Showing posts with label malayalam short story. Show all posts
Showing posts with label malayalam short story. Show all posts

Wednesday, February 01, 2017

ഗീതയപ്പച്ചിയുടെ മകൻ

(സിഎൽഎസ് ബുക്ക്‌സ് തളിപ്പറമ്പയുടെ കഥാമിനാരങ്ങൾ എന്ന കഥാസമാഹാരത്തിൽ ഈ കഥ ഉണ്ട് )

'ഓ...ഞാനിതാ വന്നു, താൻ തുടർന്നോളൂ,' എന്ന് ഫോണെടുക്കാൻ ലീന പൂമുഖമുറിയിലേക്ക് പോയി. ചർച്ചയുടെ ചരടു മുറിഞ്ഞതിൽ ചെറിയ ഈർഷ്യയോടെയായിരുന്നു മരിയയോടുള്ള ആ ക്ഷമാപണം. അല്ലെങ്കിലും മൊബൈൽ ഫോണിനുണ്ടോ സ്ഥലകാലബോധം വല്ലതും? മരണവീട്ടിൽ അടിപൊളി പാട്ട്, കല്യാണവീട്ടിൽ ശോകഗാനം തുടങ്ങിയ നിത്യഅലോസരങ്ങളെല്ലാം നമ്മൾ എന്നേ അംഗീകരിച്ചു കഴിഞ്ഞതല്ലേ. 

'ങാഹാ, ഗീതയപ്പച്ചിയാണല്ലോ, താനോർക്കുന്നില്ലേടോ? ' ലീന വിളിച്ചു പറഞ്ഞു.

ഗീതയപ്പച്ചി! മരിയ ലാപ്‌ടോപ്പിൽ നിന്നു കണ്ണെടുത്ത്, പണി നിർത്തി, കസാലയിൽ ചാഞ്ഞിരുന്നു. അവളുടെ കൈ അറിയാതെ സ്വന്തം തലമുടിയിലേക്കു നീണ്ടു. പ്രായമായെന്നു വിളിച്ചോതി നര വീണു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ജീവിതം എന്ന് ഓമനപ്പേരിട്ടിരിക്കുന്ന ഓട്ടപ്പാച്ചിലിന് അകാലത്തിൽ നരപ്പിക്കാനും വേഗം മറപ്പിക്കാനും മറ്റുമുള്ള സിദ്ധിയുണ്ടല്ലോ. 

ഗീതയപ്പച്ചി എന്നു കേട്ടാൽ തലമുടിയാണ് മരിയയ്ക്ക് ആദ്യം ഓർമ്മ വരിക. മരിയയ്ക്ക് മുടി ധാരാളമുണ്ടായിരുന്നു പണ്ട്, എന്നുവച്ചാൽ പഠിക്കുന്ന കാലത്ത്. ലീനയുടെ വീട്ടിൽ വരുമ്പോഴെല്ലാം പിന്നാമ്പുറത്തെ പടിയിൽ മരിയയെ പിടിച്ചിരുത്തി തലമുടി വിടുർത്ത് വൃത്തിയായി ബ്രഷ് ചെയ്ത് പലതരത്തിൽ മുടി കെട്ടി നോക്കുന്നത് അപ്പച്ചിക്കു ഹരമായിരുന്നു. ലീനയും കൂടും അവർക്കൊപ്പം. 'മുടിയുണ്ടെങ്കിൽ ചാച്ചും ചരിച്ചും കുത്തനെയും കെട്ടാം' എന്നോ മറ്റോ തലക്കെട്ടോടെ ഏതോ മാസികയിൽ വന്ന മുടിക്കെട്ടു പടങ്ങൾ, അന്നേ അതു വല്ലാതെ മങ്ങിത്തുടങ്ങിയിരുന്നു, അവർ വെട്ടിയെടുത്തത് സൂക്ഷിച്ചു വച്ചിരുന്നു. അതുനോക്കിയാണ് മുടി കെട്ടുക. വേറേ പണിയൊന്നുമില്ലേ എന്ന മീനാന്റിയുടെ ശാസനയിലാണ് മിയ്ക്കപ്പോഴും മുടി സ്‌റ്റൈലിംഗ് പരിപാടികൾ അവസാനിപ്പിക്കുക. ഇപ്പോഴാണെങ്കിൽ അവർക്ക് വല്ല ഹെയർ സ്റ്റൈലിംഗ് കോഴ്‌സും പഠിക്കാമായിരുന്നു. അന്ന് അതൊന്നും പക്ഷേ കേട്ടുകേൾവി പോലും ഇല്ലായിരുന്നുവല്ലോ.

ലീനയും മരിയയും രണ്ടാം തലമുറ കൂട്ടുകാരായിരുന്നു. എന്നു വച്ചാൽ അവരുടെ മാതാപിതാക്കൾ ആണ് ഒന്നാം തലമുറ ചങ്ങാതിമാർ എന്നർത്ഥം. ബന്ധുത്വത്തേക്കാൾ ആഴമേറിയ ഹൃദ്യസൗഹൃദങ്ങൾ. ലീനയുടെ അച്ഛന്റെ വകയിലൊരു സഹോദരി ആയിരുന്നു ഗീതയപ്പച്ചി. അവരുടെ അച്ഛൻ മരിച്ചു പോയി, പത്തു കഴിഞ്ഞ് കുറേ നാളായി വെറുതെ വീട്ടിൽ നിൽപ്പും ആയപ്പോൾ കോളേജിൽ ചേർക്കാം എന്ന് ലീനയുടെ അമ്മ വിളിച്ചു കൊണ്ടുവന്നതായിരുന്നു അവരെ. പഠിക്കാനാണ് വിളിച്ചുകൊണ്ടുവന്നതെങ്കിലും അതു നടന്നില്ല. അതുകൊണ്ട് തയ്യൽ പഠനവും വീട്ടുജോലിയും ആയി അങ്ങു കഴിഞ്ഞുകൂടി. സ്വന്തം വീട്ടിൽ പോകാൻ അവർക്ക് താൽപ്പര്യമേ ഇല്ലായിരുന്നു പോലും. പക്ഷേ ഇതിന്റെയെല്ലാം പൊരുൾ ലീനയുടെ അമ്മ മീനയാന്റി പിന്നീട് മണിമണിയായി കണ്ടുപിടിച്ചിരുന്നു.

മീനയാന്റി ഒരിക്കൽ വീട്ടിൽ വന്നപ്പോഴാണ് ഗീതയപ്പച്ചിയുടെ കല്യാണാലോചനക്കാര്യം അമ്മയോടു പറയുന്നതു മരിയ കേൾക്കാനിടയായത്. അവരുടെ ജാതകത്തിൽ ചൊവ്വ കടിച്ചിട്ടുണ്ടു പോലും. അത് എന്താണെന്ന് പിന്നെ അമ്മയോടു ചോദിച്ചപ്പോഴാണ് ചൊവ്വാദോഷം എന്ന് ആദ്യമായി കേൾക്കുന്നത്. ആന്റി അത് നർമ്മം കലർത്തി പറഞ്ഞുവെന്നേയുള്ളു. അല്ലെങ്കിലും മീനാന്റിയുടെ വർത്തമാനം കേൾക്കാൻ അതിഭയങ്കര രസമായിരുന്നു. സ്ത്രീകൾക്ക് അത്ര വഴങ്ങാത്ത നർമ്മബോധം വേണ്ടുവോളമുണ്ടായിരുന്നു അവർക്ക്. 

അന്നാണ് അപ്പച്ചിയുടെ രഹസ്യവും ആന്റി പറഞ്ഞത്. ഒരു തരത്തിലും എസ്.എസ്.എൽ.സി ബുക്ക് കാണിക്കില്ല, ചോദിച്ചാലുടൻ കരച്ചിലും. ഒരു ദിവസം നിർബന്ധം പിടിച്ചപ്പോൾ, പെട്ടി തപ്പും എന്നായപ്പോൾ പൂച്ച വെളിയിൽ ചാടി, അവർ സ്വന്തമായി ബുക്കു തിരുത്തിയിരുന്നു പോലും! അകത്തിരുന്ന് അതു കേട്ട മരിയ ഞെട്ടിപ്പോയി. തോറ്റതു വീട്ടിൽ പ്രശ്‌നമാകുമെന്നു പറഞ്ഞപ്പോൾ കൂട്ടുകാരി പറഞ്ഞുകൊടുത്ത കുറുക്കുവഴിയായിരുന്നു. നെയിൽപോളിഷ് റിമൂവറോ മറ്റോ ഉപയോഗിച്ച് മഷി മാറ്റാൻ ശ്രമിച്ച് കുളമായിപ്പോയി! കളഞ്ഞു പോയെന്ന് ഡ്യൂപ്ലിക്കേറ്റ് ബുക്കിനു ശ്രമിക്കാം, എന്ന് പറഞ്ഞെങ്കിലും അവർ അമ്പിനും വില്ലിനും അടുത്തില്ല. ആന്റി പറഞ്ഞതായിരുന്നു ശരി. ഒരു അബദ്ധം കൊണ്ട്, ഒരു തെറ്റുകൊണ്ട് തീരേണ്ടതല്ലല്ലോ ജീവിതം. പക്ഷേ അവർക്ക് ഇനി പഠിക്കണ്ട എന്ന് ഒറ്റ വാശിയായിരുന്നു. എത്ര പഠിച്ചാലും ട്യൂഷനു പോയാലും കണക്കിനു ജയിക്കില്ല എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ശരിയായിരിക്കും, കണക്കിനു ഒറ്റയക്ക മാർക്കായിരുന്നു പോലും കിട്ടിയത്.

നാട്ടുനടപ്പനുസരിച്ച് കുറച്ചു താമസിച്ചെങ്കിലും ലീനയുടെ അച്ഛനമ്മമാർ മുൻകയ്യെടുത്തതുകൊണ്ട് ഗീതയപ്പച്ചിയുടെ കല്യാണം നടന്നു. അപ്പച്ചിയുടെ അമ്മയുടെ ആഗ്രഹം പോലെ സർക്കാർ ജോലിക്കാരനെ തന്നെ കിട്ടി. വീട്ടുകാര്യങ്ങൾ നോക്കി നടത്താൻ മിടുക്കിയായിരുന്നു അപ്പച്ചി. മീനാന്റിയുടെ ട്രെയിനിംഗ് അല്ലേ, മോശമാകുന്നതെങ്ങനെ? അങ്ങനെ അപ്പച്ചിയെ ഒരു കരയടുപ്പിച്ചല്ലോയെന്ന് അവർക്ക് സമാധാനമായിരുന്നു. പക്ഷേ പിന്നീടെപ്പോഴോ ലീന പറഞ്ഞറിഞ്ഞു, അവർക്ക് കുട്ടികളുണ്ടായില്ലായെന്ന്. അതിനുശേഷം അവരെപ്പറ്റി ഒന്നും അറിഞ്ഞില്ല. ചോദിച്ചുമില്ല. ഓർത്തിട്ടുവേണ്ടേ ചോദിക്കാൻ!

ലീനയും മരിയയും പോലും എത്രയോ നാൾ പരസ്പരം ബന്ധമില്ലാതെ കഴിഞ്ഞതല്ലേ. പിന്നല്ലേ ലീനയുടെ അപ്പച്ചി. മരിയ സ്വയം സമാധാനം കണ്ടെത്തി. യാതൊരു ചുമതലയുമില്ലാതെ അക്ഷരാർത്ഥത്തിൽ സുഖിച്ചു ജീവിച്ച പഠനകാലം കഴിഞ്ഞതും പെട്ടെന്നാണ് കുടുംബം എന്ന ചുമതല തോളിലായത്. പകപ്പും അങ്കലാപ്പും ചെറുതൊന്നുമായിരുന്നില്ല. അടിപൊളി ജീവിതത്തിൽ നിന്നു കേരളത്തിലെ കൂട്ടുകുടുംബത്തിലെ വധുക്കളായിട്ടായിരുന്നു ഇരുവരുടേയും വേഷപ്പകർച്ച. അല്ലാതെ യു.കെയിലോ കാനഡയിലോ അമേരിക്കാവിലോ ഒന്നുമല്ലല്ലോ അവർ വിവാഹശേഷം കുടിയേറിയത്. പാകമല്ലാത്ത ഷൂവിന് അനുസൃതമായി കാൽപ്പാദം വ്യത്യാസപ്പെടുത്തുവാൻ കിണഞ്ഞുശ്രമിച്ചുകൊണ്ടിരുന്ന ഒരു കാലം. അങ്ങനെ വർഷങ്ങൾ വിരലുകൾക്കിടയിലൂടെ അങ്ങ് ഊർന്നു പോകുകയായിരുന്നു.

തിരിച്ചു വന്ന് ഇരിക്കുമ്പോൾ ലീനയുടെ മുഖത്ത് അസ്വസ്ഥത പ്രകടമായിരുന്നു. ഉം..ഇന്നിനി ചർച്ചയും പണിയുമൊന്നും നടക്കാൻ പോണില്ല, മരിയ മനസ്സിൽ കുറിച്ചു. രണ്ടാളുടേയും സമയം ഒന്ന് ഒത്തുവരന്നതു തന്നെ പെടാപാടു പെട്ടിട്ടാണ്. എന്നിട്ടിപ്പോൾ..

'അപ്പച്ചി  കരച്ചിലോടു കരച്ചിൽ, നാളെ ഇങ്ങോട്ടു വരാൻ പറഞ്ഞു ഞാൻ. ' ലീന പറഞ്ഞു. ലീനയുടെ വാക്കുകളിലൂടെ അപ്പച്ചിയുടെ ജീവിതം ചുരുൾ നിവർന്നു.

കുഞ്ഞുങ്ങളുണ്ടാവില്ല എന്ന് ഉറപ്പായപ്പോൾ, അവർ ഒരു കുട്ടിയെ ദത്തെടുത്തു. ജാതകം അറിയാത്ത, ആർക്കോ എങ്ങാണ്ടോ എങ്ങനെയോ ജനിച്ച കുഞ്ഞിനെ ദത്തെടുക്കുന്നത് വിനാശം വിളിച്ചു വരുത്തലായിരിക്കും എന്നുള്ള അപ്പച്ചിയുടെ ഭർത്താവിന്റെ വീട്ടുകാരുടെ ഭീകര എതിർപ്പ് അവഗണിച്ചായിരുന്നു അത്. എത്ര താലോലിച്ചു വളർത്തിയാലും അത് തക്കസമയത്ത് ജന്മത്തിന്റെ 'തനിക്കൊണം' കാണിക്കും പോലും. ലീനയുടെ കുടുംബം അപ്പച്ചിക്കും ഭർത്താവിനും ഒപ്പം നിന്നു, അന്ന്. അങ്ങനെ ഒരു ചെറിയ കുഞ്ഞിന് അനാഥൻ എന്ന ലേബൽ മാറിക്കിട്ടി. അന്നൊക്കെ അപ്പച്ചിയുടെ സന്തോഷം കാണേണ്ടതായിരുന്നുവത്രേ. ജീവിച്ചിരിക്കുന്നതിന് എപ്പോഴും നമുക്കൊരു ന്യായവും ലക്ഷ്യവും വേണമല്ലോ. പൊതുവേ നമ്മൾ ഇൻഡ്യാക്കാർക്ക് മക്കൾ മാത്രമല്ലേ ഒരേയൊരു ജീവിതലക്ഷ്യവും ഉദ്ദേശവും.

കുറേ കാലം അങ്ങനെയങ്ങു സന്തോഷമായി കഴിഞ്ഞു. അപ്പുപ്പനും അമ്മൂമ്മയുമെല്ലാം പിണക്കം മാറി അവനെ അംഗീകരിക്കയും ചെയ്തു. അങ്ങനെ ശാന്തമായി കിടന്ന തടാകത്തിലേക്ക് അവർ തന്നെ കല്ലെറിയുകയായിരുന്നു ഒരർത്ഥത്തിൽ. നിയമപ്രകാരം യദുവിനോട് അവൻ ദത്തുപുത്രനാണെന്ന് അവർ പറഞ്ഞു മനസ്സിലാക്കേണ്ടിയിരുന്നു. അവിടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. കുട്ടിക്ക് അത് ഉൾക്കൊള്ളാനായില്ല, അവന് അതൊരു വലിയ ആഘാതമായിരുന്നിരിക്കും. ആദ്യം കരച്ചിൽ, പിന്നെ ആഹാരനിഷേധം തുടങ്ങി പലതരം സമരമുറകൾ തുടങ്ങി.

'ആരോടാണാവോ അവൻ സമരം ചെയ്തത്?  അവനെ ജനിപ്പിച്ച് എറിഞ്ഞുകളഞ്ഞ സ്വന്തം അച്ഛനമ്മമാരോടായിരിക്കും, അവരെ അറിയാത്തതുകൊണ്ട് വളർത്തച്ഛനോടും അമ്മയോടും തീർത്തതാവണം, അല്ലേ?' മരിയ ഉറക്കെ അതിലെ യുക്തി ചിന്തിക്കയായിരുന്നു. ആയിരിക്കും എന്ന് ലീനയും തലയാട്ടി.

