Monday, September 05, 2011

ജീവിതച്ചിന്തുകള്‍

(26.08.2011 ലെ കുടുംബമാദ്ധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്-റീ പോസ്റ്റാണ്. നേരത്തേ വായിച്ചവര്‍ ക്ഷമിക്കുക.)
ഇത് എന്റേയോ എനിക്കു ചുറ്റുമുള്ളവരുടേയോ ജീവിതാനുഭവങ്ങളാണ്, അവ നല്‍കുന്ന നോവുകളും നിനവുകളും അറിവുകളുമാണ്. ചിലത് ചിന്തിപ്പിക്കുന്നു, ചിലത് ചിരിപ്പിക്കുന്നു, മറ്റു ചിലത് ജീവിതത്തോടുള്ള കാഴ്ച്ചപ്പാടുകള്‍ തന്നെ മാറ്റി മറിക്കുന്നു.

1.അമ്മത്തം

സ്‌കൂള്‍ മുടങ്ങിപ്പോയ ദിവസങ്ങളിലെ നോട്ട് കോപ്പിയെടുത്ത് ഒറിജിനല്‍ തിരിച്ച് കൊടുക്കണം. അമ്മയും മകളും കൂടി കൂട്ടുകാരിയുടെ വീട്ടിനടുത്ത് കോപ്പി എടുക്കാനായി കയറി. അറുപതടുത്തു പ്രായം തോന്നുന്ന, ഹൗസ് കോട്ടിട്ട ഒരു വനിത ഇറങ്ങിവന്നു. അവരുടെ വീടിന്റെ പൂമുഖമുറി കോപ്പിഷോപ്പാക്കി മാറ്റിയിരിക്കയാണ്. അവര്‍ ചെയ്യുന്നതെല്ലാം മകള്‍ ശ്രദ്ധിച്ചുനോക്കിയിരുന്നു. കോപ്പിയെടുക്കുന്നതും കട്ടു ചെയ്യുന്നതും പൈസ വാങ്ങുന്നതും എല്ലാം അവര്‍ തന്നെ. വളരെ പ്രസന്നവതിയായിരുന്നു അവര്‍. ജോലി കൃത്യമായി ചെയ്യുന്നതിനിടയിലും ഇടയ്ക്കിടെ മകളെ നോക്കി ചിരിക്കാനും അവര്‍ മറന്നില്ല. അപ്പോഴൊക്കെ മകളും നുണക്കുഴി വിരിയിച്ച് അവളുടെ പ്രസിദ്ധമായ നൂറു വാട്ട്‌സ് ചിരി ഉഷാറോടെ തിരിച്ചു നല്‍കുന്നതും അമ്മ കണ്ടു.

അവിടുന്ന് ഇറങ്ങുമ്പോള്‍ മകള്‍ പറഞ്ഞു 'അമ്മേ, എനിക്ക് ആ അമ്മൂമ്മയെ വളരെ ഇഷ്ടമായി. നല്ല അമ്മൂമ്മത്തം..... '

'അമ്മൂമ്മത്തമോ ? അതെന്താണ്? ' മകളുടെ ഭാഷാസംഭാവന അമ്മയെ അത്ഭുതപ്പെടുത്തി.

'അതിപ്പോ പറയാനൊന്നും എനിക്കറിയില്ല. എന്നാലും അമ്മൂമ്മേ എന്നു വിളിക്കാനും അടുത്ത് ചേര്‍ന്നിരിക്കാനുമൊക്കെ തോന്നി. '

'അപ്പോള്‍ നിന്റെ സ്വന്തം അമ്മൂമ്മമാര്‍?'

' ഓ, അവര്‍ക്കൊന്നും ഇത്ര അമ്മൂമ്മത്തം ഇല്ലെന്നേ.....'

'അങ്ങനെയാണല്ലേ.....അപ്പോ നിന്റെ ഈ അമ്മയ്ക്ക് അമ്മത്തം ഉണ്ടോ കുട്ടിയേ ......'

'അമ്മ പിണങ്ങണ്ടാട്ടോ....ഉം......ഇത്തിരി കുറവുതന്നെയാണേയ്..... '

അമ്മ ഒരു നിമിഷം ആലോചിച്ചു നിന്നു.... പിന്നെ പൊതുസ്ഥലമാണെന്നതൊക്കെ മറന്ന് മകളെ സ്വന്തം ദേഹത്തോട് അണച്ചു നിര്‍ത്തി. ജോലിത്തിരക്കും കുടുംബത്തോടുള്ള കടമയും എല്ലാം കൂടി ഒന്നിച്ചു കൊണ്ടു പോകണ്ടതെങ്ങനെയെന്നു മകള്‍ കണ്ടു പഠിക്കട്ടെ എന്നു കരുതിയാണ് ജീവിച്ചത്. പറഞ്ഞു പഠിപ്പിക്കുന്നതിലും നല്ലത് കാണിച്ചുകൊടുക്കലാണല്ലോ. ഒന്നേയുള്ളു എന്നു കരുതി ഇത്രയും ലാളിക്കണോ എന്നുള്ള ഉപദേശങ്ങളൊന്നും ചെവിക്കൊണ്ടിരുന്നില്ല. എപ്പോഴും കൂടെയിരിക്കുന്നതിലല്ലാ മകളുടെ ഒപ്പം ക്വാളിറ്റി ടൈം സ്‌പെന്‍ഡ് ചെയ്യുന്നതാണ് കാര്യം എന്നു ഉറച്ചു വിശ്വസിക്കയും അങ്ങനെ പ്രവര്‍ത്തിക്കയും ചെയ്തു. എന്നിട്ടും.......എന്നിട്ടും എവിടെയോ പിഴച്ചിരിക്കുന്നു....അവള്‍ ആഗ്രഹിച്ച എന്തോ ഒന്ന് നല്‍കാന്‍ കഴിഞ്ഞിട്ടില്ല.....ആ എന്തോ ഒന്നാണ് അമ്മത്തം, അമ്മൂമ്മത്തം......നന്തനാരുടെ ഉണ്ണിക്കുട്ടനു കിട്ടിയത്, മകള്‍ക്കു കിട്ടാതെ പോയത്.......അമ്മയുടെ തിരിച്ചറിവിന്റെ നിമിഷം......


