Thursday, August 18, 2011

ഹേ കൃഷ്ണാ-അവസാനഭാഗം


നിന്നെ പിടിച്ചു കെട്ടാന്‍ വന്ന മണ്ടശിരോമണികളുള്‍പ്പെട്ട രാജസദസ്സില്‍ സ്വന്തം വിശ്വരൂപം പ്രദര്‍ശിപ്പിച്ച നിന്റെ കാലില്‍ വീണ് അവിവേകിയായ മകനു വേണ്ടി ക്ഷമ യാചിക്കേണ്ടി വന്നു പാവം അന്ധഭൂപതിക്ക്. അങ്ങനെ എത്ര എത്ര അച്ഛന്മാര്‍! മക്കള്‍ മാഹാത്മ്യം കാരണം അപമാനിതരായ നേതാക്കള്‍ ഇവിടെ ധാരാളമുണ്ട്. ധൃതരാഷ്ട്രര്‍ അത്ര ദുഷ്ടനൊന്നുമായിരുന്നില്ല, അതിരു കടന്ന പുത്രസ്‌നേഹമാണ് അദ്ദേഹത്തെ തെറ്റായ വഴിയിലൂടെ നയിച്ചത് എന്നേ്രത ഈയുള്ളവളുടെ നിഗമനം. ഈയിടെ ഒരു കേന്ദ്രമന്ത്ി രാജി വച്ചു, അല്ല, എണ്ണയില്‍ തെന്നി വീണു, എന്നിട്ടു പറഞ്ഞേ്രത മകനെ മന്ത്രിയാക്കണമെന്ന്. രാജവാഴ്ച്ച പോയി ജനായത്തം വന്നതൊന്നും ഇവരാരും അറിഞ്ഞില്ലേ പോലും?

കര്‍ണ്ണന്‍ കുന്തീപുത്രനാണ് എന്ന സത്യം തുറന്നു പറഞ്ഞ് കര്‍ണ്ണനെ പാണ്ഡവപക്ഷം ചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ദുര്യോധനനെ ഉപേക്ഷിക്കാനാവില്ല എന്ന കര്‍ണ്ണന്റെ നിലപാട് അറിഞ്ഞപ്പോള്‍ ആ വിശ്വസ്തത അംഗീകരിച്ച് അഭിനന്ദിച്ച്് ആലിംഗനം ചെയ്തു പിരിയുകയാണ് നീ ചെയതത്. അല്ലാതെ കര്‍ണ്ണനെ സ്വപക്ഷം ചേര്‍ക്കാന്‍ കുതന്ത്രമേതും മെനഞ്ഞില്ല. ഒരു വീരന്‍ മറ്റൊരു വീരനെ ബഹുമാനിക്കുന്ന ആ രംഗം മറക്കാവതല്ല പ്രഭോ.

