Wednesday, August 10, 2011

ഹേ കൃഷ്ണാ, നിനക്കും എനിക്കും തമ്മിലെന്ത്? രണ്ടാം ഭാഗംതെറ്റുമനസ്സിലാക്കിയ സത്രാജിത്ത്, പുത്രി സത്യഭാമയ്‌ക്കൊപ്പം രത്‌നവും നിനക്കു സമ്മാനിച്ചപ്പോള്‍ 'ഇത്ര നല്ലൊരു സ്ത്രീരത്‌നത്തെ ലഭിച്ച എനിക്ക്് ഇനി മറ്റൊരു രത്‌നം വേണ്ട   ' എന്ന് നീ രത്‌നം സത്രാജിത്തിനു തന്നെ തിരികെ നല്‍കിയതും 'ക്ഷ 'ബോധിച്ചു. സ്ത്രീയെ രത്‌നമെന്ന് നീ അംഗീകരിച്ചുവല്ലോ. മാത്രവുമല്ല, നിന്റെ ഖജനാവിലേക്ക് വലിയൊരു മുതല്‍ക്കൂട്ട് ആകുമായിരുന്ന ആ അമൂല്യരത്‌നം നിഷ്പ്രയാസം നിരാകരിക്കാന്‍ നിനക്കു കഴിഞ്ഞു.

പക്ഷേ സത്രാജിത്ത് വധിക്കപ്പെട്ടു, മണി പിന്നെയും മോഷണം പോയി, വെണ്ണ കട്ടുണ്ണി എന്ന പേരു കേള്‍പ്പിച്ച നിന്നെ കൂടപ്പിറപ്പ് ബലരാമന്‍ പോലും സംശയിച്ചു. അവിടേയും നീ കഷ്ടപ്പെട്ട് സത്യം പുറത്തു കൊണ്ടു വന്നു. അവസാനം കറകളഞ്ഞ പൗരനും ഭക്തനുമായ അക്രൂരനെ നീ അത് ഏല്‍പ്പിച്ചു. സമ്പദ് നിധി എന്ന് ഏഴുപൂട്ടിട്ട് സൂക്ഷിക്കാതെ അക്രൂരന്‍ ആ മണി ദൈവശക്തിയുടെ ഇന്ദ്രിയഗോചര തെളിവെന്ന വണ്ണം ആര്‍ക്കും എപ്പോഴും കാണത്തക്കവിധം സൂക്ഷിക്കുമെന്ന് നിനക്ക് അറിയാമായിരുന്നു. സമ്പത്തായി കണക്കാക്കിയെങ്കില്‍ അത് മാത്സര്യവും വിരോധവും സൃഷ്ടിക്കുമായിരുന്നു. നിന്റെ പ്രവൃത്തി എത്ര മഹത്തരം, വന്ദ്യം!

ഇത്ര വില കൂടിയ മണി നിരാകരിച്ച നിന്നോട് ബഹുമാനം വര്‍ദ്ധിച്ചു ജനത്തിന്. വിദേഹത്ത് തന്റെ മോഹനശരീരം വിറ്റ് പണം സ്വരുക്കൂട്ടിയ പിംഗള മനസ്സുമാറി തന്റെ തൊഴില്‍ ഉപേക്ഷിച്ചു. കണ്ണില്‍ കരുണക്കടലൊളിപ്പിച്ച ക്രിസ്തുദേവന്‍ മഗ്ദലനാ മറിയത്തിന്റെ മനസ്സു മാറ്റിയല്ലോ പില്‍ക്കാലത്ത്. നീയും ക്രിസ്തുദേവനുമെല്ലാമാണ് യഥാര്‍ത്ഥ നേതാക്കള്‍. പ്രവൃത്തികളില്‍ ആകൃഷ്ടരായി ജനം സ്വയം തിന്മ വിട്ടു നന്മയുടെ വഴി കൈക്കൊള്ളുന്നു. നീ തന്നെ ആയിരിക്കുമോ ക്രിസ്തുദേവനായി അവതരിച്ചത്? ഞാനോ നീയോ വലുത് എന്ന് നിങ്ങള്‍ ദൈവങ്ങളുടെ പേരു പറഞ്ഞ് വിറകൊള്ളുന്ന ജാതിക്കോമരങ്ങള്‍ എന്നെ ആക്രമിക്കാതെ കാപ്പാത്തോളണേ കേശവാ , ക്രിസ്തുദേവാ.

