താരാശങ്കര്‍ ബന്ദോപാദ്ധ്യായയുടെ 'ആരോഗ്യനികേതനം' പുനര്‍വായന മനസ്സില്‍ സൃഷ്ടിച്ച തുടര്പ്രകമ്പനങ്ങളത്രേ ഈ കുറിപ്പ്.
പെണ്കുട്ടിക്കാലങ്ങളില് മരണം തീവ്രവിഹ്വലതയായിരുന്നു എനിക്ക് . എന്നും രാവിലെ ഉണരുമ്പോള്‍ ഹോ, മരണത്തോട് ഞാന്‍ ഒരു ദിവസം കൂടി അടുക്കുകയാണല്ലോ എന്ന ചിന്ത എന്നെ വല്ലതെ വിഷമിപ്പിച്ചിരുന്നു, പ്രത്യേകിച്ചും അച്ഛനമ്മമാരില്‍ നിന്നകന്നു കഴിഞ്ഞ കോണ്‍വെന്റ് ബോര്‍ഡിംഗ്സ്കൂള്‍ ദിനങ്ങളില്‍. അന്നെല്ലാം അവധിക്കാലം പെട്ടന്നു വരണേ എന്ന് ആഗ്രഹിക്കും, ഉടനേ വരികയായി അയ്യോ, അപ്പോള്‍ മരണദിവസം കൂടുതല്‍ അടുക്കുകയാവുമല്ലോ എന്ന ഭീതി. അതോടെ തളര്‍ച്ചയാവും. മോചനമില്ലെന്ന തിരിച്ചറിവില്‍, ഒരിക്കലും ആരോടും പറയാത്ത, സ്വയം അനുഭവിച്ചുതീര്‍ത്ത സംഘര്‍ഷങ്ങള്‍.
റോഡിന് അഭിമുഖമായുള്ള ജനാലകള്‍ തുറക്കാനോ വരാന്തയില്‍ ഇറങ്ങിനില്ക്കാനോ ബോര്‍ഡേഴ്സിന് അനുവാദമുണ്ടായിരുന്നില്ല. പക്ഷേ പള്ളിയിലേക്ക് ആരുടെയെങ്കിലും മരണയാത്ര പോകുമ്പോള്‍ അത് കാണാനായി തുറക്കാം. ഒന്ന്-രണ്ട്-ഒന്ന് എന്ന് ഇടവിട്ടിടവിട്ടുള്ള മണിയടി, 'വഴിയാത്രക്കാരാ നിന്തിരുമുമ്പില് കബറിടമല്ലോ ' എന്ന് മരണം അനുഭവിപ്പിക്കുന്ന ഈണത്തിലുള്ള പാട്ട്...അഹോ ഭീതിദമായിരുന്നു ആ ഫീല്‍. മരണം കാണുന്നത് പുണ്യമാണെന്നും അവിടെ അടുത്തുള്ള ഒരു സെമിനാരിയിലെ അച്ചന്മാര്ക്ക് ദിവസം ഒരു മരണമെങ്കിലും കണ്ടിരിക്കണം എന്നതാണ് വ്രതം എന്നും മറ്റും പറഞ്ഞുകേട്ടിരുന്നു.
'എന്നും അര്‍ദ്ധരാത്രിയില്‍ പട്ടികള്‍ കിടന്നു മോങ്ങും. പിംഗളകേശിനി വഴിയില്‍ ചുറ്റി നടക്കുന്നത് അവയക്കു കാണാം; ' ഈ പട്ടിമോങ്ങല് ആയിരുന്നു എന്റെ മറ്റൊരു പേടി, പ്രത്യേകിച്ചും രാത്രികാലങ്ങളില്‍. കാലനെ കണ്ടിട്ടാണ് അവ ഇങ്ങനെ 'വേളുന്നത്' എന്ന് പറഞ്ഞുതന്നത് ഒരു മുതിര്‍ന്ന ബന്ധുവായിരുന്നു. അന്നുമുതല്‍ ആ ശബ്ദം എന്നെ വിറകൊള്ളിക്കുമായിരുന്നു.