അവനോടു സ്‌നേഹമില്ല എന്ന് സ്ഥിരം ആവലാതിയായി. മനഃപൂർവ്വം പരീക്ഷ മോശമായി എഴുതും. മാർക്ക് കുറഞ്ഞാൽ അച്ഛനും അമ്മയും സങ്കടപ്പെടുമല്ലോ, അത് കാണണം പോലും! ഒരു ദിവസം അവൻ ചെയ്ത അതിക്രമം കേട്ട് മരിയ ഞെട്ടി. സ്വന്തം കൈയ്യിൽ ബ്ലേഡുരച്ചു ചോരവരുത്തി കളഞ്ഞു! ചാകാനൊന്നുമല്ല, അവന്റെ അമ്മയ്ക്ക് സങ്കടം വരുമോ എന്ന് പരീക്ഷിച്ചതാണത്രേ! ദിനേന ഒന്നല്ലെങ്കിൽ മറ്റൊന്നായി എന്നും പരീക്ഷണപരമ്പര തന്നെ. യദു അച്ഛനമ്മമാരെ വല്ലാതെ ശിക്ഷിക്കുകയായിരുന്നു. ഒരു നാൾ വൈകുന്നേരം അവൻ വീട്ടിൽ വന്നില്ല. വരാതിരുന്നാൽ പൊയ്‌ക്കോട്ടെ എന്ന് അച്ഛനും അമ്മയും കരുതുമോ എന്നായിരുന്നു അവനറിയേണ്ടിയിരുന്നത്. പാവം അവന്റച്ഛൻ അന്ന് അലഞ്ഞതിനു കണക്കില്ലാത്രെ. അവൻ അവസാനം ഒരു കൂട്ടുകാരന്റെ വീട്ടിൽ എത്തി, അവർ കാര്യം മനസ്സിലാക്കി വീട്ടിൽ കൊണ്ടുവിടുകയായിരുന്നു. വഴക്കു പറയാനേ പാടില്ല, പറഞ്ഞാലുടൻ 'ഞാൻ സ്വന്തം മോനല്ലാത്തോണ്ടല്ലേ ' എന്നു വായ്ത്താരി. അപ്പച്ചിയുടെ ഭർത്താവിന് ക്ഷമ ലേശം കുറവാണ്, പെട്ടെന്നു ദേഷ്യം പിടിക്കും. പക്ഷേ മകനുവേണ്ടി അയാൾ ദേഷ്യം അടക്കാൻ ശീലിച്ചു.

അവസാനം ഹൈസ്‌ക്കൂൾ ക്ലാസ്സ് എത്തിയതോടെ ഒരു സൈക്കോളജിസ്റ്റിന്റെ കൂടി അഭിപ്രായപ്രകാരം ഗത്യന്തരമില്ലാതെ അവർ അവനെ ബോർഡിംഗിലാക്കി. അവിടുത്തെ ടീച്ചർമാരോടും വാർഡനോടും എല്ലാം അവൻ തന്റെ കദനകഥ വിളമ്പി. അനാഥനായ അവനെ ദത്തെടുത്ത് അച്ഛനമ്മമാർ പീഡിപ്പിക്കുന്ന കഥ! അവർക്ക് ഒരു മകൻ കൂടി ഉണ്ടെന്നും അതാണ് തന്നെ ബോർഡിംഗിൽ ആക്കിയതെന്നും കൂടി പറഞ്ഞു കളഞ്ഞു! നല്ല മാർക്കറ്റുണ്ടായിരുന്നു ആ കഥയ്ക്ക് ആദ്യം. അവരെ സ്‌കൂളിൽ വിളിപ്പിച്ചപ്പോഴാണ് യഥാർത്ഥ കാര്യം ടീച്ചർമാരും വാർഡനും അറിയുന്നത്. ഉള്ളുനീറിനീറിയാവണം, അവന്റെ പത്തു കഴിഞ്ഞ് അധികം താമസിയാതെ അവന്റച്ഛൻ അവരുടെ ജീവിതത്തിൽ നിന്നു വിടവാങ്ങി.

'ഓ പാവം അപ്പച്ചി, ' മരിയ സ്വന്തം മുടി തലോടിക്കൊണ്ടു പറഞ്ഞു.

'ഊം...ഇതൊന്നും ആയില്ല, ഇനീമുണ്ട്. പത്തിൽ തെറ്റില്ലാത്ത മാർക്കുണ്ടായിരുന്നു, പക്ഷേ കോളേജിൽ പോകാനൊന്നും യദു കൂട്ടാക്കിയില്ല. '

'ഉം... ചരിത്രം ആവർത്തിച്ചു അല്ലേ? '

'കറക്ട്. കാരണം ഓരോന്നായിരുന്നെങ്കിലും, ' ലീന ശരിവച്ചു.

പെൻഷൻ, ഓഹരി കിട്ടിയ വീടിന്റെ വാടക എല്ലാം വച്ച് എങ്ങനെയൊക്കെയോ കഴിഞ്ഞു, യദു അഞ്ചു പൈസ വരുമാനമുണ്ടാക്കിയില്ല. ഉണ്ടും ഉറങ്ങിയും കൂട്ടുകൂടിയും സമയം കൊന്നു. ജനിപ്പിച്ചവരോടുള്ള പക അവൻ സ്വന്തം ജീവിതത്തോട് തീർക്കുകയായിരുന്നിരിക്കും. അപ്പച്ചിക്ക് അവസാനത്തെ കനത്ത അടി കിട്ടിയത് കുറച്ചുനാൾ മുമ്പാണ്. ഒരു വൈകുന്നേരം യദു ഒരു പെൺകുട്ടിക്കൊപ്പമാണ് വന്നു കയറിയത്്! അടുത്തൊരു ചേരിയിലെ പെൺകുട്ടി.

'ഓ മൈ! അപ്പച്ചി എങ്ങനെ അത് ഫേസ് ചെയ്തു? ' മരിയയ്ക്ക് അറിയാൻ തിടുക്കമായി.

'എന്തു ചെയ്യാൻ? ഇപ്പം ഇറങ്ങണം എന്നൊക്കെ അപ്പച്ചി ബഹളം വച്ചു, അവർ ഇറങ്ങി പോയി. പക്ഷേ രണ്ടു മണിക്കൂർ കഴിഞ്ഞ് തിരിച്ചു വരാനായിരുന്നൂന്നു മാത്രം. ചേരീന്ന് ഒരു വലിയ സംഘത്തിന്റെ അകമ്പടിയോടെ. ഇടിച്ചു കയറി, താമസവും തുടങ്ങി. '

'സിനിമാക്കഥ പോലെ, ' മരിയ പറഞ്ഞു.

അപ്പച്ചി ഭർത്താവിനു വീതം കിട്ടിയ വീട്ടിലേക്ക് മാറി താമസിച്ചു. അപ്പഴേ പറഞ്ഞതല്ലേ എന്ന് വീട്ടുകാരുടെ കുത്തുവാക്കു നിരന്തരം. വല്ലാതെ മടുക്കുമ്പോൾ വീട് പൂട്ടിയിട്ട് ലീനയുടെ കൊച്ചിയിലെ വീട്ടിലെത്തും. കുറച്ചു നാൾ തങ്ങി തിരികെ പോകും. ഇപ്പോൾ അവന് ആ വീടും കൂടി വേണം പോലും. അപ്പച്ചി അവരുടെ കൂടെ താമസിച്ച് ആ വീടിന്റെ വാടക വാങ്ങണമത്രേ. അതാണ് ഇങ്ങോട്ടു വരാൻ ലീന ക്ഷണിച്ചത്.

'വേലീലിരുന്ന പാമ്പിനെ എടുത്ത് തോളത്തിട്ടല്ലോ എന്നും പറഞ്ഞാണ് കരച്ചിൽ. ഇതുവരെ അങ്ങനെ ഒരിക്കൽ പോലും അവർ പറഞ്ഞിട്ടില്ല മരിയ. ക്ഷമയേഴും കെട്ടിട്ടുണ്ടാവും അവർക്ക്. അപ്പച്ചിയെ സമാധാനിപ്പിക്കാൻ തൽക്കാലം ഇങ്ങു പോരാൻ പറഞ്ഞു, പക്ഷേ എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കുമോ ആവോ,' ലീന ആവലാതിപ്പെട്ടു.

'ഇനീപ്പം അവന്റെ ജാതകദോഷം പ്രശ്‌നം വച്ച് കണ്ടുപിടിക്കാൻ ചിറ്റപ്പന്റെ ചേച്ചി ഉപദേശിച്ചു പോലും.' ഇത്തിരിനേരത്തെ മൗനശേഷം ലീന തുടർന്നു.

' ഉം, ഇനി അതിന്റെ കുറവേ ഉള്ളു, അവരുടെ ഉള്ള സാമധാനം കൂടി ആ ജ്യോത്സ്യർ നശിപ്പിച്ചോളും. കഷ്ടം!' മരിയ സഹതപിച്ചു.

'പിന്നല്ലാതെ. അതിനൊന്നും പോവണ്ടെന്ന് ഞാൻ പറഞ്ഞു. ഇത്രനാളും അതിനൊന്നും പോയില്ലല്ലോ. ലോകത്ത് ഇൻഡ്യാക്കാരെ ഒഴിച്ച് ആരേം ഗ്രഹങ്ങൾ പിടിക്കില്ലല്ലോ,' ലീന മരിയയെ പിന്താങ്ങി.

'അതുതന്നെ. ഓരോരുത്തർക്ക് ഓരോ അനുഭവം, അത്രതന്നെ. അതിനപ്പുറവുമില്ല, ഇപ്പുറവുമില്ല. ദത്തെടുത്ത കുട്ടിയുമായി നല്ല സന്തോഷത്തോടെ കഴിയുന്നവരുണ്ട്. സ്വന്തം ചോരയിൽ പിറന്ന മക്കൾ അച്ഛനമ്മമാരെ കഠിനമായി പീഡിപ്പിക്കാറുമുണ്ട്.' ആരെയൊക്കെയോ ഓർത്താവണം മരിയ അപ്പറഞ്ഞത്.

'ഊം...ശരിയാണ്. പാവം അപ്പച്ചി.'

ഇനി നാളെയെങ്കിലും ഇതു തീർക്കാം എന്ന് മരിയയോടു യാത്രാമൊഴി പറയുമ്പോൾ ഇരുവരും ദുഃഖിതരായിരുന്നു. പരിഹരിക്കാൻ കഴിയാത്ത ദുഃഖങ്ങളെത്ര! കാരണമറിയാത്ത ദുഃഖങ്ങളെത്ര? ആരാണ് മറവിലിരുന്ന് ഇതെല്ലാം തീരുമാനിക്കുന്നത്? ദൈവമോ, വിധിയോ, എന്താണാ ഉത്തരം കിട്ടാ പ്രതിഭാസം?

Wednesday, July 23, 2014

ദേവികക്കുട്ടി

                           

വെള്ളയമ്പലത്തു നിന്ന് ശാസ്തമംഗലത്തേക്കു തിരിയുന്നിടത്ത് ഓട്ടോ നിര്‍ത്തിച്ചു. ഇനി ശാസ്തമംഗലം റോഡിലൂടെ നടന്നു കണ്ടുപിടിച്ചാലേ പറ്റൂ.

പണ്ടു താമസിച്ചിരുന്നിടമാണ് എന്നു പറഞ്ഞിട്ടെന്താ കാര്യം? വല്ലാണ്ടങ്ങു മാറിപ്പോയിരിക്കുന്നു. ഇടത്തേക്കാണ് വഴി എന്നറിയാം. അന്ന് ഇടത്തോട്ട് അധികം വഴികളൊന്നും ഉണ്ടായിരുന്നില്ല, അതായിരുന്നു മനസ്സില്‍. ഇന്നിപ്പോള്‍ എത്ര? എങ്ങനെ കണ്ടുപിടിക്കും ? പഴയ ഓര്‍മ്മ ചികഞ്ഞ്, ലാന്‍ഡ് മാര്‍ക്കുകള്‍ എന്നു മനസ്സിലുറപ്പിച്ച കെട്ടിടങ്ങള്‍ക്കു പകരം, കടല്‍നീല ഗ്ലാസ്സുകള്‍ പിടിപ്പിച്ച ഭംഗിയുള്ള ബഹുനില കെട്ടിടങ്ങള്‍ ഇരുവശങ്ങളിലും തല ഉയര്‍ത്തി നില്‍ക്കുന്നുണ്ട്. കുഞ്ഞുന്നാളില്‍ കാക്കപ്പൊന്ന് എന്ന് ശേഖരിച്ചു വയ്ക്കുമായിരുന്ന തീരെ കനം കുറഞ്ഞ മിനുസമുള്ള കല്‍പ്പാളികള്‍ ഓര്‍മ്മ വരുത്തും ആ നീലനിറം.

ഒരു വഴിയിലൂടെ കുറച്ചു നടന്നു നോക്കി. ഇല്ല, അതല്ല. തിരിച്ചു വീണ്ടും മെയിന്‍ റോഡെത്തി. വീണ്ടും മറ്റൊരു വഴിയിലൂടെ, അതും അല്ലെന്നു കണ്ടുപിടിക്കാന്‍ മാത്രം. അങ്ങോട്ടുമിങ്ങോട്ടും അച്ചാലും പിച്ചാലും നടന്നു. അവസാനം തോറ്റു, ആരോടും ചോദിക്കാതെ തനിച്ചു കണ്ടുപിടിക്കും എന്ന മണ്ടന്‍ ഹുങ്ക്  ഉപേക്ഷിച്ചു, മറ്റു കടകളോടു ചേര്‍ന്നല്ലാതെ ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു കുഞ്ഞിക്കടയ്ക്കു മുന്നില്‍ നിന്നു. കടക്കാരന്‍ ഉള്ളില്‍ നിന്ന് എന്തോ ചെയ്യുകയാണ്. ഒന്നു നോക്കി, ആളു നില്‍ക്കുന്നതു കണ്ടെങ്കിലും കണ്ട ഭാവമൊന്നും കാണിക്കാതെ, തിരിഞ്ഞ് അയാള്‍ സ്വന്തം പണി തുടരുകയായിരുന്നു.

പണ്ടൊരിക്കല്‍ ഇതുപോലൊരു കടയില്‍ പഴം വാങ്ങിക്കാന്‍ കയറിയത് പെട്ടെന്ന് ഓര്‍മ്മ വന്നു. 'ഓ, ഇത്രയും വിലയോ' എന്ന് ഒന്നു പറഞ്ഞു പോയതാണ്. 'സൗകര്യമുണ്ടെങ്കില്‍ വാങ്ങിയാല്‍ മതി ' എന്ന് മുഖത്തടിക്കും പോലെ ഒരു പറച്ചില്‍. നാണം കെട്ട് പഴം വാങ്ങാതെ പോന്നു അന്ന്. ഇനീപ്പോ ഇയാളുടെ കൈയ്യീന്ന് എന്താണാവോ കിട്ടാന്‍ പോകുന്നത്. 'ന്റെ പഴവങ്ങാടി ഗണപതീ, സഹായിക്കണേ....'ഗണപതിയെ കൂട്ടുവിളിച്ച്, എന്തോ വരട്ടെയെന്നൊരു ധൈര്യം സംഭരിച്ചു രേഖ.

'പി.ഡബഌയൂ.ഡിയില്‍ എഞ്ചിനീയറായിരുന്ന ഒരു...ഒരു...ജോര്‍ജ്ജിന്റെ വീട്....' വളരെ പതിഞ്ഞ ശബ്ദത്തില്‍, എന്തോ തെറ്റു ചെയ്യുന്ന ഭാവത്തിലായിരുന്നു ചോദ്യം. 'ജോര്‍ജ്ജാശാന്‍ എന്നായിരുന്നു...'

മുഴുമിക്കേണ്ടി വന്നില്ല, അയാള്‍ ഏതോ അന്യഗ്രഹജീവിയെ നോക്കും പോലെ അവളെ നോക്കി. ചെയ്യുന്ന പണി ഡുംന്ന് നിര്‍ത്തി നിമിഷം കൊണ്ട് മുഖാമുഖം പ്രത്യക്ഷപ്പെട്ടു.

'അവരെ എങ്ങനെ അറിയാം?' സംശയം മുറ്റിയ മറുചോദ്യം.

'അത്....പണ്ട് ഞങ്ങള്‍ അവരുടെ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്നു.'

'പണ്ടെന്നു പറഞ്ഞാല്‍?'

'കുറെ വര്‍ഷം മുന്നേ.'

'ഇപ്പോ വരാന്‍ കാരണം?' അയാള്‍ പോലീസുമുറയില്‍ കത്തിക്കയറുകയാണ്. താന്‍ പോടോ എന്ന് കളഞ്ഞിട്ടു പോയാലോ, രേഖ ഒരു നിമിഷം ആലോചിച്ചു. വേണ്ട, എടുത്തു ചാടണ്ട, ഇയാള്‍ക്ക് വീടറിയാം, എങ്ങനെയും മനസ്സിലാക്കണം, വിവരം ചോര്‍ത്തണമെങ്കില്‍ ഇയാളുടെ അഹങ്കാരം സഹിച്ചേ പറ്റൂ. ഇവിടെ വരെ വന്ന സ്ഥിതിക്ക് ഇനി കാണാതെ പോകാന്‍ വയ്യ. ദേവികയെങ്കിലും കാണാതിരിക്കുമോ?

'അത്....പത്രത്തില്‍ വായിച്ചിരുന്നു.'