ഇങ്ങനെയുള്ള പാപിനിക്ക് മോക്ഷം പ്രതീക്ഷിക്കാനാകുമോ എന്ന അക്രൂരന്റെ സംശയത്തിന് ' പാപികളില്‍ പാപി പോലും എന്നില്‍ അചഞ്ചല വിശ്വാസിയായാല്‍ മോക്ഷം നേടും, കാരണം അവന് സല്‍ുബുദ്ധി കൈ വന്നു തുടങ്ങിയതു കൊണ്ടാണ് എന്നെ ആരാധിക്കുവാന്‍ തോന്നുന്നത് ' എന്നത്രേ. പക്ഷേ ഇത് എനിക്കങ്ങോട്ടു ദഹിക്കുന്നില്ല പുരുഷോത്തമാ. നിന്നില്‍ കടുത്ത ഭക്തിയുള്ളവര്‍ പലരും ദുഷ്ടരായി തുടരുന്നത് എനിക്കറിയാം. പ്രായമായ അച്ഛനമ്മമാരുടെ സ്വത്തുക്കളെല്ലാം അനുഭവിച്ചുകൊണ്ട് അവരെ ശുശ്രൂഷിക്കാത്ത മക്കള്‍, അനിയന്മാരുടെ സ്വത്തുക്കള്‍ അടിച്ചുമാറ്റുന്ന ചേച്ചിമാര്‍, ഭക്തിയും അഴിമതിയും സ്വജനപക്ഷപാതവും സമാന്തരമായി കൊണ്ടുപോകുന്നവര്‍. ഗുരുവായൂര്‍ നടയില്‍ കോഴയുടെ 10% നിക്ഷേപിക്കുന്നവരുമുണ്ടു പോലും!  നിന്റെ മുഖത്ത് ഇപ്പോഴും ഒരു മൃദുസ്മിതം വിരിയുന്നുവല്ലോ? കാലം പോകെ നിനക്കതു മനസ്സിലാകും എന്നാവും അതിന്നര്‍ത്ഥം അല്ലേ ദാമോദരാ?

'ഏത് ആപല്‍സന്ധിയില്‍ നിനക്കെന്റെ ആവശ്യം വരുന്നുവോ, അപ്പോഴെല്ലാം നീ എന്നെ , എന്നെ മാത്രം വിളിക്കുക, ഞാന്‍ നിന്റെ വിളിക്കുത്തരം നല്‍കും  ' എന്ന കൃഷ്ണാനുഗ്രഹം ആണ് ദ്രൗപദിക്കു കിട്ടിയ ഏറ്റവും വലിയ വിവാഹസമ്മാനം എന്ന് എനിക്കു തോന്നുന്നു. എന്നും ആ വാക്ക് നീ പാലിച്ചുവല്ലോ പ്രഭോ. അഞ്ചു ഭര്‍ത്താക്കന്മാര്‍ എന്ന ഗതികേടിനൊപ്പം ദ്രൗപദിക്ക് ഈ വലിയ അനുഗ്രഹം കിട്ടിയല്ലോ. എന്നാലും നീ വിചാരിച്ചാല്‍ അര്‍ജ്ജുനന്‍ മാത്രം ഭര്‍ത്താവായാല്‍ മതി എന്നു തീരുമാനിക്കാമായിരുന്നു. അതിനു പകരം പൂര്‍വ്വ ജന്മവും കുന്തിയുടെ വാക്കും ഉപകരണമാക്കി ദ്രൗപദിയെ ഇങ്ങനെ ശിക്ഷിച്ചത് ശരിയായില്ല. ബഹുഭാര്യാത്വം അലങ്കാരമായിരുന്ന അന്ന് ബഹുഭര്‍തൃത്വം ആയാല്‍ എന്ത് എന്ന നിന്റെ വിപ്ലവചിന്ത ആയിരുന്നിരിക്കുമോ അതിനു പിന്നില്‍?

