താരാശങ്കര്‍ ബന്ദോപാദ്ധ്യായയുടെ 'ആരോഗ്യനികേതനം 'വായനയുടെ വെളിച്ചത്തില്‍ ചില ആരോഗ്യചിന്തകള്‍ പങ്കുവയ്ക്കട്ടെ. 62 വര്‍ഷം മുമ്പെഴുതിയ നോവല്‍ ഇന്നും എത്ര പ്രസക്തം!
ഒരു ഡോക്ടര്‍സുഹൃത്ത്, സംഭാഷണമദ്ധ്യേ ഒരിക്കല്‍ പറഞ്ഞു, 'There's only one form of medicine, that's modern medicine ' എന്ന്. കടുത്ത വിയോജിപ്പുണ്ടായിരുന്നു ആ പ്രസ്താവനയോട് എങ്കിലും അലോപ്പതിയെ മാത്രം ഉപാസിച്ചിരുന്ന സുഹൃത്തിനോട് തിരിച്ച് തര്‍ക്കിക്കാനൊന്നും പോയില്ല. അല്ലെങ്കിലും അഭ്യസ്തവിദ്യരായ കടംപിടുത്തക്കാരോട് ചര്‍ച്ചയ്ക്കു പുറപ്പെടുന്നത് മണ്ടത്തരമാണെന്ന് അനുഭവങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. അവരുടെ മനസ്സുകളുടെ വാതായനങ്ങള്‍ അവര്‍ വിശ്വസിക്കുന്ന ദിശയിലേക്കു മാത്രമേ മിയ്ക്കപേരും തുറന്നിടുകയുള്ളു. മറ്റിടങ്ങള്‍ എന്താണെന്നു നോക്കാന്‍ പോലും അവര്‍ മെനക്കെടാറില്ല.
ഞാന്‍ ഒരു അലോപ്പതി വൈരിയല്ല, ഇതര വൈദ്യരീതികളുടെ കടുത്ത ആരാധികയുമല്ല. വായിച്ച്, കേട്ട്, അതേക്കാളേറെ അനുഭവിച്ച് മനസ്സിലാക്കുന്നവ സത്യം, എല്ലാം പരസ്പരപൂരകങ്ങള്‍, അതേയുള്ളു എന്റെ തത്വം.
പുസ്തകത്തിലേക്ക് പോകാം. നാട്ടുവൈദ്യനായിരുന്നു ദീനബന്ധു. 'ധോത്തി മാത്രം ഉടുത്ത്, കാലില്‍ ചെരുപ്പു ധരിച്ച്, മാറിടം തുറന്നിട്ടുകൊണ്ട് ' ഗ്രാമങ്ങളായ ഗ്രാമങ്ങളിലെല്ലാം ചുറ്റി നടന്നു രോഗികളെ കണ്ടുപിടിച്ചു പരിചരിച്ച, ടിന്‍ കണക്കിനു തേന്‍-(തേന്‍ വളരെ നല്ല ഒരു റെഗുലേറ്റിംഗ് ഏജന്റാണ് എന്ന് ഒരു ആയുര്‍വേദ ഡോക്ടര്‍ പറഞ്ഞത് ഓര്‍ക്കുന്നു) ശേഖരിച്ച് കുട്ടികള്‍ക്കു നല്‍കിയിരുന്ന, ദീനബന്ധുദത്തയെ ആണ് ആദ്യം നാട്ടുകാര്‍ 'മശായ്'(മഹാന്‍) എന്നു വിളിച്ചത്. ഗ്രന്ഥകാരന്‍ കോറിയിട്ട വാങ്മയചിത്രം എന്റെ മനസ്സില്‍ തെളിയിച്ചത് നമ്മള്‍ കണ്ടുപരിചയിച്ച ഗാന്ധിജിച്ചിത്രമാണ്.
സന്യാസിമാരെ പരിചരിച്ചും സന്തോഷിപ്പിച്ചും പിന്നെ ജിപ്‌സികളില്‍ നിന്നും ഫക്കീര്‍മാരില്‍ നിന്നും എല്ലാം ആണ് അദ്ദേഹം 'വിസ്മയകരമാംവിധം പ്രയോജനപ്രദമായ ചികിത്സാരീതി'കള്‍ സ്വായത്തമാക്കിയത്. ദീനബന്ധുവിന്റെ പുത്രന്‍ ജഗദ്ബന്ധുവാകട്ടെ, പിതൃസ്വത്തായി കിട്ടിയ നാട്ടുവൈദ്യം ആയുര്‍വേദവും കൂടി പഠിച്ച് കൂടുതല്‍ സ്ഫുടം ചെയതെടുത്ത് ജനങ്ങള്‍ക്കു രോഗമുക്തി വരുത്തി. ജഗദ്ബന്ധുവിന്റെ മകന്‍, ജീവന്‍ മശായ് ആയുര്‍വേദത്തിനും നാഡീവിദ്യയ്ക്കും പുറമേ അലോപ്പതി കൂടി വശമാക്കി.