അപമാനിക്കുന്നവരെ വധിക്കും എന്നു പ്രതിജ്ഞ എടുത്തിരുന്ന അര്‍ജ്ജുനന്‍ 'കര്‍ണ്ണനെതിരെ ഉപയോഗിക്കാനാവില്ലെങ്കില്‍ ഗാണ്ഡീവം പ്രയോഗിക്കാനറിയുന്ന മറ്റാര്‍ക്കെങ്കിലും കൊടുക്കൂ ' എന്ന യുധിഷ്ഠിരന്റെ  പ്രകോപനം കേട്ട് വധിക്കാനായി വാളെടുത്തപ്പോള്‍ തടുത്തതും നിന്റെ യുക്തി ആണല്ലോ. മൂത്ത സഹോദരനെ നീ എന്നു സംബോധന ചെയ്ത് നിന്ദിക്കുന്നത് കൊല്ലുന്നതിനു തുല്യമാണെന്നും അങ്ങനെ ചെയ്താല്‍ മതിയാകുമെന്നും നീ വിധിച്ചു. അതനുസരിച്ച്  ' കര്‍ണ്ണനെതിരെ ഒരു യുദ്ധം പോലും ചെയ്യാനാകാത്ത നീ തന്നെ വേണം എന്നോടിതു പറയാന്‍  ' എന്നായി അര്‍ജ്ജുനന്‍. ഇതു കേട്ട് യുധിഷ്ഠിരന്റെ മുഖം വിവര്‍ണ്ണമായതുകണ്ട് സങ്കടം മുഴുത്ത മദ്ധ്യമപാണ്ഡവന്‍ സ്വയം വധിക്കാനൊരുങ്ങിയപ്പോഴും നീ പരിഹാരം കണ്ടുപിടിച്ചു. കാല്‍ക്കല്‍ വീണ് ക്ഷമാപണം ചെയ്യുകയും യുധിഷ്ഠിരന്‍ മാപ്പു നല്‍കുകയും ചെയ്താല്‍ തെറ്റിനു പരിഹാരമായെന്നു നീ പറഞ്ഞു. അങ്ങനെ നിന്റെ തക്ക സമയഇടപെടല്‍ മൂലം എല്ലാം രമ്യമായി പരിഹരിച്ചു. നിന്റെ ബുദ്ധി അല്ലായിരുന്നുവെങ്കില്‍ ജ്യേഷ്ഠാനുജന്മാര്‍ മരിക്കുമായിരുന്നു, യുദ്ധഗതി തന്നെ മാറുമായിരുന്നു. നിന്റെ ഇത്തരം കൊച്ചു കൊച്ചു യുക്തികള്‍ എനിക്കു വലിയ ഇഷ്ടമാണ് മുരളീധരാ.

തെറ്റു പറ്റുന്നത് മനുഷ്യസഹജം. അപ്പോള്‍ തന്നെ അതിനു പിഴ മൂളിയാല്‍  പിന്നെ അതിനു കണക്കു കൊടുക്കേണ്ടി വരില്ല എന്നായിരുന്നുവല്ലോ നിന്റെ യുക്തികളുടെ സാരം. ആ ശിക്ഷ നീട്ടി നീട്ടി ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ വയസ്സുകാലത്തു അഴിയെണ്ണേണ്ടി വരാം അല്ലേ, ബാലകൃഷ്ണാ? ചിലപ്പോള്‍ എന്നതു ഞാന്‍ ഊന്നിപ്പറയുന്നു നാരായണാ. എത്രയോ പേര്‍ രക്ഷപ്പെടുന്നു കരുണാകരാ? ഈ പക്ഷപാതം എനിക്കിന്നും മനസ്സിലാകാത്ത പ്രതിഭാസം.

കര്‍ണ്ണാര്‍ജ്ജുന യുദ്ധത്തില്‍ നാഗാസ്ത്രം അര്‍ജ്ജുനന്റെ തലയില്‍ കൊള്ളാതെ ഡിം എന്നു തേര്‍ താഴ്ത്തി യതും നിന്റെ മനഃസാന്നിദ്ധ്യമായിരുന്നു. ആ മനഃസാന്നിദ്ധ്യം സമ്മതിച്ചു തരുന്നു പാര്‍ത്ഥസാരഥീ. ആയുധം എടുക്കാതെ നീ എത്ര ഭംഗിയായി പാണ്ഡവരെ ജയിപ്പിച്ചു.നീയേ്രത യഥാര്‍ത്ഥ നേതാവ്.!