സുഭദ്രയെ അര്‍ജ്ജുനനു കൊടുക്കാനും നീ സൂത്രം പ്രയോഗിച്ചുവല്ലോ. സന്യാസവേഷത്തിലായിരുന്ന അര്‍ജ്ജുനനെ ശുശ്രൂഷിക്കാന്‍ ബലരാമന്‍ സുഭദ്രയെ നിയോഗിച്ചപ്പോള്‍, സന്യാസിയാമെങ്കില്‍ കൂടി ഒരു ചെറുപ്പക്കാരന്റെ പരിചരണത്തിന് അവിവാഹിതയായ പെങ്ങളെ ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നു പോലും നീ ബലരാമനോടു പറഞ്ഞു!കൂടുതല്‍ പണവും ആയ്തിയുമുള്ള ദുര്യോധനന് ബലരാമന്‍ സുഭദ്രയെ കന്യാദാനം ചെയ്യും എന്നു മനസ്സിലാക്കിയ നീ, തട്ടിക്കൊണ്ടു പോയി ഗാന്ധര്‍വ്വ വിവാഹം കഴിച്ചു കൊള്ളാന്‍ പാര്‍ത്ഥന് അനുവാദം കൊടുത്തു. ആക്രമിക്കാന്‍ വന്നാല്‍ തേര്‍ സുഭദ്ര തെളിക്കണം എന്നു നിര്‍ദ്ദേശവും കൊടുത്തു. തട്ടിക്കൊണ്ടു പോയി എന്ന പരാതി ക്ക് ഇട വരാതിരിക്കാനായിരുന്നു അത്. എന്റെ കള്ളകൃഷ്ണാ.....വഴക്കും വാക്കേറ്റവും എല്ലാം എത്ര ഭംഗിയായി ഒഴിവാക്കി നീ പെങ്ങളുടേയും നിന്റെ ഇഷ്ടതോഴന്‍ അര്‍ജ്ജുനന്റേയും ഇംഗിതം സാധിപ്പിച്ചു കൊടുത്തു!  

ജരാസന്ധനെ വധിച്ചത് ഭീമനായിരുന്നുവെങ്കിലും അതിന്റെ പിന്നിലെ ബുദ്ധി നിന്റേതായിരുന്നുവല്ലോ. നിഷേധിക്കപ്പെട്ട വഴിയിലൂടെ ബ്രാഫ്മണവേഷത്തില്‍ കോട്ടയ്ക്കകം പൂകിയ നിങ്ങളെ പൂജ്യബ്രാഫ്മണരെന്നു തെറ്റിദ്ധരിച്ചുവല്ലോ ജരാസന്ധന്‍. എന്തേ ഈ വഴി സ്വീകരിച്ചു എന്ന സംശയം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വണ്ണം നീ നിവാരണം ചെയ്തുവല്ലോ. ' ഞങ്ങള്‍ നിന്റെ ശത്രുക്കളാണ്, ശത്രുക്കള്‍ക്ക് കോട്ടയില്‍ കയറാന്‍ അവര്‍ക്കിഷ്ടമുള്ള ഏതു വഴിയും സ്വീകരിക്കാം. 84 രാജാക്കന്മാരെ തുറുങ്കിലടച്ച  നീ 100 തികച്ച് നിന്റെ ചക്രവര്‍ത്തി പദത്തിനു വേണ്ടി  ബലി കൊടുക്കാനല്ലേ പുറപ്പാട്.  അത്തരം നരബലി വധശിക്ഷ അര്‍ഹിക്കുന്നതാണ്. അതിനാല്‍ നിന്നോടു യുദ്ധം ചെയത് നിന്നെ വധിക്കാനാണ് ഞങ്ങള്‍ വന്നത്.  '  എന്തുകൊണ്ട് എന്നു കാര്യകാരണസഹിതം തുറന്നു പറഞ്ഞത്  ഏറ്റവും ഇഷ്ടപ്പെട്ടു മാധവാ. നിനക്കറിയുമോ, കൈക്കൂലി കേസില്‍ പെട്ട ഒരു മന്ത്രിയോട് ഇതുപോലെ നേരേ ചൊവ്വേ കാര്യം പറയേണ്ട, നിയമനടപടികളെടുക്കാന്‍ ബാദ്ധ്യസ്ഥനായ ഒരു മുഖ്യന്‍ പറഞ്ഞു, മഞ്ജുനാഥക്ഷേത്രത്തില്‍ പോയി തെറ്റു ചെയ്തിട്ടില്ലെന്ന് ആണയിടുവാന്‍!