ജീവന്‍ മശായ്‌യും ഗോഷ്ഠ കര്‍മ്മകാറും സമകാലീനരായിരുന്നു. രഘുവര്‍ഭാരതി എന്ന മഹായോഗി ഗോഷ്ഠയ്ക്കു അനേകം മരുന്നുകള്‍ പറഞ്ഞുകൊടുത്തിരുന്നു. മശായ് പല രോഗികളെയും അങ്ങോട്ടയയച്ചു, വിശേഷിച്ചും 'ഈരണ്ടു ദിവസം കൂടുമ്പോള്‍ പനി വരുന്ന രോഗികളെ.' ക്വയിനാ ഇന്‍ജക്ഷന്‍ അടക്കം ഒന്നിനും കീഴ്‌പ്പെടാത്ത ഈ പനി പക്ഷേ രഘുവര്‍ഭരാതിയുടെ മരുന്നു കഴിച്ചാല്‍ ഒരു ദിവസംകൊണ്ടു നില്‍ക്കും. 'പനി വരുന്ന ദിവസം, മഞ്ഞള്‍ പുരട്ടിയ ഒരു തുണി, വെള്ളത്തില്‍ വളരുന്ന ഒരു ചെടിയുടെ ഇല ഇടിച്ചുപിഴിഞ്ഞു നീരില്‍ മുക്കി രോഗിയെ മണപ്പിക്കും. അതുമതി പനി പോകാന്‍. പോകാതെ പറ്റില്ല. അത്ഭുതകരമായ ഔഷധരഹസ്യം! ' ഈ ചികിത്സാരീതി ജീവന്‍ മശായ് കൂടി പഠിക്കണമെന്ന് ഗോഷ്ഠയും മകന്‍ മോത്തിയും ആഗ്രഹിച്ചെങ്കിലും, 'ഡോക്ടര്‍ രീതി പഠിച്ചാല്‍ പിന്നെ ശാസ്ത്രീയമായി ഗുണമറിയാത്ത മരുന്നുകളൊന്നും പ്രയോഗിക്കരുത് ' എന്ന ഗുരുവചനപ്രകാരം, മശായ് അതു ചെയ്തില്ല, ആഗ്രഹമുണ്ടായിരുന്നിട്ടുകൂടി.
എന്നാലും അത് ഏതു ചെടിയാണെന്നു കൂടി പറഞ്ഞില്ലല്ലോ എന്നു സങ്കടപ്പെടുന്നു ഞാന്‍. മഞ്ഞപ്പിത്തത്തിന് കീഴാര്‍നെല്ലി ഒറ്റമൂലി പ്രയോഗം എന്നതു പോലെയുള്ള നാട്ടുവൈദ്യം ശരിയായി പ്രയോഗിക്കാന്‍ അറിവുള്ളവര്‍ ഇന്ന് കുറ്റിയറ്റുപോയില്ലേ എന്ന് ശരിക്കും വിഷമമുണ്ട്. മുറിവൈദ്യന്മാരേയും ശരിയായ നാട്ടുവൈദ്യര്‍മാരേയും തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് ഉള്ളവരെ നമ്പാനും പറ്റില്ല. 'ശതമാരിഭവേദ് വൈദ്യഃ സഹസ്രമാരീചികിത്സകഃ' നൂറു കണക്കിനു രോഗികളെ കഷ്ടപ്പെടുത്തി സ്വയം പഠിച്ചാവും മുറിവൈദ്യന്മാര്‍ ആയിരക്കണക്കിനു രോഗികളെ രക്ഷപ്പെടുത്തുക . മലമ്പനി പടര്‍ന്നു പിടിച്ച് ചികിത്സകര്‍ തികയാതായപ്പോള്‍ മുറിവൈദ്യന്മാര്‍ ചികിത്സിച്ചതിനെ പറ്റിയാണ് ഈ പ്രസ്താവം.
നാട്ടുവൈദ്യത്തില്‍ നിന്ന് ആയുര്‍വേദത്തിലേക്കു വരാം. 'ആയുര്‍വ്വേദം-പഞ്ചമവേദം. ചതുര്‍വേദങ്ങളെപ്പോലെ പ്രജാപതിയുടെ സ്വയംകൃതിയാണ് ഇതും. ദേവഭാഷയില്‍ കല്‍പ്പിക്കപ്പെട്ടതും എഴുതപ്പെട്ടതും.' ആയുര്‍വേദോത്പത്തിയെ കുറിച്ച് പല കഥകളുണ്ട്. പാലാഴി കടഞ്ഞപ്പോള്‍ ധന്വന്തരിദേവന്‍ അമൃതകുംഭവുമായി പൊങ്ങി വന്ന കഥ നമുക്കറിയാം. ജഗദ്ബന്ധു മകന് പറഞ്ഞുകൊടുക്കുന്ന പാഠഭേദം ഇങ്ങനെ.