'എന്നിട്ട് ഇപ്പഴാണോ അന്വേഷിച്ചു വരുന്നത് ?' ശുംഭന്‍ വിടുന്ന മട്ടില്ല.

'ഞാന്‍ ഇവിടെയില്ല, ഇപ്പഴാണ് അവധിക്കു വന്നത്. പിന്നെ, താങ്കള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ പറയൂ, എനിക്ക് ലേശം ധൃതിയുണ്ട്.'  രേഖയ്ക്ക് ക്ഷമയേഴും കെട്ടിരുന്നു, അസ്വാരസ്യം മറയ്ക്കാന്‍ ഒട്ടു മിനക്കെട്ടുമില്ല.

അത് ഏറ്റു. പാവമാണെന്നു തോന്നിയാല്‍ ചവിട്ടിക്കയറും ചിലര്‍, അതാണ് ദൈവത്തിന്റെ സ്വന്തം നാട്ടുകാരില്‍ ചിലരുടെ രീതി എന്ന് അനുഭവം പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. അങ്ങനെയുള്ളപ്പോള്‍ താണു കൊടുക്കാന്‍ പാടില്ല. ഇത്തരക്കാര്‍ മിയ്ക്കവരും ഭീരുക്കളായിരിക്കും. ഒന്നു കടുപ്പിച്ചാല്‍ മതി, പത്തി താനേ താഴും. അയാള്‍ വഴി വിശദമായിട്ടു വര്‍ണ്ണിച്ചു തന്നു. 'റോസ് വില്ല' എന്ന് ബോര്‍ഡുണ്ടെന്നും അറിയിച്ചു.

'ഉപകാരം, ഒരു കുപ്പി വെള്ളം തന്നോളൂ, ' ആവശ്യമൊന്നുമില്ലെങ്കിലും സഹായത്തിന് പ്രത്യുപകാരം അപ്പോള്‍ തന്നെ തീര്‍ക്കുന്നതാണ് നല്ലത്. 'കടത്തിനു കടം കൊണ്ട് എന്റെ ചുമതല തട്ടിക്കിഴിച്ചിരിക്കുന്നു 'എന്ന് സി.വി.രാമന്‍പിള്ള മാര്‍ത്താണ്ഡന്‍ പിള്ളയെക്കൊണ്ട് പറയിച്ചതു പോലെ! തെറ്റു ചെയ്താല്‍ ശിക്ഷയും, ഉപകാരം ചെയ്താല്‍ പ്രത്യുപകാരവും പിന്നത്തേയ്ക്കു വച്ചേക്കാന്‍ പാടില്ല. വച്ചിരുന്നാല്‍ ഒരു പക്ഷേ നിനച്ചിരിക്കാത്തപ്പോള്‍ വലിയ പിഴ മൂളേണ്ടി വരും! ചിലപ്പോള്‍ ഒന്നിനും അവസരം ലഭിച്ചെന്നും വരില്ല. രേഖയ്ക്ക് അങ്ങനെ പല തിയറികളുമുണ്ട്, ജീവിതങ്ങള്‍ നിരീക്ഷിച്ചു കിട്ടിയ തിയറി ! കോളേജില്‍ ലാബ് പരീക്ഷണം കഴിഞ്ഞ് റെക്കോഡ് എഴുതുമ്പോള്‍ അതിന്റെ ഫലം വച്ച്  ഇന്‍ഫറന്‍സ് (അനുമാനം) എന്ന് അടിയില്‍ ചുവന്ന വരയിട്ട്, രേഖപ്പെടുത്തില്ലേ, പരീക്ഷണം എന്തു മനസ്സിലാക്കിച്ചുവെന്ന്? ഏതാണ്ട് അതുപോലെ തന്നെ. ഇവിടെ പരീക്ഷണം, ജീവിതം ആണ് എന്ന വ്യത്യാസം മാത്രം.

കടക്കാരന് ലേശം കൂടി വിവരങ്ങള്‍ തോണ്ടിയെടുക്കണമെന്നുണ്ടായിരുന്നു, പക്ഷേ രേഖയുടെ മുഖഭാവം കണ്ടപ്പോള്‍ ചോദിച്ചാല്‍ ശരിയാവില്ലെന്നു പിന്മാറിയതാവണം.

'റോസ് വില്ല'-അന്ന് അങ്ങനെ പേരുണ്ടായിരുന്നില്ല, റ്റി.സി. നമ്പര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. റോസ്, ആന്റിയുടെ പേര് ആയിരുന്നു. പിന്നെ എപ്പോഴെങ്കിലും ഇട്ടതാവാം, ഒരു പക്ഷേ ആന്റിയുടെ മരണശേഷമോ മറ്റോ. വീട് അടച്ചിട്ടിരിക്കുകയായിരിക്കുമോ ആവോ? അവിടെ അവര്‍ക്ക് മറ്റു ബന്ധുക്കളൊന്നും ഉണ്ടായിരുന്നില്ല. നായര്‍ കേന്ദ്രമായി അറിയപ്പെട്ടിരുന്ന ശാസ്തമംഗലത്ത് ഇവര്‍ എങ്ങനെ വന്നു പെട്ടു എന്നതിനും ഒരു കഥയുണ്ടായിരുന്നു അന്ന്.

ജോര്‍ജ്ജ് അങ്കിളിന്റെ അപ്പൂപ്പന്‍ നായരായിരുന്നു പോലും, അങ്ങനെ കിട്ടിയതാണത്രേ അവിടെ വീടും സ്ഥലവും. ശരിയായിരിക്കണം, അതല്ലേ മക്കള്‍ക്ക് ലതിക, രാധിക, ദേവിക എന്ന് പേരിട്ടത്. വിളിച്ചിരുന്നത് ലതികൂട്ടി-ലതികക്കുട്ടി-, രാധികൂട്ടി, ദേവികൂട്ടി, എന്നായിരുന്നു.  കുടുംബപരമായി കിട്ടിയതായതുകൊണ്ടാവണം, അവിടം വിറ്റു കളയാന്‍ അങ്കിള്‍ തയ്യാറായിരുന്നില്ല. രേഖയുടെ അച്ഛന്‍ തിരുവനന്തപുരത്ത് സ്ഥലം മാറി വന്ന് അത് വാടകയ്ക്ക് എടുക്കുമ്പോള്‍ അങ്കിളും കുടുംബവും ദൂരെയെവിടെയോ ആയിരുന്നു. വീടിനോട് ചേര്‍ന്ന് അടച്ചിട്ടിരുന്ന ഒരു ചെറിയ ഔട്ട് ഹൗസും ഉണ്ടായിരുന്നു. ഈ വീട് വര്‍ഷങ്ങളായി അടച്ചു കിടക്കുകയോ വാടകയ്ക്കു കൊടുത്തിരിക്കയോ ആയിരുന്നു പോലും. ഇവിടെ ജോലിയായിരുന്നപ്പോള്‍ പോലും അവര്‍ ഒരിക്കലും അവിടെ വന്നു താമസിച്ചിരുന്നില്ലെന്ന് അന്ന് അയല്‍ക്കാര്‍ പറഞ്ഞിരുന്നു. ചുറ്റുപാടിനെ അവര്‍ക്കു ഭയമായിരുന്നിരിക്കാം എന്ന് ഇപ്പോള്‍ തോന്നുന്നു.

വീടിനു അഡ്വാന്‍സ് കൊടുക്കാന്‍ അച്ഛനൊപ്പം രേഖയും വന്നിരുന്നു. അങ്കിളിനെ കണ്ടതും നടുങ്ങിപ്പോയത് ഇന്നും ഓര്‍ക്കുന്നു. കറുകറാന്ന് കരിംപാറ പോലെ കറുത്ത നിറം. ആറര അടിയോളം പൊക്കം, ഒത്ത വണ്ണം, കണ്ണാണെങ്കില്‍ പച്ചനിറത്തില്‍ ഗോലി പോലെ തിളങ്ങുന്നു. തല നിറയെ ചുരുണ്ട തിളങ്ങുന്ന കറുത്ത മുടി. ആരു കണ്ടാലും ഒന്നു നടുങ്ങും. 'വളരെ നല്ല മനുഷ്യനാണ്. രൂപം കണ്ട് ആളെ അളക്കണ്ട. രവിയങ്കിള്‍ അന്വേഷിച്ചതല്ലേ, 'തിരികെ പോകുമ്പോള്‍ മകളുടെ പേടി മാറ്റാന്‍ അച്ഛന്‍ പറഞ്ഞു,

പറഞ്ഞുറപ്പിച്ച വാടകയേക്കാള്‍ കൂടുതല്‍ കൊടുക്കാമെന്ന് വേറൊരു കൂട്ടര്‍ അങ്കിളിനെ സമീപിച്ചിരുന്നു. പക്ഷേ അങ്കിള്‍ വഴങ്ങിയില്ലത്രേ. അന്ന് അഡ്വാന്‍സ് കൊടുത്തിരുന്നില്ല, വാക്കു പറഞ്ഞിരുന്നതേ ഉള്ളു, എന്നിട്ടും അങ്കിളിന് മനം മാറ്റം ഉണ്ടായില്ല. വാക്കു പറഞ്ഞു പോയി, ഇനി മാറ്റമില്ല എന്നായിരുന്നു അങ്കിളിന്റെ നിലപാട്. അതായിരുന്നിരിക്കണം അച്ഛന് ഇത്ര ബഹുമാനം.

പിന്നെ അവര്‍ താമസത്തിനു വന്നപ്പോള്‍ സാധനം ഇറക്കാന്‍ മുതല്‍ അങ്കിള്‍ ആദ്യാവസാനക്കാരനായിരുന്നു. തന്റെ വീട്ടില്‍ വന്ന അതിഥികളെന്നവണ്ണമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.

അതില്‍ പിന്നെ വല്ലപ്പോഴുമേ അവര്‍ വീട്ടില്‍ വന്നിട്ടുള്ളു. അനാവശ്യ ഇടപെടലുകളോ ശല്യപ്പെടുത്തലുകളോ ഒന്നുമില്ല. വരുമ്പോഴെല്ലാം, വീടും പരിസരവും ഭംഗിയായി സൂക്ഷിക്കുന്നു എന്ന സന്തോഷം മറച്ചു വയ്ക്കാതെ പ്രകടിപ്പിക്കയും ചെയ്യുമായിരുന്നു.

അങ്ങനെ സംഗതികള്‍ സുഗമമായി നീങ്ങവേ അതാ പെട്ടെന്നൊരു അശനിപാതം! താമസം തുടങ്ങി ഏഴെട്ടു മാസം ആയിട്ടുണ്ടാവും, ഒരു നാള്‍ വിഷണ്ണനായി അങ്കിള്‍ വന്നു കയറുന്നു.

'എങ്ങനെ പറയണം എന്നറിയില്ല. ക്ഷമിക്കണം' മുഖവുര കേട്ട് എന്താണാവോ എന്ന് എല്ലാവരും ആകാംക്ഷയോടെ കാതു കൂര്‍പ്പിച്ചു.

'അത്....അത് പിന്നെ അമ്മയ്ക്ക് തീരെ സുഖമില്ല.' പിന്നെയും നിശബ്ദത. എന്താണ് അസുഖമെന്നായി അച്ഛന്‍. അതെല്ലാം വിശദമായി പറഞ്ഞു കഴിഞ്ഞപ്പോള്‍ പിന്നെയും മൗനം.

'അമ്മയ്ക്ക് ഒരു ആഗ്രഹം...ഇനിയുള്ള കാലം ഇവിടെ വന്നു താമസിക്കണമെന്ന്....' പൂച്ച പുറത്തു ചാടി. ചാടിച്ചല്ലോ എന്ന ആശ്വാസം കാണാമായിരുന്നു ആ മുഖത്ത്.

അച്ഛന്റെ മുഖം വിളറി. പെട്ടെന്നിങ്ങനെ പറഞ്ഞാല്‍...മറ്റൊരു വീടു കണ്ടുപിടിക്കും വരെ സാവകാശം വേണ്ടേ? അച്ഛന്റെ  മുഖം കണ്ട് അങ്കിള്‍ തന്നെ പരിഹാരവും നിര്‍ദ്ദേശിച്ചു.

'ഞങ്ങള്‍ ഇവിടെ ഔട്ട്ഹൗസില്‍ കൂടാം തല്‍ക്കാലം. നിങ്ങള്‍ക്കു കുറച്ച് ബുദ്ധിമുട്ടാവും എന്നറിയാം. സാറിനു വീടു കിട്ടും വരെ ഞങ്ങള്‍ അവിടെ താമസിക്കാം. വീട് ഞാനും കൂടി അന്വേഷിക്കാം.' അങ്കിള്‍ പറഞ്ഞൊപ്പിച്ചു.

വീടിനോടു ചേര്‍ന്ന ഒരു ചെറിയ ഔട്ട് ഹൗസാണ്. അവിടെ അച്ഛനും അമ്മയും അമ്മൂമ്മയും മൂന്നു പെണ്‍കുട്ടികളും എങ്ങനെ കഴിയും? അതൊന്നും ഓര്‍ത്ത് വിഷമിക്കണ്ട, അതൊരു പ്രശ്‌നമല്ല എന്ന് അങ്കിള്‍ ആശ്വസിപ്പിച്ചു. തങ്ങളുടെ ബുദ്ധിമുട്ടോര്‍ത്താണ് അവര്‍ക്ക് വിഷമം എന്നും പറഞ്ഞു. സമ്മതം മൂളാതെ അച്ഛനു നിവൃത്തിയുണ്ടായിരുന്നില്ല. അങ്കിളിന്റെ അമ്മയ്ക്ക് ഉടനേ മരിക്കും എന്നു തോന്നുന്നുണ്ടാവും, അങ്ങനെയെങ്കില്‍ അത് ജനിച്ചു വളര്‍ന്ന തറവാട്ടില്‍ വെച്ചാവണം എന്നും കണക്കു കൂട്ടി കാണും എന്ന് അമ്മ അന്നു വിശദീകരിച്ചു തന്നു. മരിക്കാറാവുമ്പോള്‍ അങ്ങനെ തോന്നുന്നത് സ്വാഭാവികമാണു പോലും! മരിച്ചാല്‍ പിന്നെ ഒന്നുമറിയില്ലല്ലോ, എവിടെ കിടന്നു മരിച്ചാലും ഒരു പോലല്ലേ? എന്താ പ്രത്യേകത ആവോ എന്ന് രേഖ അന്ന് അത്ഭുതപ്പെടുകയും ചെയ്തു.

അങ്കിളിന് ഇവിടുന്ന് പോയി വരാന്‍ ദൂരം വളരെ കൂടുതലാണ്, മക്കള്‍ക്ക് ഇവിടെ അഡ്മിഷന്‍ വാങ്ങണം, അങ്ങനെ പല ബുദ്ധിമുട്ടുകളും ഉണ്ട്, എന്നിട്ടും അവര്‍ വരാന്‍ തയ്യാറാവുമ്പോള്‍ അത് നിവൃത്തികേടു കൊണ്ടായിരിക്കുമല്ലോ, അച്ഛനും അമ്മയുടെ ന്യായം ശരി വച്ചു.

'വെള്ളുള്ളീടേം മീനിന്റേം ഇറച്ചീടേം മണം താങ്ങേണ്ടി വരും. തൊട്ടു ചേര്‍ന്നല്ലേ വീട്.' അമ്മ പറഞ്ഞു.

അങ്ങനെ അവര്‍ അയല്‍ക്കാരായി . ഒരേ മുറ്റം. റോസ് ആന്റി എപ്പോഴും അടുക്കളയിലാണ്. മിയ്ക്ക അവധി ദിവസങ്ങളിലും പലഹാരങ്ങള്‍ ഇപ്പുറത്തും കൊണ്ടു തരും . അമ്മ പറഞ്ഞതുപോലെ തന്നെ അവരുടെ പാചകവേളകളിലെ മണം ലേശം അസഹ്യം തന്നെ ആയിരുന്നു.  പ്രത്യേകിച്ചും ഞായറാഴ്ച്ച. സഹിക്ക തന്നെ.