നിനക്കു പകരം ഭീമാര്‍ജ്ജുനന്മാരെ നയിച്ചത്  യുധിഷ്ഠിരന്‍ ആയിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നു ഞാന്‍ ചിന്തിച്ചിട്ടുണ്ട്. മുന്‍ വാതിലിലൂടെ വേഷം മാറാതെ പോകുന്നതാണ് ധാര്‍മ്മികത എന്ന് നേരേ കോട്ടയ്ക്കകത്തു കയറാന്‍ ശ്രമിക്കുമായിരുന്നു, അവിടെ എത്തുന്നതിനു മുമ്പു തന്നെ ജരാസന്ധന്‍ കഥ കഴിക്കുകയും ചെയ്യുമായിരുന്നു. യക്ഷനോടു കിറുകൃത്യ ഉത്തരങ്ങള്‍ നല്‍കി അനുജന്മാരെ ജീവിപ്പിച്ച ധര്‍മ്മപുത്രരെ വില കുറച്ചു കാണുകയല്ല, പക്ഷേ പ്രായോഗികത പല സന്ദര്‍ഭത്തിലും യുധിഷ്ഠിരനില്ല, അത്യാവശ്യം സ്വന്ത താല്‍പ്പര്യം വേണ്ടിടത്ത് ധര്‍മ്മചിന്ത മാറ്റി വയക്കുകയും ചെയ്യും. അല്ലെങ്കില്‍ ഭാര്യയെ പണയം വച്ചു ചൂതു കളിക്കില്ലായിരുന്നു.

വഞ്ചി പോത്തന്മാരായ അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായിട്ടും ഒരു വലിയ സദസ്സില്‍ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട ദ്രൗപദിയുടെ നിസ്സഹായ തേങ്ങലുകള്‍ ഞങ്ങള്‍ പെണ്ണുങ്ങളുടെ ഇടനെഞ്ചില്‍ വിങ്ങാറുണ്ട്. പ്രതികരിക്കാന്‍ തയ്യാറായ ഭീമനെ തടഞ്ഞ്, പണയപ്പണ്ടമായിപ്പോയി എന്ന് അനങ്ങാതിരുന്നു ധര്‍മ്മം  കാത്ത യുധിഷ്ഠിരന്‍, ഉണ്ണുന്ന ചോറിനു നന്ദി കാട്ടി മിണ്ടാതിരുന്ന ദ്രോണ-ഭീഷ്മ-വിദുരര്‍മാര്‍. ഒരു പെണ്ണിന്റെ മാനത്തേക്കാള്‍ വലുതോ ഈ പറയപ്പെടുന്ന ധര്‍മ്മവും തീറ്റിപ്പോറ്റുന്നവരോടുള്ള നന്ദിയും? ധര്‍മ്മം എന്നാല്‍ ഈ ലോകം കൂടുതല്‍ ജീവനയോഗ്യമാക്കാന്‍ സഹായിക്കുന്ന നിയമങ്ങളല്ലേ, അല്ലാതെ ഒരു വെറും വാക്കല്ലല്ലോ?