'ബ്രഹ്മാവിന്റെ കുടിലദൃഷ്ടിയില്‍ നിന്ന് മൃത്യു സൃഷ്ടിക്കപ്പെട്ടു. ഇതേ ബ്രഹ്മാവിന്റെ തന്നെ പ്രസന്നദൃഷ്ടിയില്‍ നിന്ന് ഔഷധങ്ങളും.' ബ്രഹ്മാവ് ഈ ശാസ്ത്രം പ്രജാപതിദക്ഷനും ദക്ഷന്‍ അശ്വനികുമാരന്മാര്‍ക്കും, ഇവര്‍ ഇന്ദ്രനും, ഇന്ദ്രന്‍ ഭരദ്വാജനും ധന്വന്തരിക്കും യഥാക്രമം ഇത് പകര്‍ന്നു നല്‍കി. 'ഇവിടെ ആയുര്‍വേദം രണ്ടായി വിഭജിക്കപ്പെടുന്നു. ശസ്ത്രക്രിയാചികിത്സയുടെ ഭാഗം ധന്വന്തരിക്കു കിട്ടി.'പിന്നീട് പുനര്‍വസു, ആത്രേയ, അവര്‍ക്കു ശേഷം അഗ്നിവേശസംഹിത രചിച്ച ആചാര്യ അഗ്നിവേശന്‍. ഈ ഗ്രന്ഥത്തില്‍ നിന്നേ്രത ഇന്ന് അറിയപ്പെടുന്ന ചരകസംഹിതയുടെ ഉത്ഭവം. 'പഞ്ചനദിപ്രദേശത്തെ മനീഷിയായ ചരകന്‍ ഈ സംഹിത നവീകരിച്ചു. ചിരഞ്ജീവിയേ്രത ചരകന്‍.'ചരകസംഹിത നമുക്കു കേട്ടു സുപരിചിതം. അതേപോലെ ശുശ്രുതനും ഉണ്ടെങ്കിലും ഇവിടെ അതെ കുറിച്ചു പറയുന്നില്ല.
രോഗനിര്‍ണ്ണയം എങ്ങനെ എന്ന് ജഗദ്ബന്ധു മകന് പറഞ്ഞുകൊടുക്കുന്നുണ്ട്. 'രോഗം നിര്‍ണ്ണയിക്കാന്‍ ആദ്യം എല്ലാവിവരങ്ങളും ശേഖരിക്കണം. പിന്നെ രോഗിയുടെ മുറിയില്‍ കടന്ന് അവിടുത്തെ ഗന്ധം ശ്രദ്ധിക്കണം. പിന്നെ രോഗിയുടെ വിഷമങ്ങള്‍ ചോദിച്ചറിയണം. അതില്‍നിന്നു ലക്ഷണങ്ങള്‍ മനസ്സിലാക്കാം. പ്രത്യക്ഷപരിശോധനകളില്‍ പ്രഥമവും പ്രധാനവുമായത് നാഡീപരിശോധനയാണ്. പിന്നെയാണ് ജിഹ്വാഗ്രം, മൂക്ക് തുടങ്ങിയവ. അതിനുശേഷം വയറു തൊട്ടുനോക്കണം. ആദ്യം നാഡി തന്നെ. ' ദിവസം ഒ.പിയില്‍ നൂറില്‍പരം പേരെയാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ക്കു നോക്കേണ്ടി വരുന്നത്. അതിനിടയില്‍ വിശദമായ പരിശോധനയ്ക്ക് നേരമെവിടെ?
നാഡീചികിത്സകര്‍ക്ക് 'രോഗനിര്‍ണ്ണയത്തില്‍ തെറ്റു പറ്റില്ല. ഔഷധം തെരഞ്ഞെടുക്കുന്നതിലും പിഴവരില്ല. മൃത്യു എത്രകണ്ട് അമോഘമാണോ അത്രതന്നെ അമോഘമാണ് പഞ്ചമവേദമായ ആയുര്‍വ്വേദത്തിന്റെ കര്‍ത്താവ്-ബ്രഹ്മാവ്- സൃഷ്ടിച്ച ഔഷധങ്ങളുടേയും ഔഷധികളുടേയും ശക്തിയും.' എന്തൊരു തികഞ്ഞ ആത്മവിശ്വാസം! ഇന്ന് ഈ വിദ്യ അറിയാവുന്ന ആയുര്‍വേദഡോക്ടര്‍മാര്‍ ഉണ്ടാകുമോ? ഉണ്ടെങ്കില്‍ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്.