പിന്നെ താമസം വീട്ടുകാര്ക്കൊപ്പമാക്കിയ കോളേജ് കാലമെത്തിയപ്പോള്‍ അതെല്ലാം മറന്നേ പോയി. അന്നെന്നോ ആണ് 'ആരോഗ്യനികേതനം 'വായിച്ചതും. അതോടെ എന്നില്‍ ഉറങ്ങിക്കിടന്നിരുന്ന മരണഭയം ഞാന്‍ പോലും അറിയാതെ എന്നെ വിട്ടകന്നുപോയി. സ്വന്തം മരണത്തെ സമചിത്തയോടെ കാണാന്‍ പഠിപ്പിച്ചു തന്നു ആ പുസ്തകം. യമലോകത്തേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന 'പിംഗളകേശിനി' ഭയക്കപ്പെടേണ്ടവളല്ല, ഉടുപ്പൂരിയെറിയുന്ന ലാഘവത്തോടെ സകല കെട്ടുപാടുകളില്‍ നിന്നും മോഹമുദ്ഗരങ്ങളില് നിന്നും വിടുതി നേടുന്ന മഹാനുഭൂതി നമ്മെ അനുഭവിപ്പിക്കുന്നവളാണവള് എന്നത് ചില്ലറ അറിവൊന്നുമായിരുന്നില്ല.
മൃതി എന്ന പിംഗളകേശിനിയെപ്പറ്റിയുള്ള മഹാഭാരതകഥ ആരോഗ്യനികേതനത്തിലെ ജഗദ്ബന്ധുമശായ് മകനു പറഞ്ഞുകൊടുക്കുന്നതിങ്ങനെ:
'വിചിത്രം തുടങ്ങി വിചിത്രതമം വരെയുള്ള' സൃഷ്ടികള്‍ എമ്പാടും നടത്തി, ഭഗവാന് പ്രജാപതി ആനന്ദതുന്ദിലനായി കഴിഞ്ഞുവരവേ ഒരു ആര്‍ത്തനാദം ആ കര്‍ണ്ണപുടങ്ങളില്‍ വന്നലച്ചു, മറ്റാരുടേതുമല്ല, അധികഭാരത്താല്‍ തളര്‍ന്നുപോയ സാക്ഷാല്‍ ഭൂമീദേവിയുടെ ഞരങ്ങലായിരുന്നു അത്. ഒപ്പം ജീര്‍ണ്ണിച്ച ജീവികളുടെ അസഹ്യഗന്ധവും. ഇതിനെന്തു പ്രതിവിധി എന്നു ചിന്താക്രാന്തനായ ദേവന്റെ ഉടലില്‍ നിന്ന് ഒരു ഛായാരൂപം പുറത്തുവന്നു. രൂപം പിംഗളകേശിനിയും പിംഗളനേത്രിണിയും പിംഗളവര്‍ണ്ണയും ആയ ഒരു സ്ത്രീയായി മാറി. കഴുത്തിലും കൈയ്യിലും മണിബന്ധത്തിലും താമരയിലമാലകള്‍ അണിഞ്ഞ ഒരു കാഷായവസ്ത്രധാരിണി. ബഹുമാനപൂര്‍വ്വം പിതാവിനെ വണങ്ങി തന്റെ നിയോഗം അന്വേഷിച്ചു അവള്.
'നീ എന്റെ പുത്രി മൃതി. സൃഷ്ടിസംഹാരമാണ് നിന്റെ ദൗത്യം, ' ഇതുകേട്ട മൃതി തളര്‍ന്നു, തന്റെ നാരീഹൃദയം, നാരീധര്‍മ്മം ഇതു സഹിക്കുമോ എന്നു കരഞ്ഞുതുടങ്ങി. ഈ നീചകൃത്യത്തില്‍ നിന്നൊഴിവാകാന്‍ ഉഗ്രതപസ്സു തുടങ്ങി. നിവൃത്തികെട്ട് പ്രജാപതി പ്രത്യക്ഷപ്പെട്ടു, പക്ഷേ മൃതിയുടെ ആവശ്യം നിരസിച്ചു. അങ്ങനെ രണ്ടാമതും മൂന്നാമതും ഘോരതപസ്സ്. മൂന്നാമതു പ്രത്യക്ഷപ്പെട്ടപ്പോള്‍ മൃതിയുടെ കണ്ണുനീര് പ്രവഹിച്ചു. താഴെ വീണാല്‍ വീണിടം ചാമ്പലാകുമെന്ന് ഭഗവാന് തന്നെ അതു കയ്യില്‍ താങ്ങി. പക്ഷേ ഓരോ തുള്ളിക്കണ്ണുനീരും ഓരോ കുടിലമൂര്ത്തിയായി മാറി.
