവര്‍ കരുതിയത്. സിസ്റ്റത്തില്‍ നിന്നുകൊണ്ടു തന്നെ സിസ്റ്റത്തിലൈ അനീതിക്കെതിരെ അവര്‍ പൊരുതി, അല്ല, പൊരുതേണ്ടി വന്നു. തീര്‍ച്ചയായും ഏറെ നാളത്തെ സഹനത്തിനു ശേഷം തന്നെയാണ് ഈ സമരങ്ങളും നടന്നിട്ടുള്ളത്. പഴയ ഒരു വനിതാദിന ബ്ലോഗ് പോസ്റ്റാണിത്. എഡിറ്റു ചെയ്തിട്ടുണ്ട്.

തുണിവ്യവസായശാലകളില്‍ ഹീനമായ തൊഴില്‍ സാഹചര്യങ്ങളില്‍ പണിയെടുത്തിരുന്ന 15000 ത്തോളം വനിതകള്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കായി 1908 ല്‍ ന്യൂയോര്‍ക്കില്‍ നയിച്ച ഐതിഹാസിക സമരമായ 'റൊട്ടി യും റോസാപ്പൂക്കളും' ആണ് വനിതാദിനത്തിനു നിദാനം. കുടുംബാംഗങ്ങള്‍ക്ക് ആഹാരം നേടാനുള്ള സാമ്പത്തികം എന്ന അവകാശം റൊട്ടിയും നല്ല ജീവിതസാഹചര്യങ്ങള്‍ എന്ന അവകാശം  റോസാപ്പൂക്കളും സൂചിപ്പിക്കുന്നു.

ന്യൂയോര്‍ക്കിലെ തുണിവ്യവസായമേഖലയില്‍ പണിയെടുത്തിരുന്ന കൗമാരക്കാരികളായ കുടിയേറ്റക്കാരുടെ സമരമായിരുന്നു 1909 ല്‍ നടന്ന '20000 ന്റെ ഉദയം'. ഉക്രേന്‍കാരി ആയ ക്ലാര ലെംലിച്ച് എന്ന 19 കാരി ആയിരുന്നു അതിന്റെ നേതാവ്. ഈ സമരങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട ജര്‍മ്മന്‍കാരിയായ ക്ലാര സെറ്റ്കിന്‍ ആണ് സ്ത്രീകളുടെ രാഷ്ട്രീയസാമ്പത്തിക ആവശ്യങ്ങള്‍ക്കായി  അന്താരാഷ്ട്ര വനിതാദിനം എന്ന ആശയം വച്ചത്. അവരുടേയും റഷ്യാക്കാരിയായ അലക്‌സാണ്ട്രാ കൊലന്‍ടായുടേയും ശ്രമഫലമായി 1911 ല്‍ ആദ്യഅന്താരാഷ്ട്ര വനിതാ ദിനം ആചരിക്കപ്പെട്ടു.

സാക്ഷാല്‍ ലെനിന്‍ വനിതാമുന്നേറ്റങ്ങളെപ്പറ്റി പറഞ്ഞതു ശ്രദ്ധിക്കാം, ''സ്ത്രീ വിമോചനത്തിനായുള്ള നിയമങ്ങള്‍ എന്തെല്ലാമണെങ്കിലും അവള്‍ ഇപ്പോഴും ഒരു ഗാര്‍ഹിക അടിമ തന്നെയാണ്. ബാലിശമായ വീട്ടുതിരക്കുകള്‍ അവളെ തരംതാഴ്ത്തുന്നു, അടുക്കളയിലും ബാലഗൃഹങ്ങളിലുമായി അവളെ ചങ്ങലക്കിടുന്നു, അവള്‍ അവളുടെ അദ്ധ്വാനം, തികച്ചും അപരിഷ്‌കൃതമായി, ഉത്പാദനക്ഷമമല്ലാത്ത, ഞരമ്പു തകര്‍ക്കുന്ന, കഠിനമായ വിരസതയായി, നശിപ്പിക്കുന്നു. ഈ നീചമായ വീട്ടുപണികളില്‍ നിന്ന് അവള്‍ മോചിതയാകുമ്പോള്‍ മാത്രമേ ശരിയായ വനിതാവിമോചനം സാദ്ധ്യമാകൂ.'

ഇനി ഐക്യരാഷ്ട്ര സഭയുടെ സ്ത്രീകളും ദാരിദ്യവും പദ്ധതിയുടെ സജീവ പ്രവര്‍ത്തകരായ രണ്ടു സ്ത്രീകളെപ്പറ്റി.

പെണ്ണുങ്ങള്‍ ഭരിച്ചാലും ഭരും എന്നു കാണിച്ചു തരുന്നു, ഈ സാധാരണ സ്ത്രീകള്‍. രാജസ്ഥാന്‍കാരികളായ ഇവര്‍ക്ക് ജീവിതപാഠങ്ങള്‍ മാത്രമാണ് കൈമുതല്‍.