അമ്മൂമ്മയും റോസ് ആന്റിയും ഇരുനിറക്കാര്‍, പക്ഷേ മൂത്ത രണ്ടു  പെണ്‍മക്കളും അച്ഛനെ പോലെ ആയിരുന്നു, നിറവും ആകാരവും ചുരുണ്ടിരുണ്ട മുടിയും മാത്രമല്ല, കണ്ണുകള്‍ പോലും. ഏറ്റവും ഇളയ ദേവിക മാത്രമേ അധികം പൊക്കമില്ലാതുള്ളു. അവളുടെ കണ്ണുകളും സാധാരണം തന്നെ. മൂത്തവള്‍ ലതിക ബി.എ ഒന്നാം വര്‍ഷം. പ്രീഡിഗ്രി ഒന്നാം വര്‍ഷക്കാരി , രണ്ടാമത്തവള്‍ രാധികയ്ക്ക് രേഖയുടെ കോളേജില്‍, അതേ ക്ലാസ്സില്‍ തന്നെ അഡ്മിഷന്‍ ശരിയായി. അങ്ങനെ അവര്‍ ക്ലാസ്സ് മേറ്റ്‌സായി. ഒന്നിച്ചു കോളേജിലേക്കുള്ള യാത്രകളില്‍ പലപ്പോഴും ആളുകള്‍ രാധികയെ തുറിച്ചു നോക്കുന്നത് കണ്ടിട്ടുണ്ട്. രാധികയുടെ പൊക്കത്തിനു മുന്നില്‍ രേഖയ്ക്ക് ചെറിയൊരു അപകര്‍ഷതാബോധം തോന്നാതെയുമിരുന്നില്ല. മുട്ടുവരെ കറുത്തിരുണ്ട ചുരുണ്ട മുടി, അത് നേരേ കെട്ടിവയ്ക്കില്ല, കുളിക്കുമ്പോള്‍ വാരിക്കോരി എണ്ണതേച്ചിട്ടുമുണ്ടാവും. പല്ല് സാമാന്യം പൊങ്ങിയിട്ടാണ്, മുഖം നേരെ തുടയ്ക്കാതെ പൗഡര്‍ തേച്ചത് ഉണങ്ങി അവിടവിടെ കാണും. അതൊന്നും പോരാതെ അന്നൊക്കെ തത്തമ്മ പച്ച, മുട്ടായി പിങ്ക് എന്നെല്ലാം കളിയാക്കുമായിരുന്ന നിറങ്ങളിലും കടും നിറങ്ങളിലും ഉള്ള പാവാടയും ബ്ലൗസുമാണ് അവള്‍ ഇടുക. തത്തമ്മ പച്ചയും മുട്ടായി പിങ്കും വര്‍ഷങ്ങള്‍ക്കു ശേഷം ഹിറ്റായപ്പോള്‍ രേഖ രാധികയെ ഓര്‍ത്തിരുന്നു.

ആളുകളുടെ നോട്ടം കാരണം രാധികയുടെ ഒപ്പം പോകാന്‍ രേഖയ്ക്കു മടിയായിരുന്നു. അതൊന്നും സാരമില്ല, ശ്രദ്ധിക്കേണ്ട എന്ന് അമ്മ പറഞ്ഞപ്പോള്‍ പിന്നെ അനുസരിച്ചു. ക്ലാസ്സില്‍ ചെന്നാലും ആ കുട്ടിയോട് മിണ്ടാനോ പറയാനോ ആരും പോകാറില്ല. അതുകൊണ്ട് അവിടെയും അവള്‍ രേഖയുടെ ഒപ്പമേ വരൂ. അത് രേഖയ്ക്ക് അത്ര സന്തോഷമൊന്നുമായിരുന്നില്ല, പക്ഷേ നിവൃത്തിയുണ്ടായിരുന്നില്ല. ഇഷ്ടക്കേടുണ്ടെങ്കിലും ഒരു കുട്ടിയെ അങ്ങനെയങ്ങ് ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും തോന്നിയിരുന്നു. അച്ഛനും അമ്മയും അത് ശരി വയ്ക്കുകയും ചെയ്തു. ദേവിക വന്നതോടെ രേഖയുടെ കൂട്ടുകാര്‍ ഓരോരുത്തായി അകന്നു. രാധികയോട്  അടുപ്പമുള്ള കൂട്ടുകാരിയാവാന്‍ ഒരിക്കലും രേഖയ്ക്ക് കഴിഞ്ഞില്ല. അത് പക്ഷേ ആകാരവ്യത്യാസങ്ങളേക്കാള്‍ കൂടുതല്‍ സമാന വിഷയങ്ങളില്ലാത്തതു കൊണ്ടു കൂടി ആയിരുന്നിരിക്കണം. രാധികയുടെ വീട്ടില്‍ എപ്പോഴും പ്രാര്‍ത്ഥനയുണ്ടാകും. പഠിത്തം, പ്രാര്‍ത്ഥന, ഭക്ഷണം ഇങ്ങനെ എന്തോ ഒരു ചിട്ട പോലെ. ബന്ധുക്കളോ ചങ്ങാതിമാരോ ആരും വരാറുണ്ടായിരുന്നില്ല. അങ്കിള്‍ ഏകമകനായിരുന്നു. പക്ഷേ ആന്റി? അവരുടേത് ആന്റിയുടെ വീട്ടുകാര്‍ക്ക് ഒട്ടും ഇഷ്ടമില്ലാത്ത വിവാഹമായിരുന്നു എന്നും പറഞ്ഞു കേട്ടിരുന്നു. ഇന്നിപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നുന്നു സമൂഹഭ്രഷ്ടും കൂടി ആയിരിക്കാം അവരെ വല്ലാതെ ഉള്‍വലിയാന്‍ പ്രേരിപ്പിച്ചത് എന്ന്.

ഇളയവള്‍ അന്ന് ഏഴാംക്ലാസ്സിലോ മറ്റോ ആയിരുന്നുവെന്നാണ് ഓര്‍മ്മ. കുറച്ചെങ്കിലും വര്‍ത്തമാനം പറയുമായിരുന്നത് ആ കുട്ടി മാത്രമാണ്. ലതികയെ നേരേ ഒന്നു കണ്ടിട്ടു പോലുമില്ല.

അന്നത്തെ ഒരു പഠനാവധിക്കാലം. അപ്പൂപ്പന് സുഖമില്ലാത്തതുകൊണ്ട് അമ്മ നാട്ടില്‍ പോയിരിക്കുന്നു. വീട്ടുസഹായി രമണി എല്ലാ ജോലികളും നന്നായിത്തന്നെ ചെയ്യുമായിരുന്നു. അത് വല്ലാത്തൊരു സമാധാനമായിരുന്നു അമ്മയ്ക്ക്. പാചകം കേമമായിരുന്നു. ചപ്പാത്തിക്കായി ഉരുളക്കിഴങ്ങിനൊപ്പം രണ്ടു മൂന്നു കഷണം ബീറ്റ്‌റൂട്ടും കൂടി ചേര്‍ത്ത് രമണി ഉണ്ടാക്കിത്തരുമായിരുന്ന റോസ് നിറമുള്ള സ്റ്റ്യൂവിന്റെ രുചി ഇപ്പോഴും ഓര്‍മ്മയുണ്ട്.  

ഒരു ദിവസം രാത്രി ഒരു മണിയായിക്കാണും, അങ്കിള്‍ ശബ്ദമുണ്ടാക്കാതെ വന്ന് അച്ഛനെ വിളിച്ചു. ബെല്ലിനു പകരം ടോര്‍ച്ച് തെളിച്ചു കാണിച്ചായിരുന്നു ശ്രദ്ധ ആകര്‍ഷിച്ചത്. ചെന്നപ്പോള്‍, അച്ഛനെ മുറ്റത്തേക്കിറക്കി നിര്‍ത്തി എന്തോ രഹസ്യമായി പറയുന്നതു കണ്ടു. തിരിച്ചു വരുമ്പോള്‍ അച്ഛന്റെ മുഖം വിളറിയിരുന്നു. പൂട്ടും താക്കോലും തന്ന് വളരെ രഹസ്യമായി അടുക്കളവശത്തുകൂടി പുറത്തേക്കിറങ്ങുന്ന വാതില്‍ പൂട്ടിക്കൊണ്ടു വരാന്‍ പറഞ്ഞു അച്ഛന്‍. ശബ്ദമുണ്ടാക്കാതെ അച്ഛനും കൂട്ടു വന്നു. വെളുപ്പിന് അഞ്ചുമണിക്ക് അച്ഛന്‍ വീണ്ടും എഴുന്നേല്‍പ്പിച്ചു, തുറന്നിടുവാന്‍. രമണി അറിയാതെ ഈ രീതി അമ്മ വരും വരെ തുടര്‍ന്നു. അടുക്കളയോടു ചേര്‍ന്ന മുറിയിലായിരുന്നു രമണി കിടന്നിരുന്നത്.

അങ്കിള്‍ രാത്രി ടോയ്‌ലറ്റിലേക്കു കയറവേ അടുക്കളയുടെ പിന്നാമ്പുറത്തെ മുറ്റത്ത് നിന്ന് ഒരുത്തന്‍ രമണിയുമായി സംസാരിക്കുന്നതു കണ്ടു. ലൈറ്റിടാതെ അങ്കിള്‍ ശ്രദ്ധിച്ചു. പിന്നെ അയാള്‍ പുറത്തേക്കു മതില്‍ ചാടി.  രമണി തിരിച്ചു കയറി. അങ്കിളിന്റെ പൊക്കം കൊണ്ടാണ് കാണാന്‍ കഴിഞ്ഞത്. അമ്മയെ വേഗം വരുത്തി രമണിയെ പറഞ്ഞു വിടണമെന്ന് അങ്കിള്‍ പറഞ്ഞു. അല്ലെങ്കില്‍ ചിലപ്പോള്‍ അച്ഛനോ അങ്കിളോ പലതിനും ഉത്തരം പറയേണ്ടി വരുമെന്നും ഓര്‍മ്മപ്പെടുത്തി.

രമണിയെ പറഞ്ഞു വിടുന്നത് രേഖയ്ക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു, പക്ഷേ ഗര്‍ഭസത്യഗ്രഹം എന്നൊക്കെ കേട്ടപ്പോള്‍ പേടിച്ചു പോയി. അങ്ങനെ രമണി പോയി. അതില്‍ പിന്നെ സഹായികള്‍ വന്നെങ്കിലും അവര്‍ കാണെ തന്നെ സ്ഥിരമായി പുറകുവശത്തേക്കുള്ള വാതില്‍ കിടക്കും മുന്നേ താഴിട്ടു പൂട്ടി താക്കോല്‍ കൈവശം എടുത്തു തുടങ്ങി. ചൂടുവെള്ളത്തില്‍ ചാടിയ പൂച്ച! അച്ഛനും അമ്മയ്ക്കും അങ്കിളിനോട് അളവറ്റ നന്ദിയുണ്ടായിരുന്നു ഇക്കാര്യത്തില്‍. ആ നന്ദി ഒരിക്കല്‍ കൂടി പ്രകാശിപ്പിക്കേണ്ടി വന്നു അവര്‍ക്ക്. തങ്ങളുടെ വീട്ടില്‍ നിന്നു പോയി കുറച്ചു നാള്‍ കഴിഞ്ഞ്  രമണി തൂങ്ങി മരിച്ചുവെന്നറിഞ്ഞു. നാലഞ്ചു സാരി ചുറ്റി, മുഖത്ത് പൗഡറും റൂഷുമൊക്കെയിട്ട്, വലിയ പൊട്ടു കുത്തി, നീട്ടി വാലിട്ട് കണ്ണെഴുതി  പൂജപ്പുര ജയില്‍ പരിസരത്തെ ഒരു മാവിന്‍കൊമ്പിലായിരുന്നു രമണി തൂങ്ങിയത്.

പക്ഷേ ഇക്കാര്യങ്ങളൊന്നും രാധികയുമായി ചര്‍ച്ച ചെയ്തതായി രേഖ ഓര്‍മ്മിക്കുന്നില്ല. ഒന്നിച്ചു പോകും, വരും, ഒഴിച്ചു കൂടാനാവാത്ത കാര്യം മാത്രം പറയും, അത്രയേ ഉണ്ടായിരുന്നുള്ളു.

പത്രവാര്‍ത്ത വായിച്ചപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് പൊന്മുടി ടൂര്‍ ആയിരുന്നു. രാധിക രേഖയുടെ പിന്നാലെ നിഴല്‍ പോലെ. രേഖയോടു ഫോട്ടോയ്ക്ക് പോസു ചെയ്യാന്‍ പറഞ്ഞു ഒരു ചങ്ങാതി. തൊട്ടപ്പുറത്ത് മാറി എല്ലാം കണ്ടും കേട്ടും രാധിക. രേഖയ്ക്കു പാവം തോന്നി, ഫോട്ടോയ്ക്കു അവളെ കൂടി വിളിക്കാന്‍ തുടങ്ങിയതും ചങ്ങാതി മൊഴിഞ്ഞു, താന്‍ തന്നത്താന്‍ പോസു  ചെയ്താല്‍ മതി എന്ന്. തിളങ്ങുന്ന പച്ച കണ്ണുകള്‍ നിറയുന്നതു കണ്ടു. ഓ, ഫോട്ടോയൊന്നും വേണ്ട എന്ന് രേഖയും ഒഴിഞ്ഞുമാറി. അന്നാണ് ആദ്യമായി രാധികയുടെ  കയ്യൊന്നു സ്വന്തം കയ്യിലെടുത്തത്. വരൂ, അരുവിയിലിറങ്ങാം എന്നു വിഷയവും മാറ്റി.

പരീക്ഷ കഴിഞ്ഞു, വേറേ വീടു കിട്ടി, അവിടുന്ന് താമസവും മാറ്റി. കോളേജില്‍ വച്ചു കാണുമായിരുന്നെങ്കിലും ചെറിയ ലോഹ്യങ്ങള്‍ക്കപ്പുറം വര്‍ത്തമാനമൊന്നുമില്ലായിരുന്നു. വാസ്തവത്തില്‍ ഒന്നിച്ചുള്ള പോക്കു വരവ് മാറിക്കിട്ടിയതില്‍ രേഖ സന്തുഷ്ടയായിരുന്നുവെന്നു വേണം പറയാന്‍. അവരെ പിന്നെ ഓര്‍മ്മിക്കുന്നത് രണ്ടു കൊല്ലം മുമ്പ് പത്രവാര്‍ത്ത വായിച്ചപ്പോഴാണ്.

ഓര്‍മ്മപ്പുഴയില്‍ മുങ്ങിപ്പൊങ്ങി, റോസ് വില്ല എത്തിയതറിഞ്ഞില്ല. കാടു പിടിച്ച് ആളുകേറാമല പ്രതീക്ഷിച്ചിരുന്നിടത്ത്, വൃത്തിയാക്കിയിട്ടിരിക്കുന്ന വീടും പരിസരവും. ഇനിയിപ്പോള്‍ വീടു വിറ്റ് മറ്റാരെങ്കിലും ആയിരിക്കുമോ താമസം? ഇനി രാധികയോ ദേവികയോ ഉണ്ടെങ്കില്‍ അവര്‍ തന്നെ തിരിച്ചറിയുമോ? അറിഞ്ഞാലും എന്തിനു വന്നു എന്ന ഇഷ്ടപ്പെടായ്ക ആണെങ്കിലോ? ഓ, എങ്കില്‍ എന്താ, അങ്ങു തിരിച്ചു പോകും അത്ര തന്നെ. ഇത് ഒരു ആനക്കാര്യമൊന്നും അല്ലല്ലോ. രേഖ മനസ്സിനു ലാഘവം വരുത്തി, ബെല്‍ സ്വിച്ച് അമര്‍ത്തി. അകത്തു ബെല്ലടി കേട്ടപ്പോള്‍ സ്വയം അറിയാതെ ഒന്നു ഞെട്ടുകയും ചെയ്തു.

ഇരുനിറമുള്ള നല്ല പരിഷ്‌കാരിയായ ഒരുവള്‍ വന്നു കതകു തുറന്നു. എങ്ങനെ സ്വയം പരിചയപ്പെടുത്തണമെന്ന് ആലോചിച്ചു നില്‍ക്കവേ, മുഖത്തേക്കു സൂക്ഷിച്ചു നോക്കി മറുചോദ്യം വന്നു,

'പണ്ടിവിടെ താമസിച്ച....രേഖേച്ചി.....ആണോ?   '

എന്റമ്മേ! രേഖയ്ക്ക് അത്ഭുതം അടക്കാനായില്ല. അപ്പോള്‍ ഇരുപതു വര്‍ഷം കാലം തന്റെ ശരീരത്തില്‍ അധികം പണിയൊന്നും ചെയ്തില്ലെന്നോ? കൂടെ പഠിച്ച പലരേയും വഴിയില്‍ കണ്ടാല്‍ പോലും അറിയാന്‍ പറ്റാറില്ല, ഒന്നുകില്‍ വണ്ണം വച്ചിട്ടുണ്ടാകും, അല്ലെങ്കില്‍ മുടി പോയിട്ടുണ്ടാകും, ആകെ വ്യത്യാസം. താന്‍ തടി സൂക്ഷിച്ചുവല്ലോ, രേഖയ്ക്ക് സ്വയം ഒരു അഭിമാനം തോന്നി. ഉം, ഉടുപ്പിനു കോളറില്ല, ഇല്ലെങ്കില്‍ അതൊന്നു പൊക്കി സ്വയം അഭിനന്ദിക്കാമായിരുന്നു.

എന്തായാലും അന്തരീക്ഷം ലാഘവമുള്ളതായി. ഇറക്കി വിടില്ല എന്നുറപ്പ്.

' ദേവിക? '

'അതേ ചേച്ചി...' അവള്‍ പടിയിലേക്കിറങ്ങി വന്ന് കൈ പിടിച്ച് അകത്തേക്കു കയറ്റി. വീട് വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു, ഇന്റീരിയറും നന്നായി ചെയ്തിട്ടുണ്ട്.

'ചേച്ചിക്ക് ഒരു മാറ്റവും വന്നിട്ടില്ല. നിങ്ങളുടെ പ്രീഡിഗ്രി ഗ്രൂപ്പ് ഫോട്ടോയിലേതു പോലെ തന്നെ.  '

'അത് ഇപ്പോഴുമുണ്ടെന്നോ! എന്റേത് എവിടെയാണാവോ? '

'രാധികേച്ചിക്ക് ചേച്ചിയെ വലിയ ഇഷ്ടമായിരുന്നു. എപ്പോഴും പറയുമായിരുന്നു, ഫോട്ടോയും കളയാതെ വച്ചത് അതുകൊണ്ടാണ്. ഇന്നലെയും കൂടി ഞാന്‍ അതെടുത്തു നോക്കിയതാണ്. ' അവളുടെ മുഖം വിളറി. രേഖയുടേതും.