ദുര്യോധന-ഭീമ യുദ്ധം ജയിപ്പിച്ചതും നീ തന്നെ. തടാകത്തിലൊളിച്ചിരുന്ന ദുര്യോധനനോട് യുദ്ധം ജയിച്ചാല്‍ രാജ്യം ഭരിച്ചു കൊള്ളുക എന്ന മുന്‍പിന്‍ നോക്കാത്ത യുധിഷ്ഠിര വാഗ്ദാനം നിന്നെ ഞെട്ടിച്ചു. പിന്നെ ഭീമനെ ജയിപ്പിക്കുക എന്നതു മാത്രമായിരുന്നു ഏക പോംവഴി. അവസാനം വലതു തുടയ്ക്കടിക്കാന്‍ അര്‍ജ്ജുനനെക്കൊണ്ട് ഭീമനെ ആംഗ്യം കാണിപ്പിച്ചതും നീ തന്നെ. അരപ്പട്ടയ്ക്കു താഴെ അടിക്കുന്നത് ആര്യധര്‍മ്മത്തിനു ചേര്‍ന്നതല്ല എന്ന് പാര്‍ത്ഥനു സംശയമായി. '  അതു ശരിയാണ്, പക്ഷേ ഇതു യുദ്ധമാണ്, ധീരോദാത്തത പ്രദര്‍ശനം നടത്തുന്ന രാജസദസ്സല്ല. തുടയിലെ തുണി നീക്കി അശ്ലീലപരമായി ദ്രൗപദിയെ വെപ്പാട്ടിയാകാന്‍ ക്ഷണിച്ച് അപമാനിച്ചപ്പോഴും, അരക്കില്ലത്തില്‍ ചുട്ടുകൊല്ലാന്‍ ശ്രമിച്ചപ്പോഴും ഉറങ്ങിക്കിടന്നപ്പോള്‍ പാണ്ഡ വരെ ചതിച്ചു കൊല്ലാന്‍ ദ്രോണരോട് ആവശ്യപ്പെട്ടപ്പോഴും ദുര്യോധനന്‍ ആര്യധര്‍മ്മം പാലിച്ചില്ല. ' എന്നു നീ പറഞ്ഞു കൊടുത്തു. അനുഭവിച്ചവരോട് അതു നിനക്കു പറഞ്ഞു കൊടുക്കേണ്ടി വന്നു! ധര്‍മ്മം എന്ന വാക്ക് അനുഷ്ഠാനത്തിനുപ്പുറം ആചാരമായി പോകുന്നു പലപ്പോഴും. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം നിന്റെ ഇടപെടലുകള്‍ ആ വാക്കിന്റെ ഉദ്ദേശ്യം മനസ്സിലാക്കിക്കുന്നു.

' ദുര്യോധനന്റെ അധാര്‍മ്മിക പ്രവൃത്തികളെ ഒരിക്കലും തിരുത്താന്‍ ശ്രമിക്കാത്ത ബലഭദ്രന് ഭീമനെ ശിക്ഷിക്കാന്‍ അധികാരമില്ല '  എന്ന്  പ്രിയശിഷ്യനോ ട്് അധാര്‍മ്മികമായി പ്രവര്‍ത്തിച്ച ഭീമനെ വകവരുത്താന്‍ തുനിഞ്ഞ നിന്റെ ജ്യേഷ്ഠന്റെ കോപം നീ അടക്കി. അവനവന് വേണമെന്നു തോന്നുമ്പോള്‍ മാത്രം പ്രയോഗിക്കാനുള്ള ഒരു ആയുധമല്ലല്ലോ ധര്‍മ്മം. അതു കൃത്യമായി നീ കാണിച്ചു തരുന്നു എന്നതേ്രത നിന്റെ മഹത്വം.

നിന്റെ നേതൃഗുണങ്ങളില്‍ എനിക്കേറ്റവും ആകര്‍ഷകമായി തോന്നിയത് സമചിത്തത കൈവിടാത്ത നിന്റെ സമീപനങ്ങളത്രേ. അശ്വത്ഥാമാവ് ബ്രാഫ്മണനാകയാല്‍ വധിക്കാന്‍ പാടില്ല എന്നു ധര്‍മ്മപുത്രര്‍ ഞായം പറഞ്ഞപ്പോഴും ബ്രാഫ്മണ കൊലയാളിയും കൊലയാളി തന്നെയെന്നു ദ്രൗപദി നിര്‍ബന്ധം പിടിച്ചപ്പോഴും ' അതൊരു സാധാരണ കൊലപാതകമല്ല, അതു യുദ്ധത്തിലെ കൊലപാതകമാണ്   ' എന്നു നീ  അശ്വത്ഥാമാവിന്റെ ഭാഗം പറഞ്ഞു. നിങ്ങള്‍ക്കെതിരെ നിന്റെ തന്നെ നാരായണാസ്ത്രം  അശ്വത്ഥാമാവ് തൊടുത്തു വിട്ടപ്പോഴും അതും യുദ്ധഭാഗമെന്ന് നീ സമചിത്തത പാലിച്ചു.! ' ആഹാ, എനിക്കെതിരെ എന്റെ  ആയുധം പ്രയോഗിച്ചുവോ, ഞാന്‍ കാണിച്ചു തരാം' എന്നു പ്രതികാരദാഹിയായില്ല, പകരം അതു യുദ്ധനീതി എന്ന് അംഗീകരിച്ചു!പകയില്ല, വിദ്വേഷമില്ല. നീ എന്റെ അന്ത്യത്തിനുള്ള ഒരു വെറും ഉപകരണം മാത്രമാണ് താങ്കള്‍ എന്ന് ഗാന്ധാരിയുടെ ശാപവും നീ എത്ര ശാന്തതയോടെ നേരിട്ടു!