2.അച്ഛന്റെ മകന്‍    
(ഇത് അച്ചടിച്ചിട്ടില്ല- അതിനെ കുറിച്ച് കമന്റിയിട്ടുള്ളതിനാല്‍ ഡിലീറ്റ് ചെയ്യുന്നില്ല)ഹരിയുടെ അമ്മയ്ക്ക് ദൂരസ്ഥലത്തേക്കു ജോലി മാറ്റം. ഹരിയും അച്ഛനും തനിച്ചായി കുറച്ചു നാള്‍. അമ്മയില്ലാത്തതിന്റെ ബുദ്ധിമുട്ട് അറയിക്കാതെ എന്നും വെളുപ്പിനെഴുന്നേറ്റ് അച്ഛന്‍ പാചകം ചെയ്തു. ഹരിക്കു കാപ്പിയുണ്ടാക്കി, ടിഫിന്‍ പായ്ക്ക് ചെയ്തു കൊടുത്തു. പക്ഷേ ഹരി ടിഫിന്‍ ബോക്‌സ് അതുപടി തിരികെ കൊണ്ടുവന്നു. ഒന്നും രണ്ടും ദിവസം പോട്ടെയന്നു വിട്ടു. മൂന്നാം നാള്‍ ആവര്‍ത്തിച്ചപ്പോള്‍ അച്ഛനു സഹിച്ചില്ല.

'മോനേ , എത്ര പ്രയാസപ്പെട്ടാണ് ഞാന്‍ വെളുപ്പിനെഴുന്നേറ്റ് ഇതൊക്കെ പാചകം ചെയ്തു തരുന്നത്. നീ എന്താ അതു മനസ്സിലാക്കാത്തത്? '

'എന്റെ വിഷമം അച്ഛനെന്താ മനസ്സിലാക്കാത്തത്. അച്ഛന്‍ ഉണ്ടാക്കുന്ന ഭക്ഷണം രാവിലെ തന്നെ ഞാന്‍ എത്ര പ്രയാസപ്പെട്ടിട്ടാ കഴിക്കുന്നതെന്ന് അച്ഛനറിയുമോ..... പിന്നെ ഊണും കൂടി......കൂടുതല്‍ ബുദ്ധിമുട്ടിക്കല്ലേ അച്ഛാ........... '

ഉരുളയ്ക്കുപ്പേരി പോലെ വിളയാടി പൊന്നുമകന്റെ നാവില്‍ വികടസരസ്വതി......അച്ഛന്റെ മകന്‍.......


3.കര്‍മ്മ നീതി

ഗുരുനാഥന്‍ കെമിസ്റ്റ്രിയില്‍ ഡോക്ടറേറ്റ് ഉള്ള ആളാണ്. പേരു കേട്ട ശിഷ്യസമ്പത്തുള്ള ,റിട്ട. ഗവ. കോളേജ് പ്രിന്‍സിപ്പല്‍. അതു കൂടാതെ തലസ്ഥാനത്തെ പ്രശസ്ത ജ്യോതിഷിയും കൂടിയാണ്. ഒരിക്കല്‍ ശ്രദ്ധിച്ചു, മേശമേല്‍ രണ്ടു തരം ലെറ്റര്‍ ഹെഡ്. വെളുപ്പില്‍ നീല അക്ഷരങ്ങളുള്ള ആദ്യത്തേതില്‍ ഡോ......എന്നു മുഴുവനും പ്രിന്റു ചെയ്തിട്ടുണ്ട്. രണ്ടാമത്തേത് മഞ്ഞ ലറ്റര്‍ ഹെഡ്. അതില്‍ ഡോ. ഇല്ലാതെ പേരു മാത്രം.

എന്താണങ്ങിനെ എന്നു ചോദിക്കേണ്ടി വന്നില്ല, സ്വയം മനസ്സിലാക്കി. ജ്യോതിഷസംബന്ധിയായ കാര്യങ്ങള്‍ക്കുപയോഗിക്കുന്നതാണ് മഞ്ഞ. അതില്‍ കെമിസ്റ്റ്രി ഡോക്ടറേറ്റ് എന്തിന്?

ജ്യോതിഷി പ്രിന്‍സിപ്പലോ, പ്രൊഫസറോ, എഞ്ചിനീയറോ, ഡോക്ടറോ, ബാങ്ക് മാനേജരോ ആരോ ആവട്ടെ, ജ്യോതിഷസേവനസമയത്ത് അവര്‍ ജ്യോതിഷി മാത്രമാണ്, അതേ ആകാവൂ, അതിലെ അവഗഹം മാത്രമാണ് അപ്പോള്‍ പ്രസക്തവും........

എല്ലാ കാര്യത്തിലും ഇത് ബാധകമാണ്. ഒരിടത്തെ യോഗ്യതയും സ്ഥാനമാനവും മറ്റൊരിടത്ത് പ്രദര്‍ശിപ്പിച്ച് ആളാകാന്‍ ശ്രമിക്കേണ്ട കാര്യമില്ല. വലിയ ഒരു ജീവിതപാഠം, അനുകരണീയം.......എത്രപേര്‍ക്കുണ്ടാവും ഇത്ര ധര്‍മ്മബോധം? നന്ദി എന്റെ പ്രിയ ഗുരുനാഥന്, ആ വന്ദ്യവയോധികന്........