'ഇവരാണു രോഗങ്ങള്‍! ഇവര്‍ നിന്റെ സൃഷ്ടിയാണ്. ഇവരായിരിക്കും നിന്റെ സഹചാരികള്‍. ' ഭഗവാന് പറഞ്ഞു
പക്ഷേ നാരിയായിരിക്കെ പത്നിയില്‍ നിന്നു പതിയേയും മാതാവില്‍ നിന്നു മകനേയും വേര്‍പെടുത്തുന്നത് എങ്ങനെ കണ്ടുനില്ക്കും, കേട്ടുനില്ക്കും എന്നായി പാവം മൃതി. അതിനും ഭഗവാന് തത്ക്ഷണം പരിഹാരമുണ്ടാക്കി, മൃതി ആദ്യം അന്ധയായി, പിന്നെ ബധിരയും ! ഈ പാപമെല്ലാം തന്റെ തലയില്‍ വീഴില്ലേ എന്ന മൃതിയുടെ സംശയത്തിനും ഉടനടി വന്നു സമാധാനം.
'സകല പാപപുണ്യങ്ങള്‍ക്കും അതീതയാണ് നീ. പാപം നിന്നെ സ്പര്‍ശിക്കയില്ല. കൂടാതെ മനുഷ്യന്റെ കര്‍മ്മഫലങ്ങള്‍ നിന്നെ കൈമാടി വിളിക്കും. അനാചാരവും അമിതാചാരവും വ്യഭിചാരവും മൂലം മനുഷ്യന് രോഗാക്രാന്തനാകും. നീ അവനു വേദനയില്‍ നിന്നു മുക്തിയും ഉള്‍ത്താപത്തില്‍ നിന്നു ശാന്തിയും പുരാതനജന്മാന്തരത്തില്‍ നിന്നു നവജന്മാന്തരവും പ്രദാനം ചെയ്യും.'
അന്ധയും ബധിരയുമായ മൃതിയെ രോഗങ്ങളാണ് അമ്മ കുഞ്ഞിനെ എന്ന പോലെ നയിച്ചുകൊണ്ടുപോകുന്നതത്രേ. മൃതിയെ നിയന്ത്രിക്കുന്ന ഒരേയൊരു നിയമമേയുള്ളു. കാലം! കാലം പൂര്‍ണ്ണമായവര്‍ക്ക് പോയേ കഴിയൂ! കാലം രോഗത്തിനു സഹായകമല്ലാത്തപ്പോള്, അപ്പോള്‍ മാത്രം, രോഗത്തെ തടയാനുള്ളതാണ് ആയുര്‍വേദം അഥവാ ചികിത്സ. ഓര്‍ക്കുക, ദൈവം എന്ന വാക്കിനര്‍ത്ഥം കാലം എന്നത്രേ.
'ബ്രഹ്മാവിന്റെ കുടിലദൃഷ്ടിയില്‍ നിന്ന് മൃതി സൃഷ്ടിക്കപ്പെട്ടു, ഇതേ ബഹ്മാവിന്റെ തന്നെ പ്രസന്നദൃഷ്ടിയില്‍ നിന്ന് ഔഷധങ്ങളും, ' എന്നും പഞ്ചമവേദമായ ആയുര്‍വേദത്തെ കുറിച്ച് വര്‍ണ്ണിക്കുന്നതിനിടയില്‍ ജഗദ് മശായ് മകനോടു പറയുന്നുണ്ട്. അതായത് പ്രശ്നത്തിനൊപ്പം പ്രശ്നപരിഹാരവും സൃഷ്ടിച്ചുവെന്നര്‍ത്ഥം!