'ചേച്ചിക്ക് കുടിക്കാനെടുക്കട്ടെ, ഞാനിതാ വന്നു.  ' അവള്‍ അകത്തേക്കു പോയി.

അപ്പോള്‍ രാധികയും? പാസ്റ്റ് ടെന്‍സിലാണല്ലോ ഇവള്‍ പറയുന്നത്. രണ്ടു വര്‍ഷം ആയിട്ടുണ്ടാകും ആ സംഭവം നടന്നിട്ട്. രാധിക ഒട്ടും അടുപ്പമുള്ള കൂട്ടുകാരിയൊന്നുമായിരുന്നില്ല, എന്നിട്ടും വരണമെന്നു തോന്നിയത് എന്തുകൊണ്ടാണ്? കുറ്റബോധം? കുറച്ചുകൂടി സ്‌നേഹമായി പെരുമാറാമായിരുന്നു എന്ന ഒരു പ്രയോജനവുമില്ലാത്ത തോന്നല്‍?

ലതിക LLB ക്കാരിയായിരുന്നുവത്രേ. ഡിഗ്രി കഴിഞ്ഞ് ചേര്‍ന്നതായിരിക്കും. പക്ഷേ ജോലിക്കൊന്നും പോയില്ല, രാധികയും ദേവികയും ഡിഗ്രിക്കാരും. ആദ്യം ആന്റിയും പിന്നെ അങ്കിളും മരിച്ചതോടെ മൂന്നു പെണ്‍മക്കളും അനാഥരായി.

ദേവികയുടെ കരച്ചില്‍ കേട്ട് ആളുകള്‍ ഗേറ്റ് തള്ളിത്തുറന്ന് കയറുകയായിരുന്നു. പക്ഷേ കുട്ടികള്‍ കതകു തുറന്നില്ല. പിന്നെ പോലീസെത്തി. ബലമായിട്ട് അകത്തു കയറിയപ്പോഴോ?

മരിച്ചുപോയ ലതികയുടെ തല മടിയില്‍ വച്ച് രാധിക. അല്‍പ്പം മാറി പേടിച്ചരണ്ട് മൂലയില്‍ കരയുന്ന ദേവിക. ദിവസങ്ങളായി കുളിക്കാതെ, തുണിമാറാതെ പ്രാകൃതം പിടിച്ച രൂപങ്ങള്‍. അങ്ങേലോകം പൂകിയ ലതികയുടെ ചേതനയറ്റ ശരീരത്തില്‍ നിന്ന് ദ്രാവകങ്ങള്‍ കിനിഞ്ഞിരുന്നു. നാറ്റവും. ജീവന്‍ പറന്നുപോയാല്‍ പിന്നെ അതു കൊണ്ടുനടക്കുന്ന ശരീരം വെറും ചണ്ടിയല്ലേ?ലതികയുടെ മുറിയുടെ ഭിത്തികളില്‍ മുഴുവന്‍ ലതിക + മാത്യു ജോണ്‍ കല്ലോത്തുകാരന്‍ എന്ന് എഴുതിവച്ചിരിക്കുന്നു. അവിവാഹിതനായ, അറിയപ്പെടുന്ന ഒരു യുവനേതാവായിരുന്നു അയാള്‍. ലതികയുടെ സീനിയറായി ലോ കോളേജില്‍ പഠിച്ചയാള്‍ .
അച്ഛനമ്മമാരുടെ മരണം ആ കുട്ടികളെ വല്ലാതെ ഒറ്റപ്പെടത്തി കാണണം. പോകെ പോകെ അവര്‍ പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ചു. വീടിന്റെ പരിസരം കാടുപിടിച്ചു. സാധനം വാങ്ങിക്കൊടുക്കാന്‍ വരുന്ന ഒരാളെയൊഴികെ ആരേയും അകത്തു പ്രവേശിപ്പിക്കില്ല. ഗേറ്റും കതകുകളുമെല്ലാം എപ്പോഴും അടച്ചിട്ടിരിക്കും.

ജഡം എടുക്കാന്‍ രാധികയോടു മല്ലു പിടിക്കേണ്ടി വന്നു പോലീസിന്. ബന്ധുക്കളൊന്നും ഏറ്റെടുക്കാന്‍ മുന്നോട്ടു വരാത്തതുകൊണ്ട്, രാധികയേയും ദേവികയേയും ഒരു വനിതാമന്ദിരത്തിലേക്കു മാറ്റി. അവിടെ വച്ചായിരിക്കും രാധിക.....ഫോട്ടോ സഹിതം നീണ്ട വിവരണം അന്നു നല്‍കിയിരുന്നെങ്കിലും പിന്നീട് അവരെക്കുറിച്ച് അറിവൊന്നുമില്ലായിരുന്നു.

' ജ്യൂസ് കുടിക്കൂ ചേച്ചി, ' ദേവിക ജ്യൂസും കാഷ്യൂനട്ട്‌സും നീട്ടി.

' ജോലിക്ക് സഹായത്തിന് ?' കാഷ്യു കൊറിച്ചുകൊണ്ട് രേഖ ചോദിച്ചു.

'ഒരു ചേച്ചിയുണ്ട്. മാര്‍ക്കറ്റില്‍ പോയിരിക്കുന്നു. ചേച്ചിയും എന്നെ പോലെ തന്നെ. ആരുമില്ല. കല്യാണവും കഴിച്ചിട്ടില്ല.' ഹാവൂ, ഒരു കൂട്ടുണ്ടല്ലോ, നന്നായി.

'രാധിക ? ' മടിച്ചു മടിച്ചാണെങ്കിലും രേഖ ചോദിച്ചു.

'മരിച്ചു. ജോണ്ടിസായിരുന്നു. വളരെ പാടുപെട്ടാണ് മരുന്നു കഴിപ്പിച്ചിരുന്നത്. അതു ഏതാണ്ടു മാറുകയും ചെയ്തു. പക്ഷേ, പിന്നെ ഫാനില്‍...' ഓ, പാവം കുട്ടി, രണ്ടു ചേച്ചിമാരുടെ മരണം, അതും അടുപ്പിച്ചടുപ്പിച്ച്.....

പെട്ടെന്ന് അവള്‍ വിഷയം മാറ്റി, രേഖയിലേക്കു വന്നു. വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു, ഇനി വരുമ്പോള്‍ മൂന്നാളും കൂടി വരണമെന്നു പറഞ്ഞുവെച്ചു. മൊബൈലില്‍ മെയില്‍ ഐഡി നോട്ടുചെയ്തു വച്ചു.

'ഞാന്‍ ഫേസ് ബുക്കിലില്ല ചേച്ചീ. ഞങ്ങളുടെ ഫേസായിരുന്നല്ലോ ഏറ്റവും വലിയ പ്രശ്‌നം'  അവള്‍ ചിരിച്ചു, പക്ഷേ രേഖയ്ക്ക് അത് തീരെ ആസ്വദിക്കാനായില്ല.

എന്ത്, എങ്ങനെ എന്നെല്ലാം രേഖയുടെ മുഖത്തെ ചോദ്യങ്ങള്‍ ദേവിക വായിച്ചെടുത്തുവെന്നു തോന്നി; കാരണം, ഇഷ്ടമില്ലാത്ത ഭൂതകാലത്തിലേക്കുള്ള വാതില്‍ നീരസമേതുമില്ലാതെ തുറക്കാന്‍ അവള്‍ തയ്യാറായി.

ദേവികയുടെ ഡിഗ്രി കഴിഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഓടിച്ചാടി നടന്നിരുന്ന ആന്റി ഒരു നാള്‍ ഉറക്കമുണര്‍ന്നില്ല. ആ കുടുംബത്തിന്റെ തകര്‍ച്ച തുടങ്ങിയതവിടെയാണ്.

'പപ്പാ തകര്‍ന്നു പോയി ചേച്ചി, പക്ഷേ ഞങ്ങള്‍ക്കു വേണ്ടി കഴിഞ്ഞു കൂടുകയായിരുന്നു. ലതികേച്ചിക്ക് ഒരു പാട് കല്യാണം ആലോചിച്ചു. ഒന്നും നടന്നില്ല, കണ്ടവര്‍ക്കൊന്നും ചേച്ചിയെ പിടിച്ചില്ല. ചേച്ചിയെ ഏതെങ്കിലും വക്കീലിന്റെ ജൂനിയറാക്കാനും പപ്പാ ശ്രമിച്ചു. അതും നടന്നില്ല. ഇനി എങ്ങോട്ടുമില്ല എന്ന് ചേച്ചിയും പറയാന്‍ തുടങ്ങി. രാധിക എം.എസ്സി പഠിത്തവും ഉപേക്ഷിച്ചു. മമ്മ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോ പപ്പയും പോയി. ഹാര്‍ട്ട് അറ്റാക്ക്.  '

അവള്‍ മൗനത്തിലേക്കു വീണു, ആ കാലമെല്ലാം ഒന്നുകൂടി ജീവിക്കുകയായിരുന്നിരിക്കണം മനസ്സില്‍.

ലതികയും പിന്നാലെ രാധികയും കുറേശ്ശെയായി മാനസികരോഗികളാകുകയായിരുന്നു. ദേവികയും ഏറെക്കുറെ അങ്ങനെ തന്നെ, എന്നാലും ചേച്ചിമാരേക്കാള്‍ ഭേദം, അത്ര മാത്രം. സഹായിക്കാന്‍ വന്നവരെ എല്ലാം ഓടിച്ചു. എല്ലാവരേയും ഭയമായിരുന്നു. അവരുടെ പണം മോഷ്ടിക്കാന്‍ വരുന്നതാണെന്നൊരു തോന്നലായിരുന്നു. അല്ലെങ്കില്‍ പപ്പാ ജീവിച്ചിരുന്നപ്പോള്‍ ആരും വരാത്തതെന്തേ എന്നായിരുന്നു ലതികേച്ചി കണ്ടുപിടിച്ച ന്യായം. ഈ ചേച്ചി മാത്രം വരും, പക്ഷേ കിടക്കാനൊന്നും സമ്മതിക്കില്ല, പല വട്ടം വഴക്കുണ്ടാക്കി ലതിക അവരെ ഓടിച്ചതാണ്. അവര്‍ പക്ഷേ രണ്ടുദിവസം കഴിഞ്ഞ് പിന്നെയും വരും, അത്യാവശ്യം സാധനം വാങ്ങിത്തരും, അങ്ങനെ...

'കല്ലോത്തുകാരന്‍?  ' ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ ഇപ്പോഴും ക്രോണിക് ബാച്ചിലറായി തുടരുകയാണ്.

'അയ്യോ, പാവം, അയാള്‍ ഒരു തെറ്റും ചെയ്തിട്ടില്ല, ലതികേച്ചി വെറുതേ സങ്കല്‍പ്പിച്ച് ഉണ്ടാക്കിയതാണ്. അയാള്‍ പിന്നെ വന്നിരുന്നു. അയാള്‍ക്ക് കണ്ടു പരിചയം പോലും ഇല്ലായിരുന്നു ചേച്ചിയെ. എങ്കിലും പത്രത്തില്‍ വന്നതുകൊണ്ട് അന്വേഷിച്ചു വന്നതായിരുന്നു.'

'ലതികേച്ചീടെ ആഗ്രഹം കൊണ്ട് പപ്പാ പണ്ട്, അയാളുടെ അടുത്ത് പോയിരുന്നതാണ്. പക്ഷേ അയാള്‍ക്ക് ഇതല്ല, ഒരു വിവാഹത്തിനും താത്പര്യമൊന്നുമില്ലായിരുന്നു. അയാളുടെ വഴിയല്ല കുടുംബജീവിതം എന്നു പറഞ്ഞൊഴിഞ്ഞതാണ്  അന്ന് .' രാധിക പറയുന്നത് കേട്ട് അന്തം വിട്ടിരിക്കയായിരുന്നു രേഖ. മനസ്സിന്റെ ഓരോരോ മായക്കളികള്‍! അത് നമ്മെ എവിടെയാണ് കൊണ്ടെത്തിക്കുക. മനസ്സ് ഒരു നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുകയാണ്, എപ്പോള്‍ വേണമെങ്കിലും ഇപ്പുറം മറിയാം, ' ഡോക്ടര്‍ ' നാടകത്തിലെ നഴ്‌സിന്റെ ആവര്‍ത്തിച്ചുള്ള  ഡയലോഗ്, മനസ്സില്‍ പണ്ടേ പതിഞ്ഞതാണ്. അതിപ്പോള്‍ ഓര്‍മ്മവന്നു. എത്ര ശരി ! മാനസികരോഗികളെന്നു മുദ്ര കുത്തപ്പെട്ടവരുടേയും സ്വബോധമുണ്ടെന്ന് അഹങ്കരിക്കുന്നവരുടേയും ഇടയ്ക്കുള്ളത് വെറും ഒരു നൂല്‍പ്പാലം മാത്രം, എപ്പോള്‍ വേണമെങ്കിലും ആരു  വേണമെങ്കിലും മറുകണ്ടം ചാടിയെന്നു വരാം!

വനിതാമന്ദിരത്തില്‍ ആക്കാനും കൗണ്‍സിലിംഗിനും മറ്റും മാത്യു ജോണും കൂടി മുന്‍കയ്യെടുത്തു സഹായിച്ചു. കൗണ്‍സിലിംഗ് ദേവികയ്ക്ക് ഉപകാരപ്പെട്ടു. പക്ഷേ രാധികയ്ക്ക് ഒരു വ്യത്യാസവുമണ്ടായില്ലെന്നു മാത്രമല്ല, വീട്ടില്‍ തിരിച്ചു പോകണമെന്ന് വാശി പിടിക്കയും ചെയ്തു. അങ്ങനെ തിരിച്ചു വീട്ടിലെത്തി, പിന്നെ സഹായി ചേച്ചി കൂടി വന്ന് കൂടെ താമസിച്ചു. പക്ഷേ ഇതൊന്നിനും രാധികയെ രക്ഷിക്കാനായില്ല. കൈവിട്ടുപോയ മനസ്സുമായി തന്നെ അവള്‍ ഈ ലോകം വെടിഞ്ഞു.

'ദേവിക ജോലിക്കൊന്നും പോകുന്നില്ലേ? ' പണത്തിനു ബുദ്ധിമുട്ടുണ്ടാവില്ല എന്നറിയാം, എന്നാലും അതല്ലല്ലോ. ജോലി പണത്തിനു വേണ്ടി മാത്രമല്ലല്ലോ.

'ശ്രമിക്കുന്നുണ്ട് ചേച്ചി. ' കല്യാണം? കുടുംബം? ചോദിക്കണോ വേണ്ടയോ എന്ന് ആലോചിക്കുമ്പോഴേയ്ക്കും അടുത്ത ഭാഗം വന്നു.
'ചേച്ചിക്കു കേള്‍ക്കണോ, എന്റെ കല്യാണം തീരുമാനിച്ചു. '
'ഗുഡ്, നന്നായി. '
'യു. എസിലാണ്. പത്രത്തില്‍ വാര്‍ത്ത വന്നത് വലിയ വിഷമമുണ്ടാക്കിയതാണ്. പക്ഷേ, അതുകൊണ്ടു കിട്ടിയ ഗുണമാണ് എന്റെ കല്യാണം. പീറ്റര്‍, ആംഗ്ലോ ഇന്‍ഡ്യനാണ് . അവര്‍ ഇവിടെ ഉണ്ടായിരുന്ന സമയത്താണ് വാര്‍ത്ത വന്നത്. അങ്ങനെ അന്വേഷിച്ചു വന്നു.'

'സിംപതി ? ' എങ്കില്‍ അപകടമാണു കുഞ്ഞേ, മനസ്സു പറഞ്ഞു. ഭീമമായ സ്വത്തുവകകളുടെ ഏകാവകാശിയാണ് ദേവിക ഇപ്പോള്‍. അതെല്ലാം കൈക്കലാക്കാന്‍?

'ഒട്ടുമേ അല്ല ചേച്ചി. ഞങ്ങള്‍ അറിയപ്പെട്ടിരുന്നത് കാപ്പിരി ഫാമിലി എന്നല്ലേ? അതേ പോലെ പീറ്റര്‍ ഒരു മങ്കി ഫാമിലിയില്‍ നിന്നാണ്. ' മങ്കി ഫാമിലി, രേഖയ്ക്കു കേട്ടു പരിചയം തോന്നി. പീറ്റര്‍?

'അവര്‍ മലേഷ്യയിലായിരുന്നു. ഇവിടെ വന്ന് സെറ്റില്‍ ചെയ്തതാണ്. കുറച്ചു കാലം മുമ്പ് അവര്‍ യുഎസിനു പോയി. ' ഓ, മനസ്സിലായി, രേഖയുടെ കസിന്റെ ഒപ്പം പഠിച്ചതാണ്, അക്കാലത്ത് ആ ചേട്ടനൊപ്പം വീട്ടിലും വന്നിട്ടുണ്ട്. ഒരു മംഗോളിയന്‍ ലുക്കായിരുന്നു അയാള്‍ക്ക്. കുറ്റിത്തലമുടിയും. ദൈവമേ, എന്തെല്ലാം യാദൃശ്ചികത്വങ്ങള്‍!