ഇങ്ങനെ അക്ഷോഭ്യതയോടെ ഞങ്ങളെ ഭരിച്ച ഒരു മുഖ്യമന്ത്രി ഞങ്ങള്‍ക്കുമുണ്ടായിരുന്നു അച്യുതാ. അദ്ദേഹം മരിച്ചു പോയി, നിന്നില്‍ വിശ്വാസമില്ലാതിരുന്ന വിപ്ലവ പാര്‍ട്ടിക്കാരനായിരുന്ന അദ്ദേഹം വൈതരണിനദി കടന്ന് അവിടെ നിന്‍ൊപ്പം എത്തിയോ ആവോ?
 
യുദ്ധാന്ത്യത്തില്‍ ' എത്ര ജീവനാണ് യുദ്ധം അപഹരിച്ചത്' എന്ന യുധിഷ്ഠിരവിലാപത്തോടും നീ അക്ഷോഭ്യനായി പ്രതികരിച്ചു-' അതങ്ങനെയാണ്, മനുഷ്യകുലം യുദ്ധമൊഴിവാക്കി ധര്‍മ്മത്തിനനുസരിച്ച് ജീവിക്കാന്‍ എന്നു തുടങ്ങുന്നുവോ അന്നു വരെ ഇതു തുടരും' . കാമക്രോധമോഹങ്ങള്‍ക്കടിപ്പെട്ട ഞങ്ങള്‍ എന്ന് ഈ പാഠം പഠിക്കും ഭഗവാനേ? വിവിധരാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരാണ് ഞങ്ങളെ ഭരിക്കുന്നത്. ഓരോ പാര്‍ട്ടിക്കകത്തും അനവധി വ്യക്ത്യാധിഷ്ടിത വിഭാഗങ്ങള്‍ ഉണ്ട്. പാര്‍ട്ടിയോടോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വ്യക്തിയോടോ യാതൊരു ആഭിമുഖ്യവും പലപ്പോഴും ഇല്ലെങ്കിലും നിവൃത്തികേടുകൊണ്ട് ഞങ്ങള്‍ തെരഞ്ഞെടുത്തു വിടുന്നു ചിലരെ. അവരാണെങ്കിലോ ജയിച്ചു കഴിഞ്ഞാല്‍ ഞങ്ങളുടെ താല്‍പ്പര്യങ്ങള്‍ മറക്കുന്നു. സ്വന്തം മണ്ഡലത്തിലെ 28 കെട്ടിനും ചാവടിയന്തിരത്തിനും കല്യാണത്തിനും വെളുക്കെ തക്ക മുഖഭാവം അണിഞ്ഞ് എത്തുമെങ്കിലും നിയമനിര്‍മ്മാണ സഭകളിലെ അവരുടെ ജോലി അവര്‍ മറക്കുന്നു. ഞങ്ങള്‍ പാവങ്ങളുടെ നികുതിപ്പണം കട്ടുമുടിച്ച് സ്വന്തം ഖജനാവിലേക്കു മുതല്‍ക്കൂട്ടുന്നു.ഫലമോ അന്നാ ഹസാരെമാര്‍ ഉണ്ടാകുന്നു!