4.മാനസസന്ദേശം 
(ഇത് പഴയ പോസ്റ്റിലില്ല. പത്രത്തില്‍ വന്നതില്‍ ഉണ്ട്്)

മനസ്സുകള്‍ക്കിടയില്‍ അന്തരീക്ഷം വഴി സന്ദേശങ്ങള്‍ എത്തുമോ? എത്തും, അതാണ് ടെലിപ്പതി (മാനസസന്ദേശം) എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് വായിച്ചിട്ടുണ്ട് . ശ്രീ ശങ്കരാചാര്യര്‍ പറഞ്ഞ പരഹൃദയജ്ഞാനവും ഇതു തന്നെയാണാവോ? ബന്ധം തീവ്രമെങ്കില്‍ വെറും സാധാരണ മനുഷ്യജീവികള്‍ക്കിടയിലും ഇതു സംഭവ്യമെന്ന് എനിക്കനുഭവം.

എന്റെ അച്ഛനും മുത്തശ്ശിയമ്മയും (അച്ഛന്റെ അമ്മ) തമ്മിലുള്ള സ്‌നേഹം അളക്കാനാവാത്തതായിരുന്നു. ഏതു തിരക്കിലാണെങ്കിലും തിരുവോണത്തിന് അച്ഛന്‍ മുത്തശ്ശിയുടെ ഒപ്പമിരുന്നേ ഉണ്ണൂ. ഒരിക്കല്‍ തലേന്ന് പോകാന്‍ കഴിഞ്ഞില്ല. പിറ്റേന്ന് വെളുപ്പിന് യാത്രയായി അച്ഛന്‍. പക്ഷേ എത്തിയത് നാലു മണിക്ക്. മറ്റുള്ളവരെല്ലാം ഊണുകഴിഞ്ഞു, ഉറക്കമായി. ഊണ്‍തളത്തില്‍ രണ്ട് ഇലകളിട്ട്, അതിന്റെ മുമ്പില്‍ മടക്കിയ പായില്‍ പ്രതിമപോലെ കണ്ണു നിറച്ച് ഒരേ ഇരുപ്പായിരുന്നത്രേ മുത്തശ്ശി. അച്ഛന്‍ ചെന്നില്ലെങ്കില്‍ അന്നു മുത്തശ്ശി ഉണ്ണുമായിരുന്നില്ല ,അത് ഞങ്ങളോടു പറയുമ്പോള്‍ അച്ഛന്റെ കണ്ണും നനയുമായിരുന്നു.

മുത്തച്ഛന്റെ മരണശേഷം മുത്തശ്ശി മിയ്ക്കവാറും ഞങ്ങള്‍ക്കൊപ്പമായിരുന്നു താമസം. മറ്റു മക്കളാരെങ്കിലും വന്നു കൊണ്ടു പോയാല്‍ മൂന്നാം ദിവസം തിരിച്ചു വരാന്‍ ബഹളം കൂട്ടും. ഒരിക്കല്‍ അങ്ങനെ പോയി രണ്ടാം രാത്രി. ഉറക്കം വരാതെ അച്ഛന്‍ മുറ്റത്തുലാത്തുന്നു. അമ്മ ഒപ്പമുണ്ട്. പെട്ടെന്ന്, അച്ഛന് മുത്തശ്ശിയമ്മയുടെ ബലാഗുളുച്യാതി എണ്ണയുടെ മണം(മലയാറ്റൂര്‍ 'വേരുകള്‍' എഴുതുന്നതിനും മുന്‍പുള്ളതാണേ ഈ സംഭവം). അതോടെ മുത്തശ്ശിയമ്മയ്ക്ക് എന്തോ പറ്റിയെന്ന് അച്ഛനും അമ്മയും അസ്വസ്ഥരായി. രണ്ടു മണിക്കൂര്‍ കഴിഞ്ഞില്ല, സുഖമില്ലാതായ മുത്തശ്ശിയേയും കൊണ്ട് കാര്‍ വന്നു. അസുഖമായപ്പോള്‍ മകന്റെ വീട്ടില്‍ പോകണം എന്നു മുത്തശ്ശി വാശി പിടിച്ചത്രേ. ഗത്യന്തരമില്ലാതെ അവര്‍ രാത്രി പുറപ്പെട്ടതാണ്. ഞങ്ങളുടെ കൂടെ രണ്ടാഴ്ച്ച. അച്ഛനുമമ്മയും ഊണും ഉറക്കവുമില്ലാതെ മുത്തശ്ശിക്കൊപ്പം. പക്ഷേ രണ്ടാഴ്ച്ച കഴിഞ്ഞ് അച്ഛന്റെ നെഞ്ചില്‍ തല വെച്ച് മുത്തശ്ശി സ്വര്‍ഗ്ഗം പൂകി. അതെ സ്വര്‍ഗ്ഗം തന്നെ. എല്ലാ ശനിയാഴ്ച്ചയും ഉച്ചയ്ക്ക്് സ്വന്തം വീട്ടില്‍ ഒരുപാടു സാധുക്കളുടെ പശിയടക്കിയ മുത്തശ്ശിയമ്മയ്ക്ക് സ്വര്‍ഗ്ഗം തന്നെ കിട്ടിയിരിക്കും. തീര്‍ച്ച.

ഒരിക്കല്‍ ഞാന്‍ ഔദ്യോഗികമായി ഏറെ മനഃസംഘര്‍ഷം അനുഭവിച്ച ഒരു ദിവസം. വീട്ടില്‍ മോളും ഞാനും മാത്രം. എന്റെ സങ്കടം മനസ്സിലാക്കിയ കുഞ്ഞുമകള്‍ കെട്ടിപ്പിടച്ച് 'അമ്മയുടെ സാര്‍ വഴക്കു പറഞ്ഞല്ലേ....ചീത്ത സാര്‍... ' എന്നൊക്കെ പറയാന്‍ തുടങ്ങി. സാര്‍ നല്ലതാണു മോളേ, അമ്മയ്ക്കാണു തെറ്റിയത് എന്ന് ഞാന്‍ അവളെ സമാധാനിപ്പിച്ചു. പക്ഷേ രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല, നെഞ്ചുരുകുമ്പോള്‍ ഉറങ്ങാനാകുമോ. ആരും അറിയാതെ കരച്ചിലും....