പത്രത്തില്‍ വായിച്ചറിഞ്ഞ് വനിതാമന്ദിരത്തില്‍ എത്തിയതായിരുന്നു അയാള്‍. ആദ്യം വന്നപ്പോള്‍ ദേവിക കാണാന്‍ കൂടി തയ്യാറായില്ല. പിന്നെ വീട്ടിലെത്തിക്കഴിഞ്ഞും അയാള്‍ വന്നു. നല്ല സൈക്കോളജിസ്റ്റിനെ ഏര്‍പ്പാടു ചെയ്തതു, ബ്യൂട്ടീഷ്യനെ വച്ചു. പിന്നെ വീട്ടില്‍ കമ്പ്യൂട്ടര്‍ വാങ്ങി വച്ച്, പഠിപ്പിക്കാന്‍ ആളിനെ നിയോഗിച്ച്...വളരെ പെട്ടെന്ന് ദേവികയക്ക് പുതു ജീവിതത്തിലേക്ക് നടന്നു കയറാനുള്ള വഴി അയാള്‍ ഒരുക്കി. പീറ്ററിനു സ്തുതി, സന്മനസ്സുള്ള ദേവികയ്ക്കു സമാധാനം!

അതു വരട്ടെ, അതാണ് ഇവള്‍ക്ക് കറുപ്പു നിറം തീരെ കുറഞ്ഞത്. നന്നായി ഹെയര്‍സ്റ്റൈലിംഗ് ചെയ്ത്, നിറവും വന്നപ്പോള്‍ പഴയ ദേവികയേയല്ല! ആത്മവിശ്വാസവും കൈവന്നിട്ടുണ്ട്. ലുക്ക്‌സ് എന്ന കോംപ്ലക്‌സില്‍ നിന്ന് അവള്‍ക്ക് എന്നേക്കുമായി മോചനം കിട്ടിക്കഴിഞ്ഞിരിക്കുന്നു.

'പണ്ടേ ഈ വക ട്രീറ്റ്‌മെന്റ്‌സ്, ഐ മീന്‍ ബ്യൂട്ടി ട്രീറ്റ്‌മെന്റ്‌സ് ഉണ്ടായിരുന്നെങ്കില്‍ എന്റെ ചേച്ചിമാര്‍ക്ക് ഈ ഗതി വരില്ലായിരുന്നു, ചേച്ചി. കളര്‍ ക്ലിനിക്കിലും സൈ്മല്‍ ക്ലിനിക്കിലും എല്ലാം പോകാമായിരുന്നു. പല്ലു താഴ്ന്നിരിക്കുന്ന, ഇരുനിറക്കാരി രാധികേച്ചിയെ ഒന്നു സങ്കല്‍പ്പിച്ചു നോക്കിയേ.' രണ്ടുപേരും അല്‍പ്പനേരം മൗനം ഭജിച്ചു. അവള്‍ പറഞ്ഞതു ശരിയാണ്, ആ രണ്ടു പ്രശ്‌നവും ശരിയാക്കിയിരുന്നെങ്കില്‍ രാധികയുടെ ജീവിതഗതി തന്നെ ചിലപ്പോള്‍ മാറിപ്പോകുമായിരുന്നു.

'ചേച്ചിക്കു കേള്‍ക്കണോ, പീറ്ററും കോസ്‌മെറ്റിക് സര്‍ജറി ചെയ്തതാണ്, അങ്ങനെ ദൈവം തന്ന മങ്കി ലുക്ക് സര്‍ജനങ്ങു മാറ്റി.' അവള്‍ പൊട്ടിച്ചിരിച്ചു. ദൈവമോ, സര്‍ജനോ ആരോ ആകട്ടെ, ഒരാളെയെങ്കിലും രക്ഷപ്പെടുത്തിയല്ലോ. തീഷ്ണമായ അപകര്‍ഷതാബോധത്തിനടിപ്പെട്ട്് പൊലിഞ്ഞത് രണ്ടു ജീവനല്ലേ?

തിരിച്ചു പോകുമ്പോള്‍ വടക്കന്‍പാട്ടായിരുന്നു മനസ്സില്‍. ' കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ടുക്കൊടുത്തതും നീയേ ചാപ്പാ....'  പാവം പിടിച്ച രണ്ടു ജന്മങ്ങളെ ദൈവം വല്ലാതങ്ങു ശിക്ഷിച്ചു, അതേ ദൈവം ഒരാളെ പൊക്കിയെടുത്തു ജീവിപ്പിച്ചിരിക്കുന്നു, ചിത്രം....വിചിത്രം! അതെന്താ അങ്ങനെ? ആവോ, ആര്‍ക്കറിവൂ?









     










Friday, April 01, 2011

ബുദ്ധിയും ബുദ്ധനും

'ടെന്‍ഡര്‍ മൂന്നാ ഇന്നു ഡ്യൂ...ഇപ്പഴേ വൈകി, ഒന്നു വേഗം ഇറങ്ങ് '

മനു ധൃതി പിടിച്ചു. ടെന്‍ഷന്‍ കയറിയാല്‍ മനുവിനു പിന്നെ മൂക്കത്താണ് ദേഷ്യം. അതറിയാവുന്നതുകൊണ്ട്്, മുടി കാറിലിരുന്ന് കെട്ടാം എന്ന് ദേവിക ധൃതിയില്‍ ഇറങ്ങി.

ഒരു മുന്നറിയിപ്പുമില്ലാതെ വീട്ടുസഹായി ലീവെടുത്തു. എത്രത്തോളം കാര്യങ്ങളാ തനിയെ ചെയ്യുക? മാമന്റെ പിറകേ നടക്കാന്‍ തന്നെ വേണം ഒരാള്. നാലു ചായ, പിന്നെ കുളിക്കാന്‍ നിര്‍ബന്ധിക്കല്‍, ഭക്ഷണവും മരുന്നും മേശപ്പുറത്ത് എടുത്തു വയ്ക്കല്‍....ഹോ...തീര്‍ത്താല്‍ തീരില്ല. കുളി, കാപ്പി, മരുന്ന് ഇതെല്ലാം കഴിഞ്ഞു വന്നാലും പത്രം ഓടിപ്പോകയൊന്നുമില്ല. പക്ഷേ ആരോടു പറയാന്‍? ദിനചര്യകള്‍ ഒതുക്കി മിടുക്കനായി മാമന്‍ ചാരുകസാലയില്‍ ഇരിക്കുന്നതു കണ്ടിട്ട് ഓഫീസില്‍ പോയാല്‍ സമാധാനം കിട്ടുമായിരുന്നു. അപ്പോള്‍ പിന്നെ മരുന്നു കഴിച്ചു കാണുമോ, പൈപ്പ് അടച്ചു കാണുമോ, ലൈറ്റും ഫാനും ഹീറ്ററും നിര്‍ത്തിക്കാണുമോ എന്നെല്ലാം ഓര്‍ത്ത് സമാധാനം കെടേണ്ടി വരില്ലായിരുന്നു.

എല്ലാ ഭാരതനാരികളേയും പോലെ എണീറ്റാലുടന്‍ അടുക്കളയില്‍ കയറാനൊന്നുമാവില്ല ദേവികയ്ക്ക്്. മാമനു വേണ്ടുന്ന സൗകര്യങ്ങള്‍ എല്ലാം ആദ്യം ഒരുക്കണം. തുറന്ന വരാന്തയിലിരുന്നേ പത്രം വായിക്കൂ എന്നു നിര്‍ബന്ധമാണ്. ആദ്യം വരാന്ത അടിച്ചു വാരും, പിന്നെ സെറ്റി തട്ടിക്കുടഞ്ഞ് പുതിയ വിരിയിടും, പത്രമാസികകള്‍ സെറ്റിയില്‍ ഒതുക്കി വച്ച്, ചായ വയ്ക്കാന്‍ ടീപ്പോയിയും കാലു വയ്ക്കാന്‍ സ്റ്റൂളും എടുത്തു വക്കും. ഇത്രയുമായാല്‍ മാമനെ സ്വീകരിക്കാന്‍ വരാന്ത ഒരുങ്ങിക്കഴിഞ്ഞു.

രാവിലെ ആറിനും ഏഴിനും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും എണീക്കാം. എന്നാല്‍ എണീക്കുമ്പോള്‍ അടുക്കള വരെ വന്നു ചായ ചോദിക്കുമോ? ഇല്ലേയില്ല. അതുകൊണ്ട് മാമന്‍ വന്നോ എന്നു നോക്കി നോക്കി പലപ്രാവശ്യം അടുക്കളയ്ക്കും വരാന്തയ്ക്കും ഇടയ്ക്കുള്ള ദൂരം അളക്കും ദേവിക. നാലു ചായ വേണം. അതില്‍ ഒന്നു പോലും ചോദിക്കില്ല. കൊടുത്തില്ലെങ്കില്‍ പരാതിയില്ല, വഴക്കുമില്ല. അതല്ലേ ഏറെ കഷ്ടം.

ചിലപ്പോള്‍ ദേവികയ്ക്കു തോന്നാറുണ്ട് ഇങ്ങനെ ആരേക്കൊണ്ടും ഒന്നും ചോദിപ്പിക്കാതെ കണ്ടറിഞ്ഞ് ചെയ്ത് സ്വന്തം വില കളയുകയാണെന്ന്. അവനവനു തന്നെ പാരവയ്ക്കുകയാണെന്ന്, People take things for granted, ആള്‍ക്കാര്‍ വളരെയധികം പ്രതീക്ഷിക്കുന്നുവെന്ന്. എന്താ ചെയ്ക, അങ്ങനെയല്ലാതെ പറ്റില്ല....സ്‌നേഹത്തിന് ഓരോരുത്തര്‍ കൊടുക്കുന്ന നിര്‍വ്വചനം ഓരോന്നല്ലേ... ദേവികയ്ക്കതിങ്ങനെ...

പെട്ടന്നാണ് മാമന്‍ വരാന്തയിലേക്കിറങ്ങി വന്നത്......വന്നതും പറഞ്ഞു..
'പുസ്തകങ്ങള്‍ തരാനായി ഇന്ന് ആര്‍.കെ.നായര്‍ വരും, അതുകൊണ്ട് ഒരാള്‍ ഇവിടേ ഇരുന്നേ പറ്റൂ. '

ഈശ്വരാ.....ടെന്‍ഡര്‍....മനുവും ദേവികയും ഷോക്കടിച്ചെന്ന പോല നിന്നു പോയി. ദേവികയായിരുന്നു ആ ഫോണെടുത്തത്. വരുമെന്നല്ല, പുസ്തകങ്ങള്‍ കൊടുത്തുവിടുന്നുണ്ടെന്നാണ് , അതും സ്ഥാപനത്തിലേക്ക് , അദ്ദേഹം അറിയിച്ചത്. അത് അപ്പോള്‍ തന്നെ പറയുകയും ചെയ്തതാണ്.
'മാമാ, അങ്ങനെയല്ല.....അദ്ദേഹം.... ' ദേവിക പറഞ്ഞു മനസ്സിലാക്കാന്‍ ഒരു വൃഥാ ശ്രമം നടത്തി. വേണമെന്നു വച്ചു മുഖത്തു നോക്കി ശ്രദ്ധിച്ചാല്‍ കേള്‍ക്കാന്‍ സാധിക്കും, മനസ്സിലാകയും ചെയ്യും. പക്ഷേ ശ്രദ്ധിക്കണ്ടേ. അതിനു പകരം മുന്‍വിധികളാണ്... ഇന്നതാണ് പറയാന്‍ പോകുന്നത് എന്നു തീരുമാനിച്ച് അതിനാണ് മറുപടി പറയുക.

'ഞാന്‍ പറഞ്ഞത് അങ്ങു ചെയ്താല്‍ മതി ' അന്ത്യശാസന വന്നു, ഇനി രക്ഷയില്ല. ദേവികയ്ക്ക് കണ്ണു നിറഞ്ഞു.....സാരമില്ല, ഐ വില്‍ മാനേജ് ,ടേക്ക് ഇറ്റ് ഈസി എന്ന് സമാധാനിപ്പിച്ച് മനു കാറെടുത്തു.

മനുവിനെ യാത്രയാക്കി നേരേ കിടക്കയില്‍ വന്നു വീണു. ആരും കാണുന്നില്ലെന്ന തിരിച്ചറിവില്‍ കണ്ണീര്‍ മഴ ഇടമുറിയാതെ പെയ്തു. തോര്‍ന്നപ്പോള്‍ ഒട്ടൊരാശ്വാസം. പണ്ടൊക്കെ ഒരു ദിവസം ലീവെടുത്താല്‍ 'ങൂം, എന്താ, ഓഫീസില്‍ പോകാതെ ഇവിടെ കറങ്ങുന്നോ 'എന്നു വഴക്കു പറഞ്ഞിരുന്നതും ഇതേ മാമന്‍ തന്നെ. അതുകൊണ്ട് ദേഷ്യപ്പെട്ടിട്ടും സങ്കടപ്പെട്ടിട്ടും കാര്യമൊന്നുമില്ല , കാരണം ഇതൊക്കെ ചെയ്യുന്നത് മാമന്റെ പ്രായമാണ്, മാമനല്ല. പ്രായം , കേള്‍വിക്കുറവ്, കുറേശ്ശെ മറവിയും....ദേവികയ്ക്ക് മാമനോട് അലിവു തോന്നി.

അവിവാഹിതനാണ് മനുവിന്റെ മാമന്‍. മനുവിന്റെ അച്ഛന്‍ മരിച്ച നാള്‍ മുതല്‍ അവരുടെ കൂടെ..സാത്വികന്‍, താത്വികന്‍, സര്‍വ്വസ്വതന്ത്ര പക്ഷി. മരിക്കുന്നതിന്റെ തലേന്ന് മകന്റേയും മരുമകളുടേയും കൈ കവര്‍ന്ന് മനുവിന്റെ അമ്മ ഒന്നേ ആവശ്യപ്പെട്ടുള്ളു-അവനെ കൈവിടരുത്, നല്ല വണ്ണം നോക്കണം. കൊടുക്കല്‍ വാങ്ങലുകളുടെ ഭാരിച്ച കണക്കുകളില്ലാത്ത, നിരുപാധിക സ്‌നേഹമായിരുന്നു അവര്‍ക്കിടയില്‍.

മുറ്റത്ത് ആരോ പമ്മി പമ്മി നടക്കുന്ന പോലൊരു ശബ്ദം ദേവികയുടെ ചിന്ത മുറിച്ചു. ഈശ്വരാ വല്ല കള്ളനുമായിരിക്കുമോ.....നെഞ്ചിലൊരാന്തല്‍...വീടിനോടു ചേര്‍ന്ന് , ഔട്ട് ഹൗസ് പോലെയാണ് മാമന്റെ മുറി. അകത്തു നിന്നും കയറാം, പുറത്തു നിന്ന് നേരിട്ടും പ്രവേശിക്കാം. മാമന് ഒരു ബുദ്ധിമുട്ടും വരാതിരിക്കാന്‍, പ്രത്യേകിച്ച് സ്വകാര്യത നഷ്ടപ്പെടാതിരിക്കാന്‍ , മനുവിന്റെ കരുതലാണിതെല്ലാം. വീട്ടിലുള്ളപ്പോഴൊക്കെ വെളിയിലേക്കുള്ള കതക് എപ്പോഴും തുറന്നേ ഇടൂ. ഇത് മറ്റൊരു തലവേദന. കൂട്ടിന് ഒരാളെ നിര്‍ത്താനും സമ്മതിക്കില്ല. ദൈവമേ, മാമന്‍ ഒറ്റയ്ക്കാകുമ്പോള്‍ കള്ളന്‍ വരല്ലേ എന്നത് ദേവികയുടെ നിത്യ പ്രാര്‍ത്ഥനയാണ്. വരുന്നിടത്തു വച്ചു കാണാം എന്ന് മനുവും.

ജനല്‍ കര്‍ട്ടന്‍ വിടവിലൂടെ ദേവിക നെഞ്ചിടിപ്പോടെ നോക്കി. ഹോ , കള്ളനല്ല, സമാധാനം. അത് അയാളാണ്, അയാള്‍...ശബ്ദം കേള്‍പ്പിക്കാതെ, പമ്മി പതുങ്ങി... വിജയന്‍..! ബന്ധപ്രകാരം ചേട്ടനാണ്. മനുവിന്റെ കുടുംബവും ഇവരുമായി അത്ര രസത്തിലായിരുന്നില്ല, അതിനാല്‍ അത്ര പരിചയം പോരാ. അമ്മ പറഞ്ഞ് കേട്ടു പരിചയം ശ്ശി ഉണ്ടു താനും.!