സംഗതികള്‍ ഇങ്ങനെയെല്ലാമാണെങ്കിലും അഴിമതിയുടെ കറ പുരളാത്ത, വിവരവും പഠിപ്പുമുള്ള , വ്യക്തിജീവിതത്തില്‍ നേതാവിനു വേണ്ട മാന്യത പുലര്‍ത്തുന്ന ആളാണ് ഞങ്ങളുടെ പ്രധാനമന്ത്രി. അദ്ദേഹം ഞങ്ങളുടെ അഭിമാനമാണ്, ഞങ്ങള്‍ക്കു അദ്ദേഹത്തെ വലിയ ആദരവുമാണ്. പക്ഷേ സ്വന്തം പ്രാപ്തി തെളിയിക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. നിനക്കൊന്നു സഹായിച്ചൂടെ മന്‍മോഹനാ? അതുപോലെ ഞങ്ങള്‍ക്കീ  കൊച്ചു കേരളത്തിലും അഴിമതിക്കെതിരെ പോരാടുന്ന ഒരു നേതാവുണ്ട്. സ്വന്തം കൂട്ടരില്‍ നിന്നു തന്നെ കടുത്ത എതിര്‍പ്പു നേരിടുന്ന അദ്ദേഹത്തേയും നീ ഒരു കൈ സഹായിക്കണേ, അച്യുതാ. അദ്ദേഹത്തിന് നിന്നില്‍ വിശ്വാസം ഉണ്ടാകാന്‍ സാദ്ധ്യതയില്ല. അതൊന്നും പ്രശ്‌നമാക്കാത്ത വലിയ മനസ്സിന്റെ  ഉടമയാണ് നീ എന്നെനിക്കറിയാം. അതും നിന്റെ നേതൃഗുണമല്ലേ?

നിന്റെ ആഗ്രഹപ്രകാരം ഭീഷ്മപിതാമഹന്‍ യുധിഷ്ഠിരാദികള്‍ക്കു ധര്‍മ്മവും രാജധര്‍മ്മവും ഉപദേശിക്കുന്ന ഭാഗവും ഞാന്‍ പല ആവര്‍ത്തി വായിക്കാറുണ്ട്. ഇക്കാലത്തും എത്ര പ്രസക്തമാണ് ഭീഷ്മരെ കൊണ്ട് നീ പറയിക്കുന്ന ആ ധര്‍മ്മനീതികള്‍!

ദുര്യോധനനെ തെറ്റില്‍ നിന്നു പിന്തിരിപ്പിക്കാനാവാത്തതിനെപ്പറ്റി ഭീഷമര്‍ പറഞ്ഞപ്പോള്‍ മനുഷ്യജന്മത്തെപ്പറ്റിയുള്ള വലിയ ഒരു തത്വമായിരുന്നു നിന്റെ മറുപടി. ' മനുഷ്യന്റെ യഥാര്‍ത്ഥപ്രശ്‌നം ചുരുക്കിപ്പറഞ്ഞാല്‍ ഇതു തന്നെയാ ണ്. കാര്യങ്ങള്‍ എല്ലാം അറിയാം, പക്ഷേ അറിഞ്ഞിരുന്നാല്‍ മാത്രം പോരാ, തെറ്റു ചെയ്യാതിരിക്കാനും ശരി ചെയ്യാനും ഉള്ള ബുദ്ധിയും വിവേചനശക്തി യും കൂടി ഉണ്ടാകണം.ഹൃദയം തലച്ചോറിനേക്കാള്‍ പ്രാധാന്യമുള്ളതത്രേ.മസ്‌കിഷ്‌കത്തില്‍ വ്യക്തത കൈവരും മുമ്പ് ഹൃദയം പരിശുദ്ധമായിരിക്കണം.  '

അര്‍ജ്ജുനവിഷാദം മാറ്റാന്‍ നീ നല്‍കുന്ന ഗീതോപദേശം നിത്യജീവിതത്തില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന് ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു. ചാണക്യന്‍ ബുദ്ധിരാക്ഷസനായത് നിന്നെ പഠിച്ചതു കൊണ്ടാണ് എന്ന് എനിക്കു തോന്നുന്നതു. നീ പഠിപ്പിക്കാത്ത എന്തെങ്കിലും മാനേജ്‌മെന്റ് സൂക്തങ്ങള്‍ ഐഐഎമ്മുകളില്‍ പഠിപ്പിക്കുന്നുണ്ടാവുമോ പാര്‍ത്ഥസാരഥി.? നീ നയിച്ച രഥം വാസ്തവത്തില്‍ രാഷ്ട്രമീമാംസയുടെ രഥം തന്നെയല്ലേ?