വെളുപ്പിന്് അഞ്ചുമണിക്ക് അമ്മയുടെ ഫോണ്‍. എന്താ ഇത്ര വെളുപ്പിനെന്നോടി വന്നു ഫോണെടുത്തപ്പോള്‍ അങ്ങേത്തലയ്ക്കല്‍ അമ്മ. 'നിനക്കെന്തോ കുഴപ്പം പറ്റിയോ.ഇന്നലെ രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. '

5.പേരെന്താണെങ്കിലും...........
(ഒരിക്കല്‍ ഇട്ടു ഡിലീറ്റിയതാണ്. അച്ചടിച്ചു വന്ന സ്ഥിതിക്ക് കളയുന്നില്ലെന്നു വച്ചു)

യാത്രയ്ക്കിടയില്‍ കൃഷ്ണപുരം കെ.ടി.ഡി.സി ഹോട്ടലില്‍ ഭക്ഷണം കഴിച്ച് ഇറങ്ങവേ കണ്ടു, നാലോ അഞ്ചോ വയസ്സുള്ള ഒരു കൊച്ചുപെണ്‍കുട്ടി വല്ലാതെ ഓക്കാനിക്കുന്നു...അതിന്റെ അമ്മ ഒരു കൈ കൊണ്ട് പിടിച്ചിട്ടുണ്ട്. അമ്മയുടെ മറു കയ്യില്‍ ഇളയ കുട്ടി. അടുത്തു ചെന്നു കുട്ടിയെ പിടിച്ചു....

'എന്തുപറ്റി, യാത്രയുടേതാവും അല്ലേ.....' ഞാന്‍ അന്വേഷിച്ചു.

'ഞങ്ങള്‍ എപ്പോഴും യാത്ര പോകാറുണ്ട്. ഇതുവരെ ഇങ്ങനെ വന്നിട്ടില്ല. തലവേദനയുണ്ടത്രേ, ഇനി മൈഗ്രേനാകുമോ....... ' അമ്മയുടെ ആശങ്ക.

'ഓ, ആവില്ല, ഇന്‍ഡൈജഷനാവും, ' ഞാന്‍ സമാധാനിപ്പിച്ചു.

' വെറും ഹോര്‍ലിക്‌സ് മാതമേ അവള്‍ കഴിച്ചുള്ളു' വീണ്ടും അമ്മ.

'ശരീരം വീക്കായ സമയത്താണെങ്കില്‍ ഹോര്‍ലിക്‌സും ഇന്‍ഡൈജഷനുണ്ടാക്കും. ഒക്കെ വെളിയില്‍ പോകട്ടെ, കുട്ടിയുടെ വിഷമം മാറും..... '

പറഞ്ഞു തീര്‍ന്നതും ,കുട്ടി, ഹോര്‍ലിക്‌സു മുഴവന്‍ പുറത്തുകളഞ്ഞു.

'ഡോക്ടറാണല്ലേ........ '

'ഏയ് അല്ല....... ' ഞാന്‍ ചിരിച്ചു.....

റിഫ്രഷ്‌മെന്റ് റൂമില്‍പ്പോയി. അമ്മ കുട്ടിയെ കയ്യും മുഖവുമെല്ലാം കഴുകി വിട്ടു. കുട്ടി നേരേ പോയത് നിലക്കണ്ണാടിയുടെ മുന്‍പിലേക്ക്. അവിടെ കണ്ണാടിക്കു മുന്‍പില്‍ ചെന്നു നിന്നു ചുമ വരുത്തി നോക്കുന്നു....ചുമ വരുമ്പോള്‍ മുഖസൗന്ദര്യം എങ്ങനെ എന്നറിയണ്ടേ......

കുട്ടിയുടെ അമ്മയും ഞാനും കൂടി ചിരിക്കുമ്പോള്‍ മനസ്സിലേക്കോടി വന്നത് ഓ.എന്‍.വി യുടെ രണ്ടു വരികളാണ്.....

'പെണ്ണിന്റെ പേരെന്തെന്നോര്‍മ്മയില്ല
പേരെന്താണെങ്കിലും പെണ്ണു തന്നെ '

ഒരിക്കല്‍ ഒരു സുഹൃത്ത് വിളിച്ചു, സിംഗപ്പൂര്‍ നിന്ന്. കുഞ്ഞുങ്ങളുടെ ക്ഷേമം അന്വേഷിച്ചപ്പോള്‍ പറഞ്ഞു 4 വയസ്സുകാരി കണ്ണാടിക്കു മുമ്പില്‍ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി ചോദിച്ചുവേ്രത 'ആം ഐ പ്രിറ്റി ഡാഡ്' എന്ന്?

ശരീരസൗന്ദര്യമാണ് ഏറ്റവും പ്രധാനമെന്ന് ആ കുഞ്ഞുപെണ്‍മനസ്സുകളില്‍പോലും തോന്നിപ്പിച്ചത് ആരാണ്? ടി.വി. പരസ്യങ്ങള്‍? സിനിമ...സീരിയല്‍....ഇന്റര്‍നെറ്റ്......ഉണ്ണിയെക്കണ്ടാലറിയാം......എന്ന പഴഞ്ചൊല്ല് ഇക്കാലത്തു പ്രസക്തമല്ല. കുടുംബത്തോളം പ്രാധാന്യം മീഡിയകള്‍ക്കും ഇന്റര്‍നെറ്റിനുമെല്ലാമുണ്ട്.....

35 comments:

 1. നല്ലൊരു പോസ്റ്റ്‌...

  ഒത്തിരി കാര്യങ്ങള്‍..വായന മുതലായി.