ഇവരെല്ലാം പണ്ട് മാമനെ ഓഫീസിലായിരുന്നു സന്ദര്‍ശിക്കുക. ഇപ്പോള്‍ അതു പറ്റില്ലല്ലോ. പക്ഷേ എന്തിനാണാവോ ഇങ്ങനെ കള്ളനപ്പോലെ പാത്തു പതുങ്ങി വരുന്നത്. ഹും, അതൊന്നറിഞ്ഞിട്ടു തന്നെ കാര്യം. ദേവിക സി.ഐ.ഡി യാകാന്‍ തീരുമാനിച്ചു! പതുക്കെ പൂമുഖമുറിയിലെത്തി., ചെവി വട്ടം പിടിച്ചു.
'വേറേ ആരുമില്ലേ ഇവിടെ' ?
' ഇല്ല, അവര്‍ ആഫീസില്‍ പോയി'

പതിവ് അങ്ങനെയായതു കൊണ്ടാകാം, ദേവിക അവിടെയുണ്ടെന്നത് മാമന്‍ ഓര്‍മ്മിച്ചില്ല..ഓ, നന്നായി, ഇല്ലെങ്കില്‍ ഇപ്പോള്‍ ചായയുമായി ഇളിച്ചുകൊണ്ടു നില്‍ക്കേണ്ടി വന്നേനേ, അവള്‍ സമാധാനിച്ചു.
'കാപ്പി കുടിച്ചുവോ, മരുന്നു കഴിച്ചുവോ, ഉറങ്ങിയോ ..... ' അയാള്‍ മാമനെ വല്ലാണ്ടങ്ങു സ്‌നേഹിക്കാന്‍ തുടങ്ങി. ലിപ് സര്‍വ്വീസ്!
'ഓഹോ...എല്ലാം എടുത്തു വച്ചിട്ടേ അവര്‍ പോകൂ. ഒന്നിനും ഒരു കുറവും ഇല്ല. അത്രേം ഭാഗ്യമുണ്ടെനിക്ക്. അറിയോ, അവര്‍ രണ്ടാളും കൂടിയാ എന്നെ ചെക്കപ്പിനു കൊണ്ടുപോകുക ' മാമന്‍ ഗദ്ഗദകണ്ഠനായ പോലെ. ദേവിക കേള്‍ക്കുന്നുണ്ടെന്നറിയാതെയാണ് പറയുന്നത്.......

ശ്ശോ, വീണ്ടും ദാ കണ്ണു നിറഞ്ഞു... ഇന്നു മുഴുവന്‍ തനി പെണ്ണു തന്നെ....ഒരു നാണവുമില്ലാതെ ചീങ്ങുന്നു....അല്ലെങ്കില്‍ ഒരത്യാവശ്യത്തിന് മരുന്നിന് ഒരിത്തിരി കണ്ണീരു വരില്ല....ഇന്നാണെങ്കില്‍ പൂങ്കണ്ണീര്‍ ചുമ്മാ അങ്ങു കൊഴിയുന്നു! അവള്‍ സ്വയം ശാസിച്ചു.
'അവളും മോളും എവിടെ? ' മാമന്റെ ശബ്ദത്തിലെ വാത്സല്യം ദേവിക അറിഞ്ഞു. അവള്‍ എന്നാല്‍ വിജയന്റെ ഭാര്യ, മാമന്റെ വകയില്‍ ഒരു ചേച്ചിയുടെ മകള്‍, മാനസപുത്രി, കമല. മാമനും സഹോദരര്‍ക്കും ഒപ്പം വലിയ കൂട്ടുകുടുംബത്തില്‍ ഒന്നിച്ചു കളിച്ചുവളര്‍ന്നതാണ് കമലയുടെ അമ്മയും. മാമന് എന്നും അവരെ വലിയ സ്‌നേഹമായിരുന്നു. ആ സ്‌നേഹം കമലയിലേയ്ക്കും വ്യാപിച്ചിരുന്നു. നേരനന്തരവരേക്കാള്‍ സ്‌നേഹം അവരോടാണ് എന്നൊരു പരിഭവം കുടുംബത്ത് കാറ്റില്‍ പറന്നു നടന്നിരുന്നത് ദേവികയ്ക്കും അറിയാം. പക്ഷേ മനുവിന്റെ അമ്മ അതൊന്നും വകവച്ചിരുന്നേയില്ല.

'മാമനെക്കാണാഞ്ഞു വയ്യ അവര്‍ക്കു രണ്ടു പേര്‍ക്കും. മോള്‍ടെ പരീക്ഷ കഴിഞ്ഞതും അവര്‍ വരും. മാമന്റെ കാര്യം പറയാത്ത ഒരു ദിവസമില്ല അവിടെ. ' അയാള്‍ മണിയടി ലൈനില്‍ മുന്നേറുകയാണ്.

'മാമനെ വന്നു കണ്ടതും ഉടനെ അവളെ വിളിച്ചു പറയണമെന്നു പറഞ്ഞു, ആരോഗ്യസ്ഥിതി. ഒന്നു ഫോണ്‍ വിളിച്ചോട്ടെ ' ഹാവൂ, വിനയം ഒഴുകുകയാണ്. മാമന്‍ സ്‌നേഹപൂര്‍വ്വും തലയാട്ടിക്കാണും......

'നീ കിടന്നു ചാടണ്ട....ഞാന്‍ പറയട്ടെ..... ' അങ്ങോട്ടു മിണ്ടാന്‍ സമ്മതിക്കാതെ അങ്ങേത്തലയ്ക്കല്‍ നിന്ന് ഇങ്ങോട്ട് ആക്രമണമാണെന്നു തോന്നുന്നു. കുറച്ചു നേരം മൗനം. പിന്നെ സഹികെട്ടുകാണും...തിരിച്ച് ആക്രമണം...

'നിര്‍ത്തെടീ. നീയല്ലേ പറഞ്ഞത്, വെറുതേ മൊബൈലിന്റെ പൈസ കളയണ്ട, വീട്ടില്‍ ചെന്ന് കിളവന്റെ ഫോണീന്നു വിളിച്ചാ മതീന്ന്. '

എന്റെ ദൈവേ.....എന്താ ഈ കേള്‍ക്കുന്നേ....കിളവന്‍ എന്നോ, മാമനെ കിളവന്‍ എന്നോ....ദേവികയ്ക്ക് സ്വന്തം കാതുകളെ വിശ്വസിക്കാനാകുന്നില്ല. ജീവിതകാലം മുഴുവന്‍ അവരെ സ്‌പോണ്‍സര്‍ ചെയ്ത, അവരെ ഏറ്റവും സ്‌നേഹിക്കുന്ന മാമനെ..... . ചാരുകസേരയില്‍ മാമന്‍ കിടക്കയാവും, ഒന്നും കേള്‍ക്കാതെ...അവള്‍ക്ക് ദേഷ്യവും സങ്കടവും......

'നീ ചുമ്മാ ബഹളം വക്കണ്ട. വന്നു കേറിയ ഉടനെ എനിക്കു ഫോണ്‍ ചെയ്യാനാകുമോ, കിളവനെന്തു കരുതും. ഇത്തിരി വര്‍ത്തമാനമൊക്കെ പറഞ്ഞിട്ടല്ലേ പറ്റൂ '

അപ്പോള്‍ അതാണു കാര്യം, വിളിക്കാന്‍ താമസിച്ചതിനുള്ള ശരവര്‍ഷമാണ്. അയാള്‍ ഹൃദ്രോഗിയാണ്. അതായിരിക്കും വാമഭാഗത്തിനിത്ര പേടി, അവള്‍ ഊഹിച്ചു. എങ്കിലും കിളവന്‍ എന്നു സ്വന്തം കാരണവരെ.......മാമന്‍ എന്നതിനു പകരം വീട്ടിലെ സ്ഥിരം പ്രയോഗമാകും കിളവന്‍ എന്നത്. അല്ലെങ്കില്‍ ഇങ്ങനെ നാവിന്‍തുമ്പത്തു വരില്ല. ഒരിക്കലും തീരാത്ത കടപ്പാടു തോന്നേണ്ട ആ വലിയ മനുഷ്യനെ.......ശ്ശോ, പാമ്പിനാണല്ലോ മാമന്‍ പാലു കൊടുത്തത്.......ദേവിക സങ്കടപ്പെട്ടു.

'ഇല്ലില്ല, ഇവിടെ ഇയാളല്ലാതെ ഒരു മനുഷ്യക്കുഞ്ഞു പോലുമില്ലെന്നേ, ആരും കേള്‍ക്കുന്നില്ല നീ പേടിക്കണ്ട, എല്ലാം നേരത്തേ പോയിക്കിട്ടി. നല്ല സൗകര്യം. '
വീണ്ടും അപ്പുറത്തു നിന്ന് ആജ്ഞാപനം വന്നു കാണും. അതിനുത്തരമെന്നോണം കേട്ടു മറുപടി...
.'ശരി, ശരി , കാലോ കൈയ്യോ ഒക്കെ ഞാന്‍ പിടിച്ചോളാം നീ സമാധാനപ്പെട്. കിളവന്‍ നോക്കിയിരിക്കയാ, വയ്ക്ക്. പിന്നെ വിളിക്കാം.'
'മാമന് ഒരു കഴപ്പവുമില്ലാന്നു പറഞ്ഞപ്പഴാ അവള്‍ക്കു സമാധാനമായത്. അതാ ചോദിച്ചുകൊണ്ടിരുന്നത്.'
മാമന്റെ അടുത്തു വന്നിരുന്ന് ആവും അപ്പറഞ്ഞത്, എന്തൊരു മിടുക്കന്‍! മാമന്‍ സന്തോഷിച്ചു കാണും. ങൂം, ഇയാള്‍ക്ക് വിജയന്‍ എന്നല്ല വിക്രമന്‍ എന്ന പേരായിരുന്നു ചേരുക, അവള്‍ വിചാരിച്ചു.
'എഴുന്നേല്‍ക്ക്, എഴുന്നേല്‍ക്ക് ' മാമന്റെ ശബ്ദം. ദേവികയ്ക്ക് ആകാംക്ഷ അടക്കാനായില്ല. പതിയെ വരാന്തയിലിറങ്ങി ജനല്‍ വഴി പാളി നോക്കി. ചാരുകസാലയിലിരിക്കുന്ന മാമന്റെ കാലില്‍ കെട്ടിപ്പിടിച്ച് നിലത്ത് അയാള്‍ ഒറ്റയിരുപ്പാണ്.
'ഞങ്ങള്‍ക്ക് മാമനല്ലാതെ വേറാരുമില്ല, കാശ് തീരെയില്ല, സഹായിക്കണം. '
മാമന്‍ അസ്വസ്ഥനാകുന്നുണ്ട്, വിട്, വിട് എന്നു പറയുന്നുണ്ട്. പക്ഷേ വേതാളം പോലെ പിടിച്ചിരിക്കയല്ലേ..
' മാമന്റെ ഫഌറ്റ് മോള്‍ക്കു കൊടുക്കണം. 'അവസാനം പൂച്ച ചാക്കിനു വെളിയിലായി.
ദേവിക ഞെട്ടിപ്പോയി. അനിയന്‍ കിടക്കാടമില്ലാത്തവനായി മരിക്കരുതെന്ന ചേച്ചിയുടെ നിരന്തര നിര്‍ബന്ധത്തില്‍ മാമന്‍ വാങ്ങിയ കൊച്ചു ഫഌറ്റ്. കുടുംബസ്വത്തുക്കള്‍ മുഴവന്‍ പ്രസ്ഥാനത്തിനും കമലയുടെ കുടുംബത്തിനും വീതിച്ചു നല്‍കി അവസാനം ശേഷിച്ച ഒരേയൊരു സ്വത്ത്.

'ഞങ്ങള്‍ ഇങ്ങോട്ടു വരും, നമുക്കൊന്നിച്ച് താമസിക്കാം. ഇവിടെയാണെങ്കില്‍ പകല്‍ മാമന്‍ ഒറ്റയ്ക്കിരിക്കണ്ടേ.' സ്വന്തം അച്ഛനെ മാമന്റെ ചെലവില്‍ വൃദ്ധസദനത്തില്‍ പാര്‍പ്പിച്ചിരുന്നവര്‍ ആണ്, ഇനി മാമനെ ശുശ്രൂഷിക്കാന്‍ പോണത് , അവള്‍ മനസാ ചിരിച്ചു പോയി.

അയാള്‍ പിന്നെയും കാര്യകാരണസഹിതം ആവശ്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. വല്ല വിധവും മാമന്‍ പിടി വിടുവിച്ചു. പക്ഷേ അയാള്‍ ' അമ്മാ വല്ലതും തരണേ' മട്ടില്‍ നിലത്തു തന്നെ ഇരുപ്പാണ്. ഒരു തോര്‍ത്തു കൂടി മുമ്പില്‍ വിരിച്ചു കൊടുക്കാമായിരുന്നു. ദേവികയ്ക്ക് ചിരി പൊട്ടി.

മാമന്റെ വിശ്വാസവും സ്‌നേഹവും മുതലെടുക്കപ്പെടുകയാണ്. കുറച്ചു പേരെ എല്ലാക്കാലവും പറ്റിക്കാമല്ലോ. അല്ലെങ്കിലും അതില്‍ അത്ഭുതമൊന്നുമില്ല ഇപ്പോള്‍. കള്ളു കുടിച്ചാല്‍ പിറ്റേന്നെങ്കിലും കെട്ടു വിടും. ഈ സ്‌നേഹം എന്ന സാധനമുണ്ടല്ലോ, അതിനു കണ്ണും മൂക്കുമില്ല, യുക്തിയില്ല, ബുദ്ധിയില്ല, ഒന്നുമില്ല. കണ്ണുകെട്ടിയ മാതിരിയാ..അവസാനം നിനച്ചിരിക്കാതെ ചുട്ട അടി വീഴുമ്പോഴേ കണ്ണു തുറക്കൂ...അങ്ങനാ...പഠിച്ചത് എഞ്ചിനീയറിംഗെങ്കിലും ജെറിയാട്രിക്‌സില്‍, വാര്‍ദ്ധക്യ പരിചരണത്തില്‍ ഒരു ഡോക്ടറേറ്റ് നേടാനുള്ള അറിവൊക്കെയുണ്ട് മനുവിനും ദേവികയ്ക്കും ഇപ്പോള്‍. അയാളോട് അലമാര തുറക്കാന്‍ പറഞ്ഞതും ദേവിക അകത്തു വലിഞ്ഞു. എങ്ങാനും കണ്ടാലോ.

ഇയാളെ ഇങ്ങനെ വിട്ടാലൊക്കുമോ? ഇവിടെ വന്ന് അത്ര മിടുക്കനായാലോ...ഒരു നിമിഷം. കിട്ടിപ്പോയി. ദേവിക അടുക്കളയിലേക്കോടി. വേഗം, ശബ്ദമില്ലാതെ, ശ്രദ്ധിച്ച് ചായ ചേര്‍ത്തു, ട്രേയുമായി നേരേ ചെന്നു മാമന്റെ മുറിയിലേക്ക്..അയാളെ നോക്കി വിസ്തരിച്ച് ഒരു പച്ചച്ചിരി അങ്ങു പാസ്സാക്കി..ഡ്രാക്കുളയെ കണ്ട ലൂസിയെപ്പോലെ പോലെ അയാള്‍ ഞെട്ടി.ജീവഛവം പോലെ ഒറ്റയിരുപ്പ്..ഒന്നു കാണേണ്ടതായിരുന്നു ആ അമ്പരപ്പ്..അത് ദേവിക ശരിക്കും ആസ്വദിച്ചു.

മാമന്‍ ചെക്കെഴുതുകയാണ്. തലയുയര്‍ത്തി ദേവികയെ കണ്ടതും ചിരിച്ചുകൊണ്ട് ചോദിച്ചു, 'ഇയാളെ അറിയില്ലേ...'
'പിന്നേ....' അയാള്‍ക്കു കൊടുക്കൂ, എന്ന് കൈ കാണിച്ചതും ചിരിച്ചു കൊണ്ട് ദേവിക അയാള്‍ക്ക് ചായ നീട്ടി....അയാളുടെ മുഖത്ത് ചോരയോട്ടം നിലച്ച പോലെ....വിയര്‍ത്ത് കുളിച്ച്....

'ഇയാള്‍ ബഹു മിടുക്കനാ, അറിയോ, എം.എ, എം.എസ്.ഡബ്ല്യൂ, എല്‍ എല്‍.ബിയാ'
മാമന്‍ വീണ്ടും ദേവികയോടായി പറഞ്ഞു....പാവം പാവം മാമന്‍.....ദേവിക അകമേ സങ്കടപ്പെട്ടു....ഈ നാടകം ഒന്നും മനസ്സിലാകുന്നില്ലല്ലോ....

'വല്ലാതെ വിയര്‍ക്കുന്നു അല്ലേ....' എന്ന് അയാളോടായി ചോദിച്ച്, ഫാന്‍ സ്പീഡു കൂട്ടി, അവള്‍ ചിരിച്ചു കൊണ്ടിറങ്ങിപ്പോന്നു.....ചെക്ക് കീശയിലിട്ട്, ട്രെയിനിനു സമയമായെന്ന് അയാളും ധൃതിയില്‍ തടി തപ്പി. സ്വന്തം വീട്ടില്‍ എന്തെല്ലാം നടക്കുന്നു......ഇന്ന് പോകണ്ട എന്നു പറയാന്‍ തോന്നിയതിന് ദേവിക മാമനോട് മനസാ നന്ദി പറഞ്ഞു...അങ്ങനെ ബോധിവൃക്ഷമില്ലാതെ തന്നെ ദേവിക 'ബുദ്ധി ' ആയി. ഇനി മനുവിനെ ബുദ്ധന്‍ ആക്കണം.