ജാതി മതസഹിഷ്ണുത തീരെ കുറവുള്ള, ഒരു കാലത്താണ് ഞാന്‍ ജീവിക്കുന്നത്. ഓരോ മതത്തിനും അകത്ത് നൂറു ജാതികള്‍, ഓരോ ജാതിയിലും പിന്നെയും തിരിവുകള്‍. തെരഞ്ഞെടുപ്പിനു ഓരോ പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതു പോലും ജാതി നോക്കിയാണ് ഗോപാലാ. ഇഷ്ടക്കേടുവന്നാലോ, കൈയ്ക്കിത്ര, കാലിനിത്ര, ജീവനിത്ര എന്നു വിലയിട്ട് നടപ്പാക്കുന്ന കാലം. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാവും ഇതിനു പിന്നില്‍. നിന്റെ കാലത്ത് ജാതിവിഷം കുറവായിരുന്നിരിക്കണം എന്നു ഞാനൂഹിക്കുന്നു. നീ, യാദവന്‍, നിന്റെ അച്ഛന്‍പെങ്ങള്‍ കുന്തിയുടെ മക്കള്‍ ക്ഷത്രിയര്‍!

അഹിംസയുടേയും കരുണയുടേയും പാഠങ്ങള്‍ ഓതിയ ക്രിസ്തുദേവനും എനിക്ക് ആരാദ്ധ്യനത്രേ. പക്ഷേ ഹിന്ദുവായ എനിക്ക് മുന്‍ചൊന്ന കാരണങ്ങളാല്‍ ഇതു പോലെ മനസ്സു തുറന്ന് യേശുദേവനെ കുറിച്ച് എഴുതാന്‍ പേടിയാണ്. കരുണാമയനായ ശ്രീകൃഷ്ണഭഗവാനെ, ആ ആഗ്രഹം കൂടി വേണ്ട വിധം നിറവേറ്റാന്‍ നീ എനിക്കു ആയുസ്സും ആരോഗ്യവും കഴിവും നല്‍ക ണേ.!

പാഞ്ചജന്യം മുഴക്കി ദിവ്യായുധവുമായി നീ ഞങ്ങളുടെ നാടൊന്നു വെടിപ്പാക്കാന്‍ എത്തുന്ന ദിനത്തിന് പ്രതീക്ഷയോടെ കാതോര്‍ത്ത് ഞാന്‍ നിര്‍ത്തട്ടെ നാരായണാ!

     
പ്രചോദനം-1.SRI KRISHNA- THE DARLING OF HUMANITY-A.S.P.AIYYAR
                          2. മഹാഭാരത സംഗ്രഹം- സ്വാമി ദ്വയാനന്ദതീര്‍ത്ഥ
                          3. കേട്ടും വായിച്ചും മനസ്സില്‍ പതിഞ്ഞുപോയ പലതും.
                   

 


8 comments:

 1. പാഞ്ചജന്യം മുഴക്കി ദിവ്യായുധവുമായി നീ ഞങ്ങളുടെ നാടൊന്നു വെടിപ്പാക്കാന്‍ എത്തുന്ന ദിനത്തിന് പ്രതീക്ഷയോടെ കാതോര്‍ത്ത് ഞാന്‍ നിര്‍ത്തട്ടെ നാരായണാ!

  cheriya vedippakalonnum pora..
  ellavareyum keri kothi,lle. nayanare adakam..
  enthayalum ishtamayeniku.

  ReplyDelete
 2. കൃഷ്ണകഥയുടെ ചില പ്രധാന ഭാഗങ്ങളിലൂടെ കടന്നു പോവുകയും ആനുകാലിക സംഭവങ്ങളുമായി അവ ബന്ധപ്പെടുത്തുകയും ചെയ്ത ഈ കുറിപ്പുകൾ നന്നായി. ഭക്തിയില്ലെങ്കിലും പുരാണങ്ങളിൽ അഭിരമിക്കുന്നവനാണ് ഞാൻ. മൈത്രേയിയിൽ നിന്ന് ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു. (ഭക്തിപ്രഭാഷണത്തിന് അമ്പലക്കമ്മറ്റിക്കാർ അന്വേഷിച്ചു വരാനൊരു സാധ്യതയൂണ്ട്!)