  അമ്മത്തം കലക്കി.ഈ അപ്പത്തം, അപ്പൂപ്പത്തം തുടങ്ങിയ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒന്ന് ചിന്തിച്ചു പോയി .

  അച്ചന്റെ മകനെ കുറ്റപ്പെടുത്തണോ വേണ്ടയോ എന്നതാണ് ഇപ്പോള്‍ സംശയം

  ഒരു അഭിപ്രായം കൂടി.. ഈ ചിന്തകള്‍ ഇങ്ങനെ ചിതറിക്കാതെ വിവിധ പോസ്റ്റുകള്‍ ആക്കാമായിരുന്നു..

  ReplyDelete
 2. ഒരു മൈത്രേയി ടച്ച്‌ കൊടുത്ത മറ്റൊരു പോസ്റ്റ്‌!

  അമ്മൂമ്മത്തം ആണ് ഏറ്റവും ഇഷ്ടമായത്. പിന്നെ, അച്ഛന്റെ മകന്‍.

  പെരെന്താനെങ്കിലും ആദ്യവായനയില്‍ അത്രക്കങ്ങു (എനിക്ക്) ഇഷ്ടപ്പെട്ടില്ല. പിന്നെ ഒന്ന് കൂടി വായിച്ചു. ചിന്തിപ്പിക്കാനുള്ള സംഗതി തീര്‍ച്ചയായും ഉണ്ട്. വിഷയം പറയുന്നതില്‍ ഒരു വ്യത്യസ്തതയും പുലര്‍ത്തി. അത് ഇഷ്ടമായി.

  കര്‍മ നീതി: നന്നായി. (ഇതിനെ കുറിച്ച് ബാക്കി ഇ-മെയില്‍ അയക്കാം.)

  ReplyDelete
 3. നല്ല ഒരു പോസ്റ്റ്.. കുറച്ച് നാൾ മുൻപ് എവിടെയോ കേട്ട ഒരു സംഭവം ഓർമ്മവരുന്നു.. ഓർമം ശരിയാണെങ്കിൽ റേഡിയോവിലാണ്... മകനും ഭാര്യയും കൂടി അമ്മയെ വൃദ്ധസദനത്തിൽ ആക്കാൻ തുനിയുന്നു.. ആകെ നിരാശയായിരിക്കുന്ന അമ്മൂമ്മയോട് കൊച്ചുമകൻ കാര്യം ചോദിക്കുമ്പോൾ അവർ വിങ്ങികൊണ്ട് കാര്യം പറയുന്നു.. ഉടനെ കൊച്ച് മകൻ അച്ച്ഛന്റെ അടുക്കൽ ചെന്ന് താൻ പഠിച്ച് വലുതായി ഒരു ജോലിയൊക്കെ കിട്ടുമ്പോൾ അച്ച്ഛനെയും അമ്മയെയും വൃദ്ധസദനത്തിൽ ആക്കാട്ടോ എന്ന് പറയുകയും.. ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം അമ്മയുടെ കാലിൽ വീണ് മാപ്പ് ചോദിക്കുന്ന മകനുമാണ് അതിന്റെ ഇതിവൃത്തം.. കുട്ടികളുടെ കളങ്കമില്ലാത്ത മനസ്സിൽ എന്തെല്ലാം നന്മകൾ ഒളിച്ചിരിപ്പിണ്ട്.. എന്തൊക്കെയോ കുത്തിക്കുറിച്ചു... ഇനി ഏതായാലും ഡിലീറ്റുന്നില്ല..

  ReplyDelete
 4. അമ്മൂമ്മത്തവും അമ്മത്തവും...
  കുട്ടിയുടെ ആശങ്കകള്‍ ശരിയാണെന്നാണ് എനിക്ക് തോന്നിയത്‌.
  കാരണം കുട്ടി ആഗ്രഹിക്കുന്ന ഒരമ്മ അല്ലെങ്കില്‍ അമ്മൂമ്മ ആയിരുന്നില്ല അവര്‍. അതിനര്‍ത്ഥം കുട്ടിയുടെ മനസ്സ്‌ അറിയാന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല എന്ന് വരുന്നില്ലേ. അവര്‍ ഇഷ്ടപ്പെടുന്ന ആഗ്രഹിക്കുന്ന അമ്മൂമ്മത്തവും അമ്മത്തവും (കുട്ടി ഉപയോഗിച്ച ഭാഷ ചിരി പടര്‍ത്തുന്നു എങ്കിലും എന്താണ് ഉദേശിക്കുന്നത് എന്ന് നമുക്കെല്ലാം മനസ്സിലാകുന്നു)അവര്‍ക്ക്‌ ലഭിക്കുമ്പോള്‍ കുട്ടി അവരിലും 'ത്തം' കാണും.
  രസമുള്ള പോസ്റ്റായി, ചിന്തിപ്പിക്കാനും......

  ReplyDelete
 5. തിരക്ക് പിടിച്ച ജീവിതത്തില്‍,പ്രിയ മക്കള്‍ക്ക് ആവോളം
  അമ്മത്തവും അച്ചത്തവും പകര്‍ന്ന് കൊടുക്കാന്‍
  എത്ര പേര്‍ക്ക് സാധ്യമാവുന്നുണ്ട്..?
  തലമുറകളിലൂടെ നമുക്ക് ലഭ്യമായ അനുഗ്രഹങ്ങള്‍,നമ്മുടെ
  മക്കള്‍ക്ക് പതിച്ചു നല്‍കുന്നതിനെ ആരാണ്‍ തടയുന്നത്..?
  നാം തന്നെ നമ്മുടെ മക്കളെ വഴിതെറ്റിക്കുന്നതെന്ത്..?
  സ്വന്തത്തിലേക്ക് വിരല്‍ ചൂണ്ടുന്നു,ഈ പോസ്റ്റ്..നന്ദി,മൈത്രേയി.