അലോപ്പതി ഡോക്ടര്‍ രംഗലാല്‍ ആയുര്‍വേദ-അലോപ്പതി താരതമ്യം നടത്തുന്നുണ്ട്. 'ഈ ശാസ്ത്രം കാലത്തിനൊപ്പം വളര്‍ന്നിട്ടില്ല. ഈ ശാസ്ത്രം ഉണ്ടായപ്പോഴും ഉച്ചസ്ഥിതി പ്രാപിച്ചപ്പോഴും കെമിസ്ട്രി ഇത്ര വളര്‍ച്ച നേടിയിരുന്നില്ല. അതുകൂടാതെ വേറേയും അനേകകാര്യങ്ങള്‍ കണ്ടുപിടിച്ചിരുന്നില്ല. അതിനുശേഷം എത്രയെത്ര നാട്ടില്‍ നിന്ന് എത്രയെത്ര ആളുകള്‍ നമ്മുടെ നാട്ടില്‍ വന്നു.? അവരോടൊപ്പം അവരുടെ നാട്ടിലെ രോഗങ്ങളും ഇവിടെ വന്നു. അതുമാത്രമല്ല ആയുര്‍വേദം ലക്ഷണങ്ങളും ഊഹങ്ങളും കൊണ്ടു നിര്‍ത്തിയപ്പോള്‍, ഇംഗ്ലീഷ് ചികിത്സാവിദ്യ മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ ജീവാണുക്കളെ കണ്ടുപിടിച്ച് അതില്‍നിന്നൊക്കെ വളരെയേറെ മുമ്പോട്ടു പോയിട്ടുണ്ട്.'
ഇന്നും പ്രസക്തമായ, വളരെ കാതലായ ഒരു കാര്യമാണ് ആ പറഞ്ഞിരിക്കുന്നത്. രോഗനിര്‍ണ്ണയത്തിന് അലോപ്പതിയോളം വരില്ല മറ്റൊന്നും. മോഡേണ്‍ മെഡിസിന്‍ നിരന്തരമായി ഗവേഷണത്തിലേര്‍പ്പിട്ടിരിക്കുമ്പോഴും-അവ എത്രമാത്രം ഇന്‍ഡ്യയില്‍ നടക്കുന്നു എന്ന് അറിയില്ല-നമ്മുടെ തനതു വൈദ്യമായ ആയുര്‍വേദത്തില്‍ കാര്യമായി എന്തെങ്കിലും റിസേര്‍ച്ച് നടക്കുന്നുണ്ടെന്നു തോന്നുന്നില്ല. ആയുര്‍വേദ-റിസേര്‍ച്ച് സെന്ററുകള്‍ എന്ന് പേരിട്ടുട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് വാങ്ങിക്കുക എന്നതിനപ്പുറം ജനോപകാരപ്രദമായ എന്തെങ്കിലും ഔട്ട്പുട്ട് വന്നതായി വായിച്ചു കേട്ടിട്ടില്ല. ഇത് തെറ്റാണെങ്കില്‍ അറിവുള്ളവര്‍ക്ക് തിരുത്താം. ആ തിരുത്തലിന് കാതോര്‍ക്കുന്നു ഞാന്‍. ഇപ്പോഴും 5000 വര്‍ഷം മുമ്പ്് ചരകനും ശുശ്രുതനും നിര്‍ദ്ദേശിച്ച ഔഷധങ്ങള്‍ക്കപ്പുറം കടക്കാന്‍ ആര്‍ക്കും ധൈര്യമില്ല. അവ പേരു മാറ്റി ഇട്ടെന്നിരിക്കും ചിലപ്പോള്‍. പമാന്തകം-ധുര്‍ധൂരപത്രാദി എണ്ണകള്‍ പേരു മാറ്റി സിനിമാനടന്റെ പേരു വച്ച് ബ്രാന്‍ഡഡ് എണ്ണകളായി വില്‍ക്കുന്നില്ലേ അതുപോലെ. ഇപ്പോഴുള്ള ആധുനിക സംവിധാനങ്ങള്‍ കൂടി ഉപയോഗിച്ച് ഈ തനതു വൈദ്യമേഖല പുഷ്ടിപ്പെടുത്തിയിരുന്നെങ്കില്‍ എത്ര ജനോപകാരപ്രദമാവുമായിരുന്നു!