(ഉപേക്ഷിക്കപ്പെട്ട വാര്‍ദ്ധക്യങ്ങളെപ്പറ്റി കേരള കൗമുദിയില്‍ 2009 മാര്‍ച്ച് 14,15, 31 ലും മാതൃഭൂമിയില്‍ 2009 മാര്‍ച്ച് 17 ലും 2010 december ല്‍ മനോരമ ചാനലിലും വന്ന വാര്‍ത്തകളാണ് ഈ കഥയുടെ പ്രചോദനം )











Saturday, November 08, 2008

ഒരു കൈക്കുലി കഥ

"നോക്കൂ മാഡം,ഞാന്‍ മടുത്തു.." മാധവേട്ടന്‍ കസേരയിലിരുന്നു,അല്ല,കസേരയിലേക്കു വീണു!

"എന്തു പറ്റി മാധവേട്ടാ?"അലിവോടെയായിരുന്നു പ്രിയയുടെ ചോദ്യം.

"അവര്‍ ഒരു സ്‌ത്രീയായിരുന്നിട്ടുകൂടി എന്നോടു കാശു ചോദിച്ചു.ഒരു കൂസലുമില്ലാതെ.അതും ഒരു കൊല്ലം മുന്‍പുതരേണ്ട വെറും 3500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റിനായി."

അപ്പോള്‍ വിഷയം കൈക്കൂലിയാണ്‌.അതു തന്നെ ഒരു സ്‌ത്രീ ചോദിച്ചുകളഞ്ഞു!ഓരോരോ ഒഴിവുകഴിവു പറഞ്ഞ്‌്‌ അവര്‍ കുറെ ദിവസമായി മാധവേട്ടനെ നടത്തിക്കുകയാണ്‌. എന്നിട്ടൊന്നും മനസ്സിലാക്കുന്നില്ലെങ്കില്‍ പിന്നെ നേരിട്ടു ചോദിക്കയല്ലാതെ ആ പാവം സ്‌ത്രീ പിന്നെന്തു ചെയ്യും?മാത്രവുമല്ല,ഇക്കാര്യത്തിലും വേണമല്ലോ പുരുഷനോടു തുല്യത.

മാധവേട്ടന്‍ എക്‌സ്‌ ജവാനാണ്‌.കൃത്യനിഷ്ട,സത്യസന്ധത,വിശ്വസ്ഥത,ചെയ്യുന്ന ജോലിയോട്‌്‌്‌ ആത്മാര്‍ത്ഥത,നിര്‍ഭയത്വം എന്നു വേണ്ട കാലത്തിനു നിരക്കാത്ത ഒട്ടേറെ സ്വഭാവങ്ങള്‍ ചുമന്നു നടക്കുന്ന ഒരു പഴഞ്ചന്‍.

" നൂറോ ഇരുനൂറോ കൊടുത്ത്‌്‌്‌ ഒതുക്ക്‌്‌്‌ ,മാധവേട്ടാ" രാമു പ്രായോഗികമതിയായി.

"സര്‍,അവിടെ കൊടുത്താലും ഇനി അടുത്ത സെക്ഷനില്‍ ചെല്ലുമ്പോള്‍ പിന്നെയും കൊടുക്കണം.പിന്നെ ചെക്ക്‌ വാങ്ങാന്‍ പോകുമ്പോള്‍ കാഷ്യര്‍ക്ക്‌്‌ വേറെ.ബില്‍ തുകയൊന്നും അവര്‍ക്ക്‌ പ്രശ്‌നമേയല്ല.ഇങ്ങനെ പോയാല്‍ നമ്മളെന്തു ചെയ്യും സര്‍?" മാധവേട്ടന്‍ ധര്‍മ്മസങ്കടങ്ങള്‍ നിരത്തി.

"മാധവേട്ടാ ഇനി ഞാന്‍ പോകാം അവരെ കാണാന്‍ "

പ്രിയയുടെ ക്ഷിപ്രപരിഹാരം കേട്ട്‌്‌്‌ രാമു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.ഇനി അടുത്തെന്താണാവോ ഒപ്പിക്കുക.പ്രിയയ്‌ക്ക്‌്‌്‌ പ്രതികരണശേഷി ലേശം കൂടുതലാണ്‌.മുന്‍പിന്‍ നോക്കാതെ കേറി പ്രതികരിച്ചു കളയും.അതിന്റെ തിക്തഫലങ്ങള്‍ ഒട്ടൊന്നുമല്ല രാമു അനുഭവിച്ചിട്ടുള്ളത്‌്‌്‌.

"നോക്ക്‌്‌്‌ പ്രിയാ.നീ പോയി പ്രശ്‌നമുണ്ടാക്കരുത്‌.പിന്നെ നമ്മള്‍ക്കങ്ങോട്ടു പോകാന്‍ വയ്യാതാകും.ബ്യൂറോക്രസിയോടു പടവെട്ടാന്‍ നമുക്കാവില്ല.It's not worth fighting."രാമു അസ്വസ്ഥനായി.

ഇല്ല,ഞാന്‍ ഒരു പ്രശ്‌നവും ഉണ്ടാക്കില്ല. `പ്രിയ രാമുവിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.ഈ വക കാര്യങ്ങളില്‍ പ്രിയയുടെ ഉറപ്പ്‌്‌ കുറുപ്പിന്റെ ഉറപ്പാണെന്നു രാമുവിനറിയാം.`അഥവാ ഉണ്ടാക്കിയാല്‍ താന്‍ തന്നെ കൈകാര്യം ചെയ്യും`.രാമു അന്ത്യശാസനം പുറപ്പെടുവിച്ചു.

താങ്കളെപ്പോലുള്ളവര്‍ സ്‌ത്രീവര്‍ഗ്ഗത്തിനു തന്നെ അപമാനമാണ്‌.ഇങ്ങനെ പിരിക്കാനെങ്കില്‍ താങ്കള്‍ ശമ്പളം വേണ്ടെന്നു വയ്‌ക്കൂ,സര്‍ക്കാരിനെങ്കിലും ലാഭമുണ്ടാകട്ടെ,അതല്ലെങ്കില്‍ ഒരു കാര്യം ചെയ്യൂ,കൈക്കൂലി റേറ്റെഴുതി വയ്‌ക്കൂ,രസീതും തന്നോളൂ...` തുടങ്ങി സുരേഷ്‌ഗോപി സ്‌്‌്‌്‌്‌്‌്‌്‌്‌റ്റൈല്‍ കിടിലന്‍ ഡയലോഗുകള്‍(ഷിറ്റ്‌്‌!ഇല്ല കേട്ടോ!)മനസ്സില്‍ റെഡിയാക്കിയതാണ്‌.രാമുവിന്റെ ശാസന, മോഹന്‍ലാലിന്റെ വരവേല്‍പ്പു സിനിമ,പിന്നെ കൈ പൊള്ളിച്ച പഴയ അനുഭവങ്ങള്‍.പറയേണ്ടെന്നു വിവേകം വിലക്കി.

മാധവേട്ടന്‍ കൃത്യമായി പറഞ്ഞുതന്നിരുന്നതിനാല്‍ കക്ഷിയെ വേഗം കണ്ടു പിടിച്ചു. ഉഷ ,അതായിരുന്നു ആ കൈക്കൂലിപ്പാവിയുടെ പേര്‍.എവിടെയോ കണ്ടു പരിചയം.ഓര്‍മ്മ കിട്ടുന്നില്ല.അവരുടെ മുഖത്തും സംശയം മിന്നി മാഞ്ഞു.കമ്പനിയുടെ പേരു പറഞ്ഞതും ഉഷ നിന്ന നില്‍പ്പില്‍ സന്ധ്യയായി മാറി!പ്രിയ പിന്നെ സമയം കളഞ്ഞില്ല ,നേരേ `ബിസിനസ്സി`ലേക്കു കടന്നു.സ്വന്തം നിസ്സഹായത `ഇവരുടെ മൂന്നു തലമുറ നശിക്കട്ടെ`യെന്ന ശാപമാക്കി,രൂപാ ഇരുനൂറങ്ങു പൊലിച്ചു.പെട്ടന്ന്‌്‌ സന്ധ്യ മാഞ്ഞു, ഉഷസ്സു തെളിഞ്ഞു!നാളെ അടുത്ത സെക്ഷനിലേക്കു വിടുമെന്ന്‌ ചിരിച്ചു.ആ ചിരി കണ്ടപ്പോള്‍ പ്രിയ തിരിച്ചറിഞ്ഞു, ഇവള്‍ ഉഷ,പഴയ വിമന്‍സ്‌ ഹോസ്‌റ്റല്‍മേറ്റ്‌്‌്‌!.

ജാള്യതയോടെ ഉഷ വിക്കി."പ്രിയാ... ഞാന്‍..."തിരിച്ചറിവ്‌ ഉഷയ്‌ക്കു ഭാരമായി.രൂപാ തിരിച്ചു തരാന്‍ ശ്രമിച്ചു.വാങ്ങാതിരിക്കാന്‍ ഉഷയും.ഈശ്വരാ,ഇവളെയോ ഞാന്‍ ശപിച്ചത്‌്‌?പ്രിയയ്‌ക്കു മനസ്സു നൊന്തു.മീനു എപ്പോഴും പറയാറുണ്ട്‌്‌്‌"അമ്മേ കൈക്കൂലി പാപികളെങ്കിലും മൂന്നു തലമുറ വേണ്ട,അവരെ മാത്രമേ ശപിക്കാവൂ "എന്ന്‌്‌.

പിന്നെ എല്ലാം പെട്ടന്നായിരുന്നു.ഉഷ അര ലീവെടുത്തു,രണ്ടാളും നേരേ മ്യൂസിയം പാര്‍ക്കിലേക്ക്‌്‌്‌.

പ്രീഡിഗ്രി ഒന്നാം വര്‍ഷമായിരുന്നു അവര്‍ ഒന്നിച്ച്‌്‌്‌ ഹോസ്‌റ്റലില്‍ കഴിഞ്ഞത്‌്‌. ബുദ്ധിജീവിയായിരുന്നു ഉഷ.സകലകലാ വല്ലഭയും.ആ വര്‍ഷത്തെ ഹോസ്‌റ്റലിലെ ബെസ്‌റ്റ്‌്‌്‌ ആക്ട്രസ്സ്‌,മലയാളം,ഇംഗ്ലീഷ്‌ പദ്യപാരായണം,ലേഖനമല്‍സരം എല്ലാറ്റിലും ഒന്നാം സ്ഥാനം.ഡോക്ടറാകാനായിരുന്നു മോഹം.പക്ഷേ അച്ഛന്റെ അകാലചരമം മൂലം പഠനം നിര്‍ത്തി ജോലിക്കു കയറി.കുടുംബഭാരം ചുമന്നു.ഉഷയെ പിന്നെ കാണുന്നതിപ്പോഴാണ്‌.

രാമുവും പ്രിയയും എന്‍ജിനീയര്‍മാരാണ്‌.ബുദ്ധിയുള്ളവരെന്നായിരുന്നു പൊതുവെ പറച്ചില്‍.പക്ഷേ എന്തു കാര്യം?ജോലി ഉപേക്ഷിച്ചു ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ബിസിനസ്സിനിറങ്ങി.ഏതി ബുദ്ധിമതികളും ചിലപ്പോള്‍ വിഡ്‌ഢികളാകും.!

`എങ്കിലും താനിത്ര അധഃപതിച്ചല്ലോ ഉഷാ!തനിക്കറിയോ,മൂന്നു തലമുറ ശപിച്ചാണ്‌ ഞാനാ പൈസ തന്നത്‌.ഞങ്ങള്‍ രണ്ടുപേര്‍ക്കും ധാരാളം അവസരമുണ്ടായിരുന്നു കൈക്കൂലി വാങ്ങാന്‍.അഞ്ചു പൈസ വാങ്ങിയില്ല.ലോണെടുത്ത്‌ വീടു വച്ചു,കാര്‍ വാങ്ങി...രാജി വച്ചപ്പോള്‍ കിട്ടിയ പൈസയും ലോണുമെടുത്തു തുടങ്ങിയതാണ്‌ ബിസിനസ്സ്‌.താന്‍ പിടിച്ചു വച്ചില്ലേ 3500/ആദ്യം ബിസിനസ്സു കിട്ടാനായി നഷ്ടത്തിലെടുത്ത ഓര്‍ഡറിന്റെ ഡെപ്പോസിറ്റായിരുന്നു അത്‌്‌്‌.ഒരു കൊല്ലം മുമ്പ്‌്‌്‌ ഞങ്ങള്‍ക്കു കിട്ടേണ്ടത്‌്‌.താനും തന്നെപ്പോലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഞങ്ങളെപ്പോലുള്ളവരെ ഇങ്ങനെ ദ്രോഹിക്കുന്നതെന്തിനാണ്‌?എന്തിനാണ്‌ ഞങ്ങളെപ്പോലുള്ളവരുടെ ശാപം നിങ്ങളുടെ പാവം വരും തലമുറകള്‍ക്കു മേല്‍ അവരറിയാതെ കെട്ടിവയ്‌ക്കുന്നത്‌?`ഒറ്റ ശ്വാസത്തില്‍ വെള്ളച്ചാട്ടം പോലെ പ്രിയയുടെ ധര്‍മ്മരോഷം അണപൊട്ടിയൊഴുകി.

`പ്രിയാ,ധാരാളം കുടുംബഭാരമുണ്ടെടോ.കടവും.` വാക്കുകള്‍ കിട്ടാതെ ഉഷ ഇടറി.

`അതിന്‌?അതിനു ഞങ്ങള്‍ എന്തു പിഴച്ചു? പിടിച്ചു പറിക്കാരും നിങ്ങളെപ്പോലുള്ളവരും തമ്മില്‍ എന്തു വ്യത്യാസം?തോര്‍ത്തു വിരിച്ച്‌്‌ റോഡിലിരിക്കുന്നവര്‍ നിങ്ങളെക്കാള്‍ എത്ര ഭേദം? `പ്രിയ ആളിക്കത്തി.

കാപ്പി ആവിപോകുന്നതിനൊപ്പം അവര്‍ക്കിടയിലും മഴയ്‌ക്കു ശേഷമുള്ള ഈറന്‍ മൗനശാന്തത നിറഞ്ഞു.പെട്ടന്ന്‌ നേര്‍ത്ത ശബ്ദത്തില്‍ ഭൂതകാലത്തെവിടിയോ നിന്നെന്ന പോലെ പ്രിയ ചോദിച്ചു.

`താനോര്‍ക്കുന്നോ,തനിക്കു ഫസ്റ്റ്‌ കിട്ടിയ ലേഖനം?സമൂഹത്തില്‍ സ്‌ത്രീയുടെ പങ്ക്‌?ഞാനിന്നും ഓര്‍ക്കുന്നു,ഭഗവത്‌ഗീതയോ മറ്റോ ഉദ്ധരിച്ച്‌ താനന്ന്‌്‌്‌്‌്‌്‌്‌്‌്‌ എഴുതി `ഒരു സമൂഹം നശിക്കുന്നത്‌്‌ ആ സമൂഹത്തിലെ സ്‌ത്രീകള്‍ നശിക്കുമ്പോഴാണ്‌` എന്ന്‌.കൈക്കുലി വാങ്ങുമ്പോള്‍ സ്‌ത്രീ നശിക്കുന്നില്ലേ ഉഷാ?അപ്പോള്‍ സമൂഹത്തേയും നശിപ്പിക്കയല്ലേ അവള്‍ ചെയ്യുന്നത്‌്‌? `

സകല നിയന്ത്രണവും വിട്ട്‌്‌്‌ ഉഷ പൊട്ടിക്കരഞ്ഞു.പൊയ്‌പ്പോയ ഗതകാലം ഓര്‍ത്തോ, അതോ സ്വന്തം അധഃപതനം ഓര്‍ത്തോ?

എത്രയോ ഉയരത്തില്‍ എത്തേണ്ട ആളിനെ ഈ ഗതിയിലെത്തിച്ചത്‌്‌ എന്തിനാണു ദൈവമേ?പ്രിയ സങ്കടപ്പെട്ടു.

`നീയെന്റെ കണ്ണു തുറപ്പിച്ചു,പ്രിയാ,ഇനി ഞാനൊരിക്കലും ഇങ്ങനെ ചെയ്യില്ല,വാക്ക്‌്‌്‌ ` ഉഷ രൂപയെടുത്ത്‌്‌്‌ നീട്ടി.അതു കൈ നീട്ടി വാങ്ങി മുകളിലേക്കു നോക്കി പ്രിയ പ്രാര്‍ത്ഥിച്ചു.

`ദൈവമേ ഇവള്‍ ചെയ്യുന്നതെന്താണെന്നു ഇവളിപ്പോള്‍ നന്നായി അറിയുന്നു.അതിനാല്‍ ഇനിയും കൈക്കൂലി വാങ്ങിയാല്‍ ഇവളോടു ക്ഷമിക്കരുതേ!`

` ആമേന്‍. എനിക്കു നേര്‍വഴി കാട്ടിത്തന്ന ഈ കുഞ്ഞാടിനെ അവിടുന്നനുഗ്രഹിക്കേണമേ! ` ഉഷയും അവസരത്തിനൊത്തുയര്‍ന്നു....