കര്‍ഷകതൊഴിലാളിയായ, വീട്ടുകാര്യങ്ങള്‍ മാത്രം അറിയാമായിരുന്ന നാണം കുണുങ്ങിയായ ബദം ദേവി ഇന്ന് ലഹോറഗ്രാമത്തലവിയാണ്. വിദ്യാഭ്യാസത്തിന്റെ വിലയറിഞ്ഞ അവര്‍ അവിടുത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം കൃത്യമായി വിലയിരുത്തുന്നു, കുട്ടികള്‍ക്ക് ഉച്ചയാഹാരം നല്‍കുന്നു. ഗ്രാമത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാന്‍ സര്‍ക്കാര്‍ ഫണ്ടിനൊപ്പം സ്വന്തം കയ്യില്‍ നിന്നു 3000 രൂപാ കൂടി ചെലവാക്കി! സര്‍ക്കാര്‍ഫണ്ട് കുടുംബത്തിലേക്കു കൊണ്ടുപോകയല്ല ചെയ്തത്.

രാജ്കലാദേവി ഒരു മാനേജ്‌മെന്റ് സ്‌കൂളിലും പഠിച്ചിട്ടില്ല. പക്ഷേ ഇരുത്തം വന്ന നേതാവിനെപ്പോലെ അവര്‍ രാജസ്ഥാനിലെ ഹിംഗ്വാഡ ഗ്രാമത്തിന്റെ ആവശ്യങ്ങള്‍ അറിയുന്നു, നിറവേറ്റുന്നു, സ്ത്രീകളുടെ വലിയ കൂട്ടത്തെ അഭിസംബോധന ചെയ്യുന്നു, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് അവര്‍ ഊന്നല്‍ നല്‍കുന്നത്.

പടിഞ്ഞാറന്‍ വനിതകള്‍ക്കു സമര്‍പ്പിച്ച് ജെയിംസ് ഒപ്പെന്‍ഹെം 1911 ല്‍ എഴുതിയ 'റൊട്ടിയും റോസാപ്പൂക്കളും' കവിതയില്‍ നിന്ന്,

'ഞങ്ങള്‍ തെരുവിലിറങ്ങുമ്പോള്‍, പുരുഷന്മാര്‍ക്കു വേണ്ടിയും പോരാടുന്നു,
കാരണം അവര്‍ സ്ത്രീപുത്രരത്രേ, ഞങ്ങള്‍ അവര്‍ക്കു വീണ്ടും മാതാവാകുന്നു.
ജനനം മുതല്‍ ജീവന്‍ പിരിയും വരെ ജീവിതങ്ങള്‍ വിയര്‍പ്പിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല, ഹൃദയങ്ങളും ശരീരങ്ങളും പട്ടിണി കിടക്കില്ല; ഞങ്ങള്‍ക്കു അപ്പം തരൂ, റോസാപ്പൂക്കളും ഒപ്പം തരൂ.'

5 comments:

 1. അവര്‍ തുല്യരാണ്. സമരാണ്.

  ReplyDelete
 2. കാരണം അവര്‍ സ്ത്രീപുത്രരത്രേ, ഞങ്ങള്‍ അവര്‍ക്കു വീണ്ടും മാതാവാകുന്നു.

  ReplyDelete
 3. സാക്ഷാല്‍ ലെനിന്‍
  വനിതാമുന്നേറ്റങ്ങളെപ്പറ്റി
  പറഞ്ഞതു ശ്രദ്ധിക്കാം, ''സ്ത്രീ
  വിമോചനത്തിനായുള്ള നിയമങ്ങള്‍
  എന്തെല്ലാമണെങ്കിലും അവള്‍ ഇപ്പോഴും
  ഒരു ഗാര്‍ഹിക അടിമ തന്നെയാണ്. ബാലിശമായ
  വീട്ടുതിരക്കുകള്‍ അവളെ തരംതാഴ്ത്തുന്നു, അടുക്കളയിലും ബാലഗൃഹങ്ങളിലുമായി അവളെ ചങ്ങലക്കിടുന്നു, അവള്‍
  അവളുടെ അദ്ധ്വാനം, തികച്ചും അപരിഷ്‌കൃതമായി, ഉത്പാദനക്ഷമമല്ലാത്ത, ഞരമ്പു തകര്‍ക്കുന്ന, കഠിനമായ വിരസതയായി, നശിപ്പിക്കുന്നു. ഈ നീചമായ വീട്ടുപണികളില്‍
  നിന്ന് അവള്‍ മോചിതയാകുമ്പോള്‍ മാത്രമേ ശരിയായ വനിതാവിമോചനം സാദ്ധ്യമാകൂ.'

  ReplyDelete