ആധുനികചികിത്സയെ കുറിച്ച് രംഗലാല്‍ ഡോക്ടറും ആയുര്‍വേദ പാരമ്പര്യ ചികിത്സയെ കുറിച്ച് തന്റെ പിതാവും പറഞ്ഞത് തുലനം ചെയ്യുന്നുണ്ട് ജീവന്‍മശായ്. ജഗദ് മശായ്‌യുടെ വാക്കുകള്‍ക്ക് അര്‍ത്ഥത്തിനു പുറമേ ഒരു ഭാവതലം കൂടിയുണ്ടായിരുന്നു, വാക്കുകളില്‍ ഭഗവാനും ഭാഗ്യവും എപ്പോഴും കടന്നുവരികയും ചെയ്തു. എന്നാല്‍ രംഗലാല്‍ ഡോക്ടറുടെ വാക്കുകള്‍ രോഗവിജ്ഞാനവ്യാഖ്യാനത്തില്‍ മാത്രം ഒതുങ്ങി നിന്നു. 'ആ വാക്കുകളില്‍, ഈശ്വരനില്ല, വിധിയുമില്ല, വാക്കുകളുടെ അര്‍ത്ഥമല്ലാതെ യാതൊരു ഭാവബാഷ്പവും' ഇല്ല.
മനുഷ്യശരീരത്തെ എല്ലും പല്ലും കണ്ണും ഹൃദയവു കരളും എന്നിങ്ങനെ ഓരോ ഭാഗങ്ങളാക്കി വിഭജിച്ചുള്ള ആധുനികാചികിത്സാരീതിയില്‍ നിന്ന് ആയുര്‍വേദം ശരീര-മനസ്സുകളെ(ആത്മാവിനെ നമുക്കു വിടാം) മൊത്തമായി കാണുന്ന ഒരു സാത്വികജീവനരീതി എന്ന നിലയില്‍ വ്യത്യസ്തമാകുന്നത് ഇവിടെയാണ്.
'മനുഷ്യന്‍ മരിച്ചതിനു ശേഷം എന്തു സംഭവിക്കുമെന്ന് ഞങ്ങള്‍ അന്വേഷിക്കാറില്ല' പ്രാണന്‍ പക്ഷിയെങ്കില്‍ വേട്ടക്കാരനും ഉണ്ടാവുെമന്നും പറയുന്നുണ്ട് രംഗലാല്‍ ഡോക്ടര്‍. അപ്പോള്‍ പിന്നെ പുനര്‍ജ്ജന്മത്തിനെന്തു പ്രസക്തി? ശിഷ്ടര്‍ക്ക് ദുരിതവും, ദുഷ്ടര്‍ക്ക് പുഷ്ടിയും എന്തുകൊണ്ട് എന്നു തുടങ്ങിയ കുനഷ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വന്നപ്പോള്‍ മനുഷ്യന്റെ വായ് അടയ്ക്കാന്‍ കണ്ടുപിടിച്ചതാണ് ഈ പൂര്‍വ്വ-പുനര്‍ജ്ജന്മ ആശയങ്ങള്‍ എന്നത്രേ എനിക്കും തോന്നുന്നത്.
പണ്ഡിതനും ജ്ഞാനിയുമായ, തന്റെ ഏകമകന്‍ വിപിനന് രോഗം വന്നപ്പോള്‍ മെഡിക്കല്‍ഗ്രന്ഥങ്ങള്‍ വായിച്ചു മനസ്സിലാക്കിയ, ഹെഡ്മാസ്റ്റര്‍ രത്തന്‍ബാബു മകനെ ചികിത്സിക്കാന്‍ അലോപ്പതി ഡോക്ടര്‍മാരെ ഒഴിവാക്കി ജീവന്‍ മശായ്‌യെ ആണ് ക്ഷണിച്ചത്. അതിന്റെ കാരണം പറഞ്ഞത് 'അലോപ്പതിക്ക് അത്ഭുതകരമായ പുരോഗതി ഉണ്ടായിട്ടുണ്ട്, പക്ഷേ അവരുടെ ഔഷധങ്ങള്‍ നമ്മുടെ നാട്ടിലെ മനുഷ്യരുടെ ധാതുപ്രകൃതിക്ക് പറ്റിയതല്ല. നമുക്ക് അതു സഹിക്കാന്‍ കഴിയില്ല. പ്രവര്‍ത്തനത്തേക്കാള്‍ ഗുരുതരമാണ് പ്രതിപ്രവര്‍ത്തനം, ' എന്നത്രേ. പ്രതിപ്രവര്‍ത്തനത്തിന്റെ കയ്പുനീര്‍ ഏറെ ഇറക്കേണ്ടി വന്നിട്ടുണ്ട് എനിക്ക്, ഇനിയും പ്രതീക്ഷിക്കുന്നുമുണ്ട്. ഒഴിവാക്കാനൊക്കാത്ത ഈ അനിവാര്യതയെ കുറിച്ച് ആകുലപ്പെട്ടപ്പോഴും ഡോക്ടര്‍സുഹൃത്ത് പറഞ്ഞത്, 'ഒന്നുകില്‍ രോഗം സഹിക്കണം, അല്ലെങ്കില്‍ രോഗം മാറ്റി മരുന്നിന്റെ പാര്‍ശ്വഫലം അനുഭവിക്കണം, ഇതിലേതു വേണമെന്ന് തീരുമാനിക്കേണ്ടത് രോഗിയാണ് ' എന്നത്രേ.