'യമന്‍ വരുന്ന നേരമങ്ങെനിക്കു പേടി പോക്കുവാന് എരിഞ്ഞ കണ്ണിലഗ്നിയോടെ യമനെയൊന്നു നോക്കണം.' മൃത്യുവിന്റെ അധിദേവനായ ശിവഭഗവാനോട് മൃത്യുഭയം പോക്കണേ എന്നുള്ള പ്രാര്‍ത്ഥനയാണ് ഇത്. പണ്ടുകാലത്ത് ഹിന്ദുഭവനങ്ങളില്‍ സന്ധ്യാകാലങ്ങളില്‍ ചൊല്ലുമായിരുന്ന പഞ്ചാക്ഷരകീര്‍ത്തനം. വളരെപ്പേരുടെ മരണകാലം പ്രവചിച്ച, മരണം കണ്ടു കണ്ടു നിര്‍മ്മമത്വം കൈവന്ന ജീവന്‍മശായ് പോലും സ്വന്തം യാത്രാസമയമടുത്തപ്പോള് പക്ഷേ ഒന്നു മനസ്സിലാക്കി, 'മൃത്യുഭയത്തിനു തുല്യമായ ഒരു ഭയവുമില്ല, മൃത്യുരോഗവേദനയേക്കാള് വലിയ വേദനയും 'എന്ന്. അതാവാം ഏറ്റം വലിയ പരമസത്യം. അതെ, പച്ചജീവിതയാഥാര്ത്ഥ്യങ്ങളിലേക്ക് ആയിരുന്നിരിക്കണം ബോര്ഡിംഗസ്ക്കൂള് ജനാലകള്‍ തുറന്നിട്ടത്, മനസ്സ് പാകപ്പെടുത്താനായിരുന്നിരിക്കണം അച്ചന്മാരുടെ വ്രതവും സന്ധ്യാവേളകളിലെ പഞ്ചാക്ഷരകീര്‍ത്തനം ചൊല്ലലും. പട്ടം ഉയരങ്ങളില്‍ പറക്കുമ്പോഴും ചരട് പിടിവിട്ടുപോവാതെ ഭൂമിയില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്താനുള്ള സ്ഥൈര്യം പകര്‍ന്നത് ആ ബോര്‍ഡിംഗ് കാലം കൂടിയാവാം.
നാഡീവിദഗ്ദ്ധനായ വൈദ്യനും മൃതിദേവിയും തമ്മിലുള്ള ഒരു അവകാശസംവാദമുണ്ട്. ജഗദ്മശായ് മകനോടു പറഞ്ഞുകൊടുക്കുന്നതു തന്നെ.
തനിക്ക് അവകാശമുള്ളിടത്ത് മൃത്യു നാഡീവിദഗ്ദ്ധനായ വൈദ്യരോടു പറയും ' എന്റെ വഴിവിട്ടു പൊയ്ക്കൊള്ളൂ, ഇത് എന്റെ അവകാശമാണ്.'എന്നാല്‍ അവകാശമില്ലാത്തിടത്ത് മൃത്യു അറിയാതെങ്ങാനും കടന്നു പോയാലോ, വൈദ്യര് പറയും, 'ദേവീ! സമയം ഇനിയും ആയിട്ടില്ല, സ്വസ്ഥാനത്തേക്കു മടങ്ങിപ്പോകൂ. ' എത്ര നല്ല ഭാവന!
മൃതിദേവിയുടെ സന്തതസഹചാരിണികളില് ഒരുവള്‍ എനിക്കൊപ്പം കൂടിയിട്ട് വര്‍ഷം അഞ്ചായിരിക്കുന്നു. 2011-12 കാലം എന്റെ ശരീരം അവള്‍ക്ക് വസന്തകാലം തീര്‍ത്തു! അവളുടെ ആ പുഷ്ക്കലകാലത്ത് 24 മണിക്കൂറും കിടന്നു പോയ നാളുകളുണ്ടായിരുന്നു. മശായ്മാരെപ്പോലെ നാഡിനോക്കി മൃതിദേവിയുടെ കാലൊച്ച കേള്‍ക്കാനാകുന്ന ആളായിരുന്നില്ല എന്റെ ഡോക്ടര്‍. പക്ഷേ അദ്ദേഹം തീരുമാനിച്ച ഔഷധങ്ങള്‍ 'ദേവീ! സമയമായിട്ടില്ല' എന്നു പറഞ്ഞുകാണണം. പക്ഷേ ആയുഷ്ക്കാലം അവള് എന്നെ വിട്ടുപോവില്ലത്രേ! അനുനിമിഷം എന്റെ 'ജീവിതശക്തിയെ ക്ഷയിപ്പിച്ചുകൊണ്ട്, മൃത്യുസ്പര്‍ശം വഹിച്ച്, ' എനിക്കു കൂട്ടായി എന്നുമെന്നും അവള് കൂടെത്തന്നെയുണ്ടാവും! കാലം തനിക്ക് അനുകൂലമാകുന്നത് തക്കം പാര്‍ത്തുകൊണ്ട്, ഇനി മടങ്ങില്ല, വരൂ, സമയമായി എന്നു മൃതിദേവി എന്നെ വന്നു വിളിക്കും നേരം വരെ.