  ReplyDelete
 6. ഞാൻ പറയാനുദ്ദേശിച്ചത്‌ മനോരാജ്‌ പറഞ്ഞു....
  ഇനീപ്പോ ഞാനെന്താ പറയാ....അല്ല.. ചേച്ചി പറ...

  ReplyDelete
 7. ഏറ്റവും ഇഷ്ടമായത് അവസാനത്തേത്...
  "ഒരിടത്തെ യോഗ്യതയും സ്ഥാനമാനവും മറ്റൊരിടത്ത് പ്രദര്‍ശിപ്പിച്ച് ആളാകാന്‍ ശ്രമിക്കേണ്ട കാര്യമില്ല"

  വളരെ ശരി.

  പിന്നെ, അമ്മൂമ്മത്തം, അച്ഛന്റെ മകന്‍... (എന്റെ അച്ഛന്‍ സാമാന്യം മോശമില്ലാതെ പാചകം ചെയ്തിരുന്നതിനാല്‍ അമ്മയ്ക്ക് സുഖമില്ലാത്ത അവസരങ്ങളിലും ഭക്ഷണം ഒരു പ്രശ്നമായിട്ടില്ല) :)

  ReplyDelete
 8. നുറുങ്ങനുഭവങ്ങള്‍ ഇഷ്ടായി..ഏറ്റവുമിഷ്ടായത് അമ്മത്തം.:)

  ReplyDelete
 9. "ഒരിടത്തെ യോഗ്യതയും സ്ഥാനമാനവും മറ്റൊരിടത്ത് പ്രദര്‍ശിപ്പിച്ച് ആളാകാന്‍ ശ്രമിക്കേണ്ട കാര്യമില്ല. വലിയ ഒരു ജീവിതപാഠം"

  അതാണ്‌ ശരി

  ReplyDelete
 10. വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ പങ്കു വച്ചവര്‍ക്കും നന്ദി. 'പേരെന്താണെങ്കിലും ' അങ്ങു ഡിലീറ്റി.........ഇടുമ്പോള്‍ തന്നെ തോന്നിയിരുന്നു അത് ഒരു ഗുണമില്ലെന്ന്. എങ്കില്‍ എന്തിനു പോസ്റ്റിയെന്നു ചോദിച്ചാല്‍.....പോസ്റ്റിപ്പോയി.....

  പിന്നെ ഹരിയും അച്ഛനും നല്ല കൂട്ടുകാര്‍ ആയിരുന്നു....മകന്റെ ഡയലോഗിനു ശേഷം അച്ഛനും മകനും പൊട്ടിച്ചിരിക്കയാണ് ചെയ്തത്....


  മനോരാജ് പറഞ്ഞ് ഏറക്കാടന്‍ യോജിച്ച കാര്യം മനസ്സിലായി....'മുത്തന്തയ്ക്ക് എന്‍ തന്ത ചെയ്തത് എന്‍ തന്തയ്ക്ക് ഏന്‍ ചെയ്യും '....അതല്ലേ ഉദ്ദേശിച്ചത്.... പിന്നെ തോന്നുന്നത് അതുപടി അങ്ങു പറഞ്ഞോളൂന്നേ.......ഒരു കുഴപ്പവുമില്ല. നമ്മള്‍ എല്ലാവരും ഒരേ ബ്ലോഗമ്മ മക്കളല്ലേ.......ആരെയും വേദനിപ്പിക്കാതെ പറയാനുള്ളത് തുറന്നങ്ങു പറയുക. അത്രതന്നെ.'

  ReplyDelete
 11. എനിക്കു കൂടുതല്‍ ഇഷ്ടായതു് അമ്മത്തവും അമ്മൂമ്മത്തവും തന്നെ. അവള്‍ എത്ര നിഷ്കളങ്കമായി അതു പറഞ്ഞു.

  ReplyDelete
 12. മൈത്രേയി,

  മൂന്ന് വളരെ നല്ല പോസ്റ്റുകള്‍!
  അമ്മൂമ്മത്തെപ്പറ്റി ചിന്തിച്ചപ്പോള്‍ മനസ്സില്‍ വന്നത് എന്റെ ഉപ്പയെ യാണ്, ഒരിക്കലും ആവാനായിട്ടില്ലെന്നതാണ് സത്യം!
  കീപ് ഗോയിങ് :)

  ReplyDelete
 13. മൂന്നും നന്നായി.

  രണ്ട് വര്‍ഷം മുമ്പ് നാട്ടില്‍ പോകുമ്പോള്‍ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പരിശോധനക്കിടെ മകനെ കാണാനില്ല,നോക്കിയപ്പോള്‍ അപ്പുറത്തൊരു പോലീസ്കാരന്റെ അടുത്ത് പോയി വര്‍‌ത്തമാനം പറയുന്നു.പോകാനായി വിളിച്ചപ്പോള്‍ കയ്യിലിരുന്ന പേന അയാള്‍ക്ക് സമ്മാനിച്ചിട്ടാണ് വന്നത്.എന്തിനാ അറിയാത്ത ആളുടെ അടുത്ത് പോയതെന്ന് ചോദിച്ചപ്പോള്‍ ,"ഉമ്മാ,നല്ലൊരു മുത്തശ്ശന്‍" എന്നായിരുന്നു അവന്റെ മറുപടി.

  ReplyDelete
 14. അമ്മത്തം, എല്ലാ കുട്ടികള്‍ക്കും അതു വേണ്ടുവോളം നല്‍കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ.