പാര്‍ശ്വഫലങ്ങള്‍ പക്ഷേ പൊതുവേയുള്ള വിശ്വാസം പോലെ അലോപ്പതിക്കു മാത്രമാണെന്ന് കരുതുന്നില്ല. പഴയ കാലത്ത് ആയുര്‍വേദഡോക്ടര്‍മാര്‍ മൂന്നു മാസം തുടര്‍ച്ചയായി മരുന്നു കൊടുത്താല്‍ പിന്നെ ഒരു മാസം നിര്‍ത്തുമായിരുന്നു എന്ന് വളരെ വിവരമുള്ള ഒരു ബന്ധു പറഞ്ഞു. കൂടാതെ കഷായങ്ങളും മറ്റും കൂടുതല്‍ സേവിച്ചാല്‍ ലെഡ് അടിഞ്ഞ് കിഡ്‌നി അടിച്ചുപോകും എന്നും മറ്റും പറഞ്ഞുകേട്ടിട്ടുണ്ട്. നെറ്റിലും വായിച്ചിരുന്നു. ഇപ്പോഴുള്ള ആയുര്‍വേദ ഔഷധങ്ങള്‍ പഴയതുപോലെ ഗുണമേന്മയുള്ളവയല്ല, ചിലപ്പോള്‍ ദോഷകരവും ആയേക്കാം, കാരണം മിയ്ക്കവരും അലൂമിനിയം പാത്രങ്ങളിലാണ് ഉണ്ടാക്കുന്നത്, എന്നു പറഞ്ഞുതന്നത് ഒരു അറിവുള്ള ആളാണ്. ഒരിക്കല്‍ കിഴി പിടിക്കാന്‍ പോകുമായിരുന്നപ്പോള്‍ എല്ലാത്തിനും അലൂമിനിയം ഉപയോഗിക്കുന്നതുകണ്ട് എനിക്കു വിഷമം തോന്നിയിരുന്നു.
'ഈ നാടു മൃത്യുവിനെ പ്രേമിക്കുന്നതു പോലെയാണ്, ' എന്ന് ദേഷ്യപ്പെടുന്ന അലോപ്പതി ഡോക്ടറായ പ്രദ്യോത് ആത്മാര്‍ത്ഥതയിലും സേവന തല്‍പ്പരതയിലും ആരേക്കാളും പുറകിലല്ല. അതെ 'ധീരനും സാഹസിയും ആയ, സ്വന്തം ശാസ്ത്രത്തില്‍ ഉറച്ചു വിശ്വസിക്കുന്നവനും നിര്‍ഭീകനുമായ യുവചികിത്സകനായ' പ്രദ്യോത് ഡോക്ടര്‍ ശരിയാണ്. നാഡീവിശാരദനായ ജീവന്‍മശായ്‌യും ശരിയാണ്. അവസാനഭാഗത്ത് ഇരുവരും ചേര്‍ന്ന് പ്രദ്യോതിന്റെ ഭാര്യയെ ചികിത്സിക്കുന്ന ഭാഗമുണ്ട്. അതാണ്, ശരിയായ പരസ്പരപൂരകങ്ങളായ ചികിത്സ. മോഡേണ്‍ മെഡിസിന്‍, ആള്‍ട്ടര്‍നേറ്റ് മെഡിസിന്‍സ് എന്ന തരംതിരിവ് തികച്ചും തെറ്റാണ്, എല്ലാം കോംപ്ലിമെന്റെറി മെഡിസിന്‍സ്, പരസ്പരപൂരകങ്ങളായ ചികിത്സാവിഭാഗങ്ങള്‍ എന്നല്ലേ കണക്കാക്കേണ്ടത്. ഓരോ സന്ദര്‍ഭത്തില്‍ ഓരോന്നും ഉപയോഗിക്കാന്‍ പറ്റുന്നത്ര ചികിത്സാ അവസരങ്ങള്‍ ഉള്ള നമ്മള്‍ ഭാഗ്യമുള്ളവരല്ലേ?