ആ നേരം വരെ മറക്കാതിരിക്കുവാന്‍ അല്ല എപ്പോഴും ഓര്‍മ്മിക്കുവാന്‍ ചിലത്:
"കരളില്‍ വിവേകം കൂടാതെക-
ണ്ടരനിമിഷംബത!കളയരുതാരും!
മരണം വരുമിനിയെന്നു നിനച്ചിഹ
മരുവക സതതം നാരായണ ജയ
കാണുന്നുചിലര്‍ പലതുമുപായം;
കാണുന്നില്ല മരിക്കുമിതെന്നും;
കാണ്കിലുമൊരുനൂറ്റാണ്ടിനകത്തി-
ല്ലെന്നേ കാണൂ;നാരായണ!ജയ "
(ശ്രീ മഹാഭാഗവതകീര്ത്തനം-ഒന്നാംപാദം)
വാട്സാപ്പ് വഴി കിട്ടിയ ഒരു മനോഹര ഓര്‍മ്മപ്പെടുത്തല്‍ കൂടി :
'ഓഹ്... എന്റെ മരണമേ... വെറുതെ ഇരിക്കുമ്പോളൊക്കെ ഞാന്‍ എന്റെ മരണത്തെ ഓര്‍ക്കാറുണ്ട്...ആ നനഞ്ഞ ദിവസം...എന്റെ കൂട്ടുകാരെകൊണ്ടും എന്റെ ബന്ധുക്കളെക്കൊണ്ടും എന്റെ വീടിന്റെ മുറ്റം നിറയുന്ന ദിവസം...?എന്റെ മരണ വാര്‍ത്ത അറിഞ്ഞ് അനുശോചനം ചൊല്ലുന്ന ദിവസം...എന്റെ പൊന്നമ്മച്ചിയുടെ വസ്ത്രം കണ്ണീരിനാല്‍ നനഞ്ഞ് കുതിരുന്ന ദിവസം...എന്റെ ശരീരം പൊതിയാന്‍ വെള്ള വസ്ത്രം തിരയുന്ന ദിവസം...ഞാന്‍ നിത്യം ഉപയോഗിക്കുന്ന ഫോണ്‍ എന്നെ പരിചയ ഭാവം നടിക്കാത്ത ദിവസം...ഞാന്‍ ഇടക്ക് മാത്രം ഉപയോഗിക്കുന്ന പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ മാത്രം എന്നോട് പരിചയം നടിക്കുന്ന ദിവസം...
ഫ്രീക്കന്മാരായ കൂട്ടുകാരെക്കൊണ്ടൊന്നും നമുക്ക് ഉപകാരമില്ലാത്ത, എന്നാല്‍ ചങ്കായ കൂട്ടുകാരുടെ ചങ്കു തകരുന്ന ദിവസം... കല്ല്യാണത്തിന് ഇട്ട നാം വാങ്ങിയ പുതു വസ്ത്രം ഇന്ന് അയലിന്മേല് കിടന്ന് നമ്മേ പരിഹസിക്കുന്ന ദിവസം...
എന്റെ 'റൂം' എന്ന് അഹങ്കാരത്തോടെ നാം പറഞ്ഞ നമ്മുടെ മുറിയില്‍ നമ്മുടെ അനുവാദമില്ലാതെ മറ്റുള്ളവര്‍ നമ്മെ കാണാന്‍ തിക്കും തിരക്കും കൂട്ടുന്ന ദിവസം...അടിപൊളിയായി ജീവിച്ച എന്നെ ജഡമെന്ന് പറയുന്ന ദിവസം...
ഒരു മാസത്തേക്കുള്ള നെറ്റ് ഓഫര്‍ ചെയ്യുമ്പോള്‍ നാം മറന്ന് പോയ ഇടയിലെ ഈ ദിവസം...
ഗാരന്റി ഇല്ലാത്ത നമ്മുടെ ജീവിതത്തില്‍ ഗരന്റിയും വാറന്റിയും ഉള്ള വസ്തുുള് മാത്രം വാങ്ങിയ നമ്മുടെ ഗാരന്റി തീര്‍ന്ന ദിവസം...