  അച്ഛന്റെ മകന്‍, അവന്റെ ചെപ്പക്കുറ്റിക്ക് ഒന്നു കൊടുക്ക, നാളെ മുതല്‍ ചെക്കന്‍ ഉണ്ടാക്കട്ടെ ഫുഡ്

  കര്‍മ്മ നീതി, ആവശ്യമില്ലാത്തിടത്ത് തന്റെ യോഗ്യതയും തലയിലേറ്റി നടക്കുന്നവന്‍ കൂതറ, ജ്യോതിഷത്തില്‍ എനിക്ക് വിശ്വാസമില്ലാ, അത് ആളുകളുടെ ആത്മവിശ്വാസം തകര്‍ക്കാനേ ഉപകരിക്കൂ (തര്‍ക്കിക്കാന്‍ ഞാനില്ലാ ചുമ്മാ പറഞ്ഞൂ എന്നേയുള്ളൂ)

  ReplyDelete
 15. ചിരിപ്പിക്ക്വേം ചിന്തിപ്പിക്ക്വേം ചെയ്ത പോസ്റ്റ്‌..
  എല്ലാം നന്നായി..

  ഡിലീറ്റിയതെന്താ അത് കണ്ടില്ലാട്ടാ..:(
  ജൌതിഷിയും കെമിസ്റ്റും..ഉം.....ചേരുന്നില്ല..

  ReplyDelete
 16. എന്തെ അച്ഛത്തം, അപ്പൂപ്പത്തം എന്നിവയെക്കുറിച്ച് ആരും പറയാത്തെ?

  ReplyDelete
 17. ഓരൊ അഛനും അമ്മയും ഇക്കാലത്ത്‌ അനുഭവിക്കുന്ന വിഷയമാണ്‌ മക്കളുമായി കമ്മ്യൂണിക്കേറ്റ്‌ ചെയ്യാന്‍ കഴിയാതിരിക്കുക എന്നത്‌. പണ്ടും ഇതുണ്ടായിരുന്നെങ്കിലും വലിയ കുടുംബവും കൂടുതല്‍ ആളുകളും ഈ അവസ്ഥയില്‍ കുട്ടികളുടെ സഹായത്തിനെത്തിയിരുന്നു. ഇന്നവരെ സഹായിക്കാന്‍ ആരുമില്ല. അതുകൊണ്ടുതന്നെ ഇതൊരു വലിയ സാമൂഹ്യമാനസിക പ്രശ്നമായി മാറിയിരിക്കുന്നു.

  ഈ വിഷയത്തെ നര്‍മത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു. നല്ല എഴുത്ത്‌.

  ReplyDelete
 18. എപ്പോഴും കൂടെയിരിക്കുന്നതിലല്ലാ മകളുടെ ഒപ്പം ക്വാളിറ്റി ടൈം സ്‌പെന്‍ഡ് ചെയ്യുന്നതാണ് കാര്യം എന്നു ഉറച്ചു വിശ്വസിക്കയും അങ്ങനെ പ്രവര്‍ത്തിക്കയും ചെയ്തു. എന്നിട്ടും.......എന്നിട്ടും എവിടെയോ പിഴച്ചിരിക്കുന്നു....അവള്‍ ആഗ്രഹിച്ച എന്തോ ഒന്ന് നല്‍കാന്‍ കഴിഞ്ഞിട്ടില്ല.................ഇങ്ങനെ ഒരു തിരിച്ചറിവു വന്നാല്‍, അല്ല അതാണ് സംഭവിക്കുന്നതെങ്കില്‍, ജീവിതം അമ്പേ പരാജയം ആയി അല്ലേ? “അമ്മൂമ്മത്വം”..അതെ ഒരു വാക്ക് കൊണ്ട് വിവരിക്കാനാവാത്ത അവസ്ഥ അമ്മൂമ്മത്വം !!

  ReplyDelete
 19. simple but highly thinking post.

  ReplyDelete
 20. ചിന്തിപ്പിക്കുന്ന , ചിരിപ്പിക്കുന്ന നുറുങ്ങുകള്‍ ..
  പങ്കു വച്ചതിനു നന്ദി ..
  പോസിറ്റീവ് എനെര്‍ജിക്കും ...

  ReplyDelete
 21. **മൈത്രേയി-
  ഈ മൂന്നു പോസ്റ്റിലും വളരെ നല്ല സന്ദേശം ഒളിഞ്ഞുകിടപ്പുണ്ട്. ഇതില്‍ എനിക്ക് ഏറ്റവും ഇഷ്ടമായത് മൂന്നാമത്തേതാണ്‌.

  "ഒരിടത്തെ യോഗ്യതയും സ്ഥാനമാനവും മറ്റൊരിടത്ത് പ്രദര്‍ശിപ്പിച്ച് ആളാകാന്‍ ശ്രമിക്കേണ്ട കാര്യമില്ല. വലിയ ഒരു ജീവിതപാഠം, അനുകരണീയം.......എത്രപേര്‍ക്കുണ്ടാവും ഇത്ര ധര്‍മ്മബോധം?"

  ചേച്ചിപ്പെണ്ണ് പറഞ്ഞതു പോലെ "ചിന്തിപ്പിക്കുന്ന , ചിരിപ്പിക്കുന്ന നുറുങ്ങുകള്‍" എന്റെ വിദൂരഹസ്തം!!

  ReplyDelete
 22. അമ്മത്തം എന്ന വാക്ക് എവിടുന്നു കിട്ടി. എനിക്കാ അതിന്റെ പേറ്റന്റ്. ചുമ്മ പറഞ്ഞതാ. ഞാന്‍ എത്രയോ കാലമായി കുട്ടികളോടു പറയുന്ന വാക്കണിത്. ദാമ്പത്യം എന്നതിനു പകരം ദാമ്പത്തികം എന്നും ഉപയൊഗിക്കാം. സുഭാഷ് ചന്ദ്രന്റെ ഗുപ്തം, രഘുനാഥ് പലേരിയുദെ ആവശ്യമില്ലാത്ത അഛനമ്മമാര്‍, തുടങ്ങിയ നോവലുകളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. നല്ല നിരീക്ഷണങ്ങള്‍. നീയറിയുന്നോ വായനക്കാരാ നീറുമെന്നുള്ളിലെ ദു:ഖം എന്നു അയ്യപ്പപണിക്കര്‍ എഴുതിയ പോലെയാണ് ഒറ്റയ്ക്കാകുന്ന അഛന്മാരുടെ സങ്കടങ്ങള്‍.‍