'ഇംഗഌഷ് ഡോക്ടര്‍മാരുടെ സര്‍ക്കാര്‍ അനുഗ്രഹത്തോടെയുള്ള പ്രാക്ടീസ്‌കൊണ്ടു വൈദ്യശാലകള്‍ അടച്ചുപൂട്ടാന്‍ തുടങ്ങി. ' അതെ, ഇതായിരുന്നു നമ്മള്‍ ചെയ്ത തെറ്റ്. രോഗത്തോടു പോരാടാന്‍ അനുദിനം' ആയുധങ്ങള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കുന്ന' ആധുനികചികിത്സാരീതിക്ക് ഇവിടെ സ്വാഗതം അരുളിയത് വളരെ വലിയ കാര്യമാണ്, പക്ഷേ അതു നമ്മുടെ പാരമ്പര്യരീതിയെ പുറംതള്ളിക്കൊണ്ടു വേണ്ടിയിരുന്നില്ല.
ഇപ്പോഴത്തെ നമ്മുടെ വൈദ്യവിദ്യാഭ്യാസ യോഗ്യതാപരീക്ഷയുടെ ഫലനിര്‍ണ്ണയ രീതി മോഡേണ്‍ മെഡിസിന്‍ ഒഴിച്ചുള്ള മറ്റെല്ലാ വിഭാഗങ്ങള്‍ക്കും നാണക്കേടാണെന്നേ ഞാന്‍ പറയൂ. ഏറ്റവും ഉയര്‍ന്ന റാങ്കുകാര്‍ അലോപ്പതി, പിന്നെയുള്ളത് യഥാക്രമം ആയുര്‍വേദം, ഹോമിയോപ്പതി ഇങ്ങനെയല്ലേ? അതായത് സര്‍ക്കാര്‍ തന്നെ ഓരോന്നിനും ഓരോ പദവി നിശ്ചയിച്ചിരിക്കുന്നു എന്ന്, ഒന്ന് മറ്റൊന്നിനെക്കാള്‍ കുറഞ്ഞതാണ് എന്ന്. മനമില്ലാമനസ്സോട, തികഞ്ഞ ഗ്രഡ്‌ജോടെ ആയിരിക്കില്ലേ ഇവിടെ കുട്ടികള്‍ ആയുര്‍വേദവും ഹോമിയോയും മറ്റും തെരഞ്ഞെടുക്കുന്നത്, അവരെ കുറഞ്ഞവരെന്നു സര്‍ക്കാര്‍ തന്നെ മുദ്ര കുത്തുമ്പോള്‍?
ഇനി ഒരു ഫഌഷ് ബാക്ക്.
'മോളേ, എഴുന്നേല്‍ക്ക്, ഒന്നിങ്ങു വന്നേ,' എന്ന കസിന്‍ -ചേച്ചി-ന്റെ കുലുക്കി വിളി കേട്ട് ഒരു ഏഴുവയസ്സുകാരി കുഞ്ഞിപ്പെണ്ണ് പാതിരാത്രിക്ക് കണ്ണു പാതി തുറന്ന് എഴുന്നേറ്റിരുന്നു, 'വാ, മുയല്‍ച്ചെവിയന്‍ എവിടെയാ നില്‍ക്കുന്നേന്നൊന്നു കാണിച്ചു താ.' മുറ്റം മുഴുവന്‍ ലൈറ്റിട്ട് വെട്ടം ഉണ്ട്. ഉറക്കച്ചടവോടെയെങ്കിലും ചേച്ചിയുടെ കയ്യ് പിടിച്ച് നടത്തിച്ചു, മുറ്റത്തിനോടു ചേര്‍ന്ന് കൃത്യം സ്ഥലം കാണിച്ചുകൊടുത്തു, 'ഇനി മോളു പോയി ഉറങ്ങിക്കോ ' എന്നു ചേച്ചി പറഞ്ഞത് അനുസരിക്കയും ചെയ്തു. പിറ്റേന്നാണു മനസ്സിലായത് അച്ഛനെ എന്തോ ജീവി കുത്തി, മഞ്ഞളും കൂട്ടി മുയല്‍ച്ചെവിയന്‍ അരച്ചിടാനായിരുന്നു മുത്തശ്ശന്‍ കല്‍പ്പിച്ചത്. ഔഷധച്ചെടികളെല്ലാം കൃത്യമായി എവിടെ എന്ന് അറിയാവുന്നത് അവിടെ ആ കുഞ്ഞിപ്പെണ്ണിനു മാത്രമായിരുന്നു.