അന്ന് സ്ര്ത്രീസഹജമായ അന്തര്‍ജ്ഞാനത്താല്‍ നിന്നെ വിളിച്ചു കേണ ദ്രൗപദിയെ സഹായിക്കാന്‍ നീ ഇല്ലായിരുന്നുവെങ്കില്‍, ദ്രൗപദിയുടെ അവസ്ഥ എന്താകുമായിരുന്നു?  ' എനിക്കു ഭര്‍ത്താവില്ല, മക്കളില്ല, ബന്ധുക്കളില്ല, കൂട്ടുകാരില്ല, എന്റെ കൊടിയ അപമാനഘട്ടത്തില്‍ നീയല്ലാതെ ആരും എനിക്കു തുണയായില്ല. നീ എന്റെ കൂട്ടുകാരനും ബന്ധുവും ഗുരുവും സര്‍വ്വാധികാരങ്ങളുമുള്ള പ്രഭുവുമാകണേ ജനാര്‍ദ്ദനാ  ' എന്നു അഭിമാനിനിയായ ദ്രൗപദി കാമ്യകവനത്തില്‍ വച്ച് നിന്നോട് കരഞ്ഞുകൊണ്ടപേക്ഷിച്ചല്ലോ. അതേ, നീ നീ മാത്രമേ ഉണ്ടായിരുന്നുള്ളു ആ കണ്ണുനീര്‍ വേണ്ടവിധം ഒപ്പാന്‍.

കാമ്യകവനത്തില്‍ വച്ച് നീ പാണ്ഡവരോടു പറഞ്ഞ ആശ്വാസ വാക്കുകള്‍ എന്നും എനിക്കും സമാധാനം നല്‍കാറുണ്ട്. ' ആരാണോ ധര്‍മ്മം ഉയര്‍ത്തി പ്പിടിക്കുന്നത് അവര്‍ ധര്‍മ്മത്താല്‍ ഉയര്‍ത്തപ്പെടും, ആരാണോ ധര്‍മ്മം നശിപ്പിക്കുന്നത്, അവര്‍ ധര്‍മ്മത്താല്‍ നശിപ്പിക്കപ്പെടും.  ' പലപ്പോഴും ഇതിനു ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷേ  ബുദ്ധിപൂര്‍വ്വം നീങ്ങുന്ന അധര്‍മ്മികള്‍ ഒട്ടനവധി പ്രാവശ്യം പുല്ലുപോലെ ജീവിതത്തില്‍ ജയിച്ചു വിരാജിക്കുന്നതും കണ്ടിട്ടുണ്ട്. ഒരു പക്ഷേ കലിയുഗത്തില്‍ ഇതിനെല്ലാം വ്യതിയാനങ്ങളുണ്ടാകാം എന്നുണ്ടോ പാര്‍തഥസാരഥീ?

'ധര്‍മ്മമെന്ന അരയ്ക്കല്‍ യന്ത്രം പതുക്കെയേ ചലിക്കൂ, പക്ഷേ തരി തെല്ലും  ബാക്കി വയ്ക്കാതെ മുഴുവനും നല്ല വെണ്ണ പോലെ അരച്ചെടുക്കും ' എന്നു നീ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാകുന്നു . പക്ഷേ ,സഹനത്തിന്റെ , നീതിനിഷേധത്തിന്റെ , നാളുകളിലെ തീരാനഷ്ടങ്ങളൈാന്നും ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ കേശവാ. അപ്പോള്‍  ആ പരീക്ഷണങ്ങളെ, പന പോലെ വളരുന്ന ദുഷ്ടരുടെ മുമ്പില്‍ സഹിക്കേണ്ടി വരുന്ന കൊടുംയാതനകളെ, പൂര്‍വ്വജന്മഫലം എന്നാണോ വ്യാഖ്യാനിക്കേണ്ടത്? ഇത്തരം പല ചോദ്യങ്ങളുണ്ട് മനസ്സില്‍. അറിവുള്ള പലരോടും ചോദിച്ചു, 'ദൈവമാണെങ്കില്‍ കൂടി മനുഷ്യജന്മമെടുത്താല്‍ ദുഃഖക്കടല്‍ താണ്ടേണ്ടി വരും' എന്ന് നിന്നേയും ശ്രീരാമനേയും ക്രിസ്തുദേവനേയും മറ്റും ദൃഷ്ടാന്തമാക്കിയ ഒരു ഒഴുക്കന്‍ ഉത്തരത്തിനപ്പുറം ഒന്നും പറഞ്ഞില്ല ആരും. നീ ഒരിക്കല്‍ അതിനുത്തരം പറഞ്ഞു തരണേ ഹരിഗോവിന്ദാ.