ഒടുവില്‍...നിത്യം ഉപയോഗിക്കുന്ന സോപ്പ് കൊണ്ടല്ലാതെ, ആരൊക്കെയോ കുളിപ്പിച്ച്...നിത്യം തേക്കുന്ന ക്രീം തേക്കാതെ...മുടി ചീകാതെ...ജെല്‍ തേക്കാതെ...പൊതിഞ്ഞു കെട്ടി വയ്കുന്ന ദിനം...
വീടിന്റെ മുന്നില്‍ അപ്പനെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് വാങ്ങിപ്പിച്ച ബൈക്കിനു പകരം നമ്മുടെ അവസാന വാഹനമായ ശവ മഞ്ചത്തില്‍ ഇറക്കിവെക്കുന്ന കരയിപ്പിക്കുന്ന ദിവസം...ഉള്ളില്‍ നിലവിളിയുടെ തേങ്ങലുകള്‍ അലയടിക്കുന്ന വല്ലാത്ത നിമിഷം...പിന്നെ...പിന്നെ യാത്രയാണ് അവസാന യാത്ര...
ഏ സി ഉള്ള റൂമില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന നമ്മേ... കിടത്തുന്ന ഇരുളടഞ്ഞ കുഴി... ചിത കഷ്ടിച്ച് ഒന്ന് തിരിഞ്ഞ് കിടക്കാന്‍ പോലും കഴിയാത്ത നമ്മുടെ അവസാനത്തെ മുറി...അതില്‍ നമ്മേ ഇറക്കിവെച്ച്... ഒരോരുത്തരും ഓരോ പിടി മണ്ണും വാരി ഇട്ട്... കണ്ണീരും വീഴ്ത്തി നാം കിടക്കുന്നതും നോക്കി നടന്നു നീങ്ങും...
കഴിഞ്ഞില്ലെ എല്ലാം...? ഇന്നലെവരെ നീ പേരുകേട്ട കമ്പനിയിലെ മാനേജറായിരുന്നു...വലിയ ഓഫീസറായിരുന്നു...എന്നിട്ടോ...?കഴിഞ്ഞില്ലെ എല്ലാം...ഇപ്പോള്‍ നീ ജഡമാണ്...വെറും ജഡം...നാളെ നിന്റെ ഇന്നുവരെയുള്ള സ്ഥാനത്ത് പുതിയ ആള് വരും...ദിവസങ്ങള്‍ കാറ്റിന്റെ വേഗതയില്‍ നീങ്ങും...നിന്നെ മെല്ലെ മെല്ലെ എല്ലാവരും മറന്ന് തുടങ്ങും...നിന്റെ അമ്മയും...നീ ചെയ്ത നന്മയും.... നിന്റെ കബറും ഒഴിച്ച്...ബാക്കി എല്ലാവര്ക്കും നീ പഴയോരു ഓര്‍മ്മ മാത്രമാകും..കണ്ണ് നിറയുന്നില്ലേ? നിറഞ്ഞ് പോകും..കാരണം ഇന്നല്ലെങ്കില്‍ നാളെ ഞാനും നീയും നുകരേണ്ട ദിവസമാണ് അത്...
നന്മ ചെയ്യുക...നല്ല സൗഹൃദങ്ങളെ സമ്പാദിക്കുക...എല്ലാവരേയും സ്നേഹിക്കുക...ആരേയും വേദനിപ്പിക്കാതിരിക്കുക...കാരണം ആ വല്ലാത്ത ദിവസം വന്നാല്‍ ഒന്ന് മാപ്പ് ചോദിക്കാനോ, പൊരുത്തപ്പെടുത്താനോ കഴിഞ്ഞു എന്ന് വരില്ല..
ഒന്ന് ശാന്തമായി, മനസ്സിരുത്തി, ശ്വസിച്ച് നോക്കൂ...കഴിയുന്നില്ലേ നമുക്ക്...ആ ദിവസത്തിന്റെ മണം നുകരാന്‍...?ഇല്ലേല് കഴിയണം... മരണത്തേ പ്രതീക്ഷിക്കണം...വേഗം ഷെയര്‍ ചെയ്തോ...... കുറേ പേരെങ്കിലും നല്ലവരായി തീരട്ടെ...'