എന്റെ അച്ഛന്റെ അച്ഛന്‍, മുത്തശ്ശന്‍, ഒരു സംസ്‌കൃതപണ്ഡിതനായിരുന്നു. അച്ഛനുമായി ഒട്ടും ചേരില്ലായിരുന്നുവെന്ന ഒരു ഉപകഥ ഉണ്ടെങ്കിലും മെലിഞ്ഞുണങ്ങി അല്‍പ്പപ്രാണിയായ എന്നോട് എന്തോ ഒരു വാത്സല്യക്കൂടുതല്‍ മുത്തശ്ശനുണ്ടായിരുന്നു. നിഴല്‍ നോക്കി സമയം കണ്ടുപിടിക്കാനും, പറമ്പില്‍ തനിയെ വളര്‍ന്നു വരുന്ന വിവിധ ഔഷധച്ചെടികളുടെ പേരും ഉപയോഗവും മനസ്സിലാക്കുവാനും എന്നെ പഠിപ്പിച്ചു തന്നിരുന്നു. ഇത്തരം കാര്യങ്ങളോടെല്ലാം എനിക്ക് എന്തോ ഒരു അഫിനിറ്റി ഉണ്ടെന്ന് മുത്തശ്ശന്‍ മനസ്സിലാക്കിയിരുന്നു. അവധികളില്‍ കസിന്‍സ് എല്ലാവരും കൂടി ആറ്റില്‍ കുളിക്കാന്‍ പോകുമ്പോള്‍ നിഴല്‍ നോക്കി സമയം പറയേണ്ടത് എന്റെ ജോലി ആയിരുന്നു, സമയം കൂടിപ്പോയി വഴക്കുകിട്ടുമോ എന്ന് അറിയാനായിരുന്നു ഇത്. ഇപ്പോള്‍ ആ അറിവുകളൊന്നും തന്നെ ഓര്‍മ്മയില്ല, കിട്ടിയതിന്റെ വിലയറിയാതെ കാലം കൈമോശം വരുത്തുന്ന പലതുമില്ലേ, അക്കൂട്ടത്തിലൊന്ന്. അത്രതന്നെ.
'ഈ വിദ്യയുടെ ശിക്ഷാരീതിയില്‍ വലിയ ഒരു ഭാഗം നിനക്ക് അരുചികരമാണ്.' അലോപ്പതി പഠിക്കാനെത്തുന്ന ജീവന്‍ മശായ്യോടു രംഗലാല്‍ ഡോക്ടര്‍ പറയുന്നതാണിത്. തന്റെ മൂത്തമകള്‍ സുഷമയുടെ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയുടെ മൃതശരീരം പഠനാര്‍ത്ഥം കീറിമുറിക്കുവാന്‍ രംഗലാല്‍ ഡോക്ടര്‍ ആവശ്യപ്പെടുമ്പോള്‍ ജീവന്‍മശായ് കരഞ്ഞുകൊണ്ട്, തൊഴുകയ്യോടെ തനിക്കു വയ്യ എന്നു പിന്മാറി.
സംസ്‌കൃതശ്ലോകവും മലയാള ശ്ലോകവും ഒന്നിച്ചു വായിച്ചാല്‍ എന്റെ പൊട്ടത്തലയില്‍ പെട്ടന്ന് കൂടുകൂട്ടുന്നത് അര്‍ത്ഥമറിയാത്ത സംസ്‌കൃതശ്ലോകം ആണ്. ഞാന്‍ ശരിക്കും ഒരു നാട്ടുവൈദ്യത്തി ആവേണ്ട ആളായിരുന്നു! പക്ഷേ ആയത് എഞ്ചിനീയര്‍, കാലത്തിന്റെ ഓരോ കളി ! പത്ത് കഴിഞ്ഞ് പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പെടുത്തതിന് കാരണം ഒന്നേയുണ്ടായിരുന്നുള്ളു, തവളയേയും പാറ്റയേയും ഒന്നും കീറിമുറിച്ച് പഠിക്കുന്നത് ഓര്‍ക്കുവാന്‍ കൂടി വയ്യ! തീരുമാനം എടുത്തത് എത്ര എളുപ്പത്തില്‍!
കപടശാസ്ത്രം എന്ന് ഇപ്പോള്‍ പറയുന്ന-ആഘോഷിക്കുന്ന-ഹോമിയോപ്പതി, തേനിയിലുള്ള തമിഴ് ആദിവാസികളുടെ അമ്പരപ്പിച്ചു കളഞ്ഞ ഓര്‍ത്തോ ചികിത്സാവൈദഗ്ദ്ധ്യം അടക്കം വിവിധ വൈദ്യരീതികളെപ്പറ്റി അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള കൂടുതല്‍ വിശകലനം അടുത്ത ലക്കത്തില്‍...
"Mata praises De Beek..>> After the beautiful assist"
ReplyDelete