യുദ്ധം ആസന്നമായ സാഹചര്യത്തില്‍ ദുര്യോധനാര്‍ജ്ജുന്മാരുടെ സഹായാഭ്യര്‍ത്ഥനയ്ക്കു മുമ്പിലും നീ ന്യായസ്ഥനായി. രണ്ടുപക്ഷവും നിനക്കൊരു പോലെ വേണ്ടപ്പെട്ടതാകയാല്‍ നീ പക്ഷം ചേരില്ലെന്നു പറഞ്ഞു. പക്ഷേ നിരായുധനായി നീ ഒരു വശത്ത് തേരാളിയാകാമെന്നും മറുവശത്ത് നിന്റെ സൈന്യത്തെ മുഴുവന്‍ നല്‍കാമെന്നും നീ വാഗ്ദാനം ചെയതു. നിന്റെ പദവിക്കു ചേര്‍ന്ന എത്ര നല്ല തീരുമാനം. ദുര്യോധനനെ കുറിച്ച് എല്ലാം അറിഞ്ഞിരുന്നിട്ടും സഹായം ചോദിച്ചു വന്നപ്പോള്‍ നീ നിരാകരിച്ചില്ല. നിന്നെ എതിര്‍ക്കാന്‍ നിന്റെ തന്നെ പടയെ വിട്ടു കൊടുത്തു! എന്നു വച്ച് അധര്‍മ്മം ജയിച്ച് ജനം കഷ്ടപ്പെടാന്‍ അനുവദിച്ചുമില്ല.

പാണ്ഡവര്‍ക്കുവേണ്ടി നീ ദൂതു പോയ ഭാഗം ഞാന്‍ പല ആവര്‍ത്തി വായിച്ചിട്ടുണ്ട്് വാസുദേവാ. എത്ര ഗംഭീരമായിരുന്നു നിന്റെ  പ്രകടനം. എങ്ങനെയെങ്കിലും യുദ്ധം ഒഴിവാക്കണമെന്ന്്് നിന്നോട് യുധിഷ്ഠിരന്‍ ആവശ്യപ്പെട്ടപ്പോള്‍ '  ഫലമല്ല, പരിശ്രമം മാത്രമേ കണക്കാക്കാന്‍ ആകൂ. നല്ല കര്‍ഷകന്‍ നിലം ഉഴും, വിത്തും പാകും, മഴ ലഭിക്കാതെ വിളവു കിട്ടാതിരുന്നാല്‍ അവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ' എന്നാണ് നീ മറുപടി പറഞ്ഞത്. മഴ പെയ്യുമോ എന്നു നോക്കട്ടെ, എന്നിട്ട് നിലം ഉഴാം, വിത്തു പാകാം എന്നു പറഞ്ഞിരുന്നാല്‍ വിതയ്ക്കാനാവില്ലല്ലോ. ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യുക എന്നതാണ് നീ ഉദ്ദേശിച്ചത് എന്ന് മനസ്സിലാകുന്നു. പറയാനും കേള്‍ക്കാനും എത്ര എളുപ്പം. പ്രായോഗികമാക്കാനോ?