  ReplyDelete
 23. 'അമ്മൂമ്മത്തം' 'അമ്മത്തം' കൊച്ച് കുട്ടിയുടെ കാഴ്ചപ്പാട് നന്നായി :)

  [കേരളകൗമുദിയിൽ കഥ കണ്ടിരുന്നു.. കുറച്ച് കൂടി മാറ്റിയെഴുതിയത് നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ.. ]

  ReplyDelete
 24. അമ്മത്തം ഒരു പാടിഷ്ടമായി..
  പണ്ട് വായിച്ച ' ഉമക്കുട്ടിയുട്ടിയുടെ അമ്മൂമ്മ' എന്ന കഥ ഓര്‍ത്തു പോയി ..

  ReplyDelete
 25. ഈ ബ്ലോഗില്‍ വരുമ്പോഴൊക്കെ ഒരു "ചേച്ചിത്തം"!

  :)

  പണ്ടെന്നോ അടിയിട്ടതിന്റെ മധുരസ്മരണയില്‍!

  സസ്നേഹം,

  ഹരി

  ReplyDelete
 26. അമ്മേ… മഹാമായേ… നന്നായിരിക്കുന്നു…..
  ഗുരുജിയുടെ ബ്ലോഗിൽ എഴുതിക്കണ്ടു…..വള..രെ….. സന്തോഷം
  അവിടുന്നും…,ഗുരുജിയും, വഷൾജിയും, വായാടിയമ്മയും,സുൾഫിയുമൊക്കെ …
  തകർത്താടുന്ന അരങ്ങു കണ്ടപ്പോൾ അടിയനും ചെറീയൊരു മോഹം…….
  ഒരു കുട്ടിത്തരം വേഷം………അത്രെ..ഉള്ളൂ…………
  പിച്ചവെച്ച് തുടങ്ങിയിട്ടെയുള്ളൂ…….പ്രോത്സാഹനത്തിന് .നന്ദി..
  ഇനിയും….“ഐശ്വര്യത്തിന്റെയും സ്നേഹത്തിന്റെയും പൂവള്ളികൾ…“
  ബ്ലോഗിൽനിന്നും…ബ്ലോഗിലേയ്ക്ക് പടർന്ന് പന്തലിക്കുമാറാകട്ടെ…..

  ReplyDelete
 27. ഒന്നു കൂടി…….എന്റെ കമന്റ് പിടികിട്ടിയില്ലെന്ന് എഴുതിക്കണ്ടു…
  ഒരു സത്യം പറയട്ടെ….മലയാളത്തിലും ഇംഗ്ലീഷിലും ..ഞാൻ അല്പജ്ഞാനിയാണ്……
  പക്ഷെ സംസ്ക്കൃതത്തിൽ ……അങ്ങനെയല്ല…..എനിക്ക്.. ഭയങ്കരജ്ഞാനമേയില്ല……..
  എങ്കിലും…ഒന്ന് കാച്ചിനോക്കിയതാ….
  പ്രമുഖ സംസ്ക്കൃതഭാഷാ പണ്ഡിതൻ പരിശോധിച്ച് വലിയ പരിക്കുകളൊന്നുമില്ലെന്ന്..
  സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്…… അർത്ഥം താഴെപ്പറയും പോലെയാകുന്നു….
  “പൊന്നും കുടത്തിനെന്തിനാ…പൊട്ട്…”

  ReplyDelete
 28. മൂന്നു തിളക്കമുള്ള ആശയങ്ങൾ. ആ ഡോക്റ്ററേറ്റു കാര്യം ഞങ്ങൾ മാഷ്മാർ പ്രത്യേകം ശ്രദ്ധിക്കണം! പിന്നേ, ദാ, ഇങ്ങനെയൊക്കെ ഇടക്ക് എഴുതണം, ബ്ലോഗുഗവേഷകേ!

  ReplyDelete
 29. മൈത്രേയി,
  അമ്മത്തവും അച്ഛനത്തവും ഇഷ്ടമായി.മക്കളുടെ ചിന്തകള്‍ ഏതൊക്കെ വിധമാണെന്ന് പലാപ്പോഴും അറിയാന്‍ പറ്റില്ല.എനിക്കുമുണ്ടൊരു മകള്‍.ഫെവിക്കോളു കൊണ്ട് ഒട്ടിച്ചു വച്ചതു പോലെ.:)

  ReplyDelete
 30. veendum ormipichu...ishtaai....
  welcome to my blog
  nilaambari.blogspot.com
  if u like it follow and support me

  ReplyDelete
 31. വായിയ്ക്കാൻ വൈകി, സാരമില്ല.
  മൌലിക ചിന്തകൾ....ഇഷ്ടപ്പെട്ടു. ഇടയ്ക്ക് ഇങ്ങനെയും എഴുതണം കേട്ടോ. എല്ലാ അഭിനന്ദനങ്ങളും...

  ReplyDelete
 32. നന്നായിട്ടുണ്ട് മൈത്രേയീ

  ReplyDelete
 33. sorry for the delay....Maitreyi....his blog is www.ashtamoorthi.blogspot.com....If you still cant access his blog, please send me a mail to this id...shalet.shalet@gmail.com

  ReplyDelete
 34. ചില കുട്ടികളെ കാണുമ്പോള്‍ നമുക്ക് ഓമനത്തം തോന്നാറില്ലേ.അതു പോലെ കുട്ടികള്‍ക്ക് ചിലരെ കാണുമ്പോള്‍ അവരുടെ സങ്കല്പത്തിലെ അപ്പൂപ്പനെ/അമ്മൂമ്മയെ ഓര്‍മ വരുന്നുണ്ടാകും..:)

  ReplyDelete