  ReplyDelete
 3. "ഹിന്ദുവായ എനിക്ക് മുന്‍ചൊന്ന കാരണങ്ങളാല്‍ ഇതു പോലെ മനസ്സു തുറന്ന് യേശുദേവനെ കുറിച്ച് എഴുതാന്‍ പേടിയാണ്. കരുണാമയനായ ശ്രീകൃഷ്ണഭഗവാനെ, ആ ആഗ്രഹം കൂടി വേണ്ട വിധം നിറവേറ്റാന്‍ നീ എനിക്കു ആയുസ്സും ആരോഗ്യവും കഴിവും നല്‍ക ണേ.! "
  ഭഗവാൻ : പറ്റില്ല, എഴുത്ത് നീട്ടികൊണ്ടുപോയാൽ, ഈ ലോകത്തെ ആരോഗ്യവും കഴിവുമുള്ള ഏറ്റവും പ്രായം കൂടിയ ആളാവില്ലേ ? സമയ പരിധി അറിയിക്കുക. പിന്നെഒരു കണ്ടീഷനും, അദ്ദേഹത്തെ പറ്റി എഴുതാൻ തുടങ്ങുന്നതിനു മുൻപ് എന്നെ പറ്റി എല്ലാം എഴുതിക്കഴിഞ്ഞിരിക്കണം. എന്താ പറ്റുമോ?
  എങ്കിൽ ...

  ReplyDelete
 4. കൊച്ചുകൊച്ചു സംഭവങ്ങളിൽ ഇന്നത്തെ ദുരവസ്ഥകൾചേർത്ത് സ്പഷ്ടമായും ചുരുക്കിയും അവതരിപ്പിച്ചു. അല്പം വിശദീകരിക്കേണ്ടുന്ന ചില കൃത്യങ്ങളിലും ആ ചുരുക്കൾ വന്നു,സമയക്കുറവായിരിക്കാം കാരണം. ഭീഷ്മോപദേശങ്ങളിൽനിന്നും പ്രധാനപ്പെട്ട ചില ഉപകഥകളെടുത്ത്, ഇപ്പോഴത്തെ ദേശവ്യാപകമായ കുറേ അക്രമങ്ങളെ പരിഹാസപൂർവ്വം സമരസപ്പെടുത്താൻ സാധിക്കുമായിരുന്നു. ക്രമേണ അങ്ങനേയും പ്രതീക്ഷിക്കാമല്ലോ. (അന്നും ജാതിവ്യവസ്ഥ എല്ലാവരിലും രൂഢമൂലമായിരുന്നു , ഉദാ: കർണ്ണനെ പഠിപ്പിച്ചശേഷം പരശുരാമൻ ചെയ്തത്, ഏകലവ്യൻ സ്വയം അസ്ത്രവിശാരദനായത്, വിദുരർ മന്ത്രിമാത്രമായത്,കർണ്ണന്റെ അസ്ത്രപ്രയോഗപ്രദർശനരംഗം അങ്ങനെ എത്രയെത്ര..!! കൂടാതെ, ദേവന്മാരും ബ്രാഹ്മണരും മുനിമാരും ശപിച്ചിട്ടുള്ളവരൊക്കെ താഴ്ന്നജാതിക്കാരായോ പക്ഷിമൃഗാദികളായോ പുനർജ്ജനിച്ചു. അഗ്നിപുരാണത്തിൽ ‘ചാതുർവർണ്ണ്യം’ വിശദീകരിച്ചിട്ടുണ്ട്. അതിൽ വൈശ്യന്റേയും ശൂദ്രന്റേയും നടപടിക്രമങ്ങൾ വിവരിച്ചിട്ടുണ്ട്. ആ നിയമവ്യവസ്ഥിതി അംഗീകരിച്ചുതന്നെ ഇപ്പറഞ്ഞ ജനം ജീവിച്ചു. ഇന്നത്തെപ്പോലെ ഓരോ ജാതിക്കും സംഘടനയുണ്ടായിരുന്നെങ്കിൽ, എന്റെ ദൈവമേ, പുരാണംതന്നെ വേറൊരു തരത്തിലാകുമായിരുന്നു.)