കര്‍മ്മഫലത്തിന് പല ദൃഷ്ടാന്തങ്ങളും മനസ്സിലാക്കുന്നു. ഖാണ്ഡവദഹനത്തില്‍ അര്‍ജ്ജുനനാല്‍ വധിക്കപ്പെട്ട അമ്മയുടെ മരണത്തിനു പ്രതികാരമായ  ാണ് കര്‍ണ്ണന്റെ നാഗാസ്ത്രത്തിലൂടെ  അശ്വസേന എന്ന നാഗം അര്‍ജ്ജുനവധത്തിനായ് ശ്രമിച്ചത്. ദ്രൗപദിക്കു അഞ്ചു കണവന്മാര്‍ ഉണ്ടായതിനും നിനക്ക് അമ്പേല്‍ക്കുന്നതിനും എല്ലാം കാരണങ്ങള്‍ പറയുന്നുണ്ട്. പക്ഷേ ഇങ്ങനെയെങ്കില്‍ നമ്മള്‍ വെറും പാവകള്‍, എല്ലാം വിധി അല്ലെങ്കില്‍ ദൈവനിശ്ചയം എന്നു നിഷ്‌ക്രിയത്വം വരില്ലേ  എന്നെനിക്കൊരു സംശയം ഗോപാലാ.

ദൂതു പോയപ്പോള്‍ ദുര്യോധനാദികള്‍ നിനക്കൊരുക്കിയ ആഡംബര സൗകര്യങ്ങള്‍ നിരാകരിച്ച് അച്ഛന്‍ പെങ്ങള്‍ കുന്തിയും കൂടി താമസിക്കുന്ന വിദുരഗൃഹത്തിന്റെ ലളിത ആതിഥ്യമാണ് നീ സ്വീകരിച്ചത്. ' ഒരു ദൂതന്‍ തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാതെ ഔദ്യോഗിക ആതിഥ്യം സ്വീകരിക്കുവാന്‍ പാടില്ല  ' എന്നേ്രത നീ ദുര്യോധനനോടു പറഞ്ഞത്. സല്‍ക്കരിച്ച് വശംവദരാക്കുന്ന ഇന്നും നിലനില്‍ക്കുന്ന ചിരപുരാതനരീതിക്കു  നീ നിന്നു കൊടുത്തില്ല. ഒരു പ്രലോഭനത്തിനും നീ അടിമയായില്ല. അതാണ് തന്റേടം, കറകളഞ്ഞ മാന്യത.
 
' മനുഷ്യര്‍ ഭക്ഷണം കഴിക്കുന്നത് രണ്ടു സന്ദര്‍ഭങ്ങളിലാണ്, ഒന്നുകില്‍ വിശക്കുമ്പോള്‍, അല്ലെങ്കില്‍ നല്‍കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും ഇടയില്‍ അവാച്യസ്‌നേഹമുള്ളപ്പോള്‍. ഇതു രണ്ടും ഇല്ലാത്തതുകൊണ്ട് എനിക്കു താങ്കള്‍ നല്‍കുന്ന ഭക്ഷണം സ്വീകരിക്കാനാവില്ല, എന്തു തരുന്നു എന്നതല്ല, തരുന്നതിന്റെ പിന്നിലെ മനോഭാവമാണ്് പ്രധാനം. സ്‌നേഹത്തോടെ വിദുരര്‍ തന്ന പഴത്തൊലിയാണ് താങ്കള്‍ എറിഞ്ഞു തരുന്ന വിഭവസമൃദ്ധ ഔദ്യോഗിക വിരുന്നിനേക്കാള്‍ ആസ്വാദ്യകരം' എന്നും നീ ദുര്യോധനനോടു കാര്യകാരണ സഹിതം തുറന്നു പറഞ്ഞു. നിന്റെ അറിവിന്റെ ശക്തിയാണ്, ചെയ്യുന്നത് ശരിയാണ് എന്ന നിന്റെ അടിയുറച്ച ധാര്‍മ്മികതയാണ് ഇങ്ങനെ പറയുവാന്‍ നിനക്കു കഴിവു നല്‍കിയത്. നേരേ വാ നേരേ പോ എന്ന ഈ ആദരണീയ രീതി ഈ കലിയുഗത്തിലും മാനിക്കപ്പെട്ടിരുന്നു കുറച്ചു നാള്‍ മുമ്പു വരെ. ഇപ്പോള്‍ കാലം മാറി, ആരും വിസമ്മതം നേരേ അറിയിക്കില്ല, പരോക്ഷമായി മനസ്സിലാക്കിക്കുകയേ ഉള്ളു. അതാണ് പുതു കാല ശരി. പല അനുഭവങ്ങള്‍ വന്ന് ഇതു സ്വയം മനസ്സിലാക്കും വരെ കുറച്ചധികം വിഡ്ഢിവേഷം ആടിയിരുന്നു ഞാനും.
തുടരും...........