സ്വന്തം മരണം മനക്കണ്ണിൽ കാണാത്ത ആരെങ്കിലും കാണുമോ...? ജനനവും ജന്മ ദിനവും ആഘോഷിച്ചു നാളുകൾ കഴിക്കവേ പറയാതെ വരുന്ന ആ അഥിതിയെ പേടിക്കാത്ത ആരാണുള്ളത്..?
ReplyDeleteശരിയാണ്, സ്വന്തം മരണത്തെയും നമ്മള് എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിയ്ക്കുക തന്നെ വേണം.
ReplyDeleteപോസ്റ്റ് നന്നായി. അവസാനത്തെ ആ ഓര്‍മ്മപ്പെടുത്തലുകളും
ഈ ഗാനം ഓര്‍മ്മിപ്പിച്ചു...
Delete♫ ഒടുവിലാ മംഗള ദര്‍ശനയായ്
ബധിരയായ് അന്ധയായ് മൂകയായി
നിരുപമ പിംഗല കേശിനിയായ്
മരണം നിന് മുന്നിലും വന്നു നില്ക്കും...
പരിതാപമില്ലാതവളോടൊപ്പം
പരലോക യാത്രയ്ക്കിറങ്ങും മുന്‍പേ...
വഴി വായനയ്ക്കൊന്നു കൊണ്ടു പോകും
സ്മരണ തന് ഗ്രന്ഥാലയത്തിലെങ്ങും...
ധൃതിയിലന്നോമനേ നിന് ഹൃദയംപരതി
പ്പരതി പകച്ചു നില്‍ക്കെ
ഒരു നാളും നോക്കാതെ മാറ്റി വച്ച
പ്രണയത്തിന് പുസ്തകം നീ തുറക്കും
അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും...
പരകോടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം
ഉദിതാന്തര ബാഷ്പ പൗര്‍ണ്ണമിയില്‍
പരിതീര്ത്ഥമാകുമെന്നന്തരംഗം
ക്ഷണിയേ ജഗത്സ്വപ്നമുക്തയാം
നിന്ഗതിയിലെന് താരം തിളച്ചു നില്ക്കും.♫
ഹായ്, മനോഹര കവിത, ആരുടേതാണ് ശ്രീ?എഴുതിയതിന് നന്ദി. "And because I love life, I know I shall love death as well." ടാഗോറിന്റെ ഗീതാഞ്ജലിയിലെ വരികള്‍ ഇങ്ങനെ.അതേ, ജീവിതത്തെ സ്നേഹിക്കുമ്പോള്‍ മരണത്തേയും തുല്യരീതിയില് സ്നേഹിക്കേണ്ടിയിരിക്കുന്നു.
Deleteമൃതി :-
ReplyDelete'വിചിത്രം തുടങ്ങി വിചിത്രതമം
വരെയുള്ള' സൃഷ്ടികള്‍ എമ്പാടും നടത്തി,
ഭഗവാന് പ്രജാപതി ആനന്ദതുന്ദിലനായി കഴിഞ്ഞുവരവേ
ഒരു ആര്‍ത്തനാദം ആ കര്‍ണ്ണപുടങ്ങളില്‍ വന്നലച്ചു, മറ്റാരുടേതുമല്ല, അധികഭാരത്താല്‍ തളര്‍ന്നുപോയ
സാക്ഷാല്‍ ഭൂമീദേവിയുടെ ഞരങ്ങലായിരുന്നു അത്. ഒപ്പം ജീര്‍ണ്ണിച്ച ജീവികളുടെ അസഹ്യഗന്ധവും. ഇതിനെന്തു പ്രതിവിധി എന്നു ചിന്താക്രാന്തനായ ദേവന്റെ ഉടലില്‍ നിന്ന് ഒരു ഛായാരൂപം പുറത്തുവന്നു. രൂപം പിംഗളകേശിനിയും പിംഗളനേത്രിണിയും പിംഗളവര്‍ണ്ണയും ആയ ഒരു സ്ത്രീയായി മാറി. കഴുത്തിലും കൈയ്യിലും മണിബന്ധത്തിലും
താമരയിലമാലകള്‍ അണിഞ്ഞ ഒരു കാഷായവസ്ത്രധാരിണി. ബഹുമാനപൂര്‍വ്വം പിതാവിനെ വണങ്ങി തന്റെ നിയോഗം അന്വേഷിച്ചു അവള്.
മരണം വളരെ മൃദുവാണല്ലോ
ReplyDelete