  ReplyDelete
 5. മുകില്‍- ഇഷ്ടപ്പെട്ടുവെന്നറിയുന്നതില്‍ സന്തോഷം. ആ വെടിപ്പാക്കല്‍ കാണാന്‍, അല്ലെങ്കില്‍ ആ വെടിപ്പായ ഇന്‍ഡ്യയില്‍ താമസിക്കാന്‍ യോഗമുണ്ടാകുമോ നമുക്ക്?

  ശ്രീനാഥന്‍-പ്രഭാഷണത്തിന് അവര്‍ വിളിക്കണേ, അപ്പോള്‍ ഞാന്‍ ഇതെല്ലാം കൂടുതല്‍ പഠിക്കുമല്ലോ. പിന്നെ ഇവിടെ അതിന് ഇഷ്ടം പോലെ പേരുണ്ട്, എന്നെപ്പോലുള്ള അജ്ഞാനികളല്ലാതെ.

  കലാവല്ലഭഭഗവാനേ, ഇങ്ങനെ 'സമയപരിധി' എന്നു പറഞ്ഞ് എന്നെ വിരട്ടല്ലേ. കൃഷ്ണകഥ മുഴുവന്‍ എഴുതണമെങ്കില്‍ ഇനിയും എത്ര ജന്മം കൂടി വേണ്ടി വരും? ശിക്ഷിക്കരുത്, ഈ ഒരു ജന്മം തന്നെ അധികം.

  വിഎ- ആദ്യവരവിനും വിശദകമന്റിനും നന്ദി. ഭീഷ്‌മോപദേശത്തിന് ഇപ്പോഴും കാലികപ്രസക്തിയുണ്ട്. എഴുതണമെന്നുമുണ്ട്, പക്ഷേ ഈ ലേഖനത്തില്‍ അത് വേണ്ടന്നു തോന്നി. ജാതിവ്യവസ്ഥയെപ്പറ്റി നന്നായി പഠിച്ചിരിക്കുന്നല്ലോ. പുരാണേതിഹാസങ്ങളില്‍ വിരോധാഭാസം ധാരാളമായുണ്ട്. വിവാഹത്തിന് ജാതി മതം ഒന്നുമില്ല. ദ്രോണര്‍ ബ്രാഫ്മണനായിരുന്നിട്ടും ക്ഷത്രിയനു പറഞ്ഞിരിക്കുന്ന അസ്ത്രാഭ്യാസം നേടി കുലധര്‍മ്മം വിട്ട് ആയോധന ഗുരുവായി. ഏകലവ്യന്‍ അര്‍ജ്ജുനനേക്കാള്‍ മിടുക്കനായാലോ എന്ന സ്വാര്‍ത്ഥത കൊണ്ട് ജാതി ഒരു കാരണമാക്കി ഉപയോഗിച്ചെന്നേ കാണൂ.

  ReplyDelete
 6. നന്നായിരിക്കുന്നു...നന്മകള്‍.

  ReplyDelete
 7. അധികാരവും ജാതിയും പുരാണവും ഭരണവും തത്വ ചിന്തയും കോര്‍ത്തിണക്കിയ ഒരു പോസ്റ്റ്‌... വായിക്കാന്‍ വൈകിയ്പോയി......... ജാതി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തുടരും ... അധികാരവും പണവും അതിനു അക്കം കൂട്ടുന്നു...

  ReplyDelete
 8. അപ്പോ മൂന്നും വായിച്ചു. ശ്രീനാഥൻ മാഷ് പറഞ്ഞ പോലെ അമ്പലക്കമ്മിറ്റിക്കാർ വരാൻ സാധ്യതയുണ്ട്. എന്തായാലും എഴുത്ത് കേമമായി.
  അഭിനന്ദനങ്ങൾ.

  ReplyDelete