മൂന്നാം ഭാഗം ഇവിടെ


   
പ്രചോദനം-1.SRI KRISHNA- THE DARLING OF HUMANITY-A.S.P.AIYYAR
                          2. മഹാഭാരത സംഗ്രഹം- സ്വാമി ദ്വയാനന്ദതീര്‍ത്ഥ
                          3. കേട്ടും വായിച്ചും മനസ്സില്‍ പതിഞ്ഞുപോയ പലതും.
                 
6 comments:

 1. കൃഷ്ണാ, എനിക്കും നിനക്കും തമ്മിൽ ഒരുപാടുണ്ട് പറയാൻ എന്നു മനസ്സിലായി. കാര്യകാരണങ്ങളുടെ വിചിന്തനം വളരെ നന്നായിത്തന്നെ ചെയ്യുന്നു. തുടരൂ. വളരെ ഇഷ്ടപ്പെട്ടു എനിക്കിത്.

  ReplyDelete
 2. "വഞ്ചി പോത്തന്മാരായ അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായിട്ടും ഒരു വലിയ സദസ്സില്‍ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട ദ്രൗപദിയുടെ നിസ്സഹായ തേങ്ങലുകള്‍ ഞങ്ങള്‍ പെണ്ണുങ്ങളുടെ ഇടനെഞ്ചില്‍ വിങ്ങാറുണ്ട്."

  നല്ല ചിന്തകൾ പോസ്റ്റിലുടനീളം.നന്നായിരിക്കുന്നു.

  ReplyDelete
 3. നന്നാകുന്നുണ്ട്, പല പ്രധാനസന്ദർഭങ്ങളിലൂടെയും ശരിയാം വിധം കടന്നു പോകുന്നുണ്ട്. തുടരുക, ആശംസകൾ. കൃഷ്ണനെപ്പോലെ മറ്റൊരാളില്ല നമ്മുടെ പുരാണങ്ങളിൽ. ദൂത് വിജയിക്കുമെങ്കിൽ ഞാൻ ദൂത് പോവില്ലല്ലോ എന്നാണ് പാഞ്ചാലിയുടെ അഴിഞ്ഞ തലമുടി നിരുപിച്ച് മുരഹരൻ മൊഴിഞ്ഞത്!

  ReplyDelete
 4. മഹാഭാരത കഥകളോട് ഈയിടെ കൂടുതല്‍ താല്പര്യം തോന്നുന്നു എനിക്കും ഡി സി യില്‍ നിന്ന് വലിയൊരു പുസ്തകം വാങ്ങിക്കൊണ്ടുവന്നിട്ട് വായിക്കുവാന്‍ ഇനിയും സമയം കിട്ടിയില്ല,. ഈ പോസ്റ്റ് എന്നെ അതിനു പ്രേരിപ്പിക്കുന്നു.

  ReplyDelete
 5. രണ്ടു പോസ്റ്റും ഒന്നിച്ചാണ് വായിച്ചത്.
  നന്നായിട്ടുണ്ട്.
  ആശംസകള്‍.

  ReplyDelete
 6. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  ReplyDelete